ആരോഗ്യ മോഡലിലെ തരിശുനിലങ്ങൾ
സംസ്ഥാനത്ത് സമീപകാലത്തായി പലതരം രോഗങ്ങൾ പടർന്നുപിടിക്കുന്നു. അതേസമയം, കൊട്ടിഗ്ഘോഷിക്കുന്ന കേരള ആരോഗ്യമോഡൽ പലപ്പോഴായി പാളുന്നു. കേരളത്തിലെ ആരോഗ്യമേഖലയിലും ആേരാഗ്യ മോഡലിലും അനാരോഗ്യ പ്രവണതകൾ നിലനിൽക്കുന്നുവെന്ന് വാദിക്കുന്ന ലേഖകൻ അവ എന്തെന്നും എന്താണ് പ്രതിവിധികളെന്നും വ്യക്തമാക്കുന്നു.
ആഗോളതലത്തിൽതന്നെ പ്രശസ്തമായ കേരളത്തിന്റെ ആരോഗ്യമോഡലിനെക്കുറിച്ച്, തുടർച്ചയായി ഉണ്ടാവുന്ന പകർച്ചവ്യാധികളുടെയും പുതിയ രോഗങ്ങളുടെയും പശ്ചാത്തലത്തിൽ പലതരത്തിലുള്ള വിശകലനങ്ങളും വിമർശനങ്ങളും ഉയർന്നുവരുന്നുണ്ട്. കേരളത്തിന്റെ ആരോഗ്യ മോഡൽ എന്നൊക്കെ പറയുമ്പോഴും, വാസ്തവത്തിൽ ഐക്യ കേരള രൂപവത്കരണത്തിനും സ്വാതന്ത്ര്യത്തിനുമൊക്കെ മുന്നേത്തന്നെ തിരുവിതാംകൂർ കേന്ദ്രീകരിച്ച് വിപുലവും വ്യവസ്ഥാപിതവുമായ ആരോഗ്യസംവിധാനം ഇവിടെയുണ്ടായിരുന്നുവെന്നതാണ് യാഥാർഥ്യം.
എഡ്വേർഡ് ജെന്നർ 1796ൽ ആദ്യമായി ഗോവസൂരി പ്രയോഗം വിജയകരമായി നടപ്പാക്കി 10 വർഷത്തിനുള്ളിൽതന്നെ ആ വിദ്യ തിരുവിതാംകൂറിലുമെത്തിയിട്ടുണ്ട്. റാണി ഗൗരി ലക്ഷ്മിബായ് മദ്രാസിൽനിന്ന് വിദഗ്ധരെ കൊണ്ടുവന്ന് ഒരു കന്നുകുട്ടി ലായം സ്ഥാപിച്ച് സർക്കാർ ചെലവിൽ വാക്സിനേഷൻ നടപ്പാക്കുമ്പോൾ ഈ വിദ്യ യൂറോപ്പിലും അമേരിക്കയിലും പ്രചരിച്ചുതുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. അതേ കാലത്തുതന്നെ ആശുപത്രികൾ സ്ഥാപിച്ച് വ്യവസ്ഥാപിതവും ശാസ്ത്രീയവുമായ ചികിത്സാ പദ്ധതികളും തിരുവിതാംകൂറിൽ ആവിഷ്കരിച്ചു.
തിരുവിതാംകൂറിന്റെ ഈ സവിശേഷ ആരോഗ്യമോഡലാണ് പിന്നീട് തിരു-കൊച്ചിയിലേക്കും ഐക്യ കേരള രൂപവത്കരണത്തിനുശേഷം മലബാറിലേക്കും വളർന്നത്. ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള പ്രഥമ സർക്കാർ കേരള മോഡലിനായി പ്രത്യേക പദ്ധതികളും നയങ്ങളും ആവിഷ്കരിക്കുകയുംചെയ്തു. തുടർന്നുവന്ന സർക്കാറുകളും അതേറ്റുപിടിച്ചതോടെ, ഇതര സംസ്ഥാനങ്ങളിൽനിന്നും ഭിന്നമായതും വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതുമായൊരു ആരോഗ്യ-ചികിത്സാ മേഖല കേരളത്തിൽ യാഥാർഥ്യമായി. ഇതിനെയാണ് നാം സാമാന്യമായി കേരള ആരോഗ്യ മോഡൽ എന്നു പറയാറുള്ളത്.
ഈ ആരോഗ്യമോഡലിന്റെ വലിയതോതിലുള്ള ഗുണഫലങ്ങളും കേരളീയർ അനുഭവിക്കുന്നുണ്ട്. നിപയുടെയും കോവിഡിന്റെയുമെല്ലാം അനുഭവത്തിൽ അക്കാര്യം എളുപ്പത്തിൽ ബോധ്യമാകും. നിപയുടെ കാര്യം തന്നെയെടുക്കുക: 2018ലാണ് കേരളത്തിൽ നിപ ആദ്യമായി റിപ്പോർട്ട് ചെയ്തത്.
ലോകത്ത് അത്യപൂർവമായി മാത്രം റിപ്പോർട്ട് ചെയ്തിട്ടുള്ള നിപ വൈറസിനെ കേവലം മൂന്നാഴ്ചകൊണ്ടാണ് അന്ന് നിയന്ത്രിച്ചത്; മരണസംഖ്യ 17ൽ ഒതുക്കാൻ കഴിഞ്ഞുവെന്നതും ചെറിയ കാര്യമല്ല. തൊട്ടടുത്തവർഷം രോഗം റിപ്പോർട്ട് ചെയ്തെങ്കിലും കാര്യമായ പരിക്കുകളില്ലാതെ മുന്നോട്ടുപോകാൻ കഴിഞ്ഞതും നമ്മുടെ ആരോഗ്യ മോഡലിന്റെ മികവുകൊണ്ടു മാത്രമാണ്. പിന്നീട് രണ്ടു തവണകൂടി കേരളത്തിൽ നിപ റിപ്പോർട്ട് ചെയ്തുവെങ്കിലും അതൊരു ആരോഗ്യ അടിയന്തരാവസ്ഥയായി മാറാതിരുന്നതും നമ്മുടെ സംവിധാനങ്ങളുടെ മികവുകൊണ്ടും അധികാരികളുടെ ജാഗ്രതമൂലവുമാണ്. ഈ മികവ് കോവിഡ് കാലത്തും നമുക്ക് രക്ഷയായിട്ടുണ്ട്.
അതുകൊണ്ടുകൂടിയാണ് തുടർച്ചയായ വർഷങ്ങളിലും നിതി ആയോഗ് റിപ്പോർട്ടിൽ കേരളം ഒന്നാം സ്ഥാനത്ത് വരുന്നത്. മാത്രവുമല്ല, ഏതുതരം ആരോഗ്യ സൂചികകൾ പരിശോധിച്ചാലും, കേരളം പലപ്പോഴും ഏറെ മുന്നിൽനിൽക്കുന്നതായും കാണാം. ഉദാഹരണത്തിന്, ഇന്ത്യയിലെ ശിശുമരണ നിരക്ക് കണക്കാക്കിയിരിക്കുന്നത് 27 എന്നാണ്. ആയിരം കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ, അവരിൽ ഒരു വയസ്സിനു മുന്നേ 27 പേർ മരണത്തിന് കീഴ്പ്പെടുന്നുവെന്നാണ് ഇതിനർഥം. കേരളത്തിൽ ഇത് കേവലം ആറ് ആണ്; അമേരിക്കയുടെ അതേ നിരക്ക്! ആയുർദൈർഘ്യത്തിന്റെ കാര്യത്തിൽ കേരളം ദേശീയ ശരാശരിയേക്കാൾ (68) ആറു വർഷം കൂടുതലാണ്.
ആരോഗ്യ മോഡലിലെ അനാരോഗ്യ പ്രവണതകൾ
ഇത്തരം നേട്ടങ്ങൾക്കൊപ്പം കാലങ്ങളായി ആരോഗ്യ മോഡലിന്റെ ചില ന്യൂനതകളും പലപ്പോഴും ഒരു വിമർശനമായിത്തന്നെ ഉയർന്നുവരാറുണ്ട്. ആരോഗ്യ സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും വിതരണത്തിലെ അശാസ്ത്രീയതയാണ് ഇക്കാര്യത്തിൽ എടുത്തുപറയാവുന്ന ഒന്ന്. തുടക്കത്തിൽ സൂചിപ്പിച്ചപോലെ, തിരുവിതാംകൂർ കേന്ദ്രീകരിച്ച് ആരംഭിച്ച മോഡലിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ഇപ്പോഴും ആ മേഖലയിലുള്ളവരായി ചുരുങ്ങിപ്പോകുന്ന സ്ഥിതിവിശേഷമുണ്ട്. മെഡിക്കൽ കോളജുകൾ, സ്പെഷാലിറ്റി ആശുപത്രികൾ, ത്രിതല ആരോഗ്യ സംവിധാനങ്ങൾ തുടങ്ങിയവയുടെ എണ്ണം പരിശോധിക്കുമ്പോൾ അതിന്റെ വിതരണം ജനസംഖ്യാനുപാതികമല്ലെന്ന് കാണാനാകും.
