Begin typing your search above and press return to search.
proflie-avatar
Login

ഇടതുപക്ഷത്തിന്‍റെ ഹിന്ദുത്വ യുക്തികള്‍

ഇടതുപക്ഷത്തിന്‍റെ   ഹിന്ദുത്വ യുക്തികള്‍
cancel

കേരളത്തിലെ സി.പി.എമ്മിൽ എന്താണ്​ സംഭവിക്കുന്നത്​? വലതുപക്ഷത്തും ഹിന്ദുത്വവാദത്തിനും പിന്നിലാവുക​യാണോ? മലപ്പുറം ജില്ലയോടുള്ള സമീപനത്തിലും ന്യൂനപക്ഷങ്ങളോടുള്ള കരുതലിലും എന്ത്​ വീഴ്​ചകളാണ്​ സംഭവിക്കുന്നത്​? മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും നിലപാടുകൾ എങ്ങോട്ട്​ നയിക്കും? മാധ്യമപ്രവർത്തകനും എഴുത്തുകാരനും രാഷ്​ട്രീയ നിരീക്ഷകനുമായ ലേഖകൻ ചില ശ്രദ്ധേയ നിരീക്ഷണങ്ങൾ മുന്നോട്ടുവെക്കുന്നു.കേരള രാഷ്ട്രീയത്തില്‍ ‘ഹമ്പട ഞാനെ’ എന്ന് ഏറ്റവും കൂടുതല്‍ തവണ പറഞ്ഞിട്ടുള്ള നേതാവായിരിക്കും പിണറായി വിജയന്‍. വെടിയുണ്ടകള്‍ക്കും നീട്ടിപ്പിടിച്ച വാളുകള്‍ക്കുമിടയിലൂടെ നടന്നതും പ്രത്യേക ...

Your Subscription Supports Independent Journalism

View Plans
കേരളത്തിലെ സി.പി.എമ്മിൽ എന്താണ്​ സംഭവിക്കുന്നത്​? വലതുപക്ഷത്തും ഹിന്ദുത്വവാദത്തിനും പിന്നിലാവുക​യാണോ? മലപ്പുറം ജില്ലയോടുള്ള സമീപനത്തിലും ന്യൂനപക്ഷങ്ങളോടുള്ള കരുതലിലും എന്ത്​ വീഴ്​ചകളാണ്​ സംഭവിക്കുന്നത്​? മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും നിലപാടുകൾ എങ്ങോട്ട്​ നയിക്കും? മാധ്യമപ്രവർത്തകനും എഴുത്തുകാരനും രാഷ്​ട്രീയ നിരീക്ഷകനുമായ ലേഖകൻ ചില ശ്രദ്ധേയ നിരീക്ഷണങ്ങൾ മുന്നോട്ടുവെക്കുന്നു.

കേരള രാഷ്ട്രീയത്തില്‍ ‘ഹമ്പട ഞാനെ’ എന്ന് ഏറ്റവും കൂടുതല്‍ തവണ പറഞ്ഞിട്ടുള്ള നേതാവായിരിക്കും പിണറായി വിജയന്‍. വെടിയുണ്ടകള്‍ക്കും നീട്ടിപ്പിടിച്ച വാളുകള്‍ക്കുമിടയിലൂടെ നടന്നതും പ്രത്യേക ആക്ഷന്‍ കാണിച്ച് ശത്രുവിനെ നിര്‍വീര്യമാക്കിയതുമടക്കം തന്നെ കുറിച്ചുള്ള വീരസ്യം പറയുന്നതില്‍ പിണറായി വിജയനെ കഴിച്ചേ കേരളത്തില്‍ രാഷ്ട്രീയ നേതാക്കളുള്ളൂ. ‘ക്യാപ്റ്റൻ’ എന്നും ‘ഇരട്ടച്ചങ്കുള്ള’ ധീരനെന്നും കാരണഭൂതനെന്നും വാഴ്ത്തി അനുയായിവൃന്ദം നേതാവിന്റെ മേധാശക്തിക്ക് ആക്കം കൂട്ടി. ഇങ്ങനെ സര്‍വാധിപതിയായി വാണ നേതാവിന്റെ താളംതെറ്റുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചുകാലമായി കാണുന്നത്.

ഒരു നേതാവില്‍ കേന്ദ്രീകരിച്ച് നിന്ന പാര്‍ട്ടി അഭിമുഖീകരിക്കുന്ന വിഷമസന്ധികളായി സി.പി.എമ്മിന്റെ പ്രശ്‌നങ്ങളെ കാണാം. അതുപോലെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്ക് പകരം ഹ്രസ്വകാല അടവ് നയങ്ങളില്‍മാത്രം അഭിരമിച്ചുപോന്ന, കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് സ്വയം അടയാളപ്പെടുത്തുന്ന, ഒരു രാഷ്ട്രീയ സംഘടനക്ക് സംഭവിക്കാവുന്ന സ്വാഭാവിക പരിമിതികളായും ഇപ്പോഴത്തെ അവസ്ഥയെ വിലയിരുത്താം. ഇത് രണ്ടായാലും അവയൊക്കെ പലയിടത്തും കമ്യൂണിസ്റ്റ് പാര്‍ട്ടികളിലുണ്ടായ പ്രവണതകളാണ്. അതിന്റെ വിലയും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കു നല്‍കേണ്ടിവന്നിട്ടുണ്ട്.

