ബാപ്പുവിന്റെ സ്വന്തം എസ്തർ
24. വട്ടമേശ സമ്മേളനം 1931 സെപ്റ്റംബർ ഏഴിനായിരുന്നു രണ്ടാം വട്ടമേശ സമ്മേളനത്തിന്റെ ഉദ്ഘാടനം. പക്ഷേ 12ന് മാത്രം ലണ്ടനിൽ എത്തിച്ചേർന്ന ഗാന്ധി രണ്ടു ദിവസംകൂടി കഴിഞ്ഞാണ് സമ്മേളനത്തിനെത്തിയത്. അന്നുമുതൽ അദ്ദേഹത്തിന് വിവിധ ദേശങ്ങളിൽനിന്നുള്ള മാധ്യമങ്ങളും സന്ദർശകരുമായി തുടർച്ചയായ അഭിമുഖസംഭാഷണങ്ങൾ. പതിനഞ്ചിനായിരുന്നു സമ്മേളനത്തിൽ ഗാന്ധിയുടെ ഔപചാരിക പ്രഭാഷണം. അതിനായി സെന്റ് ജെയിംസ് കൊട്ടാരത്തിലെത്തിയ ബാപ്പുവിനെ കാത്ത് ഒരാൾ നിന്നിരുന്നു. ബിർമിങ്ഹാമിൽനിന്ന് 40 മൈൽ ദൂരം സഞ്ചരിച്ചെത്തിയ ബാപ്പുവിന്റെ “പ്രിയപ്പെട്ട കുഞ്ഞ്” –എസ്തർ. എട്ടു കൊല്ലത്തിനു ശേഷമായിരുന്നു ആ കൂടിക്കാഴ്ച. പുണെയിൽ...
Your Subscription Supports Independent Journalism
View Plans24. വട്ടമേശ സമ്മേളനം
1931 സെപ്റ്റംബർ ഏഴിനായിരുന്നു രണ്ടാം വട്ടമേശ സമ്മേളനത്തിന്റെ ഉദ്ഘാടനം. പക്ഷേ 12ന് മാത്രം ലണ്ടനിൽ എത്തിച്ചേർന്ന ഗാന്ധി രണ്ടു ദിവസംകൂടി കഴിഞ്ഞാണ് സമ്മേളനത്തിനെത്തിയത്. അന്നുമുതൽ അദ്ദേഹത്തിന് വിവിധ ദേശങ്ങളിൽനിന്നുള്ള മാധ്യമങ്ങളും സന്ദർശകരുമായി തുടർച്ചയായ അഭിമുഖസംഭാഷണങ്ങൾ. പതിനഞ്ചിനായിരുന്നു സമ്മേളനത്തിൽ ഗാന്ധിയുടെ ഔപചാരിക പ്രഭാഷണം. അതിനായി സെന്റ് ജെയിംസ് കൊട്ടാരത്തിലെത്തിയ ബാപ്പുവിനെ കാത്ത് ഒരാൾ നിന്നിരുന്നു. ബിർമിങ്ഹാമിൽനിന്ന് 40 മൈൽ ദൂരം സഞ്ചരിച്ചെത്തിയ ബാപ്പുവിന്റെ “പ്രിയപ്പെട്ട കുഞ്ഞ്” –എസ്തർ.
എട്ടു കൊല്ലത്തിനു ശേഷമായിരുന്നു ആ കൂടിക്കാഴ്ച. പുണെയിൽ തടവിൽ കഴിയുന്നതിനിടെ നടന്ന അപ്പെൻഡിസൈറ്റിസ് ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ കിടക്കുമ്പോഴായിരുന്നു എസ്തറും ആൻ മേരിയും ബാപ്പുവിനെ ഇതിനുമുമ്പ് കണ്ടത്. സ്വാഭാവികമായും വികാരതീവ്രമായി ആ സമാഗമം. നിറഞ്ഞ ചിരിയുമായി ബാപ്പു എസ്തറിന്റെ അടുത്തേക്ക് വന്നു. ‘‘എന്ത് പറയുന്നു’’ എന്ന് ചോദിച്ചുകൊണ്ട് അദ്ദേഹം കൈകൾ നീട്ടി.
“ബാപ്പു” എന്നൊന്ന് ഉച്ചരിക്കാൻ മാത്രമേ അവൾക്ക് കഴിഞ്ഞുള്ളൂ. ദീർഘകാലമായി അടക്കിവെച്ചിരുന്ന കണ്ണീർ അണപൊട്ടി. പുഞ്ചിരി മായാതെ ബാപ്പു എസ്തറെ അടുത്തുചേർത്ത് വാത്സല്യപൂർവം ശിരസ്സിൽ തഴുകി. ബാപ്പുവിന്റെ പ്രഭാഷണം നടക്കുമ്പോൾ എസ്തർ അദ്ദേഹത്തെ തന്നെ നോക്കിനിന്നു. കഴിഞ്ഞുപോയ വർഷങ്ങൾക്കോ തടവുകൾ, നിരാഹാര സത്യഗ്രഹങ്ങൾ, കടുത്ത രാഷ്ട്രീയ പ്രതിസന്ധികൾ തുടങ്ങിയവക്കോ ഒന്നും ബാപ്പുവിനെ അൽപവും തളർത്താനായിട്ടില്ലെന്ന് അവൾ അത്ഭുതത്തോടെയും സന്തോഷത്തോടെയും കണ്ടു.
സമ്മേളനത്തിനുശേഷം സെന്റ് ജെയിംസ് കൊട്ടാരത്തിൽനിന്ന് ബാപ്പുവിനൊപ്പം കാറിൽ എസ്തറും കിങ്സ്‍ലി ഹാളിലേക്ക് പോയി. അന്നുമുതൽ ബാപ്പുവിന്റെ കാര്യങ്ങൾ നോക്കാൻ കിങ്സ്‍ലി ഹാളിൽ മീരാ ബെഹ് നൊപ്പം എസ്തറും താമസിച്ചു. ബാപ്പുവിന്റെ സബർമതിയിലെ ജീവിതത്തിനു സമാനമായിരുന്നു ഇവിടെയും. ഓരോ ദിവസത്തെയും ദൈനംദിന നടപടികളെല്ലാം എസ്തർ കുറിച്ചുവെച്ചു. എത്ര വൈകി ഉറങ്ങിയാലും പുലരുന്നതിനു മുമ്പ് മൂന്നുമണിയോടെ ബാപ്പു ഉണരുമ്പോൾ മീരയും എസ്തറും എഴുന്നേറ്റു.
ദിനചര്യക്കു ശേഷം ഭഗവദ് ഗീതാ പാരായണം. സംസ്കൃതഭാഷയിലുള്ള ശ്ലോകങ്ങൾ അനായാസം ഇംഗ്ലീഷുകാരിയായ മീര ചൊല്ലുന്നത് കേട്ട് എസ്തർ വിസ്മയംകൊണ്ടു. തുടർന്ന് മൂന്നുപേരും കൂടി സമീപത്തെ തെരുവുകളിലൂടെ നടക്കാൻ പോയി. പാവപ്പെട്ടവർ കഴിയുന്ന ചേരികളിലൂടെയൊക്കെ അവർ നടന്നു. അവരൊക്കെ ബാപ്പുവിനെ കണ്ട് ഓടിവന്നു സ്നേഹാദരങ്ങളോടെ ഗുഡ് മോണിങ്, സർ എന്ന് അഭിവാദ്യംചെയ്തു. അവർ ഉന്നയിച്ച ഒട്ടേറെ സംശയങ്ങൾക്ക് ബാപ്പു ക്ഷമയോടെ പ്രതികരിച്ചു.
പുലരുന്നതിനു മുമ്പ് അവർ മടങ്ങിയെത്തി. മീര ബാപ്പുവിന് കുളിക്കാനുള്ള ഒരുക്കങ്ങൾചെയ്തു. മീര അതീവ ശ്രദ്ധയോടെ ബാപ്പുവിന്റെ കിടക്ക വിരിക്കുന്നതും കാൽ തടവിക്കൊടുക്കുന്നതും അദ്ദേഹത്തിന് ഭക്ഷണം തയാറാക്കുന്നതുമൊക്കെ എസ്തർ ആദരവോടെ ശ്രദ്ധിച്ചു. അവളറിയാതെ അൽപം അസൂയയും തോന്നാതിരുന്നില്ല. അവളും മീരയെ അതിനൊക്കെ സഹായിച്ചു. പഴങ്ങളും വേവിക്കാത്ത പച്ചക്കറികളും ആട്ടിൻപാലും അടങ്ങിയതായിരുന്നു ബാപ്പുവിന്റെ പ്രാതൽ. പിന്നെ ലോകത്താകെ നിന്നെത്തുന്ന നിരവധി കത്തുകൾ വായിക്കുകയാണ് പരിപാടി.