മലബാറിലെ ജില്ലകളെ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത വല്ലാതെ അലട്ടുന്നുണ്ട്. മറ്റൊന്ന്, കേരളത്തിലെ ആദിവാസി മേഖലകളിലെ ആരോഗ്യസംവിധാനങ്ങളുടെ ദുരവസ്ഥയാണ്. അട്ടപ്പാടി ഉൾപ്പെടെയുള്ള ആദിവാസി മേഖലകളിൽ ശിശുമരണ നിരക്ക് ദേശീയ ശരാശരിയോളം വരുന്നുണ്ട്. മാത്രമല്ല, ആരോഗ്യ മോഡലിൽനിന്ന് പൂർണമായും തഴയപ്പെട്ട വിഭാഗമായി അവർ മാറിയിരിക്കുന്നു. സംസ്ഥാന പട്ടികജാതി-പട്ടിക വർഗ വികസന മന്ത്രി ഒ.ആർ. കേളു അധ്യക്ഷനായ നിയമസഭാ സമിതി രണ്ടാം പിണറായി സർക്കാറിന്റെ തുടക്കകാലത്ത് നടത്തിയ അന്വേഷണത്തിൽതന്നെ ആദിവാസി മേഖലയിലെ ആരോഗ്യ അടിയന്തരാവസ്ഥയെക്കുറിച്ച് കൃത്യമായ കണ്ടെത്തൽ നടത്തിയിരുന്നു.
2021 നവംബറിൽ അട്ടപ്പാടിയിൽ ഒമ്പത് ആദിവാസി ശിശുക്കൾ മരിച്ച പശ്ചാത്തലത്തിലായിരുന്നു ഈ അന്വേഷണം. അട്ടപ്പാടിയിലെ 80 ശതമാനത്തോളം പേരും മതിയായ പോഷകാഹാരം കിട്ടാതെ രക്തക്കുറവിനാൽ വിളർച്ച ബാധിച്ചവരും അരിവാൾ രോഗം പിടിപെട്ടവരുമാണെന്ന് റിപ്പോർട്ടിന്റെ തുടക്കത്തിൽതന്നെ വ്യക്തമാക്കുന്നുണ്ട്.
കേരള മോഡലിനുള്ളിലെ ആദിവാസികളുടെ ആരോഗ്യസ്ഥിതി റിപ്പോർട്ടിൽ ഇങ്ങനെ വായിക്കാം: ‘‘അട്ടപ്പാടിയിൽ ഒരു വർഷത്തിനിടെ ട്രൈബൽ വിഭാഗത്തിൽപെട്ടവരിൽ 229 പേരാണ് ഗർഭിണികളായിട്ടുള്ളതെന്നും അതിൽതന്നെ ഹൈ റിസ്കിൽ 185 പേരും വെരി ഹൈ റിസ്കിൽ 42 പേരും ഉൾപ്പെട്ടിരിക്കുന്നുവെന്നും ഗർഭിണികളിൽതന്നെ 15 പേർക്ക് അരിവാൾരോഗം സ്ഥിരീകരിച്ചിരിക്കുന്നുവെന്നും കുട്ടികളിൽ ഗുരുതരമായ തോതിൽ പോഷകാഹാരക്കുറവുള്ളത് 33 പേർക്കും മോഡറേറ്റ് പോഷകാഹാരക്കുറവുള്ളത് 162 പേർക്കുമാണെന്നും പാലക്കാട് ഡി.എം.ഒ വ്യക്തമാക്കി. 2013നുശേഷം, അരിവാൾ രോഗത്തിന്റെ സ്ക്രീനിങ് നടത്തിയിട്ടില്ല.’’ അട്ടപ്പാടിയിൽ ആദിവാസികൾക്ക് ആശ്രയിക്കാവുന്ന ഏക ആരോഗ്യ കേന്ദ്രമാണ് കോട്ടത്തറ ആശുപത്രി. പരിമിതികളുടെ നടുവിലാണ് ഈ ആശുപത്രി പ്രവർത്തിക്കുന്നതെന്ന് സമിതിയും സമ്മതിക്കുന്നുണ്ട്.
പ്രതിവർഷം ആയിരം ഗർഭിണികൾക്കെങ്കിലും ആശ്രയമാകുന്ന ഈ ആശുപത്രിയിൽ സ്കാനിങ് സൗകര്യം ആഴ്ചയിൽ ഒരു ദിവസം മാത്രമാണ്. പോഷകക്കുറവ്, അരിവാൾ രോഗം തുടങ്ങിയ അസുഖങ്ങൾ ഉള്ള സ്ത്രീകൾക്ക് വിദഗ്ധ ചികിത്സ നൽകാൻ ആവശ്യത്തിന് ഡോക്ടർമാരോ സംവിധാനങ്ങളോ ഇവിടെയില്ല.
ഇത്തരം രോഗികളെ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞയക്കുകയാണത്രെ പതിവ്. ചുരം കടന്ന് കിലോമീറ്ററുകളോളം യാത്ര ചെയ്യാനുള്ള ഗതാഗത സൗകര്യങ്ങളോ സാമ്പത്തിക സ്ഥിതിയോ അട്ടപ്പാടിയിലെ ആദിവാസികൾക്കില്ല. അതുകൊണ്ടാണ് പലപ്പോഴും ‘ആദിവാസി സ്ത്രീ വഴിയിൽ പ്രസവിച്ചു’ എന്നതരത്തിലുള്ള വാർത്തകൾ നിരന്തരമായി മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. അഥവാ, കൊട്ടിഗ്ഘോഷിക്കപ്പെടുന്ന ആരോഗ്യ മോഡലിന്റെ പുറംപോക്കിൽ കഴിയുന്ന വലിയൊരു ജനവിഭാഗവും ഇവിടെയുണ്ടെന്നർഥം.
പിടിച്ചുകെട്ടാനാകാതെ എൻ.സി.ഡി
ആരോഗ്യ മോഡലിന് അപവാദമായ പ്രവണതകളിൽ മേൽസൂചിപ്പിച്ച രണ്ട് കാര്യങ്ങളുടെയും അടിസ്ഥാന കാരണമായി ചൂണ്ടിക്കാണിക്കാവുന്നത് ആരോഗ്യ പരിപാലനത്തിലെ വിവേചനവും കെടുകാര്യസ്ഥതയും അഴിമതിയുമൊക്കെയാണ്. ആരോഗ്യ മോഡലിന്റെ ഭാഗമായുള്ള പ്രതിരോധ-ബോധവത്കരണ പ്രവർത്തനങ്ങൾ ഈ മേഖലയിലെത്താത്തതും മറ്റൊരു കാരണമാണ്. എന്നാൽ, ഇതിൽനിന്ന് ഭിന്നമായ മറ്റു ചില അപകടകരമായ വശങ്ങൾകൂടി ഇവിടെ നിലനിൽക്കുന്നുണ്ട്.
അതിലൊന്നാണ് എൻ.സി.ഡി അഥവാ, നോൺ കമ്യൂണിക്കബ്ൾ ഡിസീസ്; പകർച്ചേതര വ്യാധികൾ എന്നു വേണമെങ്കിൽ പറയാം. മഹാമാരിയടക്കമുള്ള വ്യാധികൾ സൃഷ്ടിച്ച അപകടത്തേക്കാൾ വലുതാണ് എൻ.സി.ഡി മൂലമുണ്ടായിക്കൊണ്ടിരിക്കുന്ന അത്യാഹിതങ്ങൾ. എൻ.സി.ഡികൾ പലതരമുണ്ട്: അർബുദം, പ്രമേഹം, ഹൃദ്രോഗം, ആസ്ത്മ പോലുള്ള ക്രോണിക് റെസ്പിറേറ്ററി ഡിസീസസ് (സി.ഒ.പി.ഡി) എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ട എൻ.സി.ഡികൾ. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം, ലോകത്ത് ഒരു വർഷം 4.1 കോടി മനുഷ്യർ പലവിധ എൻ.സി.ഡി കാരണം മരിക്കുന്നുണ്ട്. പ്രതിവർഷം ആഗോള മരണനിരക്കിന്റെ 75 ശതമാനം വരുമിത്.