അതെന്തായാലും സി.പി.എമ്മുമായി ബന്ധപ്പെട്ടിട്ട് ഇപ്പോള്‍ ചര്‍ച്ചചെയ്യപ്പെടുന്ന പ്രശ്‌നങ്ങള്‍ കേരള സമൂഹത്തെ എങ്ങനെ ബാധിക്കുമെന്നത് കക്ഷിരാഷ്ട്രീയത്തിന് അതീതമായ ഒരു രാഷ്ട്രീയ പ്രശ്‌നമാണ്. അതാണ് അതിന്റെ രാഷ്ട്രീയ പ്രാധാന്യവും. പ്രത്യേകിച്ചും മുസ്‍ലിം സമൂഹത്തോടും ഹിന്ദുത്വത്തോടും സി.പി.എം സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ ഏറെ പ്രധാനവുമാണ്.

സി.പി.എം അതിന്റെ ചരിത്രത്തില്‍ നിരവധി രാഷ്ട്രീയവും സംഘടനാപരവുമായ വെല്ലുവിളികളെ നേരിട്ടിട്ടുണ്ട്. അതിനെയൊക്കെ സംഘടനാപരമായ മികവുകൊണ്ട് പാര്‍ട്ടി അതിജീവിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ പ്രശ്‌നത്തെ സംഘടനാപരമായ മികവുകൊണ്ടും ശേഷികൊണ്ടും അതിജീവിക്കുമായിരിക്കും. എന്നാല്‍, ഇപ്പോഴുണ്ടാക്കിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഭവിഷ്യത്തുകള്‍ എന്തായിരിക്കുമെന്നതാണ് മുഖ്യപ്രശ്‌നം. ബാക്കിയൊന്നും ഇതിനോളം പ്രാധാന്യമുള്ള വിഷയമല്ല. കാരണം, ഹിന്ദുത്വത്തിന്റെ പ്രചാരണങ്ങള്‍ക്ക് സ്വീകാര്യത നല്‍കുന്ന സമീപനം സ്വീകരിക്കുന്നത് അതിനെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രുവായി കണക്കാക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാവ് തന്നെയാണെന്നതാണ് ഇത് കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്.

ഹിന്ദുത്വത്തിന് ‘കീഴടങ്ങാത്ത’ കേരളം?

കേരളം ഹിന്ദുത്വത്തെ പ്രതിരോധിച്ചെന്നും അതിനുള്ള കാരണം ഇടതുപക്ഷത്തിന്റെ സാന്നിധ്യമാണെന്നും സി.പി.എം സ്ഥിരമായി അവകാശപ്പെടുന്നതാണ്. അടിയന്തരാവസ്ഥ കഴിഞ്ഞുള്ള തെരഞ്ഞെടുപ്പ് സമയത്ത് സി.പി.എമ്മും പിന്നീട് ‘കോലീബി’ സഖ്യകാലത്ത് കോണ്‍ഗ്രസും ലീഗും എടുത്ത സമീപനങ്ങളും മാറ്റിനിര്‍ത്തിയാല്‍ കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുവില്‍ ഹിന്ദുത്വ വിരുദ്ധസമീപനമാണ് പ്രത്യക്ഷത്തില്‍ സ്വീകരിച്ചുപോന്നിട്ടുള്ളത്.

എതിരാളികളെക്കാള്‍ തങ്ങളാണ് ഹിന്ദുത്വവിരുദ്ധരെന്ന് സ്ഥാപിക്കുകയെന്നതായിരുന്നു ഈയടുത്ത കാലം വരെ തെരഞ്ഞെടുപ്പു രംഗത്ത് സി.പി.എമ്മിന്റെ ഏറ്റവും വലിയ രാഷ്ട്രീയായുധം. അത് ഇപ്പോള്‍ നഷ്ടമായെന്നു മാത്രമല്ല, ബി.ജെ.പിക്ക് ലോക്‌സഭയില്‍ കേരളത്തില്‍നിന്ന് ആദ്യമായി ഒരു സീറ്റ് കിട്ടുന്നതിന് സഹായകരമായ സാഹചര്യം ഒരുക്കിയത് പൊലീസാണെന്ന ആക്ഷേപവും ഉയര്‍ന്നുകഴിഞ്ഞു. തൃശൂര്‍പൂരം കലക്കി ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യം ഉണ്ടാക്കപ്പെട്ടത് മുഖ്യമന്ത്രിയുടെ നിലപാടിന്റെ അടിസ്ഥാനത്തിലാണെന്ന ആക്ഷേപമാണ് സി.പി.എം ഇപ്പോള്‍ നേരിടുന്നത്. ഈ ആരോപണം സി.പി.എമ്മിനെ വലിയ രീതിയില്‍ കുറെക്കാലം പിന്തുടരുമെന്ന കാര്യം ഉറപ്പാണ്.

കേരളം ‘ഇടതാ’ണെന്നും അതുകൊണ്ടുതന്നെ ബി.ജെ.പിക്ക് ഒരിക്കലും സാധ്യതയില്ലെന്ന മതേതര ആശ്വാസ ചിന്തകള്‍, നേരത്തേതന്നെ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ മതേതര പാര്‍ട്ടികളാണോ, അതോ മതന്യൂനപക്ഷങ്ങളുടെ ശക്തമായ സാന്നിധ്യമാണോ ബി.ജെ.പിയെ തടഞ്ഞുനിര്‍ത്തിയതെന്ന ചോദ്യവും പലരീതിയില്‍ ഉന്നയിക്ക​പ്പെട്ടിട്ടുമുണ്ട്.

