വര്‍ത്തമാന ആരോഗ്യത്തിന്റെ നിർണായക ഘടകങ്ങള്‍ വാണിജ്യവും രാഷ്ട്രീയവും
പൊതുജനാരോഗ്യം അപകടാവസ്ഥയിലാണെന്ന് വ്യക്തം. എന്നാൽ, പ്രശ്നങ്ങൾക്ക് പ്രായോഗികവും ഫലവത്തും അർഥവത്തുമായ പ്രതിവിധി കണ്ടെത്തുന്നതിൽ നമ്മൾ പരാജയപ്പെേട്ടാ? എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്? വാണിജ്യവും രാഷ്ട്രീയവും എങ്ങനെയൊക്കെയാണ് നമ്മുടെ ആരോഗ്യത്തിൽ ഇടെപടുന്നത്? പുതിയ ബദൽ കാഴ്ചപ്പാടുകൾ രൂപപ്പെടുേത്തണ്ടതിന്റെ ആവശ്യകതക സൂചിപ്പിക്കുകയാണ് ജനകീയാരോഗ്യത്തിന്റെ വക്താവുകൂടിയായ ലേഖകൻ.
കാലാവസ്ഥ വ്യതിയാന പ്രതിസന്ധിയും കോവിഡ് മഹാമാരിയും പകർച്ചേതരവ്യാധികളുടെ ആധിക്യവും തിരിച്ചുവരുന്ന പല പകര്‍ച്ചവ്യാധികളും ജീവിതനൈരാശ്യ മരണങ്ങളുടെ ആധിക്യവും (ഡെത്ത് ഓഫ് ഡിസ്പയർ) അപകടകരമായ തൊഴിൽ സാഹചര്യങ്ങളും വർധിച്ചുവരുന്ന മാനസികാരോഗ്യ പ്രശ്നങ്ങളും ഒന്നാമതായി സൂചിപ്പിക്കുന്നത് പൊതുജനാരോഗ്യം അപകടാവസ്ഥയിലാണെന്നാണ്. രണ്ടാമതായി നിലവിലുള്ള പൊതുജനാരോഗ്യരംഗം ഈ പ്രശ്നങ്ങൾക്ക് പ്രായോഗികവും ഫലവത്തും അർഥവത്തുമായ പ്രതിവിധി കണ്ടെത്തുന്നതിൽ പരാജയപ്പെട്ടുവെന്നുമാണ്. അതിനാൽതന്നെ ഇവയൊക്കെ പുതിയ ബദൽ കാഴ്ചപ്പാടുകൾ രൂപപ്പെടുേത്തണ്ടതിന്റെ ആവശ്യകതകളിലേക്ക് വിരല്‍ ചൂണ്ടുന്ന സൂചകങ്ങളാണ്.
ചരിത്രപരമായി മുൻ കാലഘട്ടങ്ങളിൽ പ്രധാനപ്പെട്ട പൊതുജനാരോഗ്യപ്രശ്നങ്ങൾക്കെതിരെ ഫലവത്തായ പരിഹാരങ്ങൾ കണ്ടെത്തുന്നതിൽ പൊതുജനാരോഗ്യ മേഖല സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഉദാഹരണത്തിന് പൊതുജനാരോഗ്യ മേഖല വ്യവസായ വിപ്ലവ കാലാന്തരം 19ാം നൂറ്റാണ്ടില്‍തന്നെ ശുചിത്വ പ്രസ്ഥാനങ്ങൾക്കും തൊഴിലിടങ്ങളിലെ പ്രശ്നങ്ങൾക്കും, രണ്ടാം ലോകയുദ്ധത്തിനുശേഷമുള്ള ക്ഷേമരാഷ്ട്രത്തിന്റെ (വെൽഫെയർ സ്റ്റേറ്റ്) പ്രയോക്താക്കൾക്കും ഒപ്പം ചേർന്ന് പ്രവർത്തിക്കുകയും ആരോഗ്യ സമത്വം (ഇക്വിറ്റി) കൈവരിക്കാനും പൊതുജനാരോഗ്യം മെച്ചപ്പെടുത്താനും സഹായകരമാകുന്ന ആശയങ്ങളും പ്രവർത്തനങ്ങളും കണ്ടെത്തി വികസിപ്പിക്കുകയുംചെയ്തിട്ടുണ്ട്. ഇതൊക്കെ ആരുടെയും മനസ്സിൽ തനിയെ പൊട്ടിമുളച്ചതല്ല. മറിച്ച്, അനുഭവങ്ങളുടെ വെളിച്ചത്തില്‍, പ്രായോഗികതയിൽ സമൂഹത്തില്‍ തനിയെ രൂപപ്പെട്ടുവന്നതാണ്.
‘‘ആവർത്തിച്ചുവരുന്ന ആരോഗ്യ പ്രതിസന്ധികൾ തരണം ചെയ്യാനും പൊതുജനാരോഗ്യം മെച്ചപ്പെടുത്താനും നയപരിപാടികളും മാതൃകാപദ്ധതികളും ആവിഷ്കരിക്കാനും പുതിയ കാഴ്ചപ്പാടുകൾ ആവശ്യമാണ്. വര്‍ത്തമാനകാലത്ത് ലോകം നേരിടുന്ന ഏറ്റവും ഗുരുതര ആരോഗ്യപ്രശ്നങ്ങളെ ആഴത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി പൊതുജനാരോഗ്യ വിദഗ്ധർ പല പുതിയ സിദ്ധാന്തങ്ങളും പ്രവർത്തന പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. 20ാം നൂറ്റാണ്ടിന്റെ ഇതുവരെയുണ്ടായിരുന്ന പരിമിതികൾക്കുമപ്പുറം പോകാൻ അവരെ സഹായിക്കുന്ന പുതിയ മാർഗങ്ങൾ കണ്ടെത്തുകയാണ് ഈ പുതിയ സിദ്ധാന്തങ്ങളുടെയും പദ്ധതികളുടെയും ലക്ഷ്യം.
ആഗോളതലത്തിൽതന്നെ ആരോഗ്യരംഗം നേരിടുന്ന ഭീഷണികളുടെ അടിസ്ഥാന കാര്യങ്ങൾ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും ഈ രംഗത്ത് പ്രവർത്തിക്കുന്നവരെ സഹായിക്കുകയുമാണ് ഇതിന്റെ ആത്യന്തിക ഉദ്ദേശ്യം. ഈ സിദ്ധാന്തങ്ങള്‍ ആരോഗ്യത്തിന്റെ സാമൂഹികപരവും രാഷ്ട്രീയപരവും വാണിജ്യപരവുമായ മൂന്ന് നിർണയഘടകങ്ങളെ പുതിയ കാഴ്ചപ്പാടുകൾ വഴി നിർവചിക്കുന്നുണ്ട്.
