മന്നത്തെ ദൈവമാക്കുന്നത് എന്തുകൊണ്ട്?
എൻ.എസ്.എസ് സ്ഥാപക നേതാവ് മന്നത്തെ ഒരുവിഭാഗം ദൈവമായി കാണാൻ തുടങ്ങിയിരിക്കുന്നു. മന്നത്തെ ദൈവമായി പ്രഖ്യാപിക്കാൻ എൻ.എസ്.എസിനെ പ്രേരിപ്പിച്ചത് എന്താണ്? എന്തായിരുന്നു മന്നത്തിന്റെ സംഭാവനകൾ?നായർ സർവിസ് സൊസൈറ്റി (എൻ.എസ്.എസ്) സ്ഥാപകനായ മന്നത്ത് പത്മനാഭ പിള്ളയെ ദൈവമായി പ്രഖ്യാപിച്ചിരിക്കുന്നു. പന്തളത്ത് മന്നം സ്മാരക ക്ഷേത്രവും സ്ഥാപിച്ചു. അങ്ങനെ, ഭൂമിയിൽ ജനിച്ച ‘നായർ ദൈവ’ത്തിന്റെ ഉദയം നാം കണ്ടിരിക്കുന്നു. 1878ൽ ചങ്ങനാശ്ശേരിയിൽ ജനിക്കുകയും 92ാം വയസ്സിൽ 1970ൽ അന്തരിക്കുകയുംചെയ്ത മന്നത്തെ 54 വർഷങ്ങൾക്കുശേഷം ദൈവമായി പ്രഖ്യാപിക്കാൻ എൻ.എസ്.എസിനെ േപ്രരിപ്പിച്ചത് എന്തായിരിക്കാം? ഇതറിയണമെങ്കിൽ...
Your Subscription Supports Independent Journalism
View Plansഎൻ.എസ്.എസ് സ്ഥാപക നേതാവ് മന്നത്തെ ഒരുവിഭാഗം ദൈവമായി കാണാൻ തുടങ്ങിയിരിക്കുന്നു. മന്നത്തെ ദൈവമായി പ്രഖ്യാപിക്കാൻ എൻ.എസ്.എസിനെ പ്രേരിപ്പിച്ചത് എന്താണ്? എന്തായിരുന്നു മന്നത്തിന്റെ സംഭാവനകൾ?
നായർ സർവിസ് സൊസൈറ്റി (എൻ.എസ്.എസ്) സ്ഥാപകനായ മന്നത്ത് പത്മനാഭ പിള്ളയെ ദൈവമായി പ്രഖ്യാപിച്ചിരിക്കുന്നു. പന്തളത്ത് മന്നം സ്മാരക ക്ഷേത്രവും സ്ഥാപിച്ചു. അങ്ങനെ, ഭൂമിയിൽ ജനിച്ച ‘നായർ ദൈവ’ത്തിന്റെ ഉദയം നാം കണ്ടിരിക്കുന്നു. 1878ൽ ചങ്ങനാശ്ശേരിയിൽ ജനിക്കുകയും 92ാം വയസ്സിൽ 1970ൽ അന്തരിക്കുകയുംചെയ്ത മന്നത്തെ 54 വർഷങ്ങൾക്കുശേഷം ദൈവമായി പ്രഖ്യാപിക്കാൻ എൻ.എസ്.എസിനെ േപ്രരിപ്പിച്ചത് എന്തായിരിക്കാം? ഇതറിയണമെങ്കിൽ 20ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിലെ വിവിധ ജാതികൾക്കിടയിലുണ്ടായ സംഘടനകളുടെ ചരിത്രത്തിലേക്കു നോക്കേണ്ടതുണ്ട്.
1903ൽ എസ്.എൻ.ഡി.പി യോഗത്തിന്റെ രൂപവത്കരണത്തെത്തുടർന്ന്, അവർണർക്കും സവർണർക്കുമിടയിൽ ധാരാളം സംഘടനകൾ രൂപംകൊണ്ടു. സാധുജന പരിപാലന യോഗം, കൊച്ചിൻ പുലയമഹാസഭ, വാല സേവാസമിതി, പ്രത്യക്ഷ രക്ഷാദൈവസഭ (പി.ആർ.ഡി.എസ്), യോഗക്ഷേമസഭ, എൻ.എസ്.എസ് തുടങ്ങിയ സംഘടനകളെ പൊതുവായി ‘ജാതി-സമുദായ സംഘടനകൾ’ എന്നാണ് ചരിത്രപണ്ഡിതരും സോഷ്യൽ സയന്റിസ്റ്റുകളും വിശേഷിപ്പിക്കുന്നത്.
മാത്രവുമല്ല, ഈ സംഘടനകളുടെ പ്രവർത്തനങ്ങളെ മൊത്തത്തിൽ ‘കേരള നവോത്ഥാന’മായി നിർവചിക്കുകയും ചെയ്യുന്നു. ഇത് തികച്ചും ചരിത്രവിരുദ്ധവും പ്രതിലോമകരവുമായ സവർണതന്ത്രങ്ങളാണ്. അവർണ ജാതികൾ രൂപവത്കരിച്ച സംഘടനകളുടെ ലക്ഷ്യം ജാതി നശീകരണമായിരുന്നു.
നിലനിൽക്കുന്ന വർണ-ജാതി-വംശീയ വ്യവസ്ഥയുടെയും അതിനു മതപരിവേഷം നൽകുന്ന ഹിന്ദുയിസത്തിന്റെയും സ്ഥാപനപരവും ആശയ-മൂല്യപരവുമായ സമസ്ത രൂപങ്ങളെയും അടയാളങ്ങൾ അശേഷിപ്പിക്കാതെ നശിപ്പിക്കുകയെന്നത് ലക്ഷ്യമാക്കിയ അവർണ സംഘടനകളെ, സവർണ സംഘടനകളിൽനിന്ന് വ്യതിരിക്തമാക്കേണ്ടത് അനിവാര്യമാണ്. അതിനാൽ, എസ്.എൻ.ഡി.പി, സാധുജന പരിപാലന യോഗം, കൊച്ചിൻ പുലയ മഹാസഭ, വാലസേവാസമിതി, പി.ആർ.ഡി.എസ് എന്നീ സംഘടനകളെ ‘ജാതിവിരുദ്ധ പോരാട്ട സംഘടനകൾ’ എന്നു പുനർനിർവചിക്കേണ്ടതാവശ്യമാണ്.