മതേതര ആത്മവിശ്വാസം എത്രത്തോളമാണെങ്കിലും കേരളം ബി.ജെ.പിക്ക് കീഴടങ്ങാന്‍ സാധ്യതയില്ലാത്ത പ്രദേശമല്ലെന്ന് തെരഞ്ഞെടുപ്പ് കണക്കുകള്‍തന്നെ വ്യക്തമാക്കുന്നതായി ചില ഗവേഷകര്‍ കണ്ടെത്തിയിരുന്നു. 2019ലെ തെരഞ്ഞെടുപ്പിനുശേഷം എഴുതിയ ഒരു ലേഖനത്തില്‍ ചരിത്രഗവേഷകന്‍ പി.കെ. യാസര്‍ അറാഫത്ത് ഊന്നിയ വസ്തുതകള്‍ പ്രധാനമാണ്. വടക്കന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദുത്വത്തിന് തെരഞ്ഞെടുപ്പു വിജയം നേടാന്‍ കഴിഞ്ഞതെങ്കില്‍ കേരളത്തില്‍ 20ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ തന്നെ ഹിന്ദു മധ്യവര്‍ഗത്തെ സ്വാധീനിക്കുന്നതില്‍ ഹിന്ദുത്വം വിജയിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്.

 

2019ന് മുമ്പ് നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലെ കണക്കുകള്‍ വിശകലനം ചെയ്തുകൊണ്ട്, അതേ ​െട്രന്റ് നിലനിര്‍ത്തിയാല്‍ 10 വര്‍ഷത്തിനകം കേരളം ബംഗാള്‍ ആകുമെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട് (ബംഗാളില്‍ ബി.ജെ.പി വിജയിച്ചുവെന്നതുകൊണ്ടല്ല, അവിടെ മുഖ്യ പ്രതിപക്ഷമാകാന്‍ അവര്‍ക്ക് സാധിച്ചു എന്ന അർഥത്തില്‍). ബി.ജെ.പിക്ക് ഹിന്ദുവിഭാഗത്തില്‍നിന്ന് കിട്ടുന്ന വോട്ടുകളില്‍ വലിയ വര്‍ധനയുണ്ടെന്ന കണക്കിന്റെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍ (https://www.thehindu.com/opinion/op-ed/hindutvas-onward-march-in-kerala/article28275344.ece)- പി.കെ. യാസര്‍ അറാഫത്ത് ജൂലൈ 4, 2019).

അഞ്ചു വര്‍ഷം മുമ്പുള്ള സ്ഥിതിയില്‍നിന്നും വലിയ കുതിച്ചു ചാട്ടമാണ് ബി.ജെ.പിക്ക് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഉണ്ടായത്. തൃശൂര്‍ പാര്‍ലമെന്റ് സീറ്റ് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചുവെന്ന് മാത്രമല്ല, 11 നിയമസഭ മണ്ഡലങ്ങളില്‍ അവര്‍ ഒന്നാം സ്ഥാനത്തും ഒമ്പത് നിയമസഭ മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തുമെത്തി. 30ഓളം നിയമസഭ മണ്ഡലങ്ങളില്‍ 2024 ലോക്‌സഭ കണക്കിന്റെ അടിസ്ഥാനത്തില്‍ ശക്തമായ ത്രികോണ മത്സരസാധ്യതയാണ് നിലനില്‍ക്കുന്നത്. സംസ്ഥാനത്താകെ 19.21 ശതമാനത്തിന്റെ വോട്ടുവിഹിതവും ബി.ജെ.പി ഉള്‍പ്പെട്ട എൻ.ഡി.എ മുന്നണിക്ക് ലഭിച്ചു. 2014 ല്‍ ഇത് 10.82 ശതമാനമായിരുന്നു. ബി.ജെ.പിയുടെ ഈ കുതിപ്പിന്റെ പശ്ചാത്തലത്തില്‍ മാത്രമേ കേരളത്തില്‍ ഇപ്പോഴുള്ള രാഷ്ട്രീയ വിവാദങ്ങളെ, തര്‍ക്കങ്ങളെ, ചിലരുടെ നിശ്ശബ്ദതകളെ, നിലപാടുകളിലെ അവ്യക്തതകളെ മനസ്സിലാക്കാന്‍ പറ്റൂ.

ബി.ജെ.പി ദേശീയതലത്തില്‍ ശക്തമായതിനുശേഷം ഇതാദ്യമായാണ് ആ ഹിന്ദുത്വ പാര്‍ട്ടിക്ക് സഹായകരമായ നിലപാട് സ്വീകരിച്ചുവെന്ന ആരോപണം സി.പി.എമ്മിന് നേരിടേണ്ടിവരുന്നത്. ആ ആരോപണമാകട്ടെ, സി.പി.എമ്മിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും ശക്തനായ നേതാവുമായി ബന്ധപ്പെട്ടാണ് ഉയരുന്നതെന്നാണ് ഇതിനെ ഏറെ പ്രാധാന്യമുള്ളതാക്കുന്നത്. ഇത് യഥാർഥത്തില്‍ പിണറായി വിജയന്‍ അധികാരത്തിലെത്തിയത് മുതല്‍ നിലനില്‍ക്കുന്ന സംശയങ്ങളാണ്.

