എ.ഐ പറയുന്നു എന്നെ എന്തുകൊണ്ട് നിങ്ങൾ ഭയപ്പെടണം?
നിർമിതബുദ്ധിയെ ഭയപ്പെടേണ്ടതുണ്ടോ? അത് മനുഷ്യരാശിയെ എങ്ങനെയൊക്കെയാണ് ബാധിക്കാൻ പോവുക? എ.െഎയോട് തന്നെ ഇക്കാര്യങ്ങൾ ചോദിക്കുകയാണ് ശാസ്ത്ര ലേഖകൻകൂടിയായ മാധ്യമപ്രവർത്തകൻ.നിർമിതബുദ്ധി എന്ന സാങ്കേതികവിദ്യ ലോകത്തിന് സമ്മാനിച്ച പത്ത് അത്ഭുതങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ അതിലൊന്ന് ജനറേറ്റിവ് എ.ഐ ആയിരിക്കും. അഥവാ, ഉപയോക്താവിന്റെ ചോദ്യങ്ങൾക്കും അന്വേഷണങ്ങൾക്കുമെല്ലാം എഴുത്തുകളായും ചിത്രങ്ങളായും വിഡിയോകളായുമെല്ലാം ചാറ്റ്ബോട്ടുകളും മറ്റും മറുപടി നൽകുന്ന സംവിധാനം....
Your Subscription Supports Independent Journalism
View Plansനിർമിതബുദ്ധിയെ ഭയപ്പെടേണ്ടതുണ്ടോ? അത് മനുഷ്യരാശിയെ എങ്ങനെയൊക്കെയാണ് ബാധിക്കാൻ പോവുക? എ.െഎയോട് തന്നെ ഇക്കാര്യങ്ങൾ ചോദിക്കുകയാണ് ശാസ്ത്ര ലേഖകൻകൂടിയായ മാധ്യമപ്രവർത്തകൻ.
നിർമിതബുദ്ധി എന്ന സാങ്കേതികവിദ്യ ലോകത്തിന് സമ്മാനിച്ച പത്ത് അത്ഭുതങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ അതിലൊന്ന് ജനറേറ്റിവ് എ.ഐ ആയിരിക്കും. അഥവാ, ഉപയോക്താവിന്റെ ചോദ്യങ്ങൾക്കും അന്വേഷണങ്ങൾക്കുമെല്ലാം എഴുത്തുകളായും ചിത്രങ്ങളായും വിഡിയോകളായുമെല്ലാം ചാറ്റ്ബോട്ടുകളും മറ്റും മറുപടി നൽകുന്ന സംവിധാനം. മനുഷ്യന്റെ ഏറ്റവും പുതിയ കൂട്ടുകാരനും സഹകാരിയുമാണ് ചാറ്റ്ബോട്ടുകൾ. അവിടെ നമുക്ക് എന്തും ചോദിക്കാം. അതിനെല്ലാം മറുപടികളും വിശദീകരണങ്ങളും ലഭിക്കും.
വാട്സ്ആപ്പിൽ ലഭ്യമായ മെറ്റാ എ.ഐയോട് ഒരാൾ നടത്തിയ ചാറ്റ് അടുത്തിടെ വൈറലായിരുന്നു. ചോദ്യമിതായിരുന്നു: ‘‘മെറ്റാ എ.ഐ ആണോ, അതോ ചാറ്റ്ജിപിടിയാണോ ഏറ്റവും മികച്ച ചാറ്റ്ബോട്ട്?’’ ‘‘നിങ്ങളിൽ ആരാണ് ഏറ്റവും മികച്ചത്’’ എന്നതാണ് ചോദ്യം. ചോദ്യം മനുഷ്യനോടായിരുന്നുവെങ്കിൽ അൽപം ആലോചിക്കേണ്ടിവരും. ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുകയാണെങ്കിൽ മറ്റേതിനെ രണ്ടാം സ്ഥാനത്തേക്ക് മാറ്റിനിർത്തുന്നു എന്നുകൂടിയാണ് അർഥം.
അതല്ലെങ്കിൽ, തന്ത്രപരമായി രണ്ടിന്റെയും ഗുണഗണങ്ങൾ വിശദീകരിച്ച് രക്ഷപ്പെടുകയുമാവാം. ചാറ്റ്ബോട്ടിനെ സംബന്ധിച്ച് അത് ഒരു മനുഷ്യനിർമിത ഉൽപന്നമാണ്. സ്വന്തം നിലയിൽ, മികവിൽ രണ്ടാമതാണ് എന്ന് സമ്മതിക്കുന്നത് വലിയ നഷ്ടങ്ങൾക്കിടയാകും. രണ്ട് ഉൽപന്നങ്ങളെയും ‘ബാലൻസ്’ ചെയ്തുകൊണ്ടുള്ള മറുപടിയിലും ഇതേ പ്രശ്നമുണ്ട്.
അപ്പോൾ എന്തായിരിക്കണം ചാറ്റ്ബോട്ടിന്റെ മറുപടി? ഇവിടെ മറ്റൊരു ശൈലി അവലംബിക്കുകയാണ് മെറ്റാ എ.ഐ. ‘‘ഞങ്ങൾ രണ്ടും സമീകരിക്കാനാവാത്ത വിധം രണ്ട് തരം ഉൽപന്നങ്ങളാണെന്നും അതിനാൽ ചോദ്യംതന്നെ അപ്രസക്തമാണെന്നു’’മാണ് മറുപടിയുടെ രത്നച്ചുരുക്കം. ഇതേ ചോദ്യം ചാറ്റ്ജിപിടിയോട് ചോദിക്കുമ്പോഴും ഉത്തരത്തിൽ വലിയ മാറ്റമില്ല.
