സവർണാധിപത്യവും ദലിത്, ആദിവാസി, അതിപിന്നാക്ക പുറംതള്ളലും
കേരളത്തിലെ എയ്ഡഡ് മേഖലയിൽ സംവരണ തത്ത്വങ്ങൾ ഒന്നും നടപ്പാകുന്നില്ല. എന്താണ് എയ്ഡഡ് മേഖലയിലെ പ്രാതിനിധ്യത്തിന്റെ അവസ്ഥ? എയ്ഡഡ് മേഖലയിലെ വിവിധ സ്ഥാപനങ്ങളുടെ അവസ്ഥ പരിശോധിക്കുകയാണ് സാമൂഹികപ്രവർത്തകനും എഴുത്തുകാരനുമായ ലേഖകൻ.സർക്കാർ സർവിസിലെ സാമുദായിക പ്രാതിനിധ്യ കണക്കുകൾ പുറത്തുവരുകയും അതേക്കുറിച്ച് ചർച്ചചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിൽ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ ദലിത്, ആദിവാസി, ദലിത് ക്രിസ്ത്യൻ, അതിപിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യ നിലകൂടി ഗൗരവമായി...
Your Subscription Supports Independent Journalism
View Plansകേരളത്തിലെ എയ്ഡഡ് മേഖലയിൽ സംവരണ തത്ത്വങ്ങൾ ഒന്നും നടപ്പാകുന്നില്ല. എന്താണ് എയ്ഡഡ് മേഖലയിലെ പ്രാതിനിധ്യത്തിന്റെ അവസ്ഥ? എയ്ഡഡ് മേഖലയിലെ വിവിധ സ്ഥാപനങ്ങളുടെ അവസ്ഥ പരിശോധിക്കുകയാണ് സാമൂഹികപ്രവർത്തകനും എഴുത്തുകാരനുമായ ലേഖകൻ.
സർക്കാർ സർവിസിലെ സാമുദായിക പ്രാതിനിധ്യ കണക്കുകൾ പുറത്തുവരുകയും അതേക്കുറിച്ച് ചർച്ചചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിൽ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ ദലിത്, ആദിവാസി, ദലിത് ക്രിസ്ത്യൻ, അതിപിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യ നിലകൂടി ഗൗരവമായി ചർച്ചചെയ്യപ്പെടേണ്ടതുണ്ട്. സർക്കാർ ശമ്പളവും പെൻഷനും മറ്റ് ഗ്രാന്റുകളും നൽകുകയും സ്വകാര്യ സാമുദായിക മാനേജ്മെന്റുകൾ ഭരണം നടത്തുകയും ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് എയ്ഡഡ് മേഖല എന്ന് വിവക്ഷിക്കപ്പെടുന്നത്. മേൽപറഞ്ഞ എയ്ഡഡ് സ്ഥാപനങ്ങളും സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉൾപ്പെടുന്നതിനെയാണ് പൊതുവിദ്യാഭ്യാസം എന്ന് വിളിക്കപ്പെടുന്നത്. പൊതുവിദ്യാഭ്യാസത്തിൽ ഭൂരിപക്ഷവും എയ്ഡഡ് സ്ഥാപനങ്ങളാണ്.
പൊതു വിദ്യാഭ്യാസത്തിന്റെ ചരിത്രം രണ്ടു നൂറ്റാണ്ട് (1817-2017) പിന്നിടുന്ന ഈ ഘട്ടത്തിലും പൊതു വിദ്യാഭ്യാസമെന്ന് വ്യവഹരിക്കുന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദലിതർക്കും ആദിവാസികൾക്കും അതി പിന്നാക്ക ദലിത് ക്രിസ്ത്യൻ വിഭാഗങ്ങൾക്കും അധ്യാപകരായോ അനധ്യാപകരായോ പ്രവേശിക്കാനുള്ള നിയമപരമായ അവകാശം അനുവദിക്കപ്പെട്ടിട്ടില്ല. മറുവശത്ത് സ്വകാര്യ മാനേജ്മെന്റുകൾ സ്വസമുദായങ്ങളെ അധ്യാപകരും അനധ്യാപകരുമായി നിയമിച്ച് പ്രാതിനിധ്യ ജനാധിപത്യത്തിന്റെ സർവ സീമകളും ലംഘിക്കുന്നു.
ഒരു നൂറ്റാണ്ട് കാലം അവർണ വിഭാഗങ്ങൾക്ക് വിദ്യ നിഷേധിച്ച ജാതി/ വർണ വിവേചനത്തിന്റെ ഇരുട്ടിൽ ജീവിച്ച സവർണ മനുഷ്യർതന്നെയാണ് ഇന്നും എയ്ഡഡ് വിദ്യാലയങ്ങളിൽ ദലിതർക്ക് പ്രവേശനം നിഷേധിക്കുന്നതിന് പിന്നിൽ അണിനിരക്കുന്നത്. തുല്യതയും അവസരസമത്വവും സാമൂഹിക നീതിയും നടപ്പാക്കേണ്ട സർക്കാറുകൾ സവർണ സമുദായങ്ങളുടെ സമ്മർദങ്ങൾക്കു മുന്നിൽ കീഴടങ്ങുന്നതിന്റെ സുദീർഘ ചരിത്രംകൂടിയാണ് പൊതു വിദ്യാഭ്യാസത്തിന്റെ ചരിത്രം.
എയ്ഡഡ് സ്ഥാപനങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ചുകൊണ്ട് ദലിത് ആദിവാസി വിഭാഗങ്ങളുടെ സാമൂഹികമായ പുറംതള്ളലിന്റെയും (social exclusion) മാനേജ്മെന്റ് സമുദായങ്ങളുടെ അതി പ്രാതിനിധ്യത്തിന്റെയും സ്ഥിതിവിവരക്കണക്കുകൾ പൊതുസമൂഹം ചർച്ചചെയ്യേണ്ടതുണ്ട്. 2010-11ലെ കേരളത്തിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കണക്കനുസരിച്ച് സർക്കാർ വിദ്യാലയങ്ങളെ അപേക്ഷിച്ച് ഭൂരിപക്ഷം സ്ഥാപനങ്ങളും എയ്ഡഡ് മേഖലയിലാണ്.
