ഓഹരി വിപണിയിലെ വിശ്വാസ്യത
ഇന്ത്യൻ ഒാഹരി വിപണിയും അതിൽ സെബിയുടെ വിശ്വാസ്യതയും വലിയരീതിയിൽ സംശയത്തിന്റെ നിഴലിലായ കാലമാണിത്. ഹിൻഡൻബർഗ് റിപ്പോർട്ടിൽ സെബി ചെയർപേഴ്സന്റെ പങ്കിനെപ്പറ്റി ആരോപണമുയർന്ന പശ്ചാത്തലത്തിൽ ഒാഹരി മേഖലയെ വിശകലനം ചെയ്യുകയാണ് ലേഖകൻ.1992ലെ ഹർഷദ് മേത്ത ഓഹരി കുംഭകോണവും തുടർന്നുണ്ടായ പ്രശ്നങ്ങളും സാധാരണക്കാർ ഉൾപ്പെടെ വലിയ ഒരു വിഭാഗത്തിന് ഓഹരി വിപണിയിൽ വലിയ നഷ്ടവും ജീവഹാനിയും സംഭവിച്ചതിന്റെ പശ്ചാത്തലത്തിലാണ് 1992 ഏപ്രിൽ 12ന് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) എന്ന ഓഹരി നിയന്ത്രണ ഏജൻസി ഒരു സ്റ്റാറ്റ്യൂട്ടറി ബോർഡ് ആയി വരുന്നത്. സെബി രൂപവത്കരിക്കുമ്പോൾ കോർപറേറ്റുകൾക്ക് ഒരിക്കലും...
Your Subscription Supports Independent Journalism
View Plansഇന്ത്യൻ ഒാഹരി വിപണിയും അതിൽ സെബിയുടെ വിശ്വാസ്യതയും വലിയരീതിയിൽ സംശയത്തിന്റെ നിഴലിലായ കാലമാണിത്. ഹിൻഡൻബർഗ് റിപ്പോർട്ടിൽ സെബി ചെയർപേഴ്സന്റെ പങ്കിനെപ്പറ്റി ആരോപണമുയർന്ന പശ്ചാത്തലത്തിൽ ഒാഹരി മേഖലയെ വിശകലനം ചെയ്യുകയാണ് ലേഖകൻ.
1992ലെ ഹർഷദ് മേത്ത ഓഹരി കുംഭകോണവും തുടർന്നുണ്ടായ പ്രശ്നങ്ങളും സാധാരണക്കാർ ഉൾപ്പെടെ വലിയ ഒരു വിഭാഗത്തിന് ഓഹരി വിപണിയിൽ വലിയ നഷ്ടവും ജീവഹാനിയും സംഭവിച്ചതിന്റെ പശ്ചാത്തലത്തിലാണ് 1992 ഏപ്രിൽ 12ന് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) എന്ന ഓഹരി നിയന്ത്രണ ഏജൻസി ഒരു സ്റ്റാറ്റ്യൂട്ടറി ബോർഡ് ആയി വരുന്നത്. സെബി രൂപവത്കരിക്കുമ്പോൾ കോർപറേറ്റുകൾക്ക് ഒരിക്കലും ഇടപെടാൻ കഴിയാത്ത രീതിയിൽ സുതാര്യവും തികച്ചും നിയന്ത്രണ സ്വഭാവത്തിലുള്ളതുമായ നിയന്ത്രണ ഏജൻസിയും രാഷ്ട്രീയത്തിന് അതീതമായ സ്ഥാപനവും ആയിരിക്കണമെന്ന വ്യവസ്ഥയുണ്ടായിരുന്നു.
