കലോത്സവത്തിന്റെ ലഹരികൾ
കേരള സർവകലാശാലയുടെ യുവജനോത്സവം അക്രമത്തിൽ കലാശിക്കുകയും മറ്റും ചെയ്ത പശ്ചാത്തലത്തിൽ തന്റെ നേതൃത്വത്തിൽ നടന്ന കലോത്സവങ്ങളെക്കുറിച്ച് എഴുതുകയാണ് ലേഖകൻ. യൂനിവേഴ്സിറ്റി യൂനിയനുകൾ സർവകലാശാല വിദ്യാർഥികളുടെ കല-സാംസ്കാരിക അഭിരുചികൾ വികസിപ്പിക്കാനും അവർക്ക് സംഘടനാബോധം ഉണ്ടാക്കുന്നതിനും മറ്റുമുള്ള ഒരു പൊതുവേദിയാണ്. യൂനിവേഴ്സിറ്റി യൂനിയനുകൾക്ക് വളരെ വിപുലമായ പരിപാടികൾ സംഘടിപ്പിക്കാനും വിദ്യാർഥികളെ ആകെ ഇതിൽ പങ്കാളികളാക്കാനും കഴിയും. നിർഭാഗ്യവശാൽ മുഖ്യമായും കലോത്സവങ്ങൾ സംഘടിപ്പിക്കുന്നതിൽ മാത്രമായി ഒതുങ്ങുകയാണ് പല യൂനിവേഴ്സിറ്റി യൂനിയനുകളും. ഈ ലേഖകനടക്കമുള്ളവർക്ക്...
Your Subscription Supports Independent Journalism
View Plansകേരള സർവകലാശാലയുടെ യുവജനോത്സവം അക്രമത്തിൽ കലാശിക്കുകയും മറ്റും ചെയ്ത പശ്ചാത്തലത്തിൽ തന്റെ നേതൃത്വത്തിൽ നടന്ന കലോത്സവങ്ങളെക്കുറിച്ച് എഴുതുകയാണ് ലേഖകൻ.
യൂനിവേഴ്സിറ്റി യൂനിയനുകൾ സർവകലാശാല വിദ്യാർഥികളുടെ കല-സാംസ്കാരിക അഭിരുചികൾ വികസിപ്പിക്കാനും അവർക്ക് സംഘടനാബോധം ഉണ്ടാക്കുന്നതിനും മറ്റുമുള്ള ഒരു പൊതുവേദിയാണ്. യൂനിവേഴ്സിറ്റി യൂനിയനുകൾക്ക് വളരെ വിപുലമായ പരിപാടികൾ സംഘടിപ്പിക്കാനും വിദ്യാർഥികളെ ആകെ ഇതിൽ പങ്കാളികളാക്കാനും കഴിയും. നിർഭാഗ്യവശാൽ മുഖ്യമായും കലോത്സവങ്ങൾ സംഘടിപ്പിക്കുന്നതിൽ മാത്രമായി ഒതുങ്ങുകയാണ് പല യൂനിവേഴ്സിറ്റി യൂനിയനുകളും. ഈ ലേഖകനടക്കമുള്ളവർക്ക് സർവകലാശാല കലോത്സവങ്ങൾ വലിയ ലഹരിയായിരുന്നു.
ബഹുഭൂരിപക്ഷം യൂനിയൻ ഭാരവാഹികൾക്കും ഇതുതന്നെയാണ് സ്ഥിതി. എന്നാൽ, സർവകലാശാല യൂനിയനുകൾ സംഘടിപ്പിക്കേണ്ടതും, അതിനു കഴിയുന്നതുമായ വിപുലമായ പരിപാടികൾ പല യൂനിയനുകളും ഇന്ന് വിസ്മരിച്ചിരിക്കുന്ന സ്ഥിതിയാണുള്ളത്. കലാശാലാ വിദ്യാർഥികളുടെ ആകെ പ്രാതിനിധ്യമുള്ള ശക്തമായ ഒരു വേദിയായി സർവകലാശാല യൂനിയനുകളെ മാറ്റിയെടുക്കേണ്ടിയിരിക്കുകയുമാണ്. യൂനിവേഴ്സിറ്റി യൂനിയനുകളെ സജീവമാക്കുന്നതിനും ശക്തവും ഫലപ്രദവുമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നതിനും അതിന്റെ ഭാരവാഹികൾ തയാറായേ മതിയാകൂ. കേരള യൂനിവേഴ്സിറ്റി യൂനിയന്റെ പഴയകാല ചെയർമാനായ ഈ ലേഖകൻ താൻ യൂനിയൻ ചെയർമാനായിരുന്ന കാലത്ത് യൂനിയൻ നേതൃത്വത്തിൽ നടത്തിയ വിപുലമായ പരിപാടികളെ സംബന്ധിച്ച് സ്മരിക്കുകയാണിവിടെ.
