ആരോഗ്യം അവകാശമാകുമ്പോള്‍
ആരോഗ്യം ഒാരോ പൗരന്റെയും അവകാശമായി മാറേണ്ടതുണ്ട്. അങ്ങനെ വരുേമ്പാൾ പണക്കാരനെന്നും പാവപ്പെട്ടവനെന്നും വ്യത്യാസമില്ലാതെ എല്ലാവർക്കും ആരോഗ്യവും ചികിത്സയും ലഭ്യമാക്കേണ്ടിവരും. അവകാശത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യത്തെ നിർവചിക്കുകയാണ് ആരോഗ്യപ്രവർത്തകനും എഴുത്തുകാരനുമായ ലേഖകൻ.വര്‍ത്തമാനകാലത്ത് ലോകത്തിലെ പല രാജ്യങ്ങളിലും കോടിക്കണക്കിന് സാധാരണ ജനങ്ങൾക്ക് ആരോഗ്യജീവിതത്തിനും ചികിത്സക്കുമുള്ള അവകാശം വിവിധ...
Your Subscription Supports Independent Journalism
View Plansആരോഗ്യം ഒാരോ പൗരന്റെയും അവകാശമായി മാറേണ്ടതുണ്ട്. അങ്ങനെ വരുേമ്പാൾ പണക്കാരനെന്നും പാവപ്പെട്ടവനെന്നും വ്യത്യാസമില്ലാതെ എല്ലാവർക്കും ആരോഗ്യവും ചികിത്സയും ലഭ്യമാക്കേണ്ടിവരും. അവകാശത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യത്തെ നിർവചിക്കുകയാണ് ആരോഗ്യപ്രവർത്തകനും എഴുത്തുകാരനുമായ ലേഖകൻ.
വര്‍ത്തമാനകാലത്ത് ലോകത്തിലെ പല രാജ്യങ്ങളിലും കോടിക്കണക്കിന് സാധാരണ ജനങ്ങൾക്ക് ആരോഗ്യജീവിതത്തിനും ചികിത്സക്കുമുള്ള അവകാശം വിവിധ കാരണങ്ങളാൽ ഭീഷണിയിലാണ്. സര്‍ക്കാറുകള്‍ ജനങ്ങളുടെ ആരോഗ്യ വിഷയത്തിനു വേണ്ടത്ര മുൻഗണനനൽകാത്തതിനാലും വിഭവപരിമിതികളും നയപരമായ പാളിച്ചകളും ചികിത്സ സൗകര്യങ്ങളുടെ ലഭ്യതക്കുറവുമൂലവും പല രാജ്യങ്ങളിലും സാധാരണ ജനത്തിന് ആരോഗ്യ സേവനങ്ങൾ അപ്രാപ്യമാകുന്നുമുണ്ട്. കൂടാതെ, ആരോഗ്യ സേവനങ്ങൾ വിലകൊടുത്ത് വാങ്ങേണ്ടതിനാൽ ജനങ്ങളിലെ ദാരിദ്യവും ഇതിന് ഒരു പരിമിതിയാണ്.
രോഗങ്ങൾക്കൊപ്പം ദുരന്തങ്ങൾമൂലവും ധാരാളം മനുഷ്യർ കിടപ്പിലാകുകയും മരിക്കുകയും ചെയ്യുന്നുണ്ട്. കലാപങ്ങളും യുദ്ധങ്ങളും കാലാവസ്ഥ മാറ്റങ്ങളും ഈ ദുരിതങ്ങളെ കൂനിൻമേൽ കുരുപോലെ വർധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഈ അവസരത്തിലാണ് ‘ഓരോരുത്തരുടെയും ആരോഗ്യം അവരവരുടെ അവകാശത്തിന്’ ഊന്നൽ നൽകുന്ന വിഷയത്തിന്റെ പ്രസക്തി ഉയർന്നുനിൽക്കുന്നത്. 1948ലെ അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിലും ലോകാരോഗ്യ സംഘടനയുടെ ഭരണഘടനയിലും ആരോഗ്യം ഒാരോ മനുഷ്യരുടെയും അടിസ്ഥാന അവകാശമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യം അവകാശമാകുമ്പോൾ സർക്കാറുകൾക്ക് ഇതിനനുസൃതമായി നിയമങ്ങളും നയങ്ങളും മാറ്റി വിവേചനമില്ലാതെ പണക്കാർ-പാവങ്ങൾ എന്ന വ്യത്യാസമില്ലാതെ എല്ലാവർക്കും വേണ്ട ആരോഗ്യസേവനങ്ങൾ ലഭ്യമാക്കേണ്ടതുണ്ട്. പല രോഗങ്ങളും നമ്മുടെ ജീവിതപരിസരങ്ങളില്‍നിന്നും ജീവിതശൈലികളില്നിന്നുമാണ് ഓരോരുത്തര്‍ക്കും ലഭിക്കുന്നത്. ആരോഗ്യം ഓരോ പൗരന്റെയും അവകാശമാകുമ്പോള്‍ എല്ലാ പൗരന്മാർക്കും ആവശ്യമായ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനോടൊപ്പംതന്നെ ആരോഗ്യം നിലനിർത്താനാവശ്യമായ സാമൂഹിക നിർണയ ഘടകങ്ങളായ വിദ്യാഭ്യാസത്തിനും ആരോഗ്യജീവിതത്തിനുവേണ്ട വിവരങ്ങളും കുടിവെള്ളവും പോഷകാഹാരവും തൊഴിലും പരിസരങ്ങളും വിവേചനങ്ങളിൽനിന്നുള്ള മുക്തിയും ലഭ്യമാക്കാനും അർഥമാക്കുന്നുണ്ട്.
