വയനാട് എന്ന പാഠവും ജീവിതവും
അതിഭീകരമായിരുന്നു മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ. വൻ ആൾനാശം വിതച്ച്, ഒരു ആവാസ വ്യവസ്ഥ മുഴുവൻ ഒലിച്ചുപോയി. എന്താണ് വയനാട് നേരിടുന്ന പ്രശ്നങ്ങൾ? കേവലമായ പ്രകൃതി ദുരന്തമായി ഇതിനെ കാണാമോ? ഇൗ ദുരന്തം ചില മുന്നറിയിപ്പുകൾ നൽകുന്നുണ്ടോ? –വയനാട്ടുകാരനായ മുതിർന്ന മാധ്യമപ്രവർത്തകന്റെ നിരീക്ഷണവും വിശകലനവും.
മുണ്ടക്കൈ എന്ന ഗ്രാമത്തെക്കുറിച്ച് ആദ്യമായി കേൾക്കുമ്പോൾ എനിക്ക് എട്ടു വയസ്സായിരുന്നു. അന്ന് 1984 ജൂലൈ ഒന്നിന് അവിടെ ഉരുൾപൊട്ടിയപ്പോൾ 17 മനുഷ്യരാണ് കൊല്ലപ്പെട്ടത്. ജീവനോടെ കുഴിച്ചുമൂടപ്പെട്ട പത്തോളം കാട്ടുനായ്ക്ക കുടുംബങ്ങളെക്കുറിച്ച് വാർത്തകൾ വന്നെങ്കിലും പിന്നീടവരുടെ വിശദാംശങ്ങൾ സർക്കാർ രേഖകളിൽനിന്നുപോലും മാഞ്ഞുപോയി.
മുണ്ടക്കൈ ദുരന്തം ദേശീയശ്രദ്ധ നേടിയത് പ്രമുഖ മാധ്യമപ്രവർത്തകനായിരുന്ന കെ. ജയചന്ദ്രന്റെ റിപ്പോർട്ടുകളിലൂടെ ആയിരുന്നു. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നവരോട് ഉരുൾ പൊട്ടിയ വെള്ളത്തിൽ ഒളിച്ചുവന്ന കാട്ടുപന്നിയെ പൊലീസ് ജീപ്പിൽ കയറ്റാൻ പറഞ്ഞ പൊലീസുകാർ സർക്കിൾ ഇൻസ്പെക്ടർ ഏമാന് കാട്ടുപന്നിയുടെ ഇറച്ചി വളരെ ഇഷ്ടമാണ് എന്നും കൂട്ടിച്ചേർത്തു. ഫോട്ടോസഹിതം ജയചന്ദ്രൻ ‘മാതൃഭൂമി’യിൽ പ്രസിദ്ധീകരിച്ച വാർത്ത നാടിനെ പിടിച്ചുലച്ചു. അതിന് പൊലീസുകാർ പ്രതികാരംചെയ്തത് തിരുവോണ തലേന്ന് അദ്ദേഹത്തെ കള്ളക്കേസിൽ അറസ്റ്റ് ചെയ്താണ്. ആ അറസ്റ്റും വലിയനിലയിൽ ദേശീയശ്രദ്ധ നേടി.
പറയാൻ ഉദ്ദേശിച്ചത് അതല്ല. 40 കൊല്ലങ്ങൾക്ക് മുമ്പ് നടന്ന ആ ദുരന്തത്തെ സമഗ്രമായി അപഗ്രഥിച്ചു പഠിച്ച രണ്ട് ശാസ്ത്രജ്ഞർ ഉണ്ടായിരുന്നു: കോഴിക്കോട് സെന്റർ ഫോർ വാട്ടർ റിസോഴ്സസ് െഡവലപ്മെന്റ് ആൻഡ് മാനേജ്മെന്റിലെ പി. ബസാക്കും എൻ.ബി. നരസിംഹ പ്രസാദും. 1985 ജനുവരിയിൽ അവർ വിശദമായ പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചു.
വളരെ പെട്ടെന്നുള്ള അതിശക്തമായ മഴ എങ്ങനെയാണ് പരിസ്ഥിതിലോല പ്രദേശങ്ങളിൽ അതിശക്തമായ ഉരുൾപൊട്ടലുകൾ ഉണ്ടാക്കുക എന്ന് വിവരിക്കുമ്പോൾതന്നെ എങ്ങനെയാണ് മനുഷ്യനിർമിതമായ ഘടകങ്ങൾ അവയുടെ തീവ്രത വർധിപ്പിക്കുന്നത് എന്നവർ കൃത്യമായി അപഗ്രഥിച്ചിട്ടുണ്ട്.
ദുരന്ത സാധ്യതാ മേഖലകൾ കൃത്യമായി അടയാളപ്പെടുത്തണമെന്നും കാലാവസ്ഥാ പ്രവചനം കൃത്യമായി നടത്തി ആളുകളെ മുൻകൂട്ടി അപകട മേഖലകളിൽനിന്നും മാറ്റണമെന്നും അങ്ങനെ ഉരുൾപൊട്ടലുകളുടെ ആഘാതം കുറക്കാമെന്നും അവർ പറയുന്നു. മേപ്പാടി-ചൂരൽമല-മുണ്ടക്കൈ മേഖലകൾ അടക്കം വയനാടിന് അടിസ്ഥാന സൗകര്യ വികസനത്തിലും നിർമാണ പ്രവർത്തനങ്ങളിലും മുൻഗണനാ മേഖലകളിലും ഒരു മാസ്റ്റർ പ്ലാൻ ഉണ്ടാകേണ്ടതുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ടൂറിസം അടക്കമുള്ള മേഖലകളിൽ ശ്രദ്ധിച്ചുമാത്രം ചുവടുകൾ വെക്കണമെന്ന് പറഞ്ഞു.
