അത് ഫാഷിസമായിരുന്നോ?
രാജ്യത്ത് നിഷ്ഠുരമായ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതിന്റെ ഒാർമകൾക്ക് ഇത് അമ്പതാം വർഷം. അന്നത്തെ അടിയന്തരാവസ്ഥയെയും ഇപ്പോഴത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയെയും കുറിച്ച് വിശകലനം ചെയ്യുകയാണ് ചിന്തകനും ആക്ടിവിസ്റ്റും എഴുത്തുകാരനുമായ ലേഖകൻ.പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഭീതിദമായ ഓർമകൾക്ക് 49 വർഷമാകുകയാണ്. പൗരാവകാശങ്ങൾ നിഷേധിക്കപ്പെട്ടതായിരുന്നു ആ ഘട്ടം. മാധ്യമങ്ങൾക്കുമേൽ സെൻസർഷിപ് വീണു. പ്രതിപക്ഷ...
Your Subscription Supports Independent Journalism
View Plansരാജ്യത്ത് നിഷ്ഠുരമായ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതിന്റെ ഒാർമകൾക്ക് ഇത് അമ്പതാം വർഷം. അന്നത്തെ അടിയന്തരാവസ്ഥയെയും ഇപ്പോഴത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയെയും കുറിച്ച് വിശകലനം ചെയ്യുകയാണ് ചിന്തകനും ആക്ടിവിസ്റ്റും എഴുത്തുകാരനുമായ ലേഖകൻ.
പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഭീതിദമായ ഓർമകൾക്ക് 49 വർഷമാകുകയാണ്. പൗരാവകാശങ്ങൾ നിഷേധിക്കപ്പെട്ടതായിരുന്നു ആ ഘട്ടം. മാധ്യമങ്ങൾക്കുമേൽ സെൻസർഷിപ് വീണു. പ്രതിപക്ഷ നേതാക്കളും ജനകീയ പ്രസ്ഥാനങ്ങളും വേട്ടയാടപ്പെട്ടു. ഭരണകൂടം നേരിട്ട് പൗരാവകാശങ്ങൾ ഹനിച്ചുകളഞ്ഞ്, ഇന്ത്യൻ ജനാധിപത്യത്തിൽ ഇരുൾമൂടിയ ആദ്യ കാലഘട്ടമായി അത്. ‘ഹിന്ദുസ്ഥാൻ ടൈംസ്’ എഴുതി: ‘‘ഇന്ത്യൻ ചരിത്രത്തിൽ ഇരുണ്ട കാലമായാണ് അടിയന്തരാവസ്ഥ പൊതുവെ ഗണിക്കപ്പെടുന്നത്. നിരന്തരമായ ഭരണകൂട തടങ്കലുകൾ, വിയോജിപ്പുകൾ പുറത്തുവരാതെ ശ്വാസംമുട്ടിച്ചു കളയൽ, പൗരസ്വാതന്ത്ര്യത്തെ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് വേട്ടയാടൽ എന്നിവയെല്ലാം അടയാളപ്പെട്ട ഘട്ടം. അടിച്ചമർത്തലോളം മാധ്യമ സെൻസർഷിപ്പും അന്ന് നിലനിന്നു.’’
അടിയന്തരാവസ്ഥ നടപ്പാക്കാൻ പശ്ചാത്തലങ്ങൾ പ്രധാനമായും രണ്ടായിരുന്നു. ഒന്നാമത്തേത്, ഇന്ദിര ഗാന്ധിയുടെ തെരഞ്ഞെടുപ്പ് സോഷ്യലിസ്റ്റ് നേതാവ് രാജ് നാരായൺ കോടതിയിൽ ചോദ്യം ചെയ്യുന്നു. അലഹബാദ് ഹൈകോടതി അവരുടെ വിധി അസാധുവായി പ്രഖ്യാപിക്കുന്നു. വിധി സുപ്രീംകോടതി സ്റ്റേ ചെയ്തെങ്കിലും പാർലമെന്റിൽ വോട്ടുചെയ്യാനുള്ള അവരുടെ അധികാരം പരിമിതപ്പെടുത്തുന്നു. ഇതിനു പിന്നാലെയാണ് ഇന്ദിരയുടെ ഉപദേശപ്രകാരം പ്രസിഡന്റ് ഫഖ്റുദ്ദീൻ അലി അഹ്മദ് അടിയന്തരാവസ്ഥ നടപ്പാക്കി ഉത്തരവിറക്കുന്നത്.