ആർട്സ് ആൻഡ് സയൻസ് കോളജുകളുടെ 79 ശതമാനം എയ്ഡഡ് മേഖലയിലാണ്. ഹൈസ്കൂളുകളുടെ 59 ശതമാനവും യു.പി സ്കൂളുകളുടെ 66 ശതമാനവും എൽ.പി സ്കൂളുകളുടെ 61 ശതമാനവും എയ്ഡഡ് മേഖലയിലാണ്. അധ്യാപകരുടെ എണ്ണത്തിലും സർക്കാർ വിദ്യാലയങ്ങളിലേക്കാൾ മൂന്നിരട്ടിയോളം എയ്ഡഡ് മേഖലയിലാണ്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൽനിന്ന് ലഭിച്ചിട്ടുള്ള കണക്കുകളാണ് താഴെ കൊടുത്തിട്ടുള്ളത്.
2014-15ലെ കണക്കനുസരിച്ച് 52 സർക്കാർ കോളജുകളിലെ അധ്യാപക-അനധ്യാപകരിൽ പട്ടികജാതി-പട്ടികവർഗ പ്രാതിനിധ്യം 11 ശതമാനമുണ്ട്. അതേസമയം, ടേബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന 180 എയ്ഡഡ് കോളജുകളിലെ 11,958 അധ്യാപക-അനധ്യാപകരിൽ 65 പേർ മാത്രമാണ് പട്ടികജാതി- പട്ടികവർഗ പ്രാതിനിധ്യം. ഇത് മൊത്തം ജീവനക്കാരുടെ (0.54 ശതമാനം) അരശതമാനം മാത്രമേയുള്ളൂ. മൂന്ന് എയ്ഡഡ് എൻജിനീയറിങ് കോളജുകളിൽ അധ്യാപകരും അനധ്യാപകരുമായി 829 പേർ ജോലി ചെയ്യുമ്പോൾ രണ്ടുപേർ മാത്രമാണ് പട്ടികജാതിയിൽനിന്നുള്ള അധ്യാപക-അനധ്യാപകർ. ആറ് പോളിടെക്നിക്കുകളിലായി 1369 ജീവനക്കാർ ജോലിചെയ്യുമ്പോൾ പട്ടികജാതി-പട്ടികവർഗ പ്രാതിനിധ്യം നാല് ആണ്. ഇത് മൊത്തം ജീവനക്കാരുടെ 0.29 മാത്രമാണ്.
2225 വൊക്കേഷനൽ ഹയർസെക്കൻഡറി അധ്യാപക-അനധ്യാപകരിൽ 8 പേർ മാത്രമാണ് പട്ടികജാതി-പട്ടികവർഗ വിഭാഗം. ഇത് മൊത്തം വി.എച്ച്.എസ്.ഇ ജീവനക്കാരുടെ 0.35 മാത്രമേയുള്ളൂ. ഹയർസെക്കൻഡറിയിൽ 13,538 ജീവനക്കാരുണ്ട്. ഇതിൽ 34 മാത്രമാണ് എസ്.സി, എസ്.ടി വിഭാഗങ്ങൾ. മൊത്തം ജീവനക്കാരുടെ 0.23 ശതമാനം മാത്രം. ഹൈസ്കൂളുകളിലെ പ്രാതിനിധ്യം ഹയർ സെക്കൻഡറിയെക്കാൾ പരിതാപകരമാണ്. 1429 എയ്ഡഡ് ഹൈസ്കൂളുകളിലായി 38,442 അധ്യാപക-അനധ്യാപകരാണുള്ളത്. ഇതിൽ എസ്.സി, എസ്.ടി അധ്യാപക-അനധ്യാപകരുടെ എണ്ണം 86 മാത്രമാണ്.
അതായത് 0.17 ശതമാനം മാത്രം. യു.പി സ്കൂളുകളിലെ 34,926 അധ്യാപക-അനധ്യാപകരിൽ 123 പേരും (0.35 ശതമാനം) എൽ.പി സ്കൂളുകളിലെ 40,268 പേരിൽ 238 പേരുമാണ് എസ്.സി-എസ്.ടി അധ്യാപക-അനധ്യാപകർ. ഇതിൽ എൽ.പി സ്കൂളിലാണ് അര ശതമാനത്തിലധികം (0.59 ശതമാനം) പ്രാതിനിധ്യമുള്ളത്. എന്നാൽ, മേൽ കൊടുത്തിട്ടുള്ള ടേബിൾപ്രകാരം മൊത്തം സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പ്രാതിനിധ്യം പരിശോധിക്കുമ്പോൾ എസ്.സി, എസ്.ടി വിഭാഗങ്ങൾ അരശതമാനത്തിലും താഴെയാണ്. കോളജുകൾ, എൻജിനീയറിങ് കോളജുകൾ, പോളിടെക്നിക്, വൊക്കേഷനൽ ഹയർസെക്കൻഡറി, ഹയർസെക്കൻഡറി, ഹൈസ്കൂൾ, യു.പി, എൽ.പി സ്കൂൾ അടക്കം 1,44,413 ജീവനക്കാരാണുള്ളത്. ഇതിൽ എസ്.സി, എസ്.ടി ജീവനക്കാരുടെ എണ്ണം 560 മാത്രമാണ്.
മൊത്തം ജീവനക്കാരുടെ 0.38 ശതമാനം മാത്രം. സർക്കാർ ഖജനാവിലെ ശമ്പളം പറ്റുന്ന ജീവനക്കാർ എന്ന നിലയിൽ 10 ശതമാനം സംവരണപ്രകാരം 14,441 പോസ്റ്റുകളാണ് എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് ന്യായമായും ലഭിക്കേണ്ടിയിരുന്നത്. നിർഭാഗ്യവശാൽ എയ്ഡഡ് മേഖലയിൽ സംവരണം നടപ്പാക്കിയിട്ടില്ല. അതിനാൽ പട്ടികജാതി-പട്ടികവർഗങ്ങളും അതി പിന്നാക്ക സംവരണീയ വിഭാഗങ്ങളും അവസരസമത്വം നഷ്ടപ്പെട്ട് പൊതുവിദ്യാഭ്യാസ മേഖലയിലെ ബഹുഭൂരിപക്ഷം വരുന്ന ഉദ്യോഗങ്ങളിൽനിന്നും ബഹിഷ്കൃതരായിത്തീർന്നു.
