പൊതുപ്രവർത്തനവും നിയമപഠനവും
ടെലിഫോൺ എക്സ്ചേഞ്ചിലെ ജോലി വിട്ട് നിയമപഠനത്തിനു ചേരാൻ തീരുമാനിക്കുന്നു. പഠനത്തിനൊപ്പം ട്യൂഷൻ സെന്ററിൽ ജോലിചെയ്യുന്നു. ആ അനുഭവം എഴുതുന്നതിനൊപ്പം താൻകൂടി പങ്കാളിയായ ‘പരിസരവേദി’യുടെ പ്രവർത്തനങ്ങളെക്കുറിച്ചും വിവരിക്കുന്നു.ഉള്ള തൊഴിൽ -ദിവസവേതനമാണെങ്കിലും- ഉപേക്ഷിക്കുക എളുപ്പമായിരുന്നില്ല. തത്ത്വചിന്തയിലെ ബിരുദം ‘ഭക്ഷ്യസുരക്ഷ’ ഉറപ്പുനൽകാൻ പോന്നതായിരുന്നില്ല. കഷ്ടിച്ചു മുന്നോട്ടുപോയ ‘പരിസരവേദി’ ബുള്ളറ്റിൻ ആകട്ടെ, വരുമാനത്തിനുള്ള...
Your Subscription Supports Independent Journalism
View Plansടെലിഫോൺ എക്സ്ചേഞ്ചിലെ ജോലി വിട്ട് നിയമപഠനത്തിനു ചേരാൻ തീരുമാനിക്കുന്നു. പഠനത്തിനൊപ്പം ട്യൂഷൻ സെന്ററിൽ ജോലിചെയ്യുന്നു. ആ അനുഭവം എഴുതുന്നതിനൊപ്പം താൻകൂടി പങ്കാളിയായ ‘പരിസരവേദി’യുടെ പ്രവർത്തനങ്ങളെക്കുറിച്ചും വിവരിക്കുന്നു.
ഉള്ള തൊഴിൽ -ദിവസവേതനമാണെങ്കിലും- ഉപേക്ഷിക്കുക എളുപ്പമായിരുന്നില്ല. തത്ത്വചിന്തയിലെ ബിരുദം ‘ഭക്ഷ്യസുരക്ഷ’ ഉറപ്പുനൽകാൻ പോന്നതായിരുന്നില്ല. കഷ്ടിച്ചു മുന്നോട്ടുപോയ ‘പരിസരവേദി’ ബുള്ളറ്റിൻ ആകട്ടെ, വരുമാനത്തിനുള്ള ഉപാധിയുമായിരുന്നില്ല. ടെലിഫോൺ എക്സ്ചേഞ്ചിലെ തന്നെ കെ.കെ. സത്യനും നാട്ടിലെ കെ.പി. തമ്പാനും മറ്റും നൽകിയ പിന്തുണയിൽ അതങ്ങനെ നടന്നുപോയി എന്നുമാത്രം. പക്ഷേ, ടെലിഫോൺ എക്സ്ചേഞ്ചിലെ സഹപ്രവർത്തകരുടെ സ്നേഹത്തിനോ പിന്തുണക്കോ ആ തൊഴിലിന്റെ ഏകതാനതയോ അതു നൽകുന്ന മടുപ്പോ ഇല്ലാതാക്കാൻ കഴിഞ്ഞിരുന്നില്ല.
ഇങ്ങനെയെല്ലാമാണ് ഒടുവിൽ ആ തീരുമാനമെടുത്തത്. ടെലിഫോൺ എക്സ്ചേഞ്ചിലെ ജോലി വിടാനും കോഴിക്കോട് ഗവ. ലോ കോളജിൽ നിയമബിരുദ പഠനത്തിന് ചേരാനും. അതിനു പ്രചോദനമായത് എം.പി. ഗോവിന്ദൻ നമ്പ്യാർ എന്ന വലിയ അഭിഭാഷകന്റെ വീട്ടിൽ നടത്തിയ ഒരു യാദൃച്ഛിക സന്ദർശനമാണെന്നത് വിചിത്രമായി തോന്നാം. എന്നാൽ, ചില യാദൃച്ഛികതകളാണ് ചിലപ്പോൾ ആസൂത്രണങ്ങളായി പരിണമിക്കുക.
