Begin typing your search above and press return to search.
proflie-avatar
Login

ബാ​​പ്പു​​വി​​ന്റെ സ്വ​​ന്തം എ​​സ്ത​​ർ

ബാ​​പ്പു​​വി​​ന്റെ സ്വ​​ന്തം എ​​സ്ത​​ർ
cancel

23. ഒരു പിടി ഉപ്പ് ഇംഗ്ലണ്ടിലെ മെഡിക്കൽ വിദ്യാഭ്യാസം രണ്ടുവർഷം കഴിഞ്ഞശേഷവും പൂർത്തിയാക്കാൻ മേനോനു കഴിഞ്ഞില്ല. പരീക്ഷകളെല്ലാം പാസാകാത്തതിനാലായിരുന്നു അത്. മൂന്നുതവണ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. മേനോനും അദ്ദേഹം മടങ്ങി എത്തിയ ഉടൻ ഇന്ത്യക്ക് തിരിക്കാനായി കാത്തിരുന്ന എസ്തറിനും ഇതുണ്ടാക്കിയ വിഷമം നിസ്സാരമായിരുന്നില്ല. രണ്ട് മക്കളുടെ ഉത്തരവാദിത്തം ഒറ്റക്കു വഹിക്കുന്നതിനെയും സ്വന്തം അനാരോഗ്യത്തെയും ചൊല്ലി മാത്രമായിരുന്നില്ല അവളുടെ പ്രയാസം. മേനോന്റെ ഇംഗ്ലണ്ടിലെ ചെലവ് മുഴുവൻ വഹിക്കുന്നത് ആൻ മേരിക്കും പോർട്ടോനോവോ മിഷനും വലിയ ഭാരമായിത്തീർന്നിരുന്നു. എസ്തറിന്റെയും മക്കളുടെയും...

Your Subscription Supports Independent Journalism

View Plans

23. ഒരു പിടി ഉപ്പ്

ഇംഗ്ലണ്ടിലെ മെഡിക്കൽ വിദ്യാഭ്യാസം രണ്ടുവർഷം കഴിഞ്ഞശേഷവും പൂർത്തിയാക്കാൻ മേനോനു കഴിഞ്ഞില്ല. പരീക്ഷകളെല്ലാം പാസാകാത്തതിനാലായിരുന്നു അത്. മൂന്നുതവണ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. മേനോനും അദ്ദേഹം മടങ്ങി എത്തിയ ഉടൻ ഇന്ത്യക്ക് തിരിക്കാനായി കാത്തിരുന്ന എസ്തറിനും ഇതുണ്ടാക്കിയ വിഷമം നിസ്സാരമായിരുന്നില്ല. രണ്ട് മക്കളുടെ ഉത്തരവാദിത്തം ഒറ്റക്കു വഹിക്കുന്നതിനെയും സ്വന്തം അനാരോഗ്യത്തെയും ചൊല്ലി മാത്രമായിരുന്നില്ല അവളുടെ പ്രയാസം.

മേനോന്റെ ഇംഗ്ലണ്ടിലെ ചെലവ് മുഴുവൻ വഹിക്കുന്നത് ആൻ മേരിക്കും പോർട്ടോനോവോ മിഷനും വലിയ ഭാരമായിത്തീർന്നിരുന്നു. എസ്തറിന്റെയും മക്കളുടെയും സാമ്പത്തിക ചെലവുകൾക്കും സഹായംചെയ്തിരുന്നത് ആൻ മേരിയാണ്. ഡെന്മാർക്കിലെ ജീവിതകാലത്ത് എസ്തറിന് സന്തോഷവും ചാരിതാർഥ്യവും നൽകിയ ഒരേ ഒരു കാര്യം അവളുടെ ഒരു ദീർഘകാല മോഹം യാഥാർഥ്യമായതാണ്. ഗാന്ധിയുടെ ജീവചരിത്രം എഴുതുക എന്ന മോഹം. ഡാനിഷ് ഭാഷയിലായിരുന്നു പുസ്തകം. ഈ മോഹം ആദ്യം എസ്തർ പ്രകടിപ്പിച്ചപ്പോൾ ബാപ്പു നിരുത്സാഹപ്പെടുത്തിയതാണ്.