ഇതനുസരിച്ച് ആരോഗ്യ സേവനങ്ങൾ ലഭ്യമാകുന്നതിനു പുറമെ ഒരു വ്യക്തിക്ക് ആരോഗ്യത്തെ സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ലഭ്യമാക്കാനും ഇതനുസരിച്ച് സ്വയം ആരോഗ്യത്തെ നിയന്ത്രിക്കാനും രോഗങ്ങളെയും ചികിത്സകളെയും അവയുടെ ഫലത്തെക്കുറിച്ചും അറിയാനും ആരോഗ്യ വിഷയത്തെ സംബന്ധിച്ച തീരുമാനങ്ങൾ സ്വയം തിരഞ്ഞെടുക്കാനും മോശമായ ചികിത്സാ രീതികളിൽനിന്നും ശാരീരിക-മാനസിക പീഡനങ്ങളിൽനിന്നും വിട്ടുനിൽക്കാനും അവകാശമുണ്ട്. ഒരു വ്യക്തിയുടെ ജീവിതശൈലികളായ ഭക്ഷണശീലങ്ങളും പെരുമാറ്റ രീതികളും വ്യായാമ രീതികളും ‘വാണിജ്യപരമായി നിർണയിക്കപ്പെടുന്ന’ പരസ്യങ്ങളുണ്ട്. അത്തരം പരസ്യങ്ങളും നയങ്ങളും വഴി ആ വ്യക്തി സ്വാധീനിക്കപ്പെടുമെന്നതിനാൽ ശരിയായ തിരഞ്ഞെടുപ്പുകളും ശാക്തീകരണവും ആരോഗ്യ അവകാശത്തിൽ പ്രധാനപ്പെട്ടതാണ്.
ആരോഗ്യ അവകാശങ്ങളിൽ പ്രധാന ഘടകങ്ങൾ 3 A+Q ആണ്. (Availability, Accessibility, Acceptability, Quality). ഇവ ഇങ്ങനെ ചുരുക്കിപ്പറയാം.
• ആവശ്യമനുസരിച്ച് വേണ്ടത്ര ചികിത്സാ സ്ഥാപനങ്ങളും സ്വകാര്യങ്ങളും സേവനങ്ങളും മരുന്നുകളും ആവശ്യത്തിന് ലഭ്യമാകുക.
• അവയൊക്കെ ദൂരംകൊണ്ടും ഗതാഗത സൗകര്യങ്ങള്‍കൊണ്ടും ഭൂമിശാസ്ത്രപരമായും, ചെലവുകുറഞ്ഞും ആവശ്യമുള്ളവർക്ക് എളുപ്പം ലഭ്യമാകുകയും വേണം.
• ലഭിക്കുന്ന സേവനങ്ങൾ ആശുപത്രി കേന്ദ്രീകൃതമല്ലാതെ ജനകേന്ദ്രീകൃതവും രോഗീസൗഹൃദവും സ്വീകാര്യവുമാകുകയും വേണം.
• ഏറ്റവും ഫലപ്രദമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ശാസ്ത്രീയ ചികിത്സാരീതികളായിരിക്കണം ഇവിടെ ഉപയോഗിക്കപ്പെടുന്നത്. ഗുണപരമായി ഇവിടങ്ങളിലുള്ള ജീവനക്കാരുടെ പെരുമാറ്റങ്ങൾ രോഗികളെ ബഹുമാനിക്കുന്ന വിധത്തിലുമായിരിക്കുകയും വേണം.
