വേറെയും ചില തൊഴിലനുഭവങ്ങൾ
ഭിന്നശേഷി സംവരണത്തിൽ മാത്രമല്ല, സാമുദായിക സംവരണത്തിന്റെ കാര്യത്തിലും നീണ്ടുനിൽക്കുന്ന പോരാട്ടങ്ങൾ കോടതിമുറിക്കകത്തും പുറത്തും നടക്കണം. പതിറ്റാണ്ടുകളുടെ തൊഴിലനുഭവം വെച്ചുകൊണ്ട് മറ്റൊരു കാര്യംകൂടി പറയട്ടെ. പട്ടികജാതി-പട്ടിക വിഭാഗങ്ങൾ ഉയർന്ന തസ്തികയിലെത്തുന്നത് കേരളത്തിൽപോലും പല അധികാരികൾക്കും ഓഫിസർമാർക്കും അംഗീകരിക്കാൻ...
Your Subscription Supports Independent Journalism
View Plansഭിന്നശേഷി സംവരണത്തിൽ മാത്രമല്ല, സാമുദായിക സംവരണത്തിന്റെ കാര്യത്തിലും നീണ്ടുനിൽക്കുന്ന പോരാട്ടങ്ങൾ കോടതിമുറിക്കകത്തും പുറത്തും നടക്കണം. പതിറ്റാണ്ടുകളുടെ തൊഴിലനുഭവം വെച്ചുകൊണ്ട് മറ്റൊരു കാര്യംകൂടി പറയട്ടെ. പട്ടികജാതി-പട്ടിക വിഭാഗങ്ങൾ ഉയർന്ന തസ്തികയിലെത്തുന്നത് കേരളത്തിൽപോലും പല അധികാരികൾക്കും ഓഫിസർമാർക്കും അംഗീകരിക്കാൻ പ്രയാസമുള്ള കാര്യമാണ് -കോടതി അനുഭവങ്ങൾ എഴുതുന്നു.
നിയതമായ കാലക്രമം പരിപൂർണമായും പാലിച്ചുകൊണ്ടല്ല ഈ കുറിപ്പുകൾ എഴുതുന്നത്. ഓർമകളുടെ അച്ചടക്കമില്ലായ്മയെക്കൂടി മാനിച്ചുകൊണ്ടാണ് ഈ രചന നിർവഹിക്കുന്നത്. അതിനാൽതന്നെ പലകാര്യങ്ങളും പലപ്പോഴും താരതമ്യേന അപ്രതീക്ഷിതമായി പറഞ്ഞുപോകേണ്ടിവന്നേക്കാം.
സമീപകാലത്തെ ഒരു ഡൽഹി യാത്രയിലാണ് വിമാനത്താവളത്തിൽവെച്ച് സുപ്രീംകോടതിയിൽനിന്നും റിട്ടയർചെയ്ത ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണനെ കണ്ടത്. അദ്ദേഹം ആദ്യം കേരള ഹൈകോടതിയിൽ ന്യായാധിപനായിരുന്നു. അക്കാലത്ത് അദ്ദേഹത്തിനു മുന്നിൽ ബധിരയും മൂകയുമായ ഒരു പെൺകുട്ടിക്കുവേണ്ടി ഉന്നയിച്ച വാദവും കേസിൽ അദ്ദേഹം പറഞ്ഞ വിധിയും മനസ്സിൽ മായാതെ കിടപ്പുണ്ട്. എസ്.എസ്.എൽ.സി പരീക്ഷയിൽ രണ്ടാം ഭാഷയും മൂന്നാം ഭാഷയും പഠിക്കുന്നതിൽനിന്നും ഒഴിവാക്കിക്കിട്ടുവാൻ ഇത്തരം വിഭാഗത്തിൽപെടുന്ന ഭിന്നശേഷിക്കുട്ടികൾക്ക് അവകാശമുണ്ട്.
