പ്രാതിനിധ്യ അസന്തുലിതത്വം പരിഹരിച്ചേ മതിയാവൂ
നിയമസഭാ രേഖകൾ സാമുദായിക പ്രാതിനിധ്യത്തെ കുറിച്ച് കൃത്യമായ കണക്കുകളും വസ്തുതകളും നിരത്തുന്നുണ്ട്. എന്തുകൊണ്ടാണ് പ്രാതിനിധ്യ അസന്തുലിതത്വം സംഭവിച്ചത്? എന്തായിരുന്നു മുസ്ലിം സമുദായത്തിന്റെയടക്കം മനോഘടന? –ചില ശ്രദ്ധേയ നിരീക്ഷണങ്ങൾ മുന്നോട്ടുവെക്കുകയാണ് ലേഖകർ.പതിനഞ്ചാം നിയമസഭയുടെ 11ാം സമ്മേളനത്തിൽ പി. ഉബൈദുല്ല എം.എൽ.എയുടെ ചോദ്യത്തിന് ഉത്തരമായി സഭയുടെ...
Your Subscription Supports Independent Journalism
View Plansനിയമസഭാ രേഖകൾ സാമുദായിക പ്രാതിനിധ്യത്തെ കുറിച്ച് കൃത്യമായ കണക്കുകളും വസ്തുതകളും നിരത്തുന്നുണ്ട്. എന്തുകൊണ്ടാണ് പ്രാതിനിധ്യ അസന്തുലിതത്വം സംഭവിച്ചത്? എന്തായിരുന്നു മുസ്ലിം സമുദായത്തിന്റെയടക്കം മനോഘടന? –ചില ശ്രദ്ധേയ നിരീക്ഷണങ്ങൾ മുന്നോട്ടുവെക്കുകയാണ് ലേഖകർ.
പതിനഞ്ചാം നിയമസഭയുടെ 11ാം സമ്മേളനത്തിൽ പി. ഉബൈദുല്ല എം.എൽ.എയുടെ ചോദ്യത്തിന് ഉത്തരമായി സഭയുടെ മേശപ്പുറത്തുവെച്ച സാമാന്യം ദീർഘമായ മറുപടി സംസ്ഥാനത്തെ സർക്കാർ സർവിസിലെ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട പല ചരിത്രസന്ദർഭങ്ങളെയും മലയാളികളുടെ കൺമുന്നിലെത്തിക്കും. 1891ലെ മലയാളി മെമ്മോറിയലും 1896, 1900ലെ ഈഴവ മെമ്മോറിയലുകളും 1931-38 കാലഘട്ടത്തിലെ നിവർത്തന പ്രക്ഷോഭങ്ങളും ഭരണത്തിലും തൊഴിലിലും ഉള്ളടങ്ങുന്ന അധികാരപ്രാതിനിധ്യത്തിലേക്കുള്ള മലയാളികളുടെ വിവിധ സ്വത്വങ്ങളിൽ ഊന്നിയ ഒന്നിച്ചും ഭിന്നിച്ചും നടത്തിയ നീക്കങ്ങളുടെ ലക്ഷണമൊത്ത ഉദാഹരണങ്ങളാണ്.
മലയാളി മെമ്മോറിയലിൽ ‘മലയാളി’ എന്ന പൊതുവികാര നിർമിതി ഉണ്ടായിരുന്നെങ്കിലും അതു ഫലത്തിൽ പരദേശി/ തമിഴ് ബ്രാഹ്മണർ (അന്നു തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഗണനീയഭാഗം തമിഴ് പ്രദേശങ്ങൾ ആയിരുന്നു എന്ന കാര്യം നമുക്കു മറക്കാം) കുത്തകവത്കരിക്കുന്നതിനെതിരെയുള്ള സമാധാനപരമായ ‘നായർ കലാപ’മായിരുന്നു എന്നൊരു വായനയുണ്ട്. ഡോ. പൽപുവിനെപ്പോലുള്ള ഈഴവർ നിവേദനത്തിൽ ഒപ്പുവെച്ചെങ്കിലും അവർക്ക് മലയാളി മെമ്മോറിയൽകൊണ്ട് ഗുണം കിട്ടിയില്ല എന്നതിനു തെളിവ് 1896, 1900 വർഷങ്ങളിൽ സമർപ്പിക്കപ്പെട്ട രണ്ട് ഈഴവ മെമ്മോറിയലുകളാണ്.
ഇന്ന് വെള്ളാപ്പള്ളി നേതൃത്വം നൽകുന്ന നായാടി മുതൽ നമ്പൂരി വരെയുള്ളവർ ഉൾക്കൊള്ളുന്ന വിശാല ഹിന്ദു സഖ്യത്തിലെ മേൽത്തട്ടിലുള്ളവർ ചെയ്ത തിരസ്കരണത്തിന്റെയും തൊഴിൽ നിഷേധത്തിന്റെയും അറിയപ്പെടുന്ന ആദ്യ ഇര ഡോ. പൽപുവാണ്. ഉന്നതവിജയം നേടിയ അദ്ദേഹത്തിനു ജാതിവിവേചനത്തിന്റെ പേരിൽ ‘ഹിന്ദു’ തിരുവിതാംകൂറിൽ ഉന്നതപഠനത്തിന് അവസരം ലഭിച്ചില്ല (ഔദ്യോഗിക ഭാഷ്യം വയസ്സ് ആയിരുന്നു). പൽപു ഉന്നതവിദ്യാഭ്യാസം നേടിയത് ക്രിസ്ത്യാനികളായ ബ്രിട്ടീഷുകാർ ഭരിക്കുന്ന മദ്രാസിൽനിന്നുമാണ്.