പൊതു വിദ്യാഭ്യാസ മേഖലയിലെ സാമുദായിക മാനേജ്മെന്റുകൾ
പൊതു വിദ്യാഭ്യാസ മേഖലയിലെ എൽ.പി സ്കൂളുകളിൽ 61.01 ശതമാനവും യു.പി സ്കൂളുകളുടെ 66.25 ശതമാനവും ഹൈസ്കൂളുകളുടെ 58.7 ശതമാനവും എയ്ഡഡ് മേഖലയിലാണെന്ന് നേരത്തേ സൂചിപ്പിക്കുകയുണ്ടായി. അതേപോലെ ട്രെയ്നിങ് കോളജുകൾ ഉൾപ്പെടെ 232 ആർട്സ് ആൻഡ് സയൻസ് കോളജുകളാണ് 2014-15ൽ സംസ്ഥാനത്തുള്ളത്. ഇതിൽ 180 എണ്ണം അതായത് 78 ശതമാനവും എയ്ഡഡ് സ്ഥാപനങ്ങളാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഇത്രയും സ്ഥാപനങ്ങൾ ഏതെല്ലാം മാനേജ്മെന്റുകളാണ് കൈവശം വെച്ചുകൊണ്ടിരിക്കുന്നത് എന്ന് പരിശോധിക്കാം. 180 എയ്ഡഡ് കോളജുകളില് 86 എണ്ണം അതായത് മൊത്തം കോളജുകളുടെ 47.77 ശതമാനവും ക്രിസ്ത്യൻ മാനേജ്മെന്റുകളുടെ കീഴിലാണ്. 35 കോളജുകൾ (19.44 ശതമാനം) മുസ്ലിം മാനേജ്മെന്റുകളുടെ കൈവശമാണുള്ളത്.
18 കോളജുകൾ (10 ശതമാനം) എൻ.എസ്.എസിന്റെ (നായർ സർവിസ് സൊസൈറ്റി) കൈവശമാണ്. 20 എണ്ണം (11.11 ശതമാനം) എസ്.എൻ ട്രസ്റ്റിന്റെ –ഈഴവ വിഭാഗത്തിൽപെട്ട മാനേജ്മെന്റുകളുടെ കീഴിലാണ്. 7 കോളജുകൾ (3.88 ശതമാനം) സർക്കാറിന്റെ കീഴിലുള്ള ദേവസ്വം ബോർഡിന്റെ കൈവശമാണ്. 12 എണ്ണം 6.66 ശതമാനം കോളജുകൾ ഏകാംഗ മാനേജ്മെന്റുകളാണ്. 2 എണ്ണം (1.11 ശതമാനം) ശ്രീശങ്കര ട്രസ്റ്റിന്റെ കീഴിലാണുള്ളത്. നമ്പൂതിരി വിഭാഗത്തിൽപെട്ട ഉൽപതിഷ്ണുക്കളുടെ മുൻകൈയിൽ 1965ൽ രൂപവത്കരിച്ചതാണ് ശ്രീശങ്കര ട്രസ്റ്റ്.
കേരളത്തിലെ നാല് സമുദായ മാനേജ്മെന്റുകളുടെ (ക്രിസ്ത്യൻ, മുസ്ലിം, നായർ, ഈഴവ) കൈവശമാണ് 88.33 ശതമാനം എയ്ഡഡ് കോളജുകളും. ഇതിൽതന്നെ 121 (67.22 ശതമാനം) കോളജുകൾ ന്യൂനപക്ഷ മാനേജ്മെന്റുകളുടെ കീഴിലാണ്. ക്രിസ്ത്യൻ, മുസ്ലിം മാനേജ്മെന്റുകൾ കഴിഞ്ഞാൽ എണ്ണത്തില് മൂന്നാം സ്ഥാനം എസ്.എൻ ട്രസ്റ്റ്/ ഈഴവ മാനേജ്മെന്റുകൾക്കാണെങ്കിലും ഫലത്തിൽ മൂന്നാം സ്ഥാനം നായർ വിഭാഗത്തിലാണെന്നു കാണാം. 18 കോളജുകളേ എൻ.എസ്.എസ് മാനേജ്മെന്റിന്റെ കൈവശമുള്ളൂവെങ്കിലും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള നാലു കോളജുകളിലെ അധ്യാപകരിൽ 74.17 ശതമാനവും നായർ വിഭാഗക്കാരാണ്.
കൊച്ചിൻ ദേവസ്വം ബോർഡിനു കീഴിൽ രണ്ടു കോളജുകളും ഗുരുവായൂർ ദേവസ്വത്തിന് കീഴിൽ ഒന്നും തിരുവിതാംകൂർ ദേവസ്വത്തിനു കീഴിൽ നാലു കോളജുകളുമാണുള്ളത്. ദേവസ്വം ബോർഡ് കോളജുകളെ സർക്കാർ എയ്ഡഡ് കോളജുകൾ എന്നാണ് നാമകരണംചെയ്തിരിക്കുന്നത്. ദേവസ്വം ബോർഡ് വകുപ്പ് മന്ത്രിയും സർക്കാർ നോമിനികളും അടങ്ങുന്ന ഭരണസമിതിക്ക് കീഴിലാണ് ഈ കോളജുകൾ. ഇവിടെ മറ്റ് എയ്ഡഡ് സ്ഥാപനങ്ങളെ പോലെ സ്വകാര്യ മാനേജ്മെന്റുകളല്ല ഭരണം നടത്തുന്നത്. ഇങ്ങനെ സർക്കാറിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിയമനം നടക്കുന്ന നാലു കോളജുകളിലെ അധ്യാപകരുടെ കണക്കുകളാണ് മുകളിൽ കൊടുത്തിരിക്കുന്നത്.
