Begin typing your search above and press return to search.
proflie-avatar
Login

കോടതിമുറിയിലെ സർഗാത്മകത

കോടതിമുറിയിലെ സർഗാത്മകത
cancel

നൂ​റു​ക​ണ​ക്കി​ന് പാ​ർ​ട്ട്ടൈം സ്വീ​പ്പ​ർ​മാ​രെ വി​വി​ധ വ​കു​പ്പു​ക​ളി​ൽ സ്ഥി​ര​പ്പെ​​ടു​ത്താ​നു​ള്ള ഉ​ത്ത​ര​വു​ക​ൾ ഹൈ​കോ​ട​തി ന​ൽ​കി. 2005ലെ ​ഒ​രു സ​ർ​ക്കാ​ർ ഉ​ത്ത​ര​വു പ്ര​കാ​രം അ​ന്നു​വ​രെ കാ​ഷ്വ​ൽ സ്വീ​പ്പ​ർ​മാ​രാ​യി ജോ​ലി നോ​ക്കു​ന്ന​വ​രെ സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്ന് നി​ബ​ന്ധ​ന ഉ​ണ്ടാ​യി​ട്ടും പ​ല​രു​ടെ കാ​ര്യ​ത്തി​ലും ഇൗ ​ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി​യി​ല്ല. പൊ​തു​വെ വി​ദ്യാ​ഭ്യാ​സം കു​റ​ഞ്ഞ​വ​രും പാ​ർ​ശ്വ​വ​ത്കൃ​ത​രു​മാ​യ ഒ​രു വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്നു ഈ ​സ്വീ​പ്പ​ർ​മാ​ർ. ഇ​ത്ത​ര​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള നൂ​റു​ക​ണ​ക്കി​ന്...

Your Subscription Supports Independent Journalism

View Plans
നൂ​റു​ക​ണ​ക്കി​ന് പാ​ർ​ട്ട്ടൈം സ്വീ​പ്പ​ർ​മാ​രെ വി​വി​ധ വ​കു​പ്പു​ക​ളി​ൽ സ്ഥി​ര​പ്പെ​​ടു​ത്താ​നു​ള്ള ഉ​ത്ത​ര​വു​ക​ൾ ഹൈ​കോ​ട​തി ന​ൽ​കി. 2005ലെ ​ഒ​രു സ​ർ​ക്കാ​ർ ഉ​ത്ത​ര​വു പ്ര​കാ​രം അ​ന്നു​വ​രെ കാ​ഷ്വ​ൽ സ്വീ​പ്പ​ർ​മാ​രാ​യി ജോ​ലി നോ​ക്കു​ന്ന​വ​രെ സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്ന് നി​ബ​ന്ധ​ന ഉ​ണ്ടാ​യി​ട്ടും പ​ല​രു​ടെ കാ​ര്യ​ത്തി​ലും ഇൗ ​ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി​യി​ല്ല. പൊ​തു​വെ വി​ദ്യാ​ഭ്യാ​സം കു​റ​ഞ്ഞ​വ​രും പാ​ർ​ശ്വ​വ​ത്കൃ​ത​രു​മാ​യ ഒ​രു വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്നു ഈ ​സ്വീ​പ്പ​ർ​മാ​ർ. ഇ​ത്ത​ര​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള നൂ​റു​ക​ണ​ക്കി​ന് വി​ധി​ക​ൾ ഹൈ​കോ​ട​തി​യി​ൽ​നി​ന്നും നേ​ടി​യെ​ടു​ക്കാ​നാ​യ​ത് ചാ​രി​താ​ർ​ഥ്യ​ജ​ന​ക​മാ​ണ് -ആത്​മകഥ തുടരുന്നു.

നിയമത്തിന്റെ വഴികൾ വരണ്ടതാണെന്ന ധാരണ ശരിയല്ല. വരണ്ട ചിന്തകളോടെ പലരും അവയെ അങ്ങനെ ആക്കിത്തീർക്കുകയാണ്. വർഷങ്ങൾക്കുമുമ്പ് മുൻസിഫ് കോടതിയിൽ പ്രാക്ടിസ് ചെയ്യുന്ന കാലത്ത് ഒരു സിവിൽകേസിൽ ഒരു കക്ഷിയുടെ വാസസ്ഥാനം തെളിയിക്കുവാനായി ഇലക്ടറൽ ലിസ്റ്റ് ഹാജരാക്കാനായില്ല. എന്നാൽ, പകരമായി റേഷൻകാർഡ് ഹാജരാക്കുകയും ചെയ്തു. എന്തുകൊണ്ട് ഇലക്ടറൽ ലിസ്റ്റ് രേഖയായി മാർക്ക് ചെയ്തില്ല എന്ന് എതിർഭാഗം ചോദിച്ചപ്പോൾ ഇലക്ടറൽ ലിസ്റ്റില്ലെങ്കിലും ഇന്ത്യൻ പൗരന് ജീവിക്കാം; എന്നാൽ റേഷൻ കാർഡില്ലാതെ പറ്റില്ല എന്നുത്തരമായി പറഞ്ഞു. അത് ന്യായാധിപനും സ്വീകാര്യമായ മറുപടിയായിരുന്നു. കണ്ണൂർ ജില്ലയിലെ മാടായിപ്പാറയിലെ ഖനനം ചോദ്യംചെയ്ത​ കേസിൽ ഒരിഞ്ചു മേൽമണ്ണ് രൂപപ്പെടാനായി വേണ്ടിവരുന്ന ആയിരക്കണക്കിന് സംവത്സരങ്ങളുടെ കാര്യം പറഞ്ഞപ്പോൾ അതും എളുപ്പം അംഗീകരിക്കപ്പെട്ടു.