അതിപ്പോള്‍ മറ്റൊരുതലത്തില്‍ എത്തിയെന്നുമാത്രം. ആഭ്യന്തര വകുപ്പിന്റെയും പൊലീസിന്റെയും സംഘ്പരിവാര്‍ സഹായ നിലപാടുകള്‍ ഇടതുപക്ഷം 2016ല്‍ അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ പലരീതിയില്‍ ഉന്നയിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. സി.പി.എമ്മുകാരും അനുഭാവികളും ഇതേ നിലപാട് പലപ്പോഴും പങ്കിട്ടു. എന്നാല്‍, ഇതൊന്നും ഗൗരവമായി എടുക്കാവുന്ന രീതിയിലുള്ള ചര്‍ച്ചയാക്കാന്‍ പിണറായി വിജയന്റെ സമ്പൂര്‍ണാധിപത്യം നിലനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയില്‍ വിയോജിപ്പുള്ളവര്‍ക്കുപോലും സാധിച്ചില്ലെന്നു വേണം മനസ്സിലാക്കാന്‍.

ക്രമസമാധാന ചുമതല വഹിക്കുന്ന എ.ഡി.ജി.പി നിരവധി തവണ ആർ.എസ്.എസ് നേതാക്കളെ കാണുന്നുവെന്നത് ഔദ്യോഗിക കൃത്യനിര്‍വഹണത്തിലെ വീഴ്ചയോ തെറ്റോ ആയി കാണാവുന്ന പ്രശ്‌നമല്ല. ഇടതുപക്ഷത്തെ സംബന്ധിച്ച് മാത്രമല്ല, ഏത് മതേതര സര്‍ക്കാറിനെ സംബന്ധിച്ചും അതൊരു രാഷ്ട്രീയ പ്രശ്‌നമാണ്. ഈ രാഷ്ട്രീയ പ്രശ്‌നത്തെയാണ് മുഖ്യമന്ത്രി സാധ്യമായിടത്തോളം അഭിസംബോധന ചെയ്യാന്‍ വിസമ്മതിച്ചത്. സി.പി.ഐയുടെ പരസ്യമായ എതിര്‍പ്പിനെയും പാര്‍ട്ടി സഹയാത്രികരുടെ വിമര്‍ശനത്തെയും അദ്ദേഹം അവഗണിച്ചു.

ഒരു നിയമപ്രശ്‌നം അല്ലെങ്കില്‍ ഒരു ചട്ടവിരുദ്ധ നീക്കം മാത്രമാണ് അതെന്ന സാങ്കേതികത്വത്തിലേക്ക് മുഖ്യമന്ത്രി എ.ഡി.ജി.പി-ആര്‍.എസ്.എസ് സൗഹൃദത്തെ തളച്ചു. അതിന് പാര്‍ട്ടിയും മുന്നണിയും കീഴടങ്ങുകയും ചെയ്തു. എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാക്കളെ കാണുന്നത് ഒരു നിയമപ്രശ്‌നമല്ലെന്നും ഇടതുപക്ഷ രാഷ്ട്രീയ നൈതിക പ്രശ്‌നമാണെന്നുമുള്ള വസ്തുത മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്താനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയില്ലാത്ത പാര്‍ട്ടിയായി സി.പി.എമ്മും മുന്നണിയായി എല്‍.ഡി.എഫും മാറി. എ.ഡി.ജി.പിയുടെ ആർ.എസ്.എസ് ബന്ധം സംബന്ധിച്ച് ആരോപണം ഉയര്‍ന്നിട്ട് 30 ദിവസത്തിലേറെ കഴിഞ്ഞിട്ടാണ് മുഖ്യമന്ത്രി അദ്ദേഹത്തെ മാറ്റിയത്.

‘മലപ്പുറ’ത്തെ സി.പി.എം

ഇതിന് തൊട്ടുപിന്നാലെയാണ് മലപ്പുറവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവനകള്‍ ഉണ്ടാകുന്നത്. മലപ്പുറത്തെക്കുറിച്ച്, ആ ജില്ലയുടെ രൂപവത്കരണ കാലം മുതല്‍ ആർ.എസ്.എസുകാരും കെ. കേളപ്പനെ പോലുള്ളവരും ചില കോണ്‍ഗ്രസ് നേതാക്കളും ഉന്നയിച്ച കാര്യങ്ങള്‍ മറ്റൊരു രീതിയില്‍ ആവര്‍ത്തിക്കുന്ന ആദ്യ സി.പി.എം നേതാവല്ല പിണറായി വിജയന്‍. നേരത്തേ വി.എസ്. അച്യുതാനന്ദന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഹിന്ദുത്വവാദികള്‍ എങ്ങനെയൊക്കെ ഉപയോഗിച്ചുവെന്നത് പിന്നീട് തെളിഞ്ഞതാണ്. പി.വി. അന്‍വര്‍ ഉയര്‍ത്തിയ ചില രാഷ്ട്രീയ വിമര്‍ശനങ്ങളെ മറികടക്കാന്‍ ശ്രമിച്ചപ്പോഴാണ് മലപ്പുറത്തെ പ്രശ്‌നജില്ലയായി ഫലത്തില്‍ ചിത്രീകരിക്കുന്ന പ്രസ്താവനകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത്.