എൽ.എം.എസ് (ലൈസൻസ് ഇൻ മെഡിസിൻ ആൻഡ് സർജറി) നേടി ജോലി തേടിയപ്പോഴും ജാതിയുടെ പേരിൽ അദ്ദേഹം ബഹിഷ്കൃതനായി. ജാതിഘടനയുടെ പേരിൽ സവർണ ഹിന്ദുക്കളാൽ അവഗണിക്കപ്പെട്ട ആ തിരസ്കൃതനാണ് എസ്.എൻ.ഡി.പി യോഗത്തിന്റെ സ്ഥാപകൻ. തിരുവിതാംകൂറിന്റെ സാമൂഹികഘടനയിൽ അഞ്ചിലൊന്ന് ഈഴവരായിരുന്നു. പക്ഷേ, സർക്കാർ സർവിസിൽ അവർ ജാതിയുടെ പേരിൽ മാറ്റിനിർത്തപ്പെട്ടു. ജാതിയെ മതം അതിജയിച്ച എൻ.ഡി.എയിലെ എസ്.എൻ.ഡി.പിക്കാർ തമസ്കരിക്കാൻ ശ്രമിക്കുന്ന ചരിത്രമാണത്.
മെമ്മോറിയലുകളുടെ അനന്തരഫലം
പ്രത്യക്ഷത്തിൽ രണ്ട് ഈഴവ മെമ്മോറിയലുകളും തിരസ്കരിക്കപ്പെട്ടെങ്കിലും കേരളത്തിൽ അധികാര, തൊഴിൽ പ്രതിനിധാനത്തിനുവേണ്ടിയുള്ള പുതിയൊരു സമുദായ സമവാക്യം രൂപപ്പെട്ടു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായിരുന്ന സി. കേശവൻ മുഖ്യമന്ത്രിയായത് കേരളത്തിലെ മറ്റു പിന്നാക്ക വിഭാഗങ്ങളുടെ കൂടി പിന്തുണയോടെയും സഹായത്തോടെയുമാണെന്നത് ചരിത്രം. ഒരുപക്ഷേ, പിന്നീട് ഉരുത്തിരിഞ്ഞ എൽ.ഡി.എഫ്, യു.ഡി.എഫ് രാഷ്ട്രീയ സഖ്യങ്ങളുടെ ശില പാകൽ അന്നു നടന്നിരിക്കാം.
സാമൂഹികഘടനയിൽ ഗണനീയ വിഭാഗമായിട്ടും പ്രസ്താവ്യമായ ഒരുവിധ പ്രതിനിധാനവും നിയമനിർമാണ സഭകളിലോ ഉദ്യോഗങ്ങളിലോ ഇല്ലാതിരുന്ന ജാതിയുടെയും മതത്തിന്റെയും പേരിൽ അകറ്റിനിർത്തപ്പെട്ട പിന്നാക്ക വിഭാഗങ്ങളായ ക്രിസ്ത്യൻ, ഈഴവ, മുസ്ലിം വിഭാഗങ്ങൾ സി. കേശവന്റെയും എൻ.വി. ജോസഫിന്റെയും പി.കെ. കുഞ്ഞുവിന്റെയും നേതൃത്വത്തിൽ സംഘടിച്ച് നിവർത്തനപ്രക്ഷോഭം ആരംഭിച്ചു. അന്നു പ്രായപൂർത്തി വോട്ടവകാശം നിലവിൽ വന്നിരുന്നില്ല.
സവർണർക്ക് (ബ്രാഹ്മണ, ക്ഷത്രിയ, നായർ...) മാത്രമായിരുന്നു വോട്ടവകാശം. റവന്യൂ ഡിപ്പാർട്മെന്റിന്റെ കീഴിൽ ദേവസ്വങ്ങൾ ഉണ്ടായിരുന്നതിനാൽ അതിലെ ഉദ്യോഗം ക്രിസ്ത്യാനികൾക്കും മുസ്ലിംകൾക്കും മാത്രമല്ല താഴ്ന്ന ജാതിക്കാരായ ഈഴവരടക്കമുള്ള ‘അധഃകൃത’ ഹിന്ദുക്കൾക്കും തടയപ്പെട്ടു.
അതിനെതിരെ ഈഴവർക്കും ക്രിസ്ത്യാനികൾക്കും മുസ്ലിംകൾക്കുമുള്ള ഉദ്യോഗ, ഭരണ പ്രാതിനിധ്യത്തിനായുള്ള സുദീർഘ സമരപരമ്പരകളുടെയും അവകാശ പോരാട്ടങ്ങളുടെയും കൂട്ടായ്മയുടെ പേരാണ് നിവർത്തനപ്രക്ഷോഭമെന്നത്. അവയുടെ ചാലകശക്തി സംയുക്ത രാഷ്ട്രീയ കോൺഗ്രസ് എന്ന സംവിധാനമായിരുന്നു. വർഷങ്ങൾക്കുശേഷം പബ്ലിക് സർവിസ് കമീഷൻ നിലവിൽ വന്നു. തിരുവിതാംകൂർ സർക്കാർ സർവിസിൽ ഈഴവർക്ക് ആറു ശതമാനം, ക്രിസ്ത്യാനികൾക്ക് ആറു ശതമാനം, മുസ്ലിംകൾക്ക് നാലു ശതമാനം വീതം സംവരണം നിശ്ചയിക്കപ്പെട്ടു. പല കുതന്ത്രങ്ങളെയും മറികടന്ന് വോട്ടവകാശം ക്രിസ്ത്യാനികൾക്കും ഈഴവർക്കും മുസ്ലിംകൾക്കുംകൂടി ലഭ്യമായതോടെ 1937ലെ ശ്രീമൂലം അസംബ്ലി തെരഞ്ഞെടുപ്പിൽ സംയുക്ത രാഷ്ട്രീയ കോൺഗ്രസ് സഖ്യം വിജയം നേടി.