അതേസമയം, മുൻകാലങ്ങളിൽനിന്നും വ്യത്യസ്തമായി കോടതിമുറികളിൽ അഭിഭാഷകരുടെ ‘പ്രസംഗ’ങ്ങൾക്ക് ഇന്ന് വലിയ സ്വീകാര്യതയില്ല. പലപ്പോഴും ഹൈകോടതിയിലും സുപ്രീംകോടതിയിലും വാദ സന്ദർഭങ്ങൾ സംഭാഷണ സന്ദർഭങ്ങളാണ്. റെട്ടറിക് (rhetoric) എന്ന നിലയിൽനിന്നും സംവാദാത്മകം (dialogic) എന്ന നിലയിലേക്കുള്ള ഈ പരിണാമത്തിൽ വലിയ തെറ്റ് പറയാനാകില്ല. എന്നാൽ, മികച്ച ന്യായാധിപർക്കു മാത്രമേ ധൈഷണികവും ഭാവനാത്മകവുമായ സംഭാഷണങ്ങൾ കോടതിമുറികളിൽ സൃഷ്ടിക്കാൻ കഴിയൂ.

കേരളത്തിൽ ഇസ്‍ലാമിക് ബാങ്ക് കൊണ്ടുവരാനായി സംസ്ഥാന സർക്കാർ ശ്രമിച്ചപ്പോൾ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയും പ്രമുഖ ഹിന്ദു സംഘടനാ നേതാവ് ആർ.വി. ബാബുവും അതിനെ ചോദ്യംചെയ്യുകയുണ്ടായി. അന്നത്തെ ഹൈകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജെ. ചെലമേശ്വർ അധ്യക്ഷനായ ഡിവിഷൻ ​െബഞ്ചാണ് ആ കേസ് പരിഗണിച്ചത്. ഒരു സെക്കുലർ സർക്കാറിനെ ഒരു മതത്തിന്റെ പേരിലുള്ള ബാങ്കിങ് സ്ഥാപനം കൊണ്ടുവരാൻ ഭരണഘടന അനുവദിക്കുന്നുണ്ടോ എന്നതായിരുന്നു കേസിലെ നിയമപ്രശ്നം. സുബ്രഹ്മണ്യം സ്വാമി പതിവുപോലെ നേരിട്ട് ഹാജരായി വാദിച്ചു. ബാബുവിനുവേണ്ടി ഞാനും വാദിച്ചു. മറുവശത്ത് രാജീവ് ധവാനും നാഗേശ്വർ റാവുവും. ലാവലിൻ കേസിനുശേഷം സുപ്രീംകോടതിയിൽ പ്രമുഖർ എതിർഭാഗത്തുനിന്നു വാദിച്ച മറ്റൊരു കേസായിരുന്നു അത്. ലാവലിൻ കേസിൽ വൈദ്യനാഥനും മറ്റുമായിരുന്നു എതിർവശത്ത്.

ഇസ്‍ലാമിക് ബാങ്കിന്റെ കേസിൽ രാജീവ് ധവാൻ ഉയർത്തിയ വാദങ്ങളെ അപനിർമിച്ചാൽ മാത്രമേ സംസ്ഥാന സർക്കാറിന്റെ ഉത്തരവിന്റെ മതപക്ഷപാതിത്വം മനസ്സിലാക്കാൻ കഴിയൂ എന്നതായിരുന്നു എന്റെ വാദം. ഇതിനായി ഫ്രഞ്ച് ദാർശനികനായ ഴാക് ദെറിദയുടെ അപനിർമാണം (deconstruction) എന്ന സ​ങ്കേതം പ്രസക്തമാണെന്നും ഞാൻ സൂചിപ്പിച്ചു. ഈ വാദം കഴിഞ്ഞ് കുറേ വർഷങ്ങൾക്കുശേഷം ഒരു പൊതുചടങ്ങിൽ എന്റെതന്നെ പുസ്തകം പ്രകാശനം ചെയ്തപ്പോൾ ഞാൻ ദെറിദയെക്കുറിച്ച് സൂചിപ്പിച്ച കാര്യം ജസ്റ്റിസ് ചെലമേശ്വർ തന്റെ പ്രസംഗത്തിൽ പറയുകയുണ്ടായി.