1982ൽ കേരള സർവകലാശാല യൂനിയൻ ചെയർമാനായി ഞാൻ തിരഞ്ഞെടുക്കപ്പെട്ടു. എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റും സി.പി.എം ചിറയിൻകീഴ് താലൂക്ക് കമ്മിറ്റി അംഗവുമായിരുന്നു ഈ ലേഖകൻ. അന്ന് കേരള സർവകലാശാലയുടെ പ്രവർത്തനമേഖല തിരുവനന്തപുരം മുതൽ തൃശൂർ ജില്ലയിലെ കാലടി വരെയുണ്ടായിരുന്നു. മഹാത്മാ ഗാന്ധി സർവകലാശാല അന്ന് നിലവിൽ വന്നിരുന്നില്ല. സർവകലാശാല യൂനിയന്റെ പരിപാടികൾ വിപുലപ്പെടുത്തുകയും, വിദ്യാർഥികളുടെ പങ്കാളിത്തം എല്ലാ നിലയിലും വർധിപ്പിക്കുകയുമായിരുന്നു ഞങ്ങളുടെ പരിപാടി.
ഈ അവസരത്തിൽ എന്റെ നേതൃത്വത്തിലുള്ള ആ യൂനിവേഴ്സിറ്റി യൂനിയന്റെ ആഭിമുഖ്യത്തിൽ എല്ലാ തയാറെടുപ്പുകളും പ്രവർത്തനങ്ങളും പൂർത്തിയാക്കിയതും നിർഭാഗ്യവശാൽ നടക്കാതെ പോയതുമായ തിരുവനന്തപുരത്ത് തീരുമാനിച്ചിരുന്ന അഖിലേന്ത്യ അന്തർ സർവകലാശാല യുവജനോത്സവത്തിന്റെ ഹൃദയത്തെ നൊമ്പരപ്പെടുത്തുന്ന ഓർമകളാണ് ആദ്യം മനസ്സിൽ വരുന്നത്.
എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള യൂനിവേഴ്സിറ്റി യൂനിയനുകൾ അന്ന് രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലുണ്ടായിരുന്നു. അന്ന് ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി യൂനിയനും ഡൽഹി യൂനിവേഴ്സിറ്റി യൂനിയനുമെല്ലാം എസ്.എഫ്.ഐയുടെ നിയന്ത്രണത്തിലുമായിരുന്നു. അതുകൊണ്ടുതന്നെ ഞാൻ നേതൃത്വം കൊടുത്തുകൊണ്ട് യൂനിവേഴ്സിറ്റി യൂനിയൻ ഭാരവാഹികളുടെ ദേശീയാടിസ്ഥാനത്തിലുള്ള ഒരു യോഗം ബോംബെയിൽ വിളിച്ചുകൂട്ടുകയുണ്ടായി. എം.എ. ബേബി പ്രസിഡന്റായുള്ള അന്നത്തെ എസ്.എഫ്.ഐ അഖിലേന്ത്യ കമ്മിറ്റിയുടെ പൂർണ സഹകരണം ഇതിനുണ്ടായിരുന്നു. യോഗം വിളിച്ചുകൂട്ടാൻ നേതൃത്വപരമായ പങ്കും എം.എ. ബേബി വഹിക്കുകയുണ്ടായി. അതുകൊണ്ടുതന്നെ ബോംബെയിൽ വിളിച്ചുകൂട്ടിയ യൂനിവേഴ്സിറ്റി ഭാരവാഹികളുടെ യോഗം ഒരു വൻവിജയവുമായിരുന്നു. ഈ കോൺഫറൻസിൽ െവച്ച് ഈ ലേഖകൻ ചെയർമാനായി യൂനിവേഴ്സിറ്റി യൂനിയനുകളുടെ ദേശീയ സമിതി രൂപവത്കരിക്കുകയുംചെയ്തു. രാജ്യത്ത് ആദ്യമായാണ് സർവകലാശാല യൂനിയൻ ഭാരവാഹികളുടെ അഖിലേന്ത്യാ അടിസ്ഥാനത്തിലുള്ള സമിതി രൂപവത്കരിച്ചത്.