ജോലി വിടുന്നതിനെക്കുറിച്ചുണ്ടായ ഭിന്നാഭിപ്രായങ്ങളെ അവഗണിച്ചപ്പോഴും നിയമവിദ്യാഭ്യാസ സമയത്ത് ജീവിക്കാനുള്ള വരുമാനം കണ്ടെത്തുക പ്രയാസമായിരുന്നു. ചില സമാന്തര കോളജുകളിൽ വൈകുന്നേരങ്ങളിൽ ക്ലാസ് എടുക്കാൻ കഴിയുമോ എന്നന്വേഷിച്ചുനോക്കി. കോഴിക്കോട്ടെ രാമദാസ് വൈദ്യരുടെ സഹായമുണ്ടായിരുന്നു, ഇത്തരം അന്വേഷണങ്ങൾക്ക്. ടെലിഫോൺ എക്സ്ചേഞ്ചിലെ ജോലിസമയത്ത് പ്രസിദ്ധീകരിച്ച ഒരു ബുള്ളറ്റിനിൽ പ്രകൃതി കൃഷിയെക്കുറിച്ചുള്ള പ്രചാരണത്തിനായുള്ള കുറിപ്പു കണ്ട് ‘പരിസരവേദി’യുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചോദിക്കാൻ വന്ന ഒരു വലിയ പത്രപ്രവർത്തകനും അക്കാലത്ത് കോഴിക്കോട് കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചത്- ‘ഇന്ത്യൻ എക്സ്പ്രസി’ലെ എൻ. മാധവൻകുട്ടി. മാധവൻ കുട്ടിയും ഭാര്യ നിർമല ചേച്ചിയുമായുള്ള സ്നേഹ സൗഹൃദം ആരംഭിച്ചത് ഇക്കാലത്താണ്. അതിന്നും തുടരുന്നു. അവരും വരുമാനരഹിതമായ ലോ കോളജ് ദിവസങ്ങളിൽ വലിയ പിന്തുണയാണ് നൽകിയത്.
സമാന്തര ജോലിക്കുള്ള അന്വേഷണം തുടർന്നു. ചെറിയൊരു വരുമാനമില്ലാതെ പഠിത്തം തുടരാൻ കഴിയില്ല. വീട്ടിൽ അമ്മയുടെ വരുമാനം സഹോദരിമാരുടെ പഠനത്തിനും മറ്റു കാര്യങ്ങൾക്കും ഉപയോഗിക്കേണ്ടി വരുമെന്നതിനാൽ വലിയൊരു സാമ്പത്തിക സുരക്ഷിതത്വം -ലോ കോളജിലെ സമ്പന്ന വിദ്യാർഥികൾക്കുണ്ടായിരുന്നതു പോലെ- എനിക്കില്ലായിരുന്നു.
എന്നാൽ, കോഴിക്കോട് നഗരത്തിലെ ഒരു സമാന്തര കോളജിൽ സായാഹ്ന കോഴ്സുകൾ ഉണ്ടായിട്ടും പ്രിൻസിപ്പൽ വെട്ടിത്തുറന്നു പറഞ്ഞു, ഞങ്ങൾക്ക് ആവശ്യം ഷേക്സ്പിയറിനെയും വേഡ്സ്വർത്തിനെയും ഷെല്ലിയെയും മിൽട്ടണെയുമാണ്; അല്ലാതെ ബർട്രന്റ് റസലിനെയോ ഹെഗലിനെയോ കാന്റിനെയോ അല്ല. ഞാൻ നേടിയ ഫിലോസഫി ബിരുദത്തിന്റെ പ്രയോജനമില്ലായ്മയെക്കുറിച്ചുള്ള ഒരോർമപ്പെടുത്തലായിരുന്നോ അതെന്നറിയില്ല. എന്നാൽ, നിയമബിരുദം അങ്ങനെ നിഷ്പ്രയോജനമാകില്ല എന്ന പ്രതീക്ഷ അപ്പോഴും ജ്വലിച്ചുനിന്നു. അതിനു കളമൊരുക്കിയ എന്റെ ബിരുദം എന്റെ ജീവനു തുല്യമായിരുന്നു. ഒരുവേള, ജീവൻതന്നെയായിരുന്നു.
