മനുഷ്യബുദ്ധിയിലേക്കുള്ള ദൂരങ്ങള്‍
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമിതബുദ്ധി) മേഖലയിൽ സമൂഹം സാേങ്കതികമായി അതിവേഗ കുതിച്ചുചാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. മനുഷ്യബുദ്ധിയെ നിർമിതബുദ്ധിക്ക് മറികടക്കാനാവുമോ? എന്താണ് നിർമിതബുദ്ധിയുടെ പ്രശ്നങ്ങളും നേട്ടങ്ങളും? -ചില നിരീക്ഷണങ്ങളും ആലോചനകളും പങ്കുവെക്കുകയാണ് സാേങ്കതിക വിദഗ്ധനും കഥാകൃത്തുമായ ലേഖകൻ.നിർമിതബുദ്ധിയുടെ രംഗത്തെ വാര്‍ത്തകളും വിവരണങ്ങളും അതിന്റെ കരുത്തിനെ പര്‍വതീകരിക്കുന്ന ഉദാഹരണങ്ങള്കൊണ്ട് നിറഞ്ഞിരിക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍ വാര്‍ത്തകളില്‍ വിവരിക്കാനാവാത്തവിധം സങ്കീർണമായ...
Your Subscription Supports Independent Journalism
View Plansആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമിതബുദ്ധി) മേഖലയിൽ സമൂഹം സാേങ്കതികമായി അതിവേഗ കുതിച്ചുചാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. മനുഷ്യബുദ്ധിയെ നിർമിതബുദ്ധിക്ക് മറികടക്കാനാവുമോ? എന്താണ് നിർമിതബുദ്ധിയുടെ പ്രശ്നങ്ങളും നേട്ടങ്ങളും? -ചില നിരീക്ഷണങ്ങളും ആലോചനകളും പങ്കുവെക്കുകയാണ് സാേങ്കതിക വിദഗ്ധനും കഥാകൃത്തുമായ ലേഖകൻ.
നിർമിതബുദ്ധിയുടെ രംഗത്തെ വാര്‍ത്തകളും വിവരണങ്ങളും അതിന്റെ കരുത്തിനെ പര്‍വതീകരിക്കുന്ന ഉദാഹരണങ്ങള്കൊണ്ട് നിറഞ്ഞിരിക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍ വാര്‍ത്തകളില്‍ വിവരിക്കാനാവാത്തവിധം സങ്കീർണമായ പല സാധ്യതകളും നിർമിതബുദ്ധി യാഥാർഥ്യമാക്കിയിരിക്കുന്നു. എങ്കിലും, അത് എത്ര കാതം പിന്നിട്ടിരിക്കുന്നു, മനുഷ്യബുദ്ധിയും യന്ത്രവും തമ്മിലുള്ള മത്സരത്തില്‍ നിർമിതബുദ്ധി എവിടെ എത്തിയിരിക്കുന്നു തുടങ്ങിയ ചിന്തകളാണിത്.
കാഫ്കയുടെ സന്ദേശം
ഫ്രാന്‍സ് കാഫ്കയുടെ ‘ഒരു രാജകീയ സന്ദേശം’ എന്നൊരു കഥയുണ്ട്. ആ കഥ ഏതാണ്ട് ഇങ്ങനെയാണ്. ചക്രവര്‍ത്തി ഒരു സന്ദേശം നിങ്ങള്‍ക്ക് കൈമാറുന്നു. ചക്രവര്‍ത്തി മരണശയ്യയില്‍ െവച്ച് നിങ്ങള്‍ക്ക് മാത്രം കേള്‍ക്കാവുന്ന തരത്തില്‍ അദ്ദേഹത്തിന്റെ വായ നിങ്ങളുടെ ചെവിയോട് ചേര്‍ത്തുെവച്ച് സ്വകാര്യം പറയുന്നു. തിരിച്ച് നിങ്ങളോട് അദ്ദേഹത്തിന്റെ ചെവിയില്‍ ആവര്‍ത്തിക്കാനും പറയുന്നു. അദ്ദേഹമത് ശരിവെക്കുന്നു. ചക്രവര്‍ത്തി സന്ദേശം കൈമാറിയിരിക്കുന്നത് നിസ്സാരനായ നിങ്ങളോടാണ്. അതും ആബാലവൃദ്ധം ജനങ്ങള്‍ ചക്രവര്‍ത്തിക്കു ചുറ്റും നില്ക്കുന്ന സന്ദര്‍ഭത്തില്‍.
സന്ദേശത്തിന്റെ ഭാരവുമായി കൂട്ടംകൂടി നില്ക്കുന്ന ജനങ്ങളെ ഭേദിച്ച് യാത്ര തിരിക്കുന്ന നിങ്ങള്‍ ഏറെ കഷ്ടപ്പെട്ടാണ് മുന്നോട്ട് പോകുന്നത്. പടികള്‍ കയറിയും ഇറങ്ങിയും തടസ്സം നില്‍ക്കുന്നവരെ നെഞ്ചിലെ സൂര്യചിഹ്നം കാണിച്ച് വകഞ്ഞു മാറ്റി നിങ്ങള്‍ മുന്നോട്ടുപോകുന്നു. ഒരു കൊട്ടാരവും രാജധാനിയും പിന്നിടുമ്പോള്‍ മുന്നില്‍ മറ്റൊന്ന്. അതിനെ തരണംചെയ്ത് മുന്നോട്ടുപോയി ഒടുവിലെ കവാടമെത്തിയപ്പോള്‍ മറ്റൊന്ന്. അയാളെ ആര്‍ക്കും സഹായിക്കാന്‍ സാധിക്കുന്നില്ല. ആയിരം വര്‍ഷങ്ങള്‍ കഴിഞ്ഞും യാത്ര അവസാനിക്കുന്നില്ല. മരണശയ്യയിലിരുന്ന ഒരു ചക്രവര്‍ത്തിയുടെ സന്ദേശം നിങ്ങള്‍ക്ക് ഇറക്കിവെക്കാനാവുന്നില്ല. ജനാലക്കരികിലിരിക്കുന്ന നിങ്ങള്‍ ഇവയത്രയും വാസ്തവമെന്ന് സ്വപ്നം കാണുന്നു. കഥ ഇങ്ങനെ അവസാനിക്കുന്നു.
ചക്രവര്‍ത്തിയുടെ സന്ദേശത്തിന്റെ പ്രാധാന്യം അറിയാവുന്ന നിങ്ങള്‍ക്ക് യാത്ര അവസാനിപ്പിക്കാനാവുന്നില്ല. ജനപഥങ്ങളെയും രാജവീഥികളെയും കൊട്ടാരങ്ങളെയും കയറ്റിറക്കങ്ങളെയും വകവെക്കാതെ നിങ്ങളുടെ കാലുകളെ മുന്നോട്ടു നയിക്കുന്നത് ആ അതീവ രഹസ്യത്തിന്റെ അസാധാരണമായ ഊർജംതന്നെ. പക്ഷേ, യാത്ര എവിടെച്ചെന്ന് അവസാനിക്കുമെന്നോ എപ്പോഴാണ് രഹസ്യം കൈമാറേണ്ടത് എന്നോ നിങ്ങള്‍ക്ക് ഊഹിക്കാനാവുന്നില്ല.
കാരണം, ചക്രവര്‍ത്തി സന്ദേശം കൈമാറിയ നിമിഷം നിങ്ങള്‍ക്കുണ്ടായിരുന്ന അതേ സാഹചര്യമാണ് നിങ്ങള്‍ പിന്നെയും പിന്നെയും കാണുന്നത്. വര്‍ഷങ്ങളോളം യാത്രചെയ്യുമ്പോഴും നിങ്ങള്‍ തുടങ്ങിയ അതേ സാഹചര്യത്തിന്റെ അസന്ദിഗ്ധതയില്‍ അമ്പരക്കുന്നു. നിർമിതബുദ്ധിയുടെ രാജരഥ്യകള്‍ ജനാലക്കരികില്നിന്ന് സ്വപ്നം കാണുന്ന നിങ്ങളുടെ യാഥാർഥ്യങ്ങളാണ്. മറിച്ചൊരു കാഴ്ചയില്‍ നിർമിതബുദ്ധിയുടെ ആഴങ്ങളില്‍ ഊളിയിടുന്ന നിങ്ങള്‍ ഒരു സ്വപ്നത്തിലെ യാഥാർഥ്യങ്ങളാണ്. ഈ സന്ധിയില്െവച്ച് നിങ്ങള്‍ എന്ന കഥാപാത്രത്തെ ഉപേക്ഷിക്കുകയാണ്. കാരണം, നമ്മള്‍തന്നെയാണ് ഈ കഥയിലെ ‘നിങ്ങള്‍’.