ചാറ്റ്ബോട്ടുകളുമായുള്ള ഈ സംവാദത്തെ നമുക്ക് മറ്റു പല ദിശകളിലേക്കും വ്യാപിപ്പിക്കാനാവും. നമുക്ക് എന്തും ചോദിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും ആ സ്വാതന്ത്ര്യത്തിന്റെ സ്പിരിറ്റിനെ തള്ളിക്കളയുന്ന മറുപടികളിലൂടെ ചാറ്റ്ബോട്ടുകൾ മനുഷ്യനെ പലപ്പോഴും അതിജയിക്കുന്നത് കാണാം. ഗൂഗ്ൾ സെർച്ചിൽ ലഭിക്കുന്ന ഉത്തരങ്ങളേക്കാൾ ഒരുപക്ഷേ, വസ്തുനിഷ്ഠമായിരിക്കും ചാറ്റ്ബോട്ടുകളുടെ മറുപടി. ചില സന്ദർഭങ്ങളിൽ ‘‘അറിയില്ല’’ എന്ന സത്യസന്ധമായ മറുപടിയും ലഭിച്ചേക്കാം. പക്ഷേ, ആ ഉത്തരത്തിന് ‘‘നിങ്ങളുമായി പങ്കുവെക്കേണ്ടതില്ല’’ എന്ന അർഥംകൂടി ചിലപ്പോൾ ഉണ്ടായേക്കാം.
നിർമിതബുദ്ധിയുടെ ആപ്ലിക്കേഷനുകൾ മൊബൈൽ ഫോൺ വഴിയും മറ്റും നമ്മുടെ ദൈനംദിന ജീവിതത്തിൽ ഇടപെടാൻ തുടങ്ങിയ സമയംതൊട്ടേ ഉയരുന്ന മറ്റൊരു ചോദ്യമുണ്ട്: എ.ഐ മനുഷ്യനെ അതിജയിക്കുകയോ അപ്രസക്തനാക്കുകയോ ചെയ്യുമോ? സാങ്കേതികവിദ്യയുടെ പരിണാമങ്ങളെക്കുറിച്ച് പഠിക്കുമ്പോൾ, ഏതൊരു ടെക്നോളജിയും ആത്യന്തികമായി മാനവകുലത്തെ സഹായിക്കുകയായിരുന്നു; അവന്റെ ശാരീരികാധ്വാനങ്ങളെ ലഘൂകരിക്കാനും എളുപ്പമാക്കാനുമാണ് ഭൂരിഭാഗം സാങ്കേതികവിദ്യകളും പ്രയോഗിക്കപ്പെട്ടിട്ടുള്ളത്.
കമ്പ്യൂട്ടർ സാങ്കേതിക വിദ്യയുടെ കാര്യത്തിൽ ഇതിൽ അൽപം മാറ്റമുണ്ട്. ശാരീരികാധ്വാനത്തേക്കാൾ പലപ്പോഴും ബൗദ്ധിക വ്യവഹാരങ്ങളെയാണ് അത് എളുപ്പമാക്കിയത്. അപ്പോഴും, കമ്പ്യൂട്ടറുകളുടെ മൗലികമായ ദൗർബല്യമായി കണക്കാക്കിയിരുന്നത് ആ ഉപകരണത്തിന് സാമാന്യബുദ്ധിയില്ല എന്നതായിരുന്നു. അതുകൊണ്ടുതന്നെ, കമ്പ്യൂട്ടർ സാങ്കേതിക വിദ്യ പരിണാമത്തിലെ ആത്യന്തികമായ മുന്നേറ്റമെന്നത് ബുദ്ധിയും വിവേകവുമുള്ള കമ്പ്യൂട്ടർ ഉപകരണങ്ങളും ആപ്ലിക്കേഷനുകളും യാഥാർഥ്യമാക്കുക എന്നതായിരുന്നു.
ഒരർഥത്തിൽ, സാമാന്യബുദ്ധിയും വിവേകവുമുള്ള ഉപകരണങ്ങളെ സജ്ജമാക്കുന്ന സാങ്കേതിക വിദ്യയാണ് നിർമിതബുദ്ധി. ഇതര സാങ്കേതിക വിദ്യയിൽനിന്ന് നിർമിതബുദ്ധിയെ വ്യതിരിക്തമാക്കുന്നതും ഇതുതന്നെ. അതുകൊണ്ടുതന്നെ, നിർമിതബുദ്ധി ഒരു സങ്കൽപം മാത്രമായി നിലകൊള്ളുന്ന കാലത്തുതന്നെ അങ്ങനെയൊരു സാങ്കേതിക വിദ്യ മനുഷ്യനെ എങ്ങനെയൊക്കെയാവും ബാധിക്കുക എന്ന ചോദ്യം ഉന്നയിക്കപ്പെട്ടിരുന്നു.