ഒടുവിൽ കോഴിക്കോട്ടെ ബന്ധുവായ ദിവാകരേട്ടന്റെ ശിപാർശയിൽ തളി ക്ഷേത്രത്തിനു സമീപം പി.സി.കെ. രാജ നടത്തിയ ട്യൂഷൻ സെന്ററിൽ വൈകുന്നേര ക്ലാസുകൾ കൈകാര്യംചെയ്യാൻ അവസരം കിട്ടി. അതുകൂടാതെ കോഴിക്കോട്ടെ ഒരു വലിയ അഭിഭാഷകന്റെ മകന് ട്യൂഷനെടുത്തു. ഇതെല്ലാം ചെറിയ വരുമാന മാർഗമായി. ഇങ്ങനെ വീട്ടിൽ പോയി പഠിപ്പിച്ച അഭിഭാഷകന്റെ മകനെ ഒരുപാടു കാലത്തിനു ശേഷം കേരള ഹൈകോടതിയിൽ അഭിഭാഷകനായി കണ്ടു. അപ്പോഴേക്കും ജീവിതം മാറിമറിഞ്ഞിരുന്നു. ഇന്നും കോടതിയിൽ ആ ‘കുട്ടി’യെ കാണുമ്പോൾ നടന്നുതീർത്ത വഴികൾ ഓർമവരും. ജീവിതഘടികാരത്തിന്റെ സൂചികൾ തനിയെ പിറകോട്ട് ചലിക്കും.
ഏതായാലും ലോ കോളജ് വിദ്യാഭ്യാസത്തിനിടയിലും ‘പരിസരവേദി’ ബുള്ളറ്റിൻ പ്രസിദ്ധീകരണവും പൊതുപ്രവർത്തനവും തുടരാനായി. കോഴിക്കോട് മെഡിക്കൽ കോളജിലെ ബ്രഹ്മപുത്രനും കൃഷ്ണകുമാറും വേദിയുടെ പ്രവർത്തനങ്ങളിൽ സജീവമായ പിന്തുണയാണ് നൽകിയത്. ടെലിഫോൺ എക്സ്ചേഞ്ചിലെ സത്യനും അതിനിടെ മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് കോഴ്സിനു ചേർന്നുകഴിഞ്ഞിരുന്നു. സത്യനും വേദിയുടെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം തുടർന്നു.
ആയിടെ ‘പരിസരവേദി’ നടത്തിയ ഒരു സമരത്തിന്റെ കഥ ഇന്ന് ആരിലും കൗതുകമുയർത്തിയേക്കാം. ആകാശവാണിയിൽ പരസ്യങ്ങൾ പ്രക്ഷേപണം ചെയ്യുന്നതിനെതിരെയായിരുന്നു ആ സമരം! ആകാശവാണിയെ പരസ്യവാണിയാക്കുന്നതിനു പിന്നിലെ വാണിജ്യതാൽപര്യങ്ങൾ തിരിച്ചറിയണമെന്നാവശ്യപ്പെട്ടുകൊണ്ട് ഞങ്ങൾ ‘പരിസരവേദി’യുടെ ബാനറിൽ ഒരുദിവസത്തെ നിരാഹാര സമരം നടത്തി -കോഴിക്കോട് ആകാശവാണി കെട്ടിടത്തിനു മുന്നിൽ. മറ്റൊരു സമരം നടത്തിയത് ചില ഡോക്ടർമാരുടെ നിക്ഷിപ്ത താൽപര്യത്തിലൂന്നിയ ചികിത്സാരീതികളെ വിമർശിക്കാനായിരുന്നു. ആശുപത്രികളിലെ അശ്രദ്ധമൂലമുള്ള മരണങ്ങളെക്കുറിച്ചുള്ള ആകുലതകളും പങ്കുവെച്ചു. ഇത്തരം ഒരു വിഷയത്തിൽ മുഖ്യമന്ത്രിക്ക് ആയിരം രോഗികളെക്കൊണ്ട് കത്തയച്ച് കാമ്പയിൻ സംഘടിപ്പിച്ചു. അന്ന് ഇ.കെ. നായനാർ ആയിരുന്നു മുഖ്യമന്ത്രി. ഈ സമരത്തെ നായനാരുടെ ഉലുവ പ്രേമവുമായി ബന്ധപ്പെടുത്തി ബി.എം. ഗഫൂർ ‘മാതൃഭൂമി’യിൽ കാർട്ടൂൺ വരച്ചു. ‘പരിസരവേദി’യുടെ പ്രവർത്തനങ്ങളുടെ ആസ്ഥാനം തലശ്ശേരിയിൽനിന്ന് കോഴിക്കോട്ടേക്ക് മാറി. ചാലപ്പുറത്തെ താമസിച്ചുവന്ന ലോഡ്ജ് മുറിതന്നെയായിരുന്നു പരിസ്ഥിതി പ്രവർത്തനങ്ങളുടെയും ‘പത്രപ്രവർത്തന’ത്തിന്റെയും ആസ്ഥാനം.
