വോളി കോര്‍ട്ടിലെ ഇടിമിന്നല്‍
അന്താരാഷ്ട്ര വോളിബാൾ കളിക്കാരനും മുൻ കേരള ക്യാപ്റ്റനും കോച്ചുമായ സി.കെ.ഔസേപ്പ് ജൂലൈ ഒമ്പതിന് വിടവാങ്ങി. അദ്ദേഹത്തെയും അക്കാലത്തെ കളിക്കളങ്ങളെയും ഓർമിക്കുകയാണ് ലേഖകൻ.സ്കൂള്‍ വിദ്യാർഥിയായിരിക്കെ ഹൈറേഞ്ചിലെങ്ങും വോളിബാള്‍ ആരാധകരുടെ കണ്ണിലുണ്ണിയായിരുന്ന നെയ്യശ്ശേരി ജോസിന്, അറുപതുകളുടെ അവസാനം ഫാക്ട് വോളിബാള്‍ ടീമിലെത്തിയപ്പോള്‍ സി.കെ. ഔസേപ്പ് എന്ന സ്വന്തം പേരുതന്നെ സ്വീകരിക്കേണ്ടിവന്നു. ലോകോത്തര വോളിബാള്‍ കളിക്കാരിലൊരാളായിരുന്ന ടി.ഡി. ജോസഫ് എന്ന പപ്പന്‍റെ നേതൃത്വത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്നോ നാലോ ടീമുകളിലൊന്നായിരുന്നു അക്കാലം ഫാക്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ...
Your Subscription Supports Independent Journalism
View Plansഅന്താരാഷ്ട്ര വോളിബാൾ കളിക്കാരനും മുൻ കേരള ക്യാപ്റ്റനും കോച്ചുമായ സി.കെ.ഔസേപ്പ് ജൂലൈ ഒമ്പതിന് വിടവാങ്ങി. അദ്ദേഹത്തെയും അക്കാലത്തെ കളിക്കളങ്ങളെയും ഓർമിക്കുകയാണ് ലേഖകൻ.
സ്കൂള്‍ വിദ്യാർഥിയായിരിക്കെ ഹൈറേഞ്ചിലെങ്ങും വോളിബാള്‍ ആരാധകരുടെ കണ്ണിലുണ്ണിയായിരുന്ന നെയ്യശ്ശേരി ജോസിന്, അറുപതുകളുടെ അവസാനം ഫാക്ട് വോളിബാള്‍ ടീമിലെത്തിയപ്പോള്‍ സി.കെ. ഔസേപ്പ് എന്ന സ്വന്തം പേരുതന്നെ സ്വീകരിക്കേണ്ടിവന്നു. ലോകോത്തര വോളിബാള്‍ കളിക്കാരിലൊരാളായിരുന്ന ടി.ഡി. ജോസഫ് എന്ന പപ്പന്‍റെ നേതൃത്വത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്നോ നാലോ ടീമുകളിലൊന്നായിരുന്നു അക്കാലം ഫാക്ട്.
സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ വളം നിർമാണശാല എം.കെ.കെ. നായര്‍ എന്ന ഭാവനാശാലിയായ ഭരണാധികാരിയുടെ കീഴില്‍ ഫുട്ബാളിലും വോളിബാളിലും ബാസ്കറ്റ് ബാളിലും ബാഡ്മിന്‍റണിലുമെല്ലാം മുന്‍നിരയിലെത്തി. പപ്പന്‍ പ്രസരിപ്പിച്ച ഊർജത്തില്‍ ആകൃഷ്ടനായി ഔസേപ്പ് ഫാക്ടില്‍ വന്നതോടെ ഇന്ത്യന്‍ അത്ലറ്റിക്സിന് ഉറപ്പുള്ള മെഡലുകളാണ് നഷ്ടമായത്. ഫാക്ട് വോളിബാള്‍ ടീമില്‍ ആദ്യമേ എത്തിയ മുന്‍ കേരള യൂനിവേഴ്സിറ്റി താരവും കേരളം കണ്ട മികച്ച അറ്റാക്കര്‍മാരിലൊരാളുമായിരുന്ന തൊടുപുഴ മുതലക്കോടം സ്വദേശി കുര്യാക്കോസാണ് ഔസേപ്പിനെ റെയില്‍വേ ടീമിൽനിന്ന് ഫാക്ടിലെത്തിക്കാന്‍ മുന്‍കൈയെടുത്തത്.