കാഫ്കയുടെ ഈ കഥയിലെ സന്ദേശം മാറേണ്ടുന്ന നിമിഷംപോലെ പ്രധാനമാണ് എപ്പോഴാണ് ഒരു യന്ത്രം മനുഷ്യബുദ്ധിയുടെ സീമകളെ സ്പര്‍ശിച്ചു എന്ന് കണ്ടെത്തുന്ന സന്ദര്‍ഭം. മനുഷ്യബുദ്ധിയുടെ പരിധികള്‍ക്കപ്പുറം പ്രവര്‍ത്തിക്കുന്ന ഒരു യന്ത്രത്തിനെ നാം സ്വപ്നം കാണുമ്പോള്‍ സീമാബദ്ധമല്ലാത്ത ചക്രവാളത്തിലേക്കുള്ള പ്രയാണമാണ് അതിനെ സൂചിപ്പിക്കുന്നത്. ആയിരം വര്‍ഷം കഴിഞ്ഞാലും വാതിലുകള്‍ക്ക് പിറകെ വാതിലുകള്‍ തുറന്നുകൊണ്ട് ഒരുപക്ഷേ നാം നിർമിതബുദ്ധിക്കുവേണ്ടി പ്രയത്നിച്ചേക്കും.
അത്രയും കാലം മനുഷ്യരാശി നിലനില്‍ക്കുമോ എന്ന ആശങ്ക ഈ ആശയത്തെയാകെ കുഴപ്പത്തിലാക്കുന്നു. ‘‘പൂർണമായ നിർമിതബുദ്ധി മനുഷ്യരാശിയുടെ അന്ത്യത്തിന് കാരണമായേക്കും’’ എന്ന ആശങ്ക 2014ല്‍ ബി.ബി.സിക്ക് നല്കിയ അഭിമുഖത്തില്‍ വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന് സ്റ്റീഫന്‍ ഹോക്കിങ് പങ്കുവെച്ചിരുന്നു.
നിർമിതബുദ്ധിയുടെ ത്വരിതവളര്‍ച്ച ആശാസ്യകരമല്ലെന്ന് ഇലോണ്‍ മസ്കും ആശങ്കപ്പെട്ടിരുന്നു. സത്യത്തില്‍ അജ്ഞാതവും പ്രവചനാതീതവുമായ ഭാവിയുടെ ഗര്‍ത്തങ്ങളും ശൃംഗങ്ങളും വര്‍ത്തമാനകാലത്തിരുന്ന് വിലയിരുത്തുക അസാധ്യം. എങ്കിലും, നിർമിതബുദ്ധി നിലവില്‍ എവിടെ എത്തിയിരിക്കുന്നു എന്നും മനുഷ്യരാശിയുടെ നിലനില്‍പ്പിന്റെ ഉറച്ചമണ്ണില്‍ അത് വിള്ളലുകള്‍ വീഴ്ത്തിത്തുടങ്ങിയോ എന്നും അന്വേഷിക്കാവുന്നതാണ്.
അലന് ടൂറിങ്ങിന്റെ പരീക്ഷണം
എപ്പോഴാണ് ഒരു യന്ത്രത്തിന്റെ ബുദ്ധി മനുഷ്യനോളം എത്തിയെന്ന് ഉറപ്പാക്കുന്നത്? ഇതിന്റെ ഉത്തരം ലളിതമല്ല. കണക്കുകൂട്ടുന്ന യന്ത്രങ്ങളും മനുഷ്യബുദ്ധിയും’’ എന്ന വിഷയത്തില്‍ അലന് ടൂറിങ് എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞന് 1950ല്‍ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തില്‍ യന്ത്രങ്ങള്‍ക്ക് ചിന്തിക്കാനാവുമോ എന്ന ചോദ്യത്തിന് ഉത്തരമായി ഒരു ടെസ്റ്റ് അദ്ദേഹം നിർദേശിച്ചിരുന്നു. പിന്നീട് ‘ടൂറിങ് ടെസ്റ്റ്’ (Turing Test) എന്ന് അതിനെ വിളിക്കാന്‍ തുടങ്ങി. ടൂറിങ് ടെസ്റ്റ് വിജയിക്കുന്ന യന്ത്രങ്ങളെ നിർമിതബുദ്ധിയില്‍ മനുഷ്യനോടൊപ്പമെത്തി എന്ന് പ്രഖ്യാപിക്കന്‍ സാധിക്കും. ഈ പരീക്ഷണത്തില്‍ മൂന്നുപേര്‍ സന്നിഹിതരായിരിക്കും.
ഒരു ചോദ്യകര്‍ത്താവ് –പരീക്ഷണത്തിന്റെ വിധി നിർണയിക്കുന്ന ജഡ്ജി അയാള്‍തന്നെ.
രണ്ടാമന് മറുപടി പറയുന്ന മനുഷ്യന് –ചോദ്യകര്‍ത്താവിന്റെ അഥവാ ജഡ്ജിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന മനുഷ്യന്.
മൂന്നാമത്തേത് നിർമിതബുദ്ധിയുള്ള ഒരു യന്ത്രം –പരീക്ഷണവിധേയമാക്കുന്നത് ഈ യന്ത്രത്തെയാണ്.
ചോദ്യകര്‍ത്താവിന്റെ ചോദ്യങ്ങളും രണ്ടാമന്റെയും മൂന്നാമന്റെയും മറുപടികളും ടെക്സ്റ്റ് രൂപത്തിലായിരിക്കും. അതുകൊണ്ട് വാക്കുകള്‍ ഉച്ചരിക്കുന്നതിന്റെ ശബ്ദത്തില്‍നിന്നോ വേഗതയില്നിന്നോ മറ്റോ മനുഷ്യനെയും യന്ത്രത്തെയും വേര്‍തിരിക്കാന്‍ സാധിക്കില്ല.
ജഡ്ജിയുടെ ചോദ്യങ്ങള്‍ക്ക് അയാള്‍ കാണാത്ത ഒരിടത്തുനിന്ന് ചിലപ്പോള്‍ മനുഷ്യന് മറുപടി പറയുന്നു. മറ്റു ചിലപ്പോള്‍ യന്ത്രവും. ഒരു നിശ്ചിത സമയം ഈ സംഭാഷണം തുടരും. ഒടുവില്‍ ഏതെല്ലാം മറുപടികളാണ് മനുഷ്യന് പറഞ്ഞതെന്നും ഏതെല്ലാമാണ് യന്ത്രത്തില്‍നിന്ന് വന്നത് എന്നും ജഡ്ജി തീരുമാനിക്കുന്നു. ഈ വിധിനിർണയത്തില്‍ യന്ത്രത്തിന്റെ മറുപടി പൂർണമായും മനുഷ്യന്റേതാണെന്ന് ജഡ്ജി വിലയിരുത്തുമ്പോള്‍ ആ യന്ത്രം ടൂറിങ് ടെസ്റ്റ് വിജയിച്ചു എന്ന് പറയുന്നു.
പരീക്ഷണം പലവട്ടം ആവര്‍ത്തിച്ച് എത്ര ശതമാനം പേര് യന്ത്രത്തെ ബുദ്ധിയുള്ള മനുഷ്യനായി കരുതുന്നു എന്നതാണ് വിജയത്തിന്റെ അടിസ്ഥാനം. ടൂറിങ് ടെസ്റ്റ് യഥാർഥത്തില്‍ അനുകരണ കലയാണ്.
ഒരു യന്ത്രത്തിന്റെ പ്രതികരണം ഒരു മനുഷ്യന്റേതാണെന്ന് വിധികര്‍ത്താക്കളായ മനുഷ്യര്‍ തെറ്റിദ്ധരിക്കുന്നിടത്ത് ടെസ്റ്റ് വിജയിക്കുന്നു. ഒരു മിമിക്രി ആര്‍ട്ടിസ്റ്റിന്റെ അനുകരണ പ്രകടനത്തില്‍ മയങ്ങി അനുകരിക്കപ്പെടുന്ന വ്യക്തിയായി ആര്‍ട്ടിസ്റ്റിനെ തെറ്റിദ്ധരിക്കുന്ന അവസ്ഥയാണ് ആ വിജയം. യൂജീന്‍ ഗൂസ്മന് (Eugene Goostman) എന്ന ചാറ്റ്ബോട്ടിനെ ഈ പരീക്ഷണത്തിന് വിധേയമാക്കിയത് ഉദാഹരണമായെടുക്കാം. പതിമൂന്ന് വയസ്സുള്ള ഒരു യുെക്രയ്നിയന് ബാലന്റെ ബുദ്ധിശക്തിയുള്ള ഒരു നിർമിതബുദ്ധിയായാണ് ആ ചാറ്റ് ബോട്ട് പ്രവര്‍ത്തിച്ചിരുന്നത്.
അതിനെ 2014ല്‍ ലോകപ്രശസ്തമായ ടൂറിങ് ടെസ്റ്റ് മത്സരമായ ലോബ്നര് സമ്മാനത്തിന് (The Loebner Prize Competition) മത്സരിപ്പിച്ചപ്പോള്‍ 33 ശതമാനം ജഡ്ജസ് ചാറ്റ് ബോട്ടായ യൂജീന്‍ ഗൂസ്മന് ഒരു മനുഷ്യനാണെന്ന് വിലയിരുത്തിയിരുന്നു. അതായത് മൂന്നിലൊന്ന് വിധികര്‍ത്താക്കള്‍ യന്ത്രം മറുപടി പറഞ്ഞപ്പോഴും അതൊരു യന്ത്രത്തിന്റെ മറുപടിയല്ല, പകരം പതിമൂന്ന് വയസ്സുള്ള ഒരു കുട്ടിതന്നെയാണ് മറുപടി പറയുന്നത് എന്ന് കരുതി. താരതമ്യേന മികച്ച ഒരു വിജയമായിരുന്നു ആ സംഭവം. പതിമൂന്ന് വയസ്സുകാരനായ കുട്ടിയായതിനാല്‍ അവന്റെ ഭാഷാ പ്രയോഗങ്ങളും അറിവിന്റെ പരിമിതിയുമെല്ലാം യന്ത്രത്തെ മനുഷ്യനായി തെറ്റിദ്ധരിപ്പിക്കാന്‍ സഹായകമായിരുന്നു. ചാറ്റ് ജിപിടി 3.0യും ഈ പരീക്ഷണത്തില്‍ മികച്ച വിജയം കാഴ്ചെവച്ചിട്ടുണ്ട്.
