എ.ഐ തുറന്നിടുന്നത് പുതിയ ലോകം
വരുംദിനങ്ങളിൽ നിർമിതബുദ്ധി സമസ്ത മേഖലകെളയും മാറ്റിമറിക്കും. വിവിധ മേഖലകളിൽ എ.ഐ ഏതൊക്കെ രീതിയിൽ ഇടപെടുമെന്ന് പരിശോധിക്കുന്നു.
‘‘നിങ്ങൾക്ക് ജോലിചെയ്യണമെങ്കിൽ ഹോബിയായി വേണമെങ്കിൽ അത് ചെയ്യാം, അല്ലെങ്കിൽ എ.ഐ നിങ്ങൾക്ക് വേണ്ട സാധനങ്ങളും സേവനങ്ങളും നൽകും.’’
ടെസ്ല, സ്പേസ് എക്സ് പോലുള്ള പ്രമുഖ കമ്പനികളുടെ സി.ഇ.ഒയായ ഇലോൺ മസ്കിന്റെ വാക്കുകളാണ് മുകളിൽ പറഞ്ഞത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അനന്തസാധ്യതകൾകൂടി പ്രവചിക്കുന്നതായിരുന്നു മസ്കിന്റെ വാക്കുകൾ. ആധുനിക മനുഷ്യന്റെ ജീവിതംതന്നെ നിർണയിക്കുന്നതിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുഖ്യപങ്ക് വഹിക്കുന്നുണ്ടെന്നത് എല്ലാവരും ഒരുപോലെ സമ്മതിക്കുന്ന കാര്യമാണ്.
സാങ്കേതികരംഗത്ത് ഉയർന്നു വരുന്ന പുതിയ ടെക്നോളജികളെല്ലാം ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു രീതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ആശ്രയിക്കുന്നുണ്ട്. ഇതിന് തെളിവായി നിരവധി കണക്കുകൾ നമുക്ക് മുന്നിലുണ്ട്. അതിലൊന്ന് കഴിഞ്ഞ വർഷം ഐ.ബി.എം നടത്തിയ സർവേകളിലൊന്നാണ്.
ഐ.ബി.എമ്മിന്റെ സർവേപ്രകാരം 42 ശതമാനം വൻകിട വ്യവസായങ്ങളും അവരുടെ ദൈനംദിന പ്രവർത്തനങ്ങൾ സുഗമമായി കൊണ്ടുപോകാൻ എ.ഐയെ തിരഞ്ഞെടുത്ത് കഴിഞ്ഞു. 40 ശതമാനം സ്ഥാപനങ്ങൾ എ.ഐ അവരുടെ പ്രവർത്തനങ്ങളിൽ കൊണ്ടുവരുന്നത് പരിഗണിക്കുകയാണ്. 38 ശതമാനം പേർ ജനറേറ്റിവ് എ.ഐ ഉപയോഗിക്കാൻ തുടങ്ങി. 42 ശതമാനം ജനറേറ്റിവ് എ.ഐയുടെ സാധ്യതകൾ ഉപയോഗിക്കുന്നതിനുള്ള നീക്കവും തുടങ്ങി.
ഇതിനൊപ്പം എ.ഐ തുറക്കുന്ന വമ്പൻ വിപണിസാധ്യതയെക്കുറിച്ചുള്ള ചില കണക്കുകളും ഈയടുത്ത് പുറത്തുവരുകയുണ്ടായി. 2030ൽ എ.ഐയുടെ വിപണി 1,811.8 ബില്യൺ ഡോളറിലേക്ക് വളരുമെന്നാണ് ചില സാമ്പത്തിക ജേണലുകൾ പങ്കുവെക്കുന്ന പ്രതീക്ഷ. 2022ൽ 136.6 ബില്യൺ ഡോളർ മാത്രമുണ്ടായിരുന്ന എ.ഐ വിപണിയാണ് വൻ വളർച്ച രേഖപ്പെടുത്തുക. 38.1 ശതമാനം വളർച്ച എ.ഐക്കുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഐ.ബി.എം നടത്തിയ പഠനത്തിലെ കണ്ടെത്തലുകൾ മാറുന്ന ലോകത്തിന്റെ ദിശാസൂചകംകൂടിയാണ്. ഇന്ന് നിലനിൽക്കുന്ന വ്യവസായങ്ങളെല്ലാംതന്നെ ഒരു ചെറിയ പ്രദേശത്ത് ഒതുങ്ങിനിൽക്കാതെ രാജ്യാതിർത്തികളുടെ അതിരുകൾ ഭേദിച്ച് ലോകം മുഴുവൻ പടർന്നുകിടക്കുകയാണ്.