ഓർക്കുക. അന്ന് കാലാവസ്ഥാ മാറ്റവും ആഗോളതാപനവും ചർച്ചാവിഷയങ്ങളല്ല. പരിസ്ഥിതിലോല പ്രദേശങ്ങൾ ഇന്നത്തെപ്പോലെ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഗാഡ്ഗിലും കസ്തൂരിരംഗനുമില്ല. വയനാട് ഇന്നത്തെപ്പോലെ നിശ്ചയമായും കണ്ടിരിക്കേണ്ട ലോകത്തിലെ അമ്പത് ടൂറിസം കേന്ദ്രങ്ങളിൽ ഒന്നുമല്ല. റിസോർട്ടുകളും വലിയ റോഡുകളും പാലങ്ങളും ഇല്ലാത്ത കാലം. പുറമെനിന്നുള്ള സഞ്ചാരികളുടെ കുത്തൊഴുക്ക് അന്നൊന്നും ആരംഭിച്ചിട്ടുമില്ല.
ഇന്ന് ആ റിപ്പോർട്ടിലൂടെ കടന്നുപോകുമ്പോൾ ഒരു കാര്യത്തിൽ എളുപ്പമുണ്ടാകുമെന്ന് തോന്നി. മുണ്ടക്കൈ-ചൂരൽമല മേഖലയിൽ കഴിഞ്ഞദിവസമുണ്ടായ സമാനതകളില്ലാത്ത ദുരന്തത്തിന്റെ പഠനറിപ്പോർട്ട് തയാറാക്കാൻ പ്രത്യേക അധ്വാനമൊന്നും ആവശ്യമില്ല. 40 കൊല്ലം മുമ്പത്തെ റിപ്പോർട്ടിലെ തീയതികൾ മാത്രം മാറ്റിയാൽ മതി. അതിൽ പറയുന്നതെല്ലാം അന്നത്തെപ്പോലെ തന്നെ ഇന്നും പ്രസക്തം.
കാലവും വയനാടും ഒരുപാട് മാറി. പക്ഷേ, വർഷം ചെല്ലുംതോറും തീവ്രതയാർജിക്കുന്ന പാരിസ്ഥിതിക ദുരന്തങ്ങളും അവയുടെ തീവ്രത കൂട്ടുന്ന മാനുഷിക ഇടപെടലുകളും മാറ്റമില്ലാതെ തുടരുന്നു. അന്നത്തേതിനേക്കാൾ ഇന്ന് ദുരന്തത്തിന്റെ വ്യാപ്തിയും തീവ്രതയും കൂടി.
ദുരന്തം മുൻകൂർ പ്രവചിക്കാനും അതനുസരിച്ച് ആളുകളെ മാറ്റിപ്പാർപ്പിക്കാനും ഇന്നും നമുക്ക് കഴിയാതെ പോയി. അതിതീവ്ര മഴയുടെ അളവുനോക്കി ദുരന്തം വരുമെന്ന് മുൻകൂട്ടി പറയാൻ കൽപറ്റയിലെ ഗവേഷണ സ്ഥാപനമായ ഹ്യൂംസ് തയാറായെങ്കിലും വേണ്ടത്ര ഗൗരവം അവരുടെ മുന്നറിയിപ്പിന് നൽകാൻ അധികൃതർ തയാറായതുമില്ല. ഇക്കുറിയും ഇരകളാക്കപ്പെട്ട മനുഷ്യർ തോട്ടം തൊഴിലാളികളോ ചെറുകിട കർഷകരോ ആണ്. പ്രദേശത്ത് മാനദണ്ഡങ്ങൾ എല്ലാം കാറ്റിൽ പറത്തിയുണ്ടാക്കിയ റിസോർട്ടുകൾക്ക് പക്ഷേ കുഴപ്പമൊന്നുമുണ്ടായില്ല.
വയനാട്ടിലും കേരളത്തിന്റെ ഇതര മേഖലകളിലും നടക്കുന്ന ഉരുൾപൊട്ടലുകൾക്ക് എപ്പോഴും ഒരു വർഗസ്വഭാവമുണ്ട്. ദരിദ്രരോ നാമമാത്രരോ ആയ കർഷകർ, കർഷക തൊഴിലാളികൾ, തോട്ടം തൊഴിലാളികൾ എന്നിവരാണ് ഓരോ കാലാവസ്ഥാ ദുരന്തങ്ങളിലും ഇരയാവുന്നത്. മണ്ണിന് മീതെ വലിയ സമ്മർദമുണ്ടാക്കുകയും വലിയ നിർമാണ പ്രവർത്തനങ്ങൾ നടത്തുകയും മോണോക്രോപ് കൃഷിരീതികളിലൂടെ ദുരന്തങ്ങളുടെ ആഘാതം വർധിപ്പിക്കുകയും ചെയ്യുന്നവർ ആരും ഇരകളാക്കപ്പെടുന്നില്ല.