സംയുക്ത രാഷ്ട്രീയ കോൺഗ്രസ് അധ്യക്ഷൻ ടി.എം. വർഗീസിനെ ശ്രീമൂലം അസംബ്ലിയുടെ ഉപാധ്യക്ഷനായി തെരഞ്ഞെടുത്തു. ഒന്നിച്ചുനിന്നു പോരാടി നേടിയ ഭരണ പ്രാതിനിധ്യം! ഭരണകൂടത്തിന്റെ പിന്നാക്ക വിരുദ്ധ നടപടികൾക്കെതിരെയുള്ള 1935 ലെ കോഴഞ്ചേരി പ്രസംഗത്തിന്റെ പേരിൽ ജയിലിലടക്കപ്പെട്ട സഖ്യത്തിന്റെ നേതാവ് സി. കേശവൻ ജയിൽമോചിതനായ സന്ദർഭത്തിൽ സ്വീകരിച്ച കാരണം പറഞ്ഞ് അവിശ്വാസം രേഖപ്പെടുത്തി ടി.എം. വർഗീസിനെ സവർണ ഉദ്യോഗസ്ഥ പ്രമുഖർ രാജിവെപ്പിച്ചത് മറ്റൊരു കഥ. അല്ലെങ്കിലും കോഴഞ്ചേരിയിൽ ക്രിസ്ത്യൻ വിഭാഗത്തിന്റെ മുൻകൈയാൽ സംഘടിപ്പിക്കപ്പെട്ട പൊതുയോഗത്തിൽ ‘പൊന്നുദിവാൻ സർ സി.പി’യെ ജന്തു എന്നുവിളിക്കുന്നത് നിസ്സാര കാര്യമാണോ?
നരേന്ദ്രൻ കമീഷൻ റിപ്പോർട്ട്
നാളുകൾ ഏറെ കഴിഞ്ഞു. 1956ൽ തിരു-കൊച്ചിയും മലബാറും സംയോജിപ്പിച്ച് കേരള സംസ്ഥാനം നിലവിൽ വന്നു. ഒപ്പം തിരു-കൊച്ചി പബ്ലിക് സർവിസ് കമീഷൻ കേരള സംസ്ഥാന പബ്ലിക് സർവിസ് കമീഷനായി പ്രവർത്തനം ആരംഭിച്ചു. തിരുവിതാംകൂറിലും കൊച്ചിയിലും മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായ മലബാറിലും നിലനിന്നിരുന്ന വിവിധ തോതിലുള്ള സംവരണം 1958ൽ കെ.എസ്.എസ്.ആർ നിലവിൽ വന്നതോടെ പുതിയ രൂപത്തിൽ ക്രമീകരിക്കപ്പെട്ടു.
കേരളത്തിലെ സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിവിധ കോർപറേഷനുകൾ, 44 ഡിപ്പാർട്മെന്റുകൾ, ബോർഡുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സെക്രട്ടേറിയറ്റ്, അതിലെ ഭരണ, നിയമ, ഫിനാൻസ് വിഭാഗങ്ങൾ, പ്ലാനിങ് ബോർഡ്, വിവിധ കമീഷനുകൾ എന്നിവയിലേക്ക് നിയമനങ്ങൾ പിന്നീട് കാലക്രമത്തിൽ നടന്നുതുടങ്ങി. 2000 ഫെബ്രുവരി 11ന് ജസ്റ്റിസ് കെ.കെ. നരേന്ദ്രൻ, ചീഫ് സെക്രട്ടറി ആയിരുന്ന കെ.വി. രവീന്ദ്രൻ നായർ, പി.എസ്.സി ചെയർമാനായിരുന്ന സാവാൻ കുട്ടി എന്നിവരുടെ നേതൃത്വത്തിൽ പിന്നാക്ക വിഭാഗ പ്രാതിനിധ്യം പഠിക്കാൻ ഒരു കമീഷനെ െവച്ചു.
നരേന്ദ്രൻ കമീഷൻ കണക്കനുസരിച്ച് ഈഴവർ, മുസ്ലിം, നാടാർ, ധീവര, ലാറ്റിൻ കാത്തലിക് വിഭാഗങ്ങൾക്ക് സർക്കാർ സർവിസിൽ യഥാക്രമം 24.40 ശതമാനം, 8.67 ശതമാനം, 1.22 ശതമാനം, 0.67 ശതമാനം, 3.02 ശതമാനം പ്രാതിനിധ്യം ലഭിച്ചു. ഇതു ക്ലാസ് വൺ മുതൽ 4 വരെയുള്ള പൊതു പ്രാതിനിധ്യമാണ്. മുകൾതട്ടിലേക്ക് പോകുന്തോറും അതു കുറഞ്ഞുവരും. കമീഷൻ അവരുടെ ഉപസംഹാരത്തിൽ പറഞ്ഞ ഒരു വാക്കിനു (പിന്നാക്ക വിഭാഗങ്ങളിലെ പ്രധാന വിഭാഗമായ ഈഴവർ മെച്ചപ്പെട്ട പ്രാതിനിധ്യം നേടിയിട്ടുണ്ട്. എന്നാൽ, മറ്റൊരു പിന്നാക്ക സമുദായമായ മുസ്ലിംകൾ അത്രക്ക് നന്നായി പ്രാതിനിധ്യം നേടിയിട്ടില്ല) വലിയ പ്രാധാന്യമുണ്ട്.