‘ദ ഹിന്ദു’ പത്രത്തിന്, (പി.ആര്‍ ഏജന്‍സി ബന്ധപ്പെട്ടതുകൊണ്ട് എടുത്തതെന്ന് ‘ഹിന്ദു’ പത്രവും അതല്ല, പത്രം ബന്ധപ്പെട്ടതുകൊണ്ട് നല്‍കിയതെന്ന് മുഖ്യമന്ത്രിയും പറയുന്ന ആ അഭിമുഖം) നല്‍കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ, (പറഞ്ഞതല്ല, പി.ആര്‍ ഏജന്‍സി എഴുതി നല്‍കിയതെന്ന് ‘ദ ഹിന്ദു’) കാര്യങ്ങള്‍ സംഘ്പരിവാറിന്റെ വാദങ്ങള്‍ക്ക് വിശ്വാസ്യത നല്‍കാന്‍ സഹായിക്കുന്നതായിരുന്നു. പി.ആര്‍ ഏജന്‍സിക്ക് ഇക്കാര്യങ്ങള്‍ ആരു നല്‍കിയതെന്ന കാര്യത്തിലുള്ള സംശയം, ദൂരീകരിക്കേണ്ട ഒരു വിഷയമായി പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും തോന്നിയില്ല. മുസ്‍ലിം ഭൂരിപക്ഷ പ്രദേശത്തെ സംഘ്പരിവാര്‍ മാതൃകയില്‍ അടച്ചാക്ഷേപിച്ചിട്ട് അത് താന്‍ പറഞ്ഞതല്ലെന്നുമാത്രം പറയുകയും അതെങ്ങനെ തന്റെ അഭിമുഖത്തില്‍ വന്നതെന്ന് അന്വേഷിച്ച് കണ്ടെത്താന്‍മാത്രം പ്രാധാന്യമുള്ള വിഷയമായി തോന്നാതിരിക്കുകയും ചെയ്യുന്ന രീതിയില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയം മാറുന്നുവെന്നതാണ് ഇവിടെ മനസ്സിലാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം.

 

നിലമ്പൂർ എം.എൽ.എ പി.വി. അൻവർ എൽ.ഡി.എഫ്​ വിട്ടശേഷം മഞ്ചേരിയിൽ ഒക്​ടോബർ 6ന്​ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുന്നു. ഇൗ യോഗത്തിൽ ​െവച്ച് ഡി.എം.കെ എന്ന സംഘടനയും അദ്ദേഹം പ്രഖ്യാപിച്ചു

നിലമ്പൂർ എം.എൽ.എ പി.വി. അൻവർ എൽ.ഡി.എഫ്​ വിട്ടശേഷം മഞ്ചേരിയിൽ ഒക്​ടോബർ 6ന്​ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുന്നു. ഇൗ യോഗത്തിൽ ​െവച്ച് ഡി.എം.കെ എന്ന സംഘടനയും അദ്ദേഹം പ്രഖ്യാപിച്ചു

മലപ്പുറത്തെ അപരവത്കരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നു വാദിക്കാനായി പിന്നീടുള്ള സി.പി.എമ്മിന്റെ ശ്രമം. മലപ്പുറം ജില്ല തന്നെ ഇ.എം.എസിന്റെ ഭരണകാലത്ത് രൂപവത്കരിച്ചതാണെന്ന മറുവാദമാണ് സി.പി.എം ഉന്നയിക്കുന്നത്. മലപ്പുറം ജില്ല രൂപവത്കരണത്തിനെതിരെ കെ. കേളപ്പനും ജനസംഘവും കോണ്‍ഗ്രസും മാത്രമല്ല, കമ്യൂണിസ്റ്റ് പാർട്ടിയിലെ ചിലര്‍പോലും മലപ്പുറം ജില്ലാ രൂപവത്കരണത്തെ എതിര്‍ത്തുവെന്ന് കെ. മുഹമ്മദ് ഷെഫീഖിന്റെ പഠനം ഉദ്ധരിച്ചുകൊണ്ട് എന്‍.പി. ചെക്കുട്ടി തന്റെ ‘Mappilas and Comrades -a century of Communist-Muslim Relations in Kerala’ എന്ന പുസ്തകത്തില്‍ എഴുതുന്നുണ്ട്.

മലപ്പുറം ജില്ല എന്ന ആവശ്യം ലീഗ് ഉന്നയിച്ചതുതന്നെ തങ്ങളുടെ ഒരു ശക്തികേന്ദ്രമാക്കി അതിനെ നിലനിര്‍ത്താന്‍ വേണ്ടിയായിരുന്നുവെന്നും എന്നാല്‍ അവരുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ അത് മുസ്‍ലിം വിരുദ്ധമായി പ്രചരിപ്പിക്കപ്പെടുകയും മുസ്‍ലിം സമുദായവുമായി അടുക്കാനുള്ള ഭാവിയിലെ ശ്രമങ്ങളെ പോലും ഇല്ലാതാക്കുമെന്നും പിന്നീട് ഇ.എം.എസ് എഴുതിയതും ചെക്കുട്ടി മേല്‍പറഞ്ഞ പുസ്തകത്തില്‍ ഉദ്ധരിക്കുന്നുണ്ട്.