1999 മാർച്ചിൽ പരീക്ഷയെഴുതിയ ഈ കുട്ടിക്ക് ഈ അവകാശം വകവെച്ചുകൊടുക്കാൻ സർക്കാർ തയാറായില്ല. 1983ലെ ഇതുസംബന്ധിച്ച സർക്കാർ ഉത്തരവിന് വിചിത്രമായ വ്യാഖ്യാനമാണ് സംസ്ഥാന സർക്കാർ നൽകിയത്. ബധിരരായ കുട്ടികൾക്ക് മാത്രമാണ്, അല്ലാതെ ബധിരരും മൂകരുമായ കുട്ടികൾക്കുള്ളതല്ല, ഈ ആനുകൂല്യം എന്ന നിലപാടായിരുന്നു സർക്കാറിന്റേത്. കുട്ടിയുടെ അപേക്ഷ സർക്കാർ നിരാകരിച്ചു. ന്യായമായ ആവശ്യങ്ങൾക്കുമുന്നിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകൾപോലും ബധിരവും മൂകവും ആകാറുണ്ടല്ലോ. ഒടുവിൽ 1999 ആഗസ്റ്റ് ആറിന് ജസ്റ്റിസ് രാധാകൃഷ്ണൻ കുട്ടിയുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് വിധി പറയുകയും എസ്.എസ്.എൽ.സിക്ക് കുട്ടി പാസായതായി പ്രഖ്യാപിക്കുകയുംചെയ്തു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഒരാൾ എസ്.എസ്.എൽ.സി പരീക്ഷ പാസാകുന്ന അപൂർവ സന്ദർഭമായിരുന്നു അത്.
സമാനമായ മറ്റൊരു വ്യവഹാരാനുഭവംകൂടി ഓർമയിലെത്തുന്നു. മാനസികമായി വെല്ലുവിളി നേരിട്ട ഒരുകൂട്ടം വിദ്യാർഥികൾക്ക് മാനേജ്മെന്റ് ആവശ്യപ്പെട്ട തുക നൽകാത്തതിന്റെ പേരിൽ പ്രവേശനം നിഷേധിച്ച ഒരു സ്വകാര്യ സ്കൂൾ അധികൃതരുടെ നടപടി ചോദ്യംചെയ്തപ്പോൾ ഹൈകോടതി അനുഭാവപൂർവം ആ ഹരജി കേൾക്കുകയും അനുവദിക്കുകയും ഉണ്ടായി. സർക്കാർ ആനുകൂല്യങ്ങൾ കൈപ്പറ്റുകയും കേന്ദ്ര-സംസ്ഥാന നിയമങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുകയുംചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കു നേരെയും ഹൈകോടതിക്ക് റിട്ട് അധികാരം പ്രയോഗിക്കാമെന്ന സുപ്രധാന നിയമതത്ത്വവും വിധിയിൽ വിശദീകരിക്കപ്പെട്ടു.
ജസ്റ്റിസ് ടി.ആർ. രാമചന്ദ്രൻ നായർ ആയിരുന്നു, ആ കേസിൽ വിധി പറഞ്ഞത്. കേസ് ജയിച്ചശേഷം കക്ഷികളായ കുട്ടികളുടെ രക്ഷാകർത്താക്കളോട് ഫീസ് വാങ്ങുന്നതിനു പകരം കുട്ടികളെ അഭിനന്ദിച്ചു. സ്കൂളിൽ ഫീസ് നൽകാൻ കഴിയാത്ത കുട്ടികൾക്ക് ഹൈകോടതിയിൽ കേസിനുവേണ്ടി പണം ചെലവഴിക്കാൻ കഴിയുമായിരുന്നില്ല. ദാരിദ്ര്യം ഒരു കുറ്റകൃത്യമല്ല എന്ന് മറ്റാരെക്കാളും അഭിഭാഷകർ തന്നെയാണ് മനസ്സിലാക്കേണ്ടത്.
1996ലാണ് ഭിന്നശേഷിക്കാർക്കുള്ള കേന്ദ്ര നിയമം നടപ്പാകുന്നത്. പിന്നീട് 2016ൽ പുതിയ നിയമം വന്നപ്പോൾ ആദ്യത്തേത്പ്രതിസ്ഥാപനംചെയ്യപ്പെട്ടു. ചുരുക്കത്തിൽ മൂന്നു പതിറ്റാണ്ടിനോടടുത്ത ചരിത്രമുണ്ട്, രാജ്യത്തെ ഭിന്നശേഷിക്കാർക്കുള്ള നിയമനിർമാണത്തിന്. തൊഴിലിടങ്ങളിലും പൊതുവിടങ്ങളിലും ഭിന്നശേഷിക്കാർക്ക് സവിശേഷ പരിഗണന നൽകാൻ നിയമം ആവശ്യപ്പെടുന്നു. ഇതിനൊപ്പംതന്നെ ഭിന്നശേഷിക്കാർക്കുള്ള സംവരണവും വ്യവസ്ഥ ചെയ്യപ്പെട്ടു.
