അധികാരവും ചെറുത്തുനിൽപ്പും
‘‘ഒരു ദിവസം, സുപ്രീംകോടതിയിൽനിന്നും ഫ്ലാറ്റിലേക്കുള്ള മടക്കയാത്രയിൽ ഡൽഹിയിലെ റോഡരികിൽ ഒരുകൂട്ടം പാവെപ്പട്ട മനുഷ്യരെ അഭിസംബോധനചെയ്തു സംസാരിക്കുന്ന മേധയെ കണ്ടു. രാപ്പകലില്ലാതെയുള്ള കഠിനാധ്വാനം അവരുടെ ആരോഗ്യത്തെ ബാധിച്ചതായി തോന്നിയിട്ടുണ്ട്.’’ മേധ പട്കറെക്കുറിച്ചും സി.ആർ. നീലകണ്ഠനെക്കുറിച്ചും പോരാട്ടങ്ങളെക്കുറിച്ചും എഴുതുന്നു.അഭിഭാഷകവൃത്തിക്കൊപ്പമുള്ള എഴുത്ത് മുമ്പ് പയ്യന്നൂരിൽ ജോലിചെയ്ത...
Your Subscription Supports Independent Journalism
View Plans‘‘ഒരു ദിവസം, സുപ്രീംകോടതിയിൽനിന്നും ഫ്ലാറ്റിലേക്കുള്ള മടക്കയാത്രയിൽ ഡൽഹിയിലെ റോഡരികിൽ ഒരുകൂട്ടം പാവെപ്പട്ട മനുഷ്യരെ അഭിസംബോധനചെയ്തു സംസാരിക്കുന്ന മേധയെ കണ്ടു. രാപ്പകലില്ലാതെയുള്ള കഠിനാധ്വാനം അവരുടെ ആരോഗ്യത്തെ ബാധിച്ചതായി തോന്നിയിട്ടുണ്ട്.’’ മേധ പട്കറെക്കുറിച്ചും സി.ആർ. നീലകണ്ഠനെക്കുറിച്ചും പോരാട്ടങ്ങളെക്കുറിച്ചും എഴുതുന്നു.
അഭിഭാഷകവൃത്തിക്കൊപ്പമുള്ള എഴുത്ത് മുമ്പ് പയ്യന്നൂരിൽ ജോലിചെയ്ത കാലം തൊട്ടുതന്നെ ശീലമായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ലേഖനങ്ങൾ എഴുതിയത് പലപ്പോഴും എഴുതാൻ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു. കവി കെ.വി. രാമകൃഷ്ണനും പിന്നീട് എ. സഹദേവനും ആഴ്ചപ്പതിപ്പിന്റെ ചുമതലയേറ്റെടുത്ത കാലത്താണ് ഏറ്റവുമധികം എഴുതിയത്. എഡിറ്ററും എഴുത്തുകാരനും തമ്മിലുള്ള മികച്ച സൗഹൃദവും ആശയവിനിമയവും എഴുത്തിന്റെ ഗുണനിലവാരത്തെതന്നെ പുനർനിശ്ചയിക്കാനും ഉയർത്താനും കാരണമാകാം. ‘ദ കുക്കിങ് ഓഫ് ബുക്സ്’ എന്ന രാമചന്ദ്ര ഗുഹയുടെ സമീപകാല രചന എഡിറ്റർമാർ അദ്ദേഹത്തിന്റെ എഴുത്തിനെ എങ്ങനെ നിരന്തരം പോഷിപ്പിച്ചുവെന്നും വികസിപ്പിച്ചുവെന്നും വ്യക്തമാക്കുന്നതാണ്. ജഗ്ഗർനട് പ്രസിദ്ധീകരിച്ച ഈ പുസ്തകം (2024) എഴുത്തുകാർക്കും എഡിറ്റർമാർക്കും മാത്രമല്ല, വായനക്കാർക്കും താൽപര്യം ജനിപ്പിക്കാൻ പോന്നതാണ്.
തുടക്കത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ നിരന്തരം എഴുതാൻ ആവശ്യപ്പെടുമായിരുന്ന എ. സഹദേവൻ ഒരുതവണ എന്നെ നേരിട്ടുകാണാൻ വേണ്ടി പയ്യന്നൂരിനടുത്ത വീട്ടിൽ വന്നു. താരതമ്യേന വിചിത്രമായ പേരുകാരണമോ, എന്തോ, എനിക്ക് അന്ന് അറുപതിൽ കൂടുതൽ പ്രായം ഉണ്ടാകുമായിരുന്നുവെന്നാണ് അദ്ദേഹം കണക്കുകൂട്ടിയത്. എന്നാൽ, മുപ്പതു വയസ്സുമാത്രമുള്ള എന്നെ ആദ്യമായി കണ്ടപ്പോൾ അദ്ദേഹം അതിശയപ്പെട്ടുവെന്ന് ആ മുഖത്തുനിന്നും വ്യക്തമായിരുന്നു. എന്നോടദ്ദേഹം അതു പറയുകയുംചെയ്തു. കെ.വി. രാമകൃഷ്ണനും തുടർച്ചയായി വിഷയങ്ങൾ നിർദേശിച്ച് എഴുതാൻ ആവശ്യപ്പെടുമായിരുന്നു. ഇത്തരം രചനകളാണ് പിന്നീട് പുസ്തകരൂപത്തിൽ വന്നത്.
