Begin typing your search above and press return to search.
proflie-avatar
Login

മഴ എന്ന അകാൽപനികത

മഴ എന്ന അകാൽപനികത
cancel

വയനാട് ദു​രന്തത്തി​െന്റ പശ്ചാത്തലത്തിൽ നാടിന്റെ യാഥാർഥ്യങ്ങളും അവസ്ഥകളും പരിശോധിക്കുകയാണ് ​വയനാട്ടുകാരനും എഴുത്തുകാരനുമായ ലേഖകൻ. ദുരന്തങ്ങളെ അതിജീവിക്കുന്നതിനെക്കുറിച്ചും ഭാവിയിലെ അപകടങ്ങൾ ഒഴിവാക്കാനുള്ള മാർഗങ്ങളെക്കുറിച്ചും ചില ചിന്തകൾ പങ്കുവെക്കുന്നു.വയനാട്ടുകാരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു എക്കാലത്തും മഴ. രണ്ടുതരം മഴകളുണ്ട്: ഒന്ന്, വളരെ കാൽപനികവും സുന്ദരവുമായ മഴ. മറ്റൊന്ന്​, ഒട്ടും സുന്ദരമല്ലാത്ത, തികച്ചും അകാൽപനികമായ മഴ. 2018നു മുമ്പ് വയനാട്ടിൽ പെയ്തിരുന്ന മഴകളൊക്കെ കാൽപനികമായിരുന്നു. നൂലുമഴ, ചാറ്റൽ മഴ, ചന്നം ചിന്നം പെയ്യുന്ന മഴ, നിർത്താതെ പെയ്യുന്ന മഴ, കോരിച്ചൊരിയുന്ന മഴ…...

Your Subscription Supports Independent Journalism

View Plans
വയനാട് ദു​രന്തത്തി​െന്റ പശ്ചാത്തലത്തിൽ നാടിന്റെ യാഥാർഥ്യങ്ങളും അവസ്ഥകളും പരിശോധിക്കുകയാണ് ​വയനാട്ടുകാരനും എഴുത്തുകാരനുമായ ലേഖകൻ. ദുരന്തങ്ങളെ അതിജീവിക്കുന്നതിനെക്കുറിച്ചും ഭാവിയിലെ അപകടങ്ങൾ ഒഴിവാക്കാനുള്ള മാർഗങ്ങളെക്കുറിച്ചും ചില ചിന്തകൾ പങ്കുവെക്കുന്നു.

വയനാട്ടുകാരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു എക്കാലത്തും മഴ. രണ്ടുതരം മഴകളുണ്ട്: ഒന്ന്, വളരെ കാൽപനികവും സുന്ദരവുമായ മഴ. മറ്റൊന്ന്​, ഒട്ടും സുന്ദരമല്ലാത്ത, തികച്ചും അകാൽപനികമായ മഴ. 2018നു മുമ്പ് വയനാട്ടിൽ പെയ്തിരുന്ന മഴകളൊക്കെ കാൽപനികമായിരുന്നു. നൂലുമഴ, ചാറ്റൽ മഴ, ചന്നം ചിന്നം പെയ്യുന്ന മഴ, നിർത്താതെ പെയ്യുന്ന മഴ, കോരിച്ചൊരിയുന്ന മഴ… എന്നിങ്ങനെ മഴയുടെ തരളതയും തീവ്രതയും ഉൾക്കൊണ്ട് മഴപ്രണയികൾ ഒരു മഴസാഹിത്യംതന്നെ ഇവിടെ സൃഷ്ടിച്ചു​െവച്ചിട്ടുണ്ട്.

പ്രളയവും ഉരുൾപൊട്ടലും മണ്ണിടിച്ചിലുമൊക്കെയായി മഴ സംഹാരരുദ്രയാകുന്നതോടെ മഴയുടെ കാൽപനികതയൊക്കെയും ഒഴിഞ്ഞുപോയിരിക്കുന്നു. മഴയെന്നു കേൾക്കുമ്പോൾ, മാനത്ത് കരിമേഘങ്ങൾ ഉരുണ്ടുകയറുമ്പോൾ ശരാശരി മലയാളിയുടേതെന്നതുപോലെ വയനാട്ടുകാരുടെയും മനസ്സിൽ ഇപ്പോഴൊരു ഉൾക്കിടിലമുണ്ടാകുന്നുണ്ടോ?

മഴയുടെ സംഗീതം, മഴയുടെ കുളിര്, മഴ നൽകുന്ന ആനന്ദം ഒക്കെ പഴങ്കഥകളായി അവശേഷിച്ചിരിക്കുന്നു. പുതപ്പിനുള്ളിൽ ചുരുണ്ടുകൂടിയുറങ്ങിയ വർഷകാലരാത്രികൾ, ഗൃഹാതുരത്വത്തിന്റെ വേദനാ മഴക്കാലം, മഴയുടെ താളവാദ്യങ്ങൾ കേട്ടുറങ്ങിയ തണുത്തരാത്രികൾ എന്നൊക്കെയുള്ള വൈയക്തികവിചാരങ്ങളും മൺസൂൺ ടൂറിസം, മഴനടത്തം എന്നീ ടൂറിസം വികസന പ്രോജക്ടുകളും ഉരുൾപൊട്ടിയ മഴവെള്ളത്തിൽ ഒലിച്ചുപോയി. മഴ എന്നത് വളരെ അകാല്പനികമായ ഒരു വാക്കായി. ലാസ്യഭാവമൊക്കെ വെടിഞ്ഞ് അതിതീവ്രമഴ എന്ന ഒരൊറ്റ മഴ മാത്രമാണ് വയനാട്ടുകാരുടെ ഭാഷയിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത്.