താൻ വർഷങ്ങളോളം കഴിഞ്ഞ തെക്കേ ആഫ്രിക്കയിലടക്കം പോയി ഗവേഷണം നടത്തിയശേഷം മാത്രമേ തന്റെ ജീവിതകഥ എഴുതാൻ പാടുള്ളൂ എന്ന് അദ്ദേഹം എസ്തറെ ഓർമിപ്പിച്ചിരുന്നു. പക്ഷേ, ഡെന്മാർക്കിൽ എത്രയും അപരിചിതനായിരുന്ന അദ്ദേഹത്തെ പ്രാഥമികമായി പരിചയപ്പെടുത്തുക ആയിരുന്നു എസ്തറിന്റെ ഉദ്ദേശ്യം.

പഠനം പൂർത്തിയാക്കാൻ ആവാത്തതിലുള്ള മനോവിഷമം മേനോൻ വിശദമായി എസ്തറിനെ എഴുതി അറിയിച്ചു. “കഴിഞ്ഞ ഏതാനും വർഷങ്ങളായി ഞാൻ കടുത്ത ഏകാന്തത അനുഭവിക്കുകയാണ്. ഉത്കണ്ഠയും വിഷമവുംമൂലം എന്റെ ധൈര്യമെല്ലാം ചോർന്നുപോയിരിക്കുന്നു. ഒരുപക്ഷേ ഈ അനുഭവങ്ങളും വർഷങ്ങൾ നീണ്ട വിരഹവും നമുക്ക് നല്ലൊരു നാളെ ലഭ്യമാകാൻ അനിവാര്യമാകാം. എത്രയോ രാത്രികളിൽ ഉറക്കമിളച്ചിരുന്നു വായിച്ച് ബുദ്ധിയും കണ്ണും തളരുമ്പോൾ തളരരുതെന്ന് ഞാൻ സ്വയം പറയാറുണ്ട്. പക്ഷേ, നമ്മുടെ രണ്ട് കുഞ്ഞുങ്ങളെ കാണാൻ കൊതിക്കുമ്പോൾ എനിക്ക് പിടിച്ചുനിൽക്കാനാകാറില്ല.”

അവസാനം എസ്തർ ഒരു വലിയ തീരുമാനമെടുത്തു. മക്കളുമൊത്ത് മേനോന്റെ സമീപത്തേക്ക് പോവുക. ഇംഗ്ലണ്ടിൽ ചെന്ന് എന്തെങ്കിലും ജോലി സമ്പാദിച്ച് ഭർത്താവിന്റെ അടക്കമുള്ള എല്ലാ ചെലവുകളും ഏറ്റെടുക്കുകയായിരുന്നു അവളുടെ പദ്ധതി. വൈകാതെ എസ്തർ മക്കളും മേനോനുമൊത്ത് ബിർമിങ്ഹാമിൽ എത്തി ഒരു ചെറിയ വസതിയിൽ താമസമായി. മേനോനും ഇത് വലിയ ആശ്വാസമായി.

ഇന്ത്യയിൽ ദേശീയസമരം മൂർധന്യത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. 1929 ഡിസംബറിൽ പഞ്ചാബിലെ ലാഹോറിൽ റാവി നദിക്കരയിൽ ചേർന്ന കോൺഗ്രസ് ദേശീയ സമ്മേളനത്തിൽ ജവഹർലാൽ നെഹ്റു അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. ‘പൂർണ സ്വരാജ്’ അല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും തയാറല്ലെന്ന് സമ്മേളനം ചരിത്രപ്രസിദ്ധമായ പ്രമേയം പാസാക്കി. നിയമലംഘനസമരത്തിന്റെ ഭാഗമായി ഗാന്ധിജി എല്ലാവരെയും അമ്പരപ്പിച്ച ഉപ്പ് സത്യഗ്രഹം പ്രഖ്യാപിച്ചു.

ഉപ്പ് കുറുക്കുന്നതിനും വിൽക്കുന്നതിനും ഇന്ത്യക്കാർക്കുള്ള വിലക്ക് ലംഘിക്കുകയായിരുന്നു പരിപാടി. സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊള്ളുമ്പോൾ ഉപ്പ് കുറുക്കുകപോലെ നിസ്സാരമെന്ന് തോന്നുന്ന ഒരു പ്രശ്നം ഗാന്ധി ഉയർത്തുന്നത് നെഹ്റുവിനെപ്പോലെയുള്ള, അദ്ദേഹത്തിനോട് ഏറ്റവും അടുത്ത കോൺഗ്രസ് നേതാക്കൾക്കുപോലും മനസ്സിലായില്ല. വൈസ്രോയി ഇർവിൻ പ്രഭുവിന് തന്നെ പരിഹാസം മറയ്ക്കാനായില്ല.