പിൽക്കാലത്ത് ‘ദ സ്പിരിറ്റ് ഓഫ് ലോ’യുടെ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കിയപ്പോൾ കേരള ഹൈകോടതിയുടെ പുതിയ കെട്ടിടത്തിലെ ഓഡിറ്റോറിയത്തിൽവെച്ച് അത് പ്രകാശനം ചെയ്തത് പ്രമുഖ പരിസ്ഥിതി പ്രവർത്തകയായ മേധ പട്കർ ആയിരുന്നു. ചടങ്ങിന് വേദിയൊരുക്കിയത് കേരള ഹൈകോടതി അഡ്വേക്കറ്റ്സ് അസോസിയേഷനും. എന്റെ രണ്ടു പുസ്തകങ്ങളായിരുന്നു, അന്ന് പ്രകാശനം ചെയ്യപ്പെട്ടത്. ഒന്ന്, നേരത്തേ പറഞ്ഞ ‘ദ സ്പിരിറ്റ് ഓഫ് ലോ’. രണ്ടാമത്തെ പുസ്തകം ‘നിയമത്തിനപ്പുറം’ പ്രകാശനം ചെയ്തത് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ. മേധയും ജസ്റ്റിസ് രാമചന്ദ്രൻ നായരും പരിസ്ഥിതി സംബന്ധിച്ച കാര്യങ്ങളിൽ വ്യത്യസ്ത വീക്ഷണങ്ങൾ പുലർത്തുന്നവരായിരുന്നു. സാങ്കേതികവിദ്യയുടെ തെറ്റായ പ്രയോഗം എങ്ങനെ നൈസർഗിക ആവാസ വ്യവസ്ഥകളെയും അവയുടെ മേലുള്ള ഗോത്രവിഭാഗങ്ങളുടെ അധികാരത്തെയും ഇല്ലാതാക്കുന്നുവെന്ന് മേധ പറഞ്ഞു.
അന്ന് മേധ പട്കർ മുന്നോട്ടുവെച്ച ഒരു ആശയം എന്നും പ്രസക്തമായിട്ടുള്ള ഒന്നാണെന്നു തോന്നുന്നു. ഒരു വ്യവസായശാല അല്ലെങ്കിൽ ഒരു ക്വാറിയിങ് യൂനിറ്റ് തുടങ്ങുമ്പോൾ അവയുടെ ഉടമക്ക് വരുന്ന സാമ്പത്തികബാധ്യത അഥവാ ഉടമ നടത്തിയ നിക്ഷേപം (ഇൻവെസ്റ്റ്മെന്റ്) ആയിരിക്കും പലപ്പോഴും പ്രാഥമികമായ പരിഗണനാ വിഷയം. ഈ കാഴ്ചപ്പാടിനെ ചോദ്യംചെയ്തുകൊണ്ട് മേധ വ്യക്തമാക്കി: മുതലാളിയുടെ വായ്പാരേഖകളും ബാങ്ക് പാസ്ബുക്കും മാത്രം നോക്കി തീരുമാനമെടുക്കേണ്ട ഒന്നല്ല നിക്ഷേപം സംബന്ധിച്ച കാര്യങ്ങൾ. ഒരു മലിനീകരണം നടത്തുന്ന ഫാക്ടറി സ്ഥാപിക്കപ്പെടുമ്പോൾ, ആ പ്രദേശത്തെ സാധാരണ മനുഷ്യരുടെ വാസസ്ഥലവും മണ്ണും കുടിവെള്ളവും അങ്ങനെ അവരുടെ ജീവിതങ്ങൾതന്നെയുമാണ് ചോദ്യംചെയ്യപ്പെടുന്നത്. ഈ മണ്ണും വെള്ളവും അധ്വാനവും ജീവിതവുമെല്ലാം ഈ മനുഷ്യരുടെകൂടി ‘നിക്ഷേപ’മാണ്. അവർ ഇൗ തനതു ആവാസവ്യവസ്ഥകളിലാണ് അവരുടെ ജീവിതങ്ങളെത്തന്നെ നിക്ഷേപിച്ചത് എന്നർഥം. വനനശീകരണത്തിനും വിഭവചൂഷണത്തിനും പരിസ്ഥിതി മലിനീകരണത്തിനും എതിരെയുമുള്ള ഹരജികൾ പരിഗണിക്കുമ്പോൾ ന്യായാധിപർ അവശ്യം മനസ്സിൽ വെക്കേണ്ടുന്ന ഒരു ആശയംകൂടിയാണിത്.