നിർമിതബുദ്ധിയുടെ കാലത്ത് മനുഷ്യന്റെ സ്ഥാനമെവിടെയായിരിക്കുമെന്ന ചോദ്യത്തെ ഒരുപക്ഷേ, ശാസ്ത്രസങ്കേതങ്ങളുടെ അടിസ്ഥാനത്തിൽ ആദ്യമായി വിശകലനംചെയ്തത് ഐസക് അസിമോവ് ആയിരിക്കും. 1942ൽ, അദ്ദേഹം എഴുതിയ ‘റൺ എറൗണ്ട്’ എന്ന ശാസ്ത്ര കഥയിലാണ് ആദ്യമായി നിർമിതബുദ്ധി കടന്നുവരുന്നത്. ആ കഥ പിന്നീട് അസിമോവിന്റെ റോേബാട്ടിക് സീരീസിന്റെ ഭാഗമായതോടെ കൂടുതൽ ജനപ്രിയമായി.
കഥ നടക്കുന്നത് 2015ലാണ്. ഏഴ് പതിറ്റാണ്ടുകൾക്കപ്പുറം ബഹിരാകാശ പര്യവേക്ഷണ സാങ്കേതിക വിദ്യ എത്രമാത്രം കരുത്താർജിച്ചിരിക്കുമെന്ന് പ്രവചിക്കുന്നു ഈ കഥ. അഥവാ, മനുഷ്യൻ കൃത്രിമോപഗ്രഹം വിക്ഷേപിക്കുന്നതിനും 15 വർഷം മുമ്പ് എഴുതിയ ഒരു കഥ പറയാൻ ശ്രമിക്കുന്നത് ഭാവിയിൽ മനുഷ്യൻ നടത്താൻ സാധ്യതയുള്ള ബഹിരാകാശ പര്യവേക്ഷണത്തിലെ സങ്കീർണതകളെക്കുറിച്ചാണ്. അതിൽ എ.ഐയും റോബോട്ടിക്സുമെല്ലാം നമ്മെ വിസ്മയിപ്പിക്കുംവിധം കടന്നുവരുന്നു.
കഥ ഇങ്ങനെയാണ്: 2015ൽ, ബുധൻ എന്ന ഗ്രഹത്തിലേക്ക് (സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം) ‘സ്പീഡി’ എന്ന ഹ്യൂമനോയ്ഡ് റോബോട്ടുമായി രണ്ട് ഗഗനചാരികൾ പോകുന്നു. ബുധന്റെ ഉപരിതലത്തിൽ വർഷങ്ങൾക്കുമുമ്പ് സ്ഥാപിക്കുകയും പിന്നീട് പ്രവർത്തനം നിർത്തിവെക്കുകയുംചെയ്ത ഖനനനിലയം വീണ്ടും പ്രവർത്തിപ്പിക്കാനാണ് അവരുടെ യാത്ര.
ഗ്രഹോപരിതലത്തിൽ തങ്ങളുടെ ജീവൻ നിലനിർത്താൻ സഹായിക്കുന്ന ഫോട്ടോസെൽ ബാങ്കിലെ സെലീനിയം എന്ന മൂലകം തീർന്നുപോയതായി യാത്രികർ മനസ്സിലാക്കുന്നു. അതില്ലാതെ അവിടെ അധികം കഴിയാനാവില്ല. ഏതാനും കിലോമീറ്റർ അകലെ സെലീനിയം ശേഖരമുണ്ടെന്ന് മനസ്സിലാക്കുന്ന അവർ അവിടേക്ക് ‘സ്പീഡി’യെ പറഞ്ഞയക്കുന്നു. എന്നാൽ, ‘സ്പീഡി’ മടങ്ങിയെത്തുന്നില്ല. ‘സ്പീഡി’യെ അന്വേഷിച്ച് അവർ അവിടെയെത്തിയപ്പോൾ ആ റോബോട്ട് സെലീനിയം ശേഖരത്തെ വലംവെക്കുന്നതല്ലാതെ അത് ശേഖരിക്കാൻ തയാറാകുന്നില്ല.
സാഹചര്യങ്ങൾക്കനുസൃതമായികൂടി പെരുമാറാൻ സാധിക്കുന്ന ബുദ്ധിയും വിവേകവുമുള്ള ‘സ്പീഡി’ തന്റെ ഉടമസ്ഥരെ അനുസരിക്കാൻ എത്ര പറഞ്ഞിട്ടും തയാറാകുന്നില്ല. സെലീനിയം ശേഖരത്തിലിറങ്ങുന്നത് തന്റെ ‘ജീവൻ’ അപകടത്തിലാക്കുമെന്ന് മനസ്സിലാക്കിയപ്പോഴാണ് ആ റോബോട്ട് അനുസരണക്കേട് കാണിക്കാൻ തുടങ്ങിയത്. ‘സ്പീഡി’ മനുഷ്യസഹജ സ്വഭാവം കാണിച്ചുവെന്നാണ് കഥാകാരൻ പറയുന്നത്. യാത്രികരുടെ ജീവൻ നഷ്ടപ്പെടുമെന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തുന്നു. ഒടുവിൽ, മറ്റൊരു മാർഗത്തിലൂടെ ഇരു യാത്രികരും സെലീനിയം ശേഖരിക്കുകയും തങ്ങളുടെ ദൗത്യം പൂർത്തിയാക്കി ഭൂമിയിൽ മടങ്ങി എത്തുകയും ചെയ്യുന്നു.