ജെ.പി പ്രസ്ഥാനം
ഒരു സമാന്തര രാഷ്ട്രീയ പ്രക്രിയയായിരുന്നു ജയപ്രകാശ് (ജെ.പി) നാരായണിന്റെ പ്രസ്ഥാനം. അഴിമതിക്കെതിരെയായിരുന്നു ഇത് നാന്ദി കുറിച്ചത്. മെസ്സുകളിലെ ഫീസ് വർധനക്കെതിരെ ഗുജറാത്തിലെ വിദ്യാർഥികൾ നടത്തിയ പ്രക്ഷോഭം (1974) പടർന്നുകയറി അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയുടെ രാജിയിലെത്തിച്ച കാലം. ബംഗ്ലാദേശിന്റെ പിറവിയിലേക്ക് നയിച്ച 1971ലെ യുദ്ധത്തിനു ശേഷം ഇന്ദിര ഗാന്ധിയുടെ ജനകീയത പരകോടിയിലെത്തിനിൽക്കുന്നുവെന്ന പശ്ചാത്തലംകൂടിയുണ്ട്. ഒപ്പം, കുതിച്ചുകയറുന്ന വിലക്കയറ്റം, ജനജീവിതം ദുസ്സഹമാക്കി നിരവധി പ്രശ്നങ്ങൾ എന്നിവ മറുവശത്തും. രാജ്യം സംഘർഷമുഖത്താണെന്ന് സൂചന നൽകി വിവിധ സാമൂഹിക പ്രസ്ഥാനങ്ങൾ വേറെയും ഉയർന്നുവരുന്നുണ്ട്.
പ്രതിഷേധിക്കാൻ തെരുവിലിറങ്ങാൻ ജെ.പി ജനത്തോട് ആഹ്വാനംചെയ്തു. വൻ പ്രതികരണമായിരുന്നു പിറകെ. തളരാത്ത സ്വാതന്ത്ര്യപ്പോരാളിയെന്നനിലക്ക് വൻ ജനപ്രീതിയായിരുന്നു അദ്ദേഹത്തിന്. എന്നാൽ, 1950ഓടെ ‘കക്ഷിയില്ലാ ജനാധിപത്യ’ത്തിൽ അദ്ദേഹം വിശ്വസിച്ചുതുടങ്ങി. ‘സമ്പൂർണ വിപ്ലവ’ത്തിനായി ആഹ്വാനവുംചെയ്തു. അത് പാർലമെന്ററി സംവിധാനങ്ങളിൽ ജനങ്ങളുടെ വിശ്വാസം കുറച്ചുകൊണ്ടുവരുന്നതായി ഈ നീക്കം. ഭരണകൂടം നൽകുന്ന ഉത്തരവുകൾ മാനിക്കരുതെന്നായിരുന്നു ഉദ്യോഗസ്ഥരോടും സൈന്യത്തോട് വിശേഷിച്ചും അദ്ദേഹത്തിന്റെ ശാസനകൾ.
ജെ.പി പ്രസ്ഥാനത്തിൽ ആർ.എസ്.എസ് ഒരു പ്രധാന കക്ഷിയായി മാറി. ഉത്തരേന്ത്യയിൽ അത് വലിയ സാന്നിധ്യമായിരുന്നു. എ.ബി.വി.പി, ഛത്ര യുവ സംഘർഷ് വാഹിനി എന്നിവക്ക് ബിഹാറിൽ ശക്തമായ വേരുകളുണ്ട്. ഇവയെല്ലാം ജെ.പി പ്രസ്ഥാനത്തിൽ സുപ്രധാന പങ്കു വഹിക്കുന്നവയായി. 1975 ജൂൺ 25ന് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സത്യഗ്രഹത്തിനും റാലിക്കും ജയപ്രകാശ് നാരായണൻ ആഹ്വാനം ചെയ്തു. സുപ്രധാനമായിരുന്നു ഇത്. സമ്പൂർണ വിപ്ലവം, സാമൂഹിക നീതി, വിഭവങ്ങളുടെ തുല്യവിതരണം എന്നിവക്കും ജെ.പി ആഹ്വാനംചെയ്തിരുന്നു. വൻ ജനപ്രിയത ലഭിച്ച ഇവക്ക് മിക്ക പ്രതിപക്ഷ കക്ഷികളും അംഗീകാരം നൽകി.
