Begin typing your search above and press return to search.
proflie-avatar
Login

ബാ​​പ്പു​​വി​​ന്റെ സ്വ​​ന്തം എ​​സ്ത​​ർ

ബാ​​പ്പു​​വി​​ന്റെ സ്വ​​ന്തം എ​​സ്ത​​ർ
cancel

മ​ഹാ​ത്മാ​ ഗാ​ന്ധി​യും ഡെ​ന്മാ​ർ​ക്കുകാ​രി​യാ​യ ലൂ​ഥ​റ​ൻ മി​ഷ​നറി എ​സ്ത​ർ ഫെ​യ്റി​ങ് എ​ന്ന യു​വ​തി​യു​മാ​യു​ള്ള അ​സാ​ധാ​ര​ണ സൗ​ഹൃ​ദ​ത്തി​​ന്റെ ക​ഥ​ തുടരുന്നു.21. ചിദംബരം 1924 ജൂലൈ ആറിനായിരുന്നു നാനിന്റെ ജ്ഞാനസ്നാനം. സേവാമന്ദിറിനുള്ളിലെ ചാപ്പലിൽ തന്നെയായിരുന്നു കൂദാശ. എല്ലാവരും ചടങ്ങിനൊരുങ്ങിയപ്പോൾ ഡോ. മേനോൻ ഒരു അത്ഭുതം സൃഷ്ടിച്ചു. മകൾക്കൊപ്പം തനിക്കും മാമോദീസ സ്വീകരിക്കണമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കുറെ നാളായി മേനോൻ ഇക്കാര്യം പറഞ്ഞിരുന്നെങ്കിലും എസ്തർ അടക്കം ആർക്കും യാതൊരു മുന്നറിയിപ്പും നൽകാതെയായിരുന്നു അന്നത്തെ പ്രഖ്യാപനം. ആൻ മേരിക്ക് വലിയ ആശ്വാസമായി തീരുമാനം. മിഷന്റെ...

Your Subscription Supports Independent Journalism

View Plans
മ​ഹാ​ത്മാ​ ഗാ​ന്ധി​യും ഡെ​ന്മാ​ർ​ക്കുകാ​രി​യാ​യ ലൂ​ഥ​റ​ൻ മി​ഷ​നറി എ​സ്ത​ർ ഫെ​യ്റി​ങ് എ​ന്ന യു​വ​തി​യു​മാ​യു​ള്ള അ​സാ​ധാ​ര​ണ സൗ​ഹൃ​ദ​ത്തി​​ന്റെ ക​ഥ​ തുടരുന്നു.

21. ചിദംബരം

1924 ജൂലൈ ആറിനായിരുന്നു നാനിന്റെ ജ്ഞാനസ്നാനം. സേവാമന്ദിറിനുള്ളിലെ ചാപ്പലിൽ തന്നെയായിരുന്നു കൂദാശ. എല്ലാവരും ചടങ്ങിനൊരുങ്ങിയപ്പോൾ ഡോ. മേനോൻ ഒരു അത്ഭുതം സൃഷ്ടിച്ചു. മകൾക്കൊപ്പം തനിക്കും മാമോദീസ സ്വീകരിക്കണമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കുറെ നാളായി മേനോൻ ഇക്കാര്യം പറഞ്ഞിരുന്നെങ്കിലും എസ്തർ അടക്കം ആർക്കും യാതൊരു മുന്നറിയിപ്പും നൽകാതെയായിരുന്നു അന്നത്തെ പ്രഖ്യാപനം. ആൻ മേരിക്ക് വലിയ ആശ്വാസമായി തീരുമാനം. മിഷന്റെ കോപൻഹേഗനിലെ നേതൃത്വത്തിനും വലിയ സന്തോഷം. എസ്തർ പ്രത്യേകിച്ച് വികാരം ഒന്നും പ്രകടിപ്പിച്ചില്ല. ആൻ മേരിയുടെ സഹമിഷനറി വി. ചക്കരൈ സന്തോഷത്തോടെ മേനോന് ജ്ഞാനസ്നാനം നൽകി.

സേവാമന്ദിറിന്റെ നിർമാണം പൂർത്തിയായതിനാൽ ഡോ. മേനോൻ പ്രാക്ടിസ് തുടങ്ങാൻ തീരുമാനിച്ചു. പക്ഷേ, പോർട്ടോനോവോയിൽ അതിനുള്ള സാഹചര്യമുണ്ടായിരുന്നില്ല. ആശുപത്രികളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഇവിടെയുള്ളവരേറെയും തനി ദരിദ്രർ. അതിനാൽ ചുരുങ്ങിയ തോതിലുള്ള വരുമാനംപോലും അവിടെ പ്രതീക്ഷിക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് ചികിത്സാലയം കുറച്ചുകൂടി നഗരസ്വഭാവമുള്ള ചിദംബരത്ത് മതിയെന്ന് എസ്തറും മേനോനും തീരുമാനിച്ചു. മിഷന്റെ കീഴിലുള്ള മെഡിക്കൽ മിഷനായി അതിനെ അംഗീകരിക്കാമെന്ന് ആൻ മേരിയും സമ്മതിച്ചു.

ചിദംബരം പട്ടണനടുവിൽതന്നെ ഒരു ചെറിയ വീട് അവർ വാടകക്ക് എടുത്തു. റെയിൽവേ സ്റ്റേഷന്റെ തൊട്ടടുത്തായതിനാൽ പട്ടണത്തിൽ വരുകയും പോവുകയും ചെയ്യുന്നവർക്ക് എളുപ്പത്തിൽ എത്താമായിരുന്ന ഇടത്തായിരുന്നു എസ്തർ ‘വില്ല ഡാനിയമാർക’ എന്ന പേരിട്ട രണ്ടുമുറി വീട്. ഡെന്മാർക്കിന്റെ ഓർമ ഉണർത്തുന്ന പേര്. എന്നാൽ, രോഗികളെ സ്വീകരിക്കുന്ന തന്റെ മുറിക്ക് മേനോൻ മറ്റൊരു പേരിട്ടു, ‘ചരക ക്ലിനിക് ആൻഡ് ഡി​െസ്പൻസറി’. പൗരാണിക ആയുർവേദാചാര്യൻ ചരകന്റെ പേര്. ഇംഗ്ലീഷിലും തമിഴിലും ആ പേര് എഴുതി വീടിന്റെ മുന്നിൽ ബോർഡ് വെച്ചു.

പക്ഷേ, വിചാരിച്ചതിനേക്കാൾ ക്ലേശഭരിതമായിരുന്നു അവരുടെ ചിദംബരത്തെ ജീവിതം. തിരക്കേറിയ പട്ടണത്തിന്റെ നടുവിലെ കുടുസ്സ് വീട്ടിന്റെ ജനലുകൾ തുറന്നാൽ പൊടിക്കാറ്റും ദുർഗന്ധവും ചികിത്സാമുറിയിൽ നിറയും. രോഗങ്ങൾ വ്യാപകമായിരുന്നു. മന്ത്, കുഷ്ഠം, ലൈംഗികരോഗങ്ങൾ തുടങ്ങിയവയായിരുന്നു ഏറ്റവും കൂടുതൽ. ചികിത്സാ സൗകര്യങ്ങളുടെ അഭാവത്തിൽ പ്രസവത്തിൽ മരണപ്പെടുന്ന സ്ത്രീകളുടെ എണ്ണം വളരെ ഏറെയായിരുന്നു. അർധരാത്രിയിൽ മുട്ടറ്റം എത്തുന്ന ചളിയിലൂടെയും പുഴ മുറിച്ചുകടന്നും മേനോൻ ചികിത്സക്ക് എത്തിയപ്പോഴേക്കും മരിച്ച ഗർഭിണിയെക്കുറിച്ച് എസ്തർ ആൻ മേരിയോട് അതീവ സങ്കടത്തോടെ പറഞ്ഞു.