ഒന്ന്, സാമൂഹിക നിർണയ ഘടകങ്ങള്‍: സാധാരണയായി ആരോഗ്യത്തെയും രോഗത്തെയും പറ്റി പൊതുജന കാഴ്ചപ്പാടില്‍ പരാമർശിക്കുമ്പോൾ ബയോ മെഡിക്കല്‍ വിഷയങ്ങള്‍ക്കുമപ്പുറം അവ രണ്ടിനെയും സ്വാധീനിക്കുന്ന സാമൂഹികനിർണയ ഘടകങ്ങളെപ്പറ്റി മനസ്സിലാക്കി വിശകലനംചെയ്യാറുണ്ട്. മനുഷ്യജീവിതത്തിന്റെ അടിസ്ഥാനമായ ശുദ്ധവായു, കുടിവെള്ളം, പാർപ്പിടസൗകര്യങ്ങൾ, തൊഴിൽ, സാമൂഹിക സുരക്ഷ, സാമ്പത്തികാവസ്ഥ തുടങ്ങിയവയൊക്കെയാണിത്.
2005 ല്‍തന്നെ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ ഇതിനെക്കുറിച്ച് പഠിക്കാന്‍ മൈക്കിൾ മർമോട്ടിന്റെ നേതൃത്വത്തില്‍ കമ്മിറ്റി രൂപവത്കരിച്ചിരുന്നു. ഇവയെ ‘‘ആരോഗ്യപരിപാലനത്തെ സ്വാധീനിക്കുന്ന ബാഹ്യമായ ഘടകങ്ങളെന്നാണ്’’ ലോകാരോഗ്യ സംഘടന നിർവചിച്ചിട്ടുള്ളത്. മനുഷ്യർ ജനിക്കുകയും ജീവിക്കുകയും വളരുകയും തൊഴിലെടുക്കുകയും ചെയ്യുന്ന സാഹചര്യങ്ങളും ജീവിതസാഹചര്യങ്ങളെ രൂപപ്പെടുത്തുന്ന ശക്തികളും വ്യവസ്ഥകളുമാണ് ഇവ. ഈ ശക്തികളിലും വ്യവസ്ഥകളിലും ഉൾപ്പെടുന്നവയാണ് ഓരോ സമൂഹത്തിലെയും സാമ്പത്തിക നയങ്ങളും വികസന അജണ്ടകളും രാഷ്ട്രീയ വ്യവസ്ഥകളും.
പക്ഷേ, സാമൂഹിക നിർണയ ഘടകങ്ങളെ അനേകം പ്രയോക്താക്കൾ ആരോഗ്യത്തിന്റെ സാമൂഹിക സാമ്പത്തിക സ്വാധീനങ്ങൾ എന്നുമാത്രം വ്യാഖ്യാനിക്കുകയും അങ്ങനെ ഈ പ്രശ്നത്തിന്റെ അടിസ്ഥാന കാരണങ്ങൾ കൂടുതൽ ആഴത്തില്‍ വിശകലനംചെയ്യാതെ അവയെ തിരസ്കരിച്ച് സമൂഹത്തിൽ മേഖലത്തട്ടിലുള്ളവരും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നവരും ‘ചാരിറ്റി’ അടിസ്ഥാനത്തില്‍ സഹായങ്ങൾ മാത്രം നൽകി സാമൂഹിക അവസ്ഥകൾ മാറ്റുന്ന പരിവർത്തനാത്മകമായ പ്രവർത്തനങ്ങളിൽനിന്ന് ആളുകളെ വിമുഖരാക്കുകയും ചെയ്തിട്ടുണ്ട്.
പോരാതെ ലോകാരോഗ്യ സംഘടനയടക്കം ഈ ഘടകങ്ങളെ ചികിത്സേതരമായ ബാഹ്യഘടകമായി കാണുന്നതിനാൽ വൈദ്യപരവും വൈദ്യേതരവുമായ വേർതിരിവുകൾ പരിഗണിച്ച് ആരോഗ്യ പരിപാലന സംവിധാനങ്ങൾ രൂപപ്പെടുത്തുന്നതിൽ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഘടകങ്ങളുടെ പങ്ക് അവഗണിക്കപ്പെട്ടു പോകുകയും ചെയ്തിട്ടുണ്ട് എന്നാണ് ഇപ്പോഴുള്ള വിലയിരുത്തല്‍.
ഇപ്പോള്‍ ലോകരാജ്യങ്ങളിലാകെ വർധിച്ചുവരുന്ന പകർച്ചേതര വ്യാധികളുടെയും (Non Communicable disease) വ്യവസായവത്കരണത്തിന്റെയും കാലാവസ്ഥ മാറ്റത്തെയും തുടർന്നുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും പരിസ്ഥിതി ഡിസാസ്റ്ററുകളും ആരോഗ്യത്തിലെ അസന്തുലിതത്വങ്ങളും നേരിടണമെങ്കിൽ സാമ്പ്രദായികമായി നമുക്ക് ഇതുവരെ തിരിച്ചറിഞ്ഞിരുന്ന സാമൂഹിക നിർണയ ഘടകങ്ങൾക്കപ്പുറവും ഇതിന്റെയൊക്കെ മൂലകാരണമായി, വിവിധ ജനവിഭാഗങ്ങളിലെ ആരോഗ്യത്തിനെയും അസമത്വത്തെയും അടിസ്ഥാനമായി സ്വാധീനിക്കുന്ന നേരിട്ട് നമ്മുടെ കാഴ്ചയില്പെടാത്ത മറ്റു വിവിധ ഘടകങ്ങളെയും വിവരങ്ങളെയും പറ്റി കൂടുതല്‍ തിരിച്ചറിയേണ്ടതുണ്ട്.
രണ്ട്, രാഷ്ട്രീയനിർണയ ഘടകങ്ങൾ –ഇവ ഒരു സ്ഥലത്തെ ബന്ധങ്ങളെ രൂപപ്പെടുത്തുകയും വിഭവങ്ങളും അധികാരങ്ങളും കൈയാളുകയും ആരോഗ്യരംഗത്തെ അസമത്വത്തെ രൂക്ഷമാക്കുകയോ സമത്വത്തെ പോഷിപ്പിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളാണ്. ഇത് അധികാരവുമായി ബന്ധപ്പെട്ടതാണ്. അതിനാല്‍തന്നെ ഇതിന്റെ കാഴ്ചപ്പാടുകൾ രാഷ്ട്രീയാധികാരത്തെ കേന്ദ്രീകരിച്ചാണ് നിര്‍വചിക്കപ്പെട്ടിട്ടുള്ളത്. വ്യത്യസ്ത രാഷ്ട്രീയ അധികാരവ്യവസ്ഥകളിൽ അതിന്റെ പ്രയോഗം എങ്ങനെയാണ് ആരോഗ്യത്തിനും രോഗത്തിനും അവസരങ്ങളും സാധ്യതകളും ഒരുക്കുന്നതെന്നാണ് ഇതിൽ വിശദമായി പരിശോധിക്കുന്നത്.