മ​റ്റൊരു കേസിൽ അദ്ദേഹമെഴുതിയ ഒരു വിധിയെ വിമർശിച്ചുകൊണ്ട് അന്നത്തെ ‘ന്യൂ ഇന്ത്യൻ എക്സ്പ്രസി’ൽ ലേഖനമെഴുതിയതിനെയും അദ്ദേഹം പ്രകീർത്തിച്ചു. ആ വിമർശന ലേഖനം കാരണമാണ് അദ്ദേഹം എന്നെ ശ്രദ്ധിക്കാൻ തുടങ്ങിയതെന്നും വിധികളെ വിമർശനാത്മകമായി വിലയിരുത്തുന്ന രീതി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. അത് ഡൽഹിയിൽനിന്നും പ്രസിദ്ധീകരിക്കുന്ന ‘ഇന്ത്യൻ എക്സ്‍പ്രസി’​ലെ ഒരു പ്രധാന തലസ്ഥാന വാർത്തയായിത്തീർന്നു!

ഇസ്‍ലാമിക് ബാങ്ക് കേസിലെ യഥാർഥ കൗതുകം മറ്റൊന്നായിരുന്നു. ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടനയാണ് മതേതരത്വം എന്ന് വിധിച്ച എസ്.ആർ. ബൊമ്മൈ കേസിലെ വിധിയായിരുന്നു (1994) സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരായ വജ്രായുധം.

ഈ വിഷയത്തിലുള്ള ഒരു പ്രബന്ധംകൂടിയാണ് ബൊമ്മൈ കേസിലെ ഭരണഘടനാ ബെഞ്ചിന്റെ വിധി. ദീർഘമായ ആ വിധിന്യായം ഈ കേസിനുവേണ്ടി ഞാൻ പത്തു തവണയെങ്കിലും വായിച്ചിട്ടുണ്ടാകും. അതിനുവേണ്ടി മാത്രം ഒരു ഹോട്ടലിൽ മുറിയെടുത്ത് വായിച്ചത് ശ്രദ്ധ തെറ്റാതിരിക്കാൻ മാത്രമായിരുന്നു. ബാബരി മസ്ജിദ് തകർക്കാനായി കർസേവകരുമായി ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ചില ഉത്തരേന്ത്യൻ സംസ്ഥാന സർക്കാറുകൾ ബാന്ധവത്തിലേർപ്പെട്ടപ്പോൾ അത് മതേതരത്വ സങ്കൽപങ്ങളുടെ താഴ്വേരറുക്കുന്നതാണെന്ന് സൂചിപ്പിച്ച വിധിയാണ് ബൊമ്മൈ കേസിലേത്.

ഈ വിധിയുടെ അടിസ്ഥാനത്തിൽ കേരള സർക്കാറിന്റെ ഇസ്‍ലാമിക് ബാങ്ക് സ്ഥാപനത്തിനായുള്ള നീക്കത്തെ ചോദ്യംചെയ്യാൻ കഴിഞ്ഞുവെന്നത് നിയമതത്ത്വങ്ങളുടെ മതേതര സ്വഭാവംകൊണ്ടുകൂടിയാണ്! ഏതായാലും തത്ത്വചിന്തക്കും നിയമചിന്തക്കും ജസ്റ്റിസ് ചെലമേശ്വറിന്റെ കോടതിയിൽനിന്നും കിട്ടിയ അംഗീകാരം അവിസ്മരണീയമാണ്. ഒടുവിൽ സംസ്ഥാന സർക്കാറിന്റെ നീക്കത്തിൽ കോടതി ഇടപെട്ടില്ല. അതേസമയം, മറ്റ്​ പല കാരണങ്ങൾകൊണ്ട്​ സർക്കാർ മുൻകൈയിലുള്ള ഇസ്​ലാമിക്​ ബാങ്ക്​ അന്ന്​ നടപ്പായില്ല.


 


സുബ്രഹ്മണ്യൻ സ്വാമി,ആർ.വി. ബാബു

സുബ്രഹ്മണ്യൻ സ്വാമി,ആർ.വി. ബാബു

ഠഠഠ

ഹൈകോടതിയിൽ എത്തിയ കാലത്തുതന്നെയായിരുന്നു ബാർ കൗൺസിൽ ചെയർമാനായിരുന്ന എസ്. ഗോപകുമാരൻ നായർ ക്ഷണിച്ചതനുസരിച്ച് സർവിസ് നിയമങ്ങളെ സംബന്ധിച്ച ഒരു സെമിനാറിൽ പ​ങ്കെടുത്തു പ്രസംഗിച്ചത്. ഗോപകുമാരൻ നായർ മികച്ച അഭിഭാഷകനും നല്ല സംഘാടകനുമാണ്. സർവിസ് കേസുകളിലും പലപ്പോഴും വ്യത്യസ്ത രീതിയിൽ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉയർന്നുവരാറുണ്ടെന്നും അവ നൈയാമികവും മാനുഷികവുമായ പരിഗണന അർഹിക്കുന്നവയാണെന്നും അന്ന് സംസാരിച്ചതോർക്കുന്നു. ഇപ്പറഞ്ഞത് യഥാർഥത്തിൽ എന്റെ തൊഴിലനുഭവംകൂടിയായിരുന്നു.