സൗന്ദര്യാരാധനപോലെ വിലാപങ്ങളും ആർത്തനാദങ്ങളും കാൽപനികതയുടെ സ്വഭാവമാണ്. ജൂലൈ 30ന് വയനാട്ടിൽ സംഭവിച്ച ഉരുൾപൊട്ടൽ ദുരന്തത്തെക്കുറിച്ച് ‘ചൂരൽമലയുടെ വിലാപം’, ‘മുണ്ടക്കൈയുടെ ദുഃഖം’ എന്നൊക്കെ പേരിൽ കവിത എഴുതണമെന്നാഗ്രഹിക്കുന്ന കവികളുണ്ടായിരുന്നിരിക്കണം. ദുരിതനാളുകളിലെപ്പോഴോ അപരിചിതനായ ഒരാളുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടു –‘‘വയനാട് ദുരന്തത്തെക്കുറിച്ച് ദയവായി ആരും കവിതയെഴുതരുതേ’’യെന്ന്.

ആത്മാർഥമായ ഒരു നിലവിളിയുടെ ശബ്ദമായിരുന്നു ആ വാക്കുകൾക്ക്. അല്ലെങ്കിലും ഒരു ദുരന്തം നടക്കുമ്പോൾ പേനയെടുത്ത് കവിതയെഴുതുന്നതൊക്കെ ഒരുതരം അശ്ലീലമാണല്ലോ. ‘ഓസ്റ്റ്വിഷിനു ശേഷം കവിതയില്ല’ എന്ന് ഒരു കവി മുമ്പേ പറഞ്ഞിട്ടുമുണ്ട്. ‘ഇനിയീമനസ്സിൽ കവിതയില്ല’ എന്ന് സുഗതകുമാരിയും പാടിയിട്ടുണ്ട്. ദുരന്തശേഷം വന്നുകൊണ്ടിരിക്കുന്ന, പൊടിപ്പും തൊങ്ങലും ​െവച്ച റിപ്പോർട്ടുകളാണ് മറ്റൊരു ദുരന്തം. ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് പോകാൻ കഴിയില്ലെങ്കിൽ, പിന്നീടുള്ള ദിവസങ്ങളിൽ വിറങ്ങലിച്ച മനസ്സോടെ വീട്ടിൽത്തന്നെ വെറുതെയിരിക്കാനാവും ആർക്കും തോന്നുക.

വയനാട്ടിലെ സജീവമായ ഒരു വാട്സ്ആപ് കൂട്ടായ്മയുടെ പേര് ‘മഴയോർമകൾ’ എന്നാണ്. ‘ഒരു കൂട്ടം ആൺ മനസ്സുകൾ മഴ നനയുന്ന ഓർമപ്പുസ്തകം’ എന്ന ടാഗ്​ലൈനോടുകൂടി പുറത്തിറങ്ങിയ ‘ആൺമഴ ഓർമകൾ’ എന്ന പുസ്തകത്തിന്റെ എഡിറ്റർ വയനാട്ടുകാരനായ കവി ടി.കെ. ഹാരിസാണ്. അദ്ദേഹംതന്നെയാണ് ‘മഴയോർമകൾ’ വാട്സ്ആപ് കൂട്ടായ്‌മയുടെയും അമരക്കാരൻ.

കാൽപനികതയും വൈകാരികതയും ചേർത്തെടുത്ത് മലയാളിപുരുഷ എഴുത്തുകാർ മഴയെ വാരിപ്പുണർന്നതിന്റെ ഓർമകളാണ് ‘ആൺ മഴയോർമകളി’ൽ നിറഞ്ഞുകിടക്കുന്നത്. കുളിരുകോരുന്ന വായനാനുഭവം. മലയാളികൾ മഴയെ എത്രമാത്രം സ്നേഹിച്ചിരുന്നുവെന്ന് അടയാളപ്പെടുത്തുന്ന പുസ്തകമാണത്. ദുരന്തങ്ങൾ മഴപോലെ പെയ്യുന്ന ഇക്കാലത്ത് മഴയുടെ അകാൽപനികതയെക്കുറിച്ച് മറ്റൊരു പുസ്തകം തയാറാക്കേണ്ടിവരുമോ?

ദുരന്തത്തിന്റെ പഠിക്കാത്ത പാഠങ്ങൾ

സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തമാണ് ചൂരൽമലയിൽ സംഭവിച്ചത്. ഒറ്റരാത്രികൊണ്ട് എത്രയോ പേരുടെ ജീവനുകൾ, വളർത്തുമൃഗങ്ങൾ, വീടുകൾ, പറമ്പുകൾ, വസ്തുവഹകൾ, സ്വത്തുക്കൾ എല്ലാം ഒഴുകിപ്പോയി. ഒരു ജനവാസമേഖലതന്നെ പൂർണമായി നാമാവശേഷമായി. ജീവൻ രക്ഷപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ, പരിക്കേറ്റ് ആശുപത്രികളിൽ കഴിയുന്നവർ, കാണാതായവർ, മരിച്ചവർ എന്നിങ്ങനെ മനുഷ്യരുടെ കണക്കുകൾ കൂടിക്കൊണ്ടിരിക്കുന്നു. 45 ദുരിതാശ്വാസകേന്ദ്രങ്ങളിലായി നാലായിരത്തിലധികം പേർ കഴിഞ്ഞുകൂടുന്നുവെന്നാണ് കണക്ക്.