പക്ഷേ, ഗാന്ധിജി കുലുങ്ങിയില്ല. 1930 മാർച്ച് 12ന് 78 സത്യഗ്രഹികളുമായി 61കാരനായ അദ്ദേഹം സബർമതി ആശ്രമത്തിൽനിന്ന് ദണ്ഡി കടൽതീരത്തേക്ക് പദയാത്ര ആരംഭിച്ചു. 24 ദിവസംകൊണ്ട് 240 മൈൽ നീണ്ട ചരിത്രപ്രധാനമായ ആ യാത്ര ദണ്ഡി തീരത്തെത്തിച്ചേർന്നപ്പോഴേക്കും അമ്പതിനായിരത്തിലേറെപ്പേർ പങ്കാളികളായി. ലോകമാധ്യമങ്ങളുടെ ശ്രദ്ധ ദണ്ഡിയാത്ര പിടിച്ചെടുത്തിരുന്നു. ബ്രിട്ടനെതിരെ ആഗോളതലത്തിൽതന്നെ വികാരമുണർന്നു. ഏപ്രിൽ ആറിന് ദണ്ഡി തീരത്തെത്തിയ സത്യഗ്രഹികൾ കടലിലിറങ്ങി കുടങ്ങളിൽ വെള്ളമെടുത്തു.

തുടർന്ന് ഗാന്ധിജി ഒരു കുടത്തിലെ വെള്ളത്തിൽനിന്ന് ഒരു പിടി ഉപ്പ് കുറുക്കിയെടുത്തു. ആ ഒരു പിടി ഉപ്പിന് പ്രബലമായ ബ്രിട്ടീഷ് സാമ്രാജ്യത്തെ പിടിച്ചു കുലുക്കാനാവുമെന്ന് ആരും ആദ്യം കരുതിയിരുന്നില്ല. പക്ഷേ, ഇന്ത്യയാകെ ഇതോടെ ഉയിർത്തെഴുന്നേറ്റു. എല്ലാ മനുഷ്യരുടെയും പ്രാഥമികാവശ്യമായ ഉപ്പിനുമേൽ വിദേശി സർക്കാർ വിലക്കേർപ്പെടുത്തുന്നതിലെ അനീതി അനായാസേന ആർക്കും ബോധ്യപ്പെടുന്നതായിരുന്നു. സർക്കാറിനെതിരെ വികാരം ആളിപ്പടർന്നു. രാജ്യമാകെ സമരത്തെ പിന്തുണച്ചു നടന്ന പ്രകടനങ്ങളിൽ എല്ലാ ഭിന്നതകളും മറന്ന് ആബാലവൃദ്ധം പങ്കെടുത്തു.

അതോടെ, ആദ്യം സമരത്തെ പരിഹസിച്ച സർക്കാർ വ്യാപകമായി അറസ്റ്റും മർദനവും ആരംഭിച്ചു. നെഹ്റുവും പട്ടേലും ഉൾപ്പെടെ അമ്പതിനായിരത്തോളം പേർ രാജ്യത്താകെ അറസ്റ്റ് ചെയ്യപ്പെട്ടു. തുടർന്ന് ദണ്ഡിക്ക് തെക്ക് ധരസന ഉപ്പളത്തിൽ പ്രവേശിക്കാനായിരുന്നു ഗാന്ധിയുടെ അടുത്ത പ്രഖ്യാപനം. പക്ഷേ, അതിനുമുമ്പ് മേയ് നാലിന് അർധരാത്രി ദണ്ഡിക്കടുത്ത് കരാടി ഗ്രാമത്തിൽ ഉറക്കത്തിലായിരുന്ന ഗാന്ധിജി അറസ്റ്റ് ചെയ്യപ്പെട്ടു. ഫ്രണ്ടിയർ മെയിൽ തീവണ്ടിയിൽ കയറ്റി പൊലീസ് കൊണ്ടുപോയ ഗാന്ധിജി വീണ്ടും പുണെ യെർവാദ ജയിലിൽ അടക്കപ്പെട്ടു. വിചാരണ ഇല്ലാതെ ഏഴു മാസത്തോളം തടവിൽ കഴിഞ്ഞ അദ്ദേഹത്തെ വിട്ടയച്ചത് അടുത്ത കൊല്ലം ജനുവരിയിലാണ്.

