Begin typing your search above and press return to search.
proflie-avatar
Login

സചിവോത്തമപുരത്തി​ന്റെ യാഥാർഥ്യങ്ങൾ

Sachivothamapuram
cancel
camera_alt

കു​റി​ച്ചി ശ്രീ​ധ​ര​ൻ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പം 

കേരളത്തിലെ ആദ്യകാല കോളനികളിൽ ഒന്നാണ്​ ചങ്ങനാശ്ശേരിയിലെ സചിവോത്തമപുരം. ​11 കെ.വി ലൈൻ സമരത്തിനെതിരെ ഉജ്ജ്വലസമരം നടന്ന ​കുറിച്ചിയിലെ ആ കോളനിയുടെ വർത്തമാന അവസ്ഥകൾ അന്വേഷിക്കുകയാണ്​ കവിയും എഴുത്തുകാരനുമായ ലേഖകൻ.

സചിവോത്തമപുരം കോളനി ഉൾപ്പെടെയുള്ള കേരളത്തിലെ ദലിത് കോളനികളിലെ ജീവിതം പരിശോധിച്ചാൽ കേരളീയ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന ജാതിവ്യവസ്ഥയിലേക്കു​തന്നെയാണ്​ ചെന്നെത്തുക. അധികാരത്തിൽ പങ്കാളിത്തം ഇല്ലാത്ത കോളനിവാസികളോട് ധന-ജാതി-സാംസ്കാരിക മേൽക്കൈയുള്ള ഭരണവർഗത്തിന്‍റെ രാഷ്ട്രീയം അതിന്‍റെ ഹുങ്കും ധിക്കാര രാഷ്ട്രീയവും നിരന്തരമായി തുടരുന്നുവെന്ന യാഥാർഥ്യത്തിൽ നമ്മൾ എത്തും. കോട്ടയം ചങ്ങനാശ്ശേരി താലൂക്കിൽ കുറിച്ചി പഞ്ചായത്തിലെ സചിവോത്തമപുരം കോളനി കേരളത്തിലെ ആദ്യകാല ദലിത് കോളനികളിൽ പ്രധാനപ്പെട്ട ഒന്നാണ്. ഇപ്പോൾ സചിവോത്തമപുരം കോളനി നിലനിൽക്കുന്ന സ്ഥലം മുമ്പ് ‘മുട്ടാകുളം തകിടി’ എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ സ്ഥലത്തിന്മേൽ ചില കുടുംബക്കാർ അവകാശവാദം ഉന്നയിച്ചിരുന്നു. വാകത്താനം കൈമളും വെന്നിമല ദേവസ്വവുമായിരുന്നു അത്​.

മുട്ടാകുളം തകിടിയിലെ ജനവാസചരിത്രം ആരംഭിക്കുന്നത് 1920കളോടുകൂടി ആയിരിക്കണം. അതിനുമുമ്പ് കാലികളെ മേയ്ക്കുന്ന പുൽമേടുകളും കുറ്റിക്കാടും നിറഞ്ഞതായിരുന്നു ഈ പ്രദേശം. 1920കൾ സാമൂഹിക പ്രശ്നങ്ങളുടെ അണയാത്ത തീയിൽ ഇന്ത്യ എരിഞ്ഞുകൊണ്ടിരിക്കുന്ന കാലവുമാണ്. ഗാന്ധിയുടെ നേതൃത്വത്തിൽ ദേശീയപ്രസ്ഥാനം ഇന്ത്യയെ ആവേശഭരിതമാക്കി. ആ കാലത്ത്​ പാമ്പാടി ആനന്ദൻ ഐസക് എന്ന വ്യക്തിയാണ് ഇവിടെ ആദ്യമായി കുടിൽകെട്ടുന്നത്. അദ്ദേഹം കുടിൽകെട്ടിയ വിവരമറിഞ്ഞ് ചേരിയിൽ എന്ന ജന്മി കുടുംബക്കാർ കുടിൽ പൊളിച്ചുകളഞ്ഞു. എന്നാൽ, ആനന്ദൻ ഐസക് വീണ്ടും ആദ്യം കുടിൽ കെട്ടിയ ഇടം ഒഴിവാക്കി മറ്റൊരു ഇടത്ത് കുടിൽ നിർമിച്ചു.

അതോടൊപ്പം ആനന്ദൻ ഐസക് മറ്റു രണ്ടു പേരെക്കൂടി സംഘടിപ്പിച്ച് റോഡിന്റെ ഇരുവശങ്ങളിലുമായി കുടിലുകൾ കെട്ടി അയിത്ത ജാതിക്കാരെ താമസിപ്പിക്കാൻ ശ്രമം ആരംഭിച്ചു. ഇന്ന് സചിവോത്തമപുരം കോളനി എന്നറിയപ്പെടുന്ന ജനവാസകേന്ദ്രം ആനന്ദൻ കോളനി എന്നായിരുന്നു ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. താമസിക്കുന്ന വസ്തുവിലെ ഉടമസ്ഥത രേഖാമൂലം തങ്ങൾക്കായിരിക്കുന്നതിലെ നടപടിക്രമങ്ങൾ എളുപ്പമാക്കാനായി ആനന്ദൻ ഐസക്കും മറ്റു രണ്ടുപേരും അയ്യൻകാളിയെ കാണാൻ തിരുവനന്തപുരത്തേക്കു പോയി. പിറ്റേന്ന് രാവിലെ 10 മണിക്ക് പ്രജാസഭാ മെംബറായ അയ്യൻകാളിയെ കാര്യങ്ങൾ ധരിപ്പിച്ചു. മുട്ടാകുളം തകിടി എന്ന സ്ഥലത്ത് കുടിൽകെട്ടി താമസിക്കാൻ അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ടു. അയ്യൻകാളിക്ക് അവരുടെ ആവശ്യം പ്രജാസഭാ സമ്മേളനത്തിൽ ഉന്നയിച്ചു. പ്രജാസഭ ഈ ആവശ്യം അംഗീകരിച്ചു മുട്ടാകുളം എന്ന സ്ഥലത്തെക്കുറിച്ച്, കണ്ടു മനസ്സിലാക്കാൻ ടി.ടി. കേശവൻ ശാസ്ത്രിയെ ചുമതലപ്പെടുത്തി.

പ്രജാസഭാ പ്രസംഗത്തിൽ ഒന്നര ഏക്കർ ഭൂമിയും വീടും മറ്റു സൗകര്യങ്ങളുമാണ് അയ്യൻകാളി ആവശ്യപ്പെട്ടത്. എന്നാൽ, അത്രയും ഭൂമി നൽകുന്ന കാര്യത്തിൽ ദിവാൻ വഴങ്ങിയില്ല. വാദപ്രതിവാദങ്ങൾക്കും തർക്കവിതർക്കങ്ങൾക്കും ഒടുവിൽ 75 സെന്റ് സ്ഥലവും വീടും മറ്റു സൗകര്യങ്ങളും അനുവദിക്കാൻ തീരുമാനമായി. ഇങ്ങനെ അനുവദിക്കപ്പെട്ട ഭൂമിയിൽ പഴയ കോളനിയിൽ 40 വീടുകളും പുത്തൻ കോളനിയിൽ 40 വീടുകളും നിർമിക്കപ്പെട്ടു. പഴയ കോളനിയിലെ എട്ടുമുറി കാലിത്തൊഴുത്തായിട്ടാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് ആ എട്ടുമുറികൾ എട്ടു വീട്ടുകാർക്കായി നൽകി. വായനശാല, എൽ.പി സ്കൂൾ, ക്ഷേത്രം, നെയ്ത്തുശാല, കോഴിവളർത്തൽകേന്ദ്രം, പന്നിവളർത്തൽ കേന്ദ്രം, ഭജനമഠം എന്നിവയും നിർമിക്കപ്പെട്ടു.

സ്വയംപര്യാപ്തമായ ഗ്രാമസ്വരാജ് എന്നു വിഭാവനം ചെയ്യപ്പെട്ട പദ്ധതിയായിരുന്നു ഇത്. ഇന്ത്യയിലെ ശാന്തസുന്ദരമായ ഗ്രാമീണജീവിതം എന്ന സങ്കൽപം ഗാന്ധിയുടെ വീക്ഷണത്തില്‍ ഗ്രാമത്തിലെ തൊഴിലധിഷ്ഠിത ജാതിമൂല്യ സങ്കൽപത്തോടാണ് കൂടുതൽ അടുത്തുനിൽക്കുന്നത്. അത് രാഷ്ട്രീയലക്ഷ്യങ്ങളെ പരിമിതപ്പെടുത്തുന്ന കാഴ്ചപ്പാടാണ്. കോളനി നിവാസികളായ ദലിതുകളുടെ കൃഷിയാവശ്യങ്ങൾക്കുവേണ്ടിയുള്ള കാർഷികോപകരണങ്ങളുടെ നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കും കൊല്ലപ്പണി ചെയ്യുന്ന കുടുംബത്തെയും, സൗന്ദര്യാവശ്യത്തിലേക്കായി ബാർബർ കുടുംബത്തെയും കള്ളു ചെത്തുന്നതിന് ഈഴവ കുടുംബത്തെയും കോളനിയിലേക്ക് കൊണ്ടുവന്നു. പത്തു വീടിന് ഒരു കിണർ, ഒരു കക്കൂസ് ആശുപത്രി, പൊലീസ് ഔട്ട് പോസ്റ്റ്, നഴ്സറി, പോസ്റ്റ് ഓഫിസ് തുടങ്ങിയവയും സ്ഥാപിക്കപ്പെട്ടു.

