Begin typing your search above and press return to search.
proflie-avatar
Login

പു.​ക.​സ​ക്ക് പു​തി​യ കാ​ല​ത്തെ അ​ഡ്ര​സ് ചെ​യ്യാ​ന്‍ ക​ഴി​യു​മോ?

പു.​ക.​സ​ക്ക് പു​തി​യ കാ​ല​ത്തെ   അ​ഡ്ര​സ് ചെ​യ്യാ​ന്‍ ക​ഴി​യു​മോ?
cancel

രാജ്യവും കേരളവും നേരിടുന്ന സമകാലിക സാംസ്കാരിക പ്രശ്നങ്ങൾ നേരിടാൻ പുരോഗമന കലാ സാഹിത്യ സംഘത്തിന് മുന്നിൽനിന്ന് പ്രവർത്തിക്കാനാകുമോ? എന്താണ് സംഘടന നേരിടുന്ന പ്രശ്നങ്ങൾ? സാംസ്കാരിക മേഖലയിൽ എന്താണ് നടക്കുന്നത്?പു​രോ​ഗ​മ​ന സാ​ഹി​ത്യ പ്ര​സ്ഥാ​നം മു​ന്നോ​ട്ടു​വെ​ച്ച ആ​ശ​യ​ത്തെ എ​ത്ര​മാ​ത്രം സ്വ​യം സ്വീ​ക​രി​ച്ചു​വെ​ന്നും സ​മൂ​ഹം അ​തി​നോ​ട് എ​ങ്ങ​നെ ചേ​ര്‍ന്നുനി​ന്നു​വെ​ന്നും അ​ന്വേ​ഷി​ക്കേ​ണ്ട/​ പ​രി​ശോ​ധി​ക്കേ​ണ്ട സ​വി​ശേ​ഷ ഘ​ട്ട​മാ​ണി​ത്. യാ​ഥാ​സ്ഥി​തി​ക സാ​ഹി​ത്യ കാ​ഴ്ച​പ്പാ​ടു​ക​ള്‍ നി​ല​നി​ന്ന സാം​സ്കാ​രി​ക അ​ധി​നി​വേ​ശ​ത്തി​നു​മേ​ല്‍ പ്ര​ഹ​രം...

Your Subscription Supports Independent Journalism

View Plans
രാജ്യവും കേരളവും നേരിടുന്ന സമകാലിക സാംസ്കാരിക പ്രശ്നങ്ങൾ നേരിടാൻ പുരോഗമന കലാ സാഹിത്യ സംഘത്തിന് മുന്നിൽനിന്ന് പ്രവർത്തിക്കാനാകുമോ? എന്താണ് സംഘടന നേരിടുന്ന പ്രശ്നങ്ങൾ? സാംസ്കാരിക മേഖലയിൽ എന്താണ് നടക്കുന്നത്?

പു​രോ​ഗ​മ​ന സാ​ഹി​ത്യ പ്ര​സ്ഥാ​നം മു​ന്നോ​ട്ടു​വെ​ച്ച ആ​ശ​യ​ത്തെ എ​ത്ര​മാ​ത്രം സ്വ​യം സ്വീ​ക​രി​ച്ചു​വെ​ന്നും സ​മൂ​ഹം അ​തി​നോ​ട് എ​ങ്ങ​നെ ചേ​ര്‍ന്നുനി​ന്നു​വെ​ന്നും അ​ന്വേ​ഷി​ക്കേ​ണ്ട/​ പ​രി​ശോ​ധി​ക്കേ​ണ്ട സ​വി​ശേ​ഷ ഘ​ട്ട​മാ​ണി​ത്. യാ​ഥാ​സ്ഥി​തി​ക സാ​ഹി​ത്യ കാ​ഴ്ച​പ്പാ​ടു​ക​ള്‍ നി​ല​നി​ന്ന സാം​സ്കാ​രി​ക അ​ധി​നി​വേ​ശ​ത്തി​നു​മേ​ല്‍ പ്ര​ഹ​രം ഏ​ൽപി​ച്ചു​കൊ​ണ്ടാ​ണ് പു​രോ​ഗ​മ​ന സാ​ഹി​ത്യ പ്ര​സ്ഥാ​നം എ​ഴു​ത്തു​കാ​രു​ടെ​യും വാ​യ​ന​ക്കാ​രു​ടെ​യും ഇ​ട​യി​ലേ​ക്ക് ക​ട​ന്നു​വ​ന്ന​ത്.

അ​ന്ന് ഉ​യ​ര്‍ത്തി​യ ചോ​ദ്യ​ങ്ങ​ൾകൊ​ണ്ടും ന​ല്‍കി​യ മ​റു​പ​ടി​കൊ​ണ്ടും മാ​ത്രം പൂ​രി​പ്പി​ക്കാ​ന്‍ ക​ഴി​യു​ന്ന അ​വ​സ്ഥ​യി​ല്‍നി​ന്നും സ​മൂ​ഹം വ​ലി​യ മാ​റ്റ​ങ്ങ​ള്‍ക്ക് വി​ധേ​യ​മാ​കു​ന്നു എ​ന്ന യാ​ഥാ​ർഥ്യം സം​ഘ​ട​ന ഇ​നി​യും തി​രി​ച്ച​റി​യേ​ണ്ട​തു​ണ്ട്. ദ​ലി​ത്, സ്ത്രീ, ​പ​രി​സ്ഥി​തി, ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍, എ​ല്‍.​ജി.​ബി.​ടി ക്വി​യര്‍, ഗോ​ത്ര, തീ​ര​ദേ​ശ, മ​റ്റ് അ​ടി​ത്ത​ട്ട് സ​മൂ​ഹ​ങ്ങ​ളു​ടെ എ​ഴു​ത്തു​ക​ളെ​യും ക​ല​ക​ളെ​യും മാ​ര്‍ക്സി​സ്റ്റ് കാ​ഴ്ച​പ്പാ​ടി​ല്‍നി​ന്നു​കൊ​ണ്ട് വി​ശ​ക​ല​നംചെ​യ്യാ​ന്‍ ഇ​ന്നും പു​രോ​ഗ​മ​ന സാ​ഹി​ത്യ​ പ്ര​സ്ഥാ​ന​ത്തി​ന് പൂ​ര്‍ണ​മാ​യും സാ​ധി​ച്ചി​ട്ടി​ല്ല.

അ​ബോ​ധ​ത്തി​ലും ബോ​ധ​ത്തി​ലും സ​വ​ര്‍ണ കേ​ന്ദ്രി​ത മ​ധ്യ​വ​ര്‍ഗ സാ​ഹി​ത്യ സൗ​ന്ദ​ര്യ​നി​ർമി​തി​ക​ളാ​ണ് ഈ ​പ്ര​സ്ഥാ​ന​ത്തെ ഇ​പ്പോ​ഴും ന​യി​ക്കു​ന്ന​ത്. തൊ​ണ്ണൂ​റു​ക​ള്‍ക്കുശേ​ഷം ഉ​യ​ര്‍ന്നുവ​ന്ന ന​വ സാ​ഹി​ത്യ, ക​ലാ സം​വാ​ദ​ങ്ങ​ളെ പു​രോ​ഗ​മ​ന സാ​ഹി​ത്യ പ്ര​സ്ഥാ​നം ഇ​ന്നും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. പ്ര​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​ള്ള​വ​ര്‍ വ്യ​തി​രി​ക്ത കാ​ഴ്ച​പ്പാ​ടു​ക​ള്‍ ഉ​യ​ര്‍ത്തി​ക്കൊ​ണ്ട് മു​ന്നോ​ട്ടു വ​രു​ന്ന​തി​നെ തി​രി​ച്ച​റി​യാ​നും സം​ഘ​ട​ന​ക്ക് ക​ഴി​യു​ന്നി​ല്ല.

ഡോ.​ പി.​കെ.​ പോ​ക്ക​ര്‍, കെ.​ഇ.​എ​ന്‍, ഡോ. ​പി.​ സോ​മ​ന്‍, ഡോ. ​എ​സ്.​ രാ​ജ​ശേ​ഖ​ര​ന്‍ (​സാം​സ്കാ​രി​ക വി​മ​ര്‍ശ​നം), ജി.​പി.​ രാ​മ​ച​ന്ദ്ര​ന്‍, വി.​കെ.​ ജോ​സ​ഫ് (​ച​ല​ച്ചി​ത്ര നി​രൂ​പ​ണം) എ​ന്നി​വ​ര്‍ പു​രോ​ഗ​മ​ന സാ​ഹി​ത്യ സം​ഘ​ത്തി​നു​ള്ളി​ല്‍നി​ന്നു​കൊ​ണ്ട് പു​തി​യ മാ​റ്റ​ങ്ങ​ളോ​ട് സം​വ​ദി​ക്കു​ന്ന​ത് ഇ​വി​ടെ വി​സ്മ​രി​ക്കു​ന്നി​ല്ല. ഇ​വ​രു​ടെ ശ​ബ്ദ​ത്തി​ന് സം​ഘ​ട​ന​യി​ല്‍ എ​ത്ര​മാ​ത്രം പ്രാ​ധാ​ന്യം ല​ഭി​ക്കു​ന്നു​വെ​ന്ന​ത് ആ​ഴ​ത്തി​ല്‍ പ​രി​ശോ​ധി​ക്കേ​ണ്ട മ​റ്റൊ​രു വി​ഷ​യ​മാ​ണ്. വേ​റി​ട്ട ഇ​ട​പെ​ട​ലു​ക​ളെ നി​ശ്ശബ്ദ​മാ​ക്കു​ന്ന ത​ര​ത്തി​ല്‍ ബു​ദ്ധി​ജീ​വി​ക​ളെ വ​ള​ര്‍ത്തി​യെ​ടു​ക്കാ​ന്‍ പാ​ര്‍ട്ടിത​ന്നെ രം​ഗ​ത്തുവ​രു​ന്ന​തും സ​മ​കാ​ലി​ക കാ​ഴ്ച​യാ​ണ്. സാ​ഹി​ത്യ സാം​സ്കാ​രി​ക സം​വാ​ദ​ങ്ങ​ളെ സൃ​ഷ്ടി​ക്കു​ന്ന​തി​ന് പ​ക​രം രാ​മാ​യ​ണ, മ​ഹാ​ഭാ​ര​ത പാ​രാ​യ​ണ​ങ്ങ​ള്‍ക്കാ​ണ് കൂ​ടു​ത​ല്‍ വേദി ഒ​രു​ക്കി​യ​ത്. അ​താ​ക​ട്ടെ, സം​ഘ്പ​രി​വാ​റി​ന് ഗു​ണ​ക​ര​മാ​യി മാ​റു​ക​യും ചെ​യ്തു.

സാ​ഹി​ത്യ​ത്തി​ലെ സ​വി​ശേ​ഷ പ്ര​തി​നി​ധാ​ന​ങ്ങ​ളെ അം​ഗീ​ക​രി​ക്കാ​ത്ത, പി​ന്തി​രി​പ്പ​നും പ്ര​ത്യ​ക്ഷ​ത്തി​ല്‍ പു​രോ​ഗ​മ​ന​മെ​ന്നു തോ​ന്നു​ന്ന വ​ല​തു സ്വാം​ശീ​ക​ര​ണ ആ​ശ​യ​ത്തെ ഉ​യ​ര്‍ത്തി​പ്പി​ടി​ക്കു​ന്ന ഇ​ത്ത​രം ബു​ദ്ധി​ജീ​വി​ക​ള്‍ക്ക് കൂ​ടു​ത​ല്‍ വേ​ദി ഒ​രു​ക്കി ന​ല്‍കാ​ന്‍ പാ​ര്‍ട്ടി കാ​ണി​ക്കു​ന്ന വ്യ​ഗ്ര​ത സാ​ഹി​ത്യ​ത്തി​ലെ മാ​റ്റ​ങ്ങ​ളെ പ​ഠി​ക്കാ​ന്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നി​ല്ല.

‘‘എ​ഴു​ത്തു​കാ​ര്‍ ആ​രു​ടെ പ​ക്ഷ​ത്ത്’’ എ​ന്ന പു​രോ​ഗ​മ​ന എ​ഴു​ത്തു​കാ​രു​ടെ ചോ​ദ്യ​മാ​ണ് 80ക​ളു​ടെ അ​വ​സാ​നം സാം​സ്കാ​രി​ക മ​ണ്ഡ​ല​ത്തെ ഇ​ള​ക്കി മ​റി​ച്ച​ത്. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ‘ക​ല ക​ല​ക്കു വേ​ണ്ടി​യോ’, ‘ക​ല സാ​മൂ​ഹി​ക മാ​റ്റ​ത്തി​നോ’ എ​ന്ന ആ​ശ​യ​സം​വാ​ദം ഇ​വി​ടെ രൂ​പ​പ്പെ​ടു​ന്ന​ത്. മാ​ര്‍ക്സി​സ​ത്തി​ന്‍റെ വി​മോ​ച​ന കാ​ഴ്ച​പ്പാ​ടു​ക​ള്‍ ഉ​യ​ര്‍ത്തി​പ്പി​ടി​ച്ചാ​ണ് പു​രോ​ഗ​മ​ന എ​ഴു​ത്തു​കാ​ര്‍ പാ​ര​മ്പ​ര്യ​വാ​ദി​ക​ളെ നേ​രി​ട്ട​ത്. ഫ്യൂ​ഡ​ല്‍ ബോ​ധ്യ​ങ്ങ​ളെ ഉ​ള്ളി​ല്‍ കൊ​ണ്ടുന​ട​ക്കു​ന്ന​വ​രാ​ണ് ക​ല ക​ല​ക്കു​വേ​ണ്ടി എ​ന്ന വാ​ദം മു​ന്നോ​ട്ടുവെ​ച്ച​ത്.

സാ​ഹി​ത്യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ മ​റ്റൊ​രു കാ​ല​ത്തും സം​ഭ​വി​ക്കാ​ത്ത ത​ര​ത്തി​ല്‍ ര​ണ്ട് ചേ​രി​യി​ലാ​യി നി​ന്നു​കൊ​ണ്ട് എ​ഴു​ത്തു​കാ​ര്‍/​ വാ​യ​ന​ക്കാ​ര്‍ ന​ട​ത്തി​യ സം​വാ​ദം അ​തേ രീ​തി​യി​ല​ല്ലെ​ങ്കി​ലും ഇ​ന്നും തു​ട​രു​ക​യാ​ണ്. ഒ​രു​പ​ക്ഷേ ഈ ​ച​ര്‍ച്ച​ക​ള്‍ ഇ​ന്നൊ​രു ക്ലീ​ഷേ​യാ​യി തോ​ന്നാ​മെ​ങ്കി​ലും എ​ഴു​ത്തു​കാ​ര്‍ ന​വ​ഹി​ന്ദു ഫാ​ഷിസ്റ്റു​ക​ളു​ടെ കൈ​ക​ളാ​ല്‍ കൊ​ലചെ​യ്യ​പ്പെ​ടു​ന്ന സ​മ​കാ​ലി​ക ഇ​ന്ത്യ​ന്‍ അ​വ​സ്ഥ​യി​ല്‍ പു​രോ​ഗ​മ​ന സാ​ഹി​ത്യ പ്ര​സ്ഥാ​ന​ത്തി​ന് അ​തി​ന്‍റേ​താ​യ പ്ര​തി​രോ​ധം തീ​ര്‍ക്കാ​ന്‍ ക​ഴി​യ​ണം. സാം​സ്കാ​രി​ക മൂ​ല​ധ​നം കൈ​യ​ട​ക്കി​യി​രി​ക്കു​ന്ന സം​ഘ്പ​രി​വാ​ര്‍ ശ​ക്തി​ക​ളെ നേ​രി​ടു​ന്ന​തി​ന് ആ​ശ​യാ​ടി​ത്ത​റ സൃ​ഷ്ടി​ക്കാ​തെ ഭൂ​ത​കാ​ല​ക്കു​ളി​രി​ല്‍ അ​ഭി​ര​മി​ക്കു​ക​യാ​ണ് പു​രോ​ഗ​മ​ന ബു​ദ്ധി​ജീ​വി​ക​ള്‍.

വി​മ​ര്‍ശ​നങ്ങ​ള്‍ നി​ല​നി​ല്‍ക്കെ അ​ധ്വാ​നി​ക്കു​ന്ന മ​നു​ഷ്യ​രു​ടെ ഒ​പ്പം നി​ന്നു​കൊ​ണ്ട് സാ​ഹി​ത്യര​ച​ന നി​ര്‍വ​ഹി​ച്ച പു​രോ​ഗ​മ​ന എ​ഴു​ത്തു​കാ​ര്‍ മ​ല​യാ​ള സാ​ഹി​ത്യശാ​ഖക്ക് വ്യ​ത്യ​സ്ത​മാ​യ സം​ഭാ​വ​ന ന​ല്‍കി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ലെ പു​രോ​ഗ​മ​ന സാ​ഹി​ത്യ പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​യ​ര്‍ത്തി​ക്കാ​ട്ടി​യ കൃ​തി​ക​ള്‍ക്ക് അ​പ്പു​റം വാ​യ​ന​യു​ടെ​യും പു​ന​ര്‍വാ​യ​ന​യു​ടെ​യും ച​രി​ത്ര​ഘ​ട്ട​ത്തി​ല്‍ നി​ല​വി​ലെ പ​ല നി​ല​പാ​ടു​ക​ളും തി​രു​ത്തി എ​ഴു​തേ​ണ്ടി​യി​രി​ക്കു​ന്നു. അ​തി​നൊ​പ്പം ത​മ​സ്ക​രി​ക്ക​പ്പെ​ട്ട പ​ല കൃ​തി​ക​ളെ​യും ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്.

ഇ​തു​വ​രെ പു​രോ​ഗ​മ​ന സാ​ഹി​ത്യം ചേ​ര്‍ത്തു​വെ​ച്ച കൃ​തി​ക​ള്‍ക്ക​പ്പു​റം പു​തി​യ ചി​ല വാ​യ​ന​ക​ള്‍ ഇ​ന്ന് ഉ​യ​ര്‍ന്നുവ​രു​ന്നു​ണ്ട്. ഈ ​മാ​റ്റ​ത്തെ സം​ഘ​ട​ന കൈ​കൊ​ടു​ത്ത് സ്വീ​ക​രി​ക്കേ​ണ്ട​താ​ണ്. അ​തി​ല്‍ ദ​ലി​ത് സാ​ഹി​ത്യം പ്ര​ഥ​മസ്ഥാ​ന​ത്തു നി​ല്‍ക്കു​ന്നു. ഇ​തൊ​രു പ​ഴ​യ സം​വാ​ദ​മാ​യി ത​ള്ളി​ക്ക​ള​യേ​ണ്ട​തി​ല്ല. 1937ലാ​ണ് പു​രോ​ഗ​മ​ന സാ​ഹി​ത്യ പ്ര​സ്ഥാ​ന​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ന്ന​തെ​ങ്കി​ലും നാ​രാ​യ​ണ​ഗു​രു​വി​ന്റെയും പൊ​യ്ക​യി​ല്‍ അ​പ്പ​ച്ച​ന്‍റെ​യും കൃ​തി​ക​ള്‍ പു​രോ​ഗ​മ​ന സാ​ഹി​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ക്കൂ​ടി ഇ​ന്നു വാ​യി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ട്. അ​താ​യ​ത് കാ​ല​ഗ​ണ​ന​ക​ള്‍ക്ക​പ്പു​റ​ത്തു​നി​ന്നു കൃ​തി​ക​ളെ പരിശോ​ധി​ക്കേ​ണ്ട​തു​ണ്ട് എ​ന്ന​ർഥം.

വ്യ​ത്യ​സ്ത​മാ​യ സാ​മൂ​ഹി​ക മാ​റ്റ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കേ​ര​ള​ത്തി​ല്‍ പു​രോ​ഗ​മ​ന പ്ര​സ്ഥാ​നം അ​തി​ന്‍റെ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. ഭ​ക്തിപ്ര​സ്ഥാ​നം, ന​വോ​ത്ഥാ​ന പ്ര​സ്ഥാ​നം, ദേ​ശീ​യ പ്ര​സ്ഥാ​നം, ക​ര്‍ഷ​ക​ത്തൊ​ഴി​ലാ​ളി പ്ര​സ്ഥാ​നം എ​ന്നി​വ​യു​ടെ ഊ​ര്‍ജം കേ​ര​ള​ത്തി​ല്‍ പു​രോ​ഗ​മ​ന സാ​ഹി​ത്യ പ്ര​സ്ഥാ​ന​ത്തി​ല്‍ കാ​ണാ​ന്‍ ക​ഴി​യും. കേ​ര​ള​ത്തി​ല്‍ ന​വോ​ത്ഥാ​ന പ്ര​സ്ഥാ​ന​വും സാ​ഹി​ത്യ​വും പ​ല സ​ന്ദ​ര്‍ഭ​ങ്ങ​ളി​ലും കൈ​കോ​ര്‍ത്താ​ണ് ന​ട​ന്നി​ട്ടു​ള്ള​ത്.

അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലും ഇ​ന്ത്യ​യി​ലും പ്ര​വ​ര്‍ത്തി​ച്ച പു​രോ​ഗ​മ​ന പ്ര​സ്ഥാ​ന​ത്തി​ല്‍നി​ന്നും ചി​ല കാ​ര്യ​ങ്ങ​ളി​ല്‍ വ്യ​ത്യ​സ്ത​മാ​യ കാ​ഴ്ച​പ്പാ​ടാ​ണ് കേ​ര​ള​ത്തി​ല്‍ ജീ​വ​ല്‍സാ​ഹി​ത്യ​സം​ഘം മു​ന്നോ​ട്ടുവെ​ച്ച​ത്. ഫാ​ഷി​സ​ത്തെയും സാ​മ്രാ​ജ്യ​ത്വ​ത്തെ​യും എ​തി​ര്‍ക്കു​ന്ന രീ​തി​യി​ലാ​ണ് ലോ​ക​ത്ത് പു​രോ​ഗ​മ​ന പ്ര​സ്ഥാ​ന​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ന്ന​ത്.

ഫ്യൂ​ഡ​ല്‍ മൂ​ല്യ​ങ്ങ​ളെ​യും മ​റ്റെ​ല്ലാ പി​ന്തി​രി​പ്പ​ന്‍ നി​ല​പാ​ടു​ക​ളെ​യും തു​റ​ന്നു എ​തി​ര്‍ക്കു​ന്ന​തു​കൊ​ണ്ടാ​ണ് ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഈ ​പ്ര​സ്ഥാ​നം വ​ള​രു​ന്ന​ത്. കേ​ര​ള​ത്തി​ല്‍ ക​ര്‍ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സ​മ​ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് മ​ല​ബാ​റി​ല്‍ പു​രോ​ഗ​മ​ന പ്ര​സ്ഥാ​ന​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. അ​തി​നാ​ല്‍, ഇ​ത്ത​രം മ​നു​ഷ്യ​രു​ടെ ഉ​യി​ര്‍ത്തെ​ഴു​ന്നേ​ൽപി​നു വേ​ണ്ടി​യു​ള്ള പാ​ട്ടു​ക​ള്‍, ക​ഥ​ക​ള്‍, ക​വി​ത​ക​ള്‍ എ​ന്നി​വ​യാ​ണ് ആ​ദ്യ​കാ​ല​ത്ത് എ​ഴു​ത​പ്പെ​ട്ട​ത്.

തു​ട​ര്‍ന്ന് മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ന്‍റെ ച​രി​ത്രം പ​രി​ശോ​ധി​ച്ചാ​ല്‍ പു​രോ​ഗ​മ​ന സാ​ഹി​ത്യ പ്ര​സ്ഥാ​നം വ​ലി​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തു​ന്ന​ത് കാ​ണാ​ന്‍ ക​ഴി​യും. പി​ന്നീ​ട് നി​ല​പാ​ടു​ള്ള എ​ഴു​ത്തു​കാ​രെ ഒ​പ്പുചേ​ര്‍ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. മാ​റ്റ​ത്തെ ഉ​ള്‍ക്കൊ​ള്ളു​ന്ന ത​ര​ത്തി​ല്‍ ആ​ശ​യ​പ​ര​മാ​യ വ്യ​ക്ത​ത​യി​ല്ലാ​യ്മ​യും ചി​ല വ്യ​ക്തി​ക​ളു​ടെ അ​പ്ര​മാ​ദി​പത്യ​വു​മാ​ണ് ഈ ​തി​രി​ച്ച​ടി​ക്കു​ള്ള കാ​ര​ണ​ങ്ങ​ളി​ല്‍ പ്ര​ധാ​നം.

 

പി.കെ.പോക്കർ,കെ.ഇ.എൻ

പി.കെ.പോക്കർ,കെ.ഇ.എൻ

പു.​ക.​സ​ക്ക് ഇ​നി​യും അ​തി​ജീ​വ​നം സാ​ധ്യ​മാ​കു​മോ

പു​തി​യകാ​ല​ത്ത് പ​ര​മ്പ​രാ​ഗ​ത നി​ല​പാ​ടു​ക​ളി​ല്‍നി​ന്നാ​ല്‍ പു​രോ​ഗ​മ​ന സാ​ഹി​ത്യ പ്ര​സ്ഥാ​ന​ത്തി​ന് മു​ന്നോ​ട്ടു പോ​കാ​ന്‍ ക​ഴി​യി​ല്ല. എ​ഴു​ത്തി​ന്‍റെ ഭാ​വു​ക​ത്വം ത​ന്നെ മാ​റിക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഫാ​ഷി​സ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നൊ​പ്പം കീ​ഴാ​ള സാ​ഹി​ത്യ​ത്തെ​യും സ്ത്രീ ​എ​ഴു​ത്തി​നെ​യും പ​രി​സ്ഥി​തി കാ​ഴ്ച​പ്പാ​ടു​ക​ളെ​യും മാ​റു​ന്ന സാ​ഹി​ത്യര​ച​നാ രീ​തി​ക​ളെ​യും ഒ​പ്പം ചേ​ര്‍ക്കേ​ണ്ട​തു​ണ്ട്. അ​തി​ലൂ​ടെ മാ​ത്ര​മേ എ​ഴു​ത്തി​ല്‍ പു​തി​യൊ​രു വി​മോ​ച​നം സൃ​ഷ്ടി​ക്കാ​ന്‍ സാ​ധി​ക്കൂ. ദ​ലി​ത് സാ​ഹി​ത്യ​ത്തെ മാ​ര്‍ക്സി​സ​ത്തോ​ട് ചേ​ര്‍ത്തു​നി​ര്‍ത്തി വി​മ​ര്‍ശ​നാ​ത്മ​ക​മാ​യി പ​ഠി​ക്കേ​ണ്ട​തു​ണ്ട്. ക്ലാ​സി​ക്ക​ല്‍ മാ​ര്‍ക്സി​സ​ത്തി​ന്‍റെ വ​ര്‍ഗ​പ​ര​ത​യി​ല്‍ അ​ഭി​ര​മി​ച്ച് സാ​ഹി​ത്യ​ത്തെ വി​ശ​ക​ല​നം ചെ​യ്യു​ന്ന​വ​ര്‍ക്ക് ദ​ലി​ത് എ​ഴു​ത്ത് ഉ​ള്‍പ്പെ​ടെ മു​ന്നോ​ട്ടുവെ​ക്കു​ന്ന ജ്ഞാ​ന​മ​ണ്ഡ​ല​ത്തെ തി​രി​ച്ച​റി​യാ​നാ​കി​ല്ല.

ദ​ലി​ത് സാ​ഹി​ത്യം മു​ഖ്യ​മാ​യും ഊ​ന്നു​ന്ന​ത് ജാ​തി​വ്യ​വ​സ്ഥ​യു​ടെ ജ്ഞാ​ന​മേ​ഖ​ല​യു​മാ​യു​ള്ള സം​വാ​ദ​ത്തി​ലാ​ണ്. ദ​ലി​ത് സാ​ഹി​ത്യ​ത്തി​ന്‍റെ സൗ​ന്ദ​ര്യ​ശാ​സ്ത്ര​മെ​ന്ന​ത് വ​ര്‍ഗ​വി​ഭ​ജ​ന​ത്തി​നു പു​റ​ത്തു​ള്ള ജാ​തി​ജീ​വി​ത​ത്തി​ലെ അ​തി​ജീ​വ​ന​ത്തി​ന്‍റെ സൗ​ന്ദ​ര്യ​ബോ​ധ​ത്തി​ല്‍നി​ന്ന് രൂ​പം​കൊ​ള്ളു​ന്ന​താ​ണ്. ബ്രാ​ഹ്മ​ണ​സൗ​ന്ദ​ര്യ വ്യ​വ​സ്ഥ​ക്ക് ബ​ദ​ലാ​യ സൗ​ന്ദ​ര്യ​വ്യ​വ​സ്ഥ​യെ നി​ർമി​ക്കു​ന്ന​താ​ണ​തി​ന്‍റെ ല​ക്ഷ്യം. മു​ഖ്യ​മാ​യും ദ​ലി​ത​രി​ല്‍ ഊ​ന്നു​ന്ന​തും ദ​ലി​ത​രു​മാ​യി ഐ​ക്യ​പ്പെ​ടു​ന്ന​തും മു​ഴു​വ​ന്‍ ചൂ​ഷി​ത വി​ഭാ​ഗ​ത്തെ​യും ഉ​ള്‍ക്കൊ​ള്ളാ​ന്‍ പ്രാ​പ്തി​യു​ള്ള​തു​മാ​യ സാ​ഹി​ത്യ​മാ​ണ് ദ​ലി​ത് സാ​ഹി​ത്യ​മെ​ന്ന് സാ​മാ​ന്യ​മാ​യി പ​റ​യാം. ദ​ലി​ത​രാ​ല്‍ എ​ഴു​ത​പ്പെ​ടു​ക​യെ​ന്ന​തി​ന​ർഥം, അ​നു​ഭ​വി​ച്ച​വ​ന്‍/​ അ​വ​ള്‍ അ​വ​ന്‍റെ/​ അ​വ​ളു​ടെ ഭാ​ഷ​യി​ല്‍ സം​സാ​രി​ക്കു​ക എ​ന്നാ​ണ്. മ​റി​ച്ച് അ​ത് ജാ​തി സാ​ഹി​ത്യ​മ​ല്ല.

എ​ന്നാ​ല്‍, ഇ​ന്ന് ദ​ലി​ത് എ​ഴു​ത്തു​കാ​ര്‍ക്ക് ദ​ലി​ത​രോ​ട് മാ​ത്ര​മ​ല്ല സം​സാ​രി​ക്കേ​ണ്ടി വ​രു​ന്ന​ത്. അ​ത് വി​ഭാ​ഗീ​യ​മാ​യ സാ​ഹി​ത്യ​വു​മ​ല്ല. ഫെ​മി​നി​സ്റ്റ് സാ​ഹി​ത്യ​ത്തി​ല്‍ സ്ത്രീ​ക​ള്‍ എ​ത്ര​മേ​ല്‍ പ്ര​ധാ​ന​മാ​ണോ ബ്ലാ​ക്ക് ലി​റ്റ​റേ​ച്ച​റി​ല്‍ ക​റു​ത്ത​വ​ര്‍ എ​ത്ര പ്ര​ധാ​ന​മാ​ണോ അ​ത്ര​യും മു​ഖ്യ​മാ​ണ് ദ​ലി​ത് സാ​ഹി​ത്യ​ത്തി​ല്‍ ദ​ലി​ത​ര്‍.

ദ​ലി​ത​നാ​യി ജ​നി​ച്ച​തു​കൊ​ണ്ടുമാ​ത്രം ഒ​രാ​ള്‍ ദ​ലി​ത് എ​ഴു​ത്തു​കാ​ര​നാ​ക​ണ​മെ​ന്നി​ല്ല. ഇ​വി​ടെ ദ​ലി​ത് അ​വ​ബോ​ധ​മാ​ണ് പ്ര​ധാ​നം. ഒ​രു കൃ​തി ദ​ലി​ത് പ്ര​മേ​യ​മാ​യ​തു​കൊ​ണ്ടും ദലിത് സാ​ഹി​ത്യ​മാ​ക​ണ​മെ​ന്നി​ല്ല. ദ​ലി​ത് സൗ​ന്ദ​ര്യ​ശാ​സ്ത്രം ലാ​വ​ണ്യ​ശാ​സ്ത്ര​പ​ര​മാ​യും ത​ത്ത്വശാ​സ്ത്ര​പ​ര​മാ​യും ബ്രാ​ഹ്മ​ണി​ക്ക​ല്‍ സൗ​ന്ദ​ര്യ​ശാ​സ്ത്ര​ത്തെ നി​രാ​ക​രി​ക്കു​ന്നു. ദ​ലി​ത് സാ​ഹി​ത്യ​ത്തി​ന്‍റെ കേ​ന്ദ്രം മ​നു​ഷ്യ​നാ​ണ്. സ്വാ​ത​ന്ത്ര്യ​ത്തെ​യും സാ​മൂ​ഹി​ക നീ​തി​യെ​യും സം​ബ​ന്ധി​ക്കു​ന്ന അം​ബേ​ദ്ക​റു​ടെ വീ​ക്ഷ​ണ​ങ്ങ​ള്‍ത​ന്നെ​യാ​ണ് ദ​ലി​ത് സാ​ഹി​ത്യ​ത്തി​ന്‍റെ അ​ടി​ത്ത​റ.

നി​ല​വി​ലെ സൗ​ന്ദ​ര്യ​ശാ​സ്ത്ര​ത്തി​നു മേ​ലു​ള്ള വിച്ഛേ​ദ​ന​മാ​യി​രു​ന്നു ദ​ലി​ത് സൗ​ന്ദ​ര്യ​ശാ​സ്ത്രം. ബ്രാ​ഹ്മ​ണി​ക ജ്ഞാ​ന​വ്യ​വ​സ്ഥ സൃ​ഷ്ടി​ച്ച വ്യ​ക്തി​ബോ​ധ​ത്തി​ല്‍നി​ന്നും സാ​മൂ​ഹി​ക ബോ​ധ​ത്തി​ലേ​ക്ക് ഉ​യ​ര്‍ത്തു​ന്ന​താ​ണ് ദ​ലി​ത് സൗ​ന്ദ​ര്യ​ബോ​ധം. ജാ​തി​വി​രു​ദ്ധ​ത​യി​ല​ധി​ഷ്ഠി​ത​മാ​യ സൗ​ന്ദ​ര്യ​ശാ​സ്ത്ര പ​ദ്ധ​തി​യാ​ണ​ത്.

സാ​മൂ​ഹികാ​വ​ബോ​ധ​പ​രം, സോ​ദ്ദേശ്യ​പ​രം, ജാ​തി​വി​രു​ദ്ധം, അ​പ​ഗ്ര​ഥ​നാ​ത്മ​കം, ഉ​ൽപാ​ദ​ന​പ​രം, ചൂ​ഷ​ണ​വി​രു​ദ്ധം, ഭൗ​തി​കം, ച​രി​ത്ര​പ​രം, ച​ല​നാ​ത്മ​കം, പ്രാ​യോ​ഗി​ക​ജ്ഞാ​നാ​ധി​ഷ്ഠി​തം, മാ​ന​വി​കം എ​ന്നി​ങ്ങ​നെ ദ​ലി​ത് സൗ​ന്ദ​ര്യ​ശാ​സ്ത്ര​ത്തെ ചു​രു​ക്കി​പ്പ​റ​യാം. എ​ല്ലാ​ത്ത​രം ചൂ​ഷ​ണ​ങ്ങ​ളെ​യും പ്ര​തി​രോ​ധി​ക്കു​ന്നു എ​ന്ന​തു​കൊ​ണ്ട് ത​ന്നെ മാ​ര്‍ക്സി​സ​വു​മാ​യും അ​ത് ചേ​ര്‍ന്നുനി​ല്‍ക്കു​ന്നു.

പ്ര​ദീ​പ​ന്‍ പാ​മ്പ​ിരി​കു​ന്ന് എ​ഴു​തു​ന്നു: സൗ​ന്ദ​ര്യ​ത്തെ അ​റി​യാ​ന​രു​താ​ത്ത ബ്ര​ഹ്മ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യ​തോ​ടെ പ്ര​യോ​ഗ​ത​ല​ത്തി​ല്‍ അ​നു​ഭ​വി​ക്കാ​വു​ന്ന സൗ​ന്ദ​ര്യ​ത്തെ അ​ത് വ​ലി​യ ഒ​രു ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് ത​ള്ളി. കൊ​ട്ട നെ​യ്യു​ന്ന​വ​ന്റെ​യോ അ​ല​ക്കു​കാ​ര​ന്‍റെ​യോ കൃ​ഷിചെ​യ്യു​ന്ന​വ​ന്റെയോ സൗ​ന്ദ​ര്യ​ബോ​ധം ദാ​ര്‍ശ​നി​ക​മാ​യി നി​രാ​ക​രി​ക്കാ​ന്‍ മു​ഖ്യ​ധാ​രാ സ​വ​ര്‍ണ സൗ​ന്ദ​ര്യ​ശാ​സ്ത്ര​ത്തി​ന് ക​ഴി​ഞ്ഞ​തെങ്ങ​നെ​യാ​ണ്.

സം​സ്കൃ​ത​ഭാ​ഷ​യു​ടെ വ​രേ​ണ്യ​മാ​യ ആ​ധി​കാ​രി​ക​ത, സാ​മൂ​ഹി​ക ശ്രേ​ണി​യി​ല്‍ സ​വ​ര്‍ണ വി​ഭാ​ഗ​ങ്ങ​ളു​ടെ അ​പ്ര​തി​രോ​ധ്യ​മാ​യ നി​ല, സി​ദ്ധാ​ന്ത​വ​ത്ക​ര​ണ​ത്തി​നും സ്ഥാ​പ​ന​ത്തി​നും ല​ഭ്യ​മാ​കു​ന്ന സ​മ​യം, വാ​മൊ​ഴി​ക്കു​മേ​ല്‍ വ​ര​മൊ​ഴി​ക്ക് ഉ​ണ്ടാ​കു​ന്ന അ​പ്ര​മാ​ദി​ത്വം, ശൂ​ദ്ര​ര്‍ക്കും അ​തി ശൂ​ദ്ര​ര്‍ക്കും​മേ​ല്‍ അ​ടി​ച്ചേ​ൽപി​ക്ക​പ്പെ​ട്ട അ​ക്ഷ​ര​വി​ല​ക്ക്, സ്വ​ന്തം അ​നു​ഭ​വ​ങ്ങ​ളെ വി​ശ​ദീ​ക​രി​ക്കാ​ന്‍ ക​ഴി​യു​ന്ന ക​ര്‍തൃ​ത്വ​പ​ദ​വി​യി​ലേ​ക്കെ​ത്താ​ത്ത കീ​ഴാ​ളാ​വ​സ്ഥ ഇ​വ​യെ​ല്ലാ​മാ​ണ് സ​വ​ര്‍ണ​വ്യ​ക്തി​യു​ടെ ആ​സ്വാ​ദ​ന ക​ര്‍തൃ​ത്വം സ്ഥാ​പി​ക്ക​പ്പെ​ടാ​ന്‍ ച​രി​ത്ര​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​യിത്തീ​ര്‍ന്ന​ത്.

 

ജി.പി. രാമച​ന്ദ്രൻ,വി.കെ. ജോസഫ്​

ജി.പി. രാമച​ന്ദ്രൻ,വി.കെ. ജോസഫ്​

സാ​മ്പ്ര​ദാ​യി​ക മാ​ര്‍ക്സി​സ്റ്റ് വീ​ക്ഷ​ണ​ത്തി​ല്‍ വൈ​യ​ക്തി​ക​മാ​യ സൗ​ന്ദ​ര്യ അ​നു​ഭൂ​തി​യു​ടെ അ​ടി​വേ​രു​ക​ള്‍ എ​പ്പോ​ഴും ചെ​ന്നെ​ത്തു​ന്ന​ത് വ​ര്‍ഗ​വ്യ​ത്യാ​സ​ങ്ങ​ളു​ടെ വി​ശ​ക​ല​ന​ത്തി​ലാ​യി​രി​ക്കും. സാ​മ്പ​ത്തി​ക അ​സ​ന്തു​ലി​താ​വ​സ്ഥ​യു​ടെ പ്ര​ശ്ന​മെ​ന്ന നി​ല​യി​ലാ​ണ് അ​ത് സൗ​ന്ദ​ര്യ​വ്യ​വ​സ്ഥ​യെ പ​രി​ഗ​ണി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, ഇ​ന്ത്യ​ന്‍ സൗ​ന്ദ​ര്യ​ബോ​ധ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം എ​പ്പോ​ഴും വ​ര്‍ണ​ത്തി​ലോ ജാ​തി​യി​ലോ ചെ​ന്നു മു​ട്ടു​ന്നു എ​ന്ന​താ​ണ് യാ​ഥാ​ർഥ്യം. സൗ​ന്ദ​ര്യാ​നു​ഭൂ​തി​ക​ളു​ടെ അ​ടി​ത്ത​റ രൂ​പ​പ്പെ​ടു​ന്ന കാ​ല​ത്ത് വ​ര്‍ഗ​മാ​യി​രു​ന്നി​ല്ല വ​ര്‍ണ​മാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ യാ​ഥാ​ർഥ്യം.

അ​നു​ഭൂ​തി​ക​ളു​ടെ രൂ​പവത്ക​ര​ണം, ഛായാ​വ​ത്ക​ര​ണം ഇ​വ​യെ​ല്ലാം വ​ര്‍ണാ​ധി​കാ​ര​ത്താ​ലാ​ണ് സ്ഥാ​പി​ക്ക​പ്പെ​ട്ട​ത്. ഏ​റ്റ​വും ധ​നി​ക​നാ​യ ബ്രാ​ഹ്മ​ണ​നും ദ​രി​ദ്ര​നാ​യ ബ്രാ​ഹ്മ​ണ​നും ഒ​രേ വ​ര്‍ണ നി​യ​മ​ങ്ങ​ളാ​ല്‍ ബ​ന്ധി​ത​നാ​ണ്. അ​വ​ന്‍ ഉ​ൽപാ​ദി​പ്പി​ക്കാ​ന്‍ മ​ണ്ണി​ല്‍ സ്പ​ര്‍ശി​ക്കു​ന്നി​ല്ല. ഭൂ​മി ബ്രാ​ഹ്മ​ണ​ന് ദാ​ര്‍ശ​നി​ക​മാ​യ ഒ​രു മി​ഥ്യ​യാ​ണ്. ഭൂ​മി​ശാ​സ്ത്ര​മി​ല്ലാ​ത്ത​തി​നാ​ല്‍ അ​വ​ര്‍ക്ക് എ​ങ്ങ​നെ ദേ​ശ​സ്നേ​ഹി​ക​ളാ​കാ​ന്‍ ക​ഴി​യു​മെ​ന്ന് കാ​ഞ്ചാ ഐലയ്യ ചോ​ദി​ക്കു​ന്നു​ണ്ട്. സ​വ​ര്‍ണ​ മു​ഖ്യ​ധാ​ര​ക​ള്‍ നി​ശ്ശബ്ദ​മാ​ക്കി​ത്തീ​ര്‍ത്ത ദ​ലി​ത് ജ്ഞാ​ന സൗ​ന്ദ​ര്യ വ്യ​വ​ഹാ​ര​ങ്ങ​ള്‍ സ​മൂ​ഹ​ത്തി​ന്‍റെ സം​സ്കാ​രി​ക മൂ​ല​ധ​ന​മാ​യി മാ​റു​ന്ന​താ​ണ് കീ​ഴാ​ള നി​രൂ​പ​ണ​ത്തി​ലൂ​ടെ കാ​ണാ​ന്‍ ക​ഴി​യു​ന്ന​ത്.

ദ​ലി​ത് ജ്ഞാ​ന​വ്യ​വ​സ്ഥ​യോ സാ​ഹി​ത്യ​മോ സൗ​ന്ദ​ര്യ​ശാ​സ്ത്ര​മോ വി​മ​ര്‍ശ​ന​മോ വ്യ​ക്ത​ിയ​ധി​ഷ്ഠി​ത​മ​ല്ല. ജ​ന​നാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സാ​മൂ​ഹി​ക പ്ര​ശ്നം എ​ന്ന നി​ല​യി​ലാ​ണ് ഓ​രോ വ്യ​ക്തി​യും ജാ​തീ​യ​ത അ​നു​ഭ​വി​ച്ച​ത്. അ​തി​നാ​ല്‍, സാ​മൂ​ഹി​ക​മാ​യ ഒ​ര​തി​ജീ​വ​ന ശ്ര​മ​ത്തി​നു മാ​ത്ര​മേ ഇ​വ പ​രി​ഹ​രി​ക്കാന്‍ ക​ഴി​യൂ എ​ന്ന് ദ​ലി​ത് വി​മ​ര്‍ശ​നം തി​രി​ച്ച​റി​യു​ന്നു​ണ്ട്. ഓ​രോ ദ​ലി​തും ഒ​രു സ​മൂ​ഹ​ത്തെ പ്ര​ത​ിനി​ധാനംചെയ്യുന്നു. സാ​ഹി​ത്യ​ത്തി​ല്‍ വ്യ​ക്തി​ക​ളു​ടെ ആ​ദ​ര്‍ശ​വ​ത്ക​ര​ണ​ങ്ങ​ളി​ല്‍ അ​തി​ന് താ​ല്‍പ​ര്യ​മി​ല്ല.

കേ​ര​ള​ത്തി​ലെ ക്ലാ​സി​ക്/​ ഫോ​ക് വേ​ര്‍തി​രി​വു​ക​ള്‍ ക​ല​യോ​ട് എ​ന്ന​തി​ന​പ്പു​റം ജാ​തി​യോ​ടാണ് കേ​ന്ദ്രീ​ക​രി​ക്ക​പ്പെ​ടു​ന്ന​ത്. സം​ഘ​കാ​ല പ്രാ​ദേ​ശി​ക​ത​യും ഭൂ​മി​ശാ​സ്ത്ര​പ​ര​വു​മാ​യ തി​ണ​ക​ളി​ല്‍നി​ന്ന​ല്ല മ​ല​യാ​ള സാ​ഹി​ത്യം അ​തി​ന്‍റെ ജൈ​വ​രൂ​പം സ്വീ​ക​രി​ച്ച​ത്. മ​റി​ച്ച് ഇ​ന്ത്യ​ന്‍ സം​സ്കൃ​ത പാ​ര​മ്പ​ര്യ​ത്തി​ല്‍നി​ന്നാ​ണ്. അ​ത് ജാ​തി​യെ​യും അ​ധി​കാ​ര​ഘ​ട​ന​യെ​യും പു​ന​രു​ൽപാ​ദി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. ഫ​ല​ത്തി​ല്‍ മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ന്‍റെ ഘ​ട​ന​യി​ല്‍ ത​ന്നെ കീ​ഴാ​ള വി​രു​ദ്ധ സ​മീ​പ​നം അ​ന്ത​ര്‍ധാ​ര​യാ​യി​ട്ടു​ണ്ടെ​ന്നു കാ​ണാം.

ഭൗ​തി​കാ​ധ്വാ​ന​ത്തെ​യും അ​തി​ന്‍റെ പ്രാ​യോ​ഗി​ക ജ്ഞാ​ന​വ്യ​വ​സ്ഥ​യെ​യും സൗ​ന്ദ​ര്യവ്യ​വ​സ്ഥ​യെ​യും അ​പ​ര​മാ​ക്കി​യാ​ണ് ദി​വ്യ​മാ​യ ജ്ഞാ​ന​സൗ​ന്ദ​ര്യ​ബോ​ധം സൃ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. അ​തി​നാ​ല്‍ ദ​ലി​ത് അ​നു​ഭ​വം വ​രേ​ണ്യ ന​വോ​ത്ഥാ​ന സാ​ഹി​ത്യ​ത്തി​ല്‍ വി​ധേ​യ​ത്വ​ത്തോ​ടെ ദ​യ​നീ​യ​ത​യോ​ടെ പ്ര​തി​നി​ധാ​നം ചെ​യ്യ​പ്പെ​ട്ടു. അ​തി​നെ അ​പ​നി​ർമി​ക്കു​ക​യാ​ണ് കീ​ഴാ​ള നി​രൂ​പ​ണം ചെ​യ്യു​ന്ന​ത്. അ​ത് ദ​ലി​തുപ​ക്ഷ ര​ച​ന​ക​ളെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് ഉ​യ​ര്‍ത്തു​ന്ന​തി​നൊ​പ്പം ദ​ലി​താ​ഖ്യാ​ന​ങ്ങ​ളി​ലെ ദ​ലി​ത് വി​രു​ദ്ധ​ത ക​ണ്ടെ​ത്തു​ക​യുംചെ​യ്യു​ന്നു.

ഇ​ന്ത്യ​ന്‍ ഭ​ക്തി​പ്ര​സ്ഥാ​ന എ​ഴു​ത്തു​കാ​ര്‍ ഉ​യ​ര്‍ത്തി​യ സാ​മൂ​ഹി​ക തു​ല്യ​ത​യു​ടെ പ്ര​ശ്നം കേ​ര​ള​ത്തി​ലെ ഭ​ക്തക​വി​ക​ള്‍ ഉ​യ​ര്‍ത്തു​ന്നി​ല്ല. ജാ​തി​യെ സ്പ​ര്‍ശി​ക്കാ​ന്‍പോ​ലും അ​വ​ര്‍ ത​യാ​റാ​യി​ല്ല. ന​വോ​ത്ഥാ​ന​ാനന്ത​ര​മാ​ണ് ജാ​തി​യെ ക​വി​ക​ള്‍ അ​ഡ്ര​സ് ചെ​യ്യു​ന്ന​ത്. നാ​രാ​യ​ണ​ഗു​രു, സ​ഹോ​ദ​ര​ന്‍, ആ​ശാ​ന്‍, ഉ​ള്ളൂ​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ ജാ​തി​വി​രു​ദ്ധ നി​ല​പാ​ടു​ക​ള്‍ മൂലൂ​ര്‍, പ​ള്ള​ത്ത് രാ​മ​ന്‍, നി​ര​ണം എം.പി. കേ​ശ​വ​ന്‍ തു​ട​ങ്ങി​യ​വ​രി​ലൂ​ടെ വ​ള​രു​ന്നു​ണ്ട്.

പ്ര​മേ​യ​ത്തി​ലും സ​മീ​പ​ന​ത്തി​ലും ജാ​തി​വി​രു​ദ്ധ നി​ല​പാ​ട് പു​ല​ര്‍ത്തു​ന്ന കൃ​തി​ക​ള്‍ ഉ​ണ്ടാ​യെ​ങ്കി​ലും ആ​ന്ത​രി​ക​മാ​യി സൗ​ന്ദ​ര്യ​ശാ​സ്ത്ര സ​മീ​പ​ന​ത്തി​ല്‍ കീ​ഴാ​ള​ാവ​ബോ​ധം നി​ല​നി​ന്നി​രു​ന്നി​ല്ല. സ​ഹാ​നു​ഭൂ​തി​യു​ടെ​യും രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​കാ​ദ​ര്‍ശ​ങ്ങ​ളു​ടെ​യും പ്ര​ത്യ​ക്ഷ​പ്പെ​ട​ലാ​യി​രു​ന്നു അ​ത്. അ​തു​കൊ​ണ്ട് കാ​വ്യ​ഘ​ട​ന​യി​ല്‍ ഒ​രു പ​രി​ണാ​മ​വും സൃ​ഷ്ടി​ക്കാ​ന്‍ അ​തി​ന് ക​ഴി​ഞ്ഞി​ല്ല. വ​ര്‍ഗ​വും ജാ​തി​യും ത​മ്മി​ലു​ള്ള വൈ​രു​ധ്യമോ സൗ​ന്ദ​ര്യ​ശാ​സ്ത്ര വൈ​വി​ധ്യ​ങ്ങ​ളോ കാ​ണാ​ന്‍ ക​ഴി​ഞ്ഞി​ല്ല. അ​ങ്ങ​നെ ദ​ലി​ത് വ്യ​വ​ഹാ​ര​ങ്ങ​ളെ ഫോ​ക് ആ​ക്കി മാ​റ്റു​ന്ന പ്ര​വ​ണ​ത​യു​ണ്ടാ​യി.

സ​വ​ര്‍ണ​വ്യ​വ​ഹാ​ര വി​മ​ര്‍ശ​ന​മെ​ന്ന നി​ല​യി​ലാ​ണ് ആ​ധു​നി​ക കീ​ഴാ​ള വി​മ​ര്‍ശ​നം ശ്ര​ദ്ധ നേ​ടു​ന്ന​ത്. പൊ​യ്ക​യി​ല്‍ അ​പ്പ​ച്ച​ന്‍, അ​യ്യ​ന്‍കാ​ളി, ക​റു​പ്പ​ന്‍ എ​ന്നി​വ​രു​ടെ പ്ര​സം​ഗ​ങ്ങ​ള്‍ ഈ ​കീ​ഴാ​ള വ്യ​വ​ഹാ​ര​ങ്ങ​ള്‍ മ​ല​യാ​ള​ത്തി​ല്‍ പ്ര​ത്യ​ക്ഷ​മാ​ക്കി. നാ​രാ​യ​ണ​ഗു​രു, സ​ഹോ​ദ​ര​ന്‍, വാ​ഗ്ഭ​ടാ​ന​ന്ദ​ന്‍, ച​ട്ട​മ്പി​സ്വാ​മി, വി.​ടി എ​ന്നി​വ​രു​ടെ ര​ച​ന​ക​ളും ഇ​തി​ന് ഊ​ര്‍ജം ന​ല്‍കി. അ​ച്ച​ടി​യും കീ​ഴാ​ള വി​മ​ര്‍ശ​ന​ത്ത​ിന് സ​ഹാ​യ​ക​മാ​യി. സ​വ​ര്‍ണ സാ​ഹി​ത്യ​ത്തി​ല്‍ത​ന്നെ​യു​ള്ള പ്ര​തി​നി​ധാ​ന​ങ്ങ​ളെ വി​മ​ര്‍ശ​നവി​ധേ​യ​മാ​ക്കു​ന്ന പ്ര​തി​നി​ധാ​ന വി​മ​ര്‍ശ​ന രീ​തി​യാ​ണ് കീ​ഴാ​ള വി​മ​ര്‍ശ​നം ഇ​ന്ന് ന​ട​ത്തു​ന്ന​ത്. അം​ബേ​ദ്ക​റും പെ​രി​യാ​റും തു​ട​ങ്ങി​യവ​ര്‍ ഈ ​വി​മ​ര്‍ശ​ന രീ​തി​യാ​ണ് സ്വീ​ക​രി​ച്ച​ത്.

വ്യ​വ​സ്ഥാ​പി​ത ച​രി​ത്ര​വീ​ക്ഷ​ണ​ത്തെ​യും ബൃ​ഹ​ദ് ആ​ഖ്യാ​ന​ങ്ങ​ളെ​യും നി​ര​സി​ക്കു​ന്ന ആ​ധു​നി​കോ​ത്ത​ര സ​മീ​പ​ന​ങ്ങ​ള്‍ ദ​ലി​ത് വി​മ​ര്‍ശ​ന​ങ്ങ​ള്‍ക്ക് പ്ര​ത്യ​യ​ശാ​സ്ത്ര അ​ടി​ത്ത​റ ന​ല്‍കു​ന്നു​ണ്ട്. മാ​ര്‍ക്സി​സ​ത്തെ വി​മ​ര്‍ശ​നാ​ത്മ​ക​മാ​യി പ​രി​ശോ​ധി​ച്ചു​കൊ​ണ്ട് സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. സാ​ഹി​ത്യ​ത്തി​ന്‍റെ സ​മ​ഗ്ര​മേ​ഖ​ല​യെ​യും സ്പ​ര്‍ശി​ക്കു​ന്ന സാം​സ്കാ​രി​ക വി​മ​ര്‍ശ​ന​മാ​യി ദ​ലി​ത് വ്യ​വ​ഹാ​ര​ങ്ങ​ള്‍ വി​ക​സി​ച്ചി​ട്ടു​ണ്ട്. ഡോ.​ വേ​ലു​ക്കു​ട്ടി അ​ര​യ​ന്‍റെ ചെ​മ്മീ​ന്‍ നി​രൂ​പ​ണം, ക​ല്ലേ​ന്‍ പൊ​ക്കു​ട​ന്‍റെ ‘ക​ണ്ട​ല്‍ക്കാ​ടു​ക​ളു​ടെ ജീ​വി​തം’ എ​ന്ന ആ​ത്മ​ക​ഥ​ക്ക് എ​ന്‍. പ്ര​ഭാ​ക​ര​ന്‍ എ​ഴു​തി​യ പ​ഠ​നം, ‘വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍’ എ​ന്ന ക​ഥ​യെ​ക്കു​റി​ച്ചും ‘ഇ​ന്ദു​ലേ​ഖ’യി​ലെ സ്ഥ​ല​കാ​ല​ങ്ങ​ളെ​ക്കു​റി​ച്ചും കെ.​കെ. കൊ​ച്ച് ന​ട​ത്തി​യ പ​ഠ​നം എ​ന്നി​വ​യെ​ല്ലാം സ​വി​ശേ​ഷ​മാ​യ സ്ഥാ​നം അ​ര്‍ഹി​ക്കു​ന്നു.

കെ.​ഇ.​എ​ന്നി​ന്‍റെ ‘ക​റു​പ്പി​ന്‍റെ സൗ​ന്ദ​ര്യ​ശാ​സ്ത്രം’ എ​ന്ന പു​സ്ത​കം ദ​ലി​ത് സൗ​ന്ദ​ര്യ​ശാ​സ്ത്ര​ത്തി​ന് അ​ടി​ത്ത​റ ന​ല്‍കു​ന്ന ഗ്ര​ന്ഥ​മാ​ണ്. ഇ.​വി.​ രാമ​കൃ​ഷ്ണ​ന്‍ നോ​വ​ലു​ക​ളെ​ക്കു​റി​ച്ച് ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ള്‍, കെ.​കെ. ബാ​ബു​രാ​ജ് പു​തു​ക​വി​ത​ക​ളെ​ക്കു​റി​ച്ച് ന​ട​ത്തി​യ പ​ഠ​നം, രാ​ജേ​ഷ് ചി​റ​പ്പാ​ടി​ന്‍റെ സി. ​അ​യ്യ​പ്പ​ന്‍ ക​ഥ​ക​ളു​ടെ പ​ഠ​നം, പി.​കെ. പോ​ക്ക​റു​ടെ വ്യ​ത്യ​സ്ത പ​ഠ​ന​ങ്ങ​ള്‍, ഒ.​കെ.​ സ​ന്തോ​ഷി​ന്‍റെ ‘തി​ര​സ്കൃ​ത​രു​ടെ ര​ച​നാ​ഭൂ​പ​ടം’ എ​ന്നി​വ​യെ​ല്ലാം ദ​ലി​ത് സാ​ഹി​ത്യ നി​രൂ​പ​ണ​ത്തി​ന് മു​ത​ല്‍ക്കൂ​ട്ടാ​ണ്.

നാ​ട​ന്‍പാ​ട്ടു​ക​ളു​ടെ ശാ​ഖ ക​ഴി​ഞ്ഞാ​ല്‍ മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ല്‍ പി​ന്നീ​ട് കാ​ണു​ന്ന​ത് പാ​ട്ടു പ്ര​സ്ഥാ​ന​മാ​ണ്. ഈ ​പാ​ട്ടു​ശാ​ഖ നാ​ട​ന്‍പാ​ട്ടി​ന്‍റെ കീ​ഴാ​ള സൗ​ന്ദ​ര്യ പ​ദ്ധ​തി​യോ​ട​ല്ല മ​റി​ച്ച് ബ്രാ​ഹ്മ​ണി​ക്ക​ല്‍ സൗ​ന്ദ​ര്യ​നി​ർമി​തി​യോ​ടാ​ണ് ചേ​ര്‍ന്നുനി​ല്‍ക്കു​ന്ന​ത്. പ​ണ്ഡി​റ്റ് ക​റു​പ്പ​ന്‍റെ കൃ​തി​ക​ളാ​ണ് ജാ​തി​വ്യ​വ​സ്ഥ​യെ പ്ര​ശ്ന​വ​ത്ക​രി​ച്ചു​കൊ​ണ്ട് മ​ല​യാ​ള​ത്തിലു​ണ്ടാ​കു​ന്ന ആ​ദ്യ കാ​വ്യം. 1909ല്‍ ​എ​ഴു​തു​ക​യും 1912ല്‍ ​പു​റ​ത്തു​വ​രുക​യും ചെ​യ്ത ഈ ​കൃ​തി ശ​ങ്ക​രാ​ചാ​ര്യ​രു​ടെ ‘മ​നീ​ഷാ​പ​ഞ്ച​ക​’ത്തെ മു​ന്‍നി​ര്‍ത്തി എ​ഴു​തി​യ​താ​ണ്. തു​ട​ര്‍ന്ന്, സ​ഹോ​ദ​ര​ന്‍ അ​യ്യ​പ്പ​നും കു​മാ​ര​നാ​ശാ​നും ജാ​തി​യെ പ്ര​ശ്ന​വ​ത്ക​രി​ച്ചു​കൊ​ണ്ട് എ​ഴു​തു​ന്നു​ണ്ട്. ദ​ലി​ത​രല്ലാ​ത്ത ക​വി​ക​ളും ജാ​തി​യെ മു​ന്‍നി​ര്‍ത്തി ര​ച​ന​ക​ള്‍ ന​ട​ത്തു​ന്നു​ണ്ട്. പു​രോ​ഗ​മ​ന സാ​ഹി​ത്യ പ്ര​സ്ഥാ​ന​ത്തി​ന്‍റെ മാ​നി​ഫെ​സ്റ്റോ​യി​ലെ​ങ്ങും ഈ ​കൃ​തി​ക​ളെ കാ​ര്യ​മാ​യി പ​രാ​മ​ര്‍ശി​ക്കു​ന്നു​പോ​ലു​മി​ല്ല.

 

പു.ക.സയുടെ നവ കേരള സാംസ്​കാരിക യാത്ര

പു.ക.സയുടെ നവ കേരള സാംസ്​കാരിക യാത്ര

ന​വോ​ത്ഥാ​നാ​ശ​യ​ങ്ങ​ള്‍ ക​വി​ത​യി​ല്‍

സാ​മൂ​ഹി​ക ന​വോ​ത്ഥാ​ന രം​ഗ​ത്ത് മാ​ത്ര​മ​ല്ല നാ​രാ​യ​ണ​ഗു​രു​വി​ന്‍റെ സം​ഭാ​വ​ന​ക​ള്‍. അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​വ്യ​ര​ച​നക​ളും ന​വോ​ത്ഥാ​ന ആ​ശ​യ​ങ്ങ​ളെ ഉ​യ​ര്‍ത്തി​പ്പി​ടി​ച്ചു. നാ​രാ​യ​ണ​ ഗു​രു​വി​ന്‍റെ കൃ​തി​ക​ളെ അ​ഞ്ച് ഭാ​ഗ​ങ്ങ​ളാ​യാ​ണ് ത​രം​തി​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. സ്തോ​ത്ര​ കൃ​തി​ക​ള്‍, ദാ​ര്‍ശ​നി​ക​ കൃ​തി​ക​ള്‍, ഉ​ദ്ബോ​ധ​നാ​ത്മ​ക കൃ​തി​ക​ള്‍, ത​ര്‍ജ​മ​ക​ള്‍, ഗ​ദ്യ​കൃ​തി​ക​ള്‍ എ​ന്നി​വ​യാ​ണ​ത്. സ്തോ​ത്ര​ കൃ​തി​ക​ള്‍ സാ​ഹി​ത്യ​ഭം​ഗി​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​ണ്.

നാ​രാ​യ​ണ​ഗു​രു​വി​ന്‍റെ ദാ​ര്‍ശ​നി​ക കൃ​തി​ക​ളി​ലൊ​ന്നാ​യ ‘ആ​ത്മോ​പ​ദേ​ശ​ശ​ത​ക’​ത്തി​ല്‍ (1897) നൂ​റ് ശ്ലോ​ക​ങ്ങ​ളാ​ണു​ള്ള​ത്. ജ്ഞാ​ന​ത്തി​ന്‍റെ ദാ​ര്‍ശ​നി​ക​മാ​യ ആ​ത്മാ​ന്വേ​ഷ​ണ​ങ്ങ​ളെ തു​റ​ന്നി​ടു​ന്ന കൃ​തി​യാ​ണി​ത്. ‘ദൈ​വ​ദ​ശ​കം’ എ​ന്ന കൃ​തി പ്രാ​ർഥ​നാ ശ്ലോ​ക​ങ്ങ​ളാ​ണ്. ഏ​തു മ​ത​വി​ശ്വാ​സി​ക്കും സ്വീ​ക​രി​ക്കാ​വു​ന്ന വി​ധ​ത്തി​ല്‍ ര​ചി​ക്ക​പ്പെ​ട്ട ഈ ​കൃ​തി ശി​വ​ഗി​രി മ​ഠ​ത്തി​ല്‍ അ​ന്തേ​വാ​സി​ക​ളാ​യി​രു​ന്ന കു​ട്ടി​ക​ള്‍ക്കു​വേ​ണ്ടി ര​ചി​ക്ക​പ്പെ​ട്ട​താ​ണ്. നാ​രാ​യ​ണ​ ഗു​രു​വി​ന്‍റെ ഉ​ദ്ബോ​ധ​നാ​ത്മ​ക കൃ​തി​ക​ളി​ല്‍പെ​ടു​ന്ന ‘ജാ​തി​നി​ര്‍ണ​യം’, ‘ജാ​തി​ല​ക്ഷ​ണം’, ‘സ​ദാ​ചാ​രം’ എ​ന്നി​വ അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​മൂ​ഹി​ക വീ​ക്ഷ​ണ​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു.

ആ​ശാ​ന്‍റെ കാ​വ്യ​പ്ര​തി​ഭ ത​ത്ത്വചി​ന്ത​യു​ടെ​യും സാ​മൂ​ഹി​ക മാ​റ്റ​ത്തി​ന്‍റെ​യും വെ​ളി​ച്ച​ങ്ങ​ളാ​ണ് വി​ത​റു​ന്ന​ത്. ന​വോ​ത്ഥാ​ന​ത്തി​ന്‍റെ സാ​മൂ​ഹി​ക​മ​ണ്ഡ​ല​ത്തി​ല്‍ ആ​ശാ​ന്‍ ക​വി​ത ചെ​ലു​ത്തി​യ സ്വാ​ധീ​നം വ​ള​രെ വ​ലു​താ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ‘ദു​ര​വ​സ്ഥ’, ‘ച​ണ്ഡാ​ല​ഭി​ക്ഷു​കി’ എ​ന്നീ കൃ​തി​ക​ള്‍ ന​വോ​ത്ഥാ​ന ആ​ശ​യ​ങ്ങ​ളെ പ്ര​തി​ഫ​ലി​പ്പി​ച്ചു.

കേ​ര​ള​ ന​വോ​ത്ഥാ​ന​ത്തി​ല്‍ പൊ​യ്ക​യി​ല്‍ അ​പ്പ​ച്ച​​െന്‍റ (കു​മാ​ര​ഗു​രു) പാ​ട്ടു​ക​ള്‍ക്ക് സ​വി​ശേ​ഷ​മാ​യ സ്ഥാ​ന​മു​ണ്ട്. കീ​ഴാ​ള സ​മൂ​ഹ​ത്തി​ന്‍റെ അ​ടി​മ​ജീ​വി​ത​ത്തെ​യും അ​തി​ല്‍നി​ന്നു​ള്ള വി​മോ​ച​ന​ത്തെ​യും ഈ ​പാ​ട്ടു​ക​ള്‍ ആ​വി​ഷ്ക​രി​ക്കു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ന​വോ​ത്ഥാ​ന സാ​ഹി​ത്യ​ത്തി​ല്‍ പൊ​യ്ക​യി​ല്‍ പാ​ട്ടു​ക​ള്‍ക്ക് സ​വി​ശേ​ഷ​മാ​യ ഒ​രി​ട​മു​ണ്ട്.

കേ​ര​ള​ ന​വോ​ത്ഥാ​ന​ത്തി​ന്‍റെ മു​ന്ന​ണി​പ്പോ​രാ​ളി​യാ​ണ് സ​ഹോ​ദ​ര​ന്‍ അ​യ്യ​പ്പ​ന്‍. അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​ഹി​ത്യ​സം​ഭാ​വ​ന​ക​ളെ വേ​ണ്ട​ത്ര പ​രി​ഗ​ണി​ച്ചു കാ​ണു​ന്നി​ല്ല. സ​ഹോ​ദ​ര​ന്‍ സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സാ​ഹി​ത്യ​ര​ച​ന​യെ സ​മീ​പി​ച്ച​ത്. അ​തു​കൊ​ണ്ടു​ത​ന്നെ സ​ഹോ​ദ​ര​ന്‍റെ എ​ഴു​ത്തു​ക​ളി​ല്‍ യു​ക്തി​ബോ​ധ​വും ന​വോ​ത്ഥാ​ന ആ​ശ​യ​ങ്ങ​ളും ശ​ക്തി​യായി കാ​ണാ​ന്‍ ക​ഴി​യും. അ​ദ്ദേ​ഹ​ത്തി​ന്‍റെ ‘സ​യ​ന്‍സ്ദ​ശ​കം’ എ​ന്ന ക​വി​ത ന​വോ​ത്ഥാ​ന സാ​ഹി​ത്യ​ത്തി​ല്‍ പ്ര​ധാ​ന​മാ​ണ്. ശാ​സ്ത്ര​മാ​ണ് ലോ​ക​ത്തെ മു​ന്നോ​ട്ടു ന​യി​ക്കു​ന്ന​തെ​ന്നും മ​നു​ഷ്യ​രാ​ശി​യു​ടെ പു​രോ​ഗ​തി​യെ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തെ​ന്നും ഈ ​ക​വി​ത​യി​ലൂ​ടെ സ​ഹോ​ദ​ര​ന്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ക​വി​ത​യെ സാ​മൂ​ഹി​ക​ മാ​റ്റ​ത്തി​നു​വേ​ണ്ടി ക​രു​തി​വെ​ച്ച ക​വി​ക​ളി​ല്‍ പ്ര​മു​ഖ​നാ​ണ് സ​ര​സ​ക​വി മു​ലൂ​ര്‍ എ​സ്. പ​ത്മ​നാ​ഭ​പ്പ​ണി​ക്ക​ര്‍ (1869-1931). കേ​ര​ള ന​വോ​ത്ഥാ​ന​ത്തോ​ടൊ​പ്പ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​വ്യ​ജീ​വി​ത​ത്തെ ക​ണ്ടെ​ത്താ​നാ​കു​ന്ന​ത്. മു​ലൂ​ര്‍ ത​ന്‍റെ പ്ര​ശ​സ്ത കൃ​തി​യാ​യ ‘ക​വി​രാ​മാ​യ​ണം’ ര​ചി​ച്ച​തി​നു പി​ന്നി​ല്‍ ഒ​രു ച​രി​ത്ര​മു​ണ്ട്. അ​ത് മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ലെ ജാ​തി​മേ​ധാ​വി​ത്വ​ത്തെ​യും സ​വ​ര്‍ണാ​ധി​പ​ത്യ​ത്തെ​യും തു​റ​ന്നുകാ​ട്ടു​ന്നു. ദ​ലി​ത് എ​ഴു​ത്ത് വി​ശാ​ലാ​ർഥ​ത്തി​ല്‍ പ​രി​ഗ​ണി​ക്ക​പ്പെ​ടേ​ണ്ട​താ​ണ് എ​ന്ന​ത് നേ​ര​ത്തേ സൂ​ചി​പ്പി​ച്ചി​രു​ന്ന​ല്ലോ. കേ​ര​ള​ത്തി​ല്‍ ദ​ലി​ത് ക​വി​ക​ളു​ടെ നീ​ണ്ടനി​ര ത​ന്നെ കാ​ണാ​ന്‍ സാ​ധി​ക്കു​ന്നു.

മ​ല​യാ​ള​ത്തി​ലെ ല​ക്ഷ​ണ​മൊ​ത്ത ആ​ദ്യ നോ​വ​ലെ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ‘ഇ​ന്ദു​ലേ​ഖ​’ക്ക് മു​മ്പേ നി​ര​വ​ധി നോ​വ​ലു​ക​ള്‍ എ​ഴു​ത​പ്പെ​ട്ടി​ട്ടു​ണ്ട്. കീ​ഴാ​ള സ​മൂ​ഹ​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സ​വും മ​ത​പ​രി​വ​ര്‍ത്ത​ന​വും അ​തി​ന്‍റെ ആ​ധാ​ര​ശി​ല​യാ​യി​രു​ന്നു. അ​ക്കാ​ല​ത്തെ സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ രം​ഗ​ങ്ങ​ളി​ലെ പ്ര​ധാ​ന പ്ര​വ​ണ​ത​ക​ളും സം​ഭ​വ​ങ്ങ​ളും നോ​വ​ലു​ക​ളു​ടെ പ്ര​മേ​യ​മാ​യി. ജാ​തി​വി​രു​ദ്ധ​ത​യു​ടെ സാ​ഹി​ത്യ വ്യ​വ​ഹാ​രം നോ​വ​ലി​ലാ​ണ് കൂ​ടു​ത​ല്‍ കാ​ണാ​ന്‍ ക​ഴി​യു​ന്ന​ത്.

മ​ല​യാ​ള​ത്തി​ലെ ആ​ദ്യ നോ​വ​ലു​ക​ളാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന ‘ഘാ​ത​ക​വ​ധം’ (1878), ‘പു​ല്ലേ​ലി​കു​ഞ്ചു’ (1882), ‘പ​രി​ഷ്കാ​ര​വി​ജ​യം’ (1906), ‘സു​കു​മാ​രി’ (1897), ‘സ​ര​സ്വ​തീ​വി​ജ​യം’ (1892) തു​ട​ങ്ങി​യ​വ​യെ​ല്ലാം കീ​ഴാ​ള ജീ​വി​ത​ത്തെ മ​ത പ​രി​വ​ര്‍ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി എ​ഴു​തി​യ​താ​ണ്. മി​ഷ​ന​റി​മാ​രാ​ലും മ​ത​പ​രി​വ​ര്‍ത്ത​ക​രാ​ലു​മാ​ണ് ഇ​തൊ​ക്കെ എ​ഴു​ത​പ്പെ​ട്ട​ത്. കൊ​ളോ​ണി​യ​ല്‍ ആ​ധു​നി​ക​ത ത​ന്നെ​യാ​ണ് അ​തി​ന് കാ​ര​ണ​മാ​യ​ത്.

മ​ല​യാ​ള നോ​വ​ലി​ല്‍ വ​ലി​യ വിച്ഛേദ​ന​മാ​ണ് ‘ഇ​ന്ദു​ലേ​ഖ’ സൃ​ഷ്ടി​ക്കു​ന്ന​തെ​ങ്കി​ലും നാ​യ​ര്‍ ത​റ​വാ​ട് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സാ​ഹി​ത്യ നി​ർമിതി​ക്ക് അ​ത് തു​ട​ക്കം​കു​റി​ച്ചു എ​ന്നു പ​റ​യാ​വു​ന്ന​താ​ണ്. 19ാം നൂ​റ്റാ​ണ്ടി​നുശേ​ഷം ദ​ലി​ത് അ​നു​ഭ​വ​ങ്ങ​ള്‍ ആ​വി​ഷ്ക​രി​ക്കു​ന്ന നി​ര​വ​ധി നോ​വ​ലു​ക​ള്‍ ഉ​ണ്ടാ​കു​ന്നു​ണ്ട്. ‘പു​ല​യ​ത്ത​റ’ (​പോ​ള്‍ ചി​റ​ക്ക​രോ​ട്), ‘മു​ക്ക​ണി’ (​രാ​ജ​ന്‍), ‘ചാ​വൊ​ലി’ (​പി.​എ.​ ഉ​ത്ത​മ​ന്‍), ‘ചാ​വു​തു​ള്ള​ല്‍’ (​രാ​ജു കെ.​ വാ​സു), ‘ചോ​ര​പ്പ​രി​ശം’ (​രാ​ഘ​വ​ന്‍ അ​ത്തോ​ളി), ‘എ​രി’ (​പ്ര​ദീ​പ​ന്‍ പാ​മ്പ​ിരി​കു​ന്ന്) എ​ന്നി​വ പ്ര​ധാ​ന നോ​വ​ലു​ക​ളാ​ണ്.

‘പു​ല​യ​ത്ത​റ’ (1962) എ​ന്ന നോ​വ​ലി​ലാ​ണ് ആ​ദ്യ​മാ​യി ദ​ലി​ത് ക്രി​സ്ത്യ​ന്‍ വി​ഷ​യ​ത്തെ മൂ​ര്‍ത്ത​മാ​യി ആ​വി​ഷ്ക​രി​ക്കു​ന്ന​തെ​ന്ന് പ​റ​യാം. കു​ട്ട​നാ​ട്ടി​ലെ ദ​ലി​ത് സ​മൂ​ഹ​ത്തി​ന്‍റെ ക്രി​സ്തു​മ​ത പ്ര​വേ​ശ​ന​വും, അ​ത് ആ ​ജ​ന​ത​യി​ലും സ​മൂ​ഹ​ത്തി​ലും ഉ​ണ്ടാ​ക്കി​യ ആ​ന്ത​രി​ക​വും ബാ​ഹ്യ​വു​മാ​യ സം​ഘ​ര്‍ഷ​ങ്ങ​ളുമാ​ണ് നോ​വ​ല്‍ പ​റ​യാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്.

നാ​ട​ക​ത്തി​ലും ഈ ​കീ​ഴാ​ള ജീ​വി​ത​ങ്ങ​ള്‍ അ​ട​യാ​ള​പ്പെ​ടു​ന്ന​ത് കാ​ണാം. പ​ണ്ഡി​റ്റ് ക​റു​പ്പ​ന്‍റെ ‘ബാ​ലാ​ക​ലേ​ശം’ (1913) അ​ത്ത​ര​ത്തി​ലെ​ഴു​ത​പ്പെ​ട്ട ആ​ദ്യ കൃ​തി​യാ​ണ്. ജ​ന്മി​ത്ത​വും ദാ​രി​ദ്ര്യവു​മാ​യി​രു​ന്നു അ​തി​ന്‍റെ പ്ര​മേ​യം. സ​വ​ര്‍ണ നി​രൂ​പ​ക​ര്‍ ഇ​തി​നെ മീ​ന്‍മ​ണം എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ച്ച​ത്. ഇ​തേ ആ​രോ​പ​ണ​ങ്ങ​ള്‍ത​ന്നെ​യാ​ണ് അ​ടു​ത്തകാ​ല​ത്ത് ദ​ലി​ത് സാ​ഹി​ത്യ​ത്തെ സം​ബ​ന്ധി​ച്ച് ഉ​യ​ര്‍ന്ന സം​വാ​ദ​ത്തി​ലും കാ​ണാ​നാ​യ​ത്. ഇ​ട​ശ്ശേ​രി​യു​ടെ ‘കൂ​ട്ടു​കൃ​ഷി’, കെ.​ ദാ​മോ​ദ​ര​ന്‍റെ ‘പാ​ട്ട​ബാ​ക്കി’ തു​ട​ങ്ങി പോ​സ്റ്റ് മോ​ഡേ​ണ്‍ നാ​ട​ക​ങ്ങ​ള്‍ വ​രെ ദ​ലി​ത് വി​ഷ​യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്നു​ണ്ട്. സാം​കു​ട്ടി പ​ട്ടം​ക​രി​യെ​പ്പോ​ലു​ള്ള​വ​ര്‍ പു​തി​യ കാ​ല​ത്തി​ന്‍റെ ആ​ഖ്യാ​ന​ങ്ങ​ളെ സ്വീ​ക​രി​ച്ച് ന​വീ​ന മാ​തൃ​ക സൃ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന നാ​ട​ക​കൃ​ത്തു​ക്ക​ളാ​ണ്.

 

അശോകൻ ചരുവിൽ പുകസയുടെ യോഗത്തിൽ

അശോകൻ ചരുവിൽ പുകസയുടെ യോഗത്തിൽ

1935ല്‍ ​പു​റ​ത്തു​വ​ന്ന എം.​ നാ​രാ​യ​ണ​ക്കു​റു​പ്പി​ന്‍റെ ‘നീ​ലി’​യാ​ണ് ആ​ദ്യ ദ​ലി​ത് പ​ശ്ചാ​ത്ത​ലം വ​രു​ന്ന ക​ഥ. ടി.കെ.സി ​വ​ടു​ത​ല, സി.​ അ​യ്യ​പ്പ​ന്‍ എ​ന്നി​വ​ര്‍ മ​ല​യാ​ള ചെ​റു​ക​ഥ​യി​ല്‍ ദ​ലി​ത് ഭാ​വു​ക​ത്വ​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തി​യ​വ​രാ​ണ്. പു​രോ​ഗ​മ​ന സാ​ഹി​ത്യം ഇ​വ​രു​ടെ ക​ഥ​ക​ളെ സ്വീ​ക​രി​ച്ചി​ട്ടു​പോ​ലു​മി​ല്ല. ദ​ലി​ത് ആ​ത്മ​ക​ഥ​ക​ള്‍ പു​റ​ത്തുവ​ന്ന​തോ​ടെ​യാ​ണ് ദ​ലി​ത് ജീ​വി​ത​ത്തി​ന്‍റെ വ്യ​ത്യ​സ്ത അ​നു​ഭ​വ​ങ്ങ​ള്‍ പൊ​തു​ബോ​ധം അ​റി​ഞ്ഞു​തു​ട​ങ്ങി​യ​ത്. പൊ​ക്കു​ട​ന്‍റെ ‘ക​ണ്ട​ല്‍ക്കാ​ടു​ക​ള്‍ക്കി​ട​യി​ല്‍ എ​ന്‍റെ ജീ​വി​തം’, സി.​കെ.​ ജാ​നു​വി​ന്‍റെ ‘ആ​ത്മ​ക​ഥ​ക​ള്‍’, ‘മ​റി​യാ​മ്മ​ച്ചേ​ട്ട​ത്തി​യു​ടെ ക​ഥ’ തു​ട​ങ്ങി നി​ര​വ​ധി ആ​ത്മ​ക​ഥ​ക​ള്‍ അ​ടു​ത്ത​കാ​ല​ത്തു​ണ്ടാ​കു​ന്നു​ണ്ട്.

സ്ത്രീ​യെ​ഴു​ത്ത് ന​വീ​ന​മാ​യൊ​രു സൗ​ന്ദ​ര്യ​ബോ​ധ​ത്തെ മ​ല​യാ​ള​ത്തി​ല്‍ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നാ​ളി​തു​വ​രെ ആ​ണി​നാ​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ സ്ത്രീ​യ​നു​ഭ​വ​ങ്ങ​ളെ ക​ര്‍തൃ​ത്വ​പ​ര​മാ​യി എ​ഴു​ത​പ്പെ​ട്ടു തു​ട​ങ്ങി​യ​ത് ര​ണ്ടാ​യി​ര​ത്തി​നുശേ​ഷ​മാ​ണ്. ജെ​ൻഡ​റി​നെ സം​ബ​ന്ധി​ച്ച കാ​ഴ്ച​പ്പാ​ടു​ക​ള്‍ അ​ട്ടി​മ​റി​ക്ക​പ്പെ​ടാ​ന്‍ അ​ത് കാ​ര​ണ​മാ​കു​ന്നു​ണ്ട്. സ്ത്രീ ​എ​ഴു​ത്തി​ന്‍റെ രാ​ഷ്ട്രീ​യ​ത്തെ സൂ​ക്ഷ്മാ​ർഥ​ത്തി​ല്‍ മ​ന​സ്സി​ലാ​ക്കാ​നും വി​ല​യി​രു​ത്താ​നും പു​രോ​ഗ​മ​ന സാ​ഹി​ത്യ പ്ര​സ്ഥാ​ന​ത്തി​ന് സാ​ധി​ക്കു​ന്നി​ല്ല. ആ​ണ്‍ അ​ധി​കാ​ര​ത്താ​ല്‍ നി​ർമി​ത​മാ​യ ആ​ശ​യ​ലോ​ക​മാ​ണ് അ​തി​നെ ത​ട​യു​ന്ന​ത്. സ്ത്രീ ​എ​ഴു​ത്തി​ന്‍റെ വി​മോ​ച​നാ​ത്മ​ക​ത​യെ മാ​ര്‍ക്സി​സ്റ്റ് പ​രി​പ്രേ​ക്ഷ്യ​ത്തി​ല്‍ സം​വാ​ദ​മ​ണ്ഡ​ല​ത്തി​ല്‍ കൊ​ണ്ടു​വ​രാ​ന്‍ ത​ട​സ്സമാ​കു​ന്ന​ത് വ​രേ​ണ്യ ആ​ണ്‍കോ​യ്മ​യാ​ണ്. അ​തി​നെ മ​റി​ക​ട​ക്കു​ന്ന ത​ര​ത്തി​ല്‍ ആ​ശ​യസം​വാ​ദം സം​ഘ​ട​ന​യി​ല്‍ രൂ​പ​പ്പെ​ടേ​ണ്ട​തു​ണ്ട്. ഇ​തേ സ​മീ​പ​ന​മാ​ണ് എ​ല്‍.​ജി.​ബി.​ടി ക്വി​യര്‍ സ​മൂ​ഹ​ത്തോ​ടു​മു​ള്ള​ത്. ആ​ണ്‍, പെ​ണ്‍ ലിം​ഗ കാ​ഴ്ച​പ്പാ​ടി​ന​പ്പു​റം ഒ​രു വ്യ​ക്തി​ക്ക് ത​ന്‍റെ ക​ര്‍തൃ​ത്വ​ത്തെ നി​ര്‍ണ​യി​ക്കാം എ​ന്ന ആ​ശ​യ​ത്തി​നെ ഉ​റ​പ്പി​ക്കു​ന്ന എ​ഴു​ത്തു​ക​ള്‍ സ​ജീ​വ​മാ​കു​ന്നു​ണ്ട്. ഇ​ത്ത​രം മാ​റ്റ​ങ്ങ​ളെ​യും ഉ​ള്‍ക്കൊ​ള്ളു​ന്ന വി​ധ​ത്തി​ല്‍ പു​രോ​ഗ​മ​ന സം​ഘ​ങ്ങ​ള്‍ ത​ങ്ങ​ളു​ടെ കാ​ഴ്ച​പ്പാ​ടു​ക​ളെ അ​ഴി​ച്ചുപ​ണി​യേ​ണ്ട​തു​ണ്ട്.

മ​ല​യാ​ള​ത്തി​ല്‍ ഗോ​ത്ര എ​ഴു​ത്തുഭാ​ഷ​യി​ലും ഭാ​വു​ക​ത്വ​ത്തി​ലും വി​േച്ഛ​ദ​നം സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. പ​രി​സ്ഥി​തി കാ​ഴ്ച​പ്പാ​ടു​ക​ളെ ആ​ദി​വാ​സി ജീ​വി​ത​വു​മാ​യി ചേ​ര്‍ത്തു​നി​ര്‍ത്തി മാ​ത്ര​മേ ഇ​ന്ന് വി​ശ​ക​ല​നം ചെ​യ്യാ​നാ​കൂ. കേ​വ​ല പ​രി​സ്ഥി​തിവാ​ദം സാ​ഹി​ത്യ​ത്തി​ല്‍നി​ന്നും അ​പ്ര​ത്യ​ക്ഷ​മാ​വു​ക​യും പാ​രി​സ്ഥി​തി​ക ബോ​ധ​ത്തി​ല്‍ത​ന്നെ തി​രുത്ത​ലു​ക​ള്‍ സം​ഭ​വി​ക്കു​ക​യു​മാ​ണ്.

കെ.​ജെ.​ ബേ​ബി ആ​ദി​വാ​സി ജീ​വി​ത​ത്തെ ആ​വി​ഷ്ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും നാ​രാ​യ​​െന്‍റ ‘കൊ​ച്ച​രേ​ത്തി​’യും പു​ഷ്പ​മ്മ​യു​ടെ ‘കൊ​ളു​ക്ക​നു​’മൊ​ക്കെ ആ​ദി​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ക​ര്‍തൃ​ത്വ​ത്തെ പു​തു​ക്കി​പ്പ​ണി​യു​ക​യാ​യി​രു​ന്നു. ഇ​ന്ന് ഗോ​ത്ര എ​ഴു​ത്തി​ല്‍ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി നി​ല്‍ക്കു​ന്ന​ത് ക​വി​ത​ക​ളാ​ണ്. അ​ധ്വാ​നം, കാ​ട് എ​ന്ന അ​നു​ഭ​വ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഗോ​ത്ര​ക​വി​ത​യു​ടെ ആ​ഴം. അ​ധ്വാ​ന​ത്തി​ലൂ​ടെ പ​രി​വ​ര്‍ത്ത​ന​പ്പെ​ടു​ന്ന സ​മൂ​ഹ​ത്തി​ന്‍റെ ആ​വി​ഷ്കാ​ര​മാ​ണ​ത്. വ്യാ​ജ നി​ർമിത ഭാ​ഷ​യു​ടെ പൊ​ള്ള​ത്ത​ര​മാ​ണ് ഗോ​ത്ര എ​ഴു​ത്ത് തു​റ​ന്നു​വെ​ക്കുന്ന​ത്.

‘ത​നി​മ’ എ​ന്ന​ത് സ​വ​ര്‍ണ കേ​ന്ദ്രി​ത യു​ക്തി​ക​ളാ​ല്‍ നി​ർമി​ക്ക​പ്പെ​ട്ട പാ​ര​മ്പ​ര്യ ബോ​ധ്യ​ത്തെ റ​ദ്ദു ചെ​യ്യു​ന്ന​താ​ണ് ഗോ​ത്ര​ത്ത​നി​മ. അ​ധ്വാ​ന​ത്തി​ലൂ​ടെ രൂ​പ​പ്പെ​ടു​ന്ന​താ​ണ് ഗോ​ത്ര എ​ഴു​ത്തി​ലെ സൗ​ന്ദ​ര്യ​ശാ​സ്ത്ര​പ​ര​മാ​യ കാ​ഴ്ച​പ്പാ​ടു​ക​ള്‍. വി​ശ്വാ​സ​ങ്ങ​ള്‍, പാ​ര​മ്പ​ര്യ ന​ട​ത്ത​ങ്ങ​ള്‍, മി​ത്തു​ക​ള്‍, പു​രാ​വൃ​ത്ത​ങ്ങ​ള്‍ തു​ട​ങ്ങി വ്യ​ത്യ​സ്ത​മാ​യ ത​ല​ങ്ങ​ളി​ലൂ​ടെ​യാ​ണ് ആ​ദി​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ജീ​വി​തം ക​ട​ന്നുപോ​കു​ന്ന​ത്. ആ​ഖ്യാ​ന​ത്തി​ല്‍ മാ​ത്ര​മ​ല്ല, ശൈ​ലി​യി​ലും ഭാ​ഷ​യു​ടെ സൂ​ക്ഷ്മ​ത​യി​ലു​മെ​ല്ലാം ഗോ​ത്ര​ക​വി​ത അ​തി​ന്‍റേ​താ​യ സം​ഭാ​വ​ന ന​ല്‍കു​ന്നു​ണ്ട്.

ഇ​തു​വ​രെ ക​വി​ത​യി​ല്‍ അ​ട​യാ​ള​പ്പെ​ടാ​തെ പോ​യ വാ​ക്കു​ക​ളും മ​നു​ഷ്യ​രും ജീ​വ​ജാ​ല​ങ്ങ​ളും ഗോ​ത്ര​ക​വി​ത​യി​ല്‍ ഇ​ടം ക​ണ്ടെ​ത്തി. പാ​രി​സ്ഥി​തി​ക​മാ​യ ഉ​ത്ക​ണ്ഠ​ക​ളെ​യും ഗോ​ത്ര മ​നു​ഷ്യ​രു​ടെ സ​ങ്ക​ട​ങ്ങ​ളെ​യും സം​ഘ​ര്‍ഷ​ങ്ങ​ളെ​യും ഗോ​ത്ര​ക​വി​ത ആ​വി​ഷ്ക​രി​ച്ചു. ഇ​ത്ത​ര​ത്തി​ല്‍ ബ​ഹു​സ്വ​ര​ത​യു​ടെ ജ​നാ​ധി​പ​ത്യ സ്വ​ര​ങ്ങ​ളോ​ടൊ​പ്പം യാ​ത്രചെ​യ്യാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ല്‍ പു​രോ​ഗ​മ​ന ക​ലാ​ സാ​ഹി​ത്യ സം​ഘം ഫ്യൂ​ഡ​ല്‍ ഗൃ​ഹാ​തു​ര​ത​യെ പേ​റു​ന്ന വൃ​ദ്ധ​ന്മാ​രു​ടെ സം​ഘ​ട​ന​യാ​യി മാ​റും.

=======

സ​ഹാ​യ​ക ഗ്ര​ന്ഥ​ങ്ങ​ള്‍:

  • ദ​ലി​ത് പ​ഠ​നം: സ്വ​ത്വം സം​സ്കാ​രം സാ​ഹി​ത്യം ഡോ.​ പ്ര​ദീ​പ​ന്‍ പാ​മ്പ​ിരി​കു​ന്ന്, കേ​ര​ള ഭാ​ഷാ ഇ​ന്‍സ്റ്റ​ിറ്റ്യൂ​ട്ട് തി​രു​വ​ന​ന്ത​പു​രം.
  • ദ​ലി​ത് സൗ​ന്ദ​ര്യ​ശാ​സ്ത്രം, ഡോ.​ പ്ര​ദീ​പ​ന്‍ പാ​മ്പ​ിരി​കു​ന്ന്, ഡി.സി ബു​ക്സ് കോ​ട്ട​യം.
  • കാ​ത​ല്‍, മ​ല​യാ​ള​ത്തി​ലെ ദ​ലി​ത് ക​വി​ത​ക​ള്‍, ഡോ.​ ഒ.​കെ.​ സ​ന്തോ​ഷ് (എ​ഡി.) ഡി.​സി ബു​ക്സ് കോ​ട്ട​യം.
  • ഞാ​റു​ക​ള്‍, മ​ല​യാ​ള​ത്തി​ലെ ദ​ലി​ത് ക​ഥ​ക​ള്‍, എം.​ആ​ര്‍. രേ​ണു​കു​മാ​ര്‍ (എ​ഡി.)​ എ​സ്.​പി.​സി.​എ​സ് കോ​ട്ട​യം.
  • വാ​യ​ന​യു​ടെ ദ​ലി​ത് പാ​ഠം, കെ.​കെ. കൊ​ച്ച്, പൂ​ര്‍ണ കോ​ഴി​ക്കോ​ട്.
  • ഇ​രു​ട്ടി​ലെ ക​ണ്ണാ​ടി, കെ.കെ. ബാ​ബു​രാ​ജ്, ഡി.​സി ബു​ക്സ് കോ​ട്ട​യം.
  • ബ​ലി​യാ​ടു​ക​ളു​ടെ വം​ശാ​വ​ലി, ടി.എം. യേ​ശു​ദാ​സ​ന്‍, പ്ര​ഭാ​ത് ബു​ക്ഹൗ​സ് തിരു​വ​ന​ന്ത​പു​രം.
  • ദ​ലി​ത് സാ​ഹി​ത്യം, ക​വി​യൂ​ര്‍ മു​ര​ളി, ക​റ​ന്‍റ് ബു​ക്സ് കോ​ട്ട​യം.
  • തി​ര​സ്കൃ​ത​രു​ടെ ര​ച​നാ​ഭൂ​പ​ടം, ഒ.​കെ.​ സ​ന്തോ​ഷ്, പാ​പ്പാ​ത്തി പു​സ്ത​ക​ങ്ങ​ള്‍ തി​രു​വ​ന​ന്ത​പു​രം.
  • മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ലെ കീ​ഴാ​ള പ​രി​പ്രേ​ക്ഷ്യം, ടി.​കെ.​ അ​നി​ല്‍കു​മാ​ര്‍, കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി തൃ​ശൂ​ര്‍.
  • അ​ദൃ​ശ്യ​ത​യു​ടെ ആ​ഖ്യാ​ന​ങ്ങ​ള്‍, രാ​ജേ​ഷ് ചി​റ​പ്പാ​ട്, ഗ്രീ​ന്‍ഗ്രാ​സ് തി​രു​വ​ന​ന്ത​പു​രം.
  • ദ​ലി​ത​പാ​ത​ക​ള്‍, ബോ​ബി തോ​മ​സ് (എ​ഡി.) സൈ​ന്‍ ബു​ക്സ് തി​രു​വ​ന​ന്ത​പു​രം.
  • ദ​ലി​ത് വൈ​ജ്ഞാ​നി​ക​ത, കെ.​വി.​ ശ​ശി (​എ​ഡി.), മ​ല​യാ​ളം സ​ര്‍വ​ക​ലാ​ശാ​ല, തി​രൂ​ര്‍.
  • ദ​ലി​ത് ഭാ​ഷ, ക​വി​യൂ​ര്‍ മു​ര​ളി, ഡി.​സി ബു​ക്സ് കോ​ട്ട​യം.
  • ദ​ലി​ത് ഭാ​ഷാ നി​ഘ​ണ്ടു, ക​വി​യൂ​ര്‍ മു​ര​ളി, ഡി.സി ബു​ക്സ് കോ​ട്ട​യം.
  • ഗോ​ത്ര​ക​വി​ത, സു​കു​മാ​ര​ന്‍ ചാ​ലി​ഗ​ദ്ധ, സു​രേ​ഷ് എം. ​മാ​വി​ല​ന്‍ (​ഏ​കോ​പ​നം) ഡി.​സി ബു​ക്സ് കോ​ട്ട​യം.

 

News Summary - weekly articles