വലിയൊരു വിഭാഗം തൊഴിലാളികളാണ് ഇത്തരം വ്യവസായങ്ങൾ സുഗമമായി ചലിപ്പിക്കുന്നതിനായി അഹോരാത്രം പണിയെടുക്കുന്നത്. എന്നാൽ, ഈ രീതിയിൽ പ്രവർത്തിക്കുന്ന വ്യവസായങ്ങൾ ചില വെല്ലുവിളികളെയും നേരിടുന്നുണ്ട്. കടുത്ത മത്സരം നിലനിൽക്കുന്ന വിപണികളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരുകയെന്നതാണ് ഇവർ നേരിടുന്ന പ്രാഥമികമായ വെല്ലുവിളി. പലപ്പോഴും കൃത്യമായ സമയത്ത് തീരുമാനങ്ങൾ എടുക്കുകയെന്നത് വൻകിട വ്യവസായങ്ങളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയ കാര്യമാണ്.
ഇത്തരം വെല്ലുവിളികളെ മറികടക്കുന്നതിനുള്ള ഒരു പരിഹാര മാർഗമായി ഇന്ന് എ.ഐ ടൂളുകൾ മാറിയിരിക്കുന്നു. കഠിനമായ പല പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോൾ അതിനെ ലഘൂകരിക്കുന്നതിനുള്ള മാർഗമായി വിവിധ സെക്ടറുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ഉപയോഗിക്കുന്നുണ്ട്. ആരോഗ്യമേഖല, ഫിനാൻസ്, നിർമാണം, റീട്ടെയിൽ തുടങ്ങി വിവിധ മേഖലകൾ എ.ഐ സാധ്യതകളിൽ കണ്ണുംനട്ടിരിപ്പാണ്.
ഇന്ന് എ.ഐയുടെ സാധ്യതകളെ കുറിച്ച് സൈബർ ലോകത്തിൽ ഒരു ചോദ്യമെറിഞ്ഞാൽ ലക്ഷക്കണക്കിന് വെബ്സൈറ്റുകളിലുള്ള വിവരങ്ങൾ ഇന്റർനെറ്റിൽ തെളിയും. എന്നാൽ, അതിനുമപ്പുറം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടുകളോട് ഇത്തരമൊരു ചോദ്യം ചോദിക്കുകയാണെങ്കിൽ എന്തായിരിക്കും മറുപടിയെന്നത് കൗതുകകരമായ കാര്യമാണ്. ഗൂഗ്ളിന്റെ എ.ഐ ചാറ്റ്ബോട്ടായ ‘ജെമിനൈ’ ഉപയോഗിച്ചാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഭാവിയിലേക്കുള്ള യാത്ര നടത്തുന്നത്.വിവിധ മേഖലകളെ എ.ഐ ഈ രീതിയിലെല്ലാം മാറ്റിമറിക്കുമെന്നാണ് ‘ജെമിനൈ’ പറയുന്നത്.
ആരോഗ്യം
എ.ഐയിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നൊരു മേഖലയാണ് ആരോഗ്യം. ആധുനിക ചികിത്സാരീതികളെ ഇനിയും മെച്ചപ്പെടുത്താനുള്ള നിരവധി സാധ്യതകൾ എ.ഐ കരുതിവെച്ചിട്ടുണ്ട്. രോഗനിർണയം, മരുന്നുകളുടെ കണ്ടെത്തലും വികസനവും, വെർച്വൽ ഹെൽത്ത് അസിസ്റ്റന്റ്, സർജിക്കൽ റോബോട്ടിക്സ്, മെന്റൽ ഹെൽത്ത് സപ്പോർട്ട് എന്നിവിടങ്ങളിലെല്ലാം ആരോഗ്യമേഖലയിൽ എ.ഐയെ ഉപയോഗിക്കാനാവും.