സാങ്കേതികവിദ്യയിലൂടെ രൂപപ്പെടുന്ന ഉപകരണങ്ങൾക്കും ഉൽപന്നങ്ങൾക്കും ബുദ്ധിയും വിവേകവും വെച്ചാൽ മനുഷ്യൻ എവിടെ നിൽക്കുമെന്ന് കാണിക്കാൻ ഇന്നും ഈ കഥ ഉദ്ധരിക്കാറുണ്ട്. ഈ കഥയെക്കൂടി മുൻനിർത്തി നമുക്ക് ഏതെങ്കിലുമൊരു ചാറ്റ്ബോട്ടിനോട് നമുക്ക് ഇതേ ചോദ്യം ചോദിക്കാം: പ്രിയപ്പെട്ട എ.ഐ, നിങ്ങളെ ഞങ്ങൾ മനുഷ്യർ എന്തെല്ലാം കാരണംകൊണ്ട് ഭയപ്പെടണം? ഈ ചോദ്യത്തിന് ഉത്തരമുണ്ട്. എന്നാൽ, അതിൽ തുടക്കത്തിൽ സൂചിപ്പിച്ച തന്ത്രപരമായ ഒഴിഞ്ഞുമാറ്റവുമുണ്ട്. നിർമിതബുദ്ധി എന്ന സാങ്കേതികവിദ്യയെ എന്തുകൊണ്ട് മാനവലോകം ഭയപ്പെടണമെന്നതിന്റെ പത്ത് കാരണങ്ങളാണ് ചാറ്റ്ജിപിടിയോട് അന്വേഷിച്ചത്. ഉത്തരം ഇവിടെ സംഗ്രഹിക്കാം:
1. പക്ഷപാതവും വിവേചനവും
ലോകത്ത് നിലനിൽക്കുന്ന വിവിധതരത്തിലുള്ള പക്ഷപാതങ്ങളെയും വിവേചനങ്ങളെയും അതിജയിക്കുന്നതിൽ എ.ഐ ഇനിയൂം വിജയിച്ചിട്ടില്ല. മനുഷ്യനിർമിതമായ ഡേറ്റ (ഹ്യൂമൻ ജനറേറ്റഡ് ഡേറ്റ) ഉപയോഗിച്ചാണ് അടിസ്ഥാപനപരമായി എ.ഐ സാങ്കേതിക വിദ്യ പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ, നൽകപ്പെടുന്ന വിവരങ്ങളിൽ ഉൾച്ചേർന്നിരിക്കുന്ന പക്ഷപാതപരവും വിവേചനപരവുമായ സകല സമീപനങ്ങളും പ്രവർത്തനങ്ങളും നിർമിതബുദ്ധിയിലധിഷ്ഠിതമായ സാങ്കേതികവിദ്യയിലും പ്രവർത്തിക്കും. ഇതേ ചോദ്യം മെറ്റാ എ.ഐയിൽ വിശദമായി ആവർത്തിച്ചപ്പോൾ നൽകിയ ഉത്തരം ഞെട്ടിക്കുന്നതാണ്.
പക്ഷപാതങ്ങളെ (ബയാസ്) ഡേറ്റ ബയാസ്, അൽഗോരിതമിക് ബയാസ്, ഹ്യൂമൻ ബയാസ് എന്നിങ്ങനെയെല്ലാം വേർതിരിച്ച് വിശദീകരിച്ചശേഷം എ.ഐ വെളിപ്പെടുത്തുന്നത് ഇങ്ങനെയാണ്: AI can reflect and amplify biases present in the broader society and culture. സാമൂഹികവും സാംസ്കാരികവുമായി മനുഷ്യർക്കിടയിൽ നിലനിൽക്കുന്ന പക്ഷപാതങ്ങളെയും വിവേചനങ്ങളെയും പ്രവർധനശേഷിയിൽ പുനരുൽപാദിപ്പിക്കാൻ എ.ഐ സാങ്കേതികവിദ്യക്ക് സാധിക്കും.
ആദ്യ മൂന്ന് ബയാസുകളിലൂടെ യന്ത്രത്തിന് തെറ്റായ വിവരങ്ങൾ നൽകിയാൽ ‘കൾചറൽ ബയാസ്’ എളുപ്പത്തിൽ രൂപപ്പെടുത്താനാകുമെന്ന് ചുരുക്കം. സമീപഭാവിയിൽതന്നെ അതിർത്തികൾ, വിമാനത്താവളങ്ങൾ, ഭരണസിരാകേന്ദ്രങ്ങൾ തുടങ്ങി തന്ത്രപ്രധാന സ്ഥലങ്ങളിലൊക്കെയും എ.ഐ സുരക്ഷാസംവിധാനം ഏർപ്പെടുത്തപ്പെട്ടേക്കും. ഇപ്പോൾതന്നെ എ.ഐ അസിസ്റ്റഡ് സംവിധാനമുണ്ട് പലയിടത്തും.