ആരോഗ്യ അവകാശം ലോകരാഷ്ട്രങ്ങളിലും ഇന്ത്യയിലും
ലോകാരോഗ്യ സംഘടനയിൽ ആകെ അംഗത്വമുള്ള 194 രാഷ്ട്രങ്ങളിൽ 140ഓളം രാജ്യങ്ങളിൽ ഭരണഘടനയിൽ ആരോഗ്യം അവകാശമാണെന്ന് എഴുതിച്ചേർത്തിട്ടുണ്ടെങ്കിലും മിക്കയിടത്തും സർക്കാറുകൾ അതൊരു നിയമപരമായ ചുമതലയാക്കിയിട്ടില്ല. ഇതിനു കീഴിൽ ലഭ്യമാക്കുന്ന സേവനങ്ങളെ അടിസ്ഥാന ആരോഗ്യ സേവനങ്ങൾ, അടിയന്തര ആരോഗ്യ സേവനങ്ങൾ, പൊതു-സൗജന്യ ചികിത്സ എന്നിങ്ങനെ തരംതിരിച്ച് നിർവചിച്ചിട്ടുമുണ്ട്.
ഇതിൽ 32 രാജ്യങ്ങളില്‍ നിയമനിർമാണത്തിലൂടെ അവിടങ്ങളിലെ പൗരന്മാര്ക്ക് ചികിത്സാ സേവനങ്ങൾ ലഭിക്കേണ്ടത് ‘സ്റ്റാറ്റ്യൂട്ടറി’ ആക്കിയിട്ടുണ്ട്. അങ്ങനെ ചികിത്സാ സേവനങ്ങൾ ലഭ്യമായിട്ടില്ലെങ്കില്‍ അഞ്ചു രാജ്യങ്ങളിൽ ഇത് കോടതിയെ സമീപിക്കാവുന്ന നിയമവുമാക്കിയിട്ടുണ്ട്. ഇന്നത്തെ അവസ്ഥയിൽ ലോകത്താകെയുള്ള ജനങ്ങളിൽ പകുതിയോളം പേർക്കും (450 കോടി) അവശ്യമായ ആരോഗ്യസേവനങ്ങൾ ലഭ്യമാകുന്നില്ല എന്നാണ് ലോകാരോഗ്യ സംഘടനയുടെ ഇപ്പോഴത്തെ കണക്ക്.
ഇന്ത്യയിലും ഭരണഘടനയുടെ 21 ഖണ്ഡിക പ്രകാരം ഭാഗികമായി ആരോഗ്യകരമായ ജീവിതം വ്യക്തിയുടെ അവകാശമായി പ്രസ്താവിച്ചിട്ടുണ്ടെങ്കിലും ആരോഗ്യം പൂര്‍ണ അവകാശമാക്കിയിട്ടില്ല. 2017ൽ പുറത്തിറക്കിയ പുതിയ ദേശീയ ആരോഗ്യനയരേഖയിൽ ആരോഗ്യം നിയമപരമായി അവകാശമാകുന്നത് തിരുത്തി പകരം ‘സേവനങ്ങൾ ഉറപ്പുനൽകുന്നതായാണ്’ (അഷുറന്‍സ്) പ്രഖ്യാപിച്ചിട്ടുള്ളത്.
ആരോഗ്യം അവകാശമാക്കപ്പെടുന്ന രാജ്യങ്ങളിൽ മിനിമം ബജറ്റിൽ ജി.ഡി.പിയുടെ 3.3 ശതമാനമെങ്കിലും ആരോഗ്യ വിഭാഗത്തിനായി സർക്കാർ നീക്കിവെക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശം. ഇന്ത്യയിൽ ഇതൊരിക്കലും ജി.ഡി.പിയുടെ 1.3 ശതമാനത്തിനപ്പുറം കടന്നിട്ടില്ല. ബ്രസീൽ, കൊളംബിയ, എക്വഡോർ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ ആരോഗ്യത്തിനു ബജറ്റില്‍ 3-4 ശതമാനം വരെ തുക വേണമെന്ന് നിയമംതന്നെ പാര്‍ലമെന്റില്‍ പാസാക്കി എടുത്തിട്ടുണ്ട്. രാജസ്ഥാനിലെ അശോക് ഗഹ്ലോട്ടിന്റെ മുൻ ഭരണകാലത്ത് സംസ്ഥാനത്ത് ആരോഗ്യം അവകാശമായി പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.