അടിയന്തരാവസ്ഥ
അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട അതേ രാത്രിയിൽ മിക്ക പ്രതിപക്ഷ നേതാക്കൾക്കൊപ്പം ജയപ്രകാശ് നാരായൺ, ജോർജ് ഫെർണാണ്ടസ്, വാജ്പേയ്, ചൗധരി ചരൺ സിങ്, ചന്ദ്രശേഖർ എന്നിവരും മറ്റുള്ളവരും അറസ്റ്റിലായി. ആർ.എസ്.എസ്, ജമാഅത്തെ ഇസ്ലാമി, സി.പി.ഐ-എം.എൽ എന്നിവ നിരോധിക്കപ്പെട്ടു. മാധ്യമങ്ങളുടെ വായ മൂടിക്കെട്ടിയതോടെ പ്രതിഷേധസൂചകമായി നിരവധി എഡിറ്റർമാർ തങ്ങളുടെ എഡിറ്റോറിയൽ കോളങ്ങൾ ഒന്നും നൽകാതെ ശൂന്യമാക്കി വിട്ടു. ജനാധിപത്യത്തിനു നേരെ ആധി പടർത്തിയ ഈ കഴുത്തുഞെരിക്കൽ 19 മാസം തുടർന്നു. പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാണ് അത് എടുത്തുകളഞ്ഞത്. ഈ കാലയളവിൽ ഇന്ദിര ഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധി പ്രായോഗികമായി ഭരണം സ്വയം ഏറ്റെടുത്തു. ബൻസിലാൽ, വിദ്യ ശരൺ ശുക്ല എന്നിവരെ കൂട്ടിയായിരുന്നു അധികാരപ്രയോഗം.
പരുഷമായിരുന്നു സഞ്ജയിയുടെ രീതികൾ. ചേരികൾ പൊളിച്ചുമാറ്റപ്പെട്ടു. നിർബന്ധിത വന്ധ്യംകരണം നടപ്പാക്കി. ഈ ചേരികളിൽ വസിച്ചിരുന്നവരിൽ ഏറെയും മുസ്ലിംകളായിരുന്നു. അവർ ശരിക്കും പെരുവഴിയിലായി. താമസകേന്ദ്രങ്ങൾ പൊളിച്ചുമാറ്റുകയും യുവാക്കൾ വന്ധ്യംകരിക്കപ്പെടുകയും ചെയ്തതോടെ അവർ വിഷമസന്ധിയിലായി. ഇതിനെതിരെ പ്രതിഷേധവുമായി തുർക്കുമാൻ ഗേറ്റിൽ ഒരുമിച്ചുകൂടിയവർക്കു നേരെ പൊലീസ് വെടിവെപ്പ് നടത്തി. മുസ്ലിം സമുദായത്തെയും കോൺഗ്രസിൽനിന്ന് അകറ്റാൻ ഇത് നിമിത്തമായി.
ഈ ഘട്ടത്തിൽ ‘20 ഇന പരിപാടി’ നടപ്പാക്കി. സമൂഹത്തിലെ പാവപ്പെട്ടവർക്ക് ബാങ്ക് വായ്പയും മറ്റു സേവനങ്ങളും ലഭ്യമാക്കാൻ ഇത് സഹായിച്ചു. കരിഞ്ചന്തക്കാർ അഴിക്കുള്ളിലാക്കപ്പെട്ടു. തുടക്കത്തിൽ ഭരണനിർവഹണം ഇത്തിരി കാര്യക്ഷമത കൂടിയപോലെ തോന്നിച്ചു. പാവപ്പെട്ടവരെയും ദലിതരെയും ഉയർത്തിക്കൊണ്ടുവരലായിരുന്നു ഇവയുടെ ലക്ഷ്യം. അശരണർക്ക് 30 ലക്ഷം ഭവന-സ്ഥല വിതരണം ഇങ്ങനെ നടന്നു. ഭൂമിയില്ലാത്തവർക്ക് 11 ലക്ഷം ഏക്കർ ഭൂമിയും കൈമാറി. കാർഷിക ജോലികൾക്ക് മിനിമം വേതനം കൂട്ടി.