അതിതീവ്ര മഴയും അത് അങ്ങേയറ്റം ദുർബലമായ മണ്ണിൽ ആഘാതമുണ്ടാക്കിയതും തന്നെയാണ് ഇക്കുറിയും ഉരുൾപൊട്ടലിന് കാരണം. എന്നാൽ, അതിനെ തീവ്രമാക്കിയ ഘടകങ്ങൾ ചർച്ചചെയ്യപ്പെടരുത് എന്ന വാശി തുടക്കത്തിലേ സർക്കാറുമായി ബന്ധമുള്ളവർക്ക് ഉണ്ടായിരുന്നു എന്നുവേണം അനുമാനിക്കാൻ. ഇപ്പോൾപോലും ദുരന്തനിവാരണ-രക്ഷാ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതിയെന്നും ബാക്കിയെല്ലാം പിന്നീട് തീരുമാനിക്കാമെന്നുമാണ് സർക്കാർ പക്ഷപാതികൾ പറയുന്നത്. കേരളത്തിൽ ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ ഒരു ലക്ഷത്തിൽ അധികമാളുകൾ ജീവിക്കുന്നുണ്ട് എന്നാണ് സർക്കാറിന്റെ തന്നെ കണക്ക്. അവർക്കുവേണ്ടിയെങ്കിലും നമ്മൾ ദുരന്തങ്ങളുടെ കാരണങ്ങളും അവ ഒഴിവാക്കി നിർത്താനുള്ള മാർഗങ്ങളും ചർച്ച ചെയ്യേണ്ടതില്ലേ?
ദുരന്തം വന്നാൽ നടക്കുന്ന രക്ഷാപ്രവർത്തനങ്ങളിൽ കേരളം ലോകമാതൃകയാണ്. ദുരിതാശ്വാസ ക്യാമ്പുകളുടെ കാര്യത്തിലും മാതൃകയാണ്. എന്നാൽ ദുരന്തങ്ങളെ ഒഴിവാക്കി നിർത്തുന്നതിലോ ഉണ്ടായാൽതന്നെ അവയുടെ കാഠിന്യം കുറക്കുന്നതിലോ സമഗ്രവും ശാസ്ത്രീയവുമായ പുനരധിവാസം ഉറപ്പാക്കുന്നതിലോ നമുക്ക് കാര്യമായൊന്നും മുന്നേറാൻ ആയിട്ടില്ല എന്നതാണ് വാസ്തവം.
ഇതേ മലനിരകളുടെ ഉൾഭാഗം തുളച്ചുകൊണ്ട് നടപ്പാക്കാൻ പോകുന്ന വയനാട്ടിലേക്കുള്ള നിരവധി കോടികൾ ചെലവിട്ടുള്ള തുരങ്കപാതയുടെ കാര്യത്തിലോ അശാസ്ത്രീയ ടൂറിസം വികസനത്തിന്റെ കാര്യത്തിലോ ഒരു പുനരാലോചനയും ഇതുവരെ ഉണ്ടായിട്ടില്ല. ഇതേ പാരിസ്ഥിതിക ലോല മേഖലയിൽ അൽപം മാറിയാണ് വിമാനത്താവളം അടക്കമുള്ള ലോകത്തിലെ ഏറ്റവും വലിയ ടൂറിസം പദ്ധതി പ്രമുഖ സ്വർണവ്യാപാരി വിഭാവനം ചെയ്യുന്നതും സർക്കാർ അതിന് അംഗീകാരം കൊടുക്കുന്നതും. കാലാവസ്ഥാ വെല്ലുവിളികളെ നേരിടാൻപോന്ന ഒരു മാസ്റ്റർപ്ലാനോ നിർമാണശൈലിയോപോലും 2018ലെ മഹാപ്രളയം കണ്ടവരായിട്ടുപോലും നമ്മൾ അന്വേഷിക്കുന്നില്ല.
വികസനമെന്ന പേരിൽ വയനാട്ടിലടക്കം നടപ്പാക്കുന്ന പല പദ്ധതികളും കാലാവസ്ഥാ ദുരിതങ്ങളുടെ ആഘാതംകൂട്ടുന്നവയാണ്. അതുകൊണ്ടാണ് അവയുടെ മേൽ സ്വതന്ത്ര ചർച്ചകൾ വരാതിരിക്കാൻ അധികാരികൾ ജാഗ്രത പുലർത്തുന്നത്. ശാസ്ത്രജ്ഞർ ദുരന്തമേഖലയിൽ പോകുന്നതും മാധ്യമങ്ങളോട് സംസാരിക്കുന്നതും വരെ വിലക്കിയത് വലിയ വിമർശനം ഉണ്ടായപ്പോൾ പിൻവലിച്ചെങ്കിലും അതിന് പിന്നിലെ താൽപര്യങ്ങൾ വളരെ വ്യക്തമാണ്. മുഖ്യധാരാ ടൂറിസത്തിെന്റ ജീവാത്മാവും പരമാത്മാവുമായ ചീഫ് സെക്രട്ടറിയടക്കം ദുരന്തങ്ങൾ എങ്ങനെ റിപ്പോർട്ട് ചെയ്യണമെന്ന് മാധ്യമങ്ങളെ പഠിപ്പിക്കാൻ ഇറങ്ങിയതും നമ്മൾ കണ്ടു.
മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ഒഴിവാക്കാമായിരുന്നതല്ല. പക്ഷേ, ഏറ്റവും കുറഞ്ഞത് മരണനിരക്ക് എങ്കിലും നമുക്ക് കുറക്കാൻ കഴിയുമായിരുന്നു.പശ്ചിമഘട്ട മലനിരകളിലെ കേരളത്തിലെ ഉയരം കൂടിയ കൊടുമുടികളിൽ രണ്ടാമത്തേത് വെള്ളരിമല-ചെമ്പ്ര പീക് മലനിരകളാണ്. വെള്ളരിമലയുടെ മുകളിലേക്ക് സമുദ്രനിരപ്പിൽനിന്നും 2000 മീറ്റർ ഉയരമുണ്ട്. പാരിസ്ഥിതികമായി വലിയ പ്രാധാന്യമുള്ള ചെമ്പ്ര മലകൾ, അരുണമല, തൊള്ളായിരംകണ്ടി, വെള്ളരിമല എന്നിവയടങ്ങിയ ക്യാമൽ ഹംപ് മലനിരകളുടെ തെക്കെ അറ്റത്തിന്റെ കിഴക്കൻ ചരിവിലാണ് മുണ്ടക്കൈ. ഈ മലനിരകളുടെ പടിഞ്ഞാറൻ ഭാഗത്ത് കോഴിക്കോട് ജില്ലയും നിലമ്പൂർ വാലിയും വരുന്നു. മുണ്ടെക്കെ പ്രദേശത്തുനിന്നാരംഭിക്കുന്ന നീരുറവകൾ പുന്നപ്പുഴയായി സൂചിപ്പാറ വെള്ളച്ചാട്ടം വഴി ചാലിയാറിലേക്ക് ഒഴുകിപ്പോകുന്നു.
2019ൽ മുണ്ടക്കൈക്കു ചുറ്റുമുള്ള മലഞ്ചെരുവുകളിൽ മൂന്ന് വലിയ ഉരുൾപൊട്ടലുകളുണ്ടായതായി നമുക്കറിയാം. വിളിപ്പാട് മാത്രം അകലെയുള്ള പുത്തുമലയും പടിഞ്ഞാറൻ ചരിവിലെ പാതാറും കവളപ്പാറയും. തൊട്ടടുത്ത വർഷം മുണ്ടെക്കെയിൽ വീണ്ടും ഒരു വലിയ ഉരുൾപൊട്ടലുണ്ടായി. മനുഷ്യജീവന് ആ സമയത്ത് നാശമുണ്ടായില്ലെന്നു മാത്രം.
വളരെ ശ്രദ്ധാപൂർവം കൈകാര്യംചെയ്യേണ്ടുന്ന ഈ മലനിരകളുടെ താഴ്വാരങ്ങൾ തേയിലത്തോട്ടങ്ങൾ നിർമിക്കാൻ ബ്രിട്ടീഷ് കാലഘട്ടത്തിൽ കൈമാറിയിടത്തുനിന്നാണ് ഇന്നത്തെ ദുരന്തങ്ങളുടെ തുടക്കം. തേയിലക്കൊപ്പം ചിലയിടങ്ങളിൽ ഏലവും കൃഷിചെയ്തു. വലിയ മരങ്ങൾ വെട്ടിയെടുത്ത് കല്ലായിയിലെയും ഫറോക്കിലെയും തടിമില്ലുകളിലേക്ക് കൊണ്ടുപോയി. 1970ലെ പ്രൈവറ്റ് ഫോറസ്റ്റ് വെസ്റ്റിങ് ആൻഡ് അസൈൻമെന്റ് നിയമത്തെ തുടർന്ന് ശേഷിച്ച വനപ്രദേശങ്ങൾകൂടി മൊട്ടയാക്കപ്പെട്ടു.
1980കളിൽ വയനാട് ജില്ല രൂപവത്കരിക്കപ്പെട്ടശേഷം വികസന മുൻഗണനകൾ നല്ലനിലയിൽ മാറി. പ്രാദേശികമായ പാരിസ്ഥിതിക വെല്ലുവിളികളെ അവഗണിച്ചുള്ള വികസന വായ്ത്താരി ഉയർന്നുവന്നു. വിമാനത്താവളവും നിലമ്പൂർ-നഞ്ചൻകോട് റെയിൽപാതയും മെഡിക്കൽ കോളജുമെല്ലാം അനിവാര്യതകളായി അവതരിപ്പിക്കപ്പെട്ടു. വൻതോതിൽ സ്വകാര്യ മൂലധനം ഇവിടേക്കൊഴുകി. കൈയേറ്റക്കാരും ഭൂമാഫിയകളും തഴച്ചുവളർന്നു. അവർ നാടിന്റെ മുൻഗണനകൾ നിശ്ചയിച്ചു. സുസ്ഥിര വികസനം എന്നത് അവർക്ക് വളരെ വേഗം അശ്ലീല പദമായി. നീർച്ചോലകളും തണ്ണീർത്തടങ്ങളുംപോലും നികത്തപ്പെട്ടു. കാട് വ്യാപകമായി കൈയേറപ്പെട്ടു. അശാസ്ത്രീയമായ കെട്ടിടനിർമാണമടക്കം വയനാടിന് മീതെ വേറെയും വിപത്തുകൾ വന്നു.