ഇതിൽ 80 ശതമാനം മരണവും മേൽ സൂചിപ്പിച്ച നാല് രോഗങ്ങൾ മൂലമാണ്. ഇതിൽതന്നെ നാലിലൊന്ന് പേർ 30നും 70നും ഇടയിൽ പ്രായമുള്ളവർ. സമാനമാണ് ഇന്ത്യയിലെയും അവസ്ഥ. രാജ്യത്തെ മരണനിരക്കിന്റെ 68 ശതമാനവും അർബുദം, പ്രമേഹം, ഹൃദ്രോഗം, ആസ്ത്മ പോലുള്ള ക്രോണിക് റെസ്പിറേറ്ററി ഡിസീസസ് (സി.ഒ.പി.ഡി) മൂലമാണെന്ന് വിവിധ റിപ്പോർട്ടുകൾ സാക്ഷ്യപ്പെടുത്തുന്നു. കേരളവും എൻ.സി.ഡി ഭീതിയിലാണ്. ഐ.സി.എം.ആറിന്റെ പഠനപ്രകാരം, ഇന്ത്യയിൽ എൻ.സി.ഡി രോഗ ‘വ്യാപനം’ ഏറ്റവും കൂടുതലുള്ള മൂന്ന് സംസ്ഥാനങ്ങളിലൊന്നാണ് കേരളം.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രമേഹ രോഗികളുള്ള സംസ്ഥാനംകൂടിയാണ് കേരളം. മറ്റൊരുതരത്തിൽ പറഞ്ഞാൽ, ആഗോളതലത്തിൽ തന്നെ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആരോഗ്യ വിപത്താണ് എൻ.സി.ഡി. ഇന്ത്യയിൽ അതിന്റെ ഹോട്ട്സ്പോട്ട് കേരളമാണ്. ഈ പ്രതിസന്ധിയെ കേരളീയ സമൂഹം വേണ്ടത്ര ഗൗരവത്തോടെ സമീപിച്ചിട്ടുണ്ടോ എന്ന കാര്യം സംശയമാണ്.
എൻ.സി.ഡി പ്രതിരോധത്തിന്റെ ഭാഗമായി ചില പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്നുണ്ട്. അതിലൊന്നാണ് അമൃതം ആരോഗ്യം പദ്ധതി. കഴിഞ്ഞ 10 വർഷമായി ഈ പദ്ധതി വഴി പലകാര്യങ്ങളും ആരോഗ്യവകുപ്പ് ചെയ്യുന്നുണ്ട്. വർധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങൾക്കെതിരായ പലതട്ടുകളിലുള്ള പ്രതിരോധ പരിപാടിയാണിത്. സംസ്ഥാനത്തെ 230 കമ്യൂണിറ്റി സെന്ററുകളിലും 835 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും 5000ൽ പരം സബ്സെന്ററുകളിലും ജീവിതശൈലീ രോഗ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്.
ആഴ്ചയിൽ ഒരുദിവസമാണ് ഇത് പ്രവർത്തിക്കുക. രോഗപ്രതിരോധം, രോഗനിർണയം, ബോധവത്കരണം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായാണ് ഇത് വിഭാവന ചെയ്തിട്ടുള്ളതെങ്കിലും ഇത് വേണ്ടത്ര ഫലപ്രദമായോ എന്ന് പുനരാലോചിക്കേണ്ടിയിരിക്കുന്നു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നാഷനൽ ഹെൽത്ത് മിഷൻ, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ സ്കൂളുകളിൽ തുടർച്ചയായി ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കണമെന്നും ആരോഗ്യകരമായ ഭക്ഷണം, വ്യായാമത്തിന്റെ അനിവാര്യത, ദുശ്ശീലങ്ങളിൽനിന്നുള്ള മോചനം എന്നിവക്ക് ഊന്നൽ നൽകുകയും യോഗ ഉൾപ്പെടെയുള്ള എയ്റോബിക് വ്യായാമങ്ങൾ കുട്ടികളെ പരിശീലിപ്പിക്കുകയുമൊക്കെ ചെയ്യണമെന്നാണ് പദ്ധതി വിഭാവന ചെയ്യുമ്പോൾ നിർദേശിക്കപ്പെട്ടിരുന്നത്.
ഇതൊക്കെ കൃത്യമായി എവിടെയെങ്കിലും നടക്കുന്നുണ്ടോ എന്ന് സംശയമാണ്. അതേസമയം, എൻ.സി.ഡിയുടെ അപകടങ്ങളെ കുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ആയുർദൈർഘ്യം താരതമ്യേന കൂടുതലുള്ള സംസ്ഥാനമാണ് കേരളം. എൻ.സി.ഡി മരണങ്ങളിൽ 25 ശതമാനവും ‘പ്രീമെച്വർ ഡെത്ത്’ ആണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ആളുകൾ ആയുസ്സെത്താതെ മരിക്കുന്നുവെന്നർഥം. ജനസംഖ്യാ വിതരണത്തിൽ നിലവിൽതന്നെ കാര്യമായ അസന്തുലിതത്വം നിലനിൽക്കുന്ന സംസ്ഥാനത്ത് എൻ.സി.ഡിക്കെതിരെ കാര്യമായ പ്രതിരോധം തീർത്തില്ലെങ്കിൽ അത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും. അതുകൊണ്ടുതന്നെ, സവിശേഷമായൊരു ആരോഗ്യ മോഡൽ എൻ.സി.ഡിയുടെ കാര്യത്തിൽ അത്യന്താപേക്ഷിതമാണ്. നിർഭാഗ്യവശാൽ, ചില ചട്ടപ്പടി പദ്ധതികളിൽ പ്രതിരോധം പരിമിതപ്പെടുന്നു.
1991ൽ, കേരളത്തിൽ ലക്ഷത്തിൽ 420 മരണങ്ങൾ മാത്രമായിരുന്നു എൻ.സി.ഡിമൂലം റിപ്പോർട്ട് ചെയ്തത്; 2022ലെത്തുമ്പോൾ അത് 600 കടന്നിരിക്കുന്നു. കാർഡിയോ വാസ്കുലാർ (231-292), ആസ്ത്മ (62-67), പ്രമേഹം (35-65) എന്നിങ്ങനെയാണ് മരണത്തിന്റെ കണക്ക്. ഇതിൽ പ്രമേഹത്തിന്റെ കാര്യം പ്രത്യേകം ശ്രദ്ധിക്കുക: 20 വർഷത്തിനിടെ, പ്രമേഹത്താലുള്ള മരണനിരക്ക് സംസ്ഥാനത്ത് ഇരട്ടിയായി! എൻ.സി.ഡിയിൽ തന്നെ, കേരളത്തെ കാർന്നുതിന്നുന്ന മഹാവിപത്താണ് പ്രമേഹമെന്നർഥം. ഇന്ത്യയുടെ പ്രമേഹ തലസ്ഥാനമെന്നാണ് പലരും കേരളത്തെ വിശേഷിപ്പിക്കാറുള്ളത്. രാജ്യത്ത് എട്ടു ശതമാനം പേരും പ്രമേഹരോഗികളാണെന്നാണ് കണക്ക്. കേരളത്തിലിത് 20 ശതമാനത്തിനും മുകളിലാണ്. അതായത്, അഞ്ചിലൊന്ന് പേർ!
സംസ്ഥാനത്ത് പ്രമേഹവ്യാപനത്തിന്റെ തീവ്രത വെളിപ്പെടുത്തുന്ന ഒട്ടേറെ പഠനങ്ങളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് പത്തനംതിട്ട ജില്ലയിലെ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിനു കീഴിലുള്ള ലൈഫ് സ്റ്റൈൽ ഡിസീസസ് ഇൻ സെൻട്രൽ കേരള (സ്ലിക്) നടത്തിയ പഠനമാണ്. വെൺമണി പഞ്ചായത്തിലെ രണ്ട് വാർഡുകളിലെ 18നു മുകളിൽ പ്രായമുള്ള 1645 ആളുകളിൽനിന്ന് ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പഠനം. 2007ൽ, ഈ ആളുകളിൽനിന്ന് രക്തസാമ്പിളുകളടക്കം എടുത്ത് ആരോഗ്യസംബന്ധമായ, വിശേഷിച്ചും പ്രമേഹസംബന്ധിയായ, വിവരങ്ങൾ ശേഖരിച്ചു.
10 വർഷത്തിനുശേഷം, ഇതേ ആളുകളിൽനിന്ന് വീണ്ടും വിവരശേഖരണം നടത്തി. പത്ത് വർഷത്തിനിടെ എന്തെല്ലാം മാറ്റങ്ങളാണ് ഇവരിൽ സംഭവിച്ചതെന്ന് അന്വേഷിക്കുകയായിരുന്നു ലക്ഷ്യം. 2007ൽ, പ്രമേഹ വ്യാപനം, 14 ശതമാനമാണെന്നാണ് കണ്ടെത്തിയത്; അതായത്, 1645ൽ, 241 പേർ. അഞ്ച് ശതമാനം ആളുകളെ ‘പ്രീ ഡയബെറ്റിക്’ (ഐ.എഫ്.ജി) എന്നും തരംതിരിച്ചു. അഥവാ, നിലവിൽ അവർ പ്രമേഹ രോഗികളല്ല. അതേസമയം, ഭക്ഷണത്തിനുമുമ്പ് രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയിലേതിനേക്കാൾ കൂടുതലുമാണ്. 10 വർഷത്തിനുശേഷം, പഠനസംഘം ഇതേ ആളുകളെ കാണാൻ പോയി. അപ്പോഴേക്കും 1645ൽ, 143 പേർ മരിച്ചിരുന്നു.