കോപൻഹേഗനിലെ മിഷൻ സഹായത്തോടെ എത്രയും വേഗം ഒരു ചെറിയ നഴ്സിങ് ഹോം ആരംഭിക്കാനായിരുന്നു എസ്തറുടെയും മേനോന്റെയും ആഗ്രഹം. അതിനായി ഒരു പഴയ അമ്പലപ്പറമ്പും അവർ കണ്ടുവെച്ചു. ആൻ മേരി അവരെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും മിഷൻ നേതൃത്വത്തിന് സഹായം അഭ്യർഥിച്ച് എഴുതുകയും ചെയ്തു. എസ്തറുടെ മോശമാകുന്ന ആരോഗ്യനിലയെക്കുറിച്ചും ആൻ മേരി ഉത്കണ്ഠകൊണ്ടു.

ഡോ. മേനോന്റെ മാമോദീസ ഇന്ത്യയിൽ അധികമാരും അറിഞ്ഞുതന്നെയില്ല. ഗാന്ധിജി ആകട്ടെ എസ്തർ എഴുതി അറിയിച്ചിട്ടും അത് അറിഞ്ഞ ഭാവം നടിച്ചില്ല. എന്നാൽ, അതായിരുന്നില്ല പോർട്ടോനോവോ മിഷന്റെ കോപൻഹേഗനിലെ നേതൃനിരക്കുള്ളിലെ അവസ്ഥ. ആൻ മേരിക്കെതിരെയുള്ള ഒരു വലിയ പടപ്പുറപ്പാടിന് അത് തിരികൊളുത്തി. 1926ൽ ആൻ മേരി കോപൻഹേഗനിലെത്തി മിഷൻ നേതാക്കളുമായി നടന്ന ചർച്ചകളിലാണ് ഇത് പൊട്ടിപ്പുറപ്പെട്ടത്. പാശ്ചാത്യ മതനേതൃത്വത്തിന്റെ വംശീയവിവേചനവും മേലാളഭാവവും സ്ത്രീവിരുദ്ധതയും ഒക്കെ ഇതിൽ ഉൾച്ചേർന്നിരുന്നു.

മുമ്പ് ഡി.എം.എസിൽ എന്നപോലെ ഈ മിഷനിലെയും ഒരു വിഭാഗം ഇന്ത്യൻ ദേശീയപ്രസ്ഥാനത്തോടും ഗാന്ധിജിയോടുമുള്ള ആൻ മേരിയുടെ സൗഹൃദം വലിയ അപരാധമായി കണ്ടു. ഒരു ക്രിസ്ത്യൻ മിഷനറി സംഘടനയെന്നതിനു പകരം ഇന്ത്യൻ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ഭാഗമെന്നപോലെയാണ് ആൻ മേരി പ്രവർത്തിക്കുന്നതെന്ന് അവർ ആരോപിച്ചു.

പുരുഷന്മാർ നയിക്കേണ്ട പൗരോഹിത്യ ജോലികളിൽ ആൻ മേരിയെപ്പോലെ ഒരു സ്ത്രീ നേതൃത്വം വഹിക്കുന്നത് മതവിരുദ്ധമാണെന്ന് വിമർശനം ഉയർന്നു. മേനോന്റെ മാമോദീസയിൽ ആദ്യം സന്തോഷം പ്രകടിപ്പിച്ച മിഷൻ നേതൃത്വം നിലപാട് മാറ്റി. ജ്ഞാനസ്നാനം പോലെയുള്ള വിശുദ്ധമായ കൂദാശ കർമം മേനോന്റെ കാര്യത്തിൽ ഇന്ത്യൻ മിഷനറിയും ദേശീയവാദിയുമായ വി. ചക്കരൈ വ്യത്യസ്ത ശൈലിയിൽ നിർവഹിച്ചത് അവർ വലിയ തെറ്റായി കണ്ടു. ആൻ മേരിയുടെ അനുവാദത്തോടെയാണത് നടന്നതെന്ന് അവർ കുറ്റപ്പെടുത്തി. മാമോദീസയുടെ പവിത്രതയിലും പ്രാധാന്യത്തിലും അത് വെള്ളംചേർക്കുകയായിരുന്നു എന്നായിരുന്നു ആക്ഷേപം. ഹിന്ദുമതത്തിന്റെ സ്വാധീനത്തിൽ പെടുകയാണ് ആൻ മേരിയെന്നും ആ തരം പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകരുതെന്നും അവർ വാദിച്ചു. മിഷന്റെ പ്രസിദ്ധീകരണങ്ങളിൽ ആൻ മേരിക്കെതിരെ നിശിതമായ വിമർശനങ്ങൾ വന്നു.

പക്ഷേ, തന്റെ മൂല്യാധിഷ്ഠിത നിലപാടുകളിൽനിന്ന് തരിമ്പും മാറാൻ ആൻ മേരി കൂട്ടാക്കിയില്ല. മിഷനിലെതന്നെ പ്രതിയോഗികളെ അവർ ശക്തമായ വാദമുഖങ്ങൾകൊണ്ട് നേരിട്ടു. മുമ്പു തന്നെ ഇന്ത്യക്കാരായ മിഷനറിമാരുടെ അവകാശങ്ങൾക്കു വേണ്ടി പോരാടിയിരുന്ന ആൻ മേരി ചക്കരൈയെ പൂർണമായും ന്യായീകരിച്ചു. ഇന്ത്യൻ ദേശീയപ്രസ്ഥാനത്തെയും ഗാന്ധിയെയും പിന്തുണക്കുന്നത് രാഷ്ട്രീയകാരണങ്ങൾകൊണ്ടല്ല, സ്വാതന്ത്ര്യത്തിനും അന്തസ്സിനും വേണ്ടി പോരാടുകയെന്ന തികച്ചും മാനുഷികവും മഹത്തരവും ആത്മീയവുമായ ലക്ഷ്യങ്ങൾക്കുവേണ്ടിയാണെന്നും ക്രിസ്തുവിന്റെ ആഹ്വാനമാണതെന്നും അവർ തിരിച്ചടിച്ചു. ക്രിസ്തുമതത്തിന് ഇന്ത്യൻ ദേശീയ സ്വത്വം ആവശ്യമാണെന്ന് അവർ ആവർത്തിച്ച് ഓർമിപ്പിച്ചു.

ആൻ മേരി തന്റെ നിലപാടുകൾ സുവ്യക്തമായി എഴുതി അറിയിച്ചു. “ഇന്ത്യയെ ഞാൻ തിരഞ്ഞെടുത്തതാണ്. ഇന്ത്യ എന്റെ വീടാണ്. ഇന്ത്യക്കാർ എന്റെ ജനതയാണ്. അവരുടെ കർമങ്ങൾ എന്റേതുമാണ്. എന്റെ ഈ തീരുമാനത്തിന് പിന്നിലെ ഏറ്റവും വലിയ പ്രേരകശക്തികളായി രണ്ട് മനുഷ്യരുണ്ട്. ഒന്ന്, മേനോൻ. എന്റെ പ്രിയ സുഹൃത്തുകൂടിയായ ക്രിസ്ത്യൻ പെൺകുട്ടിയെ പ്രണയിക്കുക എന്ന കുറ്റംചെയ്ത ആ അറിയപ്പെടാത്ത ഇന്ത്യൻ വിദ്യാർഥി. രണ്ടാമത്തെ ആൾ എന്റെ ജനതയെ ആത്മീയവും രാഷ്ട്രീയവും സാമ്പത്തികവുമായ അടിമത്തത്തിൽനിന്ന് മോചിപ്പിക്കാൻ സ്വയം സമർപ്പിക്കുക എന്ന കുറ്റംചെയ്ത ഗാന്ധി. മുമ്പ് ഇതിനായി എന്നെയും എസ്തറെയും ക്രൂശിച്ചത് ശത്രുക്കളായിരുന്നെങ്കിൽ ഇപ്പോൾ അത് ചെയ്യുന്നത് സുഹൃത്തുക്കൾ തന്നെയാണ്.”