എന്നാൽ, 1996ൽ നിലവിൽവന്ന നിയമത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിലെ തസ്തികകളിൽ ഭിന്നശേഷിക്കാർക്ക് നിയമനം നൽകാവുന്നവ ഏതെല്ലാമാണെന്ന് തിരിച്ചറിയാൻ സംസ്ഥാന സർക്കാർ വർഷങ്ങളുടെ കാലതാമസമാണ് വരുത്തിവെച്ചത്. അതിന്റെ ഫലമായി ഈ വിഭാഗങ്ങൾക്ക് വർഷങ്ങളോളം നിയമപ്രകാരം ലഭിക്കേണ്ടിയിരുന്ന സംവരണം നിഷേധിക്കപ്പെട്ടു.
വർഷങ്ങൾക്കുശേഷം കേരള ഹൈകോടതി ഇടപെട്ടതിനെ തുടർന്നാണ് സർക്കാർ അനങ്ങിത്തുടങ്ങിയത്. അത്തരമൊരു കേസിൽ ഭാഗഭാക്കാകാൻ കഴിഞ്ഞതും വലിയ സംതൃപ്തി നൽകുന്നു. ഇന്ന് ഭിന്നശേഷി സംവരണം ഏറക്കുറെ സംസ്ഥാനത്ത് യാഥാർഥ്യമായിരിക്കുന്നു. എന്നാൽ, സ്ഥാനക്കയറ്റത്തിന്റെ കാര്യത്തിലും നാലു ശതമാനം സംവരണം നടപ്പാക്കണമെന്ന സുപ്രീംകോടതി വിധി ഇപ്പോഴും വേണ്ടവിധത്തിൽ നടപ്പാക്കപ്പെട്ടിട്ടില്ല. ചില പോരാട്ടങ്ങൾ അങ്ങനെയാണ്. അവ പെട്ടെന്ന് അവസാനിക്കുന്നവയല്ല.
ഭിന്നശേഷി സംവരണത്തിൽ മാത്രമല്ല, സാമുദായിക സംവരണത്തിന്റെ കാര്യത്തിലും നീണ്ടുനിൽക്കുന്ന പോരാട്ടങ്ങൾ കോടതിമുറിക്കകത്തും പുറത്തും നടക്കണം. പതിറ്റാണ്ടുകളുടെ തൊഴിലനുഭവം വെച്ചുകൊണ്ട് മറ്റൊരു കാര്യംകൂടി പറയട്ടെ. പട്ടികജാതി-പട്ടിക വിഭാഗങ്ങൾ ഉയർന്ന തസ്തികയിലെത്തുന്നത് കേരളത്തിൽപോലും പല അധികാരികൾക്കും ഓഫിസർമാർക്കും അംഗീകരിക്കാൻ പ്രയാസമുള്ള കാര്യമാണ്. അങ്ങനെയുള്ള സ്ഥാനക്കയറ്റം നിഷേധിക്കുന്നതിനുവേണ്ടിമാത്രം ഇത്തരം വിഭാഗങ്ങളിൽപെട്ട ഉദ്യോഗസ്ഥന്മാരെ കൃത്രിമമായും കളവായും സൃഷ്ടിച്ച വകുപ്പുതല നടപടികളിൽ കുടുക്കുന്ന രീതിപോലും ചിലപ്പോഴെങ്കിലും കേരളത്തിൽ ഉണ്ടായിട്ടുണ്ട്. അവയിൽ ചിലതെല്ലാം വ്യവഹാര രൂപത്തിൽ ഹൈകോടതിയിലും എത്തുകയുണ്ടായി. ചിലവയിലെങ്കിലും കോടതിയുടെ ഇടപെടൽതന്നെയാണ് ഇത്തരം ഇരയാക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് നീതി ലഭ്യമാക്കിയത്.