ജാതിവിരുദ്ധവും സവർണവിരുദ്ധവുമായ പോരാട്ടമായിരുന്നു ഈ സംഘടനകളുടെ മുഖമുദ്ര. ഈ സംഘടനകൾ നടത്തിയ പ്രവർത്തനങ്ങളെയും കലാപങ്ങളെയും ‘കേരളാ അറിവൊളി പ്രസ്ഥാന’മെന്നു വിശേഷിപ്പിക്കാം. കേരളാ അറിവൊളിയുടെ ലക്ഷ്യം എന്തിന്റെയെങ്കിലും വീണ്ടെടുപ്പോ പുനഃസ്ഥാപനമോ ആയിരുന്നില്ല. നിലനിൽക്കുന്ന എല്ലാറ്റിനെയും തകർത്ത്, നൂതനമായതിനെ നിർമിക്കുന്ന ഇന്ത്യൻ-കേരള വിപ്ലവത്തിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന അറിവൊളി പ്രവർത്തനമാണ് ഈ സംഘടനകൾ നിർവഹിച്ചത്. 18ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ യൂറോപ്പിൽ, വിശേഷിച്ചും ഫ്രാൻസിൽ നടന്ന ‘അറിവൊളി പ്രസ്ഥാന’മാണ് (European Enlightenment) 1789ലെ ഫ്രഞ്ച് വിപ്ലവത്തെ സാധ്യമാക്കിയത്.
എൻ.എസ്.എസിന്റെയും യോഗക്ഷേമ സഭയുടെയും ലക്ഷ്യം ബ്രിട്ടീഷ് ഭരണവും ആധുനികതയും മൂലം സവർണർക്കുണ്ടായ ചില അവശതകൾ പരിഹരിക്കുകയെന്നതുമാത്രമായിരുന്നു. കേരള സമൂഹത്തിൽ നമ്പൂതിരി-ശൂദ്ര നായർ വിഭാഗങ്ങൾ പരമ്പരാഗതമായി അനുഭവിച്ചുപോന്ന മേൽക്കോയ്മ, ആധുനികതയുടെ പശ്ചാത്തലത്തിൽ കാര്യക്ഷമമല്ലാതായി.
അതുപോലെ, അവർണപ്രസ്ഥാനങ്ങളുടെ ആവിർഭാവവും നിർഭയമായ പോരാട്ടങ്ങളും നമ്പൂതിരി-ശൂദ്രരിൽ വലിയ അരക്ഷിതത്വവും ഭീതിയുമാണ് വിതച്ചത്. ബ്രിട്ടീഷ് ഭരണവും ആധുനികതയും കേരളത്തിലെ സവർണ-അവർണ വിഭാഗങ്ങൾക്കിടയിൽ പരസ്പരവിരുദ്ധമായ അനുഭവങ്ങളാണ് സൃഷ്ടിച്ചത്. ബ്രിട്ടീഷുകാർ ആവിഷ്‍കരിച്ച നിയമപരിഷ്‍കാരങ്ങളും പാർലമെന്ററി സംവിധാനങ്ങളും അവർണർക്കു പുതിയ അവസരങ്ങളും വിമോചനാഭിലാഷങ്ങളും നൽകി.
യൂറോപ്യൻ ആശയമൂല്യങ്ങൾക്കുമുന്നിൽ, ജാതിയുടെ ‘പ്രകൃതിദത്ത’ സ്വാഭാവികതയും വിശുദ്ധിയും ചോദ്യംചെയ്യപ്പെട്ടു. ജാതിയുടെ ഉച്ച-നീച േശ്രണി, അനീതിയുടെയും പാരതന്ത്ര്യത്തിന്റെയും നുകമാണെന്ന് അവർണർക്കു േബാധ്യമായി. മറുവശത്താകട്ടെ, അവർണ മഹാഭൂരിപക്ഷത്തെ അടിച്ചമർത്തുന്നതിൽ നമ്പൂതിരി-ശൂദ്രർക്കുണ്ടായിരുന്ന ‘സനാതന ജന്മാവകാശ’ത്തിനുമേൽ പലതരം നിയന്ത്രണങ്ങളുണ്ടാവുകയുംചെയ്തു. അടിച്ചമർത്താനുള്ള പാരമ്പര്യാവകാശം പരിരക്ഷിക്കണമെങ്കിൽ ആന്തരികമായ ചില പരിഷ്‍കാരങ്ങൾ വേണമെന്ന ചിന്ത നമ്പൂതിരി-ശൂദ്രർക്കുണ്ടായത് അങ്ങനെയാണ്.
20ാം നൂറ്റാണ്ടുവരെ അവർണരെ അടിച്ചമർത്തിയിരുന്നത് നമ്പൂതിരി-ശൂദ്രരുടെ തറക്കൂട്ടങ്ങളിലൂടെയും അയിത്താചാരങ്ങളിലൂടെയും ക്ഷേത്രങ്ങളിലൂടെയുമൊക്കെയായിരുന്നു. എന്നാൽ, ബ്രിട്ടീഷ് ഭരണം ഇവയെ ക്രമേണ ദുർബലമാക്കുകയാണുണ്ടായത്. ആധുനിക സാഹചര്യത്തിൽ അടിച്ചമർത്താനുള്ള ജന്മാവകാശത്തിന്റെ അതിജീവനം നമ്പൂതിരി-ശൂദ്രർക്കു വലിയ വെല്ലുവിളിയാണുയർത്തിയത്.
അടിച്ചമർത്തലിനും അടിമത്തത്തിനുമെതിരായ സംഘടിത പോരാട്ടത്തിന്റെ കൂട്ടായ അനുഭവവും സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള കൂട്ടായ അഭിലാഷവുമാണ്, ഒരു വിഭാഗം മനുഷ്യർ ‘ഒരു ജനത’യായി രൂപംകൊള്ളുന്നതിനുള്ള സ്ഥാപക തത്ത്വം. അങ്ങനെ നോക്കുമ്പോൾ, ജാതി -വംശീയതയുടെ നുകം ബോധപൂർവം വലിച്ചെറിയുകയും ജനതയായി രൂപംകൊള്ളുകയും ചെയ്തതിന്റെ സ്ഥാപനരൂപങ്ങളാണ് അവർണ സംഘടനകൾ. എന്നാൽ, എൻ.എസ്.എസും യോഗക്ഷേമസഭയും ജാതിവ്യവസ്ഥയെ ഒരിക്കലും നിരാകരിച്ചിട്ടില്ല. ആധുനികത സൃഷ്ടിച്ച പലതരം പരിധികൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി, അവർണരെ അടിച്ചമർത്താനുള്ള ‘ജന്മസിദ്ധാവകാശ’ത്തെ പരിഷ്‍കരിക്കുകയായിരുന്നു നമ്പൂതിരി-ശൂദ്രരുടെ പദ്ധതി. ‘മനുഷ്യനാകുന്ന നമ്പൂതിരി’ക്ക് മനുഷ്യത്വത്തിന്റെ മൂടുപടമണിഞ്ഞുകൊണ്ട് ‘ജന്മസിദ്ധാവകാശം’ വിനിയോഗിക്കാം.