പൊളിറ്റിക്കല്‍ സയന്‍സ് പ്രകാരം ഇതിനെ മൂന്ന് തരത്തിൽ പരിഗണിക്കാവുന്നതാണ്. ഒന്നാമത്തേത് ഇടനിലക്കാരുള്ളത് (Agentic) –ഇതിൽ വ്യക്തികളും സംഘടനകളും മറ്റുള്ളവരുമായി സഹകരിച്ചോ മത്സരിച്ചോ തങ്ങളുടെ ലക്ഷ്യത്തിലെത്താനായി എങ്ങനെ അധികാരം പ്രയോഗിക്കുന്നുവെന്നതാണ്. രണ്ടാമതായി ഘടനാപരമായിട്ടുള്ളതാണ് (Structural) –ഇതിൽ അധികാരം അതിന്റെ താൽപര്യങ്ങൾക്കനുസരിച്ച് ആരോഗ്യമോ അസമത്വങ്ങളോ പോലുള്ള കാര്യങ്ങളെ സ്വാധീനിക്കുന്ന നിയമങ്ങളും ചട്ടങ്ങളും കരാറുകളും ഉണ്ടാക്കുന്നു. മൂന്നാമതായി സംവാദാത്മകം (Discursive) ആണ്. ഇതില്‍ അധികാരം തങ്ങളുടെ താൽപര്യങ്ങൾക്കനുകൂലമായി ആശയങ്ങൾ അവതരിപ്പിക്കുകയും ആരോഗ്യവും, അതോടനുബന്ധിച്ച മറ്റു കാര്യങ്ങളെയും സംബന്ധിച്ച് നയപരമായ തീരുമാനങ്ങളും അവയെക്കുറിച്ച് ആശയങ്ങളും തിയറികളും രൂപപ്പെടുത്തുകയും ചെയ്യും.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി രാഷ്ട്രീയവും ഭരണവും ആരോഗ്യത്തെയും ആരോഗ്യപരിപാലനത്തെയും എങ്ങനെയൊക്കെയാണ് സ്വാധീനിക്കുന്നത് എന്നത് പലയിടത്തും ഒരു പ്രധാന പഠനവിഷയമായിട്ടുണ്ട്. ആരോഗ്യരംഗത്തെ ആഗോള പ്രതിസന്ധിയെ രോഗ പ്രതിസന്ധിയായല്ല മറിച്ച് ഭരണപരമായ (Good governace) പ്രതിസന്ധിയാണെന്നാണ് വിദഗ്ധര്‍ പരാമർശിച്ചിട്ടുണ്ടായിരുന്നത്. ഭരണനേതൃത്വം, രാഷ്ട്രീയ പ്രതിനിധികൾ തൊട്ട് താഴേത്തട്ടിലെ പ്രവർത്തകർ വരെ തങ്ങളുടെ സ്വകാര്യ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ തങ്ങളുടെ അധികാരം അതിനായി വിനിയോഗിക്കാൻ കഴിയുന്ന ഭരണസംവിധാനങ്ങളും തന്ത്രങ്ങളും രൂപവത്കരിക്കാൻ ശ്രമിച്ചുകൊണ്ടേ ഇരിക്കുന്ന നിലയും ഉണ്ടായിട്ടുണ്ട്.
മൂന്ന്, വാണിജ്യപരമായ ഘടകങ്ങൾ –ആരോഗ്യരംഗത്തെ സ്വാധീനിക്കുന്ന ലാഭേച്ഛയിൽനിന്ന് ഉണ്ടാകുന്ന ഘടകങ്ങളാണ് വാണിജ്യപരമായ ഘടകങ്ങൾ. ആരോഗ്യത്തെയും രോഗത്തെയും വിശദീകരിക്കുന്നതിൽ വാണിജ്യശക്തികൾ വഹിക്കുന്ന പങ്കിലാണ് ഇതിന്റെ നിർവചനങ്ങൾ കേന്ദ്രീകരിക്കുന്നത്. ഈ ആശയത്തെ കുറെക്കൂടി വിശദീകരിക്കുന്ന പുതിയ നിർവചനം ഇങ്ങനെയാണ്.
‘‘ജനങ്ങളുടെ ആരോഗ്യത്തിന്റെയും രോഗത്തിന്റെയും അപകടപ്പെടുന്നതിന്റെയും മരണത്തിന്റെയും രീതികളെ സ്വാധീനിച്ച് സാമ്പത്തിക ലാഭമുണ്ടാക്കാനും കമ്പോളത്തിന്റെ പങ്ക് വർധിപ്പിക്കാനും വേണ്ടി ആസൂത്രണംചെയ്ത വാണിജ്യ പ്രവർത്തനങ്ങളുടെ സാമൂഹികവും രാഷ്ട്രീയവും വാണിജ്യപരവുമായ ഘടനകളും നിയമങ്ങളും ചിട്ടകളും പ്രവർത്തനങ്ങളുമാണ് ആരോഗ്യത്തിന്റെ വാണിജ്യ നിർണയ ഘടകങ്ങൾ’’ എന്ന് അറിയപ്പെടുന്നത്.
ആരോഗ്യത്തിന്റെ വാണിജ്യപരമായ നിർണയ ഘടകങ്ങൾ വ്യവസായവത്കരണത്തിന്റെയും നഗരവത്കരണത്തിന്റെയും കൊളോണിയലിസത്തിന്റെയും സമീപകാലത്തെ ഉദാരവത്കരണവാദത്തെയും ആരോഗ്യരംഗത്തെ പ്രത്യാഘാതങ്ങളുടെ അറിവിലും പ്രയോഗത്തിലുമാണ് കാഴ്ചപ്പാടുകൾക്ക് ശില പാകിയിട്ടുള്ളത്. പൊളിറ്റിക്കൽ ഇക്കണോമിയിലാണ് ഈ കാഴ്ചപ്പാടിന്റെ വൈജ്ഞാനിക അടിത്തറയും വിലയിരുത്തലുകളും. ഈ കാഴ്ചപ്പാടില്‍ നയങ്ങളും പ്രവർത്തനങ്ങളും മൂർച്ച കൂട്ടുന്നത് ബഹുരാഷ്ട്ര കോർപറേഷനുകൾ ജന്മം നൽകിയ ആരോഗ്യ വിപത്തുകൾക്കു നേരെയുമാണ്.
അങ്ങനെ ആരോഗ്യത്തിലും രോഗത്തിലുമുള്ള കമ്പോളശക്തികളിലാണ് ഇതിൽ പഠനത്തിന് കേന്ദ്രവിഷയമാക്കുന്നത്. സാമ്പത്തികലാഭം മാത്രം ലക്ഷ്യമാക്കി നടത്തുന്ന പ്രാദേശീയമോ അന്തര്‍ദേശീയമോ ആയ ഇതു വാണിജ്യവും പൊതുജനാരോഗ്യ വിഷയമാണ് എന്ന് ഇതില്‍ തിരിച്ചറിയുന്നുണ്ട്. അനാരോഗ്യത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ വര്‍ത്തമാന രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥകളുമായി ബന്ധപ്പെട്ട് പൊതുജനാരോഗ്യത്തിനുമുകളില് വ്യവസായ ലോബികളുടെ താൽപര്യങ്ങള് സ്വാധീനം ചെലുത്തുന്നതുകൊണ്ടുമാണ്. സ്വകാര്യ ലാഭങ്ങള്‍ക്ക് മുകളില്‍ പൊതുജനാരോഗ്യത്തെപ്പറ്റി ചിന്തിക്കേണ്ടതുണ്ടെന്ന് ഇത് അടിവരയിടുന്നു.