പരിസ്ഥിതി പ്രവർത്തകരും നീതിന്യായ സംവിധാനവും തമ്മിൽ സംവാദമുണ്ടാകേണ്ടുന്ന കാര്യവും അന്ന് മേധ പട്കർ തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നു. അധികാര കേന്ദ്രങ്ങളെയും അധികാര സ്ഥാനങ്ങളിലുള്ളവരെയും മാത്രമല്ല, മറ്റു പലരെയും വിമർശിച്ചുകൊണ്ടല്ലാതെ ലോകത്തെവിടെയും യഥാർഥ പ്രതിരോധ രാഷ്ട്രീയ പ്രവർത്തനമോ പരിസ്ഥിതി പ്രവർത്തനമോ സാധ്യമല്ല. ഇതായിരുന്നു, മേധ പട്കറിന്റെയും പ്രവർത്തനരീതി. ഇതെഴുതുമ്പോൾ ഡൽഹിയിലെ ഒരു കോടതി അവരെ ഒരു അപകീർത്തി കേസിൽ ശിക്ഷിച്ചിരിക്കുന്നു. അപ്പീൽ കോടതി ആ ശിക്ഷാവിധി സ്റ്റേ ചെയ്തു. അവർക്കെതിരെ നിരവധി കേസുകൾ പലയിടങ്ങളിലും ഉള്ളതായി അവർ എന്നോട് പറഞ്ഞിട്ടുണ്ട്. അവരുടെ ആവശ്യമനുസരിച്ച് റെയിൽവേയിലെ കാറ്ററിംഗ് തൊഴിലാളികളുടെ യൂണിയനുവേണ്ടി ഹൈകോടതിയിൽ വാദിച്ചത് ഒാർക്കുന്നു.
ഒരു ദിവസം, സുപ്രീംകോടതിയിൽനിന്നും ഫ്ലാറ്റിലേക്കുള്ള മടക്കയാത്രയിൽ ഡൽഹിയിലെ റോഡരികിൽ ഒരുകൂട്ടം പാവെപ്പട്ട മനുഷ്യരെ അഭിസംബോധനചെയ്തു സംസാരിക്കുന്ന മേധയെ കണ്ടു. രാപ്പകലില്ലാതെയുള്ള കഠിനാധ്വാനം അവരുടെ ആരോഗ്യത്തെ ബാധിച്ചതായി തോന്നിയിട്ടുണ്ട്. കേരളത്തിൽ ഏതാണ്ടിതുപോലെ സ്വയം മറന്ന് കഠിനാധ്വാനംചെയ്യുന്ന പരിസ്ഥിതി പ്രവർത്തകനാണ് സി.ആർ. നീലകണ്ഠൻ. ഈ രണ്ടുപേർക്കുമുള്ള ഒരു സവിശേഷ സിദ്ധി, സാധാരണ ജനങ്ങളുമായും ബുദ്ധിജീവികളുമായും ഒരുപോലെ ആശയവിനിമയം നടത്താനുള്ള ഭാഷയും ശൈലിയുമാണെന്ന് തോന്നിയിട്ടുണ്ട്.
മേധ പട്കർ ക്ഷണിച്ചതനുസരിച്ച് മധ്യപ്രദേശിലെ ഇന്ദോറിൽ ഒരു ചടങ്ങിൽ പ്രസംഗിക്കാനായി ഞാൻ പോയിരുന്നു. സുപ്രീംകോടതിയിൽ ന്യായാധിപനായിരുന്ന ജസ്റ്റിസ് ഗാംഗുലിയും ആ പരിപാടിയിൽ സംബന്ധിച്ചിരുന്നു. വൻകിട പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ അത് പാവപ്പെട്ടവരെയും പാർശ്വവത്കൃതരെയും സാധാരണക്കാരെയും ഏങ്ങനെ ബാധിക്കുന്നുവെന്നത് ഇന്ദോർ സമ്മേളനത്തിന്റെ ചർച്ചാവിഷയങ്ങളിലൊന്നായിരുന്നു. ഏതാണ്ട് ആ കാലഘട്ടത്തിൽതന്നെയാണ് ഭൂമി ഏറ്റെടുക്കലിൽ സുതാര്യതയും മാന്യമായ നഷ്ടപരിഹാരവും ഉറപ്പുവരുന്നതിനുള്ള പുതിയ ലാൻഡ് അക്വിസിഷൻ നിയമം (2013) ആവിഷ്കരിക്കപ്പെട്ടത്. 2014ലെ പുതുവത്സര ദിവസത്തിൽ അത് പ്രാബല്യത്തിൽ വന്നു. ഇൗ നിയമനിർമാണം ജനതാൽപര്യത്തിന് വലിയ പ്രാധാന്യം കൊടുത്തു.