1992നു മുമ്പ് ഇന്ത്യയിൽ ഒരു നിയന്ത്രണ ഏജൻസിയും ഓഹരി വിപണി മേഖലയിൽ ഇല്ലായിരുന്നു. പൂർണമായ ചൂതാട്ടവും ഊഹക്കച്ചവടവും ആയിരുന്നു ആ കാലങ്ങളിൽ ഉണ്ടായിരുന്നത്. ഏറെയും കടലാസു കമ്പനികൾ. ഓഹരികളുടെ വില ഉയർത്താനും താഴ്ത്താനും കഴിയുന്ന ബുൾ-ബിയർ ബ്രോക്കർമാരുടെ കാലം. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ബാങ്ക് ഉൾപ്പെടെയുള്ള നിരവധി ഏജൻസികളുടെ പിൻബലത്താൽ ഹർഷദ് മേത്ത ഉൾെപ്പടെയുള്ളവർ നടത്തിയ ഓഹരി കുംഭകോണവും അതുണ്ടാക്കിയ സാമ്പത്തിക തട്ടിപ്പുകളും. ഒരു അംഗീകൃത നിയന്ത്രണ ഏജൻസി ഇല്ലാത്തതുകൊണ്ടുതന്നെ ഓഹരി വിപണി അനിയന്ത്രിതവും അഴിമതി നിറഞ്ഞതും ചൂതാട്ട തുല്യവുമായിരുന്നു അക്കാലങ്ങളിൽ. അതുകൊണ്ടാണ് ഒരു കൃത്യമായ നിയന്ത്രണ ഏജൻസി ആവശ്യമാണെന്ന തലത്തിൽ എത്തിച്ചേർന്നതും 1988ൽ സെബിയെ സ്റ്റാറ്റ്യൂട്ടറി അധികാരമുള്ള ബോർഡായി മാറ്റുന്നതും.
വിപുലമായ അധികാരമുള്ള സാമ്പത്തിക നിയന്ത്രണ ഏജൻസിയാണ് ഇന്ന് സെബി. ലോകത്തിലെ തന്നെ വലിയ ഓഹരി വിപണികളിൽ ഒന്നായ ഇന്ത്യൻ ഓഹരികളെയും ഇന്ത്യൻ കോർപറേറ്റുകളെയും നിയന്ത്രിക്കുന്ന ഏജൻസി എന്ന നിലക്ക് സെബി ഇന്ത്യയിലെ ഏറ്റവും വലിയതും ഏറ്റവും പ്രധാനപ്പെട്ടതുമായ ഒരു നിയന്ത്രിത ഏജൻസിയാണ്.
സെബിയുടെ പ്രധാനപ്പെട്ട അധികാരങ്ങൾ ഓഹരി വിപണിയെ സസൂക്ഷ്മം വിലയിരുത്തുകയും സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ പ്രവർത്തനത്തെ അവലോകനംചെയ്യുകയുമാണ്. സെബിയിൽ രജിസ്റ്റർ ചെയ്യാത്ത ഒരു ഓഹരി ബ്രോക്കർമാർക്കോ സബ് ബ്രോക്കർമാർക്കോ പോർട്ട്ഫോളിയോ മാനേജർമാർക്കോ ഓഹരി കമ്പോളത്തിൽ ഇടപെടാൻ നിയമപരമായി അർഹതയില്ല എന്നും എല്ലാ പൊതുമേഖല കമ്പനികളും പൊതു കമ്പനികളും പ്രോസ്പെക്ടസ് ഇറക്കി മൂലധനം സ്വീകരിക്കുന്നുണ്ടെങ്കിൽ സെബിയുടെ രജിസ്ട്രേഷൻ ആവശ്യമാണ് എന്നും കൃത്യമായ വ്യവസ്ഥ സെബി നിഷ്കർഷിക്കുന്നു.
ഇത് ലംഘിക്കുകയാണെങ്കിൽ തടവുശിക്ഷ ഉൾപ്പെടെയുള്ള സിവിൽ ക്രിമിനൽ കുറ്റത്തിന് കാരണമാകും എന്നതുകൊണ്ട് തന്നെ ഇന്ത്യൻ ഓഹരി വിപണിക്ക് സുതാര്യവും ശാസ്ത്രീയവുമായ ഒരു അടിത്തറയാണ് സെബിയിലൂടെ പിന്നീട് ഉണ്ടായത്. സ്ഥാപനത്തിനുള്ളിലുള്ള ഓഹരി വിൽപന ഓഹരി കച്ചവടം എന്നിവ നിയന്ത്രിച്ചുകൊണ്ട് ഓഹരി വിപണിയെ പൂർണമായും സുതാര്യമാക്കാനുള്ള മുഖ്യ ചുമതല സെബിക്കുണ്ട്. അതുപോലെതന്നെ ഏതെങ്കിലും ഒരു ഓഹരി ഉടമക്കുണ്ടാകുന്ന പരാതികളോ പ്രശ്നങ്ങളോ അല്ലെങ്കിൽ അപേക്ഷയോ നേരിട്ട് സ്വീകരിച്ചു കൃത്യമായ മറുപടി നൽകുകയും ഉത്തരവാദികളായവരെ ശിക്ഷിക്കുകയും മറ്റു തീരുമാനമെടുക്കുകയും ചെയ്യാനുള്ള അധികാരവും സെബിക്കുണ്ട്.