352ാം വകുപ്പ് പ്രകാരം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ഒരുവിഭാഗം ജനങ്ങൾ ഇത് താൽക്കാലികമായി ജനാധിപത്യ സ്വാതന്ത്ര്യങ്ങൾ തടഞ്ഞുവെക്കുക മാത്രം ചെയ്തതായി സ്വീകരിച്ചു. എന്നാൽ, പൗരാവകാശങ്ങൾക്ക് കൂച്ചുവിലങ്ങിടുന്നതിൽ ആധിപൂണ്ട കുറെ സാമൂഹികപ്രവർത്തകർ ചേർന്ന് പീപ്ൾസ് യൂനിയൻ ഫോർ സിവിൽ ലിബർട്ടീസിന് രൂപം നൽകി. ബഹുകക്ഷി ജനാധിപത്യത്തിലും മാധ്യമസ്വാതന്ത്ര്യത്തിലുമാണ് താൻ വിശ്വസിക്കുന്നതെന്ന് പ്രധാനമന്ത്രി വാഗ്ദാനം നടത്തി. പിന്നീട് കാരണങ്ങൾ പലതുവന്ന് അടിയന്തരാവസ്ഥ എടുത്തുകളഞ്ഞ് പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടു. ആഭ്യന്തരപ്രശ്നങ്ങൾ വഷളായതിനു പിന്നിൽ വിദേശ കരങ്ങളുണ്ടെന്നും അവർ തന്റെ ഭരണം അവസാനിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ഇന്ദിര ആരോപിച്ചു.
അടിയന്തരാവസ്ഥ കാലഘട്ടം ശരിക്കും ഒരു ദുഃസ്വപ്നമെന്ന പോലെയായിരുന്നു. 1.1 കോടി ജനങ്ങളാണ് വന്ധ്യംകരിക്കപ്പെട്ടത്. ഡൽഹിയിൽ മാത്രം ഒരു ലക്ഷം പേരാണ് ജയിലിലടക്കപ്പെട്ടത്. ഏഴു ലക്ഷം പേർ വീടുകളിൽനിന്ന് ആട്ടിയോടിക്കപ്പെട്ടു. പ്രതിപക്ഷ എം.പിമാരിൽ 20 ശതമാനവും അഴിക്കുള്ളിലായി. പൗരാവകാശങ്ങൾ പിന്നെയും പരിമിതപ്പെടുത്തി ഭരണകൂട അധികാരം വിപുലമാക്കുന്ന നിയമങ്ങൾ പലത് കോൺഗ്രസ് പാസാക്കി. ജനാധിപത്യ മൂല്യങ്ങൾ തെരുവാധാരമായി കിടന്നു.
ജെ.പി പ്രസ്ഥാനവും ആർ.എസ്.എസും വലതുപക്ഷ രാഷ്ട്രീയവും
വിവിധ കക്ഷികളുടെ പിന്തുണയുണ്ടായിരുന്നു ജെ.പി പ്രസ്ഥാനത്തിന്. വിശിഷ്യാ, ആർ.എസ്.എസ്, ജനസംഘം, സോഷ്യലിസ്റ്റ് പാർട്ടി, കോൺഗ്രസ് (ഒ), സി.പി.എം തുടങ്ങിയവ. പ്രസ്ഥാനത്തിലെ സുപ്രധാന തസ്തികയായ ജനറൽ സെക്രട്ടറിയായി നാനാജി ദേശ്മുഖ് വന്നു. ജനസംഘം ജനറൽ സെക്രട്ടറിമാരിൽ ഒരാളായിരുന്നു അദ്ദേഹം. വർഷങ്ങൾക്കു മുമ്പ് ബി.ജെ.പി സർക്കാർ ഇതേ നാനാജി ദേശ്മുഖിന് തന്നെയാണ് പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന നൽകിയത്. കടുത്ത ആർ.എസ്.എസ് പ്രചാരക് കൂടിയായിരുന്നു അദ്ദേഹം. അതുവഴി ഗാന്ധിവധമെന്ന കളങ്കത്തിൽനിന്ന് ആർ.എസ്.എസ് ആദ്യമായി പുറത്തുകടക്കുന്ന അവസരംകൂടി പിറന്നു. നാഥുറാം ഗോദ്സെയുമായി ഏതെങ്കിലും തരത്തിൽ ബന്ധം നിഷേധിക്കാൻ ആർ.എസ്.എസ് കിണഞ്ഞുശ്രമിച്ചെങ്കിലും ഒരു ആർ.എസ്.എസ് പ്രചാരകനായി അദ്ദേഹം പരിശീലനം നേടിയത് സുജ്ഞാതമായിരുന്നു.
