പയ്യന്നൂരിലെ തൊഴിലനുഭവങ്ങൾ
മാധ്യമപ്രവർത്തനം വിട്ട് പയ്യന്നൂർ കോടതിയിൽ പ്രാക്ടിസ് തുടങ്ങിയ കാലത്തെ അനുഭവങ്ങൾ എഴുതുന്നു. പയ്യന്നൂർ കോടതിയിൽ ഇ.കെ. നായനാർ പ്രതിയായി എത്തിയ കേസിനെക്കുറിച്ചും അക്കാലത്തെ കോടതി അന്തരീക്ഷത്തെക്കുറിച്ചും വിവരിക്കുന്നു.ഏതാണ്ട് ഒരു വർഷം നീണ്ട പരിശീലനത്തിനുശേഷം തലശ്ശേരിയിലെ എം.പി.ജി സാറിന്റെ ഓഫിസ് വിട്ട് പയ്യന്നൂരിൽ സ്വതന്ത്രമായ പ്രാക്ടിസ് തുടങ്ങുമ്പോൾ ആശങ്കകൾ ഏറെയായിരുന്നു. അഭിഭാഷക പാരമ്പര്യമുള്ള കുടുംബത്തിന്റെയോ കക്ഷിരാഷ്ട്രീയത്തിന്റെയോ പിന്തുണയില്ലാതെ പ്രാക്ടിസ് കെട്ടിപ്പടുക്കുക അക്കാലത്തും ഇക്കാലത്തും അത്ര എളുപ്പമല്ല. അതിനാൽത്തന്നെ കഠിനാധ്വാനത്തിലൂടെ മാത്രമേ...
Your Subscription Supports Independent Journalism
View Plansമാധ്യമപ്രവർത്തനം വിട്ട് പയ്യന്നൂർ കോടതിയിൽ പ്രാക്ടിസ് തുടങ്ങിയ കാലത്തെ അനുഭവങ്ങൾ എഴുതുന്നു. പയ്യന്നൂർ കോടതിയിൽ ഇ.കെ. നായനാർ പ്രതിയായി എത്തിയ കേസിനെക്കുറിച്ചും അക്കാലത്തെ കോടതി അന്തരീക്ഷത്തെക്കുറിച്ചും വിവരിക്കുന്നു.
ഏതാണ്ട് ഒരു വർഷം നീണ്ട പരിശീലനത്തിനുശേഷം തലശ്ശേരിയിലെ എം.പി.ജി സാറിന്റെ ഓഫിസ് വിട്ട് പയ്യന്നൂരിൽ സ്വതന്ത്രമായ പ്രാക്ടിസ് തുടങ്ങുമ്പോൾ ആശങ്കകൾ ഏറെയായിരുന്നു. അഭിഭാഷക പാരമ്പര്യമുള്ള കുടുംബത്തിന്റെയോ കക്ഷിരാഷ്ട്രീയത്തിന്റെയോ പിന്തുണയില്ലാതെ പ്രാക്ടിസ് കെട്ടിപ്പടുക്കുക അക്കാലത്തും ഇക്കാലത്തും അത്ര എളുപ്പമല്ല. അതിനാൽത്തന്നെ കഠിനാധ്വാനത്തിലൂടെ മാത്രമേ എന്തെങ്കിലും പ്രതീക്ഷകൾ നിലനിർത്താനാകൂ. കഠിനാധ്വാനം നടത്താൻ തയാറായാൽ േപാരാ, അങ്ങനെ ജോലിചെയ്യാൻ മാത്രം കേസുകളും ഉണ്ടാകണമല്ലോ. തലശ്ശേരിയിൽ ആദ്യം കോടതിയിൽ രണ്ടു വാക്ക് പറഞ്ഞത് പിന്നീട് ഹൈകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം കിട്ടിയ ജസ്റ്റിസ് ഹരിറാണിയുടെ കോടതിയിലായിരുന്നു. അന്നവർ അവിടെ സബ്ജഡ്ജിയായിരുന്നു.
ഒരു ലാൻഡ് അക്വിസിഷനുമായി ബന്ധപ്പെട്ട് കോടതിയിൽ ഡെപ്പോസിറ്റ് ചെയ്ത പണം തിരിച്ചുകിട്ടാനായുള്ള ഹരജിയായിരുന്നു, ആദ്യം കിട്ടിയ കേസ്. അത് വാങ്ങിച്ചുകൊടുത്തു. അതിനു വലിയ വാദങ്ങളൊന്നും വേണ്ടിവന്നില്ല. ചില കമീഷനുകൾ കോടതിയിൽനിന്നും ഉത്തരവായി കിട്ടി. അത്യാവശ്യം മോശമല്ലാതെ റിപ്പോർട്ടുകൾ തയാറാക്കി കോടതിയിൽ സമർപ്പിച്ചു.
ഒരു മുൻസിഫ് കോടതിയും സബ്കോടതിയും ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയും അടങ്ങിയതായിരുന്നു, പയ്യന്നൂരിലെ കോടതിസമുച്ചയം. ഇടക്കുമാത്രം വരുന്ന ലാൻഡ് ട്രൈബ്യൂണൽ അപ്പലറ്റ് അതോറിറ്റി വേറെയും. കൈകാര്യം ചെയ്ത വളരെക്കുറച്ചു കേസുകളിൽനിന്നും നാമമാത്രമായ വരുമാനമേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴും എഴുത്തും പൊതുപ്രവർത്തനവും തുടരാനായി. ‘പരിസരവേദി’യും പയ്യന്നൂരിലെ പബ്ലിക് ഹെൽത്ത് ഫോറവും മറ്റും അത്തരം പ്രവർത്തനങ്ങൾക്കുള്ള വഴിതുറന്നു.
പതുക്കെപ്പതുക്കെ കേസുകൾ വന്നുതുടങ്ങി. കേസുകളിൽ കക്ഷികളോട് കറകളഞ്ഞ പ്രതിബദ്ധത കാണിച്ചേ പറ്റൂ. വിട്ടുവീഴ്ചയില്ലാത്ത ഈ പ്രതിബദ്ധത തീർച്ചയായും ഇന്നല്ലെങ്കിൽ നാളെ മാനിക്കപ്പെടുമെന്നുറപ്പുണ്ടായിരുന്നു. തലശ്ശേരിയിൽനിന്നും മനസ്സിലാക്കിയ തൊഴിലിന്റെ ബാലപാഠങ്ങളിലൊന്നായിരുന്നു അത്. അതുകൊണ്ടുതന്നെ ന്യായാധിപരോടായാലും കാര്യങ്ങൾ വെട്ടിത്തുറന്നു പറയണമെന്ന് ആദ്യം മുതലേ നിർബന്ധമുണ്ടായിരുന്നു.
പയ്യന്നൂരിനടുത്ത കാങ്കോലിൽനിന്നുള്ളതായിരുന്നു ആദ്യത്തെ സിവിൽ കേസ്. അത് മുൻസിഫ് കോടതിയിലും സബ്കോടതിയിലും ജയിച്ചു. ചില ചെറിയ കേസുകൾ നൽകിയ വലിയ അനുഭവങ്ങളാണ് യഥാർഥത്തിൽ തൊഴിലിന്റെ അടിത്തറ പാകിയത്. നിയമം പുസ്തകങ്ങളിലുണ്ടാകുമെങ്കിലും വസ്തുതകൾ, അനുഭവങ്ങൾ, മനുഷ്യ വികാരവിചാരങ്ങൾ, മോഹങ്ങൾ, മോഹഭംഗങ്ങൾ -ഇവയെല്ലാം പകർന്നുതരുന്നത് കക്ഷികളാണ്; സാധാരണ മനുഷ്യരാണ്. ഓരോ മനുഷ്യനും ഓരോ ലോകമാണെന്ന് ജിദ്ദു കൃഷ്ണമൂർത്തി പറഞ്ഞിട്ടുണ്ട്.
അക്കാലത്ത് പയ്യന്നൂരിൽനിന്നുള്ള ഒരു കെട്ടിടത്തിന്മേലുണ്ടായ തർക്കം കോടതിയിലെത്തി. ഒരു പഴയ വലിയ കെട്ടിടം ഭാഗപത്രപ്രകാരം വിഭജിക്കപ്പെട്ടു. ഒരുഭാഗം ഒരാൾക്ക്; തിരശ്ചീനമായി കിടന്ന മറ്റേഭാഗം മറ്റേയാൾക്ക്. രണ്ടാമത്തെയാൾ അയാൾക്ക് പകുത്തുകിട്ടിയ കെട്ടിടഭാഗം പൊളിച്ചുനീക്കി. അതോടെ, ആദ്യത്തെയാളിന്റെ കെട്ടിടത്തിന്റെ, നാളിതുവരെയും കെട്ടിടത്തിന്റെ മറ്റേ ഭാഗത്താൽ സംരക്ഷിക്കപ്പെട്ട ചുമരും മറ്റും മഴയും വെയിലുംകൊണ്ട് ദ്രവിക്കാൻ തുടങ്ങി.
അതൊന്നു പെയിന്റടിക്കണമെങ്കിൽ, ഉറപ്പിക്കണമെങ്കിൽ മറ്റേയാൾക്ക് ഭാഗംകിട്ടിയ, ഇപ്പോൾ നിലംപരിശാക്കിയ ഭാഗത്ത് ഏണിവെച്ചുമാത്രമേ ചെയ്യാൻ കഴിയൂ. അതിലാകട്ടെ ആദ്യത്തെയാൾക്ക് -എന്റെ കക്ഷിക്ക് -അവകാശവുമില്ല. അപ്പോൾ എങ്ങനെ എതിർകക്ഷിയുെട സ്ഥലത്തുനിന്നുകൊണ്ട്, അവിടെ ഏണിയും മറ്റ് പണിയായുധങ്ങളും വെച്ചുകൊണ്ട് ചുമർ പെയിന്റടിക്കാനും അറ്റകുറ്റപ്പണി ചെയ്യാനും കഴിയും? -ഇതായിരുന്നു പ്രശ്നം. പണി തടസ്സപ്പെടുത്തുന്നതിൽനിന്നും എതിർകക്ഷിക്കെതിരെ ഒരു ഇൻജങ്ഷൻ ഉത്തരവ് സമ്പാദിക്കുക മാത്രമാണ് നിയമപരമായ വഴി. സിവിൽ നിയമത്തിലെ 39ാം കൽപന 1ാം ചട്ടമാണ് ഇൻജങ്ഷൻ ഉത്തരവിനെപ്പറ്റി പറയുന്നത്.
എതിർകക്ഷിക്കവകാശപ്പെട്ട സ്ഥലത്തുനിന്നും ജോലി ചെയ്യിപ്പിക്കാനാകുമോ എന്ന ആശങ്കയുമായാണ് ഈ വകുപ്പ് പലവുരു വായിച്ചത്. അപ്പോഴാണ് ആർക്കിമിഡിസിനെയും ഐസക് ന്യൂട്ടനെയുംപോലെ ഈ വകുപ്പിൽ ഒളിഞ്ഞിരുന്ന ‘സത്യം’ മനസ്സിലാക്കാനായത്. ഒരു തർക്കവസ്തു നശിച്ചുപോകാനിടയുണ്ടെന്നു ബോധ്യപ്പെട്ടാൽ മതി അതിനെ പരിരക്ഷിക്കാനായി ഇൻജങ്ഷൻ ഉത്തരവിടാൻ കോടതിക്ക് അധികാരമുണ്ട്. ഇതാണ് 39ാം കൽപനയിലെ 1ാം ചട്ടത്തിന്റെ താൽപര്യം. നശിച്ചുപോകാനിടയുള്ള ചുമരും അതിനുമുട്ടിയുള്ള സ്ഥലവും തർക്കവസ്തുവായതിനാൽ എക്സ്പാർട്ടി ഇൻജങ്ഷൻ ഉത്തരവ് മുൻസിഫ് കോടതിയിൽനിന്നും ലഭിച്ചു.
അന്നേദിവസം രാത്രിതന്നെ കെട്ടിടം പെയിന്റടിച്ച് അറ്റകുറ്റപ്പണി തീർത്ത് കക്ഷി ഉത്തരവിന്റെ പ്രയോജനം നേടിയെടുത്തു. സാമാന്യം വലിയതോതിൽ പലചരക്കു കച്ചവടം നടത്തിയിരുന്ന കെട്ടിടം സംരക്ഷിച്ചില്ലെങ്കിൽ അദ്ദേഹത്തിന്റെ ബിസിനസുതന്നെ, അതുവഴി ജീവിതംതന്നെ വഴിമുട്ടുമായിരുന്നു. പിന്നീട് ഇൻജങ്ഷൻ ഉത്തരവ് കോടതി എടുത്തുകളയുമോ എന്ന ഭീതികാരണമാണ് രാത്രിക്കുരാത്രിതന്നെ പണി തീർക്കേണ്ടിവന്നത്.
നിയമം പ്രയോഗിക്കുന്നതിൽ സാമാന്യബുദ്ധിക്ക് വലിയ പ്രാധാന്യമുണ്ട്. എന്നാൽ, സാമാന്യയുക്തിയും നിയമത്തിന്റെ യുക്തിയും എപ്പോഴും ഒരുപോലെയായിരിക്കണമെന്നില്ല. സാമൂഹികാനുഭവങ്ങളും മൂർത്ത യാഥാർഥ്യങ്ങളുമെല്ലാം ചേർന്നാണ് വ്യവഹാരങ്ങളുടെ വഴി നിശ്ചയിക്കുക. നിയമത്തിന്റെ ജീവൻ കുടികൊള്ളുന്നത് കേവലം താർക്കികതയിലല്ല; മറിച്ച് അനുഭവങ്ങളിലാണെന്ന് ജസ്റ്റിസ് ഹോംസ് നിരീക്ഷിച്ചതോർക്കുക.
തൊഴിലിൽ ജയിക്കുന്ന അഭിഭാഷകരും തൊഴിലിനെ ജയിക്കുന്ന അഭിഭാഷകരും ഉണ്ടെന്ന് സുകുമാർ അഴീക്കോട് ഒരിക്കൽ പറഞ്ഞത് ഗാന്ധിജിയുെട മഹത്തായ ജീവിതത്തെക്കുറിച്ച് വിലയിരുത്തുമ്പോഴായിരുന്നു. ഗാന്ധി, അഭിഭാഷകവൃത്തിയുടെ പരമ്പരാഗതമായ പരിമിതികളെ സ്വന്തം നീതിബോധത്തിന്റെ അപാരമായ കരുത്തോടെ മറികടന്നതിനെക്കുറിച്ചായിരുന്നു അഴീക്കോട് വിശദീകരിച്ചത്.
പ്രാക്ടിസിന്റെ ആദ്യഘട്ടങ്ങളിൽ സത്യസന്ധതയുടെ കാര്യത്തിൽ ഗാന്ധി കാണിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിൽ ചിലതിനെപ്പറ്റി ‘സത്യാന്വേഷണ പരീക്ഷണങ്ങളിൽ’ ഗാന്ധിജി എഴുതിയിട്ടുണ്ട്. ചില കേസുകൾ സമാധാനപരമായി ഒത്തുതീർത്തതിലൂടെ അദ്ദേഹം നേടിയ സംതൃപ്തിയെക്കുറിച്ചും ആത്മകഥയിൽ വിവരിച്ചുകാണാം. അഭിഭാഷകവൃത്തി വഴി സ്വന്തം രാഷ്ട്രീയത്തെയും രാഷ്ട്രീയദർശനത്തിലൂടെ അഭിഭാഷകവൃത്തിയെയും ശുദ്ധീകരിച്ച ഗാന്ധി, എല്ലാറ്റിലുമുപരി, ഇച്ഛാശക്തിയുടെകൂടി പ്രതീകമായിരുന്നു.
തൊഴിലിൽ മാത്രം ജയിക്കാൻ ശ്രമിക്കുന്ന, തൊഴിലിനെ ജയിച്ച് ചരിത്രം സൃഷ്ടിക്കാൻ പ്രാപ്തിയില്ലാത്ത ഒരു സാധാരണ അഭിഭാഷകനെ സംബന്ധിച്ചിടത്തോളവും ഗാന്ധി വലിയൊരു സന്ദേശമാണ്. എന്നാൽ, ഗാന്ധിയൻ നിയമചിന്തയുടെ വിവിധ ഭാഗങ്ങൾ ഇന്ത്യയിൽ ഇനിയും വേണ്ടത്ര മനസ്സിലാക്കപ്പെട്ടിട്ടില്ല. ചെറുപ്പക്കാരായ അഭിഭാഷകർക്ക് ഇച്ഛാശക്തിയെന്ന വജ്രായുധം സ്വായത്തമാക്കാൻ ഗാന്ധിയെ വായിക്കുന്നതിലൂടെ കഴിയും. തൊഴിലിൽ, വ്യവഹാരത്തിൽ സത്യം കണ്ടെത്താൻ ധീരത ആവശ്യമാണ്. ധീരതയില്ലെങ്കിൽ സത്യവുമില്ല എന്ന ഭരണഘടനാ വിദഗ്ധനായ എച്ച്.എം. സീർവായിയുടെ വിശ്വാസപ്രമാണത്തിനും ഒരു ഗാന്ധിയൻ സ്പർശമുള്ളതായി തോന്നിയിട്ടുണ്ട്.
മുൻസിഫ് കോടതിയിൽ വിജയിച്ച ഒരു ഹരജിയുടെ പുറത്ത് അപ്പീൽ വന്നപ്പോൾ സബ് കോടതിയിൽ ന്യായാധിപൻ താഴെ കോടതിയിൽ ജയിച്ച എന്നെ വാ തുറക്കാൻ അനുവദിച്ചില്ല. അപ്പീൽ നൽകിയ മറുഭാഗം അഭിഭാഷകനെ പത്തു മിനിറ്റ് കേട്ടപ്പോൾതന്നെ അദ്ദേഹം എനിക്കെതിരെ തിരിഞ്ഞു. പത്തു മിനിറ്റോളം ന്യായാധിപനും ‘വാദിച്ചു’ -കീഴ് കോടതിയുടെ ഉത്തരവ് തെറ്റാണെന്ന് സ്ഥാപിച്ചു. ഒടുവിൽ ഇത്രമാത്രം ആ ന്യായാധിപനോട് പറഞ്ഞു: ‘‘കീഴ് കോടതി വിധി തെറ്റാകാം. എന്നാൽ, ഇരുഭാഗത്തെയും കേട്ടതിനുശേഷമാണ് കോടതി ആ ‘തെറ്റ്’ വരുത്തിയത്. ഇവിടെ ഒരുഭാഗത്തെ മാത്രം കേട്ടുകൊണ്ടാണ് തെറ്റുവരുത്താൻ പോകുന്നത്.’’
ഇത് കേട്ടയുടനെ ആ ന്യായാധിപൻ ക്ഷമചോദിച്ചു. കേവലം രണ്ടു വർഷം പ്രാക്ടിസ് പോലും തികയാത്ത ഒരു അഭിഭാഷകനോട് ക്ഷമചോദിച്ചത് ആ ന്യായാധിപന്റെ ഒരുപക്ഷേ, ആ തലമുറയുടെയും വലുപ്പമാണെന്നത് വേറൊരു കാര്യം! പിന്നീട് അദ്ദേഹം പൂർണമായും വാദംകേട്ട ശേഷമാണ് കേസിൽ ഉത്തരവിട്ടത്. ആദ്യത്തെ നിലപാട് പിന്നീടദ്ദേഹം മാറ്റുകയും ചെയ്തു.
ആയിടെ മരുമക്കത്തായ നിയമവുമായി ബന്ധപ്പെട്ട ഒരു കേസിൽ സബ് കോടതി മുമ്പാകെ വാദിച്ചു. വാദത്തിനിടെ പല കോടതിവിധികളും പുസ്തകങ്ങളും ഉദ്ധരിച്ച കൂട്ടത്തിൽ ‘കമന്ററീസ് ഓൺ മരുമക്കത്തായ ലോ’ എന്ന പുസ്തകവും ന്യായാധിപന്റെ മുന്നിൽവെച്ചു. അതിലെ നിയമപരമായ വിശകലനങ്ങൾ ന്യായാധിപൻ വായിച്ചുനോക്കി. അവസാനം ചെറിയ സ്വരത്തിൽ ന്യായാധിപനോട് പറഞ്ഞു -ഇത് ഞാൻതന്നെ എന്റെ ജൂനിയറുമായി ചേർന്ന് എഴുതിയ പുസ്തകമാണ്. അതിൽ ന്യായാധിപൻ പ്രകടിപ്പിച്ച വിസ്മയംനിറഞ്ഞ സന്തോഷം അദ്ദേഹത്തിന്റെ മുഖത്ത് കാണാമായിരുന്നു. അതൊരു വലിയ പ്രോത്സാഹനവുമായിരുന്നു. മുഹമ്മദ് യൂസഫ് എന്ന ആ നല്ല ന്യായാധിപൻ പിന്നീട് റിട്ടയർമെന്റിനുശേഷം ഹൈകോടതിയിൽ അഭിഭാഷകനായി.
വിചാരണക്കോടതികളുടെ പഴയ ചുമരുകളിൽ തൂങ്ങിനിന്ന ഗാന്ധിജിയുടെയും നെഹ്റുവിന്റെയും മറ്റും ഫോട്ടോകൾ നിയമചരിത്രത്തിന്റെകൂടി ഓർമപ്പെടുത്തലുകളാണ്. ഇന്ത്യയുടെ വിധി നിർണയിക്കേണ്ടത് ഇന്ത്യക്കാർതന്നെയാണ് എന്ന് മഹാത്മജി 1922ൽ പ്രസ്താവിച്ചതിലാണ് ഇന്ത്യൻ ഭരണഘടനയുടെ വിത്തുകൾ കുടികൊള്ളുന്നതെന്ന് വിശ്വസിക്കുന്നവർ ഏറെയാണ്.
ഭരണഘടനയുടെ പ്രത്യയശാസ്ത്രവും ദർശനവും രൂപപ്പെടുത്തിയെടുത്തതിൽ നെഹ്റുവിനുള്ള പങ്ക് അംബേദ്കറുടേതിന് സമാനമെങ്കിലുമാണ്. 1946ൽ പണ്ഡിറ്റ് നെഹ്റു നടത്തിയ ലക്ഷ്യപ്രഖ്യാപനമാണ് ഇന്ത്യൻ ഭരണഘടനയുടെ ആമുഖ വാക്യങ്ങളുടെ സ്രോതസ്സ്: ‘‘നിയമത്തിനുമുന്നിൽ തുല്യത, നിയമത്തിന്റെ തുല്യസംരക്ഷണം’’ എന്ന ഭരണഘടനയുടെ 14ാം അനുഛേദത്തിന്റെ വാഗ്ദാനം ആേവശകരമായ പ്രചോദനമാണ്.
സ്വന്തം പാടത്തിന് നടുവിലൂടെ മുന്നറിയിപ്പോ നോട്ടീസോ ഇല്ലാതെ ടെലിഫോണിനുള്ള പോസ്റ്റുകളിട്ട് കമ്പി വലിച്ചപ്പോൾ ഗ്രാമീണനായ എന്റെ കക്ഷി സിവിൽ കേസുകൊടുത്തു. കുഞ്ഞിരാമൻ വൈദ്യർ ഹർജിക്കാരൻ; യൂനിയൻ ഓഫ് ഇന്ത്യ പ്രതിയും. ഇവിടെ പൗരനും ഭരണകൂടവും ഒരേതലത്തിൽ കോടതിയുടെ മുന്നിൽ എത്തിപ്പെടുകയാണ്. നിയമത്തിനുമുന്നിൽ കുഞ്ഞിരാമൻ വൈദ്യരും ഇന്ത്യാ ഗവൺമെന്റും തുല്യരാണ്. താൻ കേന്ദ്രത്തിനെതിരെ കേസ് ഫയൽ ചെയ്തുവെന്ന് വൈദ്യർ അഭിമാനപൂർവം പറയുന്നത് കേട്ടിട്ടുണ്ട്.
ഈ സമഭാവനയാണ് നമ്മുടെ കോടതികളെ സവിശേഷസ്ഥാപനങ്ങളാക്കി മാറ്റുന്നത്. അത് സാധാരണ മനുഷ്യരിൽ സൃഷ്ടിച്ച ആത്മവിശ്വാസം പ്രധാനമാണ്. കാലാന്തരത്തിൽ ഭരണഘടനാ സങ്കൽപങ്ങളും തുല്യതയടക്കമുള്ള നിയമതത്ത്വങ്ങളും മാറിമറഞ്ഞുപോയിട്ടുണ്ടാകാം. എങ്കിലും വൈദ്യർക്കുവേണ്ടി വാദിക്കുമ്പോൾ ഈ തൊഴിലിന്റെ മറ്റൊരു മാനം അനുഭവിക്കാനായി. അഭിഭാഷകന്റെ സ്ഥാനം, അതിശക്തമായ ഭരണകൂടത്തിനും സാധാരണ പൗരനും മധ്യേയാണ്. അധികാര പ്രമത്തതയിൽനിന്നും സാധാരണ മനുഷ്യനെ വിമോചിപ്പിക്കാനുള്ള ശ്രമമാണ് ഒരു ചെറിയ കോടതിയിൽ സർക്കാറിനെതിരെ നടത്തുന്ന ചെറിയ അഭിഭാഷകന്റെ ചെറിയ വാദമുഖങ്ങൾപോലും എന്നത് പക്ഷേ, ചെറുതല്ലാത്ത തിരിച്ചറിവായിരുന്നു.
പ്രാദേശികതലത്തിൽ കോടതികൾ പുറപ്പെടുവിക്കുന്ന വിധികളും ഉത്തരവുകളും പ്രധാന പത്രങ്ങളിലും മാധ്യമങ്ങളിലും വാർത്തയാകാറില്ല. എന്നാൽ, പ്രാദേശിക പത്രങ്ങൾക്ക് ചെറിയ കോടതികളും ഒരു വാർത്താ സ്രോതസ്സാണ്. പയ്യന്നൂരിലെ സായാഹ്ന പത്രമായ ‘ഗദ്ദിക’ കോടതി വാർത്തകൾ വലിയ താൽപര്യത്തോടെ റിപ്പോർട്ട് ചെയ്യുമായിരുന്നു. സി.എം.പി നേതാവായ വി.കെ. രവീന്ദ്രനാണ്, ‘ഗദ്ദിക’യുടെ പത്രാധിപർ. രാഷ്ട്രീയ, സാമൂഹിക സാമ്പത്തിക വിഷയങ്ങളിൽ സജീവമായി ഇടപെടുന്നയാളായിരുന്നു, രവിയേട്ടൻ. നന്നായി എഴുതുകയുംചെയ്യും.
ആയിടെ ‘ഗദ്ദിക’ പത്രം ‘ദേശാഭിമാനി’ പത്രത്തിന്റെ ചുമതലപ്പെട്ടയാളുകൾക്കെതിരെ ഒരു മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയുണ്ടായി. കേസിനാധാരമായ വിഷയം ഓർമയിലില്ല. പക്ഷേ, കേസിലെ പ്രതികളിലൊരാൾ സാക്ഷാൽ ഇ.കെ. നായനാരായിരുന്നു! ‘ദേശാഭിമാനി’ പത്രത്തിന്റെ ചുമതലക്കാരിലൊരാളെന്ന നിലയിലായിരുന്നു, നായനാർ പയ്യന്നൂർ മുൻസിഫ് കോടതിയിലെ സിവിൽ കേസിൽ പ്രതിയായത്. അതിൽ ‘ഗദ്ദിക’യുടെ വാദങ്ങൾ കോടതി അംഗീകരിച്ചുവെങ്കിലും അന്യായക്കാരനായി ഒരു വ്യക്തി ഇല്ലായിരുന്നുവെന്ന സാങ്കേതിക കാരണത്താൽ കേസ് തള്ളിപ്പോയി.
അത് വലിയ വാർത്തയായി ‘ദേശാഭിമാനി’ കൊടുത്തപ്പോൾ അതിൽ വീണ്ടും അപകീർത്തിയാരോപിച്ച് രവീന്ദ്രൻതന്നെ കോടതിയിലെത്തി. അത്തരം വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്ന് മുൻസിഫ് കോടതി ‘ദേശാഭിമാനി’ക്കെതിരെ ഇൻജങ്ഷൻ കൽപന പുറപ്പെടുവിച്ചു. അതിവിരളമായി മാത്രം ലഭിക്കുന്ന നിരോധന ഉത്തരവുകളാണ് മാധ്യമസ്ഥാപനങ്ങൾക്കെതിരെയുള്ള ഇത്തരം ഉത്തരവുകൾ. ആദ്യം തള്ളിപ്പോയ കേസിൽ അപ്പീലുണ്ടായി. അതു പിന്നീട് ഒത്തുതീർപ്പാവുകയാണുണ്ടായത്.
ഇതെല്ലാമാണെങ്കിലും വിചാരണ കോടതികളിൽ കൈകാര്യം ചെയ്യുന്ന പല കേസുകളും ധാർമികതയുടെ തലത്തിൽ ഉരച്ചുനോക്കുമ്പോൾ അവക്ക് വിവിധ മാനങ്ങളുണ്ടെന്നും അവ പലതും സങ്കീർണമാണെന്നും തോന്നിയിട്ടുണ്ട്. ഒരു അധ്യാപികയുടെ യുവാവായ മകൻ ചെറിയ രീതിയിൽ ഒരു ഫൈബർ കസേര നിർമാണ യൂനിറ്റ് തുടങ്ങിയപ്പോൾ അയൽവാസി അതിനെതിരെ വ്യവഹാരം നൽകി. മുൻസിഫ് കോടതിയിൽ വന്ന കേസിൽ കസേര നിർമിക്കുന്ന ചെറുപ്പക്കാരനുവേണ്ടി ഹാജരായി.
കസേരക്കൊപ്പം സ്റ്റൂൾ, മേശ തുടങ്ങിയ ചെറിയ സാമഗ്രികൾ നിർമിക്കുമായിരുന്നു അയാൾ. കോടതിയിൽ വെച്ചുതന്നെ ഒരു സ്റ്റൂളിന്റെ ചെറിയ വൃത്താകൃതിയിലുള്ള ഭാഗം നിർമിച്ചുകാണിച്ച് ആ നിർമാണപ്രക്രിയയിൽ മലിനീകരണമില്ലെന്ന് വാദിച്ചപ്പോൾ കോടതിക്ക് അത് ബോധ്യപ്പെട്ടു. യൂനിറ്റിന്റെ പ്രവർത്തനം നിരോധിച്ചുകൊണ്ടുള്ള മുൻസിഫ് കോടതിയുടെ ഇടക്കാല ഉത്തരവ് അതോടെ പിൻവലിക്കപ്പെട്ടു. എന്നാൽ, വിചിത്രമായ ഈ തെളിവു സമർപ്പണം സംബന്ധിച്ച വാർത്തകൾ മാധ്യമങ്ങളിൽ വന്നത് അന്ന് ശ്രദ്ധിക്കപ്പെട്ടു. സിവിൽ നടപടി ക്രമത്തിലോ ഇന്ത്യൻ തെളിവുനിയമത്തിലോ വിവരിച്ചിട്ടില്ലാത്ത ഒരു ‘നടപടി’യായിരുന്നു, കോടതിയിലെ ഈ പീഠനിർമിതി!
വിചാരണ കോടതികൾ അഭിഭാഷകരെ മനുഷ്യജീവിതവുമായി, മനുഷ്യമനസ്സുകളുമായി അടുപ്പിക്കുന്നു. സവിശേഷമായ ഒരു തുടർവിദ്യാഭ്യാസമാണത്. ഉന്നത കോടതികളിൽനിന്നും വ്യത്യസ്തമായി സാക്ഷികളുടെ ക്രോസ് വിസ്താരമെന്ന സമ്പ്രദായം പൊതുവെ വിചാരണ കോടതികളിൽ മാത്രമാണുള്ളത്. തെരഞ്ഞെടുപ്പു കേസുകളിലും ചില അനുവദിക്കപ്പെട്ട സിവിൽ വ്യവഹാരങ്ങളിലും (ഒറിജിനൽ സ്യൂട്ടുകൾ) ഹൈകോടതികളിലും സാക്ഷിവിസ്താരമുണ്ടാകാമെങ്കിലും അവ നന്നേ വിരളമായി മാത്രമാണ് നടക്കാറ്. ക്രോസ് വിസ്താരകലയിൽ അഗ്രഗണ്യനായിരുന്നു, പ്രമുഖ ക്രിമിനൽ അഭിഭാഷകനായ കുഞ്ഞിരാമ മേനോൻ എന്ന് നേരത്തെ സൂചിപ്പിക്കുകയുണ്ടായല്ലോ. എന്തുകൊണ്ടാണ് തന്റെ പ്രാക്ടിസ് പൂർണമായും ഹൈകോടതിയിലേക്ക് മാറ്റി അവിടെ മാത്രമാക്കി ഒതുക്കാത്തതെന്നതിന് മേനോൻ സാർ നൽകാറുള്ള മറുപടി അവിടെ ക്രോസ് വിസ്താരമില്ലല്ലോ എന്നതായിരുന്നു. എന്നാൽ, പ്രമാദമായ പല ക്രിമിനൽ അപ്പീലുകളിലും മേനോൻ സാർ ഹൈകോടതിയിൽ വാദിച്ചിരുന്നു.
സാധാരണ മനുഷ്യർ ഒരുപാട് കാര്യങ്ങൾ പഠിപ്പിക്കുന്നു. എന്നാൽ, നമ്മുടെ ഭാവനയിലെ ലക്ഷണമൊത്ത മനുഷ്യരല്ല അവരൊന്നും. ഒരിക്കലും മരിക്കില്ലെന്ന് കരുതി ജീവിക്കുന്ന മനുഷ്യരിലെ സ്നേഹവും സഹതാപവും സൗഹൃദവും മാത്രമല്ല, സ്വാർഥതയും അസൂയയും വിദ്വേഷവും പകയും ആഗ്രഹങ്ങളും അത്യാഗ്രഹങ്ങളുമെല്ലാം അഭിഭാഷകർക്ക് തൊട്ടറിയാൻ കഴിയും. ഈ വിചാര വികാരങ്ങൾകൂടിയാണ് പലപ്പോഴും വ്യവഹാരരൂപത്തിൽ കോടതികളിലെത്തുന്നത്. കീറിയ ഷർട്ടും ഒട്ടിയ കവിളുമായി കേസ് ഫയൽ ചെയ്യാനെത്തിയ കർഷകത്തൊഴിലാളിപോലും എതിർകക്ഷിക്ക് അയാളുടെ ‘നല്ലനില’യിൽ അസൂയയുണ്ടെന്ന് വിശ്വസിക്കുന്നു. ജീവിതവിജയത്തിന്റെ മാനദണ്ഡങ്ങൾപോലും എത്രമേൽ വിചിത്രമാണ്!
കേസ് തോറ്റുപോയാലും അഭിഭാഷകരിൽ വിശ്വാസവും നന്ദിയും കാത്തുസൂക്ഷിക്കുന്നവർ ഏറെ; ജയിച്ചാലും നന്ദി കാണിക്കാത്തവരും കുറച്ചെങ്കിലുമുണ്ട്. ചിലപ്പോഴെങ്കിലും കോടതിവ്യവഹാരങ്ങൾ വിശുദ്ധകർമങ്ങളല്ലാത്തതിനാൽ ഇങ്ങനെ സംഭവിക്കുന്നതിൽ അസ്വാഭാവികമായി ഒന്നുമില്ല.
1908ലാണ് ഇന്ത്യയിൽ ഇന്നു കാണുന്ന സിവിൽ നടപടി ക്രമങ്ങൾ ഉണ്ടായത്. വാദി ഉന്നയിക്കുന്ന കാര്യങ്ങൾ അപ്പാടെ നിഷേധിക്കുന്നതാണ് പ്രതിക്കു മുന്നിലുള്ള വിജയത്തിനുള്ള വഴി. സത്യമായ കാര്യങ്ങൾപോലും സമ്മതിച്ചുകഴിഞ്ഞാൽ കേസിൽ പരാജയസാധ്യത കൂടുമെന്ന നിലയിലാണ് പത്രികസമർപ്പണം സംബന്ധിച്ച വ്യവസ്ഥകൾ. അതുപോലെ കോടതിയിൽ സമർപ്പിക്കുന്ന ഹരജിയിലും (plaint) ചില കാര്യങ്ങൾ കൃത്രിമമായി കെട്ടിച്ചമച്ചു പറയാൻ പ്രേരിപ്പിക്കുന്ന വിധത്തിലാണ് നിയമവ്യവസ്ഥകൾ.
ഉദാഹരണത്തിന് ഒരു ഇൻജങ്ഷൻ വ്യവഹാരം കൊടുക്കുമ്പോൾ വ്യവഹാരത്തിന് തൊട്ടുമുമ്പ് പ്രതി കേസുകൊടുക്കുന്നയാളിന്റെ വസ്തുവിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചെന്നും എതിർത്തപ്പോൾ പിൻതിരിഞ്ഞുപോയി എന്നും മറ്റും എഴുതിവെക്കുന്ന പതിവുണ്ട്. അങ്ങനെയൊന്നും യഥാർഥത്തിൽ സംഭവിച്ചിട്ടുണ്ടാകില്ല. അക്കാലത്ത് പലപ്പോഴും ഇത്തരം ‘അന്യായങ്ങൾ’ തയാറാക്കിയത് ഗുമസ്തന്മാർ ആയിരുന്നു.
ഒരിക്കലും മരിക്കാത്തവരെന്നു തോന്നിക്കുന്ന ഗുമസ്തന്മാരെക്കുറിച്ച് ‘ഗോവർധന്റെ യാത്രകളി’ൽ ആനന്ദ് എഴുതിയതോർക്കുക. കോടതിയിൽ കൊടുക്കുന്ന പരാതിക്ക് അഥവാ ഹരജിക്ക് അന്യായം എന്നുകൂടി പേരു വന്നതെങ്ങനെയെന്ന് പലരും സ്വയം ചോദിച്ചിട്ടുണ്ടാകും! നടപടിക്രമങ്ങൾക്ക് നൽകുന്ന അമിതപ്രാധാന്യം വിചാരണകൾക്ക് മാത്രമല്ല, നീതിനടത്തിപ്പിനുതന്നെയും വിലങ്ങുതടിയാകാറുണ്ട്. ബ്രിട്ടീഷുകാരിൽനിന്നും നാം കൈക്കൊണ്ട അഡ്വേഴ്സേറിയൽ (adversarial) നിയമവ്യവസ്ഥയുടെ ഒരു ഗുണം അത് വാദിയെയും പ്രതിയെയും അവരുടെ വാദങ്ങളെയും ഒരുപോലെ പരിഗണിക്കുന്നു എന്നതാണ്.
സിവിൽ കേസുകളിലും ക്രിമിനൽ കേസുകളിലും ഈ രീതിയാണ് നാം പിന്തുടരുന്നത്. നേരത്തേ സൂചിപ്പിച്ചപോലെ സർക്കാറിനുപോലും പ്രത്യേക പരിഗണനയില്ല. ഫ്രാൻസിലും മറ്റും നിലവിലുള്ള ‘ഇൻക്വിസിറ്റിവ്’ സംവിധാനത്തിൽ നടക്കുന്ന ക്രിമിനൽ കേസ് വിചാരണകൾ ഇങ്ങനെയല്ല. അവിടെ ന്യായാധിപനോടൊപ്പം പ്രോസിക്യൂട്ടർ വേദിയിലിരിക്കുന്നു; പ്രതിയും പ്രതിഭാഗം അഭിഭാഷകനും താഴെ നിൽക്കുന്നു. പിൽക്കാലത്ത് പാരിസിലെ ഒരു കോടതിയിൽ നേരിട്ടുകണ്ട ദൃശ്യമാണത്.
അതിൽനിന്നും ഗുണപരമായിത്തന്നെ വ്യത്യസ്തമായ ഇന്ത്യൻ കോടതികളിലെ വിചാരണകൾ പക്ഷേ, ലളിതമോ വ്യവഹാര സൗഹൃദമോ അല്ല എന്നതാണ് പ്രശ്നം. ഇന്ത്യൻ ശിക്ഷാനിയമവും ക്രിമിനൽ നടപടിക്രമവും ഇന്ത്യൻ തെളിവുനിയമവും മാറ്റാനായി ഈയിടെ പാർലമെന്റ് പാസാക്കിയ പുതിയ നിയമങ്ങൾ പൊതുെവ ഉപരിപ്ലവം മാത്രമായ പോപുലിസ്റ്റ് നിയമനിർമാണ സംരംഭങ്ങൾ മാത്രമായിരുന്നു. വിപ്ലവകരമായ എന്തെങ്കിലും മാറ്റങ്ങൾ ഇവയിലൂടെ കൈവരുകയില്ല. അതേസമയം, മാറ്റങ്ങൾ ഏറെ ആവശ്യമായ സിവിൽ നടപടി ക്രമത്തെ പുതുക്കിപ്പണിയാനുള്ള ശ്രമങ്ങളൊന്നും ഉണ്ടായിട്ടില്ലതാനും. അതുകൊണ്ടുതന്നെ, അന്യായവും അന്യായത്തിൽ പറഞ്ഞ കാര്യങ്ങളുടെ അടച്ചുള്ള ‘നിഷേധ’വും ഇനിയും ഇതുപോലെ തുടരും. എന്നുവെച്ചാൽ വിചാരണ കോടതികൾ ഡിജിറ്റലൈസ് ചെയ്തശേഷവും പഴയ വ്യവഹാര സംസ്കാരത്തിൽനിന്നും മുക്തരാകാതെ തന്നെ തുടരും എന്നർഥം.
എന്നാൽ, ക്രിമിനൽ നടപടിക്രമങ്ങളിൽ ചിലത് പ്രതികളുടെയും പൗരന്മാരുടെയും അവകാശസംരക്ഷണത്തിന് ഉതകുന്നതാണ്. മജിസ്ട്രേറ്റ് കോടതികളും സെഷൻസ് കോടതികളും കേവലം വിചാരണ കോടതികൾ മാത്രമല്ല, ഭരണഘടനാ കോടതികൾതന്നെയാണ്. ഒരു പ്രതിയുടെ ജാമ്യഹരജി പരിഗണിക്കുന്ന വിചാരണ കോടതി അയാളുടെ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെയാണ് പരിഗണിക്കുന്നത്.
കുറ്റം തെളിയിക്കപ്പെടുന്നതുവരെയും നിരപരാധിയായി കണക്കാക്കപ്പെടാനുള്ള പ്രതിയുടെ അവകാശത്തെ വിചാരണ കോടതികൾ ഗൗനിക്കുന്നില്ലെങ്കിൽ ഭരണഘടനയിലെ തത്ത്വവിചാരങ്ങൾകൊണ്ടെന്തു കാര്യം? ഒന്നോർത്താൽ, സമീപകാലത്ത് ഇന്ത്യയിൽ നടന്ന അന്യായ തടങ്കലുകളിൽ പലതിലും വിചാരണ കോടതികൾ ജാമ്യം നിഷേധിച്ചതും പിന്നീട് ഉന്നത കോടതികൾ ആ നടപടികളെ ശരിവെക്കുകയുംചെയ്തത് നമ്മുടെ ജനാധിപത്യത്തെത്തന്നെ അർഥരഹിതമാക്കിയില്ലേ?. എത്രയെത്ര ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളും പത്രപ്രവർത്തകരുമാണ് വിചാരണ കോടതികളുടെ സ്വാതന്ത്ര്യവിരുദ്ധമായ, അതുവഴി ഭരണഘടനാ വിരുദ്ധമായ സമീപനം കാരണം ജയിലിലായത്!
ജാമ്യവ്യവസ്ഥകൾ മാത്രമല്ല, ക്രിമിനൽ നടപടിക്രമത്തിലെ ഇതര വ്യവസ്ഥകളും പൊതുവെ പൗരന്മാരുടെ, കുറ്റം ചാർത്തപ്പെട്ടവരുടെ അവകാശങ്ങൾക്ക് വലിയ പ്രാധാന്യമാണ് കൽപിക്കുന്നത്. പയ്യന്നൂരിലെ പ്രാക്ടിസ് കാലത്തുതന്നെ ഒരു ജ്വല്ലറി ഉടമ തന്റെ കട ഉടനെ പൊലീസ് റെയ്ഡ് നടത്താൻ പോകുന്നുവെന്ന് വേവലാതിപ്പെട്ടുകൊണ്ട് ഓഫിസിലെത്തി. എന്തുചെയ്യണമെന്ന് കൃത്യമായ ധാരണയില്ലാഞ്ഞതിനാൽ തലശ്ശേരിയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകനായിരുന്ന വി. ബാലൻ വക്കീലിനെ വിളിച്ചു ചോദിച്ചു.
ക്രിമിനൽ നടപടിക്രമം 103ാം വകുപ്പനുസരിച്ച് മജിസ്ട്രേറ്റ് കോടതിയിൽ ഒരു ഹരജി ഫയൽചെയ്യാൻ ഉപദേശം കിട്ടി. അതുപ്രകാരം ഹരജിയും ഫയൽചെയ്തു. മജിസ്ട്രേറ്റിന്റെ മുന്നിൽവെച്ചുവേണം പരിശോധന നടത്താൻ എന്ന് നിർദേശിക്കാൻ കോടതിക്ക് അധികാരം നൽകുന്ന വ്യവസ്ഥയാണിത്. ഒരു പൊലീസ് റെയ്ഡ് ആ ജ്വല്ലറിയുടമയുെടയും ജ്വല്ലറിയുടെയും ഇമേജിനെ എന്നേക്കുമായി ഉടച്ചുകളയുമായിരുന്നു. യഥാർഥത്തിൽ, തെറ്റായി ഒന്നും ചെയ്തിട്ടില്ലാത്തതിനാൽ അത്തരമൊരു അവമതിപ്പ് ഒഴിവാക്കപ്പെടേണ്ടിയിരുന്നു.
പൊലീസിന് നേരിട്ട് കടയിൽ കയറി പരിശോധന നടത്താൻ വ്യവസ്ഥയുണ്ട്. അതിനുപുറമെയാണ് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ പരിശോധന നടത്താനുള്ള വ്യവസ്ഥ. ഇതനുസരിച്ച് ഹരജി ഫയൽചെയ്തു കഴിഞ്ഞാൽ അതിൽ തീരുമാനമാകുംവരെ പൊലീസ് സ്വന്തംനിലക്ക് പരിശോധന നടത്താനിടയില്ല എന്നതായിരുന്നു, ബാലൻ വക്കീലിന്റെ സമയോചിതമായ ഉപദേശത്തിനു പിന്നിലെ കാഴ്ചപ്പാട്. അത് ഫലിക്കുകയുംചെയ്തു. ഹരജിയിൽ പൊലീസിന് നോട്ടീസ് കിട്ടിയതോടെ തന്നെ പരിശോധന അവർ വേണ്ടെന്നുവെച്ചു. കടയുടമക്കാകട്ടെ അതൊരു വലിയ ആശ്വാസമായി.
മറ്റു പല തൊഴിലുകളിലുമെന്നപോലെ അഭിഭാഷകവൃത്തിയിലും മത്സരവും കാലുഷ്യങ്ങളും ഏറെയാണ്. ഒറ്റക്കുള്ള യുദ്ധങ്ങൾ ആവേശകരമാണ്; എന്നാൽ, അനായാസമല്ല. ആത്മസുഹൃത്തായ കെ. ഗോപകുമാറിന്റെയും അദ്ദേഹത്തിന്റെ മാതാവ് ചന്ദ്രമതി ചേച്ചിയുടെയും പിന്തുണ ഇത്തരം പ്രതിസന്ധികളെയും പ്രശ്നങ്ങളെയും സഹനീയമാക്കി. ഒപ്പം തുടർച്ചയായ എഴുത്തും പൊതുപ്രവർത്തനവും ജീവിതത്തിന്റെ കാൻവാസിനെ വിസ്തൃതമാക്കാൻ സഹായിച്ചു.
ഗോപകുമാറിന്റെ (ഇന്ന് അദ്ദേഹം കണ്ണൂരിലെ അറിയപ്പെടുന്ന അഭിഭാഷകനാണ്) കൂടി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് അത്യാവശ്യം നല്ലനിലയിൽ തുടർന്നിരുന്ന പയ്യന്നൂരിലെ പ്രാക്ടിസ് പതുക്കെപ്പതുക്കെയെങ്കിലും കേരള ഹൈകോടതിയിലേക്ക് മാറ്റിയാലോ എന്നാലോചിച്ചത്. മജിസ്ട്രേറ്റ് കോടതിയിലും ഹൈകോടതിയിലും സുപ്രീംകോടതിയിലും പ്രാക്ടിസ് ചെയ്യാൻ വേണ്ടത് ഒരേ നിയമബിരുദം തന്നെയാണെന്ന വസ്തുത തുടർയാത്രകൾക്കുള്ള ഇന്ധനമായി. നാട്ടിൽനിന്നും ലഭിച്ചുപോന്ന കേസുകളുമായി എറണാകുളത്തേക്ക് യാത്രചെയ്തു തുടങ്ങി. അത് മറ്റൊരു ജീവിതയാത്രകൂടിയായിരുന്നു.