ഉരുൾപൊട്ടലിന്റെ കാര്യകാരണങ്ങൾ ശാസ്ത്രീയമായി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. അതി തീവ്രമഴ, ഭൂമിയുടെ കിടപ്പ്, മണ്ണിന്റെ സ്വഭാവം, മണ്ണിനുള്ളിൽ ജലത്തിന്റെ ശേഖരണം എന്നിവയൊക്കെയാണ് പ്രധാന കാരണങ്ങളെന്ന് ഭൗമശാസ്ത്രജ്ഞർ പറയും. അശാസ്ത്രീയമായ ഭൂവിനിയോഗം, സ്വാഭാവികവനവും ജലസ്രോതസ്സുകളും പരിഗണിക്കാതെയുള്ള പലതരം നിർമിതികൾ, മേലാവരണം നഷ്ടപ്പെട്ട കുതിർന്ന മണ്ണ്, വർധിച്ച ജനസാന്ദ്രത എന്നിവയൊക്കെ ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചെന്നാണ് വിദഗ്ധർ കണ്ടെത്തിയത്.

കനത്ത മഴ പെയ്യുമ്പോൾ സംഭരണശേഷിയിൽ കൂടുതൽ വെള്ളം മണ്ണിലേക്ക് ഒഴുകും. സൂക്ഷ്മ സുഷിരങ്ങൾക്ക് ആഗിരണം ചെയ്യാൻ കഴിയുന്നതിലും കൂടുതൽ വെള്ളം ഇറങ്ങുമ്പോൾ മർദം വർധിക്കുകയും വെള്ളം പുറത്തേക്ക് ഒഴുകുകയും ചെയ്യും. ഒരൊറ്റ സ്ഥലത്ത് കേന്ദ്രീകരിച്ച് വരുന്ന തീവ്രമഴ മേഘവിസ്ഫോടനം മൂലമാണെന്നും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ വിവിധ കാലങ്ങളിൽ വിസ്ഫോടനം മൂലമുള്ള ഉരുൾപൊട്ടൽ ഒട്ടേറെ സംഭവിച്ചിട്ടുണ്ട്.

അതിൽ ഉൾപ്പെട്ടവരുടെ മരണസംഖ്യയും ബാധിക്കപ്പെട്ട പ്രദേശങ്ങളുടെ വിസ്തൃതിയും കണക്കാക്കുകയാണെങ്കിൽ ചൂരൽമലയിലെ ഉരുൾപൊട്ടലാണ് ഏറ്റവും കൂടുതൽ ദുരന്തം വിതച്ചത് എന്നു കാണാം. പൊട്ടിയൊലിക്കുന്നതിനു മുമ്പുള്ള ദിവസങ്ങളിൽ ഈ പ്രദേശത്ത് തീവ്രമഴയിൽ കോടിക്കണക്കിന് ലിറ്റർ വെള്ളമാണത്രെ സംഭരിക്കപ്പെട്ടത്. പരിധിവിട്ട് നിറഞ്ഞ വെള്ളമെല്ലാം കുത്തിയൊഴുകി പ്രദേശമാകെ ദുരന്തം വിതച്ചു. മണ്ണും മരങ്ങളും പാറക്കല്ലുകളും ഒലിച്ചിറങ്ങി.

 

ഉരുൾ ദുരന്തത്തിൽ മരിച്ചവരുടെ തിരിച്ചറിയാത്ത മൃതദേഹങ്ങൾ പുത്തുമലയിൽ സംസ്കരിക്കാൻ കൊണ്ട് വരുന്നു        ഫോട്ടോ: പി. അഭിജിത്ത്

ഉരുൾ ദുരന്തത്തിൽ മരിച്ചവരുടെ തിരിച്ചറിയാത്ത മൃതദേഹങ്ങൾ പുത്തുമലയിൽ സംസ്കരിക്കാൻ കൊണ്ട് വരുന്നു ഫോട്ടോ: പി. അഭിജിത്ത്

ഇതിനുമുമ്പ് 1984ലാണ് മുണ്ടക്കൈയിൽ ഉരുൾപൊട്ടലുണ്ടായിരുന്നത്. അന്ന് 14 പേർ മരിച്ച ഒരു ദുരന്തമായിരുന്നു അത്. അഞ്ചു വർഷങ്ങൾക്ക് മുമ്പ് 2019 ആഗസ്റ്റ് എട്ടിന് മറ്റൊരു ഉരുൾപൊട്ടൽ ഉണ്ടായ പുത്തുമല, ചൂരൽമലയിൽനിന്നും മുണ്ടക്കൈയിൽനിന്നും ഏറെ ദൂരത്തല്ല. അന്ന് മരിച്ചവർ 20 പേർ വരും. 2014ലെത്തുമ്പോൾ മരണസംഖ്യ 250ലധികമാണ്. കാലം കടന്നുപോകുമ്പോൾ അത്യാഹിതവും ആഘാതവും കൂടിക്കൂടി വരുന്നു. അതാണ് വല്ലാതെ ഭയപ്പെടുത്തുന്നത്.