ശിക്ഷാനിയമത്തിനും ക്രിമിനൽ നടപടിക്രമത്തിനും തെളിവുനിയമത്തിനും പുതിയ ഹിന്ദി/ സംസ്കൃത പേരുകൾ നൽകി ഭൂരിഭാഗം വരുന്ന വകുപ്പുകളും കോപ്പി പേസ്റ്റ് ചെയ്ത്, ലേബൽ മാറ്റലിൽ വലിയ വിപ്ലവം നടന്നതായി ഘോഷിക്കുന്ന പുതിയ കാലത്തെ ഭരണകർത്താക്കൾക്ക് 2004-2014 കാലഘട്ടത്തിൽ യു.പി.എ ഭരണകാലത്ത് നടത്തിയ പല ജനകീയ നിയമനിർമാണങ്ങളിൽനിന്നും പലതും പഠിക്കാനുണ്ട്. വിവരാവകാശ നിയമവും വിദ്യാഭ്യാസാവകാശ നിയമവും വനാവകാശ നിയമവും ഭക്ഷ്യസുരക്ഷാ നിയമവും തൊഴിലുറപ്പു നിയമങ്ങളും തെരുവുകച്ചവടക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള നിയമവുമെല്ലാം ഇന്ത്യൻ പാർലമെന്റിനകത്തു കണ്ട ജനാധിപത്യ വിപ്ലവങ്ങളായിരുന്നു. അവക്കു പകരം ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തിൽമാത്രം വേർതിരിച്ചു കണ്ട് നിയമങ്ങൾ സൃഷ്ടിച്ച പുതിയ പാർലമെന്റിലേക്കുള്ള ദൂരം വളരെ വലുതാണ്. പൗരത്വ നിയമ ഭേദഗതിയും മുത്തലാഖ് വിരുദ്ധ നിയമവുമാണ് പുതിയ കാലഘട്ടത്തിലെ ‘വിപ്ലവങ്ങൾ’ എന്ന് വരുത്തി തീർത്തതിലൂടെ ഒരു രാജ്യത്തെ, അവിടത്തെ ജനകോടികളെ അധികാരികൾ എത്രമാത്രം ബ്രെയിൻവാഷ് ചെയ്തുവെന്നുകൂടി വ്യക്തമാകുന്നു.
സുഹൃത്തുക്കൾക്കുവേണ്ടി കോടതിയിൽ ഹാജരാകേണ്ടിവരുന്നത് പലപ്പോഴും വലിയ സമ്മർദങ്ങൾക്കിടവരുത്തും. സി.ആർ. നീലകണ്ഠനെ കുറിച്ച് നേരത്തേ സൂചിപ്പിച്ചപ്പോൾത്തന്നെ അദ്ദേഹത്തിനുവേണ്ടി ഹൈകോടതിയിൽ ഹാജരായി വാദിച്ച കാര്യവും ഓർമയിലെത്തി. പരിസ്ഥിതി പൗരാവകാശ മേഖലകളിൽ സജീവമായി പ്രവർത്തിച്ച സി.ആറും, മേധയെപ്പോലെ, അധികാരികൾക്കെതിരെ നിരന്തരം പോരാടി. ഈ നിർഭയത്വത്തിന് അദ്ദേഹത്തിനും പലപ്പോഴും വലിയ വിലകൊടുക്കേണ്ടിവന്നു. ലാവലിൻ കേസുമായും മറ്റും ബന്ധപ്പെട്ട് സി.ആർ നടത്തിയ പ്രസംഗങ്ങളും പ്രവർത്തനങ്ങളും രചനകളും അദ്ദേഹത്തെ അധികാരികളുടെ അപ്രീതിക്ക് ഇരയാക്കി.
ആയിടക്കാണ് കെൽട്രോണിൽ ജോലിചെയ്തുപോന്ന അദ്ദേഹത്തെ കേരളത്തിൽനിന്നും ഹൈദരാബാദിലേക്ക് സ്ഥലം മാറ്റിയത്. ജീവനക്കാരെ സ്ഥലം മാറ്റാനുള്ള അധികാരം തൊഴിലുടമക്കുണ്ട് എന്നതാണ് സാമാന്യ നിയമം. എന്നാൽ, ദുരുദ്ദേശ്യത്തോടെയുള്ള സ്ഥലം മാറ്റങ്ങൾക്കാകട്ടെ, ഈ നിയമപരിരക്ഷയില്ല. സി.ആറിന്റെ കാര്യത്തിൽ ലാവലിൻ കേസ് അടക്കമുള്ള കാര്യത്തിലുള്ള അദ്ദേഹത്തിന്റെ ഇടപെടലുകൾ നിമിത്തമുള്ള പകപോക്കലിന്റെ ഭാഗമായാണ് ഒരു വിദൂരസ്ഥലത്തേക്ക് സ്ഥലംമാറ്റപ്പെട്ടത് എന്ന ആക്ഷേപം ഉയർന്നു. ഭരണപരമായി അദ്ദേഹത്തിന്റെ സേവനം ഏറെയൊന്നും ആവശ്യമില്ലാതിരുന്ന, അദ്ദേഹത്തിന് പ്രത്യേകിച്ച് ഏറെയൊന്നും ചെയ്യാൻപോലും ഇല്ലാതിരുന്ന ഒരു വിദൂര സ്ഥലത്തേക്കുള്ള സ്ഥലംമാറ്റം ദുരുദ്ദേശ്യപരമാണെന്നും നിയമവിരുദ്ധമാണെന്നും സൂചിപ്പിച്ചുകൊണ്ട് സി.ആറിനുവേണ്ടി ഹൈകോടതിയിൽ ഹരജി നൽകി വാദിച്ചു. വാദങ്ങൾ വിശദമായി കേട്ട ജസ്റ്റിസ് ആന്റണി ഡൊമിനിക്, പക്ഷേ ഹരജി നിരസിക്കുകയാണുണ്ടായത്.