ചികിത്സയെ തുടർന്ന് രോഗികളുടെ ഭാഗത്ത് ഉണ്ടാകുന്ന ചെലവുകൾമൂലം അവർക്ക് സാമ്പത്തിക ആഘാതങ്ങൾ ഉണ്ടാവാതിരിക്കലും ഈ അവകാശത്തിന്റെ ഭാഗമാണ്. ഇതിന് സർക്കാറുകൾതന്നെ നേരിട്ടും ടാക്സുകളോ ഇൻഷുറൻസ് സ്കീമുകള്‍ വഴിയോ ഫണ്ടുകൾ ശേഖരിച്ചും സ്വകാര്യസ്ഥാപനങ്ങൾ ചേർന്ന് കരാറുകൾ ഉണ്ടാക്കിയും നിർവഹിക്കണം. ലോകത്താകെ ആശുപത്രികളില്‍ ചികിത്സക്കായി എത്തുന്ന രോഗികളിൽ വെറും 18 ശതമാനം മാത്രമാണ് കൈയിൽനിന്ന് കാശ് ചെലവാക്കേണ്ടിവരുന്നത്. ബാക്കി ഭൂരിഭാഗവും അവര്‍ക്കുവേണ്ടി അതതിടത്തെ സർക്കാറുകളാണ് ഇത് നിര്‍വഹിക്കുന്നത്.
നാൽപതോളം വികസിത രാജ്യങ്ങളില്‍ സര്‍ക്കാറുകള്‍തന്നെയാണ് സാര്‍വത്രികമായി ആരോഗ്യ ചെലവുകള്‍ നടത്തുന്നത്. ഇന്ത്യയിൽ ചികിത്സ തേടുന്ന രോഗികളിലെ ചികിത്സച്ചെലവുകളിൽ 63 ശതമാനവും നിർവഹിക്കുന്നത് രോഗികളുടെ പക്കല്നിന്നുമാണ്. ഇതിന്റെ ഫലമായി ഇന്ത്യയിൽ ചികിത്സ തേടുന്നവരിൽ 58 ശതമാനവും ഇതുമൂലം ദരിദ്രവത്കരിക്കപ്പെടുന്നുണ്ട് എന്നാണ് കേന്ദ്ര സർക്കാറിന്റെ തന്നെ കണക്കുകൾ പറയുന്നത്. രോഗ ചികിത്സക്കായി വരുമാനത്തിന്റെ 10 ശതമാനത്തിലധികം ചെലവഴിക്കപ്പെടുന്ന സമൂഹം ദരിദ്രവത്കരിക്കപ്പെടുമെന്നാണ് ആരോഗ്യ സാമ്പത്തിക ശാസ്ത്രം. ഇന്ത്യയിലെ കുടുംബങ്ങളില്‍ നാലിലൊന്ന് ഇങ്ങനെയുള്ളവരാണ്. ഇത് മറ്റു രാജ്യങ്ങളില്‍ ശരാശരി പത്തില്‍ ഒന്ന് മാത്രമേ ഉള്ളൂ എന്നാണ് വാസ്തവം.
ചികിത്സ സ്ഥാപനങ്ങളില്‍ എത്തുന്നവര്‍ക്ക് ഒരു വിവേചനവുമില്ലാതെ വ്യക്തികൾക്കോ കുടുംബത്തിനോ സാമ്പത്തിക ആഘാതങ്ങൾ ഉണ്ടാകാതെ തന്നെ സുരക്ഷിതമായ, ചികിത്സ ലഭിക്കേണ്ടതുണ്ട് -സാമ്പത്തികസ്ഥിതി പരിഗണിക്കാതെ ചികിത്സ തേടുന്നവര്‍ക്ക് ഉചിതമായ സേവനങ്ങള്‍ ലഭിക്കാന്‍ സാഹചര്യം അവകാശമായി എവിടെയും ഉണ്ടാവണം. ഇപ്പോൾ സംഭവിക്കുന്ന ചികിത്സച്ചെലവ് അടക്കാത്തതുമൂലം രോഗികളെയോ മൃതശരീരത്തെയോ ആശുപത്രികളിൽ ഡീറ്റെയ്ൻ ചെയ്യുന്ന സംഭവങ്ങൾ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് എന്നാണ് ഈ വിഷയത്തില്‍ ലോകാരോഗ്യ സംഘടനയുടെ താക്കീത്.