തസ്തിക അംഗീകരിക്കപ്പെടാത്തതു കാരണം വർഷങ്ങളോളം ശമ്പളമില്ലാതെ ജോലിചെയ്യേണ്ടി വരുന്ന എയ്ഡഡ് സ്കൂൾ അധ്യാപകരുടെ നിരവധി കേസുകൾ ഹൈകോടതിയിൽ എത്താറുണ്ട്. 20 വർഷ​ത്തിലേറെ ശമ്പളമില്ലാതെ ജോലിചെയ്ത അധ്യാപികക്കുവേണ്ടി ജസ്റ്റിസ് കുര്യൻ ജോസഫ് മുമ്പാകെ ഹാജരായി വാദിച്ചതോർക്കുന്നു. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ അദ്ദേഹം ഉടനെതന്നെ ഹരജി അനുവദിച്ചു. ആ അധ്യാപികക്ക് അതുവരെയുള്ള ശമ്പളബാക്കിയായിത്തന്നെ വലിയൊരു തുക ലഭിച്ചു. അത് അവർ അർഹിച്ചതായിരുന്നു –നിയമപരമായും വസ്തുതാപരമായും. സർക്കാറിന്റെ തലതിരിഞ്ഞ സമീപനം കാരണം അംഗീകാരം നിഷേധിക്കപ്പെട്ടതിനെ തുടർന്ന്​ വയനാട്ടിലെ ഒരു ഉൾ​പ്രദേശത്തുനിന്നും ഒരുകൂട്ടം അധ്യാപികമാർ ഹൈകോടതിയിലെത്തി.

അവർക്കുവേണ്ടി നടത്തിയ വാദങ്ങൾ ജസ്റ്റിസ് അബ്ദുൽ ഗഫൂർ അംഗീകരിക്കുകയും വേതനം നൽകാൻ ഉത്തരവിടുകയുംചെയ്തു. ഇത്തരം ഹരജികളിൽ വാദിച്ച് അർഹമായ ആനുകൂല്യം നേടിയെടുക്കുമ്പോൾ ലഭിക്കുന്ന തൊഴിൽപരമായ സംതൃപ്തി ഏറെ വലുതാണ്. നിയമപുസ്തകങ്ങളിൽനിന്നും കോടതിവിധികളിൽനിന്നും മാത്രമല്ല, കക്ഷികളിൽനിന്നും അനുഭവങ്ങളിൽനിന്നും ചുറ്റുപാടുകളിൽനിന്നുമെല്ലാം നിരന്തരം അറിവു ശേഖരിക്കാനും അവ ജീവിതത്തിൽ പ്രയോഗിക്കാനും അഭിഭാഷകർക്കാകണം. ഒരു ആധാരമെഴുത്താപ്പീസിൽ ജോലി തുടങ്ങുന്നതിനുമുമ്പ് എല്ലാവരും എഴുന്നേറ്റുനിന്ന് പ്രാർഥിക്കുന്ന സമ്പ്രദായം നേരിട്ടു കണ്ടു. എറണാകുളത്തെ പ്രശസ്തമായ പ്രകാശൻ ആൻഡ് അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിൽനിന്നും പഠിച്ച ഇക്കാര്യം വർഷങ്ങളായി ഞാൻ​ എന്റെ അഭിഭാഷക ഓഫിസിലും നടപ്പാക്കുന്നു. തങ്ങൾ ചെയ്യുന്ന ജോലിയിൽ ദൈവകൃപ നിലനിൽക്കണമെന്ന പ്രാർഥന, ​തൊഴിലെന്ന പ്രാർഥ​നയെ എത്ര സഫലമായിട്ടാണ് പൂരിപ്പിക്കുന്നത്!

പല കേസുകളിലും നമ്മുടെ യുക്തിക്കും ചിന്തക്കും അതീതമായ അനുഗ്രഹങ്ങളും അനുഭവങ്ങളും ഉണ്ടാകാറുണ്ട്. മെഡിക്കൽ അഡ്മിഷന് അർഹതയുണ്ടായിട്ടും ചട്ടങ്ങളുടെ പിന്തുണയില്ലാത്തതിനാൽ അത് നിഷേധിക്കപ്പെട്ട കുട്ടിക്ക് സിംഗ്ൾ ജഡ്ജിയിൽനിന്ന് അനുകൂല വിധി ലഭിക്കാത്തപ്പോൾ ഡിവിഷൻ ബെഞ്ചു മുമ്പാകെ അപ്പീൽ നൽകേണ്ടിവന്നു. അതിൽ കോടതി അനുകൂലമായി വിധി പറയാനിടയില്ലെന്ന് ഉറപ്പിച്ച സന്ദർഭത്തിലാണ് കുട്ടിക്ക് സഹായകരമായ ഒരു സുപ്രീംകോടതി വിധി വന്നതും അതിന്റെ അടിസ്ഥാനത്തിൽ തോൽക്കുമെന്നു തോന്നിയ കേസിൽ ജയിക്കാനായതും. കോടതിയിൽ നീതി കിട്ടാതെവന്ന ചില കേസുകളിലെങ്കിലും കോടതിക്കു പുറത്തുനിന്നും നീതി ലഭിച്ച എത്രയോ അനുഭവങ്ങൾ ​വേറെയുമുണ്ട്. മനുഷ്യാതീതമായ ഈ ‘സർഗാത്മകത’ തന്നെയാകാം നീതിയുടെ വിതാനങ്ങളെ ഉയർത്തിപ്പിടിക്കുന്നതും നിലനിർത്തുന്നതും.