ആർ.എസ്.എസ് അധ്യക്ഷൻ ബാലാസാഹെബ് ദേവറസും ചെറിയ കാലത്തേക്ക് അറസ്റ്റിലായി. ജയിലിലിരിക്കെ ഇന്ദിര ഗാന്ധിയുമായും സഞ്ജയ് ഗാന്ധിയുമായും അടുക്കാൻ അദ്ദേഹം ശ്രമിച്ചു. ഇന്ദിരയുടെ സ്വാതന്ത്ര്യദിന പ്രഭാഷണത്തെ വാഴ്ത്തി കത്തുവരെ എഴുതി. ഇന്ദിര പക്ഷേ, അതിന് മറുപടി എഴുതിയില്ല. ആർ.എസ്.എസുകാർ ജയിലിലായപ്പോൾ അതിവേഗം പുറത്തുകടക്കാൻ ശ്രമം ശക്തമായിരുന്നു. ഒപ്പം ജെ.പി പ്രസ്ഥാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനും അവർ രഹസ്യമായി പണിയെടുത്തു.
നെഹ്റു വിശേഷിച്ചും നിരവധി പണ്ഡിതർ പൊതുവെയും സൂചിപ്പിച്ചതാണ്, ആർ.എസ്.എസിന് ഫാഷിസത്തിന്റെ രീതികളുണ്ടെന്ന്. സ്വാതന്ത്ര്യ പ്രസ്ഥാനത്തിലെ വലിയ നേതാവും ലബ്ധപ്രതിഷ്ഠനായ സോഷ്യലിസ്റ്റും ജനാധിപത്യത്തിനായി പ്രതിബദ്ധത സൂക്ഷിച്ച വ്യക്തിത്വവുമായ ജെ.പി, ഇന്ദിരയുമായുള്ള പിണക്കത്തെ വല്ലാതെ കണ്ടതിനാൽ താൻ തുടങ്ങിയ പ്രസ്ഥാനത്തിൽ ആർ.എസ്.എസിനെ കൂടെക്കൂട്ടുന്നതിൽ മനഃസാക്ഷിക്കുത്ത് തോന്നിയില്ല. എങ്ങനെയും പ്രധാനമന്ത്രിയെ എതിർക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ മനസ്സ്. അതിനാൽ പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനും കരുത്തുറ്റതാകാനും ആർ.എസ്.എസ്-ജനസംഘത്തെയും ഭാഗമാക്കിയ അദ്ദേഹം ‘‘ആർ.എസ്.എസ് ഫാഷിസ്റ്റ് ആണെങ്കിൽ, ഞാനും ഫാഷിസ്റ്റാണ്’’ എന്നുവരെ പ്രഖ്യാപനം നടത്തി.
മറ്റു കാര്യങ്ങളെന്നപോലെ ആർ.എസ്.എസിനെ കൂടി പങ്കാളിയാക്കിയത് കാര്യങ്ങൾ കൂടുതൽ കുഴമറിഞ്ഞതാക്കി. ‘അഴിമതിക്കെതിരെ’ പ്രക്ഷോഭം മൗലികമുദ്രയാക്കിയ മിക്ക പ്രസ്ഥാനങ്ങളും പതിയെ ദേശീയ രാഷ്ട്രീയത്തിന്റെ വലതുപക്ഷ ചായ്വുള്ളതായി മാറി. ജെ.പി പ്രസ്ഥാനം വഴി ആർ.എസ്.എസ് വിശ്വാസ്യതയും ആദരവും ആർജിച്ചു. വർഷങ്ങൾക്കുമുമ്പ് നടന്ന അഴിമതിവിരുദ്ധ പ്രക്ഷോഭത്തിന്റെ മുഖം അണ്ണാ ഹസാരെയായിരുന്നെങ്കിൽ പിന്നാമ്പുറത്ത് ചരടുവലിച്ചത് ആർ.എസ്.എസായിരുന്നു. കോൺഗ്രസിനെ അപഹാസ്യമാക്കലായിരുന്നു ലക്ഷ്യം. നിസ്സംശയം ഇതിന്റെ യഥാർഥ ഗുണഭോക്താവായി ബി.ജെ.പി മാറിയെന്നതിലും ആർക്കും സംശയം കാണില്ല.
