അത് ജനസഞ്ചയമല്ല
ആഴ്ചപ്പതിപ്പിൽ (ലക്കം: 1377) പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ ബി. രാജീവൻ മുന്നോട്ടുെവച്ച വീക്ഷണങ്ങളോട് പ്രതികരിക്കുകയാണ് ലേഖകൻ. എന്തായിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം?ജനവിരുദ്ധ ഭരണകൂടത്തിനെതിരായ കീഴാളരുടെ ഉയിര്‍ത്തെഴുന്നേൽപായിരുന്നു (ജനസഞ്ചയം) 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലുണ്ടായ ജനവിധിയെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ബി. രാജീവന്‍ തന്റെ, മാധ്യമം ആഴ്ചപ്പതിപ്പിലെ അഭിമുഖത്തില്‍ (ലക്കം: 1377) ചൂണ്ടിക്കാട്ടുകയുണ്ടായി. ‘‘ശിപായിലഹളയെന്ന് ബ്രിട്ടീഷുകാരും ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് ഇന്ത്യയും വിശേഷിപ്പിക്കുന്ന 1857ലെ ബ്രിട്ടീഷ് വിരുദ്ധ കലാപത്തിനും ഒരു നൂറ്റാണ്ടുമുമ്പുതന്നെ...
Your Subscription Supports Independent Journalism
View Plansആഴ്ചപ്പതിപ്പിൽ (ലക്കം: 1377) പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ ബി. രാജീവൻ മുന്നോട്ടുെവച്ച വീക്ഷണങ്ങളോട് പ്രതികരിക്കുകയാണ് ലേഖകൻ. എന്തായിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം?
ജനവിരുദ്ധ ഭരണകൂടത്തിനെതിരായ കീഴാളരുടെ ഉയിര്‍ത്തെഴുന്നേൽപായിരുന്നു (ജനസഞ്ചയം) 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലുണ്ടായ ജനവിധിയെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ബി. രാജീവന്‍ തന്റെ, മാധ്യമം ആഴ്ചപ്പതിപ്പിലെ അഭിമുഖത്തില്‍ (ലക്കം: 1377) ചൂണ്ടിക്കാട്ടുകയുണ്ടായി. ‘‘ശിപായിലഹളയെന്ന് ബ്രിട്ടീഷുകാരും ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് ഇന്ത്യയും വിശേഷിപ്പിക്കുന്ന 1857ലെ ബ്രിട്ടീഷ് വിരുദ്ധ കലാപത്തിനും ഒരു നൂറ്റാണ്ടുമുമ്പുതന്നെ ഇന്ത്യന്‍ കീഴാളജനത സ്വാതന്ത്ര്യസമരം തുടങ്ങിക്കഴിഞ്ഞിരുന്നു.
ലോകോത്തരമായ ഇന്ത്യന്‍ കരകൗശലത്തെയും കാര്‍ഷിക ഗ്രാമവ്യവസ്ഥയെയും ആദിവാസി ഗോത്രസമൂഹങ്ങളെയും കൃത്യമായ പദ്ധതികളിലൂടെ ബ്രിട്ടീഷുകാര്‍ നശിപ്പിക്കാന്‍ തുടങ്ങിയ കാലം മുതല്‍ കര്‍ഷകരും കൈവേലക്കാരും ആദിവാസി സമൂഹങ്ങളും അതിനെതിരായ ചെറുത്തുനിൽപുകള്‍ തുടങ്ങിയിരുന്നു. ഇന്ത്യയിലെമ്പാടും വിവിധ രൂപങ്ങളിൽ നടന്ന നൂറുകണക്കായ ഈ ചെറുത്തുനിൽപുകളില്‍ പതിനായിരക്കണക്കായ മനുഷ്യര്‍ ജീവിതസ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ ബലികൊടുക്കുകയും ചെയ്തു.’’ തന്റെ നിരീക്ഷണങ്ങള്‍ സമർഥിക്കുന്നതിനായി ഈ ചരിത്രംകൂടി രാജീവന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
കൊളോണിയല്‍ ആധുനികത അടിച്ചേൽപിക്കുന്നതിന്റെ ഭാഗമായി പ്രാകൃതരെന്ന് മുദ്രകുത്തി ഇന്ത്യക്കാരെ അടക്കിവാണ ബ്രിട്ടീഷ് സാമ്രാജ്യം. പുരോഗമന ചിന്ത പകര്‍ന്നുനല്‍കലെന്ന പേരില്‍ രാജ്യത്തെ കീഴടക്കി വിഭവങ്ങള്‍ കവര്‍ന്നെടുക്കാന്‍ വന്നവര്‍. കൊടികുത്തിയ ഈ കോളനി വാഴ്ചക്കെതിരെ പാശ്ചാത്യ ആധുനികതയുടെ സംഭാവനകളായ പ്രത്യയശാസ്ത്രത്തിന്റെയും നേതൃസ്ഥാന സങ്കൽപത്തിന്റെയും അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ടു.
എല്ലാ നേതാക്കളും യൂറോപ്പിനെയും നവോത്ഥാനത്തെയും സമരായുധമാക്കിയപ്പോള്‍, സൂര്യനസ്തമിക്കാത്ത സാമ്രാജ്യം അര്‍ധനഗ്നനായ ഫക്കീര്‍ എന്ന് പരിഹസിച്ച ആ ഒറ്റയാള്‍ പോരാളിമാത്രം വേറിട്ടവഴികളിലൂടെ സഞ്ചരിക്കുകയായിരുന്നു. കീഴാളന്റെ ശക്തിയെന്തെന്ന് തിരിച്ചറിഞ്ഞ ഏക നേതാവ്. പാശ്ചാത്യവാദമല്ല ഇന്ത്യന്‍ ഗ്രാമങ്ങളിലും വയലേലകളിലുമാണ് വെള്ളക്കാര്‍ക്കെതിരായ ശക്തി സംഭരിച്ചുവെച്ചിരിക്കുന്നതെന്ന് പണ്ടേ തിരിച്ചറിഞ്ഞ മനുഷ്യന്‍. ഇന്ത്യന്‍ സംസ്‌കാരം പാശ്ചാത്യ സംസ്‌കാരത്തിന്റെ കാര്‍ബണ്‍ പകര്‍പ്പാകരുതെന്നും സ്വപ്‌നം കണ്ടിരുന്നു അദ്ദേഹം.
ഗാന്ധിജി തിരിച്ചറിഞ്ഞ കീഴാളന്റെ ആ ഊര്‍ജത്തെ ഉദാഹരണ സഹിതം വിശദീകരിക്കാനാണ് മേല്‍പ്പറഞ്ഞ ഒരുനൂറ്റാണ്ട് മുമ്പേ ഇന്ത്യൻ കീഴാള ജനത ബ്രിട്ടീഷുകാര്‍ക്കെതിരെ തങ്ങളുടെ പൈതൃക സ്വത്തുക്കളും കാര്‍ഷിക ഗ്രാമ വ്യവസ്ഥകളും നശിപ്പിച്ചതിനെതിരെ പോരാടിയ സംഭവം രാജീവന്‍ ഇവിടെ വ്യക്തമാക്കിയത്. 2024ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ജനത ആ പഴയ നൂറ്റാണ്ടിന്റെ സമരമാര്‍ഗത്തിലൂടെ സംഘ്പരിവാര്‍-ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനെതിരെ പോരാടി ഭരണകൂടത്തെ പരാജയപ്പെടുത്തുകയായിരുന്നു എന്നും രാജീവന്‍ നിരീക്ഷിച്ചു.
ആന്റോണിയോ ഗ്രാംഷി കണ്ടെത്തിയ സാംസ്‌കാരിക അധീശത്വമെന്ന (cultural hegemony) കൊളോണിയല്‍ പ്രത്യയശാസ്ത്രത്തെ പണ്ടേ തകര്‍ത്തെറിയാന്‍ ഇന്ത്യ പ്രാപ്തമായിരുന്നുവെന്നും 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും ആ ഒരു സമരരീതിയും ഒപ്പം ആന്റോണിയോ നെഗ്രിയുടെ ജനസഞ്ചയ സമരങ്ങളുമാണ് രാജ്യത്ത് ജനാധിപത്യം തിരിച്ചുകൊണ്ടുവന്നത് എന്ന നിരീക്ഷണത്തിലും ബി. രാജീവന്‍ ചെന്നെത്തുന്നു.
നേതാവില്ലാതെ, പ്രത്യയശാസ്ത്രമില്ലാതെ തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാനായുള്ള കീഴാളന്റെ ഉയിര്‍ത്തെഴുന്നേല്‍പ് ജനാധിപത്യത്തിന്റെ പാതയിലെ ഒരു ചെറു തുടക്കംതന്നെയായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. അതേസമയംതന്നെ കീഴാളന്റെ ഈ ചെറുത്തുനിൽപിനകത്തും അപകടകരമായ ഒരു ജാതി രാഷ്ട്രീയം എത്ര കെട്ടിയിട്ടിട്ടും അഴിഞ്ഞുചെന്ന് ജനാധിപത്യത്തിന്റെ കാലില്‍ പിണയുന്ന കുരുക്കായി മാറുന്നത് പലപ്പോഴും ബി. രാജീവന്‍ തിരിച്ചറിയാതെ പോകുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തുടര്‍ന്നിനിയങ്ങോട്ട് ഈ ഒരു ട്രെന്റാണ് രാജ്യത്തെ നയിക്കുക എന്നും ആശങ്കപ്പെടേണ്ടിയിരിക്കുന്നു.
നീതി നിഷേധിക്കപ്പെട്ടവരുടെ പോരാട്ടംമൂലമുണ്ടായ തെരഞ്ഞെടുപ്പ് വിജയം ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികളെ ചിലയിടങ്ങളില്‍ പരാജയപ്പെടുത്തിയെങ്കിലും, ഒരിക്കലും ഈ മാറ്റം ഹിന്ദുത്വ ഫാഷിസത്തെ തകര്‍ക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നില്ല എന്ന് സൂക്ഷ്മമായി പരിശോധിച്ചാല്‍ മനസ്സിലാക്കാം. ജനസഞ്ചയമല്ല, മറിച്ച് അവസരവാദ-ബൂര്‍ഷ്വാ സമീപനങ്ങളും വരേണ്യ സഖ്യസാധ്യതകള്‍ക്ക് മങ്ങലേറ്റപ്പോഴുണ്ടായ മറുപടിയുമായിരുന്നു പലയിടത്തും തെരഞ്ഞെടുപ്പ് ഫലത്തിന്റെ രൂപത്തില്‍ പുറത്തുവന്നത്. അതിനാല്‍ എല്ലാ കാലവും നിലനില്‍ക്കുന്ന ഇന്ധനമായിരുന്നില്ല വോട്ടുപെട്ടിയില്‍ 2024ല്‍ രാജ്യത്തെ ജനങ്ങള്‍ നിറച്ചുവെച്ചത്. എപ്പോള്‍ വേണമെങ്കിലും തെന്നിമാറാവുന്ന ഒരു വിധിയെഴുത്തുമാത്രമായിരുന്നു അതെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.
രാഷ്ട്രീയ ഇച്ഛാശക്തി പ്രകടമാക്കിയ ജനവിധി എന്ന രാജീവന്റെ നിരീക്ഷണം ശരിയല്ല. അദ്ദേഹം സ്ഥിരമായി ഉയര്‍ത്തിപ്പിടിക്കുന്ന കീഴാള അധികാരം എന്ന ഫുക്കോവിയന്‍ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് തെരഞ്ഞെടുപ്പ് വിജയിച്ചത് എന്ന നിരീക്ഷണം തന്നെയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. രാജീവന്റെ ഗാന്ധി-മാര്‍ക്‌സ്-അംബേദ്കര്‍ പ്രഭാഷണ പരമ്പരടയക്കം ഡി.സി ബുക്‌സ് പുറത്തിറക്കിയ പ്രശസ്ത ഗ്രന്ഥമായ ‘ഇന്ത്യയുടെ വീണ്ടെടുക്കല്‍’ എന്ന ബൃഹദ്ഗ്രന്ഥത്തിലും പറഞ്ഞിരിക്കുന്ന കീഴാളരാഷ്ട്രീയംതന്നെയാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് അദ്ദേഹം സമര്‍ഥിക്കാന്‍ ശ്രമിക്കുന്നു.
അദ്ദേഹം പറയുന്നു: ‘‘ഈ തെരഞ്ഞെടുപ്പില്‍, വഞ്ചിക്കപ്പെട്ട കര്‍ഷകരും പിന്നാക്കക്കാരും ദലിതരും ആദിവാസികളും കൂലിത്തൊഴിലാളികളും അടക്കമുള്ള സാധാരണ മനുഷ്യര്‍ മോദി ഭരണത്തെ തള്ളിക്കളയാന്‍ നടത്തിയ ശ്രമം ഇന്ത്യയുടെ ഭാവിരാഷ്ട്രീയത്തെ ഗുണകരമായി തന്നെ മാറ്റിയേക്കാവുന്ന ഒന്നായി ഗൗരവത്തോടെ പരിഗണിക്കേണ്ടിയിരിക്കുന്നു.’’
ഈ പറഞ്ഞതാണോ യഥാര്‍ഥത്തില്‍ നടന്നത്, ആണെങ്കില്‍ നല്ലത്. പക്ഷേ, സംഭവിച്ചതതല്ല. ഈ കീഴാള രാഷ്ട്രീയത്തിന്റ ചെറുത്തുനിൽപിനകത്തും അപകടകരമായ ഒരു ജാതി രാഷ്ട്രീയം എത്ര മുറുക്കിക്കെട്ടിെവച്ചാലും അഴിഞ്ഞഴിഞ്ഞ് വീണ്ടും വ്യാപിക്കുന്നു എന്നതാണ് കാണാനായത്. നാം കീഴാളന്റെ അവകാശ പോരാട്ടമായി കൂടി തെരഞ്ഞെടുപ്പ് വിജയത്തെ കാണുകയും ചിലയിടത്തെല്ലാം ഹിന്ദുത്വ ഫാഷിസ്റ്റ് വര്‍ഗീയതയെ അത് ചെറുത്തുതോൽപിക്കുകയും ചെയ്തുവെന്ന് വിശ്വസിച്ച് ആശ്വസിക്കുമ്പോഴും ആ വിജയം ഒരിക്കലും രാജ്യവ്യാപകമായി ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടത്തെ തകര്‍ക്കുന്നതായിരുന്നില്ല.
കൂടുതല്‍ വ്യക്തതക്കായി ഉദാഹരണമായി കേരളത്തെ എടുക്കാം. അവിടെ ജാതി രാഷ്ട്രീയം ഹിന്ദുത്വ രാഷ്ട്രീയത്തെ മുമ്പെങ്ങുമില്ലാത്ത വിധം പുല്‍കുന്ന കാഴ്ചയാണ് കാണാനായത്. അതില്‍ ജാതിവ്യത്യാസമുണ്ടായിരുന്നില്ല. കീഴാളന്റെ വേദനയായിരുന്നില്ല തെരഞ്ഞെടുപ്പ് വിജയമായി തൃശൂരില്‍ മാറിയത്. കീഴാളന്‍പോലും ബി.ജെ.പിക്ക് വോട്ടുചെയ്യുകയായിരുന്നു. അതേസമയം, ഇതിന് വിപരീതമായ ഫലമായിരുന്നു ഉത്തര്‍പ്രദേശില്‍ കാണാനായത്. അവിടെ തങ്ങള്‍ കഴിഞ്ഞ 10 വര്‍ഷമായി വെള്ളവും വളവുമിട്ട് ചാക്കില്‍ പൊതിഞ്ഞ് കൊണ്ടുനടന്ന കീഴ്ജാതി സമൂഹം ബി.ജെ.പിയുടെ ഏകാധിപത്യ ഭരണത്തിനെതിരെ ശക്തമായ മറുപടി നല്‍കി.
ഇത്തരത്തില്‍ ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേക രാഷ്ട്രീയ സാഹചര്യം അനുസരിച്ച് സംഭവിച്ച ചില ഭരണവിരുദ്ധ വികാരവും ജാതി സമവാക്യവുമായിരുന്നു ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചത്. അതായത് മാര്‍ക്‌സിയന്‍ ഗാന്ധിയന്‍ അംബേദ്കറൈറ്റ് രീതിശാസ്ത്രത്തിലൂടെ ഇന്ത്യന്‍ രാഷ്ട്രീയത്തെ നിരീക്ഷിക്കുമ്പോഴും അംബേദ്കര്‍ പറഞ്ഞ ജാതിവ്യവസ്ഥയുടെ അതിജീര്‍ണാവസ്ഥയാണ് ഇപ്പോഴും പ്രധാനമായും മുഴച്ചുനില്‍ക്കുന്നതെന്ന് കാണാനാകും. രാജീവന്‍ പറയുന്ന ആന്റോണിയോ നെഗ്രി-ഫുക്കോ സിദ്ധാന്തമായിരുന്നില്ല തെരഞ്ഞെടുപ്പിലുണ്ടായതെന്ന് ചുരുക്കം.
അംബേദ്കര്‍ പറഞ്ഞ ഒരു കാര്യം ഈ ഘട്ടത്തില്‍ പ്രസക്തമാണ്: ‘‘അംബേദ്കറുടെ പൂര്‍ത്തിയാകാതെ പോയ ഒരു ഗ്രന്ഥത്തില്‍ (India and Communism, ലെഫ്റ്റ് വേൾഡ് ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്) അദ്ദേഹം വിഭാവനംചെയ്ത ഒരു അധ്യായത്തിന്റെ ശീര്‍ഷകം ‘ഇന്ത്യയില്‍ കമ്യൂണിസം നടപ്പാക്കുന്നതിനുള്ള തടസ്സങ്ങള്‍’ (POSSIBLE IMPEDIMENTS IN THE WAY OF COMMUNISM) എന്നാണ്. ദലിത് ചിന്തകനായ ഡോ. ആനന്ദ് തെൽതുംബ്ഡെ പറയുന്നത് ഈ ശീര്‍ഷകത്തിന് വലിയ പ്രാധാന്യമുണ്ട് എന്നാണ്.
കമ്യൂണിസത്തിന്റെ വഴികളിലെ തടസ്സങ്ങള്‍ നീക്കണമെന്ന് അംബേദ്കര്‍ കരുതുന്നതുകൊണ്ടുകൂടിയാണ് അദ്ദേഹം ഇതിനെക്കുറിച്ച് ചര്‍ച്ചചെയ്യുന്നത്. കമ്യൂണിസത്തിന്റെ വഴിയിലെ തടസ്സമാണ് ജാതി. തൊഴിലാളികളെ വിഭജിക്കാവുന്ന ഒന്നായി ജാതിയെ വിഭജിക്കാന്‍ കഴിയുന്നിടത്തോളം കാലം, തൊഴിലാളികള്‍ക്ക് വര്‍ഗബോധം കൈവരുക സാധ്യമല്ല. ഇന്ത്യയില്‍ തൊഴിലാളികള്‍ക്ക് വര്‍ഗബോധം കൈവരണമെങ്കില്‍ ജാതിവിരുദ്ധ സമരമുഖത്തിലൂടെ മാത്രമേ അത് കൈവരുത്താന്‍ സാധിക്കൂ എന്നാണ് അംബേദ്കര്‍ പറയാന്‍ ശ്രമിച്ച ഒരു കാര്യം.’’
വളരെ പ്രധാനപ്പെട്ട നിരീക്ഷണംതന്നെയായിരുന്നു ഇത്. ഇന്ത്യ വികസിക്കുന്നുവെന്നും ലോകോത്തര ശക്തിയാകുന്നു എന്നൊക്കെ നാം പറയുമ്പോഴും 200 വര്‍ഷത്തോളമെങ്കിലും ഈ രാജ്യത്തെ പിറകോട്ടടിപ്പിക്കുന്ന ജാതി എന്ന ജീര്‍ണത തുടച്ചുനീക്കണമെന്ന ചിന്ത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുണ്ടാകുന്നില്ല. പരസ്പരം വെള്ളം കയറാത്ത അറകളാകുന്ന ജാതിവ്യവസ്ഥയെ നിലനിര്‍ത്തി അതുവഴി വോട്ടുസമ്പാദിച്ച് അധികാരത്തിലെത്തുക എന്ന സ്ഥാപിത താല്‍പര്യം മാത്രമേ 99 ശതമാനം രാഷ്ട്രീയ പ്രസ്ഥാനത്തെയും ഇന്ന് മുന്നോട്ടുകൊണ്ടുപോകുന്നുള്ളൂ എന്നുകൂടി അംബേദ്‌കറിന്റെ ആ ചരിത്രപരമായ നിരീക്ഷണം സാക്ഷ്യപ്പെടുത്തുന്നു. അതിനാല്‍തന്നെ ജാതിയെ ആഴത്തില്‍ പരിശോധിക്കേണ്ട കാലഘട്ടത്തിലേക്ക് ഇടതുപക്ഷ പ്രസ്ഥാനങ്ങളും എത്തിക്കഴിഞ്ഞിരിക്കുന്നു എന്ന് സാരം.
ബി.ജെ.പി കോട്ടയായ ഉത്തര്‍പ്രദേശിന്റെ കാര്യം തന്നെയെടുക്കാം. ജാതിയെ തുരത്തിയെന്ന് വേഗത്തില്‍ പറഞ്ഞുപോകാമെങ്കിലും അതത്ര പെട്ടെന്ന് നടക്കില്ലെന്നുതന്നെയാണ് ഇവിടെ നടന്ന തെരഞ്ഞെടുപ്പില്‍ കാണാന്‍ സാധിച്ചത്. ഹരിയാനയിലെയും രാജസ്ഥാനിലെയും കര്‍ഷകര്‍ ജീവന്‍മരണ പോരാട്ടം നടത്തി നേടിയ കര്‍ഷകസമര വിജയത്തിന്റെ അലയൊലികള്‍ കീഴാള ഉയിര്‍ത്തെഴുന്നേൽപിന്റെ നേര്‍സാക്ഷ്യമായി നമുക്ക് കാണാമെങ്കിലും അതൊന്നും മറ്റിടങ്ങളിൽ പ്രതിഫലിച്ചു കണ്ടില്ല. അതിനാല്‍, അത് കീഴാള അധികാര സ്ഥാപനമല്ല. ജാതി അധികാരം വേറിട്ടതരത്തില്‍ അരക്കിട്ടുറപ്പിക്കലായിരുന്നു.
ഇക്കാലമത്രയും യു.പിയും ബിഹാറുമാണ് വ്യക്തമായ ജാതിരാഷ്ട്രീയം തെരഞ്ഞെടുപ്പില്‍ പ്രകടിപ്പിച്ചിരുന്നതെങ്കില്‍ ഇവിടെ അതിനപ്പുറം മഹാരാഷ്ട്ര, കര്‍ണാടകപോലുള്ള സംസ്ഥാനങ്ങളിലും ജാതി തെരഞ്ഞെടുപ്പിലെ മുഖ്യഘടകമായി മാറി. 2014, 2019 എന്നീ രണ്ട് ലോക്‌സഭ തെരഞ്ഞെടുപ്പുകള്‍ മുസ്‍ലിം വിരുദ്ധത സൃഷ്ടിച്ച് ഹിന്ദുക്കളെ ഏകീകരിക്കുകയായിരുന്നെങ്കില്‍ 2024ല്‍ എത്തുമ്പോള്‍ ജാതിതന്നെ വീണ്ടും മുന്‍പന്തിയിലെത്തിയിരിക്കുന്നു.
കൃഷി പ്രധാന ജീവിതമാര്‍ഗമായിരുന്ന വടക്കെ ഇന്ത്യയിലെ പ്രധാന സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ-കോർപറേറ്റ് അനുകൂല സമീപനത്തിനെതിരെ അണിനിരന്നത്. ശാഹീന്‍ബാഗില്‍ മുസ്‍ലിം സ്ത്രീകളാണ് പോരാട്ടത്തിന്റെ മുഖമായിരുന്നത്. ഇത്തരത്തില്‍ അവനവന്റെ നിലനില്‍പ് പ്രതിസന്ധിയിലായപ്പോള്‍ ഓരോ വിഭാഗവും അവരവരുടെ സ്വന്തം സ്വത്വം സംരക്ഷിച്ചുകൊണ്ടുമാത്രം നടത്തുന്ന സമരത്തെ, ലാറ്റിനമേരിക്കയിലെയോ മറ്റ് രാജ്യങ്ങളിലെയോ മുല്ലപ്പൂ വിപ്ലവകാലത്തോടോ ഒക്കെ ബന്ധിപ്പിക്കുന്നു.
ആശയം വിശേഷപ്പെട്ടതാണ്, എന്നാല്‍ മതജാതി കെട്ടുപാടുകള്‍ക്കിടയില്‍പെട്ട് സങ്കീര്‍ണമായ സാമൂഹികാവസ്ഥ നിലനില്‍ക്കുന്ന രാജ്യത്തെ വിവിധ അവശവിഭാഗങ്ങള്‍ ഒരു ലക്ഷ്യത്തിലേക്കായി ഒന്നിച്ചണി ചേരുന്നു എന്ന് പറയാനാകില്ല. ഇത്തരത്തില്‍ രാജ്യമൊട്ടുക്ക് കര്‍ഷകസമരംപോലെയും ശാഹീന്‍ബാഗ് സമരംപോലെയുമുള്ള സമരങ്ങള്‍ ഉണ്ടായെങ്കില്‍ അത് കീഴാള ഉയിര്‍ത്തെഴുന്നേൽപായിരുന്നെങ്കില്‍ അധികാരം വീണ്ടും ഹിന്ദുത്വ ശക്തികള്‍ക്ക് കൈയാളാന്‍ ലഭിക്കില്ലായിരുന്നു.
ബി.ജെ.പി കോട്ടകളായ ഉത്തര്‍പ്രദേശിലും ഗുജറാത്തിലും ക്ഷത്രിയ ഗ്രൂപ്പുകള്‍ പ്രാദേശികമായി ബി.ജെ.പിക്കെതിരെ സമരംതുടങ്ങിയിരുന്നു. രജ്പുത്തുകള്‍, ക്ഷത്രിയ ഗ്രാമങ്ങള്‍ എന്നിവ ബി.ജെ.പിയെ ബഹിഷ്‌കരിക്കുന്നതിനായി മഹാപഞ്ചായത്തുകള്‍ സംഘടിപ്പിച്ചു. താക്കൂറുകള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കിയില്ല എന്ന പേരിലായിരുന്നു ഈ ഭീഷണി. മോദി-അമിത് ഷാ ശക്തികളുടെ വലംകൈയായ രാജ്‌നാഥ് സിങ്ങിനും യോഗിക്കും വരെ ഇത് ഭീഷണിയായിരുന്നു. ഇരുവരും താക്കൂര്‍ വിഭാഗക്കാരായിരുന്നു. അങ്ങനെ ഹിന്ദുത്വ ഏകീകരണത്തിലൂടെ സവര്‍ണ വിഭാഗത്തെ കൂടെനിര്‍ത്താമെന്നുള്ള നീക്കവും പാളി.
മറുവശത്ത് ആദിവാസി, ദലിത് വിഭാഗങ്ങള്‍ ബി.ജെ.പിക്ക് വോട്ടുചെയ്യാതിരുന്നെങ്കില്‍ അതിന് പ്രധാന കാരണം ഭരണഘടന തിരുത്തുകയോ സംവരണം നിര്‍ത്തലാക്കുകയോ ചെയ്യും എന്ന ഭീതി മൂലമായിരുന്നു. അതൊരു ചെറുത്തുനില്‍പ്പെന്ന് പറയാനാകില്ല. അങ്ങനെ 2019ല്‍ 33 ശതമാനം ദലിതരും 42 ശതമാനം ഒ.ബി.സിയും ബി.ജെ.പിക്ക് വോട്ടുചെയ്‌തെങ്കില്‍ 2024ല്‍ അത് കുറയുകയാണുണ്ടായത്. സെന്റര്‍ ഫോര്‍ ഡെവലപിങ് സൊസൈറ്റിയുടെ കണക്കാണിത്. 10 വര്‍ഷത്തെ മോദിഭരണം ജാതിപ്രശ്‌നം രാജ്യത്ത് അവസാനിപ്പിച്ചില്ലെന്നും ജാതി തന്നെ ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായി മാറുകയായിരുന്നു എന്നും അങ്ങനെ കണക്കുകളും തെളിവുകളും വ്യക്തമാക്കി.
ദലിത് വിഭാഗങ്ങളുടെ ജനാധിപത്യ അവകാശം ആർ.എസ്.എസ്-ബി.ജെ.പി കൂട്ടുകെട്ട് തടയുന്നു. പ്രാതിനിധ്യം നല്‍കുമ്പോള്‍തന്നെ അവരുടെ ആവശ്യങ്ങളോടിവര്‍ മുഖംതിരിക്കുന്നു. സമ്മർദം അവരെ മാറ്റിച്ചിന്തിപ്പിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ഉയര്‍ന്ന വിഭാഗം (സാമ്പത്തികമായി ഉയര്‍ന്നത് എന്ന അര്‍ഥത്തില്‍) ഒ.ബി.സി, ദലിത് വിഭാഗങ്ങള്‍ ബി.ജെ.പിയോട് ചേര്‍ന്ന് നില്‍ക്കുന്നു എന്ന വ്യത്യസ്തതയും നമുക്കിവിടെ കാണാം.
അതുപോലെ തന്നെ തങ്ങളുടെ വിഷമതകള്‍ പരിഹരിക്കുമെന്ന പ്രതിപക്ഷത്തിന്റെ, പ്രത്യേകിച്ച് കോണ്‍ഗ്രസിന്റെ ഉറപ്പ് യു.പിയില്‍ ദലിത് ന്യൂനപക്ഷങ്ങളെ അങ്ങോട്ടേക്കടുപ്പിച്ചു. ഇതൊരു കീഴാള ഉയിര്‍ത്തെഴുന്നേല്‍പ്പെന്ന നിലയില്‍ ചര്‍ച്ചചെയ്യുന്നതിനേക്കാള്‍ സങ്കീര്‍ണമായ രാഷ്ട്രീയാവസ്ഥയായാണ് പരിഗണിക്കേണ്ടത്. ഇതിനൊക്കെ പുറമെ സവര്‍ണ വിഭാഗങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നുവെന്ന് ജെ.എൻ.യു സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ സ്റ്റഡീസ് അസോസിയേറ്റ് പ്രഫസര്‍ അജയ് ഗുഡവര്‍ത്തി പറഞ്ഞു.
രജ്പുത്തുകളും ബ്രാഹ്‌മണരും തമ്മിലാണ് യു.പിയില്‍ തര്‍ക്കമെങ്കില്‍, ഹരിയാനയില്‍ ജാട്ടുകളുടെ എതിര്‍പ്പ് പോലെ ഗുജറാത്തില്‍ രജ്പുത്തുകള്‍ ബി.ജെ.പിയോട് അസ്വസ്ഥത െവച്ചുപുലര്‍ത്തുന്നവരായിരുന്നു. ഹിന്ദുത്വ ഏകീകരണം എന്ന മുദ്രാവാക്യം ഉയര്‍ത്തി തങ്ങളുടെ ശക്തികേന്ദ്രങ്ങളെ നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ സവര്‍ണ വിഭാഗത്തെ ഒന്നിപ്പിച്ചുനിര്‍ത്താനാകാത്ത സാഹചര്യത്തിലൂടെയായിരുന്നു 2024 മോദി സര്‍ക്കാറിന്റെ തെരഞ്ഞെടുപ്പു യാത്ര.
‘‘ജാതി വളരെ പ്രബലമായി ഈ തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ബി.ജെ.പിയുടെ പിന്നോട്ടടിക്ക് അതായിരുന്നു കാരണം. സംവരണ വിഷയത്തില്‍ പ്രതിപക്ഷം മുതലെടുക്കുകയും ചെയ്തു’’ –യു.പി മന്ത്രിയായ ധർമവീര്‍ പ്രജാപതി ഒരു മാധ്യമത്തോട് പറഞ്ഞു. അങ്ങനെ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ വ്യത്യസ്ത സാഹചര്യങ്ങള്‍. പലയിടത്തും ബി.ജെ.പിക്കെതിരായ ജനവിധിയായത് മാറി. മഹാരാഷ്ട്രയിലെത്തുമ്പോള്‍ പ്രധാന പ്രശ്‌നമായത് മഹാരാഷ്ട്ര സംവരണമായിരുന്നു. ഇരട്ടിപ്രഹരമായിരുന്നു ഇത് ബി.ജെ.പിക്കുണ്ടാക്കിയത്.
മറാത്ത്‌വാഡയിലും വിദര്‍ഭയിലും ബി.ജെ.പിക്കെതിരായ ജനവിധിയായി ഇത് മാറി. മറാത്തകളുടെ സംവരണ വിഷയത്തില്‍ ലത്തൂര്‍, നന്ദഡ, ഡരീന സീറ്റുകളില്‍ ബി.ജെ.പി തോറ്റു. വിദര്‍ഭയെ നോക്കിയാല്‍ കുൻബി സമുദായത്തിന്റെ മറാത്ത സംവരണ വിഷയം കൈകാര്യംചെയ്ത രീതിക്കെതിരായ ശക്തമായ വികാരമുണ്ടായിരുന്നു. ഇത് ഒരുവശത്ത് കോണ്‍ഗ്രസും മറുവശത്ത് ഉദ്ധവ് താക്കറെ, ശരദ് പവാര്‍ സഖ്യങ്ങളുടെ പാര്‍ട്ടിക്കും നേട്ടമായി.
കോണ്‍ഗ്രസിന് അഞ്ച് സീറ്റ് ലഭിച്ചപ്പോള്‍ ഉദ്ധവിന്റെയും പവാറിന്റെയും പാര്‍ട്ടി ഓരോ സീറ്റു വീതം നേടി. വടക്ക് പടിഞ്ഞാറ് മഹാരാഷ്ട്രയില്‍ മറാത്ത പ്രക്ഷോഭം ഇൻഡ്യ മുന്നണിക്കനുകൂലമാകുകയായിരുന്നു. വടക്കന്‍ മഹാരാഷ്ട്ര ഇത്തരത്തില്‍ മറാത്ത സംവരണ വിഷയം ഇന്ത്യന്‍ ബ്ലോക്കിന്റെ വോട്ടായി മാറി.
ബിഹാര്‍, കര്‍ണാടക, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിലെല്ലാം ഹിന്ദുത്വ രാഷ്ട്രീയത്തെ ഇൻഡ്യ മുന്നണി പിന്നിലാക്കിയത് ജാതിയുടെ ഈ പ്രശ്‌നസങ്കീര്‍ണതകൊണ്ടായിരുന്നു. മുന്നേ നടന്ന രണ്ട് ലോക്‌സഭ തെരഞ്ഞെടുപ്പില്‍നിന്നും തികച്ചും വ്യത്യസ്തമായ ഒന്നായിരുന്നു 2024 ലേതെന്ന് ഇതിനാല്‍ വ്യക്തമാകുന്നു.
ഹിന്ദുത്വ ഏകീകരണം വോട്ടാക്കി മാറ്റി കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും മൃഗീയ ഭൂരിപക്ഷത്തോടെ മുന്നേറി നാടുഭരിച്ചിട്ടും തങ്ങളുടെ മുഴുവന്‍ ശക്തിയുമെടുത്ത് സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ സൈബര്‍ സംഘത്തെ വിന്യസിച്ച് വ്യാജനിര്‍മിതി നടത്തിയിട്ടും അക്കാദമികതലത്തിലും ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും സംഘ്പരിവാര്‍ അജണ്ടകള്‍ നടപ്പാക്കിയിട്ടും ഹിന്ദുത്വ രാജ്യമെന്ന ആർ.എസ്.എസ് അജണ്ട നടപ്പാക്കാനോ ഭരണഘടനയെ ഇല്ലാതാക്കാനോ മുസ്‍ലിം ഉന്മൂലനം നടത്താനോ ഒന്നും വര്‍ഗീയശക്തികള്‍ക്ക് കഴിഞ്ഞില്ല. 2024 പൊതുതെരഞ്ഞെടുപ്പ് അതിനൊക്കെ വിപരീതമാണെന്ന് വ്യക്തമായി.
മിഷേല്‍ ഹാര്‍ട്ട്, ആന്റോണിയോ നെഗ്രി എന്നിവരുടെ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ ജനസഞ്ചയ സിദ്ധാന്തത്തെ വിവരിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട വളരെ ശ്രദ്ധേയമായ ഒരു നിരീക്ഷണം ടെറി ഈഗിള്‍ടണ്‍ നടത്തുന്നു.
‘‘ഉൽപാദനവ്യവസ്ഥാപരമായ ബന്ധത്തില്‍നിന്നും തൊഴിലാളിവര്‍ഗത്തെ വേര്‍പെടുത്തുകയും അതിന് രാഷ്ട്രീയമായ ഉള്ളടക്കം മാത്രം കൽപിക്കുകയും ചെയ്യുന്നത്, തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തെ തന്നെ അസാധുവാക്കുമെന്ന് ടെറി ഈഗിള്‍ടണ്‍ പറയുന്നു. തൊഴിലാളി വര്‍ഗ രാഷ്ട്രീയം ഭൗതികാടിസ്ഥാനങ്ങളൊന്നുമില്ലാത്തതും ഇതര വര്‍ഗവിഭാഗങ്ങളുമായുള്ള ബന്ധത്താല്‍മാത്രം നിര്‍ണയിക്കപ്പെടുന്നതുമായ ഒന്നായിത്തീരുന്നു എന്നതാണിതിന്റെ ഫലം.’’ മിഷേല്‍ ഹാര്‍ട്ടും നെഗ്രിയും മുന്നോട്ടുവെക്കുന്ന നിലപാടിനും ഈ വിമര്‍ശനം വലിയൊരളവുവരെ ബാധകമാണ്.
ജനസഞ്ചയത്തെയും വര്‍ഗസ്വരൂപത്തെയും കുറിച്ചുള്ള തങ്ങളുടെ സിദ്ധാന്തത്തിലൂടെ മാര്‍ക്സിനെ സാധൂകരിക്കാനും വിശ്വസ്തത പുലര്‍ത്താനുമാണ് ഹാര്‍ട്ടും നെഗ്രിയും ശ്രമിക്കുന്നതെങ്കിലും അവര്‍ ഉന്നയിക്കുന്ന അതേ സംഗതികള്‍തന്നെയാണ് ബൗദ്ധിക ഉൽപാദനത്തില്‍നിന്നും പ്രതീകാത്മക ഉൽപാദനത്തിലേക്കുള്ള പരിവര്‍ത്തനമായി ഉത്തരാധുനിക നിയോ-ലിബറല്‍ ബുദ്ധിജീവികളും അവതരിപ്പിക്കുന്നതെന്ന് ഈ ആശയങ്ങളെ വിമര്‍ശിച്ചുകൊണ്ട് സ്ലാവോക് സിസേക് വ്യക്തമാക്കുന്നു.
ഇങ്ങനെ നോക്കിയാല്‍ 2024നെ സംബന്ധിച്ച് ജാതി തന്നെ മുന്‍പന്തിയില്‍ വന്ന തെരഞ്ഞെടുപ്പാണെന്ന് രണ്ടാമതൊന്നാലോചിക്കാതെ പറയാന്‍ സാധിക്കും. ഒപ്പംതന്നെ രാജീവന്‍ നിരീക്ഷിച്ച കീഴാളശക്തിയുടെ മുന്നേറ്റങ്ങള്‍ ഒരു കനലായി പടര്‍ന്നുപിടിക്കുന്ന കാലത്തിനായി തുടര്‍ച്ചയായ രാഷ്ട്രീയ സമരത്തില്‍ നമുക്ക് അണിചേരുകയും ചെയ്യാം.