സചിവോത്തമപുരം കോളനി 1939ല്‍ ഔദ്യോഗികമായി ഉദ്ഘാടനംചെയ്തു. മുട്ടാകുളം തകിടി എന്ന സ്ഥലനാമത്തെ സചിവോത്തമപുരം എന്ന് പുനർനാമകരണം ചെയ്തത് ദിവാൻ സർ സി.പി. രാമസ്വാമി അയ്യർ ആയിരുന്നു. ഈ പ്രദേശത്ത് ആദ്യം കുടിൽ കെട്ടുകയും മറ്റുള്ളവരെ കുടിൽ കെട്ടാൻ പ്രേരിപ്പിച്ച് ദരിദ്രഭൂരഹിതരെ മണ്ണിന്‍റെ ഉടമസ്ഥരാക്കാനും ഇവിടം ഒരു ജനവാസ കേന്ദ്രമാക്കുന്നതിനും അയ്യൻകാളിയെ സമീപിച്ച് ആവശ്യം നേടിയെടുത്തതിൽ പ്രധാനിയായ ആനന്ദന്‍ ഐസക്കിനെ കുറിച്ച് രേഖപ്പെടുത്തപ്പെട്ടതായ ഒരു തെളിവുമില്ല. മുമ്പ്, ‘ആനന്ദൻ കോളനി’ എന്നറിയപ്പെട്ടിരുന്ന ഇവിടം സർ സി.പി. രാമസ്വാമി അയ്യരുടെ ബഹുമതിപ്പേരായ ‘സചിവോത്തമൻ’ എന്ന പദത്തെ ചുമന്നു. ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയ അനേകം ആൾക്കാരിൽ ഒരാളായി തമസ്കരിക്കപ്പെട്ടു ആനന്ദൻ ഐസക്.

ഈ കോളനിയിലേക്ക് പുനരധിവാസത്തിന് എത്തിപ്പെട്ടവരിൽ ഭൂരിപക്ഷംപേരും കുട്ടനാട്ടിൽനിന്നുള്ളവരായിരുന്നു. കോളനിയിലെ വീടുകളുടെ നിർമാണം പൂർത്തിയായതിനുശേഷം അപേക്ഷ സ്വീകരിച്ച് യോഗ്യരായവരെ കണ്ടെത്തിയാണ് ഗുണഭോക്താക്കളെ നിശ്ചയിച്ചിരുന്നത്. കാർഷിക മേഖലയിലെ കൂലിത്തൊഴിലാളികളായിരുന്ന കോളനി നിവാസികൾ ജോലി കഴിഞ്ഞ് വൈകീട്ട് നിർബന്ധമായും നിശാപാഠശാലയിലെ എഴുത്തും വായനയും അഭ്യസിക്കണമായിരുന്നു. നൂറ്റാണ്ടുകളായി ജാതിയുടെ പേരിൽ ചൂഷണത്തിനും ക്രൂരതക്കും ഇരകളായിത്തീർന്ന സമൂഹം കോളനി ജീവിതത്തിൽനിന്ന് കാര്യമായ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക പുരോഗതി നേടിയില്ല. കോളനി ജീവിതത്തിലെ ആദ്യഘട്ടത്തിൽ കുട്ടനാട്ടിൽനിന്നും വന്ന സ്ത്രീകൾക്കും പുരുഷന്മാര്‍ക്കും അറിയാവുന്ന തൊഴിൽ കാർഷിക മേഖലയിലെ പണികളും കൊയ്ത്തും മറ്റുമായിരുന്നു.

കൂലിയായി കിട്ടുന്ന ‘പതം’ കർക്കടകത്തിലെ പഞ്ഞക്കാലത്ത് ഉപയോഗിക്കുവാൻ കരുതിവെക്കുമായിരുന്നു. വാട്ടുകപ്പ, വെള്ളുകപ്പ തുടങ്ങിയ ഭക്ഷ്യധാന്യങ്ങളും മഴക്കാലം നീന്തിക്കടക്കാന്‍ സംഭരിക്കും. കോളനിയിലെ ആദ്യകാലത്ത് എല്ലാ വീട്ടുകാരും തങ്ങളുടെ വസ്തുവിൽ വിവിധതരം കൃഷിപ്പണികൾ ചെയ്തിരുന്നു. മുതിര, തെങ്ങ്, കുരുമുളക്, കപ്പ, ഏത്തവാഴ, കാപ്പി തുടങ്ങിയവയായിരുന്നു കൃഷികൾ. വിളകൾ ഫലം കണ്ടു തുടങ്ങുമ്പോൾതന്നെ ചെറുകിട കച്ചവടക്കാർ കോളനിയിൽ എത്തും.

കുരുമുളക്, ഏത്തവാഴ തുടങ്ങിയ വിളകൾ പാകമാകുന്നതിന് മാസങ്ങൾക്കുമുമ്പ് വിലപറഞ്ഞ് ഉറപ്പിച്ച് അഡ്വാൻസ് തുക നൽകി കച്ചവടക്കാർ സ്വന്തമാക്കും. ഒരു വർഷത്തെ പാട്ടത്തിന് തെങ്ങിൽനിന്നും ആദായം എടുക്കുന്നതിനും കള്ളുചെത്തുന്നതിനും കൊടുക്കും. കുറഞ്ഞ വിലയ്ക്കാണ് കാർഷിക ഉൽപന്നങ്ങൾ കച്ചവടക്കാർ വാങ്ങിയിരുന്നത്. നഷ്ടം സഹിച്ചാണ് തങ്ങളുടെ കാർഷികോൽപന്നങ്ങൾ വിൽക്കുന്നതെന്ന് കോളനിക്കാർക്ക് അറിയാം. എന്നാൽ, വിളവെടുക്കും മുമ്പ് പണം കൈയിൽ കിട്ടുന്നത് അവർക്ക് ആശ്വാസമായിരുന്നു.

കു​റി​ച്ചി ശ്രീ​ധ​ര​ൻ,സി.വി. രാജപ്പൻ

അയ്യൻകാളി പ്രസ്ഥാനത്തിന്‍റെ ഇടപെടലുകൾക്കുശേഷവും ദലിതുകൾ ജാതിയുടെ പേരിൽ അനുഭവിക്കേണ്ടിവന്ന സംഘർഷങ്ങൾക്കൊരു കുറവും ഇല്ലായിരുന്നു. കുറിച്ചി സചിവോത്തമപുരം കോളനി നിവാസികൾക്ക് നേരെയും ജാതീയ ആക്രമണം ഉണ്ടാവുക പതിവായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടികളും ജനാധിപത്യ പാർട്ടികളും അവയുടെ ആശയങ്ങളും പ്രവർത്തനങ്ങളും ശക്തമായി കേരളത്തിൽ സ്വാധീനം ഉറപ്പിച്ചതിനുശേഷവും മർദിത ജാതികൾക്കു മേലുള്ള ആക്രമണങ്ങൾക്ക് കുറവ് വന്നിരുന്നില്ല. ശാരീരിക ആക്രമണത്തോടൊപ്പം മാനസികമായും രാഷ്ട്രീയമായും സാംസ്കാരികമായും ഭാഷാപരമായും ജാതിഹിംസ തുടർന്നുപോന്നു. ദലിത് കോളനിയിലെ മുഴുവൻ ജനങ്ങളും ദേശവിരുദ്ധരോ ആക്രമകാരികളോ മോഷ്ടാക്കളോ ലൈംഗിക അരാജകത്വം പുലർത്തുന്നവരോ ആണെന്ന പൊതുബോധം ശക്തിപ്പെട്ടു. കുറിച്ചി സചിവോത്തമപുരം കോളനിയിലെ ദലിതുകൾക്ക് നേരെയും ജാതിപരമായ ശാരീരികാക്രമണം സംഭവിക്കുന്നത് പതിവായിരുന്നു. മർദിത ജാതിവിഭാഗമായ ദരിദ്രർ സ്വയം സംഘടിച്ച് പ്രതിരോധനിര സൃഷ്ടിച്ചു.