എ.ഡി.ജി.പിയുടെ ആർ.എസ്.എസ് നേതാക്കളുമായി ബന്ധപ്പെട്ടുള്ള സൗഹാർദമായാലും, പി.വി. അന്‍വര്‍ ഉന്നയിച്ച രാഷ്ട്രീയ വിമർശനങ്ങളോടുള്ള നിലപാടുകളായാലും മലപ്പുറവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകളായാലും ഇതിനെയൊക്കെ പൊതുവില്‍ ബന്ധപ്പെടുത്തുന്ന കാര്യം ഒന്നാണ്. അത് സംഘ്പരിവാര്‍ നിലപാടുകളുമായി ചേര്‍ന്നുനില്‍ക്കുന്നുവെന്നതാണ്. അതൊക്കെ, സംഘ്പരിവാറിനെ സന്തോഷിപ്പിക്കുന്നുവെന്നതാണ്. എ.ഡി.ജി.പി ആർ.എസ്.എസിനെ കണ്ടുവെന്ന് തെളിവുകള്‍ പുറത്തുവരുമ്പോള്‍ അതുകൊണ്ടെന്താ, പണ്ട് ജയറാം പടിക്കലെന്ന പൊലീസുകാരനെ കെ. കരുണാകരന്‍ രാഷ്ട്രീയമായി ഉപയോഗിച്ചതുപോലെ തങ്ങള്‍ ചെയ്യില്ലെന്ന് പറഞ്ഞ് മുന്നോട്ടുവെച്ച ആരോപണത്തിന് പിന്നിലെ രാഷ്ട്രീയത്തെ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുകയാണ് പിണറായി വിജയനും സി.പി.എമ്മും ഒരുപോലെ ചെയ്യുന്നത്.

പൊലീസിനെ കക്ഷിരാഷ്ട്രീയ സമ്മർദങ്ങള്‍ക്കതീതമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയെന്നതിനെ, സംഘീബോധത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയെന്ന അർഥമാണ് കേരളത്തിലെ ആഭ്യന്തര വകുപ്പ് നല്‍കിയിരിക്കുന്നതെന്നു വേണം 2016 മുതലുള്ള അതിന്റെ പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ മനസ്സിലാക്കാന്‍. അല്ലെങ്കിലും കേരളത്തില്‍ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനങ്ങളോട് അടിസ്ഥാനപരമായ എന്തെങ്കിലും വിയോജിപ്പ് സംഘ്പരിവാര്‍ സ്വീകരിച്ചതായി അറിയാമോ?

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിക്കുണ്ടായ കാരണങ്ങളില്‍ പ്രധാനം ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് കിട്ടാത്തതാണെന്ന വിലയിരുത്തല്‍ സി.പി.എമ്മിന് ഉണ്ടായിരുന്നു. ഇടതുപക്ഷം നടത്തുന്നത് മുസ്‍ലിം പ്രീണനമാണെന്ന ആരോപണം അടിയുറച്ച ഇടതു വോട്ടുകള്‍പോലും നഷ്ടപ്പെടുന്നതിന് ഇടയാക്കിയെന്നതായിരുന്നു പാര്‍ട്ടിയുടെ സന്ദേഹങ്ങള്‍. അതിനുശേഷമാണ് മുസ്‍ലിം ലീഗിനെതിരെ പോലും സി.പി.എം ശക്തമായ നിലപാടെടുത്തത്.

ഇത് ആദ്യമായല്ല ഇങ്ങനെ ഒരു നിലപാട് സി.പി.എം സ്വീകരിക്കുന്നത്. 1987ല്‍ ഇ.എം.എസ് പരീക്ഷിച്ച് വിജയിച്ച രാഷ്ട്രീയ തന്ത്രമായിരുന്നു അത്. അന്ന് ശരീഅത്ത് വിമര്‍ശനം വഴി ഉണ്ടാക്കിയെടുത്ത രാഷ്ട്രീയ സാഹചര്യം, ‘വര്‍ഗീയ കക്ഷികളുടെ’ സഹായമില്ലാതെ ഇടതുപക്ഷത്തെ അധികാരത്തിലെത്തിച്ചു. ഹിന്ദു വോട്ടുകളുടെ കേന്ദ്രീകരണം അന്ന് സി.പി.എമ്മിന് അനുകൂലമായി ഉണ്ടായെന്ന് വിലയിരുത്തല്‍ പലരും നടത്തി. പിന്നീടും പലഘട്ടങ്ങളിലായി അതിനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയും ഹസനും അമീറുമാണ് യു.ഡി.എഫ് എന്ന തരത്തില്‍ അന്തരിച്ച കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രസ്താവന ഇത്തരത്തിലുള്ളതായിരുന്നു.

 

കെ.ടി. ജലീൽ

കെ.ടി. ജലീൽ

1921ലെ കൊളോണിയല്‍ വിരുദ്ധ കലാപത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വം മലബാറിലെ മുസ്‍ലിംകളില്‍നിന്ന് പൊതുവില്‍ അകന്നുനിന്നപ്പോള്‍ അവരുമായി രാഷ്ട്രീയമായി ചേര്‍ന്നുനിന്നവരാണ് അക്കാലത്തെ സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകളുമെല്ലാം. 1921ലെ കലാപത്തെ വര്‍ഗീയമായി വ്യാഖ്യാനിച്ചപ്പോള്‍ അതിന്റെ കൊളോണിയല്‍ വിരുദ്ധ ഉള്ളടക്കത്തെക്കുറിച്ച് വിശദമായി എഴുതുകയും പറയുകയും ചെയ്തവരാണ് ഇ.എം.എസിനെയും എ.കെ.ജിയെയുംപോലുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍. പിന്നെ അടവുരാഷ്ട്രീയ സമീപനത്തിന്റെ ഭാഗമായി പല പല സമീപനങ്ങള്‍ മുസ്‍ലിം വിഷയങ്ങളുമായി ബന്ധപ്പെട്ടും മുസ്‍ലിം സംഘടനകളുമായും സി.പി.എം സ്വീകരിച്ചു. സമീപകാലത്ത് സ്വീകരിച്ച ഇത്തരം സമീപനങ്ങളിലെങ്കിലും പ്രത്യേകിച്ച് രാഷ്ട്രീയ ബോധ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. അതുതന്നെയാണ് ഇപ്പോഴും നടക്കുന്നത്.

