ചില പരിസ്ഥിതി വ്യവഹാരങ്ങൾ
ചെറുപ്പം മുതൽ പരിസ്ഥിതി വിഷയങ്ങളോട് താൽപര്യം കാട്ടിയ ലേഖകൻ കോടതിയിൽ ചില പരിസ്ഥിതി സംബന്ധമായ വ്യവഹാരങ്ങളിൽ ഏർപ്പെടുന്നു. പരിസ്ഥിതി വിഷയങ്ങൾ കോടതിയും അഭിഭാഷകരും എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്? ഒരർഥത്തിൽ കേരളത്തിലെ പരിസ്ഥിതി സമരങ്ങളുടെ ചരിത്രത്തെക്കുറിച്ച് കൂടിയാണ് ഇൗ ലക്കം.കേവലം പ്രാദേശികമായി നേടിയ തൊഴിലവസരങ്ങൾകൊണ്ടാണ് ഹൈകോടതിയിലെ പ്രാക്ടിസിന് അടിത്തറ ലഭിച്ചതെന്ന് പറയാനാവില്ല. തിരിഞ്ഞുനോക്കുമ്പോൾ ഒരുപാട് പുസ്തകങ്ങളും അനുഭവങ്ങളും വ്യക്തിബന്ധങ്ങളും സാമൂഹിക പ്രവർത്തനവുമെല്ലാം ചേർന്നപ്പോഴാണ് തൊഴിൽ ‘‘പറിച്ചുനടാനുള്ള’’ ധൈര്യം ഉണ്ടായതെന്ന്...
Your Subscription Supports Independent Journalism
View Plansചെറുപ്പം മുതൽ പരിസ്ഥിതി വിഷയങ്ങളോട് താൽപര്യം കാട്ടിയ ലേഖകൻ കോടതിയിൽ ചില പരിസ്ഥിതി സംബന്ധമായ വ്യവഹാരങ്ങളിൽ ഏർപ്പെടുന്നു. പരിസ്ഥിതി വിഷയങ്ങൾ കോടതിയും അഭിഭാഷകരും എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്? ഒരർഥത്തിൽ കേരളത്തിലെ പരിസ്ഥിതി സമരങ്ങളുടെ ചരിത്രത്തെക്കുറിച്ച് കൂടിയാണ് ഇൗ ലക്കം.
കേവലം പ്രാദേശികമായി നേടിയ തൊഴിലവസരങ്ങൾകൊണ്ടാണ് ഹൈകോടതിയിലെ പ്രാക്ടിസിന് അടിത്തറ ലഭിച്ചതെന്ന് പറയാനാവില്ല. തിരിഞ്ഞുനോക്കുമ്പോൾ ഒരുപാട് പുസ്തകങ്ങളും അനുഭവങ്ങളും വ്യക്തിബന്ധങ്ങളും സാമൂഹിക പ്രവർത്തനവുമെല്ലാം ചേർന്നപ്പോഴാണ് തൊഴിൽ ‘‘പറിച്ചുനടാനുള്ള’’ ധൈര്യം ഉണ്ടായതെന്ന് തോന്നുന്നു.
ചെറുപ്പംതൊട്ട് സ്വാധീനിച്ച പുസ്തകങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് ബൈബിൾ -പ്രത്യേകിച്ച് പുതിയ നിയമം- ആയിരുന്നു. പുതിയ നിയമത്തിന്റെ ഒരു സവിശേഷത അത് ഒറ്റപ്പെട്ട മനുഷ്യരോട് അടുത്തിരുന്ന് സംവദിക്കുന്നുവെന്നതാണ്. ക്രിസ്തു സ്നേഹത്തെ വിപ്ലവവുമായി ബന്ധിപ്പിക്കുക മാത്രമല്ല, സമീകരിക്കുകകൂടിയാണ് ചെയ്തത്. ദൈവത്തിന്റെ ആലയങ്ങളെ വാണിഭത്തിനുള്ള കേന്ദ്രങ്ങളാക്കിത്തീർത്തതിനെതിരായ ക്രിസ്തുവിന്റെ രോഷം മതത്തിനപ്പുറത്തുള്ള ക്രിസ്തുവിനെയാണ് കാണിക്കുന്നത്.
അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ മനുഷ്യർക്ക് നൽകിയ സമാശ്വാസത്തിൽ സ്വാഭാവികമായിത്തന്നെ തിളങ്ങിനിൽക്കുന്ന ഒന്നാണ് വിമോചന ദൈവശാസ്ത്രം. ഭൂമിയിൽ ആരെയും പിതാവെന്നു വിളിക്കരുതെന്നും ഒരേയൊരു പിതാവ് സ്വർഗസ്ഥനായ ദൈവം മാത്രമാണെന്നുമുള്ള പുതിയ നിയമത്തിന്റെ സന്ദേശം എല്ലാവിധ സ്ഥാപനവത്കരണങ്ങൾക്കും വിഗ്രഹവത്കരണങ്ങൾക്കും എതിരായ താക്കീതായിരുന്നു. ഇതിനെയെല്ലാം നിഷേധിക്കുന്നവിധത്തിലായിരുന്നു, പിന്നീട് മതത്തിന്റെ പേരിൽ ഉയർന്ന സംവിധാനങ്ങൾ പ്രവർത്തിച്ചതെന്നത് മറ്റൊരു വിപര്യയം. അതിനാൽകൂടിയാണല്ലോ, ഒരേയൊരു ക്രിസ്ത്യാനിയുണ്ടായിരുന്നത് കുരിശിൽ മരിച്ചുവെന്ന് ഫ്രഡറിക് നീത്ഷെ ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞത്.