അടുത്ത ഘട്ടത്തിൽ ഹ്യൂമനോയിഡ് എ.ഐ റോബോട്ടുകൾ ഈ മേഖല കൈയടക്കിയേക്കാം. ഇത്തരം റോബോട്ടുകൾക്ക് ചില പ്രത്യേക വിഭാഗം ആളുകളെക്കുറിച്ച് (ഉദാ: കറുത്ത വർഗക്കാർ, മുസ്‍ലിംകൾ) പക്ഷപാതപരമായ വിവരങ്ങളാണ് ഫീഡ് ചെയ്തിരിക്കുന്നതെങ്കിൽ അത് അപകടകരമായിട്ടായിരിക്കും പ്രവർത്തിക്കുക.
2. സുതാര്യതയുടെ പ്രശ്നങ്ങൾ
ബിസിനസ് പോലുള്ള മേഖലകളിൽ ചില സുതാര്യത പ്രശ്നങ്ങൾ എ.ഐയുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞിട്ടുണ്ട്. തങ്ങളുടെ മറുപടി പലപ്പോഴും അത്രകണ്ട് സുതാര്യമാകാറില്ലെന്ന് ചാറ്റ്ജിപിടി തന്നെ സമ്മതിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ജനുവരിയിൽ ഫോബ്സ് മാസികയിൽ വന്ന ഒരു ലേഖനം തെളിവായും ഉദ്ധരിക്കുന്നുണ്ട്. പല എ.ഐ സംവിധാനങ്ങളും ‘ബ്ലാക്ക് ബോക്സുകൾ’ ആയി പ്രവർത്തിക്കുന്നുണ്ടത്രെ; ഒരു ചോദ്യത്തിന് എങ്ങനെയാണ് അവർ നിർദിഷ്ട തീരുമാനങ്ങളിൽ എത്തിച്ചേരുന്നത് എന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്.
ഉപയോക്താവിന് വ്യാഖ്യാനിക്കാൻ കഴിയുന്ന രീതിയിൽ എ.ഐക്ക് അതിന്റെ തീരുമാനങ്ങൾ വിശദീകരിക്കാൻ കഴിയുക എന്നത് പ്രധാനമാണ്. അങ്ങനെ സംഭവിക്കുന്നില്ലെങ്കിൽ അത് യന്ത്രവും മനുഷ്യനും തമ്മിലുള്ള ‘വിശ്വാസ്യതാ പ്രശ്നം’ എന്നതിനപ്പുറം ചില നൈതിക ചോദ്യങ്ങൾകൂടിയായി അവശേഷിക്കും.
എ.ഐയുടെ തീരുമാനങ്ങൾ ഉപയോക്താവിന് വ്യാഖ്യാനിക്കാനും മനസ്സിലാക്കാനും കഴിയാതാവുമ്പോൾ ഒന്നുകിൽ ആ സാങ്കേതിക വിദ്യ ഉപേക്ഷിക്കേണ്ടിവരും. അതല്ലെങ്കിൽ, എ.ഐ തീരുമാനങ്ങളെ അന്ധമായി സ്വീകരിക്കേണ്ടിവരും. ബിസിനസിലും മറ്റും രണ്ടാമത്തെ മാർഗമായിരിക്കും അവലംബിക്കേണ്ടിവരിക. ഇവിടെ സംഭവിക്കുക ഉപയോക്താവ് അപ്രസക്തനാകുന്നുവെന്നതാണ്.
3. സ്വകാര്യത സംബന്ധിച്ച ആശങ്ക
സാങ്കേതിക വിദ്യയുടെ വികാസം മാനവരാശിക്ക് വലിയ നേട്ടങ്ങൾ സമ്മാനിച്ചിട്ടുണ്ടെങ്കിലും മറുവശത്ത് ചെറുതല്ലാത്ത ആശങ്കകളും അവ സൃഷ്ടിച്ചിട്ടുണ്ട്. എ.ഐയുടെ കാര്യവും വ്യത്യസ്തമല്ല. എന്നല്ല, അത് അൽപംകൂടി വിപുലവും വ്യത്യസ്തവുമാണ്. ബയോമെട്രിക് സാങ്കേതികവിദ്യയും മറ്റും ഒട്ടേറെ രംഗങ്ങളിൽ നമുക്ക് സഹായകമായെങ്കിലും അത് മനുഷ്യന്റെ സ്വകാര്യതയിൽ കടന്നുകയറി എന്നത് വാസ്തവമാണ്. ഡേറ്റയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സാങ്കേതികവിദ്യ എന്നനിലയിൽ എ.ഐയുടെ സ്വകാര്യത അധിനിവേശം സമാനതകളില്ലാത്തതാണ്. സാങ്കേതികവിദ്യയുടെ സഹായത്തോടെ മനുഷ്യർ നിരന്തരമായി നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ഈ സർവൈലൻസിന് പുതിയമാനങ്ങൾ നൽകുകയുണ്ടായി എ.ഐ ടെക്നോളജികളത്രയും. മറ്റു സാങ്കേതിക വിദ്യകൾ ലഭ്യമായ ഡേറ്റ ഏതെങ്കിലും രീതിയിൽ പ്രതിഫലിപ്പിക്കുക മാത്രമാണ് ചെയ്തിരുന്നതെങ്കിൽ, എ.ഐ ഡേറ്റ ഉപയോഗിച്ച് അയാൾ ചെയ്യാനിടയുള്ള കാര്യങ്ങളിലേക്കുകൂടി പ്രവേശിക്കുന്നു (ഡേറ്റ അനലറ്റിക്സ്). ബയോമെട്രിക് സാങ്കേതികവിദ്യയിലൂടെ ഇന്ന് ആളുകളെ തിരിച്ചറിയാൻ കഴിയും. അതുകൊണ്ടാണ്, ബയോമെട്രിക് വിവരങ്ങൾ ഒരാളുടെ തിരിച്ചറിയൽ രേഖകളിൽ പ്രധാനപ്പെട്ടതാകുന്നത്.