ദേശീയ ലോങ് ജംപ് ചാമ്പ്യനായിരുന്ന രഘുനാഥനെ പിന്തള്ളി സ്റ്റേറ്റ് മീറ്റില്‍ സ്വർണമണിഞ്ഞിട്ടുണ്ട് ഔസേപ്പ്. സംസ്ഥാന മീറ്റില്‍ ഹൈജംപ്, ഡെക്കാത്ലണ്‍ സ്വർണവും സ്വന്തമാക്കി. അത്ലറ്റിക്സില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഹൈറേഞ്ചിന്‍റെ ഈ വീരപുത്രന്‍ ഒളിമ്പിക്സോളം എത്തുമായിരുന്നുവെന്ന് കോര്‍ട്ടില്‍ ദീര്‍ഘകാലം ഒരുമിച്ചു കളിച്ച ഭുവനദാസിനെപ്പോലുള്ളവര്‍ കരുതുന്നു. ഈ കാഴ്ചപ്പാട് ശരിയായിരുന്നുവെന്ന് അക്കാലത്തെ ഔസേപ്പിന്‍റെ പ്രകടനം സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. ലോങ്ജംപില്‍ 7.2 മീറ്റര്‍ അനായാസം താണ്ടിയിരുന്ന, ഏതു സാഹചര്യത്തിലും നൂറു മീറ്റര്‍ 10.8 സെക്കന്‍ഡില്‍ താെഴ ഓടാന്‍ കഴിയുന്ന ഔസേപ്പ് ഹൈജംപ്, ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ ഇനങ്ങളിലും ദേശീയ നിലവാരം പുലര്‍ത്തിയിരുന്നു.
ഒരു ഡെക്കാത്ലിറ്റിനു വേണ്ട ഉയരവും കായിക ക്ഷമതയും ഉൾപ്പെടെ എല്ലാ ഗുണങ്ങളും തികഞ്ഞ താരത്തെ ആദ്യം കണ്ട രംഗം ഇപ്പോഴും ഓര്‍ക്കുന്നു. ഫാക്ട് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന സംസ്ഥാന മീറ്റിലെ ഹൈജംപ് പിറ്റില്‍ വളന്റിയര്‍മാരായിരുന്ന ഞങ്ങള്‍ വിദ്യാർഥികള്‍, സാധാരണ ഹൈജംപില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയിരുന്ന ജെയിംസ്, ജോണ്‍ എന്നീ അത്ലറ്റുകള്‍ക്കൊപ്പം വാം അപ് ചെയ്യുന്ന ദൃഢഗാത്രനെ പ്രത്യേകം ശ്രദ്ധിച്ചു. മറ്റുള്ളവര്‍ മത്സരിക്കാന്‍ തുടങ്ങിയിട്ടും ആറടി വരെ പാസ് പറഞ്ഞ ശേഷമാണയാള്‍ ചാടിത്തുടങ്ങിയത്.
ഒന്നാം സ്ഥാനം ഈ അപരിചിതന്‍തന്നെ നേടി. ഓരോ ചുവടിലും നിറഞ്ഞുനിന്ന നാട്ടിന്‍പുറത്തുകാരന്‍റെ ആത്മവിശ്വാസവും അസൂയാവഹമായ മെയ്ക്കരുത്തുമായിരുന്നു പ്രത്യേകത. സ്കൂള്‍ വിദ്യാർഥികളായിരുന്ന ഞങ്ങളെ സംബന്ധിച്ചിടത്തോളം ഫാക്ടിന്‍റെ കളിത്തട്ടില്‍ ഔസേപ്പ് വരവറിയിക്കുകയായിരുന്നു.
കോളജ്, ജില്ല തല കോച്ചിങ് ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നതിനു മുമ്പുതന്നെ നാട്ടിന്‍പുറത്തെ വോളി കോര്‍ട്ടില്‍നിന്ന് നേരെ കയറിവന്ന് ദേശീയ നിലവാരമുള്ള പ്രകടനം നടത്തുക എന്ന അത്ഭുതംകൂടി ഈ അത്ലറ്റ് കാണിച്ചിട്ടുണ്ട്. കോതമംഗലം സെന്‍റ് ജോര്‍ജ് ക്ലബിനുവേണ്ടിയായിരുന്നു അത്ലറ്റിക്സില്‍ ആദ്യകാലത്ത് മത്സരിച്ചിരുന്നത്.
പിന്നീട് റെയില്‍വേക്കും ഫാക്ടിനും വേണ്ടി ഇറങ്ങി. നെയ്യശ്ശേരി സെന്‍റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന പി.എ. ഉതുപ്പച്ചന്‍, കരിമണ്ണൂര്‍ സെന്‍റ് ജോസഫ്സ് ഹൈസ്കൂളിലെ പി.ഒ. ജോസ് മാഷ് എന്നീ അധ്യാപകരാണ് തന്നെ കളിക്കളത്തിലേക്കാനയിച്ചതെന്ന് ഔസേപ്പ് ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. മലയോരത്തെ ചെമ്മണ്‍പാതകളിലൂടെ കിലോമീറ്ററുകള്‍ നടന്ന് കരിമണ്ണൂരെത്തിയായിരുന്നു നിത്യപരിശീലനം. അസാധാരണമായ മെയ്ക്കരുത്തും ചെറുപ്പം മുതലേ നടത്തിയ കഠിനപരിശീലനവുമാണ് അദ്ദേഹത്തിന്‍റെ കായികജീവിതം സമ്പന്നമാക്കിയത്.