2019 ആഗസ്റ്റിൽ പുത്തുമലയിലെത്തിയ മാധവ് ഗാഡ്ഗിൽ പറഞ്ഞത് സമീപപ്രദേശങ്ങളിലെ ഉരുൾപൊട്ടൽ സാധ്യതകളെക്കുറിച്ചുതന്നെയാണ്. ഇന്നിപ്പോൾ എല്ലാ മഴക്കാലത്തും മാധവ് ഗാഡ്ഗിൽ വയനാട്ടുകാരുടെ ഓർമയിലെത്തും. അദ്ദേഹം പറഞ്ഞ വാക്കുകൾ എല്ലാവരും ഓർത്തെടുക്കും: ‘‘ഇത്തരം ദുരന്തങ്ങൾക്കുവേണ്ടി ഇനി വർഷങ്ങളൊന്നും കാത്തിരിക്കേണ്ടി വരില്ല, നാലഞ്ചു വർഷങ്ങൾക്കുള്ളിൽ, നമ്മുടെ ജീവിതകാലത്തു തന്നെ ഇതൊക്കെ സംഭവിക്കാം.” അന്ന് ഗാഡ്ഗിലിനെ കല്ലെറിഞ്ഞവരൊക്കെയും ഇപ്പോൾ നിശ്ശബ്ദരായിരിക്കുന്നു.

കാലാവസ്ഥാ വ്യതിയാനമാണ് ഇപ്പോഴത്തെ ഈ അതി തീവ്രമഴക്കും ഉരുൾപൊട്ടലിനുമൊക്കെ കാരണമായി ഗാഡ്ഗിൽ റിപ്പോർട്ട് പറഞ്ഞത്. കേരളത്തിൽ ഉരുൾപൊട്ടൽ സാധ്യത വർധിക്കുന്ന പ്രദേശങ്ങളുടെ പട്ടികയിൽ ഇടുക്കി കഴിഞ്ഞാൽ അടുത്തതായി വരുന്ന സ്ഥലമാണ് വയനാട്. മഴ ശക്തമാകുന്ന കാലങ്ങളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് പലപ്പോഴും നാം മറന്നുപോകുന്നു. വെയിലു തെളിയുമ്പോൾ മഴ മറന്നുപോകുന്നവരത്രേ നാമൊക്കെ. പ്രകൃതിദുരന്തങ്ങളിൽനിന്ന് ആരും ഒന്നും പഠിക്കുന്നില്ല എന്ന് തോന്നിപ്പിക്കുന്ന മട്ടിലാണ് നമ്മുടെ അനാസ്ഥകൾ പെരുകുന്നത്.

കാലാവസ്ഥാ വ്യതിയാനം ഒരു ക്ലീഷേയല്ല

ഗാഡ്ഗിൽ, പരിസ്ഥിതിലോലപ്രദേശം, പശ്ചിമഘട്ടം, കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം എന്നിവയൊക്കെ വെറും ക്ലീഷേകളാണ് എന്നൊരു തെറ്റിദ്ധാരണ പൊതുവേ പലർക്കുമുണ്ട്. പ്രകൃതിദുരന്തം ഉണ്ടാകുമ്പോൾ സൗകര്യപൂർവം പ്രയോഗിക്കാവുന്ന അർഥശൂന്യമായ ചില വാക്കുകളായി ഇതിനെയൊക്കെ കാണുന്ന പലരെയും കണ്ടിട്ടുണ്ട്. പരിസ്ഥിതിയെക്കുറിച്ചുള്ള വിരുദ്ധാഭിപ്രായങ്ങളിൽ ഒരറ്റത്താണ് ഗാഡ്ഗിൽ നിൽക്കുന്നത്. തീവ്രപരിസ്ഥിതിവാദത്തിന്റെ സ്വഭാവമുള്ളതുകൊണ്ടാണ് അതിനെ പാടെ അവഗണിച്ചുകളയണമെന്ന് ചിലരെങ്കിലും തീരുമാനിക്കുകയും ചെയ്തത്. ഇത് ചില വാദങ്ങളുടെ ദുർഗതിയാണ്.

പറഞ്ഞുവരുന്നതിലെ പ്രസക്തമായ ഭാഗങ്ങളെക്കാൾ അപ്രധാനമായ ചില കാര്യങ്ങളിലേക്ക് ചർച്ചകൾ വഴിമാറും. പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നുവെന്നും തിരുത്തൽ നടപടികൾ ഉടനെ തുടങ്ങണമെന്നും നിർദേശിച്ച ഗാഡ്ഗിൽ റിപ്പോർട്ടിലുള്ള ചില പ്രധാനകാര്യങ്ങൾ പലരും വിലയ്‌ക്കെടുക്കാതെ പോയത് അദ്ദേഹം പറഞ്ഞ മറ്റു ചില ‘അപ്രായോഗിക’മായ നിർദേശങ്ങൾകൊണ്ടാണ്. കാലാവസ്ഥാവ്യതിയാനമെന്നത് സമ്പന്നരാജ്യങ്ങളിലെ വരേണ്യവർഗത്തിന്റെ വാചകമടിമാത്രമാണെന്ന് വിചാരിച്ചിരിക്കുന്നവർ അനവധിയുണ്ട്. അക്കാദമികമായി ഉയർന്ന ഒരു തലത്തിൽ ചർച്ച ചെയ്യേണ്ട ഒരു വിഷയമായി മാത്രം പലരും ഇപ്പോഴുമത് കാണുന്നു എന്നതാണ് ദുര്യോഗം.