വിപണിയെ സൂക്ഷ്മമായി അവലോകനംചെയ്തു സ്ഥാപനത്തിന്റെ ബാലൻസ് ഷീറ്റും ലാഭനഷ്ട സ്റ്റേറ്റ്മെന്റുകളും കൃത്യമായി സാമ്പത്തിക വർഷാവസാനം പുറത്തിറക്കാൻ കമ്പനികൾ നിർബന്ധിതമായി. ഓഹരിയിൽ നിക്ഷേപിച്ച ഓരോ ഓഹരിയുടമക്കും കമ്പനിയുടെ പൂർണ വിവരങ്ങൾ ഓൺലൈനായി ഇ-മെയിൽ ലഭിക്കാനും സെബിയുടെ ഇടപെടൽ കാരണമായി. ഡീമാറ്റ് അക്കൗണ്ടുകളിൽകൂടി മാത്രമേ ഓഹരി കച്ചവടം സാധ്യമാവൂ എന്നതുകൊണ്ടുതന്നെ നികുതി വെട്ടിപ്പോ കള്ളപ്പണ ഇടപാടുകളോ ഓഹരി കച്ചവടത്തിൽ പൂർണമായി ഇല്ലാതാക്കാൻ കഴിഞ്ഞു. ലാഭ നഷ്ട സ്റ്റേറ്റ്മെന്റിനും സ്ഥാപനത്തിന്റെ ബിസിനസിനും അനുസരിച്ച് ഓഹരിവില ആനുപാതികമായി കൂടുകയോ കുറയുകയോ ചെയ്യുന്നില്ലെങ്കിൽ അത് വിലയിരുത്തി കാരണം കണ്ടെത്തി പൊതുജനങ്ങളെ അറിയിച്ചുകൊണ്ട് ഓഹരി വിപണിയിലുള്ള എല്ലാ കൃത്രിമ അഴിമതികളെയും തടയാൻ വിപുലമായ അധികാരങ്ങളും സംവിധാനങ്ങളും സെബിക്കുണ്ട്.
1992 സെക്യൂരിറ്റി കോൺട്രാക്ട് റെഗുലേഷൻ ആക്ട്, 1956ലെ ധനകാര്യ നിയന്ത്രണ ആക്ട് തുടങ്ങിയ ധാരാളം സെക്യൂരിറ്റി നിയമങ്ങൾ ഇന്നും വലിയ അധികാരങ്ങളും നിയന്ത്രണങ്ങളും സെബിക്ക് നൽകുന്നുണ്ട്. ഇന്ത്യൻ ഓഹരി വിപണിയിലെ പ്രാരംഭ ഓഹരി ഇറക്കൽ കൃത്യമായി നിയന്ത്രിക്കുകയും മ്യൂച്വൽ ഫണ്ടുകളുടെയും മറ്റും ഇറക്കൽ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് എന്ന് ഉറപ്പുവരുത്തുകയും ചെയ്യുക കൂടി സെബിയുടെ വിപുലമായ അധികാരങ്ങളാണ്. ഇങ്ങനെ ഇന്ത്യൻ സാമ്പത്തിക രംഗത്ത് അതിന്റെ നിയന്ത്രണത്തിനും വളർച്ചക്കും ഉതകുന്നരീതിയിൽ കൃത്യമായി ഇടപെടാനും നേരിട്ടുതന്നെ കൈകാര്യംചെയ്യാനും കഴിയുന്ന ഒരു സ്ഥാപനമായാണ് സെബി പ്രവർത്തിക്കുന്നത്. ഒരുപക്ഷേ ആഗോള സാമ്പത്തിക മാന്ദ്യവും തുടർന്നുണ്ടായ പ്രശ്നങ്ങളുമൊക്കെ നിലനിൽക്കുമ്പോഴും, ഇന്ത്യൻ ഓഹരിവിപണിയും സാമ്പത്തിക മേഖലയും തകരാതെ പിടിച്ചുനിൽക്കുകയും ഇന്ന് ഇന്ത്യൻ ഓഹരി വിപണി ലോകത്തിലെ മറ്റെല്ലാ ഓഹരി വിപണികളെക്കാളും വളരെയേറെ മുന്നിൽ നിൽക്കുന്ന സുശക്തമായ സാമ്പത്തിക സ്ഥാപനങ്ങളായി മാറുകയും ചെയ്തത് സെബിയുടെ ഈ വിപുലമായ പ്രവർത്തനങ്ങൾകൊണ്ടുതന്നെയാണ്.