ആകെയുള്ള 182 അധ്യാപകരിൽ 135 പേരും 74.17 ശതമാനവും നായർ വിഭാഗം മാത്രമാണ്. 8 ശതമാനം നമ്പൂതിരി അധ്യാപകർകൂടി ആകുമ്പോൾ 143 പേരും (78.56 ശതമാനം) മുന്നാക്ക വിഭാഗങ്ങൾ മാത്രമാകുന്നു. ഈഴവ വിഭാഗം 18 ശതമാനവും മറ്റു സംവരണീയർക്ക് നാമമാത്ര പ്രാതിനിധ്യവുമേയുള്ളൂ. പട്ടികജാതി-പട്ടികവർഗത്തിൽപെട്ടവരും ന്യൂനപക്ഷ അധ്യാപകരും ഇവിടെ പൂജ്യമാണ്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ശ്രീ കേരളവർമ കോളജിൽ ഇതേ കാലത്ത് (2010) 89 അധ്യാപകർ ജോലി ചെയ്തപ്പോൾ പട്ടികജാതി-പട്ടികവർഗ, മുസ്ലിം അധ്യാപകരെ ഉൾക്കൊള്ളാൻ ഈ സർക്കാർ എയ്ഡഡ് കോളജിന് കഴിഞ്ഞിരുന്നില്ല. എട്ട് ക്രിസ്ത്യൻ വിഭാഗക്കാർ ഇതേ സമയത്ത് ഇവിടെ അധ്യാപകരായി ഉണ്ടായിരുന്നു.
‘ഡയറക്ട് പേമെന്റ് സിസ്റ്റ’വും 1972ലെ കോളജ് അധ്യാപക നിയമനവും
1972ൽ അച്യുതമേനോൻ സർക്കാറും സ്വകാര്യ മാനേജ്മെന്റ് പ്രതിനിധികളും തമ്മിൽ ഉണ്ടാക്കിയ ‘ഡയറക്ട് പേമെന്റ് സിസ്റ്റം’ എന്ന ഒരു ‘കരാറിലൂടെയാണ്’ കോളജ് അധ്യാപക-അനധ്യാപക നിയമനങ്ങൾക്കുള്ള അവകാശം സ്വകാര്യ മാനേജ്മെന്റുകളുടെ കൈവശം എത്തിച്ചേർന്നത്.ഈ കരാറനുസരിച്ച് അധ്യാപകരെയും അനധ്യാപകരെയും തിരഞ്ഞെടുക്കുന്നതിന് അഞ്ചംഗ കമ്മിറ്റി വേണമെന്ന് തീരുമാനിച്ചു. അഞ്ച് അംഗങ്ങളെയും തിരഞ്ഞെടുക്കാനുള്ള അവകാശം മാനേജ്മെന്റിൽ നിക്ഷിപ്തമായതുമൂലം അധ്യാപക-അനധ്യാപക നിയമനങ്ങളിൽ മാനേജ്മെന്റുകള്ക്ക് പരിപൂർണ അധികാരം ഉറപ്പിക്കാനായി.
നിയമനങ്ങളിൽ 50 ശതമാനം ഒഴിവുകളിൽ മെറിറ്റ് അടിസ്ഥാനത്തിൽ മാനേജ്മെന്റ് സമുദായങ്ങളിലെ അംഗങ്ങളെ നിയമിക്കാമെന്നും ബാക്കി 50 ശതമാനം ഒഴിവുകൾ ‘ഓപൺ മെറിറ്റിൽ’നിന്ന് നിയമിക്കണമെന്നും വ്യവസ്ഥ ചെയ്തു. ഡയറക്ട് പേമെന്റ് വ്യവസ്ഥ നടപ്പാക്കുന്നതിനു മുമ്പും നിയമനങ്ങൾ നടത്തിയിരുന്നത് മാനേജ്മെന്റുകൾതന്നെയായിരുന്നെങ്കിലും 50 ശതമാനം ഒഴിവുകൾ (കോളജ് അധ്യാപക- അനധ്യാപക നിയമനങ്ങളിൽ മാത്രം) മാനേജ്മെന്റ് സമുദായങ്ങള്ക്ക് നിയമപരമായി സംവരണംചെയ്തത് ഈ കരാറിലൂടെയാണ്.
ബാക്കി 50 ശതമാനം ഓപൺ മെറിറ്റിൽനിന്ന് നിയമനം നടത്തണമെന്ന വ്യവസ്ഥ വെച്ചെങ്കിലും നിയമനാവകാശം പരിപൂർണമായും മാനേജ്മെന്റിന്റെ കൈവശമായതിനാൽ ഓപൺ മെറിറ്റിലെ നിയമനങ്ങളും മാനേജ്മെന്റ് സമുദായങ്ങൾക്ക് തന്നെ സംവരണംചെയ്യപ്പെട്ടതിന് തുല്യമായിത്തീർന്നു.
ഓപൺ മെറിറ്റിൽനിന്നു തന്നെയാണോ ബാക്കി 50 ശതമാനം നിയമനങ്ങൾ നടത്തുന്നത് എന്ന് മോണിറ്റർ ചെയ്യാൻ സർക്കാറിനോ മറ്റ് ഏജൻസികൾക്കോ അധികാരമുണ്ടായില്ല. ഈ വ്യവസ്ഥപ്രകാരം തത്ത്വത്തിൽ 100 ശതമാനം കോളജ് അധ്യാപക- അനധ്യാപക നിയമനങ്ങളും മാനേജ്മെന്റ് സമുദായങ്ങൾക്ക് സംവരണം ചെയ്യപ്പെട്ട സ്ഥിതിയായി.
* * *
100 ശതമാനം നിയമനങ്ങളിലും സ്വസമുദായ സംവരണം നടപ്പാക്കുന്ന കോളജുകൾ:
എൻ.എസ്.എസ് ട്രെയ്നിങ് കോളജ് പന്തളം
എയ്ഡഡ് നിയമനങ്ങൾ പബ്ലിക് സർവിസ് കമീഷൻ വഴിയാക്കണമെന്നും നിയമനങ്ങളിൽ സംവരണം പാലിക്കണമെന്നുമുള്ള വിദ്യാഭ്യാസ നിയമത്തിലെ വ്യവസ്ഥക്കെതിരെ കത്തോലിക്കാ സഭക്കൊപ്പം ചേർന്ന് സമരം നയിച്ച സാമുദായിക നേതാവാണ് മന്നത്ത് പത്മനാഭൻ. അദ്ദേഹം സ്ഥാപിച്ച നായർ സർവിസ് സൊസൈറ്റിയുടെ (NSS) കീഴിലുള്ള പന്തളം എൻ.എസ്.എസ് ട്രെയ്നിങ് കോളജിൽ (16 അധ്യാപകരും 6 അനധ്യാപകരും അടക്കം 22 ജീവനക്കാരില് 22 പേരും നായര്) 100 ശതമാനം അധ്യാപകരും അനധ്യാപകരും നായർ സമുദായക്കാരാണ്.