പുതിയ കാലത്ത് ആരോഗ്യത്തെ സ്വാധീനിക്കുന്ന സാമൂഹിക, രാഷ്ട്രീയ, വാണിജ്യ ഘടകങ്ങൾ എന്തൊക്കെയാണെന്നും എങ്ങനെയൊക്കെയാണ് അവ പ്രവര്‍ത്തിക്കുന്നതെന്നും തിരിച്ചറിഞ്ഞ് അവക്കൊക്കെ ഉത്തരം കണ്ടെത്തുക എന്നത് പൊതുജനാരോഗ്യ പ്രവര്‍ത്തനത്തിന്റെ ഭാഗംതന്നെയാണ്. ഇവ ഓരോന്നും എങ്ങനെയൊക്കെയാണ് പ്രതിപ്രവർത്തിക്കുന്നത് എന്നതിനെപ്പറ്റി ഇതുവരെ വിശദമായി പഠനങ്ങള്‍ നടത്തിയിട്ടില്ല. സാമൂഹികവും രാഷ്ട്രീയവും വാണിജ്യപരവുമായ ഘടകങ്ങളെ അളക്കുന്നതിൽ വിവിധ സമീപനങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവയൊന്നുംതന്നെ ഇതുവരെ പൊതുവെ പരീക്ഷിച്ച് വിലയിരുത്തുകയോ, വ്യത്യസ്ത മേഖലകൾ അംഗീകരിക്കുകയോ ചെയ്തിട്ടില്ല.
ഇവയൊന്നിനും സ്വീകാര്യമായ പൊതുമാനദണ്ഡങ്ങൾ ഇതുവരെ നിലവിൽ വന്നിട്ടുമില്ല. പുതിയ പൊതുജനാരോഗ്യ കാഴ്ചപ്പാടുകൾ രൂപപ്പെടുത്താൻ പ്രയത്നിക്കുന്ന വരെ സംബന്ധിച്ചിടത്തോളം നിയോലിബറലിസത്തിന്റെ കേന്ദ്രബിന്ദുവായ കമ്പോള മൗലികവാദത്തിന്റെ ഭാവി എന്താകുമെന്നത് പ്രധാനമാണ്. ഇനി വരാനിരിക്കുന്ന പൊതുജനാരോഗ്യ പരിഷ്കരണങ്ങൾക്കും ഗവേഷണങ്ങൾക്കും വേദിയൊരുക്കുക മേൽ ചോദ്യത്തിന്റെ /ഇതിന്റെ ഉത്തരമായിരിക്കും.
വാണിജ്യവും രാഷ്ട്രീയവും കൈ കോര്‍ക്കുമ്പോള്‍
ഉദാരവത്കരണത്തോടെ വിവേചനമില്ലാതെ വിപണികൾ നിയന്ത്രണമില്ലാതെ തുറന്നിട്ടതിലൂടെ ആരോഗ്യത്തിന് ഹാനികരമായ ഉൽപന്നങ്ങളുടെ (Risk Commodities) വിപണനവും ഉപയോഗവും ലോകത്തിലെല്ലായിടത്തും ഒരുപോലെ വർധിച്ചുവരുകയാണ്. ഇതിനെ തുടർന്ന് പകർച്ചേതരവ്യാധികളും കാലാസ്ഥാമാറ്റവും ത്വരിതപ്പെടുകയാണ്. 2019 ലോക രോഗാതുരത റിപ്പോർട്ട് പ്രകാരം –ഇവയിൽപെട്ട നാലോളം പ്രധാന ഉൽപന്നങ്ങൾ ലോകത്തിലെ തടയാൻ പറ്റുന്ന മൂന്നിലൊന്ന് മരണങ്ങള്‍ക്ക് കാരണമാണ് എന്ന് പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്.
പുകയില, മദ്യം, (അമിത സംസ്കൃത) അൾട്രാ പ്രോസസ് ഭക്ഷണം, ഫോസിൽ ഇന്ധനങ്ങൾ ഇവയാണിവ. പകർച്ചേതരവ്യാധികൾ മൂലമുണ്ടായ 42 മില്യൺ മരണത്തിൽ 41 ശതമാനം ഇതുമൂലമായിരുന്നു. ഇതുകൂടാതെ തെറ്റായ ഭക്ഷണരീതിമൂലം 11 മില്യൺ പേരും, മദ്യംമൂലം 3 മില്യൺ പേരും ഫോസില്‍ ഇന്ധനങ്ങൾ മൂലമുണ്ടായ വായു മലിനീകരണം മൂലം 10 മില്യൺ പേരും പുകയിലയുടെ ഉപയോഗംമൂലം 3 മില്യൺ പേരും വർഷംതോറും മരിക്കുന്നുണ്ട്.
കൂടാതെ, പ്രത്യക്ഷത്തിൽ കാണാത്ത തൊഴില്‍-സാമ്പത്തിക മേഖലകളിലെ പ്രശ്നത്തെ തുടർന്നുള്ള നിരാശബോധംമൂലമുണ്ടാകുന്ന വിഷാദരോഗങ്ങളും മരണങ്ങളും സോഷ്യൽ മീഡിയയുടെ സ്വാധീനങ്ങൾ കൊണ്ടുണ്ടാകുന്ന മാനസികപ്രശ്നങ്ങളും ബൗദ്ധിക സ്വത്തവകാശ നിയമത്തെ തുടർന്ന് അവശ്യ മരുന്നുകൾ/ സേവനങ്ങള്‍ ലഭ്യമാകാനാകാതെയും, വിലവർധനമൂലം അവശ്യ ഔഷധങ്ങൾ ലഭ്യമാകാതെയും ഉണ്ടാകുന്ന രോഗാവസ്ഥകളും ഇതിന്റെതന്നെ തുടർച്ചകളാണ് എന്നാണ് ഈ വിഷയത്തെപ്പറ്റി രൂപവത്കരിക്കപ്പെട്ട ലാന്‍സെറ്റ് കമീഷനിലെ വിദഗ്ധരുടെ ഈ വിഷയത്തിലെ അഭിപ്രായം.
ലോകാരോഗ്യ സംഘടന തയാറാക്കുന്ന അന്താരാഷ്ട്രതലത്തിലുള്ള രോഗാതുരത റിപ്പോർട്ടുകളിൽ ലോകത്താകെ രോഗങ്ങളുടെ സ്വഭാവങ്ങളും മരണകാരണങ്ങളും പകര്‍ച്ചവ്യാധികളില്‍നിന്ന് പകർച്ചേതരവ്യാധികളിലേക്ക് മാറിവരുന്നതായിട്ടുള്ള എപിഡമിയോളജിക്കൽ ട്രാൻസിഷൻ (രോഗവ്യതിയാനം) കാണാം. 1990കളിൽ രോഗഭാരത്തിന്റെ 40 ശതമാനം ഉണ്ടായിരുന്ന പകർച്ചേതരവ്യാധികൾ 2019ലെത്തുമ്പോൾ 54 ശതമാനമായി വർധിക്കുന്നതായും 70 ശതമാനത്തിലധികം ആളുകൾ മരണപ്പെടുന്നത് ഇത്തരം രോഗങ്ങൾകൊണ്ടാണെന്നും കാണാം. പ്രമേഹം, അമിത രക്തസമ്മര്‍ദം, അർബുദം, പക്ഷാഘാതം, അമിത കൊളസ്ട്രോള്‍ തുടങ്ങിയവയാണിത്. 2030ഓടു കൂടി ഇത് 85 ശതമാനമായി വർധിക്കുമെന്നാണ് ഇപ്പോൾ കണക്കാക്കുന്നത്.
