നികുതി നൽകുന്നവർക്ക് പ്രാതിനിധ്യം നൽകേണ്ടേ?
കേരളത്തിലെ സർക്കാർ സർവിസുകളിലടക്കം വിവിധ സമുദായങ്ങളുടെയും ജാതികളുടെയും പ്രാതിനിധ്യം എന്താണ്? സംവരണത്തിനെതിരെ ഉയരുന്ന വാദങ്ങൾക്ക് എത്രമാത്രം പ്രസക്തിയുണ്ട്? ചില സമുദായങ്ങൾ അനർഹമായി ആനുകൂല്യങ്ങൾ കൈപ്പറ്റുന്നുണ്ടോ? –സംവരണവും പ്രാതിനിധ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളെ സമഗ്രമായി വിശകലനംചെയ്യുകയാണ് സാമൂഹികപ്രവർത്തകനും പ്രാതിനിധ്യ വിഷയത്തിൽ നിരന്തരമായി ഇടപെടുകയും എഴുതുകയും ചെയ്യുന്ന ലേഖകൻ.
കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥരുടെ സമുദായം തിരിച്ചുള്ള കണക്ക് പ്രസിദ്ധീകരിക്കണമെന്നത് വളരെ നാളുകളായി പിന്നാക്ക സമുദായ സംഘടനകളുടെ ആവശ്യമാണ്. സ്പാർക് സോഫ്റ്റ് വെയറിൽനിന്നു വളരെ എളുപ്പം ശേഖരിക്കാവുന്ന കണക്കായിട്ടുപോലും, വർഷങ്ങളെടുത്താണ് സർക്കാർ ആ കണക്ക് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. പി. ഉബൈദുല്ല എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിനു മറുപടിയായാണ് സർക്കാർ ജീവനക്കാരുടെ സാമുദായിക പ്രാതിനിധ്യത്തെക്കുറിച്ച കണക്ക് ഇപ്പോൾ പ്രസിദ്ധീകരിച്ചത്. 2024 ജൂൺ 19 വരെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.
കേരള സ്റ്റേറ്റ് കമീഷൻ ഫോർ ബാക്ക് വേഡ് ക്ലാസസിന്റെ (കെ.എസ്.സി.ബി.സി) റിപ്പോർട്ട് അനുസരിച്ച് സംസ്ഥാനത്ത് 5,45,423 സ്ഥിരം സർക്കാർ ജീവനക്കാരാണുള്ളത്. ഇവരുടെ മതം-സമുദായം തിരിച്ചുള്ള എണ്ണമാണ് ലഭ്യമാക്കിയിട്ടുള്ളത്.
ഒ.ബി.സിക്കാർക്ക് അമിത പ്രാതിനിധ്യം?
ജീവനക്കാരിൽ ഒ.ബി.സി വിഭാഗത്തിൽപെട്ടവർ 2,85,335 പേരുണ്ട്. അതായത് ആകെയുള്ള ഉദ്യോഗസ്ഥരിൽ 52.31 ശതമാനം ഒ.ബി.സിക്കാരാണെന്ന് അർഥം. അതിൽതന്നെ ഈഴവ/ തിയ്യ വിഭാഗമാണ് ഏറ്റവും കൂടുതൽ; 1,15,075 പേർ. ‘സർക്കാർ ഉദ്യോഗസ്ഥരിൽ പകുതിയിലേറെ ഒ.ബി.സി വിഭാഗം’ എന്നു മലയാളത്തിലെ പ്രമുഖ പത്രം വെണ്ടക്ക നിരത്തിയത് ബോധപൂർവമാണെന്നേ കരുതാനാവൂ. ഒ.ബി.സിക്കാർക്കു വലിയ പ്രാതിനിധ്യം കിട്ടിയിട്ടുണ്ടെന്ന പ്രതീതി സൃഷ്ടിക്കാൻ ഉദ്ദേശിച്ചാണതെന്നു കരുതണം.
കേരളത്തിലെ ഒ.ബി.സി വിഭാഗക്കാരുടെ ജനസംഖ്യ എത്രയാണെന്നോ അവർക്കു കിട്ടിയെന്നു പറയുന്ന ഈ ‘അമിത’ പ്രാതിനിധ്യം ഏതു ക്ലാസിലും ഗ്രേഡിലുമാണെന്നോ ഉള്ള കണക്ക് ആർക്കും അറിയില്ല. ജനസംഖ്യ അറിയണമെങ്കിൽ സമുദായ സെൻസസ് എടുക്കണം. എന്നാൽ, സ്വാതന്ത്ര്യം കിട്ടിയതിനുശേഷം നടന്ന ഒരു സെൻസസിലും അവർണ പിന്നാക്ക ജനവിഭാഗത്തിന്റെയും സവർണ മുന്നാക്ക വിഭാഗത്തിന്റെയും ജനസംഖ്യ കണക്കെടുത്തിട്ടില്ല. കേരളത്തിലെ സർക്കാർ ജീവനക്കാരുടെ കണക്കെടുത്തു പുറത്തുവിട്ടതാണെങ്കിൽ, ഇങ്ങനെ വാലും തലയുമില്ലാത്ത സ്ഥിതിയിലും.
പട്ടികജാതി വിഭാഗത്തിൽനിന്നുള്ള 51,783 പേരാണ് സർക്കാർ സർവിസിലുള്ളത്. പത്തു ശതമാനത്തിൽ താഴെയാണ് (9.49 ശതമാനം) സർക്കാർ മേഖലയിൽ അവരുടെ സാന്നിധ്യം. പട്ടിക വർഗ വിഭാഗത്തിന്റെ പ്രാതിനിധ്യം 1.92 ശതമാനമാണ്; 10,513 പേർ. ജനസംഖ്യയിൽ പട്ടികജാതി വിഭാഗം 9.10 ശതമാനവും പട്ടികവർഗ വിഭാഗം 1.45 ശതമാനവും വരും (2011 സെൻസസ്).
പുറത്തുവന്ന കണക്കനുസരിച്ച് സർക്കാർ ഉദ്യോഗങ്ങളിൽ ഏറ്റവും കൂടുതൽ പ്രാതിനിധ്യക്കുറവ് മുസ്ലിംകൾക്കാണ്. മുസ്ലിം വിഭാഗത്തിൽനിന്ന് ആകെയുള്ളത് 73,774 പേർ മാത്രമാണ്. അഥവാ 13.52 ശതമാനം. കേരളത്തിലെ ജനസംഖ്യയിൽ 26.9 ശതമാനം മുസ്ലിം ജനവിഭാഗമുണ്ടെന്നാണ് 2011 സെൻസസിലെ കണക്ക്.
ഇതര വിഭാഗക്കാരുടെ ജനസംഖ്യ എത്രയെന്ന് അറിയാത്തതുകൊണ്ട് അവർക്കു പ്രാതിനിധ്യം കൂടുതലാണോ കുറവാണോ എന്ന് ആർക്കും തിട്ടപ്പെടുത്താൻ കഴിയില്ല. ഉദാഹരണമായി, ഈഴവർക്ക് 21.09 ശതമാനം പ്രാതിനിധ്യം കിട്ടിയിട്ടുള്ളത് അവരുടെ ജനസംഖ്യക്ക് ആനുപാതികമാണെന്ന മട്ടിലാണു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഈഴവ/ തിയ്യ സമുദായം 21 ശതമാനമാണെന്ന കണക്ക് 1921 ലെ സെൻസസിലേതാണ്. 1968ൽ ഇ.എം.എസ് സർക്കാർ നടത്തിയ സാമ്പിൾ സർവേയിൽ ഈഴവർ 22 ശതമാനമാണ്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 2004ലെ സാമ്പിൾ സർവേ (കേരളപഠനം) കണക്കിൽ, വീണ്ടും ഈഴവ ജനസംഖ്യ കുറഞ്ഞ് 21 ശതമാനമായി. സാമ്പിൾ സർവേ ആധാരമാക്കി ജനസംഖ്യ തിട്ടപ്പെടുത്തുന്നത് അശാസ്ത്രീയമാണെന്ന് അറിയാവുന്നവർപോലും, പരിഷത്ത് കണക്കിനെ ആധികാരികമായി എടുത്ത് ഈഴവ ജനസംഖ്യ 21 ശതമാനമെന്ന തീർപ്പിലെത്തുന്നത് അത്ഭുതകരമാണ്. 1921ലെ സെൻസസിനുശേഷം ഒരു നൂറ്റാണ്ടു കഴിഞ്ഞിട്ടും ഈഴവ ജനസംഖ്യ സ്റ്റാഗ്നേഷനിലാണെന്നു കരുതിയാലേ, അവരുടെ ജനസംഖ്യ ഇപ്പോഴും 21 ശതമാനമാണെന്നു പറയാനാവൂ.