പക്ഷേ, ടൂറിങ് ടെസ്റ്റിന്റെ യഥാർഥ അർഥവ്യാപ്തി നിർമിതബുദ്ധിയുള്ള യന്ത്രം മനുഷ്യനെപ്പോലെ ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന അവസ്ഥയെ കണ്ടെത്തലാണ്. നല്ല മിമിക്രി ആർട്ടിസ്റ്റിനെ തിരഞ്ഞെടുക്കലല്ല. ചാറ്റ് ജിപിടി മനുഷ്യനെ അനുകരിക്കുന്നെങ്കിലും ഒരക്ഷരംപോലും മനസ്സിലാക്കുന്നില്ല എന്ന പരിമിതിയുണ്ട്. അതുകൊണ്ടുതന്നെ പുതിയ ബൃഹദ് ഭാഷാ മാതൃകകളെ (Large Language Model) അടിസ്ഥാനമാക്കി പ്രവര്‍ത്തികുന്ന ചാറ്റ്ബോട്ടുകളെ നമുക്ക് അതിന്റെ പരിമിതികള്‍ മനസ്സിലാക്കി സ്വീകരിക്കേണ്ടിവരും. ചുരുക്കത്തില്‍ നിർമിതബുദ്ധി മനുഷ്യബുദ്ധിയുമായി ഏറെ അകലത്തിലാണ് എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. പക്ഷേ, ഓരോ വര്‍ഷവും മനുഷ്യനുമായുള്ള യന്ത്രത്തിന്റെ അകലം കുറഞ്ഞുവരുന്നു. മനുഷ്യരുടെ ധൈഷണിക മേല്‍ക്കോയ്മ ഇനി എത്രകാലം?
ചരിത്രത്തിന്റെ വിചിത്രമായ ഗ്രാഫ്
സാങ്കേതികവിദ്യകളുടെ ചരിത്രപ്രവാഹത്തിന്റെ ഗ്രാഫില്‍ അപ്രതീക്ഷിതമായ കയറ്റിറക്കങ്ങള്‍ കാണാവുന്നതാണ്. ചില സാങ്കേതികവിദ്യ അതിന്റെ ഉന്നതിയില്‍ നില്ക്കുമ്പോള് മറ്റ് ചിലത് ശീതനിദ്ര പ്രാപിക്കുന്നത് കാണാം. ചിലതാകട്ടെ ഇനിയൊരിക്കലും ഉണരാത്തവിധം മരണം വരിച്ചിരിക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ആവിയന്ത്രങ്ങളുടെ ചാലകശക്തിയില്‍ മനുഷ്യസമൂഹത്തിന്റെ സാമ്പത്തിക ക്രമങ്ങള്‍ പുനര്നിര്വചിക്കപ്പെട്ടതുകാണാം.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ക്വാണ്ടം ഭൗതികം ന്യൂക്ലിയര്‍ റിയാക്ടറുകളുടെ രൂപത്തില്‍ ഊർജസ്രോതസ്സായും ആറ്റംബോംബുകളുടെ രൂപത്തില്‍ മനുഷ്യനാശത്തിന്റെ മൂര്ത്തീരൂപമായും പ്രത്യക്ഷപ്പെട്ടു. ട്രാന്‍സിസ്റ്ററുകളും മറ്റ് സെമികണ്ടക്ടര്‍ ഉപകരണങ്ങളും ഇലക്ട്രോണിക്സ് രംഗത്ത് വന്‍ കുതിപ്പുകളുണ്ടാക്കി. കമ്പ്യൂട്ടര്‍ സയന്‍സ് പുതിയ ശാഖയായി വികസിക്കുകയും മനുഷ്യമസ്തിഷ്കത്തിന്റെ നാഡീകോശങ്ങളിലെ സമസ്യകളിലേക്ക് രാജപാതകള്‍ നിർമിക്കാന്‍ തുടങ്ങുകയുംചെയ്തു. ഹരിതവിപ്ലവവും മൊബൈല്‍ സാങ്കേതികവിദ്യയും മനുഷ്യനെ പിന്നെയും മുന്നോട്ട് നയിച്ചു.
ഇത്തരം ഓരോ ചലനങ്ങളും സൃഷ്ടിച്ച അലകള്‍ ദശാബ്ദങ്ങളോളം നിലനിന്നിരുന്നു. ഗവണ്മെന്റുകളും മറ്റ് ഫണ്ടിങ് ഏജന്‍സികളും ഒരു പ്രത്യേക സാങ്കേതികവിദ്യയില്‍ ശ്രദ്ധകേന്ദ്രീകരിക്കുമ്പോള്‍ മറ്റ് ചിലതിന് പതിയെ സഞ്ചരിക്കേണ്ടിവരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയില്‍ രൂപംകൊണ്ട നിർമിതബുദ്ധിയുടെ പരീക്ഷണങ്ങള്‍ ദശാബ്ദങ്ങളുടെ ഇടവേളകളില്‍ തളിര്‍ക്കുകയും തളരുകയും ചെയ്തുകൊണ്ട് അതിന്റ പ്രയാണം തുടര്‍ന്ന ഒന്നാണ്. ഈ നൂറ്റാണ്ടിന്റെ പ്രഥമ ദശാബ്ദങ്ങളെ അടയാളപ്പെടുത്തുകയും ഇനി വരും കാലങ്ങളില്‍ ഇതിന്റെ അലയൊലികളാകും ഈ നാം കാണാനിരിക്കുന്നത് എന്ന തോന്നല്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. നമുക്ക് എത്രകാലം നിർമിതബുദ്ധിയുടെ മഹാസമുദ്രത്തില്‍നിന്ന് രത്നങ്ങള്‍ മുങ്ങിയെടുക്കാന്‍ സാധിക്കും?
ഉത്തരം പ്രവചനാതീതമാണ്. സാങ്കേതികവിദ്യയുടെ ചരിത്രം പരിശോധിച്ചാല്‍ അതിന്റെ നൈരന്തര്യം ഇടക്കിടെ അറ്റുപോകുന്നത് കാണാന്‍ സാധിക്കും. ഇത്രകാലം നിങ്ങള്‍ ഈ വഴിക്ക് എന്തുകൊണ്ട് ചിന്തിച്ചില്ല എന്ന ചോദ്യവുമായി പുതിയ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവരുന്നത് കാണാം. പുതിയ ഊർജ സ്രോതസ്സുകളെപ്പറ്റിയോ പരിസ്ഥിതി പരിഹാരങ്ങളെപ്പറ്റിയോ ഗൗരവത്തില്‍ ചര്‍ച്ചചെയ്യുകയും നിർമിതബുദ്ധിയുടെ ഗവേഷണങ്ങളുടെ പ്രാധാന്യം കുറഞ്ഞ് അരികിലേക്ക് മാറ്റിവെക്കാനും സാധ്യതയുണ്ട്. അലറിവരുന്ന തിരകള്‍ക്ക് മുന്നിലിരുന്ന് അതിന്റെ ചിത്രം വരക്കുന്നത് ഒട്ടും യുക്തിസഹമല്ല. ഒപ്പം നീന്തുകയോ മാറിനില്‍ക്കുകയോ ചെയ്യുന്നതിന് പകരം അതിനെ വിശകലംചെയ്യുന്നതില് ഒരു അഭംഗി ദര്‍ശിച്ചേക്കാം.
എങ്കിലും ഏതൊരു സാങ്കേതികവിദ്യയുടെ വികാസത്തിന്റെയും തത്ത്വചിന്താപരമായ അടിത്തറ ബലപ്പെടുത്തുന്നത് മനുഷ്യസമൂഹത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. അതുകൊണ്ടാണ് അരിസ്റ്റോട്ടിലും ലെബിനിസും ദക്കാര്‍ത്തെയും മറ്റും നൂറ്റാണ്ടുകള്‍ക്കുശേഷവും നമ്മുടെ ചര്‍ച്ചയില്‍ വരുന്നത്. അക്കാരണത്താലാണ് നിർമിതബുദ്ധിയുടെ ചര്‍ച്ചകളില്‍ അലന് ടൂറിങ്ങിനെ മരണാനന്തരം ഇടക്കിടെ വിളിച്ചുണര്‍ത്തുന്നത്.