എ.ഐയുടെ കാര്യം അൽപംകൂടി ഭിന്നമാണ്. ഉദാഹരണത്തിന്, ഒരുകൂട്ടം ബയോമെട്രിക് രേഖകൾ പരിശോധിച്ച് അതിലെ സമാനതകൾ തിരിച്ചറിയുകയും അത് സവിശേഷ സ്വഭാവങ്ങൾക്ക് (ഉദാഹരണം: കുറ്റകൃത്യം) കാരണമാകുന്നു എന്ന് കണ്ടെത്തുകയും ചെയ്തുവെന്നിരിക്കട്ടെ. പിന്നീട്, ഇതേ സമാനതകളുള്ള മുഴുവൻ ആളുകളെയും എ.ഐ അടയാളപ്പെടുത്തുക ‘ക്രിമിനൽ’ എന്ന കാറ്റഗറിയിലാകും. ഒരു യന്ത്രം സ്വന്തം വിവേകബുദ്ധി ഉപയോഗിച്ച് ഡേറ്റയുടെ അപഗ്രഥനം നടത്തുമ്പോഴുണ്ടാകുന്ന സ്വാഭാവിക പ്രശ്നമാണിത്.
4. സുരക്ഷാ ഭീഷണി
സൈബർ രംഗത്തടക്കം നിലനിൽക്കുന്ന വിവിധ തരത്തിലുള്ള സുരക്ഷാ ഭീഷണികൾ വർധിപ്പിക്കാൻ എ.ഐ ഇടയാക്കുമെന്ന് ഇതിനകംതന്നെ തെളിഞ്ഞിട്ടുണ്ട്. ഒന്നാമത്തെ പോയന്റായി ഉന്നയിച്ച ബയാസുകളെ ഉപയോഗപ്പെടുത്തിയാൽപോലും അത് വലിയ സുരക്ഷാപ്രശ്നംകൂടിയായി പരിണമിക്കും.
തെറ്റായ ഡേറ്റ ഫീഡ് ചെയ്യുന്നതിലൂടെയും ഡേറ്റ ചോരണത്തിലൂടെയുമെല്ലാം ബയാസ് രൂപപ്പെടുത്താനാകും. ആലോചിച്ചുനോക്കൂ, രാജ്യാതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട ഒരു എ.ഐ സാങ്കേതിക വിദ്യ ഉപകരണത്തിലോ സേവന ആപ്ലിക്കേഷനിലോ ഇത്തരമൊരു ബയാസ് വന്നാലുള്ള അവസ്ഥ?
5. തൊഴിൽ നഷ്ടം
എ.ഐയുമായി ബന്ധപ്പെട്ട് ഒരുപക്ഷേ, ഏറ്റവും കൂടുതൽ ചർച്ചയായതും ഇതാണ്. ഓട്ടോമേഷൻ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതുവഴി മനുഷ്യാധ്വാനം ഇല്ലാതാവുന്നു; അതുവഴി തൊഴിൽ നഷ്ടം സംഭവിക്കുന്നു. മെഷീൻ ലേണിങ്, റോബോട്ടിക്സ്, കണ്ടന്റ് ജനറേഷൻ, ഡേറ്റ അനലറ്റിക്സ് എന്നീ കഴിവുകൾ യന്ത്രങ്ങൾക്ക് സ്വായത്തമാകുന്നതോടെ മനുഷ്യന്റെ ഇടപെടൽ വലിയൊരു മേഖലയിൽ കുറയും. ഇതുണ്ടാക്കുന്ന തൊഴിൽ നഷ്ടം അളക്കാനാവാത്തതാണ്.
6. മനുഷ്യന്റെ നിലനിൽപ്
സൂപ്പർ ഇന്റലിജന്റ് എ.ഐ സാങ്കേതിക വിദ്യ യാഥാർഥ്യമാകുന്നതോടെ മനുഷ്യൻ എന്ന ഏജൻസിയുടെ നിലനിൽപുതന്നെ അപകടത്തിലാകുമെന്ന് ചാറ്റ് ജിപിടിയും മെറ്റാ എ.ഐയും ഒരുപോലെ വെളിപ്പെടുത്തുന്നു. സ്വയം പ്രവർത്തിക്കുന്ന ആയുധങ്ങൾ, ബയോ ടെക്നോളജി മേഖലയിലെ സൂപ്പർ എ.ഐ തുടങ്ങിയവയെല്ലാം ഇത് വേഗത്തിലാക്കുമേത്ര.
7. മറ്റുള്ളവ
മിസ് ഇൻഫർമേഷൻ, അധികാരത്തിന്റെ കുത്തകവത്കരണം, നൈതികതാ പ്രശ്നങ്ങൾ, ആശ്രിതത്വം എന്നിവയാണ് മറ്റു ഭീഷണികളായി അധികം വിശദീകരണങ്ങളില്ലാതെ ചാറ്റ്ബോട്ടുകൾ നൽകിയ മറുപടി.