മലയാളി ശൂദ്രനാകട്ടെ ബ്രാഹ്മണദാസ്യം മറച്ച്, സന്മാർഗം പറഞ്ഞ്, പുതിയതരം മർദകനാകാം. 20ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ കേരളത്തിലുണ്ടായ അവർണ സംഘടനകൾ സ്വാതന്ത്ര്യത്തിന്റെയും അറിവൊളിയുടെയും സംഘടനകളാണ്. നമ്പൂതിരി-ശൂദ്ര സംഘടനകൾ പാരതന്ത്ര്യത്തിന്റെയും പുനരുത്ഥാനത്തിന്റെയും സംഘടനകളാണ്. ആദ്യത്തെ സംഘടനകൾ ഭാവിയുടെയും വിപ്ലവത്തിന്റെയും രണഭേരി മുഴക്കിയപ്പോൾ, രണ്ടാമതു പറഞ്ഞ സംഘടനകൾ, ജഡഭൂതകാലത്തിന്റെയും പ്രതിവിപ്ലവത്തിന്റെയും ഒാരിയിടൽ മാത്രമായിരുന്നു.
സ്വാതന്ത്ര്യവും പാരതന്ത്ര്യവും തമ്മിലും വിമോചനാഭിലാഷവും മർദനാഭിലാഷവും തമ്മിലുമുണ്ടായ ചോരചിന്തിയ സംഘർഷ-കലാപങ്ങളെ മറയ്ക്കാൻ, സവർണർ നിർമിച്ച ഒരു തട്ടിപ്പാണ്. ‘കേരള നവോത്ഥാനം’ എന്ന ‘സാമാന്യസംജ്ഞ’ – ഈ സംജ്ഞ പ്രചാരത്തിലായതോടെ, പരസ്പര വിരുദ്ധമായിരുന്ന അവർണ-സവർണ സംഘടനകൾ ഒരുപോലെ കേരള നവോത്ഥാനത്തിന്റെ നിർവാഹകരായി, ജാതി-വംശീയ വെറിപൂണ്ട മന്നം എന്ന ശൂദ്രന്, ‘നവോത്ഥാന നായക’നായി സ്ഥാനക്കയറ്റവും ലഭിച്ചു. വാസ്തവത്തിൽ, മന്നത്തിന്റെ നവോത്ഥാന പ്രതിച്ഛായക്കു പിന്നിൽ മറച്ചുവെച്ചിരിക്കുന്നത് ജാതി-വംശീയാധിപത്യത്തിന്റെ വിഷപ്പല്ലുകളാണ്.
1914ൽ എൻ.എസ്.എസ് രൂപവത്കരിക്കുന്നതിനു മുമ്പ് നായന്മാർ ഉണ്ടാക്കിയ സംഘടനയുടെ പേര് ‘നായർ സമുദായ ഭൃത്യജനസംഘം’ എന്നായിരുന്നു. മലയാളി ശൂദ്രരായ നായന്മാരുടെ അസ്തിത്വം നെടുകെ പിളർന്നതാണ്. ഒരുവശത്ത്, നമ്പൂതിരിയുടെ ഭൃത്യനായിരിക്കുക; മറുവശത്ത്, മറ്റെല്ലാ ജാതികളുടെയും മർദകനായിരിക്കുക. ഈ ഇരട്ട അസ്തിത്വം ഫലത്തിൽ, അസ്തിത്വരാഹിത്യമാണ്. സ്വന്തം അസ്തിത്വ ശൂന്യതയെ മറയ്ക്കാൻ നായന്മാർ കണ്ടെത്തിയ മാർഗമാണ് മുഷ്‍ക്കും ധാർഷ്ട്യവും. ഇരട്ട അസ്തിത്വവും അസ്തിത്വശൂന്യതയും ഇന്നും നായന്മാരെ പിന്തുടർന്നുകൊണ്ടിരിക്കുന്നു.
നായർ ഭൃത്യജനസംഘം, നായർ സർവിസ് സൊസൈറ്റിയായി വേഷം മാറിയത് നായന്മാരിൽ ഏതെങ്കിലും തരത്തിലുള്ള സ്വാഭിമാനബോധം ഉണ്ടായതുകൊണ്ടല്ല. ക്രിസ്തുമത പരിവർത്തനം നിരുത്സാഹപ്പെടുത്തുന്നതിനു വേണ്ടിയാണെങ്കിലും അവർണരുടെ അവകാശങ്ങളോട് അനുകൂലമായി പ്രതികരിച്ചിരുന്ന പി. രാജഗോപാലാചാരി തിരുവിതാംകൂർ ദിവാൻ പദവിയിൽനിന്ന് വിരമിച്ചത് 1914ലാണ്. പുതിയ ദിവാനായി നിയമിക്കപ്പെട്ടത് മലയാളി ശൂദ്രനായ ഒരു കൃഷ്ണൻ നായർ ആയിരുന്നു. പുലയ വിദ്യാർഥികളുടെ വിദ്യാഭ്യാസ കാര്യത്തിൽ രാജഗോപാലാചാരി സ്വീകരിച്ചിരുന്ന സമീപനം നായന്മാരെ അസഹിഷ്ണുക്കളാക്കിയിരുന്നു.
എന്നാൽ, രാജഗോപാലാചാരിയോട് നേരിട്ട് ഏറ്റുമുട്ടാനുള്ള ശക്തി നായന്മാർക്കില്ലായിരുന്നു താനും. അതുകൊണ്ടുതന്നെ, പുതിയ ദിവാനിൽ നായന്മാർ ഒരു രക്ഷകനെയാണ് കണ്ടത്. കൃഷ്ണൻ നായരാകട്ടെ, നായർ പ്രഭുത്വത്തിന്റെ ഉഗ്രമൂർത്തിയുമായിരുന്നു. ഒരു നായർ ദിവാന്റെ സാന്നിധ്യം തങ്ങളുടെ സുവർണഭൂതകാലം വീണ്ടെടുക്കാമെന്ന ആത്മവിശ്വാസം നായന്മാരിലുണ്ടാക്കി. അങ്ങനെയാണ്, നായർ ഭൃത്യജനസംഘം, നായർ സർവിസ് െസാസൈറ്റിയായി മാറുന്നത്.