കേരളത്തില്‍ കഴിഞ്ഞ കുറെക്കാലമായി മുസ്‍ലിം ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന പല ചര്‍ച്ചകളും വിവാദങ്ങളും ഫലത്തില്‍ സംഘ്പരിവാര്‍ രാഷ്ട്രീയത്തെ ഹിന്ദു സമുദായത്തിലെ അരാഷ്ട്രീയ മധ്യവര്‍ഗവിഭാഗങ്ങള്‍ക്കിടയില്‍ സ്വീകാര്യത ഉണ്ടാക്കി കൊടുക്കുന്നതാണെന്നത് വ്യക്തമാണ്. ശരീഅത്ത് വിവാദമായാലും ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവങ്ങളാണെങ്കിലും, ഇപ്പോള്‍ മുഖ്യമന്ത്രി എടുക്കുന്ന സമീപനങ്ങളായാലും ഇതിന്റെയെല്ലാം ഗുണഭോക്താക്കള്‍ സംഘ്പരിവാര്‍ ആയി സ്ഥിരമായി മാറുകയാണ്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കെ.ടി. ജലീല്‍ നടത്തിയ പ്രസ്താവന ഇതിന്റെ മറ്റൊരു ഉദാഹരണമാണ്. സ്വര്‍ണക്കടത്തിനെതിരെ മതവിധിവേണമെന്നും, മതവിധിയാണ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനുള്ള ശരിയായ വഴിയെന്നും പറയുന്നതിലൂടെ അദ്ദേഹവും മുസ്‍ലിംകളാണ് പ്രശ്‌നക്കാരെന്ന സംഘ്പരിവാര്‍ ആഖ്യാനങ്ങളെ പിന്‍പറ്റുകയാണ്. മുഖ്യമന്ത്രിയുടെ മലപ്പുറം പ്രസ്താവനക്കും കെ.ടി. ജലീലിന്റെ സ്വര്‍ണക്കടത്ത് തടയാന്‍ മതവിധി വേണമെന്ന പ്രസ്താവനക്കും സംഘ്പരിവാര്‍ നേതാക്കളില്‍നിന്നു കിട്ടുന്ന പിന്തുണ ഇതിന്റെ തെളിവാണ്. സ്വര്‍ണക്കടത്തില്‍ കൂടുതല്‍ മുസ്‍ലിം യുവാക്കളാണെന്ന നിലപാടാണ് കെ.ടി. ജലീലും കൈക്കൊള്ളുന്നത്.

എ.ഡി.ജി.പി അജിത്കുമാർ

എ.ഡി.ജി.പി അജിത്കുമാർ

 

ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ അവരുടെ മതം കാരണമാണ് അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതെന്ന വര്‍ഗീയ നിലപാടുകളാണ് ഇതിലൂടെ ഫലത്തില്‍ ആവര്‍ത്തിക്കപ്പെടുന്നത്. മുസ്‍ലിം ആയാല്‍ അദ്ദേഹം ചെയ്യുന്നതെന്തിനെയും മതവുമായി ബന്ധപ്പെടുത്തി കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുകയെന്ന ഹിന്ദുത്വവാദത്തിന്റെ സമീപനമാണ് ഇക്കാര്യത്തില്‍ കെ.ടി. ജലീലും സ്വീകരിച്ചിരിക്കുന്നത്. സ്വാഭാവികമായും അത് ആർ.എസ്.എസ് നിലപാടുകള്‍ക്ക് കൂടുതല്‍ സ്വീകാര്യത നല്‍കും. വടക്കന്‍ മലബാറില്‍ ആർ.എസ്.എസ്-സി.പി.എം സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെടുന്നവരില്‍ ഏറെപ്പേരും തീയ സമുദായത്തില്‍പെട്ടവരാണെന്നും അവരുടെ സാമുദായിക പശ്ചാത്തലമാണ് അവരെ കൊലക്കളത്തിലേക്ക് തള്ളിയിടുന്നതെന്നും പറയുന്നതിന് സമാനമാണ് ഈ വാദവും.

ന്യൂനപക്ഷങ്ങളുടെ നിലനില്‍പും അവരുടെ അതിജീവനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളോട് ഐക്യപ്പെട്ട് നില്‍ക്കുകയും ചെയ്യുമ്പോഴും പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ അടവു സമീപന യുക്തികളാണ് ഇക്കാര്യത്തില്‍ സി.പി.എം സ്വീകരിച്ചുവരുന്നത്. മെജോറിറ്റേറിയനിസത്തിന്റെ യുക്തികള്‍ പൊതുബോധമാക്കപ്പെട്ട ഒരു നാട്ടില്‍ ഇടതുപക്ഷത്തിന്റെ ഇത്തരത്തിലുള്ള നിലപാടുകള്‍ ന്യൂനപക്ഷ വിഭാഗത്തെ കൂടുതല്‍ അരക്ഷിതരാക്കുകയും ഹിന്ദുത്വവാദികള്‍ക്ക് സന്തോഷകരമായ അന്തരീക്ഷം സൃഷ്ടിക്കുകയുംചെയ്യുന്നുണ്ട്. അത്തരം സന്തോഷങ്ങള്‍ ഇപ്പോള്‍ സി.പി.എമ്മില്‍നിന്ന് കേരളത്തില്‍ സംഘ്പരിവാറിന് യഥേഷ്ടം ലഭിക്കുന്നുമുണ്ട്.