അപകടം വീട്ടുപടിക്കലെത്തിയിട്ടും കണ്ണ് തുറക്കാറായില്ലെന്നു മാത്രം. കേരളത്തിലെ കാലാവസ്ഥാവ്യതിയാനത്തിന്റെ സൂചനകൾ തരുന്ന രണ്ട് പ്രതിഭാസങ്ങളെക്കുറിച്ച് കാലാവസ്ഥാ ഏജൻസികൾ അടുത്തിടെ മുന്നറിയിപ്പ് തരുന്നുണ്ട്. വയനാടൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഉള്ളുലക്കുന്ന ചില സൂചനകളാണ് അവ നൽകുന്നത്. എൽനിനോയുടെ പ്രഭാവം കുറഞ്ഞുവെന്നും എന്നാൽ ലാ നിനയുടെ പ്രഭാവം ആഗസ്റ്റ്​-സെപ്റ്റംബർ മാസങ്ങളിൽ ശക്തമായിരിക്കുമെന്നും കാലാവസ്ഥാ പ്രവചനങ്ങളുണ്ട്. അതിതീവ്ര മഴയും മേഘവിസ്ഫോടനവും പ്രവചിക്കപ്പെട്ടിരിക്കുന്ന ഒരു സാഹചര്യം ചിലപ്പോൾ കേരളത്തിൽ പരിഭ്രാന്തി പരത്തിയേക്കാം.

മഴ ഉണ്ടാകാനും മഴ ഇല്ലാതിരിക്കാനും സാധ്യതയുണ്ട് എന്ന പതിവ് കാലാവസ്ഥാ പ്രവചനംപോലെ ലാ നിനമൂലം ചിലപ്പോൾ അതി തീവ്രമഴ സംഭവിച്ചേക്കാം, ചിലപ്പോൾ ഒന്നും സംഭവിച്ചില്ലെന്നും വരാം. സംഭവിക്കില്ലെന്ന സാഹചര്യത്തിന് ഒന്നും ചെയ്യാനില്ല. സംഭവിക്കാൻ സാധ്യതയുണ്ടെങ്കിൽ അതിനു മുമ്പ് ചെയ്യാവുന്നതെല്ലാം ചെയ്യേണ്ടതുണ്ട്. ഏതു സാഹചര്യത്തെയും എത്രയും വേഗം നേരിടാനുള്ള ദുരന്തനിവാരണ സംവിധാനങ്ങൾ നമുക്ക് ഒരുക്കേണ്ടി വരും.

മുന്നറിയിപ്പ് സംവിധാനങ്ങൾ സുസജ്ജമാക്കിയും ജില്ലാതലത്തിൽ ദുരന്തനിവാരണ സമിതികൾ ശക്തിപ്പെടുത്തിയും തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തിയും പ്രകൃതിദുരന്തങ്ങളുടെ ആഘാതം നമുക്ക് കുറക്കാൻ കഴിയും. പ്രകൃതിദുരന്തനിവാരണ ശേഷി ജനങ്ങളിൽ വർധിപ്പിക്കുന്നതിനും പരിസ്ഥിതിയോട് ഇണങ്ങി ദുരന്തങ്ങളെ അതിജീവിക്കുന്നതിനുമായിരിക്കണം നമ്മൾ ഇനിയെങ്കിലും പരിശീലിക്കേണ്ടത്.

 

മാധവ് ഗാഡ്ഗിൽ

മാധവ് ഗാഡ്ഗിൽ

വിരോധാഭാസങ്ങളുടെ വയനാട്

പ്രകൃതി ഭംഗിയുള്ളതും പരിസ്ഥിതിലോലവുമായ പ്രദേശമാണെങ്കിലും മണ്ണ് കൂടുതൽ ആക്രമിക്കപ്പെടുന്നതും ക്വാറികൾ പ്രവർത്തിക്കുന്നതും ഇവിടെതന്നെ. പ്രകൃതിദുരന്തങ്ങൾ മനുഷ്യനിർമിതികൂടിയാണ് എന്ന് തോന്നിപ്പിക്കുന്ന മട്ടിൽ പാറ ഖനനവും റിസോർട്ട് നിർമാണവുമൊക്കെ ഇപ്പോഴും പൂർവാധികം ശക്തിയായി ഇവിടെ നടക്കുന്നുണ്ട്. പരിസ്ഥിതി ലോലപ്രദേശമെന്നു സർക്കാർ ഏജൻസികൾ നടത്തിയ പഠനറിപ്പോർട്ടുകളിൽ പറയും.

എന്നാൽ, സർക്കാർതന്നെ ഏറ്റവും അപകടം പിടിച്ച പരിസ്ഥിതിലോല പ്രദേശങ്ങളിൽ തുരങ്കപാതപോലെയുള്ള വൻകിട പദ്ധതികൾ ആവിഷ്കരിക്കും. അതിനൊക്കെ പ്രവർത്തനാനുമതി നേടിയെടുക്കുകയും ചെയ്യും. അപകടസൂചനയുള്ള, മേപ്പാടിക്കടുത്ത കള്ളാടിയിലാണ് തുരങ്കപാതയുടെ വയനാട്ടിലെ വാ തുറക്കുന്നത്. ലോകത്തിലെ വലിയ ടൂറിസം പദ്ധതികളിൽ ഒന്ന് മേപ്പാടി പോലൊരു പരിസ്ഥിതി ലോലപ്രദേശത്ത് തുടങ്ങാൻ ഒരു സ്വകാര്യവ്യക്തിക്ക് അനുമതി നൽകിയെന്നാണ് ഏറ്റവും ഒടുവിൽ കേട്ടത്.