അസന്തുഷ്ടി പടരുന്നു
20 ഇന പരിപാടി നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ ഒരു വർഷം കഴിഞ്ഞും ഉദ്ദിഷ്ടഫലം നൽകാതെ വന്നതോടെ പൊതുജനത്തിനിടയിൽ അപ്രീതി വളർന്നുതുടങ്ങി. സർക്കാർ ഉദ്യോഗസ്ഥരായിരുന്നു ഇവയത്രയും നടപ്പാക്കേണ്ടത്. അതുവഴി അവർക്ക് അധികാരവും ശക്തിയുംകൂടി എന്നതിലപ്പുറം ആരംഭത്തിൽ കണ്ട പ്രയോജനങ്ങളുടെ ശോഭ മങ്ങാൻ തുടങ്ങി. എന്നാൽ, യഥാർഥത്തിൽ എന്തുകൊണ്ട് ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ എടുത്തുകളഞ്ഞെന്നതിന് ഉത്തരമില്ല. തെരഞ്ഞെടുപ്പ് നടത്തിയാൽ അവർ ജയിക്കുമെന്ന് ഏജൻസികൾ നൽകിയ സൂചനകളാണെന്ന പക്ഷമുണ്ട്. എന്നാൽ, ഇതാണെന്ന് വിശ്വസിക്കാൻ തരമില്ല. കാരണം, അടിസ്ഥാനപരമായി അവർ ഒരു ജനാധിപത്യ വിശ്വാസിയായിരുന്നു. അതിനാൽതന്നെ ജനങ്ങൾക്കിടയിൽ പടർന്ന അസ്വസ്ഥത മനസ്സിലാക്കാൻ അവർക്കാകും. എന്നാൽ, രാജ്യാന്തര
ഖ്യാതിയും അവർക്ക് സവിശേഷമായിരുന്നു. ഇന്ത്യയും ഏകാധിപത്യ വാഴ്ചയിലേക്ക് വഴുതുന്നുവെന്ന ആഗോളധാരണ തനിക്കെതിരെ നിലനിൽക്കുന്നത് അവർ ഇഷ്ടപ്പെട്ടില്ല. അടിയന്തരാവസ്ഥ എടുത്തുകളഞ്ഞ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ കക്ഷികൾ, ജനസംഘം, സോഷ്യലിസ്റ്റുകൾ എന്നിവരെല്ലാം ജനത പാർട്ടിയെന്ന ലേബലിൽ ഒന്നിച്ചുനിന്നു. ജെ.പിക്കായിരുന്നു നേതൃത്വം. തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ ജനത പാർട്ടി ഗംഭീരവിജയം കുറിച്ചു. ഇന്ദിരയുടെ പാർട്ടി പരാജയം രുചിക്കുകയുംചെയ്തു.
അടിയന്തരാവസ്ഥക്കു ശേഷം
പ്രധാനമന്ത്രി പദത്തിൽ ആരാകണമെന്നതു സംബന്ധിച്ച് പ്രതിപക്ഷ കക്ഷികൾക്കിടയിൽ കടുത്ത വൈരം നിലനിന്നിരുന്നു. ഒടുവിൽ മൊറാർജി ദേശായി പ്രധാനമന്ത്രിയായി. ചൗധരി ചരൺ സിങ്ങടക്കം രണ്ട് ഉപ പ്രധാനമന്ത്രിമാരും. സഖ്യത്തിന് സ്ഥിരതയുണ്ടായിരുന്നില്ല. ആർ.എസ്.എസുമായി ജനസംഘം നേതാക്കൾ ബന്ധം വിച്ഛേദിക്കണമെന്ന സോഷ്യലിസ്റ്റുകളുടെ സമ്മർദമായിരുന്നു അതിലൊന്ന്. ജനസംഘം നേതാക്കൾക്കാകട്ടെ, ഇത് ആലോചിക്കാവുന്നതിലുമപ്പുറത്താണ്.
കാരണം, ഒന്നാമതായി അവർ ആർ.എസ്.എസ് പ്രചാരകരാണ്. അവർ ജനതാ പാർട്ടി വിട്ട് ഭാരതീയ ജനത പാർട്ടിയുണ്ടാക്കി. ഗാന്ധിയൻ സോഷ്യലിസമായിരുന്നു മുദ്രാവാക്യം. സോഷ്യലിസത്തോട് കടുത്ത എതിർപ്പായിരുന്നു അവർക്ക്. പക്ഷേ, സോഷ്യലിസത്തോടാണ് രാജ്യത്തിനപ്പോൾ ആഭിമുഖ്യം. അവരുടെ പ്രത്യയശാസ്ത്ര സഹയാത്രികനായ നാഥുറാം ഗോദ്സെയാണ് മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയത്. എന്നാലും, പൊതുജന ദൃഷ്ടിയിൽ വിശ്വാസ്യത ആർജിക്കാൻ അവർ ഗാന്ധിയുടെ പേര് തന്നെ ഉപയോഗിച്ചു. ജനത പാർട്ടി തകരുകയും സർക്കാർ വീഴുകയും ചെയ്തതോടെ ആദ്യം ചരൺ സിങ്ങും പിറകെ ചന്ദ്രശേഖറും ഹ്രസ്വകാലത്തേക്ക് പ്രധാനമന്ത്രിമാരായി. തെരഞ്ഞെടുപ്പ് നടക്കും വരെയായിരുന്നു അതിന് ആയുസ്സ്. അങ്ങനെ ഇന്ദിര അധികാര ചക്രം തിരികെ പിടിക്കുകയും ചെയ്തു.