സി.പി.എമ്മിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം സെക്രട്ടറിയായും പിന്നീട് മുഖ്യമന്ത്രിയായും ആ പാര്‍ട്ടിയെ പൂര്‍ണമായി നിയന്ത്രിച്ച പിണറായി വിജയ​ന്റെ കാലത്താണ് മുസ്‍ലിം വിഷയങ്ങളോടുള്ള നിലപാടുകള്‍ തീര്‍ത്തും അടവുപരം മാത്രമാക്കി മാറ്റിയത്. അത് ഈ വിഷയത്തില്‍ മാത്രമായി പാര്‍ട്ടിയുടെ സമീപനം മാറിയതുമല്ല. സംഘടനാ സംവിധാനവും അതിനോട് നേതൃത്വത്തിന് താല്‍പര്യമുള്ളപ്പോള്‍ കാണിക്കുന്ന കാര്‍ക്കശ്യത്തിലുമപ്പുറം രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള വ്യത്യാസം പ്രായോഗികതലത്തില്‍ കുറഞ്ഞുവരുന്ന കാലമാണിത്.

 

പി.വി. അൻവർ എം.എൽ.എ വാർത്താസമ്മേളനത്തിൽ-                                                                  ഫോ​ട്ടോ: പി. അഭിജിത്ത്

പി.വി. അൻവർ എം.എൽ.എ വാർത്താസമ്മേളനത്തിൽ-

ഫോ​ട്ടോ: പി. അഭിജിത്ത്

വികസനത്തെക്കുറിച്ചായാലും സാമൂഹിക നീതിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലായാലും വിമത രാഷ്ട്രീയപ്രവര്‍ത്തകരോടുള്ള സമീപനമായാലും കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ നിലപാടുകള്‍ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റത്തിന് സി.പി.എമ്മില്‍ ആക്കം കൂടിയതും പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടറിയും സമ്പൂര്‍ണ അധിപനുമായതിനു ശേഷമാണെന്ന് പറയാം. മതന്യൂനപക്ഷങ്ങളുടെ നിലനിൽപുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രശ്‌നങ്ങളെ വോട്ടു രാഷ്ട്രീയത്തിന്റെ ലളിതയുക്തികള്‍കൊണ്ട് നേരിടാന്‍ തുടങ്ങുന്നതും മേല്‍ സൂചിപ്പിച്ച പ്രക്രിയയുടെ ഭാഗമായിതന്നെയാണ്.

മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രസ്താവനയും അതുപോലെ, പൊലീസിലെ സംഘ്പരിവാര്‍വത്കരണമെന്ന ആക്ഷേപത്തോടുള്ള പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും സമീപനവും സി.പി.എമ്മില്‍ ഒരു വിഭാഗത്തില്‍ രൂപപ്പെടുന്ന പുതിയ പ്രവണതയായി പറയാമെങ്കിലും മുസ്‍ലിം ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തില്‍ ഇത്തരത്തില്‍ ഇടര്‍ച്ചകളുടെ പല ഘട്ടങ്ങള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടായിരുന്നു. ഹിന്ദുത്വ വര്‍ഗീയതയുമായി സമീകരിച്ച് മുസ്‍ലിംകളുടെ സാമുദായികതയെ വിമര്‍ശിക്കുന്നതൊക്കെ ഇതിന്റെ ഭാഗമായിട്ടാണ്. അത് പക്ഷേ, അതത് കാലത്തെ വോട്ടിങ്ങിനെ സ്വാധീനിക്കാനുള്ള ഉപാധിയായിരുന്നു.

അതിനുമപ്പുറത്തേക്ക് അത് വളര്‍ന്ന് സംഘ്പരിവാറിനെ പ്രീതിപ്പെടുത്തുന്ന തരത്തിലേക്കുള്ള നിലപാടുകള്‍ സി.പി.എമ്മിനെ നിയന്ത്രിക്കുന്നവർ ഇപ്പോള്‍ സ്വീകരിക്കുകയും അതിനോട് ചോദ്യങ്ങളില്ലാതെ വിധേയപ്പെടുന്ന സംവിധാനമായി പാര്‍ട്ടി മാറുകയും ചെയ്യുന്നവെന്നതാണ് ഇപ്പോള്‍ കാണുന്നത്. അത് ഏതെങ്കിലും നേതാവിന്റെ കുടുംബം നേരിടുന്ന പ്രശ്‌നങ്ങള്‍ അതിജീവിക്കാനുള്ള വഴിയാണോ എന്നത് പ്രശ്‌നമല്ല. അത്തരം നിലപാടുകള്‍ പാര്‍ട്ടിയില്‍ തിരുത്തപ്പെടാത്ത കാലത്തോളമെങ്കിലും.

ഈ രാഷ്ട്രീയ യാഥാർഥ്യം ഉൾക്കൊള്ളേണ്ടതില്ലെന്ന നിലപാടിലേക്ക് സി.പി.എം മാറിക്കൊണ്ടിരിക്കുകയും ചെയ്യുകയാണ്. ശക്തനായ വ്യക്തിയോട് വിധേയപ്പെട്ടു നില്‍ക്കുക എന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സ്വാഭാവികമാണ്. അതിന്റെയൊക്കെ പരിണതികള്‍ എന്തെന്നതിനും ലോകത്തിനു മുന്നില്‍ ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. മതേതര- ജനാധിപത്യ കേരളം അതിജീവിക്കേണ്ട ഒരു രാഷ്ട്രീയ വിഷയമാണ് ഇപ്പോള്‍ സി.പി.എമ്മില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍.

News Summary - weekly articles