ധർമപദം മുതൽ ഉപനിഷത്തുകൾവരെ നിരവധി പുസ്തകങ്ങൾ വ്യക്തിപരവും ആത്മീയവുമായ അനുഭവം പകർന്നു തന്നു. എന്നാൽ, മറ്റു പുസ്തകങ്ങൾ സാമൂഹിക ജീവിതത്തിന് ദിശാബോധം പകർന്നു.
പ്രകൃതിയോടും രാഷ്ട്രീയേത്താടും സാങ്കേതികവിദ്യയോടുമുള്ള സമീപനത്തെ മാറ്റിമറിക്കാൻ പോന്നതായിരുന്നു, ഫ്രഞ്ച് ചിന്തകനായ ആന്ദ്രെ ഗോർസിന്റെ ‘ഇക്കോളജി ആസ് പൊളിറ്റിക്സ്’ എന്ന പുസ്തകം എന്ന് മുമ്പെഴുതിയിരുന്നല്ലോ. തിരിഞ്ഞുനോക്കുമ്പോൾ, ഈ പുസ്തകത്തിന്റെ പ്രവചനാത്മക സ്വഭാവംകൂടി എടുത്തുപറയണമെന്നു തോന്നുന്നു. അതിജീവനത്തിന്റെ രാഷ്ട്രീയം (Politics of Survival) ഗോർസിന്റെ ഒരു സുപ്രധാന പരികൽപനയായിരുന്നുവെന്ന് പറയാം. സാമൂഹികനീതിക്കും സാമ്പത്തിക സമത്വത്തിനും വേണ്ടിയുള്ള സമരങ്ങൾപോലും പ്രധാനമാകുന്നത്, മനുഷ്യരാശിയുടെ അതിജീവനം ഉറപ്പിക്കപ്പെടുമ്പോൾ മാത്രമാണ്.
അതിനാൽ അതിജീവനം ഉറപ്പിക്കാവുന്ന വിധത്തിൽ ഭൂമിയുടെ, പ്രകൃതിയുടെ, മനുഷ്യന്റെ ഭാഗധേയം നിശ്ചയിക്കാനുള്ള പദ്ധതികൾ രാഷ്ട്രീയത്തിന്റെ അടിസ്ഥാന പ്രമാണമാകണമെന്ന് ഗോർസ് സൂചിപ്പിച്ചത് പതിറ്റാണ്ടുകൾക്കു മുമ്പാണ്. ഇന്ന് കാലാവസ്ഥാവ്യതിയാനത്തിന്റെയും പ്രകൃതി ദുരന്തങ്ങളുടെയും ഭീഷണി നേരിടുമ്പോൾ ഔപചാരികവും അനൗപചാരികവുമായ, ആഗോളതലത്തിലും പ്രാദേശികതലത്തിലുമുള്ള രാഷ്ട്രീയചിന്ത നിലനിൽപിന്റെ അടിസ്ഥാനപരതയെത്തന്നെയാണ് തിരിച്ചറിയുന്നത്.
വിചിത്രമായൊരു അനുഭവംകൂടി ഗോർസിന്റെ പുസ്തകം എനിക്ക് സമ്മാനിച്ചു. ഒരു സുഹൃത്തിന് വായിക്കാൻ നൽകിയ ഈ പുസ്തകത്തിന്റെ കോപ്പി എനിക്ക് നഷ്ടപ്പെടുകയും അത് വലിയ മനഃപ്രയാസത്തിനിടയാക്കുകയുംചെയ്തു. ആഴത്തിൽ സ്വാധീനിക്കുന്ന പുസ്തകങ്ങളുടെ ‘വേർപാട്’ വലിയ ദുഃഖമാണ് സൃഷ്ടിക്കുക. എന്നാൽ, വിചിത്രമെന്നു പറയട്ടെ, ഏതാണ്ട് 30 വർഷങ്ങൾക്കുശേഷം ഈ പുസ്തകവും വാങ്ങിെക്കാണ്ട് മകൾ തുളസിയുടെ ഭർത്താവ് ബാസ്റ്റ്യൻ വന്നു. യൂറോപ്പിലെ ഏതോ നഗരത്തിൽനിന്നും നാമമാത്രമായ വിലയ്ക്കു വാങ്ങിയ ഈ ഗ്രന്ഥം ഇപ്പോഴും അലമാരയിലുണ്ട് -ഇനിയും ആർക്കും എടുത്തുകൊണ്ടുപോകാൻ കഴിയാത്ത വിധത്തിൽ!