അടിയന്തരാവസ്ഥ: അവലോകനം
സ്വന്തം നേതാവായ ഇന്ദിരയുടെ പ്രവൃത്തികളെ കോൺഗ്രസ് വിമർശിച്ചില്ലെങ്കിലും അടിയന്തരാവസ്ഥക്കാലത്തെ തന്റെ അതിക്രമങ്ങളിൽ ഇന്ദിര ഖേദം പ്രകടിപ്പിച്ചിരുന്നു. 1978ൽ യവത്മാലിൽ നടന്ന പ്രഭാഷണത്തിലായിരുന്നു ഇത്. രസകരമാകാം, അതേ കുറിച്ച് സി.പി.എമ്മും സോഷ്യലിസ്റ്റ് പാർട്ടികളും ഇപ്പോൾ കൂടുതലായി പറയാറില്ല. അതിന്റെ അനുസ്മരണം സംഘടിപ്പിച്ച് ജനാധിപത്യം ശാക്തീകരിക്കുന്നതിനെ കുറിച്ച് സംസാരിക്കും. ഏകാധിപത്യ കാലഘട്ടമായാണ് അവർ അതിനെ കാണുന്നത്. എന്നാൽ, വലിയ ശബ്ദഘോഷങ്ങളോടെ ഓരോ വർഷവും രംഗത്തെത്തുന്ന ആർ.എസ്.എസ്-ബി.ജെ.പി കൂട്ടുകെട്ട് അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിലും രാജ്യത്തെ ഏകാധിപത്യവാഴ്ചയിൽനിന്ന് മോചിപ്പിക്കുന്നതിലും തങ്ങളുടെ പങ്ക് ഉറക്കെ പറഞ്ഞുകൊണ്ടിരിക്കുന്നു. അടിയന്തരാവസ്ഥയെ ഫാഷിസ്റ്റ് ഭരണവുമായി അരുൺ ജെയ്റ്റ്ലി പോലെ അവരുടെ നേതാക്കളിൽ പലരും സമീകരിക്കുകയും ചെയ്യുന്നു.
എന്നാൽ, അടിയന്തരാവസ്ഥയും ഫാഷിസ്റ്റ് ഭരണവും തമ്മിൽ പൊതുവായി എന്താണുള്ളത്? ഫാഷിസ്റ്റ് ഭരണം പൂർണാർഥത്തിൽ ഏകാധിപത്യ വാഴ്ചയായിരുന്നു. അടിയന്തരാവസ്ഥ കാലത്തും ജനാധിപത്യാവകാശങ്ങൾ ഗണ്യമായി ഹനിക്കപ്പെട്ടുവെന്നത് നേര്. എന്നാൽ, ഫാഷിസ് ഭരണവുമായുള്ള സാമ്യം ഇവിടെ അവസാനിക്കുന്നു. ഹിറ്റ്ലറുടെ ഭരണത്തിലെ പ്രധാന രീതി വികാരം ഇളക്കിവിടലും വിഭാഗീയത വളർത്തി ന്യൂനപക്ഷങ്ങളായ ജൂതരെ ലക്ഷ്യമിടലുമായിരുന്നു. വ്യവസായ ഭീമന്മാരെ വളർത്തലും വിശിഷ്യാ, തൊഴിലാളികളുടെ അവകാശങ്ങൾ അടിച്ചമർത്തലുമായിരുന്നു മറ്റൊന്ന്. സുവർണ ഭൂതകാലത്തെ ആവാഹിച്ച്, അതിദേശീയതത്തെ ഉദ്ദീപിപ്പിച്ച അത് വിദേശനയത്തിൽ മസിൽ പെരുപ്പിച്ച് അയൽക്കാരുമായി ബന്ധം വഷളാക്കി നിർത്തി.