പിന്നീട് സർക്കാർ മാറിയപ്പോൾ മാത്രമാണ് സി.ആറിന് കേരളത്തിലേക്ക് തിരിച്ചുവരാനായത്. അദ്ദേഹത്തിന്റെ അനുഭവം തെന്നയായിരുന്നു അദ്ദേഹം ഉന്നയിച്ച വാദങ്ങൾക്കുള്ള ഏറ്റവും ശക്തമായ തെളിവ്. അവ പക്ഷേ, കോടതിയുെട പരിശോധനക്ക് പുറത്തായിരുന്നു. സി.ആർ കെൽട്രോണിൽനിന്നും വിരമിച്ചശേഷം അഭിഭാഷകനായി എൻറോൾചെയ്തു. അദ്ദേഹവുമായുള്ള സൗഹൃദം ഇപ്പോഴും തുടരുന്നു.
പൊതുജീവിതത്തിൽ പരിശുദ്ധിയും ആത്മാർഥതയും പ്രതിബദ്ധതയും പുലർത്തിയ ആക്ടിവിസ്റ്റുകളോട് നമ്മുടെ കോടതികൾ പലപ്പോഴും ദയാപൂർവമല്ല പെരുമാറിയിട്ടുള്ളത്. മേധയും സി.ആറും മാത്രമല്ല, കേരളം മുതൽ ഡൽഹിവരെ എത്രയെത്ര കോടതികൾ എത്രെയത്ര ആക്ടിവിസ്റ്റുകളെയാണ് നിയമപ്രക്രിയയെന്ന ആയുധത്തിന്റെ ഇരകളാക്കി തീർത്തത്! സ്വാതന്ത്ര്യത്തിനുമുമ്പ് ബ്രിട്ടീഷുകാർ അവലംബിച്ച ഈ രീതിതന്നെയാണ് സ്വാതന്ത്ര്യത്തിനുശേഷം വന്ന അധികാരിവർഗം വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നവർക്കെതിരെ അവലംബിച്ചത്.
ആന്ധപ്രദേശ് ഹൈകോടതിയിൽ നക്സലൈറ്റുകൾക്കും തീവ്രവാദികൾക്കും വേണ്ടി ഹാജരാവുകയും അവരുടെ കേസുകൾ നിരന്തരം വാദിക്കുകയുംചെയ്ത കണ്ണബിരാനോട് ഒരു ന്യായാധിപൻ ചോദിച്ചു –ഭരണഘടനയിൽ വിശ്വാസമില്ലാത്ത ഇത്തരക്കാർക്കുവേണ്ടി നിങ്ങൾ നിരന്തരം ഹാജരാകുന്നതിന്റെ യുക്തിയെന്താണ്? ഈ ചോദ്യത്തിന് കണ്ണബിരാൻ പറഞ്ഞ മറുപടി ഇങ്ങനെ:
‘‘ഈ പ്രതികൾക്ക് ഭരണഘടനയിലുള്ള വിശ്വാസമല്ല, ന്യായാധിപനായ അങ്ങയുടെ ഭരണഘടനയിലുള്ള വിശ്വാസമാണ് ഈ കേസിൽ വിചാരണ ചെയ്യപ്പെടുന്നത്.’’ മതഗ്രന്ഥങ്ങളിൽനിന്നും വ്യത്യസ്തമായി ഭരണഘടന, അതിൽ വിശ്വാസമില്ലാത്തവരുടെ കൂടി അവകാശങ്ങളെ സംരക്ഷിക്കുന്നതിനായി സൃഷ്ടിക്കപ്പെട്ടതാണെന്ന് കണ്ണബിരാൻ പറയുമായിരുന്നു.