സാമുദായിക സംവരണത്തിന്റെ കാര്യം പറയുമ്പോൾ എയ്ഡഡ് കോളജുകളിലെ സംവരണമില്ലായ്മയുടെ കാര്യം പറയാതെ പോകാനാവില്ല. എല്ലാവർക്കും അറിയാവുന്നതുപോലെ എയ്ഡഡ് കോളജുകൾ സ്വകാര്യ സ്ഥാപനങ്ങളാണെങ്കിലും ജീവനക്കാർക്ക് ശമ്പളം നൽകുന്നത് സർക്കാറാണ്. പൊതു ഖജനാവിൽനിന്നും വേതനം നൽകുന്ന ഈ സ്ഥാപനങ്ങളിലെ അധ്യാപക തസ്തികകളിൽ എസ്.സി-എസ്.ടി വിഭാഗക്കാരുടെ പങ്കാളിത്തം തികച്ചും നാമമാത്രമാണ്. ഏതാണ്ട് ശൂന്യതയോടടുത്തുനിൽക്കുന്ന ഈ ‘പ്രാതിനിധ്യം’, സർക്കാറിനെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. സംവരണക്രമം എയ്ഡഡ് കോളജുകളിലും ബാധകമാക്കണമെന്നാവശ്യപ്പെടുന്ന ഒരു കേസിൽ കേരള ഹൈകോടതിയുടെ സിംഗിൾ െബഞ്ച് അനുകൂലമായി വിധി കൽപിച്ചുവെങ്കിലും ഡിവിഷൻ െബഞ്ച് ആ വിധി റദ്ദാക്കി. ഇപ്പോൾ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
ഇത്തരം കേസുകളിലൂടെ മനസ്സിലായ ഒരു കാര്യം ഈ തൊഴിലിന്റെ ഒരു സവിശേഷതകൂടിയാണ്. അഭിഭാഷകൻ തന്റെ ദൗത്യം നിർവഹിക്കുന്നത് പൗരനും ഭരണകൂടത്തിനും ഇടയിൽനിന്നുകൊണ്ടാണ്. പൗരാവകാശ നിഷേധമായാലും മറ്റുതരത്തിലുള്ള നീതിനിഷേധമായാലും ശരി, പൗരന്മാരെ ഭരണകൂടത്തിന്റെ ക്രൂരതയിൽനിന്ന് അഥവാ നിസ്സംഗതയിൽനിന്ന് വിമോചിപ്പിക്കുക എന്നതാണ് ഈ തൊഴിലിനെ സാർഥകമാക്കുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
ഭരണഘടനാപരമായ തുല്യത, പുസ്തകത്തിൽ എഴുതിവെച്ചതുകൊണ്ടുമാത്രം സമൂഹത്തിന് അനുഭവവേദ്യമാകണമെന്നില്ല, ഇക്കാര്യത്തിൽ കോടതികൾക്ക് അതിപ്രധാനമായ ധർമമാണ് നിർവഹിക്കാനുള്ളത്.
മുമ്പ് പയ്യന്നൂർ മുനിസിപ്പാലിറ്റിക്കെതിരായ കേസിന്റെ കാര്യം പറഞ്ഞിരുന്നുവല്ലോ. അവിടത്തെ മാലിന്യകേന്ദ്രം സ്ഥിതിചെയ്യുന്ന മൂരിക്കൊവ്വലിനടുത്തായിട്ടാണ് സ്വാമി ആനന്ദതീർഥന്റെ ആശ്രമവും സ്കൂളും സ്ഥിതിചെയ്യുന്നത്. ആനന്ദതീർഥൻ ജാതിവ്യവസ്ഥക്കെതിരെ നടത്തിയ സമരത്തിന് കോടതികളെക്കൂടി ഫലപ്രദമായി ഉപയോഗിക്കുകയുണ്ടായി. പയ്യന്നൂർ ആയിരുന്നു, സ്വാമിയുടെ പ്രധാന പ്രവർത്തന സ്ഥലങ്ങളിലൊന്ന്. ‘കീഴ്ജാതി’യിൽപെട്ടവരായി ഗണിച്ചിരുന്ന കുട്ടികളെ വിദ്യാഭ്യാസംചെയ്യിച്ചും ജീവിക്കാൻ പ്രാപ്തരാക്കിയും സ്വാമി നടത്തിയ ശാക്തീകരണം, ശ്രീനാരായണ ഗുരുവിന്റെ ചിന്തകൾക്കുള്ള ശിഷ്യന്റെ പ്രായോഗിക ഭാഷ്യങ്ങൾകൂടിയായിരുന്നു.
പിന്നാക്ക ജാതിയിൽപെട്ട കുട്ടികൾക്ക് ‘സവർണ നാമധേയങ്ങൾ’ നൽകിയ സ്വാമി പേരിടലിനെ ഒരു വിപ്ലവമാക്കിത്തീർത്തു. സ്വാമി വളർത്തിവലുതാക്കിയ പലരും ഇന്ന് പലയിടങ്ങളിലായുണ്ട്. സ്വാമിയുടെ ഈ സവിശേഷ പ്രവർത്തനത്തിന്, അക്കാലത്തുപോലും കോടതിയടക്കമുള്ള സ്ഥാപനങ്ങളെ ഉപയോഗിച്ചുവെന്നത് മറ്റൊരു കാര്യംകൂടി വെളിവാക്കുന്നുണ്ട്. അധഃസ്ഥിത വിമോചനത്തിന് ഭരണഘടനാ സ്ഥാപനങ്ങളെ ആശ്രയിക്കണമെന്നത് ഒരു അംബേദ്കറിസ്റ്റ് ആശയംകൂടിയാണ്. ആ ആശയത്തെ പതിറ്റാണ്ടുകൾക്കുമുമ്പ് കേരളത്തിൽ പ്രയോഗിച്ചത് ആനന്ദതീർഥ സ്വാമികളായിരുന്നുവെന്നത് ചരിത്രത്തിന്റെ വലിയ പാഠങ്ങളിലൊന്നാണ്. നമ്മുടെ കോടതികളടക്കം പഠിക്കേണ്ട ഒരു പാഠമാണിത്.
വയനാട്ടിൽനിന്നും കാടർ സമുദായത്തിൽപെട്ട കണ്ണൻ ഹൈകോടതിയെ സമീപിച്ചത് സ്വന്തം കാര്യം മാത്രം പറഞ്ഞുകൊണ്ടായിരുന്നില്ല. വയനാട്ടിലെ കാടർ സമുദായത്തെ ‘മറ്റു പിന്നാക്ക വിഭാഗം’ എന്ന നിലയിലാണ് പരിഗണിക്കാൻ കഴിയുക എന്ന് സംസ്ഥാനത്തെ അധികൃതർ നിലപാടെടുത്തു. കണ്ണന് നൽകിയ സമുദായ സർട്ടിഫിക്കറ്റിലും കാടർ-ഒ.ബി.സി എന്നാണ് രേഖപ്പെടുത്തിയിരുന്നത്.
ഇതിനെതിരെയായിരുന്നു, ൈഹകോടതിയിൽ ഹരജി. രാഷ്ട്രപതി പുറപ്പെടുവിക്കുന്ന വിജ്ഞാപനത്തിൽ പട്ടികവർഗം എന്ന് രേഖപ്പെടുത്തിയ ഒരു സമുദായത്തെ, കേവലം മറ്റു പിന്നാക്ക വിഭാഗം മാത്രമാക്കാനുള്ള അധികാരം സംസ്ഥാനത്തെ റവന്യൂ അധികൃതർക്കോ സംസ്ഥാന സർക്കാറിനോ കേരള നിയമനിർമാണ സഭക്കുപോലുമോ ഇല്ല. രാഷ്ട്രപതിയുടെ പട്ടികവർഗ ലിസ്റ്റിൽ മാറ്റംവരുത്താനുള്ള അധികാരം പാർലമെന്റിനു മാത്രമാണ് എന്ന് ഭരണഘടനയുടെ 342 (2) അനുച്ഛേദം വ്യക്തമാക്കുന്നുണ്ട്.
ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാറിനെതിരെ നൽകിയ ഹരജി ജസ്റ്റിസ് അബ്ദുൽ ഗഫൂർ അനുവദിച്ചു. പാവപ്പെട്ട ഒരു പട്ടികവർഗക്കാരനെ ഹൈകോടതിയിൽ വരാൻ നിർബന്ധിതനാക്കിയതിന് സർക്കാർ ഹരജിക്കാരന് കോടതിച്ചെലവ് നൽകണമെന്നും ജസ്റ്റിസ് ഗഫൂർ നിർദേശിക്കുകയുണ്ടായി. ഈ വിധിയിൽ പ്രകടമായ സാമൂഹിക നീതിയെ സംബന്ധിച്ച ബോധം മാതൃകാപരമാണ്.
ജസ്റ്റിസ് അബ്ദുൽ ഗഫൂർ എളിയ നിലയിൽനിന്ന് പടിപടിയായി ഉയർന്ന് ഹൈകോടതി ന്യായാധിപസ്ഥാനത്തെത്തിയ വ്യക്തിയാണ്. അദ്ദേഹത്തിന്റെ കോടതി ഒരുതരത്തിൽ ക്ലാസ് മുറി കൂടിയായിരുന്നു. അദ്ദേഹത്തിന്റെ കോടതിയിൽ നടത്തിയ കേസുകളിൽ വിജയ-പരാജയങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, ജസ്റ്റിസ് ഗഫൂറിന്റെ നീതിബോധം സവിശേഷവും അനുകരണീയവുമായിരുന്നുവെന്ന് പ്രത്യേകം പറഞ്ഞേ പറ്റൂ.