സാധാരണക്കാരന്റെ ജീവിതമാർഗമായ ചെറിയ ചെറിയ ഓഹരിനിക്ഷേപമാണ് ഓരോ കമ്പനികളുടെയും പ്രവർത്തനങ്ങളുടെ അടിസ്ഥാനവും ഊർജവും. ഇന്ന് സാമ്പത്തിക മേഖലയിൽ ഓഹരിവിപണി ഉണ്ടാക്കുന്ന ഇടപെടലുകൾ വ്യത്യസ്തവും വൈവിധ്യവുമാണ്. ദേശീയ പെൻഷൻ പദ്ധതി അടക്കം ഒട്ടേറെ പദ്ധതികളും ഇൻഷുറൻസുകളും ഒക്കെ ഓഹരി വിപണികളുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. ഓഹരി വിപണിയിൽ ഉണ്ടാകുന്ന ഏതൊരു തകർച്ചയും ഇന്ത്യയുടെ സാമ്പത്തിക സ്വസ്ഥതയെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഈയൊരു പശ്ചാത്തലത്തിലാണ് ഹിൻഡൻബർഗ് റിപ്പോർട്ടിനെയും അതിനെ അടിസ്ഥാനമാക്കി സെബി ചെയർപേഴ്സന് എതിരെയുള്ള കോലാഹലങ്ങളെയും കാണേണ്ടത്.
ഏറക്കുറെ ഇത്തരം അധികാരങ്ങളൊക്കെ കൃത്യമായി നടപ്പാക്കിക്കൊണ്ടിരിക്കുമ്പോഴാണ് സെബി ഇന്ന് വലിയ ഒരു ആക്ഷേപത്തെ നേരിട്ടുകൊണ്ടിരിക്കുന്നത്. അത് സെബി ചെയർപേഴ്സനു നേരെതന്നെയുള്ള ആക്ഷേപമായതുകൊണ്ട് വലിയ വാർത്താപ്രാധാന്യമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഹിൻഡൻബർഗ് അക്കമിട്ടുകൊണ്ട് ഇത്തരം ആക്ഷേപങ്ങൾ ഉന്നയിച്ചിട്ടും അത്തരം ആക്ഷേപങ്ങൾക്ക് ഒരു മറുപടിയും സെബിയുടെ പക്കലോ സെബി ചെയർമാന്റെ പക്കലോ ധനകാര്യ വകുപ്പിന്റെ കീഴിലോ കേന്ദ്രത്തിന്റെ കീഴിലോ ഇല്ല എന്നുള്ളതും സാധാരണക്കാർ ഉൾപ്പെടെ എല്ലാവർക്കും വലിയ അസ്വസ്ഥതകളും ആശങ്കയും ഉണ്ടാക്കുന്നുണ്ട്. നിരന്തരമായി പ്രതിപക്ഷം ഉന്നയിക്കുന്ന ഈ ആക്ഷേപങ്ങൾക്ക് നിസ്സംഗമായ സമീപനമാണ് പാർലമെന്റിൽപോലും കേന്ദ്രസർക്കാർ കൈക്കൊണ്ടത്. ജോയന്റ് പാർലമെന്ററി കമ്മിറ്റി തന്നെ ഇത്തരം ആക്ഷേപങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ഇപ്പോഴും കേന്ദ്രസർക്കാർ ചെവിക്കൊണ്ടിട്ടില്ല.