1927ലെ വേനൽക്കാലം കടന്നുപോയത് ആൻ മേരി അറിഞ്ഞില്ല. സാധാരണ കടുത്ത ചൂടുമൂലം അവശയാകാറുള്ള അവർ ഇക്കുറി അതൊന്നും കണക്കാക്കിയില്ല. കോത്തഗിരിക്കുന്നുകളിൽ ഇരുന്ന് തന്റെ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന ഒരു ചെറു പുസ്തകം തയാറാക്കുന്നതിൽ അവർ മുഴുകി. പാശ്ചാത്യ ക്രൈസ്തവ സഭയിൽ ഉൾച്ചേർന്നിട്ടുള്ള വെള്ളക്കാരന്റെ മേലാള വംശീയ ബോധത്തെയും അധികാര മോഹത്തെയും ആൻമേരി പുസ്തകത്തിൽ നിശിതമായി വിമർശിച്ചു.

“പാശ്ചാത്യ ക്രിസ്തീയതയുടെ വംശീയ അഹങ്കാരം, ആധിപത്യബോധം, ആക്രമണോത്സുകത ക്രിസ്തീയതയെ തന്നെ തകർക്കുന്നു. ഭൂമിക്ക് വേണ്ടിയുള്ള യൂറോപ്പിന്റെ ആർത്തി, പണത്തിന്റെ കൈകളിലേറി സാമ്രാജ്യത്വത്തിന്റെ നൃത്തം, അധികാരക്കൊതി ഇവയൊക്കെ കണ്ട് ലോകം അമ്പരന്നുനിൽക്കുന്നു. ലോകം മുഴുവൻ കീഴടക്കാനുള്ള ഭാരമേറ്റെടുത്ത് അവർ വെള്ളക്കാരല്ലാത്തവരുടെ രക്ഷകരായും അധ്യാപകരായും സ്വയം ചമയുന്നു. ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിൽ ഇന്ത്യ ദാരിദ്ര്യത്തിന്റെയും രോഗത്തിന്റെയും പട്ടിണിയുടെയും ആഴങ്ങളിൽ മുങ്ങുകയാണ്.”

ഇന്ത്യൻ ക്രിസ്തീയ സ്വത്വത്തിനുവേണ്ടി വാദിച്ചിരുന്ന സാധു സുന്ദർ സിങ്ങിനെപ്പോലെയുള്ളവരുമായി ആൻ മേരി അടുത്ത സൗഹൃദം സ്ഥാപിച്ചിരുന്നു. മേനോനും ചക്കരൈയും സംയുക്തമായി ആൻ മേരിക്ക് അനുകൂലമായും ലേഖനം പ്രസിദ്ധീകരിച്ചു. ഇന്ത്യൻ ജനതയുടെ അഭിലാഷങ്ങൾക്കൊപ്പവും ഇന്ത്യൻ പാരമ്പര്യങ്ങളിൽനിന്ന് ഉയർന്നതുമായ ഒരു മിഷനു മാത്രമേ ഇന്ത്യയിൽ പ്രസക്തിയുള്ളൂ എന്നു വാദിച്ച അവർ സ്ത്രീ വിമോചനത്തിനു വേണ്ടിയും കുർബാന വേളയിൽ സ്ത്രീ-പുരുഷ പുരോഹിതർക്ക് അൾത്താരയിൽ തുല്യസ്ഥാനം വേണമെന്നും ഉദ്ഘോഷിച്ചുകൊണ്ട് കാലത്തിന് വളരെ മുന്നേ നടന്നവരായി.

ബ്രിട്ടീഷ് അധികാരികൾ ഇതെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു. അതോടെ, 1927ൽ ഇന്ത്യയിലേക്ക് മടങ്ങാനുള്ള ആൻ മേരിയുടെ അപേക്ഷ നിരസിക്കപ്പെട്ടു. പക്ഷേ, കപ്പലിലും റോഡ് മാർഗത്തിലുമായി വിവിധ രാജ്യങ്ങളിലൂടെ ഒരു മാസത്തോളം യാത്രചെയ്ത ആൻ ഇന്ത്യയിൽ എത്തിച്ചേരുകയും ചെയ്തു. ഡിസംബറിൽ മദിരാശിയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിലും അവർ പങ്കെടുത്തു.

* * *

എസ്തർ കുടുംബത്തിന്റെ ചിദംബരത്തെ ജീവിതം ഒട്ടും സുഖകരമായിരുന്നില്ല. കാലാവസ്ഥയും സാമ്പത്തിക വിഷമങ്ങളും അവരെ വേട്ടയാടിക്കൊണ്ടിരുന്നു. ദരിദ്രരായ രോഗികൾക്കിടയിൽ ആത്മാർഥമായ സേവനം നടത്തിയെങ്കിലും മേനോന് കാര്യമായ വരുമാനമൊന്നും ലഭ്യമായില്ല. ദൈനംദിന ചെലവുകൾക്കായി പലപ്പോഴും അവർക്ക് വീണ്ടും ആൻ മേരിയുടെ സഹായം തേടേണ്ടിവന്നു. മലമ്പനി, വാതരോഗം തുടങ്ങിയവയൊക്കെയും എസ്തറെ കുഴക്കി.

ഇങ്ങനെ ആരോഗ്യപരമായും സാമ്പത്തികമായുമുള്ള ക്ലേശങ്ങൾ തള്ളിനീക്കുന്ന കാലത്ത് ഒരുദിവസം എസ്തറിന്റെ മനസ്സിൽ ആവേശകരമായ ഒരു ചിന്ത കടന്നുവന്നു. ബാപ്പുവിന്റെ ജീവചരിത്രം എഴുതുക എന്ന ചിന്ത. ഈ ആഗ്രഹം പെട്ടെന്ന് ആണ് അവളെ സ്വന്തം വിഷമതകൾ മറക്കാൻ സഹായിച്ചത്. ഉടൻതന്നെ ആവേശഭരിതയായി അക്കാര്യം ബാപ്പുവിന് എഴുതി.

പക്ഷേ, ബാപ്പുവിന്റെ പ്രതികരണം കരുതലോടെയായിരുന്നു. തന്റെ ജീവചരിത്രം എഴുതുകയാണെങ്കിൽ അതിനായി വിശദമായ പഠനം നടത്തിയ ശേഷമാകണമെന്ന് ബാപ്പു ഓർമിപ്പിച്ചു. “അതിനു നീ നിരവധി മാസങ്ങൾ ആശ്രമത്തിൽ വന്ന് താമസിക്കണം. ദക്ഷിണാഫ്രിക്കയിലേക്കും ചമ്പാരനിലേക്കും ഖേഡയിലേക്കുമൊക്കെ യാത്ര ചെയ്യണം. പഞ്ചാബിലേക്കും വേണം. സമഗ്രമായ ഒരു പദ്ധതിയാണ് ആലോചിക്കുന്നതെങ്കിൽ അത് ഭാരമേറിയ ജോലിയാണ്. ഈ പറഞ്ഞ ഇടങ്ങളിലൊക്കെയാണ് ഞാൻ അഹിംസയെക്കുറിച്ചുള്ള എന്റെ ആശയം പ്രാവർത്തികമാക്കാൻ ശ്രമിച്ചത്.”

എല്ലാവർക്കും സ്നേഹം, കുഞ്ഞിന് ഉമ്മകൾ എന്നെഴുതി അവസാനിപ്പിക്കുന്നതായിരുന്നു എസ്തറിന് ഗാന്ധിയുടെ മറുപടി. പക്ഷേ, എസ്തർ തന്റെ പദ്ധതിയുമായി മുന്നോട്ട് പോകാൻതന്നെ തീരുമാനിച്ചു.