എൻ.എസ്.എസ് ട്രെയ്നിങ് കോളജ് ചങ്ങനാശ്ശേരി
100 ശതമാനം നിയമനങ്ങളും നായർ സമുദായത്തിന് സംവരണം ചെയ്തിരിക്കുന്ന മറ്റൊരു കോളജാണ് എൻ.എസ്.എസ് ട്രെയ്നിങ് കോളജ്, ചങ്ങനാശ്ശേരി. ഇവിടെയുള്ള 13 അധ്യാപകരിൽ 13 പേരും നായന്മാരാണ്. എട്ട് അനധ്യാപകരിൽ എട്ടു പേരും ഇതേ സമുദായാംഗങ്ങൾതന്നെ.
എൻ.ഐ.എ കോളജ് കടവത്തൂർ -2018
മുസ്ലിം സമുദായ മാനേജ്മെന്റിന്റെ കീഴിലുള്ള നുസ്രത്തുൽ ഇസ്ലാം അറബിക് കോളജിൽ എട്ട് അധ്യാപകരും ഏഴ് അനധ്യാപകരും ഉൾപ്പെടെ 15 ജീവനക്കാരാണ് ഈ കോളജിലുള്ളത്. ഇതില് 15 പേരും മുസ്ലിം സമുദായക്കാരാണ്.
ബി.സി.എം കോളജ്, കോട്ടയം
ക്രിസ്ത്യൻ ന്യൂനപക്ഷ മാനേജ്മെന്റിന്റെ കീഴിലുള്ള ബിഷപ് ചൂലപ്പറമ്പിൽ മെമ്മോറിയൽ (ബി.സി.എം) കോളജിൽ 37 അധ്യാപകരും 14 അനധ്യാപകരും ഉൾപ്പെടെ 51 ജീവനക്കാരുണ്ട്. 51 പേരും ക്രിസ്ത്യൻ സമുദായക്കാരാണ്.
സെന്റ് സ്റ്റീഫൻസ് കോളജ്, ഉഴവൂർ -2018
മറ്റൊരു ക്രിസ്ത്യന് മാനേജ്മെന്റ് കോളജാണ് സെന്റ് സ്റ്റീഫൻസ് കോളജ്, ഉഴവൂർ. അവിടെ 31 അധ്യാപകരുണ്ട്. അതില് 31 പേരും റോമന് കാത്തലിക് സിറിയൻ ക്രിസ്ത്യൻ സമുദായക്കാരാണ്. അധ്യാപകർ 100 ശതമാനവും ക്രിസ്ത്യാനികളാണ്.
ക്രിസ്ത്യൻ ന്യൂനപക്ഷ സ്ഥാപനമായ ബി.സി.എം കോളജിൽ ഭൂരിപക്ഷവും റോമൻ കത്തോലിക്കരാണെങ്കിലും മാർത്തോമ, മലങ്കര കാത്തലിക്, യാക്കോബായ, സിറിയൻ മാർത്തോമ തുടങ്ങിയ ഇതര ക്രിസ്ത്യൻ വിഭാഗങ്ങളും ജോലിചെയ്യുന്നുണ്ട്. എന്നാൽ, സെന്റ് സ്റ്റീഫൻ കോളജ് ഉഴവൂരിൽ 100 ശതമാനവും റോമന് കാത്തലിക് സിറിയൻ ക്രിസ്ത്യൻ മാത്രമേയുള്ളൂ. ഇതര ക്രിസ്ത്യൻ വിഭാഗങ്ങളെപ്പോലും ഈ സ്ഥാപനം പുറംതള്ളിയിട്ടുണ്ട് എന്ന് മനസ്സിലാക്കാം.
ഓരോ മാനേജ്മെന്റിന്റെയും കീഴിലെ എട്ട് കോളജുകളിലെ അധ്യാപകരുടെയും അനധ്യാപകരുടെയും ജാതി മതം തിരിച്ചുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 83-96 ശതമാനം ജീവനക്കാരും അതത് ജാതി/ മതക്കാർ തന്നെയാണെന്നാണ് കാണാൻ കഴിയുന്നത്. സെന്റ് സ്റ്റീഫൻസ് കോളജ് ഉഴവൂർ, ടൈറ്റസ് II ടീച്ചേഴ്സ് കോളജ് തിരുവല്ല, ബി.സി.എം കോളജ് കോട്ടയം, എസ്.ബി കോളജ് ചങ്ങനാശ്ശേരി, അസംപ്ഷൻ ചങ്ങനാശ്ശേരി, സെന്റ് അലോഷ്യസ് കോട്ടയം, അല്ഫോൺസ പാലാ, മരിയൻ കോളജ് പീരുമേട് എന്നീ എട്ട് ക്രിസ്ത്യൻ കോളജ് ജീവനക്കാരുടെ കണക്കുകളാണ് താഴെ കൊടുത്തിരിക്കുന്നത്.
8 ക്രിസ്ത്യൻ മാനേജ്മെന്റ് കോളജുകളുടെ കണക്ക് - 2018
ഈ കോളജുകളിലെ 343 അധ്യാപകരിൽ 330 പേരും 96 ശതമാനം ക്രിസ്ത്യാനികളാണ്. മറ്റുള്ള 13 അധ്യാപകരിൽ ഏഴ് നായരും രണ്ട് ബ്രാഹ്മണരും 2 ഈഴവരും 1 നമ്പൂതിരിയുമാണ്. ഒരേ ഒരു അധ്യാപകൻ മാത്രമാണ് ക്രിസ്ത്യൻ നാടാർ വിഭാഗത്തിൽനിന്നുള്ളത്. 154 അനധ്യാപകരിൽ 148 പേരും (96 ശതമാനം) ക്രിസ്ത്യാനികളാണ്. മറ്റുള്ളവർ 6 പേരാണ്. ഇതില് മൂന്ന് സാംബവരും ഒന്നുവീതം മുസ്ലിം, നായർ, ഈഴവ സമുദായക്കാരുമാണ്.