വയനാട് പ്രകൃതി സുന്ദരമെന്ന് പ്രകൃതി സ്നേഹികളും ടൂറിസ്റ്റുകളും പറയുന്നത് ഇവിടത്തെ തേയിലത്തോട്ടങ്ങളുടെ പച്ചപ്പ് കണ്ടിട്ടാണ്. ദൃശ്യമൊക്കെ സുന്ദരമാണെങ്കിലും ഈ തേയിലത്തോട്ടങ്ങളുടെ പച്ചപ്പിന് പിറകിൽ അസുന്ദരമായ ചില കാണാക്കാഴ്ചകളുമുണ്ട്. ചരിവ് കുറഞ്ഞ, നീർവാർച്ചയുള്ള പ്രദേശങ്ങളിൽ ​െവച്ചുപിടിപ്പിക്കാൻ കഴിയുന്ന സസ്യങ്ങളിൽ ഒന്നാണ് തേയില.

ഈ തേയിലത്തോട്ടങ്ങളും ഏലത്തോട്ടങ്ങളുമെല്ലാം ഹാരിസൺ മലയാളം അടക്കമുള്ള വൻകിട കുത്തകകളുടെ കൈയിലാണ്. ഈ തോട്ടങ്ങളിലൊക്കെ ജോലിചെയ്യുന്ന തൊഴിലാളികൾ താമസിക്കുന്നതാകട്ടെ ഉരുൾപൊട്ടൽപോലെയുള്ള അപകടങ്ങൾ പ്രതീക്ഷിക്കാവുന്ന കുത്തനെയുള്ള ചരിവുകളിലെ പാടികളിലാണ്. മുൻകാലങ്ങളിൽ തമിഴ്നാട്ടിൽനിന്നും കർണാടകയിൽനിന്നുമൊക്കെയായിരുന്നു പാടികളിൽ ജോലിചെയ്യാൻ തൊഴിലാളികൾ എത്തിയിരുന്നത്. വയനാട്ടിലെ ആദിവാസി വിഭാഗത്തിൽപെട്ടവരും ഇത്തരം പാടികളിൽ താമസിക്കുന്നുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഇവിടെയുണ്ട്. ചരിവ് കൂടിയ പ്രദേശങ്ങളിൽ മനുഷ്യവാസം, ചരിവ് കുറഞ്ഞിടത്ത് തേയിലകൃഷി!

ഏത് ദുരന്തമുണ്ടായാലും പെട്ടെന്നു തന്നെയുള്ള രക്ഷാപ്രവർത്തനങ്ങളും പുനരധിവാസപ്രവർത്തനങ്ങളും നടത്തുന്നതിൽ നമ്മൾ കൈയും മെയ്യുമൊക്കെ മറന്ന് ഉത്സാഹിക്കാറുണ്ട്. എന്നാൽ, ദുരന്തസാധ്യതകൾ കൃത്യമായി മനസ്സിലാക്കാനോ അതിനെ വേണ്ടവിധം പ്രതിരോധിക്കാനോ ഇവിടെയുള്ളവർക്ക് കഴിയുന്നില്ല. മുന്നറിയിപ്പ് സംവിധാനങ്ങൾ ശക്തമാക്കുന്നതിനും പ്രദേശവാസികളെ അപകടത്തിൽനിന്ന് അകറ്റിനിർത്താനുള്ള മാർഗനിർദേശങ്ങൾ നൽകാനും ആദ്യഘട്ടത്തിൽത്തന്നെ കഴിയണം. അതിതീവ്ര മഴ പെയ്യുന്ന സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ സാധ്യതയുണ്ടെങ്കിൽ അവിടങ്ങളിൽ നിന്ന് ജനങ്ങളെ നിർബന്ധമായി ഒഴിപ്പിക്കാൻ കഴിഞ്ഞാൽ ദുരന്തങ്ങൾ ഒരു പരിധിവരെ കുറക്കാൻ കഴിയും.

പ്രാദേശികസമൂഹത്തെ കേന്ദ്രീകരിച്ചുള്ള ദുരന്തനിവാരണ പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ നടക്കേണ്ടത്. ഭൂവിനിയോഗ ആസൂത്രണത്തിലും ദുരന്തനിവാരണത്തിനുള്ള അടിസ്ഥാന സൗകര്യ വികസനത്തിലുമാണ് അടുത്തതായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.

ദീർഘകാലാടിസ്ഥാനത്തിൽ, ആഗോളതലത്തിലുള്ള കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് മനസ്സിലാക്കാനും അതിനെക്കുറിച്ചുള്ള പൊതുജന അവബോധം വർധിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് പിന്നീട് നടക്കേണ്ടത്. കാലാവസ്ഥാ വ്യതിയാനപ്രവചനങ്ങൾ ദുരന്തനിവാരണതന്ത്രങ്ങളിൽ ഉൾപ്പെടുത്തേണ്ടത് നിർണായകമാണ്. വിദ്യാഭ്യാസസ്ഥാപനങ്ങളിലൂടെയും ബോധവത്​കരണ കാമ്പയിനുകളിലൂടെയും ഒരു ദുരന്ത-പ്രതിരോധ സംസ്‌കാരം വളർത്തിയെടുക്കുന്നതും ഗുണകരമായിരിക്കും.