നിർമിതബുദ്ധിയുടെ വളര്‍ച്ച എവിടെയെത്തിയെന്നും ചിന്തിക്കാന്‍ തുനിയുമ്പോള്‍ നാം അലറിവരുന്ന തിരയെ ഒരു സ്റ്റില്‍ ഫോട്ടോയില്‍ പകര്‍ത്തി പരിശോധിക്കുകയാണ്. ഈ ലേഖനം വായിച്ചുകൊണ്ടിരിക്കെ തിരകള്‍ ഇനിയുമുയരത്തില്‍ ജലകണികകള്‍ പാറിച്ചുകൊണ്ടിരിക്കുമെന്ന് ഉറപ്പാണ്. പക്ഷേ, നമുക്ക് ചലനങ്ങളെ അൽപസമയം ചലനരഹിതമാക്കി നിര്‍ത്താം.
മുകളിലേക്ക് പറക്കാന്‍ വെമ്പുന്ന കണങ്ങളെ അൽപസമയം നിശ്ചലമാക്കി നിര്‍ത്തി പരിശോധിക്കാം. നിർമിതബുദ്ധിയിലെ ഗവേഷണം പൊതുവില്‍ എവിടെയാണ് എത്തിനില്‍ക്കുന്നത് എന്ന് അന്വേഷിക്കുമ്പോള്‍ നമ്മില്‍ ഒരേസമയം ശുഭാപ്തിവിശ്വാസത്തിന്റെ വെളിച്ചം നിറയുകയും അതേസമയം അശുഭചിന്തകളുടെ മേഘം കനം വെക്കുകയും ചെയ്യുന്നു.
യന്ത്രബുദ്ധി: ജോലികളെ കീറിമുറിച്ചും സ്വയം പഠിച്ചും
മനുഷ്യന് ചെയ്യാന്‍ സാധിക്കുന്നെതല്ലാം ചെയ്യുന്ന യന്ത്രങ്ങളെ നിർമിക്കുക എന്നതാണ് നിർമിതബുദ്ധിയുടെ അപ്രഖ്യാപിത ലക്ഷ്യമെന്നു പറയാം. പൊതു നിർമിതബുദ്ധി എന്ന് നമുക്കതിനെ വിളിക്കാം. പക്ഷേ, അത് കരുതുംപോലെ എളുപ്പമല്ല. അതുകൊണ്ടാണ് നാം മനുഷ്യന്റെ കഴിവുകളെ പലതായി കാണാന്‍ ശ്രമിക്കുന്നത്. മനുഷ്യനെ പല കഴിവുകളുള്ള ജീവിയായി കീറിമുറിക്കുന്നതില്‍ അടിസ്ഥാനപരമായി ചില വൈചിത്ര്യങ്ങള്‍ കാണാം.
മനുഷ്യന്റെ കഴിവുകളേക്കാള്‍ അവന് ചെയ്യുന്ന ജോലികളാണ് പലപ്പോഴും നിർമിതബുദ്ധിയുടെ നിർമാണ പരിഗണനയില്‍ വരുന്നത്. ചെസ് കളിക്കുന്ന മനുഷ്യന് പകരമായി ഡീപ് ബ്ലൂ നിർമിച്ചതുപോലെ ഓരോ ജോലിക്കും ഓരോ നിർമിതബുദ്ധിയുള്ള യന്ത്രങ്ങളെ സൃഷ്ടിക്കുന്നു. ചെസ് കളിക്കുന്ന മനുഷ്യന് കോണിയും പാമ്പും കളിക്കല് ഒരു നിസ്സാര ഇടപാടാണ്.
പക്ഷേ ഗാരി കാസ്പ്രോവിനെ തോൽപിച്ച ഡീപ് ബ്ലൂവിന് കോണിയും പാമ്പും കളിക്കല് പ്രയാസമേറിയ മറ്റൊരു ജോലിയാണ്. കാറോടിക്കുന്ന മനുഷ്യന് മറ്റൊരു ഉദാഹരണമാണ്. കാറോടിക്കുന്ന മനുഷ്യന് ഒരുപാട് കഴിവുകള്‍ സമർഥമായി സംയോജിപ്പിച്ചാണ് ആ കർമം ചെയ്യുന്നത്. അതില്‍ കാഴ്ച, കണ്ട കാര്യങ്ങളെ ഉപയോഗിച്ച് തീരുമാനങ്ങള്‍ എടുക്കല്‍, ട്രാഫിക് നിയമങ്ങളെപ്പറ്റിയുള്ള അറിവ്, കാറിന്റെ പ്രത്യേകതകള്‍ തുടങ്ങി അനേകം കാര്യങ്ങള്‍ അതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. സ്വയം ഡ്രൈവ് ചെയ്യുന്ന കാര്‍ എന്നത് അത്തരം പല മൊഡ്യൂളുകള്‍ കൂടിച്ചേര്‍ന്ന ഒരു സംരംഭമാണ്. പ്രത്യേക ജോലികള്‍ ചെയ്യാനായി സൃഷ്ടിക്കുന്ന യന്ത്രങ്ങളെ നാരോ എ.ഐ (Narrow AI) എന്നാണ് വിളിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു നേര്‍ത്ത വഴിയുടെ പ്രശ്നം അത്തരം ഉപകരണങ്ങള്‍ക്കുണ്ട്.
കാറോടിക്കുന്ന ഒരാള്‍ക്ക് മോട്ടോര്‍ ബോട്ട് ഓടിക്കാന്‍ ചെറിയ പരിശീലനം മതിയാകും. എന്നാല്‍, കാര്‍ ഓടിക്കുന്ന നിർമിതബുദ്ധിക്ക് അതിനായി പ്രത്യേകം തയാറെടുക്കേണ്ടതുണ്ട്. നാം ബോധപൂർവമല്ലാതെ ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ നിർമിതബുദ്ധിയുടെ ഭൂമികയില്‍ വ്യത്യസ്തമായ വലിയ സംരംഭങ്ങളാണ് എന്നതാണ് വാസ്തവം. എന്നാല്‍ മനുഷ്യനേക്കാള്‍ മികച്ച രീതിയില്‍ പ്രത്യേക ജോലികള്‍ ചെയ്യാന്‍ നാരോ എ.ഐക്ക് സാധിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.
മറ്റൊരാളെ പഠിപ്പിക്കുമ്പോഴാണ് നാം കാര്യങ്ങള്‍ കൂടുതല്‍ ഗ്രഹിക്കുന്നത് എന്ന കാര്യം ഏറക്കുറെ എല്ലാവര്ക്കും അനുഭവമുള്ളതായിരിക്കും. ഒരു കുഞ്ഞിനെ അക്ഷരം പഠിപ്പിക്കുന്നതു മുതല്‍ സുഹൃത്തിന്റെ വീട്ടിലേക്കുള്ള വഴി പറഞ്ഞുകൊടുക്കുന്നതില്‍ വരെ പഠിപ്പിക്കല്‍ പരിപാടിയാണ്. പഠിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ നാം വിഷയത്തെ കീറിമുറിക്കുന്നു. ആ മുറിവില്‍ ദൃശ്യമാകുന്ന ആന്തരികഭാഗങ്ങള് നമ്മെ അമ്പരപ്പിക്കുകയും ഇത്രയും ഗഹനമായിരുന്നോ ഈ ചെറിയ കാര്യം എന്ന ചിന്ത ജനിപ്പിക്കുകയും ചെയ്യുന്നു. ഒരു മനുഷ്യനെ പഠിപ്പിക്കുന്നതിലും സങ്കീർണമാണ് ഒരു യന്ത്രത്തെ പഠിപ്പിക്കുന്നത്.
യന്ത്രങ്ങള്‍ ഏറക്കുറെ എല്ലാ കാര്യത്തിലും അജ്ഞരാണ്. അതുകൊണ്ട് ഓരോ സ്റ്റെപ്പും അവരെ ബോധിപ്പിക്കണം. ഓരോ ഘട്ടത്തിലും സാധ്യമായ തിരഞ്ഞെടുപ്പുകളെപ്പറ്റി അവരോട് മുന്‍കൂട്ടി പറയണം. അല്ലാത്ത ഘട്ടത്തില്‍ അവര്‍ പ്രവര്‍ത്തനം നിര്‍ത്തുകയോ ഒരിക്കലും അവസാനിക്കാത്ത ഒരു ചുഴിയില്‍ ചെന്ന് ചാടുകയോ ചെയ്യും. നിർമിതബുദ്ധിയുടെ നിർമാണത്തിലും ഈ പഠനപ്രവര്‍ത്തനങ്ങളാണ് ഇക്കാലമത്രയും നടത്തിക്കൊണ്ടിരുന്നത്. സിംബോളിക് നിർമിതബുദ്ധി (Symbolic AI) അഥവാ ഗുഡ് ഓള്‍ഡ് ഫാഷന്‍ഡ് എ.ഐ (GOFAI) എന്നാണ് ഈ രീതിയെ ഇപ്പോള്‍ വിളിക്കുന്നത്. ഈ രീതിയില്‍ കോഡ് ചെയ്യുന്ന നിർമിതബുദ്ധിയില്‍ ചെയ്യേണ്ട ജോലിയുടെ എല്ലാ ഘട്ടങ്ങളും വളരെ വിശദമായി പഠിപ്പിക്കണം. ഇതിന് ചില മെച്ചങ്ങളുണ്ട്. കോഡ് ചെയ്യുന്ന മനുഷ്യര്‍ക്ക് അത് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തമായ ധാരണ ഉണ്ടായിരിക്കും.