8 എൻ.എസ്.എസ് കോളജുകളിലെ കണക്ക് -2018
എൻ.എസ്.എസ് ട്രെയ്നിങ് കോളജ് പന്തളം, എൻ.എസ്.എസ് ട്രെയ്നിങ് കോളേജ് ചങ്ങനാശ്ശേരി, എസ്.വി.ആർ.എൻ.എസ്.എസ് കോളജ് വാഴൂർ, എൻ.എസ്.എസ് കോളജ് പന്തളം, എൻ.എസ്.എസ് കോളജ് രാജഗിരി, പഴശ്ശിരാജ എൻ.എസ്.എസ് കോളജ് മൂക്കന്നൂർ, എൻ.എസ്.എസ് കോളജ്, ചേർത്തല, എൻ.എസ്.എസ് കോളജ് മഞ്ചേരി തുടങ്ങിയ എട്ട് കോളജുകളെ പരിശോധിക്കാം. ആകെയുള്ള 320 അധ്യാപകരിൽ 299 എണ്ണവും നായർ സമുദായമാണ്. മറ്റുള്ള 21 പേരിൽ 8 ഈഴവ, 2 മുസ്ലിം ഒന്നുവീതം നമ്പൂതിരി, കാത്തലിക്, വിശ്വകർമ, പിഷാരടി, പണിക്കർ, ചാലിയ, പട്ടികജാതി, പൊതുവാൾ, കണിശൻ ക്ഷത്രിയ, വെളുത്തേടത്തു നായർ എന്നിവരുമാണ്. 100 അനധ്യാപകരിൽ 98 പേരും നായർ കമ്യൂണിറ്റിയാണ്. അധ്യാപകരും അനധ്യാപകരും ആയി 95 ശതമാനം പേരും നായർ സമുദായമാണെന്ന് കാണാം.
8 മുസ്ലിം മാനേജ്മെന്റ് കോളജുകളിലെ കണക്ക് - 2018
എൻ.ഐ.എ കോളജ് കടവത്തൂർ, ഫാറൂഖ് കോളജ്, എം.ഇ.എസ് കോളജ് വളാഞ്ചേരി, എം.ഇ.എസ് കോളജ് കല്ലടി, എൻ.എം.എ കോളജ് കണ്ണൂർ, പി.എസ്.ഒ.എം തിരൂരങ്ങാടി, എം.ഇ.എസ് കോളജ് കോട്ടയം, ഡി.യു.എം.ഒ മുട്ടിൽ എന്നീ 8 മുസ്ലിം സമുദായ മാനേജ്മെന്റുകളുടെ കീഴിലെ കോളജുകളിലെ കണക്കുകളാണ് താഴെ.
339 അധ്യാപകരിൽ 264 പേർ മുസ്ലിം വിഭാഗക്കാരാണെങ്കിൽ 75 പേർ മറ്റു സമുദായക്കാരാണ്. ക്രിസ്ത്യൻ, നായർ കോളജുകളെ അപേക്ഷിച്ച് സമുദായേതര അധ്യാപകർ ഇവിടെ കൂടുതലാണെന്ന് പറയാം. 75 ഇതര അധ്യാപകരിൽ 30 പേർ നായരും 17 ക്രിസ്ത്യനും 10 ഈഴവരും 5 പട്ടികജാതിയും 3 ബ്രാഹ്മണരും 2 വീതം പണിക്കരും വാണിയരും ഒന്നുവീതം വിശ്വകർമ, തട്ടാൻ, ഗുപ്തൻ, ശൈവ വെള്ളാള, സാമന്ത എന്നിങ്ങനെയുമാണ്. അനധ്യാപകരിൽ 135ൽ 130ഉം മുസ്ലിം സമുദായമാണ്. ബാക്കി അഞ്ചിൽ രണ്ട് നായരും രണ്ട് ഈഴവരും ഒരു പട്ടികജാതിയുമാണുള്ളത്.
4 എസ്.എൻ ട്രസ്റ്റ് കോളജുകളിലെ കണക്ക് -2018
എസ്.എൻ ട്രസ്റ്റ് കോളജുകളിലെ 4 കോളജുകളിലെ അധ്യാപകരുടെ കണക്കുകളും 3 കോളജുകളിലെ അനധ്യാപകരുടെ കണക്കുകളുമാണ് ക്രോഡീകരിച്ചിട്ടുള്ളത്. ശ്രീനാരായണ കോളജ് പുനലൂർ, ശ്രീനാരായണ കോളജ് കൊല്ലം, ശ്രീനാരായണ കോളജ് കുമരകം, ശ്രീനാരായണ കോളജ് നാട്ടിക എന്നിവിടങ്ങളിലെ കണക്കുകൾ പരിശോധിക്കാം.
നാല് കോളജുകളിൽ 223 അധ്യാപകരുള്ളതിൽ 186 പേർ ഈഴവരാണ് (85 ശതമാനം) മറ്റുള്ള 34 പേരിൽ നായർ 12, വിശ്വകർമ, ക്രിസ്ത്യൻ, മുസ്ലിം തുടങ്ങിയവർ 3 വീതവും 2 വീതം ധീവര, നാടാർ, മതരഹിതർ എന്നിങ്ങനെയും 5 പേർ പട്ടികജാതി, പട്ടിക വർഗവും ഒന്നുവീതം വൈശ്യൻ, അമ്പലക്കാരൻ എന്നിങ്ങനെയുമാണ്. 52 അനധ്യാപകരിൽ 52 പേരും ഈഴവരാണ്. മൊത്തത്തിൽ 88 ശതമാനം നിയമനങ്ങളും ഈഴവ വിഭാഗങ്ങൾക്ക് മാത്രമാണ് ലഭിച്ചിട്ടുള്ളത്.
കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയിലെ 78 ശതമാനം വരുന്ന എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും ട്രെയ്നിങ് കോളജുകളിലെയും 80-100 ശതമാനം നിയമനങ്ങളും 4 മാനേജ്മെന്റുകളുടെ സമുദായക്കാർക്ക് സംവരണം ചെയ്യപ്പെട്ടിരിക്കുന്നു എന്നാണ് മുകളിലെ വസ്തുതകൾ വ്യക്തമാക്കുന്നത്. ഭരണഘടനാനുസൃതമായ പ്രാതിനിധ്യം പട്ടികജാതി-പട്ടികവർഗങ്ങൾക്ക് നിഷേധിക്കപ്പെടുകയും ചെയ്തു എന്നാണ് മേൽ സൂചിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നത്.