എന്നാൽ, പുതിയ കാലഘട്ടത്തിലെ തീവ്രവാദ വിരുദ്ധനിയമം ജാമ്യനിഷേധത്തെത്തന്നെ ശിക്ഷാവിധിയാക്കി മാറ്റി എന്നതാണ് യാഥാർഥ്യം. കുറ്റാരോപണംതന്നെ ശിക്ഷാവിധിക്കു തുല്യമാകുന്ന ഭീകരമായ അവസ്ഥയിൽ ഭരണകൂടം യു.എ.പി.എ എന്ന കരിനിയമത്തെ എങ്ങനെയാണ് പ്രയോഗിക്കുന്നതെന്നത് ഒരു സമകാലിക ഇന്ത്യൻ യാഥാർഥ്യമാണ്. ഇങ്ങനെ യു.എ.പി.എ പ്രകാരം ജയിലിൽ അടക്കപ്പെട്ട ഒരു രാഷ്ട്രീയ പ്രവർത്തകനുവേണ്ടി കേരള ഹൈകോടതിയിൽ ഞാൻ ഹാജരായിരുന്നു. നടപടിക്രമത്തിലെ പ്രകടമായ പാളിച്ച സുപ്രീംകോടതി വിധികളുടെ അടിസ്ഥാനത്തിൽ വ്യക്തമാക്കിയിട്ടും അദ്ദേഹത്തിന് ഹൈകോടതി ജാമ്യം അനുവദിച്ചില്ല.
യു.എ.പി.എ അനുസരിച്ച് ഒരാളെ പ്രോസിക്യൂട്ട് ചെയ്യണമെങ്കിൽ നിയമപരമായി അതിനുള്ള അനുമതി പ്രോസിക്യൂഷൻ മുൻകൂറായി നേടിയിരിക്കണമെന്നും അത്തരം അനുമതിയുടെ അഭാവത്തിൽ ഈ കേസുതന്നെ യു.എ.പി.എയുടെ പരിധിയിൽ വരില്ലെന്നും മാസങ്ങളായി ഹരജിക്കാരനെ തടവിൽവെച്ചതുതന്നെ നിയമവിരുദ്ധമാണെന്നുമായിരുന്നു ഉന്നയിക്കപ്പെട്ട മുഖ്യവാദങ്ങളിലൊന്ന്.
പ്രോസിക്യൂഷൻ അനുമതിയില്ലാത്തിടത്തോളം യു.എ.പി.എ 45ാം വകുപ്പനുസരിച്ച് പ്രത്യേക കോടതിക്ക് ഈ കേസിൽ നടപടിക്രമങ്ങളെടുക്കാൻപോലും അധികാരമില്ലെന്നും ബോധിപ്പിച്ചതിന് നിയമത്തിന്റെയും സുപ്രീംകോടതി വിധിയുടെയും പിൻബലമുണ്ടായിരുന്നു. എന്നിട്ടും തമിഴ്നാട്ടിൽനിന്നുള്ള ഡോക്ടർക്കുവേണ്ടി നൽകിയ ആ ജാമ്യഹരജി ഹൈകോടതി തെറ്റായ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നിരാകരിക്കുകയാണുണ്ടായത്. കരിനിയമങ്ങളുടെ പ്രേത്യകതയിതാണ്. മിക്ക കോടതികളും ആരോപണമുന്നയിക്കപ്പെട്ട നിയമത്തിന്റെ കാർക്കശ്യത്തെ പിൻപറ്റുകയും അങ്ങനെ പ്രതികൾക്ക് ജാമ്യം നിഷേധിക്കുകയുമാണ് ചെയ്യുക.
ഇന്ത്യയിലെ നൂറുകണക്കിന് ബുദ്ധിജീവികളും സാമൂഹിക പ്രവർത്തകരും വിദ്യാർഥി നേതാക്കളും ഈ ദുരവസ്ഥയുടെ ഇരകളാണ്. അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലടക്കപ്പെടുന്നവരുടെ രക്ഷക്കെത്തുവാൻ കോടതികൾക്ക് കഴിയുന്നില്ലെങ്കിൽ ജനാധിപത്യത്തെക്കുറിച്ചുള്ള വീരവാദങ്ങൾ നിരർഥകമാണ്. ഭീമാ കൊറേഗാവ് കേസിൽ പ്രതികളാക്കപ്പെട്ട 16 പേരുടെ അവസ്ഥ ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയാവസ്ഥയുടെ പരിച്ഛേദമാകുന്നതെങ്ങനെയെന്ന് ‘ദ ഇൻകാർസറേഷൻസ്’ എന്ന ഗംഭീരമായ രചനയിലൂടെ അൽപാ ഷാ വ്യക്തമാക്കുന്നുണ്ട് (ഹാർപർ കോളിൻസ്, 2024). സാമൂഹിക പ്രതിബദ്ധതയും സത്യസന്ധതയും കൈമുതലായുള്ള സുധ ഭരദ്വാജ് മുതൽ ഗൗതം നവ്േലഖ വരെയുള്ള ധിഷണാശാലികളെ വ്യാജ ആരോപണത്തിന്റെയും ‘വ്യാജ തെളിവുകളുടെ’യും ബലത്തിൽ വർഷങ്ങളോളം ജയിലിൽ പാർപ്പിച്ചതിനെക്കുറിച്ച് വിശദീകരിക്കുന്ന ഈ ഗ്രന്ഥം സമകാലിക ഇന്ത്യൻ രാഷ്ട്രീയാവസ്ഥയിൽ ഉദയംകൊണ്ട സ്വേച്ഛാധികാരവാഴ്ചയുടെ രൂപഭാവങ്ങൾകൂടി വിശദീകരിക്കുന്നുണ്ട്. വിദ്യാർഥി നേതാവായ ഉമർ ഖാലിദിനെ പോലുള്ളവർക്കും കടുത്ത സ്വാതന്ത്ര്യ നിഷേധമാണ് നേരിടേണ്ടിവന്നത്.