ഈ കോൺഫറൻസിന്റെ പ്രധാനപ്പെട്ട ഒരു തീരുമാനം തിരുവനന്തപുരത്ത് ഒരു അഖിലേന്ത്യ യൂനിവേഴ്സിറ്റി യുവജനോത്സവം സംഘടിപ്പിക്കുക എന്നുള്ളതായിരുന്നു. ഞങ്ങൾ അഖിലേന്ത്യ യുവജനോത്സവം നടത്തുവാനുള്ള തീരുമാനം അന്നത്തെ കേരള യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. വർഗീസിനെയും യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗങ്ങളെയും അറിയിക്കുകയും അവർ അഖിലേന്ത്യ യുവജനോത്സവം നടത്തുന്നതിന് പിന്തുണ നൽകുകയും ചെയ്തു. കേരള യൂനിവേഴ്സിറ്റി യൂനിയൻ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം ചേർന്ന് തിരുവനന്തപുരത്ത് െവച്ച് അഖിലേന്ത്യ സർവകലാശാല യുവജനോത്സവം നടത്തുന്നതിന് വിപുലമായ പരിപാടികൾക്ക് രൂപം കൊടുക്കുകയുംചെയ്തു.
ഈ യുവജനോത്സവത്തിന് സാമ്പത്തികസഹായം ചെയ്യാമെന്ന് കേരള യൂനിവേഴ്സിറ്റി അധികൃതർ സമ്മതിക്കുകയുംചെയ്തു. അന്നത്തെ കേരള യൂനിവേഴ്സിറ്റി യൂനിയൻ ജനറൽ സെക്രട്ടറി ഡിജോ കാപ്പൻ ആയിരുന്നു. അദ്ദേഹവും യൂനിയന്റെ മറ്റു ഭാരവാഹികളായ ചാണി അപ്പു (വൈസ് ചെയർമാൻ), ബൈജു ചന്ദ്രൻ (ജോയന്റ് സെക്രട്ടറി), രമേശ് (ജോയന്റ് സെക്രട്ടറി), വേണു ഗോവിന്ദകുമാർ (കൗൺസിലർ) തുടങ്ങിയവരും ഈ അഖിലേന്ത്യ യുവജനോത്സവം നടത്തുന്നതിനുള്ള സജീവമായ പ്രവർത്തനങ്ങളിൽ മുഴുകുകയുംചെയ്തു. ഇന്ത്യയിലെ 47 യൂനിവേഴ്സിറ്റികൾ ഈ അഖിലേന്ത്യ യുവജനോത്സവത്തിൽ പങ്കെടുക്കുന്നതിന് സമ്മതമറിയിക്കുകയും എൻട്രീസ് അയക്കുകയുംചെയ്തിരുന്നു.
2500ഓളം സർവകലാശാല കലാകാരന്മാരാണ് പേര് രജിസ്റ്റർ ചെയ്തത്. നിർഭാഗ്യവശാൽ പ്രഖ്യാപിക്കപ്പെട്ട അഖിലേന്ത്യ യുവജനോത്സവം നടക്കുന്നതിന് അഞ്ചു ദിവസം മുമ്പാണ് ഈ യുവജനോത്സവത്തിന് ഫണ്ട് അനുവദിക്കാൻ കഴിയുകയില്ലെന്ന് കാണിച്ച് കേരള സർവകലാശാല അധികൃതർ കത്ത് നൽകുന്നത്. വെറും രാഷ്ട്രീയ തീരുമാനമായിരുന്നു അത്. കേരള യൂനിവേഴ്സിറ്റിയുടെ തലപ്പത്തുണ്ടായിരുന്ന ചിലരുടെ വെറും രാഷ്ട്രീയ അട്ടിമറി! ഒരു സർവകലാശാല യൂനിയന്റെയും അതിന്റെ നേതൃത്വത്തിലുണ്ടായിരുന്നവരുടെയും സർവകലാശാലയിലെ ആയിരക്കണക്കിന് വിദ്യാർഥികളുടെയും ആ സ്വപ്നപരിപാടിയെ തകർക്കൽ!