നൂറുകണക്കിന് പാർട്ട്ടൈം സ്വീപ്പർമാരെ സംസ്ഥാന സർക്കാറിന്റെ വിവിധ വകുപ്പുകളിൽ സ്ഥിരപ്പെ​ടുത്താനുള്ള ഉത്തരവുകൾ ഹൈകോടതി നൽകുകയുണ്ടായി. 2005ലെ ഒരു സർക്കാർ ഉത്തരവു പ്രകാരം അന്നുവരെ കാഷ്വൽ സ്വീപ്പർമാരായി ജോലി നോക്കുന്നവരെ സ്ഥിരപ്പെടുത്തണമെന്ന് നിബന്ധന ഉണ്ടായിട്ടും പലരുടെ കാര്യത്തിലും ഇൗ ഉത്തരവ് നടപ്പാക്കിയിട്ടുണ്ടായിരുന്നില്ല. പൊതുവെ വിദ്യാഭ്യാസം കുറഞ്ഞവരും പാർശ്വവത്കൃതരുമായ ഒരു വിഭാഗം തൊഴിലാളികളായിരുന്നു ഈ സ്വീപ്പർമാർ. ഇത്തരക്കാരെ സ്ഥിരപ്പെടുത്താനുള്ള നൂറുകണക്കിന് വിധികൾ ഹൈകോടതിയിൽനിന്നും നേടിയെടുക്കാനായത് ചാരിതാർഥ്യജനകമാണ്. ശുദ്ധരും യാതന അനുഭവിക്കുന്നവരുമായ ഈ തൊഴിലാളികൾക്ക് എന്തെങ്കിലും ഔദാര്യം ചെയ്തുകൊടുക്കുകയായിരുന്നില്ല ഞാൻ ചെയ്തത്. ഒരുവേള, അവർ എന്നെ ഭരണഘടന പഠിപ്പിക്കുകയായിരുന്നു.

ചൂഷണത്തിൽനിന്നും മുക്തമായ തൊഴിൽ സാഹചര്യത്തിനും നിയമത്തിന്റെ മുന്നിലെ തുല്യതക്കും പരിരക്ഷക്കും വേണ്ടിയുള്ള അവരുടെ എളിയ ഹരജികളിലാണ് ഭരണഘടനാ തത്ത്വങ്ങളുടെ യഥാർഥ ശോഭ കുടികൊള്ളുന്നതെന്ന് തോന്നിയിട്ടുണ്ട്. ഇത്തരം സാധാരണ മനുഷ്യരാണ് അന്യഥാ വിമാനുഷീകരിക്കപ്പെട്ട നമ്മുടെ സംവിധാനങ്ങളെയും പ്രക്രിയകളെയും ജൈവികമാക്കിത്തീർക്കുന്നത്. ഇത്തരം കേസുകളിൽ അന്യഥാ കാർക്കശ്യക്കാരായ ന്യായാധിപർപോലും സഹാനുഭൂതിയോടെ കാര്യങ്ങളെ കാണാൻ ശ്രമിച്ചിരുന്നു. ഇത്തരം കേസുകൾ വ്യവഹാര രംഗത്തെ ‘കേരളമാതൃക’യുടെ കൂടി പ്രതിഫലനങ്ങളാണ്.


തുച്ഛവരുമാനക്കാരായ തൂപ്പുകാരും വഴിവാണിഭക്കാരും സമാനമായ ജീവിതസാഹചര്യങ്ങളിലുള്ളവരും കേരള ഹൈകോടതിയെ സമീപിക്കുന്നതുപോലെ, രാജ്യത്തെ മറ്റ് ഹൈകോടതിയിലെത്തുന്നുണ്ടെന്ന് തോന്നുന്നില്ല. സമൂഹത്തിലെ താരതമ്യേന മെച്ചപ്പെട്ട നീതിയുടെ നിലവാരം നിയമ-വ്യവഹാര രംഗങ്ങളിലും പ്രതിഫലിപ്പിക്കുന്നുവെന്നത് ആശ്വാസകരമാണ്. ഇതിൽനിന്നും വ്യത്യസ്തമായ ചില പ്രവണതകൾ അടുത്തകാലത്തുണ്ടായിട്ടുണ്ട്. അതിനെതിരെ കോടതിക്കകത്തും പുറത്തും ജാഗ്രത വേണം. അതേക്കുറിച്ച് പിന്നീട് പറയാം.