കോടതികളിൽ കേസുകൾ പഠിക്കാതെ അബദ്ധങ്ങൾ പറ്റുന്ന അഭിഭാഷകരോട് ജസ്റ്റിസ് ഗഫൂർ ഒരു ദാക്ഷിണ്യവും കാണിക്കുമായിരുന്നില്ല. കേവലം പണക്കൊഴുപ്പിന്റെ മാത്രം അടിസ്ഥാനത്തിൽ ജീവിതത്തെയും സമൂഹത്തെയും കാണുന്ന സമീപനത്തെയും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല.
ഒരു കേസിൽ നഗരത്തിലെ കുലീനന്മാർ മാത്രം പഠിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ ഉയർന്ന ഫീസ് നിരക്കിനെ ചോദ്യംചെയ്തുകൊണ്ടുള്ള ഒരു ഹരജി അദ്ദേഹത്തിന്റെ കോടതി മുമ്പാകെ വന്നു. ‘സ്റ്റാർ സ്കൂളുകളിൽ’ പഠിക്കുന്നവർ ‘സ്റ്റാർ ഫീസും’ നൽകേണ്ടിവരുന്നതിൽ അത്ഭുതമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം ഒരു കമന്റും -‘‘ഞാനൊക്കെ സാധാരണ മലയാളം മീഡിയം സ്കൂളിലാണ് പഠിച്ചത്. ഒരു ഹൈകോടതി ജഡ്ജിയൊക്കെയാകാൻ അത്തരം വിദ്യാഭ്യാസം മതിയാകും.’’
ഹരജികളും മറ്റും ശരിയായി തയാറാക്കി സൂക്ഷ്മപരിശോധന നടത്തിയശേഷം മാത്രമേ കോടതിയിൽ എത്താവൂ എന്ന കാര്യത്തിൽ ജസ്റ്റിസ് അബ്ദുൽ ഗഫൂറിന് നിർബന്ധബുദ്ധിയുണ്ടായിരുന്നു. അതിൽനിന്ന് വ്യതിചലിച്ചാൽ അദ്ദേഹത്തിന്റെ പരിഹാസശരങ്ങൾ കേൾക്കേണ്ടിവരും. ഒരു കേസിൽ എനിക്കും കണക്കിന് കിട്ടിയ കാര്യം ഇവിടെ പറയട്ടെ. വിദ്യാഭ്യാസ വകുപ്പിലെ ഒരു അധ്യാപികയുടെ സർവിസ് സംബന്ധമായ കേസിൽ ഒരു ഉത്തരവ് റദ്ദാക്കാനായി ഹൈകോടതിയിൽ റിട്ട് ഹരജി നൽകിയതായിരുന്നു.
കേസ് ഫയൽ ചെയ്യാൻ വന്നതിലെ കാലതാമസം വിശദീകരിക്കുന്നതിനായി ചില മെഡിക്കൽ രേഖകൾകൂടി ഹാജരാക്കിയിരുന്നു. റദ്ദാക്കപ്പെടേണ്ടിയിരുന്ന ഉത്തരവുകളുടെ നമ്പറിന് പകരം ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത സർട്ടിഫിക്കറ്റിന്റെ രേഖാനമ്പറായിരുന്നു തെറ്റായി, അപേക്ഷയിൽ ടൈപ്പ് ചെയ്തിരുന്നത്. ‘‘ഇതാ, ഒരാൾ പ്രസവാശുപത്രിയിൽനിന്നുള്ള ഡിസ്ചാർജ് സർട്ടിഫിക്കറ്റ് റദ്ദു ചെയ്യാനായി ഹൈകോടതിയിൽ വന്നിരിക്കുന്നു’’ എന്ന് ജസ്റ്റിസ് ഗഫൂർ ഉറക്കെ പറഞ്ഞപ്പോൾ അതൊരു വലിയ നാണക്കേടായി. കോടതിമുറിയിൽ നൂറോളം അഭിഭാഷകർ ഉണ്ടായിരുന്നു. ആരെയും വേദനിപ്പിക്കാനായിരുന്നില്ല ജസ്റ്റിസ് ഗഫൂർ ഇങ്ങനെ പറയുന്നതെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. അദ്ദേഹത്തിന്റെ ആത്മാർഥതയും ഉദ്ദേശ്യശുദ്ധിയും കൃത്യമായി അറിയുന്ന എനിക്ക് ആ പരിഹാസത്തിലെ വിമർശനത്തെയും ശരിയായിത്തന്നെ ഉൾക്കൊള്ളാൻ കഴിഞ്ഞു.