ബാക്കിയുള്ളവരിൽ 261 പേർ ആ പഞ്ചായത്തിൽനിന്നു സ്ഥലം മാറി പോവുകയും ചെയ്തു. 13 പേർ രോഗാവസ്ഥയിലും 118 പേർ സർവേയോട് സഹകരിക്കാനും തയാറായില്ല. ബാക്കിവന്ന 869 പേരിൽനിന്നു മാത്രമാണ് 2017ൽ വിവരശേഖരണം നടത്തിയത്. ഇതിൽ 190 പേർ പ്രമേഹ രോഗികളെന്ന് കണ്ടെത്തി (22 ശതമാനം; എട്ട് ശതമാനം വർധന). പ്രീ ഡയബറ്റിക് ഘട്ടത്തിലുള്ളവരുടെ എണ്ണത്തിൽ 35 ശതമാനമാണ് വർധന രേഖപ്പെടുത്തിയത്. എന്നുവെച്ചാൽ, മൂന്നിലൊന്ന് കേരളീയനും ഏതു നിമിഷവും പ്രമേഹരോഗിയാകാം എന്ന അവസ്ഥയിലാണ്.
ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണ് കേരളത്തിൽ പ്രമേഹ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. 2007ൽ പ്രീ ഡയബറ്റിക് ഘട്ടത്തിലുണ്ടായിരുന്ന 65 ശതമാനം ആളുകളും 10 വർഷമായപ്പോഴേക്കും പ്രമേഹരോഗികളായി മാറി എന്നറിയുമ്പോഴാണ് രോഗ ‘വ്യാപന’ത്തിന്റെ തീവ്രത വ്യക്തമാകുന്നത്. 2017ൽ, മൊത്തം ആളുകളിൽ മൂന്നിലൊന്ന് പേർ പ്രീ ഡയബറ്റിക് ആണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതർഥമാക്കുന്നത്, ഒരു മഹാവ്യാധിയുടെ നിഴലിലാണ് നാമെന്നതാണ്.
‘സ്ലിക്കി’ന്റെ പഠനഫലങ്ങളെ സാധൂകരിക്കുന്ന ഒട്ടനവധി റിപ്പോർട്ടുകൾ വിവിധ ഏജൻസികൾ പുറത്തുവിട്ടിട്ടുണ്ട്. അതിലൊന്ന് അടുത്തിടെ, ‘ലാൻസെറ്റ്’ എന്ന മെഡിക്കൽ ജേണൽ പുറത്തുവിട്ട പഠനമാണ്. അതുപ്രകാരം, ഗ്രാമ-നഗര വ്യത്യാസമില്ലാതെ കേരളത്തിൽ പ്രമേഹം ‘വ്യാപിച്ചു’കൊണ്ടിരിക്കുന്നുവെന്നതാണ്. സംസ്ഥാനത്തെ 20 വയസ്സിന് മുകളിലുള്ള പകുതി പേരും രോഗഭീഷണിയിലാണത്രെ. മുമ്പ്, 50 വയസ്സിന് മുകളിലുള്ളവരിലാണ് രോഗം കണ്ടിരുന്നതെങ്കിൽ ഇപ്പോഴത് 30 മുതലേ കണ്ടുവരുന്നു. ജീവിതശൈലിയിലും മറ്റുമുണ്ടായ മാറ്റങ്ങളാണ് ഇതിന് കാരണം. പ്രമേഹ രോഗവ്യാപന തീവ്രത മനസ്സിലാക്കാൻ ലാൻസെറ്റ് പുറത്തുവിട്ട ‘പ്രമേഹ ഭൂപടം’ ശ്രദ്ധിക്കുക.
കേരള മോഡലിലെ വ്യാജന്മാർ
കപട ചികിത്സകരെക്കുറിച്ചും വ്യാജ ഡോക്ടർമാരെക്കുറിച്ചുമെല്ലാം കേരള ആരോഗ്യ മോഡലുമായി ബന്ധപ്പെടുത്തി ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. ഇത്തരം പ്രവണതകൾ ഒരു പരിധിവരെ തടയുന്നതിന് ഇവിടെ വ്യവസ്ഥാപിതമായ മാർഗങ്ങളുമുണ്ട്. ഉദാഹരണത്തിന്, മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനും വ്യാജമരുന്നുകൾ കണ്ടെത്തുന്നതിനും മറ്റുമായി ഇവിടെ പ്രത്യേകം ഏജൻസികൾ തന്നെ പ്രവർത്തിക്കുന്നുണ്ട്.
ഈ ഏജൻസികൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്നുമാത്രമേ അധികാരികൾക്ക് പരിശോധിക്കേണ്ടതുള്ളൂ. അതുപോലെ, കപട ചികിത്സകർക്ക് ശിക്ഷ ഉറപ്പുവരുത്തുന്ന നിയമസംവിധാനവും ഇവിടെയുണ്ട്. ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏറക്കുറെ കുറ്റമറ്റ രീതിയിലാണ് ഇവ പ്രവർത്തിക്കുന്നതെന്ന് കാണാനാകും. അതേസമയം, ഇതിനപ്പുറം നിയമത്തിന്റെ പഴുതുകളിൽ കാലങ്ങളായി വിലസുന്ന വ്യാജന്മാർ ഇവിടെയുണ്ട്. നമ്മുടെ ആരോഗ്യ മോഡലിന് അത് തടയാനാകുന്നില്ല എന്നതാണ് നിർഭാഗ്യകരമായ വസ്തുത.
ആയുർവേദത്തിന്റെ മറവിലെ വ്യാജന്മാർ
‘നിങ്ങൾക്കും ഡോക്ടറാകാം’ –ഇതൊരു പരസ്യവാചകമാണ്. ഏതാനും വർഷങ്ങൾക്കുമുമ്പ് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനു സമീപം ഈ പരസ്യവാചകമടങ്ങിയ പോസ്റ്ററുകൾ നിരനിരയായി കണ്ടപ്പോഴാണ് അതിന്റെ ഉള്ളടക്കം ശ്രദ്ധിച്ചു വായിച്ചത്. മാരകരോഗങ്ങൾ മരുന്നില്ലാതെ ഭേദമാക്കാൻ അഞ്ച് ദിവസത്തെ പരിശീലന കോഴ്സിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള പരസ്യമായിരുന്നു അത്. അഡ്മിഷന് വിദ്യാഭ്യാസ യോഗ്യതയൊന്നും പ്രശ്നമല്ല; ആർക്കും കടന്നുവരാം. കോഴ്സ് ഫീ വെറും 7000 രൂപ! അജ്ഞാതമായ ഈ ചുവർ പരസ്യങ്ങളേക്കാൾ ഭീകരമായ പരസ്യങ്ങൾ നമ്മുടെ പത്രത്താളുകളും ചാനൽ സ്ക്രീൻ സ്പേസുകളും കൈയടക്കാറുണ്ട്.
2019ൽ, കേരളത്തിലെ പ്രമുഖ പത്രത്തിന്റെ ഞായറാഴ്ച പതിപ്പിൽ വന്ന ഒരു മുഴുപ്പേജ് പരസ്യത്തിന്റെ തലവാചകം ഇങ്ങനെയായിരുന്നു: ‘‘പ്രമേഹം, തൈറോയ്ഡ്, കാൻസർ തുടങ്ങിയ എല്ലാ മാറാരോഗങ്ങൾക്കും ഡോ. കെ. സിദ്ധാർഥന്റെ ആയുർവേദ തുള്ളിമരുന്ന് ചികിത്സ’. കൊല്ലം ജില്ലയിലെ മാറനാട് കേന്ദ്രീകരിച്ച് 18 വർഷമായി നടന്നുവരുന്ന ‘ചികിത്സാലയ’മായിരുന്നു. കാൻസർ ഉൾപ്പെടെ 21 രോഗങ്ങൾക്കാണ് ഇദ്ദേഹത്തിന്റെ തുള്ളിമരുന്ന്. ശരീരത്തിലെ ഗ്ലൂക്കോസ് ലെവൽ 60ൽ താഴ്ന്നാൽ രോഗി ബോധരഹിതനാകുമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്; 40ൽ എത്തിയാൽ അടിയന്തര ചികിത്സ നൽകിയിെല്ലങ്കിൽ മരണംവരെ സംഭവിക്കാം.