ആ ദിവസങ്ങളിൽ ഗാന്ധി ഒരു യൂറോപ്യൻ പര്യടനം നടത്താൻ ആലോചിച്ചു. ഒട്ടേറെ സംഘടനകളുടെ ക്ഷണത്തെ തുടർന്നായിരുന്നു അത്. ഫിൻലൻഡിൽ വൈ.എം.സി.എയുടെ ആഗോള സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു പ്രധാന പരിപാടി. അപ്പോൾ ഡെന്മാർക്കിലുണ്ടായിരുന്ന ആൻ മേരി ഇതറിഞ്ഞ് ആവേശഭരിതയായി. തനിക്ക് ഫിൻലൻഡിലെത്താൻ പറ്റിയില്ലെങ്കിലും തൊട്ടടുത്തുള്ള ബാപ്പു ഡെന്മാർക്കിലേക്ക് വരണമെന്നും അവിടത്തെ സന്ദർശനത്തിന്റെ മുഴുവൻ ചുമതല താൻ ഏറ്റെടുക്കാമെന്നും ഗാന്ധിക്ക് എഴുതി.

അതേ സമയം ബ്രിട്ടന്റെ അടിമരാജ്യത്തിന്റെ പ്രതിനിധിയായല്ല, സ്വതന്ത്ര ഇന്ത്യയുടെ പ്രതിനിധിയായി അങ്ങ് യൂറോപ്പിൽ എത്തുകയാണ് തനിക്ക് ഏറ്റവും സന്തോഷകരമെന്നും അവർ അറിയിച്ചു. ഗാന്ധി നേരത്തേതന്നെ പര്യടനപരിപാടി വേണ്ടെന്നുവെക്കാൻ ആലോചിച്ചിരുന്നു. ഡെന്മാർക്കുകാരിയായ തന്റെ ഒരു പ്രിയസുഹൃത്തിന്റെ ഉപദേശത്തെയും വിലവെച്ചാണ് തന്റെ യാത്ര റദ്ദാക്കിയതെന്ന് ഗാന്ധി ‘യങ് ഇന്ത്യ’യിൽ എഴുതി.

അതിനിടെ, എസ്തറും ബാപ്പുവും തമ്മിൽ കത്തുകളിലൂടെ പല വിഷയങ്ങളിലും വിശദമായ ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. അതിലൊന്ന് ടൈപ് റൈറ്റർ ഉപയോഗിച്ച് കത്ത് എഴുതുന്നത് സംബന്ധിച്ചായിരുന്നു. കൈകൊണ്ട് എഴുതി അയക്കുന്ന കത്തിന്റെ ഊഷ്മളത യന്ത്രസഹായത്തോടെ ചെയ്യുമ്പോൾ കുറയുകയാണെന്ന് ഇരുവരും വിശ്വസിച്ചു. ഇഷ്ടപ്പെടാതെ ചെയ്യേണ്ടിവരുന്ന ഒന്നാണ് ടൈപ് റൈറ്റർ ഉപയോഗമെന്നായിരുന്നു ബാപ്പുവിന്റെ അഭിപ്രായം.

ആശ്രമനിയമങ്ങളുടെ പ്രാധാന്യം, ഉപവാസം എന്നിവയായിരുന്നു ഇരുവരുടെയും മറ്റൊരു ചർച്ചാവിഷയം. ആശ്രമം ലളിതജീവിതത്തിന്റെ കേന്ദ്രമാകണമെന്നും അവിടെ അന്തേവാസികൾ തമ്മിൽ ഒരു ഉച്ചനീചത്വവും പാടില്ലെന്നും സ്ത്രീയും പുരുഷനും തമ്മിലും പൂർണസമത്വം പാലിക്കണമെന്നും ബാപ്പു എഴുതി.

ഉപവാസത്തിന്റെ പ്രസക്തിയായിരുന്നു മറ്റൊരു വിഷയം. ആത്മീയലക്ഷ്യങ്ങൾക്കല്ലാത്ത ഉപവാസം അർഥശൂന്യമാണെന്നും പ്രൊട്ടസ്റ്റന്റ് മതത്തിൽ അതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞിട്ടില്ലെന്നും ഗാന്ധി എഴുതി. റോമൻ കത്തോലിക്കാ മതത്തിലെ ഉപവാസത്തിലും ചില പ്രശ്നങ്ങളുണ്ട്. ഭൗതികമായ അവശ്യങ്ങൾക്കായുള്ള ഉപവാസം ശരിയല്ല.

യേശുക്രിസ്തു മറ്റെല്ലാ ആത്മീയാചാര്യന്മാരെക്കാളുമൊക്കെ ഉയരത്തിലാണെന്ന എസ്തറുടെ വിശ്വാസത്തെയും ഗാന്ധി വിമർശിച്ചു. “യേശുദേവന്റെ എല്ലാ വാക്കുകളും ഭക്തിയോടെ പഠിച്ച ഒരാൾ എന്നനിലക്ക് എനിക്ക് തോന്നുന്നത് അദ്ദേഹവും മറ്റുള്ള മഹാഗുരുക്കന്മാർ പറഞ്ഞതിലും തമ്മിൽ വലിയ വ്യത്യാസമില്ലെന്നാണ്. വ്യത്യാസം ഉണ്ടെന്ന് നിനക്ക് തോന്നുന്നത് എനിക്ക് മനസ്സിലാകും. ചെറുപ്പം മുതൽ നീ കേട്ടു പഠിച്ചുവളർന്ന വിശ്വാസം മൂലമാണത്.

പിന്നീട് നീ വായിച്ചതും പഠിച്ചതും എല്ലാം നിന്റെ അബോധമനസ്സിൽ ചെറുപ്പത്തിലേ തന്നെ നീ അറിയാതെ അടിയുറച്ച ആ വിശ്വാസത്തിന്റെ സ്വാധീനത്തിലാണ്. പക്ഷേ ചെറുപ്പത്തിൽ എന്നെ ആരും മഹാഗുരുക്കന്മാർ തമ്മിലുള്ള വ്യത്യാസങ്ങളൊന്നും പഠിപ്പിച്ചില്ല. അതുകൊണ്ടുതന്നെ എനിക്ക് ക്രിസ്തുവും കൃഷ്ണനും ബുദ്ധനും മുഹമ്മദും സൊറാസ്ട്രറും ഒരുപോലെ ആദരണീയരാണ്. ഇതൊരു തർക്കത്തിനായി പറയുന്നതല്ല. എന്റെ ആഴത്തിലുള്ള ബോധ്യമാണ്. ക്രിസ്തുവിനോട് മാത്രമായുള്ള നിന്റെ വിശ്വാസത്തിൽനിന്ന് നിന്നെ മാറ്റുക എന്റെ ലക്ഷ്യമല്ല. പക്ഷേ, മറ്റുള്ള നിലപാടുകളെയും ഉൾക്കൊള്ളുന്ന വിധം കാര്യങ്ങൾ നീ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.”

 

അതിനിടെ, ആശ്രമത്തിൽ കഴിയുന്ന ഗാന്ധിക്ക് മലേറിയ ബാധിച്ചു. രോഗം മാറി വിശ്രമത്തിലായപ്പോൾ ഗാന്ധിക്ക് ഡോ. മേനോൻ കുറെ ആയുർവേദ മരുന്നുകൾ അയച്ചുകൊടുത്തു. കേരളത്തിലെ ചില ആയുർവേദ ഔഷധങ്ങൾ മലമ്പനി ചികിത്സക്ക് പേര് കേട്ടിരുന്നു. പക്ഷേ, ഭക്ഷണത്തിലെന്നപോലെ മരുന്നിന്റെ കാര്യത്തിലും കടുത്ത നിഷ്ഠയുള്ള ഗാന്ധി കരുതലോടെയാണ് അവ സ്വീകരിച്ചത്. അദ്ദേഹം എസ്തറിനു എഴുതി; “മരുന്നുകൾ സംബന്ധിച്ചുള്ള വിവരങ്ങളൊന്നും മേനോൻ അയച്ചിട്ടില്ല. അവയുടെ ചേരുവകൾ എന്തെന്ന് അറിയിച്ചിട്ടില്ല. ഭക്ഷണത്തിനായാലും മരുന്നിനായാലും ഞാൻ അഞ്ച് ചേരുവകൾ മാത്രമേ കഴിക്കുകയുള്ളൂ. ആയുർവേദ മരുന്നുകളിലാകട്ടെ അതിലേറെ ഉണ്ടാകാറുണ്ട്. എന്തായാലും മലേറിയ വ്യാപകമാണ്. ഇവ സംബന്ധിച്ച വിവരങ്ങൾ കിട്ടിയാൽ മേനോൻ അയച്ച മരുന്ന് കഴിക്കാൻ എനിക്ക് സന്തോഷമേ ഉള്ളൂ.”