1914ലാണ് തെക്കൻ തിരുവിതാംകൂറിൽ നായർ-പുലയ സംഘട്ടനം പൊട്ടിപ്പുറപ്പെടുന്നത്. 1914ൽ അയ്യൻകാളി ശ്രീമൂലം പ്രജാസഭയിൽ പ്രസംഗിച്ചു. ‘‘എല്ലാ സർക്കാർ സ്കൂളുകളിലും പുലയ വിദ്യാർഥികളെ പ്രവേശിപ്പിക്കണമെന്നും വിദ്യാഭ്യാസം സൗജന്യമായിരിക്കണമെന്നുമുള്ള സർക്കാർ ഉത്തരവുണ്ടായിട്ടും സ്കൂളധികൃതർ നിസ്സാര കാരണങ്ങൾ പറഞ്ഞ് പുലയ കുട്ടികൾക്ക് സ്കൂളുകളിൽ പ്രവേശനം നൽകുന്നില്ല.’’ പെൺകുട്ടികളുമായി വരുന്ന രക്ഷിതാക്കളെ നായന്മാർ മർദിക്കുന്നത് പതിവായി. പുലയരുടെ വീടുകൾ കൊള്ളയടിക്കുകയും വീട്ടിലുള്ളവരെ ബലമായി പുറത്താക്കുകയുംചെയ്തു. പുലയരെ കാട്ടിൽ കൊണ്ടു ചെന്ന് തള്ളുന്നിടത്തോളം ക്രൂരമായിരുന്നു, നായന്മാരുടെ അക്രമം. തിരുവനന്തപുരത്ത് പുലയരെ ആക്രമിച്ച നായർ തല്ലു സംഘത്തിൽ നായർ പട്ടാളവും പങ്കുചേർന്നിരുന്നു.
ആർ. സിൻക്ലെയർ എന്ന എൽ.എം.എസ് മിഷനറി എഴുതുന്നു. ‘‘പുലയർ അക്ഷരാർഥത്തിൽ പടപൊരുതുകയാണ്. എത്രയോ മുമ്പ് ആരംഭിക്കേണ്ടിയിരുന്ന യുദ്ധമാണിത്.’’ (Quoted in John Wilson Gladstone, Protestant Christianity and Peoples Movements in Kerala. A study of Christian mass movements in relation to Neo-Hindu Socio-Religious Movements in Kerala 1850-1936. (1984, Seminary Publications, p. 286) രക്തരൂഷിതമായ ഈ യുദ്ധത്തിൽ ക്രിസ്തുമതം സ്വീകരിച്ചവരും തങ്ങളുടെ പുലയ സഹോദരങ്ങൾക്കൊപ്പം അണിചേർന്നു. അയ്യൻകാളിയുടെ ഉജ്ജ്വല നേതൃത്വത്തിൽ പുലയജനത നായർപടയെ നിർഭയം ചെറുത്തു. നായന്മാർ ആദ്യമായി പുലയജനതയുടെ പേശീബലമറിഞ്ഞു. ഈഴവരുടെയും പുലയരുടെയും സംഘടിത-സായുധമുന്നേറ്റം കണ്ട് ഭയന്ന ശൂദ്രനായന്മാരുടെ ഒരു രക്ഷാകവചം കൂടിയായിരുന്നു എൻ.എസ്.എസ്.
ഔദ്യോഗിക രേഖകളിൽനിന്ന് ‘മലയാളി ശൂദ്രർ’ എന്ന പ്രയോഗം ഒഴിവാക്കണമെന്നതായിരുന്നു എൻ.എസ്.എസിന്റെ ആദ്യ പ്രമേയം. നൂറ്റാണ്ടുകളിലൂടെ ആന്തരികവത്കരിച്ച നമ്പൂതിരി ദാസ്യത്തെ ആധുനിക സാഹചര്യങ്ങൾക്കനുസരിച്ച് പരിഷ്‍കരിക്കുക, സംബന്ധമെന്ന വേശ്യാവൃത്തി സമ്മാനിച്ച നാണക്കേടിൽനിന്നു രക്ഷപ്പെടുക എന്നതായിരുന്നു മറ്റാവശ്യങ്ങൾ. തന്തയുടെ പേരറിയാത്തതിന്റെ പേരിൽ, സ്കൂൾപഠനകാലത്ത് സഹപാഠികളിൽനിന്നുണ്ടായ പരിഹാസം സൃഷ്ടിച്ച സംഘർഷ-സങ്കടങ്ങളെക്കുറിച്ച് ‘എന്റെ ജീവിതസ്മരണ’കളിൽ മന്നത്ത് പത്മനാഭൻ രേഖപ്പെടുത്തിയിട്ടുണ്ട്. എൻ.എസ്.എസ് രൂപവത്കരിക്കാൻ മന്നത്തെ േപ്രരിപ്പിച്ച ഘടകം സാമൂഹികമോ, രാഷ്ട്രീയമോ അല്ല.
തികച്ചും ഈ മനഃശാസ്ത്രപരമായിരുന്നു. കുട്ടിക്കാലത്തുതന്നെ, ‘തന്തയില്ലായ്മ’യും ‘തന്തയാര്’ എന്ന ചോദ്യവും സൃഷ്ടിച്ച അഗാധവിഷാദമാണ് എൻ.എസ്.എസ് രൂപവത്കരണത്തിൽ പ്രവർത്തിച്ച മുഖ്യഘടകം. ആധുനികമായ അർഥത്തിൽ, എൻ.എസ്.എസിനെ ഒരു ‘സംഘടന’യെന്നുപോലും വിളിക്കാനാവില്ല. ‘തന്തയില്ലായ്മ’യുടെ അപമാനഭാരംകൊണ്ട് തലകുനിഞ്ഞുപോയ ചില ശൂദ്രർ സ്വയം ചികിത്സക്കായി നിർമിച്ച ഒരു മനോചികിത്സാലയം മാത്രമാണ് എൻ.എസ്.എസ്. ജാതി-വംശീയതെക്കതിരായ നിലപാട് സ്വീകരിച്ചിട്ടില്ലാത്ത എൻ.എസ്.എസ് ഒരു ‘ജാതി-വംശീയ സൊസൈറ്റി’യാണ്, അതിനാൽ അവർണർ രൂപവത്കരിച്ച സംഘടനകളെ ജാതിവിരുദ്ധ അറിവൊളി സംഘടനകളെന്നും നമ്പൂതിരി-ശൂദ്രർ ഉണ്ടാക്കിയ ‘സഭ-സൊസൈറ്റികളെ’ ജാതി-വംശീയ ക്ഷുദ്രസംഘങ്ങളെന്നും പുനർനാമകരണം ചെയ്യേണ്ടതാവശ്യമാണ്.