എയ്ഡഡ് കോളജ് അധ്യാപക-അനധ്യാപക നിയമനം: കേന്ദ്രനിയമവും യു.ജി.സി നിർദേശങ്ങളും
1956ലെ യു.ജി.സി ആക്ട് സെക്ഷന് 20 (1) പ്രകാരം സെൻട്രൽ യൂനിവേഴ്സിറ്റികൾ, ഡീംഡ് യൂനിവേഴ്സിറ്റികൾ, പൊതുഖജനാവിൽനിന്ന് ശമ്പളം പറ്റുന്ന സ്ഥാപനങ്ങൾ എന്നിവയിൽ ന്യൂനപക്ഷ സ്ഥാപനങ്ങൾ ഒഴികെയുള്ളവയിൽ നിർബന്ധമായും എസ്.സി, എസ്.ടി സംവരണം നടപ്പാക്കേണ്ടതാണെന്ന് വ്യക്തമാക്കുന്നുണ്ട്.
നിലവിൽ സംവരണവ്യവസ്ഥ നടപ്പാക്കാൻ നിയമമില്ലാത്ത സ്ഥാപനങ്ങളുണ്ടെങ്കിൽ അത്തരം സ്ഥാപനങ്ങൾ യു.ജി.സി മാതൃകയിലുള്ള നിർദേശങ്ങൾ ഫലപ്രദമായി നടപ്പാക്കുന്ന വിധത്തിൽ ചട്ടങ്ങൾ പരിഷ്കരിക്കണമെന്നും അതിനായി ഭരണനിർവഹണ സമിതി, സിൻഡിക്കേറ്റ്, സെനറ്റ് തുടങ്ങിയ സമിതികൾ മുൻകൈയെടുക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു.
എയ്ഡഡ് കോളജ് അധ്യാപക- അനധ്യാപക നിയമനങ്ങളിൽ പട്ടികജാതി-പട്ടികവർഗ സംവരണം നടപ്പാക്കണമെന്ന കേന്ദ്രസർക്കാർ നിയമവും അതിനായുള്ള യു.ജി.സി നിർദേശങ്ങളും വ്യക്തമായി നിലവിലുണ്ടായിരുന്നിട്ടും കേരളത്തിലെ സർവകലാശാലകളോ അതിനു കീഴിലുള്ള ബഹുഭൂരിപക്ഷം വരുന്ന എയ്ഡഡ് കോളജുകളോ സംവരണം നടപ്പാക്കിയില്ല. മാറിമാറി വരുന്ന സർക്കാറുകളോ ഇത് ഒരു സാമൂഹികനീതിയുടെയും അവസര സമത്വത്തിന്റെയും ലംഘനമായോ സർവോപരി ഭരണഘടനാ ലംഘനമായോ പരിഗണിച്ചില്ല.
എയ്ഡഡ് മേഖലയിലെ ജീവനക്കാരിൽ പട്ടികജാതി, പട്ടികവർഗക്കാർ ഒരു ശതമാനത്തിലും താഴെയാണുള്ളത്. എയ്ഡഡ് മേഖലയിൽ പട്ടികജാതി-പട്ടികവർഗങ്ങൾക്ക് മതിയായ പ്രാതിനിധ്യമില്ലെന്ന് മാത്രമല്ല എയ്ഡഡ് മേഖലയിലെ ‘സംരക്ഷിത അധ്യാപകരെ’ സർക്കാർ വിദ്യാലയങ്ങളിൽ നിയമിക്കുന്നതുമൂലം സർക്കാർ മേഖലയിലെ സംവരണംപോലും ദലിത് ആദിവാസി വിഭാഗങ്ങൾക്ക് നഷ്ടപ്പെടുന്ന സ്ഥിതിയിലാവുന്നു.
സംരക്ഷിത അധ്യാപക നിയമനവും സംവരണീയരെ പുറംതള്ളലും
എയ്ഡഡ് മാനേജ്മെന്റുകൾ സർക്കാർ അനുവാദമില്ലാതെ നിയമിക്കുന്ന അധ്യാപകർ പിന്നീട് തസ്തികയും ശമ്പളവും ഇല്ലാതാകുന്നു. ഇത്തരം അധ്യാപകരാണ് സംരക്ഷിത അധ്യാപകർ (Protected Teachers) എന്നറിയപ്പെടുത്. 2011-12 അധ്യയനവർഷം 3389 അധ്യാപകരുടെ നിയമനങ്ങൾ അംഗീകരിച്ചുകൊണ്ട് (2011ൽ) അന്നത്തെ യു.ഡി.എഫ് സര്ക്കാർ ഉത്തരവിറക്കിയെങ്കിൽ 2016-17ൽ 4060 സംരക്ഷിത അധ്യാപകരെ സർക്കാർ സ്കൂളുകളിൽ നിയമിച്ചുകൊണ്ടാണ് എൽ.ഡി.എഫ് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇങ്ങനെ വിവിധ ജില്ലകളിലെ സർക്കാർ സ്കൂളുകളിൽ നിയമിച്ച എയ്ഡഡ് അധ്യാപകരുടെ കണക്കുകളാണ് ചുവടെ ചേർത്തിരിക്കുന്നത്.
2016-17ൽ സംരക്ഷിത അധ്യാപകരെ സർക്കാർ സ്കൂളിൽ നിയമിച്ചതിന്റെ കണക്ക്: ജില്ലതിരിച്ച്
4060 സംരക്ഷിത അധ്യാപകരെ സർക്കാർ സ്കൂളുകളിൽ നിയമിച്ചപ്പോൾ പി.എസ്.സി പരീക്ഷ പാസായ 460 (10 ശതമാനം സംവരണപ്രകാരം) ആദിവാസി-ദലിത് ഉദ്യോഗാർഥികളുടെ അവസരങ്ങളാണ് നഷ്ടപ്പെട്ടത്. മറ്റ് സാമൂഹിക വിഭാഗങ്ങളെ അപേക്ഷിച്ച് ആദിവാസി ദലിത് വിഭാഗങ്ങൾക്ക് എയ്ഡഡ് മേഖലയിൽ അവസരമില്ലെന്ന് മാത്രമല്ല, എയ്ഡഡ് മേഖലയിലെ സംരക്ഷിത അധ്യാപകരെ സർക്കാർ വിദ്യാലയങ്ങളിൽ നിയമിക്കുന്നതുമൂലം സർക്കാർ വിദ്യാലയങ്ങളിലെ 10 ശതമാനം സംവരണ പോസ്റ്റുകൾപോലും നഷ്ടപ്പെടുകയുംചെയ്യുന്നു.