അതിനിടെ എത്തുന്ന സന്ദർശകരുമായി ബാപ്പു സംസാരിക്കും. ബാപ്പുവിന്റെ സുരക്ഷക്ക് സർക്കാർ രണ്ടുമൂന്ന് പൊലീസുകാരെയും ഏർപ്പെടുത്തിയിരുന്നു. 11 മണിയോടെ ബാപ്പുവിനൊപ്പം മീരയും എസ്തറും സമ്മേളനത്തിനായി സെന്റ് ജെയിംസ് കൊട്ടാരത്തിലേക്ക് തിരിക്കും. മിക്ക ദിവസങ്ങളിലും വൈകുന്നേരങ്ങളിൽ ബാപ്പുവിന് യോഗങ്ങളുണ്ടാകും. സർവകലാശാലാ നഗരങ്ങളായ കേംബ്രിജിലും ഓക്സ്ഫഡിലും തൊഴിലാളി മേഖലകളിലും ഒക്കെ അദ്ദേഹം വിവിധ യോഗങ്ങളിൽ പങ്കെടുത്തു. രാത്രി വൈകി കാറിൽ വരുമ്പോഴേക്കും ബാപ്പു ഉറങ്ങിത്തുടങ്ങിയിരിക്കും. മുകളിൽ മുറിയിലെത്തുമ്പോൾ മഴമൂലം തണുപ്പ് ശക്തമായി വ്യാപിച്ചുകഴിഞ്ഞിരിക്കും.
താൻതന്നെ സഹിക്കാൻ വിഷമിച്ച ആ കൊടും തണുപ്പ് അരമുണ്ടും മേൽമുണ്ടും മാത്രം ധരിക്കുന്ന ബാപ്പു എങ്ങനെ സഹിക്കുന്നുവെന്ന് എസ്തർ അമ്പരന്നു. പല ദിവസങ്ങളിലും ഡോ. മേനോൻ കുട്ടികളുമായി ബാപ്പുവിനെ കാണാനെത്തി. കുട്ടികളും ബാപ്പുവും നന്നായി അടുത്തു. താൻ ഇന്ത്യയിൽ മടങ്ങിയെത്തുമ്പോൾ കാണണമെന്ന് ആൻ മേരിയെ അറിയിക്കാൻ ബാപ്പു മേനോനോട് പറഞ്ഞു. എത്രയും വേഗം പഠനം പൂർത്തിയാക്കി ഇന്ത്യയിലെത്തണമെന്ന് ഉപദേശിക്കുകയുംചെയ്തു. മേനോൻ ഒന്നും പറഞ്ഞില്ല.
ബാപ്പുവിന് ലണ്ടനിൽ ലഭിച്ച വലിയ ആദരവും ശ്രദ്ധയും എസ്തറെ ഒട്ടേറെ സന്തോഷിപ്പിച്ചു. അദ്ദേഹം നയിച്ച ഉപ്പു സത്യഗ്രഹം യൂറോപ്പിലാകെ അദ്ദേഹത്തിന് വലിയ സമ്മതി നേടിക്കൊടുത്തിരുന്നു. ഉന്നതരും സാധാരണക്കാരുമൊക്കെയായ ഒട്ടേറെപ്പേർ അദ്ദേഹത്തെ എല്ലാ ദിവസവും കാണാനെത്തി. അതിൽ വിഖ്യാത സാഹിത്യകാരനായ ജോർജ് ബർണാഡ് ഷായും ചലച്ചിത്രകാരനായ ചാർലി ചാപ്ലിനും വൈസ്രോയ് ഇർവിൻ പ്രഭുവും കാന്റർബറി ആർച്ബിഷപ്പും ഒക്കെ ഉൾപ്പെട്ടു.
ആഗോള മാധ്യമ പ്രവർത്തകർ അദ്ദേഹവുമായി അഭിമുഖ സംഭാഷണത്തിനായി മത്സരിച്ചു. ബക്കിങ്ഹാം കൊട്ടാരത്തിൽ ജോർജ് അഞ്ചാമൻ ചക്രവർത്തി നൽകിയ വിരുന്നിൽ ബാപ്പു പങ്കെടുത്തു. അർധനഗ്ന വേഷത്തിൽ എങ്ങനെ ചക്രവർത്തിയെ കാണാൻ തയാറായെന്നു പത്രപ്രതിനിധികൾ ആരാഞ്ഞപ്പോൾ ഞങ്ങൾ രണ്ടുപേർക്കുമുള്ള വസ്ത്രം ചക്രവർത്തി ധരിച്ചിട്ടുണ്ടല്ലോ എന്ന ഗാന്ധിയുടെ പ്രശസ്തമായ നർമം ബ്രിട്ടനിലെ പത്രങ്ങളിൽ വലിയ വാർത്തയായി.
വട്ടമേശ സമ്മേളനം തീർത്തും നിരാശജനകമായിരുന്നെങ്കിലും ഇംഗ്ലണ്ടിലെ ജനതയുടെ ഹൃദയം ഗാന്ധി കവർന്നു. പക്ഷേ, ഇന്ത്യൻ ജനതയുടെ ആകമാനവും ഹരിജനങ്ങളെന്ന് അദ്ദേഹം വിളിച്ച പിന്നാക്കവിഭാഗങ്ങളുടെ പ്രത്യേകമായും പ്രതിനിധി എന്ന ഗാന്ധിയുടെ അവകാശം ആദ്യമായി ഈ സമ്മേളനത്തിൽ ചോദ്യംചെയ്യപ്പെട്ടു. ഇംഗ്ലണ്ടിലും അമേരിക്കയിലുമൊക്കെ പഠിച്ചു വന്ന് ഇന്ത്യയിലെ പിന്നാക്ക സമുദായങ്ങളുടെ മിശിഹയായി ഉയർന്ന നാൽപതുകാരനായ ഒരു ബാരിസ്റ്റർ ആണ് അത് ചെയ്തത്. ഭീംറാവു റാംജി അംേബദ്കർ എന്നായിരുന്നു ആ പ്രതിഭാധനനായ ബാരിസ്റ്ററുടെ പേര്.
മൂന്നു മാസത്തെ ലണ്ടൻ ജീവിതത്തിനുശേഷം ബാപ്പു മടങ്ങുമ്പോൾ ഹൃദയം നുറുങ്ങുന്നതുപോലെ എസ്തറിന് തോന്നി. അധികം വൈകാതെ ഇന്ത്യയിൽ തങ്ങൾക്കുമെത്താം എന്നായിരുന്നു അവളുടെ ഏക ആശ്വാസം.
ലണ്ടൻ വിട്ട ഗാന്ധിയും സംഘവും യൂറോപ്പിലെ മറ്റ് ചില നഗരങ്ങൾ സന്ദർശിക്കാനായിരുന്നു യാത്ര തിരിച്ചത്. തീവണ്ടിയിലായിരുന്നു യാത്ര. ഡിസംബർ അഞ്ചിന് ലണ്ടനിലെ വിക്ടോറിയ റെയിൽവേ സ്റ്റേഷനിൽ ഗാന്ധിയെ യാത്രയയക്കാൻ വലിയൊരു ജനക്കൂട്ടം എത്തി. അതിൽ പ്രധാന ലേബർ പാർട്ടി നേതാക്കളും ഇന്ത്യക്കാരും ഇംഗ്ലീഷുകാരുമായ വിദ്യാർഥികളും ഒക്കെ ഉണ്ടായിരുന്നു. ആദ്യം പാരിസിൽ എത്തിയ ഗാന്ധി വിവിധ യോഗങ്ങളിൽ പങ്കെടുത്തു. ഇന്ത്യൻ സ്വാതന്ത്ര്യസമരവും അഹിംസാ മാർഗവുമൊക്കെ അവയിൽ വിഷയമായി.