ആരോഗ്യം അവകാശം, ജനങ്ങളുടെ ആവശ്യം
ആരോഗ്യം അവകാശമായി പ്രഖ്യാപിക്കാൻ സർക്കാറുകളെ പ്രേരിപ്പിക്കാൻ സാധാരണ ജനങ്ങളും ശ്രമിക്കണമെന്നാണ് ലോകാരോഗ്യ സംഘടന ആഹ്വാനംചെയ്യുന്നത്. ഇതിനായി ആരോഗ്യ അവകാശം മനുഷ്യാവകാശത്തിന്റെ നെടുംതൂണാണെന്ന് ജനങ്ങളെ ആദ്യം മനസ്സിലാക്കിപ്പിക്കണം. ഇത് നടപ്പാക്കാൻ സമ്മതിദാനാവകാശപ്രകാരം സാമാന്യ ജനങ്ങൾക്ക് വോട്ട് ചെയ്യാനുള്ള അവകാശംപോലെ ആരോഗ്യ അവകാശത്തെക്കുറിച്ച് ജനങ്ങൾക്ക് അറിവുകള്‍ നൽകേണ്ടതുണ്ട്.
ഇതിനായി ജനങ്ങൾ കക്ഷിരാഷ്ട്രീയ വിയോജിപ്പുകൾ മറന്ന് ഒന്നിച്ചുനിൽക്കുകയും ശബ്ദമുയർത്തുകയും രാഷ്ട്രീയനേതൃത്വങ്ങളോട് ഇതിനായി ആവശ്യപ്പെടുകയും വേണം. രോഗത്തെ വ്യക്തിയുടെ കുറ്റമായി കാണാതെയും ആരോഗ്യത്തെ സമൂഹത്തിന്റെ ഉത്തരവാദിത്തമായും പരിഗണിക്കുന്ന കാഴ്ചപ്പാട് ജനങ്ങളിൽ വളർത്തിയെടുക്കണം. സ്വയം ആരോഗ്യത്തെ സംബന്ധിച്ച് തീരുമാനങ്ങളെടുക്കാനുള്ള ശേഷിയും അതിനുള്ള വിവരങ്ങളും എല്ലാവർക്കും ലഭ്യമാകുകയും വേണം. ഭരണകൂടം നയപരമായ തീരുമാനമെടുക്കേണ്ടതിനാൽ ഇതൊരു രാഷ്ട്രീയ വിഷയവുമാണ്. അതിനാൽ, ഈ വിഷയം രാഷ്ട്രീയ കക്ഷികളുടെ അജണ്ടയിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.
ഈ അവകാശം സാധ്യമാകാന്‍ -എല്ലാവർക്കും കുടിവെള്ളത്തിനും ശുദ്ധവായുവിനും ആഹാരത്തിനും നല്ല പാർപ്പിടത്തിനും തൊഴിലിനും സാധ്യത ഉണ്ടാക്കിയും വിവേചനങ്ങളിൽനിന്നും ആക്രമണങ്ങളിൽനിന്നും വിമോചനം നേടിയുമായിരിക്കണം പ്രാപിക്കേണ്ടത് എന്നും ജനങ്ങളെ അറിയിക്കണം. ആരോഗ്യവിഷയത്തെ സംബന്ധിച്ച ഏത് തീരുമാനങ്ങൾ എടുക്കുമ്പോഴും അതിൽ അർഥവത്തായ സിവിൽ സമൂഹ ഇടപെടലുകൾ/ സാമൂഹിക പങ്കാളിത്തം ഉറപ്പുവരുത്തണം.
പ്രശ്നങ്ങൾ തിരിച്ചറിയുന്നതിലും, മുൻഗണനകൾ നിർണയിക്കുന്നതിലും പദ്ധതികൾ ആസൂത്രണംചെയ്ത് നടപ്പാക്കുന്നതിലും വിലയിരുത്തുന്നതിലും ഈ ഇടപെടല്‍ വേണം. അതായത്, ശരിയായ വികേന്ദ്രീകരണ ജനകീയ ആസൂത്രണ രീതികള്‍ നടപ്പില്‍ വരണം. ഇതിനായി വീടുകളിലും അയൽക്കൂട്ടങ്ങളിലും ഗ്രാമസഭകളിലും തൊഴിലിടങ്ങളിലും പൊതു ഇടങ്ങളിലും ഇതു സംബന്ധിച്ച ചർച്ചകൾ നടക്കുകയും വേണം. ഇതിനായി വേണ്ടുന്ന മാറ്റങ്ങൾ ചർച്ചചെയ്ത് യോജിപ്പിലെത്തി മനസ്സിലാക്കി സമൂഹത്തെ സംഘടിപ്പിക്കുകയും വേണം.