ഒരു പ്രതിസന്ധി ഘട്ടത്തില്‍ അത് എങ്ങനെ പെരുമാറുമെന്ന് പ്രവചിക്കാന്‍ സാധിക്കും. യന്ത്രത്തിന്റെ ഭാഗത്തുനിന്ന് അപ്രതീക്ഷിതമായ എന്തെങ്കിലും പ്രതികരണമുണ്ടായാല്‍ അത് എന്തുകൊണ്ടാണ് സംഭവിച്ചത് എന്ന് പിന്നീട് വിശകലനം ചെയ്യാന്‍ സാധിക്കും. സത്യത്തില്‍ ഈ പഴയ ഫാഷന്കാരന് അനുസരണയുള്ള നല്ലകുട്ടിയാണ്. ഡീപ് ബ്ലൂവും യൂജീന്‍ ഗൂസ്മനുമെല്ലാം പഴയമട്ടുകാരായിരുന്നു.
ഒരു കാര്യത്തെ സംബന്ധിച്ച സര്‍വകാര്യങ്ങളും കീറിമുറിച്ച് ഓരോ സന്ധികളെയും കണ്ടെത്തി എടുക്കേണ്ട തീരുമാനം വിശദീകരിച്ചുകൊണ്ട് തന്നെ വേണമോ ഈ പഠനം. നമ്മള് മലയാളം പഠിച്ചത് അതിന്റെ ഗ്രാമര്‍ അറിഞ്ഞതുകൊണ്ടാണോ? അല്ല. പകരം നിരന്തരം മലയാളം കേട്ടും വായിച്ചും വാക്യഘടന മനസ്സിലാക്കി അത് പ്രയോഗിക്കാന്‍ തുടങ്ങുന്നു.
തെറ്റ് വരുമ്പോള്‍ സ്വയം മനസ്സിലാക്കിയോ ആരെങ്കിലും പറഞ്ഞോ തിരുത്തുന്നു. ഈ പ്രക്രിയയിലെ പ്രധാനസംഗതി നമ്മള് വ്യാകരണം പഠിക്കാതെ അത് പ്രയോഗിക്കുന്നു എന്നതാണ്. ഈ രീതിയിലാണ് ഇപ്പോള്‍ ബൃഹദ് ഭാഷാ മാതൃകകളുടെ (Large Language Model -LLM) പഠനരീതി. അവര്‍ സാധ്യമായ അത്രയും ടെക്സ്റ്റുകള്‍ ശേഖരിക്കുന്നു. അവയുടെ പാറ്റേണുകളും ബന്ധങ്ങളും മനസ്സിലാക്കി അത് പ്രയോഗിക്കുന്നു.
യന്ത്രങ്ങളുടെ സ്വയംപഠനം (Machine Learning) അപ്രതീക്ഷിത വേഗത്തില്‍ അവയെ ലക്ഷ്യത്തിലെത്തിക്കുന്നു. നമ്മുടെ ചോദ്യങ്ങള്‍ക്ക് അവര്‍ മറുപടി പറയുന്നു. അത് സ്വയം പഠിച്ചുണ്ടാക്കിയതുപോലെ ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ ഏതാനും വര്‍ഷങ്ങളായി ഈ രംഗത്തെ വലിയ കുതിച്ചുചാട്ടത്തിന് കാരണമായി. വ്യാകരണം അറിയാതെ ഭാഷ പ്രയോഗിക്കുന്ന ലാളിത്യത്തോടെ അവര്‍ മറുപടി പറയുന്നു.
എന്തിന് വ്യാകരണത്തിലെ സംശയങ്ങള്‍ക്കുപോലും അവര്‍ മറുപടി തരുന്നു. പൊതു നിർമിതബുദ്ധിയിലേക്കുള്ള എത്തിച്ചേരലിന് ഈ രീതിയാണ് അഭികാമ്യം എന്ന് ചിലര്‍ വാദിക്കുന്നു. എന്നാല്‍, പഴയമട്ടിലുള്ള സിംബോളിക് രീതികൊണ്ടേ കാര്യങ്ങള്‍ ഗ്രഹിച്ച് പ്രവര്‍ത്തിക്കുന്ന യന്ത്രം നിർമിക്കാനാവൂ എന്ന് മറ്റൊരു കൂട്ടര് വാദിക്കുന്നു. രണ്ട് രീതികള്‍ക്ക് അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. എങ്കിലും പുതിയ രീതിയിലുള്ള യന്ത്രങ്ങളുടെ പഠനത്തിനാണ് ഇപ്പോള്‍ മുന്‍തൂക്കം.
ഒരു ശുഭാപ്തിവിശ്വാസിയുടെ അശുഭ ചിന്തകള്‍
ബൃഹദ് ഭാഷാ മാതൃകകള്‍ ഉപയോഗിച്ച് നിർമിച്ച ചാറ്റ്ജിപിടി 3.0യുടെ കാലത്ത് അവ നല്കിക്കൊണ്ടിരുന്ന വിചിത്രമായ ഉത്തരങ്ങള്‍ പലരും തമാശമട്ടില്‍ പ്രചരിപ്പിച്ചിരുന്നു. അക്ബര്‍ ചക്രവര്‍ത്തിയുടെ കേരള സന്ദര്‍ശനവും ഇല്ലാത്ത ഉപകരണങ്ങളുടെ പ്രവര്‍ത്തനരീതി വിശദീകരിക്കുന്ന ലേഖനങ്ങളും മറ്റും തികഞ്ഞ ആത്മവിശ്വാസത്തോടെ ചാറ്റ്ജിപിടി പുറത്തുവിട്ടിരുന്നു. അതിന് സമാനമായ മറ്റ് ചാറ്റ്ബോട്ടുകളുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല.
മാസങ്ങള്‍ക്കുള്ളില്‍ അവ ഇത്തരം തെറ്റുകളെ മറികടന്നു. ‘‘ചാറ്റ്ജിപിടിക്ക് തെറ്റ് പറ്റാം. പ്രാധാന്യമുള്ള വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തുക’’ എന്ന മുന്നറിയിപ്പ് ഇപ്പോഴും അതില്‍ പ്രദര്‍ശിപ്പിച്ചത് കാണാം. അതിന് കാരണം വളരെ ലളിതമാണ്. ലഭ്യമായ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടാണ് ഇവ തങ്ങളുടെ ശേഷി വർധിപ്പിക്കുന്നത്. ഡിജിറ്റല്‍ വിവരങ്ങള്‍ ഉൽപാദിപ്പിക്കുന്ന കാര്യത്തില്‍ അമേരിക്കയും ചൈനയുംപോലുള്ള രാജ്യങ്ങള്‍ ഇപ്പോഴും മുന്നിട്ടു നില്ക്കുന്നു.
ചരിത്രസമ്പത്തും സാംസ്കാരിക വൈവിധ്യവും ഏറെയുള്ള പല രാജ്യങ്ങളും വിവരോൽപാദനത്തിന്റെ കാര്യത്തില്‍ തുലോം പിന്നിലാണ്. എന്നാല്‍, ഭാഷാധിഷ്ഠിത മോഡലുകള്‍ ശേഖരിക്കുന്നതും വിലയിരുത്തുന്നതും ലഭ്യമായ ഡേറ്റയുടെ മുന്തൂക്കത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. രാജ്യങ്ങളെ സംബന്ധിക്കുന്ന നിലപാടുകളിലും സൂക്ഷ്മമായ വിവരങ്ങളിലും കൂടുതല്‍ ഡിജിറ്റല്‍ വിവരം ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളുടെ മുന്‍തൂക്കം തെളിഞ്ഞു നില്ക്കും.
രാജ്യങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസമുള്ള വിഷയങ്ങളില്‍ ഈ ഭാഷാമാതൃകകള്‍ ആശയക്കുഴപ്പമുണ്ടാക്കും. ഒരു യഥാർഥ മനുഷ്യനും ഇതേ പ്രശ്നങ്ങള്‍ ഉണ്ടാവാനിടയില്ലേ? ഉണ്ട്. പക്ഷേ മനുഷ്യന് പ്രതികരിക്കുന്നത് സാഹചര്യങ്ങള്‍കൂടി പരിഗണിച്ചാണ്. മനുഷ്യന്റെ പ്രതികരണത്തിന് യുക്തിയുടെയും സാമാന്യബുദ്ധിയുടെയും അടിത്തറയുണ്ട്. അതുകൊണ്ട് മുന്‍ധാരണയില്ലാത്തതോ താരതമ്യേന ആദ്യമായി കേള്‍ക്കുന്ന വിഷയത്തില്‍പോലും മനുഷ്യന് തീരുമാനമെടുക്കാന്‍ സാധിക്കും. സാംഖികത്തിന്റെയും ഡേറ്റാ വിശകലനത്തിന്റേയും മാത്രം പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു യന്ത്രത്തിന് എന്താണ് പറയുന്നത് എന്നതിനെപ്പറ്റി ഒരു ധാരണയുമില്ല.