 

എസ്​തറും ഭർത്താവ്​ ഡോ. കുഞ്ഞികൃഷ്​ണ മേനോനും

എസ്​തറും ഭർത്താവ്​ ഡോ. കുഞ്ഞികൃഷ്​ണ മേനോനും

അകലെ പോർട്ടോനോവോയിലും സമരം അലകൾ ഉയർത്തി. ഗാന്ധിയുടെ ആഹ്വാനം അനുസരിച്ച് സമരത്തെ പിന്തുണച്ചുള്ള നിയമലംഘനപ്രകടനങ്ങളിൽ പങ്കെടുക്കാൻ ആൻ മേരി അതിയായി ആഗ്രഹിച്ചു. പക്ഷേ, അത് സർക്കാറിന്റെ വലിയ രോഷത്തിന് വഴിയൊരുക്കുമെന്ന് എല്ലാവരും ഭയന്നു. ആൻ മേരി മാറാൻ ഒരുക്കമായിരുന്നില്ല. മദിരാശിയിലെ കോൺഗ്രസ് നേതാവ് സി. രാജഗോപാലാചാരിയോട് തന്റെ ആഗ്രഹം അവർ അറിയിച്ചു. വിദേശിയായ ആൻ മേരിക്ക് അതുണ്ടാക്കാവുന്ന അപകടം ചൂണ്ടിക്കാട്ടി ആദ്യം എതിർത്തെങ്കിലും അവരുടെ നിർബന്ധത്തിന് അവസാനം രാജാജി വഴങ്ങി. തൃശ്ശിനാപ്പള്ളിയിൽ നടക്കുന്ന പ്രകടനത്തിനെത്താൻ അദ്ദേഹം നിർദേശിച്ചു. പ്രകടനത്തിനു മുമ്പുള്ള സർവമതപ്രാർഥനകളിൽ ക്രിസ്തീയ കീർത്തനം ചൊല്ലാൻ ആൻ മേരി നിയോഗിക്കപ്പെട്ടു. ആൻ മേരി തന്റെ അവിസ്മരണീയ അനുഭവത്തെക്കുറിച്ച് ഇങ്ങനെ കുറിച്ചു.

“ഏറെയും ഹിന്ദുക്കളായിരുന്നെങ്കിലും എല്ലാ മതജാതിവിഭാഗക്കാരും അവിടെയെത്തിയിരുന്നു. ഒന്നുരണ്ട് മുസൽമാന്മാരെയും ഒരു ക്രിസ്ത്യാനിയെയും ഞാൻ തിരിച്ചറിഞ്ഞു. എനിക്ക് അത് സന്തോഷകരമായി. വിവരിക്കാനാവാത്ത ആവേശം എല്ലാവരിലും പ്രകടം. അവർ അറിയുന്നില്ലെങ്കിലും അത് ദൈവത്തിലും ക്രിസ്തുവിലും നിന്നുൾക്കൊള്ളുന്ന ആവേശമായി എനിക്ക് തോന്നി. സത്യഗ്രഹികളായിരുന്നു അവർ.”

ഗാന്ധിയുടെ അറസ്റ്റിനെപ്പറ്റി ആൻ മേരി ഡെന്മാർക്കിലെ സുഹൃത്തുക്കൾക്ക് എഴുതി;

“ഇന്നലെ ഇന്ത്യ നിശ്ശബ്ദമായിരുന്നു. അസാധാരണമായ, കനമേറിയ നിശ്ശബ്ദത. ഒരു വലിയ ആഘാതത്തിൽ സ്തബ്ധരായിപ്പോയവരുടെ നിശ്ശബ്ദത. ഗാന്ധിയുടെ അറസ്റ്റിനെതിരെ രാജ്യമാകെ ഹർത്താലായിരുന്നു. പക്ഷേ, ജനത ഒരു പുതിയ ഉണർവിലാണ്. അടിമത്തത്തിന്റെയും ഭയത്തിന്റെയും ഭാവം മാറിയിരിക്കുന്നു. വിമോചനത്തിനുള്ള ജനതയുടെ ഉൽക്കടമായ ആഗ്രഹത്തെ തടയാനാവില്ലെന്നത് ബ്രിട്ടന് മനസ്സിലാകുന്നില്ല. എന്റെ എളിയ പരിശ്രമങ്ങളും ഗാന്ധിക്ക് വാഗ്ദാനംചെയ്തിരിക്കുന്നു. യേശുവിന്റെ നിയോഗമാണത്. ഗാന്ധിയുടെ സമരം ജയിക്കേണ്ടത് യേശുവിനും വേണ്ടിയാണ്. സ്വരാജ് സത്യമായാൽ അത് ദൈവരാജ്യം കൂടിയാകും.”