11 KV വിരുദ്ധ സമരത്തിനു ശേഷം

കുറിച്ചി സചിവോത്തമപുരം കോളനി സവിശേഷമായ ശ്രദ്ധയിൽപെടുന്നതും വാർത്തകളിൽ നിറയുന്നതും 1999-2000 കാലഘട്ടത്തിൽ നടന്ന 11 KV വിരുദ്ധ സമരത്തിലൂടെയാണ്. തിരുവിതാംകൂർ കൊട്ടാരത്തിന് അധികാരം നഷ്ടപ്പെട്ടതിനുശേഷം ജനാധിപത്യപ്രക്രിയ പുലരുന്ന കേരളത്തിലെ, കൂലിയടിമകള്‍ സാംസ്കാരികമായി അർധ കീഴാളത്വത്തിന്‍റെ അവസ്ഥ പേറി കഴിയേണ്ടിവരുന്ന സാഹചര്യത്തിലുമായിരുന്നു. മുഖ്യമായും കാർഷിക മേഖലയെയും മറ്റ് കൃഷിപ്പണികളെയും ആശ്രയിച്ചു കഴിഞ്ഞിരുന്ന അവർ സ്വന്തമായി ലഭിച്ച ഭൂമിയിൽ നാമമാത്ര കൃഷികൾ ചെയ്തിരുന്നെങ്കിലും അവരിൽ 92 ശതമാനം പേർക്കും ഭൂമി അന്യാധീനപ്പെട്ടിരുന്നു. സചിവോത്തമപുരം കോളനിയിലെ കർഷകത്തൊഴിലാളികളായിരുന്ന കോളനി നിവാസികൾക്ക് കേരള ഭൂപരിഷ്കരണ നിയമത്തിന്‍റെ ആനുകൂല്യം ലഭിക്കുകയോ അവർ കൃഷിഭൂമിയുടെ ഉടമസ്ഥരാവുകയോ ഉണ്ടായില്ല.

എസ് പുരം കോളനിക്ക് തെക്ക് പടിഞ്ഞാറായി സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പ്ലൈവുഡ് കമ്പനിയിലേക്ക് 11 KV വൈദ്യുതി ലൈൻ വലിക്കാൻ ഇടതുപക്ഷം ഭരിക്കുന്ന കുറിച്ചി പഞ്ചായത്ത് ഭരണസമിതി അനുമതി നൽകി. സുരക്ഷിതമായ മറ്റൊരു ഇടം ലഭ്യമായിരുന്നിട്ടുകൂടി കോളനിക്ക് മുകളിലൂടെ ലൈൻ വലിക്കാനാണ് ഇടതുപക്ഷം നേതൃത്വം കൊടുക്കുന്ന പഞ്ചായത്ത് നിർബന്ധബുദ്ധി പുലർത്തിയത്. വികസനത്തിന്‍റെ ഇരകൾ ദലിതരും ആദിവാസികളും ദരിദ്രരുമാണെന്ന ബ്രാഹ്മണിക്കൽ മൂല്യത്തോട് ചേർന്നുനിൽക്കുന്ന മുതലാളിത്ത താൽപര്യമാണ് പഞ്ചായത്തിനെ സ്വാധീനിച്ചിരുന്നത്.

വികസനത്തിന്‍റെ ആയുധംകൊണ്ട് കോളനി ജീവിതത്തിനുമേൽ പ്രാദേശിക ഭരണകൂടവും കെ.എസ്.ഇ.ബിയും കമ്പനി മുതലാളിയും ചേർന്ന് നടത്തിയ ആക്രമണമാണ് 11 KV വിരുദ്ധ സമരത്തിനും കുറിച്ചി ശ്രീധരന്‍റെ രക്തസാക്ഷിത്വത്തിനും കാരണമായിത്തീരുന്നത്. ഇവിടെ വരേണ്യവർഗ താൽപര്യവും ഭരണവർഗ താൽപര്യവും ഒന്നായിത്തീർന്നു. കേവലം പ്രാദേശികമായ സമരമെന്നതിലുപരി അധികാരി വർഗങ്ങൾക്കെതിരായ അടിത്തട്ടിന്‍റെ രാഷ്ട്രീയ ഇച്ഛയാണ് ഇതിലൂടെ ഉയിർത്തെഴുന്നേറ്റ് വിജയിച്ചത്. 11 KV ലൈൻ വിരുദ്ധ സമരത്തിൽ രക്തസാക്ഷിയായ കുറിച്ചി ശ്രീധരൻ മരിക്കും മുമ്പ് സഹപ്രവർത്തകരായ സമര പോരാളികളോട് പറഞ്ഞ വാക്കുകളാണ് ഇന്നും സചിവോത്തമപുരം കോളനിയുടെ നിലപാട്. “ഞാൻ മരിച്ചുപോയാലും നിങ്ങൾ അധികാരികൾക്കു മുന്നിൽ മുട്ടുമടക്കരുത്.’’

ജാതിയെ നശിപ്പിച്ചുകൊണ്ടുള്ള ഇന്ത്യൻ ജനാധിപത്യത്തിന്‍റെ പുനഃസൃഷ്ടിക്കായി ദലിതുകളും മർദിത ജാതി സമൂഹങ്ങളും അതിന്‍റെ രാഷ്ട്രീയ നിലപാടിൽ ഒന്നിക്കുകയാണ് വേണ്ടത് എന്നാണ് സചിവോത്തമപുരം കോളനിയിലെ സമരോത്സുക ജനസമൂഹത്തിന്‍റെ തിരിച്ചറിവും ശ്രമങ്ങളും.

സമൂഹം/ കോളനി അസോസിയേഷൻ

സചിവോത്തമപുരം കോളനി രൂപവത്കൃതമായ കാലം മുതൽ തന്നെ നിലനിൽക്കുന്ന അതിന്‍റെ സ്വയംഭരണ സംവിധാനത്തിന്‍റെ സംഘടനാ രൂപമാണ് ‘കോളനി അസോസിയേഷൻ’. കോളനിയിലെ വോട്ടവകാശമുള്ള എല്ലാവരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി അച്ചടിച്ച ബാലറ്റ് വഴി രഹസ്യ വോട്ടെടുപ്പിലൂടെയാണ് കോളനി അസോസിയേഷന്‍റെ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. കോളനിയിലെ ആദ്യകാല താമസക്കാർ പട്ടികജാതി വിഭാഗത്തിലെ പല സമുദായങ്ങളിലും പല സംഘടനകളിലും പെട്ടവരും അതിന്‍റെ വേലി​െക്കട്ടിനുള്ളിൽ നിൽക്കുന്നവരും ആയിരുന്നു. അവരെ ഏകോപിപ്പിക്കാനാണ് കോളനി അസോസിയേഷൻ രൂപവത്കൃതമാകുന്നത്. ആദ്യകാലത്ത് അതിന്‍റെ പേര് ‘ഹരിജന്‍ കോളനി അസോസിയേഷൻ’ എന്നായിരുന്നു.

ഹരിജൻ എന്ന പദം നിയമംമൂലം നിരോധിച്ചപ്പോൾ പട്ടികജാതി കോളനി അസോസിയേഷൻ എന്ന് പുനർനാമകരണം ചെയ്​താണ് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നത്. സചിവോത്തമപുരം പട്ടികജാതി കോളനി അസോസിയേഷന്‍റെ ഇപ്പോഴത്തെ സെക്രട്ടറി പ്രേം സാഗർ എസ്. പുരം പറയുന്നത് തിരുവിതാംകൂർ രാജഭരണകാലത്ത് എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്കായി അവരുടെ സമഗ്രവികസനം ലക്ഷ്യമാക്കി നിർമിച്ച കോളനിയിലെ സൗകര്യങ്ങൾ നിലനിർത്താനോ കൂടുതൽ പദ്ധതികൾ ആവിഷ്കരിച്ച് മെച്ചപ്പെട്ട അവസ്ഥയിലേക്കെത്തിക്കാനോ ജനാധിപത്യകാലത്തെ ഭരണകൂടങ്ങൾക്ക് കഴിയുന്നില്ല എന്നാണ്.

കോളനിയിലെ ആദ്യകാല താമസക്കാർ പട്ടികജാതിക്കാരും കുറച്ച് ഈഴവരുമായിരുന്നു. അക്കാലത്ത് ഈ സമുദായങ്ങൾക്കിടയിൽ ചെറിയതോതിൽ ജാതീയമായ സംഘർഷങ്ങൾ ഉടലെടുത്തിരുന്നു. ആ സംഘർഷങ്ങൾ പിന്നീടുണ്ടായ തലമുറയിൽനിന്ന് ഏറക്കുറെ അപ്രത്യക്ഷമായി. ആദ്യകാലങ്ങളിൽ ജാതീയമായ അടിമത്തം അനുഭവിച്ചവർ എന്നനിലയിൽ കാര്യങ്ങളെ കാണുകയും സാമുദായികമായി വിഷയങ്ങളെ ചർച്ചചെയ്ത് പരിഹരിച്ചതിലൂടെ ആ സംഘർഷങ്ങൾ മാറുകയും ചെയ്തു. പിന്നീടുള്ള സംഘർഷങ്ങൾ ഒക്കെ സർക്കാറുമായി നേരിട്ടായിരുന്നു. 1998ല്‍ കുറിച്ചി ഗ്രാമപഞ്ചായത്ത് സചിവോത്തമപുരം കോളനിയിൽ പട്ടികജാതിക്കാരുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനുള്ള ഭൂമിയിൽ കമ്യൂണിറ്റി ഹാൾ നിർമിക്കാൻ തീരുമാനിച്ചു.