ഈ സന്ദർഭങ്ങളിലൊന്നും ഇന്ത്യയിലെ മുഖ്യധാരാ പ്രതിപക്ഷങ്ങൾപോലും വിഷയം ആവശ്യെപ്പടുന്ന ഗൗരവത്തോടെ പ്രതിഷേധിച്ചില്ല. പിന്നീട് തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെപ്പോലും എത്ര ദിവസങ്ങൾ വേണമെങ്കിലും ദുർനിയമങ്ങൾ പ്രയോഗിച്ച് ജയിലിലാക്കാം എന്ന അവസ്ഥ വന്നു.
ഇതെഴുതുമ്പോൾ ജാമ്യനിഷേധത്തെതന്നെ ശിക്ഷാരൂപമായി കാണുന്ന ചില വിചാരണ കോടതികളുടെയും ഹൈകോടതികളുടെയും സമീപനം തിരുത്തണമെന്ന സുപ്രീംകോടതിയുടെ വിധിയാണ് മുന്നിൽ. ജസ്റ്റിസ് ജെ.ബി. പർദിവാലയും ഉജ്ജ്വൽ ഭുയാനും അടങ്ങിയ ബെഞ്ച് കൽപിച്ച വിധിയിൽ മറ്റൊരു കാര്യംകൂടി പറഞ്ഞു. ന്യായമായ സമയപരിധിക്കുള്ളിൽ കേസുകളുടെ വിചാരണ പൂർത്തിയാക്കാൻ ഭരണകൂടത്തിന് കഴിയുന്നില്ലെങ്കിൽ അത്തരം കേസുകളിലെ പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് പറയാനും സർക്കാറിന് അഥവാ അന്വേഷണ ഏജൻസിക്ക് അവകാശമില്ല.
ജാവേദ് ഗുലാം നബിയുടെ കേസിലെ വിധിയിലെ (2024) തത്ത്വം അനുസരിച്ച് ഇപ്പോൾ ജയിലിൽ കഴിയുന്ന ഉമർ ഖാലിദ് അടക്കമുള്ള പലരെയും പുറത്തുവിടേണ്ടതുണ്ട്. സ്വാതന്ത്ര്യം അനുഭവവേദ്യമാകുമ്പോഴാണ് ജനാധിപത്യവും ഒരു ജനതയുടെ അനുഭവമാവുക. അല്ലാതെയുള്ള തത്ത്വംപറച്ചിലുകൾ പൗരജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കണമെന്നില്ല.
ടാഡയുടെയും പോട്ടയുടെയും കാലത്ത് ഞാൻ ഹൈകോടതിയിൽ എത്തിയിരുന്നില്ല. 1985 മേയ് മാസത്തിനും 1993 മാർച്ചിനും ഉള്ളിൽ ഇന്ത്യയിൽ നടന്ന 52,998 ടാഡ അറസ്റ്റുകളിൽ കേവലം 434 പേർ മാത്രമാണ് തീവ്രവാദം സംബന്ധിച്ച ഏതെങ്കിലും കുറ്റകൃത്യം ചെയ്തതായി കോടതികൾ കണ്ടെത്തിയത്. അതായത്, അറസ്റ്റ് െചയ്യപ്പെട്ട് ജയിലിലടക്കപ്പെട്ടവരിൽ വെറും 0.8 ശതമാനം മാത്രം. ഇക്കാര്യത്തിൽ ശ്രദ്ധേയമായ വെളിപ്പെടുത്തലുകൾ മനുഷ്യാവകാശ കമീഷനും മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായ രംഗനാഥ മിശ്ര നടത്തുകയുണ്ടായി. കുറ്റാരോപണങ്ങളും നിയമ പ്രക്രിയകളുംതന്നെ ശിക്ഷയായി മാറുന്ന ഈ ദുരവസ്ഥക്കെതിരെ പറയാൻ തൊണ്ണൂറുകളിൽ ഒരു സ്വതന്ത്ര മനുഷ്യാവകാശ കമീഷൻ ഉണ്ടായിരുന്നു. ഇന്നോ?