വിദേശവസ്ത്രങ്ങൾ ബഹിഷ്കരിക്കാൻ ഗാന്ധിജി ആഹ്വാനംചെയ്തു. ഇതിൽ സ്ത്രീകൾക്കാകണം മുൻകൈ എന്നും അദ്ദേഹം നിർദേശിച്ചിരുന്നു. വിദേശവസ്ത്ര ഇറക്കുമതി കോടിക്കണക്കിന് കുടുംബങ്ങളെ തകർക്കുകയും സ്ത്രീകളുടെ തൊഴിൽ ഇല്ലാതാക്കുകയും ചെയ്തത് അദ്ദേഹം ഓർമിപ്പിച്ചു. ഇത് ചെവിക്കൊണ്ട് ഇന്ത്യ സ്വതന്ത്രമാകുന്നതുവരെ തന്റെ സ്കൂളിൽ ഒരു വിദേശിവസ്തുപോലും വാങ്ങില്ലെന്ന് ആൻ മേരി നിശ്ചയിച്ചു. നേരത്തേ തന്നെ അവർ പൂർണമായും ഖദർധാരിണിയായിരുന്നു.

ഇതൊക്കെയാണെങ്കിലും കോപ്പൻഹേഗനിലെ പോർട്ടോനോവോ മിഷന്റെ പ്രസിദ്ധീകരണങ്ങളിലൊന്നും ആൻ മേരിയുടെ ഈ ദിശക്കുള്ള പ്രവർത്തനങ്ങളൊന്നും വെളിച്ചം കണ്ടില്ല. ബ്രിട്ടീഷ് അധികാരികളുടെ പ്രതികാരം ഭയന്നായിരുന്നു അത്. ആ ദിവസങ്ങളിൽ ആൻ മേരിക്ക് ഒരു പുതിയ അതിഥി എത്തി. ബാപ്പുവിന്റെ പ്രിയശിഷ്യ മീര ബെഹ്ൻ. പുതിയ സമരങ്ങളുടെ ഒരുക്കങ്ങൾക്കായി രാജ്യമാകെ പര്യടനം നടത്തുകയായിരുന്ന മീര ആൻ മേരിക്കൊപ്പം പോർട്ടോനോവോയിൽ എത്തി താമസിക്കുകയും അവർ അടുത്ത സുഹൃത്തുക്കളായിത്തീരുകയുംചെയ്തു.

രാജ്യമാകെ കത്തിപ്പടർന്ന സമരം ബ്രിട്ടനെ അമ്പരപ്പിച്ചു. തുടക്കത്തിലെ പരിഹാസവും അഹന്തയും മാറ്റിവെച്ച് വൈസ്രോയി ഇർവിൻ പ്രഭു തുടർച്ചയായി ഗാന്ധിയെക്കണ്ട് ചർച്ചകൾ നടത്തി. ഉപ്പ് നികുതി റദ്ദാക്കാനും സത്യഗ്രഹത്തെ തുടർന്ന് രാജ്യമാകെ തടവിലായ ഒരു ലക്ഷത്തോളം കോൺഗ്രസ് പ്രവർത്തകരെ വിട്ടയക്കാനും കോൺഗ്രസിനുമേൽ ഏർപ്പെടുത്തിയ എല്ലാ വിലക്കുകളും പിൻവലിക്കാനും ഇർവിൻ പ്രഭു തയാറായി. പകരം സമരം നിർത്തിവെക്കണമെന്നും ഇന്ത്യൻ ഭരണഘടന തയാറാക്കാനായി ലണ്ടനിൽ സർക്കാർ വിളിച്ചുകൂട്ടുന്ന രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധി പങ്കെടുക്കണമെന്നും ആയിരുന്നു ആവശ്യം.