എക്സ് റേ, എം.ആർ.ഐ സ്കാൻ, സി.ടി സ്കാൻ എന്നിവ പരിശോധിച്ച് അസുഖങ്ങൾ കണ്ടെത്താൻ എ.ഐക്ക് കഴിയും. രോഗികളുടെ വിവരങ്ങൾ വിശദമായി പരിശോധിച്ച് രോഗനിർണയം നടത്താനും ഓരോരുത്തർക്കും അനുയോജ്യമായ ചികിത്സാരീതി നിർണയിക്കാനും എ.ഐക്ക് കഴിയുന്നൊരു കാലമാണ് വരാനിരിക്കുന്നതെന്ന് ഗൂഗ്ളിന്റെ ചാറ്റ്ബോട്ട് പറയുന്നു.
മോളിക്യുലാർ മോഡലിങ്ങിലൂടെ പുതിയ മരുന്നുകളുടെ വികസനത്തിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കളമൊരുക്കും. മരുന്നുകളുടെ ക്ലിനിക്കൽ ട്രയൽ വിവരങ്ങൾ വിലയിരുത്തി, മനുഷ്യന് ഏറ്റവും അനുയോജ്യം ഏതാണെന്നും എ.ഐ കണ്ടെത്തും.
വിദൂര സ്ഥലങ്ങളിലുള്ള രോഗികളുടെ ചികിത്സ കൂടുതൽ മെച്ചപ്പെട്ടതാക്കാനും എ.ഐ സഹായിക്കും. ഇതിന് പുറമെ മെഡിക്കൽ വിദ്യാഭ്യാസവും മെച്ചപ്പെടുത്തും. സങ്കീർണമായ ശസ്ത്രക്രിയകൾ ചെയ്യാൻ എ.ഐയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഉപകരണങ്ങളാവും ഉപയോഗിക്കുക. മാനസികമായ പ്രശ്നങ്ങളുണ്ടാവുമ്പോൾ ആളുകൾക്ക് പിന്തുണ നൽകാനും എ.ഐ ചാറ്റ്ബോട്ടുകൾ ഉപയോഗിക്കാനാവും.
റീട്ടെയിൽ മേഖലയും ഇ-കോമേഴ്സും
റീട്ടെയിൽ, ഇ-കോമേഴ്സ് മേഖലകളുടെ തലവര മാറ്റാനുള്ള സജ്ജീകരണങ്ങൾ ഇപ്പോൾതന്നെ എ.ഐയിൽ ലഭ്യമാണ്. നാം പോലും അറിയാതെ സുഗമമായ ഷോപ്പിങ്ങിന് ഈ സംവിധാനങ്ങൾ നമ്മെ സഹായിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, നിലവിലുള്ള ഷോപ്പിങ് അനുഭവത്തെ നമ്മൾ ചിന്തിക്കാവുന്നതിനും അപ്പുറത്തേക്ക് മെച്ചപ്പെട്ടതാക്കാൻ എ.ഐക്ക് കഴിയും.
ഉപഭോക്താക്കളുടെ വിവരങ്ങൾ വിലയിരുത്തി അവരുടെ താൽപര്യങ്ങൾ മനസ്സിലാക്കി അതിനനുസരിച്ചുള്ള ഉൽപന്നങ്ങൾ നിരത്തുകയെന്നതാണ് എ.ഐ ഈ മേഖലയിൽ ചെയ്യുന്ന പ്രധാന സേവനം. ഭാവിയിൽ ഉൽപന്നങ്ങൾക്ക് എത്രത്തോളം ആവശ്യകതയുണ്ടെന്ന് പ്രവചിക്കുക, ഒരു ഉൽപന്നത്തിന് എന്ത് വിലയിട്ട് വിൽക്കാം തുടങ്ങിയ കാര്യങ്ങളും എ.ഐ പറഞ്ഞ് തരും.
ആളുകളുടെ ഷോപ്പിങ് സ്വഭാവത്തെ കൂടുതൽ കൃത്യതയോടെ പഠിച്ച് വ്യക്തിഗതമായി അത്ഭുതകരമായ ഷോപ്പിങ് അനുഭവം അവർക്ക് പ്രദാനംചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് സാധിക്കും. നമ്മൾ ആഗ്രഹിക്കുന്ന ഉൽപന്നം കമ്പനി പുറത്തിറക്കുന്ന രീതിയിലേക്ക് ഇ-കോമേഴ്സ്, റീട്ടെയിൽ മേഖലകളെ എ.ഐ മാറ്റിപ്പണിയും.