യൂനിവേഴ്സിറ്റിയുടെ സഹായമില്ലാതെ തന്നെ വലിയ ചെലവു വരുന്ന അഖിലേന്ത്യ യുവജനോത്സവം കേരള സർവകലാശാല യൂനിയന്റെ ഫണ്ടുകൊണ്ട് നടത്തുവാൻ സാധിക്കുകയില്ലായിരുന്നു. അന്ന് തിരുവനന്തപുരത്ത് ഈ ലേഖകനടക്കമുള്ളവരുമായി സഹകരിച്ചിരുന്ന വളരെ പ്രമാണിമാരായിരുന്ന ചിലർ സംഭാവന സ്വരൂപിച്ച് പ്രഖ്യാപിക്കപ്പെട്ട ഈ അഖിലേന്ത്യ യുവജനോത്സവം നടത്തണമെന്നും അതിൽ അവരെല്ലാം പൂർണമായും സഹകരിക്കാമെന്നും അറിയിക്കുകയുണ്ടായി. എന്നാൽ, സംഭാവന സ്വരൂപിച്ച് അഖിലേന്ത്യ യുവജ
നോത്സവം നടത്തിയാൽ അത് ആരോപണങ്ങൾ ഉയരാൻ ഇടയാക്കുമെന്നുള്ളതുകൊണ്ട് ഈ യുവജനോത്സവം ഉപേക്ഷിക്കുകയല്ലാതെ മറ്റൊരു മാർഗവും യൂനിയൻ നേതൃത്വത്തിന്റെ മുന്നിൽ ഉണ്ടായിരുന്നില്ല. യൂനിയന്റെ കാലാവധി തീരാറായ സമയമായതുകൊണ്ട് കലോത്സവം മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാനും കഴിയുമായിരുന്നില്ല. പല യൂനിവേഴ്സിറ്റി യൂനിയനുകളും തിരുവനന്തപുരത്തേക്കു തിരിക്കാൻ െട്രയിൻ ടിക്കറ്റുകൾ ഈ സമയത്ത് ബുക്കുചെയ്ത് കഴിഞ്ഞിരുന്നു. രണ്ട് യൂനിവേഴ്സിറ്റികളുടെ പ്രതിനിധികൾ തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുകയും ചെയ്തിരുന്നു. യുവജനോത്സവം മാറ്റിെവച്ചതുകൊണ്ട് വലിയ നഷ്ടവും ബുദ്ധിമുട്ടുകളുമാണ് ഇവർക്കെല്ലാം ഉണ്ടായത്.
എന്തായാലും തിരുവനന്തപുരത്ത് പത്രക്കാരെ വിളിച്ചുകൂട്ടി വലിയ ഹൃദയവേദനയോടുകൂടി തന്നെ അഖിലേന്ത്യാ യുവജനോത്സവം ഉപേക്ഷിച്ച വിവരം ഈ ലേഖകന് അറിയിക്കേണ്ടിവന്നു. വിദ്യാർഥിരംഗത്തെ ഈ ലേഖകന്റെ പ്രവർത്തനങ്ങളുടെ ചരിത്രത്തിൽ ഏറ്റവുമധികം പ്രയാസമുണ്ടാക്കിയ സംഭവമായിരുന്നു അത്. വിപുലമായ നിലയിൽ അഖിലേന്ത്യ യുവജനോത്സവം തിരുവനന്തപുരത്ത് നടത്താനുള്ള വളരെ ധീരമായ പരിശ്രമങ്ങളാണ് അന്ന് ഞങ്ങൾ നടത്തിയത്. ആ ശ്രമം പരാജയപ്പെട്ടെങ്കിലും വിലപ്പെട്ട പല പാഠങ്ങളും ഇത് ഞങ്ങൾക്ക് നൽകുകയുണ്ടായി.
ഇന്ത്യയിലെ എല്ലാ സർവകലാശാലകളിലെയും വിദ്യാർഥികൾ പങ്കെടുക്കുന്ന അഖിലേന്ത്യ യുവജനോത്സവം നാളിതുവരെ നടത്തുവാൻ കഴിഞ്ഞിട്ടില്ല. 1982ൽ അതിനായുള്ള കഠിനമായ യജ്ഞം നടത്തിയതും രാജ്യത്തെ വിവിധ സർവകലാശാലാ വിദ്യാർഥികൾ ഈ യുവജനോത്സവത്തിൽ പങ്കെടുക്കാൻ എൻട്രികൾ നൽകിയതും ആ സമയത്ത് ഒരു വലിയ സംഭവമായിരുന്നു. ഈ അഖിലേന്ത്യ യുവജനോത്സവം വളരെ വിജയകരമായി നടത്തുവാനുള്ള എല്ലാ പ്രവർത്തനങ്ങളും ഞങ്ങൾ നടത്തുകയും ചെയ്തിരുന്നതാണ്. കലോത്സവം നടക്കാതെ പോയത് ഞങ്ങൾക്ക് വലിയ നിരാശ ഉണ്ടാക്കിയെങ്കിലും യൂനിവേഴ്സിറ്റി യൂനിയന്റെ ഒരു ചരിത്രരേഖയായി ഇപ്പോഴും ഇത് അവശേഷിക്കുന്നു.
