ബാപ്പുവിന്റെ സ്വന്തം എസ്തർ
മഹാത്മാ ഗാന്ധിയും ഡെന്മാർക്കുകാരിയായ ലൂഥറൻ മിഷനറി എസ്തർ ഫെയ്റിങ് എന്ന യുവതിയുമായുള്ള അസാധാരണ സൗഹൃദത്തിന്റെ കഥ തുടരുന്നു.17. ആൻ മേരി വാസ്തവത്തിൽ എസ്തർ ഡെന്മാർക്കിലേക്ക് തിരിച്ചതിന്റെ പിന്നിൽ ഡാനിഷ് മിഷന്റെയും അവളുടെ അച്ഛന്റെയും സഹോദരിയുടെയും ഒക്കെ സമ്മർദമുണ്ടായിരുന്നു. അവിടെ എത്തിയശേഷം മിഷൻ അവളെ മതദ്രോഹിയായും കുലംകുത്തിയായുമൊക്കെ ചിത്രീകരിച്ചു. പക്ഷേ, ആൻ മേരിയും മിഷന്റെ ഇന്ത്യയിലെ തലവനായ ബിറ്റ്മാനും മാത്രമേ അവൾക്ക് പിന്തുണ തുടർന്നുള്ളൂ. അവളുടെ രാജി മിഷന് വലിയ നഷ്ടമാണെന്ന് പരസ്യമായി പറയാൻ അവർ ഒരിക്കലും മടിച്ചില്ല. “താൻ ശരിയെന്ന്...
Your Subscription Supports Independent Journalism
View Plansമഹാത്മാ ഗാന്ധിയും ഡെന്മാർക്കുകാരിയായ ലൂഥറൻ മിഷനറി എസ്തർ ഫെയ്റിങ് എന്ന യുവതിയുമായുള്ള അസാധാരണ സൗഹൃദത്തിന്റെ കഥ തുടരുന്നു.
17. ആൻ മേരി
വാസ്തവത്തിൽ എസ്തർ ഡെന്മാർക്കിലേക്ക് തിരിച്ചതിന്റെ പിന്നിൽ ഡാനിഷ് മിഷന്റെയും അവളുടെ അച്ഛന്റെയും സഹോദരിയുടെയും ഒക്കെ സമ്മർദമുണ്ടായിരുന്നു. അവിടെ എത്തിയശേഷം മിഷൻ അവളെ മതദ്രോഹിയായും കുലംകുത്തിയായുമൊക്കെ ചിത്രീകരിച്ചു. പക്ഷേ, ആൻ മേരിയും മിഷന്റെ ഇന്ത്യയിലെ തലവനായ ബിറ്റ്മാനും മാത്രമേ അവൾക്ക് പിന്തുണ തുടർന്നുള്ളൂ. അവളുടെ രാജി മിഷന് വലിയ നഷ്ടമാണെന്ന് പരസ്യമായി പറയാൻ അവർ ഒരിക്കലും മടിച്ചില്ല. “താൻ ശരിയെന്ന് വിശ്വസിച്ച മാർഗത്തിലൂടെ രക്ഷകനെ സേവിക്കുക എന്ന ലക്ഷ്യം മാത്രമേ അവൾക്ക് ഉണ്ടായിരുന്നുള്ളൂ” –ബിറ്റ്മാൻ മിഷൻ ബോർഡ് യോഗത്തിൽ തുറന്നുപറഞ്ഞു.
ആൻ മേരിയും തന്റെ സുഹൃത്ത് എത്തിരാജ് ആര്യയുടെയും എസ്തറുടെയും മറ്റും വിഷയങ്ങളിൽ മിഷനുമായി അകലുകയായിരുന്നു. ഇന്ത്യക്കാരായ മിഷനറിമാർക്ക് ഡെന്മാർക്കുകാർക്ക് തുല്യമായ ആനുകൂല്യങ്ങൾ നൽകണമെന്ന ആൻ മേരിയുടെ ആവശ്യത്തെ ബിറ്റ്മാനും പിന്തുണച്ചു. “ഇപ്പോഴും വംശത്തിന്റെയും തൊലിയുടെ നിറത്തെയും അടിസ്ഥാനമാക്കിയാണ് നാം ചിന്തിക്കുന്നതെന്ന ധാരണ അവസാനിപ്പിക്കണമെന്ന് ബിറ്റ്മാൻ ഓർമിപ്പിച്ചു.
പക്ഷേ, ബോർഡ് വോട്ടിനിട്ട് ആ നിർദേശം തള്ളി. ഇന്ത്യയിൽ മതപ്രചാരണവും മതംമാറ്റവുമാണ് മിഷന്റെ ദൗത്യമെന്നും രാഷ്ട്രീയ പ്രവർത്തനത്തിൽ പങ്കാളിയാകുകയല്ലെന്നും മിഷൻ ബോർഡ് ആവർത്തിച്ചു. ബ്രിട്ടീഷ് സർക്കാറിന് അഹിതകരമായ ഒന്നും മിഷൻ ചെയ്യാൻ നിർവാഹമില്ല. അതോടെ, 1920 ഏപ്രിലിൽ മിഷനിൽനിന്ന് രാജിവെക്കാൻ ആൻ മേരിയും തീരുമാനിച്ചു. ഇന്ത്യക്കാർക്ക് തുല്യപരിഗണന നിഷേധിക്കുകയും എസ്തറുടെയും മേനോന്റെയും ബന്ധത്തെ എതിർക്കുകയുംചെയ്യുന്നതിൽ ഡാനിഷ് മിഷനെതിരെ രേഖാമൂലം തന്നെ ആൻ മേരി വിയോജിപ്പ് പ്രകടിപ്പിച്ചു. അധികം വൈകാതെ എത്തിരാജും ബിറ്റ്മാനും ഭാര്യ ഹെലനും ഒക്കെ മിഷൻ വിട്ടു.
ആൻ മേരി അധികം വൈകാതെ അവരുടെ ആദ്യ മിഷനായ ലോവൻതാൽ മിഷന്റെ സഹായത്തോടെ മദിരാശിയിൽതന്നെ പാവപ്പെട്ട പെൺകുട്ടികൾക്കായുള്ള മറ്റൊരു ദേശീയ വിദ്യാലയം ആരംഭിക്കാനുള്ള നടപടികൾ തുടങ്ങി. രാജ്യത്തിന്റെയോ വംശത്തിന്റെയോ ലിംഗത്തിന്റെയോ നിറത്തിന്റെയോ വ്യത്യാസങ്ങൾ അംഗീകരിക്കാത്ത എല്ലാവരെയും ദൈവത്തിന്റെ തുല്യരായ മക്കളായി കാണുന്ന ഒരു ആഗോളവീക്ഷണത്തിൽ മാത്രമേ താൻ വിശ്വസിക്കുന്നുള്ളൂ എന്ന് ആൻ മേരി പ്രഖ്യാപിച്ചു. ക്രിസ്ത്യാനിയായി മാമോദീസ സ്വീകരിക്കാത്ത ഒരാളെ എസ്തർ വിവാഹം ചെയ്യുന്നതിൽ എന്ത് തെറ്റാണെന്ന് ആൻ മേരി ചോദിച്ചു.
തന്റെ അടുത്ത സുഹൃത്തും മുതിർന്ന ബന്ധുവുമായ ആൻഡ്രിയക്ക് അവർ എഴുതി; “നമ്മുടെ അടുത്ത ബന്ധുക്കളിൽതന്നെ എത്രയോ അവിശ്വാസികളുണ്ട്. മാമോദീസ സ്വീകരിച്ചശേഷം ദൈവത്തിനു നിരക്കാതെ ജീവിക്കുന്നവരില്ലേ? അതിലും എത്രയോ ഭേദമാണ് മാമോദീസ സ്വീകരിക്കാതെ തന്നെ ഉറച്ച ദൈവവിശ്വാസിയായവർ? പേരിൽ മാത്രം ക്രിസ്ത്യാനിയായ എത്രയോ പേരെക്കാൾ മികച്ച ക്രിസ്ത്യാനിയാണ് മി. മേനോൻ. തീർച്ചയായും അയാൾ ഔപചാരികമായി ക്രിസ്ത്യാനിയാകുമ്പോഴാകും പൂർണനാകുക. എനിക്ക് മകനെപ്പോലെയാണ് അയാൾ. അദ്ദേഹവുമായോ ഗാന്ധിയുമായോ ഉള്ള എസ്തറുടെ സൗഹൃദത്തിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല.’’
1920 സെപ്റ്റംബറിൽ തിരുക്കൊയിലൂരിലെ ഡി.എം.എസിന്റെ സിലോയം വിദ്യാലയവുമായുള്ള ബന്ധം ആൻ മേരി അവസാനിപ്പിച്ചു. തുടർന്ന് മദിരാശി നഗരത്തിലെത്തി അവർ ബിറ്റ്മാന്റെ കുടുംബത്തിനൊപ്പം താൽക്കാലികമായി തങ്ങി. ഡോ. മേനോൻ ആൻ മേരിയുടെ പുതിയ സംരംഭത്തിനും താമസത്തിനും നഗരത്തിൽ പറ്റിയ ഇടം അന്വേഷിക്കാൻ ആരംഭിച്ചു. ഈ വിവരങ്ങളെല്ലാം അറിയിച്ചുകൊണ്ട് ആൻ മേരി ഗാന്ധിക്ക് എഴുതുകയും ചെയ്തു. മദിരാശി പ്രവിശ്യയിലേക്ക് ഉടൻ എത്തുന്ന ബാപ്പുവിനെ കാണാൻ താൻ കാത്തിരിക്കുകയാണെന്നും ഇന്ത്യൻ വസ്തുക്കൾ മാത്രം ഉപയോഗിക്കുന്ന ഉറച്ച സ്വദേശിയായിക്കഴിഞ്ഞു താൻ എന്നും ആൻ മേരി ബാപ്പുവിനെ അറിയിച്ചു.
* * *
മദിരാശി നഗരത്തിൽനിന്ന് 85 മൈൽ പടിഞ്ഞാറുള്ള പട്ടണമാണ് വെല്ലൂർ. അവിടെ ജലാശയത്താൽ ചുറ്റപ്പെട്ട കൂറ്റൻ വെല്ലൂർ കോട്ട പുരാതനവും ചരിത്രപ്രസിദ്ധവുമാണ്. നൂറിലേറെ ഏക്കറിൽ പരന്നുകിടക്കുന്ന ഈ കരിങ്കൽ കോട്ട 16ാം നൂറ്റാണ്ടിൽ വിജയനഗര രാജാക്കന്മാരുടെ സൈനികാധിപതികൾ പണിതതാണ്. ദക്ഷിണേന്ത്യൻ സൈനിക വാസ്തുവിദ്യയുടെ മകുടമായിരുന്ന ഈ കോട്ട പിന്നീട് വിവിധ കാലങ്ങളിൽ അധിനിവേശകരായ ബീജാപ്പുർ സുൽത്താന്മാരുടെയും മറാത്തകളുടെയും മുഗളരുടെയും ഒക്കെ കൈകൾ മറിഞ്ഞ് പതിനെട്ടാം നൂറ്റാണ്ടിൽ ഇംഗ്ലീഷുകാരുടെ സ്വന്തമായി. അവർ ടിപ്പു സുൽത്താന്റെ കുടുംബത്തെ തടവിലാക്കിയതും വിജയനഗര രാജാവ് ശ്രീരംഗ രായരുടെ കുടുംബത്തെ കൊല ചെയ്തതും ഇവിടെ തന്നെ. 1806ൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ സ്വദേശി സൈനികർ നടത്തിയ ആദ്യ വിപ്ലവത്തിന്റെ -വെല്ലൂർ ശിപായി കലഗം- വേദിയും ആയിരുന്നു വെല്ലൂർ കോട്ട.
അധിനിവേശത്തിന്റെയും പ്രതിരോധത്തിന്റെയും ചോര പുരണ്ട ചരിത്രം ഉറങ്ങുന്ന ഈ കോട്ടയുടെ മൈതാനിയിലായിരുന്നു 1920 ആഗസ്റ്റ് 14ന് ഗാന്ധിയുടെ പൊതുസമ്മേളനം. ഖിലാഫത്ത്-നിസ്സഹകരണ പ്രക്ഷോഭത്തിന്റെ പ്രചാരണത്തിനായി തെക്കേ ഇന്ത്യയിൽ അദ്ദേഹത്തിന്റെ പര്യടനമായിരുന്നു അത്. ആൻ മേരിയുടെ ജീവിതത്തിലും അതൊരു വലിയ വഴിത്തിരിവായി. ആ പാശ്ചാത്യ ക്രിസ്ത്യൻ മിഷനറി ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ അടിയുറച്ച അനുയായി ആയിത്തീർന്നത് അതോടെയാണ്.
ബാപ്പുവിനോടുള്ള ആരാധനയിലല്ലെങ്കിലും രാഷ്ട്രീയബോധത്തിൽ എസ്തറെക്കാൾ ഒരു പടികൂടി മുന്നിലായിരുന്നു ആൻ മേരി. ഇന്ത്യയെപ്പറ്റിയും ഹിന്ദുമതത്തെപ്പറ്റിയുമുള്ള അവരുടെ കാഴ്ചപ്പാടുകളൊക്കെ ഗാന്ധി അടിമുടി മാറ്റിയിരുന്നു. ക്രിസ്തീയ മതവുമായി നോക്കുമ്പോൾ അപരിഷ്കൃതവും അനാചാര നിബദ്ധവുമായ ഒരു അന്ധവിശ്വാസമായാണ് മിക്ക പാശ്ചാത്യ മിഷനറിമാരെപ്പോലെ ആൻ മേരിയും ഹിന്ദുമതത്തെ കണ്ടത്. ഇന്ത്യക്കാരോട് സഹതാപമുള്ളപ്പോഴും പ്രാകൃത വിശ്വാസങ്ങളിൽനിന്ന് അവരെ കൈപിടിച്ചുയർത്തുക എന്ന തങ്ങളുടെ ദൈവനിയോഗത്തിൽ അവർ വിശ്വസിച്ചു.
അടിയുറച്ച ഹിന്ദു ആയിരിക്കുമ്പോഴും മറ്റു മതങ്ങളോട് തികഞ്ഞ ആദരവ് പുലർത്തുകയും ഹിന്ദുമതത്തിലെ അനാചാരങ്ങളോട് പൊരുതുകയും ചെയ്ത ഗാന്ധി അവർക്ക് പുതിയ അനുഭവമായി. ആത്മീയതയിൽനിന്ന് മാറാതെ തന്നെ ദരിദ്രലക്ഷങ്ങൾക്കായും ദേശീയസ്വാതന്ത്ര്യത്തിനായും സാമ്രാജ്യത്വത്തിനെതിരെയും ജീവിതം ഉഴിഞ്ഞുവെച്ച ഗാന്ധിയെ മറ്റാരേക്കാളും തികഞ്ഞ ക്രിസ്തീയനായി കാണാനും ആൻ മേരിക്ക് കഴിഞ്ഞു. പാശ്ചാത്യ വേഷമൊക്കെ ഉപേക്ഷിച്ച് അവർ ഇന്ത്യൻ സ്വദേശി വസ്ത്രധാരിണിയായി.
ഇന്ത്യക്കാർക്കിടയിൽ പ്രവർത്തിക്കണമെങ്കിൽ അവരുടെ സംസ്കാരത്തെ മാനിച്ച് അവരിലൊരാളായിത്തീരണമെന്ന് അവൾക്ക് ബോധ്യപ്പെട്ടിരുന്നു. ഇന്ത്യക്കാരായ മിഷനറിമാർക്ക് പാശ്ചാത്യർക്ക് തുല്യമായ പരിഗണനക്കുവേണ്ടി അവൾ മിഷനുള്ളിൽ പോരാടിയതൊക്കെ ഈ ബോധ്യത്താൽതന്നെ.
ഗാന്ധി വെല്ലൂരിൽ വരുന്നെന്നറിഞ്ഞ ആൻ മേരി തിരുക്കോയിലൂരിൽനിന്ന് 75 മൈൽ ദൂരം തീവണ്ടിയാത്ര ചെയ്ത് അവിടെ തലേന്ന് തന്നെ എത്തി. സമ്മേളന സംഘാടക ഓഫിസിൽ എത്തിയ പാശ്ചാത്യ യുവതിയെ കണ്ട് സംഘാടകർ അമ്പരന്നെങ്കിലും അവർക്ക് രാത്രി തങ്ങാൻ സൗകര്യം ചെയ്തുകൊടുത്തു. ആഗസ്റ്റിലെ കത്തുന്ന ചൂടിൽ ഉച്ചനേരത്തായിരുന്നു സമ്മേളനം. മൈതാനിയിലെത്തിയപ്പോഴേക്കും അവിടെ ജനസമുദ്രമായിക്കഴിഞ്ഞിരുന്നു. ഇരുപതിനായിരത്തിലേറെ വരുന്ന ആ ജനക്കൂട്ടത്തിൽ ഒരാളായി ബാപ്പുവിന്റെ പ്രസംഗം കേൾക്കാമെന്നും അതിനുശേഷം പറ്റിയാൽ നേരിട്ട് കാണാമെന്നുമായിരുന്നു ആൻ മേരിയുടെ ഉദ്ദേശ്യം. പക്ഷേ, ഖദർസാരി അണിഞ്ഞ ആ വെള്ളക്കാരി പെട്ടെന്ന് എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചത് സ്വാഭാവികം. അവരിലൊരാൾ ആൻ മേരിക്ക് വേദിക്ക് അടുത്ത് ഒരു കസേര നൽകി അവരെ നിർബന്ധിച്ചു കൊണ്ടിരുത്തി. അവിടെ അവൾ മാത്രമായിരുന്നു ഒരു വനിത.
നിമിഷംപ്രതി കൂടിക്കൂടി വരുന്ന ജനത്തെ കണ്ട് ആൻ മേരിക്ക് ഒരു കാര്യത്തിൽ അൽപം ലജ്ജ തോന്നി. എന്തുകൊണ്ട് ഇത്ര പ്രധാനമായ ഒരു ചരിത്രസംഭവത്തിൽ പങ്കെടുക്കാൻ യൂറോപ്യന്മാർ പോകട്ടെ, ഇന്ത്യക്കാരായ ക്രിസ്ത്യാനികൾപോലും എത്തുന്നില്ല? ഹിന്ദുക്കളും മുഹമ്മദീയരുമായ ഒരു വലിയ ജനത ഉണർന്നെഴുന്നേൽക്കുമ്പോൾ അതിൽ ക്രിസ്ത്യാനികൾ എന്തുകൊണ്ടില്ല? അവർക്ക് സ്വന്തം ആത്മാവ് തന്നെ നഷ്ടമായോ?
ആൻ മേരി ഇത്തരം ചിന്തകളുമായി ബാപ്പുവിനെ കാത്തിരിക്കുമ്പോൾ ഒരു കാർ മെല്ലെ മെല്ലെ ആൾക്കൂട്ടത്തിനിടയിലൂടെ വേദിക്കരികിലേക്ക് വന്നു. വാഹനത്തിനുള്ള വഴി നൽകി ഇരുവശത്തേക്കും ഒഴിഞ്ഞുമാറിക്കൊണ്ട് ജനം ആരവമുതിർത്തു. വേദിയിലെ മേശയുടെയും കസേരയുടെയും മീതെ അവർ പട്ട് തുണി വിരിച്ചു. കാറിൽനിന്ന് വെള്ളവസ്ത്രം ധരിച്ച ആ കൊലുന്നനെയുള്ള മനുഷ്യൻ പുറത്തേക്കു വന്നു. ശക്തിയായൊരു കാറ്റടിച്ചാൽ പറന്നുപോകുമെന്ന് തോന്നിച്ച അദ്ദേഹത്തിൽനിന്ന് പക്ഷേ, ഒരു പ്രകാശം പ്രസരിക്കുന്നതായി ആൻ മേരിക്ക് തോന്നി. എല്ലാവരെയുംപോലെ ആൻ മേരിയും എഴുന്നേറ്റുനിന്നു. പക്ഷേ, അദ്ദേഹം വേദിയിലെത്തിയപ്പോൾ തന്നെ കാണേണ്ടെന്ന് കരുതി അവൾ തിരക്കിനുള്ളിലേക്ക് കുനിഞ്ഞു. പക്ഷേ അൽപം വൈകിപ്പോയി. ബാപ്പു ആൻ മേരിയെ അപ്പോഴേക്കും കണ്ടുകഴിഞ്ഞിരുന്നു.
ആദ്യം സംശയഭാവം കണ്ട ആ മുഖത്ത് പെട്ടെന്ന് അവളെ തിരിച്ചറിഞ്ഞതിന്റെ പുഞ്ചിരി വിടർന്നു. ഉടൻ രണ്ട് കൈകളും ഉയർത്തി ബാപ്പു ആൻ മേരിയെ തന്റെ അരികിലേക്ക് വിളിച്ചു. “മിസിസ് പീറ്റേഴ്സൺ, ഇങ്ങോട്ട് കയറിവരൂ.’’ ചുറ്റുമുള്ളവർ അത്ഭുതത്തോടെ അവളെ നോക്കി. ആകെ പരുങ്ങി എവിടെ ഒളിക്കണമെന്ന് അവൾ നോക്കി. പക്ഷേ, ജനം സമ്മതിച്ചില്ല. “ബാപ്പു, അതാ നിങ്ങളെ വിളിക്കുന്നു” എന്നു വിളിച്ചുപറഞ്ഞുകൊണ്ട് അവളെ വേദിയിലേക്ക് നയിച്ചു. പോംവഴിയില്ലാതെ ആൻ മേരി വേദിയിലേക്ക് കയറി. അടുത്തെത്തിയ ഉടൻ ഇരു കൈകളുംകൊണ്ട് ആൻ മേരിയുടെ കൈയിൽ പിടിച്ച് ഗാന്ധി പറഞ്ഞു: “എനിക്ക് ഒരുപാട് സന്തോഷമായി.’’
ആ നിമിഷം ആൻ മേരിക്ക് തോന്നിയത് ബാപ്പുവിലൂടെ തന്നെ വരവേറ്റത് ഇന്ത്യ തന്നെ എന്നാണ്. ഇനിമുതൽ താൻ ഈ നാട്ടിൽ വിദേശിയല്ല, ഇന്ത്യക്കാരിയാണ്. സമ്മേളനത്തിനുശേഷം ഗാന്ധിയും മറ്റുള്ളവരുംകൂടി ആൻ മേരിയെയും അദ്ദേഹത്തിനായി ഒരുക്കിയിരുന്ന മുറിയിലേക്ക് കൊണ്ടുപോയി. ആകെ ക്ഷീണിച്ചിരുന്നെങ്കിലും തന്നെ കാണാനായി നിരനിരയായി എത്തിയ എല്ലാവരെയും അദ്ദേഹം കണ്ടു. പലരുമായും സംസാരിച്ചു. ഇതെല്ലാം അത്ഭുതത്തോടെ നോക്കിനിന്ന ആൻ മേരിക്ക് ബാപ്പുവുമായി സംസാരിക്കാൻ അവസരം കിട്ടിയപ്പോൾ അർധരാത്രി കഴിഞ്ഞിരുന്നു.
പിരിയാൻ നേരം ആൻ മേരി ബാപ്പുവിനോട് ചോദിച്ചു; “അങ്ങയുടെ ആരോഗ്യത്തിന് ഇപ്പോൾ വലിയ ഭീഷണിയില്ലെന്ന് ഞാൻ എസ്തറിനെ അറിയിക്കട്ടെ, ബാപ്പു?” പൊട്ടിച്ചിരിച്ചുകൊണ്ടായിരുന്നു മറുപടി. “അതെങ്ങെന പറയാനാവും? നമുക്ക് ഒന്നും അറിയില്ലല്ലോ. എന്തായാലും ഇനിയും അവർ എന്നെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ അവിടെയും എനിക്ക് വളരെ സന്തോഷമായിരിക്കുമെന്ന് അവളോട് പറഞ്ഞേക്കൂ.’’
ഈ കൂടിക്കാഴ്ച ആൻ മേരിയെ പൂർണമായും ഇന്ത്യയുടെ സ്വന്തം മകളാക്കിയെന്ന് മാത്രമല്ല, അത് രേഖപ്പെടുത്താനും അവൾ മടിച്ചില്ല. മിഷനറിമാരെയും ബ്രിട്ടീഷ് സർക്കാറിനെയും അത് പ്രകോപിപ്പിക്കുമെന്നതൊന്നും അവൾ സാരമാക്കിയില്ല. തന്റെ നിലപാടുകൾ പ്രഖ്യാപിച്ചുകൊണ്ട് അവൾ ബാപ്പുവിന് ഒരു കത്ത് എഴുതി.
പ്രിയപ്പെട്ട മി. ഗാന്ധി,
അങ്ങയുടെ കാരുണ്യത്തിനും കഴിഞ്ഞതവണ കണ്ടപ്പോൾ എന്നെ അങ്ങ് സ്വീകരിച്ച രീതിക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. മാത്രമല്ല, ആ കൂടിക്കാഴ്ച എന്റെ ഭാവിജീവിതത്തിന് തന്നെ നിർണായകമായിരിക്കുന്നു. ഞാൻ എന്നെ ഇന്ത്യയുടെ പാദങ്ങളിൽ സമർപ്പിക്കുകയാണ്. അതേസമയം ക്രിസ്തു മാത്രമാണ് എന്റെ നിത്യമായ അഭയം എന്ന് എനിക്ക് അറിയാം. ക്രൂശിതനായ എന്റെ രക്ഷകനിലൂടെ ജീവിക്കുകയും ഞാൻ ഇടപഴകുന്നവർക്കായി അദ്ദേഹത്തെ വെളിപ്പെടുത്തിക്കൊടുക്കുകയും മാത്രമാണ് എന്റെ ലക്ഷ്യവും ആഗ്രഹവും.
ഞാനദ്ദേഹത്തിന്റെ പാദങ്ങൾ പുൽകി കണ്ണീരോടെ പ്രാർഥിക്കുന്നത് ഇന്ത്യയിലേക്കുള്ള മാർഗത്തിൽ നാം ക്രിസ്ത്യാനികൾ അദ്ദേഹത്തെ ലജ്ജിപ്പിച്ചതുപോലെ ഞാൻ ചെയ്യാതിരിക്കണമേ എന്നാണ്. അസത്യത്തെയും അനീതിയെയും അതിജീവിച്ചുകൊണ്ട് അദ്ദേഹം നടത്തിയ ഉയിർത്തെഴുന്നേൽപ് പ്രഘോഷിക്കുമ്പോഴും നാം അദ്ദേഹത്തെ വീണ്ടും ക്രൂശിക്കുകയല്ലേ? അദ്ദേഹത്തിന്റെ നാമം വഹിക്കുന്ന നാം അദ്ദേഹത്തോട് വിശ്വസ്തരാണെങ്കിൽ നാം ഈ ലോകത്തെ അധികാരികളുടെ മുന്നിൽ കുമ്പിടുകയല്ല വേണ്ടത്. പകരം ദരിദ്രരുടെയും ചൂഷിതരുടെയും ഒപ്പം നിൽക്കുകയാണാവശ്യം. എന്നാൽ, അത് ചെയ്യുന്നില്ല.
നാഷനൽ കോൺഗ്രസ് അംഗീകരിക്കുന്നതുവരെ നിസ്സഹകരണപ്രസ്ഥാന പ്രഖ്യാപനം വൈകിക്കണമായിരുന്നുവെന്ന വാദത്തെ നോക്കി പുഞ്ചിരിക്കാൻ മാത്രമേ എനിക്ക് കഴിയൂ. അങ്ങയുടെ പ്രസംഗം കേൾക്കുന്നതുവരെ എനിക്കും സംശയങ്ങളുണ്ടായിരുന്നു. പക്ഷേ അങ്ങ് എന്നെ ബോധ്യപ്പെടുത്തിയിരിക്കുന്നു. പക്ഷേ, ഖിലാഫത്ത് കാര്യത്തിൽ എനിക്ക് അത്ര ബോധ്യം വന്നിട്ടില്ല. പകരം വീട്ടാനും അവകാശങ്ങൾ നേടാനും മുഹമ്മദന്മാർ ആയുധം എടുക്കുന്നത് തടയാമെങ്കിൽ താങ്കളുടെ സേവനം എനിക്ക് മനസ്സിലാക്കാനാകും. ഹിന്ദുക്കളെയും മുഹമ്മദന്മാരെയും പരസ്പര സൗഹാർദത്തിലേക്ക് കൊണ്ടുവരാനായാൽ അത് അങ്ങയുടെ വലിയ വിജയമാകും.
മാതൃഭൂമിക്ക് വേണ്ടി മാത്രമല്ല ക്രിസ്തുവിന് വേണ്ടി തന്നെ ക്രിസ്ത്യാനികളും മുന്നോട്ട് വന്ന് അങ്ങയോടൊപ്പം ചേരാനായെങ്കിൽ എന്ന് എത്രമാത്രം ആണ് ഞാൻ ആഗ്രഹിക്കുന്നത്. എനിക്ക് തുർക്കിയോട് യോജിപ്പില്ല. പക്ഷേ, കടുത്ത ചൂഷണത്തിനും പീഡനത്തിനും എതിരെ പോരാടാൻ നിസ്സഹകരണ സമരമല്ലാതെ ഇന്ത്യക്ക് മറ്റ് മാർഗമില്ലെന്ന് എനിക്ക് ബോധ്യമുണ്ട്. ഡെന്മാർക്കിൽ മാത്രമല്ല ലോകമാകെയുള്ള എല്ലാ യഥാർഥ ക്രിസ്ത്യാനികളും ഈ സമരത്തിൽ ഇന്ത്യക്ക് ഒപ്പമുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.”
ആൻ മേരിയുടെ കത്ത് ഗാന്ധിജിയെ ഒട്ടേറെ സന്തോഷിപ്പിച്ചു. കോൺഗ്രസ് നേതൃത്വത്തിൽ തന്നെ നിസ്സഹകരണ സമരത്തിനെതിരെ വലിയ എതിർപ്പ് ഉണ്ടായിരുന്നു. ടാഗോറും സിസ്റ്റർ നിവേദിതയും ഒക്കെ ഇതിലുൾപ്പെട്ടു. ആൻ മേരിയുടെ കത്ത് അവരുടെ അനുമതിയോടെ അദ്ദേഹം ‘യങ് ഇന്ത്യ’യിൽ പ്രസിദ്ധീകരിച്ചു. തന്റെ സമരത്തിന്റെ പിന്നിൽ സങ്കുചിതമായ വർഗീയതയോ വംശീയതയോ അല്ലെന്ന് സ്ഥാപിക്കാൻ കത്ത് സഹായകമായിരുന്നു.
അത് ബ്രിട്ടനെതിരെയോ ക്രിസ്ത്യൻ മതത്തിനെതിരെയോ അല്ലെന്നും തിന്മക്കെതിരെ നന്മയുടെ പോരാട്ടമാണെന്നും ഒരു പാശ്ചാത്യ ക്രിസ്ത്യൻ മിഷനറിയുടെ തന്നെ പ്രസ്താവന ഗാന്ധിക്ക് എത്രയും സന്ദർഭോചിതമായി തോന്നി. നാലുമാസം കഴിഞ്ഞ് നാഗ്പൂരിൽ നടന്ന കോൺഗ്രസ് സമ്മേളനം നിസ്സഹകരണ സമരത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു. പക്ഷേ, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് നൽകിയ പരസ്യപിന്തുണയോടെ ഡാനിഷ് മിഷനുമായുള്ള ആൻ മേരിയുടെ ബന്ധം എന്നെന്നേക്കുമായി മുറിഞ്ഞു. ഒപ്പം ആ 42കാരി ബ്രിട്ടീഷ് സർക്കാറിന്റെ കരിമ്പട്ടികയിലുമായി.
ആൻ മേരിയാകട്ടെ, ഒരു പടികൂടി കടന്ന് 1921ൽ നാഗ്പൂരിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുക്കുകപോലുമുണ്ടായി. ഗാന്ധിജിയുടെ നിസ്സഹകരണ സമരപരിപാടിക്ക് സമ്മേളനം അംഗീകാരം നൽകി. പതിനാലായിരം പേർ പങ്കെടുത്ത സമ്മേളനത്തിലെ അനുഭവത്തെപ്പറ്റിയും ഗാന്ധിയെപ്പറ്റിയും ആവേശഭരിതയായ ആൻ മേരി കോപ്പൻഹേഗനിലെ തന്റെ സുഹൃത്തിനെഴുതി. “അദ്ദേഹം ഒരു മഹാത്മാവാണ്. ലോകത്തേറ്റവും ആത്മീയപ്രാഭവമുള്ള വ്യക്തികളിലൊരാൾ. അതേസമയം ഞാൻ കണ്ടിട്ടുള്ള ഏറ്റവും എളിമയുള്ള ആളുമാണദ്ദേഹം.”
18. പറങ്കിപ്പേട്ട
എസ്തർ കോപ്പൻഹേഗനിലേക്ക് പോയശേഷം ഡോ. മേനോൻ മദിരാശിയിൽ ആൻ മേരിയുടെ മുഴുവൻ സമയ സഹായി ആയി തുടർന്നു. തന്റെ പുതിയ മിഷനും പെൺകുട്ടികൾക്കായി തുടങ്ങുന്ന സ്കൂളിനും പറ്റിയ ഇടം അന്വേഷിക്കുകയായിരുന്നു ആൻ മേരി. പുരാണപ്രസിദ്ധമായ ചിദംബരം ആയിരുന്നു അവരുടെ മനസ്സിൽ. മദിരാശി നഗരത്തിന് 125 മൈലോളം തെക്ക് കടലൂരിലെ ശൈവതീർഥാടന പട്ടണം. എസ്തറും താനും പ്രവർത്തിച്ച തിരുക്കോയിലിനടുത്ത് അതുമായി ഒട്ടേറെ സാമ്യങ്ങളുമുള്ള ഇടം. മറ്റ് മിഷനറി സംഘടനകളൊന്നും അവിടെ ഇല്ലായിരുന്നതും ചിദംബരം തിരഞ്ഞെടുക്കാൻ ആനിന് പ്രേരകമായി.
രാവിലെ തന്നെ ആൻ മേരി കുനിയോട് (കുഞ്ഞികൃഷ്ണ മേനോനെ അങ്ങനെയാണ് എസ്തറും ആൻ മേരിയുമൊക്കെ വിളിച്ചിരുന്നത്) വരാൻ പറഞ്ഞിരുന്നു. “കുനി, നമുക്ക് ചിദംബരം വരെ ഒന്ന് പോയാലോ?” ആൻ ചോദിച്ചു. പക്ഷേ അന്ന് ചില തിരക്കുകൾ ഉണ്ടായിരുന്നതിനാൽ താൻ പിറ്റേദിവസം എത്തിക്കോളാമെന്നായിരുന്നു മേനോന്റെ മറുപടി. ആൻ മേരി സഹായത്തിനുള്ള ഒരു സ്ത്രീയുമായി തീവണ്ടിയിൽ അന്നുതന്നെ വൈകീട്ടോടെ ചിദംബരത്തെത്തി.
പത്താം നൂറ്റാണ്ടിൽ ചോള രാജാക്കന്മാരുടെ തലസ്ഥാനമായിരുന്ന ചിദംബരത്തെപ്പറ്റിയും അവർ പുതുക്കിപ്പണിത മഹാ നടരാജക്ഷേത്രത്തെക്കുറിച്ചുമൊക്കെ വായിച്ചറിഞ്ഞശേഷമായിരുന്നു ആൻ മേരിയുടെ വരവ്. അനുഷ്ഠാനങ്ങളിലൂടെയും ആചാര-മന്ത്രതന്ത്രാദികളിലൂടെയും ദൈവങ്ങളെപ്പോലും വരുതിയിലാക്കാമെന്ന് വിശ്വസിച്ച ഒരു സംഘം സന്യാസിമാർ വസിച്ചിരുന്ന തില്ലയ് എന്ന വനമായിരുന്നത്രേ ഐതിഹ്യപ്രകാരം ഈ പ്രദേശം. അഹങ്കാരികളായ സന്യാസിമാരെ പാഠം പഠിപ്പിക്കാനെത്തിയ ശിവനെ തപഃശക്തികൊണ്ട് അവർ നേരിട്ടു.
പക്ഷേ, അവരുയർത്തിയ എല്ലാ പ്രതിബന്ധങ്ങളെയും തകർത്തുകൊണ്ട് സന്യാസിമാരെ പാഠം പഠിപ്പിച്ചശേഷം നടരാജനായ ശിവൻ ആനന്ദനൃത്തമാടിയ ഇടമാണത്രേ ഇത്. അജ്ഞതയിൽനിന്നും അഹങ്കാരത്തിൽനിന്നും മോചനം നേടുന്ന മനുഷ്യൻ പ്രാപിക്കുന്ന അറിവിന്റെ ആകാശമെന്ന് അർഥം വരുന്ന ചിദംബരം. ആചാരബദ്ധതയെ വെല്ലുവിളിച്ച ശൈവസിദ്ധരുടെ പവിത്രസങ്കേതം. കാന്തിക ഭൂമധ്യരേഖയുടെ ഒത്ത നടുവിൽ കാലൂന്നിയത്രേ സർവാഭരണ വിഭൂഷിതനായ ശിവന്റെ ഈ പ്രപഞ്ചനടനം.
പക്ഷേ, ആൻ മേരിക്ക് ചിദംബരത്തുണ്ടായ അനുഭവങ്ങൾ ഈ മഹാപാരമ്പര്യത്തിനു നേരെ വിരുദ്ധമായിരുന്നു. എത്തിയ ഉടനെ അവർ വാടകക്ക് താമസസൗകര്യം നൽകുന്ന സർക്കാർ ട്രാവലേഴ്സ് ബംഗ്ലാവ് കണ്ടുപിടിച്ചെത്തി അപേക്ഷ സമർപ്പിച്ചു. വാടകവീട് കിട്ടുന്നതുവരെ താമസിക്കാനാണെന്ന് അവർ അറിയിച്ചു. പക്ഷേ, നിരാശയായിരുന്നു ഫലം. വെള്ളക്കാരിയായതിനാൽ സന്ദർശക സർക്കാർ ഉദ്യോഗസ്ഥയായിരിക്കുമെന്ന് മാനേജർ ഉറപ്പിച്ചു. പക്ഷേ, അല്ലെന്നറിഞ്ഞതോടെ അയാൾ ആദരവോടെയാണെങ്കിലും കൈ മലർത്തി. “സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രമേ ഇവിടെ അനുവാദമുള്ളൂ മാഡം” -അയാൾ പറഞ്ഞു. താണ ജാതിക്കാരനായതിനാൽ പൗരാണിക ഭക്തകവി നന്തനാർക്ക് ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ച ചിദംബരത്തെ ബ്രാഹ്മണ പാരമ്പര്യത്തിന്റെ തുടർച്ചയുമായി ആൻ മേരിയുടെ അനുഭവം.