രോഗാണുക്കൾമൂലമാണ് പകർച്ചവ്യാധികളുണ്ടാകുന്നതെങ്കിൽ പകർച്ചേതരവ്യാധികൾ ഉണ്ടാകുന്നത് അവയുണ്ടാക്കാൻ സാധ്യതയുള്ള ചില റിസ്ക് ഫാക്ടറുകൾ വ്യക്തികളില്‍ ഉള്ളതുകൊണ്ടാണ്. ഈ റിസ്ക് ഫാക്ടറുകളെ വ്യക്തിയുടെ ആന്തരികമായിട്ടുള്ളത് (proximal) എന്നും ബാഹ്യമായിട്ടുള്ളത് (distal) എന്നിങ്ങനെ രണ്ടായി തരംതിരിച്ചിട്ടുണ്ട്. ആന്തരികമായിട്ടുള്ളത് പാരമ്പര്യം, പ്രായം, ലിംഗഭേദം തുടങ്ങിയ മാറ്റാൻപറ്റാത്ത ബയോളജിക്കലായവയും ശീലങ്ങളായ വ്യായാമക്കുറവ്, ഭക്ഷണരീതി, പുകയില, മദ്യപാനം തുടങ്ങിയ മാറ്റാൻപറ്റുന്നവയും ഒപ്പം ശാരീരികമായി മെറ്റബോളിക്കായ അമിത രക്തസമ്മർദം, പ്രമേഹം, ദുർമേദസ്സ് ഇവയൊക്കെയാണ്.
ലോകാരോഗ്യ സംഘടനയുടെ പഠനങ്ങൾ പ്രകാരം ഇത്തരം റിസ്ക് ഫാക്ടറുകളുടെ എണ്ണം മുമ്പുണ്ടായിരുന്ന 22ൽനിന്ന് ഇപ്പോൾ 87 ആയി വളർന്നിട്ടുണ്ട് എന്നാണ്. ഇവയെ രൂപപ്പെടുത്തുന്നത് ആളുകളുടെ ബാഹ്യമായിട്ടുള്ള, മാറിവരുന്ന സാമൂഹിക സാമ്പത്തിക സ്ഥിതികളും ജീവിതപരിസരങ്ങളുമാണ്. ഇവയിൽ പ്രധാനം വിപണിയുടെ സ്വാധീനത്താൽ മാറ്റിത്തീർത്തുകൊണ്ടിരിക്കുന്ന അനാരോഗ്യ കോർപറേറ്റ് ശീലങ്ങൾതന്നെയാണ്. ഇവയെയാണ് പൊതുവിൽ ആരോഗ്യത്തിന്റെ വാണിജ്യ നിർണയഘടകങ്ങൾ എന്നറിയപ്പെടുന്നത് എന്നാണ് പ്രമുഖ സോഷ്യല്‍ എപിഡമിയോളജിസ്റ്റായ നാന്‍സീ ക്രിഗര്‍ (Nancy Krieger) അഭിപ്രായപ്പെടുന്നത്.
ഇവയിൽ ആരോഗ്യത്തെ ബാധിക്കുന്നതോ പരിണതഫലങ്ങൾ ഉണ്ടാക്കാവുന്നവയോ, വ്യക്തിയുടെ മാത്രമായതോ സമൂഹത്തിന്റേതുമായ തെരഞ്ഞെടുപ്പുകളോ (ചോയ്സുകൾ) വിപണന- ഉപഭോഗ ഉൽപന്നങ്ങളുടെ ഉൽപാദന ഉപയോഗ രീതിയോ ഒക്കെ ഉൾപ്പെടുന്നുണ്ട്. വിശാലാർഥത്തിൽ വിനാശകരങ്ങളായ ഈ ഉൽപന്നങ്ങൾ അവയുടെ നിർമാണം, വിതരണം, മാർക്കറ്റിങ്, പ്രമോഷൻ, നിയന്ത്രണം, ചുമത്തപ്പെടുന്ന നികുതി, വില, ഉപഭോഗം ഇവയെ ആധാരമാക്കിയാണ് ഏതൊരു സമൂഹത്തിലും വ്യാപിക്കുന്നത്.
ഇവയൊക്കെകൊണ്ടു തന്നെ ഇവയുടെ പ്രചാരം ഒരു സ്ഥലത്ത് അവിടെയുള്ള സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ ഘടനാസ്വഭാവങ്ങളെ (structural) ആശ്രയിച്ചാണ് സംഭവിക്കുന്നതെന്നും അതിനാൽതന്നെ ഇവകളുടെ ഉപയോഗം/ഉപഭോഗം വ്യക്തികളുടെ നിയന്ത്രണത്തിനും അപ്പുറത്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന യാഥാർഥ്യം വിദഗ്ധർ ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഒന്നാമതായി ഈ വിപണി എപ്പോഴും കൂടുതൽ ലാഭം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നതിനാൽ ഇവ മാർക്കറ്റിലെ അവസരങ്ങൾക്കനുസരിച്ചും, അതുമല്ലെങ്കിൽ അവസരങ്ങൾ സൃഷ്ടിച്ചെടുത്തുമാണ് അവരുടെ തന്ത്രങ്ങൾ ലോകത്തെവിടെയും മെനയുന്നത്. കൂടുതല്‍ വ്യാപനത്തിനായിട്ടുള്ള പ്രൊഡക്ട് ഡിസൈൻ, നിർമാണ രീതി, വിലനിർണയിക്കൽ, പരസ്യം, വിതരണ ശൃംഖല, ചില്ലറവ്യാപാരം, നികുതി നിർണയം ഇതൊക്കെ മാർക്കറ്റിലെ ഇതിനായുള്ള തന്ത്രമാണ്.