അതുകൊണ്ട് ഇത്തരം യന്ത്രങ്ങളില്‍ സാമാന്യയുക്തി പ്രതീക്ഷിക്കുന്നതില്‍ അർഥമില്ല. സാമാന്യബോധത്തിന്റെ അഭാവം ഇപ്പോഴും ഇവയുടെ വലിയ പരിമിതിയാണ്. മറ്റൊരു കുതിച്ചുചാട്ടത്തിലൂടെ ഈ പരിമിതികളെ സാങ്കേതികവിദ്യ മറികടക്കും എന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. പക്ഷേ, അതിന് എത്രകാലം വേണ്ടിവരുമെന്ന് പറയാനാകില്ല.
മുകളില്‍ സൂചിപ്പിച്ച നേര്ത്തവഴികളുടെ പ്രതിസന്ധി എല്ലാ നിർമിതബുദ്ധിയെയും പിന്തുടരുന്നുണ്ട്. നാരോ എ.ഐ എന്ന് വിളിക്കുന്ന നിശ്ചിത ജോലികള്‍ക്കുവേണ്ടി സൃഷ്ടിച്ച യന്ത്രങ്ങള്‍ മറ്റ് കാര്യങ്ങളെ സന്നിവേശിപ്പിച്ച് വിപുലമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എങ്കിലും മനുഷ്യന് ഏറെ സങ്കീർണമായ ജോലികള്‍ ചെയ്യുന്ന, ഒരുപേക്ഷ എണ്ണിയാലൊടുങ്ങാത്ത ജോലികള്‍ ചെയ്യാന്‍ സാധിക്കുന്ന ജീവിയാണ്. അവയുടെ ജോലികള്‍ വ്യതിരിക്തമായി പരിഗണിച്ച് ശേഷികള്‍ വികസിപ്പിക്കാന്‍ തുടങ്ങിയാല്‍ അതിന് അന്ത്യമില്ലെന്ന് വരും. മനുഷ്യന് ചെയ്യുന്ന ലളിതമായ ചില ജോലികള്‍ യന്ത്രങ്ങളെ സംബന്ധിച്ച് വലിയ കടമ്പകളായിരിക്കും. ഒരു മേശ ഒറ്റക്ക് താങ്ങി ഒരിടത്തുനിന്ന് മറ്റൊരിടത്തെത്തിക്കാന്‍ യന്ത്രത്തിന് അത്ര പ്രയാസമില്ല.
എന്നാല്‍, ഒരുവശത്ത് ഒരു മനുഷ്യന് മേശ താങ്ങിയെടുക്കാന്‍ യന്ത്രത്തെ സഹായിക്കുകയാണെന്നിരിക്കട്ടെ, മനുഷ്യനെ സംബന്ധിച്ച് അത് ആയാസം കുറക്കുന്ന ഒരു വാഗ്ദാനമാണ്. എന്നാല്‍, യന്ത്രങ്ങള്ക്കാവട്ടെ അത് അവരോട് കാണിക്കുന്ന വലിയ ദ്രോഹമാണ്. കാരണം സഹായിക്കാനെത്തുന്ന മനുഷ്യന്റെ പ്രതികരണങ്ങളും നീക്കങ്ങളും കൂടി തിരിച്ചറിഞ്ഞേ ഈ പ്രവൃത്തി ചെയ്യാന്‍ സാധിക്കൂ. ഇപ്പോഴത്തെ അവസ്ഥയില്‍ ഇത്തരം ജോലിയിലെ ചെറിയ മാറ്റങ്ങള്‍ നിർമിതബുദ്ധിയുള്ള യന്ത്രങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കും.
ഇരുപതാം നൂറ്റാണ്ടിലെ ഭൗതിക ശാസ്ത്രജ്ഞന്മാരില് പ്രമുഖനാണ് റിച്ചാര്‍ഡ് ഫെയ്മാന്‍. ഫെയ്മാന്‍ 1988ല്‍ അന്തരിച്ചെങ്കിലും അദ്ദേഹത്തിന്റെ ക്വാണ്ടം കമ്പ്യൂട്ടിങ്, ക്വാണ്ടം അല്‍ഗോരിതം തുടങ്ങിയ വിഷയങ്ങളിലെ സംഭാവനകള്‍ നിർമിതബുദ്ധിയുടെ സമകാലിക സാഹചര്യത്തില്‍ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഗൗരവമുള്ള ശാസ്ത്രവിഷയങ്ങള്‍ രസകരമായി പറയാനുള്ള അദ്ദേഹത്തിന്റെ മിടുക്ക് കാരണം ഫെയ്മാന്‍ മികച്ച ഒരു അധ്യാപകന്‍കൂടിയായിരുന്നു. അദ്ദേഹത്തിന്റെ ആത്മകഥയായ ‘തീര്‍ച്ചയായും നിങ്ങള്‍ തമാശ പറയുകയാണ്, മിസ്റ്റര്‍ ഫെയ്മാന്‍’ എന്ന പുസ്തകത്തിലെ ഒരു ജീവിതാനുഭവം ഇവിടെ സാന്ദര്‍ഭികമായി ഉപയോഗിക്കുകയാണ്.
ഫെയ്മാന്‍ പതിനേഴ് പതിനെട്ട് വയസ്സ് പ്രായമുള്ളപ്പോള്‍ അവന്റെ അമ്മായി നടത്തിയിരുന്ന ഒരു ഹോട്ടലില്‍ ജോലിക്കാരനായി ചേര്‍ന്നു. ഒരു ഒഴിവുകാല ജോലി. ഹോട്ടലിലെ പലവിധം ജോലികള്‍ ചെയ്യണം. അതില്‍ അവനെ ഏറ്റവും മടുപ്പിച്ചത് ബീന്‍സ് അരിയുന്ന ജോലിയായിരുന്നു. ഒന്നോ രണ്ടോ ബീന്‍സ് എടുത്ത് ഒരിഞ്ച് വലുപ്പത്തില്‍ അരിഞ്ഞ് പാത്രത്തിലിടണം.
ആവര്‍ത്തനവിരസവും ഏറെ സമയം ആവശ്യമുള്ളതുമായ ഒരു ജോലി. അതിന്റെ വിരസതയകറ്റാന്‍ ഫെയ്മാന്‍ ഒരു മാര്‍ഗം കണ്ടെത്തി. മേശപ്പുറത്ത് നല്ല മൂര്‍ച്ചയുള്ള ഒരു കത്തി നാൽപത്തിയഞ്ച് ഡിഗ്രി ചരിച്ച് ഉറപ്പിച്ച് നിര്‍ത്തുക. ഒരുകൂട്ടം ബീന്‍സ് തയാറാക്കിവെക്കുക. ഓരോ ബീന്‍സ് ആയി ഓരോ കൈയിലുമെടുക്കുക. അവ കത്തിയുടെ ഭാഗത്തേക്ക് വേഗത്തില്‍ ചലിപ്പിച്ച് ഒരിഞ്ച് വലുപ്പത്തില്‍ മുറിഞ്ഞ് വീഴുന്ന കഷണങ്ങളെ മടിയിലുള്ള പാത്രത്തിലേക്ക് വീഴ്ത്തുക. സാധാരണയായി കത്തി ചലിപ്പിച്ച് ബീന്‍സ് അരിയുന്നതിന് പകരം ബീന്‍സ് ചലിപ്പിക്കുക. താളത്തില്‍ കൈകള്‍ ചലിപ്പിച്ച് വേഗത്തില്‍ ബീന്‍സ് അരിഞ്ഞിടുന്ന ഈ സംഗതി ഏറക്കുറെ വിജയകരമായിരുന്നു. പക്ഷേ അമ്മായിക്ക് സംഗതി പിടിച്ചില്ല. അമ്മായിയുടെ ദുഷ്ടമനസ്സ് പോലെ ഒരു അപകടം പിണഞ്ഞു.
കൈ നീക്കിക്കൊണ്ടിരിക്കുന്നതിനിടയില് ഫെയ്മാന്റെ വിരല്‍ അതില്‍ കുടുങ്ങി മുറിഞ്ഞു. അരിഞ്ഞു െവച്ച ബീന്‍സിലേക്ക് രക്തം പടര്‍ന്നു. അത്രയും ബീന്‍സ് ഉപേക്ഷിക്കേണ്ടി വന്നു. തന്റെ വിദ്യ കാര്യക്ഷമമായി പ്രവര്‍ത്തിച്ചെങ്കിലും രക്തം സൃഷ്ടിച്ച നഷ്ടം കാരണം ഒടുവില്‍ പദ്ധതി ഉപേക്ഷിച്ചു. ഫെയ്മാന്‍ ഒരു തമാശപോലെയാണ് ഈ സംഭവം വിവരിച്ചിരിക്കുന്നത്.