 

എട്ടുവട്ടം നടന്ന പരസ്പര ചർച്ചകൾക്കുശേഷം 1931 മാർച്ച് 5ന് ഗാന്ധിയും ഇർവിനും ഉടമ്പടി ഒപ്പുവെച്ചു. നിയമലംഘന സമരം പിൻവലിക്കപ്പെട്ടു. സെപ്റ്റംബർ മാസത്തിൽ ചേരുന്ന വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാൻ ഗാന്ധി സമ്മതിച്ചു. തലേക്കൊല്ലം നവംബറിൽ വിളിച്ചുകൂട്ടിയ ഒന്നാം വട്ടമേശ സമ്മേളനം കോൺഗ്രസ് ബഹിഷ്കരിച്ചിരുന്നു. ഗാന്ധിക്കും കോൺഗ്രസിനും മുന്നിൽ വൈസ്രോയി കീഴടങ്ങിയെന്നായിരുന്നു ബ്രിട്ടനിലെ തീവ്രവാദികളുടെ പക്ഷം. “ചക്രവർത്തിയുടെ പ്രതിനിധിയുമായി തുല്യപദവി അവകാശപ്പെട്ടുകൊണ്ട് വൈസ്രോയി കൊട്ടാരത്തിന്റെ ചവിട്ടുപടി കയറിപ്പോകുന്ന ആ അർധനഗ്നനും ദേശദ്രോഹിയുമായ ഫക്കീർ എത്ര മനംപുരട്ടുന്നതും അപമാനകരവുമായ കാഴ്ചയാണ്”, പിന്നീട് ബ്രിട്ടീഷ് പ്രധാനമന്ത്രിയായ യാഥാസ്ഥിതിക കക്ഷി നേതാവ് വിൻസ്റ്റൺ ചർച്ചിൽ ആക്ഷേപിച്ചു.

ഇന്ത്യയിലാകട്ടെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലെ തീവ്രവാദികൾ ഗാന്ധി സമരം പിൻവലിക്കുകയും വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാൻ തീരുമാനിക്കുകയും ചെയ്തത് അനാവശ്യമായ ഒത്തുതീർപ്പായി കണ്ടു. ഈ പ്രക്ഷോഭ കൊടുങ്കാറ്റുകൾക്കിടയിലും മേനോന്റെ പഠനം പൂർത്തിയാകാത്തതിലുള്ള വിഷമംമൂലം വലഞ്ഞ എസ്തറിനെ സമാധാനിപ്പിക്കാൻ ബാപ്പു സമയം കണ്ടെത്തിയിരുന്നു. ജൂൺ ഏഴിന് സബർമതി ആശ്രമത്തിൽനിന്ന് അദ്ദേഹം എഴുതി.

“മാസങ്ങളോളമായി നിന്റെ കത്തിന് കാത്തിരിക്കാൻ എന്നെ നിർബന്ധിതനാക്കിയിട്ട് അവസാനം നീ എനിക്ക് എഴുതിയല്ലോ. മേനോന് ഇതുവരെ ഡിപ്ലോമ നേടാനായില്ലെന്നത് സങ്കടകരംതന്നെ. പക്ഷേ ഇതേ ചൊല്ലി നീ ആകെ ദുഃഖിതയാണെന്ന് നമ്മുടെ ഒരു പൊതു സുഹൃത്തുവഴി ഞാൻ അറിഞ്ഞു. അത് എനിക്ക് അറിയാവുന്ന എസ്തറിന് ഒട്ടും ചേരുന്ന കാര്യമല്ല. ദൈവത്തിലും അദ്ദേഹത്തിന്റെ നന്മയിലും വിശ്വാസമുള്ള ഒരാൾ ഒരിക്കലും പരാജയങ്ങളിലും പ്രയാസങ്ങളിലും നിരാശപ്പെടില്ല. പരാജയവും പ്രയാസവും നിരാശക്ക് കാരണമാകരുത്. പലപ്പോഴും വിജയവും സമ്പത്തും പലരെയും വലിയ ദുരന്തങ്ങളിൽ ചാടിക്കാറില്ലേ? മേനോന്റെ കാര്യത്തിൽ എന്തെങ്കിലും സഹായംചെയ്യാനാവുമോ എന്ന് ഡോ. ഹെന്നിങ് ഡാൽസ് ഗാഡ് എന്നോട് എഴുതി ചോദിച്ചിരുന്നു. പക്ഷേ എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് ഒരു രൂപവുമില്ല. നിനക്ക് എന്തെങ്കിലും നിർദേശമുണ്ടോ? എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ അറിയിക്കുക. എനിക്ക് കഴിയുന്നതെന്തും ചെയ്യുമെന്ന് നിനക്കറിയാമല്ലോ.”