ഠഠഠ

അതിനിടെ, ന്യായാധിപ സ്വഭാവമുള്ള ഒരു റോൾ കുറച്ചുകാലത്തേക്ക് ഏ​റ്റെടുക്കേണ്ടിവന്നു. ഒരു പൊതുമേഖലാ സ്ഥാപനം അതിലെ ഒരു ജീവനക്കാരിക്കെതിരെ അച്ചടക്ക നടപടി തുടങ്ങിയപ്പോൾ തൊഴിലുടമതന്നെ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കുന്നത് ശരിയല്ലെന്നും അങ്ങനെ നിയമിക്കപ്പെടുന്ന അന്വേഷണ ഉദ്യോഗസ്ഥൻ തൊഴിലുടമയോട് വിധേയത്വം കാണിച്ചേക്കാമെന്നും അതിനാൽത്തന്നെ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടക്കണമെങ്കിൽ ഹൈകോടതി തന്നെ ഒരു അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചുകൊണ്ടുവേണം തനിക്കെതിരെയുള്ള അന്വേഷണം നടത്താനെന്നും വാദിച്ചുകൊണ്ട് ആ ജീവനക്കാരി ഹൈകോടതിയെ സമീപിച്ചു. അന്ന് ആ ഹരജിയിൽ വാദം കേട്ട ജസ്റ്റിസ് ഗിരി എന്നെ അന്വേഷണ ഉദ്യോഗസ്ഥനാക്കി നിയമിച്ചുകൊണ്ട് ഉത്തരവിട്ടു.

തികച്ചും ചിന്തോദ്ദീപകമായിരുന്നു, ആ റിട്ട് ഹരജിയിലെ ആവശ്യം. നമ്മുടെ നാട്ടിലെ തൊഴിൽ തർക്കങ്ങളിൽ തൊഴിലുടമ തന്നെ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കുന്ന പതിവുരീതിയിൽനിന്നുള്ള ആരോഗ്യകരമായ വ്യതിചലനം ആവശ്യപ്പെടുന്ന ഹരജിയായിരുന്നു, അത്. തൊഴിലുടമ ചിലപ്പോൾ സ്വകാര്യ സ്ഥാപനമോ വ്യക്തിയോ ആകാം. മറ്റു ചിലപ്പോൾ പൊതുമേഖലാ സ്ഥാപനമോ സർക്കാർ സ്ഥാപനമോ ആകാം. ഇപ്പറഞ്ഞ കേസിൽ അത് പൊതുമേഖലാ സ്ഥാപനമായതിനാലാണ് ഹൈകോടതിക്ക് വിഷയം പരിഗണിക്കാനായത്. സ്വകാര്യ വ്യക്തിക്കും സ്ഥാപനത്തിനുമെതിരെ റിട്ടധികാരം പ്രയോഗിക്കാൻ കഴിയില്ലല്ലോ.


 


ഡേവിഡ് പാനിക്,ദെറിദ

ഡേവിഡ് പാനിക്,ദെറിദ

ഒന്നോർത്താൽ, സ്വകാര്യ-സർക്കാർ ഭേദമില്ലാതെ അച്ചടക്ക നടപടികളിലെ അന്വേഷണ ഉദ്യോഗസ്ഥർ സ്വതന്ത്രമായി നിയമിക്കപ്പെടണ​മെന്ന നിയമനിർമാണം തന്നെ രാജ്യത്ത് ആവശ്യമാണ്. പലപ്പോഴും തൊഴിലുടമ തന്നെ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കുന്ന കേസുകളിൽ അച്ചടക്ക നടപടിയുടെ ഭാഗമായുള്ള അന്വേഷണം കേവലം പ്രഹസനമായിത്തീരാറാണ് പതിവ്. ഇതുവഴിയുണ്ടാകുന്ന നീതിനിഷേധം ഒഴിവാക്കപ്പെടേണ്ടതാണ്. പഴമൊഴിപോലെ പ്രചുരപ്രചാരം നേടിയ ഇംഗ്ലണ്ടിലെ ചീഫ് ജസ്റ്റിസായിരുന്ന ഹെവാർട് പ്രഭുവിന്റെ വാചകം ഇവിടെയും പ്രസക്തമാണ് –‘‘നീതി നടത്തിയാൽ പോരാ; അത് നടത്തിയതായി തോന്നിക്കുകയും വേണം.’’

ഏകദേശം 16 കുറ്റാരോപണങ്ങളായിരുന്നു, ഇപ്പറഞ്ഞ ജീവനക്കാരിക്കെതിരെ ചുമത്തപ്പെട്ടത്. മാനേജീരിയൽ തസ്തികയിലുള്ള ഈ വനിതക്കെതിരെ പകപോക്കലിന്റെയും വ്യക്തിഹത്യയുടെയും ഭാഗമായി ഉന്നയിക്കപ്പെട്ടവയായിരുന്നു, ഈ ആരോപണങ്ങൾ എന്നതായിരുന്നു, അവരുടെ വാദം. മറ്റു ചില കാര്യങ്ങളുടെ പേരിൽ, തന്നോടുള്ള മുൻവൈരാഗ്യം കാരണം, തന്നെ ഉപദ്രവിക്കാനായി ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ മുഴുക്കെ വ്യാജമാണെന്നവർ വാദിച്ചു.