രണ്ടാമതായി, മാർക്കറ്റിനു പുറത്ത് സ്വാധീനമുണ്ടാക്കിയെടുത്ത് ഘടനാപരമായി നിലവിലുള്ള സ്ഥാപനങ്ങളെയും സാമൂഹികവ്യവസ്ഥകളെയും വ്യക്തികൾ തമ്മിലുള്ള ബന്ധങ്ങളെയും അവക്കനുകൂലമായി പുനർനിർമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. അങ്ങനെ സർക്കാറുകൾ, സമ്പദ് വ്യവസ്ഥ, കുടുംബ വ്യവസ്ഥകൾ, വിവാഹബന്ധങ്ങൾ, സമൂഹത്തിലെ മൂല്യങ്ങൾ, കല-സാംസ്കാരിക പ്രവർത്തനങ്ങൾ വർഗീകരണം/വിഭാഗീയത ഇവയൊക്കെ തങ്ങൾക്ക് അനുകൂലമാക്കി ഈ ശക്തികള്‍ മാറ്റിയെടുക്കുന്നു. അതതിടങ്ങളിലെ അധികാര കേന്ദ്രങ്ങളിലെ ലോബിയിങ് (ഇതിനായി പ്രഫഷനൽ ലോബിയിങ് ചെയ്യുന്ന ഏജന്റുമാർ വരെയുണ്ട്), ഗവേഷണങ്ങൾ സ്പോൺസർ ചെയ്യൽ, ഫിലാന്ത്രോപ്പി പ്രവർത്തനങ്ങൾ, കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ടിങ്, സർക്കാറുകളും പൊതുജനങ്ങളുമായുള്ള ബന്ധങ്ങൾ ഇവയൊക്കെയാണിവയില് പ്രധാന തന്ത്രങ്ങള്‍.
അങ്ങനെ ഭൂരിഭാഗം വ്യക്തികളുടെയും ജീവിതശൈലികളിലെ ശീലങ്ങളെയും വ്യക്തിപരമായ തെരഞ്ഞെടുപ്പുകളെയും അവരുടെ നിയന്ത്രണ പരിധിക്ക് പുറത്താക്കി അവരെ വാണിജ്യ താൽപര്യങ്ങൾക്കനുസരിച്ച് ആകെ മാറ്റിയെടുക്കുകയും ചെയ്യുന്നുണ്ട് എന്നാണ് നാന്‍സീ ക്രിഗര്‍ അഭിപ്രായപ്പെടുന്നത്.
ഉദാരവത്കരണ കാലത്തെ ആരോഗ്യ-അനുബന്ധ മേഖലകളിലെ സർക്കാറുകളും സ്വകാര്യ മേഖലയും കൈകോർക്കുന്ന ഹൈബ്രിഡ് പി.പി.പി പ്രവർത്തനങ്ങൾ ആരോഗ്യത്തെ സ്വാധീനിക്കുന്ന വിപണിയുടെ പങ്കാളിത്തത്തിന് ഒരു ഉദാഹരണമാണ് .ഇത് കൂടാതെ വന്‍കിട പരസ്യ കമ്പനികൾ, മൂലധന നിക്ഷേപകർ, സ്വകാര്യ കൺസൽട്ടൻസികൾ, വ്യാപാര സംഘടനകൾ, പ്രധാന നയപരമായ തീരുമാനങ്ങളെ സ്വാധീനിക്കുന്ന ‘തിങ്ക് ടാങ്കുകൾ’ ഇവരൊക്കെ ഈ കൂട്ടുകെട്ടിൽ പ്രധാന പങ്കാളികളായി വരുന്നതായി കാണാം.
രോഗങ്ങള്‍ വ്യക്തിയുടെ മാത്രം കുറ്റമാകുന്നു
ഘടനാപരമായി പുതിയ കാഴ്ചപ്പാടുകൾ അനുസരിച്ച് ഹാനികരമായ പ്രവൃത്തികളിലൂടെ, പരസ്യങ്ങളിലൂടെ, ഉൽപന്നങ്ങളുടെ വ്യാപനത്തിലൂടെ സമൂഹത്തിൽ പൊതുജനാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അവകളില്‍ ഒരു നിയന്ത്രണവും വരുത്താതെ നിർലോഭം കൂടു തുറന്നുവിട്ട് അവയെ വ്യവസ്ഥയുടെ ഇരയായി കാണാതെ വെറും വ്യക്തിയുടെ കുറ്റമായി (Individual) ഫ്രെയിംചെയ്ത് വെക്കുകയാണ് ഇപ്പോഴത്തെ പതിവുരീതി.
കാലാവസ്ഥ മാറ്റംമൂലം പകർച്ചവ്യാധികൾ ഉണ്ടാകുമ്പോഴും പൊണ്ണത്തടി, അമിത മദ്യപാനം, പുകയില, ഓൺലൈൻ ഗാംബ്ലിങ്, ഡ്രഗ് അബ്യൂസ്, സോഷ്യൽ മീഡിയ, ലൈംഗിക വൈകൃതം – അടിമത്തം ഇവയൊക്കെ സമൂഹത്തിൽ പടരുമ്പോൾ വിദഗ്ധര്‍ അത് വ്യക്തിയുടെ കുറ്റമായി കണ്ട് വ്യക്തിപരമായ ‘അഡിക്ഷന്’ പരിഹാരങ്ങളാണ് ചികിത്സക്കായി നിശ്ചയിക്കുന്നത്. ഇതിനായി ഉയര്‍ന്ന ഫീസുകള്‍ വാങ്ങുന്ന പ്രത്യേകം പ്രഫഷനല്‍ വിദഗ്ധരും ഉണ്ട്. അതേ അവസരത്തില്‍ ഇതിനായി വ്യക്തികൾക്ക് വിദ്യാഭ്യാസം കൊടുക്കാനോ പകരം തിരഞ്ഞെടുപ്പിനുള്ള (Choice) ശേഷിവർധനക്കോ അവസരങ്ങൾ നിർദേശിക്കുന്നുമില്ല: വിപണിയുടെ ലോകത്ത് ഇവകളിലേക്ക് ആകർഷിക്കാൻ മോഹലോകം ഉണ്ടാക്കിയെടുത്ത് അവരുടെ രുചികൾ മാറ്റുക.
അല്ലെങ്കിൽ വഴിതെറ്റിക്കുന്ന വിവരങ്ങൾ കൊടുത്ത് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുപ്പിനുള്ള കപ്പാസിറ്റി നൽകാതിരിക്കുക. വിപണി തങ്ങളുടെ ഉൽപന്നങ്ങളുടെ വിൽപനക്കായി നമ്മുടെ സാംസ്കാരിക മണ്ഡലങ്ങൾ മാറ്റിപ്പണിയുകയും ചെയ്യുന്നുണ്ട്. എപ്പോഴും അമിത ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലായിരിക്കും ഇതിന്റെ ഡിഫോൾട്ട് സെറ്റിങ്. ഉദാഹരണത്തിന് നാട്ടിലെങ്ങും ഫുഡ് സ്ട്രീറ്റുകളും ഫാസ്റ്റ് ഫുഡ് റസ്റ്റാറന്റുകളും തുറന്ന് അമിത കൊഴുപ്പുകളും ട്രാൻസ് ഫാറ്റി ആസിഡും നിയന്ത്രിക്കാതെ ആഹാരങ്ങൾ തീറ്റിച്ച്, ശരീരമനങ്ങാതെ ജീവിക്കാൻ പ്രേരിപ്പിച്ച് മേദസ്സ് കൂടുമ്പോൾ ‘ബാരോമെട്രിക്’ സർജറിക്ക് പ്രചാരം കൊടുക്കുന്നു. ബാലൻസ് ഡയറ്റ് കഴിക്കാൻ സാഹചര്യമൊരുക്കാതെ പോഷകാഹാരക്കുറവിന് വില കൂടിയ വിറ്റമിൻ ഗുളികകൾ വിതരണംചെയ്യാൻ ശിപാർശ ചെയ്യുന്നു.