കേള്‍ക്കാന്‍ രസമുണ്ടെങ്കിലും ഒരു ഭൗതികശാസ്ത്രജ്ഞന്റെ ധൈഷണിക ജീവിതത്തില്‍ ഇതൊരു പ്രധാന കാര്യമല്ല. പക്ഷേ ഒരു കൗതുകത്തിന് ഫെയ്മാന്‍ പകരം നിർമിതബുദ്ധിയെ സങ്കൽപിക്കുക. ഏൽപിച്ച ജോലി കാര്യക്ഷമമായി ചെയ്യാന്‍ വഴികള്‍ പലത് കണ്ടെത്തിയാലും ഇങ്ങനെയൊരു വഴി കണ്ടെത്താന്‍ അത് ശ്രമിക്കില്ല. ബൃഹദ് ഭാഷാ മാതൃകകള്‍ നവീന ആശയങ്ങളും സങ്കീർണമായ പസിലുകളും നിർധാരണം ചെയ്യാറുണ്ട്. എങ്കിലും പുതിയ കണ്ടുപിടിത്തങ്ങളുടെ നിലവാരത്തിലേക്കുയരുന്ന ഒരു സര്‍ഗാത്മക ശേഷി ഇപ്പോള്‍ ഇതിനില്ല. ക്രിക്കറ്റ് കളിക്കാന്‍ വലിയ ഗ്രൗണ്ടുകളുടെ സൗകര്യമില്ലാത്ത കുട്ടികള്‍ വീട്ടുമുറ്റത്തും ഒഴിഞ്ഞ റോഡിലും നീണ്ട ഇടനാഴികളിലും ബാറ്റും ബോളും െവച്ച് കളിക്കുന്നത് കാണാം.
ഇവര്‍ സൗകര്യത്തിന് അനുസരിച്ച് ക്രിക്കറ്റിനോട് സമാനമായ ചില കളികളാണ് കളിക്കുന്നത്. ഈ സന്ദര്‍ഭത്തില്‍ ഭൂരിഭാഗം ക്രിക്കറ്റ് നിയമങ്ങളും അവര്‍ക്ക് ഒഴിവാക്കേണ്ടി വരും. ലഭ്യമായ ആളുകളുടെയും സ്ഥലത്തിന്റെയും സമയത്തിന്റേയും പരിഗണനയില്‍ പുതിയ ചില നിയമങ്ങള്‍ നിർമിക്കേണ്ടതായും വരും. മനുഷ്യര്‍ വളരെ ലളിതമായി ചെയ്യുന്ന ഒരു സര്ഗപ്രക്രിയയാണിത്. നിർമിതബുദ്ധിക്ക് അതൊരു ബാലികേറാമലയാണെന്ന് മാത്രമല്ല, അങ്ങനെയൊരു ചിന്ത നിർമിതബുദ്ധിയില്‍ ഇത്ര ലാഘവത്തോടെ രൂപപ്പെടാനുള്ള സാധ്യതയും കുറവാണ്. മനുഷ്യബുദ്ധിയുമായി ഏറെ അകലത്തിലാണ് നിർമിതബുദ്ധി എന്ന് ബോധ്യപ്പെടുത്തുന്ന മേഖലയാണിത്.
മനുഷ്യരുടെ ആശയവിനിമയം ഏറെ സങ്കീർണമാണ്. രണ്ടുപേര്‍ സംസാരിക്കുമ്പോള്‍ വാക്കുകളുടെ അർഥം മാത്രമല്ല, സംവേദനത്തിന്റെ നിദാനമായി പ്രവര്‍ത്തിക്കുന്നത്. വാക്കുകള്‍ ഉപയോഗിക്കുന്ന രീതി, ശബ്ദക്രമീകരണം, മുഖത്തെ ഭാവവ്യത്യാസങ്ങള്‍ തുടങ്ങി വളരെയേറെ കാര്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ടാണ് മനുഷ്യര്‍ സംവദിക്കുന്നത്. സംഭാഷണത്തിന്റെ ശബ്ദം, ചിത്രങ്ങള്‍, ടെക്സ്റ്റ് തുടങ്ങിയവ വിലയിരുത്തി അതിലെ വൈകാരികത മനസ്സിലാക്കാനുള്ള പരിശീലനം സിദ്ധിച്ച നിർമിതബുദ്ധി ലഭ്യമാണ്.
എങ്കിലും ഏറെ വികസിപ്പിക്കേണ്ട ഒരു മേഖലയാണിത്. ഇഴപിരിച്ചെടുക്കാനാവാത്ത അനേകം അടരുകള്‍ ഇത്തരം സംവേദനങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. അതില്‍ സാമൂഹികവും ചരിത്രപരവും സാന്ദര്‍ഭികവുമായ ഘടകങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ നിർമിതബുദ്ധിയുടെ ഇടപെടലുകള്‍ ചിലപ്പോള്‍ ശരിയാവുകയും മറ്റ് ചില സന്ദര്‍ഭങ്ങളില്‍ തെറ്റിപ്പോവുകയും ചെയ്യുന്നു. വളര്‍ന്നുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യ എന്നനിലക്ക് ഇത്തരം തെറ്റുകള്‍ കണ്ടില്ലെന്ന് വെക്കാവുന്നതേയുള്ളൂ എന്ന് തോന്നിയേക്കാം. എപ്പോഴും അത് അത്ര നിസ്സാരമാകണമെന്നില്ല.
യന്ത്രത്തെ തുടക്കത്തില്‍ സംശയിക്കുകയും ഒരു ഘട്ടത്തിനുശേഷം പൂർണമായും വിശ്വസിക്കുകയും ചെയ്യുന്നത് മനുഷ്യസഹജമാണ്. ഇതിന്റെ ഏറ്റവും സാധാരണമായ ഉദാഹരണമാണ് സൂപ്പര്‍മാര്‍ക്കറ്റിലെ കമ്പ്യൂട്ടര്‍ ബില്ലുകള്‍. കമ്പ്യൂട്ടര്‍ ബില്ലുകളിലെ സാധനങ്ങള്‍ ഒത്തുനോക്കുമെങ്കിലും സംഖ്യകള്‍ തമ്മില്‍ കൂട്ടിനോക്കാന്‍ ആരും മെനെക്കടാറില്ല. കാരണം, നമ്മുടെ പരിശോധനയില്‍ ഒരിക്കല്‍പോലും ഒരു തെറ്റ് കണ്ടിരിക്കാനിടയില്ല. അതുകൊണ്ട് അസാധാരണമാം വിധം നാം അതിനെ വിശ്വസിക്കുന്നു.
എന്നാല്‍, പതിനായിരം, ഇരുപതിനായിരം തുടങ്ങി അവസാനം നാല് പൂജ്യം വരുന്ന സംഖ്യകള്‍ ക്രമനമ്പറായി വരുന്ന ബില്ലുകളില്‍ ചെറിയ തെറ്റ് വരുന്നു എന്ന് സങ്കൽപിക്കുക. അത്തരം തെറ്റുകള്‍ നാം ശ്രദ്ധിക്കുകയില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് വളരെ അസാധാരണമായ ഒരു സംഗതിയാണ്. എന്നാല്‍ സ്വയം ഡ്രൈവ് ചെയ്യുന്ന കാറുകളോ വിമാനത്തെ നിയന്ത്രിക്കുന്ന ഉപകരണങ്ങളിലോ നിർമിതബുദ്ധിയുള്ള യന്ത്രങ്ങള്‍ക്കോ ഈ ലാഘവത്വം അനുവദിക്കാന്‍ സാധിക്കില്ല.
യന്ത്രങ്ങള്‍ വിവരങ്ങള്‍ പരമാവധി പഠിച്ചെടുത്ത് അതിലെ പാറ്റേണുകള്‍ മനസ്സിലാക്കിയാണ് നിർമിതബുദ്ധി പ്രദര്‍ശിപ്പിക്കുന്നത്. യന്ത്രങ്ങളുടെ ഈ പഠനരീതി മനുഷ്യരുടെ പഠനവുമായി വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഗോ ഗെയിം കളിക്കാനായി നിർമിച്ച ആല്ഫാഗോയുടെ ഉയര്‍ന്ന വേര്‍ഷന്‍ ആല്‍ഫ സീറോ എന്ന നിർമിതബുദ്ധി വെറും 34 മണിക്കൂറുകള്‍കൊണ്ട് 21 ദശലക്ഷം കളികള്‍ പരിശീലിക്കുകയും ഗോ ഗെയിം കളിക്കാന്‍ തയാറാവുകയുംചെയ്തു.
ഇത്രയും കളികള്‍ പഠിച്ചുവെക്കല് മനുഷ്യസാധ്യമല്ല. ആല്‍ഫാ സീറോ അത്രയും കളികള്‍ സ്വായത്തമാക്കിക്കൊണ്ടാണ് കളി പഠിക്കുന്നതെങ്കില്‍ മനുഷ്യന് ഇത്രയും കളി പഠിക്കേണ്ട കാര്യമല്ല. ഇതേ കാര്യക്ഷമതയില്‍ കളിക്കാന്‍ ഏതാനും മനുഷ്യന് ഒരുപാട് കളികള്‍ കളിക്കുകയും ചിന്തിക്കുകയും തന്ത്രങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യേണ്ടിവന്നേക്കാം.
പക്ഷേ, ആല്‍ഫാ സീറോയുടെ നിലവാരത്തിലെത്താന്‍ ലക്ഷക്കണക്കിന് കളികള്‍ കളിക്കാതെതന്നെ മനുഷ്യന് സാധിക്കും. ഏറക്കുറെ എല്ലാ കാര്യങ്ങളിലും ഇത് ബാധകമാണ്. കാര്‍ ഡ്രൈവിങ് അറിയാവുന്ന വ്യക്തി ഏതാനും മണിക്കൂറുകള്‍കൊണ്ട് ഏത് പുതിയ കാറും കൈകാര്യംചെയ്യും. ഏതാനും സാമ്പിള്‍ ഉപയോഗിച്ച് കഴിവുകള്‍ സ്വായത്തമാക്കാനുള്ള കഴിവ് നിർമിതബുദ്ധി ഇതുവരെ സിദ്ധിച്ചിട്ടില്ല.