2023 ജനുവരിയിൽ പുറത്തിറക്കിയ ഹിൻഡൻബർഗ് റിപ്പോർട്ടിലാണ് സെബി ചെയർപേഴ്സൺ മാധവി പുരി ബുച്ചിനും ഇന്ത്യയിലെ പ്രമുഖ കോർപറേറ്റായ അദാനി ഗ്രൂപ്പിനും എതിരെ ആക്ഷേപം വരുന്നത്. അദാനി ഗ്രൂപ് ഇല്ലാത്ത ഓഹരികൾ പെരിപ്പിച്ച് കാട്ടുകയും ഓഹരി കമ്പോളത്തിൽ വലിയ ഇടപെടലുകൾ നടത്തുകയും, സ്റ്റോക്ക് മാനിപുലേഷനും മറ്റുമായി അവിഹിത ഓഹരി കമ്പോള ഇടപെടലുകൾ നടത്തുകയും ചെയ്തിട്ടും സെബി ചെയർപേഴ്സൻ അത് മൂടിവെച്ചു എന്ന് റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു. അനധികൃത ഇടപെടൽ കണ്ടുപിടിക്കുകയും നിയന്ത്രിക്കുകയും ചെയ്യേണ്ട ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ സെബിയുടെ ചെയർപേഴ്സൻതന്നെ അതിൽ കക്ഷിയാണ് എന്നതും വലിയ ആക്ഷേപമായി നിലനിൽക്കുകയാണ്. അത് സെബി ചെയർമാനെ മാത്രമല്ല സെബിയെ തന്നെ മുൾമുനയിൽ നിർത്തുന്ന ഒന്നാണ്.
ആരോപിക്കപ്പെടുന്നവക്കൊന്നും ഉത്തരം പറയാൻ സെബി ചെയർപേഴ്സന് കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് വസ്തുത. താഴെ പറയുന്ന ആരോപണങ്ങളാണ് ഇപ്പോഴും ഉത്തരം കിട്ടാതെ നിലനിൽക്കുന്നത്.
1. ഹിൻഡൻബർഗ് സൂചിപ്പിച്ചതുപോലെ സെബി അദാനി ഗ്രൂപ്പിനെ നിയന്ത്രിക്കുകയോ ഓഹരി മാനിപുലേഷനിൽ ഇടപെടുകയോ ചെയ്തിട്ടില്ല.
2. സെബി ചെയർപേഴ്സന് അദാനി ഗ്രൂപ്പുമായി നേരത്തേ വലിയ ബന്ധവും അവിഹിത ഇടപാടുകളും ഉണ്ടായിരുന്നു.
3. സെബി മറ്റു കോർപറേറ്റ് സ്ഥാപനങ്ങളെ ചെയ്യുന്നതുപോലെ ബാലൻസ് ഷീറ്റ് പ്രോഫിറ്റ് ലോസ് ട്രീറ്റ്മെന്റ് സാമ്പത്തിക ഇടപാടുകളുടെ മറ്റുകാര്യങ്ങൾ എന്നിവ പുറത്തുവിടാൻ അദാനി ഗ്രൂപ്പിന്റെ മേൽ സമ്മർദം ചെലുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ ഇപ്പോഴും സുതാര്യമായി പൊതുജനങ്ങൾക്ക് ലഭിച്ചിട്ടില്ല.
കേവലം നിസ്സാരമായ ആരോപണങ്ങളല്ല ഇതൊന്നും. കാരണം, ലോകത്തിലെ ഏറ്റവും വലിയ ഓഹരി വിപണിയായ ഇന്ത്യയിൽ ഏറ്റവും വലിയ കോർപറേറ്റ് സ്ഥാപനങ്ങളിൽ ഒന്നായ അദാനി ഗ്രൂപ്പിന്റെ മേൽ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക നിയന്ത്രിത ഏജൻസിയായ സെബിയുടെ നിയന്ത്രണങ്ങളോ കൈകടത്തലുകളോ ഇല്ലാതെ വരുന്നു എന്നത് ഗുരുതരമായ ഒരു പ്രശ്നംതന്നെയാണ്. ഒരു ചെറിയ സാമ്പത്തിക അസ്ഥിരതയോ രാഷ്ട്രീയ മാറ്റങ്ങളോ പോലും തകിടം മറിക്കുകയോ ഇളകിയാടുകയോ ചെയ്യുന്ന ഓഹരി കമ്പോളത്തിൽ എന്തെങ്കിലും ചാഞ്ചാട്ടം വന്നാൽ അത് ഇന്ത്യയുടെ ധനകാര്യ വ്യവസ്ഥയെ തന്നെ വലിയ അളവിൽ ബാധിക്കുന്ന ഒന്നാണ്.