എന്നാൽ ഈ തുള്ളിമരുന്നു കഴിച്ചാൽ ഗ്ലൂക്കോസ് ലെവൽ 40ൽ താഴ്ന്നാലും ഒരു പ്രശ്നവുമില്ലെന്നാണ് ഡോ. സിദ്ധാർഥൻ പറയുന്നത്. സംശയമുള്ളവർക്ക് തുള്ളിമരുന്നിലൂടെ അർബുദ മുക്തി നേടിയ രോഗിയെ വിളിച്ചു ചോദിക്കാം. ആയുർവേദവിധി പ്രകാരം 20 തരം പ്രമേഹത്തിനും വെവ്വേറെ മരുന്ന് ഉപയോഗിക്കുമ്പോൾ, എല്ലാ തരം പ്രമേഹത്തിനും ഒരൊറ്റ തുള്ളി മരുന്ന് എങ്ങനെ എന്നൊന്നും ചോദിക്കരുത്. ഇതൊരു പ്രത്യേകതരം തുള്ളിമരുന്നാണ്. രേഖകൾ പ്രകാരം, പേറ്റന്റ് -പ്രൊപ്രൈറ്ററി ഡ്രഗ്സ് വിഭാഗത്തിൽപെട്ട ‘കൈവല്യ തൈലം’ എന്ന മരുന്നാണ് പരസ്യത്തിൽ പറയുന്നത്തിനൊപ്പം ഉള്ള 21 രോഗങ്ങൾക്ക് നൽകുന്നത്. ഇൗ മരുന്നാണ് അർബുദ മുക്തിക്കും കരൾ രോഗത്തിനുമൊക്ക നൽകുന്നത്.
ഏതെങ്കിലും തരത്തിലുള്ള ക്ലിനിക്കൽ, പ്രീ ക്ലിനിക്കൽ പഠനങ്ങളൊന്നും നടത്തിയിട്ടുമില്ലെന്ന് വ്യക്തം. പരസ്യത്തിലെ അവകാശവാദങ്ങൾ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കീഴിലുള്ള ഏതാനും ആരോഗ്യപ്രവർത്തകർ മനുഷ്യാവകാശ കമീഷൻ, സംസ്ഥാന ഡ്രഗ്സ് കൺട്രോളർ, ആയുർവേദ ഡ്രഗ് കൺട്രോളർ എന്നിവർക്ക് പരാതി നൽകിയതോടെയാണ് കാര്യങ്ങൾ നാട്ടുകാരറിഞ്ഞത്. അതോടെ, പരസ്യവാചകത്തിൽനിന്ന് ‘കാൻസർ’ എന്ന വാക്ക് പോയി! പിന്നെയും വിൽപന തുടർന്നു. ഒടുവിൽ, ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ കീഴിലുള്ള കൗൺസിൽ രജിസ്ട്രാർ ഈ ഡോക്ടറെ താക്കീത് ചെയ്യുകയായിരുന്നു.
കൗതുകകരമായ കാര്യം, ഈ ഡോക്ടർ ഒരു വ്യാജൻ അല്ല എന്നതാണ്. ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ രേഖകൾപ്രകാരം അദ്ദേഹം പാരമ്പര്യ വൈദ്യനാണ്. ചില മരുന്നുകളുടെ പാറ്റന്റും അദ്ദേഹത്തിനുണ്ട്. ആകക്കൂടി അദ്ദേഹം ചെയ്ത ‘തെറ്റ്’, തന്റെ മരുന്നിന് ഇല്ലാത്ത അവകാശവാദങ്ങൾ ഉന്നയിച്ചു എന്നതു മാത്രമാണ്. അത് തിരുത്തിയപ്പോൾ ശിക്ഷ താക്കീതിൽ ഒതുങ്ങി. ഇതൊരു വ്യക്തിയുടെ മാത്രം കാര്യമല്ല, ഒരു സംവിധാനംതന്നെ ഈ നിലയിൽ പ്രവർത്തിക്കുന്നുണ്ട്. എങ്ങനെയാണ് ഇത്തരമൊരു സംവിധാനം ഇവിടെ പ്രവർത്തിക്കുന്നത്? അവിടെയാണ് ആരോഗ്യ മോഡലിന്റെ പഴുതുകളിൽ ഒളിച്ചിരിക്കുന്ന വ്യാജന്മാരുടെ വിരുത്.
മരുന്നുകളുടെ ഗുണനിലവാരവും സുരക്ഷിതത്വവും വിപണനവുെമല്ലാം സുതാര്യമാക്കുന്നതിന് പ്രത്യേക സംവിധാനങ്ങളുണ്ടാകും ഒാരോ രാജ്യത്തിനും. നമ്മുടെ രാജ്യത്തുമുണ്ട് അത്തരം സംവിധാനങ്ങൾ. ഫലസിദ്ധി തെളിയിക്കപ്പെട്ടതും പ്രചാരത്തിൽവന്നതുമായ മരുന്നുകളുടെ വിശദാംശങ്ങൾ ഉൾെക്കാള്ളുന്ന ‘ഔഷധരേഖ’ (ഫാർമക്കോപ്പിയ) ഓരോ രാജ്യവും തയാറാക്കും. ഫാർമക്കോപ്പിയ അനുസരിച്ച് മാത്രമേ ഔഷധനിർമാണം സാധ്യമാകൂ. അതിനായി ലൈസൻസിങ് സമ്പ്രദായവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി സംസ്ഥാന തലത്തിൽ ഡ്രഗ് കൺട്രോളർമാരും ജില്ലതലത്തിൽ ഇൻസ്പെക്ടർമാരുമൊക്കെയുണ്ട്.
ഫാർമക്കോപ്പിയയിലേക്ക് പുതിയ മരുന്നുകൾ അനുവദിക്കുന്നതിന് കൃത്യമായ മാനദണ്ഡമുണ്ടാകും. മരുന്നിന്റെ ഫലസിദ്ധി സംബന്ധിച്ച രേഖകൾ സമർപ്പിക്കണം. അതിനുമുമ്പ്, അന്തർദേശീയതലത്തിൽ അംഗീകരിക്കപ്പെട്ട മരുന്നു പരീക്ഷണ കടമ്പകളൊക്കെ കടന്നിരിക്കണം. ചുരുക്കിപ്പറഞ്ഞാൽ, ഫാർമക്കോപ്പിയയിൽ ഒരു മരുന്ന് സ്ഥാനം പിടിക്കാൻ ചുരുങ്ങിയത് ഏഴു വർഷമെങ്കിലും കാത്തിരിക്കണം. അത്രക്കുണ്ട് കടമ്പകൾ. ഇനി കയറിപ്പറ്റിയാലും നിശ്ചിത ഇടവേളകളിൽ ലൈസൻസ് പുതുക്കുകയും വേണം. അഥവാ, ആ മരുന്ന് സാങ്കേതികമായിത്തന്നെ എല്ലാ കാലത്തും നിരീക്ഷണത്തിലായിരിക്കും.
ആയുർവേദ മരുന്നുകളുടെ കാര്യത്തിലും ഈ നിയന്ത്രണമുണ്ടെങ്കിലും മാനദണ്ഡങ്ങളിൽ ചില്ലറ വ്യത്യാസമുണ്ട്. കേരളത്തിൽ ഡ്രഗ് കൺട്രോളറുടെ കീഴിൽ ആയുർവേദത്തിന് പ്രത്യേക ഡെപ്യൂട്ടി കൺേട്രാളർ തന്നെയുണ്ട്. ആയുർവേദ (പാരമ്പര്യ) മരുന്നുകളിൽ നിശ്ചിത രാസവസ്തുക്കളല്ല, മറിച്ച് പ്രകൃതി വസ്തുക്കളുടെ സത്തയാണ് ഉൾക്കൊള്ളുന്നത്. അതുകൊണ്ടുതന്നെ, നേരിട്ടുള്ള ഗുണപരിശോധന പ്രായോഗികമല്ല. പകരം, നിർമാണ ഘട്ടത്തിൽ പിഴവുകളില്ലെന്ന് സാക്ഷ്യപ്പെടുത്തുകയാണ് ചെയ്യുക. ഗുഡ് മാനുഫാക്ചറിങ് പ്രാക്ടിസ് (ജി.എം.പി) എന്നാണ് ഇതിന് പറയുക. ഇതുപ്രകാരമുള്ള ‘ആയുർവേദ ഫാർമക്കോപ്പിയ’ ഇവിടെയുണ്ട്. ഇതിലേക്ക് പുതിയ മരുന്നുകൾ കടന്നുവരുന്നതിന് ഒരു പ്രയാസവുമില്ല. സഹസ്രയോഗംപോലുള്ള ആയുർവേദത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി തയാറാക്കിയ ഫാർമക്കോപ്പിയയിൽ ഒട്ടുമിക്ക ഔഷധ സസ്യങ്ങളും പരാമർശിച്ചിട്ടുണ്ട്.