ഓഗ്മെന്റഡ് റിയാലിറ്റിയും വെർച്വൽ റിയാലിറ്റിയും ഇന്ന് ഇ-കോമേഴ്സിൽ വ്യാപകമാണെങ്കിലും അതിശയിപ്പിക്കുന്ന രീതിയിൽ ഈ രണ്ട് സംവിധാനങ്ങളെയും പുതുക്കിപ്പണിയാൻ എ.ഐക്ക് സാധിക്കും. ഇ-കോമേഴ്സിൽ നടക്കുന്ന തട്ടിപ്പുകൾ കണ്ടെത്തി അതിനെ പ്രതിരോധിക്കാനും വിതരണ സംവിധാനവും ഉപഭോക്തൃ സേവനങ്ങളും മെച്ചപ്പെടുത്താനും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് കഴിയുമെന്നാണ് എ.ഐ ചാറ്റ്ബോട്ടുകൾ തന്നെ പ്രവചിക്കുന്നത്.
ബാങ്കിങ്, ധനകാര്യ മേഖല
ബാങ്കിങ് തട്ടിപ്പുകൾ ഇന്ന് സർവസാധാരണമാണ്. വിവിധ രാജ്യങ്ങളിലെ സൈബർ സുരക്ഷാ വിദഗ്ധർ അതിസൂക്ഷ്മമായി നിരീക്ഷണം തുടരുന്നുണ്ടെങ്കിലും അതിനെയെല്ലാം മറികടന്ന് ധനകാര്യ മേഖലയിലെ തട്ടിപ്പുകൾ വ്യാപകമാവുകയാണ്. തട്ടിപ്പിനുള്ള ശ്രമം ഹാക്കർമാരോ മറ്റുള്ളവരോ തുടങ്ങുമ്പോൾതന്നെ അതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന എ.ഐ ടൂളുകളാവും ഭാവിയിൽ വ്യാപകമാവുക. തട്ടിപ്പുകൾ എളുപ്പത്തിൽ കണ്ടെത്താനും പുതിയ സംവിധാനങ്ങൾ സഹായിക്കും.
ഡേറ്റ ബേസുകളെ അതിവേഗം പരിശോധിച്ച് ധനകാര്യ സ്ഥാപനങ്ങൾ പ്രതിസന്ധിയിലേക്ക് പോവുകയാണോയെന്ന് പ്രവചിക്കുകയാവും എ.ഐയുടെ മറ്റൊരു പണി. പൊളിയാൻ പോകുന്ന ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ നേരത്തേതന്നെ നൽകി സാമ്പത്തിക പ്രതിസന്ധിയുടെ ആഴം കുറക്കാനും എ.ഐക്ക് കഴിയും. ധനകാര്യ മേഖലയിലെ നിയമങ്ങളുടെ ലംഘനം എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കുകയെന്നതും എ.ഐകൊണ്ടുള്ള മറ്റൊരു മെച്ചമാണ്.
എ.ഐ കരുത്ത് പകരുന്ന അൽഗോരിതം ഉപയോഗിച്ച് നടത്തുന്ന വ്യാപാരം ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ കൂടുതൽ മെച്ചപ്പെടുത്തും. നിക്ഷേപങ്ങളെ കുറിച്ച് വ്യക്തിഗതമായി ഓരോരുത്തർക്കും ഉപദേശം നൽകുന്ന രീതിയിലേക്ക് എ.ഐ വ്യാപകമായി ഉപയോഗിക്കപ്പെടും. ഇതിനു പുറമെ ക്രെഡിറ്റ് റേറ്റിങ്, ക്രെഡിറ്റ് സ്കോർ എന്നിവയെല്ലാം നൽകുന്നതിൽ അവസാന വാക്ക് എ.ഐയുടേതായി മാറും. ഇതിനെയെല്ലാം സ്വാധീനിക്കുന്ന ഏക കാര്യമായി ഉപഭോക്താക്കളുടെ ഡേറ്റ മാറുന്ന അവസ്ഥയുമുണ്ടാകും.