അപൂർണമായ കണക്ക്
നിയമസഭയിൽ ലഭ്യമാക്കിയ കണക്കിൽ, സർക്കാറിന്റെ ജനറൽ റവന്യൂവിൽനിന്നു ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരെ* കൂടാതെ, പൊതുമേഖലാ സ്ഥാപനങ്ങളിലെയും കോർപറേഷനുകളിലെയും വിവിധ ബോർഡുകളിലെയും സാംസ്കാരിക സ്ഥാപനങ്ങളിലെയും ജീവനക്കാരെക്കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ കണക്ക് ഉൾപ്പെടുത്തിയിട്ടില്ലെന്നു തോന്നുന്നു. അതുപോലെ, കെ.എസ്.ആർ.ടി.സിയുടെ കണക്ക് ഉൾപ്പെടുത്തിയപ്പോൾ കെ.എസ്.ഇ.ബിയുടേത് ചേർത്തിട്ടില്ല. 2019ലെ ശമ്പള കമീഷൻ റിപ്പോർട്ട് പ്രകാരം, സർക്കാർ ഉദ്യോഗസ്ഥരുടെ എണ്ണം 5,15,639 ആണ്. സ്റ്റേറ്റ് പബ്ലിക് എന്റർപ്രൈസസ് ബോർഡിന്റെ 2021- 22 റിപ്പോർട്ട് പ്രകാരം, ആകെ 14.6 ലക്ഷം ജീവനക്കാരുണ്ട്. അപൂർണവും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതുമായ കണക്കാണ് സർക്കാർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നതെന്നു ചുരുക്കം.
തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാപരമല്ലാത്തതുമായ വിവരങ്ങൾ പുറത്തുവിട്ടുകൊണ്ട് സമുദായങ്ങൾ തമ്മിൽ സ്പർധയും അവിശ്വാസവും ഉണ്ടാക്കാനുള്ള ശ്രമമാണോ സർക്കാർ നടത്തുന്നതെന്നു സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല. സമുദായം തിരിച്ചുള്ള ജനസംഖ്യ കണക്കെടുക്കാത്തതും മുഴുവൻ ജീവനക്കാരുടെയും ക്ലാസ്/ഗ്രേഡ് തിരിച്ച കണക്കു പുറത്തുവിടാത്തതും ബോധപൂർവമാണെന്ന് പിന്നാക്ക സമുദായ നേതാക്കളും ബുദ്ധിജീവികളും ആരോപിക്കുന്നത് ഇതുകൊണ്ടാണ്.
സംവരണം എത്രനാൾ?
ഈ കണക്കുകൾ പുറത്തുവന്നതോടെ, സംവരണവിരുദ്ധരുടെ ശബ്ദം ഒന്നുകൂടി ഉച്ചത്തിലായിട്ടുണ്ട്. ഇന്ത്യയിലെ മുഖ്യധാര മീഡിയയിലും ഇപ്പോൾ സോഷ്യൽ മീഡിയയിലും വർഷങ്ങളായി ആവർത്തിച്ച് ഉന്നയിക്കപ്പെടുന്ന ചോദ്യമാണ് “സംവരണം ഇനി എത്രനാൾ തുടരണം?” എന്നത്. സുപ്രീംകോടതി ജഡ്ജിമാർപോലും ചോദിക്കുന്നത് “75 വർഷമായി; ഇനിയും നിർത്താനായില്ലേ ഈ സംവരണം?” എന്നാണ്.
കേരളത്തിലെ ശൂദ്രവിഭാഗം എന്നു കണക്കാക്കുന്ന നായർ സമുദായത്തിന്റെ സംഘടന (നായർ സർവിസ് സൊസൈറ്റി-എൻ.എസ്.എസ്) നേതാവ് സുകുമാരൻ നായർ, കൂടക്കൂടെ ആവശ്യപ്പെടാറുള്ളത്, ‘ജാതിസംവരണം നിർത്തണം’ എന്നാണ്. എന്നാൽ, മഹാരാഷ്ട്രയിലെ പ്രമുഖ ശൂദ്ര വിഭാഗമായ മറാത്തകൾ, തങ്ങളെക്കൂടി ഒ.ബി.സി പട്ടികയിൽപ്പെടുത്തണം എന്നാണ് ആവശ്യപ്പെടുന്നത്. ഇക്കൂട്ടർ പക്ഷേ, ഇ.ഡബ്ല്യൂ.എസ് എന്ന സവർണ സംവരണം നടപ്പാക്കിയപ്പോൾ സംവരണം വേണ്ട എന്നുപറഞ്ഞിട്ടില്ല.
സംവരണം മെറിറ്റിനെ നശിപ്പിക്കുമോ?
‘കഴിവും യോഗ്യതയും’ നോക്കി വിദ്യാർഥികളെയും ഉദ്യോഗാർഥികളെയും തിരഞ്ഞെടുക്കുകയാണ് വേണ്ടതെന്നും ആർക്കും സംവരണം നൽകേണ്ട ആവശ്യമില്ലെന്നും അഥവാ വേണ്ടിവന്നാൽ ആദിവാസികൾക്കും ചില എസ്.സി വിഭാഗക്കാർക്കുമായി അതു പരിമിതപ്പെടുത്തണമെന്നും സോഷ്യൽ മീഡിയയിലെ സവർണ പ്രൊഫൈലുകൾ നിരന്തരം എഴുതുകയും പറയുകയും ചെയ്തുപോരുന്നുണ്ട്. വലിയൊരു വിഭാഗം ഒ.ബി.സികളും ഈ ആശയം സബ്സ്ക്രൈബ് ചെയ്യുന്നുണ്ടെന്നാണ് അവരിൽ പലരുടെയും പ്രതികരണങ്ങളിൽനിന്നു മനസ്സിലാകുന്നത്.
സംവരണംമൂലം, ‘കഴിവും യോഗ്യതയും’ ഉള്ള ആളുകൾ തഴയപ്പെടുന്നു, കാര്യക്ഷമത കുറയുന്നു തുടങ്ങിയ വാദങ്ങളാണ് വർഷങ്ങളായി മെറിറ്റ് വാദികൾ ഉന്നയിച്ചുവരുന്നത്. എന്നാൽ, സവർണ സംവരണം നടപ്പാക്കിത്തുടങ്ങിയതോടെ ഈ വാദക്കാരുടെ മിണ്ടാട്ടം മുട്ടിയിട്ടുണ്ട്. മെഡിക്കൽ, പോളിടെക്നിക് മുതലായ പ്രഫഷനൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ പൂർത്തിയാകുമ്പോൾ വരുന്ന ഇ.ഡബ്ല്യൂ.എസ് റാങ്ക് വിവരമാണ് മെറിറ്റ് വാദികളുടെ വായടപ്പിക്കുന്നത്. ഉദാഹരണത്തിന്, കേരളത്തിലെ നമ്പർ വൺ എന്നുപറയാറുള്ള കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിഞ്ഞ വർഷം എം.ബി.ബി.എസ് പ്രവേശനം നേടിയ വിഭാഗങ്ങളുടെ അവസാന റാങ്കുകൾ നോക്കൂ:
മുസ്ലിമിന്റെ നാലിരട്ടി പിന്നിൽ റാങ്കുള്ള സവർണ സമുദായ വിദ്യാർഥി, ഈഴവരുടെയും വിശ്വകർമജരുടെയും പിന്നാക്ക ഹിന്ദുവിന്റെയുമെല്ലാം വളരെ പിന്നിലുള്ള സവർണ വിദ്യാർഥി, കോഴിക്കോട് മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് പഠിച്ചുകൊണ്ടിരിക്കുമ്പോൾ എങ്ങനെയാണ് പഴയ മെറിറ്റ് വാദം ഇനി ഉന്നയിക്കാനാവുക?
ഇനി സർക്കാർ പോളിടെക്നിക്കിലെ അഡ്മിഷൻകൂടി കാണുക:
5539ാം റാങ്കുള്ള ഈഴവ വിദ്യാർഥിക്കോ 5909ാം റാങ്കുള്ള മുസ്ലിം വിദ്യാർഥിക്കോ തിരുവനന്തപുരം സെൻട്രൽ പോളിടെക്നിക്കിൽ പഠിക്കാൻ സീറ്റില്ലാത്തപ്പോൾ 6220ാം റാങ്കുകാരനായ മുന്നാക്ക സമുദായ വിദ്യാർഥിക്കു പഠിക്കാൻ സീറ്റുണ്ട്. തിരുവനന്തപുരത്തെ കടത്തിവെട്ടുന്നതാണ് കോട്ടയത്തെയും പെരിന്തൽമണ്ണയിലെയും അവസാന റാങ്ക് കണക്ക് (പട്ടിക കാണുക).