2000ൽ പത്തു വർഷത്തെ കണക്കെടുത്തപ്പോഴുള്ള മുസ്ലിം, നാടാർ, ഈഴവ വിഭാഗങ്ങളുടെ തസ്തിക നഷ്ടം 7383, 4370, 05 എന്ന ക്രമത്തിലാണ്. 24 വർഷത്തിനിപ്പുറവും ഈ വിഷയത്തിൽ മുസ്ലിംകളെ സംബന്ധിച്ച് വലിയ മാറ്റമിെല്ലന്നാണ് നിയമസഭ രേഖകൾ പറയുന്നത്. കേരളത്തിലെ സാമൂഹിക അന്തരീക്ഷം മലിനമാക്കുന്ന വെറുപ്പിന്റെ മൊത്തം കച്ചവടക്കാർ പറയുന്ന ഒരു ൈകയടക്കലും മുസ്ലിം വിഭാഗത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടിെല്ലന്ന് ചുരുക്കം.
പ്രാതിനിധ്യം അവകാശമാണ്
സർക്കാർ, അർധ സർക്കാർ സംവിധാനങ്ങളിലെ ജീവനക്കാർ പൊതുഫണ്ടിൽനിന്നാണ് ശമ്പളവും ആനുകൂല്യങ്ങളും പെൻഷനും കൈപ്പറ്റുന്നത്. അതിനാൽ സർക്കാർ ജോലി എന്നത് വ്യക്തിഗത ജീവിതോപാധി ആയതുപോലെ അധികാര പങ്കാളിത്തവും സാമ്പത്തിക വിഭവ വിതരണത്തിലെ ഓഹരി കൈപ്പറ്റലുമാണ്.
പബ്ലിക് എക്സ്ച്ചെക്കറിൽനിന്നും എന്നും എപ്പോഴും ഒരു വിഭാഗം മാത്രം സിംഹഭാഗം കൈക്കലാക്കുമ്പോൾ അതിനർഥം ജനാധിപത്യവും സ്ഥിതിസമത്വവും പേരിൽ മാത്രമാണെന്നാണ്. ഉദ്യോഗസ്ഥരുടെ, ചില ലോബികളുടെ കാണാച്ചരടുകൾ നമ്മുടെ ഭരണകൂടത്തെ ചുറ്റിവരിയുന്നുണ്ടെങ്കിൽ സർക്കാറുകൾ മാറിമാറി വന്നിട്ടെന്ത്? ഇടതു ഭരിച്ചാലെന്ത്? വലതു ഭരിച്ചാലെന്ത്?
നിയമസഭ മറുപടി നമ്മോട് പറയുന്നത്
പി. ഉബൈദുല്ല എം.എൽ.എയുടെ ഉപരിസൂചിത 2851ാമത്തെ എ മുതൽ ഇ വരെയുള്ള ആറു ചോദ്യങ്ങൾക്ക് അന്നത്തെ പട്ടികജാതി-പട്ടിക വകുപ്പ്- പിന്നാക്കവിഭാഗക്ഷേമ- ദേവസ്വം- പാർലമെന്ററി കാര്യ മന്ത്രി നൽകിയ മറുപടി ചില കാര്യങ്ങൾ ഔദ്യോഗികമായി നമ്മോടു പറയുന്നുണ്ട്. ഒരു ധവളപത്രത്തിനു തുല്യമാണത്.
ഉബൈദുല്ല എം.എൽ.എയുടെ ചോദ്യങ്ങൾക്ക് കെ. രാധാകൃഷ്ണൻ മന്ത്രി അൺസ്റ്റാർഡ് ഉത്തരമായി നൽകിയ മറുപടിയും അനുബന്ധമായി നൽകിയ വിവരങ്ങളും പല നിലക്കും പ്രാധാന്യമുള്ളതാണ്. e-CDESKലെ വിവരങ്ങൾ മാധ്യമവും മനോരമയും മറ്റു മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തതനുസരിച്ച് എയ്ഡഡ് കോളജ് സ്കൂൾ അടക്കം ലഭ്യമായ 316 സർക്കാർ- അർധ സർക്കാർ- പൊതുമേഖലാ സ്ഥാപനങ്ങളിലെ 5,45,423 ജീവനക്കാരിലെ ജാതി തിരിച്ച ഉദ്യോഗ പ്രാതിനിധ്യം മുന്നാക്ക വിഭാഗം 1,96,837 (36.08 ശതമാനം), പട്ടികജാതി 51,783 (9.49 ശതമാനം), പട്ടിക വർഗം 10,513 (1.92 ശതമാനം), പിന്നാക്കവിഭാഗം 2,85,335 (52.31 ശതമാനം), ജാതി സൂചിപ്പിക്കാത്തവർ 955 (0.17 ശതമാനം) എന്നിങ്ങനെയാണ്.