1932ൽ ആരംഭിച്ച ‘നിവർത്തനപ്രക്ഷോഭ’ കാലത്തുതന്നെ മന്നത്തിന്റെ അവർണ ന്യൂനപക്ഷ വിദ്വേഷം പുറത്തുവന്നിരുന്നു. ഈഴവരും ക്രിസ്ത്യാനികളും മുസ്‍ലിംകളും ചേർന്നുകൊണ്ട് നായന്മാരെ ആക്രമിക്കുന്നുവെന്നാണ് നിവർത്തനപ്രക്ഷോഭത്തെക്കുറിച്ച് മന്നം വിലപിച്ചത്. അർഹമായ ജനസംഖ്യാനുപാതിക പ്രാതിനിധ്യത്തിനുവേണ്ടിയാണ് ഈ ജനവിഭാഗങ്ങൾ സമരം നടത്തിയത്. പ്രാതിനിധ്യത്തിനുവേണ്ടിയുള്ള ന്യായമായ ആവശ്യത്തെപ്പോലും അക്രമമായി കാണുന്നിടത്തോളം ക്ഷുദ്ര-ശുഷ്കമായിരുന്നു, മന്നത്തിന്റെ മനസ്സ്.
ശൂദ്ര-നായന്മാർ തട്ടിയെടുത്തിരുന്ന അനർഹമായ അമിതപ്രാതിനിധ്യം നഷ്ടപ്പെടുമെന്ന ഭീതിയാണ് ഇങ്ങനെ പറയാൻ മന്നത്തെ േപ്രരിപ്പിച്ചത്. കേരളത്തിന്റെ സമ്പത്തും രാഷ്ട്രീയാധികാരവും തങ്ങളുടെ തറവാട്ടുസ്വത്താണെന്ന അഹന്തയാണ് മന്നത്തെ നയിച്ചിരുന്നത്. 1930കളാകുമ്പോഴേക്കും സ്വന്തം അന്ധവിശ്വാസങ്ങളുടെയും ആചാരഭ്രാന്തിന്റെയും മൃതഭാരത്താൽ നമ്പൂതിരി മേധാവിത്വം ശിഥിലവും നാശോന്മുഖവുമായിരുന്നു. ആധുനിക വിദ്യാഭ്യാസത്തോടുള്ള വിരക്തി നമ്പൂതിരിമാരെ ബഹുദൂരം പിന്നിലാക്കി. ആചാരപരവും പ്രതീകാത്മകവുമായ ബ്രാഹ്മണ്യാധികാരം ഒരു പരിധിവരെ നിലനിന്നുവെങ്കിലും സാമ്പത്തിക വിദ്യാഭ്യാസ-രാഷ്ട്രീയരംഗങ്ങളിലെല്ലാം നമ്പൂതിരിമാർ പിന്നിലായി.
ബ്രാഹ്മണ്യത്തിന്റെ ആചാര-പ്രതീകാത്മക അധികാരം കാര്യക്ഷമമാകണമെങ്കിൽ സാമ്പത്തിക-രാഷ്ട്രീയാധികാരത്തിന്റെ പിൻബലമുണ്ടാകണം. അത് നേടുന്നതിൽ നമ്പൂതിരിമാർ പൂർണമായും പരാജയപ്പെട്ടു. പുതിയ സാമ്പത്തിക-വിദ്യാഭ്യാസ-രാഷ്ട്രീയാധികാരം നേടിയ മലയാളി ശൂദ്രരാണ്, അനാഥമായ ബ്രാഹ്മണ്യധികാരത്തെ സനാഥമാക്കിയത്. ബ്രാഹ്മണ്യ ദുരധികാരത്തിന്റെയും ആധിപത്യവാസനയുടെയും നിർവാഹകരും പ്രതിനിധികളുമായി നായന്മാർ മാറി. നമ്പൂതിരിദാസ്യത്തെ നായന്മാർ ബാഹ്യമായി മറികടന്നത് ഇങ്ങനെയാണ്.
1950കൾക്കുശേഷം നായന്മാരുടെ ആധിപത്യപ്രവണതക്ക് പുതുജീവൻ വെച്ചു. അതിനു പശ്ചാത്തലമായത്, 1957ൽ ഇ.എം.എസ്. നമ്പൂതിരിപ്പാട് എന്ന ബ്രാഹ്മണ-കമ്യൂണിസ്റ്റിന്റെ കേരള മുഖ്യമന്ത്രി പദത്തിലേക്കുള്ള ആരോഹണമാണ്. ഒരുവശത്ത്, ഭൂപരിഷ്കരണ നിയമങ്ങൾ ശൂദ്രരെ സാമ്പത്തികമായി അരക്ഷിതരാക്കിയെങ്കിലും, മറുവശത്ത് ഒരു ബ്രാഹ്മണ കമ്യൂണിസ്റ്റിന്റെ മുഖ്യമന്ത്രി പദം ശൂദ്രർക്ക് ആത്മവിശ്വാസം നൽകി. 1958ലെ ‘ഭരണപരിഷ്കാര കമീഷ’ന്റെ ചെയർമാനായിരുന്ന ഇ.എം.എസ് ‘സാമ്പത്തികസംവരണ’ വാദമുയർത്തി.
ആർ.എസ്.എസുകാർപോലും സാമ്പത്തിക സംവരണവാദം പരസ്യമായി പറയാൻ ഭയന്നിരുന്ന ഒരുകാലത്ത്, അതുന്നയിക്കാൻ അേദ്ദഹത്തിന് ഒരു മടിയുമുണ്ടായിരുന്നില്ല. മണ്ഡൽ കമീഷൻ ശിപാർശകൾ നടപ്പാക്കിക്കൊണ്ടുള്ള വി.പി. സിങ് ഗവൺമെന്റ് ഉത്തരവിനെതിരെ ഇന്ദിരാസാഹ്നി നൽകിയ ഹരജിയിൽ സുപ്രീംകോടതി അന്തിമവിധി പ്രഖ്യാപിച്ചത് 1992ലാണ്. ഗവൺമെന്റ് ഉത്തരവ് തത്ത്വത്തിൽ ശരിെവച്ചുവെങ്കിലും, ‘ക്രീമിലെയർ’ എന്ന വാദത്തിലൂടെ ഒ.ബി.സി സംവരണം പ്രയോഗത്തിൽ അട്ടിമറിക്കുന്നതായിരുന്നു വിധി.