ഒരു ദിവസം കഴിഞ്ഞ് ഗാന്ധിയും കൂട്ടരും പോയത് സ്വിറ്റ്സർലൻഡിലേക്ക്. അവിടെ ഒരു പ്രധാനവ്യക്തി അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. നൊബേൽ സമ്മാനജേതാവായ വിശ്രുത ഫ്രഞ്ച് സാഹിത്യകാരൻ റൊമേൻ റോളണ്ട്. പാശ്ചാത്യലോകത്തെ ഏറ്റവും വലിയ ഗാന്ധി ആരാധകൻ. ഗാന്ധിയെക്കുറിച്ച് യൂറോപ്പിൽ ആദ്യം ജീവചരിത്രം എഴുതിയത് അദ്ദേഹമാണ്. മീര ബെഹ്ൻ അടക്കം ഗാന്ധിക്ക് ഒട്ടേറെ പാശ്ചാത്യ ആരാധകരെ സൃഷ്ടിച്ചത് ഈ പുസ്തകമായിരുന്നു. നാലഞ്ച് വർഷം മുമ്പ് ഗാന്ധിയെ കാണാൻ മീര ഇന്ത്യക്ക് തിരിച്ചതുതന്നെ റോളണ്ടിന്റെ നിർദേശപ്രകാരമായിരുന്നു.
ജനീവയിൽനിന്നും നാൽപതോളം മൈൽ അകലെ വിൽനോവിലുള്ള റോളണ്ടിന്റെ വസതിയൂടെ സമീപമുള്ള വില്ല ലിയോണറ്റിലാണ് ഗാന്ധിയും മകൻ ദേവദാസും പ്രൈവറ്റ് സെക്രട്ടറിമാരായ മഹാദേവ് ദേശായിയും പ്യാരെലാലും തങ്ങിയത്. തന്റെ വീട്ടിലേക്ക് പുഞ്ചിരിയോടെ കടന്നുവന്ന് ആശ്ലേഷിച്ച ആരാധനാപാത്രത്തെ റോളണ്ട് ഏറെനേരം നോക്കിനിന്നു. മൂക്കുകണ്ണാടി, പല്ല് കൊഴിഞ്ഞ വായ, ചാറ്റലിൽ നനഞ്ഞ മൊട്ടത്തലയിൽ എഴുന്നുനിൽക്കുന്ന ഏതാനും രോമങ്ങൾ, അര വരെ മൂടിയ വെള്ള വസ്ത്രത്തിന് കീഴിൽ കൊക്കിന്റെ പോലെ കൊലുന്ന നഗ്നമായ കണങ്കാലുകൾ. ഗാന്ധിയുടെ പരുക്കൻ തല തന്റെ താടിയിലുരസിയപ്പോൾ റോളണ്ട് ഓർത്തുപോയത് പുണ്യവാളന്മാരായ ഡോമിനിക്കും ഫ്രാൻസിസും തമ്മിലുള്ള ആശ്ലേഷമായിരുന്നു. പഴയ പ്രിയ സുഹൃത്ത് മീരയെയും കണ്ട് റോളണ്ട് ഏറെ സന്തുഷ്ടനായി.
ഗാന്ധി ഉണ്ടായിരുന്ന അഞ്ച് ദിവസവും രാവിലെ ഗാന്ധി റോളണ്ടിന്റെ വസതിയായ വില്ല ഓൾഗയിലെത്തി ദീർഘ സംഭാഷണത്തിലേർപ്പെട്ടു. റോളണ്ടിന്റെ സഹോദരിയായിരുന്നു ഇരുവരുടെയും സംഭാഷണം തർജമ ചെയ്തത്. അവസാന ദിവസം റോളണ്ടിന്റെ പ്രിയങ്കരനായ ബീഥോവന്റെ ഒരു സംഗീതശിൽപം കേൾപ്പിക്കാൻ ഗാന്ധി അദ്ദേഹത്തോട് അഭ്യർഥിച്ചു. മീരയും റോളണ്ടുമായി അടുത്തതിന്റെ പിന്നിലും ബീഥോവനോട് ഇരുവരും പങ്കിട്ട കടുത്ത ആരാധനയായിരുന്നുവല്ലോ.
ഗാന്ധിയെ കണ്ടെത്തുന്നതിന് മുമ്പ് മീരയുടെ ലോകത്ത് ബീഥോവൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സംഗീതത്തിലോ ബീഥോവനിലോ ഒന്നും വലിയ തൽപരനായിരുന്നില്ലാത്ത ഗാന്ധിക്ക് പക്ഷേ തന്റെയും മീരയുടെയും റോളണ്ടിന്റെയും പരസ്പരബന്ധത്തിന്റെ പിന്നിലെ അത്ഭുതകരമായ നിമിത്തമെന്ന നിലക്കായിരുന്നു ബീഥോവനെ കേൾക്കാനുണ്ടായ ആഗ്രഹം. അഞ്ചാം സിംഫണിയായിരുന്നു റോളണ്ട് ഗാന്ധിയെ കേൾപ്പിച്ചത്.
ഇനി തങ്ങൾ പോകുന്നത് ഇറ്റലിയിലേക്ക് ആണെന്നും അവിടത്തെ ഭരണാധികാരി മുസ്സോളിനിയെ കാണാൻ ആഗ്രഹിക്കുന്നുണ്ടെന്നും ഗാന്ധി പറഞ്ഞു. മുസ്സോളിനിയുടെ ചില നയങ്ങൾ ജനോപകാരപ്രദമാണെന്ന് ഗാന്ധി പറഞ്ഞപ്പോൾ റോളണ്ട് തിരുത്തി. അധികാരമോഹിയായ മുസ്സോളിനിയെ വിശ്വസിക്കരുതെന്നും കാണാൻ ശ്രമിക്കാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം ഗാന്ധിയോട് പറയുകയുംചെയ്തു.
വിൽനോവിൽനിന്ന് ജനീവയിലേക്കും അവിടെനിന്ന് റോമിലേക്കുമാണ് ഗാന്ധിയും സംഘവും പോയത്. പോകുന്ന വഴി തീവണ്ടി സ്റ്റേഷനുകളിലൊക്കെ ഗാന്ധിയെ കാണാനും അഭിവാദ്യമർപ്പിക്കാനും ജനക്കൂട്ടം എത്തിയിരുന്നു. ഡിസംബർ 12 നും 13നും ആയിരുന്നു റോമിൽ. റോളണ്ടിന്റെ സുഹൃത്ത് ജനറൽ മോറിസയായിരുന്നു ആതിഥേയൻ. പഴയ സുഹൃത്തായ പ്രമുഖ വിദ്യാഭ്യാസപ്രവർത്തക മറിയ മോണ്ടിസോറിയെ സന്ദർശിച്ചശേഷം 13നായിരുന്നു ഗാന്ധിയുടെ മുസ്സോളിനിയുമായുള്ള കൂടിക്കാഴ്ച. എങ്ങും കറുത്ത വസ്ത്രം ധരിച്ച സൈനികർ കാവൽ നിന്ന കൂറ്റൻ പാലസോ വെനിസിയ കൊട്ടാരത്തിലായിരുന്നു അർധനഗ്നനായ ഇന്ത്യൻ നേതാവും ഇറ്റലിയുടെ പരമാധികാരിയുമായുള്ള സമാഗമം. ഇരുപത് നിമിഷങ്ങളോളം ഇംഗ്ലീഷിൽ അവർ സംഭാഷണം നടത്തി. ഇറ്റലിയെക്കുറിച്ചുള്ള ഗാന്ധിയുടെ അഭിപ്രായം “ഡ്യൂച്ചേ” ആരാഞ്ഞു.
നല്ല അഭിപ്രായമെന്നായിരുന്നു മറുപടി. പിറ്റേന്ന് വിവിധ സൈനികകേന്ദ്രങ്ങളിൽ ഗാന്ധിക്ക് അദ്ദേഹം സന്ദർശനമൊരുക്കി. ആ സൈനികശക്തിപ്രകടനം ഗാന്ധിയെ തെല്ലും ആകർഷിച്ചില്ല. വത്തിക്കാനിൽ മാർപാപ്പ പോൾ പതിനൊന്നാമനെ സന്ദർശിക്കാനുള്ള ഗാന്ധിയുടെ അപേക്ഷ നിരസിക്കപ്പെട്ടു. ഗാന്ധിയുടെ വസ്ത്രധാരണരീതിയായിരുന്നത്രേ സന്ദർശനാനുമതി നിഷേധിച്ചതിന് കാരണം.
പിറ്റേന്ന് ബ്രാണ്ടിസി തുറമുഖത്തുനിന്ന് ‘എസ്.എസ്. പിൽസ്ന’ എന്ന കപ്പലിലായിരുന്നു ഗാന്ധിയുടെ മടക്കം. കപ്പലിൽനിന്ന് ഗാന്ധി റോളണ്ടിന് മുസ്സോളിനിയെപ്പറ്റി എഴുതി, ‘‘അദ്ദേഹം എനിക്ക് ഒരു പ്രഹേളികയാണ്. കർഷകർക്കുവേണ്ടിയുള്ളതടക്കം അദ്ദേഹത്തിന്റെ പല നടപടികളോടും എനിക്ക് മതിപ്പാണ്. അദ്ദേഹം അമിതാധികാരി ആയിരിക്കാം. പക്ഷേ അത് പാശ്ചാത്യ സംസ്കാരത്തിന്റെ ഭാഗമാണ്. അമിതാധികാരിയായിട്ടും അദ്ദേഹത്തിന് വ്യാപകമായ ജനപ്രിയതയുണ്ടെന്നതും പ്രാധാന്യം.”
ഡിസംബർ 28ന് ഗാന്ധി ബോംബെയിൽ കപ്പലിറങ്ങുമ്പോൾ സ്വീകരിക്കാൻ തടിച്ചുകൂടിയ ജനക്കൂട്ടത്തിൽ ഖദർസാരി ധരിച്ച ഒരു വെള്ളക്കാരിയും ഉണ്ടായിരുന്നു. താൻ എത്തുമ്പോഴേക്കും കാണണമെന്ന ബാപ്പുവിന്റെ നിർദേശം മേനോൻ വഴി ലഭിച്ച മദിരാശിയിൽനിന്ന് തീവണ്ടിമാർഗം എത്തിയ ആൻ മേരി. ഗാന്ധി തങ്ങിയ മണി ഭവനിൽ –സർദാർ പട്ടേലിന്റെ വസതി– തന്നെ ആൻ മേരിക്കും താമസസൗകര്യം ലഭിച്ചു. മീരാ ബെഹ് നൊപ്പം ബാപ്പുവിന്റെ അത്താഴം ഒരുക്കാൻ ആനും കൂടി. രാത്രി ബാപ്പു ആൻ മേരിയോട് വിശദമായിതന്നെ മേനോനെയും എസ്തറെയും കണ്ട വിശേഷങ്ങളൊക്കെ സംസാരിച്ചു.
എത്രയും വേഗം മടങ്ങാനുള്ള തന്റെ ഉപദേശത്തോട് മേനോന് അത്ര യോജിപ്പുണ്ടെന്ന് തോന്നിയില്ലെന്ന് ബാപ്പു ആൻ മേരിയോട് പറഞ്ഞു. എസ്തറിനാകട്ടെ തനിയെ മടങ്ങാനുള്ള ആരോഗ്യവുമില്ല. എല്ലാം കേട്ട ആൻ മേരി വലിയ വിഷമത്തിലായി. മേനോനും എസ്തറും ഒപ്പം ഇല്ലാതെ വലിയ ക്ലേശത്തിലായിരുന്നു അവർ. രണ്ടുദിവസംകൂടി ബാപ്പുവിനൊപ്പം കഴിഞ്ഞ ശേഷമാണ് ആൻ മേരി മടങ്ങിയത്.
വട്ടമേശ സമ്മേളനത്തിൽനിന്ന് വെറും കൈയോടെ ഗാന്ധിജി മടങ്ങിയെത്തുന്ന സമയംതന്നെ നെഹ്രുവും ഖാൻ അബ്ദുൽ ഗാഫർ ഖാനുമൊക്കെ അറസ്റ്റിലായിരുന്നു. തുടർന്ന് ബ്രിട്ടീഷ് സർക്കാറിനെതിരെ കോൺഗ്രസ് സമരം കടുപ്പിച്ചു. നാടാകെ ആകാംക്ഷ പടർന്നു. അസ്വസ്ഥനായ ബാപ്പുവിനെ കാണാൻ സുഭാഷ് ബോസടക്കമുള്ള പ്രമുഖനേതാക്കളെല്ലാം മണിഭവനിൽ എത്തിയിരുന്നു. നിർത്തിവെച്ച നിയമലംഘന പ്രസ്ഥാനം പുനരാരംഭിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. കടുത്ത നടപടികളുണ്ടാകുമെന്ന് അറിയിച്ച വൈസ്രോയി ഇർവിനെ ഗാന്ധി കടുത്ത ഭാഷയിൽ പ്രതിഷേധമറിയിച്ചു. ഉടൻതന്നെ ഗാന്ധിയും തടവിലാവുമെന്ന് എല്ലാവർക്കും മനസ്സിലായി. 1932 ജനുവരി നാലിന് അർധരാത്രി മൂന്നു മണിക്ക് ഗാന്ധിയെയും പട്ടേലിനെയും അറസ്റ്റ് ചെയ്ത് യർവാദ ജയിലിലേക്ക് നീക്കി.
പിറ്റേന്ന് രാവിലെ ആൻ മേരി മദിരാശിയിലെ തന്റെ പതിവ് ഖദർ വസ്ത്രാലയത്തിലെത്തിയപ്പോഴാണ് ഹർത്താൽ എന്നെഴുതി അടച്ചിട്ടിരിക്കുന്നത് കണ്ടത്. കാരണമന്വേഷിച്ചപ്പോഴാണ് ബാപ്പുവിന്റെ അറസ്റ്റ് വിവരം ആൻ മേരി അറിയുന്നത്. നാടാകെ അറസ്റ്റും മർദനവും അഴിച്ചുവിട്ട പൊലീസ് പറങ്കിപ്പേട്ടയിൽ സേവാമന്ദിറിലെത്തി ആൻ മേരിയെയും ചോദ്യം ചെയ്തു. ഗാന്ധിയുമായുള്ള ഉറ്റ സൗഹൃദക്കാര്യം ആൻ മേരി അവരെ വിശദമായി അറിയിക്കുകയുംചെയ്തു.
നിങ്ങൾ ഖദർ ധരിക്കുമോ? പൊലീസ് ആൻ മേരിയോട് ചോദിച്ചു. “ഞാൻ ബാപ്പുവിന്റെ നിർദേശപ്രകാരം ഖദർ അല്ലാതെ മറ്റൊന്നും ധരിക്കാറില്ല. നോക്കൂ, ഈ ഫലകം. ഈ വിദ്യാലയത്തിന്റെ അടിസ്ഥാനശില ഇട്ടത് തന്നെ അദ്ദേഹമാണ്.” അത്ഭുതത്തോടെ എല്ലാം എഴുതിയെടുത്ത് പൊലീസ് മടങ്ങി. ആരോഗ്യം തകരാറിലായതിനാൽ വിശ്രമത്തിനായി അക്കൊല്ലം അവസാനം ഡെന്മാർക്കിൽ പോകാനിരുന്ന ആൻ മേരിക്ക് അനുമതി നിഷേധിച്ചു. അഞ്ചു വർഷം മുമ്പ് തങ്ങൾ വിസ നിഷേധിച്ചിട്ടും ആൻ മേരി ഇന്ത്യയിൽ മടങ്ങിയെത്തിയകാര്യം അധികൃതർ മറന്നിരുന്നില്ല. അതിനാൽ പകരം കശ്മീരിലേക്കായി ആൻ മേരിയുടെ യാത്ര. മേരി ബാർ എന്ന ഇംഗ്ലീഷുകാരി സുഹൃത്തും അവർക്കൊപ്പം ഉണ്ടായിരുന്നു.
25. യർവാദ
ഒരു വർഷം വൈകിയെങ്കിലും 1931 ജൂലൈ മാസം മേനോൻ പരീക്ഷ പാസായി ഡിപ്ലോമ എടുത്തു. ഇനി എത്രയും വേഗം ഇന്ത്യയിലേക്ക് മടങ്ങിവരണമെന്ന് ആൻ മേരി മേനോനെ ഓർമപ്പെടുത്തി. പക്ഷേ, മേനോനു അതിനു താൽപര്യമുണ്ടായില്ല. ശസ്ത്രക്രിയയിൽ കുറച്ചുകാലം തനിക്ക് ഇംഗ്ലണ്ടിൽനിന്നും തന്നെ വിദഗ്ധ പരിശീലനം ആവശ്യമാണെന്ന് അദ്ദേഹം ആഗ്രഹിച്ചു. രണ്ടാമത് ഇന്ത്യയിൽ ഗാന്ധി അടക്കം ദേശീയവാദികളൊക്കെ തടവിലാക്കപ്പെടുന്ന സമയമാണിത്. ജയിലിൽ പോകാനാണ് മടങ്ങിപ്പോകുന്നതെങ്കിൽ പിന്നെ തനിക്ക് എങ്ങനെ ഇന്ത്യയിൽ ജനങ്ങളെ സേവിക്കാനാവും? കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ സ്ഥിതി മാറിയേക്കും. അപ്പോഴാകാം ഇന്ത്യയിലേക്കുള്ള മടക്കം എന്നായിരുന്നു മേനോന്റെ നിലപാട്.
ഇത് എസ്തറിന് ഒട്ടും ഇഷ്ടപ്പെട്ടില്ല. “ആൻ മേരിയും ബാപ്പുവും എത്രതവണ പറഞ്ഞതാണ്. ആൻ മേരിയുടെ ആരോഗ്യവും സാമ്പത്തിക സ്ഥിതിയുമൊക്കെ മോശമായിരിക്കുമ്പോൾ നമ്മുടെ സഹായം അവിടെ അത്യാവശ്യമാണ്. ഉടൻ പോയേ പറ്റൂ.” അവൾ ശബ്ദമുയർത്തിപ്പറഞ്ഞു. ഇന്ത്യയിലെ കാലാവസ്ഥയും മറ്റും തനിക്കും മക്കൾക്കും വിഷമമാകുമെന്ന് അവൾ ഓർക്കാതിരുന്നില്ല. പക്ഷേ ബാപ്പുവും ആൻ മേരിയും പറയുന്നതിനപ്പുറം ചിന്തിക്കാൻപോലും അവൾ ഒരുക്കമായിരുന്നില്ല.
പക്ഷേ, മറ്റൊരാൾ മേനോനെ ശക്തമായി പിന്തുണച്ചു. ബാപ്പുവിന്റെ പ്രിയ സുഹൃത്തും എസ്തറിനും വലിയ സ്നേഹവും ബഹുമാനവുമുണ്ടായിരുന്ന ആളുമായ സി.എഫ്. ആൻഡ്രൂസ്. എസ്തർ ഇന്ത്യയിൽ എത്തിയ കാലം മുതൽ അവളുടെ കാര്യങ്ങൾക്കൊക്കെ ഉപദേശകനായി ബാപ്പു ചുമതലപ്പെടുത്തിയിരുന്ന ആളാണ് ഇംഗ്ലീഷുകാരനായിരുന്ന ഈ ആംഗ്ലിക്കൻ സഭാ പാതിരി. എസ്തറിന് ശാന്തിനികേതനത്തിൽ ജോലി സംഘടിപ്പിക്കാനുമൊക്കെ മുൻകൈ എടുത്തതും ഗുരുദേവ് ടാഗോറിന്റെയും ഉറ്റ ചങ്ങാതി ആയിരുന്ന ആൻഡ്രൂസാണ്.
വട്ടമേശ സമ്മേളനക്കാലത്ത് ബാപ്പുവിനൊപ്പം ഉണ്ടായിരുന്ന ആൻഡ്രൂസ് മേനോനും എസ്തറിനും ഒപ്പം പിന്നീടും പലതവണ താമസിച്ചു. ബിർമിങ്ഹാമിൽ സെല്ലി ഓകിലായിരുന്നു അവരുടെ താമസം. പ്രദേശത്തുള്ള ഇന്ത്യൻ വിദ്യാർഥികളുടെയും ഇന്ത്യയെ സ്നേഹിക്കുന്ന ഇംഗ്ലീഷ് രാഷ്ട്രീയക്കാരുടെയും ബുദ്ധിജീവികളുടെയും ഒക്കെ സ്ഥിരം സന്ദർശന ഇടമായി “ഡാന ഹോസ്റ്റൽ” എന്ന് പേരിട്ട എസ്തറുടെ വീട്. ക്വേക്കർ വിഭാഗക്കാരുടെ കേന്ദ്രമായ വുഡ്ബ്രൂക്കിന് അടുത്തായിരുന്നതിനാൽ അവരുമായും എസ്തറിന് അടുത്തബന്ധം ഉണ്ടായിരുന്നു. ഗാന്ധിയുടെ ജീവചരിത്രകാരി എന്നനിലയിൽ ഇന്ത്യയെക്കുറിച്ചും ഗാന്ധിയെക്കുറിച്ചും സംസാരിക്കാൻ എസ്തറിന് വിവിധയിടങ്ങളിൽനിന്ന് പതിവായി അക്കാലത്ത് ക്ഷണം ലഭിച്ചിരുന്നു.
നാനിന്റെയും (ആൻ) തങ്കയുടെയും (എലൻ) പ്രിയപ്പെട്ട കളിക്കൂട്ടുകാരനായിരുന്നു ചാർലി അങ്കിൾ എന്ന് അവർ വിളിച്ച ആൻഡ്രൂസ്. കുറച്ചുനാൾകൂടി മേനോൻ ഇംഗ്ലണ്ടിൽ തങ്ങിയശേഷം മാത്രമേ ഇന്ത്യയിലേക്ക് മടങ്ങാൻ പാടുള്ളൂ എന്ന് ആൻഡ്രൂസ് അഭിപ്രായപ്പെട്ടു. പലതവണയായി അതിന്റെ ആവശ്യം അദ്ദേഹം എസ്തറിനോട് വിശദീകരിച്ചു. “പക്ഷേ, ബാപ്പു എന്തുപറയും? എത്രയും വേഗം തിരിച്ചുവരണമെന്ന് അദ്ദേഹം ഇവിടെ വന്നപ്പോഴും പ്രത്യേകം പറഞ്ഞിട്ടുള്ളതാണ്”, എസ്തർ ഓർമിപ്പിച്ചു. “ബാപ്പുവിന്റെ കാര്യത്തിൽ കുട്ടി വിഷമിക്കേണ്ട. അദ്ദേഹത്തെ ഞാൻ ബോധ്യപ്പെടുത്തിക്കോളാം”, അദ്ദേഹം ഏറ്റു. അതോടെ എസ്തർ തന്റെ വിയോജിപ്പ് പിൻവലിച്ചു.
ജയിലിൽനിന്ന് പതിവായി ബാപ്പു എസ്തറിന് എഴുതി. ഗാന്ധിയുടെ വലിയ ആരാധികയായിരുന്ന നെല്ലി ബാൾ എന്ന ദരിദ്രയും രോഗിയുമായ വനിതയെ ഇടക്കൊക്കെ പോയി സന്ദർശിക്കണമെന്നും ബാപ്പു എസ്തറിനോട് ആവശ്യപ്പെട്ടിരുന്നു. മറിയ (ആൻ മേരിയെ അങ്ങനെയാണ് അദ്ദേഹം വിളിച്ചത്) തന്നോടൊപ്പം ബോംബെയിലുണ്ടായിരുന്നെങ്കിലും തിരക്കുമൂലം അധികമൊന്നും സംസാരിക്കാനായില്ലെന്നും അദ്ദേഹം എഴുതി.
പഠനം പൂർത്തിയായതോടെ ബിർമിങ്ഹാമിൽ തന്നെ ബ്രോംവിച്ചിലുള്ള ആശുപത്രിയിൽ മേനോന് ജോലി ലഭിച്ചു. ആദ്യം അഞ്ചുമാസത്തേക്ക് കിട്ടിയ ജോലി പിന്നീട് ആറുമാസത്തേക്ക് കൂടി നീട്ടിക്കിട്ടി. ശസ്ത്രക്രിയാ പരിശീലനത്തിനായിരുന്നു അത്. 1932 ജൂലൈയിൽ മധ്യ ഡെന്മാർക്കിലെ തോർനിങ്ങിലായിരുന്നു പോർട്ടോനോവോ മിഷന്റെ വാർഷികയോഗം. ഇംഗ്ലണ്ടിൽനിന്ന് മേനോനും ആൻഡ്രൂസും ഒത്താണ് അവിടെയെത്തി യോഗത്തിൽ പങ്കെടുത്തത്. അവിടെ മേനോനെ ഒരു വർഷക്കാലമെങ്കിലും ഇംഗ്ലണ്ടിൽ തുടരാൻ മിഷൻ പിന്തുണക്കണമെന്ന് ആൻഡ്രൂസ് ശക്തമായി വാദിച്ചു. മേനോനും തന്റെ പ്രസംഗത്തിൽ നിലപാട് വിശദീകരിച്ചു.
“എത്രയും വേഗം എന്റെ സ്വന്തം ഇന്ത്യയിൽ മടങ്ങിയെത്തണമെന്നാണ് എന്റെയും ആഗ്രഹം. മറ്റേതൊരു നാട്ടിലും എനിക്ക് ഇന്ത്യയിലെപ്പോലെ സന്തോഷം ലഭിക്കില്ല. എന്തു സ്ഥിതിയായാലും ഞാൻ എത്രയും വേഗം അവിടേക്ക് പോകും. തീർച്ചയായും എല്ലാ സൗകര്യങ്ങളും ഇംഗ്ലണ്ടിലാണ്. പഠനസൗകര്യം, ജോലി, ഉപകരണങ്ങൾ, സഹപ്രവർത്തകർ തുടങ്ങിയവയിലൊക്കെ.
പക്ഷേ ഇന്ത്യയിൽ മടങ്ങിയെത്തുക എന്നെ സംബന്ധിച്ചിടത്തോളം ഉൽക്കടമായ ഒരു ആത്മീയ അഭിലാഷമാണ്. എന്നെ കൂടുതൽ ആവശ്യവും എന്റെ നാട്ടുകാർക്കാണ്. എന്റെ അതേ നിറമുള്ള എന്റെ പ്രിയപ്പെട്ട നാട്ടുകാർ. ദാരിദ്ര്യം, നിരക്ഷരത, രോഗങ്ങൾ എന്നിവയുടെ ഒക്കെ പിടിയിലാണവർ. പോർട്ടോനോവോയിലെ പതിനയ്യായിരത്തോളം വരുന്ന ജനസംഖ്യയിൽ പകുതിപ്പേർ എങ്കിലും കൊടും പട്ടിണിമൂലം മരണത്തിന്റെ വക്കിലാണ്.”
പക്ഷേ, തന്റെ പ്രിയപ്പെട്ട നാട്ടുകാരെയും മിഷനെയും ഫലപ്രദമായി സേവിക്കാൻ കഴിയുക തന്റെ തൊഴിലിൽ കുറച്ചുകൂടി വൈദഗ്ധ്യം നേടിയ ശേഷമാണെന്ന് അദ്ദേഹം വിശദീകരിച്ചു. രോഗങ്ങൾ ഏറ്റവും ഗുരുതരവും ചികിത്സാ സൗകര്യങ്ങൾ ദയനീയവുമാണ് അവിടെയെന്നും മേനോൻ ഓർമിപ്പിച്ചു.
മഞ്ഞുകാലം തുടങ്ങുന്നതിനുമുമ്പ് ഇന്ത്യയിലേക്ക് മടങ്ങുമെന്ന് എസ്തർ ബാപ്പുവിന് യർവാദ ജയിലിലേക്ക് എഴുതി. അതീവസന്തുഷ്ടനായ ബാപ്പു എസ്തറിന്റെ കത്ത് ഉടൻതന്നെ ആൻ മേരിക്ക് അയച്ചുകൊടുത്തു. “പ്രിയപ്പെട്ട മറിയ, ഇതോടൊപ്പമുള്ള എസ്തറിന്റെ കത്ത് നിനക്ക് ഒരുപാട് സന്തോഷം നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്”, അദ്ദേഹം ആൻ മേരിക്ക് എഴുതി. ഒറ്റക്കുള്ള അധ്വാനംമൂലം ശാരീരികമായി വല്ലാതെ തളർന്നു കഴിഞ്ഞ ആൻ മേരിക്ക് എസ്തറിന്റെ കത്ത് വലിയ ആശ്വാസമായി. “ബാപ്പുജി, ഞാൻ ആകെ അവശയാണ്. അവർ വരുന്നതാണെന്റെ ഏക ആശ്വാസം. ആരോഗ്യം വീണ്ടെടുക്കാൻ കശ്മീരിലേക്ക് പോകുകയാണ്’’ എന്നും അവർ അറിയിച്ചു.
ജയിലിൽ ബാപ്പുവിനെ സന്ദർശിക്കാൻ അധികാരികൾക്ക് അപേക്ഷ സമർപ്പിച്ചിരിക്കുകയാണെന്നും ആൻ മേരി അറിയിച്ചു. സന്ദർശനത്തിന് പ്രത്യേക അനുമതി ആവശ്യമില്ലെന്നും ആഴ്ചയിൽ ഞായറും ബുധനും വ്യാഴവുമൊഴിച്ചുള്ള ദിവസങ്ങളിൽ ഉച്ചക്ക് ഒരുമണിക്കും നാലു മണിക്കും ഇടയിൽ വരാമെന്നും ഗാന്ധി മറുപടി എഴുതി. പക്ഷേ, ആൻ മേരിയുടെ അനാരോഗ്യം അദ്ദേഹത്തെ വിഷമിപ്പിച്ചു. എസ്തറിന് അദ്ദേഹം എഴുതി, “നീ വരുമെന്ന് അറിഞ്ഞ മറിയ വലിയ സന്തോഷത്തിലാണ്. പക്ഷേ, അവളുടെ അനാരോഗ്യത്തെക്കുറിച്ച് എനിക്ക് വലിയ ഭയമുണ്ട്. അവൾ വല്ലാതെ ക്ഷീണിതയായിരിക്കുന്നു. കിടപ്പിലാകുന്നതിന്റെ വക്കിലാണ്. അതിനുമുമ്പ് എത്രയും വേഗം ഏതാനും മാസങ്ങൾക്ക് കശ്മീരിലേക്ക് പോകാൻ ഞാൻ പറഞ്ഞിട്ടുണ്ട്. മനസ്സിനും ശരീരത്തിനും അത്യാവശ്യമായ വിശ്രമം കിട്ടും.
” കശ്മീർയാത്രക്കുള്ള ആൻ മേരിയുടെ കൂട്ടുകാരി മേരി ബ്രാറിനും ബാപ്പു അവരുടെ അനാരോഗ്യത്തിൽ ആകാംക്ഷ പ്രകടിപ്പിച്ചുകൊണ്ട് എഴുതി. “ഈ മുറിവൈദ്യൻ ചില ചികിത്സകൾ നിർദേശിക്കട്ടെ. ഭക്ഷണം പഴങ്ങളും പാലും ആയി ചുരുക്കണം. പച്ചക്കറി ഒക്കെ കഴിക്കാം. പക്ഷേ, അത്യാവശ്യമില്ല. നെയ് ചേർത്തുള്ള കാപ്പികുടി വർജിക്കാൻ മറിയയോട് പറയണം. ഇപ്പോൾ അത് വിഷത്തിന്റെ ഫലമാണ് അവളുടെ ഞരമ്പുകൾക്ക് ചെയ്യുക. പകരം ചൂടുവെള്ളത്തിൽ കശ്മീരിൽനിന്ന് ലഭിക്കുന്ന തേനും അൽപം നാരങ്ങയും ചേർത്ത് കഴിക്കട്ടെ.” സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിൽപെട്ട് തടവിൽ കിടക്കുമ്പോഴും ബാപ്പു തന്നെപ്പോലെ ഒരാളുടെ ആരോഗ്യകാര്യത്തിൽ എടുക്കുന്ന താൽപര്യം ആൻ മേരിയെ സ്തബ്ധയാക്കി. “കാണപ്പെട്ട ക്രിസ്തുതന്നെയാണ് ഈ മനുഷ്യൻ”, ആൻ മേരി മനസ്സിൽ പറഞ്ഞു. കൊച്ചു നാനും തങ്കയും ബാപ്പുവിന് കത്തുകളെഴുതി തുടങ്ങിയിരുന്നു. അദ്ദേഹം കൃത്യമായി അവർക്കു മറുപടി എഴുതി.
പ്രിയപ്പെട്ട നാനും തങ്കയ്ക്കും,
നിങ്ങളുടെ മധുരിക്കുന്ന കത്ത് കിട്ടി. നിങ്ങൾ രണ്ടുപേരും കിളികളുടെ കൂട്ടുകാരികളായല്ലേ? ഞങ്ങൾക്ക് ഇവിടെ ഒരു തള്ളപ്പൂച്ചയും അവളുടെ കുഞ്ഞുങ്ങളുമാണ് കൂട്ടുകാർ. ഞാൻ അവളെ അനിയത്തി എന്നാണ് വിളിക്കുക. തള്ളപ്പൂച്ച മക്കളെ ഓരോ കാര്യങ്ങളും പഠിപ്പിക്കുന്നത് കാണാനെന്ത് രസമാണെന്നോ?
ദൈവം അനുഗ്രഹിക്കട്ടെ, രണ്ടുപേർക്കും ഉമ്മകൾ...
ബാപ്പു.
കുഞ്ഞുങ്ങൾക്കുള്ള കത്തുകളിൽ ബാപ്പുവിന്റെ സ്നേഹവും നർമവും ഉപദേശവും നിറഞ്ഞു. തങ്കക്ക് അദ്ദേഹം എഴുതി: “ചാർലി അമ്മാവൻ (ആൻഡ്രൂസ്) ഒരുപാട് ഉപ്പ് ഉപയോഗിക്കുന്നുണ്ട് അല്ലേ? പക്ഷേ നീ അങ്ങനെ ചെയ്യരുത് കേട്ടോ. അത് പ്രായമായവരുടെ ഒരു ചീത്ത ശീലമാണ്. എല്ലാ ഭക്ഷണത്തിന്റെയും യഥാർഥ സ്വാദ് ഉപ്പ് നശിപ്പിക്കും. കൊച്ചുകുഞ്ഞുങ്ങൾക്ക് ഒരുപാട് മധുരം കൊടുക്കുന്ന മറ്റൊരു ദുശ്ശീലവുമുണ്ട് ചാർലി അമ്മാവന്. ഞാനാണ് നിന്റെ സ്ഥാനത്തെങ്കിൽ എനിക്ക് കിട്ടുന്ന മധുരപലഹാരങ്ങളൊക്കെ പാവപ്പെട്ട കൂട്ടുകാർക്കായി പങ്കുവെക്കും.
നമുക്ക് കിട്ടുന്ന സമ്മാനങ്ങൾ കൂട്ടുകാരുമായി പങ്കുവെക്കുന്നത് എത്ര സന്തോഷകരമാണെന്ന് അറിയാമോ?’’ നാനും ബാപ്പുവിന് താൻ വരച്ച ചിത്രങ്ങളും മറ്റും അയച്ചു. തനിക്ക് പാല് തരുന്ന ആടുമായി ബാപ്പു കളിക്കാറുണ്ടോ എന്നും ജയിൽവളപ്പിൽ പൂക്കളുണ്ടോ എന്നും അവൾ ചോദിച്ചു. “നീ അയച്ച റെയിൻഡിയർ ചിത്രം എന്ത് രസമായിരിക്കുന്നു. എത്ര ഭംഗിയുള്ള കൊമ്പുകളാണതിന്! ദിവസവും രണ്ടുതവണ എനിക്ക് പാല് തരുന്ന ആടുമായി കളിക്കാൻ പറ്റാറില്ലെന്നതിൽ എനിക്ക് വിഷമമുണ്ട്. കാരണം അവ വരുമ്പോഴൊക്കെ ഞാൻ എന്തെങ്കിലും ഒഴിവാക്കാനാവാത്ത പണിയിലായിരിക്കും. കുറച്ച് പൂക്കളൊക്കെ ഉണ്ട്.
പക്ഷേ, ജയിൽവളപ്പ് മിക്കയിടത്തും കല്ല് പാകിയതാണ്. പൂക്കൾക്ക് പറ്റിയതല്ല.” രണ്ട് കുഞ്ഞുങ്ങൾക്കും ഉമ്മകൾ ഏകിക്കൊണ്ട് ബാപ്പു കഥ അവസാനിപ്പിച്ചു. നാനിയും തങ്കയും വട്ടമേശ സമ്മേളനത്തിനെത്തിയപ്പോൾ ബാപ്പു പരിചയപ്പെട്ട അവരുടെ കൂട്ടുകാരികളായ അന്ന, ഗിലിയൻ, ലിഡിയ എന്നിവരും അദ്ദേഹത്തിന് കത്തുകളും ചിത്രങ്ങളും അയച്ചു. തീവ്രമായ രാഷ്ട്രീയപ്രശ്നങ്ങൾക്കും ജയിലിലെ വിഷമങ്ങൾക്കും ഇടയിലും അവർക്ക് കൃത്യമായി ബാപ്പു മറുപടി എഴുതി. നാലു കുഞ്ഞുങ്ങൾക്കുമായി “എന്റെ പ്രിയപ്പെട്ട കൊച്ചു കൂട്ടുകാരെ” എന്നഭിസംബോധന ചെയ്ത് അദ്ദേഹം കുറിച്ചു. “നിങ്ങളുടെ മധുരതരമായ കത്തുകളും രസകരമായ ചിത്രങ്ങളും എനിക്ക് ഒരുപാട് ഇഷ്ടമായി. എല്ലാവർക്കുമായി ഒന്നിച്ച് എഴുതുന്നതിൽ ക്ഷമിക്കണം. അല്ലെങ്കിലും നാലുപേരാണെങ്കിലും മനസ്സുകൊണ്ട് നിങ്ങൾ ഒറ്റക്കെട്ടാണല്ലോ.
എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കാൻ കഴിയുക നിങ്ങൾ കൊച്ചുകുട്ടികൾക്കാണ്. അതുകൊണ്ട് നിങ്ങൾ ഒരിക്കലും തമ്മിൽ വഴക്കിടരുത്. നിങ്ങൾ തമ്മിൽ കൊച്ചുയുദ്ധങ്ങൾ നടത്തിയാൽ പിന്നെ വലിയ യുദ്ധങ്ങൾ നിങ്ങൾക്ക് തടയാനാവുമോ? നാനിന്റെയും അന്നയുടെയും ജന്മദിനം ആഘോഷിക്കാൻ എനിക്ക് വരാനാകില്ലെന്നതിൽ വലിയ വിഷമമുണ്ട്.” നാനും തങ്കയും അവരുടെ അച്ഛനിൽനിന്ന് മലയാളം പറയാൻ പഠിക്കുന്നുണ്ടോ എന്നും ബാപ്പു എഴുതി ചോദിച്ചു.
വട്ടമേശ സമ്മേളനത്തിൽ അംേബദ്കർ ആവശ്യപ്പെട്ടതുപോലെ അയിത്തജാതിക്കാർ മാത്രം വോട്ട് ചെയ്യുന്ന പ്രത്യേക സാമുദായിക നിയോജക മണ്ഡലങ്ങൾ രൂപവത്കരിക്കാൻ തീരുമാനിച്ചതായി ആഗസ്റ്റ് നാലിന് ബ്രിട്ടീഷ് പ്രധാനമന്ത്രി റാംസേ മക്ഡോണൾഡ് പ്രഖ്യാപിച്ചു. സമ്മേളനത്തിൽതന്നെ അതിനെ നിശിതമായി എതിർത്തിരുന്ന ഗാന്ധിജി ഉടൻ മരണംവരെ ഉപവാസം പ്രഖ്യാപിച്ചു. ഹിന്ദുമതത്തെ ശിഥിലമാക്കുന്നതാണ് ഈ നടപടിയെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. സെപ്റ്റംബർ 18ന് ഉച്ചക്ക് യർവാദ ജയിലിൽ ഗാന്ധിയുടെ ഉപവാസം ആരംഭിച്ചു. നാടാകെ ഇളകി. ഉപവാസം ദിവസങ്ങൾ പിന്നിട്ടതോടെ ഗാന്ധിയുടെ ആരോഗ്യം മോശമാകുന്നുവെന്ന വാർത്തകൾ പരന്നു. തന്റെ ആവശ്യം പിൻവലിക്കാൻ അംേബദ്കറുടെ മേൽ സമ്മർദമേറി.