വിദ്യാഭ്യാസം
കോവിഡ് കാലം ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ സാധ്യതകളെ ലോകത്തിന് മുന്നിലേക്ക് തുറന്നിട്ടിരുന്നു. എന്നാൽ, അതിനുമപ്പുറം സാങ്കേതിക വിദ്യ ഉപയോഗിച്ച് വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കാവും എ.ഐ തുടക്കംകുറിക്കുക. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസത്തിന്റെ നിലവിലുള്ള ഘടനയെ തന്നെ പൊളിച്ചെഴുതും.
ഓരോ കുട്ടിക്കും ഏത് രീതിയിലുള്ള പഠനമാണോ വേണ്ടത്, അതിന് അനുസരിച്ചുള്ള പഠനസമ്പ്രദായം എ.ഐ വികസിപ്പിക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യും. നിശ്ചിത ഇടവേളകളിൽ വിദ്യാർഥികളുടെ പഠന പുരോഗതി വിലയിരുത്താൻ ഇനി അധ്യാപകന്റെ ആവശ്യമുണ്ടാവില്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ടൂളുകൾതന്നെ ആ ധർമവും നിർവഹിക്കും.
പഠനരീതിയെ തന്നെ എ.ഐ മാറ്റിമറിച്ചേക്കും. ഒരു ഗെയിം കളിക്കുന്ന ലാഘവത്തിൽ ചിലപ്പോൾ ഗണിതശാസ്ത്രത്തിലെ സങ്കീർണമായ പല ഫോർമുലകളും വിദ്യാർഥികൾക്ക് പഠിക്കാൻ സാധിക്കും. ഭാഷയുടെ വെല്ലുവിളികളെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മറികടക്കുമെന്ന് ഉറപ്പാണ്. വേർതിരിവുകളില്ലാതെ വിദ്യാർഥികളെ പഠിപ്പിച്ച് അവരുടെ പഠനം വിലയിരുത്തി മുന്നേറുന്ന എ.ഐ, അധ്യാപകനെ തന്നെ വിദ്യാഭ്യാസ സമ്പ്രദായത്തിൽനിന്നും ഒഴിവാക്കുന്ന കാലം വിദൂരമല്ല.
ഇൻഫർമേഷൻ ടെക്നോളജി
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വലിയ രീതിയിൽ ഡേറ്റ കൈകാര്യം ചെയ്യാനുള്ള ശേഷി തന്നെയാണ് ഐ.ടി മേഖലക്ക് കരുത്താകുക. ഇൻഫർമേഷൻ ടെക്നോളജിയിലെ സങ്കീർണമായ പല ടാസ്കുകളും എളുപ്പമുള്ളതാക്കി മാറ്റും. ഒരു കമ്പ്യൂട്ടറിലെ ഹാർഡ് വെയർ പ്രശ്നങ്ങൾപോലും എ.ഐ ഉപയോഗിച്ച് കണ്ടെത്താൻ കഴിയുന്ന കാലമാണ് വരാൻ പോകുന്നത്. ഇന്ന് മനുഷ്യൻ ചെയ്യുന്ന ക്രിയേറ്റിവായ പല കാര്യങ്ങളും നിർവഹിക്കാൻ എ.ഐ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സോഫ്റ്റ് വെയറുകളെത്തുമെന്നതാണ് മറ്റൊരു പ്രത്യേകത.
സെർവറുകളില്ലാത്ത കമ്പ്യൂട്ടിങ്ങാണ് ഭാവിയിൽ വരാനിരിക്കുന്നത്. ഇതിന് കരുത്തു പകരുന്നത് എ.ഐയായിരിക്കും. ഇതിനൊപ്പം ഐ.ടി ഓട്ടോമേഷൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ കൂടുതൽ മെച്ചപ്പെട്ടതായി മാറും. ഐ.ടി മേഖലയുടെ വെല്ലുവിളിയായ ഹാക്കിങ് എന്ന പ്രതിഭാസത്തെ തടഞ്ഞുനിർത്താനും എ.ഐക്ക് കഴിയും.