മാശ്ലോവിന്റെ തത്ത്വപ്രകാരം (Maslows theory) മനുഷ്യരുടെ അടിസ്ഥാന ജൈവികചോദനകളെ മാറ്റിയെഴുതുന്ന ആനന്ദത്തിന്റെ രാസവസ്തുവായ ഡോപമിന്‍ എന്ന രാസവസ്തുവിന്റെ അളവിനെ അനേകം ഇരട്ടി വര്‍ധിപ്പിക്കുന്ന എപ്പോഴും അതുതന്നെ ആഗ്രഹിച്ചുകൊണ്ടിരിക്കുന്ന ഒരു ലോകത്തിലാണ് നാമിപ്പോള്‍ ജീവിച്ചുവരുന്നത്. അതിനനുസരിച്ച് അത് സാധ്യമാക്കാന്‍ നമ്മുടെ മാറുന്ന പെരുമാറ്റങ്ങളെയും വീണ്ടും വീണ്ടും ആവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ച് അത് അടിമകളാക്കും –ഫോണ്‍ അഡിക്ഷന്, മെസേജിങ്, നോട്ടിഫിക്കേഷന്‍ ഇതിനൊക്കെ അത് അങ്ങനെ പ്രേരിപ്പിച്ചുകൊണ്ടിരിക്കും.
അമേരിക്കയിലെ ചില സ്റ്റേറ്റുകള്തന്നെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഉടമകളായ ‘മെറ്റാ’ കമ്പനിക്കെതിരെ, ആളുകളില്‍ ബോധപൂര്‍വം രക്ഷപ്പെടാന്‍ പറ്റാത്ത സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് അടിമത്തം ഉണ്ടാക്കുന്ന പേജുകള്‍ ഡിസൈന്‍ചെയ്ത് സ്ക്രീന്‍ അഡിക്ഷന് ഉണ്ടാക്കുന്നതിനെതിരെ കേസുകള്‍ എടുത്തതായി വാർത്തകള്‍ വന്നിരുന്നു. ഈ ശീലങ്ങള്‍ പിന്നെ ചികിത്സിക്കേണ്ടുന്ന രോഗവുമായി മാറുന്നുണ്ട് എന്നതാണ് ഇതിലെ കാര്യം. അംഗീകൃത പരസ്യവിപണിയില്‍ ഇല്ലെങ്കിലും ഓണ്‍ലൈനില്‍ സ്വതന്ത്രമായി നിരോധിച്ച മരുന്നുകളും/മയക്കുമരുന്നുകളും ലഭിക്കുന്നതിനാല്‍ ഇവയുടെ കച്ചവടവും ഉപയോഗവും ഇപ്പോള്‍ കുട്ടികളില്‍പോലും വര്‍ധിച്ചുവരുന്നുണ്ട്. ഇങ്ങനെ നാമറിയാതെ നമ്മെ രോഗികളാക്കി മാറ്റുകയാണ്.
അനാരോഗ്യ വഴികൾ
അനാരോഗ്യത്തിന്റെയും അസന്തുലിതത്വത്തിന്റെയും വഴികളാണ് ലോകത്തെങ്ങും ജനങ്ങള്‍ക്കു മുന്നിലുള്ളത്. സാമ്പത്തികലാഭം മാത്രം ലക്ഷ്യമിട്ട് ലോകത്താകെ ഇത്തരത്തിലുള്ള അനാരോഗ്യ ജീവിതപരിസരങ്ങളിലേക്ക് വഴിനടത്തുന്ന വാണിജ്യതന്ത്രങ്ങള്‍ അരങ്ങേറുന്നുണ്ട്. ഇതിനായി ആളുകൾ ജീവിക്കുന്ന വീടിന്റെ അടുക്കള തൊട്ട് ഇറയം വരെയുള്ള ഭൗതിക പരിസരങ്ങൾ, സാമൂഹിക സാമ്പത്തിക പരിസരങ്ങൾ, ഡിജിറ്റൽ പരിസരങ്ങൾ ഒരുക്കിയെടുത്തത് ആദ്യത്തെ പടിയാണ്.
രണ്ടാമത് വിദ്യാഭ്യാസംചെയ്യുന്ന സ്ഥാപനങ്ങളുടെ പരിസരങ്ങൾ, തൊഴിലെടുക്കുന്ന പരിസരങ്ങൾ എന്നിവയിലൂടെ നമ്മളെത്തന്നെ അവരുടെ ഉൽപന്നങ്ങളുടെ അടിമകളാക്കി മാറ്റിക്കൊണ്ടിരിക്കുകയാണെന്നും ഇതിനെപ്പറ്റി വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. മോട്ടോര്‍ വാഹനങ്ങളുടെ ആധിക്യത്തോടെ വ്യായാമം കുറഞ്ഞതും ലോകത്താകെ മക്ഡൊണാൾഡിന്റെ ഫാസ്റ്റ് ഫുഡ് ശൃംഖലകൾ, കൊക്കകോളയുടെ സോഫ്റ്റ് ഡ്രിങ്ക്സ് ഔട്ട് ലെറ്റുകൾ വ്യാപകമായതോടെയാണ് അതിമേദസ്സ് (Obesity) എപിഡെമിക് ദരിദ്രരാജ്യങ്ങളിൽപോലും വ്യപകമായിത്തുടങ്ങിയതും രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ പകർച്ചേതര വ്യാധികൾ നിയന്ത്രാണാതീതമായി വളർന്നതും എന്നും തെളിയിക്കപ്പെട്ട കാര്യമാണ്.
അമിത മദ്യപാനംമൂലം വാഹനാപകടങ്ങൾ, ആക്രമണങ്ങൾ, കൊലപാതകങ്ങൾ, ആത്മഹത്യകൾ ഇവ കൂടിവരുമ്പോഴും റേഷനിങ് ഏർപ്പെടുത്തി മദ്യവ്യാപാരത്തെ നിയന്ത്രിക്കാനോ മദ്യത്തിലെ ആൽക്കഹോളിന്റെ ശതമാനം കുറക്കാനോ തീരുമാനങ്ങൾ ഉണ്ടാവില്ല. പകരം കാമിലാരി കഴിച്ച് കരൾ രക്ഷിക്കാനോ കരൾമാറ്റ ശസ്ത്രക്രിയ നടത്താവുന്ന ആശുപത്രികളുടെ പരസ്യം നടത്താനോ ആണ് വിപണി താൽപര്യപ്പെടുന്നത്. പരിസ്ഥിതിനാശത്തെ തുടർന്നുണ്ടാകുന്ന മണ്ണൊലിപ്പുമൂലം ഭക്ഷ്യവിളകളിൽ പോഷകാഹാരത്തിന്റെ അംശങ്ങൾ കുറയുന്നതാണ് സാധാരണക്കാരില്‍ പോഷകാഹാരക്കുറവിനൊരു കാരണം. ഇതറിയുമെങ്കിലും രാസവസ്തുക്കൾ ചേർത്ത് ഭക്ഷണവസ്തുക്കള്‍ വിതരണം നടത്താനായിരിക്കും വിദഗ്ധർ ശിപാർശ നൽകുന്നത്.