തൊഴിലുടമക്കും ഈ ജീവനക്കാരിക്കും വേണ്ടി അഭിഭാഷകർ ഹാജരായി. സാക്ഷികളുടെ ചീഫ് വിസ്താരവും ക്രോസ് വിസ്താരവും പിന്നീട് വാഗ്വാദവുമെല്ലാം കൂടി മുപ്പതിൽപരം സിറ്റിങ്ങുകൾ വേണ്ടിവന്നു അന്വേഷണം പൂർത്തീകരിക്കാൻ. ഒരു ന്യായാധിപന്റെ ജോലി എത്ര ദുഷ്‍കരമാണെന്ന് എന്നെ മനസ്സിലാക്കിച്ച അനുഭവംകൂടിയായിരുന്നു, അത്. ഡേവിഡ് പാനിക് തന്റെ ‘ജഡ്ജസ്’ എന്ന പുസ്തകം ആരംഭിക്കുന്നതുതന്നെ സവിശേഷമായ ഒരു നിരീക്ഷണത്തിലൂടെയാണ്: ന്യായാധിപർ നിരന്തരം ചെയ്യുന്നത്, ഞാനും നിങ്ങളും പൊതുവെ ചെയ്യാൻ മടിക്കുന്ന ഒരു കാര്യമാണ് –തീരുമാനമെടുക്കുക എന്ന കാര്യം!

ഒടുവിൽ വിചാരണക്കും വാദത്തിനും ശേഷം ഞാൻ ‘വിധി’യെഴുതി –അന്വേഷണ റിപ്പോർട്ടിന്റെ രൂപത്തിൽ. ജീവനക്കാരിക്കെതിരെ ഉന്നയിക്കപ്പെട്ട 16 കുറ്റാരോപണങ്ങളും നിലനിൽക്കുകയില്ല എന്നതായിരുന്നു, എന്റെ കണ്ടെത്തൽ. ആ റിപ്പോർട്ട് എഴുതിയപ്പോൾ ലഭിച്ച സംതൃപ്തി അവാച്യമായിരുന്നു. അതിലുപരി, ആ റിപ്പോർട്ട് തൊഴിലുടമയും അംഗീകരിച്ച് നടപ്പാക്കി സസ്​പെൻഷനിലായിരുന്ന ആ ജീവനക്കാരിയെ സർവിസിൽ ആനുകൂല്യങ്ങളോടെ തിരിച്ചെടുത്തുവെന്നറിഞ്ഞപ്പോൾ കിട്ടിയ സംതൃപ്തിയും വലുതായിരുന്നു. തീരുമാനമെടുക്കുന്നത് പലപ്പോഴും പ്രയാസകരമാണെന്ന ​ പാനിക്കിന്റെ നിരീക്ഷണം ശരിയാണെങ്കിലും, സർഗാത്മകമായി ഒരു ഉത്തരവോ റിപ്പോർട്ടോ എഴുതുമ്പോൾ, അതിൽ മാനുഷികതയുടെയും നീതിയുടെയും നിയമത്തിന്റെയും സ്പന്ദനം ഉറപ്പിക്കാൻ കഴിയു​മെങ്കിൽ അതൊരു സത്കർമം തന്നെയായിരിക്കും.

സീനിയർ എം.പി ഗോവിന്ദൻ നമ്പ്യാരുടെ തലശ്ശേരിയിലെ ഓഫിസിൽ ഒട്ടനവധി തൊഴിൽ തർക്കങ്ങൾ എത്താറുണ്ടായിരുന്നു. അവിടെ അന്വേഷണ ഉദ്യോഗസ്ഥരായി നിയമനം വേണ്ടിവരുന്ന തർക്കങ്ങൾ ഉണ്ടാകാറുണ്ട്. അക്കാലത്ത് ഒരു സ്വകാര്യ ബസിന്റെ ഉടമ ജീവനക്കാരനെതിരെയുള്ള അന്വേഷണത്തിനായി സീനിയർ നിർദേശിച്ചതനുസരിച്ച് എന്നെ നിയമിക്കുകയുണ്ടായി. ഒടുവിൽ ആ തർക്കം ഒത്തുതീരുകയും ജീവനക്കാരൻ തെറ്റുതിരുത്താൻ സമ്മതിച്ചുകൊണ്ട് ജോലിയിൽ പ്രവേശിക്കാൻ തയാറാവുകയുംചെയ്തു. കൂട്ടത്തിൽ പറയട്ടെ, പലപ്പോഴും തൊഴിൽ തർക്കങ്ങളിൽ തൊഴിലാളികൾക്ക് ജീവനോപാധി നഷ്ടപ്പെടുത്താതെ ഒത്തുതീർപ്പുണ്ടാകുന്നതിനെ സീനിയർ പ്രോത്സാഹിപ്പിക്കുമായിരുന്നു. കുടുംബ തർക്കങ്ങളിലും മറ്റു കേസുകളിലുമെല്ലാം ഒത്തുതീർപ്പിനുള്ള സാധ്യത എന്നും കക്ഷികൾ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. ഗാന്ധിജി തന്റെ ആത്മകഥയിൽ ഇക്കാര്യം ആത്മീയമായ ചൈതന്യത്തോടെ രേഖപ്പെടുത്തിയതാണ് ഇവിടെ ഓർമയിൽ വരുന്നത്. ചില കേസുകൾ ഒത്തുതീർത്തപ്പോൾ അഭിഭാഷകനായിരുന്ന തനിക്ക് സാമ്പത്തികമായും ആത്മീയമായും നേട്ടമേ ഉണ്ടായിട്ടുള്ളൂ എന്ന് മഹാത്മജി സൂചിപ്പിച്ചിട്ടുണ്ട്.