രാഷ്ട്രീയക്കാരും ജനപ്രതിനിധികളും ചെയ്യേണ്ടത്
ആരോഗ്യം അവകാശമാക്കി പ്രഖ്യാപിക്കാൻ ഓരോ ജനപ്രതിനിധികളും സർക്കാറുകളും പടിപടിയായി പലതും ചെയ്യേണ്ടതുണ്ട്. ആദ്യമായി പൊതുമേഖല ഭരണത്തില്‍ ആരോഗ്യത്തിനുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ് സാമ്പത്തിക വിഹിതം ഇപ്പോള്‍ അനുവദിച്ചതിന്റെ മൂന്നിരട്ടി വര്‍ധിപ്പിച്ച് 3.3 ശതമാനമെങ്കിലും ആക്കണം. ചികിത്സമൂലം ദരിദ്രവത്കരണം ഉണ്ടാകുന്നത് ഇല്ലാതാക്കാൻ ചികിത്സച്ചെലവുകൾ കുറക്കുകയും എല്ലാ വിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തി സാമൂഹികക്ഷേമ പദ്ധതികൾ ആരംഭിക്കുകയും വേണം.
ആരോഗ്യ സംവിധാനങ്ങൾ അടിസ്ഥാനപരമായി പ്രൈമറി ആരോഗ്യ സംവിധാനങ്ങൾക്ക് ചുറ്റും റഫറൽ സംവിധാനങ്ങളോടെ സേവനങ്ങള്‍ നല്കാന് തന്ത്രപരമായി പുതുക്കി പണിയണം. ജനങ്ങൾക്ക് വിശ്വാസ്യത കൂട്ടാന്‍ പറ്റുന്ന വിധത്തിൽ പൊതു-സ്വകാര്യ ആരോഗ്യ സേവന മേഖലയിലെ സുതാര്യത ഉറപ്പിക്കുകയും അക്കൗണ്ടബിലിറ്റി വർധിപ്പിക്കുകയും വേണം. ഇതിനായി സര്‍ക്കാര്‍ ആരോഗ്യ സർവിസിന്റെ എല്ലാ മേഖലകളിലും സദ്ഭരണം ഉറപ്പുവരുത്തി അടിമുടി അഴിമതി നിർമാർജനം സാധ്യമാക്കുകയും വേണ്ടതുണ്ട്.
സാമൂഹിക വികസനത്തിന്റെ സൂചികയായ ശിശുമരണത്തിന്റെ തോതിൽ ഇന്ത്യയിലെ ഗ്രാമ നഗര വ്യത്യാസം 14 ആണ്. മാതൃമരണ നിരക്ക് കേരളത്തിൽ ലക്ഷം ഗർഭിണികളിൽ 19 ആയിരിക്കുമ്പോൾ മധ്യപ്രദേശിൽ 167 ആയിരിക്കുന്നത് ചികിത്സാ സ്ഥാപനങ്ങളുടെ കുറവും ചികിത്സ ലഭിക്കാൻ വൈകുന്നതും മൂലമാണ്. പട്ടികവർഗ വിഭാഗത്തിൽപെട്ട കുട്ടികളിലെ വളർച്ച മുരടിപ്പുമാറ്റം വിഭാഗക്കാരെക്കാൾ ഒന്നര ഇരട്ടി അധികമായി 40 ശതമാനമായത് പല കാരണങ്ങള്മൂലമുണ്ടായ പോഷകാഹാര ലഭ്യതയുടെ പ്രശ്നമാണ്. രാജ്യത്തെ ഗ്രാമപ്രദേശങ്ങളിൽ 61 ശതമാനം വീടുകളിൽ മാത്രമേ കുടിവെള്ള ലഭ്യത എത്തിയിട്ടുള്ളൂ എന്നതും അവകാശങ്ങളില്‍ ഒന്നാണ്. ആരോഗ്യ അസമത്വങ്ങൾ പരിഹരിക്കാനുള്ള രാഷ്ട്രീയവഴിയും കൂടിയാണ് ആരോഗ്യം അവകാശമാക്കുക എന്നുള്ളത്.