ഹിറ്റ്ലറുടെ ഭരണം മുകളിൽനിന്നുള്ള ഉത്തരവുകൾ മാത്രം ആധാരമാക്കിയായിരുന്നില്ല. ഒപ്പം, ‘ഹിറ്റ്ലർ നീണാൾ വാഴട്ടെ’ പ്രത്യയശാസ്ത്രവാഹകരായ കാലാൾപ്പടകൂടിയായിരുന്നു അതിന്റെ ശക്തി. സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ, തൊഴിലാളികളെ പ്രത്യേകിച്ച് ഇവർ അടക്കിനിർത്തി. തുർക്കുമാൻ ഗേറ്റും ചേരിനിർമാർജനവും നിർബന്ധിത വന്ധ്യംകരണവും മതാധിഷ്ഠിതമായിരുന്നില്ല. എന്നുവെച്ചാൽ, മുസ്ലിം വിരുദ്ധത ഇവിടെ ആരോപിക്കാനാകില്ല.
അപ്രഖ്യാപിത അടിയന്തരാവസ്ഥ
ഹിറ്റ്ലറുടെ കാലത്തേതിനോട് കൂടുതൽ ചേർന്നുനിൽക്കുന്നതായിരുന്നു കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലം നാം കണ്ടത്. പലരും ഇത് അപ്രഖ്യാപിത അടിയന്തരാവസ്ഥയായി കണ്ടു. 1975ലെ അടിയന്തരാവസ്ഥയുടെ കടുത്ത വിമർശകനായിരുന്ന നയൻതാര സഹ്ഗാൾ സമകാലിക സാഹചര്യത്തെ കുറിച്ച് പറയുന്നതിങ്ങനെ: ‘‘ശരിക്കും നമുക്കിപ്പോഴുള്ളത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. അതിൽ സംശയമില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിനു മേൽ കടന്നാക്രമണമാണ് നാം കണ്ടത്. നിരപരാധികളും നിസ്സഹായരുമായ ഇന്ത്യക്കാർ കൊല്ലപ്പെടുന്നത് നാം കണ്ടു. ആർ.എസ്.എസിന്റെ ഇന്ത്യയെ കുറിച്ച ദർശനത്തിന് ചേരാത്തവരായെന്നതു മാത്രമായിരുന്നു അവർ ചെയ്ത തെറ്റ്.
ഇതിന്റെ പേരിൽ കൊല ചെയ്യപ്പെട്ട കൂലിത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നീതി ലഭിച്ചുമില്ല. അതുകൊണ്ടുതന്നെ, നാം പുലരുന്ന സാഹചര്യം ഭീതിദമാണ്. അടിയന്തരാവസ്ഥയെക്കാൾ ഭീകരമായ ദുഃസ്വപ്നം. (അടിയന്തരാവസ്ഥക്കാലത്ത്) പ്രതിപക്ഷം ജയിലിലായിരുന്നു. അവർക്ക് അഭിപ്രായസ്വാതന്ത്ര്യമുണ്ടായിരുന്നില്ല. എന്നാൽ, നാമിന്ന് ജീവിക്കുന്നത് തകർന്നു തരിപ്പണമായ, ചോരയൊലിക്കുന്ന ജനാധിപത്യത്തിലാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചില്ലെങ്കിലും ജനം കൊലചെയ്യപ്പെടുന്നു. ജനം ജയിലിലടക്കപ്പെടുന്നു. രാജ്യദ്രോഹം പറഞ്ഞ് അവരെ ദേശദ്രോഹികളെന്ന പേരിൽ കൂട്ടമായി പിടിച്ചുകൊണ്ടുപോകുന്നു. ഒരിക്കലും സമാനതകളില്ലാത്ത ദുഃസ്വപ്ന സാഹചര്യമാണിന്ന്.’’ അടിയന്തരാവസ്ഥ എടുത്തുകളഞ്ഞ ശേഷമാണെങ്കിലും അടിയന്തരാവസ്ഥയെ വിമർശിച്ച് ഗ്രന്ഥമെഴുതിയവരാണ് നയൻതാര സഹ്ഗാൾ.
എൽ.കെ. അദ്വാനിയും സമാനമായ സൂചന നൽകി. എന്നാൽ, ആർ.എസ്.എസ് സമ്മർദമെത്തിയതോടെ അവരത് പിൻവലിച്ചു. 1975ലെ അടിയന്തരാവസ്ഥയെ ഓർമകളിൽ പുനരാനയിക്കുന്ന ഈ ഘട്ടത്തിൽ കഴിഞ്ഞ പതിറ്റാണ്ടിൽ രാജ്യം സാക്ഷിയായ അപ്രഖ്യാപിത അടിയന്തരാവസ്ഥ പോലുള്ളവ നിലനിൽക്കാതെ സൂക്ഷിക്കാനാകണം.