അനാവശ്യമായി കേസുകൾ കൊടുക്കുന്നതും തികച്ചും മൗഢ്യമായിരിക്കും. അന്യഥാ കൈവശാവകാശവും ഉടമാവകാശവും ഉണ്ടായിരുന്ന ഒരു വസ്തുവിന് ക്രയസർട്ടിഫിക്കറ്റു കൂടി ലഭിക്കാനായി ഒരാൾ പയ്യന്നൂർ ലാൻഡ് ​ൈട്രബ്യൂണലിൽ ഹരജി നൽകി. അത് തള്ളിപ്പോയപ്പോൾ അപ്പലറ്റ് അതോറിറ്റിയിൽ അപ്പീൽ നൽകാനായി കേസ് ഫയലുംകൊണ്ട് കക്ഷി തലശ്ശേരിയിലെ സീനിയറിനെ സമീപിച്ചപ്പോൾ അദ്ദേഹം ചോദിച്ചത് ഈ ഹരജി നൽകേണ്ട ആവശ്യമുണ്ടായിരുന്നോ എന്നാണ്. പിന്നീട് ആ വ്യവഹാരം ഹൈകോടതിയിലും എത്തി. ഒഴിവാക്കാമായിരുന്ന ആ വ്യവഹാരം ആ മനുഷ്യന്റെ പണവും സമയവും ഊർജവും മനഃസമാധാനവുമാണ് നഷ്ടപ്പെടുത്തിയത്. ഹരജി കൊടുത്ത് തള്ളിപ്പോയിക്കഴിഞ്ഞാൽ പിന്നെ വ്യവഹാരം തുടർന്ന് നടത്താതെ വയ്യല്ലോ. എതിരായ ഉത്തരവിനെ ചോദ്യംചെയ്തില്ലെങ്കിൽ സ്വന്തം ​െകെവശത്തിലും ഉടമസ്ഥതയിലുമുള്ള വസ്തുവിലെ അവകാശമായിരിക്കും കൈമോശം വരുക.

കുടുംബ തർക്കങ്ങളിലും വളരെ ശ്രദ്ധിച്ചുവേണം നിയമപ്രക്രിയ ആ​രംഭിക്കാൻ. കേരളത്തിലോ ഇന്ത്യയിലാകെത്തന്നെയോ ഇന്നും ശരിയായ അർഥത്തിലുള്ള ‘ഫാമിലി ലോയറിങ്’ വികസിച്ചുവന്നിട്ടുണ്ടോ എന്നറിഞ്ഞുകൂടാ. കുടുംബബന്ധങ്ങൾ ശിഥിലമായിക്കഴിഞ്ഞാൽ കോടതി നടപടികളിലൂടെ അവ വിളക്കിച്ചേർക്കാൻ മിക്കപ്പോഴും കഴിയണമെന്നില്ല. അതേസമയം, ചൂഷണംചെയ്യപ്പെടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ഇന്ത്യയിലെ നിയമവ്യവസ്ഥതന്നെയാണ് ഇപ്പോഴും ഒടുവിലത്തെ അഭയകേന്ദ്രമെന്ന യാഥാർഥ്യവും വിസ്മരിക്കപ്പെട്ടുകൂടാ.

പ്രശ്നത്തിന്റെ ഭിന്നവശങ്ങൾ യാഥാർഥ്യബോധത്തോടെയും മാനുഷികകമായും വിലയിരുത്തി വരുംവരായ്കകൾകൂടി മുന്നിൽക്കണ്ടു വേണം അഭിഭാഷകൻ ഏതു കേസിലും നിയമോപദേശം നൽകാൻ. വിദഗ്ധവും സത്യസന്ധവുമായ ഒരു നിയ​േമാപദേശത്തിന് ചിലപ്പോൾ ഒരു അനാവശ്യ വ്യവഹാരത്തെ അഥവാ ദുർവ്യവഹാരത്തെ ഒഴിവാക്കാൻ കഴിയും. അഭിഭാഷകന്റെ അറിവും പരിചയസമ്പന്നതയും മാനവിക​തയോടുള്ള പ്രതിബദ്ധതയുമാണ് ഇത്തരം സന്ദർഭങ്ങളിൽ മാറ്റുരക്കപ്പെടുക. ശരിയായ നിയമോപദേശത്തിന് ന്യായമായ പ്രതിഫലം കൈപ്പറ്റുന്നതിൽ ഒരു തെറ്റുമില്ല. അമിതമായ ഫീസ് ഈടാക്കി തെറ്റായ വ്യവഹാരം നടത്തുന്നതാണ് യഥാർഥത്തിൽ മോശപ്പെട്ടതും ഒഴിവാക്കപ്പെടേണ്ടതുമായ കാര്യം. ശരിയായ നിയമോപദേശവും ഈ അർഥത്തിൽ നോക്കിയാൽ കോടതിക്ക് പുറത്തെ സർഗാത്മക പ്രവൃത്തി തന്നെയാണ്!

(തു​​ട​​രും) 

News Summary - weekly articles