22. രോഗകാലം

അനാരോഗ്യത്തിന്റെയും സാമ്പത്തിക ബുദ്ധിമുട്ടുകളുടെയും മധ്യത്തിലായിരുന്നു 1926 ഒക്ടോബറിൽ എസ്തറിന്റെ രണ്ടാമത്തെ മകളുടെ ജനനം. വിവരമറിയിച്ചുകൊണ്ടും കുഞ്ഞിന് നൽകാൻ ഉദ്ദേശിക്കുന്ന പേരുകളെക്കുറിച്ച് അഭിപ്രായമാരാഞ്ഞുകൊണ്ടും എസ്തർ ബാപ്പുവിന് എഴുതി. സബർമതിയിൽനിന്ന് അദ്ദേഹത്തിന്റെ മറുപടി വന്നു: “കുടുംബത്തിലേക്ക് വന്ന പുതിയ അംഗത്തിന് എന്റെ അനുഗ്രഹങ്ങൾ. നീയും കുഞ്ഞും സുഖമായി വരുന്നെന്ന് വിശ്വസിക്കുന്നു. നീ അയച്ച പേരുകളെല്ലാം കൊള്ളാം. ഏറ്റവും ചെറിയ പേരാകും നല്ലത്.” എസ്തർ കുഞ്ഞിന് ഒരു തനി തമിഴ് പേര് ഇട്ടു –തങ്കയ്.

ഏതാനും ദിവസങ്ങൾകൂടി പിന്നിട്ടതോടെ ചിദംബരത്തെ ജീവിതം അവർക്ക് തീരെ ദുസ്സഹമായി. എസ്തറിന് മാത്രമല്ല കുഞ്ഞുങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾ കൂടിവന്നു. സാമ്പത്തികപ്രശ്നങ്ങൾ വേറെ. ആരോഗ്യപ്രശ്നങ്ങൾമൂലം കുറേ ദിവസങ്ങൾക്കു ശേഷമേ അവൾ ബാപ്പുവിനെഴുതിയുള്ളൂ. “നിന്റെ ദയനീയമായ കത്ത് എനിക്ക് കിട്ടി. കുറേക്കാലമായി നിന്റെ കത്തൊന്നും കാണാത്തതെന്തെന്ന് വിചാരിക്കുകയായിരുന്നു. ഇപ്പോൾ മനസ്സിലായി. നിന്റെ ഇത്രയും തകർന്ന അവസ്ഥയിൽ എനിക്ക് വലിയ വിഷമമുണ്ട്.” ബാപ്പു മറുപടി എഴുതി. ഒരു നിമിഷംപോലും വിശ്രമമില്ലാത്ത തിരക്കുകളായതിനാൽ തൽക്കാലം സ്നേഹവും അനുഗ്രഹങ്ങളും അയക്കുകയാണെന്നും ഏപ്രിലിൽ തെക്കേ ഇന്ത്യയിൽ വരുമ്പോൾ കാണാമെന്നും അദ്ദേഹം എഴുതി.

പ്രയാസങ്ങൾ അവസാനമില്ലാതെ നീണ്ടപ്പോൾ എസ്തറും മേനോനും ഒരു പ്രധാന തീരുമാനമെടുത്തു. ഡെന്മാർക്കിലേക്ക് പോവുക. എസ്തറുടെയും മകളുടെയും ആരോഗ്യം മെച്ചപ്പെടുന്നതുവരെ അവിടെ കഴിയുക. പതിവായി ബാധിക്കുന്ന മലമ്പനിക്ക് പുറമെ വാതവും ആന്ത്രവീക്കവും (അപ്പെൻഡിസൈറ്റിസ്) എസ്തറെ കുഴക്കി. മേനോന് മറ്റൊരു വലിയ പദ്ധതിയും മനസ്സിൽ ഉണ്ടായിരുന്നു. ഇംഗ്ലണ്ടിൽനിന്ന് ഒരു വൈദ്യചികിത്സ കോഴ്സ് പഠിക്കുക. ഇന്ത്യയിൽ മടങ്ങിയെത്തുമ്പോൾ മെച്ചപ്പെട്ട ജോലി ലഭിക്കാൻ ഒരു ബ്രിട്ടീഷ് ബിരുദം ഉപകരിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. പക്ഷേ ആൻ മേരിക്ക് ഇതിൽ വലിയ താൽപര്യമൊന്നുമില്ലായിരുന്നു. ബ്രിട്ടീഷ് സർക്കാറിന്റെ കീഴിൽ ജോലി ആവശ്യമുണ്ടെങ്കിൽ അല്ലേ ബ്രിട്ടീഷ് ബിരുദത്തിന്റെ ആവശ്യം എന്നായിരുന്നു അവരുടെ നിലപാട്. പക്ഷേ, മിഷൻ അധികാരികൾ മേനോന്റെ അഭിപ്രായത്തോട് യോജിച്ചെന്ന് മാത്രമല്ല അദ്ദേഹത്തിന്റെ ഇംഗ്ലണ്ടിലെ പഠനത്തിന് സഹായം നൽകാൻ ശ്രമിക്കാമെന്നും അവർ ഏറ്റു.

1927 ആഗസ്റ്റിൽ കോപ്പൻഹേഗനിൽ പോർട്ടോനോവോ മിഷന്റെ വാർഷികസമ്മേളനമായപ്പോഴേക്കും എസ്തറും കുടുംബവും അവിടെ എത്തിച്ചേർന്നു. അവരുടെ യാത്രക്ക് സഹായംചെയ്ത ആൻ മേരിയും അവിടെയുണ്ടായിരുന്നു. വർണഭരിതമായിരുന്ന ഓക്ക് മരങ്ങൾ ഇലപൊഴിച്ച കാലമായിരുന്നു കോപ്പൻഹേഗനിൽ. നരച്ചു വിളറിയ നഗരം വിഷാദഭാവം പൂണ്ടുനിന്നു. ആരോഗ്യവും മനസ്സും ആകെ തളർന്ന അവസ്ഥയിലാണ് എസ്തർ സ്വന്തം നാട്ടിൽ എത്തിയത്. അവളുടെ സൗന്ദര്യവും പ്രസരിപ്പുമൊക്കെ പഴങ്കഥയായിരുന്നു. അച്ഛൻ പീറ്റർ മകളെയും കുടുംബത്തെയും സ്നേഹപൂർവം സ്വീകരിച്ചു. മരുമകനെയും കൊച്ചുമക്കളെയും ആദ്യം കാണുകയായിരുന്നു പീറ്റർ. ഏതാനും ദിവസങ്ങൾക്കുള്ളിൽ മേനോൻ ഇംഗ്ലണ്ടിലേക്ക് തിരിച്ചു. ലണ്ടൻ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ നഗരമായ ബിർമിങ്ഹാം ആയിരുന്നു ലക്ഷ്യം.

ലണ്ടനിൽനിന്ന് നൂറു മൈൽ അകലെയുള്ള ഈ നഗരം പതിനെട്ടാം നൂറ്റാണ്ടിലെ വ്യവസായിക വിപ്ലവത്തോടെ ലോകത്തെതന്നെ ആദ്യത്തെ പ്രധാന വ്യവസായകേന്ദ്രമായിരുന്നു. അവിടത്തെ പ്രശസ്തമായ റോയൽ കോളജ് ഓഫ് മെഡിസിൻ ആൻഡ് സർജറിയിൽ മേനോൻ ചേർന്നു. രണ്ട് വർഷം നീളുന്ന ലൈസൻഷിയേറ്റ് ഇൻ മെഡിസിൻ ആൻഡ് സർജറി (എൽ.എം.എം) ആയിരുന്നു കോഴ്സ്. മിഷൻ അദ്ദേഹത്തിന് സാമ്പത്തികസഹായം വാഗ്ദാനംചെയ്തിരുന്നു. മക്കളുമൊത്ത് എസ്തർ കോപ്പൻഹേഗൻ നഗരപ്രാന്തത്തിലുള്ള താർബാക് എന്ന ഗ്രാമത്തിലെ ഒരു ചെറിയ വീട്ടിലേക്ക് മാറി.