ഔസേപ്പുകൂടി വന്നതോടെ ഫാക്ട് വോളിബാള്‍ ടീമിന്‍റെ ശക്തി ഏറെ വര്‍ധിച്ചു. ട്രാക്കിനും ഫീല്‍ഡിനും അവധി നല്‍കി അദ്ദേഹം വോളിബാള്‍ കോര്‍ട്ടില്‍ മുഴുവന്‍ ശ്രദ്ധയും അര്‍പ്പിക്കാന്‍ തുടങ്ങിയതോടെ കളിക്കമ്പക്കാര്‍ക്ക് മറക്കാന്‍ കഴിയാത്ത നിമിഷങ്ങള്‍ പിറന്നു. അറ്റാക്കര്‍മാരുടെ ശൈലീവൈവിധ്യവും മികച്ച ഫസ്റ്റ് പാസ്, കറ തീര്‍ന്ന ബ്ലോക്കിങ്, സെറ്റര്‍മാരുടെ മികവ് എന്നീ ഘടകങ്ങളുമായിരുന്നു അക്കാലത്തെ ഫാക്ട് ടീമിന്‍റെ പ്രത്യേകത.
ഷോർട്ട്, മീഡിയം പന്തുകളില്‍ എതിരാളികളെ അമ്പരപ്പിച്ച് നിലം കുഴിക്കുന്ന സ്മാഷുകള്‍ ഉതിര്‍ത്തിരുന്ന പപ്പന്‍, കനത്ത സ്മാഷുകളും മികച്ച ബ്ലോക്കിങ്ങുമായി കളംനിറഞ്ഞുനിന്ന കുര്യാക്കോസ്, മനോഹരമായ റൗണ്ടാം സ്മാഷുകളിലൂടെ ബ്ലോക്കര്‍മാരുടെ ടൈമിങ് തെറ്റിച്ചിരുന്ന ഭുവനദാസ്, കനത്ത സര്‍വിസുകളിലൂടെ പോയന്‍റു നേടുകയും ഒറ്റക്കാലില്‍ കുതിച്ചുയര്‍ന്ന് േപ്ലസിങ് ഷോട്ടുകള്‍ പായിക്കുകയും ചെയ്യുന്ന സി.പി. ആന്‍റണി എന്നീ എണ്ണം പറഞ്ഞ കളിക്കാര്‍ക്കിടയിലേക്കാണ് എതിരാളികളെ നിഷ്പ്രഭമാക്കുന്ന പവര്‍ സ്മാഷിന്‍റെ കരുത്തുമായി ഔസേപ്പ് എത്തുന്നത്.
രാജ്യത്തെ ഒന്നാംകിട ബ്ലോക്കര്‍മാരായിരുന്ന ബല്‍വന്ത് സിങ്ങും രമണറാവുവുമൊക്കെ തീര്‍ത്ത പ്രതിരോധം തകര്‍ത്തെറിഞ്ഞ് ഇടിമിന്നല്‍പോലെ ഔസേപ്പിന്‍റെ സ്മാഷുകള്‍ കോര്‍ട്ടില്‍ പതിച്ചു. ജോയ്, എം.എസ്. ജോസഫ്, റാഫി, ഉറുമീസ് എന്നീ മികച്ച സെറ്റര്‍മാരും പലഘട്ടങ്ങളിലായി ഫാക്ട് ടീമിനെ പ്രതിനിധാനംചെയ്തിട്ടുണ്ട്. ഇവരില്‍ ഏറ്റവും സീനിയറായ എം.എസ്. ജോസഫ് ലോക വെറ്ററന്‍ മീറ്റിനു പോകാനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍.
87ാം വയസ്സിലും ഉലയാത്ത ശരീരം സൂക്ഷിക്കുന്ന എം.എസിനെ പണ്ട് കൂടെ കളിച്ചിരുന്നവര്‍ അസൂയയോടെ കാണുന്നു. സഹ കളിക്കാരനെ ഈ ലോകത്തില്‍നിന്നു യാത്രയയക്കാന്‍ ദുഃഖഭാരത്തോടെ എം.എസ്. ജോസഫും കുര്യാക്കോസും ഭുവനദാസും വിവധ തലമുറകളില്‍പെട്ട അനേകം കളിക്കാരും തൊടുപുഴയുടെ പ്രാന്തപ്രദേശത്തുള്ള നെയ്യശ്ശേരി എന്ന ഗ്രാമത്തില്‍ റബര്‍ത്തോട്ടങ്ങള്‍ക്കു നടുവിലെ വീട്ടുമുറ്റത്ത് എത്തിച്ചേര്‍ന്നിരുന്നു.