മുണ്ടക്കൈയും പരിസര പ്രദേശങ്ങളും റിസോർട്ടുകളുടെയും ഹോം സ്റ്റേകളുടെയും കേന്ദ്രമായി എന്ന് മാത്രമല്ല സാഹസിക ടൂറിസത്തിന്റെയും ടെന്റ് ടൂറിസത്തിന്റെയും ഗ്ലാസ് ബ്രിഡ്ജുകളുടെയും ഒക്കെ നടത്തിപ്പിലൂടെ വലിയതോതിൽ സഞ്ചാരികളെ ആകർഷിച്ചു. വെള്ളരിമലയിലും ചെമ്പ്രമലയിലും നടന്നുവരുന്ന അനിയന്ത്രിത ടൂറിസമാണ് പുത്തുമല ഉരുൾപൊട്ടലിന്റെയും മുണ്ടക്കൈ ദുരന്തങ്ങളുടെയും പ്രധാന കാരണങ്ങളിൽ ഒന്ന് എന്നത് സമ്മതിച്ചുതരാൻ അധികൃതർക്ക് മടിയാണ്. മുണ്ടക്കൈ ഉൾപ്പെടുന്ന മേപ്പാടി പഞ്ചായത്തും തൊട്ടടുത്ത മൂപ്പൈനാട് പഞ്ചായത്തും നിരവധി ക്വാറികളുടെ പേരിലും കുപ്രസിദ്ധമാണ്. മുണ്ടെക്കെയിൽനിന്നും ആകാശമാർഗം 1.5 കിലോമീറ്റർ വരുന്ന വാളത്തൂർ ചീരമട്ടത്ത് ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് ജില്ല കലക്ടർ പൂട്ടിച്ച ക്വാറിക്ക് മൂപ്പൈനാട് പഞ്ചായത്ത് വീണ്ടും ലൈസൻസ് നൽകിയത് രണ്ടാഴ്ച മുമ്പു മാത്രമാണ്. വയനാട്ടിലെ പാരിസ്ഥിതികവും അതിജീവനപരവുമായ പ്രശ്നങ്ങളിൽ ഇന്ന് അഭിപ്രായം പറയുന്നതുതന്നെ വളരെ സൂക്ഷിച്ചുവേണം എന്നായിരിക്കുന്നു.
സംസ്ഥാന അതിർത്തികൾ മാറ്റിനിർത്തിയാൽ കഴിഞ്ഞ ആറ് വർഷങ്ങളിൽ നീലഗിരിയിലും കുടകിലും സംഭവിച്ച വലിയ പാരിസ്ഥിതിക ദുരന്തങ്ങളും വയനാട്ടിലേതിന് സമാനമാണ്. ആഗോള താപനത്തെയും അതുണ്ടാക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെയും കുറച്ചുകണ്ട് വികസിതരാജ്യങ്ങൾ നമുക്കു വന്ന നഷ്ടങ്ങൾക്ക് സാമ്പത്തിക പരിഹാരങ്ങൾ നൽകുന്ന അവസ്ഥയെ ഇല്ലാതാക്കുന്നത് ശരിയല്ല. കാലാവസ്ഥാ നീതി വയനാടിനും ലഭ്യമാകണം. അതുകൊണ്ട് ആ അർഥത്തിലുള്ള പഠനങ്ങളെയും ഗവേഷണങ്ങളെയും അവ അർഹിക്കുന്ന ഗൗരവത്തിൽതന്നെ കാണണം.
എന്നാൽ, ഈ ദുരന്തങ്ങളിൽ പ്രാദേശികമായ പരിസ്ഥിതി കൈയേറ്റങ്ങളും മനുഷ്യരുടെ ഇടപെടലുകളും അശാസ്ത്രീയമായ വികസന പദ്ധതികളും ജനങ്ങൾക്ക് ആവശ്യമില്ലാത്ത വൻകിട മൂലധന നിക്ഷേപങ്ങളും അനധികൃത നിർമാണങ്ങളും പുഴയും കാടും കൈയേറലും അവയുടേതായ നിലയിൽ വലിയതോതിൽ സംഭാവനകൾ നൽകിയിട്ടുണ്ട് എന്നതും വാസ്തവമാണ്. അതുകൊണ്ടുതന്നെ ആഗോളതലത്തിലും പ്രാദേശിക തലത്തിലും സംഭവിച്ചിട്ടുള്ള ജനവിരുദ്ധവും പ്രകൃതിവിരുദ്ധവും സാമൂഹിക വിരുദ്ധവുമായ പ്രക്രിയയുടെ ആകത്തുകയാണ് വയനാട്ടിലെ ഇപ്പോഴും തുടരുന്ന പാരിസ്ഥിതിക ദുരന്തങ്ങൾ. ഏതാണ്ട് സമാനമായ ദുരന്തങ്ങളാണ് കുടകിലും നീലഗിരിയിലും സംഭവിച്ചിരിക്കുന്നത്.
പ്രകൃതിയെ നശിപ്പിക്കുന്നതിൽ നീലഗിരി ബയോസ്ഫിയർ റിസർവ് മേഖലയിലെ ഈ മൂന്നു ജില്ലകൾക്കും സമാന സ്വഭാവമാണ്. കടുവകൾ നീതിപാലിക്കണം എന്ന് പറഞ്ഞു മുദ്രാവാക്യം വിളിച്ചവരും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തിയാൽ ജാലിയൻ വാലാബാഗ് ആവർത്തിക്കുമെന്ന് ഭീഷണി മുഴക്കിയവരും ഒക്കെ എവിടെയും പോയിട്ടില്ല. ഇവിടെതന്നെയുണ്ട്. തൽക്കാലം മൗനികളാണെന്ന് മാത്രമേയുള്ളൂ.