ലക്ഷക്കണക്കിന് ആളുകൾ വീടും കിടപ്പാടവുംപോലും വിറ്റ് ബാങ്കുകളിൽപോലും നിക്ഷേപിക്കാതെ ഓഹരി കമ്പോളത്തിൽ നിക്ഷേപിക്കുന്ന കാഴ്ച 1992നുശേഷം നമുക്ക് കാണാൻ കഴിയും. സെബിയുടെ നിയന്ത്രണവും കമ്പനികളുടെ പ്രവർത്തനങ്ങളിലും ധനപരമായ ഇടപാടുകളിലും ഉള്ള സെബിയുടെ സൂക്ഷ്മമായ വിലയിരുത്തലുമാണ് ഓഹരി വിപണിയിൽ ഉണ്ടായ ഈ വലിയ മുന്നേറ്റവും നിക്ഷേപവും. മ്യൂച്വൽ ഫണ്ടുകളിലും ലാർജ് കാപ് സ്മാൾ കാപ് എന്നീ വ്യത്യാസമില്ലാതെ ഓഹരി കമ്പോളങ്ങളിലും 20 മുതൽ 40 ശതമാനംവരെ ലാഭം അവകാശപ്പെടാൻ ഇന്ത്യൻ ഓഹരികൾക്ക് ഘട്ടം ഘട്ടമായി കഴിഞ്ഞത് ഇന്ത്യയുടെ സാമ്പത്തിക പ്രവർത്തനങ്ങളിലും കോർപറേറ്റ് പ്രവർത്തനങ്ങളിലും സെബി നടത്തുന്ന ഇടപെടലുകളും വിലയിരുത്തലുകളും ജനങ്ങളുടെ ഇടയിൽ സ്വാധീനം ചെലുത്തിയതുകൊണ്ടാണ്. അതിന് ഒരു കോട്ടംപറ്റിയാൽ ഇന്ത്യൻ സാമ്പത്തിക മേഖല അതിവേഗം അടിപതറും എന്നുള്ളത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. യഥാർഥത്തിൽ ഈ ആക്ഷേപം ഉന്നയിക്കപ്പെടുന്ന സമയത്തു തന്നെ ഇടപെടാൻ സെബി ശ്രമിക്കേണ്ടതായിരുന്നു. എന്നാൽ, നിഗൂഢമായ മൗനമാണ് സെബി ചെയർപേഴ്സന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.
മറ്റു സ്ഥാപനങ്ങളെ കൈകാര്യംചെയ്യുന്ന രീതിയിൽ എന്തുകൊണ്ട് അദാനി ഗ്രൂപ്പിനെ കൈകാര്യംചെയ്തില്ല എന്നത് വളരെ പ്രധാനപ്പെട്ട ഒന്നുതന്നെയാണ്. എന്നാൽ സെബി അവകാശപ്പെടുന്നത്, അദാനി ഗ്രൂപ്പിനെതിരെ കൃത്യമായ ഇടപെടലുകൾ നടത്തിയിട്ടുെണ്ടന്നും അതിനപ്പുറം ചെയ്യേണ്ടത് സെബിയെല്ലന്നും സെബിയുടെ അധികാരപരിധിക്ക് അപ്പുറം കടന്ന് ഒന്നും ചെയ്യാൻ കഴിയിെല്ലന്നുമുള്ള നിസ്സാര മറുപടിയാണ്.
സെബി ചെയർപേഴ്സനും ഭർത്താവിനും അവിഹിതമായ ബന്ധവും ഓഹരിനിക്ഷേപവും അദാനി ഗ്രൂപ്പിലുണ്ട് എന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണം ഇപ്പോഴും ശക്തമായിതന്നെ നിലനിൽക്കുകയാണ്.
മൂന്നു ചോദ്യങ്ങളാണ് രാഹുൽ ഗാന്ധി പ്രധാനമായും പാർലമെന്റിൽ ഉന്നയിച്ചത്.
1. എന്തുകൊണ്ട് ഇത്രയും കൃത്യമായ ആരോപണങ്ങൾ സെബിക്കെതിരെ ആരോപിച്ചിട്ടും സെബി ചെയർപേഴ്സൻ മാധവി കോച്ച് രാജിവെക്കുന്നില്ല.
2. ഓഹരി വിപണിയിൽ പെരുപ്പിച്ചുകാട്ടൽ നടന്നു എന്ന് കൃത്യമായി ഹിൻഡൻ ബർഗ് റിപ്പോർട്ട് വന്നിട്ടും അദാനി ഗ്രൂപ്പിനെതിരെ വെളിപ്പെടുത്തിയിട്ടും അതിനെതിരെ ഒരു അന്വേഷണവും നടത്താത്തത് എന്തുകൊണ്ട്? സാധാരണക്കാരന്റെയും പെൻഷൻകാരന്റെയും വലിയ പണം, ജീവിതമാർഗം എന്നിവ ഇത്തരം അവിഹിതബന്ധങ്ങളിലൂടെയും പെരുപ്പിച്ചു കാട്ടലിലൂടെയും നഷ്ടപ്പെട്ടു പോയാൽ ആരാണ് അതിന് ഉത്തരവാദി?