ഈയിടെ ഏതോ പുസ്തകോത്സവത്തിൽവെച്ചാണ് ഗോർസിന്റെ മറ്റൊരു കൃതി കാണാനായത്. വിവര സാങ്കേതികവിദ്യ സൃഷ്ടിച്ച ഡിജിറ്റൽ ലോകം എങ്ങനെ രാഷ്ട്രീയ ഘടനകളെയും മനുഷ്യരാശിയെയും ബാധിക്കുന്നുവെന്നതിന്റെ മൗലികമായ വിലയിരുത്തൽ ‘ദ ഇമ്മെറ്റീരിയൽ’ (The Immaterial -സീഗൾ ബുക്സ്) എന്ന ഈ കൃതിയിൽ കാണാം. ആദ്യ നോട്ടത്തിൽതന്നെ ഗോർസിന്റെ ധിഷണ നമ്മെ കീഴ്പ്പെടുത്തുമെന്നു പറഞ്ഞത് സാക്ഷാൽ ജീൻ പോൾ സാർതൃ് തന്നെയാണ്. ആ നിരീക്ഷണം ശരിവെക്കുന്നതാണ് ‘ദ ഇമ്മെറ്റീരിയൽ’ എന്ന കൃതിയും.
ബ്രിട്ടീഷ് പരിസ്ഥിതിശാസ്ത്രജ്ഞനായ നോർമൺ മയേഴ്സിന്റെ രചനകളും ജോയ് ആഡംസണിന്റെ ‘ബോൺ ഫ്രീ’ പോലുള്ള അനുഭവകഥകളും പരിസ്ഥിതി ദർശനത്തെ മാറ്റിപ്പണിയാൻ പോന്നവയായിരുന്നു. ഇന്ത്യൻ കോടതിമുറികളിൽ ഒരു പുതിയതരം പാരിസ്ഥിതികാവബോധം ഉദിച്ചുയർന്ന കാലഘട്ടംകൂടിയായിരുന്നു, 1980കൾ. അത് 90കളിലേക്കും പടർന്നെത്തിയ പ്രവണതയായിരുന്നു. ഒരുപാട് പൊതുതാൽപര്യ വ്യവഹാരങ്ങളിലൂടെ താജ് മഹൽ സംരക്ഷണം മുതൽ ഫാക്ടറി മലിനീകരണത്തിൽനിന്നുള്ള പരിരക്ഷവരെയുള്ള വിഷയങ്ങളിൽ സുപ്രീംകോടതി ഇടപെട്ടു.
80കളുടെ തുടക്കത്തിൽ ജസ്റ്റിസ് കൃഷ്ണയ്യർ തുടക്കമിട്ട പൊതുതാൽപര്യ വ്യവഹാര പ്രസ്ഥാനത്തിന്റെ ഒരു പ്രധാന മേഖലതന്നെ പരിസ്ഥിതി സംരക്ഷണത്തിന്റേതായിരുന്നു. 1996ൽ സുപ്രീംകോടതിയിൽനിന്ന് റിട്ടയർ ചെയ്ത ജസ്റ്റിസ് കുൽദീപ് സിങ് ഹരിത ന്യായാധിപൻ (The green judge) എന്നറിയപ്പെട്ടു. കേരളത്തിലും ഒട്ടേറെ ഹരിതവിധികൾ ഹൈകോടതിയിൽനിന്നും ഉണ്ടായി. എം.സി. മേത്തയെപ്പോലുള്ള നിരവധി അഭിഭാഷകർ പരിസ്ഥിതിയുടെ രാഷ്ട്രീയത്തെ വ്യവഹാരരൂപത്തിൽ കോടതിയിൽ എത്തിച്ച കാലഘട്ടമായിരുന്നു അത്.
ഒരിക്കൽ ദീർഘമായ വാദത്തിനുശേഷം പിറ്റത്തെ ദിവസത്തെ നടപടിക്രമങ്ങളിൽ പങ്കുചേരാൻ അഭിഭാഷകനായ എം.സി. മേത്തക്ക് പ്രയാസമുണ്ടാകുമോ എന്ന് കരുതി ഡിവിഷൻ ബെഞ്ചിലിരുന്ന ജസ്റ്റിസ് തുളസിദാസ് പറയുന്നതു കേട്ടു: ‘‘നിങ്ങൾ നാളെ ഇവിടെയുണ്ടെങ്കിൽ ഞങ്ങൾക്ക് സന്തോഷം. ഇനി വരാൻ കഴിയാതെ വന്നാൽ ഞങ്ങൾ അസന്തുഷ്ടരാവുകയുമില്ല.’’ (‘‘we shall be happy if you are here; but shall not be unhappy if you are not here’’) ഹൈകോടതിയിൽ പ്രാക്ടിസ് പതുക്കെ തുടങ്ങിവന്ന കാലമായിരുന്നു, അത്. പൊതുതാൽപര്യ വ്യവഹാരങ്ങൾക്ക് പൊതുവെയും, പരിസ്ഥിതിസംബന്ധമായ കേസുകൾക്ക് പ്രത്യേകിച്ചും വലിയ ബഹുമാന്യത കൽപിക്കപ്പെട്ട കാലംകൂടിയായിരുന്നു അത്. ഹൈകോടതിയിൽ എ.എക്സ്. വർഗീസും കെ.എസ്. മധുസൂദനനും മറ്റും അത്തരം വ്യവഹാരങ്ങൾക്ക് ചുക്കാൻപിടിച്ചു.