ഇതേക്കുറിച്ച് 1995ൽ ‘ഫ്രണ്ട് ലൈൻ’ ഇംഗ്ലീഷ് വാരികയിൽ ഇ.എം.എസ് എഴുതിയത് നോക്കുക. ‘‘...ദശാബ്ദങ്ങൾക്കുമുമ്പ് സംവരണത്തെക്കുറിച്ച് ഞാൻ മുന്നോട്ടുവെച്ച വാദഗതികൾ പരമോന്നത നീതിപീഠം സാധൂകരിച്ചതിൽ ഞാൻ കൃതാർഥനാണ്. ‘ക്രീമിലെയർ’ എന്ന സംജ്ഞ ഞാൻ ഉപയോഗിച്ചില്ലെങ്കിലും പ്രസ്തുത ആശയത്തിന്റെ യഥാർഥ ഉപജ്ഞാതാവ് ഞാനാണ്.’’
അവർണ സംഘടനകളുടെ അപചയവും മന്നത്തെ പ്പോലെയുള്ള ശൂദ്രനേതാക്കളെ മത്തുപിടിപ്പിച്ച ഘടകമാണ്. ആദ്യകാല പോരാട്ടവീര്യം ഉപേക്ഷിച്ച എസ്.എൻ.ഡി.പിയുടെ പിന്നോട്ടടിക്ക് ആർ. ശങ്കറുടെ നേതൃത്വം ആക്കംകൂട്ടി. ഈ കാലയളവിൽ ജ്വലിച്ചുനിന്ന ഏക അവർണശബ്ദം സഹോദരൻ അയ്യപ്പന്റേതായിരുന്നു. പക്ഷേ, സംഘടനാപരമായ പിന്തുണയുടെ അഭാവത്തിൽ ഈ ജ്വാലയുടെ പ്രഭാവം പരിമിതമായിരുന്നു.
മന്നവുമായി ചേർന്ന് ‘ഹിന്ദു മഹാമണ്ഡല’മുണ്ടാക്കാൻ ശ്രമിച്ച ആർ. ശങ്കർ, എസ്.എൻ.ഡി.പിയുടെ അറിവൊളി പാരമ്പര്യത്തെ വഞ്ചിക്കുകയാണുണ്ടായത്. ഇത് മന്നത്തെ കൂടുതൽ ശക്തനാക്കി. എസ്.എൻ.ഡി.പിയെ തന്റെ തൊഴുത്തിൽ കെട്ടിയ മന്നത്തിന്, ശൂദ്രരുടെ നഷ്ടപ്രതാപം വീണ്ടെടുക്കാമെന്ന ആത്മവിശ്വാസം വർധിക്കുകയുംചെയ്തു. തുടർന്നുള്ള നാളുകളിൽ മന്നം ഈഴവർക്കും ദലിതർക്കുമെതിരെ ജാതി-വംശീയാധിക്ഷേപങ്ങൾ നടത്തിക്കൊണ്ടിരുന്നു.
മോദി സർക്കാർ പാസാക്കിയ സാമ്പത്തിക സംവരണം നടപ്പാക്കാൻ ഉത്തരേന്ത്യയിലെ ബി.ജെ.പി സർക്കാറുകൾപോലും മടിച്ചുനിന്നപ്പോൾ, കേരളത്തിൽ അത് നടപ്പാക്കാൻ പിണറായി വിജയന് വലിയ ധൃതിയായിരുന്നു. ദേവസ്വം ബോർഡുകളിൽ 95 ശതമാനം ഉദ്യോഗങ്ങളും നമ്പൂതിരി-ശൂദ്രർക്കായിരുന്നിട്ടും 10 ശതമാനം സംവരണംകൂടി അവർക്കനുവദിച്ചു. വെളുത്തേടത്ത് നായർ, വിളക്കിത്തല നായർ പോലുള്ള വിഭാഗങ്ങളെ ഒഴിവാക്കിയാൽ, ‘ആഢ്യ’ നായന്മാരുടെ ജനസംഖ്യ 8 ശതമാനമാണ്.
ജനസംഖ്യയിൽ 9 ശതമാനം മാത്രം വരുന്ന നമ്പൂതിരി-ശൂദ്രരെ പ്രീതിപ്പെടുത്താൻ ഇടതുപക്ഷം മത്സരിക്കുന്നത് എന്തുകൊണ്ടാണ്? പരിവർത്തിത ൈക്രസ്തവരെക്കൂടി ചേർത്താൽ ദലിതരുടെ ജനസംഖ്യ 14 ശതമാനം വരും. ഈഴവർ 23-24 ശതമാനവും. എല്ലാ രാഷ്ട്രീയ പാർട്ടികളും നയങ്ങളാവിഷ്‍കരിക്കുന്നത് എത്ര വോട്ട് കിട്ടും, എത്ര പോകും എന്നു നോക്കിയിട്ടാണ്. 9 ശതമാനം മാത്രം വരുന്ന നമ്പൂതിരി-ശൂദ്രർക്കു നൽകുന്ന അമിത പ്രാതിനിധ്യവും പ്രീണനവും മഹാഭൂരിപക്ഷമായ ദലിത്-ബഹുജനങ്ങളിൽ പ്രതിഷേധവും അമർഷവുമുണ്ടാക്കുമെന്നത് സ്വാഭാവികമാണ്.
ദലിത്-ബഹുജനങ്ങളുടെ വോട്ടുകൾ പോകുമെന്ന് ഇടതുപക്ഷത്തിനുമറിയാം. എന്നിട്ടും നമ്പൂതിരി-ശൂദ്രരെ പ്രീണിപ്പിക്കുന്നത് എന്തുകൊണ്ടാണ്? നമ്പൂതിരി-ശൂദ്രർക്ക് രണ്ട് വോട്ട് ഇല്ലല്ലോ! അധികാരത്തിന്റെയും വിഭവ ഉടമസ്ഥതയുടെയും കാര്യത്തിൽ വലിയ അന്തരമുണ്ടെങ്കിലും, വോട്ടവകാശത്തിന്റെ രംഗത്ത് നമ്പൂതിരിയും ശൂദ്രനും ദലിത് ബഹുജനങ്ങളും തുല്യരാണ്. നമ്പൂതിരി-ശൂദ്രനെ പിണക്കിയാൽ അത്രത്തോളം ദലിത്-ഈഴവ വോട്ടുകൾ കൂടുതൽ കിട്ടുമെന്നത് ഒരു വസ്തുതയാണ്. പക്ഷേ, പിണറായി വിജയനു വേണ്ടത് വോട്ടിന്റെ മാത്രം ഭൂരിപക്ഷമല്ല. വോട്ടിന്റെ ഭൂരിപക്ഷം
കൊണ്ട് സർക്കാറുണ്ടാക്കാമായിരിക്കും. പക്ഷേ, ആ സർക്കാറിന് ‘വിശുദ്ധസാധൂകരണം’ ലഭിക്കില്ല. അതു വേണമെങ്കിൽ വോട്ടിന്റെ ‘ആചാരപരമായ അധികാരം’ (ritual power)കൂടി വേണം. ആചാരപരമായ അധികാരമുള്ളത് നമ്പൂതിരിക്കും ശൂദ്രനും മാത്രം! എത്ര വലിയ സൈനികശക്തിയുണ്ടെങ്കിലും ബ്രാഹ്മണർ നടത്തുന്ന കിരീടാരോഹണച്ചടങ്ങിലൂടെ മാത്രമേ, ക്ഷത്രിയ രാജാധികാരം സാധൂകരിക്കപ്പെടുമായിരുന്നുള്ളൂ. കേരളത്തിലെ ശൂദ്രരാജാക്കാരെ ഹിരണ്യഗർഭച്ചടങ്ങിലൂടെ ക്ഷത്രിയവത്കരിച്ചതിനുശേഷമാണ് കിരീടാരോഹണം നടത്തിയിരുന്നത്.