ലിസ്റ്റ് വിശദമായി ഓരോ വിഭാഗത്തിന്റെ പ്രാതിനിധ്യവും അക്കമിട്ട് പറയുന്നുണ്ട്. വർഷങ്ങളായി പിന്നാക്കവിഭാഗ കമീഷൻ ശേഖരിച്ചുവരുന്ന കണക്ക് അപൂർണമാണ് എന്ന കാരണത്താൽ പ്രസിദ്ധീകരിക്കാതിരുന്ന കണക്കാണ് ഇപ്പോൾ സഭാരേഖയിൽ വന്നത്. കേന്ദ്രസർക്കാറും വിവിധ കേന്ദ്ര വകുപ്പുകളിലെ ജാതി പ്രാതിനിധ്യ കണക്ക് പുറത്തുവിട്ടിരുന്നു. അഖിലേന്ത്യാതലത്തിൽ കേരളത്തേക്കാൾ പരിതാപകരമാണെന്നാണ് ഡേറ്റകൾ സൂചിപ്പിക്കുന്നത്. 2011ലെ സെൻസസ് ആണ് നമ്മുടെ പക്കൽ ലഭ്യമായുള്ള ആധികാരിക ജനസംഖ്യ കണക്ക്. (പതിറ്റാണ്ടുകളായി കേന്ദ്രസർക്കാർ കൃത്യമായി നടത്തിയിരുന്ന സെൻസസ് 2021ൽ നടത്തിയിട്ടില്ല.) 2011 സെൻസസ് അനുസരിച്ച് ഹിന്ദു 54.73 ശതമാനം, മുസ്ലിം 26.56 ശതമാനം, ക്രിസ്ത്യൻ 18.38 ശതമാനം എന്നിങ്ങനെയാണ്. കേരളത്തിലെ ജൈന, ബുദ്ധ, സിഖ് സാന്നിധ്യം അയ്യായിരം വീതത്തിൽ കൂടുന്നില്ല (.0 1 ശതമാനം).
പാഴ്സി വിഭാഗമാകട്ടെ കോഴിക്കോട്ടെ ഡാരിയസ് കുടുംബം മാത്രവും. ലഭ്യമായ ഉപവിഭാഗ ഡേറ്റ അനുസരിച്ച് ഈഴവ/ തിയ്യ 22.26 ശതമാനം, മുസ്ലിം 26.56 ശതമാനം, പട്ടികജാതി 9.8 ശതമാനം, പട്ടികവർഗം 1.1 ശതമാനം, നായർ 14.6 ശതമാനം, മാർത്തോമ നസ്രാണി 12.5 ശതമാനം, ആർ.സി ലാറ്റിൻ 2.5 ശതമാനം, ധീവരർ 2.5 ശതമാനം, ബ്രാഹ്മിൺസ് 1.7 ശതമാനം, അദർ ക്രിസ്ത്യൻ 3 ശതമാനം എന്നിങ്ങനെയാണ്. ഒട്ടുമിക്ക വിഭാഗത്തിനും ജനസംഖ്യാനുപാതികമായോ റിസർവേഷൻ അനുപാതികമായോ സർക്കാർ സർവിസിൽ പ്രാതിനിധ്യം ലഭിച്ചുവെന്ന് ആശ്വസിക്കാം.
ഉദാഹരണത്തിന് ജനസംഖ്യയുടെ എകദേശം 22.05 ശതമാനം വരുന്ന ETBക്ക് 21.09 ശതമാനവും 15.02 ശതമാനം വരുന്ന മുന്നാക്ക ഹിന്ദുക്കൾക്ക് അവരുടെ ജനസംഖ്യാ അനുപാതത്തേക്കാൾ കൂടി 19.8 ശതമാനവും 9.84 ശതമാനം വരുന്ന മുന്നാക്ക ക്രിസ്ത്യാനികൾക്ക് 13.51 ശതമാനം പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട്. ജനസംഖ്യയുടെ 2 ശതമാനം വരുന്ന പരിവർത്തിത ക്രിസ്ത്യാനികളുടെ പ്രാതിനിധ്യ കാര്യം (0.43 ശതമാനം) അതിശോച്യമാണ്. എന്നാൽ, മറ്റൊരു പിന്നാക്ക ക്രിസ്ത്യൻ വിഭാഗമായ ലാറ്റിൻ കാത്തലിക്കിന് 4.13 ശതമാനം ഉദ്യോഗ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട്. അവരുടെ ജനസംഖ്യ അനുപാതത്തേക്കാൾ കൂടുതലാണിത്.
ഓപൺ മെറിറ്റും സന്തുലിതമാവട്ടെ
എന്നാൽ, 50 ശതമാനം ഓപൺ മെറിറ്റും 50 ശതമാനം റിസർവേഷനും ആയതിനാൽ ഓരോ വിഭാഗത്തിനും നന്നേ ചുരുങ്ങിയത് റിസർവേഷൻ അനുപാതത്തിനു പുറമെ 50 ശതമാനം വരുന്ന പൊതുവിഭാഗത്തിൽ (ഒാപൺ കോംപിറ്റീഷൻ) വിഭാഗത്തിൽനിന്നും ജനസംഖ്യ അനുപാതത്തിൽ വിഹിതം ലഭിക്കുമ്പോഴാണ് ആരോഗ്യകരമായ ഒരു സാമൂഹിക ക്രമം നിലനിൽക്കുന്നു എന്നു അഭിമാനിക്കാനാവുക. മാൽ ന്യൂട്രീഷന്റെ ഭാഗമായ എല്ലുന്തി വയറുചാടിയ കുട്ടികൾ ഒരുവശത്തും കൊഴുപ്പു മുറ്റി ഒബിസിറ്റിയായി നിൽക്കുന്ന മറ്റൊരു വിഭാഗവും എത്ര അരോചക കാഴ്ചയാണ്. നൂറ്റാണ്ടുകളായി സംഭവിച്ചത് പടിപടിയായി മാറുന്നുണ്ട് എന്നത് ശുഭകരമാണ്.
പിന്നാക്കം പിന്നാക്കം തന്നെയാവുന്നത്
എന്നാൽ, ഇപ്പോഴും സ്വാതന്ത്ര്യം നേടി 77 വർഷം കഴിഞ്ഞിട്ടും റിസർവേഷൻ ആനുകൂല്യം നൽകിയിട്ടും ചില വിഭാഗങ്ങൾ പിന്നാക്കം നിൽക്കുന്നുവെങ്കിൽ അവ പരിശോധിക്കപ്പടേണ്ടതും സത്വര സവിശേഷ ചികിത്സ വിധിക്കപ്പെടേണ്ടതുമാണ്. ക്രമപ്രവൃതമായി റിസർവേഷൻ ആനുകൂല്യം ലഭ്യമായതിനാൽ സാമൂഹികനിലയും സർക്കാർ സർവിസ് പ്രാതിനിധ്യവും മെച്ചപ്പെടുത്തിയ പിന്നാക്ക വിഭാഗങ്ങളിൽപെട്ടവരാണ് ലാറ്റിൻ കാത്തോലിക്കരും ഈഴവരും മറ്റും.
ഈഴവർക്ക് തിരുവിതാംകൂർ സർവിസിൽ ഒരു പ്രാതിനിധ്യവും ഉണ്ടായിരുന്നില്ല. അതിനെതിരെ അവർ ശ്രീ നാരായണഗുരുവിന്റെ ഉപദേശത്തിൽ സംഘടിച്ചു നേടിയ അവകാശങ്ങളിൽ, ഉന്നതികളിൽ മറ്റുള്ളവർ അസൂയപ്പെടുന്നത് ആരോഗ്യകരമല്ല. ഇനിയും പിന്നാക്ക വിഭാഗമായ അവർക്ക് തങ്ങളുടെ പ്രാതിനിധ്യം മെച്ചപ്പെടുത്താനാവട്ടെ എന്നാണ് സുമനസ്സുകൾ ആഗ്രഹിക്കേണ്ടത്. എസ്.സി-എസ്.ടി വിഭാഗവും നാടാർ വിഭാഗവും ഇല്ലായ്മയിൽനിന്നും ദൃശ്യമായ മുന്നേറ്റം നടത്തിയിട്ടുണ്ട്. മുസ്ലിം പ്രാതിനിധ്യവും വർധിച്ചിട്ടുണ്ട്. എന്നാൽ ബഹുമാന്യനായ സി.എച്ച് തന്റെ തലശ്ശേരി പ്രസംഗത്തിൽ സൂചിപ്പിച്ച ദുരവസ്ഥ ആ സമൂഹത്തിനു വന്നുചേർന്നിട്ടുണ്ട്.
അഥവാ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യത്തിന്റെ പകുതിക്ക് അൽപം മുകളിൽ മാത്രമാണ് അവരുടെ നേട്ടം (26.56 ശതമാനം, ജനസംഖ്യ പ്രാതിനിധ്യം13.51 ശതമാനം). അഥവാ മത്സര ഓട്ടത്തിൽ ഏറ്റവും പിന്നിലായവരിൽ ഒരു കൂട്ടർ അവരാണ്. 2011ലെ സെൻസസ് അനുസരിച്ച് 26.56 ശതമാനം ശതമാനം ജനസംഖ്യയുള്ള അവർക്ക് 13. 51 ശതമാനം ഉദ്യോഗ പ്രാതിനിധ്യം മാത്രമാണ്.
ഇത് ആരോഗ്യകരമായ സാമൂഹിക ക്രമമല്ല. സർക്കാർ ഖജനാവിൽനിന്നും വിതരണംചെയ്യുന്ന ശമ്പള-പെൻഷൻ വിഹിതത്തിന്റെ ജനസംഖ്യാപരമായി കിട്ടേണ്ട വിഹിതം ആർക്കു കിട്ടിയിെല്ലങ്കിലും അത് അനാരോഗ്യകരമാണ്. അനീതിയാണ്. അതിനെതിരെയാണ് അനധിവിദൂരമല്ലാത്ത ഇന്നെലകളിൽ നിവർത്തന പ്രക്ഷോഭം നടന്നത്. ഈഴവ മെമ്മോറിയലുകൾ സമർപ്പിക്കപ്പെട്ടത്. മഹാഗുരു ശ്രീനാരായണൻ സംഘടിക്കാൻ പറഞ്ഞത്. മുസ്ലിം പിന്നാക്കാവസ്ഥ ഉണ്ടെന്നും സർക്കാർ ജോലിയിൽ അർഹമായ പ്രാതിനിധ്യം 2024ലും ലഭ്യമായിട്ടിെല്ലന്നുമാണ് നിയമസഭയിൽ വെച്ച കണക്കുകൾ നമ്മോട് പറയുന്നത്.