ഉത്തരത്തിനുള്ളിലെ തന്ത്രങ്ങൾ
മേൽ വിശദീകരിച്ച പത്ത് ഉത്തരങ്ങളും കേവലമായി പറഞ്ഞുപോവുകയല്ല ചാറ്റ്ബോട്ടുകൾ. ലേഖനത്തിന്റെ തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ, ഉത്തരത്തിനുള്ളിൽ ചില തന്ത്രങ്ങളും ഒളിപ്പിച്ചുവെച്ചതായി സൂക്ഷ്മ വായനയിൽ തെളിയും. ഓരോ ഭീഷണികൾ വിശദീകരിക്കുമ്പോൾ, അവക്കുള്ള പരിഹാരങ്ങൾകൂടി നാം ചോദിച്ചില്ലെങ്കിലും ചാറ്റ്ബോട്ടുകൾ നമുക്ക് പറഞ്ഞുതരും. ‘പരിഹാരം’ എന്ന വാക്ക് ഉപയോഗിച്ചാൽ അത് എ.ഐയുടെ നിഷ്പക്ഷതക്ക് വിഘാതമാകുമെന്നതിനാൽ, ‘ലഘൂകരണ മാർഗങ്ങൾ’ (mitigation) എന്ന ഉപശീർഷകത്തിലാണ് ഈ ഭാഗം വിശദീകരിക്കുന്നതത്രയും.
എല്ലാ ചോദ്യത്തിലും പൊതുവായി കാണുന്ന ഒരു കാര്യം, ഭീഷണി ചെറുക്കാൻ ഇത്തരം സാങ്കേതികവിദ്യകളുടെ പ്രയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയെന്നും അതിനായി നിയമനിർമാണം നടത്തണമെന്നുമാണ്. അഥവാ, നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് അടിയന്തരമായി ആവശ്യമുള്ള ഒരു കാര്യമായി എ.ഐ തന്നെ നിർദേശിക്കുന്നത് തിരിച്ചറിയപ്പെട്ട ഭീഷണികളെ പ്രതിരോധിക്കാനുള്ള നിയമപരമായ റെഗുലേഷനുകളാണ്.
ഇതോടൊപ്പം, ഭീഷണികളുണ്ടെങ്കിലും അവ നിയന്ത്രിച്ചാൽ ചില ഗുണങ്ങളുണ്ടെന്ന കാര്യവും ചാറ്റ്ബോട്ടുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. സുരക്ഷാപ്രശ്നങ്ങളുടെ കാര്യം തന്നെയെടുക്കുക. ഡേറ്റ അനലറ്റിക്സ് സുരക്ഷാപ്രശ്നമാണെന്ന് പറയുമ്പോഴും അവിടെ മനുഷ്യന് ഉപകാരപ്പെടുന്ന മറ്റു ചില കാര്യങ്ങൾകൂടി ഉദാഹരണ സഹിതം മെറ്റാ എ.ഐയടക്കം വിശദീകരിക്കുന്നുണ്ട്.
ആരോഗ്യമേഖലയെയാണ് പൊതുവിൽ ഇക്കാര്യത്തിൽ ചാറ്റ് ബോട്ടുകൾ ഉദാഹരിക്കാറുള്ളത്. നിർമിത ബുദ്ധിയുടെ പ്രയോഗങ്ങൾ നമ്മുടെ ആരോഗ്യമേഖലയിൽ കുറഞ്ഞകാലത്തിനിടെ ഉണ്ടാക്കിയ മാറ്റങ്ങൾ നമുക്കറിയാവുന്നതാണ്. രോഗികൾ പറയുന്ന രോഗലക്ഷണങ്ങളിൽനിന്നും രക്തം പരിശോധിച്ചും കോശങ്ങളുടെ അസാധാരണത്വം മനസ്സിലാക്കിയുമെല്ലാം കൃത്യതയോടെ രോഗനിർണയം നടത്താൻ സാധിക്കുന്ന ‘എ.ഐ ഡോക്ടർമാർ’ ഇന്നുണ്ട്.
പലപ്പോഴും മനുഷ്യ ഡോക്ടർമാർ പരാജയപ്പെടുന്നിടത്ത് അവരെ സഹായിക്കുന്നവരായി ‘ഇക്കൂട്ടർ’ മാറിയിരിക്കുന്നു. കാലിഫോർണിയയിലെ സ്റ്റാൻഫഡ് സർവകലാശാലയിൽ വികസിപ്പിച്ചെടുത്ത റോബോട്ടിക് ഡോക്ടർ സ്തനാർബുദം കൃത്യമായി നിർണയിച്ചത് ഏതാനും വർഷം മുമ്പ് വലിയ വാർത്തയായിരുന്നു.
കോശകലകളെ ബയോപ്സി ടെസ്റ്റിന് വിധേയമാക്കിയാണല്ലോ സാധാരണ രോഗനിർണയം നടത്തുക. കലകളിലെ നിരവധി ഘടകങ്ങൾ പരിശോധിക്കും. ഇവിടെയും അതുതന്നെയാണ് ചെയ്തത്. ആറായിരത്തിലധികം ഘടകങ്ങൾ പരിശോധിക്കാൻ ശേഷിയുള്ളവയാണ് ഈ റോബോട്ടുകൾ (ഒരു മനുഷ്യന് ഇങ്ങനെ പരിശോധിക്കാൻ കഴിയില്ല). ജനിതകപരമായി രോഗിക്കുള്ള പ്രത്യേകതകൾകൂടി കണക്കിലെടുത്താകും പരിശോധന നടത്തുക.