ഡെന്മാർക്കിൽ എത്തിയതുമുതൽ ഗാന്ധിജിയെ പരിചയപ്പെടുത്തുന്ന ഒട്ടേറേ പരിപാടികളിൽ പങ്കെടുക്കുകയായിരുന്നു എസ്തറുടെ പ്രധാന പ്രവർത്തനം. പൊതു സമ്മേളനങ്ങളിലും റേഡിയോ പ്രഭാഷണങ്ങളിലുമൊക്കെ എസ്തർ അനാരോഗ്യം വകവെക്കാതെ പങ്കെടുത്തു. ആരോഗ്യമാകട്ടെ ഒരുവശത്ത് മോശമായി വരുകയും ചെയ്തു. കടുത്ത വേദന ഉണ്ടാക്കിയ വെരിക്കോസ് വെയിൻ ആയിരുന്നു പുതിയ രോഗം. അതിനിടെ ആന്ത്രവീക്കത്തിനുള്ള ശസ്ത്രക്രിയക്കും അവൾ വിധേയയായി. കൊച്ചു നാനാകട്ടെ വില്ലൻചുമകൊണ്ട് പൊറുതിമുട്ടി. മേനോന്റെ അസാന്നിധ്യം കൂടിയായപ്പോൾ എസ്തറുടെ ദുരിതം ആകെ ദുസ്സഹമായി. നവംബറിൽ ബ്രിട്ടീഷ് അധികാരികളുടെ വിലക്ക് അവഗണിച്ച് ആൻ മേരിയും ഇന്ത്യക്ക് മടങ്ങി.

ക്ലേശഭരിതമായ ആ നാളുകളിൽ ബാപ്പുവിന് കത്തെഴുതാൻപോലും എസ്തറിന് കഴിഞ്ഞില്ല. ഒരുപക്ഷേ 1917 ജനുവരി മാസം ആദ്യമായി ബാപ്പുവിനെ കൊച്ച്റബ് ആശ്രമത്തിൽ കണ്ടുമുട്ടിയശേഷം മേനോൻ മതം മാറിയ കാലത്തൊഴിച്ച് ഒരിക്കലും അവൾക്ക് ഇത്രയേറെ ദിവസം അദ്ദേഹവുമായി കത്തിടപാട് ഇല്ലാതെയിരുന്നിട്ടില്ല.

ഗാന്ധിജിക്കും തിരക്കുപിടിച്ച വർഷമായിരുന്നു അത്. 1925 അവസാനം ഡോക്ടർമാരുടെ നിർദേശപ്രകാരം ഒരു വർഷത്തോളം അദ്ദേഹം നീണ്ടയാത്രകളൊക്കെ ഒഴിവാക്കി. ദിവസേനയുള്ള കത്തുകളും ലേഖനങ്ങളുമൊക്കെ കുറക്കണമെന്ന് ഡോ. എം.എ. അൻസാരി ഉപദേശിച്ചു. സബർമതി ആശ്രമത്തിൽ അദ്ദേഹം നീണ്ട വിശ്രമം ആരംഭിച്ചു. എന്നാൽ, ശരീരത്തിന് വിശ്രമം കിട്ടിയെങ്കിലും മനസ്സിന് അതത്ര ലഭിച്ചില്ല. ഹിന്ദു-മുസ്‍ലിം ഐക്യശ്രമങ്ങളൊന്നും വിജയിക്കുന്നില്ലെന്നതിൽ അദ്ദേഹം ദുഃഖിതനായിരുന്നു.

മൂത്തമകൻ ഹരിലാൽ അച്ഛനുമായി മിണ്ടിയിട്ടുതന്നെ കാലങ്ങളായി. രണ്ടാമത്തെ മകൻ മണിലാലുമായും ഗാന്ധി ഇടഞ്ഞു. തെക്കേ ആഫ്രിക്കയിൽ ഗാന്ധിയുടെ ആശ്രമത്തിൽതന്നെ തുടർന്നുകൊണ്ട് അദ്ദേഹത്തിന്റെ ‘ഇന്ത്യൻ ഒപ്പിനിയൻ’ പത്രത്തിന്റെ ചുമതല വഹിക്കുകയായിരുന്നു മണിലാൽ. അവിടെ കേപ്പ് ടൗണിൽ താമസിച്ചിരുന്ന ഒരു ഗുജറാത്തി മുസ്‍ലിം കുടുംബത്തിലെ ഫാത്തിമ ഗൂൽ എന്ന പെൺകുട്ടിയുമായി മണിലാൽ പ്രണയത്തിലായി. പക്ഷേ, അച്ഛനോട് വിവാഹത്തിന് അനുമതി തേടിയപ്പോൾ നിരാശയായിരുന്നു ഫലം. മതം മാറിയുള്ള വിവാഹം അധാർമികമാണെന്നായിരുന്നു ഗാന്ധിയുടെ നിലപാട്. താൻ മതം മാറുന്നില്ലെന്നും ഫാത്തിമ വേണമെങ്കിൽ ഹിന്ദുമതത്തിലേക്ക് മാറുമെന്നുമുള്ള വിശദീകരണമൊന്നും ഗാന്ധിക്ക് സമ്മതമായില്ല. “വിവാഹത്തിനായുള്ള ഫാത്തിമയുടെ മതംമാറ്റവും അധർമമാണ്. സൗകര്യമനുസരിച്ച് മാറുന്ന വസ്ത്രംപോലെ ആണോ മതം?

ഇനി മതംമാറാതെ വിവാഹിതരായാൽ നിങ്ങളുടെ മക്കളുടെ മതം എന്തായിരിക്കും? ഹിന്ദു-മുസ്‍ലിം പ്രശ്നത്തിന് തന്നെ അതൊരു വലിയ ആഘാതമാകും. മിശ്രവിവാഹം അതിനൊരു പരിഹാരമല്ല.’’ ഗാന്ധി എഴുതി. നിന്റെ അമ്മക്കും ഇത് സഹിക്കാനാവില്ലെന്നും അദ്ദേഹം മകനെ അറിയിച്ചു. ഹിന്ദു-മുസ്‍ലിം ഐക്യത്തിനായി ഗാന്ധി ഏറ്റവും യത്നിച്ചിരുന്ന സമയമായിരുന്നു അത്. പക്ഷേ, ഹിന്ദുക്കളിലും മുസ്‍ലിംകളിലും ചില വിഭാഗങ്ങൾക്കെങ്കിലും ഈ മിശ്രബന്ധം രുചിക്കാനിടയില്ലെന്ന സംശയം അദ്ദേഹത്തിനുണ്ടായിരുന്നു.

പ്രണയവിവാഹങ്ങളോട് തന്നെ അദ്ദേഹം യോജിച്ചില്ല. ഹിന്ദിപ്രചാരണത്തിന് മദിരാശിക്ക് അയച്ച ഏറ്റവും ഇളയമകൻ ദേവദാസ് അച്ഛന്റെ അടുത്ത സഹപ്രവർത്തകൻ സി. രാജഗോപാലാചാരിയുടെ മകൾ ലക്ഷ്മിയുമായുള്ള പ്രണയത്തിലും ഗാന്ധി അസന്തുഷ്ടനായിരുന്നു. തമിഴ് ബ്രാഹ്മണനായ രാജാജി അത് സമ്മതിക്കില്ലെന്നായിരുന്നു ഗാന്ധി കരുതിയത്. പക്ഷേ, ആ വിവാഹം നടക്കുകതന്നെ ചെയ്തു. മൂന്നാമത്തെ മകൻ രാംദാസിന്റെ വിവാഹവും അക്കാലത്ത് തീരുമാനിച്ചു. ഗാന്ധി തന്നെ സ്വന്തം ഗുജറാത്തി ബനിയ ജാതിയിൽനിന്ന് തിരഞ്ഞെടുത്ത നിർമലയായിരുന്നു വധു. തന്നെപ്പോലെ മക്കളും ബ്രഹ്മചാരികളാകണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം നടന്നില്ലെന്ന് മാത്രം.