പിന്നാക്കത്തിന്റെ പിന്നാമ്പുറം
ഈ അസമത്വവും അസന്തുലിതത്വവും ഒരു രാവുറക്കത്തിന്റെ മയക്കത്തിൽ സംഭവിച്ചതോ ആരുടെയെങ്കിലും ബോധപൂർവ ആസൂത്രണത്തിന്റെ ഫലമെന്നോ പറയുക വയ്യ. ഒരുപേക്ഷ, പി.എസ്.സിയുടെ കമ്യൂണിറ്റി ടേണിന്റെ ജനിതക വൈകല്യമാകാം, അതുമെല്ലങ്കിൽ കാലങ്ങളായുള്ള ബാക്ക്ലോഗ് നികത്താത്തത് ആകാം. ഇതു രണ്ടുമാകുന്നതോടെ മറ്റു കാരണങ്ങളുമുണ്ടാകാം. പി.എസ്.സി നിയമനമില്ലാത്ത ബോർഡുകളിലെയും കമീഷനുകളിലെയും ജോലിക്കാരിലെ ശുഷ്ക മുസ്ലിം, ഇതര പിന്നാക്ക പ്രാതിനിധ്യം, അങ്ങനെ എണ്ണി പറയാവുന്ന ബാഹ്യ കാരണങ്ങൾ പലതാകാം. അതോടൊപ്പം രണ്ടു പ്രധാന ആഭ്യന്തര കാര്യങ്ങൾകൂടിയുണ്ട്.
ഒന്ന്, പ്രാതിനിധ്യത്തിന്റെ വൻ കുറവുള്ള മുസ്ലിംകൾ അടക്കമുള്ള സമുദായങ്ങൾ ഗവൺമെന്റിന്റെയും സമുദായ സംഘടനകളുടെയും പിന്തുണ ഉണ്ടായിട്ടും മത്സര പരീക്ഷകൾക്ക് വർധിച്ച തോതിൽ അപേക്ഷിക്കുന്നില്ല. അപേക്ഷിച്ചവർ പരിശ്രമിച്ച് പരീക്ഷ എഴുതി മിന്നും വിജയം കാഴ്ചവെക്കുന്നുമില്ല. രണ്ട്, സർക്കാർ ജോലിയോടുള്ള വിമുഖത. 2018 മുതൽ ലഭ്യമായ പി.എസ്.സി മെയിൻ ലിസ്റ്റിലെ സാന്നിധ്യം പഠനവിധേയമാക്കിയ സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) കണ്ടെത്തിയ വസ്തുതകൾ പിന്നാക്ക സമുദായ അംഗങ്ങളെ കൂടുതൽ കർമകുശലരാക്കുമെന്ന് പ്രതീക്ഷിക്കാം.
സമുദായ മനോഭാവത്തിലെ പ്രശ്നങ്ങൾ
2018 മുതൽ 2022 വരെയുള്ള അഞ്ചു വർഷത്തെ പി.എസ്.സി ഷോർട്ട് ലിസ്റ്റ് വ്യക്തമാക്കുന്നത് മുസ്ലിംകൾ അടക്കമുള്ള അതി പിന്നാക്കക്കാരുടെ പ്രകടനം നരേന്ദ്രൻ കമീഷൻ റിപ്പോർട്ട് വന്ന് 24 വർഷം കഴിഞ്ഞിട്ടും ഒട്ടും മെച്ചപ്പെട്ടിട്ടില്ല എന്നാണ്. കേരള സർക്കാർ ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങളും കേന്ദ്ര സർക്കാർ അലൈഡ് കോച്ചിങ് പദ്ധതിയും സ്കോളർഷിപ്പുകളും നടപ്പാക്കിയിട്ടും പ്രസ്താവ്യമായ ഒരു കുതിപ്പും ഉണ്ടാക്കിയിെല്ലന്ന് വരുമ്പോൾ കുറ്റം ആരുടേതാണ്. മുകൾചൊന്ന വർഷങ്ങളിൽ മുസ്ലിം പ്രാതിനിധ്യം യഥാക്രമം 11, 11, 11 , 17, 13 ശതമാനം ആയിരുന്നു. പുതിയ സർക്കാർ രേഖയിൽ ജോലി കിട്ടിയവർ മുസ്ലിം സമൂഹത്തിൽ 13.5 ആയിട്ടുണ്ടെന്നു മാത്രം. അഥവാ സിജി നടത്തിയ പഠനത്തിലെ 13 ശതമാനം അത്യുക്തിയെല്ലന്നർഥം.
ഈഴവ/ തിയ്യ/ ബില്ലവ പ്രതിനിധാനം യഥാക്രമം 25 ശതമാനം, 29 ശതമാനം, 32 ശതമാനം, 24 ശതമാനം, 33 ശതമാനവും. മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് പുറമെ മുന്നാക്ക ഹിന്ദുക്കൾ യഥാക്രമം 40, 42, 36, 43, 28 ശതമാനം പ്രാതിനിധ്യം മെയിൻ ലിസ്റ്റിൽ നേടിയിട്ടുണ്ട്. മുന്നാക്ക വിഭാഗത്തിന് 2022ൽ പ്രാതിനിധ്യ ശോഷണം ദൃശ്യമാണ്. അവരിലെ പിന്നാക്കക്കാർക്ക് 6 ശതമാനം പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട്. എസ്.സി-എസ്.ടി പ്രകടനവും അത്ര ശുഭകരമല്ല. മുസ്ലിം മുന്നേറ്റ ഭീതി ഒരുതരം ഫോബിയ അഥവാ കാരണമില്ലാ പേടി മാത്രമാണെന്നാണ് ഈ ഡേറ്റകളും നിയമസഭയിൽ െവച്ച എല്ലാവർക്കും ലഭിക്കുന്ന പൊതു ഇടത്തിലെ പ്രാതിനിധ്യ കണക്കുകളും സൂചിപ്പിക്കുന്നത്. ഇത് മുൻമന്ത്രി ഡോ. കെ.ടി. ജലീലിന്റെ പേരിൽ ജനം ടി.വിയിൽ വന്ന മദ്റസ അധ്യാപകർക്ക് പൊതു ഖജനാവിൽനിന്നും ശമ്പളം എന്ന പെരുംനുണ പോെലയല്ല.