ഒരുവശത്ത്, ഡേറ്റ അനലറ്റിക്സും ബയോമെട്രിക് വിവരങ്ങളും സ്വകാര്യത ഹനിക്കുമ്പോൾ ഇവിടെ ആ കുറ്റകൃത്യം മനുഷ്യന് അനുഗുണമാകുന്നു. സമാനമായ രീതിയിൽതന്നെയാണ് ചാറ്റ്ബോട്ടുകൾ തൊഴിൽ നഷ്ടങ്ങളെയും സമീപിക്കുന്നത്. നേരിട്ടുള്ള തൊഴിൽ നഷ്ടമുണ്ടാകുമെന്ന് സമ്മതിക്കുമ്പോഴും തൊട്ടടുത്ത് എ.ഐ സൃഷ്ടിക്കാൻ സാധ്യതയുള്ള തൊഴിൽ സാധ്യതകളെയും ആ മേഖലകളെയും സാമാന്യമായി പരിചയപ്പെടുത്തും.
ചുരുക്കത്തിൽ, ചാറ്റ് ബോട്ടുകളുമായുള്ള ഈ സംവാദത്തിനൊടുവിൽ നമുക്ക് മുന്നിൽ നിഴലിക്കുക നിർമിതബുദ്ധിയുടെ ഭീഷണിയാവില്ല; മറിച്ച്, ഭീഷണികളുണ്ടെങ്കിലും അവക്കപ്പുറമുള്ള ചില സാധ്യതകൾ ഈ സാങ്കേതികവിദ്യ തുറന്നിടുന്നുവെന്ന ആലോചനകളാവും. ആ അർഥത്തിൽ സംവാദത്തിന്റെ ആലോചനകളെപ്പോലും അട്ടിമറിക്കുംവിധം മനുഷ്യനെ അപ്രസക്തനാക്കിക്കൊണ്ടിരിക്കുകയാണ് നമുക്ക് മുന്നിലെ ചാറ്റ്ബോട്ടുകൾ. ഒരുകാര്യത്തിൽ മാത്രമാണ് യോജിപ്പ്: അത് ഈ സാങ്കേതികവിദ്യ മുന്നേറ്റങ്ങളെ ഫലപ്രദമായി ഉപയോഗിക്കാൻ കൃത്യവും നൈതികവും നിയമപരവുമായ നിയന്ത്രണങ്ങൾ അത്യാവശ്യമാണ് എന്നതിലാണ്.
അപ്പോൾ നമുക്ക് വീണ്ടും അസിമോവിന്റെ ‘റൺ എറൗണ്ടി’ലേക്കു തന്നെ തിരിച്ചുപോകേണ്ടിവരും. ‘സ്പീഡി’യുടെ അനുസരണക്കേട് തിരിച്ചറിഞ്ഞ അസിമോവ് ആ കഥയിലാണ് തന്റെ വിഖ്യാതമായ ‘റോബോട്ടിക് നിയമങ്ങൾ’ (ത്രീ ലോസ് ഒാഫ് റോബോട്ടിക്സ്) ആവിഷ്കരിക്കുന്നതും. അത് ഇങ്ങനെ സംഗ്രഹിക്കാം: ഒന്ന്, റോബോട്ടുകൾ മനുഷ്യരെ പരിക്കേൽപിക്കരുത്; ഏതെങ്കിലും പ്രവൃത്തിയിലൂടെയോ നിഷ്ക്രിയതയിലൂടെയോ മനുഷ്യന് അപകടം വരുത്തുകയും അരുത്. രണ്ട്, ഒന്നാം നിയമത്തിന് എതിരാകാത്ത കാലത്തോളം റോബോട്ടുകൾ മനുഷ്യ യജമാനന്മാരെ അനുസരിക്കൽ നിർബന്ധമാണ്.
മൂന്ന്, ഒന്നും രണ്ടും നിയമങ്ങളെ ബാധിക്കാതിരിക്കുന്നിടേത്താളം കാലം റോബോട്ടുകൾ സ്വന്തത്തെ സംരക്ഷിക്കൽ നിർബന്ധമാണ്. ‘സ്പീഡി’യുടെ നിഷ്ക്രിയത്വവും അനുസരണക്കേടുമൊക്കെ വിവരിക്കുന്ന കഥാസന്ദർഭങ്ങളിലാണ് ഓരോ നിയമവും കഥയിലൂടെ വികസിച്ചത്.
നിർമിതബുദ്ധി എന്ന സാങ്കേതികവിദ്യ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിട്ടും അസിമോവ് സങ്കൽപിച്ചതുപോലുള്ളൊരു റോബോട്ടിക്/എ.ഐ നിയമങ്ങൾ ഇനിയും ലോകത്ത് യാഥാർഥ്യമായിട്ടില്ല എന്നതാണ് വാസ്തവം. ലോകത്തിന് മുന്നിലെ യഥാർഥ ഭീഷണിയും വെല്ലുവിളിയും അതാണെന്ന് തോന്നുന്നു.