ഹിന്ദു-മുസ്‍ലിം നേതാക്കളെത്തി വീണ്ടും രാഷ്ട്രീയ നേതൃത്വം ഏറ്റെടുക്കണമെന്ന അഭ്യർഥന ഗാന്ധി ചെവിക്കൊണ്ടില്ല. ‘‘നിങ്ങളെ എനിക്ക് ഒന്നിപ്പിക്കാനാവുമെന്ന് തോന്നുന്നില്ല. ഇനി കുറേക്കാലം നിശ്ശബ്ദതകൊണ്ട് ഞാൻ രാജ്യത്തെ സേവിച്ചുകൊള്ളാം”, അദ്ദേഹം അവരോട് പറഞ്ഞു. എല്ലാ തിങ്കളാഴ്ചയും മൗനവ്രതമാചരിക്കാനുള്ള തീരുമാനവുമെടുത്തു. അദ്ദേഹത്തിന്റെ സുഹൃത്ത് പ്രമുഖ ആര്യസമാജ് നേതാവ് സ്വാമി ശ്രദ്ധാനന്ദ് ചില ഇസ്‍ലാമിക തീവ്രവാദികളാൽ കൊല്ലപ്പെട്ടതും അദ്ദേഹത്തെ വല്ലാതെ പരവശനാക്കി.

പക്ഷേ, ഡിസംബറിൽ ഗൗഹാത്തിയിലെ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചിരുന്നെങ്കിലും അവസാനം നേതാക്കളുടെ നിർബന്ധം മാനിച്ച് ഗാന്ധി പങ്കെടുത്തു. അതോടെ, സജീവ രാഷ്ട്രീയത്തിലേക്കുള്ള മടക്കവുമാരംഭിച്ചു. 1927 മാർച്ചിൽ ഗാന്ധി തന്നെ തിരഞ്ഞെടുത്ത വധുവുമായി മണിലാലിന്റെ വിവാഹവും നടന്നു. സബർമതി ആശ്രമത്തിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ കിഷോർ മശ്റുവാലയുടെ ബന്ധു സുശീല. അക്കാലത്ത് ഗാന്ധി തന്റെ ആത്മകഥയും എഴുതിത്തുടങ്ങി. പക്ഷേ, അതിനിടെ രക്താതിസമ്മർദംമൂലം വീണ്ടും അദ്ദേഹം കിടപ്പിലായി.

ആഗസ്റ്റ് അവസാനത്തോടെ വീണ്ടും അദ്ദേഹം സജീവമായി. തെക്കേ ഇന്ത്യയിൽ പര്യടനം ആരംഭിച്ചു. തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചശേഷം തിരുവിതാംകൂറിൽ രണ്ടാഴ്ച ചെലവഴിച്ചു. രണ്ടു വർഷം മുമ്പ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന വൈക്കം സത്യഗ്രഹത്തിലെന്നപോലെ അയിത്തോച്ചാടനമായിരുന്നു ഇക്കുറിയും ബാപ്പുവിന്റെ പ്രധാന പ്രഭാഷണവിഷയം. “അയിത്തം ഹിന്ദുമതത്തെ തകർക്കുന്ന കൊടുംവിഷമാണ്” –അദ്ദേഹം കൊല്ലത്ത് നടന്ന യോഗത്തിൽ പറഞ്ഞു.

നവംബറിൽ വീണ്ടും തെക്കേ ഇന്ത്യയിലെത്തിയ ഗാന്ധി കസ്തൂർബാക്കൊപ്പം തൂത്തുക്കുടിയിൽനിന്നും രണ്ടാഴ്ചത്തെ പര്യടനത്തിനായി ബോട്ട് മാർഗം സിലോണിലേക്കു പോയി. അപ്പോഴേക്കും ബാപ്പുവിന്റെ ജീവിതത്തിൽ മറ്റൊരു തീവ്രമായ സ്ത്രീ സൗഹൃദംകൂടി രൂപംകൊണ്ടിരുന്നു. ഗാന്ധിയെപ്പറ്റി അറിഞ്ഞ് ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് അഭിജാത കുടുംബാംഗമായ യുവതി മഗ്ദലെൻ സ്ലേഡ്. 1925 മുതൽ സബർമതിയിലെ അന്തേവാസിയായ മീരാ ബെഹൻ. അന്നുമുതൽ ഗാന്ധിയുടെ ആരാധികയും ശിഷ്യയും സന്തതസഹചാരിയും വിശ്വസ്തസഹായിയുമായി ഈ 33കാരി.

1928 ഫെബ്രുവരിയിൽ എസ്തർ നീണ്ട മൗനം അവസാനിപ്പിച്ച് ബാപ്പുവിന് രണ്ട് കത്തെഴുതി ഒന്നിച്ച് അയച്ചു. അതുവരെ നടന്ന കാര്യങ്ങളൊക്കെ വിശദമായി അവൾ എഴുതി. അപ്പോഴേക്കും ഗാന്ധിജി വമ്പിച്ച തിരക്കുകളുടെ മധ്യത്തിലായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ വിവിധ ഭരണതലങ്ങളിൽ ഇന്ത്യക്കാർക്ക് പ്രാതിനിധ്യം നൽകുന്നത് ആലോചിക്കാൻ അയച്ച സൈമൺ കമീഷനെ ബഹിഷ്കരിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ബ്രിട്ടീഷ് പാർലമെന്റ് അംഗമായ സർ ജോൺ സൈമൺ അധ്യക്ഷനായ ഈ കമീഷനിൽ ഒരു ഇന്ത്യക്കാരനെപ്പോലും ഉൾപ്പെടുത്താത്തതിനായിരുന്നു ഇന്ത്യ മുഴുവൻ അലയടിച്ച പ്രതിഷേധം.

“സൈമൺ മടങ്ങിപ്പോവുക” എന്ന മുദ്രാവാക്യം ഇന്ത്യയാകെ അലയടിച്ചു. ഈ ശക്തമായ പ്രക്ഷോഭത്തിനിടെയും എസ്തറിൽനിന്ന് ലഭിച്ച കത്തുകൾ ഗാന്ധിയെ സന്തോഷിപ്പിച്ചു. ഉടൻ അദ്ദേഹം മറുപടിയും എഴുതി. നീ എന്നെ പൂർണമായും മറന്നുകളഞ്ഞെന്ന് തോന്നിയെന്ന് അദ്ദേഹം പരിഭവിച്ചു. മേനോൻ ഇംഗ്ലണ്ടിൽ എന്താണ് ചെയ്യുന്നതെന്ന് ആരാഞ്ഞ ഗാന്ധി അദ്ദേഹത്തിനോട് അന്വേഷണം പറയണമെന്നും എഴുതി.

ബാപ്പുവിന്റെ കത്ത് കിട്ടിയ ഉടൻതന്നെ എഴുതിയ മറുപടിയിൽ മേനോന്റെയും മക്കളുടെയും ഒക്കെ വിശേഷങ്ങൾ എല്ലാം അവൾ എഴുതി. “അച്ഛനെ മറന്നോ എന്നു ചോദിച്ചാൽ നാൻ അദ്ദേഹത്തിന്റെ തവിട്ടുനിറത്തെപ്പറ്റിയും കറുത്ത മുടിയെപ്പറ്റിയുമൊക്കെ സന്തോഷത്തോടെ പറയും. പക്ഷേ, രണ്ട് കുഞ്ഞുങ്ങളുടെയും ആരോഗ്യം മോശമാണ്. രണ്ടു പേർക്കും വില്ലൻ ചുമ. നാനിന് മലമ്പനിയുടെ ശല്യവുമുണ്ട്. എനിക്കാണെങ്കിൽ രാത്രി ഉറക്കം കിട്ടുന്നില്ല. എന്റെ തൂക്കം രണ്ട് പൗണ്ട് കൂടി കുറഞ്ഞ് 92 പൗണ്ട് ആയിരിക്കുന്നു.”