ഗാന്ധിജിയെ മരണത്തിൽനിന്നു രക്ഷിക്കണമെന്ന് മുറവിളി ഉയർന്നു. ദേവദാസ് ഗാന്ധി അംേബദ്കറെ കണ്ട് അച്ഛൻ മരണത്തിലേക്ക് അടുക്കുകയാണെന്ന് നിറകണ്ണുകളോടെ പറഞ്ഞു. അവസാനം 22ന് മനസ്സില്ലാമനസ്സോടെ അംേബദ്കർ ജയിലിലെത്തി ഗാന്ധിജിയെ കണ്ടു. പ്രത്യേക മണ്ഡലങ്ങൾക്ക് പകരം അയിത്തജാതിക്കാർക്ക് മത്സരിക്കാൻ സംവരണം ചെയ്ത സീറ്റുകൾ എന്ന ഒത്തുതീർപ്പിന് ഇരുവരും തയാറായി. ഈ മണ്ഡലങ്ങളിൽ സ്ഥാനാർഥികൾ അയിത്തവിഭാഗക്കാർ മാത്രമെങ്കിലും എല്ലാ വിഭാഗക്കാർക്കും വോട്ടവകാശമുണ്ടായിരിക്കും. അംേബദ്കർ ആവശ്യപ്പെട്ട 71 മണ്ഡലങ്ങൾക്കു പകരം 147 മണ്ഡലങ്ങൾ ഇങ്ങനെ സംവരണംചെയ്യപ്പെടും. പുണെ ഉടമ്പടി എന്ന് അത് അറിയപ്പെട്ടു. സർക്കാറിനും അത് അംഗീകരിക്കാതെ നിർവാഹമില്ലായിരുന്നു. ആറു ദിവസങ്ങൾക്കു ശേഷം ഗാന്ധി ഉപവാസം അവസാനിപ്പിച്ചു.
പക്ഷേ, അതോടെ അംേബദ്കർ ഗാന്ധിജിയുടെ വിമർശകനായി. ബാപ്പുവിന്റെ നിലപാട് സവർണബോധംമൂലമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അയിത്തോച്ചാടനം ജീവിതലക്ഷ്യമായി കരുതിയ ബാപ്പുവിനെ ഇത് തെല്ലൊന്നുമല്ല വിഷമിപ്പിച്ചത്. തുടർന്ന് 1933 മേയ് എട്ടിന് ജയിലിൽ വീണ്ടും ഗാന്ധിജി 21 ദിവസത്തെ ഉപവാസം പ്രഖ്യാപിച്ചു. അയിത്തോച്ചാടനത്തിനും ആത്മശുദ്ധീകരണത്തിനും വേണ്ടിയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. അന്നു രാത്രിതന്നെ ഗാന്ധിജിയെ തടവിൽനിന്നും മോചിപ്പിച്ചു. തുടർന്ന് ആറാഴ്ചക്കാലത്തേക്ക് നിയമലംഘന പ്രക്ഷോഭം നിർത്തിവെച്ചതായി പ്രഖ്യാപിച്ച ഗാന്ധി രാഷ്ട്രീയപ്രവർത്തനം വിലക്കിക്കൊണ്ടുള്ള എല്ലാ ഓർഡിനൻസുകളും പിൻവലിക്കാനും സർക്കാറിനോട് ആവശ്യപ്പെട്ടു. പക്ഷേ, ഓർഡിനൻസുകളൊന്നും പിൻവലിക്കപ്പെട്ടില്ല. സുഹൃത്തായിരുന്ന ലേഡി താകർസേയുടെ വസതിയിൽ 21 ദിവസം തുടർന്ന ഉപവാസം 29ന് ഗാന്ധി അവസാനിപ്പിച്ചു.
ജൂലൈയിൽ പ്രക്ഷോഭം പുനരാരംഭിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. ബോംബെയിൽ പ്രകടനം നയിച്ചതിന് ആഗസ്റ്റ് നാല് പുലർച്ചെ ഗാന്ധി വീണ്ടും തടവിലാക്കപ്പെട്ടു. വീണ്ടും യർവാദ ജയിലിലേക്ക്. പക്ഷേ, അവിടെ രാവിലെ ഒമ്പതിന് എത്തിയ ഉടൻതന്നെ അദ്ദേഹത്തെ വിട്ടയക്കാൻ മുകളിൽനിന്നുത്തരവ് വന്നു. അരമണിക്കൂറിനകം ജയിൽവളപ്പ് വിട്ടുപോയിക്കൊള്ളണമെന്നും ഉത്തരവുണ്ടായി. എന്നാൽ അത് ചെവിക്കൊള്ളാൻ ഗാന്ധി തയാറായില്ല. അതോടെ അപ്പോൾതന്നെ വീണ്ടും അറസ്റ്റ് ചെയ്ത് ഒരു വർഷത്തെ തടവിന് ശിക്ഷിച്ചു. ആഗസ്റ്റ് 16ന് അദ്ദേഹം വീണ്ടും അയിത്തവിരുദ്ധ ഉപവാസം ആരംഭിച്ചു. ഒരാഴ്ച പിന്നിട്ടതോടെ ഗാന്ധിയുടെ ആരോഗ്യം മോശമാകുന്നതു കണ്ട് സർക്കാർ അദ്ദേഹത്തെ വിട്ടയച്ചു.
ബാപ്പുവിന്റെ നീണ്ട ഉപവാസത്തിൽ എസ്തറിനും മേനോനും വലിയ ഉത്കണ്ഠ ഉണ്ടായിരുന്നു. മേനോനാകട്ടെ ബാപ്പുവിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ തന്റെ പ്രിയങ്കരമായ ഒരു ദീർഘകാലശീലം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചു. പുകവലി. ഇതറിഞ്ഞ ബാപ്പു കടുത്ത പരീക്ഷണങ്ങളിലൂടെ കടന്നുപോകുമ്പോഴും സഹജമായ നർമത്തോടെ എഴുതി, “മേനോനെക്കൊണ്ട് പുകവലി നിർത്തിക്കാനെങ്കിലും കഴിഞ്ഞത് എന്റെ ഉപവാസത്തിന്റെ വിജയമാണ്.” എസ്തറെ വലച്ച സന്ധിവാതത്തിന് ആവശ്യമായ ഭക്ഷണക്രമം നിർദേശിക്കാനും അദ്ദേഹം മറന്നില്ല. പാല്, മുട്ട, പച്ചക്കറി, പഴങ്ങൾ ഒക്കെ കഴിക്കണം. ആൻഡ്രൂസ് എസ്തറുടെ ഒപ്പം ഉള്ളതിൽ അദ്ദേഹം വലിയ സമാധാനം പ്രകടിപ്പിച്ചു. എന്ത് കാര്യത്തിനും അദ്ദേഹത്തെ ആശ്രയിക്കാമെന്നും ബാപ്പു എഴുതി.
ഉപവാസം അവസാനിപ്പിച്ചതിനെ തുടർന്ന് ബാപ്പുവിന്റെ കത്ത് എസ്തറിനു വന്നു. ഏറെയും എസ്തറിന്റെ അനാരോഗ്യത്തിനും മനോവിഷമത്തിനുമുള്ള ആശ്വാസ വാക്കുകളായിരുന്നു അതിൽ. “എന്റെ പ്രിയപ്പെട്ട കുഞ്ഞേ, ഇത്ര അകലെ ഇരുന്നും എനിക്ക് നിന്റെ വേദന മനസ്സിലാക്കാനാകും. പക്ഷേ അഗ്നിപരീക്ഷകൾക്ക് ശേഷമേ നമുക്ക് ദൈവസാമീപ്യം സിദ്ധമാകൂ. വേദനകളിലൂടെ നാം സ്വയം ശുദ്ധീകരിക്കുമ്പോൾ അബോധപൂർവമായ ഒരു ആനന്ദം നമുക്ക് ലഭ്യമാകും.
നീ ആ പരീക്ഷകളിലൂടെ കടന്നുപോകുമ്പോൾ അങ്ങനെയൊരു ആനന്ദാനുഭൂതിയിൽ പങ്കാളിയാകുകയായിരുന്നുവെന്ന് ഞാൻ കരുതുന്നു.” ഉപവാസത്തിനുശേഷം തനിക്ക് ഒരു പുതിയ ജന്മം ലഭ്യമായിരിക്കുകയാണെന്നും ക്രമേണ പൂർണ ആരോഗ്യം വീണ്ടെടുക്കുകയാണെന്നും അദ്ദേഹം എഴുതി. “നഷ്ടപ്പെട്ട തൂക്കം ഏറക്കുറെ തിരിച്ചുകിട്ടിയിട്ടുണ്ട്. പക്ഷേ, കഷ്ടപ്പാടിന്റെ ആ ദിവസങ്ങൾ എനിക്ക് ആന്തരികമായ ആനന്ദത്തിന്റെയും നാളുകളാണ്. വാസ്തവത്തിൽ അതൊരു പ്രായശ്ചിത്തക്രിയകൂടി ആയിരുന്നു. കോടിക്കണക്കിന് മനുഷ്യർ അവരുടെ സഹജീവികളോട് പുലർത്തുന്ന അയിത്തമെന്ന മഹാപാപത്തിനെതിരെയുള്ള പ്രായശ്ചിത്തം.”