അതിനിടെ ഏതോ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് ജോർജ് ഫെർണാണ്ടസ് കോഴിക്കോട് വന്നപ്പോൾ പോയി സംസാരിച്ചു -തൊഴിൽ മേഖലയിലെ ചൂഷണങ്ങളെക്കുറിച്ചും മറ്റും. ‘പരിസരവേദി’ ബുള്ളറ്റിനിൽ മികച്ച എഴുത്തുകാർകൂടി എഴുതാൻ തുടങ്ങി. സിവിക് ചന്ദ്രനും സച്ചിദാനന്ദനും മറ്റും പങ്കെടുത്ത ജീവിതശൈലി രാഷ്ട്രീയത്തെക്കുറിച്ചുള്ള ചർച്ച ബുള്ളറ്റിനിൽ ഇടംപിടിച്ചതും ഇക്കാലത്താണ്. ധൈഷണിക സംവാദങ്ങളും ലിറ്റിൽ മാഗസിനുകളും കേരളത്തിന്റെ ബൗദ്ധിക പരിസരത്തെ ആഴത്തിൽ സ്വാധീനിച്ച കാലഘട്ടംകൂടിയായിരുന്നു എൺപതുകൾ.
പിൽക്കാലത്ത് കാസർകോട് ജില്ലയിലെ തൃക്കരിപ്പൂരിലെ നിർദിഷ്ട താപനിലയത്തിനെതിരെയും കണ്ണൂർ ജില്ലയിലെ പെരിങ്ങോത്തെ നിർദിഷ്ട ആണവ നിലയത്തിനെതിരെയും നടന്ന ജനകീയ സമരങ്ങളിൽ ഇതര സംഘടനകൾക്കും വ്യക്തികൾക്കുമൊപ്പം ‘പരിസരവേദി’യും അതിന്റേതായ പങ്കുവഹിച്ചു. പരിസ്ഥിതിക്കും ജീവനും ഭീഷണി ഉയർത്തുമായിരുന്ന ഈ പദ്ധതികൾ നടക്കാതെ പോയത് ഈ പ്രദേശങ്ങളിലെ മാത്രമല്ല, കേരളത്തിലെ ജനങ്ങൾക്കാകെ ആശ്വാസം നൽകിയെന്നുവേണം കാണാൻ.
പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട മേഖലകളിൽ പയ്യന്നൂരിലെ പബ്ലിക് ഹെൽത്ത് ഫോറം സജീവമായി ഇടപെട്ട കാലംകൂടിയായിരുന്നു ഇത്. അന്ന് പ്രവർത്തിച്ച രീതിയിൽ ശക്തമായും വ്യാപകമായും പ്രവർത്തിക്കാൻ ഇപ്പോൾ നവസാമൂഹിക പ്രസ്ഥാനങ്ങൾക്ക് കഴിയുന്നില്ല. അതിന്റെ കാരണങ്ങൾ പലതാണ്. പരിസ്ഥിതിയുടെ രാഷ്ട്രീയം വ്യക്തമാക്കി പുസ്തകമെഴുതിയ ആൻഡ്രെ ഗോർസ് പിൽക്കാലത്ത് ‘ദ ഇമ്മെറ്റീരിയൽ’ എന്ന ഗ്രന്ഥം എഴുതുകയുണ്ടായി. ഡിജിറ്റൽ സാങ്കേതികവിദ്യയും വിവരസാങ്കേതികതയുടെ അതിപ്രസരവും എങ്ങനെ സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളിൽ സ്വാധീനം ചെലുത്തുന്നു എന്ന് വ്യക്തമാക്കുന്നതാണീ കൃതി. ഇന്ന് ലോകത്ത് സജീവമായി വരുന്ന വലതുപക്ഷ പോപുലിസ്റ്റ് ഓട്ടോക്രസികളുടെ കുത്തൊഴുക്കിൽ ഗോർസിനെ വീണ്ടും വീണ്ടും വായിക്കുന്നത് നന്നായിരിക്കുമെന്നു തോന്നുന്നു. ഈ മാറിയ ലോകസാഹചര്യം കേരളത്തിലും അതിന്റെ തണുത്ത കാറ്റ് വിതച്ചിട്ടുണ്ടാകാം. വേറിട്ട ചിന്തകളുടെയും പ്രവർത്തനങ്ങളുടെയും മൗലികദർശനങ്ങളുടെയും പ്രസ്ഥാനങ്ങളെ മന്ദീഭവിപ്പിച്ചതിൽ സാങ്കേതികവിദ്യ മുതൽ അന്യവത്കരണംവരെ നിരവധി ഘടകങ്ങൾക്ക് പങ്കുണ്ടാകാം.
ലോ കോളജ് പഠനകാലത്തും വായന നന്നായി തുടർന്നു. പക്ഷേ, പുസ്തകങ്ങൾ വാങ്ങി വായിക്കുന്നതിന് പണമില്ലായ്മ പരിമിതിയായിത്തുടർന്നു. നഗരത്തിലെ ഒരു ബുക്സ്റ്റാളിൽ പോയി നിരന്തരം അപ്പപ്പോൾ വരുന്ന വാരികകളും മാസികകളും വായിക്കുന്ന സ്വഭാവമുണ്ടായിരുന്നു. ഇതൊരു ശീലമായപ്പോൾ പുസ്തകക്കടക്കാരൻ അതു ശ്രദ്ധിച്ചു -അദ്ദേഹം സൗമ്യഭാവത്തിൽ മാനാഞ്ചിറക്കടുത്തുള്ള ലൈബ്രറിയെക്കുറിച്ച് എന്നെ ഓർമപ്പെടുത്തി. അവിടെയാണ് സൗജന്യമായ വായനക്കുള്ള സ്ഥലമെന്ന് പറയാതെ പറഞ്ഞു!
ഇങ്ങനെയൊക്കെയാണ് ലോ കോളജിലെ വിദ്യാഭ്യാസം തുടർന്നത്. പത്രപ്രവർത്തനത്തോടുള്ള കമ്പം സ്റ്റുഡന്റ് എഡിറ്ററായി മത്സരിക്കാൻ പ്രേരിപ്പിച്ചു. കെ.എസ്.യു, എസ്.എഫ്.ഐ, എ.ബി.വി.പി സ്ഥാനാർഥികൾക്കെതിരെ സ്വതന്ത്രനായി മത്സരിച്ചപ്പോൾ ‘പരിസരവേദി’ ബുള്ളറ്റിൻ പ്രസിദ്ധീകരിച്ച ‘പരിചയസമ്പത്തും’ മെറിറ്റായി കണ്ട വിദ്യാർഥികൾ മറ്റെല്ലാ സ്ഥാനങ്ങളിലും വിദ്യാർഥി സംഘടനയുടെ പ്രതിനിധികളെ തെരഞ്ഞെടുത്തപ്പോൾ സ്റ്റുഡന്റ് എഡിറ്ററായി തെരഞ്ഞെടുത്തത് സ്വതന്ത്ര സ്ഥാനാർഥിയായ എന്നെയായിരുന്നു. അത് കേവലം ഒരു തെരഞ്ഞെടുപ്പു വിജയം എന്നതിനേക്കാൾ, സ്വതന്ത്രചിന്തക്ക് സഹപാഠികളിൽനിന്ന് -അവർ പ്രതിനിധാനംചെയ്യുന്ന തലമുറയിൽനിന്ന്- ലഭിച്ച സ്നേഹം നിറഞ്ഞ ഐക്യദാർഢ്യത്തിന്റെ ആശ്ലേഷമായിരുന്നു.