പഞ്ചായത്ത് ഭരണസമിതിയുടെ ഈ തീരുമാനത്തെ കോളനി നിവാസികൾ അംഗീകരിക്കാൻ തയാറായില്ല. ഭരണസമിതി താൽക്കാലികമായി ഈ നടപടിയിൽനിന്ന് പിന്മാറിയെങ്കിലും വീണ്ടും 2008ല്‍ പഞ്ചായത്ത് ഭരണസമിതി കമ്യൂണിറ്റി ഹാൾ നിർമാണവുമായി കോളനി അസോസിയേഷനെ സമീപിച്ചു. കോളനി അസോസിയേഷൻ സ്ഥലം നൽകിയാൽ കമ്യൂണിറ്റി ഹാളിന്‍റെ പണി തീര്‍ത്ത് കോളനിക്കാര്‍ക്ക് നൽകാം; അതിന് എസ്.സി ഫണ്ട് ഉപയോഗിക്കാം, അതിനുവേണ്ടി സാംസ്കാരിക നിലയം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ പഞ്ചായത്ത് ഭരണസമിതിക്ക് നൽകാൻ അറിയിച്ചു. കമ്യൂണിറ്റി ഹാൾ പണിത് കോളനിക്കാർക്ക് ഉപയോഗിക്കാൻ കോളനി അസോസിയേഷനെ ഏൽപിക്കും എന്നതായിരുന്നു ഉറപ്പ്.

ജനങ്ങളുടെ സംശയവും ആശങ്കയും നിലനിൽക്കുമ്പോൾതന്നെ കമ്യൂണിറ്റി ഹാളിന്‍റെ പണി ആരംഭിച്ചു. രണ്ടു വർഷങ്ങൾ കഴിഞ്ഞിട്ടും കമ്യൂണിറ്റി ഹാള്‍ തുറന്നുനൽകാത്തതില്‍ കോളനി അസോസിയേഷന്‍റെ നേതൃത്വം പഞ്ചായത്ത് ഭരണസമിതിയെ സമീപിച്ചു. ഇതിനിടെ പഞ്ചായത്ത് ഭരണസമിതി കോളനിക്കാരുമായോ കോളനി അസോസിയേഷനുമായോ കൂടിയാലോചിക്കാതെ കമ്യൂണിറ്റി ഹാള്‍ ഉദ്ഘാടനം ചെയ്യാൻ തീരുമാനമെടുത്തു. അടിയന്തരമായി സമരം എന്ന ആയുധമാണ് അതിനെ പ്രതിരോധിക്കാൻ കോളനിക്കാർ കൈക്കൊണ്ടത്. സി.എം. മനോജ്, രതീഷ് എന്നിവർ നിരാഹാരമനുഷ്ഠിച്ചു. ഒമ്പതുദിവസം പിന്നിട്ട സമരത്തിലേക്ക് കൂടുതൽ സമരാനുകൂലികൾ എത്തിച്ചേർന്നിരുന്നു.

നിരാഹാര സമരം അവസാനിപ്പിച്ചതിനുശേഷം കോട്ടയം-മാളികക്കടവ്-ചങ്ങനാശ്ശേരി റോഡ് ഉപരോധിച്ച് തെരുവിൽ ആഹാരം പാകംചെയ്തു കഴിക്കുന്ന സമരമുറയിലേക്ക് എത്തി. 11 KV ലൈൻ വിരുദ്ധ സമരസമിതിയുടെ പ്രവർത്തകരും സ്ത്രീശക്തി പ്രവർത്തകരും സമരത്തിൽ സജീവമായിരുന്നു. സമരം ശക്തമായ ഘട്ടത്തിൽ സി.എസ്.ഡി.എസ് പ്രവർത്തകർ കോട്ടയം പട്ടികജാതി ഓഫിസിൽ ഇടിച്ചുകയറി സമരത്തിന്‍റെ ആവശ്യങ്ങൾ ഉന്നയിച്ചു.

സമരം കോളനിയുടെ പരിധിയിൽനിന്ന് വെളിയിലേക്ക് പടരുന്ന ഗൗരവം അധികാരികൾക്ക് മനസ്സിലായി. ചങ്ങനാശ്ശേരി തഹസില്‍ദാര്‍ 2014 ഒക്ടോബറിൽ കോളനി അസോസിയേഷൻ പ്രതിനിധികളെയും പട്ടികജാതി ഓഫിസർ, പഞ്ചായത്ത് ഭരണസമിതിയിൽനിന്ന് പ്രസിഡന്റ് സുജാത സുശീലൻ, വൈസ് പ്രസിഡന്റ് സി.വി. മുരളീധരൻ, പഞ്ചായത്ത് സെക്രട്ടറി സുധീഷ്, കോളനി അസോസിയേഷന്‍ സെക്രട്ടറി പ്രേം സാഗർ, സി.എസ്. ജയൻ, കെ.ജി. സദാനന്ദൻ, സനീഷ് ഗുരുകുലം തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

കുറിച്ചി  ഗ്രാമപഞ്ചായത്ത്​ കാര്യാലയം

പഞ്ചായത്തധികാരികളും കോളനി അസോസിയേഷന്റെ പ്രവർത്തകരുമടങ്ങുന്ന കമ്മിറ്റി കമ്യൂണിറ്റി ഹാളിന്‍റെ ഭരണചുമതല നിർവഹിക്കണം എന്നായിരുന്നു തീരുമാനം. ഇപ്പോൾ കോളനി അസോസിയേഷന്‍റെ നിയന്ത്രണത്തിലാണ് പ്രവർത്തനം. കോളനി നിവാസികൾക്ക് എന്തെങ്കിലുമുണ്ടെങ്കിൽ അതാരും കൊടുത്തതല്ല, നിരന്തരമായ സമരങ്ങളിലൂടെ നേടിയെടുത്തതാണ്. ആദ്യകാലത്ത് കോളനിയിലുണ്ടായിരുന്ന ഭജനമഠത്തിന്‍റെ ഫലകത്തിൽ ടി.ടി. കേശവന്‍ ശാസ്ത്രികൾ മെമ്മോറിയൽ കമ്യൂണിറ്റി ഹാൾ എന്നായിരുന്നു പേര് കാണപ്പെട്ടത്. പുതിയ കെട്ടിടത്തിനു സ്വാതന്ത്ര്യത്തിന്‍റെ രജതജൂബിലി സ്മാരക മന്ദിരം എന്നാണ് പഞ്ചായത്ത് നിർദേശിച്ച പേര്. കേരള ചരിത്രത്തിൽ ആദ്യമായാണ് പ്രാദേശിക ഭരണകൂടം നിർമിച്ച ഒരു കെട്ടിടം പട്ടികജാതി കോളനിയിലെ അസോസിയേഷൻ പിടിച്ചെടുത്ത്, മഹാത്മാ അയ്യൻകാളിയുടെ പേര് നല്‍കി മികച്ച രീതിയിൽ നടത്തിക്കൊണ്ടുപോകുന്നത്.

വിദ്യാഭ്യാസം

നിർബന്ധിത അക്ഷരപഠനത്തിനായി നിശാപാഠശാല പ്രവർത്തിച്ചിരുന്നു. കുട്ടികൾക്കുവേണ്ടി തുടങ്ങിയ കുടിപ്പള്ളിക്കൂടം ഇന്ന് മഹാത്മാ അയ്യൻകാളി സ്മാരക യു.പി സ്കൂൾ ആയി ഉയർന്നു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനായി സ്ഥാപിച്ച ഐ.ടി.ഐ ഇപ്പോഴും സജീവമാണ്. തികച്ചും പ്രതികൂലമായ അന്തരീക്ഷം നിലനിൽക്കുമ്പോഴും സചിവോത്തമപുരം കോളനിയിലെ 98 ശതമാനം കുടുംബങ്ങളിലും ബിരുദധാരികളുണ്ട്. ഡോക്ടർമാർ, എൻജിനീയർമാർ, സർക്കാർ ഉദ്യോഗസ്ഥർ അവരിൽതന്നെ ഗസറ്റഡ് റാങ്കിലുള്ളവർ എന്നിങ്ങനെ ഉന്നത സ്ഥാനങ്ങളിലേക്ക് എത്തിയവർ കോളനിയിലുണ്ട്. സാധാരണ പൊതുബോധത്തിന്‍റെ കാഴ്ചപ്പാടിൽ കോളനി എന്ന അധിവാസ കേന്ദ്രത്തെ അസാംസ്കാരിക ജനതയുടെ അരാജകത്വം വാഴുന്ന അധോലോകം എന്നതിന് നേർവിപരീതമായ വസ്തുതയാണത്.

നിശ്ചയദാർഢ്യത്തിന്റെ ഫലമായി ഉണ്ടാകുന്നതാണത്. കോളനിയുടെ സ്വയംഭരണത്തിനും വികസനത്തിലും ഇവരുടെ പങ്ക് വളരെ വലുതാണ്. എടുത്തുപറയേണ്ട വ്യക്തിത്വങ്ങളില്‍ ഡോക്ടറേറ്റ് നേടിയ സഹോദരങ്ങളായ രാധാമണി പി.എം, അജിത് കുമാർ പി.എം, ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് നേടിയ ഷിബിന്‍ സേവ്യര്‍; രഹനാ മോൾ പി.എം എന്നിവരെയും ഒപ്പം കേരളത്തിലെ സ്വകാര്യമേഖലയിലും സർക്കാർ മേഖലകളിലും ജോലിയെടുക്കുന്ന ഡോക്ടർമാരും എൻജിനീയർമാരെയുമാണ്. എം.ജി യൂനിവേഴ്സിറ്റി സെനറ്റ് മെംബർ ഡോ. സുധാകരൻ കെ.എം കോളനിയിൽ ജനിച്ചു വളർന്ന പ്രതിഭയാണ്.

സാംസ്കാരിക മേഖലയും കലാപ്രവർത്തകരും

അന്തർദേശീയമോ ദേശീയമോ പ്രാദേശികമോ ആയ ഏതൊരു രാഷ്ട്രീയ സന്ദർഭത്തോടും ഗുണപരമായി പ്രതികരിക്കുന്നതില്‍ ജാഗ്രത പുലർത്തുന്നതുപോലെ തന്നെ കോളനി നിവാസികൾ കലാ സാംസ്കാരിക രംഗത്തും ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്നു. മഹാത്മാ അയ്യൻകാളിയുടെ നാമധേയത്തിലുള്ള ഒരു ലൈബ്രറി കോളനിയിൽ പ്രവർത്തിച്ചുവരുന്നുണ്ട്. 1970-80കളിൽ അംബേദ്കർ ​െറവലൂഷനറി മൂവ്മെന്റ് പ്രവർത്തനം തുടങ്ങി ജാതിവിരുദ്ധ സമരങ്ങളിൽ സജീവമാവുകയും പിന്നീട് ചങ്ങനാശ്ശേരി മേഖലയിലെ പ്രവർത്തകനും സി.പി.ഐ (എം.എൽ) പ്രസ്ഥാനത്തിന്‍റെ സ്വതന്ത്ര ട്രേഡ് യൂനിയൻ സംഘാടകനും കുറിച്ചി സമരത്തിൽ നേതൃപരമായ പങ്കുവഹിക്കുകയുംചെയ്ത സി.വി. രാജപ്പൻ കുറിച്ചി 11 kv ലൈൻ വിരുദ്ധ സമരത്തിന്‍റെ പ്രസക്തിയും രാഷ്ട്രീയവും അന്വേഷിക്കുന്ന ‘തടവറയും തീപ്പന്തങ്ങളും’ എന്ന ചരിത്രപുസ്തകത്തിന്‍റെ രചന നിർവഹിച്ചു. സചിവോത്തമപുരം കോളനി അസോസിയേഷൻ ആണ് പ്രസാധകർ.

കേരളത്തിൽ ഇപ്പോഴുള്ള ഗാനമേള ട്രൂപ്പുകളിലെ വാദ്യകലാകാരന്മാരിലെ പ്രധാനപ്പെട്ട പലരും കുറിച്ചി കോളനിയിൽനിന്നുള്ളവരാണ്. പ്രഫഷനൽ നാടകരംഗത്ത് ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ കോട്ടയം സംഘമൈത്രിയുടെ ആസ്ഥാനം സചിവോത്തമപുരമാണ്. ‘അനന്തപുരിയിലെ വില്ലുവണ്ടി’ എന്ന അയ്യൻകാളിയുടെ ജീവചരിത്രം പറയുന്ന നാടകം ഏറെ ശ്രദ്ധിക്കപ്പെട്ടു. സാബു സി. മാധവന്റേതായിരുന്നു രചന. വിജയന്‍ എസ്. പുരം സംവിധാനംചെയ്ത നാടകത്തിന്‍റെ നിർമാതാവ് വിശ്വംഭരനാണ്.

മിമിക്രി-സിനിമ മേഖലകളില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചവരില്‍ അന്തരിച്ച കലാഭവൻ ദിനേശനും, മനോജ് വൈഷ്ണവം, അലക്സ് എന്നിവരും പ്രഫഷനൽ നാടകരംഗത്ത് പേരെടുത്ത നടൻ സാജു ലാൽ, മികച്ച നാടകനടിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീലത സാജു ലാൽ, തബലിസ്റ്റ് മണി, അദ്ദേഹത്തിന്‍റെ മകനും ഇന്ത്യയിലെ മികച്ച തബലവാദകരിൽ ഒരാളുമായ മഹേഷ് മണി, വിപിൻ വിജയൻ, തകിൽ വിദ്വാന്മാരായ ശരത്ലാൽ, അജിൽകുമാർ, സുബിൻ, വിഷ്ണു വിജയൻ എന്നിവരും നാഗസ്വരത്തിൽ സുജിത്ത് ലാൽ, ബിജുമോൻ സി. ജെ എന്നിവരും ഓടക്കുഴലിൽ അനന്തു പവിത്രൻ, ഓർഗനില്‍ പ്രഭുരാജ് മാഗ്നാസ്, ലാൽ എന്നിവരും ശ്രദ്ധേയരാണ്. പ്രസന്നകുമാർ, സുവർണ, അർച്ചന തമ്പി, സുരേഷ് കുമാർ പി.എം, നിരുപമ എസ്. ചിരാത് എന്നിവരാണ് ഗായകരായി ശ്രദ്ധിക്കപ്പെട്ടു വരുന്നത്, ബിജുകുമാർ സി.കെയും ഷിബിൻ സേവ്യറും നാടൻപാട്ട് കലാകാരന്മാരാണ്. യൂട്യൂബ് ​േവ്ലാഗറായ അരുൺ തമ്പി ധാരാളം ഫോളോവേഴ്സ് ഉള്ള കലാകാരനാണ്.

ഗരുഡൻ പറവ എന്ന കലാരൂപം സചിവോത്തമപുരം ക്ഷേത്രത്തിൽ ആദ്യമായി അവതരിപ്പിച്ചത് അപ്പായി (എസ്. പുരം തങ്കപ്പൻ) എന്ന കലാകാരനാണ്. കർക്കടക മാസത്തില്‍ നടത്തിവരാറുള്ള ഭജന കേരളത്തിലെ ക്ഷേത്രങ്ങളിൽ ആദ്യമായി തുടങ്ങിയത് ഇവിടെയാണെന്നും അവകാശപ്പെടുന്നു.

തൊഴിൽ/ സാമ്പത്തികനില

കുട്ടനാട്ടിലെ തോട്-വയൽ പുറമ്പോക്കുകളിൽനിന്നും കുറിച്ചിയിലെ സചിവോത്തമപുരം കോളനിയിലേക്ക് പുനരധിവസിക്കപ്പെട്ടവരാണ് കോളനി നിവാസികൾ. അതുകൊണ്ടുതന്നെ കാർഷിക മേഖലകളിലെ കൂലി തൊഴിലാളികളാണു ഭൂരിപക്ഷം പേരും. ചിലര്‍ റോഡ് പണിയും മറ്റ് നിർമാണ പ്രവർത്തനങ്ങളും തിരഞ്ഞെടുത്തു. ഭൂപരിഷ്കരണ നിയമം കാർഷിക മേഖലകളിലെ കൂലി തൊഴിലാളികളെ പരിഗണിക്കുന്ന ഒന്നല്ലാതായിരുന്നതിനാൽ ഭൂമിയുടെ ഉടമസ്ഥരാവാൻ കർഷകത്തൊഴിലാളികൾക്ക് കഴിഞ്ഞില്ല. ഏതാണ്ട് ’90കളോടെ കാർഷിക മേഖലയിൽനിന്നും മാറി ദലിതുകൾ മറ്റു തൊഴിൽ മേഖലകള്‍ തേടി. സുരക്ഷിതമല്ലാത്ത. മലിനമായ തൊഴിൽ പരിസരങ്ങളിലായിരുന്നു അവരില്‍ ചിലരെങ്കിലും.