അശാസ്ത്രീയ നിർമാണങ്ങൾ, ഭൂമിയുടെ തെറ്റായ ഉപയോഗം, ബഹുകൃത കാർഷിക പ്രവർത്തനങ്ങളിൽനിന്നും ഏകവിള സംവിധാനത്തിലേക്കുള്ള ലാഭം മാത്രം നോക്കിയുള്ള എടുത്തുചാട്ടം എന്നിവയിലെല്ലാം വലിയ മൂലധന താൽപര്യങ്ങൾ വ്യക്തമാണെങ്കിലും കൂട്ടത്തിൽ ഇവക്കെല്ലാം സാധാരണക്കാർക്ക് ഇടയിൽ സ്വീകാര്യത ഉണ്ടാക്കുന്നതിലും തൽപരകക്ഷികൾ വിജയിച്ചു കഴിഞ്ഞിരിക്കുന്നു. വലിയതോതിലുള്ള പരിസ്ഥിതി ദുരന്തങ്ങൾ വരുമ്പോൾ അവയുടെ രക്തസാക്ഷികൾ ആകുന്നത് നാളിതുവരെ തെറ്റിദ്ധരിക്കപ്പെട്ട തങ്ങൾ മാത്രമായിരിക്കും എന്ന് ചെറുകിട-നാമമാത്ര കർഷകരും ഇതര കർഷക തൊഴിലാളികളും അസംഘടിത മേഖലകളിൽ ഉള്ളവരും ആദിവാസികളും ഇതര പിന്നാക്കക്കാരും മനസ്സിലാക്കിവരുന്നുണ്ട്. പക്ഷേ, സമയം പിന്നെയും കടന്നുപോവുകയാണ്.
മണ്ണിനും കാടിനും വിഭവങ്ങൾക്കും മീതെയുള്ള ആസൂത്രിത കൈയേറ്റങ്ങൾക്കു പൊതുവിൽ മതങ്ങളുടെ ആശീർവാദം മാത്രമായിരുന്നു സമീപകാലം വരെ എങ്കിൽ ഇടതും വലതും മധ്യത്തിലും ഉള്ള രാഷ്ട്രീയ പാർട്ടികളും ഇപ്പോൾ ആ നിലയിലേക്ക് എത്തിപ്പെട്ടിട്ടുണ്ട്. അവരെ സംബന്ധിച്ചിടത്തോളം പ്രളയവും ദുരന്തവും ആണ്ടിലൊരിക്കൽ നടത്തുന്ന ദുരിതാശ്വാസവും ചാരിറ്റി പ്രവർത്തനവും മാത്രമാണ്. മണ്ണിന്റെ ഉപയോഗത്തിലും ഭാവിയിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികളെ അതിജീവിക്കുന്ന കാർഷിക സമീപനങ്ങൾ ആവിഷ്കരിക്കുന്നതിലും പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള ടൂറിസം പ്രവർത്തനങ്ങളിലുമൊന്നും അവർക്ക് ഇന്നും മുൻഗണനകൾ കണ്ടെത്താനായിട്ടില്ല.
കേരളത്തിലെ മറ്റിടങ്ങളെ അപേക്ഷിച്ച് വയനാട്ടിൽ ആദിവാസികൾ ജനസംഖ്യയുടെ ഗണനീയമായ ഒരു ഭാഗമാണ്. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 1.14 ശതമാനം മാത്രമാണ് ആദിവാസികളെങ്കിൽ ജില്ലയിൽ ഇത് 17.43 ശതമാനമാണ്. എന്നിരിക്കിലും വയനാട്ടിലെ വികസനവും പുരോഗതിയും സംബന്ധിച്ച ചർച്ചകളിലും സമീപനങ്ങളിലും ആദിവാസികൾക്ക് ഒരു പങ്കും ഒരിക്കലും ഉണ്ടായിട്ടില്ല. എന്നാൽ, അവരും തുടർച്ചയായ കാലാവസ്ഥാ ദുരന്തങ്ങളുടെ ഇരകളാണ്.
വയനാടിന്റെ ഭാവി ടൂറിസമാണെന്നാണ് കാലങ്ങളായി വികസന വക്താക്കൾ പറയുന്നത്. എന്നാൽ, അനിയന്ത്രിതമായ ടൂറിസം വളർച്ച ജൈവൈവവിധ്യത്തെയും വന്യമൃഗങ്ങളെയും മാത്രമല്ല ആദിവാസികളെയും വളരെയധികം ദോഷകരമായി ബാധിച്ചിട്ടുണ്ട് എന്നാണ് ജർമനിയിൽനിന്നുള്ള രണ്ടു നരവംശ ശാസ്ത്രജ്ഞർ വയനാട്ടിൽ നടത്തിയ പഠനം തെളിയിക്കുന്നത്. വംശീയതയുടെ അതിർത്തികൾ ഭേദിക്കുന്ന പ്രദർശന വസ്തുക്കളായി ടൂറിസം ഉപഭോക്താക്കളുടെ മുന്നിൽ ആദിവാസികളെ അധികാരികൾ മാറ്റുകയായിരുന്നു ഉത്തരവാദിത്ത ടൂറിസം എന്ന പേരിൽ വയനാട്ടിൽ എന്നാണ് മാർട്ടിൻ ലൂഥർ സർവകലാശാലയിലെ ഡാനിയേൽ മുൻസ്റ്ററും ലുഡ്വിഗ് മാക്സിമില്യൻസ് സർവകലാശാലയിലെ ഉർസുല മുൻസ്റ്ററും വയനാട്ടിൽ ആറു വർഷം താമസിച്ചു നടത്തിയ പഠനത്തിനൊടുവിൽ കണ്ടെത്തിയത്.