3. കേന്ദ്രസർക്കാർ എന്തുകൊണ്ടാണ് ഇത്തരം ആക്ഷേപങ്ങൾക്കെതിരെ ഒരു വിരലും അനക്കാത്തത്? എന്തുകൊണ്ട് ഇന്ത്യയിലെ പരമോന്നത നീതിപീഠം ഇത്രയും വലിയ ആക്ഷേപം ഉന്നയിച്ചിട്ടും സ്വമേധയാ കേസെടുക്കുന്നില്ല?
ഹിൻഡൻബർഗ് റിപ്പോർട്ട് പ്രകാരം അദാനി കമ്പനികളിൽ സെബി ചെയർപേഴ്സൻ മാധവി പുരി ബുച്ചും അവരുടെ ഭർത്താവും വലിയ അളവിൽ പണം നിക്ഷേപിച്ചിട്ടുണ്ട്. ഗൗതം അദാനിയുടെ സഹോദരൻ ബിനീഷ് അദാനി ഇന്ത്യൻ ഓഹരി വിപണിയിൽ പലതരത്തിലും ഇടപെടുകയും ഓഹരി വിപണിയിൽ കൃത്യമായ കൃത്രിമങ്ങൾ നടത്തുകയും ചെയ്തിട്ടുണനട്. 2017 ജൂൺ വരെ മാധവി പുരി ബുച്ചിന് അദാനി സ്ഥാപനങ്ങളിൽ നേരിട്ട് നിക്ഷേപം ഉണ്ടായിരുന്നു. പിന്നീട് ഭർത്താവിന്റെ പേരിലേക്ക് ആസ്തികൾ കൈമാറി. അതിനുശേഷമാണ് സെബി ബോർഡിൽ ചേരുന്നത്. ഈ ആരോപണങ്ങളൊക്കെ ഇപ്പോഴും നിലനിൽക്കുന്നു എന്നുള്ളതാണ് വസ്തുത.
ഒരു നാടിന്റെ ധനകാര്യ നിയന്ത്രണത്തിൽ മുഖ്യ പങ്കുവഹിക്കേണ്ട ഒരു സ്ഥാപനം, സാധാരണക്കാരന് താങ്ങും തണലുമായി നിൽക്കേണ്ട ഒരു ഏജൻസിയുടെ തലപ്പത്ത് ഇത്തരത്തിലുള്ള കോർപറേറ്റ് സഹായികളെ കൊണ്ടിരുത്തുകയും അതിലൂടെ ഓഹരി വിപണിയിൽ യഥേഷ്ടം കുത്തകകൾക്ക് ഇടപെടാൻ കഴിയുകയും ചെയ്യുമെന്ന അവസ്ഥ ഉണ്ടായാൽ അത് ഇന്ത്യൻ ഓഹരി വിപണിയെ മാത്രമല്ല ഇന്ത്യയുടെ സാമ്പത്തിക മേഖലയെ മൊത്തം തകർത്തു തരിപ്പണമാക്കും എന്നതിൽ ഒരു സംശയവുമില്ല.
അമേരിക്കൻ സ്റ്റോക്ക് മാർക്കറ്റും (എസ് ആൻഡ് പി 500) ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റും (സെൻസെക്സ്) തമ്മിൽ ഒരു താരതമ്യം
വളർച്ച നിരക്ക്
12.2 ശതമാനം സി.എ.ജി.ആർ (കോമ്പൗണ്ട് ആനുവൽ ഗ്രോത്ത് റേറ്റ് ) വാർഷിക അറ്റാദായ വളർച്ചയാണ് ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് ആയ സെൻസെക്സിന് എങ്കിൽ (കഴിഞ്ഞ 10 വർഷത്തെ) അമേരിക്കൻ സ്റ്റോക്ക് മാർക്കറ്റിന്റെ (എസ്&പി) വളർച്ച നിരക്ക് 10.2 ശതമാനമാണ്. ഇത് സൂചിപ്പിക്കുന്നത് കഴിഞ്ഞ 10 വർഷത്തിനിടയിൽ അമേരിക്കൻ ഓഹരി വിപണിയെക്കാൾ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് വലിയ വളർച്ചയാണ് കൈവരിക്കുന്നത് എന്നതാണ്.