നിയമപരമായി ആരോഗ്യ അസമത്വങ്ങള്‍ക്ക് കാരണമാകുന്ന മനുഷ്യർക്കിടയിലെ എല്ലാതരം വിവേചനങ്ങളും നിയമപരമായി നിരോധിക്കണം. ഓരോ സ്ഥലത്തെയും ജനങ്ങളിലെ ആരോഗ്യസ്ഥിതിയും ആരോഗ്യ ആവശ്യങ്ങളും തിരിച്ചറിയുകയും അവരിൽ ലിംഗപരമായും സാമൂഹിക പദവിപരമായും അവയിലെ വ്യത്യാസങ്ങൾ മനസ്സിലാക്കുകയും വേണ്ടതുണ്ട്. ഇവയിലെ അസമത്വങ്ങൾ ഇല്ലാതാക്കാൻ ഉചിതമായ ശ്രമങ്ങളും ഒപ്പം നടപ്പാക്കേണ്ടതുണ്ട്. രോഗാതുരത, ചികിത്സാലഭ്യത തുടങ്ങിയവയില്‍ സാമ്പത്തികം, ലിംഗപരം, വംശീയപരം, സാംസ്കാരികം, ലൈംഗിക താൽപര്യം, വർഗീയം ഇവയെ അടിസ്ഥാനമാക്കിയ ഒരു വിവേചനവും ഉണ്ടാവാതെ പാലിക്കണം. ഇപ്പോള്‍ കേട്ടുവരുന്ന ദരിദ്രര്‍, ആദിവാസികള്‍, ട്രാന്‍സ്ജെൻഡർ ഇവരിലെ അവഗണന തീര്‍ത്തും ഭാവിയില്‍ ഇല്ലാതാക്കണം.
ഒാരോ സംസ്ഥാനങ്ങളിലെ അസംബ്ലികളിലും പാർലമെന്റിലും മറ്റു ജനപ്രതിനിധി സഭകളിലും മന്ത്രിസഭകളും ആരോഗ്യം അനുബന്ധ വിഷയങ്ങളുമായി ബന്ധപ്പെട്ട വിവിധ സെക്ടറുകളിൽ (ജലവിതരണം, ഭക്ഷ്യം, തൊഴില്‍, കൃഷി തുടങ്ങിയ) ആരോഗ്യം അവകാശമാക്കാന്‍ സഹായിക്കുന്ന നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കണം. ഇതിന്റെ കുറച്ച് ഉദാഹരണങ്ങള്‍ കാര്യം വ്യക്തമാക്കും. 2010 ഏപ്രിൽ ഒന്നിന് 14 വയസ്സിനു താഴെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം അവകാശമാക്കി ചട്ടം നിലവിൽവന്നതുകൊണ്ടാണ് ഇന്ത്യയിൽ ഇപ്പോൾ സൗജന്യവും സാർവത്രികവുമായ സ്കൂൾ വിദ്യാഭ്യാസം സാധ്യമായത്.
2013 സെപ്റ്റംബർ 12ന് പാർലമെന്റിൽ ഭക്ഷ്യസുരക്ഷാ ബിൽ പാസാക്കി നിയമമാക്കിയതുകൊണ്ടാണ് രാജ്യത്തെ റേഷൻ കടകളിൽനിന്ന് രണ്ടു രൂപ സൗജന്യനിരക്കിൽ അർഹരായവർക്ക് അരി ലഭിക്കുന്നത്. 2018 സെപ്റ്റംബർ 23ന് സർക്കാർ ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പാക്കിയതുമൂലമാണ് രാജ്യത്തെ 10 കോടി കുടുംബങ്ങൾക്ക് സര്‍ക്കാറിന്റെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭ്യമായത്.
ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായ വായു മലിനീകരണം, ജല മലിനീകരണം, പരിസ്ഥിതി മലിനീകരണം വിഷയങ്ങളില്‍ നിയമങ്ങൾ പാസാക്കുകയും നടപ്പാക്കുകയും ചെയ്യണം. പരിസ്ഥിതി വിഷയത്തിൽ ക്ലീൻ എനർജി നയങ്ങൾ കൊണ്ടുവന്ന് സോളാർ, കാറ്റ്, ജലം പദ്ധതികൾക്ക് സബ്സിഡിയും നികുതിരഹിതമാക്കുന്നതും ഫോസിൽ ഇന്ധനങ്ങൾക്ക് സബ്സിഡികൾ കുറക്കുകയും അതുവഴി അവയുടെ ഉപഭോഗം കുറക്കുന്നതും മറ്റൊരു മേഖലയാണ്.
റിസ്ക് കമോഡിറ്റികളായി കരുതുന്ന, ആരോഗ്യത്തിന് ഹാനികരമായ ഉൽപന്നങ്ങളിൽ നിയന്ത്രണം വേണം. കൂടുതൽ നികുതി ഏർപ്പെടുത്തി ഉപയോഗം നിയന്ത്രിക്കണം. ഉദാഹരണത്തിന് മദ്യവും പുകയില ഉൽപന്നങ്ങളും അമിത പഞ്ചസാരയും ജങ്ക് ഫുഡുകളും അവയുടെ ഉൽപാദനവും വിൽപനയും ജനങ്ങളിലെ ഉപഭോഗവും നിയന്ത്രിക്കുന്ന നിയമങ്ങൾ കൊണ്ടുവരണം.