യുവജനോത്സവങ്ങൾ സംഘടിപ്പിക്കുന്നതിൽ വലിയ ആവേശം കാട്ടിയിരുന്നു അന്ന് ഞാനും മറ്റ് യൂനിയൻ ഭാരവാഹികളും. കഴിയുമെങ്കിൽ ഓരോ ദിവസവും ഓരോ േപ്രാഗ്രാം സംഘടിപ്പിക്കുക എന്നതായിരുന്നു ഞങ്ങളുടെ ആഗ്രഹം. കലോത്സവങ്ങൾ ആദ്യം മേഖലാടിസ്ഥാനത്തിൽ നടത്തുകയും പിന്നീട് കേരള യൂനിവേഴ്സിറ്റി അടിസ്ഥാനത്തിലും നടത്തുകയാണ് ഞങ്ങളുടെ യൂനിയൻ ചെയ്തത്. ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിൽ െവച്ചാണ് മേഖലാടിസ്ഥാനത്തിലുള്ള യുവജനോത്സവം നടന്നത്. മേഖലാടിസ്ഥാനത്തിലുള്ള യുവജനോത്സവം നടാടെയാണ് ഈ നിലയിൽ നടത്തുന്നത്. ഇതിനുശേഷമാണ് തിരുവനന്തപുരത്ത് വെച്ച് യൂനിവേഴ്സിറ്റി അടിസ്ഥാനത്തിലുള്ള യുവജനോത്സവം സംഘടിപ്പിച്ചത്. ഈ യുവജനോത്സവം എല്ലാ നിലയിലും ഉന്നതനിലവാരം പുലർത്തുന്ന ഒന്നായിരുന്നു.
മേഖലാ യൂനിവേഴ്സിറ്റി യുവജനോത്സവങ്ങൾ വിപുലമായി സംഘടിപ്പിച്ചതുകൊണ്ട് നൂറുകണക്കിനു കോളജ് വിദ്യാർഥികൾക്ക് തങ്ങളുടെ കലാപരിപാടികൾ ആവിഷ്കരിക്കാനും സമ്മാനം നേടാനും അവസരമുണ്ടായി. അന്ന് സമ്മാനം കരസ്ഥമാക്കിയ പലരും ഈ മേഖലയിൽ ഇേപ്പാഴും പിടിച്ചുനിൽക്കുന്നുമുണ്ട്.
ഈ യുവജനോത്സവത്തിൽ പെൺകുട്ടികളുടെ ലളിതഗാനത്തിന് ഒന്നാം സ്ഥാനം ലഭിച്ച ചിത്രയാണ് ഇന്നത്തെ ഏറ്റവും പ്രശസ്ത സിനിമാഗായിക. അതുപോലെ തന്നെ അന്ന് ആൺകുട്ടികളുടെ ലളിതഗാനത്തിന് ഒന്നാം സ്ഥാനം നേടിയ വേണുഗോപാൽ ഇന്ന് പ്രമുഖനായ സിനിമാ ഗായകനാണ്. അന്ന് ശാസ്ത്രീയസംഗീതത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിന് ഒന്നാം സ്ഥാനം നേടിയ അരുന്ധതി ഇന്ന് ഈ മേഖലയിലെ സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട കലാകാരിയുമാണ്.
ഈ യൂനിവേഴ്സിറ്റി യൂനിയൻ പുതിയ അനേകം പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. സഞ്ചരിക്കുന്ന ചലച്ചിേത്രാത്സവം ഇതിൽ എടുത്തുപറയേണ്ട ഒന്നാണ്. കേരള യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള 70ഓളം കോളജുകളിൽ ചെന്ന് ഞങ്ങൾ ചലച്ചിത്ര പ്രദർശനങ്ങൾ നടത്തുകയുണ്ടായി. ലോകപ്രശസ്തവും ഏറ്റവും പ്രമുഖവും ജനങ്ങൾ ഇഷ്ടപ്പെടുന്നതുമായ ചലച്ചിത്രങ്ങളാണ് ഞങ്ങൾ അന്ന് പ്രദർശിപ്പിച്ചത്. കെൽേട്രാണിന്റെ േപ്രാജക്ടുകളാണ് ഇതിനായി ഉപയോഗിച്ചത്. പുെണ ഫിലിം ആർക്കൈവ്സിന്റെ സഹകരണവും ഇക്കാര്യത്തിൽ ഞങ്ങൾക്ക് ലഭിച്ചു. ആ കാലഘട്ടത്തിൽ ടെലിവിഷൻ ഇവിടെ വ്യാപകമായി നിലവിൽ വന്നിട്ടില്ലായിരുന്നു. ആകെയുണ്ടായിരുന്നത് ദൂരദർശൻ മാത്രമായിരുന്നു.