എന്നാൽ, അന്തർ സംസ്ഥാന തൊഴിലാളികളുടെ കുടിയേറ്റം ഈ മേഖലയിലും വ്യാപകമായി. അന്തർ സംസ്ഥാന തൊഴിലാളികളുടെ ബാഹുല്യം കേരളത്തിലെ കീഴാളവർഗ തൊഴിലാളികൾക്ക് തൊഴിൽനഷ്ടം വരുത്തുകയായിരുന്നില്ല; മറിച്ച് മലയാളി എന്ന ശൂദ്രബോധത്തിന്‍റെ നിർണായകമായ വംശീയ ആശയങ്ങളുടെ സ്വാധീനത്താൽ ഇത്തരം തൊഴിലവസ്ഥയിൽനിന്ന് ഇവിടത്തുകാർ അകന്നുനിൽക്കുകയാണ് ചെയ്തത്. അത് ‘അന്യസംസ്ഥാന തൊഴിലാളി’യോടുള്ള ‘മലയാളി വരേണ്യബോധ’മാണ്.

സചിവോത്തമപുരം കോളനിയിൽനിന്ന് സ്വകാര്യമേഖലയിലുള്ള തൊഴിൽ പ്രാതിനിധ്യം തുച്ഛമാണ്. പരിമിതമായ ഭൗതിക സാഹചര്യങ്ങളും സാമ്പത്തിക നിലയുമാണ് വസ്തുത; മറിച്ച് സമൃദ്ധം എന്ന് തോന്നിപ്പിക്കുന്നവ മുഴുവൻ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ലോണിലും മറ്റും കെട്ടിയുണ്ടാക്കാന്‍ നിര്‍ബന്ധിതമായതാണ്. അതുകൊണ്ടുതന്നെ അതിന്‍റെ മനഃക്ലേശവും അനുബന്ധ പ്രശ്നങ്ങളുമുണ്ട്. മറ്റൊരു അർഥത്തിൽ പറഞ്ഞാൽ വിശ്രമം ഇല്ലാതെ പുതുതലമുറ ബാങ്കിന്‍റെ ഭീഷണിയെ ഭയന്ന് പണിയെടുക്കേണ്ടുന്നതാണ് സചിവോത്തമപുരം കോളനിയിലെ ഭൂരിപക്ഷത്തിന്‍റെ സാമ്പത്തികനില. പുത്തന്‍ചൂഷണവ്യവസ്ഥയുടെ കെണിയാണത്‌.

ഡൽഹി ജവഹർലാൽ നെഹ്റു യൂനി​വേഴ്സിറ്റിയിൽനിന്ന് ഇന്റർനാഷനൽ പൊളിറ്റിക്സിൽ ഡോക്ടറേറ്റ് നേടിയ സചിവോത്തമപുരം കോളനി പത്മലാഞ്ചനം വീട്ടിൽ കെ.ജി. രവീന്ദ്രന്റെ മകൾ പി.ആർ. രഹ്നമോൾ

ജിയാപ്സ് (GEAPCS)

പട്ടാളത്തിലെ മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ അവാർഡ് നേടിയ അനിൽ തമ്പിയുടെ ആശയമാണ് ജിയാപ്സ് (GOVT: EMPLOYEES AND PENSIONERS CHARITABLE SOCIETY) എന്ന പ്രസ്ഥാനം. എസ്.സി/എസ്.ടി വിഭാഗത്തിലുള്ള ഉദ്യോഗാർഥികൾക്ക് പി.എസ്.സി കോച്ചിങ്, സ്റ്റഡി ക്ലാസുകൾ, മെമ്മറി ഡെവലപ്മെന്റ്, വ്യക്തിത്വ വികസനം എന്നിങ്ങനെ വിവിധതരത്തിലുള്ള പഠനപദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നു. ജിയാപ്സിന്‍റെ ശ്രമഫലമായും ഗുണഭോക്താക്കളുടെ കഠിന പരിശ്രമംകൊണ്ടും ഇന്ന് ഏഴോളം വ്യക്തികൾ റെയിൽവേയിൽ ഉദ്യോഗസ്ഥരായി നിയമിക്കപ്പെട്ടു. രാജൻ എന്ന ബന്ധുക്കൾ ഇല്ലാത്ത ഒരാള്‍ക്ക് തികച്ചും സൗജന്യമായി വീട് ​െവച്ചു കൊടുക്കുവാൻ കഴിഞ്ഞു. സചിവോത്തമപുരം കോളനിയില്‍ ഏതാണ്ട് 107ല്‍പരം സർക്കാർ ജോലിക്കാരും പെൻഷൻകാരുമുണ്ട്. അവരുടെ കൂട്ടായ്മയാണ് ഈ സംഘടന. ചെയര്‍മാന്‍ ദക്ഷിണ റെയിൽവേയിൽ എൻജിനീയറായ വിനയചന്ദ്രനാണ്.

ഭൂമി

പ്രജാസഭയിൽ അയ്യൻകാളിയുടെ ഇടപെടലുകൾ സാധുജനത്തിന് അടിസ്ഥാന വിഭവങ്ങൾക്കുമേൽ അവകാശവും അധികാരവും ഉറപ്പാക്കുന്നതിന് ആയിരുന്നു പ്രധാനമായും ലക്ഷ്യം ​െവച്ചിരുന്നത്. ഭൂമിയും പാർപ്പിടവും കൃഷിയിടവും കൃഷിക്ക് ആവശ്യമായ പശ്ചാത്തലം ഒരുക്കലുമൊക്കെ ആവശ്യങ്ങളായി ഉന്നയിച്ചു. എസ്. പുരം കോളനിയിലെ ഓരോ കുടുംബത്തിനും ഒന്നര ഏക്കർ ഭൂമിയാണ് പ്രജാസഭയിൽ അയ്യൻകാളി ആവശ്യപ്പെട്ടത്. ഒപ്പം വീടും അനുബന്ധ സൗകര്യങ്ങളും. എന്നാൽ, 75 സെന്റ് സ്ഥലം വീതം ഓരോ കുടുംബത്തിനും അനുമതിയായി. അതിൽ ചെറു കൃഷികളും മറ്റും നടത്തിവന്നിരുന്നു.

ഒരിക്കലും ആ കൃഷി ഒരു വരുമാനമാർഗമായിരുന്നില്ല. പ്രധാനമായും കോളനി നിവാസികളുടെ തൊഴിൽ അപ്പർ കുട്ടനാടൻ മേഖലയായ കോട്ടയം- ആലപ്പുഴ ജില്ലകളിലെ അതിർത്തിപ്രദേശത്തെ കാർഷിക മേഖലയിലെ കൃഷിപ്പണികളായിരുന്നു. അതിനാൽതന്നെ സ്വന്തം ഭൂമിയിൽ കൃഷി ഇറക്കുകയും ലാഭകരമായ വിളവെടുക്കുന്നതിന് തക്ക പ്രയത്നവും മൂലധനവും ഇല്ലാത്തത് വലിയതോതില്‍ പരിമിതിയായിരുന്നു. അത് പലതരത്തിലും ഭൂമി കൈമോശം വരുന്നതിനും അന്യാധീനപ്പെടുന്നതിനും കാരണമായി. വിരലിൽ എണ്ണാവുന്ന കുടുംബക്കാർക്ക് മാത്രമേ ആദ്യകാലത്ത് ലഭ്യമായ 75 സെന്റ് സ്ഥലം ഇപ്പോഴും സ്വന്തം പേരിലും അവകാശത്തിലും നിലനിർത്താൻ കഴിഞ്ഞിട്ടുള്ളൂ. അവരിൽ ചിലരാവട്ടെ ഈ ഭൂമിയോട് ചേർത്ത് വേറെയും സ്ഥലങ്ങൾ വാങ്ങാൻ ശേഷിയുള്ളവരായി.

കോളനിയിലെ സമകാല ആത്മീയതയുടെ രാഷ്ട്രീയ വിവക്ഷകൾ

കീഴാള ആത്മീയത അതിന്‍റെ ദൈവികസങ്കൽപം സ്ഥാപിച്ച് ഉറപ്പിച്ചിരിക്കുന്നത് പൂർവികരായ അപ്പനപ്പൂപ്പന്മാരിലാണ്. ഒരിക്കലും ആര്യദൈവങ്ങൾ അവരുടെ കേള്‍വിയിൽപോലും പെട്ടിരുന്നില്ല. അയ്യൻകാളിയാവട്ടെ ഒരു മതത്തിന്‍റെയും ഉപജാതിയുടെയും വ്യക്താവുമായിരുന്നില്ല.