എഡിറ്ററെന്ന നിലയിൽ സാമാന്യം നിലവാരമുള്ള കോളജ് മാഗസിൻ പുറത്തിറക്കാനായി. ലിറ്റിൽ മാഗസിനുകളെ അനുസ്മരിപ്പിക്കുന്ന മാഗസിൻ കവർ പതിവുരീതികളിൽനിന്നുള്ള വ്യതിചലനമായിരുന്നു. വർണശബളിമക്കും പുറംമോടിക്കുമപ്പുറം ഉൾക്കാമ്പിൽ ശ്രദ്ധിച്ചുകൊണ്ട് കാമ്പസിലെ ആധുനികതയെ, അതിന്റെ വിപ്ലവാത്മകമായ ചൈതന്യത്തോടെ ആവിഷ്കരിക്കുന്നതിന് നിറങ്ങളുടെയും ധാരാളിത്തത്തിന്റെയും ആവശ്യമില്ലായിരുന്നു. ഒരുവേള ജീവിതത്തിന്റെ നിറങ്ങൾ കറുപ്പും വെളുപ്പും മാത്രമായി ചുരുങ്ങിയ ഒരു കാലഘട്ടത്തിന്റെ ആവിഷ്കരണത്തിന് നിറങ്ങൾ അനാവശ്യമായ ആഡംബരങ്ങളായിത്തീർന്നു.
ഇക്കാലയളവിൽ പരിമിതമായി മാത്രം തുടർന്നു, എഴുത്ത്. ‘മാതൃഭൂമി ആഴ്ചപ്പതിപ്പി’ലെ ബാലപംക്തിയിലെ കവിതകളായും പിന്നീട് വാരാന്തപ്പതിപ്പിൽ ജർമൻ ഗ്രീൻപാർട്ടിയെക്കുറിച്ചുള്ള ലേഖനമായും മറ്റും രചനകൾ വെളിച്ചം കണ്ടു. അപ്പോഴും പരിസ്ഥിതിപ്രവർത്തനത്തിനും മറ്റുമായി ജീവിതം നീക്കിവെക്കണമെന്ന ആഗ്രഹം മനസ്സിൽനിന്നും മാഞ്ഞുപോയിരുന്നില്ല. വടക്കേ ഇന്ത്യയിലെ ഒരു ഫൗണ്ടേഷന്റെ ഫെലോഷിപ്പിനുവേണ്ടി അപേക്ഷിച്ചു. കേരളം മുഴുക്കെ ആയിരത്തോളം പരിസ്ഥിതി പഠനക്ലാസുകൾ നടത്താനുള്ളതായിരുന്നു പദ്ധതി. എന്റെ പ്രായം അത്തരമൊരു പദ്ധതി വിജയകരമായി നടപ്പാക്കാൻ കഴിയുന്നവിധത്തിലാണോ എന്ന് ഫൗണ്ടേഷൻ തന്നെ സംശയിച്ചോ എന്നറിയില്ല.