ഓരോ കോളജിലും യൂനിവേഴ്സിറ്റി യൂനിയന്റെ ഈ സഞ്ചരിക്കുന്ന ഫിലിം ഫെസ്റ്റിവൽ യൂനിറ്റ് എത്തുമ്പോൾ ആയിരക്കണക്കിനു വിദ്യാർഥികളും വിദ്യാർഥികളല്ലാത്ത േപ്രക്ഷകരുമാണ് ഇത് കാണുന്നതിനായി തടിച്ചുകൂടിയിരുന്നത്. എറണാകുളം മഹാരാജാസ് കോളജിലെ സഞ്ചരിക്കുന്ന ചലച്ചിേത്രാത്സവത്തിന്റെ പ്രദർശനം കാണാൻ അയ്യായിരത്തിന് പുറത്ത് ആളുകളാണ് തടിച്ചുകൂടിയത്. ലോകപ്രശസ്തമായ അന്നുണ്ടായിരുന്ന എല്ലാ ക്ലാസിക് ചിത്രങ്ങളും ഞങ്ങൾ ഇതിൽ പ്രദർശിപ്പിക്കുകയുണ്ടായി. ‘ബാറ്റിൽഷിപ്പ് പൊട്ടൻകിൻ’, ‘ഗോൾഡ് റഷ്’, ‘പഥേർ പാഞ്ചാലി’ അടക്കമുള്ള ചിത്രങ്ങൾ ഇതിൽപെടും. ഐസൻസ്റ്റീൻ, മൃണാൾസെൻ തുടങ്ങിയ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളും ഇതിലുണ്ടായിരുന്നു. ചാർളി ചാപ്ലിന്റെ ചിത്രങ്ങൾ കാണാൻ ആയിരങ്ങളാണ് ഓരോ കോളജിലും തടിച്ചുകൂടിയത്. സിനിമയുടെ ആരംഭത്തിൽ നിർമിച്ച നിശ്ശബ്ദ ചിത്രങ്ങളും ഈ മേളയിൽ ഉൾപ്പെടുത്തിയിരുന്നു.
കേരള സർവകലാശാല യൂനിയന്റെ ഈ സഞ്ചരിക്കുന്ന ചലച്ചിേത്രാത്സവം മറ്റു സർവകലാശാല യൂനിയനുകൾക്കും ഫിലിം ക്ലബുകൾക്കും ഒരു മാതൃകയാക്കാവുന്നതാണെന്ന് കാണിച്ച് ‘ടൈംസ് ഓഫ് ഇന്ത്യ’ പത്രത്തിന്റെ ഒന്നാം പേജിൽ അന്നു ഫോട്ടോ അടക്കം ചേർത്ത് വന്ന വലിയ വാർത്ത എടുത്തുപറയേണ്ട ഒന്നായിരുന്നു. സംസ്ഥാനത്തെ പ്രമുഖ ദിനപത്രങ്ങളെല്ലാം ഈ പരിപാടിയെ പ്രശംസിച്ച് റിപ്പോർട്ടുകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു.
സഞ്ചരിക്കുന്ന ചലച്ചിേത്രാത്സവം വിജയകരമായി സംഘടിപ്പിച്ചതിനുശേഷം ഞങ്ങളുടെ യൂനിയൻ കേരള യൂനിവേഴ്സിറ്റി യൂനിയൻ ഫിലിം അവാർഡ് ദാനം വിപുലമായി നടത്തി. തിരുവനന്തപുരത്ത് യൂനിവേഴ്സിറ്റി സെനറ്റ്ഹാളിലാണ് ഈ ഫിലിം അവാർഡ് നൈറ്റ് നടന്നത്. കേരള സർവകലാശാലയിലെ വിദ്യാർഥികളാണ് അവാർഡ് ജേതാക്കളെ വോട്ടെടുപ്പിൽ കൂടി നിശ്ചയിച്ചത്. അടൂർ ഗോപാലകൃഷ്ണനും ഭാസ്കരൻ നായരുമായിരുന്നു ഈ അവാർഡ് നിർണയത്തിലെ ജൂറിമാർ. നല്ല നടനായി നെടുമുടി വേണുവും നല്ല നടിയായി ജലജയും തിരഞ്ഞെടുക്കപ്പെട്ടു. നല്ല ഹാസ്യനടനായി ഇന്നസെന്റും, സഹനടനായി മമ്മൂട്ടിയുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. നല്ല ചലച്ചിത്രമായി തീരുമാനിക്കപ്പെട്ടത് ‘വിടപറയും മുമ്പ്’ ആയിരുന്നു.