പണ്ട് സംവരണ ലിസ്റ്റ് നോക്കി, മാർക്ക് കുറഞ്ഞ പട്ടികജാതി ഉദ്യോഗാർഥിക്കു സീറ്റ് കിട്ടുന്നതു ചൂണ്ടിക്കാണിച്ച് “ഇത്തരം മണ്ടന്മാരെ എടുത്താൽ പാലം പൊളിഞ്ഞുപോവില്ലേ, അവർ ഓപറേഷൻ ചെയ്ത രോഗി മരിച്ചുപോകില്ലേ?” എന്നൊക്കെ ചോദിച്ചിരുന്ന മെറിറ്റ് വാദികൾ, പട്ടികജാതിക്കാരേക്കാൾ പിന്നിൽ റാങ്കുള്ള മുന്നാക്കസമുദായക്കാർ തിരഞ്ഞെടുക്കപ്പെടുമ്പോൾ അമ്പഴങ്ങ വിഴുങ്ങിയിരിക്കയാണ്. പഴയ മെറിറ്റ് വാദം പറയാൻ ഒരെണ്ണത്തിനെയും ഇപ്പോൾ കാണാൻ കഴിയുന്നില്ല. ‘നിലവാരത്തകർച്ച’യിൽ ആർക്കും ആശങ്കയില്ല.
എന്നിരുന്നാലും, പൊതുസമൂഹത്തിൽ ഒട്ടും സമ്മതിയില്ലാത്ത വിഷയമാണ് സംവരണമെന്നു മൂന്നു പതിറ്റാണ്ടുകാലത്തെ അനുഭവങ്ങളിൽനിന്ന് ഈ ലേഖകനു മനസ്സിലായിട്ടുണ്ട്. സംവരണത്തെക്കുറിച്ചു സംസാരിച്ചാൽ ഒറ്റപ്പെട്ടുപോകുകയും അന്യവത്കരിക്കപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷം കേരളത്തിലുണ്ട്.
സംവരണം എന്തിന്?
സംവരണം എന്തിനാണു നടപ്പാക്കുന്നതെന്നു ചോദിച്ചാൽ സംവരണവാദികൾപോലും തെറ്റിദ്ധാരണ ഉണ്ടാക്കുന്ന മറുപടികളാണു പലപ്പോഴും പറയുന്നത്. ജാതിവ്യവസ്ഥിതി ഇല്ലാതാക്കാനാണ് സംവരണം നൽകുന്നതെന്നും മുൻകാലങ്ങളിൽ ദലിത്-പിന്നാക്ക വിഭാഗങ്ങൾ അനുഭവിച്ച പീഡനങ്ങളുടെ നഷ്ടപരിഹാരമായിട്ടു നൽകുന്ന ആനുകൂല്യമാണ് സംവരണമെന്നുമൊക്കെയാണ് അത്തരക്കാർ പലരും പറയാറുള്ളത്.
സംവരണം എന്തിനാണ് നൽകുന്നതെന്ന് ഇന്ത്യൻ ഭരണഘടനയിൽ അർഥശങ്കക്കിടയില്ലാതെ പറഞ്ഞിട്ടുള്ളപ്പോഴാണ് ഈ ആശയക്കുഴപ്പം, സംവരണവാദികളിൽ വരെ നിലനിൽക്കുന്നതെന്നോർക്കണം. ഭരണഘടനയുടെ അനുച്ഛേദം 16 (4) പറയുന്നത് ഇങ്ങനെയാണ്: “Nothing in this article shall prevent the State from making any provision for the reservation of appointments or posts in favour of any backward class of citizens which, in the opinion of the State, is not adequately represented in the services under the State.”
അതായത്, ഭരണസംവിധാനത്തിൽ മതിയായ വിധത്തിൽ പ്രാതിനിധ്യം ഇല്ലാത്ത പിന്നാക്ക വിഭാഗത്തിൽപെട്ട പൗരന്മാർക്ക് പ്രാതിനിധ്യം നൽകാനാണ് സംവരണം ഏർപ്പെടുത്തിയിട്ടുള്ളത്. ഭരണത്തിൽ –ലെജിസ്ലേച്ചറിലും എക്സിക്യൂട്ടിവിലും ജുഡീഷ്യറിയിലും– പ്രാതിനിധ്യക്കുറവുണ്ടെങ്കിലാണ് പിന്നാക്കാവസ്ഥ ഉണ്ടാവുന്നത്. പിന്നാക്കാവസ്ഥ പ്രാതിനിധ്യക്കുറവ് വർധിപ്പിക്കുകയും ചെയ്യും. ചില സമുദായങ്ങൾ ജാതിവ്യവസ്ഥിതിയുടെ ഇരകളാക്കപ്പെട്ട് പാർശ്വവത്കരിക്കപ്പെട്ടതുകൊണ്ടാണ് പ്രാതിനിധ്യക്കുറവും തന്മൂലം പിന്നാക്കാവസ്ഥയും (മറിച്ചും) ഉണ്ടാകുന്നതെന്നാണ് സാമൂഹികശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്.
അർഹവും മതിയായ അളവിലും പിന്നാക്ക സമുദായങ്ങൾക്കു ഭരണത്തിൽ പ്രാതിനിധ്യം ലഭിക്കുമ്പോൾ, സാമ്പത്തികമുൾപ്പെടെ, ഇന്നു പിന്നാക്ക വിഭാഗക്കാർ അനുഭവിക്കുന്ന എല്ലാ പരാധീനതകളും മാറ്റാനുള്ള പദ്ധതികൾ ആവിഷ്കരിക്കാനും അത് ആർജവത്തോടെ നടപ്പാക്കാനും സാധിക്കും. എങ്കിൽ മാത്രമേ അവരുടെ പിന്നാക്കാവസ്ഥ മറികടക്കാൻ സാധിക്കൂ. ഇന്നതു സാധിക്കാത്തത് അവർക്കു മതിയായ, അർഹമായ പ്രാതിനിധ്യം ഈ മേഖലകളിൽ ഇല്ലാത്തതാണ്.
ഡോ. ബാബാസാഹബ് അംബേദ്കർ, ഒരു നൂറ്റാണ്ടു മുമ്പേ, ഈ ആശങ്ക ബ്രിട്ടീഷ് അധികാരികളുടെ മുന്നിൽ ഉന്നയിച്ചിരുന്നു. 1930ലെ ആദ്യ വട്ടമേശ സമ്മേളനത്തിൽ, എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യമുള്ള തെരഞ്ഞെടുത്ത സർക്കാറിനെ വേണമെന്ന മെമ്മോറാണ്ടമാണ് ഡോ. അംബേദ്കർ സമർപ്പിച്ചത്. എല്ലാ സമുദായങ്ങൾക്കും അർഹവും മതിയായതുമായ പ്രാതിനിധ്യം (Due and adequate representation of all communities) നൽകണം എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. പിന്നാക്കം (Backward) എന്നോ വിഭാഗങ്ങൾ/ വർഗങ്ങൾ (Classes) എന്നോ അദ്ദേഹം പറഞ്ഞില്ലെന്നും ഓർക്കണം. മാത്രമല്ല, അദ്ദേഹം ആവശ്യപ്പെട്ടത് സംവരണം (Reservation) അല്ല, പ്രാതിനിധ്യം (Representation) ആണ്. പ്രാതിനിധ്യ ജനാധിപത്യത്തിനു (Representative Democracy) വേണ്ടിയാണ് അദ്ദേഹം വാദിച്ചത്.
സമുദായം ജാതിയല്ല
സമുദായം എന്നാൽ ജാതിയല്ല. ജാതി എന്നാൽ ജന്മരീതി മാത്രമാണ്. ‘മനുഷ്യരെല്ലാം ഒരു ജാതിയാണ്’ എന്നു പറയുന്നതിന്റെ അർഥം, ലോകത്തുള്ള എല്ലാ മനുഷ്യരും സ്ത്രീ പ്രസവിച്ചുണ്ടായതാണ് എന്നതാണ്. ജാതിഭേദം പാടില്ല എന്നാൽ, മനുഷ്യരെല്ലാം ഒരു ജന്മരീതിയിലൂടെ ജനിച്ചവരാണ്, അതിനാൽ ഭേദമില്ല എന്നാണ്. എന്നാൽ, വ്യത്യസ്ത സമുദായ സ്വത്വം (communal identity) മനുഷ്യർക്കുണ്ടാകാം; വിഭിന്നങ്ങളാണെങ്കിലും തുല്യങ്ങളായ (SEPARATE BUT EQUAL) സമുദായങ്ങൾ എന്ന നിലയിൽ. മേൽ-കീഴ് നിലയോ ശ്രേണീകരണമോ ഇല്ലാത്ത സ്വതന്ത്ര സമുദായങ്ങൾ.