വിപണി മൂലധനം
ഇന്ത്യൻ ഓഹരി വിപണിയുടെ മൂലധന ഇടപാട് 1.3 ട്രില്യൺ ഡോളറിൽനിന്ന് 3.5 ട്രില്യൺ ഡോളറിൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ വളർന്നിട്ടുണ്ട്. 169 ശതമാനമാണ് ഈ വളർച്ച നിരക്ക്. എന്നാൽ, അമേരിക്കൻ വിപണി 15.6 ട്രില്യൺ ഡോളറിൽനിന്നും 30.4 ട്രില്യൺ ഡോളർ വിപണി മൂലധന വളർച്ചയാണ് കൈവരിച്ചത്. 95 ശതമാനമാണ് വിപണി മൂലധന വളർച്ച വന്നിട്ടുള്ളത്. മൊത്തം മൂലധനത്തിൽ വലിയ വ്യത്യാസം കാണുമെങ്കിലും വളർച്ച നിരക്കിൽ ഇന്ത്യൻ വിപണി ബഹുദൂരം മുന്നിലാണ് എന്നതാണ് സൂചിപ്പിക്കുന്നത്. നിക്ഷേപം കൂടിയ നിരക്കായതിനുള്ള കാരണം യു.എസ് വിപണി ഇന്ത്യൻ വിപണിയെക്കാൾ വ്യാപിച്ച കിടക്കുന്നുണ്ട് എന്നതാണ്.
ഐ.പി.ഒ (പ്രാരംഭ പൊതു ധനശേഖരണം)
ഇന്ത്യൻ ഐ.പി.ഒ 2022-24 കാലയളവിൽ 200 കമ്പനികളാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. എന്നാൽ, 120 കമ്പനികൾ മാത്രമാണ് യു.എസ് ലിസ്റ്റിലുള്ളത്.
വിദേശ നിക്ഷേപം
വിദേശ കോർപറേറ്റ് നിക്ഷേപം (എഫ്.ഐ.ഐ.എസ്) 28.6 ബില്യൺ ഡോളറാണ് ഇന്ത്യൻ ഇക്വിറ്റികളിൽ ഉണ്ടായത്. എന്നാൽ, നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ 10 ശതമാനത്തോളം കുറവാണ് അതായത് 144.8 ബില്യൺ ഡോളറിന്റെ കുറവാണ് അമേരിക്കൻ വിദേശ നിക്ഷേപത്തിൽ വന്നിട്ടുള്ളത്. ഇത് സൂചിപ്പിക്കുന്നത് വിദേശ നിക്ഷേപകർ അമേരിക്കൻ ഓഹരി വിപണിയെക്കാൾ ഇന്ത്യൻ കമ്പനികളിൽ നിക്ഷേപം നടത്താനും ഓഹരി മാർക്കറ്റിൽ ഇടപെടാനുമാണ് ഇഷ്ടപ്പെടുന്നത് എന്നാണ്.
അവസാനമായി ഇന്ത്യൻ ഓഹരി വിപണിയിൽ സ്ഥായിയായ ഭാവമില്ല എന്നതും ഏറ്റക്കുറച്ചിലുളുണ്ട് എന്നതും (Volatility) ദീർഘകാല സാമ്പത്തിക വീക്ഷണത്തിൽ വളരെ ശുഭകരമാണ് . ശതമാന കണക്കിൽ 10.3 ശതമാനമാണ് യു.എസ് ഫ്ലക്ച്വേഷൻ നിരക്ക് എങ്കിൽ 15.6 ശതമാനമാണ് ഇന്ത്യൻ വിപണിയിലെ ഏറ്റക്കുറച്ചിലുകൾ. വളരെ അസ്ഥിരമായ ഓഹരി വിപണിയാണ് ഇന്ത്യയിലുള്ളത് എന്നും ഇതുകൊണ്ട് അർഥമാക്കാവുന്നതാണ്. സെബിയുടെ ആസൂത്രണം, ഇടപെടൽ, സുതാര്യത, ഒട്ടോണമി, ദീർഘവീക്ഷണം, നിയന്ത്രണം എന്നിവയൊക്കെ ഇന്ത്യൻ ഓഹരി വിപണിയുടെ ഈ വളർച്ചക്കും ഉയർച്ചക്കും മുഖ്യപങ്ക് വഹിക്കുന്നു എന്ന് സാരം.
==============