കോളനി നിവാസികളുടെ ബൗദ്ധികവും ഭൗതികവുമായ വികാസത്തിന് അനുബന്ധ സൗകര്യം ഒരുക്കിയതിനോടൊപ്പം അവരുടെ ആത്മീയ ആവശ്യങ്ങൾക്ക് സ്ഥാപിക്കപ്പെട്ട ക്ഷേത്രത്തിലെ പ്രതിഷ്ഠ ശ്രീരാമനാണ്. കേരളത്തിൽ രാമക്ഷേത്രങ്ങൾ വിരളമാണ്? നാരായണ ഗുരുവിന്‍റെ സ്തോത്ര കൃതികൾ പരിശോധിച്ചാൽ അതിൽ രാമനെയോ അയ്യപ്പനെയോ കാണാൻ കഴിയില്ല. അത്തരം സാഹചര്യം നിലവിലിരിക്കുമ്പോൾ അപ്പനപ്പൂപ്പന്മാരെ വിളിച്ചിരുന്ന ദലിതുകൾക്ക് തിരുവിതാംകൂർ കൊട്ടാരം വഴി രാമസ്വാമി അയ്യര്‍ പ്രതിഷ്ഠിച്ചു നൽകിയ പുത്തൻ ദൈവമാണ് ശ്രീരാമൻ.

കുറെക്കൂടി വ്യക്തമായി പറഞ്ഞാൽ ദിവാൻ സർ സി.പി. രാമസ്വാമിയുടെ സ്മാരകം എന്നാണ് സചിവോത്തമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തെ പലരും വിശകലനംചെയ്തു മനസ്സിലാക്കുന്നത്. എന്നാൽ ഇപ്പോൾ ദേവസ്വം ബോർഡിന്‍റെ സംരക്ഷണയിലുള്ള, കോളനിയിലെ തിരഞ്ഞെടുക്കപ്പെട്ട ക്ഷേത്രഭാരവാഹികളുടെ അധികാരപരിധിലുള്ള ക്ഷേത്രം, സാമൂഹികമായ അധികാരത്തിന്‍റ ബലതന്ത്രമായാണ് കോളനി നിവാസികൾ കാണുന്നത്.

2024 ജനുവരി 22ാം തീയതി ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് എൻ.ഡി.എ സര്‍ക്കാര്‍ നിർമിച്ച രാമക്ഷേത്രത്തിന്‍റെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ഭാരതീയ ജനതാ പാർട്ടിയുടെ പ്രാദേശിക ഘടകം കോളനിക്ഷേത്രത്തില്‍ ശ്രീരാമന്‍റെ വലിയ കട്ടൗട്ടും ജയ് ശ്രീരാം വിളികളുമായി നിലയുറപ്പിച്ചു. പട്ടികജാതി വിഭാഗത്തിന്റെ ഉയർച്ചക്കും വികസനത്തിനുമായി വകയിരുത്തിയിരിക്കുന്ന വസ്തുവിലേക്ക് ഈശ്വരന്‍റെ പേര് പറഞ്ഞ് സംഘപരിവാരത്തിന്‍റെ കടന്നുകയറ്റത്തെ തിരിച്ചറിഞ്ഞ കോളനി അസോസിയേഷൻ സെക്രട്ടറി പ്രേംസാഗർ എസ്. പുരം, പ്രസിഡന്റ് സുധീഷ് എസ്, 11 KV ലൈന്‍ വിരുദ്ധസമര രക്തസാക്ഷി കുറിച്ചി ശ്രീധരന്‍റെ മകൻ സി.എസ്. ജയൻ തുടങ്ങിയവർ അതിനെ ചെറുത്തു.

സംഘപരിവാരത്തിന്‍റെ കടന്നുകയറ്റത്തെ എതിർക്കുന്ന പോസ്റ്റർ താക്കീതായി പതിച്ചു. ‘‘രാമൻ നിങ്ങളുടെ ദൈവമാണെങ്കിൽ അത് എടുത്തുകൊണ്ടു പൊയ്‌ക്കോളൂ; പക്ഷേ ഈ വസ്തു ഇവിടെ ഉണ്ടാകണം’’ എന്ന അതിശക്തമായ നിലപാടാണ് കോളനിക്ക്. ബ്രാഹ്മണ്യ ഹിന്ദുത്വ ഫാഷിസം രാജ്യത്തെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള അരങ്ങൊരുക്കുമ്പോൾ ആ ഹിന്ദുരാഷ്ട്രത്തിൽ പരിഷ്കരിച്ച ചാതുർവർണ്യം നടപ്പിലാക്കാൻ കളം വരക്കുമ്പോൾ സചിവോത്തമപുരം പട്ടികജാതി കോളനിയിൽ അതിക്രമിച്ചു കയറി, ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ‘സാംസ്കാരിക ഹിന്ദു രാമനെ’ ഏതു നിമിഷവും നിറം മാറാവുന്ന, വംശഹത്യയുടെ രാഷ്ട്രീയ രാമനാക്കാൻ രാഷ്ട്രീയ സ്വയംസേവക സംഘം നിയന്ത്രിക്കുന്ന വർഗീയ രാഷ്ട്രീയ പാർട്ടിക്ക് കഴിയുമെന്നും അതിനെ ചെറുക്കുന്നതാണ് ജനാധിപത്യത്തെ അതിന്‍റെ സകല സത്തയോടും നിലനിർത്തുന്നതിനുള്ള പൗരന്‍റെ കടമ എന്നുമുള്ള തിരിച്ചറിവാണ് സചിവോത്തമപുരം കോളനി ആത്മീയതക്ക് ബദലായി അന്വേഷിക്കുന്നത്. മതേതര പൗരാവകാശത്തിനുമേലുള്ള നിതാന്ത ശ്രദ്ധയാണ് കോളനിയുടെ രാഷ്ട്രീയം.

ഭാവി: സ്വപ്നങ്ങൾ, പദ്ധതികൾ

സ്വയംപര്യാപ്ത ഗ്രാമപദ്ധതി പ്രകാരം കോളനി അസോസിയേഷൻ സർക്കാറിന്​ ഒരു പ്രോജക്ട് സമര്‍പ്പിച്ചു. 2012ൽ യു.ഡി.എഫ് ഭരണകാലത്ത് ചങ്ങനാശ്ശേരി എം.എൽ.എ സി.എഫ്. തോമസ് ഇടപെട്ട്​ ഒരുകോടി രൂപ വകയിരുത്തിയ പദ്ധതിയായിരുന്നു അത്. അന്നത്തെ കോളനി അസോസിയേഷന്‍ ഭാരവാഹികൾ കുറച്ചുപേർക്ക് നേരിട്ടും മറ്റനേകം പേർക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുന്ന തരത്തിലുള്ള പദ്ധതിയാണ് വിഭാവനംചെയ്തത്. തയ്യൽ യൂനിറ്റ്, കമ്പ്യൂട്ടർ യൂനിറ്റ്, മൊബൈൽ മോർച്ചറി, ആംബുലൻസ്, കറിപൗഡർ നിർമാണ യൂനിറ്റ്, വെൽഡിങ് യൂനിറ്റ് എന്നിങ്ങനെ തൊഴിൽപരമായ ആ പ്രോജക്ടിന് സർക്കാറിൽനിന്നും കോളനി നിവാസികളിൽനിന്നും പ്രശംസ ലഭിച്ച​ു.

അന്നത്തെ പട്ടികജാതി ക്ഷേമ മന്ത്രി അനിൽകുമാർ തറക്കല്ലിട്ട് പദ്ധതി ഉദ്ഘാടനംചെയ്തു 2014ൽ കെട്ടിടം പണി പൂർത്തിയായെങ്കിലും, ആ പദ്ധതി ഇന്നേവരെ കോളനി നിവാസികൾക്ക് പ്രയോജനപ്രദമായ ഒന്നായിത്തീർന്നിട്ടില്ല. അന്ന് പദ്ധതിയിൽ ആവശ്യപ്പെട്ട മൊബൈൽ മോർച്ചറി ആംബുലന്‍സ് എന്നിങ്ങനെ ജനങ്ങൾക്ക് ഉപകാരപ്രദമായവ വാങ്ങാൻ ആവശ്യമായ പണം ഇല്ലാതെ വരുകയും സർക്കാർ ആ പദ്ധതിയില്‍ വെട്ടിക്കുറക്കുകയും ചെയ്തു. ബാക്കിയുള്ളവ നടപ്പാക്കാമെന്ന് തത്ത്വത്തിൽ അംഗീകരിക്കപ്പെട്ടെങ്കിലും 2024 ആയിട്ടും അവ നടപ്പാക്കപ്പെട്ടിട്ടില്ല. കെട്ടിടവും അതിലുള്ള സാധനങ്ങളും ഉപയോഗശൂന്യമാകുന്നു. സചിവോത്തമപുരം കോളനിയുടെ സ്വപ്നപദ്ധതി പുനഃക്രമീകരിച്ച് ആവശ്യങ്ങൾ നടപ്പാക്കി സർക്കാർ കോളനി അസോസിയേഷന് കൈമാറിയാൽ തൊഴിൽപരമായ സ്വയംപര്യാപ്തത സചിവോത്തമപുരം കോളനിക്കുണ്ടാകും.

ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിക്കും കോട്ടയം ജില്ല ആശുപത്രിക്കുമിടയിൽ എം.സി റോഡിലെ പ്രധാനപ്പെട്ട പ്രാഥമിക ആരോഗ്യകേന്ദ്രമാണ് കുറിച്ചി മന്ദിരം ആശുപത്രി. നീലംപേരൂർ, വാഴപ്പള്ളി, പനച്ചിക്കാട് എന്നീ പഞ്ചായത്തുകളിലെയും കോട്ടയം മുനിസിപ്പാലിറ്റിയുടെ തെക്കൻ മേഖലയായ നാട്ടകം പ്രദേശത്തെ സാധാരണക്കാരായവർക്കും ആരോഗ്യമേഖലയിൽ ഏറെ ഉപകാരപ്രദമായ സ്ഥാപനമാണിത്.

സചിവോത്തമപുരം കോളനിയുടെ ആരോഗ്യപരിചരണത്തിന് ദിവാന്‍ രാമസ്വാമിയുടെ അനുമതിയോടെ, ടി.ടി. കേശവൻ ശാസ്ത്രികളുടെ ആവശ്യപ്രകാരം കേളചന്ദ്ര കെ.ടി. തോമസിന്‍റെ സാമ്പത്തിക പിന്തുണയോടെ നിർമിച്ച സചിവോത്തമപുരം ഗവൺമെന്റ് ഹോസ്പിറ്റൽ, ആദ്യകാലത്ത് 54 കിടക്കകളും അതിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും പ്രത്യേക വാർഡുകളും പ്രസവ വാർഡും ഒക്കെയായി വലിയ ആശുപത്രിയായിരുന്നു. ആശുപത്രി സ്ഥാപിക്കപ്പെടുമ്പോൾ 80നടുത്ത് കുടുംബങ്ങൾ കുറിച്ചി പ്രദേശത്തുണ്ടായിരുന്നു.

കോവിഡ് കാലത്ത് ആശുപത്രിയുടെ വാർഡുകൾ പൊളിച്ചു നീക്കുകയും കിടത്തി ചികിത്സ നിർത്തലാക്കുകയുംചെയ്തു. അതിനെതിരെ വലിയതോതിലുള്ള പ്രതിഷേധവും സമരവും കുറിച്ചിയിൽ നടന്നുവരുന്നു. ഈ സമരത്തിൽ കോളനിക്കാരും നാട്ടുകാരും പങ്കാളികളാണ്. രാജഭരണകാലത്ത് സ്ഥാപിക്കപ്പെട്ട പല ആശുപത്രികളും അപ്ഗ്രേഡ് ചെയ്യപ്പെട്ടപ്പോൾ കോളനി നിവാസികൾക്കായി സ്ഥാപിച്ച ആശുപത്രി സർക്കാർ തകർക്കുകയാണ് ഉണ്ടായത്.

കോളനിക്കാരുടെ വിഷയങ്ങളിൽ, പ്രശ്നങ്ങളിൽ പരിഹാരം കാണാതെ സർക്കാർ മുഖംതിരിഞ്ഞു നിൽക്കുന്നതിന്‍റെ അനവധി ഉദാഹരണങ്ങളിൽ ചിലതാണ് ഇവ. ചങ്ങനാശ്ശേരി താലൂക്ക് ഹോസ്പിറ്റൽ ജനറൽ ഹോസ്പിറ്റലായി ഉയർത്തിയപ്പോൾ കോട്ടയത്തിനും ചങ്ങനാശ്ശേരിക്കും ഇടയിൽ പ്രധാനപ്പെട്ട സ്ഥലത്ത് സ്ഥിതിചെയ്യുന്ന കുറിച്ചി ഗവൺമെന്റ് ആശുപത്രി താലൂക്ക് ആശുപത്രിയായി അപ്ഗ്രേഡ് ചെയ്യുകയാണ് വേണ്ടത്.

കോവിഡ് കാലത്ത് ഐസൊലേഷൻ വാർഡ് നിർമാണത്തിനായി പൊളിച്ചുമാറ്റിയ സചിവോത്തമപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ കെട്ടിടങ്ങൾ പുനർനിർമിക്കണമെന്നും, 24 മണിക്കൂറും ഡോക്ടർമാരുടെ സേവനത്തോടുകൂടിയുള്ള കിടത്തി ചികിത്സ പുനഃസ്ഥാപിക്കണമെന്നും, പ്രാദേശിക ഭേദം ഇല്ലാതെ മുഴുവൻ ജനങ്ങൾക്കും ചികിത്സ ഉറപ്പാക്കണമെന്നും സി.എച്ച്.സി നിലവാരത്തിലുള്ള സൗകര്യങ്ങളും സേവനങ്ങളും ലഭ്യമാക്കണമെന്നും, 108 ആംബുലൻസിന്‍റെ സേവനം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു കഴിഞ്ഞ ഒമ്പതു മാസമായി കോളനിക്കാർക്കൊപ്പം നാട്ടുകാരും സമരത്തിലാണ്. സചിവോത്തമപുരം ആശുപത്രി അത്യാധുനിക ചികിത്സാ സൗകര്യങ്ങളോടെയും അടിസ്ഥാന ഭൗതിക വികസനത്തോടെയും അതിന്‍റെ പ്രവർത്തനം ആരംഭിച്ചാൽ സമീപ പ്രദേശങ്ങളിലെ അതിസാധാരണക്കാരായ മനുഷ്യർക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനാകും. ഇതിനുമേൽ സത്വരനടപടി സർക്കാർ കൈക്കൊള്ളണം.

കുറിച്ചി പഞ്ചായത്ത് അതിരൂക്ഷമായ ജലക്ഷാമം നേരിടുന്ന പ്രദേശമാണ്. സചിവോത്തമപുരം കോളനി ആദ്യകാലത്ത് പ്രവർത്തനം ആരംഭിച്ചപ്പോൾ കോളനിയിലെ കുടുംബക്കാർക്ക് ജലലഭ്യത ഉറപ്പുവരുത്തുന്നതിന് 10 വീട്ടുകാർക്ക് ഒരു കിണറും ഒരു ടാപ്പും എന്നതായിരുന്നു കണക്ക്. ജലവിതരണത്തിനായി ചാലച്ചിറയിൽ ഒരു കുളം നിർമിച്ചു. ആദ്യകാലത്ത് പട്ടികജാതി സമുദായത്തിൽപെട്ടവരുടെ 40 വീടുകളും ഏതാനും ഇഴവഭവനങ്ങളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, ഇന്ന് എല്ലാ ജാതിവിഭാഗത്തിലുള്ള മനുഷ്യരും തിങ്ങിപ്പാർക്കുന്ന ഇടമായി മാറി സചിവോത്തമപുരം കോളനി. കേരളത്തിലെ ഏതിടത്തു നോക്കിയാലും കാണാവുന്ന പൊതുജലവിതരണത്തിന്‍റെ തകർക്കപ്പെട്ട ഉദാഹരണങ്ങൾ കോളനിയിലും കാണാവുന്നതാണ്.

കോളനിയിലെ വാട്ടർ അതോറിറ്റിയുടെ ശുദ്ധജല വിതരണം പുനഃസ്ഥാപിക്കുക, ടാപ്പുകളുടെ അറ്റകുറ്റപ്പണി ചെയ്യുക, ടാപ്പുകളുടെ എണ്ണം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ടുെവച്ച് കുടിവെള്ള ഉപഭോക്തൃ സമരസമിതി ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തി. മാത്രമല്ല; കായൽവെള്ളം ശുദ്ധീകരിച്ച് പൊതു ടാപ്പുകളിലൂടെ ജനങ്ങളിൽ എത്തിക്കുക എന്ന പദ്ധതിയും കുടിവെള്ള ഉപഭോക്തൃ സമരസമിതി മുന്നോട്ടു​െവച്ചു. മുഖ്യമന്ത്രി തലം മുതൽ പഞ്ചായത്ത് തലം വരെയുള്ള അധികാരികളുടെ ശ്രദ്ധയിലുംപെടുത്തി. മാവേലിക്കര എം.പി കൊടിക്കുന്നിൽ സുരേഷിനും നിവേദനം നൽകുകയുണ്ടായി. എന്നാൽ, ഇതുവരെയായി ഒരു നടപടിയും ഉണ്ടായിട്ടില്ല.

=======

അവലംബം:

സി.വി. രാജപ്പൻ: ‘തടവറയും തീപ്പന്തവും’, കുറിച്ചി 11 KV ലൈൻ വിരുദ്ധ സമരത്തിന്‍റെ പ്രസക്തിയും രാഷ്ട്രീയവും

കുറിച്ചി എസ്. പുരം കോളനി അസോസിയേഷൻ പ്രവർത്തകർ, ബോബി ആർ, അരുൺ തമ്പി, രമേശൻ അഞ്ചലശ്ശേരി, ഉദയകുമാര്‍

Show More expand_more
News Summary - weekly articles