ഇത് ‘24 ന്യൂസി’ൽ വന്നിരുന്ന മുസ്ലിം പ്രീണനം എന്ന ശുദ്ധ അസംബന്ധവും വെറുപ്പും ഉൽപാദിപ്പിക്കുന്ന ടി.പി. സെൻകുമാറിന്റെ നുണപ്രചാരണവും അല്ല. (ഈ സെൻകുമാറിനാണ് മുൻ ആഭ്യന്തര മന്ത്രി ചെന്നിത്തല ഗുഡ് സർട്ടിഫിക്കറ്റ് നൽകിയത് എന്ന് അരനിമിഷം ഓർക്കുക.) ഈ ഡേറ്റകൾ ലഭ്യമായതോടെ ശശികലയും സുരേന്ദ്രനും മോഹൻദാസും ശങ്കുവും അഘോരിയും വള്ളത്തോൾ പടയും കുരുക്ഷേത്രയും കോളാമ്പിയും ശക്കീന ടി.വിയും മറുനാടനും എസ്സൻസും എ.ബി.സി മലയാളവും മറ്റു വ്യാജനും ഒറിജിനലുമായ സംഘ്പരിവാര സോഷ്യൽ മീഡിയ പ്രൊൈഫലുകളും ഐഡികളും ഉൽപാദിപ്പിക്കുന്ന ടൺ കണക്കിനു മുസ്ലിം വിരുദ്ധ വിദ്വേഷ പ്രചാരണങ്ങൾക്കും അറുതിയാകും എന്നു കരുതുന്നവർക്ക് സംഘ്പരിവാറിനെ കുറിച്ച് ഒരുചുക്കും അറിയിെല്ലന്ന് തീർച്ച. സിവിൽ സർവിസിന്റെ ഒരു മേഖലയിലും മുസ്ലിംകൾ അസൂയാർഹമായ നേട്ടമൊന്നും ഉണ്ടാക്കിയിട്ടില്ല. എന്നാലല്ലേ അസൂയപ്പെടുക. എന്നിട്ടും, വെറുപ്പിന്റെ ഉൽപാദകരും പ്രചാരകരും പറയുന്നു മുസ്ലിംകൾ എല്ലാം തട്ടിയെടുക്കുന്നുവെന്ന്, വെട്ടിപ്പിടിക്കുന്നുവെന്ന്.
എയ്ഡഡ് മേഖലയിലെ അനീതി
നിയമസഭയുടെ മേശപ്പുറത്തു വെക്കപ്പെട്ട രേഖകൾ അനുസരിച്ച് പൊതു ഖജനാവിൽനിന്നും ശമ്പളം പറ്റുന്ന, സ്വകാര്യ മാനേജർ നിയമിച്ച, ഒരു ലക്ഷത്തോളം വരുന്ന അധ്യാപകരും അനധ്യാപകരുമുണ്ട്. അവരെക്കൂടി ഉൾപ്പെടുത്തിയ രേഖകളാണ് ലഭ്യമായിട്ടുള്ളത്. ആ മേഖലയിലും താരതമേന്യ മുസ്ലിം മാനേജ്മെന്റുകളാണ് കുറച്ചെങ്കിലും ഇതര മതസ്ഥരെ നിയമിച്ചിട്ടുള്ളത്.
മലപ്പുറം ജില്ലയിലെ മുസ്ലിം മാനേജ്മെന്റ് സെക്കൻഡറി, ഹയർസെക്കൻഡറി സ്ഥാപനങ്ങളിലെ തൊഴിൽ പ്രാതിനിധ്യം മതം തിരിച്ച് അനുബന്ധമായി നൽകിയിട്ടുണ്ട്. തൊഴിൽ സെക്ടറിൽ പ്രാതിനിധ്യ കുറവിന്റെ മറ്റൊരു കാരണം എയ്ഡഡ് മേഖലയിലും ഓട്ടോണമസ് സ്ഥാപനങ്ങളിലും ബോർഡുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമുള്ള ശുഷ്ക പ്രാതിനിധ്യം കൂടിയാകാം.
സാമുദായിക ധ്രുവീകരണവും വെറുപ്പിന്റെ ഉൽപാദനവും സാമൂഹിക സംഘർഷങ്ങളും ഇല്ലാതെ മുസ്ലിം അടക്കമുള്ള വിവിധ മത, ജാതി സമുദായങ്ങളുടെ പ്രാതിനിധ്യ അസന്തുലിതത്വത്തിനു രാഷ്ട്രീയവും ഭരണപരവുമായ പരിഹാരങ്ങളാണ് ആവശ്യം.
=====
(കാലിക്കറ്റ് യൂനിവേഴ്സിറ്റി ഭാഷാസാഹിത്യ ഡീൻ ആണ് ഡോ. മൊയ്തീൻകുട്ടി. ഇ.എം.ഇ.എ െട്രയ്നിങ് കോളജ് അധ്യാപികയാണ് ഹഫ്സമോൾ)