ഒപ്പം, ഫൗണ്ടേഷനിൽനിന്നും പണം വാങ്ങി നടത്തുന്ന പരിസ്ഥിതിപ്രവർത്തനം എത്രകണ്ട് സ്വതന്ത്രമായിരിക്കും എന്ന ചോദ്യം എന്നെത്തന്നെ മഥിച്ചുകൊണ്ടിരുന്നു. അതൊരു ധാർമിക പ്രശ്നംകൂടിയായിരുന്നു. പുറമെനിന്ന് സഹായം സ്വീകരിച്ചു നടത്തുന്ന സന്നദ്ധ പ്രവർത്തനങ്ങളിൽ പണം നൽകുന്നവർ ഒരുതരത്തിലും ഇടപെടാതിരിക്കുമോ? ഇടപെട്ടാൽ എന്താണ് ചെയ്യാൻ കഴിയുക? ഈ ധർമസങ്കടം കാരണം ഫെലോഷിപ് നേടാനുള്ള ഉത്സാഹംതന്നെ പതുക്കെപ്പതുക്കെ ഇല്ലാതായി. ഒടുവിൽ അഭിമുഖത്തിനുശേഷം ആ വാർത്ത വന്നു. എനിക്ക് ഫെലോഷിപ് ഇല്ല. ഒരുപക്ഷേ, അത് ലഭിച്ചിരുന്നുവെങ്കിൽ എന്റെ ജീവിതംതന്നെ മറ്റൊരു വിധത്തിലായേനെ.
എന്നാൽ, നിയമബിരുദം നേടിയ ശേഷവും അഭിഭാഷകനായി ജോലിചെയ്ത് ജീവിക്കാനുള്ള വരുമാനം ലഭിക്കുമോ എന്ന കാര്യത്തിൽ നല്ല ആശങ്ക ഉണ്ടായിരുന്നു. ഇന്നത്തേക്കാൾ മോശമായിരുന്നു, അന്നത്തെ യുവ അഭിഭാഷകരുടെ വരുമാന സാധ്യതകൾ. അതിനാൽത്തന്നെ വീട്ടിൽ നല്ല സാമ്പത്തികാടിത്തറയില്ലെങ്കിൽ തൊഴിലിലെ ആദ്യത്തെ കുറച്ചു വർഷങ്ങൾ അത്യധികം പ്രയാസം നിറഞ്ഞതായിരിക്കുമെന്ന് അറിയാമായിരുന്നു.
പൊതുപ്രവർത്തനത്തോടും എഴുത്തിനോടുമുള്ള അഭിനിവേശം കാരണം നിയമ വിദ്യാഭ്യാസത്തിന് അർഹമായ പരിഗണന കൊടുക്കുന്നില്ലെന്ന് തോന്നിയപ്പോൾ, അതിനകം നല്ല അടുപ്പത്തിലായിരുന്ന നിർമലച്ചേച്ചി (നേരത്തേ സൂചിപ്പിച്ച ‘ഇന്ത്യൻ എക്സ്പ്രസി’ലെ മാധവൻകുട്ടിയുടെ ഭാര്യ) ആണ് നിയമവിദ്യാഭ്യാസത്തെ ഗൗരവത്തിലെടുക്കാൻ നിരന്തരം പ്രേരിപ്പിച്ചത്. അവർ എനിക്ക് സ്വന്തം ചേച്ചിയെപ്പോലെയോ അതിനേക്കാൾ വലുതോ ആയിരുന്നു. വൈജ്ഞാനികവും ധൈഷണികവുമായ കാര്യങ്ങളിൽ മാധവൻകുട്ടി ഒരു സുഹൃത്തും വഴികാട്ടിയുമായപ്പോൾ ചേച്ചി നൽകിയത് അപാരമായ സ്നേഹവും സഹായവും ആയിരുന്നു. അക്കാലത്ത് മിക്ക ദിവസവും അത്താഴം കഴിക്കുന്നത് ചേച്ചിയുടെ ചാലപ്പുറത്തുള്ള വീട്ടിൽവെച്ചായിരുന്നു.
ഏതായാലും നിർമലച്ചേച്ചിയുടെ പ്രേരണ ഫലംകണ്ടു. നിയമവിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കി. അത് ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായിരുന്നു. ഡിഗ്രി പൂർത്തിയാക്കാനാകാതെ പഠനം നിർത്തേണ്ടിവന്ന എനിക്ക് ബിരുദം നേടാനും പിന്നീട് നിയമബിരുദം നേടാനും കഴിഞ്ഞു. പ്രവചനാതീതമാണ് ജീവിതത്തിലെ മാർഗങ്ങളും ലക്ഷ്യങ്ങളും എന്ന് ഞാനും മനസ്സിലാക്കി.