നിലവിലെ മരുന്നുകൂട്ടുകളിൽ അൽപം വ്യതിയാനം വരുത്തിയാലും പ്രശ്നമില്ല. ഇങ്ങനെ വ്യതിയാനം വരുത്തിയതാണ് പ്രൊപ്രൈറ്ററി മരുന്നുകൾ എന്നറിയപ്പെടുന്നത്. അഥവാ, ഫാർമക്കോപ്പിയയിലുള്ള ഒരു മരുന്നിന്റെകൂടെ, ചില ‘രഹസ്യക്കൂട്ടുകൾ’ ചേർത്ത് പുതിയ മരുന്നെന്ന ലേബലിൽ അപേക്ഷിച്ചാലും ഡ്രഗ് കൺട്രോളർ അംഗീകാരം കൊടുക്കാൻ ബാധ്യസ്ഥനാണ്. ഈ പഴുതാണ് ഡോ. സിദ്ധാർഥനും പണ്ട് കേരളത്തിൽ എയ്ഡ്സ് മരുന്ന് നിർമിച്ച് വിൽപന നടത്തി കോടികൾ സമ്പാദിച്ച ഫെയർ ഫാർമ മജീദുമെല്ലാം ഉപയോഗപ്പെടുത്തിയത്. നിലവിലെ ഫാർമക്കോപ്പിയയിൽ ഇല്ലാത്ത മരുന്നുകൂട്ടിന്റെ അംഗീകാരത്തിന് അപേക്ഷിക്കുമ്പോൾ, ‘പാരമ്പര്യ മരുന്ന്’ എന്നതിനോടൊപ്പം ‘പ്രൊപ്രൈറ്ററി’ എന്നുകൂടി ചേർത്താണ് ഇവരൊക്കെയും ലൈസൻസ് സമ്പാദിച്ചത്.
ചുരുക്കിപ്പറഞ്ഞാൽ, നിലവിലുള്ള നിയമത്തിന്റെ പഴുതുകൾ ഉപയോഗപ്പെടുത്തി കപടചികിത്സാ വ്യവസ്ഥ കേരളത്തിൽ വ്യാപകമായി നിർബാധം നടന്നുകൊണ്ടിരിക്കുന്നു. സംസ്ഥാനത്തുടനീളം, വ്യാജമരുന്നുകൾ പിടികൂടുകയും കപട വൈദ്യൻമാർ അറസ്റ്റിലാവുകയും ചെയ്യുന്ന വാർത്തകൾ മാധ്യമങ്ങളിൽ വരുമ്പോൾ നിയമത്തിന്റെ മറപറ്റിയുള്ള ഈ വ്യാജന്മാർ വിഹരിക്കുകയാണ്. ഈ വ്യാജന്മാർ സൃഷ്ടിക്കുന്ന അപകടങ്ങൾ ചെറുതല്ല; കേരള ആരോഗ്യമോഡലിന് ഇക്കൂട്ടർ വലിയതോതിൽ പരിക്കേൽപിച്ചിട്ടുണ്ട്.
അക്യുപങ്ചർ വ്യാജന്മാരും മൂത്രചികിത്സകരും
2024 ഫെബ്രുവരി അവസാന വാരം, തിരുവനന്തപുരം ജില്ലയിലെ കാരയ്ക്കാമണ്ഡപത്ത് ഗാർഹിക പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ചത് വലിയ െഞട്ടലോടെയാണ് കേരളം കേട്ടത്. പ്രദേശത്തെ ഒരു വ്യാജ അക്യുപങ്ചർ ചികിത്സകന്റെ ഉപദേശം കേട്ടാണ് ഇവർ വീട്ടിൽതന്നെ പ്രസവിക്കാൻ തീരുമാനിച്ചതത്രെ.
സംഭവത്തിൽ യുവതിയുടെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. കേരളത്തിൽ ഗാർഹിക പ്രസവനിരക്ക് വർധിക്കുന്നതായി ആരോഗ്യ വകുപ്പിന്റെ കണക്കുകൾ. പ്രതിവർഷം 700 വരെ ഗാർഹിക പ്രസവങ്ങൾ ഇവിടെ നടക്കുന്നുവെന്നാണ് കണക്ക്. സംസ്ഥാനത്ത് ചില ആദിവാസി ഊരുകൾ ഒഴിച്ചുനിർത്തിയാൽ അര മണിക്കൂറിനുള്ളിൽ എത്തിപ്പെടാവുന്ന സർക്കാർ-സ്വകാര്യ ചികിത്സാലയങ്ങൾ ലഭ്യമായിട്ടും അടുത്തകാലത്തായി ആളുകൾ വീടകങ്ങൾതന്നെ പ്രസവത്തിനായി തിരഞ്ഞെടുക്കുന്നതിന്റെ പിന്നിൽ ഇവിടത്തെ ബദൽ ചികിത്സാ ലോബികളാണെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്.
ഏതാനും വർഷം മുമ്പ്, ‘വാട്ടർ ബർത്ത്’ എന്ന പേരിൽ മലപ്പുറം ജില്ല കേന്ദ്രീകരിച്ച് നടത്തിയ ‘ഗാർഹിക പ്രസവ’ കേന്ദ്രങ്ങളിൽ മൂന്നു മാസത്തിനിടെ രണ്ട് കുഞ്ഞുങ്ങളും ഒരമ്മയും മരിച്ചു. വിഷയത്തിൽ അന്വേഷണം നടത്തിയ ജില്ല ഭരണകൂടത്തിന്റെ കണ്ടെത്തൽ ഞെട്ടിക്കുന്നതായിരുന്നു.
യൂട്യൂബ് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽനിന്നും മറ്റുമാണത്രെ ഇവിടത്തെ ചികിത്സകർ പ്രസവമെടുക്കാൻ പഠിച്ചത്. സമാനമായ രീതിയിൽ വ്യാജ അക്യുപങ്ചർ ചികിത്സകരുമിപ്പോൾ കേരളത്തിന്റെ പലയിടത്തായി ഇത്തരം പ്രസവകേന്ദ്രങ്ങൾ നടത്തുന്നുണ്ട്. ഇവിടെ വ്യാജ അക്യുപങ്ചർ എന്ന പ്രയോഗം അടിവരയിടുക. കാരണം, ലോകാരോഗ്യ സംഘടന അംഗീകരിച്ചതും ചൈനയിൽ ഏറെ പ്രചാരത്തിലുള്ളതുമായ അക്യുപങ്ചർ ചികിത്സാരീതിയുമായി ഒരു ബന്ധവുമില്ലാത്ത, ‘ചികിത്സ’ എന്നുപോലും വിശേഷിപ്പിക്കാനാവാത്ത തീർത്തും നിഷേധാത്മകമായൊരു രീതിയാണ് ഇക്കൂട്ടർ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
കേരളത്തിൽ ഇത്തരം വ്യാജ അക്യുപങ്ചർ ചികിത്സകർ അനുദിനം പെരുകിക്കൊണ്ടിരിക്കുകയാണ്. ജീവിതശൈലീ രോഗചികിത്സയിലാണ് ഫോക്കസ് എന്നു വേണമെങ്കിൽ പറയാം; വിശേഷിച്ചും പ്രമേഹം. മറ്റൊരു തരത്തിൽ പറഞ്ഞാൽ, നേരത്തേ സൂചിപ്പിച്ചതുപോലെ ആധുനിക വൈദ്യത്തിനുതന്നെ വലിയ വെല്ലുവിളി ഉയർത്തുന്ന എൻ.സി.ഡിയിലാണ് ഇക്കൂട്ടർ കണ്ണുവെച്ചിരിക്കുന്നത്. ഇവിടെ ഒരു ഉദാഹരണം എന്ന നിലയിൽ പ്രമേഹത്തിന്റെ കാര്യം മാത്രമെടുക്കാം. വാസ്തവത്തിൽ പ്രമേഹം (ടൈപ് 2), പൂർണമായും മാറ്റിയെടുക്കാവുന്ന ഒരു രോഗമല്ല.
മറിച്ച്, അവയെ ഭക്ഷണക്രമീകരണത്തിലൂടെയും മരുന്നിലൂടെയും കൃത്യമായ പരിശോധനയിലൂടെയുമെല്ലാം നിയന്ത്രിക്കാനാവും. സാധാരണക്കാരിൽനിന്നും തികച്ചും വ്യത്യസ്തമായ ജീവിതശൈലി അവലംബിക്കുകയാണ് ഇവിടെ ചെയ്യുന്നത്. കൃത്യമായ ഇടവേളകളിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കുക, അതിനനുസൃതമായ രീതിയിൽ മരുന്ന് കഴിക്കുക, ഭക്ഷണം ക്രമീകരിക്കുക, കൃത്യമായി വ്യായാമം ചെയ്യുക തുടങ്ങി രോഗി അയാളുടെ ജീവിതശീലങ്ങളെ വേറിട്ട രീതിയിൽ ചിട്ടപ്പെടുത്തുന്നതോടെ വലിയ അളവിൽ പ്രമേഹത്തെ നിയന്ത്രണവിധേയമാക്കാം.