വയനാട്ടിലെ ടൂറിസം ഇന്ന് പ്രധാനമായും വാണിജ്യവത്കരിച്ചിരിക്കുന്നത് കാടിനെയും പ്രകൃതിയെയും വന്യജീവികളെയും ആദിവാസികളെയുമാണ്. നാളിതുവരെ മുതലാളിത്ത വികസനത്തിലെ പ്രതിബന്ധങ്ങളായി കണ്ടിരുന്ന ഇവരെ പ്രവർത്തന മൂലധനമായി ഉപയോഗിച്ചുകൊണ്ടാണ് അതേ ശക്തികൾ കച്ചവടം നടത്തുന്നത്. ഭക്ഷ്യോൽപാദനത്തിൽനിന്നും നാണ്യവിളകളുടെ സാമ്പത്തിക വ്യവസ്ഥയിലേക്കു വയനാടിനെ പരിണമിപ്പിച്ചവർ നാണ്യവിളകളുടെ പ്രതിസന്ധിയിൽ നഷ്ടം മാറ്റാൻ സമീപിക്കുന്നത് പ്രകൃതിയെയും പ്രകൃതിവിഭവങ്ങളെയുമാണ്. അതുകൊണ്ടാണ് ഉരുൾ പൊട്ടിയ മേഖലകളോട് ചേർന്ന് കരിങ്കൽക്വാറികളും റിസോർട്ടുകളും കാണപ്പെടുന്നത്.
ഭൂമി അധിഷ്ഠിത ഉപജീവനോപാധികളിൽനിന്നും മാർക്കറ്റ് അധിഷ്ഠിത ഉപാധികളിലേക്കുള്ള മാറ്റത്തിന്റെ വ്യക്തമായ സൂചനയാണിത്. ചെറുകിട കർഷകർ വൻകിടക്കാർക്ക് കൃഷിഭൂമികൾ വിറ്റൊഴിവാക്കുന്ന അവസ്ഥയുമുണ്ട്. ജില്ലക്കു പുറത്തു നടക്കുന്ന ഇഞ്ചികൃഷി വഴി ആർജിക്കുന്ന പുത്തൻ മൂലധനങ്ങളും റിസോർട്ട് വ്യവസായത്തിന് ജില്ലയിൽ വലിയതോതിലുള്ള അടിത്തറ ഉണ്ടാക്കുന്നുണ്ട്.
സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിൽ നടന്നതുപോലുള്ള ഭൂപരിഷ്കരണമല്ല വയനാട്ടിൽ നടന്നത്. വൻകിടക്കാരുടെ വലിയതോതിലുള്ള കൈയേറ്റങ്ങൾ നിയമപരിരക്ഷ നൽകി ക്രമബദ്ധമാക്കുകയും ആദിവാസികളുടെ അന്യംനിൽക്കുന്ന ഭൂമികളെ ആ വിധത്തിൽതന്നെ ആക്കി കൊണ്ടുപോവുകയും ചെയ്യുന്നു. ആന സഫാരിപോലെ തന്നെ വിനോദസഞ്ചാരികൾക്ക് ഇന്ന് വയനാട്ടിൽ ലഭ്യമാകുന്ന ഒന്നാണ് ആദിവാസി കോളനി സന്ദർശനം. പങ്കാളിത്ത ടൂറിസം ആദിവാസികളെ കുറഞ്ഞ കൂലിയിൽ ലഭ്യമാകുന്ന തൊഴിലാളികൾ മാത്രമാക്കുന്നു. ടൂറിസം നയ രൂപവത്കരണത്തിലോ മുൻഗണനകൾ നിശ്ചയിക്കുന്നതിലോ ഒന്നും ആദിവാസികൾക്കോ സാധാരണ ജനങ്ങൾക്കോ ഇവിടെ ഒരു പങ്കുമില്ല.
ആഗോള കാലാവസ്ഥാ വ്യതിയാനത്തെ വയനാട്ടിൽ സംഭവിക്കുന്നവയുടെ കാരണങ്ങളിൽ പ്രധാനപ്പെട്ടതായി കാണാൻ സർക്കാറിനോ ടൂറിസം ലോബിക്കോ വൻകിട മുതലാളിമാർക്കോ കടുവകളോട് നീതി പാലിക്കാൻ ആവശ്യപ്പെടുന്ന മതപുരോഹിതർക്കോ തർക്കം ഉണ്ടാകില്ല. എന്നാൽ, വലിയതോതിലുള്ള വനനശീകരണം, ഉത്തരവാദിത്ത രഹിത ടൂറിസം, ആദിവാസി ഭൂമികളുടെ അന്യവത്കരിക്കപ്പെടൽ, അശാസ്ത്രീയ വികസനം, ആവാസ വ്യവസ്ഥകളുടെ തകർച്ച, വലിയ ഡാമുകളുടെ നിർമാണം എന്നിവയെല്ലാം വരുത്തിെവച്ചിട്ടുള്ള കെടുതികൾ വേണ്ട ഗൗരവത്തിൽ അവർ ഏറ്റെടുക്കാൻ തയാറാകുന്നില്ല എന്നതാണ് പ്രശ്നം.