 


പുത്തുമല ഉരുൾപൊട്ടൽ

പുത്തുമല ഉരുൾപൊട്ടൽ

പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് പറയുമ്പോൾ ഗാഡ്ഗിൽ റിപ്പോർട്ട് ഏറ്റവും കൂടുതൽ ഊന്നൽ നൽകുന്നത് പ്രാദേശിക കൂട്ടായ്മകൾക്ക് ഈ മേഖലയിലുള്ള പങ്കിനെക്കുറിച്ചാണ്. പാരിസ്ഥിതികപ്രശ്നങ്ങൾ രൂക്ഷമാണെങ്കിലും വയനാട്ടിൽ ഇപ്പോഴും അത്തരം പരിസ്ഥിതിജാഗ്രതസമിതികൾ രൂപവത്​കരിക്കപ്പെട്ടിട്ടില്ല. പ്രാദേശികമായി ജനങ്ങളുടെ കൂട്ടായ്മകൾ പരിസ്ഥിതിപ്രശ്നങ്ങൾ ഈ വിധം ചർച്ചചെയ്യുന്നതും തീരുമാനമെടുക്കുന്നതുമൊന്നും ഇവിടെ കാണാനാകുന്നില്ല എന്നതാണ് വിരോധാഭാസം.

വയനാടിന്റെ ജൈവവൈവിധ്യത്തെ കണ്ടെത്തുന്നതിനും അതിനെ സംരക്ഷിക്കുന്നതിനുള്ള ജനകീയകൂട്ടായ്മകൾ ഉണ്ടായിവരേണ്ടതും അത്യന്താപേക്ഷിതമാണ്. പ്രദേശവാസികളുടെ ജീവനോപാധികൾക്ക് കോട്ടം വരുത്താതെയുള്ള പരിസ്ഥിതിസംരക്ഷണ പദ്ധതികളെക്കുറിച്ചാണ് പറഞ്ഞിട്ടുള്ളത് എന്നുപോലും പലരും മനസ്സിലാക്കിയിട്ടില്ല.

ജനവാസ കേന്ദ്രങ്ങളിലേക്ക് വന്യമൃഗങ്ങൾ കടന്നു കയറി മനുഷ്യജീവനും സ്വത്തിനും ഭീഷണിയാകുന്ന സാഹചര്യം വർധിച്ചുവരുന്നതിനാൽ അതിനെതിരെ മുൻകരുതലുകൾ എടുക്കാൻ സർക്കാർ സംവിധാനങ്ങൾ ഉണർന്നുപ്രവർത്തിക്കാത്തത് വലിയ വിമർശനങ്ങൾക്ക് ഇട നൽകിയിട്ടുണ്ട്. വന്യമൃഗ ആക്രമണങ്ങളിൽ ആളുകൾ മരണപ്പെടുമ്പോൾ മുതലക്കണ്ണീർ പൊഴിക്കുന്നതും തുച്ഛമായ നഷ്ടപരിഹാരത്തുക നൽകി സംഭവം ഒതുക്കിത്തീർക്കുന്നതുമാണ് നാമെപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത്. അങ്ങനെ എന്തൊക്കെ വിരോധാഭാസങ്ങളാണ് വയനാട്ടിൽ നടന്നുകൊണ്ടിരിക്കുന്നത്.

ലിവിങ് ലാബ് സംവിധാനവും മറ്റു ജാഗ്രതകളും

ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പ്രദേശവാസികൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് കേരള സംസ്ഥാന ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി ആരംഭിച്ച ലിവിങ് ലാബ് എന്ന പുതിയ പദ്ധതി, കണ്ണൂർ ജില്ലയിലെ കണിച്ചാർ പഞ്ചായത്തിൽ മികച്ചരീതിയിൽ പ്രവർത്തിക്കുന്നതായി പത്രമാധ്യമങ്ങളിൽ പറയുന്നുണ്ട്. കണിച്ചാർ മേഖലയിൽ പലപ്പോഴായി അനവധി ഉരുൾപൊട്ടലുകൾ ഉണ്ടായ സാഹചര്യത്തിലാണ് ലിവിങ് ലാബ് എന്ന പദ്ധതി ആരംഭിച്ചത്. ദുരന്ത പ്രതിരോധപ്രവർത്തനങ്ങൾ കൃത്യമായി ആവിഷ്കരിച്ചു നടപ്പാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കുകയെന്നതാണ് ഈ ലിവിങ് ലാബുകളിലൂടെ ലക്ഷ്യമിടുന്നത്.

പ്രാരംഭദശയിൽ മാത്രമുള്ള ഇത്തരം ലിവിങ് ലാബുകളെ കുറിച്ചോ അതിന്റെ സാധ്യതകളെക്കുറിച്ചോ ഒന്നുംതന്നെ ഇപ്പോൾ പറയാറായിട്ടില്ല. എന്നിരുന്നാലും മികച്ച ഒരു ആശയം എന്നുള്ള നിലയിൽ വയനാട്ടിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ലിവിങ് ലാബുകൾ ആരംഭിക്കേണ്ടതും ഇത്തരത്തിലുള്ള ദുരന്തനിവാരണ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കേണ്ടതുമാണ് എന്ന് ഉറപ്പിച്ചുപറയാം. കൽപറ്റ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹ്യൂം സെന്റർ പോലെയുള്ള പ്രസ്ഥാനങ്ങളും ദുരന്തനിവാരണത്തിനുള്ള മാർഗനിർദേശങ്ങൾ സമയാസമയം നൽകിവരുന്നുണ്ട്. വയനാട്ടിലെ വിവിധ സ്ഥലങ്ങളിൽ പെയ്യുന്ന മഴയുടെ കൃത്യമായ കണക്കുകൾ ജനപങ്കാളിത്തത്തോടെ നടപ്പിൽ വരുത്താനാണ് അവർ ശ്രമിക്കുന്നത്.