ഇതിൽ ഏതെങ്കിലുമൊരു ഘടകത്തെ മാറ്റിനിർത്തുക സാധ്യവുമല്ല. ആധുനിക വൈദ്യം നിഷ്കർഷിക്കുന്ന ചികിത്സാ രീതിയാണിത്. അതേസമയം, ഹോമിയോ, ആയുർവേദം തുടങ്ങിയ ബദൽ ചികിത്സകരും ഇതേ രീതി അവരുടേതായ രീതിയിൽ അവലംബിക്കാറുണ്ട്. ഇന്ത്യൻ സാഹചര്യത്തിൽ, മേൽ സൂചിപ്പിച്ച മൂന്ന് രീതികളും അംഗീകൃതമാണ്. എന്നല്ല, നിലവിൽ ഈ മേഖലകളിലെ ചികിത്സകരെല്ലാം ആധുനിക വൈദ്യത്തിന്റെ അടിസ്ഥാന തത്ത്വം മനസ്സിലാക്കിയവരുമാണ്. അതുകൊണ്ടുതന്നെ, പ്രമേഹത്തിന് ബദൽ ചികിത്സ തേടുന്നവരുടെ എണ്ണം അത്ര കുറവല്ല നമ്മുടെ നാട്ടിൽ.
എന്നാൽ, വ്യാജ അക്യുപങ്ചർ ചികിത്സകരുടെ കാര്യം ഇതല്ല. യഥാർഥത്തിൽ, ലോകാരോഗ്യ സംഘടന അംഗീകരിച്ച ഒരു ചികിത്സാ പദ്ധതിയാണ് അക്യുപങ്ചർ. നിരവധി രാജ്യങ്ങളിൽ ഔദ്യോഗിക ചികിത്സാരീതികളിൽ ഒന്നായി അവലംബിക്കുന്ന ചൈനീസ് പശ്ചാത്തലമുള്ള അക്യുപങ്ചർ എന്ന ഒരു ചികിത്സാ ക്രമം ഇവിടെയുണ്ട്. ഇന്ത്യയിൽ ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും (അംഗീകാരം സംബന്ധിച്ച ബിൽ പാർലമെന്റിന്റെ മേശപ്പുറത്തുണ്ട്) മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലുമെല്ലാം ചികിത്സാനുമതിയുണ്ട് അക്യുപങ്ചറിന്. ദേശീയതലത്തിൽ, കൃത്യമായ മാനദണ്ഡങ്ങളോടെ അക്യുപങ്ചർ പ്രാക്ടിസ് ചെയ്യാനും അനുമതിയുണ്ട്.
ഈ അനുമതിയുടെ മറവിൽ അക്യുപങ്ചർ എന്ന വ്യാജേന പുത്തൻ ചികിത്സാരീതികൾ കേരളത്തിലെങ്ങും വ്യാപകമാണിപ്പോൾ. കേരളത്തിൽ മാത്രമല്ല, ദക്ഷിണേന്ത്യയിൽ ഇത്തരത്തിലൊരു ചികിത്സാരീതി വലിയതോതിൽ കണ്ടുവരുന്നുണ്ട്. വലിയ അവകാശവാദങ്ങളാണ് ഇക്കൂട്ടരുടെ പ്രത്യേകത. ഏത് രോഗവും മാറ്റിത്തരുമെന്നാണ് വാഗ്ദാനം. മലയാള മാധ്യമങ്ങളുടെ ക്ലാസിഫൈഡ് പേജുകളിലും സോഷ്യൽ മീഡിയയിലും നിറഞ്ഞുനിൽക്കുകയാണ് ഇക്കൂട്ടർ. ചികിത്സകരാകട്ടെ, പലപ്പോഴും അടിസ്ഥാന ശാസ്ത്രത്തിൽ പോലും വേണ്ടത്ര വിവരമില്ലാത്തവരുമായിരിക്കും. ഈ ചികിത്സകരുടെ മുന്നിൽ വരിനിൽക്കുന്ന നൂറുകണക്കിന് പ്രമേഹ രോഗികളുണ്ട് നമ്മുടെ നാട്ടിൽ.
ഏതാനും വർഷങ്ങൾക്ക് മുമ്പ്, കോയമ്പത്തൂരിൽ നടന്ന ഒരു സംഭവം ഇവിടെ ഉദ്ധരിക്കാം: ടൈപ് 1 പ്രമേഹരോഗിയായ ഒരു 17കാരൻ ഒരു വ്യാജ അക്യു പ്രാക്ടീഷനറുടെ അടുത്തേക്ക് ചികിത്സക്കായി വന്നു. അഞ്ചു വർഷമായി അയാൾ ഇൻസുലിൻ കുത്തിവെക്കുന്നുണ്ട്; അതും ദിവസത്തിൽ രണ്ടു നേരം. അത്രയും കൂടുതലാണ് പ്രമേഹമെന്നർഥം. ആദ്യമൊക്കെ അത് നാലു തവണയായിരുന്നുവത്രെ. പിന്നീട് ചികിത്സയിലൂടെ കുറച്ചുകൊണ്ടുവന്നതാണ്. ‘കുത്തിവെച്ച്’ മടുത്തതുകൊണ്ടാണ് കുത്തിവെപ്പില്ലാത്ത ബദൽ ചികിത്സ തേടി അയാൾ വന്നിരിക്കുന്നത്.
‘അക്യു ഡോക്ടർ’ ആദ്യം നിർദേശിച്ചത് ഇൻസുലിൻ നിർത്താനാണ്; ഒപ്പം മരുന്നുകളും. പ്രമേഹത്തിന് കാരണം ഈ ഇൻസുലിനാണെന്നാണ് ‘ഡോക്ടറുടെ’ വാദം. അങ്ങനെ മരുന്നില്ലാത്ത അക്യു ചികിത്സ തുടങ്ങി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ രോഗിക്ക് പ്രമേഹം മൂർച്ഛിച്ചു. ഒരുദിവസം ബോധക്ഷയം സംഭവിച്ചപ്പോൾ ‘ഡോക്ടറെ’ വിളിച്ചു. അപ്പോഴേക്കും അയാളുടെ മട്ടുമാറിയിരുന്നു; താനറിയാതെ രോഗി അലോപ്പതി മരുന്ന് കഴിച്ചതുകൊണ്ടാണ് പ്രമേഹം മൂർച്ഛിച്ചതെന്നായി അയാൾ.
അതിനിടെ, ആ രോഗി മരിക്കുകയുംചെയ്തു. ഏറക്കുറെ സമാനമായ സംഭവങ്ങൾ കേരളത്തിലുമുണ്ടായിട്ടുണ്ട്. മലപ്പുറം ജില്ലയിലെ മാറാേഞ്ചരിയിൽ കേരളത്തിലെ പ്രശസ്തനായ ഒരു ‘അക്യു പ്രാക്ടിഷനറു’ടെ ചികിത്സ തേടിയ ഒരാൾ താൻ വഞ്ചിക്കപ്പെട്ടതെങ്ങനെയെന്ന് വാർത്താസമ്മേളനം വിളിച്ച് വിശദീകരിച്ചത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. തുടർന്ന്, സമാന അനുഭവസ്ഥരായ പലരും രംഗത്തുവന്നു. പ്രമേഹം കലശലായി കാൽ വിരൽ മുറിച്ചുമാറ്റേണ്ടിവന്ന രോഗികൾ വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു.
കാലങ്ങളായി പ്രമേഹത്തിന് മരുന്ന് കഴിക്കുന്ന രോഗികളാണ് ഇവരുടെ വലയിൽ വീഴുന്നത്. മരുന്ന് കഴിക്കുന്നതുകൊണ്ടാണ് പ്രമേഹം മാറാത്തതെന്നാണ് ഇവർ ആദ്യം രോഗികളെ ബോധ്യപ്പെടുത്തുക. തുടർന്നാണ് ‘ചികിത്സ’ ആരംഭിക്കുക. വാസ്തവത്തിൽ ചികിത്സയൊന്നുമില്ല, മരുന്ന് നിഷേധമാണ് ഇവിടെ ചികിത്സ. അതാകട്ടെ, കടുത്ത അപകടത്തിലേക്കും നയിക്കുന്നു.