മാത്രവുമല്ല, പിൽക്കാലത്ത് മുഴുവൻ ഹരജികളിൽ തെറ്റുകളൊഴിവാക്കേണ്ടതിന്റെ പ്രാധാന്യം ഈ അനുഭവം എന്നെ പഠിപ്പിച്ചു. ടൈപ്പിങ്ങിലെ പിഴവുകൾക്ക് ടൈപ്പിസ്റ്റിനെ കുറ്റം പറഞ്ഞ് മാറിനിൽക്കാൻ ഉത്തരവാദിത്തമുള്ള അഭിഭാഷകർക്കാവില്ല എന്ന പാഠവും ഈ സംഭവത്തിലൂടെ ജസ്റ്റിസ് ഗഫൂർ പഠിപ്പിച്ചു – എന്നെ മാത്രമല്ല, കോടതിയിലെ മറ്റു അഭിഭാഷകരെയും. നന്നായി പഠിച്ച് കേസ് പറയുന്നതിന്റെ സംതൃപ്തി ഒന്ന് വേറെയാണ്. അതിന് പ്രചോദനം നൽകിയ വലിയ ന്യായാധിപൻകൂടിയായിരുന്നു ജസ്റ്റിസ് കെ.എ. അബ്ദുൽ ഗഫൂർ.
അതിനിടെ ജസ്റ്റിസ് ഗഫൂർ സംസ്ഥാന നിയമസഹായ അതോറിറ്റിയുടെ എക്സിക്യൂട്ടിവ് ചെയർമാനായി. കേരളത്തിലെ ഹൈസ്കൂളുകളിലെ കുട്ടികൾക്ക് പഠിക്കാനായി ‘നിയമപാഠം’ എന്ന പുസ്തകം ആവിഷ്കരിച്ച് നടപ്പാക്കിയത് അക്കാലത്തായിരുന്നു. കോഴിക്കോട്ടെ അഭിഭാഷകനായിരുന്ന എ.കെ. ലോഹിതാക്ഷൻ, അഡ്വ. ഡി.ബി. ബിനു എന്നിവർക്കൊപ്പം ‘നിയമപാഠ’ത്തിന്റെ ആദ്യപതിപ്പ് തയാറാക്കാൻ കഴിഞ്ഞു.
ഇത് സംസ്ഥാനത്തെ വിദ്യാഭ്യാസരംഗത്ത് ഒരു പുതിയ കാൽവെപ്പായിരുന്നു. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങൾക്കുകൂടി മാതൃകയായിരുന്നു ഈ സംരംഭം. പിന്നീട് മറ്റു അഭിഭാഷകർകൂടി പങ്കെടുത്തുകൊണ്ട് നിയമപാഠത്തിന്റെ ഉള്ളടക്കം വിപുലീകരിക്കുകയുണ്ടായി. കോളജ് വിദ്യാർഥികൾക്ക് ഉതകുന്നവിധത്തിലുള്ള പുസ്തകം നിയമസഹായ അതോറിറ്റി പിൽക്കാലത്ത് പ്രസിദ്ധീകരിച്ചു.
ആയിടെയാണ് ‘ദ സ്പിരിറ്റ് ഓഫ് ലോ’ (The Spirit of Law) എന്ന എന്റെ പുസ്തകം പ്രസിദ്ധീകരിച്ചത്. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ ഒരു ചെറിയ അവതാരിക എഴുതി. ‘ദ ന്യൂ ഇന്ത്യൻ എക്സ്പ്രസി’ലെ ലേഖനങ്ങൾ കൂടാതെ ‘മെയിൻ സ്ട്രീം’, ‘കേരള ലോ ടൈംസ്’ എന്നിവയിലും ‘മീൻടൈം’ എന്ന പ്രസിദ്ധീകരണത്തിലും അച്ചടിച്ചുവന്ന ലേഖനങ്ങളുടെ സമാഹാരമായിരുന്നു ആ ചെറുപുസ്തകം. അത് പ്രകാശനംചെയ്തത് ജസ്റ്റിസ് അബ്ദുൽ ഗഫൂർ തന്നെയായിരുന്നു. സീനിയർ അഭിഭാഷകനായ ടി.പി. കേളു നമ്പ്യാർ ചടങ്ങിൽ പങ്കെടുത്തു. വേറെയും അഭിഭാഷകർ പങ്കെടുത്ത ആ പ്രകാശനച്ചടങ്ങ് പുസ്തകത്തെ അപേക്ഷിച്ച് എത്രയോ വലുതായിരുന്നു.