പശ്ചിമഘട്ട വിദഗ്ധസമിതി പരിസ്ഥിതി ലോലപ്രദേശമായി അടയാളപ്പെടുത്തിയ ഇടങ്ങളിലാണ് പെരുമഴയും പ്രളയവും ഉരുള്‍പൊട്ടലുമൊക്കെ അതിരൂക്ഷമായുണ്ടായതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അശാസ്ത്രീയമായ വികസനപ്രവര്‍ത്തനങ്ങളും അനിയന്ത്രിതമായ കൈയേറ്റങ്ങളും വലിയ പാരിസ്ഥിതികാഘാതമാണുണ്ടാക്കുന്നതെന്ന തിരിച്ചറിവുണ്ടാക്കാന്‍ ഇതു കാരണമാക്കി.

മനുഷ്യന്റെ ആവശ്യങ്ങള്‍ പൂര്‍ണമായി മാറ്റിനിര്‍ത്തി പരിസ്ഥിതിയെക്കുറിച്ചു ചിന്തിക്കുകയും വിലപിക്കുകയും ചെയ്യണമെന്നല്ല, മനുഷ്യാവശ്യങ്ങള്‍ക്കു വേണ്ടി പ്രകൃതിയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പരിമിതപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുകയാണ് വേണ്ടതെന്നും അതാണ് നേര്‍ദിശയിലുള്ള പരിസ്ഥിതിജാഗ്രതയെന്നുമാണ് ഇവിടെ പറഞ്ഞുവെക്കുന്നത്.

 

മുണ്ടക്കൈയിൽ നിന്ന് വീട്ടുസാധനങ്ങളുമായി വാഹനത്തിൽ ചൂരൽ മലയിലെ  ബെയിലി പാലം കടന്നുപോകുന്നവർ- ഫോ​ട്ടോ: പി. അഭിജിത്ത്

മുണ്ടക്കൈയിൽ നിന്ന് വീട്ടുസാധനങ്ങളുമായി വാഹനത്തിൽ ചൂരൽ മലയിലെ ബെയിലി പാലം കടന്നുപോകുന്നവർ- ഫോ​ട്ടോ: പി. അഭിജിത്ത്

രണ്ടു നൂറ്റാണ്ടുകളായി വയനാടന്‍ ഭൂമിക്കും ജൈവഘടനക്കുമെതിരെ നടക്കുന്ന മനുഷ്യന്റെ കൈകടത്തലുകളെ ശക്തമായി പ്രതിരോധിക്കാന്‍ കഴിയുന്ന ഒരു പാരിസ്ഥിതിക അവബോധം തന്നെയാണ് ഈ മേഖലയില്‍നിന്ന് ഉയര്‍ന്നുവരേണ്ടത്. കാൽപനികതയല്ല, യാഥാർഥ്യബോധവും പ്രായോഗിക ബുദ്ധിയുമാണ് നമുക്കു വേണ്ടത്. പ്രകൃതിനിരീക്ഷകരോ പ്രകൃത്യുപാസകരോ കപട/തീവ്രപരിസ്ഥിതിവാദികളോ അല്ല, ജിയോളജിസ്റ്റുകളും ദുരിതനിവാരണ ശാസ്ത്രജ്ഞരും വിദഗ്​ധ​രുമാണ് ഇനി നമുക്കാവശ്യം.

ഏതൊരു ദുരിതവും അത് ബാധിച്ചവർക്ക് നൽകുന്ന പരിക്കുകളും മുറിവുകളും മാനസികാഘാതവും അതിഭീകരമായിരിക്കും. അതിന് അൽപം ശമനമുണ്ടാകുന്നതിന് മുമ്പ് ചിലർ പറയുന്ന കുത്തുവാക്കുകൾ കേൾക്കുമ്പോൾ ‘തലയണമന്ത്രം’ എന്ന ശ്രീനിവാസൻ സിനിമയിൽ മാമുക്കോയയുടെ കഥാപാത്രം ഇന്നസെന്റിന്റെ കഥാപാത്രത്തിന് അടികൊടുത്തിട്ട് പറയുന്ന ഒരു ഡയലോഗാണ് ഓർമവരുന്നത്: “ഒരാള് അപകടം പറ്റിക്കിടക്കുമ്പോഴല്ല ഇത്തരം ചെറ്റവർത്താനം പറയുന്നത്.”

പെരുമഴക്കാലത്തിന്റെ ദുരന്തത്തിനു ശേഷം വരുന്നൊരു വാഗ്ദാനപ്പെരുമഴയുണ്ട്. ആരൊക്കെ എന്തൊക്കെ ന്യായം പറഞ്ഞാലും മറ്റൊരു ദുരന്തമാണത്. കുറച്ചുദിവസം കഴിയുമ്പോൾ ചൂരൽമലയും മുണ്ടക്കൈയുമൊക്ക എല്ലാവരും സൗകര്യപൂർവം മറക്കും. വാഗ്ദാനങ്ങളും നിലക്കും. പുനരധിവാസം ഒച്ചുവേഗത്തിൽ പുരോഗമിക്കും. പിന്നെ ആരെന്നും എന്തെന്നും ആർക്കറിയാം.

=============

വയനാട് എം.എസ്.എസ് കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ​പ്രിൻസിപ്പലാണ് ലേഖകൻ

News Summary - weekly articles