ഗാഡ്ഗിൽ വിരുദ്ധർ എളുപ്പത്തിൽ മറക്കുന്ന ഒരു കാര്യം വയനാട് പശ്ചിമഘട്ടത്തിലെ അതിലോലമായ പ്രദേശങ്ങളിൽ ഒന്നും യുനെസ്കോയുടെ ലോക പൈതൃക സൈറ്റുകളിൽ ഒന്നും ലോകത്തിലെ എട്ടു ജൈവവൈവിധ്യ ഹോട്ട് സ്പോട്ടുകളിൽ ഒന്നും ആണെന്നതാണ്. ബിർളയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന മാവൂരിലെ ഗ്രാസിം ഗ്വാളിയോർ റയോൺസ് കമ്പനിക്കുവേണ്ടി മുളകൾ വ്യാപകമായി മുറിച്ചു തുടങ്ങിയിടത്താണ് വയനാട്ടിലെ പരിസ്ഥിതി ദുരന്തങ്ങൾ ആരംഭിക്കുന്നത്.
ഭൂമിശാസ്ത്ര വിദഗ്ധർ പറയുന്നത് ബ്രഹ്മഗിരിക്കും സുഗന്ധഗിരിക്കും ഇടയിലെ 80 കിലോമീറ്റർ ദൂരത്തിൽ ഉള്ള മലമ്പ്രദേശം ഒട്ടുംതന്നെ സുരക്ഷിതമല്ലാത്ത അവസ്ഥയിലേക്ക് മാറിയെന്നാണ്. വയനാട്ടിലെ രണ്ടു പ്രധാന ഡാമുകളും സുഗന്ധഗിരിയിലെ വെറ്ററിനറി സർവകലാശാലയും മറ്റു നിരവധി വികസന പദ്ധതികളും അനധികൃത നിർമാണങ്ങൾക്ക് ഒപ്പം വലിയ പാരിസ്ഥിതിക ദുരന്തമാണ് ഉണ്ടാക്കുന്നത്. സർവകലാശാലക്കുവേണ്ടി ഇടിച്ചുനിരത്തിയ പുൽമേടുകളും കെട്ടിടങ്ങളും വയനാടിന് എന്ത് പ്രയോജനംചെയ്തു എന്നതും ചോദ്യമാണ്.
ബാണാസുര സാഗർ വൈദ്യുതി ഉൽപാദിപ്പിക്കാൻ സഹായിക്കുമെങ്കിൽ കാരാപ്പുഴയുടെ ഉപയോഗം പ്രളയകാലത്ത് തുറന്നുവിടൽ ഭീഷണിയുണ്ടാക്കുക എന്നതിനപ്പുറം പോയിട്ടില്ല. ഈ രണ്ട് ഡാമുകളും വയനാടിന്റെ കാർഷിക സമ്പദ് വ്യവസ്ഥയെ എത്രമാത്രം ഗുണപരമായി സ്വാധീനിച്ചു എന്നതും പഠനവിഷയമാണ്.
ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും കുറഞ്ഞ സമയത്തിനുള്ളിലെ പെരുമഴകൾക്ക് കാരണമാകുമ്പോൾ കുന്നുകളിടിഞ്ഞും ഉരുൾപൊട്ടിയും വൻ പാരിസ്ഥിതിക ദുരന്തമുണ്ടാകുന്നതിൽ പ്രാദേശികമായ കടന്നുകയറ്റങ്ങൾ തന്നെയാണ് കാരണം.
പ്രളയകാലത്ത് വലിയ അളവിൽ മഴ ഉണ്ടാകുന്നുണ്ട് എങ്കിലും വർഷം മൊത്തത്തിൽ വയനാട്ടിൽ പെയ്യുന്ന മഴയുടെ അളവ് കുറയുകയാണ് എന്നാണ് വിദഗ്ധർ പറയുന്നത്. ആനത്താരകൾ നശിക്കുകയും വനങ്ങളുടെ സ്വഭാവത്തിൽ മാറ്റംവരുകയും ചെയ്തതോടെ വന്യമൃഗശല്യവും രൂക്ഷമായി. സ്ഥിതിഗതികൾ ഇത്ര രൂക്ഷമായിട്ടും വന്യമൃഗങ്ങളെ കാട്ടിൽതന്നെ ഉറപ്പിച്ചുനിർത്തും വിധമുള്ള ഹാബിറ്റാറ്റ് പുനർനിർമാണ പ്രവർത്തനങ്ങൾ സംബന്ധിച്ചും ആലോചനകൾ ഒന്നും നടക്കുന്നില്ല.
വയനാട്ടിൽ ജനിച്ചു വളരുകയും ആ മണ്ണിന്റെ ചരിത്രവും വർത്തമാനവും ഭാവിയും സംബന്ധിച്ച കടുത്ത ആകുലതകൾ ഉള്ളിൽ സൂക്ഷിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയിലാണ് ഈ വിഷയത്തിൽ ഇത്രയും പറഞ്ഞുവെക്കുന്നത്. കടുവക്കെതിരെ ജാലിയൻ വാലാ ബാഗ് എന്ന് ഭീഷണിപ്പെടുത്തുന്ന മതപുരോഹിതന്മാരുടെ അത്ര പേടിക്കേണ്ട ആളല്ല വയനാട്ടുകാർക്ക് മാധവ് ഗാഡ്ഗിൽ.