ഗാന്ധി യൂറോപ് സന്ദർശനത്തിനിടക്ക് ഡെന്മാർക്കിലെത്തുമെന്ന് കേട്ട് എസ്തർ വലിയ സന്തോഷം പ്രകടിപ്പിച്ചു. “പക്ഷേ അങ്ങേക്ക് ഇവിടെ പലതും കാണാം. നല്ല പശുക്കൾ, സഹകരണ സൊസൈറ്റികൾ, കൃഷിയിടങ്ങൾ, ജനകീയ സ്കൂളുകൾ ഒക്കെ കാണാം. ദേവദാസിനെയും മഹാദേവ് ദേശായിയെയും കൂടെ കൊണ്ടുവരണം.” താൻ നൂറ്റ ഖദർ വിരിപ്പുകളും ടവലുകളും ഇവിടെ എല്ലാവർക്കും വലിയ ഇഷ്ടമായെന്നും അവൾ ബാപ്പുവിനെ അറിയിച്ചു.

“അങ്ങയുടെ പ്രായമേറിയ കുഞ്ഞ്” എന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ടായിരുന്നു എസ്തർ കത്ത് അവസാനിപ്പിച്ചത്.

മേയ് മാസമായപ്പോഴേക്കും കോപ്പൻഹേഗനിൽനിന്ന് 50 മൈൽ അകലെയുള്ള ഏസ് നീസ് പട്ടണത്തിനടുത്തുള്ള ഹോവ് ഗ്രാമത്തിലേക്ക് എസ്തർ താമസം മാറി. വീണ്ടും രോഗങ്ങൾ അവളെ വലച്ചു. ഗാന്ധിയുടെ സന്തതസഹചാരിയും ആശ്രമത്തിലെ പ്രധാനിയുമായിരുന്ന മഗൻലാലിന്റെ മരണമറിഞ്ഞ് എസ്തർ ബാപ്പുവിനെഴുതി. ജ്യേഷ്ഠ സഹോദരനെപ്പോലെ താൻ സ്നേഹിക്കുകയും ആദരിക്കുകയുംചെയ്ത മഗൻലാൽ ഭായി ആണ് ബാപ്പുവിന്റെ നിർദേശപ്രകാരം ആശ്രമത്തിന്റെ അച്ചടക്കം തന്നെ പഠിപ്പിച്ചതെന്ന് അവൾ എഴുതി. “പക്ഷേ പ്രായമാകുംതോറും എല്ലാ അച്ചടക്കവും എന്നെ വിട്ടുപോകുകയാണ്. ഞാൻ ഇപ്പോൾ കിടപ്പിലാണ്. രണ്ട് കാലിലെ ഞരമ്പുകളിലും കുത്തിവെപ്പ് എടുക്കുകയാണ്. ആദ്യം അൽപം ഭേദമുണ്ടായെങ്കിലും ഇപ്പോൾ വേദന കൂടുകയാണ്. ഒരു കാലിൽ വന്ന വലിയ കുരു വല്ലാത്ത വേദന ഉണ്ടാക്കുന്നു. ജൂ​ൈലയിൽ ഡെന്മാർക്കിലെത്തുന്ന മേനോനെ കാത്തിരിക്കുകയാണ് ഞാനും മക്കളും.’’

യൂറോപ്യൻ യാത്ര റദ്ദാക്കിക്കൊണ്ട് “യൂറോപ്യൻ സുഹൃത്തുക്കൾക്ക്” എന്ന തലക്കെട്ടിൽ ബാപ്പു എഴുതിയ സന്ദേശം തന്നെ ബാധിക്കുന്നില്ലെന്നായിരുന്നു എസ്തർ എഴുതിയത്. “കാരണം എന്റെ വീട് ഇന്ത്യയാണ്. എന്റെ മക്കളും ഇന്ത്യക്കാരാണ്. പക്ഷേ ഇന്ത്യൻ മണ്ണിൽ കാൽ കുത്തുമ്പോൾ കാലടി പൊള്ള​ുന്നതുകൊണ്ട് ഡെന്മാർക്കിൽ താമസിച്ചാൽ മതിയെന്നാണ് എന്റെ മകൾ നാൻ പറയുന്നത്. അവളുടെ അച്ഛനെപ്പോലെ അമ്മക്ക് എന്താണ് തവിട്ടുനിറമില്ലാത്തതെന്നും അവൾ ചോദിക്കാറുണ്ട്. അങ്ങയുടെ ചിത്രം കാണുമ്പോൾ അവൾ ചോദിക്കുന്നതെന്താണെന്നോ? ബാപ്പുജി അത്രക്ക് ദരിദ്രനാണോ, അമ്മേ?”

 

കോപ്പൻഹേഗനിൽ ഗാന്ധിജിയെപ്പറ്റിയുള്ള എസ്തറുടെ പ്രഭാഷണങ്ങളിലും ലേഖനങ്ങളിലും ഒരു വനിത ആഴത്തിൽ ആകൃഷ്ടയായി. എലൻ ഹൊറുപ് എന്ന പത്രപ്രവർത്തക. ഡെന്മാർക്കിലെ പ്രശസ്തനായ പത്രപ്രവർത്തകനും സമാധാന പ്രസ്ഥാനനേതാവുമൊക്കെയായ വിഗോ ഹൊറുപ്പിന്റെ മകൾ. അച്ഛനെപ്പോലെ സമാധാനപ്രവർത്തകയും സോഷ്യലിസ്റ്റും വനിതാവിമോചനപ്രവർത്തകയും ഒക്കെ ആയിരുന്നു അവർ. ഗാന്ധിജിയെ കാണാൻ 1929ൽ ഡെന്മാർക്കിലെ പ്രശസ്ത ചിത്രകാരിയായ കതിൻക ഓൽസണുമായി എലൻ ഇന്ത്യയിലെത്തി.

നേരെ സബർമതി ആശ്രമത്തിലെത്തി ഒരാഴ്ച അവിടെ ബാപ്പുവിനൊപ്പം തങ്ങുകയുംചെയ്തു. ഡെന്മാർക്കിലേക്ക് മടങ്ങിയശേഷം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും ഗാന്ധിയുടെ ആശയപ്രചാരണത്തിനും മറ്റുമുള്ള പ്രവർത്തനങ്ങളിൽ അവർ മുഴുകി. യൂറോപ്യൻ രാജ്യങ്ങളിൽ ഇന്ത്യയുടെ സുഹൃത്തുക്കൾ എന്ന പേരിൽ സമിതികൾ രൂപവത്കരിക്കാനും എലൻ മുൻകൈയെടുത്തു. ‘ഗാന്ധിയുടെ ഇന്ത്യ’ എന്ന പേരിൽ അവർ പുസ്തകം രചിച്ചു.

ചമ്പാരനും ഖേഡക്കും ശേഷം ഗാന്ധിജി നയിച്ച ഗുജറാത്തിലെ ബർദോളിയിലെ കർഷകസമരം ഗംഭീരവിജയം വരിച്ച നാളുകളായിരുന്നു അത്. കർഷകരിൽ ചുമത്തിയ അമിതനികുതിക്കെതിരെ നടന്ന ഈ പ്രക്ഷോഭത്തിന് ഗാന്ധിജി കണ്ടെത്തിയ ഉജ്ജ്വലനായ നേതാവായിരുന്നു സർദാർ വല്ലഭ് ഭായി പട്ടേൽ. ഈ സമരത്തിലെ വിജയം ദേശീയപ്രസ്ഥാനത്തിന​ും ഗാന്ധിജിക്കും പകർന്ന ഉന്മേഷം നിസ്സാരമായിരുന്നില്ല.

(തുടരും)

News Summary - weekly articles