ലണ്ടനിൽ വട്ടമേശ സമ്മേളനത്തിന് പോകുന്ന കാര്യം അപ്പോഴും തീരുമാനിച്ചിട്ടില്ലെന്നും ഗാന്ധി എസ്തറിനെഴുതിയെങ്കിലും അധികം വൈകാതെ യാത്ര തിരിക്കാൻ അദ്ദേഹം നിശ്ചയിച്ചു. 1931 ആഗസ്റ്റ് 29ന് ഉച്ചക്ക് ബോംബെയിൽനിന്ന് ‘എസ്.എസ്. രാജ് പുട്ടാന’ എന്ന കപ്പലിൽ ഗാന്ധിജി യാത്ര ആരംഭിച്ചു. 1914ൽ ഇംഗ്ലണ്ടിലേക്ക് തന്നെയായിരുന്നു ഇന്ത്യൻ ഭൂഖണ്ഡം വിട്ടുള്ള അദ്ദേഹത്തിന്റെ ഇതിനു മുമ്പത്തെ യാത്ര. അന്ന് തന്റെ രാഷ്ട്രീയ ഗുരുനാഥനായ ഗോപാലകൃഷ്ണ ഗോഖലെയെ സന്ദർശിക്കുകയായിരുന്നു ലക്ഷ്യം.

തെക്കേ ആഫ്രിക്കയിൽനിന്നായിരുന്നു അന്നത്തെ വരവ്. ഇക്കുറി ഗാന്ധിക്ക് ഒപ്പം ഉണ്ടായിരുന്നത് കോൺഗ്രസ് നേതാക്കളായ സരോജിനി നായിഡു, മദൻ മോഹൻ മാളവ്യ, മകൻ മണിലാൽ, സെക്രട്ടറി മഹാദേവ് ദേശായി, ബ്രിട്ടീഷുകാരി ശിഷ്യ മീര ബെഹ്ൻ തുടങ്ങിയവർ. ഗാന്ധിക്ക് കുടിക്കാനുള്ള പാലിനായി ഒരു ആടും സംഘത്തിൽ ഉണ്ടായിരുന്നു. ഉന്നത ക്ലാസ് ഒഴിവാക്കി രണ്ടാം ക്ലാസ് ഡെക്കിൽ ആയിരുന്നു രണ്ടാഴ്ച നീണ്ട യാത്ര. യാത്രക്കിടെ ഈജിപ്തിലെ ഏദനിലും ഫ്രാൻസിലെ മാഴ്സയിലിലും കപ്പൽ നിർത്തിയപ്പോൾ ഗാന്ധിക്ക് വലിയ സ്വീകരണം ലഭിച്ചു. രണ്ടിടത്തും അദ്ദേഹം പൊതുപ്രസംഗങ്ങൾ നടത്തി.

തണുത്തുറഞ്ഞ സെപ്റ്റംബർ 12ന് ഉച്ചതിരിഞ്ഞ് നാലു മണിക്ക് ഇംഗ്ലീഷ് ചാനലിലെ ഫോക്സ് സ്റ്റോൺ തുറമുഖത്ത് ഗാന്ധിയും സംഘവും കപ്പലിറങ്ങുമ്പോൾ ചന്നംപിന്നം മഴ ചാറുന്നുണ്ടായിരുന്നു. “ഇന്ത്യയിൽനിന്നുള്ള വിചിത്ര മനുഷ്യനെന്ന്” പാശ്ചാത്യ മാധ്യമങ്ങൾ വിശേഷിപ്പിച്ച ഗാന്ധിയെ കാണാൻ നൂറുകണക്കിനു പേർ തുറമുഖത്ത് എത്തിയിരുന്നു. അടിമുടി കമ്പിളി പുതച്ചു നിന്ന ആൾക്കൂട്ടത്തിനിടയിൽ കാൽമുട്ടോളം മാത്രം എത്തുന്ന ഖാദി മുണ്ടും ശരീരം പുതക്കാൻ മേൽമുണ്ടും വള്ളിചെരിപ്പും മാത്രം ധരിച്ച ബാപ്പു. കൈകളിൽ ഒരു നനഞ്ഞ കമ്പിളി. അവിടെനിന്ന് ലണ്ടനിലേക്കുള്ള 75 മൈലോളം നീണ്ട യാത്ര കാറിലായിരുന്നു. നാലു ദശാബ്ദം മുമ്പ് താൻ നിയമ വിദ്യാർഥിയായി ചെലവഴിച്ച നഗരത്തിലേക്കുള്ള വഴിയിലെ കാഴ്ചകളെല്ലാം കാണണമെന്ന് പറഞ്ഞ് മുൻ സീറ്റിൽതന്നെ കയറിയിരുന്നു ഗാന്ധി.