‘ടാഡ പിൻവലിച്ചാൽ മതിയോ’ എന്ന തലക്കെട്ടിൽ 1995 ഫെബ്രുവരിയിൽ ഞാൻ മാതൃഭൂമി ദിനപത്രത്തിൽ ലേഖനമെഴുതിയിരുന്നു. നിയമത്തിന്റെ ഇരകളെ കണ്ടെത്തി അവർ അനുഭവിച്ച ദുരന്തങ്ങൾക്ക് ആനുപാതികമായി നഷ്ടപരിഹാരംകൂടി നൽകണമെന്നതായിരുന്നു ആ ലേഖനത്തിലൂടെ ഉന്നയിച്ച കാര്യം. ടാഡ പിൻവലിക്കപ്പെട്ടു; എന്നാൽ ഇരകളുടെ ദുരന്തങ്ങൾ വിസ്മരിക്കപ്പെട്ടു. ഭരണകൂടവും സമൂഹവും അവ ഓർമിക്കാനോ അക്കാര്യങ്ങളിൽ എന്തെങ്കിലും ചെയ്യാനോ തയാറായില്ല.
ഇപ്പോൾ ടാഡക്കും പോട്ടക്കും പകരം യു.എ.പി.എയും കള്ളപ്പണ വിരുദ്ധ നിയമവും അരങ്ങു തകർക്കുന്നു. കരിനിയമങ്ങൾക്ക് ഇരയാകുന്ന സാധാരണ മനുഷ്യരുടെ ദുരവസ്ഥ തുടരുകയാണ്. അടിയന്തരാവസ്ഥ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇന്ത്യയിൽ കരിനിയമങ്ങൾ ഒരു തുടർക്കഥയായിരുന്നുവെന്നതാണ് യാഥാർഥ്യം. ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ, ഈ രാജ്യത്തിന്റെ സർക്കാറുകൾ ഒരിക്കലും സ്വാതന്ത്ര്യത്തിന്റെ പൂർണതയും സമഗ്രതയും ജനങ്ങളിലെത്തിക്കാൻ ആഗ്രഹിച്ചില്ലെന്നു തോന്നിപ്പോകും. 2014 മുതൽ 2024 വരെയുള്ള കാലഘട്ടത്തിൽ, കേന്ദ്രസർക്കാറും സർക്കാറിനു നേതൃത്വം നൽകുന്ന രാഷ്ട്രീയ കക്ഷിയും തമ്മിലുള്ള വ്യത്യാസം നേർത്തുനേർത്തുവന്നു. അങ്ങനെയാണ് ഭരണഘടനാ സ്ഥാപനങ്ങൾ, ഭരിക്കുന്ന പാർട്ടിയുടെ ഉപകരണങ്ങൾ മാത്രമായി മാറുന്ന അവസ്ഥയുണ്ടായത്. അടിയന്തരാവസ്ഥക്കാലമൊഴിച്ചാൽ, ഈ ദുഷ്പ്രവണത ഏറ്റവും പ്രകടമായത് രണ്ടാം മോദി സർക്കാറിന്റെ കാലത്താണ് (2019-2024).
വേറെയും ചില പ്രധാന കേസുകളിൽ എനിക്ക് ഹാജരാകേണ്ടി വന്നു. ഐ.എസ്.ആർ.ഒ ചാരവൃത്തിക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ പ്രതികളായിക്കൊണ്ട് പുതിയ കേസുവന്നത് അടുത്തിടെയാണ്. അതിലൊരു പ്രതിക്കുവേണ്ടി ഹൈകോടതിയിലും സുപ്രീംകോടതിയിലും മുൻകൂർ ജാമ്യത്തിനായി വാദിച്ചു. ഹൈകോടതി ആദ്യം മുൻകൂർ ജാമ്യം അനുവദിച്ചുവെങ്കിലും പിന്നീട് സുപ്രീംകോടതി അത് റദ്ദാക്കി. എന്നാൽ, സുപ്രീംകോടതിയും പ്രതികളുടെ അറസ്റ്റ് തടഞ്ഞു. പിന്നീട് കേസ് ഹൈകോടതിയിൽ തിരിച്ചെത്തിയപ്പോൾ വീണ്ടും മുൻകൂർ ജാമ്യം അനുവദിച്ചുെകാണ്ട് ജസ്റ്റിസ് കെ. ബാബു ഉത്തരവിട്ടു. ഈ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലായതിനാൽ വിഷയത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നത് ഉചിതമല്ല.
മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നത് പക്ഷേ, ക്രിമിനൽ കേസുകളിൽ മാത്രമല്ലല്ലോ. ജീവിതത്തിന്റെ ഭിന്നമേഖലകളിൽ വിവിധ രൂപങ്ങളിൽ, സാധാരണ മനുഷ്യർ സംവിധാനത്തിന്റെ ഇരയായിത്തീരുന്നുണ്ട്. അത്തരം നിരവധി സന്ദർഭങ്ങൾ തൊഴിൽ ജീവിതത്തിലുണ്ടായി. അവയിൽ ചിലതെങ്കിലും തുടർന്നുള്ള ഭാഗങ്ങളിൽ വിശദീകരിക്കാൻ ശ്രമിക്കാം.