പഠനവും പരിസ്ഥിതി രാഷ്ട്രീയവും
നിയമജ്ഞനും എഴുത്തുകാരനുമായ അഡ്വ. കാളീശ്വരം രാജിന്റെ ആത്മകഥ തുടരുന്നു. വായനയും എഴുത്തും സ്വാധീനിച്ച ചെറുപ്പകാലത്തെക്കുറിച്ചാണ് ഈ ലക്കം.പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ജോൺസിയുടെ ശിഷ്യത്വത്തിൽ തുടങ്ങിയ പരിസ്ഥിതിപ്രവർത്തനവും അനുബന്ധ പ്രവർത്തനങ്ങളും ഇക്കാലയളവിലൊക്കെയും തുടർന്നുവന്നു. ലോക വന്യജീവി നിധിയുടെ (വേൾഡ് വൈൽഡ് ലൈഫ് ഫണ്ട്) ആഭിമുഖ്യത്തിൽ നടത്തിയ പ്രകൃതിസഹവാസ ക്യാമ്പുകളിൽ ചിലവയിൽ പങ്കെടുത്തു. കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള ഒട്ടേറെ...
Your Subscription Supports Independent Journalism
View Plansനിയമജ്ഞനും എഴുത്തുകാരനുമായ അഡ്വ. കാളീശ്വരം രാജിന്റെ ആത്മകഥ തുടരുന്നു. വായനയും എഴുത്തും സ്വാധീനിച്ച ചെറുപ്പകാലത്തെക്കുറിച്ചാണ് ഈ ലക്കം.
പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ജോൺസിയുടെ ശിഷ്യത്വത്തിൽ തുടങ്ങിയ പരിസ്ഥിതിപ്രവർത്തനവും അനുബന്ധ പ്രവർത്തനങ്ങളും ഇക്കാലയളവിലൊക്കെയും തുടർന്നുവന്നു. ലോക വന്യജീവി നിധിയുടെ (വേൾഡ് വൈൽഡ് ലൈഫ് ഫണ്ട്) ആഭിമുഖ്യത്തിൽ നടത്തിയ പ്രകൃതിസഹവാസ ക്യാമ്പുകളിൽ ചിലവയിൽ പങ്കെടുത്തു. കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള ഒട്ടേറെ സുഹൃത്തുക്കളെ ലഭിച്ചതിങ്ങനെയായിരുന്നു. കോട്ടച്ചേരി മല മുതൽ കർണാടകയിലെ നാഗർഹോള വരെയുള്ള സവിശേഷ ആവാസവ്യവസ്ഥകളിലായിരുന്നു ഈ സഹവാസ ക്യാമ്പുകൾ. അവയിലേക്കുള്ള വഴികാട്ടിയാകട്ടെ, ജോൺസിയും. കാട് മനുഷ്യനെ നൈസർഗികവും പ്രാചീനവുമായ ഒരു ലോകത്തെത്തിക്കുകയും സ്വന്തം നിസ്സാരതയും അപ്രസക്തിയും എന്തെന്ന് നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യും.
സവിശേഷമായിരുന്ന ജോൺസിയുടെ പ്രവർത്തനശൈലി ഒരാൾക്കും പിൻപറ്റുക എളുപ്പമല്ല. ഒരു സ്വയംസമർപ്പിത വ്യക്തിത്വത്തിന്റെ പ്രതിബദ്ധതയുടെ നിരന്തരതയാണ് ജോൺസിയുടെ ജീവിതം. ആവുന്നതും തപാൽ കാർഡുകളിൽ മാത്രം കത്തെഴുതുന്ന ശീലമായിരുന്നു അദ്ദേഹത്തിന്റേത്. വെറുമൊരു ഒറ്റമുണ്ടും ഷർട്ടും ധരിച്ചെത്തുന്ന അദ്ദേഹം ലളിതജീവിതമെന്തെന്ന് ജീവിതത്തിലൂടെ വിശദീകരിച്ചു –ഉയർന്ന ചിന്തയെന്തെന്ന് ചിന്തയിലൂടെ കാണിച്ചുതന്നു.
ആയിടക്ക് സീക്കിന്റെ ആഭിമുഖ്യത്തിൽ ഒരു കവിസമ്മേളനം നടത്തി പയ്യന്നൂരിൽ. അയ്യപ്പപ്പണിക്കരെ സ്വീകരിച്ച് വേദിയിലെത്തിക്കാനുള്ള ചുമതല ജോൺസി എന്നെയാണ് ഏൽപിച്ചത്. പത്രങ്ങളിൽ കണ്ട ഫോട്ടോകളിൽനിന്നും അയ്യപ്പപ്പണിക്കരുടെ വലിയ താടിയാണ് ഞാൻ ‘തിരിച്ചറിയൽ സൂചിക’യായി സ്വീകരിച്ചത്. ഈ ചിത്രവും മനസ്സിലിട്ട് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ പരതിനടന്ന് ഒടുവിൽ ‘താടിക്കാരനെ’ കണ്ടെത്തി അയ്യപ്പപ്പണിക്കരല്ലേ എന്ന് ചോദിച്ചു. അദ്ദേഹം അല്ലെന്ന് പറഞ്ഞു; മറ്റെന്തോ പേരും പറഞ്ഞു. അപ്പോഴേക്കും യഥാർഥ അയ്യപ്പപ്പണിക്കർ വേദിയിൽ ഒറ്റക്ക് എത്തിക്കഴിഞ്ഞിരുന്നു!
അൽപമാത്രമായ ധാരണയേ ഇംഗ്ലീഷ് പത്രപ്രവർത്തനത്തെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും അക്കാലത്തുണ്ടായിരുന്നുള്ളൂ. ഭാഷയോടുള്ള സ്വാഭാവികമായ അഭിനിവേശം കാരണം വായിക്കാനായി ശ്രമങ്ങൾ ഏറെ നടത്തിയെങ്കിലും ഇംഗ്ലീഷ് ഭാഷയിൽ ആഴത്തിലുള്ള വായന സാധ്യമാക്കുന്നതായിരുന്നില്ല സാഹചര്യങ്ങൾ. വീട്ടിലോ നാട്ടിലോ ഇംഗ്ലീഷ് വായനക്കാർ തുലോം കുറവായിരുന്നു. ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ച വിദ്യാർഥികളുടേതുപോലുള്ള പദസമ്പത്തോ ഉച്ചാരണശുദ്ധിയോ മലയാളം മാധ്യമമായി പഠിച്ച എന്നെപ്പോലുള്ള വിദ്യാർഥികൾക്കുണ്ടായിരുന്നില്ല. എന്നാൽ, സഹപാഠികളെ അപേക്ഷിച്ച് കൂടുതൽ വേഗത്തിലും അനായാസമായും ഇംഗ്ലീഷ് കൈകാര്യംചെയ്യാൻ കഴിയുമായിരുന്നു. ഈ അവസ്ഥയിൽനിന്നും പതുക്കെ പതുക്കെ ഇംഗ്ലീഷ് പത്രങ്ങളിലും ജേണലുകളിലും ഏറക്കുറെ സ്ഥിരമായി എഴുതുന്ന നിലയിൽ എത്തിയത്, പിൽക്കാലത്തെ നിരന്തര വായനയുടെയും ബൗദ്ധിക പരിശ്രമങ്ങളുടെയും ബലത്തിൽ മാത്രമാണ്.
സാമാന്യം മികച്ച പൊതുപ്രവർത്തനം കൗമാരത്തെയും യുവത്വത്തെയും ആവേശഭരിതമാക്കാൻ പോന്നതായിരുന്നു. അടിയന്തരാവസ്ഥയുടെ കാലഘട്ടം (1975-77) എന്നെ സംബന്ധിച്ചിടത്തോളം അവ്യക്തവും എന്നാൽ, വിചിത്രവുമായ ഒരു അനുഭവമായിരുന്നു. സ്കൂൾ പഠനകാലയളവിൽ ഉണ്ടായ വ്യത്യസ്തമായൊരു അനുഭവമാണ് അടിയന്തരാവസ്ഥ. അധികാരത്തിന്റെ അഹന്ത ഡൽഹിയിൽനിന്നും താഴേക്കിറങ്ങി ഗ്രാമഗ്രാമാന്തരങ്ങളിൽപോലും പത്തിവിടർത്തിയാടുന്നതിന്റെ ശ്ലഥബിംബങ്ങളായിരുന്നു ആ കാലം നൽകിയത്.
അടിയന്തരാവസ്ഥയുടെ രാഷ്ട്രീയം സമഗ്രമായറിയാനുള്ള പക്വതയൊന്നുമില്ലായിരുന്നപ്പോഴും പത്രങ്ങളിലെ ഒഴിഞ്ഞ മുഖപ്രസംഗങ്ങളും പുറത്തിറങ്ങാൻ ഭയന്ന ഗ്രാമത്തിലെ മനുഷ്യരും പൊലീസ് അതിക്രമങ്ങളെക്കുറിച്ചുള്ള കേട്ടുകേൾവികളുമെല്ലാം ചേർന്ന് അന്യഥാ തന്നെ നിശ്ശബ്ദമായി നിൽക്കുന്ന ഗ്രാമത്തെ കൂടുതൽ മൂകവും ചകിതവുമാക്കി. അടിയന്തരാവസ്ഥക്കാലത്ത് സുപ്രീംകോടതിയിലെ ലൈബ്രറിയിൽ എത്തിച്ചേരുന്ന സീനിയർ അഭിഭാഷകർപോലും പരസ്പരം ഉള്ളുതുറന്ന് സംസാരിക്കാൻ ഭയപ്പെട്ട കാര്യം സീനിയർ അഭിഭാഷകനായ എഫ്.എസ്. നരിമാൻ പറയുന്നത് പിന്നീട് കേൾക്കാനിടവന്നിട്ടുണ്ട്. ഒന്നോർത്താൽ ന്യൂഡൽഹിയിലെ പരമോന്നത കോടതി മുതൽ പയ്യന്നൂരിനടുത്തുള്ള ഗ്രാമപ്രദേശം വരെ തണുത്തുറഞ്ഞുപോയത് ഒരേയൊരു കാരണംകൊണ്ടാകാം –ഭീതി. ഇപ്പോൾ മറ്റൊരു രീതിയിൽ ചരിത്രം ആവർത്തിക്കപ്പെടുന്നുവെന്നുമാത്രം. അതിരിക്കട്ടെ.
അടിയന്തരാവസ്ഥ പിൻവലിച്ചതിനുശേഷം എൺപതുകളിലുണ്ടായ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ പ്രതിധ്വനികൾ കേരളത്തിന്റെ നവസാമൂഹിക പ്രസ്ഥാനങ്ങളുടെ സജീവതക്ക് നിദാനമായി. അടിയന്തരാവസ്ഥയിൽ തന്നെയുണ്ടായ ദുരനുഭവങ്ങൾ അവക്ക് ഊർജംപകർന്നു കാണണം. പഴയ തീവ്ര ഇടതുപക്ഷക്കാരും പരിസ്ഥിതി ശാസ്ത്രജ്ഞരും പ്രകൃതിസ്നേഹികളും പൗരാവകാശ പ്രവർത്തകരും ജനകീയാരോഗ്യ പ്രവർത്തകരും പ്രകൃതികൃഷിക്കാരും മറ്റും ചേർന്ന് പുതിയൊരുതരം ‘പ്രതിപക്ഷ’ത്തെ കേരളത്തിൽ രൂപപ്പെടുത്തിയത് ഇക്കാലത്താണ്.
ജർമനിയടക്കമുള്ള ചില യൂറോപ്യൻ രാജ്യങ്ങളിൽ അപ്പോഴേക്കും സജീവമായിത്തുടങ്ങിയ ഗ്രീൻ പ്രസ്ഥാനങ്ങളുമായി സമാനതകളുള്ള ഒരു മുന്നേറ്റം കേരളീയ യുവാക്കളിൽ ചെറിയൊരു വിഭാഗമെങ്കിലും സ്വപ്നം കണ്ടുതുടങ്ങിയ കാലമായിരുന്നു അത്. പെട്രാ കെല്ലെ എന്ന ജർമൻ ഗ്രീൻസ് വനിതാ നേതാവ് മുതൽ ചെറുതാണ് സുന്ദരം എന്നുപറഞ്ഞ ഷൂമാക്കറും വൈദ്യശാസ്ത്രത്തിന്റെ ഭയാനകമായ പരിമിതികൾ തുറന്നുകാട്ടിയ ഐവാൻ ഇല്ലിച്ചും മറ്റനേകരും ചേർന്ന് കേരളീയന്റെ ചിന്തകളിൽ ഒരു പുതിയ രാഷ്ട്രീയബോധത്തിന്റെ അലയൊലി സൃഷ്ടിച്ചു. അക്കാലത്ത് നെയ്യാർ ഡാമിൽവെച്ച് നടന്ന ഒരു സഹവാസ ക്യാമ്പിൽ പരിസ്ഥിതി രാഷ്ട്രീയത്തെക്കുറിച്ച് ഒരു പ്രഭാഷണം നടത്തിയതോർക്കുന്നു.
ഒന്നും എഴുതി വായിക്കേണ്ടിവന്നിരുന്നില്ല –വിഷയം അത്രമേൽ ചിന്തകളിൽ നിറഞ്ഞുനിന്നതിനാൽ. ആവേശത്തോടെ പ്രസംഗം തുടങ്ങിയതും അവസാനിപ്പിച്ചതും ഇങ്ങനെ: ‘‘പരമ്പരാഗത രാഷ്ട്രീയം അവസാനിക്കുന്നിടത്ത് പരിസ്ഥിതി രാഷ്ട്രീയം ആരംഭിക്കുന്നു. പരമ്പരാഗത ഇക്കോളജി അവസാനിക്കുന്നിടത്ത് രാഷ്ട്രീയ ഇക്കോളജി ആരംഭിക്കുന്നു.’’
ലോകം മാറാൻ പോകുന്നുവെന്നും അതിന് നമ്മൾ കുറച്ചുപേർ മുൻകൈയെടുക്കാൻ പോകുന്നുവെന്നുമുള്ള ആത്മവിശ്വാസം എൺപതുകളിലെ നവസാമൂഹിക പ്രവർത്തകരെ ആവേശഭരിതരാക്കി. അന്ന് നേടിയ ഉൾക്കാഴ്ചയിലും അവബോധത്തിലും കവിഞ്ഞ എന്തെങ്കിലും പരിസ്ഥിതിസംരക്ഷണ കാര്യത്തിൽ പിൽക്കാലത്ത് കേരളീയസമൂഹം നേടിയിട്ടുണ്ടോ എന്നറിഞ്ഞുകൂടാ. കുറഞ്ഞുവരുന്ന പ്രകൃതിവിഭവങ്ങളും അനന്തമായ വളർച്ചയിൽ അന്ധമായി വിശ്വസിക്കുന്ന മുതലാളിത്തവും മലിനീകരണം മുതൽ വിഭവശോഷണം വരെ സൃഷ്ടിക്കുന്ന പുതിയ അസമത്വങ്ങളും നാട്ടിൽ ചർച്ചയാക്കാൻ നവ സാമൂഹിക മുന്നേറ്റങ്ങൾക്ക് കഴിഞ്ഞു. സിവിക് ചന്ദ്രൻ, കെ. രാമചന്ദ്രൻ, പി.എം. ബാലകൃഷ്ണൻ, എൻ. സുബ്രഹ്മണ്യൻ, ടോമി മാത്യു, ടി.എസ്. രവീന്ദ്രൻ എന്നിങ്ങനെ നിരവധിപേർ പല തരത്തിലും തലത്തിലും പുതിയതരം ആക്ടിവിസത്തിന് ചുക്കാൻ പിടിച്ചു.
ഡോ. സതീഷ് ചന്ദ്രൻ, ഡോ. എസ്. ശാന്തി, ഡോ. എസ്. ശങ്കർ തുടങ്ങിയ ശാസ്ത്രജ്ഞർ പ്രകൃതിസംരക്ഷണത്തെ സംബന്ധിച്ച ആഴത്തിലുള്ള അറിവുകൾ പ്രവർത്തകർക്കും സാമാന്യ ജനങ്ങൾക്കും പകർന്നുനൽകി. ഡോ. അയ്യപ്പപ്പണിക്കരും കടമ്മനിട്ടയും മുതൽ സുഗതകുമാരിയും വിഷ്ണു നാരായണൻ നമ്പൂതിരിയും കെ.വി. രാമകൃഷ്ണനുംവരെയുള്ള നിരവധി കവികൾ മലയാളിയുടെ കാവ്യപാരമ്പര്യത്തിന് പുതിയ പരിസ്ഥിതിവാദത്തിന്റെ ആനുകാലികഭാവം നൽകി. ഇടശ്ശേരിയെയും വൈലോപ്പിള്ളിയെയും അങ്ങനെ മലയാളി അർഥവത്തായി ‘അപ്ഡേറ്റ്’ ചെയ്തു.
‘‘ആഗോളതലത്തിൽ ചിന്തിക്കാനും പ്രാദേശികമായി പ്രവർത്തിക്കാനും’’ തയാറായി വന്ന നൂറുകണക്കിന് ചെറിയ ഗ്രൂപ്പുകൾക്ക് പ്രതീക്ഷ പകർന്നത് ഒരു അഭിജ്ഞ നേതൃത്വത്തിന്റെ ശിഥിലവും എന്നാൽ യഥാർഥവുമായ പിന്തുണയായിരുന്നു. സൈലന്റ് വാലിസംരക്ഷിക്കാൻ കേരളത്തിലെ ശാസ്ത്രജ്ഞരും കവികളും സാധാരണ പരിസ്ഥിതിപ്രവർത്തകരും ചേർന്ന് മുന്നോട്ടിറങ്ങിയപ്പോൾ അതൊരു കേരളീയ വിജയഗാഥയുടെ തുടക്കംകൂടിയായിരുന്നു. എം.കെ. പ്രസാദിനെപ്പോലുള്ളവരുടെ കറകളഞ്ഞ പ്രതിബദ്ധത സമാനതകൾ ഏറെയില്ലാത്തതാണ്.
പ്രീഡിഗ്രിക്കാലവും ടെലിഫോൺ എക്സ്ചേഞ്ചിലെ ദിവസ വേതനക്കാലവും പരിസ്ഥിതി പൗരാവകാശ പ്രവർത്തനങ്ങൾക്കും കുറേയൊക്കെ എഴുതുന്നതിനും പശ്ചാത്തലമായി. ‘വീക്ഷണ’ത്തിനു പുറമെ ‘കേരള കൗമുദി’യിലും ‘വിജ്ഞാന കൈരളി’യിലും കുറെയൊക്കെ എഴുതി. ഏറെക്കാലമായി ആഗ്രഹിച്ച ഫിലോസഫി ബിരുദം ലഭിച്ചതോടെ ജീവിതത്തെ ഇനി മറ്റൊരുരീതിയിൽ മുന്നോട്ടുകൊണ്ടുപോകുന്നതല്ലേ ഉചിതം എന്ന ചിന്ത സജീവമായി. എഴുത്തും പൊതുപ്രവർത്തനവും തുടരാൻ കഴിയുന്നവിധത്തിൽ എന്തുചെയ്യാൻ കഴിയും എന്ന ചിന്ത മനസ്സിൽ നിറഞ്ഞു.
അക്കാലത്തും ചെറിയ രീതിയിൽ ‘പത്രപ്രവർത്തനം’ നടത്തുന്നുണ്ടായിരുന്നു. മുമ്പ് സൂചിപ്പിച്ച ‘പരിസരവേദി ബുള്ളറ്റിൻ’ എന്ന പ്രസിദ്ധീകരണത്തിന്റെ ഉടമയും എഡിറ്ററും വിൽപനക്കാരനുമായി. ആ പ്രസിദ്ധീകരണവും തുടരേണ്ടിയിരുന്നു.