സമുദായങ്ങളുണ്ടാക്കുന്നത് സർക്കാറോ ജാതികളോ അല്ല, ജനങ്ങളാണ്. ഒരേ ഉദ്ദേശ്യങ്ങളിൽനിന്നും ഒരേ മൂല്യങ്ങളിൽനിന്നും ഉദിക്കുന്ന ഒരു കൂട്ടമാണ് സമുദായം (community). സമുദായത്തെ ജാതി എന്നു തെറ്റായി വിളിച്ചു ശീലിച്ചതുകൊണ്ടാണ് ജാതിവ്യവസ്ഥിതി അഥവാ ചാതുർവർണ്യത്തിനു പുറത്തുള്ള (outside the caste system/ outcastes) അവർണ സമുദായങ്ങൾപോലും സ്വയം ‘ജാതി’ എന്നു തെറ്റായി വിളിക്കുന്നത്. അതുകൊണ്ടാണ് “ജാതി ചോദിക്കരുത്” എന്ന ശ്രീനാരായണ ഗുരുവിന്റെ അനുശാസനം, വിവാഹക്കാര്യത്തിലൊഴികെ മറ്റെല്ലാ രംഗത്തും മലയാളികൾ പൊതുവിൽ അനുസരിച്ചുപോരുന്നത്.
ഇന്ത്യ, സംസ്ഥാനങ്ങളുടെ യൂനിയൻ മാത്രമല്ല; അത് സമുദായങ്ങളുടെ യൂനിയൻകൂടിയാണ്. സാമുദായിക പ്രാതിനിധ്യം എന്നത് നമ്മുടെ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്ത്വമാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 38 (2)ൽ, Equality not only among individuals but also between groups (വ്യക്തികൾക്കിടയിൽ മാത്രമല്ല ഗ്രൂപ്പുകൾക്കിടയിലും സമത്വം വേണം) എന്ന് ഡോ. അംബേദ്കർ എഴുതിച്ചേർത്തത് അതുകൊണ്ടാണ്.
സവർണ ഒലിഗാർക്കി
സമുദായം ഒരു സാംസ്കാരിക കൂട്ടായ്മയാണ്. തദ്ദേശീയ സംസ്കാരങ്ങളുടെ നിലനിൽപിനു സമുദായങ്ങളുടെ സ്വത്വം പരിരക്ഷിക്കപ്പെടണം. ബ്രിട്ടീഷുകാർ പോയാൽ ഇവിടെ ഭരിക്കാൻ പോകുന്നത് സവർണ ഒലിഗാർക്കിയാണെന്ന് ഡോ. അംബേദ്കർ മുന്നറിയിപ്പു നൽകിയിരുന്നു. മുന്നണികളും പാർട്ടികളും ഏതായാലും, കേന്ദ്രത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും ഭരണാധികാരം കൈകാര്യംചെയ്യുന്നവരുടെ സമുദായം പരിശോധിച്ചാൽ, ബാബാ സാഹബിന്റെ ആശങ്ക അസ്ഥാനത്തല്ല എന്നു കാണാൻ സാധിക്കും. കേന്ദ്രത്തിൽ നാലു സമുദായങ്ങളും (ബ്രാഹ്മണ-ബനിയ-ക്ഷത്രിയ-കായസ്ത) കേരളത്തിൽ മൂന്നു സമുദായങ്ങളും (നമ്പൂതിരി-നായർ-സുറിയാനി ക്രൈസ്തവർ) ആണ് ഏതു മേഖലയിലും ആധിപത്യം പുലർത്തുന്നതെന്നു കണക്കുകൾ സ്പഷ്ടമാക്കുന്നുണ്ട്.
കേരളത്തിൽ 67 വർഷത്തിനുള്ളിൽ 48 ചീഫ് സെക്രട്ടറിമാർ ഉണ്ടായിട്ടുണ്ട്. അതിൽ 43 പേരും മേൽപറഞ്ഞ മൂന്നു സമുദായക്കാരാണ്. ഇന്നുവരെ ഒരു മലയാളി മുസ്ലിം ചീഫ് സെക്രട്ടറി ആയിട്ടില്ല. ആകെ ഒരു ഈഴവനും ഒരു നാടാരും ആണ് പിന്നാക്ക സമുദായങ്ങളിൽനിന്ന് ചീഫ് സെക്രട്ടറി ആയിട്ടുള്ളത്. പട്ടികജാതി-വർഗക്കാർ ആരുമായിട്ടില്ല. ഇവർക്കാർക്കും മെറിറ്റ് ഇല്ലാഞ്ഞിട്ടാണോ അതോ സിസ്റ്റത്തിന്റെ പ്രശ്നം മൂലമാണോ ഭരണാധികാരത്തിന്റെ ഉന്നത ശ്രേണിയിൽ എത്താത്തത്?
സ്വാതന്ത്ര്യത്തിനുശേഷം, എത്രയോ മലയാളി ജഡ്ജിമാർ സുപ്രീംകോടതിയിൽ വന്നു. അതിൽ, രണ്ടു മുസ്ലിംകളും രണ്ടു പട്ടികജാതിക്കാരുമാണ് ആകെ വന്നിട്ടുള്ളത്. ഒരൊറ്റ ഈഴവൻ സുപ്രീംകോടതി ജഡ്ജി ആയിട്ടില്ല. ബാക്കിയെല്ലാവരും ബ്രാഹ്മണ-നായർ-സുറിയാനി ക്രൈസ്തവ സമുദായക്കാരാണ്. മറ്റുള്ള സമുദായക്കാർക്ക് യോഗ്യത ഇല്ലാഞ്ഞിട്ടാണോ, അതോ തിരഞ്ഞെടുക്കുന്ന സിസ്റ്റം നീതിപൂർവമല്ലാഞ്ഞിട്ടാണോ ഇങ്ങനെ സംഭവിക്കുന്നത്?
അധികാരത്തിൽ പങ്കാളിത്തം
No taxation without representation (പ്രാതിനിധ്യമില്ലെങ്കിൽ നികുതിയില്ല) എന്ന മുദ്രാവാക്യം ഉയർത്തിയാണ് അമേരിക്കൻ സ്വാതന്ത്ര്യസമരം നടത്തിയത്. ലോകത്ത് എല്ലാ സമൂഹങ്ങളിലും അവിടെയുള്ള വ്യത്യസ്ത ജനവിഭാഗങ്ങളെ ഉൾപ്പെടുത്തിയാണ് ഭരണസംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. എല്ലാ വിഭാഗം ജനങ്ങൾക്കും പങ്കാളിത്തമുള്ള ഭരണകൂടങ്ങൾക്കേ നീതി നടപ്പാക്കാൻ സാധിക്കൂ. അതുകൊണ്ടാണ് അഫർമേറ്റിവ് ആക്ഷൻ എന്ന പേരിൽ വികസിത സമൂഹങ്ങളിൽ പ്രാതിനിധ്യ വ്യവസ്ഥ നടപ്പാക്കിവരുന്നത്.
സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക-സാമ്പത്തിക മണ്ഡലങ്ങളിൽനിന്ന് അഥവാ അധികാരത്തിൽനിന്ന് നൂറ്റാണ്ടുകളായി മാറ്റിനിർത്തപ്പെട്ട ആളുകൾക്ക് ഭരണാധികാരത്തിൽ അവസരങ്ങൾ നൽകുന്നതിനുവേണ്ടിയാണ് 1935ലെ ഇന്ത്യ ഗവൺമെന്റ് ആക്ടിലൂടെ പട്ടികജാതിക്കാർക്കും പട്ടികവർഗക്കാർക്കും പ്രാതിനിധ്യത്തിനുള്ള വ്യവസ്ഥ വരുന്നത്. അന്നുമുതൽ കണക്കാക്കിയാണ് ‘‘സംവരണം നടപ്പാക്കിയിട്ട് 75 വർഷമായില്ലേ?’’ എന്നു ചോദിക്കുന്നത്. ഒ.ബി.സിക്കാർക്ക് ഉദ്യോഗസംവരണം വരുന്നത് അതിനും എത്രയോ വർഷങ്ങൾ കഴിഞ്ഞ് 1993ൽ മാത്രമാണെന്നോർക്കണം.
1993ൽ, മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കുമ്പോഴാണ് ഒ.ബി.സിക്കാർക്ക് കേന്ദ്ര സർവിസിൽ പ്രാതിനിധ്യത്തിനുള്ള വ്യവസ്ഥ ആദ്യമായി വരുന്നത്. ആ സംവരണം നടപ്പാക്കി മൂന്നു പതിറ്റാണ്ടു കഴിഞ്ഞിട്ടും കേന്ദ്രത്തിലെ ഉദ്യോഗസ്ഥ സംവിധാനത്തിൽ ഒ.ബി.സിക്കാർക്ക് സംവരണവിഹിതത്തിന് അനുസൃതമായ പ്രാതിനിധ്യംപോലും കിട്ടിയിട്ടില്ലെന്ന് കേന്ദ്രമന്ത്രിതന്നെ രാജ്യസഭയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ജാതി സെൻസസ് നടത്തണം എന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി നടത്തിയ കാമ്പയിനിന്റെ ഭാഗമായി, 90 കേന്ദ്ര സെക്രട്ടറിമാരിൽ ഒ.ബി.സിക്കാർ കേവലം 3 പേർ മാത്രമാണെന്ന സത്യം വെളിപ്പെടുത്തിയിരുന്നു.
രാജ്യത്തെ 45 കേന്ദ്ര സർവകലാശാലകളിലെ അധ്യാപകരിൽ ഒ.ബി.സി പ്രാതിനിധ്യം നാലു ശതമാനം മാത്രമാണ്. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സർക്കാർ 2023 ആഗസ്റ്റ് മാസത്തിൽ പാർലമെന്റിൽ അറിയിച്ചതാണ് ഇക്കാര്യം. അസോസിേയറ്റ് പ്രഫസർമാരുടെ പ്രാതിനിധ്യം ആറു ശതമാനമാണെന്നും മന്ത്രി അറിയിച്ചിരുന്നു. 45 സർവകലാശാലകളിൽ വൈസ് ചാൻസലർമാരിൽ അഞ്ചുപേർ മാത്രമാണ് ഒ.ബി.സി വിഭാഗത്തിൽനിന്നുള്ളത്. അതേസമയം, അസി. പ്രഫസർമാരുടെ പ്രാതിനിധ്യം 18 ശതമാനവും നോൺ ടീച്ചിങ് സ്റ്റാഫിന്റേത് 12 ശതമാനവുമാണ്.
27 ശതമാനം സംവരണം കേന്ദ്ര സർവകലാശാലകളിലുണ്ട്. എന്നാൽ, സംവരണം നടപ്പാക്കി മൂന്നു പതിറ്റാണ്ടായിട്ടും സംവരണ ശതമാനത്തിനടുത്തുപോലും പ്രാതിനിധ്യം ഒ.ബി.സികൾക്കു നേടാൻ സാധിച്ചിട്ടില്ലെന്നർഥം. അപ്പോഴാണ് നമ്മുടെ നാട്ടിലെ വിദ്യാസമ്പന്നരായ മന്ദബുദ്ധികൾ പലരും സംവരണം എടുത്തുകളയണമെന്നു വാദിക്കുന്നത്.
സംവരണം, പ്രാതിനിധ്യത്തിനുള്ള ടൂൾ മാത്രം
വ്യത്യസ്ത ജനവിഭാഗങ്ങൾ അധിവസിക്കുന്ന സമൂഹങ്ങളിൽ, ആ ജനവിഭാഗങ്ങളുടെ അഥവാ സമുദായങ്ങളുടെ പ്രതിനിധികൾ ഭരണാധികാരത്തിൽ ഉണ്ടാവുക എന്നത് ജനാധിപത്യത്തിന്റെ പ്രാഥമിക നടപടിയാണ്. അതിനുള്ള ഒരു ടൂൾ മാത്രമാണ് സംവരണം. ശരിയായ പ്രയോഗം, പ്രാതിനിധ്യം (റെപ്രസന്റേഷൻ) എന്നാണ്. അങ്ങനെയാണ് ഭരണഘടനയുടെ 16 (4) വകുപ്പ് പ്രകാരം, എസ്.ഇ.ബി.സി വിഭാഗക്കാർക്കു സംവരണം ഏർപ്പെടുത്തിയിട്ടുള്ളത്. ഇരുപത്തിരണ്ടര ശതമാനം പട്ടികജാതി-പട്ടികവർഗക്കാർക്കു പ്രാതിനിധ്യം നൽകാൻ മാറ്റിെവച്ചിരിക്കുന്നു.
ബാക്കി 27 ശതമാനം പ്രാതിനിധ്യം മാത്രമേ, 52 ശതമാനം വരുന്ന ഒ.ബി.സിക്കാർക്ക് നൽകാൻ സാധിക്കുമായിരുന്നുള്ളൂ. കാരണം, 50 ശതമാനത്തിനു മുകളിൽ സംവരണം പോകാൻ പാടില്ലെന്നു സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. 1962ലെ ബാലാജി വേഴ്സസ് മൈസൂർ സ്റ്റേറ്റ് എന്ന കേസിലാണ് സംവരണം 50 ശതമാനത്തിനപ്പുറത്തേക്കു പോകാൻ പാടില്ലെന്നു സുപ്രീംകോടതി പറഞ്ഞത്. 1992ലെ മണ്ഡൽ കേസിലും (ഇന്ദ്രാ സാഹ്നി v/s യൂനിയൻ ഒാഫ് ഇന്ത്യ) ഇക്കാര്യം ഉയർത്തിപ്പിടിച്ചിട്ടുണ്ട്.
അതിലവർ ഡോ. ബാബാസാഹബ് അംബേദ്കറെ വരെ ഉദ്ധരിക്കുന്നുണ്ട്. സംവരണം ഒരു പരിധിക്ക് അപ്പുറത്തേക്കു പോകാൻ പാടില്ലെന്ന് അംബേദ്കർ കോൺസാംബ്ലിയിൽ പ്രസംഗിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് ഞങ്ങൾ 50 ശതമാനം സീലിങ് ഉറപ്പിക്കുന്നതെന്നും ഇന്ദ്രാ സാഹ്നി കേസിൽ പറയുന്നുണ്ട്. എന്നാൽ, സവർണർക്കു സംവരണം (ഇ.ഡബ്ല്യൂ.എസ്) നൽകുന്ന കാര്യം വന്നപ്പോൾ ഭരണാധികാരികൾക്ക് (സുപ്രീംകോടതിക്കും) ഈ പരിധി മറികടക്കാൻ തടസ്സവുമുണ്ടായില്ല.
കോടതികളുടെ ഇടപെടൽ
യഥാർഥത്തിൽ, നിയമങ്ങൾ ഉണ്ടാക്കാൻ കോടതിക്ക് അവകാശമുണ്ടോ? നിയമങ്ങൾ വ്യാഖ്യാനിക്കാനും ഭരണഘടനാനുസൃതമല്ലെങ്കിൽ അതു റദ്ദുചെയ്യാനും മാത്രമേ കോടതിക്ക് അവകാശമുള്ളൂ. ക്രീമിലെയർ വിധിയുൾപ്പെടെ പല കോടതിവിധികളും കാണുമ്പോൾ, കോടതികൾ, നിയമങ്ങൾ ഉണ്ടാക്കുകയാണെന്ന് നമുക്കു തോന്നും.
എന്തുകൊണ്ടാണ് സുപ്രീംകോടതിയിൽനിന്നും വിവിധ ഹൈകോടതികളിൽനിന്നും ഇതുപോലുള്ള വിധികൾ വരുന്നത് എന്നത് ആലോചിക്കേണ്ട വിഷയമാണ്. ഭരണാധികാരത്തിലുള്ള പ്രാതിനിധ്യം, ജുഡീഷ്യറിയിലും എക്സിക്യൂട്ടിവിലും ലെജിസ്ലേച്ചറിലും കിട്ടേണ്ട പ്രാതിനിധ്യമാണ്. എക്സിക്യൂട്ടിവിൽ മാത്രമേ ഒ.ബി.സികൾക്കു പ്രാതിനിധ്യത്തിനു വ്യവസ്ഥയുള്ളൂ. എസ്.സി-എസ്.ടി വിഭാഗങ്ങൾക്ക് എക്സിക്യൂട്ടിവിലും ലെജിസ്ലേച്ചറിലും സംവരണമുണ്ട്, ജുഡീഷ്യറിയിൽ ഇല്ല. അതുകൊണ്ടാണ് കെ.ജി. ബാലകൃഷ്ണനുശേഷം ഒരു പട്ടികജാതിക്കാരൻപോലും സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസ് ആവാഞ്ഞത്.
സുപ്രീംകോടതിയടക്കമുള്ള ഹയർ ജുഡീഷ്യറിയിൽ റിസർവേഷൻ ഇല്ലാത്തതുകൊണ്ടാണ് ബഹുഭൂരിപക്ഷം ജഡ്ജിമാരും ബ്രാഹ്മണ വിഭാഗത്തിൽനിന്നോ ഇതര സവർണ വിഭാഗത്തിൽനിന്നോ ആവുന്നത്. മണ്ഡൽ കേസിനകത്ത് സുപ്രധാനമായ ഒരു വിയോജന വിധിയുണ്ട്. ആ വിയോജന വിധി, തമിഴ്നാട്ടുകാരനായ, മുൻ ഡി.എം.കെ നേതാവുകൂടിയായിരുന്ന, പിന്നാക്ക സമുദായത്തിൽെപട്ട ജസ്റ്റിസ് എസ്. രത്നവേൽ പാണ്ഡ്യന്റെ വിധിയാണ്. ഇന്ദ്രാ സാഹ്നി കേസിന്റെ വിധിയിൽ, ഭൂരിപക്ഷ ബെഞ്ച് പറയുന്നത് ക്രീമിലെയർ വ്യവസ്ഥയോടെ മാത്രമേ ഒ.ബി.സി സംവരണം നടപ്പാക്കാവൂ എന്നാണ്.
സത്യത്തിൽ ഇത് കോടതി കൊണ്ടുവരുന്ന വ്യവസ്ഥയാണ്. ഭരണഘടന പറയുന്നത് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കമായിട്ടുള്ള വിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യം ഇല്ലെങ്കിൽ, അതിനു വേണ്ട വ്യവസ്ഥ ഉണ്ടാക്കണം എന്നാണ്. സാമ്പത്തിക പിന്നാക്കാവസ്ഥയെക്കുറിച്ച് സൂചനപോലുമില്ല. പക്ഷേ, സുപ്രീംകോടതി, സാമ്പത്തിക പിന്നാക്കാവസ്ഥകൂടി പരിഗണിച്ചതുകൊണ്ടാണ് ഒ.ബി.സി സംവരണത്തിൽ ക്രീമിലെയർ വ്യവസ്ഥ ഏർപ്പെടുത്തപ്പെട്ടത്. ക്രീമിലെയർ വ്യവസ്ഥ ഒ.ബി.സികളെ പിളർത്തുന്ന സംവിധാനമാണെന്നുള്ള ശക്തമായ വിയോജനവിധിയാണ് ജസ്റ്റിസ് പാണ്ഡ്യൻ എഴുതിയത്.
യു.പി.എ ഗവൺമെന്റിന്റെ കാലത്ത് ജുഡീഷ്യറിയിൽ റിസർവേഷൻ ആവശ്യമാണോ എന്നു പഠിക്കുന്നതിനു വേണ്ടി സുദർശനൻ നാച്ചിയപ്പന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി ഉണ്ടാക്കിയിരുന്നു. ആ കമ്മിറ്റി ഉണ്ടാക്കിയ റിപ്പോർട്ട് പറയുന്നത് ഇന്ത്യയിലെ വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളുടെ പ്രതിനിധികൾക്ക് ജുഡീഷ്യറിയിൽ മതിയായ പ്രാതിനിധ്യം നൽകേണ്ടതുണ്ട് എന്നാണ്. പക്ഷേ, ആ റിപ്പോർട്ട് ഒരു ഗവൺമെന്റും നടപ്പിലാക്കാൻ കൂട്ടാക്കിയില്ല. ജുഡീഷ്യറിയിൽ റിസർവേഷൻ ഇല്ലെങ്കിൽ, സംവരണ വിഷയത്തിൽ, പ്രതികൂല വിധികൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
50 ശതമാനം സീലിങ് ഒ.ബി.സികൾക്ക് പാര
50 ശതമാനത്തിന്റെ സീലിങ് നിലനിൽക്കുന്നതുകൊണ്ടാണ് ഒ.ബി.സിക്കാർക്ക് ജനസംഖ്യാനുപാതികമായി, മതിയായ തോതിൽ റിസർവേഷൻ നൽകാൻ നിവൃത്തിയില്ലാത്തത്. എന്നാൽ, ആ സീലിങ്ങിനെ മറികടന്നുകൊണ്ട് തമിഴ്നാട്ടിൽ, 69 ശതമാനം സംവരണം നടപ്പാക്കിയിട്ടുണ്ട്. അതവർ ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുകയുംചെയ്തു. ആ ഷെഡ്യൂളിലെ കാര്യങ്ങൾ കോടതിയിൽ ചോദ്യംചെയ്യാൻ പാടില്ല എന്നാണു വ്യവസ്ഥ. എന്നാൽ, സുപ്രീംകോടതിയിൽ അതിനെതിരെ കേസ് നിലനിൽക്കുന്നുണ്ടെന്നാണ് അറിവ്. ഇപ്പോൾ 77 ശതമാനം സംവരണം ഝാർഖണ്ഡിലും നടപ്പാക്കിയിട്ടുണ്ട്. ഇതു സൂചിപ്പിക്കുന്നത് കേരളംപോലുള്ള സംസ്ഥാനത്ത് ഒ.ബി.സി റിസർവേഷൻ വർധിപ്പിക്കാമെന്നാണ്.
എന്തുകൊണ്ടാണ് ഈഴവരുടെയും മുസ്ലിംകളുടെയും ഇതര ഒ.ബി.സി സമുദായങ്ങളുടെയും സംവരണം 50 ശതമാനത്തിനു മേൽ വർധിപ്പിക്കാത്തത്? ഇപ്പോൾ, 50 ശതമാനത്തിനു മേലെ വർധിപ്പിച്ച സംവരണമാണല്ലോ ഇ.ഡബ്ല്യൂ.എസ്. മുന്നാക്ക സമുദായക്കാർക്കു മാത്രമായുള്ള സംവരണമായതിനാൽ, 50 ശതമാനം എന്ന സീലിങ് മറികടന്നത് സുപ്രീംകോടതിക്കുപോലും പ്രശ്നമായില്ല. എന്നാൽ, ബിഹാറിൽ സമുദായ സെൻസസ് എടുത്ത് പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യക്കുറവു പരിഹരിക്കാനായി സംവരണവിഹിതം കൂട്ടിയത് അവിടത്തെ ഹൈകോടതി ഇടപെട്ടു തടഞ്ഞു. ഹയർ ജുഡീഷ്യറിയിൽ ആദ്യം സംവരണം വന്നാൽ മാത്രമേ, പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ഭരണത്തിൽ കിട്ടൂ എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
ജനറൽ സീറ്റ് സവർണർക്കുള്ള സീറ്റല്ല
ഉദ്യോഗരംഗത്ത് കേരളത്തിലും ഇന്ത്യയിലും 50 ശതമാനം സംവരണമാണ് നിലനിൽക്കുന്നത്. ബാക്കി 50 ശതമാനം ജനറൽ സീറ്റാണ്. ജനറൽ സീറ്റ് എന്നുപറഞ്ഞാൽ എല്ലാ ആളുകൾക്കും മത്സരിക്കാവുന്ന സീറ്റാണ്. ഒ.ബി.സിക്കും എസ്.സി-എസ്.ടിക്കാർക്കും സവർണ സമുദായക്കാർക്കുമെല്ലാം ആ സീറ്റിലേക്കു മത്സരിക്കാം. അതുകൊണ്ടാണ് ജനറൽ സീറ്റുകളെ ഓപൺ കോംപിറ്റീഷൻ (തുറന്ന മത്സരം) എന്നു കേരള പി.എസ്.സി വിശേഷിപ്പിക്കുന്നത്. അവിടെ സമുദായ പരിഗണനയില്ല. പറഞ്ഞുവരുന്നത്, ജനസംഖ്യാനുപാതികമായി സംവരണമില്ലാത്ത വിഭാഗങ്ങളെ സംബന്ധിച്ച് ജനറൽ സീറ്റിലുംകൂടി പ്രവേശനം കിട്ടിയാലേ കുറച്ചെങ്കിലും പ്രാതിനിധ്യം കിട്ടുകയുള്ളൂ.
50 ശതമാനം ജനറൽ സീറ്റുകൾ, ഇ.ഡബ്ല്യൂ.എസ് സംവരണം വന്നപ്പോൾ 40 ശതമാനമായി ചുരുങ്ങി. ജനറൽ മെറിറ്റിൽനിന്നു 10 ശതമാനം എടുത്ത് ഇ.ഡബ്ല്യൂ.എസുകാർക്ക് കൊടുത്തു. ഇ.ഡബ്ല്യൂ.എസ് എന്നാൽ സാമ്പത്തിക പിന്നാക്ക വിഭാഗം എന്നാണു പലരും ധരിച്ചുെവച്ചിട്ടുള്ളത്. എന്നാൽ, എല്ലാ സമുദായങ്ങളിലെയും സാമ്പത്തിക പിന്നാക്ക വിഭാഗത്തിന് ഈ സംവരണത്തിന് അർഹതയില്ല. ഉദാഹരണമായി, പട്ടികജാതി-പട്ടികവർഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകൾക്ക് ഈ സംവരണത്തിന് അർഹതയില്ല. ഫലത്തിൽ, മെറിറ്റിൽനിന്ന് 10 സീറ്റുകൾ പോകുകയും ചെയ്തു, പോയതിൽ അവകാശമൊട്ടില്ലതാനും. ഇനി സമ്പത്തിന്റെ കണക്കെടുത്താൽപോലും ഈ സമൂഹത്തിലെ ഏറ്റവും ദുർബലരായത് എസ്.സി-എസ്.ടിക്കാരല്ലേ? സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നത് അവരല്ലേ? അതു കഴിഞ്ഞല്ലേ ഒ.ബി.സിക്കാരും സവർണരും വരൂ?
സമുദായ സെൻസസ് നടത്തണം
സെൻസസ് ഒരു സമുദായത്തിന്റെ ‘ഹെൽത്ത് ചെക്ക് അപ്പ്’ ആണ്. സെൻസസ് നടത്തുന്നത് സംവരണ തോതു നിശ്ചയിക്കാൻ മാത്രമല്ല; സമുദായത്തിന്റെ നിലനിൽപിനും ശാക്തീകരണത്തിനും അത്യാവശ്യവും അനിവാര്യവുമാണത്. ഓരോ സമുദായത്തിന്റെയും ജനസംഖ്യ എത്രയാണെന്നും കഴിഞ്ഞ നൂറ്റാണ്ടിൽ അതിൽ എന്തു മാറ്റമുണ്ടായെന്നും എങ്ങനെ, എവിടെ, എന്തുകൊണ്ട് എന്നെല്ലാമറിയേണ്ടത് അനിവാര്യമാണ്. സമുദായത്തിന്റെ പൂർണമായ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ സ്വാസ്ഥ്യത്തിന്റെ (health) സ്ഥിതിവിവരങ്ങൾ എന്താണെന്നും അറിയേണ്ടതുണ്ട്.
പിന്നാക്കാവസ്ഥ, പൊതു സേവനങ്ങളിൽ മതിയായ പ്രാതിനിധ്യത്തിന്റെ അഭാവം, ഭരണപരമായ കാര്യക്ഷമതയിൽ സംവരണത്തിന്റെ സ്വാധീനം ഇവ തെളിയിക്കാനാവശ്യമായ ഡേറ്റ കോടതിയിൽ ഹാജരാക്കണമെന്നു പറഞ്ഞുകൊണ്ട് ഭരണഘനയിലില്ലാത്ത ചില നിർബന്ധിത വ്യവസ്ഥകൾ നമ്മുടെ ജുഡീഷ്യറി അടിച്ചേൽപിച്ചുകൊണ്ടിരിക്കയാണ്. അതുകൊണ്ട് കോടതിയിൽ, മേൽപറഞ്ഞ സംഗതികൾ തെളിയിക്കാൻ ഡേറ്റ ഹാജരാക്കേണ്ടതുണ്ട്. 93 വർഷമായി സർക്കാർ ഈ ഡേറ്റ ശേഖരിക്കാൻ വിസമ്മതിക്കുകയാണ്.
സർവേകളെ അടിസ്ഥാനമാക്കി ലഭ്യമായ പരിമിതമായ ഡേറ്റ എന്തുതന്നെയായാലും, അത് നിർമിക്കുന്നവരുടെ സംവരണ വിരുദ്ധ സാമൂഹിക സ്ഥാപിത താൽപര്യങ്ങൾ കാരണം, അപൂർണവും പലപ്പോഴും വിശ്വസനീയമല്ലാത്തതും പക്ഷപാതപരവുമാണ്. സർക്കാർ നടത്തുന്ന സാമൂഹിക-സാമ്പത്തിക ജാതി സെൻസസിന് മാത്രമേ ആവശ്യമായ ഡേറ്റ ഹാജരാക്കാൻ കഴിയൂ. ഇത്തരമൊരു സെൻസസ് നടത്താൻ സംസ്ഥാനത്തിനു മാത്രമേ അധികാരമുള്ളൂ.
കേരളത്തിലെ പിന്നാക്ക-പട്ടികജാതി-പട്ടികവർഗ സമുദായങ്ങൾക്ക് സംവരണത്തിനുള്ള മൗലികാവകാശം ഉറപ്പാക്കാനുള്ള ഏക പോംവഴി, ‘കേരള സംസ്ഥാന സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ ജാതി സെൻസസ്’ (SEECC) നടത്തുക എന്നതാണ്. സർക്കാർ ജീവനക്കാരുടെ സമുദായം തിരിച്ചുള്ള വിവരം പുറത്തുവിട്ട കേരള സർക്കാർ ഇനി ചെയ്യേണ്ടത് വ്യത്യസ്ത സമുദായങ്ങളുടെ ജനസംഖ്യ കണക്കെടുത്ത് അതു പുറത്തുവിടുകയാണ്.
ഭരണഘടനയുടെ ആർട്ടിക്കിൾ 29 (1) വ്യത്യസ്തമായ ഭാഷയോ ലിപിയോ സംസ്കാരമോ ഉള്ള എല്ലാ ജനവിഭാഗങ്ങൾക്കും അവ സംരക്ഷിക്കാൻ മൗലിക അവകാശം നൽകുന്നു. മതങ്ങളെ പ്രാതിനിധ്യത്തിന്റെ യൂനിറ്റ് ആയി കണക്കാക്കുന്നതിനു പകരം, പ്രാതിനിധ്യത്തിന്റെ അടിസ്ഥാന യൂനിറ്റായി ഓരോ പ്രത്യേക വിഭാഗത്തെയും/ സമുദായത്തെയും കാണാനുള്ള അടിസ്ഥാനം ഈ ആർട്ടിക്കിളിൽ കണ്ടെത്താൻ കഴിയും. മുഖ്യധാരാ പാർട്ടികൾ ഈ സങ്കൽപനത്തിന് എതിരായതിനാലാണ് സമുദായ സ്വത്വം മറച്ചുവെക്കാൻ ആഗ്രഹിക്കുന്നത്. അങ്ങനെ വരുമ്പോഴാണ് തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികളാകുന്നതും തെരഞ്ഞെടുക്കപ്പെടുന്നതും ഏതാനും ചില സമുദായങ്ങളിൽപെട്ടവർ മാത്രമാകുന്നത്. പ്രാതിനിധ്യത്തിനുള്ള അവകാശം മറ്റു പല സമുദായങ്ങൾക്കും നഷ്ടമാകുന്നത്.
പ്രത്യേക വ്യവസ്ഥ ഇല്ലെങ്കിൽ ഏതൊരു സമൂഹത്തിലും, മാർജിനലൈസ്ഡ് ആയിട്ടുള്ള വിഭാഗങ്ങൾക്ക് പ്രത്യേക വ്യവസ്ഥ ഏർപ്പെടുത്തിയില്ലെങ്കിൽ, എപ്പോഴും പ്രിവിലിജ്ഡ് ആയിട്ടുള്ള വിഭാഗങ്ങളായിരിക്കും സ്വാഭാവികമായി സ്ഥാനമാനങ്ങൾ നേടിയെടുക്കുക. നമ്മുടെ തദ്ദേശ ഭരണസ്ഥാപനങ്ങളിൽ പകുതിപ്പേർ സ്ത്രീകളായിരിക്കുന്നത് അവർക്ക് 50 ശതമാനം സീറ്റുകൾ റിസർവ് ചെയ്തിട്ടുള്ളതുകൊണ്ടു മാത്രമാണ്. അല്ലായിരുന്നെങ്കിൽ, കേരളത്തിലെ നിയമസഭയേയും ഇന്ത്യയുടെ ലോക്സഭയേയും പോലെ സ്ത്രീ പ്രാതിനിധ്യം 10 ശതമാനത്തിൽ താഴെയായി നിൽക്കും. സവർണ സ്ത്രീകൾക്കുപോലും സ്വാഭാവികമായി അവിടെ എത്തിപ്പെടാൻ സാധിക്കില്ല.
പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് ലോക്സഭയിലും നിയമസഭകളിലും പ്രാതിനിധ്യത്തിനുള്ള വ്യവസ്ഥ ഉള്ളതുകൊണ്ടാണ് നിശ്ചിത എണ്ണം എം.പിമാരും എം.എൽ.എമാരും അവരിൽനിന്നുണ്ടാകുന്നത്. രാജ്യസഭയിൽ അതില്ലാത്തതുകൊണ്ട് അവിടെ പ്രാതിനിധ്യക്കുറവും കാണാം. അതുപോലെ, മുസ്ലിംകൾക്കോ ഹിന്ദു-ക്രിസ്ത്യൻ വിഭാഗങ്ങളിലെ ഒ.ബി.സി വിഭാഗങ്ങൾക്കോ ഇത്തരത്തിൽ പ്രാതിനിധ്യത്തിനുള്ള വ്യവസ്ഥ ഇല്ലാത്തതിനാൽ അവർക്കാർക്കും അർഹവും മതിയായതുമായ പ്രാതിനിധ്യം ജനപ്രതിനിധി സഭകളിൽ ഇല്ല. അതിലേറ്റവും വലിയ നഷ്ടം അനുഭവിക്കുന്നത് മുസ്ലിം സമുദായമാണ്.
ലോക്സഭയിൽ ജനസംഖ്യാനുപാതികമായി ഏതാണ്ട് 80ഓളം എം.പിമാരുണ്ടാകേണ്ട ആ സമുദായത്തിന് ഒരിക്കൽപോലും അത്രയും പ്രാതിനിധ്യം കിട്ടിയിട്ടില്ല. എന്നുമാത്രമല്ല, വെറും 4.5 -6 ശതമാനം പ്രാതിനിധ്യം മാത്രമാണ് അവർക്ക് ലോക്സഭയിൽ കിട്ടിയിട്ടുള്ളത്. കോൺഗ്രസ് ഭരിക്കുമ്പോഴും സ്ഥിതി അങ്ങനെ തന്നെയായിരുന്നെങ്കിലും ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതോടെയാണ് അവർക്ക് ഏറ്റവും ദയനീയമായ പ്രാതിനിധ്യക്കുറവ് അനുഭവിക്കേണ്ടിവന്നത്. 543 അംഗങ്ങളുള്ള ഇപ്പോഴത്തെ ലോക്സഭയിൽ വെറും 24 പേർ മാത്രമാണ് മുസ്ലിംകൾ. കേന്ദ്ര മന്ത്രിസഭയിൽ ആരുമില്ല. എന്നിട്ടും ‘മുസ്ലിംകളെ പ്രീണിപ്പിക്കുന്നു’ എന്നാണ് കേരളത്തിലെ ചില ക്ഷുദ്രജീവികൾ പേർത്തും പേർത്തും പറഞ്ഞുകൊണ്ടിരിക്കുന്നത്. മുഖ്യധാരാ പാർട്ടികളുടെ നിശ്ശബ്ദമായ പിന്തുണയും അവർക്കുണ്ടെന്നു പറയാം. അതുകൊണ്ടുകൂടിയാണ് കേരളം ഇന്ത്യയിലെ ഏറ്റവും വലിയ ഇസ്ലാമോഫോബിക് സംസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്നതും മറ്റു സ്ഥലങ്ങളിൽ വോട്ട് ഷെയർ കുറഞ്ഞുവരുമ്പോഴും ഇവിടെ ബി.ജെ.പിക്കു വോട്ട് കൂടിവരുന്നതും.
മതസംവരണം
ജീവനക്കാരുടെ സമുദായം തിരിച്ചുള്ള കണക്കിലൂടെ മുസ്ലിംകളുടെ ഭീമമായ നഷ്ടം പുറത്തുവന്നതോടെ, മുസ്ലിം പ്രീണനവാദക്കാർ പുതിയ അടവുമായി രംഗത്തുവന്നിട്ടുണ്ട്. അതാണ് കേരളത്തിലെ മതാടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണം എന്ന വാദം. അതിനായി അവർ ‘ജന്മഭൂമി’യിൽ മാത്രമല്ല, ‘കേരള കൗമു
ദി’യിലും ‘ദീപിക’യിലും വരെ ലേഖനമെഴുതുന്നു. മേഖല തിരിച്ച് സംവരണ സംരക്ഷണ സമ്മേളനങ്ങൾ നടത്തുന്നു. മതാടിസ്ഥാനത്തിൽ മുസ്ലിംകൾക്ക് സംവരണം നൽകുന്നതുകൊണ്ടാണ് പട്ടികജാതിക്കാർക്കും മറ്റു പിന്നാക്ക സമുദായങ്ങൾക്കും സംവരണം കൂട്ടാൻ സാധിക്കാത്തത് എന്ന തരത്തിലാണ് അവരുടെ നുണപ്രചാരണം.
വാസ്തവത്തിൽ മതാടിസ്ഥാനത്തിലാണോ സംവരണം നിലനിൽക്കുന്നത്?
ഇന്ത്യയിലൊരിടത്തും മതാധിഷ്ഠിത സംവരണമില്ല. മതങ്ങളിൽ വിശ്വസിക്കുന്നവരും അല്ലാത്തവരുമായ പിന്നാക്ക വിഭാഗങ്ങൾക്കാണ് (Backward Classes) സംവരണം നൽകുന്നത്. കേരളത്തിൽ ഇസ്ലാം മതത്തിലെ എല്ലാവർക്കും സംവരണമില്ല. മുസ്ലിംകളിലെ മാപ്പിള, മുസ്ലിം എന്നീ കമ്യൂണിറ്റികൾക്കു മാത്രമാണ് സംവരണം. ഈ രണ്ടു സമുദായങ്ങൾക്കുമായി ആകെ നിയമനങ്ങളുടെ 12 ശതമാനമാണ് സംവരണം.
ഇസ്ലാം മതം പിന്തുടരുന്ന റാവുത്തർ, ദഖിനി, കച്ചി മേമൻ, പത്താൻ തുടങ്ങിയ സമുദായങ്ങൾക്ക് കേരളത്തിൽ സംവരണമില്ല. അവർക്ക് നായർ, മുന്നാക്ക ക്രൈസ്തവർ തുടങ്ങിയവരെപ്പോലെ ഇ.ഡബ്ല്യൂ.എസ് േക്വാട്ടയിൽ മാത്രമാണ് റിസർവേഷനുള്ളത്. ക്രൈസ്തവരുടെ കാര്യവും അങ്ങനെതന്നെയാണ്. ലത്തീൻ ക്രൈസ്തവർക്കും എസ്.ഐ.യു.സി വിഭാഗത്തിൽപെട്ട നാടാന്മാർക്കും ദലിത് ക്രൈസ്തവർക്കും ഒ.ബി.സി സംവരണമുള്ളപ്പോൾ ആർ.സി, ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമ, ക്നാനായ മുതലായ ക്രൈസ്തവർക്ക് ഒ.ബി.സി സംവരണമില്ല. അതായത്, ഇസ്ലാം മതം പിന്തുടരുന്ന എല്ലാവർക്കും സംവരണമുണ്ടെന്ന അഥവാ മുസ്ലിംകൾക്കു മതാടിസ്ഥാനത്തിൽ സംവരണമുണ്ടെന്ന പ്രചാരണം പൂർണമായും അസത്യമാണ്.
സംവരണം പ്രാതിനിധ്യത്തിനാണെങ്കിൽ, പ്രാതിനിധ്യമില്ലാത്ത ഏതു വിഭാഗത്തിനും, അയാൾ മുസ്ലിം ആയാലും ക്രിസ്ത്യാനി ആയാലും സവർണനായാലും പ്രാതിനിധ്യം നൽകാനുള്ള വ്യവസ്ഥ ഭരണഘടനയിലുണ്ട്. അതുകൊണ്ടാണ് പ്രധാനമന്ത്രി മോദിയുടെ വൈശ്യ വിഭാഗത്തിൽപെട്ട മോഢ് ഘാഞ്ചി സമുദായത്തെയും മണിപ്പൂരി ബ്രാഹ്മണരെയും ഒ.ബി.സി ലിസ്റ്റിൽപെടുത്തി സംവരണം നൽകുന്നത്.
അതിനെ ഇവിടെ ഒരു ഒ.ബി.സിക്കാരനും മുസ്ലിമും നാളിതുവരെ എതിർത്തിട്ടുമില്ല. മതാടിസ്ഥാനത്തിലുള്ള സംവരണമുണ്ടെങ്കിൽ അതു പട്ടികജാതിക്കാർക്കുള്ള സംവരണമാണ്. ഹിന്ദു-സിഖ്-ബുദ്ധ മതങ്ങളിൽപെട്ടാലേ പട്ടികജാതി സംവരണം കിട്ടൂ. ക്രൈസ്തവ-ഇസ്ലാം മതങ്ങളിൽ ചേർന്ന പട്ടികജാതിക്കാർക്ക് സംവരണം നിഷേധിക്കുന്ന വ്യവസ്ഥ, മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ഉദാഹരണമായി പറയാം.
==========
കുറിപ്പ്: ഈ ലേഖനത്തിലെ പല ഇൻപുട്ടുകളും ഭരണഘടനാ വിദഗ്ധനും നാഷനൽ ജുഡീഷ്യൽ അക്കാദമിയുടെ മുൻ ഡയറക്ടറുമായ പ്രഫ. (ഡോ.) ജി. മോഹൻ ഗോപാൽ തന്നിട്ടുള്ളതാണ്. സോഷ്യൽ മീഡിയയിലെ നിരവധി ആക്ടിവിസ്റ്റുകൾ പല വിവരങ്ങളും തന്നു സഹായിച്ചിട്ടുണ്ട്.