അക്യുപങ്ചറിൽ പ്രമേഹത്തിന് ചികിത്സയുണ്ടോ? ഉണ്ട് എന്നതാണ് ഉത്തരം. മെഡിക്കൽ ബിരുദം നേടിയശേഷം അക്യുപങ്ചറിൽ സവിശേഷ ബിരുദം നേടി ഈ ചികിത്സാരീതി പ്രാക്ടീസ് ചെയ്യുന്നവരും കേരളത്തിലുണ്ട്, അവർ എണ്ണത്തിൽ കുറവാണെന്ന് മാത്രം. അക്യുപങ്ചറിലെ ഏറ്റവും പുതിയ ഗവേഷണങ്ങളെ അവലംബിക്കുന്ന ഇവർ പ്രമേഹ ചികിത്സ കൃത്യമായി നടത്തുന്നുണ്ട്. അത് ഏതെങ്കിലും അംഗീകൃത മെഡിക്കൽ ടെക്സ്റ്റുകളെ ആശ്രയിച്ചായിരിക്കുമെന്നതും ശ്രദ്ധേയമാണ്.
അത്തരത്തിലൊരു ക്ലിനിക്കൽ പുസ്തകമാണ്, ബെയ്ജിങ് കോളജ് ഓഫ് അക്യുപങ്ചറിലെ ഗവേഷകനും അധ്യാപകനുമായ ബെയ് സിൻഗ്വ രചിച്ച ‘അക്യുപങ്ചർ ഇൻ ക്ലിനിക്കൽ പ്രാക്ടിസസ്’. ഇതിൽ പ്രമേഹത്തെ സംബന്ധിച്ച പാഠത്തിൽ പറയുന്നത്, ഇൻസുലിൻ അധിഷ്ഠിതമല്ലെങ്കിൽ മാത്രമാണ് അക്യുപങ്ചർ ഫലപ്രദം എന്നാണ്. അതായത്, ടൈപ് 1 പ്രമേഹത്തിൽ വലിയൊരളവും അക്യുപങ്ചറിലൂടെ ചികിത്സിക്കാൻ കഴിയില്ല; ചികിത്സിച്ചാൽതന്നെയും രോഗാവസ്ഥക്കനുസൃതമായി മാത്രമേ ഇൻസുലിന്റെ അളവിൽ കുറവ് വരുത്താവൂ. എന്നുവെച്ചാൽ, മേൽസൂചിപ്പിച്ച രോഗിയുടെ കാര്യത്തിൽ ചെയ്തതുപോലെ, ആദ്യ കൂടിക്കാഴ്ചയിൽതന്നെ ഇൻസുലിൻ കുത്തിവെപ്പ് നിർത്താൻ ആവശ്യപ്പെടുന്നത് ഈ ചികിത്സയുടെ ഭാഗമല്ല.
മാത്രമല്ല, ആധുനിക വൈദ്യം നിർദേശിക്കുന്നതരത്തിലുള്ള ഭക്ഷണക്രമങ്ങൾ തുടരണമെന്നും ‘റിമാർക്സി’ൽ പ്രത്യേകം നിർദേശിക്കുന്നു. ഇതിൽനിന്ന് വ്യക്തമാകുന്ന കാര്യങ്ങൾ ഇവയാണ്: ഒന്ന്, ആധുനിക വൈദ്യത്തിന്റെ സങ്കേതങ്ങൾ ഉപയോഗപ്പെടുത്തി രോഗനിർണയം നടത്തിവേണം അക്യുപങ്ചർ ചികിത്സ തുടങ്ങാൻ. രണ്ട്, രോഗത്തിന്റെ പുരോഗതി അറിയാൻ ഇതേ സങ്കേതങ്ങൾതന്നെ പിന്നെയും ഉപയോഗപ്പെടുത്തണം. ഉദാഹരണമായി, ഒരു പ്രമേഹരോഗിക്ക് ചികിത്സ നിർദേശിക്കുന്നതിന് മുമ്പായി കൃത്യമായ ഡയഗ്നോസിസ് നടന്നിരിക്കണം; രക്തപരിശോധന നിർബന്ധമെന്നർഥം. ഇനി രോഗം മാറിയോ ഇല്ലയോ എന്നറിയാൻ കൃത്യമായ ഇടവേളകളിൽ വീണ്ടും രക്തപരിശോധന നടത്തുകയും വേണം. വ്യാജ ചികിത്സകരുടെ കാര്യത്തിൽ രക്ത പരിശോധനയും സകല മരുന്നുകളും നിഷിദ്ധവുമാണ്. എന്തുമാത്രം അപകടത്തിലേക്കായിരിക്കും അപ്പോൾ ഈ ചികിത്സ നയിക്കുക!
ഇത്രമേൽ, അപകടം വിളിച്ചുവരുത്തുന്ന ഒരു ചികിത്സാമുറയോടുള്ള അധികാരികളുടെ സമീപനം എന്താണ്? ഇവരെ പിടികൂടാൻ ശ്രമിച്ചാൽപോലും നിലവിലെ നിയമവ്യവസ്ഥ അനുസരിച്ച് അത് സാധ്യമാകില്ല എന്നതാണ് യാഥാർഥ്യം. ഈ ചികിത്സകർ മരുന്ന് കുറിച്ച് കൊടുക്കാത്തതു കാരണം, അവർ ‘ചികിത്സ’ നടത്തിയെന്ന് പറയാനാവില്ല. നിയമത്തിന്റെ ഈ പഴുതുപയോഗിച്ചാണ് റിപ്പോർട്ട് ചെയ്യപ്പെട്ട എല്ലാ കേസുകളിലും ഇവർ രക്ഷപ്പെടുന്നത്. അപ്പോൾ, ഇത്തരം വ്യാജ ചികിത്സകരുടെ കാലത്ത് ‘ചികിത്സ’ എന്നതിന്റെ നിർവചനംപോലും നിയമത്തിൽ മാറ്റം വരുത്തേണ്ടിയിരിക്കുന്നു.
നിർഭാഗ്യവശാൽ, നമ്മുടെ ഏറ്റവും പുതിയ ആരോഗ്യനയത്തിൽപോലും ഈ വിഷയം അത്രകണ്ട് അഡ്രസ് ചെയ്യപ്പെട്ടില്ല. വ്യാജ ചികിത്സകരെ കൈകാര്യം ചെയ്യുമെന്ന് ഒഴുക്കൻമട്ടിൽ പറഞ്ഞതുകൊണ്ട് കാര്യമില്ല. വ്യവസ്ഥാപിതമായ പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്. അക്യുപങ്ചർ മാത്രമല്ല; ആരോഗ്യ മോഡലിന് വെല്ലുവിളികൾ സൃഷ്ടിക്കുന്ന മറ്റനേകം ചികിത്സാമുറകൾ നമ്മുടെ നാട്ടിൽ കാണാം. അതിലൊന്നാണ് മൂത്ര ചികിത്സ. സ്വന്തം മൂത്രം പല നേരങ്ങളിൽ പല അളവിൽ സേവിക്കുന്ന വിചിത്ര ചികിത്സാരീതി! കേരളത്തിൽ വ്യാപകമായിക്കൊണ്ടിരിക്കുകയാണ് ഈ ചികിത്സാ രീതി. ‘നെവർ ട്രീറ്റ് ഡയബറ്റിസ്’ എന്ന പേരിൽ ഒരു വാട്സ്ആപ് ഗ്രൂപ് തന്നെയുണ്ട് ഈ ചികിത്സകർക്കും രോഗികൾക്കുമായി.
വ്യാജ അക്യുപങ്ചറിലെന്നപോലെത്തന്നെ, ഇക്കൂട്ടരും പറയുന്നത് പ്രമേഹത്തിന് ആധുനിക വൈദ്യവും മറ്റും നിർദേശിക്കുന്നതുപോലുള്ള ചികിത്സ വേണ്ടതില്ല എന്നാണ്. രക്തം പരിശോധിച്ചാൽ പ്രമേഹത്തിന്റെ തീവ്രത അറിയാനാവില്ലെന്നും അവർ വാദിക്കുന്നു. ആകെ വേണ്ടത് രണ്ടു കാര്യങ്ങളാണ്: ഒന്ന്, നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മുഴുവൻ മരുന്നുകളും നിർത്തിെവക്കുക. രണ്ട്, ചികിത്സകർ പറയുംപ്രകാരം മൂത്രപാനം ചെയ്യുക. മുദ്ര തെറപ്പി, റെയ്ക്കി, സുജോക് തുടങ്ങിയ അശാസ്ത്രീയ ചികിത്സാ മുറകളും സമാനമായ രീതിയിൽ ഇവിടെ അരങ്ങു തകർക്കുന്നു. ഇത്തരം വ്യാജ ചികിത്സകരെ അടിയന്തരമായി പിടിച്ചുകെട്ടുക എന്നതാണ് ആരോഗ്യ മോഡലിന്റെ പുതിയ വെല്ലുവിളി.