മോഹൻ നല്ല സംവിധായകനുള്ള അവാർഡും, ഡേവിഡ് കാച്ചപ്പിള്ളി നല്ല നിർമാതാവിനുള്ള അവാർഡും കരസ്ഥമാക്കി. ഫിലിം അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതെപോയ അദ്ദേഹം യൂനിവേഴ്സിറ്റി യൂനിയൻ ഓഫിസിൽ വന്ന് ഈ ലേഖകനിൽനിന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്. തനിക്കാദ്യമായാണ് ഇത്തരം ഒരു അവാർഡ് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞത് ഓർക്കുന്നു. കേരള സർവകലാശാല യൂനിയൻ സംഘടിപ്പിച്ച ഈ ഫിലിം അവാർഡ് വിതരണം എന്തുകൊണ്ടും എടുത്തുപറയേണ്ട ഒന്നായിരുന്നു. ചലച്ചിത്രങ്ങളെ സംബന്ധിച്ച് നല്ല ചർച്ച കലാശാല വിദ്യാർഥികളിൽ ഉണ്ടാക്കാൻ ഈ ഫിലിംമേള ഉപകരിച്ചു.
സർവകലാശാല വിദ്യാർഥികളുടെ കായികമേഖലയിലെ കഴിവുകൾ വികസിപ്പിക്കാൻ ഫലപ്രദമായ പല പരിപാടികളും ഈ യൂനിവേഴ്സിറ്റി യൂനിയൻ സംഘടിപ്പിക്കുകയുണ്ടായി. അതിൽ പ്രധാനപ്പെട്ട പരിപാടികളിലൊന്ന് സ്പോർട്സിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുന്ന കോളജിന് റോളിങ് േട്രാഫി ഏർപ്പെടുത്തലായിരുന്നു. ആദ്യമായാണ് ഇത്തരമൊരു േട്രാഫി ഏർപ്പെടുത്തിയത്. അന്ന് പാലാ സെന്റ് തോമസ് കോളജാണ് േട്രാഫി കരസ്ഥമാക്കിയത്. ചങ്ങനാശ്ശേരി അസംപ്ഷൻ കോളജ് രണ്ടാം സ്ഥാനവും നേടി. ആറ്റിങ്ങൽ നടന്ന ഈ സ്േപാർട്സ് അവാർഡ്ദാന ചടങ്ങിൽ ആയിരക്കണക്കിന് വിദ്യാർഥികളും നാട്ടുകാരും സംബന്ധിച്ചിരുന്നു.
യൂനിവേഴ്സിറ്റി യൂനിയന്റെ നേതൃത്വത്തിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായി നടത്തിയ കല-സംസ്കാരിക ജാഥ എന്തുകൊണ്ടും എടുത്തുപറയേണ്ട ഒരു പരിപാടിയായിരുന്നു. ഈ ലേഖകന്റെ നേതൃത്വത്തിൽ നടത്തിയ സാംസ്കാരിക ജാഥ കേരള സർവകലാശാലയുടെ കീഴിലുള്ള 60ഓളം കോളജുകളിൽ പര്യടനം നടത്തി. വിദ്യാർഥികളുടെ വമ്പിച്ച സ്വീകരണങ്ങൾ ഏറ്റുവാങ്ങാനും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായി സംസ്ഥാനത്ത് ഗൗരവമായ ചർച്ചക്ക് തുടക്കം കുറിക്കാനും ഈ ജാഥ അവസരമുണ്ടാക്കി. സംസ്ഥാനത്തെ എല്ലാ പത്ര മാധ്യമങ്ങളും ഈ ജാഥയെക്കുറിച്ച് വൻ പ്രാധാന്യത്തോടെ റിപ്പാർട്ട് ചെയ്തു. പല ദേശീയ ദിനപത്രങ്ങളിലും ഈ സാംസ്കാരിക ജാഥ വാർത്തയായി.
ഈ കാലഘട്ടത്തിൽ വിദ്യാർഥികളെയും നമ്മുടെ രാജ്യത്തെയും ബാധിക്കുന്ന ഏറ്റവും ഗൗരവമായ പല വിഷയങ്ങളെയും ആധാരമാക്കി ഡസൻകണക്കിന് വളരെ വിപുലമായ സെമിനാറുകളും വിവിധ കലാലയങ്ങളിൽ ഈ യൂനിയൻ സംഘടിപ്പിച്ചിട്ടുണ്ട്.