ഇതിന് ശരിയായ ശാസ്ത്രീയ പിൻബലം ഇല്ലെങ്കിലും അന്താരാഷ്ട്ര ഏജൻസികളുടെ സഹായത്തോടെ ഉണ്ടെന്നു പറയും. വാഹനങ്ങൾ കൂടുതലോടുന്നതിന്റെ ഫലമായി അന്തരീക്ഷ മലിനീകരണവും ശ്വാസകോശ രോഗങ്ങളും കൂടുന്നുവെന്ന് അറിയാമെങ്കിലും പൊതുഗതാഗത സംവിധാനങ്ങൾ ശക്തിപ്പെടുത്താതെ മോട്ടോർ വാഹന കമ്പനികളുടെ വരുമാനവർധനക്കായി ആളുകളെ വാഹനം വാങ്ങാൻ പ്രേരിപ്പിക്കും. എൻവയൺമെന്റ് ഇംപാക്ട് നടത്താതെ എക്സ്പ്രസ് ഹൈവേകൾ നിർമിച്ചുകൊണ്ടിരിക്കും. വർത്തമാനകാലത്തെ വ്യാപാരവ്യവസ്ഥ, തൊഴിൽരീതികൾ, പൊതുനയം, രാഷ്ട്രീയം, നിയമ, സാമ്പത്തിക നയങ്ങൾ, മീഡിയകൾ എല്ലാം ഇതുപോലെയുള്ള വിപണികളുടെ ശക്തിപ്രാപിക്കലിനും നിയന്ത്രണമില്ലാത്ത വളർച്ചക്കും പിന്തുണ നൽകുന്ന വിധത്തിലാണ് നിലനിൽക്കുന്നത്.
ലാഭം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന അവരുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കുന്നത് പ്രധാനമായും മൂന്നുതരത്തിലാണ്. ഒന്നാമതായി ഭരണതലത്തില്‍ രാഷ്ട്രീയമായി ലോബിയിങ്ങോ വലിയ ഫണ്ടിങ്ങോ നൽകൽ. ഇത് ഈ രാജ്യങ്ങള്‍ക്കും അവിടെ ഭരണം നടത്തുന്നവര്‍ക്കും അവിടെയുള്ള ജനങ്ങള്‍ക്കും അവരെ അനുകൂലിക്കാനും/ ഉൽപന്നങ്ങള് ഉപയോഗിക്കാനും പ്രേരകമായി പ്രവർത്തിച്ചുകൊണ്ടിരിക്കും. രണ്ടാമതായി അവിടങ്ങളില്‍ സ്വകാര്യമൂലധന നിക്ഷേപം, തൊഴിലവസരങ്ങൾ, അധിക നികുതി, സാമ്പത്തിക വളര്‍ച്ച ഇതുവഴി ലഭിക്കുമെന്ന ധാരണ ജനങ്ങളില്‍ സൃഷ്ടിച്ചെടുത്ത് രാജ്യങ്ങളുടെ മുൻഗണന അജണ്ട തീരുമാനിക്കാനുള്ള അധികാരം വിപണികള്‍ക്ക് സാധിക്കുന്നു.
ഇതുവഴി അവിടെയുള്ള സംവിധാനങ്ങൾ അപ്പാടെ അനുകൂലമാക്കി മാറ്റുന്നു. മൂന്നാമതായി, ജനങ്ങളില്‍ ഇഷ്ടതാൽപര്യങ്ങൾ രൂപപ്പെടുത്തുന്നതിലും മൂല്യങ്ങളും അഭിപ്രായങ്ങളും പെരുമാറ്റരീതികളും വിപണിക്കനുസരിച്ച് മാറ്റിയെടുക്കുന്നതു വഴി അവര്‍ക്ക് ഈ വിപണനരീതിതന്നെ നിലനിര്‍ത്തിക്കൊണ്ടു പോകാനും സാധ്യമാക്കുന്നു. സാമൂഹികവും രാഷ്ട്രീയവും വാണിജ്യപരവുമായ ആരോഗ്യ നിർണയഘടകങ്ങൾ നിയന്ത്രിക്കപ്പെടുന്ന ആരോഗ്യരംഗത്ത് പുതുതായി വന്നുചേർന്ന തെളിവുകളുടെയും ഉൾക്കാഴ്ചകളുടെയും അടിസ്ഥാനത്തിൽ ഇനിയുള്ള പൊതുജനാരോഗ്യ കാഴ്ചപ്പാടിലും പ്രവർത്തനങ്ങളിലും എന്തൊക്കെ മാറ്റങ്ങളാണ് ഉരുത്തിരിഞ്ഞുവരേണ്ടതെന്നത് ഭാവിയുടെ ഒരു പ്രധാന ചോദ്യവുമാണ്.
കോവിഡ് 19 നേരിടുന്നതിൽ ആഗോളതലത്തിലുണ്ടായ പല പരാജയങ്ങളുടെ സാഹചര്യത്തിൽ കാലാവസ്ഥവ്യതിയാനത്തെയും സ്ഥായിയായ രോഗാവസ്ഥകളെയും ആരോഗ്യഭീഷണികളെയും നേരിടാൻ അതിനുതകുന്ന ആഗോള കരാറുകളും രാഷ്ട്രീയ കാര്യക്രമങ്ങളും വേണ്ടതുണ്ട്. ഇതിന് പുതിയ അറിവുകൾമാത്രം പോരാ –ഇതുവരെ നമുക്കറിയാവുന്ന അറിവുകളും തെളിവുകളുംകൂടി സംയോജിപ്പിക്കേണ്ടതുണ്ട്.
സത്യാനന്തരകാലഞ്ഞ് സാമൂഹിക, രാഷ്ട്രീയ, വാണിജ്യ ഘടകങ്ങൾ സ്വാധീനിക്കുന്ന ഇപ്പോഴുള്ള ആരോഗ്യവിവരങ്ങളുടെ അമിതഭാരത്തിൽ (information overload) അതും തെറ്റായതും/ തെറ്റിദ്ധരിക്കപ്പെട്ടതുമായ നിലവിലെ വിവരങ്ങളുടെ പതിരുകൾ മാറ്റി ശരിയായ അറിവുകൾ തിരഞ്ഞെടുത്ത് സംയോജിപ്പിക്കാനും വിഷമകരമായിരിക്കും. ഇന്നത്തെ ലോകത്തിലെ അനാരോഗ്യത്തിന്റെ അടിസ്ഥാന കാരണങ്ങളെ അഭിസംബോധനചെയ്യാതെ വിട്ടാലുണ്ടാകുന്ന സാമ്പത്തിക ആരോഗ്യ പ്രത്യാഘാതങ്ങൾ ഭാവിലോകത്തിന് താങ്ങാൻ പറ്റാത്തതാകും.