തുടർന്ന് പെട്ടിയൊക്കെ ചുമന്നുകൊണ്ട് ആൻ മേരി അവിടെ നിന്നിറങ്ങി. പട്ടണം മുഴുവൻ അന്വേഷിച്ചിട്ടും താമസിക്കാൻ ഒരു മുറിപോലും കിട്ടാതെ അവർ വലഞ്ഞു. ക്ഷേത്രത്തോടനുബന്ധിച്ച് ഒട്ടേറെ താമസസ്ഥലങ്ങളുണ്ട്. പക്ഷേ അവിടെയൊന്നും ആൻ മേരിക്ക് പ്രവേശനം കിട്ടിയില്ല. അവയെല്ലാം ഉയർന്ന ജാതി ഹിന്ദുക്കൾക്ക് മാത്രമാണത്രേ. ആൻ മേരി അമ്പരന്നുപോയി. ഇന്ത്യയിലെത്തിയശേഷമായിരുന്നു അവർക്ക് ഇങ്ങനെയൊരു അനുഭവം. അതും അനാചാരങ്ങൾക്കെതിരെയുള്ള മഹത്തായ പാരമ്പര്യത്തിന്റെ പര്യായമായ ചിദംബരത്തിൽനിന്നു തന്നെ ഇത് നേരിട്ടപ്പോൾ ആൻ മേരി ആദരവോടെ ഓർത്തത് സ്വാതന്ത്ര്യത്തിനൊപ്പം പ്രാധാന്യത്തോടെ ജാതിവിവേചനത്തിനെതിരെ പോരാടുന്ന ബാപ്പുവിനെയായിരുന്നു. ഗത്യന്തരമില്ലാതെ റെയിൽവേ സ്റ്റേഷനിലെ വെയിറ്റിങ് റൂമിൽ നിലത്ത് ഷീറ്റ് വിരിച്ചുകിടന്നാണ് ആ രാത്രി ആൻ മേരിയും സഹായിയും പിന്നിട്ടത്.
പിറ്റേന്ന് രാവിലെ ചിദംബരത്തെത്തിയ മേനോൻ ആൻ മേരിയുടെ അനുഭവം കേട്ട് ഭയന്നുപോയി. “എന്ത് അപകടമാണ് ആനി... മിസ്സി നിങ്ങൾ കാണിച്ചത്! ഒറ്റക്ക് ഒരു സ്ത്രീ ഇങ്ങനെ താമസിച്ചാൽ എന്തൊക്കെ കുഴപ്പങ്ങൾപോലും സംഭവിച്ചുകൂടാ?” മേനോൻ ഉത്കണ്ഠ മറച്ചുവെച്ചില്ല. “ഞാൻ മറ്റെന്ത് ചെയ്യാനാണ്, കുനി? എന്തായാലും ആരുമില്ലാത്തവർക്ക് ദൈവം കൂടെ ഉണ്ടെന്ന് എനിക്ക് വീണ്ടും ബോധ്യപ്പെട്ടു.” ആൻ മേരി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
പക്ഷേ, ഉന്നതജാതിക്കാരനായ മേനോൻ ശ്രമിച്ചിട്ടും അവർക്ക് മറ്റ് താമസസൗകര്യമൊന്നും ലഭിച്ചില്ല. ഒപ്പം ഹിന്ദുവല്ലാത്ത ആൻ മേരിയുണ്ടെന്നതായിരുന്നു പ്രശ്നം. അതോടെ റെയിൽവേ പ്ലാറ്റ് ഫോമിൽ തന്നെ അവർ അഭയം തേടി. സമീപത്തെ ഒരു ബ്രാഹ്മണ ഹോട്ടലിൽനിന്ന് മേനോൻ ഭക്ഷണം വാങ്ങിക്കൊണ്ടുവന്നു. പക്ഷേ, ഇങ്ങനെയുള്ള ജീവിതം തുടരാനാവില്ലെന്ന് ആൻ മേരി തീരുമാനിച്ചു. ആൻ മേരിയുടെ അവസ്ഥയിലുള്ള വിഷമവും തലേ രാത്രിയിലെ തീവണ്ടിയാത്രയും വീട് തേടി പകലുമുഴുവൻ നടത്തിയ അലച്ചിലും ഒക്കെ കൊണ്ട് മേനോനും ആകെ അവശനായിരുന്നു.
ഇനി എന്ത് ചെയ്യുമെന്ന് മേനോനുമായി ദീർഘമായി ചർച്ചചെയ്യുന്നതിനിടെ ആണ് ആൻ മേരി ചിദംബരത്തുനിന്ന് അൽപം അകലെയുള്ള ആ തുറമുഖ പട്ടണത്തെപ്പറ്റി ഓർത്തത്. പോർട്ടോ നോവോ. തുറമുഖമായതിനാൽ, മറ്റ് മതക്കാരായ വ്യാപാരികളും നാവികരുമൊക്കെ എത്തുന്ന ഇടമായതിനാൽ അവിടെ താമസസൗകര്യം കിട്ടാനിടയുണ്ടെന്ന് ആൻ മേരിക്ക് തോന്നി. സ്റ്റേഷൻ മാസ്റ്ററോട് തിരക്കിയപ്പോൾ അദ്ദേഹവും അവിടെ െഗസ്റ്റ് ഹൗസ് സൗകര്യമുണ്ടെന്ന് പറഞ്ഞു. പിന്നെ വൈകിയില്ല, ആൻ മേരിയും സഹായിയും മേനോനും കൂടി ഒരു കുതിരവണ്ടിയിൽ പെട്ടിയൊക്കെയായി പോർട്ടോ നോവോയിലേക്ക് തിരിച്ചു. പൊട്ടിപ്പൊളിഞ്ഞ വഴികളും പഴഞ്ചൻ വീടുകളുമൊക്കെയായിരുന്നു പോർട്ടോ നോവോയിലേക്കുള്ള മാർഗത്തിലെ കാഴ്ച. വഴി നീളെ പെയ്ത മഴ കൂടിയായപ്പോൾ യാത്ര അതീവക്ലേശതരമായി.
സംഘകാലം മുതൽ ആഗോളവ്യാപാരത്തിനു പേരുകേട്ട ഇടമായിരുന്നു പോർട്ടോ നോവോ. ഇന്ത്യയുടെ കോറോമണ്ഡൽ തീരത്ത് ബംഗാൾ ഉൾക്കടലിന് അഭിമുഖമായ തുറമുഖത്ത് ആദ്യം വന്നത് അറബി വ്യാപാരികൾ. പിന്നീട് വന്ന കോളനി ശക്തികളായ പോർചുഗീസുകാരും ഡച്ചുകാരും ഇംഗ്ലീഷുകാരുമൊക്കെ മാറി മാറി ഇവിടെ ആധിപത്യം ഉറപ്പിച്ചു. സംഘസാഹിത്യത്തിൽ ചുറ്റും ജലസാന്നിധ്യമുള്ള വരുണപുരം എന്നു വിളിക്കപ്പെട്ട ഈ തുറമുഖത്തിന് പോർചുഗീസുകാർ അവരുടെ ഭാഷയിൽ പുതിയ തുറമുഖം എന്നർഥം വരുന്ന പോർട്ടോ നോവോ എന്നു പേരിട്ടു. നാട്ടുകാരാകട്ടെ പറങ്കികളുടെ (പോർചുഗീസ്) പാളയമെന്ന അർഥത്തിൽ പട്ടണത്തിനെ വിളിച്ച പേര്, പറങ്കിപ്പേട്ട.
ആൻ മേരിയും സംഘവും പട്ടണത്തിൽ എത്തിയപ്പോഴേക്കും മഴ തെല്ല് ശമിച്ചിരുന്നു. അതിനകംതന്നെ അവർ ഇരുവരും പറങ്കിപ്പേട്ടയുടെ പ്രകൃതിസൗന്ദര്യത്തിൽ മയങ്ങിപ്പോയി. തുറമുഖത്തെ ട്രാവലേഴ്സ് ബംഗ്ലാവിലെത്തി ഉള്ളിൽ കയറുന്നതിനുമുമ്പ് അതിന്റെ കരിങ്കൽ വരാന്തയിൽ തളർന്നിരുന്ന അവർ വഴിയിൽനിന്ന് വാങ്ങിയ തണ്ണിമത്തന്റെ തണുത്ത നീര് നുണഞ്ഞു. മുന്നിൽ ശാന്തമായി തിളങ്ങി ഒഴുകുന്ന വെള്ളാർ. അക്കരെ പൈൻമരക്കൂട്ടത്തിന്റെ നിറഞ്ഞ പച്ചപ്പ്. അൽപം അകലെ നിന്ന് തിരകളുടെ ശബ്ദം. വീശിയെത്തുന്ന സുഖശീതളമായ കടൽക്കാറ്റ്. മരണത്തിന്റെ ഇരുണ്ട ആഴങ്ങളിൽനിന്ന് ഉയിർത്തെഴുന്നേൽക്കുന്നതുപോലെ തോന്നി ആൻ മേരിക്ക് ആ നിമിഷങ്ങളിൽ.
“ഇനി ഒന്നും ആലോചിക്കാനില്ല ആനി മോസി, നമുക്ക് ഈ സ്ഥലം തന്നെ മതി” ഏതോ ഒരു സ്വപ്നലോകത്തിലെന്നപോലെ വ്യാമുഗ്ധയായിരുന്ന ആൻ മേരിയെ മേനോന്റെ സന്തോഷഭരിതമായ വാക്കുകൾ ഉണർത്തി. തീർഥാടനകേന്ദ്രവും വിദ്യാഭ്യാസസ്ഥാപനങ്ങളുമൊക്കെ നിറഞ്ഞ ചിദംബരത്തെ നാഗരികാന്തരീക്ഷത്തെക്കാൾ താൻ പിന്തുടരുന്ന ഗ്രുണ്ട് വി നൈസർഗിക വിദ്യാഭ്യാസ ദർശനത്തിനും അനുയോജ്യം പ്രശാന്തസുന്ദരമായ ഈ ഇടമാണെന്ന് ആൻ മേരിക്ക് തോന്നി.
വാസ്തവത്തിൽ ഡെന്മാർക്കിൽനിന്നുള്ള മിഷനറി പ്രവർത്തനത്തിന്റെ പാരമ്പര്യമുള്ള ഇടമായിരുന്നു പോർട്ടോ നോവോ എന്നതിനു പിന്നിൽ കേവലമായ യാദൃച്ഛികതക്ക് അപ്പുറം ചില ആത്മീയനിമിത്തങ്ങളുണ്ടെന്നും ആൻ മേരിക്ക് തോന്നി. 1706ൽ ഇന്ത്യയിൽ കാലു കുത്തിയ ആദ്യത്തെ പ്രൊട്ടസ്റ്റന്റ് മിഷനറിമാർ ഡെന്മാർക്ക് രാജാവ് ഫ്രെഡറിക് നാലാമന്റെ നിർദേശപ്രകാരം എത്തിയ രണ്ടുപേരാണ്. അവർ പ്രവർത്തനം കേന്ദ്രീകരിച്ച ഡെന്മാർക്കിന്റെ അധീനതയിലായിരുന്ന ട്രാൻകെബാർ എന്നവർ വിളിച്ച തരംഗമ്പാടി ഈ തീരത്തുതന്നെയായിരുന്നുവല്ലോ. ആദ്യമായി ബൈബിൾ തമിഴിലേക്ക് തർജമ ചെയ്ത മിഷനറിമാർ. പക്ഷേ, രാഷ്ട്രീയാധികാര മാറ്റങ്ങൾമൂലം അധികം കാലം ഇവിടെ തുടരാൻ ട്രാൻകെബാർ മിഷന് കഴിഞ്ഞില്ല.
എങ്കിലും പണ്ട് മുതൽ മുസ്‍ലിംകളും ക്രിസ്ത്യാനികളും ഹിന്ദുക്കളുമൊക്കെ ഒന്നിച്ച് ജീവിച്ച ഇടമായതിനാൽ പോർട്ടോ നോവോ താരതമ്യേന മതവിവേചനത്തിൽനിന്നൊഴിഞ്ഞുനിന്നു. അതുകൊണ്ട് ചിദംബരത്തെപ്പോലെ ആൻ മേരിക്ക് വാടകവീട് സംഘടിപ്പിക്കാൻ നേരിട്ട വിഷമം മേനോന് പോർട്ടോ നോവോയിൽ ഉണ്ടായില്ല. വീട് എടുത്തുകൊടുത്തിട്ട് മേനോൻ മദിരാശിക്ക് മടങ്ങി. പക്ഷേ, ഒരുദിവസം വീട്ടിലെ കിണറിൽനിന്ന് വെള്ളം ആൻ മേരിയുടെ സഹായി എടുക്കാൻ ശ്രമിച്ചപ്പോൾ ക്രുദ്ധയായ വീട്ടുടമ അവരെ ഇറക്കിവിടുമെന്ന് ഭീഷണിപ്പെടുത്തി.
ഇനി എത്രയും വേഗം സ്വന്തം സ്ഥലമുണ്ടായാൽ മാത്രമേ പറ്റൂ എന്ന് ആൻ മേരി നിശ്ചയിച്ചു. പക്ഷേ, ഇത്ര സുന്ദരമായ സ്ഥലത്തിന് വലിയ വിലയാകുമെന്നത് അവരെ ആശങ്കപ്പെടുത്തി. അതിനിടെ സ്ഥലത്തെ തങ്കവേലു എന്നൊരു ചെറുപ്പക്കാരൻ ആൻ മേരിയെ സഹായിക്കാൻ എത്തിയിരുന്നു. ഒരുദിവസം തങ്കവേലു വാങ്ങാൻ പറ്റിയ ഒരു സ്ഥലമുണ്ടെന്ന് ആൻ മേരിയെ അറിയിച്ചു. പോയി കണ്ടപ്പോൾ ആൻ മേരിക്ക് സ്ഥലം വളരെ ഇഷ്ടമായി. മൂന്നര ഏക്കറോളമുണ്ട്. ഇഷ്ടംപോലെ വെള്ളം. നല്ല കടൽക്കാറ്റ്. പക്ഷേ, വിലയോ? തങ്കവേലുവിന്റെ മറുപടി കേട്ടപ്പോൾ ആൻ മേരിക്ക് വിശ്വസിക്കാനായില്ല. ആയിരം രൂപ. ഇത്രയധികം ഭൂമിക്ക് ഇത്ര നിസ്സാരവിലയോ! ആൻ മേരിക്ക് തുള്ളിച്ചാടാൻ തോന്നി. സ്ഥലത്തെപ്പറ്റി ഗാന്ധിക്ക് ആൻ മേരി എഴുതിയപ്പോൾ അദ്ദേഹത്തിനും ഇഷ്ടമായി. മേനോൻ വന്നു കണ്ടപ്പോൾ ആനന്ദംകൊണ്ട് മതിമറന്നു. “ഇത്ര സുന്ദരമായ സ്ഥലം ഗാന്ധിജിക്കും ടാഗോറിനുംപോലുമില്ല.”
മരങ്ങളൊക്കെ നഷ്ടമായ സ്ഥലത്തു മനോഹരമായ ഉദ്യാനം ഉണ്ടാക്കാനുള്ള ആലോചനകളിലായിരുന്നു ആൻ മേരി. “ആദ്യമായാണ് എനിക്ക് സ്വന്തമായി ഒരു തുണ്ട് ഭൂമി ഉണ്ടാകുന്നത്. സ്വന്തം വീട്ടിൽ ഒരു ഉദ്യാനം പണിയണം എന്നൊക്കെ പണ്ടേ മോഹിച്ചിരുന്നു”, അവർ മേനോനോട് പറഞ്ഞു. പക്ഷേ, ഉടൻ തന്നെ അവർ തിരുത്തി. “പക്ഷേ, എന്റെ സ്വന്തമൊന്നുമല്ല ഈ സ്ഥലം. ഈ നാട്ടുകാരുടെ മണ്ണാണ് ഇത്. ഇവിടെ ഈ നാട്ടുകാർക്കായി വിദ്യാലയം പണിയുകയാണ് ഞാൻ. ദൈവത്തിന്റെയും ഇന്ത്യയുടെയും പദ്ധതിയാണത്.”