ഞാൻ യൂനിവേഴ്സിറ്റി യൂനിയനുകളുടെ ദേശീയ ചെയർമാനായിരുന്ന സമയത്താണ് യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ കോളജുകളിലും യൂനിവേഴ്സിറ്റി കാമ്പസുകളിലും വിദ്യാർഥി സംഘടനകളുടെ പ്രവർത്തനം തടയുന്നതിനുള്ള തീരുമാനം കൈക്കൊണ്ടത്. ഈ വിദ്യാർഥിവിരുദ്ധ നിലപാടിനെതിരായി വിപുലമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനും ഈ കാമ്പയിനിന്റെ ഭാഗമായി ഡൽഹി യൂനിവേഴ്സിറ്റി, ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി, ബോംബെ, ഹൈദരാബാദ് യൂനിവേഴ്സിറ്റികൾ തുടങ്ങിയ യൂനിവേഴ്സിറ്റികളിൽ പോയി വിദ്യാർഥികളെ അഭിസംബോധന ചെയ്യുവാനും ഈ ലേഖകന് അവസരം ലഭിച്ചിട്ടുണ്ട്. എസ്.എഫ്.ഐയും മറ്റു ചില ഇടതു വിദ്യാർഥി സംഘടനകളും യു.ജി.സിയുടെ വിദ്യാർഥിവിരുദ്ധ നിലപാടിന് എതിരായി രംഗത്ത് വരുകയും ചെയ്തിരുന്നു.
എന്തായാലും ശക്തമായ സർവകലാശാല വിദ്യാർഥികളുടെ പ്രതിഷേധത്തിന് മുന്നിൽ യു.ജി.സിക്ക് ഒടുവിൽ മുട്ടുമടക്കേണ്ടിവരിക തന്നെ ചെയ്തു. വിദ്യാർഥി സംഘടനാ പ്രവർത്തനം കോളജുകളിൽ നിരോധിച്ചുകൊണ്ടുള്ള തീരുമാനം അങ്ങനെ പിൻവലിക്കപ്പെട്ടു. സർവകലാശാല വിദ്യാർഥികളുടെ ഐതിഹാസികമായ സമരത്തിന്റെ വിജയമായിരുന്നു അത്.
കേരള സർവകലാശാല യൂനിയനിൽ ഏറ്റവും കൂടുതൽ എടുത്തുപറയത്തക്ക വലിയ പരിപാടികൾ നടന്നിട്ടുള്ള യൂനിയനും, ഏറ്റവും കൂടുതൽ വിദ്യാർഥി പങ്കാളിത്തം ഉണ്ടാക്കാനും കഴിഞ്ഞതും ഈ ലേഖകന്റെ നേതൃത്വത്തിലുള്ള സർവകലാശാല യൂനിയനായിരുന്നു എന്ന് യൂനിവേഴ്സിറ്റി റെക്കോഡുകളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആ റെക്കോഡ് ഇതുവരെ ഭേദിക്കാൻ മറ്റൊരു യൂനിയനും കഴിഞ്ഞിട്ടില്ല എന്നാണ് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്. വിദ്യാർഥി-യുവജന രംഗത്തെ നീണ്ടകാലത്തെ നിരന്തര പ്രവർത്തനങ്ങളിൽ എന്തുകൊണ്ടും എടുത്തുപറയേണ്ടതാണ് കേരള യൂനിവേഴ്സിറ്റി യൂനിയൻ ചെയർമാൻ എന്ന നിലയിലുള്ള അന്നത്തെ പ്രവർത്തനം.
കടുത്ത മത്സരമാണ് യൂനിവേഴ്സിറ്റി യൂനിയൻ തെരഞ്ഞെടുപ്പുകളിൽ ഇന്ന് കാണാൻ കഴിയുന്നത്. എന്നാൽ, ഈ വാശിയും ഉത്സാഹവും യൂനിയൻ പ്രവർത്തനങ്ങളിൽ ഉണ്ടാകുന്നില്ല. ഈ സ്ഥിതിക്ക് മാറ്റംവരുത്താനും, സർവകലാശാല യൂനിയനുകളുടെ പ്രവർത്തനം ഏറ്റവും സജീവമാക്കാനും യൂനിയൻ നേതാക്കൾ രംഗത്ത് ഇറങ്ങേണ്ട സമയമാണിത്. യൂനിവേഴ്സിറ്റി യൂനിയൻ പ്രവർത്തനം ഗൗരവമായി കാണാൻ എല്ലാ യൂനിയൻ ഭാരവാഹികളും തയാറാവുകയും വേണം.
================