ലഭ്യമായ വിവരങ്ങള്‍ മുഴുവന്‍ പരിശോധിച്ച് പാറ്റേണുകള്‍ കണ്ടെത്തുന്ന നിർമിതബുദ്ധിയുടെ പഠനരീതിയില്‍ മറ്റൊരു അപകടം ഒളിഞ്ഞിരിക്കുന്നുണ്ട്. ഇത്തരം നിർമിതബുദ്ധി ഒരു തെറ്റ് വരുത്തിയാല്‍ അത് എന്തുകൊണ്ടാണ് സംഭവിച്ചത് എന്ന് മനുഷ്യന് കണ്ടെത്താന്‍ എളുപ്പമല്ല. വിവരങ്ങളെ അടിസ്ഥാനമാക്കി അത് എന്താണ് പഠിച്ചെടുത്തിരിക്കുന്നത് എന്ന് നമുക്കറിയില്ല. യന്ത്രങ്ങളുടെ അറിവ് ഒരു തമോഗര്ത്തത്തിനുള്ളില്പെട്ട പ്രകാശരശ്മി പോലെ ഇരുട്ടില്‍ അകപ്പെടുന്നു. യന്ത്രങ്ങള്‍ നടത്തുന്ന പഠനത്തിലെ പിഴവുകള്‍ അപ്രതീക്ഷിത സാഹചര്യങ്ങളിലാവും തെളിഞ്ഞു വരിക.
ആ പിഴവുകള്‍ക്ക് കാരണം യന്ത്രങ്ങള്‍ മാത്രമാകണം എന്നില്ല. യന്ത്രങ്ങളും അത് പ്രയോഗിക്കുന്ന മനുഷ്യരും തമ്മിലുള്ള ആശയക്കുഴപ്പം പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. യന്ത്രങ്ങള്‍ തെറ്റായി പഠിച്ചതുകൊണ്ട് പ്രതിസന്ധികള്‍ ഉണ്ടായേക്കാം. മൊബൈല്‍ ഫോണ്‍ നഷ്ടപ്പെടുമ്പോള്‍ ആരുടെയും നമ്പര്‍ അറിയാത്തതിനാല്‍ ഒറ്റപ്പെട്ടുപോകുന്ന മനുഷ്യരുടെ അവസ്ഥ, അഥവാ, മനുഷ്യന് യന്ത്രത്തിനെ അകമഴിഞ്ഞ് ആശ്രയിക്കുന്നതുകൊണ്ടുള്ള കുഴപ്പങ്ങള്‍ സംഭവിക്കാം.
നിർമിതബുദ്ധിയുള്ള രണ്ട് യന്ത്രങ്ങള്‍ കൂടിച്ചേര്‍ന്ന് ചെയ്യുന്ന കാര്യങ്ങള്‍ അവ പരസ്പരം ആശയവിനിമയം നടത്തുന്നതിലുള്ള പിഴവുകള്‍ കാരണം പരാജയപ്പെട്ടേക്കാം. മനുഷ്യരുടെ ഇടപെടല്‍ കാരണം വലിയ അളവില്‍ തെറ്റായ ഡേറ്റ ലഭിച്ച നിർമിതബുദ്ധി ഡേറ്റയുടെ പിന്‍ബലത്തില്‍ തെറ്റായി പ്രവര്‍ത്തിച്ചേക്കാം. അങ്ങനെ അനേകം പ്രശ്നങ്ങള്‍ നിർമിതബുദ്ധി നേരിടുന്നുണ്ട്.
മുകളില്‍ പരാമര്‍ശിച്ച അശുഭ ചിന്തകള്‍ പലതിനെയും ഖണ്ഡിക്കാവുന്ന ഉദാഹരണങ്ങള്‍ നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍നിന്നും ലേഖനങ്ങളില്‍നിന്നും ചികഞ്ഞെടുക്കാവുന്നതാണ്. പക്ഷേ, നിർമിതബുദ്ധിയുടെ പൊതു അവസ്ഥയെ പരിശോധിക്കുമ്പോള്‍ ഏതാനും വിജയഗാഥകള്കൊണ്ട് പൊതുനിലപാടില്‍ എത്താന്‍ സാധിക്കില്ല.
വാഹനങ്ങളുടെ വശങ്ങളിലെ കണ്ണാടിയില്‍ പ്രതിഫലിച്ച് കാണുന്ന വസ്തുക്കള്‍ നിങ്ങള്‍ കരുതുന്നതിനേക്കാള്‍ അടുത്താണ് എന്ന് എഴുതിവെക്കുന്നതുപോലെ നിർമിതബുദ്ധി മനുഷ്യരോട് മുന്‍കരുതലുകളെ ഓർമിപ്പിക്കുന്നത് സാധാരണമാണ്. കണ്ണാടിയിലെ ബിംബങ്ങള്‍ യഥാർഥ വസ്തുവിനോട് കാണിക്കുന്ന ഈ പൊരുത്തക്കേട് സൃഷ്ടിക്കാവുന്ന അപകടങ്ങളേക്കാള്‍ സങ്കീർണമാണ് നിർമിതബുദ്ധി സൃഷ്ടിക്കാനിടയുള്ള പ്രതിസന്ധി.
എല്ലാറ്റിലുമുപരി അസാധാരണ സന്ദര്‍ഭങ്ങളില്‍ മനുഷ്യന്റെ തീരുമാനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ട് മാത്രമാണ് ഇപ്പോഴത്തെ അവസ്ഥയില്‍ നിർമിതബുദ്ധിയെ നാം പ്രയോജനപ്പെടുത്തുന്നത്. ഒരു പ്രതിസന്ധിഘട്ടത്തില്‍ മനുഷ്യന് നേരിട്ട് ഇടപെടും എന്ന നിലയിലാണ് നിർമിതബുദ്ധിയെ നാം ഉപയോഗിക്കുന്നത് എന്ന് ചുരുക്കം.
ഇതില്‍ ഏറ്റവും ഭയാനകമായ സ്ഥിതിവിശേഷം നിർമിതബുദ്ധിയുള്ള യന്ത്രങ്ങള്‍ നിർമിതബുദ്ധിയുള്ള മറ്റ് യന്ത്രങ്ങളെ നിർമിക്കുന്നതാണ്. സ്വന്തമായി കമ്പ്യൂട്ടര്‍ കോഡുകള്‍ എഴുതാന്‍ ശേഷിയുള്ള നിർമിതബുദ്ധിക്ക് പുതിയ നിർമിതബുദ്ധിയുള്ള യന്ത്രങ്ങളെ സൃഷ്ടിക്കാന്‍ സാധിക്കും. അങ്ങനെ വരുമ്പോള്‍ മനുഷ്യസഹായമില്ലാതെ തന്നെ, മനുഷ്യന് ഗുണകരമായോ ദോഷകരമായോ പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങള്‍ സൃഷ്ടിക്കപ്പെട്ടേക്കാം.
ആറ്റോമിക് റിയാക്ടറുകളുടെയും വിവിധ രാജ്യങ്ങളിലെ യുദ്ധസന്നാഹങ്ങളുടെയും മറ്റും നിയന്ത്രണങ്ങള്‍ കൈയാളി അവ മനുഷ്യന് എതിരെ പ്രവര്‍ത്തിക്കുന്നത് ഒരു സയന്‍സ് ഫിക്ഷന്‍ സങ്കൽപം മാത്രമല്ലാത്ത ഘട്ടംപോലും വന്നെത്തിയേക്കാം. ഈ ലേഖനത്തിന്റെ തുടക്കത്തില്‍ പരാമര്‍ശിച്ച രാജകീയ സന്ദേശവാഹകനെപ്പോലെ വാതിലുകള്‍ ഒന്നൊന്നായി തുറന്ന് നിർമിതബുദ്ധി അതിന്റെ പ്രയാണം തുടരുന്നതിനാല്‍, ഈ ലേഖനം വായിച്ചുകൊണ്ടിരിക്കെതന്നെ ഇതിലെ പല അവസ്ഥകളിലും വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കപ്പെട്ടേക്കാം.
മാത്രമല്ല, ഇതിലെ പല പരിമിതികളും ആകാശത്ത് പറക്കുന്ന പക്ഷി താഴെ ഭൂമിയിലേക്ക് നോക്കുന്ന കാഴ്ചയുടെ സ്ഥൂലതയുള്ള വിശകലനങ്ങളാണ്. നിർമിതബുദ്ധിയുടെ പ്രതീക്ഷയുടെ ചിറകുകളില്‍ മനുഷ്യരാശിയുടെ തകര്‍ച്ചയുടെ ഭീതി ദര്‍ശിക്കുന്നത് ആരോഗ്യകരമായ നിലനിൽപിന് അനിവാര്യവുമാണ്. പുതിയ വാതിലുകള്‍ ഇനിയും തുറക്കപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല.