ശൂന്യതയിൽനിന്നുയരുന്ന മോഹപ്പക്ഷികൾ
തമിഴ്നാട്ടിലെ പ്രതിപക്ഷം കടുത്ത വെല്ലുവിളികൾ നേരിടുകയാണ്. തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പ്രതിപക്ഷത്തെ പുതിയ പാഠങ്ങൾ പഠിപ്പിച്ചിരിക്കുന്നു. വി.കെ. ശശികല പുതിയ നീക്കങ്ങൾ നടത്തുകയാണിപ്പോൾ. അത് വിജയിക്കുമോ? എന്താണ് ശശികലയുടെയും മുന്നണിയുടെയും സാധ്യതകൾ? -ചെന്നൈയിൽ ദീർഘകാലമായി കഴിയുന്ന മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകന്റെ വിശകലനവും നിരീക്ഷണവും.
തമിഴകത്തെ പ്രതിപക്ഷം ഇന്നൊരു ദശാസന്ധിയിലാണ്. മുത്തുവേൽ കരുണാനിധി സ്റ്റാലിൻ ഭരണത്തിലേറിയതോടെ തകർന്നു തരിപ്പണമായത് ഇവിടത്തെ പ്രതിപക്ഷ കക്ഷികളാണ്. ശിഥിലമായിപ്പോയ പ്രതിപക്ഷ പാർട്ടികൾ, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലാണ് തങ്ങളുടെ ഗതികേട് നേരിട്ടറിഞ്ഞത്. 39 സീറ്റുകളിൽ ഒന്നുപോലും പിടിച്ചെടുക്കാൻ അവർക്കായില്ല എന്നുമാത്രമല്ല കെട്ടിെവച്ച പണംപോലും പലർക്കും നഷ്ടപ്പെടുകയും ചെയ്തു.
എന്നാൽ, വരുന്ന 2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) സർക്കാറിനെ തറപറ്റിക്കാനും ഭരണം കൈവെള്ളയിൽ ഒതുക്കാനും പുതിയ പദ്ധതികളുമായി സാക്ഷാൽ വി.കെ. ശശികല രംഗത്തുവന്നിരിക്കുകയാണ്. കഴിഞ്ഞദിവസം പ്രതിപക്ഷത്തെ ഒരു കൊടിക്കീഴിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുന്നു. തെങ്കാശിക്ക് സമീപമുള്ള കുറ്റാലത്തുവെച്ച് തന്റെ രാഷ്ട്രീയയാത്ര ആരംഭിച്ച ശശികല എം.ജി.ആർ സ്റ്റൈലിൽ പ്രഖ്യാപിച്ചു: “നാളൈ നമതേ” (നാളെ നമ്മുടേതാണ്).
ജയലളിതയുടെ മരണശേഷം പാർട്ടി പിടിച്ചെടുക്കാനും മുഖ്യമന്ത്രിക്കസേരയിൽ ഉപവിഷ്ടയാകാനും തന്ത്രങ്ങൾ നെയ്ത ശശികലക്ക് നിലവിൽ പറയാവുന്ന പാർട്ടിയൊന്നുമില്ല എന്നതാണ് യാഥാർഥ്യം. അത്തരത്തിലുള്ള ഒരാൾക്ക് പ്രതിപക്ഷത്തെ ഒരു കുടക്കീഴിൽ എങ്ങനെ കൊണ്ടുവരാനാകും എന്നാണ് എ.ഐ.എ.ഡി.എം.കെ നേതാക്കൾ ആശ്ചര്യപ്പെടുന്നത്. ‘അമ്മാവിൻ വഴിയിൽ മക്കൾ പയനം’ എന്ന പേരിൽ തുടങ്ങിയിരിക്കുന്ന ഈ രാഷ്ട്രീയയാത്ര അവസാനിക്കുമ്പോൾ സ്റ്റാലിൻ വിരുദ്ധരായ പ്രതിപക്ഷ കക്ഷികൾ തന്റെ വരുതിയിൽ വരുമെന്നുതന്നെയാണ് ചിന്നമ്മ എന്ന ശശികല വിശ്വസിക്കുന്നത്.
എന്നാൽ, തങ്ങളുടെ പാർട്ടിയുടെ പേരും കൊടിയും രണ്ടില ചിഹ്നവും ബാനറുകളുമൊക്കെ അനധികൃതമായി ഉപയോഗിച്ചാണ് ശശികല പയനം ആരംഭിച്ചിരിക്കുന്നതെന്ന പരാതിയുമായി എ.ഐ.എ.ഡി.എം.കെ ഔദ്യോഗിക പക്ഷം കോടതിയെ സമീപിച്ചിരിക്കുകയാണ്. എന്നാൽ, അതിലൊന്നും കുലുക്കമില്ലാതെ ചിന്നമ്മ പ്രതിപക്ഷ ഐക്യം എന്ന ലക്ഷ്യവുമായി തമിഴ്നാട്ടിലൂടെ സഞ്ചരിക്കുകയാണ്.
ജയലളിതയുടെ ഭരണം അഴിമതിയുടെ മഹാഗർത്തങ്ങളിലേക്ക് കൊണ്ടുപോയതിന്റെ പൂർണ ഉത്തരവാദിത്തം ശശികലയുടേതായിരുന്നു. തമിഴകത്തിന്റെ ചരിത്രത്തിൽ ഇത്രമാത്രം വ്യക്തിഗത അഴിമതി നടന്നിട്ടുള്ള ഒരുകാലം ഉണ്ടായിട്ടില്ല എന്ന് സാമ്പത്തിക നിരീക്ഷകർ വിലയിരുത്തുന്നു. അധികാരം കൊയ്യണം നാമാദ്യം എന്ന ചിന്താഗതിയോടെ ചങ്ങലവലിച്ച മന്നാർഗുഡി മാഫിയയുടെ ചുക്കാൻപിടിച്ച ശശികലയുടെ കുതന്ത്രങ്ങൾ വ്യക്തമായത് പുരട്ച്ചിത്തലൈവി ജയലളിത അഴിമതിയുടെ പേരിൽ ശിക്ഷിക്കപ്പെട്ടതോടെയാണ്. തലൈവിയെക്കൊണ്ട് കോടികൾ വാരിക്കൂട്ടാൻ പ്രേരിപ്പിച്ചതും ശശികലയും മാഫിയ സംഘവുമായിരുന്നു.
ഉരുക്കു വനിതയെന്ന് തമിഴ് മക്കള്‍ വിശേഷിപ്പിച്ച പുരട്ച്ചിത്തലൈവി (വിപ്ലവനായിക) കുമാരി ജെ. ജയലളിതയുടെ ഉയര്‍ച്ചയിലും തകര്‍ച്ചയിലും നിന്ന ഉറ്റതോഴിയായിരുന്നു വിവേകാനന്ദന് കൃഷ്ണവേണി ശശികല എന്ന വി.കെ. ശശികല. 1987ല്‍ മുഖ്യമന്ത്രി എം.ജി. രാമചന്ദ്രന് അന്തരിച്ചതിനു ശേഷം ജയലളിതയുടെ ഏക ആശ്രയം മന്നാർഗുഡിയില്‍നിന്ന് യാദൃച്ഛികമായി പോയസ് ഗാര്‍ഡനിലേക്ക് കയറിവന്ന ശശികലയായിരുന്നു. ശശികലയില്ലാതെ ഒരു നിമിഷംപോലും മുന്നോട്ടുപോകാനാവില്ലെന്ന അവസ്ഥയിലായി ജയാമ്മ. വേദനിലയത്തിലെ അധികാരത്തിന്റെ അച്ചുതണ്ടായി മാറാന്‍ അധികസമയമൊന്നും വേണ്ടിവന്നില്ല ചിന്നമ്മക്ക്.
തഞ്ചാവൂരിന് 34 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഉറക്കംതൂങ്ങി പ്രദേശമാണ് മന്നാർഗുഡി. 28 കിലോമീറ്റര്‍ അകലെയുള്ള തിരുത്തുറൈപൂണ്ടിയില്‍ ജനിച്ച ശശികല മന്നാര്‍ഗുഡിയില്‍ എത്തിയത് മുത്തച്ഛനോടൊപ്പമാണ്. മുത്തച്ഛന് അവിടെ ഒരു മെഡിക്കല്‍ ഷോപ് നടത്തിയിരുന്നു. വിവേകാനന്ദന്റെ അഞ്ചു മക്കളില്‍ ഇളയവളായിരുന്ന ശശികല ആ പ്രദേശത്തെ ചന്തമുള്ള കുട്ടിയായി വളര്‍ന്നു. എണ്‍പതുകളിലാണ് ഡി.എം.കെ യൂത്ത് വിങ് നേതാവായ നടരാജന്റെ രംഗപ്രവേശം. പാര്‍ട്ടിയുടെ സഹായത്തോടെ താല്‍ക്കാലികമായി സര്‍ക്കാര്‍ ജോലി സംഘടിപ്പിച്ച നടരാജന് കുടുംബത്തില്‍ എതിര്‍പ്പുകള്‍ ഉണ്ടായിട്ടും ശശികലയെ വിവാഹം കഴിച്ചു. അടിയന്തരാവസ്ഥ കാലത്ത് അയാളുടെ പണി തെറിച്ചു.
ജീവിതം പരീക്ഷണമായിത്തീര്‍ന്നപ്പോള്‍ ഇരുവരും ചെന്നൈയിലേക്ക് താമസം മാറി. ഒരു വിഡിയോ കാമറ വാങ്ങിയ ശശികല സ്വന്തമായൊരു വിഡിയോ ഷോപ് ആരംഭിച്ചു. പൊതു ചടങ്ങുകളും വിവാഹങ്ങളുമൊക്കെ ഷൂട്ടുചെയ്യാന്‍ ശശികല പഠിച്ചു. ആര്‍ക്കോട്ട് ജില്ലാ കലക്ടറായിരുന്ന വി. ചന്ദ്രലേഖ ഐ.എ.എസിനെ നടരാജനു നേരിട്ടറിയാമായിരുന്നു. അന്ന് എ.ഐ.എ.ഡി.എം.കെയില്‍ ജയലളിത ശക്തിപ്രാപിച്ചു വരുന്ന കാലം. അവരുടെ രാഷ്ട്രീയ-പൊതു ചടങ്ങുകള്‍ ശശികലയെക്കൊണ്ടു ചിത്രീകരിക്കാൻ ജയലളിതയോടു ശിപാര്‍ശ ചെയ്യണമെന്ന് നടരാജന് കലക്ടറോടു അഭ്യർഥിച്ചു. ചന്ദ്രലേഖയുടെ ശിപാര്‍ശ ശശികലയുടെ ഭാഗധേയത്തെ മാത്രമല്ല, തമിഴകത്തെയും മൊത്തത്തില്‍ മാറ്റിമറിച്ചു. ജയലളിതക്ക് ശശികലയുടെ കഴിവില്‍ താൽപര്യം തോന്നി.
എണ്‍പതുകളുടെ മധ്യത്തോടെ എം.ജി.ആര് ക്ഷീണിതനായി. 1987ല്‍ അദ്ദേഹം രോഗം മൂര്‍ച്ഛിച്ച് അന്തരിക്കുന്നു. പാര്‍ട്ടിക്കുള്ളില്‍ അധികാരത്തിന്റെ പേരില്‍ കടിപിടി തുടങ്ങിയപ്പോള്‍ ഒരുഭാഗത്ത് ജയലളിതയും മറുഭാഗത്ത് ആർ.എം. വീരപ്പനുമായിരുന്നു. ഇക്കാലത്താണ് ശശികല ജയലളിതയുടെ വീട്ടിലേക്ക് താമസം മാറുന്നതും അവര്‍ക്ക് വൈകാരികമായ പിന്തുണ നല്‍കുന്നതും. രാഷ്ട്രീയത്തില്‍ മുമ്പേതന്നെ പയറ്റിത്തെളിഞ്ഞ നടരാജന് ജയയുടെ രാഷ്ട്രീയ പുനഃപ്രവേശത്തിനും നിലനിൽപിനും സര്‍വ ഒത്താശകളും ചെയ്തുകൊടുത്തു. അക്കാലത്ത് പോയസ്ഗാര്‍ഡനില്‍ ശശികലയുടെ ബന്ധുക്കളെയും അനുയായികളെയുംകൊണ്ട് നിറഞ്ഞിരുന്നു.
1991ല്‍ ജയലളിത മുഖ്യമന്ത്രിയായി അധികാരമേറ്റു. അതോടെ ശശികലയുടെ ശുക്രദശ തെളിഞ്ഞു. തുടര്‍ന്ന് 1996 വരെ ശശികലയായിരുന്നു വേദനിലയത്തിലെ സർവസ്വവും. അവരുടെ വാക്കുകള്‍ മുഖ്യമന്ത്രിയുടെ ആജ്ഞകളായി എല്ലാവരും സ്വീകരിച്ചിരുന്നു. അങ്ങനെ ഭരണത്തിന്റെ ചുക്കാന്‍ ശശികലയുടെ മന്നാര്‍ഗുഡി സംഘത്തിന്റെ കൈകളില്‍ ഭദ്രമായി അമര്‍ന്നു. പണത്തോടുള്ള ശശികലയുടെയും നടരാജന്റെയും ബന്ധുക്കളുടെയും ആര്‍ത്തി ആകാശംമുട്ടെ വളര്‍ന്നു.
ചുരുക്കത്തില്‍ ശശികലയുടെ തടവിലായി മുഖ്യമന്ത്രി ജയലളിത. എന്തായാലും മന്നാര്‍ഗുഡി മാഫിയ അനധികൃത സ്വത്തിന്റെ ഉടമകളായി. നടരാജന്റെ ബന്ധുവായ രാവണനാണ് ശശികലയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ ചുക്കാന്‍പിടിച്ചത്. അങ്ങനെ ഭരണത്തിന്റെ സിരാകേന്ദ്രം അഴിമതിക്കറകളില്‍ വിലയം പ്രാപിച്ചു. വിദേശത്തും സ്വദേശത്തും നിക്ഷേപങ്ങള്‍ നടത്തി.
2002ല്‍ കോയമ്പത്തൂരില്‍ ശശികല മിഡാസ് ഗോള്‍ഡൻ ഡിസ്റ്റിലറി ആരംഭിക്കുന്നു. താമസിയാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മറ്റു ഡിസ്റ്റിലറികളും വന്‍ മുതല്‍മുടക്കില്‍ സംഘടിപ്പിച്ചു. നഗരങ്ങളില്‍ നിരവധി തിയറ്റര്‍ കോംപ്ലക്സുകളും മാളുകളും പിടിച്ചടക്കി. 5000 കോടി രൂപയുടെ ആസ്തിയാണ് ശശികല സ്വരൂപിച്ചത്. 2011ലെ നിയമസഭ തെരഞ്ഞെടുപ്പു കാലത്ത് സ്ഥാനാർഥികളില്‍നിന്ന് ടിക്കറ്റിന്റെ പേരില്‍ ശശികല 300 കോടി രൂപ ശേഖരിച്ചു എന്നാണ് ഭരണത്തിന്റെ കോലായകളില്‍ കേട്ടത്. അന്ന് പണച്ചാക്കുകളുമായി നടരാജനെ കാണാന്‍ നേതാക്കള്‍ തിങ്ങിനിറഞ്ഞിരുന്നു.
ജയലളിതക്കെതിരെ മന്നാര്‍ഗുഡി മാഫിയ നീങ്ങുകയാണെന്ന് അറിയിച്ചത് ഇന്റലിജന്‍സ് വിഭാഗമാണ്. ശശികല, നടരാജന്, ഇവരുടെ ബന്ധുക്കളായ രാവണന് രത്നസ്വാമി പിച്ച, വി.കെ. സുധാകരന്, ടി.ടി.കെ. ദിനകരന്, എം. രാമചന്ദ്രന് (നടരാജന്റെ സഹോദരന്), മിഡാസ് മോഹന്‍ (നടരാജന്റെ ബിസിനസ് പാര്‍ട്ണര്‍) തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തുന്നു എന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. 2011 ഡിസംബര്‍ 19ന് ജയലളിത ശശികലയെയും മന്നാര്‍ഗുഡി മാഫിയ സംഘത്തിലെ മറ്റു പതിമൂന്നു പേരെയും പോയസ്ഗാർഡനിൽനിന്ന് പുറത്താക്കുന്നു. തുടര്‍ന്ന് ജയലളിത നടരാജനെ പലതരത്തില്‍ വേട്ടയാടി. പുറത്തായി രണ്ടുമാസങ്ങള്‍ക്കുശേഷം ഭൂമി തട്ടിപ്പുകേസില്‍ അയാളെ തഞ്ചാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കി.
സന്ദര്‍ഭം കിട്ടുമ്പോഴൊക്കെ നടരാജനെതിരെ ഇന്റലിജന്‍സ് വിഭാഗം കേസുകള്‍ ഫയല്‍ ചെയ്തു. അതൊക്കെ ജയലളിതയുടെ നിർദേശ പ്രകാരമായിരുന്നു. ശശികലയില്ലാതെ തനിക്ക് ജീവിക്കാന്‍ കഴിയില്ലെന്നു മനസ്സിലാക്കിയ ജയാമ്മ തെറ്റുകുറ്റങ്ങള്‍ പൊറുത്ത് ശശികലയെ 2012 മാര്‍ച്ച് 31നു മടക്കിവിളിച്ചു. ശശികല പെട്ടിയും തൂക്കി വന്നപ്പോള്‍ ഏറെ സന്തോഷിച്ചത് പുറത്തുനിന്ന നടരാജനും അയാളുടെ മാഫിയ കൂട്ടാളികളുമായിരുന്നു. കാരണം, ഒരാള്‍ അകത്തുണ്ടായാല്‍ കാര്യങ്ങള്‍ സുഗമമായി നടത്താമല്ലോ. അഴിമതിയുടെ കോട്ടകൾ കെട്ടി ഉയർത്താൻ അവസരം കാത്തിരിക്കുകയായിരുന്നു ശശികലയും നടരാജനും.
എന്നാല്‍, ഏറെക്കാലം നടരാജന് അജ്ഞാതവാസത്തിലായിരുന്നു. അയാളെ ആരും പുറത്തെങ്ങും കണ്ടിരുന്നില്ല. ജയലളിത ആശുപത്രിയിലായിട്ടും പരിസരങ്ങളിലെങ്ങും നടരാജന് വന്നില്ല. പക്ഷേ, അമ്മയുടെ മൃതദേഹം കിടത്തിയിരുന്ന രാജാജി ഹാളില്‍ നടരാജന് പ്രത്യക്ഷപ്പെട്ടപ്പോള്‍ അണികള്‍ അന്തംവിട്ടു. മൃതദേഹം കിടത്തിയിരുന്ന കണ്ണാടിക്കൂടിന്റെ തലയ്ക്കല്‍ത്തന്നെ അയാള്‍ സ്ഥാനംപിടിച്ചിരുന്നു. സംസ്കാരച്ചടങ്ങുകള്‍ നടന്ന മറീനാ ബീച്ചിലും നടരാജന്റെ നിറസാന്നിധ്യം ഉണ്ടായിരുന്നു.
ഇനിയുള്ള രാഷ്ട്രീയ കരുനീക്കങ്ങളിലും അയാളുടെ ചെപ്പടിവിദ്യകള്‍ ഉണ്ടാകും എന്നുതന്നെയാണ് നിരീക്ഷകര്‍ കരുതിയിരുന്നത്. ജയാമ്മയില്ലെങ്കില് നടരാജന് എന്നല്ലാതെ ശശികലക്ക് ചിന്തിക്കാന്‍ കഴിയില്ലല്ലോ. അതിനാല്‍ സര്‍വതിന്റെയും കടിഞ്ഞാണ്‍ അയാള്‍ കൈക്കലാക്കി. ഭാര്യയെ മുഖ്യമന്ത്രിയാക്കുകയായിരുന്നു നടരാജന്റെ അഭിലാഷം. അണ്ണാദുെരെയുടെയും എം.ജി.ആറിന്റെയും ജയലളിതയുടെയും വർണശബളമായ കട്ടൗട്ടുകളിലും പോസ്റ്ററുകളിലും ശശികലയും സ്ഥാനംപിടിച്ചു.
പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായും തുടര്‍ന്നു മുഖ്യമന്ത്രിയായും തമിഴകത്തിന്റെ ഭാഗധേയം നിര്‍ണയിക്കാന്‍ ശശികല കരുക്കള്‍ സ്വരൂപിക്കുമ്പോള്‍ ആദ്യത്തെ അമ്പ് തൊടുത്തുവിട്ടത് അന്ന് മുഖ്യമന്ത്രിയായിരുന്ന ഒ. പന്നീർസെല്വമായിരുന്നു. ജയലളിതാ ഭക്തനായ മുഖ്യമന്ത്രിയെ സ്ഥാനഭ്രഷ്ടനാക്കി അധികാരം കൊയ്യാനുള്ള ശ്രമത്തിനു താമസംവരുത്തിയതിനു പിന്നില്‍ ഗവര്‍ണര്‍ ആയിരുന്നുവെന്ന അഭിപ്രായത്തിനു ശക്തി വർധിച്ചു. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാറിന്റെ പിന്തുണയുള്ള ഗവര്‍ണറുടെ ലക്ഷ്യം പ്രകടമായിരുന്നു. പുതിയ രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്കിടയില്‍ സംസ്ഥാനത്ത് ജനപിന്തുണ നേടാനുള്ള അടവാണ് ബി.ജെ.പി സര്‍ക്കാര്‍ പയറ്റുന്നതെന്ന ആക്ഷേപം പുറത്തുവന്നപ്പോള്‍ വെട്ടിലായത് ഗവര്‍ണറായിരുന്നു. ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നും പന്നീർസെല്‍വം പ്രഖ്യാപിച്ചു.
ഈ സാഹചര്യത്തില്‍ എന്തു വിലകൊടുത്തും മുഖ്യമന്ത്രിക്കസേരയില്‍ കയറിപ്പറ്റണമെന്ന ചിന്തയോടെയായിരുന്നു ശശികലയുടെ നീക്കങ്ങള്‍. 135 എം.എല്‍.എമാരാണ് എ.ഐ.എ.ഡി.എം.കെക്ക് ഉണ്ടായിരുന്നത്. ഇതില്‍ ഭൂരിപക്ഷം എം.എല്‍.എമാരെ ബന്ദികളാക്കി മഹാബലിപുരത്തെ റിസോർട്ടിലേക്ക് മാറ്റാനും ശശികല തിടുക്കംകാട്ടി. മുഖ്യമന്ത്രിക്കസേര പിടിച്ചടക്കാമെന്ന ശശികലയുടെ വ്യാമോഹത്തെ അരക്കിട്ടുറപ്പിക്കുന്നതായിരുന്നു ഈ നടപടി. കുതിരക്കച്ചവടത്തിലൂടെ എം.എല്‍.എമാര്‍ വിൽപനച്ചരക്കായി മാറുകയായിരുന്നു. ബന്ദികളായവരില്‍ ചിലര്‍ പുറത്തിറങ്ങി പന്നീർസെല്‍വത്തെ പിന്തുണക്കാന്‍ രംഗത്തുവന്നു. തന്നെ നിര്‍ബന്ധിച്ച് മുഖ്യമന്ത്രിസ്ഥാനം രാജിവെപ്പിച്ചതാണെന്ന പന്നീർസെല്‍വത്തിന്റെ ഏറ്റുപറച്ചില്‍ സാധാരണക്കാര്‍ക്കിടയില്‍ സംശയത്തിന്റെ വിത്തുകള്‍ പാകി. അപ്പോഴും ഗവര്‍ണര്‍ മൗനംപാലിച്ചു.
പന്നീർസെല്‍വത്തിന്റെ പ്രഖ്യാപനങ്ങള്‍ ശശികലയുടെ നില പരുങ്ങലിലാക്കി. ജയലളിതയുടെ കാല്വണങ്ങുന്നതുപോലെ പന്നീർസെല്‍വം തന്റെ കാലും വണങ്ങുമെന്നും മുഖ്യമന്ത്രിപദം ഒഴിയുമെന്നും ആയിരുന്നു ചിന്നമ്മയുടെ ധാരണ. എന്തു വിലകൊടുത്തും അധികാരത്തിന്റെ തിരുമുറ്റത്ത് കൊടിനാട്ടിയില്ലെങ്കില് കടിഞ്ഞാൺ കൈവിട്ടുപോകും. ഗവര്‍ണര്‍ ചെന്നൈയില്‍ എത്തുന്നതുവരെ എം.എല്‍.എമാരെ മാറ്റിനിര്‍ത്തുക എന്ന അടവുവരെ അവര്‍ പയറ്റി. ഇത്തരമൊരു സാഹചര്യത്തില്‍ ഗവര്‍ണര്‍ സംസ്ഥാനത്തുനിന്നു മാറിനില്‍ക്കുന്നതും ദുരൂഹതകള്‍ സൃഷ്ടിച്ചു. പന്നീർസെല്‍വത്തിനെതിരെ ആരോപണങ്ങള്‍ എഴുതിവായിക്കുന്ന ശശികലയെയാണ് നാം പിന്നീട് പാര്‍ട്ടി ഓഫിസില്‍ കാണുന്നത്.
എല്ലാം പെട്ടെന്നായിരുന്നു. മുഖ്യമന്ത്രിക്കസേരയിലേക്കുള്ള നെട്ടോട്ടത്തിനിടയിലാണ് ശശികലയുടെ തലയില്‍ ഇടിത്തീവീണത്. തന്റെ ഉറ്റതോഴി ജയലളിത അലങ്കരിച്ച കസേരയില്‍ ഒരുവട്ടം ഉപവിഷ്ടയാകണമെന്ന മോഹത്തിന്റെ കടക്കലാണ് സുപ്രീംകോടതിയുടെ കത്തി വീണത്. 1991-96 കാലഘട്ടത്തില്‍ ജയലളിത മുഖ്യമന്ത്രിയായിരിക്കെ 66.65 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. ബംഗളൂരുവിലെ വിചാരണക്കോടതിയിലാണ് കേസ് ആരംഭിച്ചത്. ജനതാ പാര്‍ട്ടി നേതാവായിരുന്ന സുബ്രഹ്മണ്യന് സ്വാമിയാണ് കേസ് ഫയല്‍ ചെയ്തത്.
2011ല്‍ ജയാമ്മ വീണ്ടും മുഖ്യമന്ത്രിയായപ്പോള്‍ കേസിന്റെ വിചാരണ നിഷ്പക്ഷമായി നടക്കില്ലെന്ന് ഡി.എം.കെ നേതാവ് അമ്പഴകന് നല്കിയ ഹരജിയുടെ വെളിച്ചത്തിലാണ് കേസ് ബംഗളൂരു കോടതിയിലേക്ക് മാറ്റുന്നത്. എന്നാല്‍, ഹൈകോടതി ആ വിധിയെ നിഷ്കരുണം തള്ളി. എന്നാല്‍, തമിഴക രാഷ്ട്രീയരംഗത്തെ ഇളക്കിമറിച്ചുകൊണ്ട് സുപ്രീംകോടതി വിചാരണക്കോടതിയുടെ നിലപാടുകള്‍ ശരിയെന്നു കണ്ടെത്തി. അതിഭീകരമായ അഴിമതിയില്‍ തലകുത്തിവീണ ജയലളിത അടങ്ങുന്ന മാഫിയ സംഘത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള സുപ്രീംകോടതിയുടെ വിലയിരുത്തല്‍, കോടതികളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു. ജയലളിതക്കു പുറമെ ഉറ്റതോഴി ശശികല, ശശികലയുടെ ബന്ധുക്കളായ ഇളവരശി, വളര്‍ത്തു മകന് സുധാകരന് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
സുപ്രീംകോടതി വിധി ശശികലയുടെ അതിമോഹങ്ങളെ തകര്‍ത്തെറിഞ്ഞു. അഞ്ചു വര്‍ഷം തടവും പത്തുകോടി രൂപ പിഴയുമാണ് ഓരോരുത്തര്‍ക്കും കിട്ടിയ ശിക്ഷ. (ജയലളിതക്ക് 100 കോടിയും) പത്തു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പു ഗോദയിലിറങ്ങാന്‍ ശശികലക്കാവില്ലെന്ന ബോധം അവരെ വല്ലാതെ ഉലച്ചിരിക്കണം. തന്റെ താളത്തിനൊപ്പം തുള്ളുന്ന നേതാക്കളെ ഭരണസിരാകേന്ദ്രത്തില്‍ കയറ്റിയിരുത്തിയ ശേഷം ജയിലിലേക്ക് പോകുക മാത്രമാണ് ചിന്തനീയമെന്ന് അവർക്ക് അറിയാമായിരുന്നു.
റിസോര്‍ട്ട് രാഷ്ട്രീയത്തിന്റെ അന്ത്യം എടപ്പാടി പളനിസ്വാമിയുടെ അരങ്ങേറ്റമായിരുന്നു. ശശികലയുടെ ആശീര്‍വാദത്തോടെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട എടപ്പാടി പളനിസ്വാമിയുടെ അടുത്ത ഊഴം സഭയുടെ വിശ്വാസം നേടിയെടുക്കുകയായിരുന്നു. 11 പേരുടെ പിന്‍ബലംകൊണ്ട് പന്നീർസെല്‍വത്തിനു ഒന്നും നേടാനാവില്ലെന്ന് തുടക്കത്തില്‍തന്നെ വ്യക്തമായിക്കഴിഞ്ഞു. മാത്രമല്ല പണത്തിനുമേല്‍ എം.എല്‍.എമാരും പറക്കില്ലല്ലോ. ഒടുവില്‍ റിസോർട്ടില്‍ കഴിഞ്ഞിരുന്ന 122 എം.എല്‍.എമാരുടെ പിന്തുണ നേടി പളനിസ്വാമി മുഖ്യമന്ത്രിയായി. പന്നീർസെല്‍വമാകട്ടെ പാർട്ടിയിൽനിന്ന് പുറത്തുമായി.
ടി.ടി.വി. ദിനകരനെ പാര്‍ട്ടിയുടെ െഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയാക്കിയതോടൊപ്പം മറ്റൊരു ബന്ധുവായ ഡോ. വെങ്കിടേഷിനെ യുവജന വിഭാഗം നേതാവായും ശശികല പ്രതിഷ്ഠിച്ചിട്ടാണ് ജയിലിലേക്ക് പോയത്. ശശികലയുടെ സഹോദരന് സുന്ദരവദനത്തിന്റെ മകനാണ് വെങ്കിടേഷ്. ജയലളിതയുടെ മരണത്തിനു ശേഷം ശശികലയുടെ ഭര്‍ത്താവ് നടരാജൻ രംഗത്തു വന്നു ചരടുവലി തുടങ്ങിയപ്പോള്‍ തന്നെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ വെറുപ്പ് പ്രകടിപ്പിച്ചിരുന്നു.
പാര്‍ട്ടിയിലെ സീനിയര്‍ നേതാവും ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ വി. കുപ്പുസാമി പാര്‍ട്ടിയില്‍നിന്ന് രാജിവെക്കുകയുംചെയ്തിരുന്നു. മദ്യവ്യവസായം, സിനിമ, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിലാണ് മന്നാർഗുഡി മാഫിയ സംഘം പ്രവര്‍ത്തിക്കുന്നത്. ഇവരൊക്കെ മടങ്ങിവന്നാൽ ശശികലയുടെ വ്യവസായ സാമ്രാജ്യം പതിന്മടങ്ങു വർധിക്കുമെന്നാണ് പാര്‍ട്ടിയിലെ സാധാരണക്കാര്‍പോലും പറഞ്ഞിരുന്നത്.
എന്തായാലും ജയിലിൽനിന്ന് മടങ്ങിയെത്തിയ ശശികലയെ എ.ഐ.എ.ഡി.എം.കെയുടെ ഔദ്യോഗികപക്ഷം അംഗീകരിച്ചില്ല. അമിതസ്വത്ത് സമ്പാദിച്ചതിന്റെ പേരിൽ ജയിലിൽ പോകേണ്ടിവന്ന ഒരു അഴിമതിക്കാരിയെ പാർട്ടിയിൽ സ്ഥാനമാനങ്ങൾ കൊടുത്ത് ആദരിച്ചാൽ ജനങ്ങൾ പാർട്ടിയിൽനിന്ന് അകന്നുപോകുമെന്ന വാദത്തിനു ശക്തിയേറി. അങ്ങനെ ശശികല പാർട്ടിയിൽ ഒന്നുമല്ലാതായി. എന്നാൽ, അധികാരമില്ലെങ്കിൽ മത്തുപിടിപ്പിക്കുമെന്ന ചിന്ത ശശികലയെ ബാധിച്ചതുകൊണ്ടാണ് കഴിഞ്ഞ ദിവസം തെങ്കാശിയിൽനിന്ന് തന്റെ രാഷ്ട്രീയയാത്ര ആരംഭിച്ചത്.
ഇന്നത്തെ സാഹചര്യത്തിൽ തമിഴകത്തിന്റെ ശക്തി എം.കെ. സ്റ്റാലിനിലാണ്. ഭരണവിരുദ്ധ വികാരമൊന്നും ഇന്ന് സംസ്ഥാനത്തില്ല. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡി.എം.കെ സംഖ്യം 39 സീറ്റും കൈക്കലാക്കിയത്. ശശികലയുടെ ലക്ഷ്യം 2026ൽ വരാൻപോകുന്ന നിയമസഭ തെരഞ്ഞെടുപ്പാണ്. പ്രതിപക്ഷ കക്ഷികളെ ഏകോപിപ്പിക്കാൻ ഇന്നത്തെ നിലയിൽ വ്യക്തമായിക്കഴിഞ്ഞു.
അതിന് കാരണം ഡി.എം.കെയുടെയും ഘടകകക്ഷികളുടെ അതിശക്തമായ മുന്നേറ്റവും ബി.ജെ.പിയുടെ അധികാരമോഹത്തിലുണ്ടായ വിള്ളലുകളുമാണ്. ശശികലയുടെ ഉള്ളിൽ ബി.ജെ.പിയുടെ പ്രേതം ഒരു കാളിയനെപ്പോലെ ചുറ്റിവലിഞ്ഞു കിടക്കുകയാണ്. മോദിയുടെയും അമിത് ഷായുടെയും അനുഗ്രഹം നേരത്തേ കിട്ടിയ ശശികലയുടെ രാഷ്ട്രീയ പ്രതീക്ഷ അലയടിച്ചുയരുന്നതിൽ അത്ഭുതമില്ല.