എന്നാൽ, അക്കാലത്ത് കോടതികൾ കാണിച്ച പാരിസ്ഥിതിക നീതിബോധം പിൽക്കാലത്ത് പതുക്കെപ്പതുക്കെ നേർത്തുനേർത്തു വന്നു എന്നതാണ് യാഥാർഥ്യം. സംരംഭങ്ങൾക്കായി പണം നിക്ഷേപിക്കുന്നവരുടെ താൽപര്യത്തിനാണ്, പരിസ്ഥിതിനാശത്തിന്റെ അഥവാ മലിനീകരണത്തിന്റെ വിപത്തനുഭവിക്കുന്നവർക്കല്ല പ്രഥമ പരിഗണന നൽകേണ്ടതെന്നതാണ് പലരും ഇന്ന് കരുതുന്നത്. ഇതേ നിലപാട് തന്നെയാണ് പലപ്പോഴും കേരള ഹൈകോടതിയിലും സുപ്രീംകോടതിയിൽത്തന്നെയും കാണുന്നത്. യഥാർഥ നിക്ഷേപം, മലിനീകരണം നടത്തുന്ന ഫാക്ടറിക്കായി ഉടമ നടത്തുന്ന നിക്ഷേപം മാത്രമാണെന്ന് തെറ്റിദ്ധരിക്കുന്നതിനെതിരെ പ്രമുഖ പരിസ്ഥിതി പ്രവർത്തക മേധ പട്കർ പറഞ്ഞത് ഓർമിക്കുന്നു.
മലിനീകരണം ഏറ്റുവാങ്ങുന്ന ഒരു ഗ്രാമീണൻ തന്റെ ജീവിതത്തിലെ മുഴുവൻ അധ്വാനവും ചെലവഴിച്ചുണ്ടാക്കിയ കുടിലും ചുറ്റുപാടുകളും കൃഷിയുമെല്ലാം തന്നെ ‘നിക്ഷേപ’ങ്ങളായി കണക്കാക്കുന്ന ഒരു നീതിന്യായ സമീപനം ഉണ്ടാകണമെന്നും അവർ പറഞ്ഞിട്ടുണ്ട്. എന്നാൽ, സമീപകാലത്തെ എത്ര വ്യവഹാരങ്ങളിൽ ഇത്തരം സമീപനം വെച്ചുപുലർത്താൻ നമ്മുടെ കോടതികൾക്കായിട്ടുണ്ട്? പലപ്പോഴും ക്വാറി ഉടമകൾക്കും വൻകിട ഫാക്ടറി ഉടമകൾക്കും എതിരായി വരുന്ന കേസുകളിൽ ആവശ്യമായ ലൈസൻസുകളും പെർമിറ്റുകളും ഉടമകൾ നേടിയിട്ടുണ്ടോ, നിശ്ചിത ദൂരപരിധി പാലിച്ചിട്ടുണ്ടോ തുടങ്ങിയ സാങ്കേതിക കാര്യങ്ങൾ മാത്രമാണ് കോടതികൾ നോക്കുന്നത്.
മിക്കപ്പോഴും ഇത്തരം പെർമിറ്റുകളും സമ്മതപത്രങ്ങളും ഉടമകൾ നേടിയെടുക്കുന്നത് നിയമേതരമായ മാർഗത്തിലൂടെയാണ് എന്ന വാദം ഉന്നയിക്കപ്പെട്ടാലും അവ തെളിയിക്കുക എളുപ്പമല്ല. അവസാനം, ഘോരമായ പരിസ്ഥിതി മലിനീകരണവും വിഭവചൂഷണവും തുടരാൻ ഉടമകൾക്ക് കഴിയുന്ന സാഹചര്യം ഉണ്ടാകുന്നു. കേരളത്തിലെ കരിങ്കൽ ക്വാറികൾക്ക് സമീപം താമസിക്കുന്ന മനുഷ്യരുടെ രക്ഷക്കെത്താൻ എത്ര കോടതിവിധികൾക്ക് കഴിഞ്ഞു? അതുപോലെ വ്യവസായ മലിനീകരണത്തിനും മുനിസിപ്പൽ മാലിന്യം സൃഷ്ടിക്കുന്ന വിപത്തിനുമെതിരെ നമ്മുടെ കോടതികൾ എത്രമാത്രം ഇടപെട്ടിട്ടുണ്ട്? -ഈ ചോദ്യങ്ങൾക്ക് ലഭിക്കുന്ന ഉത്തരങ്ങൾ നിരാശഭരിതമാണ്.
കുറച്ചുവർഷങ്ങൾക്കുമുമ്പ് ചെന്നൈ നഗരം വെള്ളത്തിൽ മുങ്ങിയപ്പോൾ (പിന്നീടും അത് ആവർത്തിക്കപ്പെട്ടു) അനധികൃത നിർമാണങ്ങൾ നിലനിർത്താനായി മദ്രാസ് ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവുകൾക്ക് പ്രളയവുമായി ബന്ധമുണ്ടെന്ന ഒരു നിരീക്ഷണം ‘ഇക്ണോമിക് ആൻഡ് പൊളിറ്റിക്കൽ വിക്ക്ലി’യിൽ വായിക്കുകയുണ്ടായി.
പറഞ്ഞുവരുന്നത്, കാലാന്തരത്തിൽ പരിസ്ഥിതി സംരക്ഷണ വ്യവഹാരങ്ങൾക്ക് സംഭവിച്ച പരിണാമങ്ങളെക്കുറിച്ചാണ്. പഴയ തലമുറയിലെ ന്യായാധിപരും അഭിഭാഷകരും കാണിച്ച അവബോധം ഇക്കാര്യത്തിൽ ബെഞ്ചിലും ബാറിലുമുള്ള പുത്തൻ തലമുറക്കാർ കാണിക്കുന്നുണ്ടോ എന്ന ചോദ്യം സ്വയം വിമർശനരൂപത്തിൽ ഉയരണം.
ഹൈകോടതിയിലേക്ക് പ്രാക്ടിസ് മാറ്റി ഏറെ കഴിഞ്ഞതിനുശേഷമാണ് പയ്യന്നൂർ മുനിസിപ്പാലിറ്റി പാർശ്വ പ്രദേശമായ മൂരിക്കൊവ്വലിൽ നിർബാധം മാലിന്യം തള്ളുന്നതിനെതിരെ കേസ് വന്നത്. ഒരുദിവസം നാട്ടിൽ പോയപ്പോൾ മൂരിക്കൊവ്വൽ ഗ്രൗണ്ടിൽനിന്നും ഉയർന്ന കട്ടിയായ പുക എന്തെന്നന്വേഷിച്ചപ്പോൾ ആ പ്രദേശത്തുകാർ ഭാവഭേദമൊന്നും കൂടാതെ പറഞ്ഞു, അത് പ്ലാസ്റ്റിക് മാലിന്യങ്ങളും ഇതര മാലിന്യങ്ങളും കത്തിക്കുന്നതാണെന്ന്! അവർക്കതിൽ പുതുമയൊന്നുമുണ്ടായിരുന്നില്ല.
ഇടക്കിടെ സംഭവിക്കുന്ന കാര്യത്തിൽ പരാതിയും ഉണ്ടായിരുന്നില്ല. കേരളത്തിന്റെ മിക്ക നഗരപാർശ്വങ്ങളിലെയും മാലിന്യം ശേഖരിച്ചുവെക്കുന്ന മൈതാനങ്ങൾ നോക്കിയാൽ മനസ്സിലാകും, ചുറ്റും ജീവിക്കുന്ന പലരും പാവങ്ങളും പാർശ്വവത്കൃതരും സ്വാധീനശക്തിയില്ലാത്തവരും ആണെന്ന്. െഞളിയൻപറമ്പായാലും ബ്രഹ്മപുരമായാലും മറ്റെവിടെയായാലും ഇതാണ് പൊതുവായ സ്ഥിതി. മൂരിക്കൊവ്വലും ഇതിനപവാദമല്ല. അതിനടുത്ത കോളനിയിലെ പാവപ്പെട്ട മനുഷ്യർക്ക് പ്രശ്നത്തിന്റെ ഗൗരവമറിയില്ല.
വിഷപ്പുക ശ്വസിച്ചുകൊണ്ടും മാലിന്യങ്ങളുെട ദുർഗന്ധം സഹിച്ചുകൊണ്ടും വേണം ജീവിക്കാൻ. പലപ്പോഴും പട്ടികളും പക്ഷികളും മാലിന്യം കടിച്ച് പറമ്പിലും കിണറുകളിലും ഇടും. എത്രയോ പതിറ്റാണ്ടുകളായി മാലിന്യം നിക്ഷേപിക്കുന്ന ഇത്തരം സ്ഥലങ്ങളിൽ നിക്ഷേപം തോന്നിയതുപോലെ തുടരാൻ തങ്ങൾക്ക് അധികാരമുണ്ട് എന്നതാണ് പല മുനിസിപ്പാലിറ്റികളും ചിന്തിക്കുന്നത്. അതേ നിലപാടായിരുന്നു, അന്ന് പയ്യന്നൂർ മുനിസിപ്പാലിറ്റിക്കും.
പണിപ്പെട്ടാണെങ്കിലും ഒരുകൂട്ടം യുവാക്കൾ മൂരിക്കൊവ്വൽ പ്രദേശവാസികളിൽ വലിയൊരു വിഭാഗത്തെ മാലിന്യകേന്ദ്രത്തിനെതിരെ സമാധാനപരമായി സമരംചെയ്യാൻ വേണ്ടി സംഘടിപ്പിച്ചു. രഞ്ജിത്ത്, സുമിത്, കുട്ടൻ തുടങ്ങിയവർ സമരത്തിന്റെ നേതൃത്വമേറ്റെടുത്തു. കേരളത്തിലെ ഏതാണ്ടെല്ലാ നഗരങ്ങളുടെയും പാർശ്വപ്രദേശങ്ങളിൽ മാലിന്യം പേറി ജീവിക്കുന്ന നിസ്വരായ മനുഷ്യരുണ്ടെന്ന അറിവ് നിയമങ്ങളെ മുഴുവൻ പരിഹസിക്കുന്ന ഒന്നായിരുന്നു. ഒന്നോർത്താൽ, പാരിസ്ഥിതികമായ ഒരുതരം വർഗസംഘർഷമാണവിടങ്ങളിൽ. 1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിൽ മാലിന്യ മാനേജ്മെന്റിനുവേണ്ടിയുള്ള ചട്ടങ്ങൾ നിർമിക്കപ്പെട്ടിട്ടുണ്ട്.
മുനിസിപ്പാലിറ്റിക്ക് മാലിന്യം ശരിയായി മാനേജ് ചെയ്യാനും സംസ്കരിക്കാനും ഉത്തരവാദിത്തമുണ്ടെന്നു പറയുന്ന ഈ ചട്ടങ്ങളുെട ഉദ്ദേശ്യം തന്നെ ‘മാലിന്യസംസ്കരണം’ മറ്റൊരു മലിനീകരണ സ്രോതസ്സായി മാറാൻ പാടില്ല എന്നതാണ്. മാലിന്യശേഖരണം, വേർപെടുത്തൽ, സംഭരണം, കടത്തൽ, സംസ്കരണം എന്നിവയെല്ലാം ചെയ്യുന്നതിന് നിയതമായ മാനദണ്ഡങ്ങളുണ്ട്. ജനവാസ കേന്ദ്രങ്ങളിൽനിന്നും ജലസ്രോതസ്സുകളിൽനിന്നും നിശ്ചിത അകലം പാലിച്ചുകൊണ്ടുവേണം, മാലിന്യസംസ്കരണം നിർവഹിക്കാൻ. ഒരു തരത്തിലും അത് മറ്റൊരു മലിനീകരണ പ്രക്രിയയാകരുത് എന്നതാണ് ചട്ടങ്ങളുടെ താൽപര്യം.
എന്നാൽ, ഇവയെയെല്ലാം നോക്കുകുത്തിയാക്കിക്കൊണ്ടാണ് പയ്യന്നൂർ അടക്കം പല മുനിസിപ്പാലിറ്റികളും മാലിന്യം കൈകാര്യംചെയ്തുകൊണ്ടിരുന്നത്. ദീർഘകാലമായി മാലിന്യം നിക്ഷേപിക്കുന്ന പ്രദേശങ്ങളിൽ അത് അനന്തകാലത്തേക്ക് തുടരാം എന്ന നിലപാടുപോലും ശാസ്ത്രീയമല്ല. ദീർഘകാലം മാലിന്യം നിക്ഷേപിച്ചുവെന്നത് അത് തുടരുന്നതിനുള്ള ന്യായമല്ല, മറിച്ച് ആ ഭൂഭാഗം ശുദ്ധീകരിച്ച് മെച്ചപ്പെടുത്തുന്നതിനുള്ള കാരണമാകണം എന്നതാണ് ഇക്കാര്യത്തിലെ ശാസ്ത്രീയ സമീപനം. ‘‘ചരിത്രപരമായ മലിനീകരണം’’ (historical contamination) എന്നാണ് ഈ സാഹചര്യത്തെക്കുറിച്ച് വിദഗ്ധർ വിശേഷിപ്പിക്കുന്നത്.
മൂരിക്കൊവ്വലിൽ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ ഹൈകോടതിയിൽ കേസ് ഫയൽചെയ്തു; വാദിച്ചു. നഗരമാലിന്യം മൂരിക്കൊവ്വലിൽ നിക്ഷേപിക്കുന്നത് ചീഫ് ജസ്റ്റിസ് ജവഹർലാൽ ഗുപ്ത അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തടഞ്ഞു. നഗരസഭ സ്റ്റേ വെക്കേറ്റ് ചെയ്യാൻ കണ്ടുപിടിച്ച വഴി വിചിത്രമായിരുന്നു- നഗരത്തിൽനിന്നും മാലിന്യം ശേഖരിക്കുന്നത് നിർത്തുക! നഗരമാലിന്യങ്ങൾ നഗരത്തിൽത്തന്നെ കുമിഞ്ഞുകൂടി. ഇതിനിടെ കേസ് മറ്റൊരു െബഞ്ചിൽ വന്നു. താൽക്കാലിക സ്റ്റേ ആ െബഞ്ച് വെക്കേറ്റ് ചെയ്തു.
ആ നടപടിയും ചോദ്യം ചെയ്യപ്പെട്ടു. പുതിയൊരു ബെഞ്ച് വേണം ഹരജി പരിഗണിക്കാൻ എന്ന് ചീഫ് ജസ്റ്റിസ് ഉത്തരവിട്ടു. ഒടുവിൽ ജസ്റ്റിസ് ശങ്കരസുബ്ബനും ജസ്റ്റിസ് കെ.കെ. ദിനേശനും അടങ്ങിയ ഡിവിഷൻ െബഞ്ച് കേസ് പരിഗണിച്ചു. വികേന്ദ്രീകൃത മാലിന്യസംസ്കരണം എന്ന ആശയത്തോട് യോജിച്ചുവെങ്കിലും കോടതി അതിന്റെ പ്രായോഗികതയിൽ സംശയം പ്രകടിപ്പിച്ചു. എന്നാൽ, ചരിത്രപരമായ മലിനീകരണത്തെ സംബന്ധിച്ച് സ്റ്റുവർട്ട് ബെല്ലും ഡൊണാൾഡ് മെക് ഗിൽ വാരിയും ചേർന്ന് നടത്തിയ നിരീക്ഷണങ്ങൾ വിധിയിൽ ഇടംപിടിച്ചു. ശാസ്ത്രീയമായ രീതിയിൽ മാലിന്യസംസ്കരണം നടത്താനുള്ള നിർദേശങ്ങൾ കോടതി പയ്യന്നൂർ മുനിസിപ്പാലിറ്റിക്ക് നൽകി.
മാലിന്യം കത്തിക്കുകയല്ല; ശാസ്ത്രീയമായി സംസ്കരിക്കുകയാണ് വേണ്ടതെന്ന് കോടതി പറഞ്ഞു. കേരളത്തിലെ മുനിസിപ്പാലിറ്റി നിയമത്തെക്കൂടി വ്യാഖ്യാനിച്ചുകൊണ്ടുള്ളതായിരുന്നു, കോടതിവിധി. (സുമിത്തും പയ്യന്നൂർ മുനിസിപ്പാലിറ്റിയും തമ്മിലുള്ള കേസ്. 2004 (1) കെ.എൽ.ടി 438) വിധി അംഗീകരിച്ച് നടപ്പാക്കാൻ അൽപം കാലതാമസം നേരിട്ടുവെങ്കിലും പിൽക്കാലത്ത് നഗരമാലിന്യ സംസ്കരണത്തിൽ മികച്ച മാതൃക കാണിക്കാൻ പയ്യന്നൂർ മുനിസിപ്പാലിറ്റിക്ക് കഴിഞ്ഞു. നഗരസഭാ നേതൃത്വം പഴയകാല സമീപനങ്ങളിലെ തെറ്റുതിരുത്തുകയും മറ്റ് നഗരങ്ങൾക്ക് മാതൃകയാകാൻ ശ്രമിക്കുകയും ചെയ്തുവെന്നത് സന്തോഷം പകരുന്ന കാര്യമാണ്.
പയ്യന്നൂരിൽനിന്നും വ്യത്യസ്തമായ അനുഭവമാണ് തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽശാലയിൽ പ്രവർത്തിച്ച മാലിന്യ കേന്ദ്രത്തിനെതിരായ നിയമവ്യവഹാരം. അവിടെ മാലിന്യം നിക്ഷേപിക്കാൻ പൊലീസിന്റെ സഹായം ഉത്തരവിടുകയാണ് കോടതി ചെയ്തത്. എന്നാൽ, ജനങ്ങളുടെ സമാധാനപരമായ സമരമാണ് ഒടുവിൽ വിജയം കണ്ടത്. അതൊരു ഗാന്ധിയൻ രീതിയിലുള്ള ബഹുജന പ്രക്ഷോഭമായിരുന്നു.
ജനകീയ പ്രതിരോധ സമിതിയായിരുന്നു വിളപ്പിൽശാലയിലെ മാലിന്യവിരുദ്ധ ജനകീയ സമരത്തിന് നേതൃത്വം നൽകിയത്. ബുർഹാൻ മുതൽ വേണുഗോപാൽ വരെ നിരവധി പേരുടെ കൂട്ടായ നേതൃത്വമായിരുന്നു, അത്. രമയെപ്പോലുള്ള വനിതാ നേതാക്കളും സമരത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്നു. ചില സന്ദർഭങ്ങളിൽ സഹനസമരങ്ങൾക്ക് നിയമദൃഷ്ട്യാപോലും പ്രസക്തിയുണ്ടെന്ന് നിയമചിന്തകരെ ഉദ്ധരിച്ചുകൊണ്ട് ജസ്റ്റിസ് കൃഷ്ണയ്യർ പറഞ്ഞിട്ടുണ്ട്. ഹാരിസൺ മലയാളം കേസ്, എസ്.ആർ ടെലികമ്യൂണിക്കേഷൻ കേസ് എന്നിവയിൽ കേരള ഹൈകോടതി ഇത്തരം ചിന്തകൾ പരാമർശിച്ചിട്ടുണ്ട്.
വിളപ്പിൽശാല കേവലം ഒരു നിയമവ്യവഹാരം മാത്രമല്ല; ഒരു സഹനസമരത്തിന്റെ പേരുകൂടിയാണത്. നേരത്തേ പറഞ്ഞ പയ്യന്നൂർ സംഭവം കേവലം ഒരു നിയമവ്യവഹാരം മാത്രമായിരുന്നുവെങ്കിൽ, വിളപ്പിൽശാലയിലെ ജനങ്ങൾ നടത്തിയത് ഒരു പോരാട്ടംകൂടിയായിരുന്നു. അവർക്കെതിരെയുള്ള നടപടികളെയും മാലിന്യ നിക്ഷേപത്തെയും നിയമപരമായി ചോദ്യംചെയ്തുവെങ്കിലും അതിലുപരി, ആ നാടാകെ തിരുവനന്തപുരം കോർപറേഷന്റെ നടപടിയെ ചോദ്യം ചെയ്ത് സ്വന്തം പ്രദേശത്തിന് കാവൽനിന്നുവെന്നതാണ് സത്യം. ഒടുവിൽ വമ്പിച്ച ജനശക്തിക്കു മുന്നിൽ പൊലീസിനും ഭരണകൂടത്തിനും മുട്ടുമടക്കേണ്ടിവന്നു.
വിളപ്പിൽശാലയിൽനിന്നും മാലിന്യനിക്ഷേപ കേന്ദ്രം മാറ്റി ഇന്നവിടെ ശുദ്ധവായുവും ശുദ്ധജലവും ശുദ്ധമനസ്സുള്ള മനുഷ്യരും ചേർന്ന് ഒരു നവലോകം സൃഷ്ടിച്ചിരിക്കുന്നു. ആ മനുഷ്യർക്കുവേണ്ടി ചിലതെല്ലാം ഹൈകോടതിയിൽ ചെയ്യാൻ സാധിച്ചത് ഒരു സൗഭാഗ്യമായി കരുതുന്നു. പിന്നീടൊരിക്കൽ ആ നാട് സന്ദർശിക്കാനും അവിടത്തെ മനുഷ്യരുടെ സ്നേഹസൗഹൃദങ്ങൾ ഏറ്റുവാങ്ങാനും അവസരമുണ്ടായി. പ്രസിദ്ധ ശിൽപിയായ കാനായി കുഞ്ഞിരാമനായിരുന്നു അപ്പോൾ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സംസാരിച്ചത്. അവിസ്മരണീയമാണ് വിളപ്പിൽശാലക്കാർ കാണിച്ച സ്നേഹവായ്പ്.
ഏതായാലും പരിസ്ഥിതി സംരക്ഷണ വ്യവഹാരങ്ങൾ പൊതുവെ നൽകുന്ന ഒരു പാഠമുണ്ട്. വ്യവസായമാലിന്യമാകട്ടെ, ക്വാറികൾ സൃഷ്ടിക്കുന്ന വിപത്തുകളാവട്ടെ, മാലിന്യസംസ്കരണത്തിന്റെ പ്രശ്നങ്ങളാകട്ടെ, ജീവിതം അസഹനീയമാക്കുന്നു. ന്യായാധിപരാകട്ടെ, അഭിഭാഷകരാവട്ടെ, പലപ്പോഴും ഇത്തരം വിപത്തുകൾ നേരിട്ടനുഭവിച്ചവരല്ല. ഇത്തരം പ്രദേശങ്ങളിലൂടെ യാത്രചെയ്തവർപോലും കുറവായിരിക്കാം. അതിനാൽ ഇവ്വിധം കേസുകളിൽ ഇരകളുടേതായ ഒരു നീതിശാസ്ത്രം -victimology- പടുത്തുയർത്തേണ്ടതുണ്ട്.
മാലിന്യസംസ്കരണംതന്നെ മാലിന്യസ്രോതസ്സാകുന്ന സമകാലിക യാഥാർഥ്യം ഒരിക്കൽകൂടി ആന്ദ്രെ ഗോർസിന്റെ ചിന്തകളെ മനസ്സിലേക്കെത്തിക്കും. നേരത്തേ സൂചിപ്പിച്ചപോലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ദരിദ്രരാണ് മാലിന്യം പേറാൻ വിധിക്കപ്പെട്ടവരായിത്തീരുക. ധനികർ മെച്ചപ്പെട്ട സ്ഥലങ്ങൾ തേടിപ്പോകും; അഥവാ അവരുടെ മെച്ചപ്പെട്ട സ്ഥലങ്ങളിൽ ക്വാറിയും മാലിന്യംകൂട്ടിയിടലും നടക്കുകയില്ല.
സുമിത്തിന്റെ കേസിൽ വികേന്ദ്രീകരണ സംസ്കരണം എന്ന ആശയത്തെ മികച്ചതെങ്കിലും അപ്രായോഗികം എന്നാണ് ഡിവിഷൻ ബെഞ്ച് പറഞ്ഞത്. രണ്ടു പതിറ്റാണ്ടുകൾക്കിപ്പുറം, കൊച്ചിയും തിരുവനന്തപുരവുമടക്കം വികേന്ദ്രീകരണ സംസ്കരണത്തിന്റെ പാതയിലേക്കു തിരിയുന്നതു കാണുമ്പോൾ ആശ്വാസം തോന്നുന്നു. സത്യത്തിൽ അത് വിഷമകരമെങ്കിലും പ്രായോഗികംതന്നെയാണ്.
സ്വന്തം മാലിന്യങ്ങൾ മറ്റൊരു സ്ഥലത്തുതന്നെ കുന്നുകൂട്ടണമെന്ന സമീപനത്തിൽതന്നെ ഒരുതരം മര്യാദയില്ലായ്മയും ചൂഷകഭാവവും ഉണ്ട്. അതിനാൽ വികേന്ദ്രീകരണ സംസ്കരണമെന്നത് ഈ വിഷയത്തിലെ ഒരു ഗാന്ധിയൻ നീതിശാസ്ത്രംകൂടിയാണ്. നാളെ കൂടുതൽ മെച്ചപ്പെട്ട സാങ്കേതികവിദ്യ ഇതിനായി ഉരുത്തിരിയുംവരെ ഈ ഗാന്ധിമാർഗത്തിന് പ്രസക്തിയുണ്ട്.