1969 മുതല്‍ തുടര്‍ച്ചയായി ഒമ്പതുവര്‍ഷം നാഷനല്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിനെ പ്രതിനിധാനംചെയ്തിട്ടുണ്ട് ഔസേപ്പ്. രണ്ടുതവണ ദേശീയ ടീമിലും കളിച്ചു. പ്രാദേശിക ടൂര്‍ണമെന്‍റുകള്‍ മുതല്‍ ദേശീയതലത്തിലുള്ള ടൂര്‍ണമെന്‍റുകളില്‍ വരെ ഒരേ ആവേശത്തോടെയും ഊർജസ്വലതയോടെയും കളം നിറഞ്ഞുനിന്ന മറ്റൊരു കളിക്കാരനെ ചൂണ്ടിക്കാണിക്കാന്‍ കഴിയില്ലെന്ന് കളിക്കമ്പക്കാര്‍ പറയുന്നു.
പ്രമുഖ വോളിബാള്‍ താരവും കോച്ചുമായ നടുവണ്ണൂര്‍ അച്ചു മാഷാണ് മലബാര്‍ മേഖലയിലെ ടൂര്‍ണമെന്‍റുകളിലേക്ക് ഔസേപ്പിനെ ക്ഷണിച്ചു കൊണ്ടുവന്നിരുന്നത്. നിരവധി ഓൾ കേരള, ഓള്‍ ഇന്ത്യ ടൂര്‍ണമെന്‍റുകള്‍ ഉണ്ടായിരുന്ന കേരളത്തില്‍ ഇന്ന് മരുന്നിനുപോലും വോളിബാള്‍ ടൂര്‍ണമെന്‍റുകള്‍ ഇല്ല എന്ന ദുഃഖസത്യം അവശേഷിക്കുന്നു. വിയര്‍പ്പൊഴുക്കാനും മിനക്കെടാനും തയാറില്ലാത്ത പുതിയ തലമുറക്ക് പറ്റിയ വെര്‍ച്വല്‍ കളികള്‍ ഏറെയുണ്ടുതാനും.
സര്‍വിസ് അവസാനിക്കാന്‍ പിന്നെയും മൂന്നുവര്‍ഷം അവശേഷിക്കുമ്പോഴാണ് ഉദ്യോഗമണ്ഡലില്‍നിന്ന് നാട്ടിലേക്കു മടങ്ങി കൃഷിയില്‍ മുഴുകാന്‍ ഔസേപ്പ് തീരുമാനിക്കുന്നത്. രോഗിയായ സഹോദരിക്കു തണലായി, നാലേക്കര്‍ വരുന്ന കൃഷിയിടത്തില്‍ പണിയെടുത്ത് വീട്ടില്‍ കഴിയാനായിരുന്നു ഈ മടക്കം. ഫാക്ട് ഹൈസ്കൂള്‍ ടീമിനെ വര്‍ഷങ്ങളോളം പരിശീലിപ്പിച്ചു. പല വര്‍ഷങ്ങളില്‍ എറണാകുളം ജില്ല ടീമിന്‍റെ കോച്ചായും പ്രവര്‍ത്തിച്ചു.
അവസാനകാലത്ത് താന്‍ കളിച്ചുതുടങ്ങിയ നെയ്യശ്ശേരി സ്കൂളിന്‍റെ മുറ്റത്ത് കുട്ടികള്‍ക്ക് ബാലപാഠങ്ങള്‍ പറഞ്ഞു കൊടുക്കുകയും അവരോടൊപ്പം കളിക്കുകയും ചെയ്തിരുന്നു. കളിക്കളത്തില്‍നിന്ന് ഒരിക്കലും മാറിനില്‍ക്കാന്‍ ഇഷ്ടപ്പെടാതിരുന്ന ഔസേപ്പ് വോളിബാളിനോടുള്ള കടുത്ത പ്രേമം കാരണം വിവാഹത്തെക്കുറിച്ച് ആലോചിക്കുകപോലും ചെയ്തില്ല. കൃഷിത്തോട്ടത്തിനു നടുവിലെ കൊച്ചുവീട്ടില്‍ ജീവിതം തള്ളിനീക്കുമ്പോള്‍ ഒന്നിനെക്കുറിച്ചും പരാതിയില്ലായിരുന്നു. 78ാം വയസ്സില്‍ ഔസേപ്പ് വിടപറഞ്ഞതോടെ വോളിബാളിലെ കരുത്തിന്‍റെ പ്രതീകമായിരുന്ന ഒരു തലമുറയുടെ പ്രതിനിധികൂടിയാണ് കടന്നുപോയത്.