ഓട്ടോമൊബൈൽ സെക്ടർ
ലോകത്ത് അതിവേഗം വളരുന്ന ഓട്ടോമോട്ടിവ് മേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ എ.ഐക്ക് സാധിക്കും. ടെസ്ലയെപ്പോലുള്ള കമ്പനികൾ ഇപ്പോൾതന്നെ നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള ഏറ്റവും അത്യാധുനിക കാറുകൾ നിർമിക്കുന്നുണ്ട്. ഡ്രൈവറില്ലാ കാറുകളുടെ വ്യാപനമാവും ഓട്ടോമൊബൈൽ വ്യവസായത്തിൽ ഉണ്ടാവുക. പക്ഷേ, അവയിൽമാത്രം ഒതുങ്ങില്ല ഓട്ടോമോട്ടിവ് മേഖലയിലെ എ.ഐയുടെ സാധ്യതകൾ.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രാഫിക് മാനേജ്മെന്റ് സിസ്റ്റമാവും എ.ഐ മേഖലയിൽ സൃഷ്ടിക്കാൻ പോകുന്ന പ്രധാന മാറ്റങ്ങളിലൊന്ന്. ജി.പി.എസും സർവൈലൻസ് കാമറകളും നിരീക്ഷിച്ച് ലൈവായി എ.ഐ ട്രാഫിക് വിലയിരുത്തും. ഓരോ പ്രദേശത്തുള്ള തിരക്ക് വിലയിരുത്തി അതിനനുസരിച്ച് സിഗ്നൽ സംവിധാനം എ.ഐ ക്രമീകരിക്കും. ഡ്രൈവർമാർക്ക് ഏറ്റവും തിരക്ക് കുറഞ്ഞ റോഡ് ഏതാണെന്ന് കൂടുതൽ വ്യക്തതയോടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പറഞ്ഞുതരാൻ പോകുന്ന ഒരു കാലമായിരിക്കും വരുന്നത്.
വാഹനവ്യവസായത്തിൽ ഓരോ ഉപഭോക്താവിന്റെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ പരിഗണിച്ച് അതിനനുസരിച്ചുള്ള സേവനം നൽകുന്നതിന് മേഖലയെ എ.ഐ പ്രാപ്തമാക്കും. ഓരോ ഉപഭോക്താവിന്റെയും ഡ്രൈവിങ് രീതി വിലയിരുത്തി ഇനി എന്തു മാറ്റമാണ് വാഹനങ്ങളിൽ കൊണ്ടുവരേണ്ടതെന്നും പറഞ്ഞുതരും. വാഹനം എപ്പോൾ സർവിസ് ചെയ്യണമെന്നത് ഉൾെപ്പടെയുള്ള കാര്യങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിർണായക വിവരങ്ങൾ നൽകും. ഓട്ടോമൊബൈൽ മേഖലയിൽ കാഡിലും എ.ഐ വലിയ പുരോഗതിയുണ്ടാക്കും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ കേവലം ഈ സെക്ടറുകളിൽ മാത്രം ഒതുങ്ങുന്നതല്ല. പ്രവചിക്കാൻപോലും കഴിയാത്ത അത്രയും സൗകര്യങ്ങളാണ് എ.ഐ നമുക്ക് മുന്നിൽ തുറന്നിടുക. എന്നാൽ, എ.ഐയുടെ വിവിധ മേഖലകളിലേക്കുള്ള വരവ് തൊഴിൽ നഷ്ടമുണ്ടാക്കുമോയെന്ന ആശങ്ക ഇപ്പോഴും അന്തരീക്ഷത്തിൽ നിലനിൽക്കുന്നുണ്ട്.
എ.ഐ തൊഴിൽ നഷ്ടമുണ്ടാക്കുമോയെന്ന ചോദ്യത്തോട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇരുതല മൂർച്ചയുള്ള വാളാണെന്നായിരുന്നു ഗൂഗ്ളിന്റെ എ.ഐ ചാറ്റ്ബോട്ടിന്റെ ഉത്തരം. എ.ഐ തൊഴിൽ നഷ്ടമുണ്ടാക്കില്ലെന്ന് ഒരിക്കലും പറയാനാവില്ലെന്നും, എന്നാൽ, ഒരുഭാഗത്ത് തൊഴിലുകൾ കുറയുമ്പോൾ മറുഭാഗത്ത് വലിയ അവസരങ്ങൾ തുറക്കുകയും ചെയ്യുമെന്ന് എ.ഐ ചാറ്റ്ബോട്ട്തന്നെ വ്യക്തമാക്കുന്നു.