ഈ പ്രകാശന ചടങ്ങ് ജസ്റ്റിസ് അബ്ദുൽ ഗഫൂർ തന്നെ നിർവഹിക്കണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. അക്കാലത്ത് കോടതിയിൽവെച്ച് ക്ഷുഭിതനായി എന്തോ പറഞ്ഞതിന്റെ പേരിൽ ഒരു ന്യായാധിപൻ ഹൈകോടതിയിലെ ഒരു അഭിഭാഷകനെതിരെ നേരിട്ട് കോടതിയലക്ഷ്യ നടപടിയെടുക്കുകയുണ്ടായി. പിന്നീട് ഡിവിഷൻ ബെഞ്ച് ഇടപെട്ടാണ് ആ നടപടി റദ്ദാക്കിയത്. നടപടിക്രമങ്ങൾ പാലിക്കാതെ കോടതിയലക്ഷ്യ നടപടിയെടുത്ത രീതി നിയമപരമായും ഭരണഘടനാപരമായും തെറ്റായിരുന്നുവെന്ന് ഞാൻ ‘മാധ്യമം’ പത്രത്തിലും ‘കേരള ലോ ടൈംസി’ലും എഴുതിയിരുന്നു.
‘മാധ്യമ’ത്തിൽ വന്ന ഈ ന്യായാധിപ വിമർശനത്തെ ജസ്റ്റിസ് ഗഫൂർ തുറന്ന കോടതിയിൽവെച്ചുതന്നെ പ്രകീർത്തിക്കുകയുണ്ടായി. സഹന്യായാധിപരുടെ അധികാരബോധത്തേക്കാൾ, ‘ഇരയാക്കപ്പെട്ട’ അഭിഭാഷകനോടൊപ്പം നിൽക്കുന്ന നീതിബോധമായിരുന്നു ജസ്റ്റിസ് ഗഫൂറിന്റേത്. ആ ലേഖനംകൂടി അടങ്ങിയ എന്റെ ആദ്യത്തെ ഇംഗ്ലീഷ് പുസ്തകം പ്രകാശനം ചെയ്യാനായി എറണാകുളത്ത് മറ്റൊരാളെ കണ്ടെത്താനോ സങ്കൽപിക്കാനോ കഴിയുമായിരുന്നില്ല. അദ്ദേഹം പുസ്തകം പ്രകാശനം ചെയ്തു. നന്നായി സംസാരിക്കുകയും ചെയ്തു.
റിട്ട് ഹരജിയിൽ രേഖകളുടെ നമ്പർ ടൈപ്പ് ചെയ്തതിനെക്കുറിച്ച് തമാശരൂപത്തിൽ വിമർശിച്ച ജസ്റ്റിസ് ഗഫൂർതന്നെയാണ് പിന്നീട് നന്നായി പഠിച്ച് വാദിച്ച കേസുകളിൽ എന്നെ തുറന്ന കോടതിയിൽതന്നെ അഭിനന്ദിച്ചതും. കേവലമായ ഈഗോയിലൂടെ അഭിഭാഷകവൃത്തിയിൽ ആർക്കും മുന്നോട്ടുപോകാനാവില്ല. തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവർ ചിലപ്പോൾ കക്ഷികളാകാം, ചിലപ്പോൾ എതിർഭാഗം അഭിഭാഷകരാകാം, ചിലപ്പോൾ സഹപ്രവർത്തകരോ ജൂനിയർമാരോ ആകാം. അവരെല്ലാം ഒന്നോർത്താൽ ഗുരുക്കന്മാർതന്നെയാണ്. അത്തരത്തിൽ നോക്കിയാൽ എന്നെ പലതും പഠിപ്പിച്ച മഹദ്വ്യക്തി കൂടിയായിരുന്നു ജസ്റ്റിസ് കെ.എ. അബ്ദുൽ ഗഫൂർ. അദ്ദേഹം ഇന്നില്ല. പക്ഷേ, എന്റെയും മറ്റു അനേകരുടെയും മനസ്സിൽ അദ്ദേഹം ജീവിക്കുന്നു.