ഹാനികരമായ ഉൽപന്നങ്ങളുടെ ഉപയോഗം ജനങ്ങളില്‍ കുറച്ചുകൊണ്ടുവരാന്‍ ഇത്തരം ഉൽപന്നങ്ങൾ, ഭക്ഷ്യ ഉൽപന്നങ്ങൾ ഇവയുടെ പാക്കറ്റുകളില്‍ ഉള്ളടക്കത്തെക്കുറിച്ച് ലേബലുകൾ നൽകുക, തെറ്റായ പരസ്യങ്ങൾ നിയന്ത്രിക്കുക എന്നിവ വേണം. ഭക്ഷ്യനിയമത്തിൽ രോഗകാരികളായ ട്രാൻസ് ഫാറ്റുകളെപ്പറ്റി വ്യവസ്ഥ വേണം. അതുപോലെ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കുറക്കാന്‍ പൗൾട്രി-ഫാം മേഖലകളിൽ ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം തടയൽ ഇതിന്റെതന്നെ മറ്റൊരു മേഖലയാണ്.
പൊതുജനങ്ങളില്‍ വ്യായാമം പ്രോത്സാഹിപ്പിക്കാന്‍ പൊതു കളിസ്ഥലങ്ങളും സൈക്ലിങ്ങിനും നടക്കാനുമായി നടപ്പാതകളുള്ള റോഡ്, ഇൻഫ്രാസ്ട്രെക്ചറുകൾ വ്യാപകമായി ഉണ്ടാക്കണം. ജനങ്ങളെ ഇതിനായി പ്രേരിപ്പിക്കുകയും വേണം.
തൊഴിലിനുള്ള അവകാശവും തൊഴിലാളികളുടെ എല്ലാ അവകാശങ്ങളും എല്ലാ മേഖലകളിലും ഉറപ്പുവരുത്തുകയും ആളുകളുടെ സുരക്ഷക്കായും അപകടങ്ങള്‍ കുറക്കാനും നിർമാണശാലകളിലും ജോലിസ്ഥലങ്ങളിലും ഉൽപന്നങ്ങളിലും സേഫ്റ്റി സ്റ്റാൻഡേഡുകള്‍ നിർണയിക്കുകയും വേണം. ആരോഗ്യമേഖലയിലെ തൊഴിലിടങ്ങൾ പക്ഷപാതരഹിതമാവുകയും ലിംഗപരത പരിഗണിച്ച് മെച്ചപ്പെടുത്തുകയും എല്ലാ തരക്കാർക്കും സമീപിക്കാൻ പറ്റുന്നതുമായി തീർക്കണം. രോഗ പകര്‍ച്ച ഇല്ലാതിരിക്കാന്‍ ആശുപത്രി ജീവനക്കാർക്കും മറ്റും ആവശ്യമുള്ള സുരക്ഷാ ഉപകരണങ്ങൾ നൽകുകയും വേണം. അന്താരാഷ്ട്ര-മനുഷ്യാവകാശ നിയമങ്ങൾ മറികടന്ന് ഗസ്സയില്‍ ആശുപത്രികളിലും ബോംബുകള്‍ വര്‍ഷിച്ചത് ഒരു യാഥാർഥ്യമാണല്ലോ.
കലാപങ്ങളും ദുരന്തങ്ങളും യുദ്ധങ്ങളും നടക്കുന്ന ഇടങ്ങളിൽ ആശുപത്രികളുടെയും ആശുപത്രി ജീവനക്കാരുടെയും സേവനങ്ങൾ ഉറപ്പുവരുന്ന അന്താരാഷ്ട്ര-മനുഷ്യാവകാശ നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടണം. കാലാവസ്ഥ ദുരന്തങ്ങള്‍ കൂടിവരുമ്പോള്‍ എല്ലായിടത്തും ആശുപത്രികള്‍/ ആരോഗ്യ ഇൻഫ്രാസ്ട്രക്ച്ചറുകൾ അവയെ ചെറുക്കുന്ന വിധത്തിലായിരിക്കണം നിർമിക്കപ്പെടുന്നത്. ഇതും ആരോഗ്യം അവകാശമാക്കുന്നതിന്റെ ഭാഗമാണ്. ആരോഗ്യം ജനങ്ങളുടെ അവകാശമാക്കാന്‍ ഒന്നിച്ചുള്ള രാഷ്ട്രീയ സമ്മർദങ്ങൾ ഉണ്ടാവേണ്ടതുണ്ട്.
==============