ഗാന്ധിയുടെ സുഹൃത്തും സബർമതി ആശ്രമത്തിൽ താമസിച്ചിട്ടുള്ള ആളുമൊക്കെയായിരുന്നു മ്യൂറിയൽ ലെസ്റ്റർ. പ്രൊട്ടസ്റ്റന്റ് ക്വേക്കർ മതവിഭാഗക്കാരിയും യുദ്ധവിരുദ്ധപ്രവർത്തകയും സാമൂഹിക പ്രവർത്തകയും ഒക്കെ ആയിരുന്ന മ്യൂറിയൽ ബാപ്പു ലണ്ടനിലേക്ക് വരുന്നെന്ന് കേട്ടപ്പോൾ തന്നെ തങ്ങളുടെ ഒപ്പം താമസിക്കണമെന്ന് എഴുതി അഭ്യർഥിച്ചിരുന്നു. ലണ്ടൻ നഗരത്തിന്റെ പ്രാന്തത്തിൽ മ്യൂറിയലും സഹോദരി ഡോറിസും തൊഴിലാളികൾക്കും മറ്റ് സാധാരണക്കാർക്കും ഒക്കെ താൽക്കാലികമായി താമസിക്കാനും യോഗം ചേരാനും നടത്തിയിരുന്ന സ്ഥാപനമായിരുന്നു കിങ്സ്‍ലി ഹാൾ. ചെറുപ്പത്തിൽതന്നെ യുദ്ധത്തിൽ മരിച്ചുപോയ തങ്ങളുടെ സഹോദരൻ കിങ്സ്‍ലി ലെസ്റ്ററുടെ ഓർമക്കായി അവർ തുടങ്ങിയ ആ സ്ഥാപനം പ്രവർത്തിച്ചത് പഴയൊരു പള്ളിക്കെട്ടിടത്തിലായിരുന്നു.

1926ലെ പണിമുടക്ക് കാലത്ത് തൊഴിലാളികൾക്ക് താമസവും സൗജന്യ ഭക്ഷണവുമൊരുക്കിയത് ഇവിടെയാണ്. 1928ൽ പുതുക്കിപ്പണിത കെട്ടിടത്തിന്റെ മുകൾത്തട്ടിൽ തികച്ചും പരിമിതസൗകര്യങ്ങൾ മാത്രമുള്ള ഏതാനും ചെറിയ കിടപ്പുമുറികൾ അവിടെയുണ്ടായിരുന്നു. ബ്രിട്ടീഷ് ചക്രവർത്തിയുടെ ക്ഷണപ്രകാരം എത്തുന്ന ഗാന്ധിക്ക് ലണ്ടനിൽ എത്ര ആഡംബര സൗകര്യവും ഒരുക്കാൻ സംഘാടകർ തയാറായിരുന്നു. പക്ഷേ മ്യൂറിയലിന്റെ ക്ഷണം ലഭിച്ച ഉടൻതന്നെ അദ്ദേഹം സന്തോഷപൂർവം സ്വീകരിച്ചു. “മറ്റെവിടെ താമസിക്കുന്നതിലും എനിക്ക് ഇഷ്ടം നിങ്ങൾക്കൊപ്പം കഴിയാനാണ്. കാരണം എന്റെ ജീവിതം മുഴുവൻ ഒപ്പം കഴിഞ്ഞവരെപ്പോലെയാണ് നിങ്ങൾ.”

 

ബാപ്പുവിനെ ലണ്ടനിലെ ആര്യഭവൻ എന്നൊരു സസ്യാഹാര ഹോട്ടലിൽ താമസിപ്പിക്കാൻ ആഗ്രഹിച്ച അദ്ദേഹത്തിന്റെ ഇന്ത്യൻ വ്യവസായി സുഹൃത്തുക്കൾക്ക് അതത്ര ഇഷ്ടമായില്ല. മീരാ ബെഹ്ൻ മാത്രമേ ബാപ്പുവിനൊപ്പം അവിടെ തങ്ങിയുള്ളൂ. സി.എഫ്. ആൻഡ്രൂസും മകൻ ദേവദാസും അടക്കം മറ്റുള്ളവർ താമസിച്ചത് ആറുമൈൽ അകലെയുള്ള സമ്മേളനവേദിയായ സെന്റ് ജെയിംസ് കൊട്ടാരത്തിനടുത്ത് ഒരു വാടക വസതിയിലാണ്.

(തുടരും)

News Summary - weekly articles