നിസ്സഹകരണ സമരത്തിന്റെ കൊടുങ്കാറ്റ് വീശിയ ദിവസങ്ങളിൽ കിഴക്കൻ ഇന്ത്യയിൽനിന്ന് മദിരാശിയിലേക്കെത്തിയ ഗാന്ധി 1921 സെപ്റ്റംബർ 21ന് ഗാന്ധിജി പോർട്ടോ നോവോയിലെത്തി ആൻ മേരിയുടെ പെൺപള്ളിക്കൂടത്തിന് തറക്കല്ലിട്ടു. പള്ളിക്കൂടത്തിന് ഒരു തികഞ്ഞ ഇന്ത്യൻ പേരാണ് ആൻ മേരി ഇട്ടത്–സേവാമന്ദിർ. മാസങ്ങൾക്കുമുമ്പ് തന്നെ ആൻ മേരി ഇക്കാര്യം അഭ്യർഥിച്ച് ബാപ്പുവിനെഴുതിയിരുന്നു. അതും ആൻ മേരിയുടെ നിലപാടിന്റെ പരസ്യ പ്രഖ്യാപനമായിരുന്നു. പക്ഷേ അത് ആൻ മേരിയുടെ പുതിയ മിഷനായ ലോവൻതാൽ മിഷനെ അൽപം ഭയപ്പെടുത്തി.
ഒരു ക്രിസ്ത്യൻ മിഷനറി വിദ്യാലയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത് ഒരു ക്രിസ്ത്യാനി അല്ലെന്ന് മാത്രമല്ല ബ്രിട്ടനെതിരെ പോരാടുന്ന ഒരു പ്രക്ഷോഭകാരിയായത് ശരിയായില്ലെന്ന് അവർ ആൻ മേരിയോട് പറഞ്ഞു. പക്ഷേ ഗാന്ധിയെന്ന രാഷ്ട്രീയ നേതാവിനെയല്ല, സത്യത്തിന്റെയും അഹിംസയുടെയും ഉപാസകനായ ഗാന്ധിയെയാണ് താൻ ആദരിക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. തങ്ങളുടെ മിഷൻ പിന്തുടരുന്ന ഡെന്മാർക്കിലെ ഗ്രുണ്ട് വി ദേശീയ വിദ്യാഭ്യാസ ദർശനത്തിനു സമാനമായ വിദ്യാഭ്യാസ പദ്ധതിയുടെ പ്രയോക്താവാണ് ഗാന്ധിയെന്നും അവർ മിഷൻ അധ്യക്ഷൻ പി. റെയ്മനെഴുതി.
അധ്യയനം സ്വന്തം മാതൃഭാഷയിലും ദേശീയ സംസ്കാരത്തിന്റെ അടിസ്ഥാനത്തിലുമാകണമെന്നാണ് ആ വിദ്യാഭ്യാസ ദർശനത്തിന്റെ കാതൽ. പാശ്ചാത്യ സംസ്കാരവും ഭാഷയും ഉയർത്തിപ്പിടിച്ച മറ്റ് പാശ്ചാത്യ മിഷനുകളിൽനിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ഗ്രുണ്ട് വി ദർശനം. മാത്രമല്ല, മിഷനറിമാരെന്ന നിലയിൽ ഇന്ത്യൻ ജനതയുടെ ഹൃദയങ്ങൾ കീഴടക്കുകയാണ് ലക്ഷ്യമെങ്കിൽ അവരുടെ ആശയാഭിലാഷങ്ങൾക്കൊപ്പമാണ് നിൽക്കേണ്ടതെന്നും അവരെ അടക്കിഭരിക്കുന്ന വൈദേശിക ശക്തികൾക്കൊപ്പമാകരുതെന്നും ആൻ മേരി തുറന്നുപറഞ്ഞു. “അങ്ങനെയാണ് നാം യേശുവിന്റെ വരവിന് വഴിയൊരുക്കുന്ന സ്നാപക യോഹന്നാന്റെ ദൗത്യം ഏറ്റെടുക്കുക.”
മുമ്പ് ഡാനിഷ് മിഷനിൽ അംഗവും പിന്നീട് ഗാന്ധിയനുമായ വി. ചക്കരൈ സേവാമന്ദിറിലെ ആദ്യത്തെ ജീവനക്കാരനായി ചേർന്നു. ഡാനിഷ് മിഷനിൽനിന്ന് മാമോദീസ സ്വീകരിച്ചിരുന്ന ചക്കരൈ ഇന്ത്യൻ ക്രിസ്ത്യാനികൾ ഭാരതവത്കരിക്കപ്പെടേണ്ടതിന്റെയും പാശ്ചാത്യ സ്വാധീനങ്ങളിൽനിന്ന് മോചനം നേടേണ്ടതിന്റെയും ഒക്കെ പ്രാധാന്യം പ്രചരിപ്പിക്കുന്ന വ്യക്തിയായിരുന്നു. ഇന്ത്യൻ മിഷനറിമാരോടുള്ള ഡാനിഷ് മിഷന്റെ വിവേചനത്തിനിരയായിരുന്ന അദ്ദേഹം രാജിവെച്ച് ആൻ മേരിക്കൊപ്പം ചേരുകയായിരുന്നു. ആൻ മേരിയുടെ അതേ മൂല്യങ്ങളിൽ വിശ്വസിച്ച ആൾ. സേവാമന്ദിറിന്റെ ശിലാസ്ഥാപന ചടങ്ങിൽ ചക്കരൈ ആണ് ഗാന്ധിജിക്ക് സ്വാഗതം പറഞ്ഞത്. അപ്പോഴേക്കും എസ്തറിനൊപ്പം ചേരാൻ മേനോൻ കോപ്പൻഹേഗനിലേക്ക് തിരിച്ചിരുന്നതിനാൽ ചടങ്ങിനെത്താനായില്ല.
അന്നു രാത്രി കടലൂരിൽ രണ്ട് വലിയ സമ്മേളനങ്ങളിൽ പ്രസംഗിച്ചശേഷം ഗാന്ധി രാത്രി പോർട്ടോ നോവോയിൽ തിരിച്ചെത്തി. പിറ്റേന്ന് കുംഭകോണത്തേക്ക് പോയി അദ്ദേഹം നെയ്ത്തുകാരുടെ യോഗത്തിൽ പ്രസംഗിച്ചു. ആൻ മേരിയുടെ അഭ്യർഥനപ്രകാരം തന്റെ സന്ദർശനത്തിന്റെ സ്മാരകമായി സ്വന്തം മെതിയടി സേവാമന്ദിറിന് സമ്മാനിച്ചശേഷമാണ് ബാപ്പു പോയത്. തുടർന്നുള്ള ദിവസങ്ങളിൽ ആൻ മേരിയുടെ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി ലോവൻതാൽ മിഷൻ അതിനകം പോർട്ടോ നോവോ മിഷൻ എന്നു നാമകരണം ചെയ്യപ്പെട്ടു. ഇന്ത്യക്കാരെ മാനസാന്തരപ്പെടുത്താനെത്തിയ ഒരു പാശ്ചാത്യ മിഷനറി സംഘം പൂർണമായും ഗാന്ധിജിക്കും ഇന്ത്യക്കും അനുകൂലമായി മാനസാന്തരപ്പെട്ട അത്ഭുതക്കാഴ്ചക്കാണ് പോർട്ടോ നോവോ സാക്ഷിയായത്.