എയ്ഡഡ് വിദ്യാഭ്യാസ മേഖല ദേശസാൽക്കരിക്കുന്നതിന് ഒട്ടനവധി ശ്രമങ്ങൾ നടന്നെങ്കിലും അതെല്ലാം സാമുദായിക മാനേജ്മെന്റുകളുടെയും രാഷ്ട്രീയകക്ഷികളുടെയും സംഘടിത പ്രക്ഷോഭങ്ങൾക്കു മുന്നിൽ പരാജയപ്പെടുകയായിരുന്നു. 1957ൽ കൊണ്ടുവന്ന കേരള വിദ്യാഭ്യാസ നിയമത്തിൽനിന്നും നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതിനും സംവരണം നടപ്പാക്കുന്നതിനുമുള്ള വ്യവസ്ഥകൾ എടുത്തുകളയുകയായിരുന്നു. അതിനുശേഷവും ഒട്ടനവധി വിദ്യാഭ്യാസ കമീഷനുകൾ വരുകയും ഇതേ നിർദേശങ്ങൾ ആവർത്തിക്കുകയുമുണ്ടായി. പ്രഫ. യു.ആർ. അനന്തമൂർത്തി കമീഷന്, സി.പി. നായർ കമീഷൻ, തരീൻ കമ്മിറ്റി എന്നിവയൊക്കെ ഉദാഹരണങ്ങളാണ്.
ഏറ്റവും ഒടുവിലായി പുറത്തുവന്നത് ടി.വി. രാജേഷ് എം.എൽ.എ അധ്യക്ഷനും 9 ഇടത്-വലത് എം.എൽ.എമാർ അംഗങ്ങളുമായ യുവജനക്ഷേമ യുവജനകാര്യ സമിതി റിപ്പോർട്ടാണ്. 2017ൽ നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ എയ്ഡഡ് മേഖലയിൽ പട്ടികജാതി-പട്ടികവർഗങ്ങൾ വിവേചന ഭീകരത നേരിടുന്നു എന്നും അതുകൊണ്ട് എത്രയും പെട്ടെന്ന് നിയമനങ്ങളിൽ പട്ടികജാതി-പട്ടികവർഗ സംവരണം നടപ്പാക്കണമെന്നും നിയമനങ്ങൾ പബ്ലിക് സര്വിസ് കമീഷനെ ഏൽപിക്കണമെന്നും ശിപാർശ ചെയ്യുകയുമുണ്ടായി. കേരളം മാറിമാറി ഭരിച്ച രണ്ട് രാഷ്ട്രീയ പാർട്ടികളിലെ എം.എൽ.എമാർ ഒരുമിച്ച് തയാറാക്കിയ റിപ്പോർട്ടിലെ നിർദേശങ്ങൾപോലും നടപ്പാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
എം.ഇ.എസും എസ്.എൻ ട്രസ്റ്റും (വെള്ളാപ്പള്ളി നേടശൻ) തങ്ങളുടെ എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ തയാറാണ് എന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എൻ.എസ്.എസിന്റെയും ക്രിസ്ത്യൻ മാനേജ്മെന്റുകളുടെയും സമ്മർദത്തെ നേരിടാൻ ശേഷിയില്ലാതെ സർക്കാർ നിന്ന് വിയർക്കുകയാണ്. ഐക്യ കേരള രൂപവത്കരണത്തിനുശേഷം ആറു പതിറ്റാണ്ടിലേറെ പിന്നിട്ടെങ്കിലും വിദ്യാഭ്യാസ മേഖലയെ ഭരണഘടനാ മൂല്യങ്ങൾക്കനുസൃതമായി പരിഷ്കരിക്കുന്നതിൽ കേരളീയസമൂഹം കുറ്റകരമായ അനാസ്ഥയാണ് അവലംബിക്കുന്നത്.
ഒരുവശത്ത് ദലിതരും ആദിവാസികളും അതി പിന്നാക്കക്കാരും സാമൂഹിക പുറംതള്ളലുകൾക്ക് വിധേയമാവുമ്പോൾ മറുവശത്ത് വർഷംതോറും ദേശീയ മൂലധനം സാമുദായിക മൂലധനമായി കേന്ദ്രീകരിക്കപ്പെടുകയും മാനേജ്മെന്റുകൾ കൂടുതൽ ധനികരും രാഷ്ട്രീയ സമ്മർദശേഷിയുള്ള വിഭാഗവുമായി മാറുന്നു. തന്മൂലം പൊതു വിദ്യാഭ്യാസത്തെ കാലികമായി പരിഷ്കരിക്കുന്നതിനോ രാജ്യത്തെ ഭരണഘടനാ മൂല്യങ്ങൾക്കനുസരിച്ച് തുല്യതയും അവസരസമത്വവും സാമൂഹികനീതിയും സ്ഥാപിക്കുന്നതിനോ ശേഷിയില്ലാതെ മാറിമാറി വരുന്ന സർക്കാറുകൾ നിഷ്പ്രഭരാവുന്നു.
ദലിതരെയും ആദിവാസികളെയും അതിപിന്നാക്ക വിഭാഗങ്ങളെയും സാമൂഹികമായി ബഹിഷ്കരിക്കുന്നതിനുള്ള ഉപാധിയായി കേരളത്തിലെ പൊതു വിദ്യാഭ്യാസത്തെ ഇക്കൂട്ടർ മാറ്റിത്തീർത്തതിന്റെ തെളിവുകൾകൂടിയാണ് ഈ ലേഖനത്തിൽ ചേർത്തിരിക്കുന്ന കണക്കുകൾ.