ഈയടുത്ത ദിവസങ്ങളിൽ മന്നത്ത് പത്മനാഭനെ, എൻ.എസ്.എസ് ശൂദ്ര–നായർമാരുടെ ‘ദൈവ’മായി പ്രഖ്യാപിച്ച സംഭവത്തെ വിലയിരുത്തേണ്ടത് ഈ പശ്ചാത്തലത്തിലാണ്. ഒരു സന്യാസിയുടെ പരിവേഷമുള്ള കുഞ്ഞൻപിള്ളയെന്ന ചട്ടമ്പി സ്വാമിക്കുപകരം മന്നത്തെ തിരഞ്ഞെടുത്തത് എന്തുകൊണ്ട്? ജാതി-വംശീയ വെറിയുടെയും ദലിത്-ബഹുജൻ വിദ്വേഷത്തിന്റെയും ഉഗ്രപ്രതാപിയായ പ്രതീകമാകാൻ ചട്ടമ്പി സ്വാമിക്കു കഴിയില്ല. ൈക്രസ്തവ വിദ്വേഷവും ആധുനികതാ നിഷേധവുമാണ് ചട്ടമ്പിയെ നയിച്ച വികാരം. തന്റെ പ്രവൃത്തികളിലൂടെയും പ്രസംഗങ്ങളിലൂടെയും മന്നം മരണംവരെ തന്റെയുള്ളിലെ ഈഴവ– ദലിത് വിദ്വേഷാസൂയ എത്രമാത്രം വിഷലിപ്തമായിരുന്നുവെന്ന് തെളിയിച്ചിട്ടുണ്ട്. അതിനാൽ ശൂദ്ര-നായന്മാരുടെ ‘ദൈവ’മാകാൻ എന്തുകൊണ്ടും യോഗ്യൻ മന്നംതന്നെയാണ്.
1932ലെ സവർണ ജാഥയിലൂടെയാണ് മന്നം ഒരു പരിഷ്കർത്താവിന്റെ പൊയ്മുഖമണിഞ്ഞത്. രണോത്സുകമായ ഉശിരൻ പോരാട്ടങ്ങളിലൂടെ അവർണജനത, സവർണാധികാര കേന്ദ്രങ്ങളെ വിറപ്പിച്ചുകൊണ്ടിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. അവർണമുന്നേറ്റങ്ങൾക്ക് എതിരുനിന്നാൽ വലിയ വില കൊടുക്കേണ്ടിവരുമെന്ന് തിരിച്ചറിഞ്ഞ സവർണരുടെ ഒരു കൗശലമായിരുന്നു, അവർണ പക്ഷപാതികളും ഉൽപതിഷ്ണുക്കളുമായി അഭിനയിക്കുകയെന്നത്. അവർണരുടെ അവശ്യങ്ങളെ പിന്തുണക്കുന്നതായി നടിച്ചുകൊണ്ട് സവർണർ നടത്തിയ ഒരു നാടകം മാത്രമായിരുന്നു സവർണജാഥ.
എന്നാൽ, ദലിത്-ബഹുജനങ്ങൾ വിദ്യാഭ്യാസ-സാമ്പത്തിക-ഉദ്യോഗ-രാഷ്ട്രീയ രംഗങ്ങളിൽ ഉയരുന്നതു കണ്ട് അസൂയാലുക്കളായ ശൂദ്രർക്ക് അവരുടെ സഹജമായ ആധിപത്യവാസനയും സംസ്കാരശൂന്യതയും മറച്ചുവെക്കാൻ കഴിഞ്ഞില്ല. വിേമാചന സമരനായകൻ എന്ന പ്രതിച്ഛായ ഉപയോഗിച്ചുകൊണ്ട് മന്നം തുടർന്നുള്ള തന്റെ ജീവിതകാലമത്രയും ഈഴവരെയും ദലിതരെയും ഭർത്സിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നു. ഈഴവ-ദലിത് വിദ്വേഷത്തിന്റെ ഉന്മാദത്തിൽ മന്നം മിക്കപ്പോഴും മാന്യമായ ഭാഷാപ്രയോഗംപോലും മറന്നട്ടഹസിച്ചിരുന്നു.
മന്നത്തിന്റെ കുപ്രസിദ്ധവും ഹീനവുമായ ചില പ്രസംഗങ്ങൾ ഇവിടെ ഉദ്ധരിക്കുകയാണ്: 1957ലെ ഇ.എം.എസ് മന്ത്രിസഭയിൽ മന്ത്രിയായിരുന്ന പി.കെ. ചാത്തൻ മാസ്റ്ററെക്കുറിച്ച് മന്നം മുതുകുളത്ത് പ്രസംഗിച്ചു. ‘‘ചാത്തൻ പുലയൻ മന്ത്രിയായിരിക്കുന്ന നാട്ടിൽ ജീവിക്കുവാൻ സാധ്യമല്ല...’’ (സി. വാസവപ്പണിക്കർ, സരസകവി മൂലൂർ എസ്. പത്മനാഭപ്പണിക്കർ, 1976, കൊല്ലം, പേജ് 387). 1964ൽ ആർ. ശങ്കർ മുഖ്യമന്ത്രിയായത് മന്നത്തിന് സഹിക്കാനായില്ല.
‘‘ഈ തൊപ്പിപ്പാളക്കാരന്റെ ഭരണം എങ്ങനെ കണ്ടുകൊണ്ടിരിക്കു’’മെന്നാണ് മന്നം പ്രസംഗിച്ചത്, (സി. വാസവപ്പണിക്കർ, പേജ്. 396) ഭരണഘടന നിരോധിച്ച ‘തൊട്ടുകൂടായ്മ’യുടെ നഗ്നമായ പ്രകാശനമാണ് മന്നത്തിന്റെ ഈ പ്രസംഗങ്ങൾ. ഭരണഘടനാ ലംഘനത്തിന്റെ പേരിൽ മന്നത്തെ അറസ്റ്റുചെയ്ത് ജയിലിൽ അടക്കേണ്ടതായിരുന്നു. ഇ.എം.എസ് എന്ന ബ്രാഹ്മണ കമ്യൂണിസ്റ്റിൽനിന്ന് അങ്ങനെയൊന്ന് പ്രതീക്ഷിക്കുന്നതിൽ അർഥമില്ലല്ലോ. തന്റെ മന്ത്രിസഭയിലെ ഒരംഗത്തെ ജാതി-വംശീയാധിക്ഷേപം നടത്തിയ മന്നത്തെ നവോത്ഥാന നായകനാക്കാനാണ് ഇ.എം.എസും ശ്രമിച്ചത്.
ശങ്കർ ഭരണത്തെ ‘രാവണഭരണ’മെന്നാക്ഷേപിച്ച മന്നം, നായർ എം.എൽ.എമാരെ ഉപദേശിച്ചത്, ‘‘മന്ത്രിസ്ഥാനവും എം.എൽ.എ സ്ഥാനവും ചുരുട്ടിക്കൂട്ടി മുഖ്യമന്ത്രിയുടെ മുഖത്തെറിഞ്ഞിട്ട് ഇറങ്ങിപ്പോരാനുള്ള തന്റേടം കാണിക്കണ’’മെന്നായിരുന്നു. (സി. വാസവപ്പണിക്കർ, പേജ് 398). ശങ്കർ മന്ത്രിസഭ വീണപ്പോൾ മന്നം പറഞ്ഞു. ‘‘എല്ലാം മംഗളമായി കലാശിച്ചു. പാലുകുടിച്ചു കിണ്ണം താഴത്തുവെച്ചതുപോല...’’ 1962ൽ തിരുവനന്തപുരം ശാസ്തമംഗലത്ത് നടത്തിയ ഒരു പ്രസംഗത്തിൽ മന്നത്തിന്റെ ഈഴവ വിദ്വേഷം എല്ലാ സഭ്യതയും മറനീക്കി പുറത്തുചാടി.
‘‘ഈഴവർ പന്നിപെറ്റു പെരുകിയ സന്താനങ്ങളും മന്ദബുദ്ധികളുമാണെന്നും അവർക്ക് സഞ്ചാരസ്വാതന്ത്ര്യവും ക്ഷേത്രപ്രവേശനവും കൊടുത്തത് പുനഃപരിശോധിക്കണമെന്നും’’ മന്നം ആേക്രാശിച്ചു (എം.എസ്. ജയപ്രകാശ്, ഡോ. കെ. രാധാകൃഷ്ണൻ. നായരീഴവ ഐക്യം: സവർണതന്ത്രം. (2005) പേജ് 12).
ഈഴവ-ദലിത് വിരോധംകൊണ്ട് സമനില തെറ്റുകയും സംസ്കാരശൂന്യനെപ്പോലെ സംസാരിക്കുകയുംചെയ്യുന്ന ഒരു മനുഷ്യൻ ‘നവോത്ഥാന നായകനും’, ‘പരിഷ്കരണവാദി’യും ‘അയിത്തോച്ചാടകനും’ ഒക്കെയായി വാഴ്ത്തപ്പെടുന്നത് അപമാനകരമാണ്. അവർണവിദ്വേഷത്തിന്റെയും നായർമുഷ്കിന്റെയും മൂർത്തീരൂപമായിരുന്ന മന്നത്ത് പത്മനാഭന്റെ മേലുദ്ധരിച്ച വാക്കുകളെ മായ്ച്ചുകളയാനുള്ള ഗൂഢാലോചനയാണ് ഈ ദൈവമാക്കലിനു പിന്നിലുള്ളത്. ഇങ്ങനെയൊക്കെ പറഞ്ഞ ഒരാളെയാണോ ദൈവമാക്കുന്നത് എന്ന ചോദ്യമുയരാം.
‘നവോത്ഥാന നായക’ പരിവേഷംകൊണ്ടോ, ‘പരിഷ്കരണവാദ’ പൊയ്മുഖംകൊണ്ടോ ആ ചോദ്യത്തെ നേരിടാനാവില്ല. ഒരു ദൈവം ഇത്രത്തോളം ജുഗുപ്സാവഹമായ വാക്കുകൾ ഉച്ചരിക്കുമോ? മന്നം എന്ന ഭൂമിയിൽ ജനിച്ച നായർദൈവത്തിനു നേരെയുള്ള ചെറുവിമർശനംപോലും ‘ദൈവനിന്ദ’യും നായർ വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തലുമായി വ്യാഖ്യാനിക്കപ്പെടും.
വിമർശകർക്കെതിരെ ക്രിമിനൽ കേസെടുക്കുകയുംചെയ്യാം. മന്നത്തിന്റെ വിദ്വേഷപ്രസംഗങ്ങൾ അച്ചടിച്ചുവന്ന പത്രങ്ങളും രേഖകളും ഹാജരാക്കിയാലും ദൈവത്തിനെതിരെ ഒരു തെളിവും നിലനിൽക്കില്ല. അതോടെ, മന്നം എന്ന ജാതി-വംശീയ ഭ്രാന്തൻ മായുകയും മന്നം എന്ന നായർദൈവം ഉദിക്കുകയുംചെയ്യും. നായന്മാരുടെ ദൈവമായതിനാൽ, ഇനി എല്ലാ കരയോഗങ്ങളും മന്നം ക്ഷേത്രങ്ങളായി മാറിയേക്കാം.
രാമൻ, കൃഷ്ണൻ, ശിവൻ, വിഷ്ണു, അയ്യപ്പൻ തുടങ്ങിയ ദൈവങ്ങൾക്കും മുകളിലായിരിക്കും മന്നം എന്ന ദൈവത്തിന്റെ സ്ഥാനം. മറ്റു ജാതികൾ, പ്രത്യേകിച്ചും മന്നത്തിന്റെ വെറുപ്പിനു പാത്രമായ ഈഴവ-ദലിതർ ഈ ദൈവങ്ങളെ ആരാധിക്കുന്നുണ്ട്. എന്നാൽ, മന്നം നായന്മാരുടെ സ്വന്തം ദൈവമാണ്. മന്നം ക്ഷേത്രങ്ങളിൽ പ്രവേശനം വേണമെന്ന് ആരും ആവശ്യപ്പെടുകയുമില്ല. ശൂദ്രനായന്മാരുടെയും മന്നത്തിന്റെയും അപമാനകരമായ ഭൂതകാലം അതോടെ അപ്രത്യക്ഷമാകും.