Begin typing your search above and press return to search.
proflie-avatar
Login

മാഞ്ഞു, ആ മധുരക്കിനാവ്

മാഞ്ഞു, ആ മധുരക്കിനാവ്
cancel

ഒക്​ടോബർ 14ന്​ വിടപറഞ്ഞ ഗായിക മച്ചാട്ട്​ വാസന്തി​െയ അനുസ്​മരിക്കുകയാണ്​ മുതിർന്ന മാധ്യമപ്രവർത്തകനും ‘പാ​െട്ടഴുത്തു’കാരനുമായ ലേഖകൻ.പാതിരാത്രി കഴിഞ്ഞൊരു ഫോൺകാൾ. സുഖസുഷുപ്തിയിലായിരുന്നു അപ്പോൾ. മൊബൈലാകട്ടെ സൈലന്റ് മോഡിലും. കാലത്ത് ഉറക്കമുണർന്നു നോക്കുമ്പോൾ മിസ്ഡ് കാൾ പട്ടികയിൽ മച്ചാട്ട് വാസന്തിയുടെ പേര്. ഇടക്കൊക്കെ രാത്രിയിൽ വിളിച്ചുണർത്തി പഴയ അനുഭവങ്ങൾ അയവിറക്കാറുണ്ടെങ്കിലും ഇത്ര വൈകി വിളിക്കാറില്ല വാസന്തിയേച്ചി.‘‘ഇതെന്താ നേരമല്ലാത്ത നേരത്തൊരു വിളി?’’ നേരിട്ട് തന്നെ ചോദിച്ചു. ഫോണിന്റെ മറുപുറത്ത് നിശ്ശബ്ദത. പതിവുള്ള പൊട്ടിച്ചിരിയില്ല; ‘‘വാസന്തിയേച്ചിയെ മറന്നോ മോനേ’’ എന്ന ...

Your Subscription Supports Independent Journalism

View Plans
ഒക്​ടോബർ 14ന്​ വിടപറഞ്ഞ ഗായിക മച്ചാട്ട്​ വാസന്തി​െയ അനുസ്​മരിക്കുകയാണ്​ മുതിർന്ന മാധ്യമപ്രവർത്തകനും ‘പാ​െട്ടഴുത്തു’കാരനുമായ ലേഖകൻ.

പാതിരാത്രി കഴിഞ്ഞൊരു ഫോൺകാൾ. സുഖസുഷുപ്തിയിലായിരുന്നു അപ്പോൾ. മൊബൈലാകട്ടെ സൈലന്റ് മോഡിലും. കാലത്ത് ഉറക്കമുണർന്നു നോക്കുമ്പോൾ മിസ്ഡ് കാൾ പട്ടികയിൽ മച്ചാട്ട് വാസന്തിയുടെ പേര്. ഇടക്കൊക്കെ രാത്രിയിൽ വിളിച്ചുണർത്തി പഴയ അനുഭവങ്ങൾ അയവിറക്കാറുണ്ടെങ്കിലും ഇത്ര വൈകി വിളിക്കാറില്ല വാസന്തിയേച്ചി.

‘‘ഇതെന്താ നേരമല്ലാത്ത നേരത്തൊരു വിളി?’’ നേരിട്ട് തന്നെ ചോദിച്ചു. ഫോണിന്റെ മറുപുറത്ത് നിശ്ശബ്ദത. പതിവുള്ള പൊട്ടിച്ചിരിയില്ല; ‘‘വാസന്തിയേച്ചിയെ മറന്നോ മോനേ’’ എന്ന ചോദ്യമില്ല. ‘‘വല്ലാത്തൊരു സൊപ്നം കണ്ടു രവീ’’, നീണ്ട മൗനത്തിനൊടുവിൽ വാസന്തി പറഞ്ഞു. ‘‘ഇടക്ക് വെച്ച് ഞെട്ടി ഉണർന്നപ്പോൾ ഉടൻ നിന്നെ വിളിച്ചു പറയണമെന്ന് തോന്നി. ജീവൻ തിരിച്ചുകിട്ടിയതല്ലേ? അസമയമാണോ എന്നൊന്നും നോക്കിയില്ല. ഒന്നും വിചാരിക്കരുത്.’’

ചിരിയാണ് വന്നത്. അതെന്തൊരു സ്വപ്നം? പാതിരാത്രി കഴിഞ്ഞ് വിളിച്ചറിയിക്കാൻ മാത്രം അതിലെനിക്കെന്ത് വേഷം?

സ്വപ്നത്തിൽ കണ്ട കാര്യങ്ങൾ തെല്ലു നാടകീയമായി വാസന്തി അവതരിപ്പിച്ചത് അപ്പോഴാണ്: ‘‘ഒറ്റയ്ക്ക് തീവണ്ടീൽ പോവുകയാണ് ഞാൻ. എങ്ങോട്ടോ. ലേഡീസ് കമ്പാർട്മെന്റിൽ ഒരു മനുഷ്യനും ഇല്ല. വാസന്തിയേച്ചി മാത്രം. സമയമാണെങ്കിൽ രാത്രിയും. പുറത്തേക്ക് നോക്കിയാൽ പേടിയാകും. ഭയന്നു വിറച്ച് ഒരു മൂലക്ക് ഇരിക്കുകയായിരുന്നു ഞാൻ. വണ്ടി ഏതോ സ്റ്റേഷനിൽ നിർത്തിയപ്പോൾ ഒരാൾ ബോഗിയിൽ ചാടിക്കേറി. മീശയും താടിയുമൊക്കെയുള്ള ഒരു ഭയങ്കരൻ. പ്രാന്തനെ പോലെ ഉണ്ട്. കൈയിലൊരു നീണ്ട കത്തിയും. കണ്ടാ പേടിയാകും.

‘‘വണ്ടി പുറപ്പെട്ടതും അയാൾ കത്തിയുമായി എന്റെ നേരെ ഓടിവന്നതും ഒപ്പം. രക്ഷപ്പെടാൻ വേണ്ടി ഞാൻ എണീറ്റ് വണ്ടിയുടെ വാതിലിനടുത്തേക്ക് പാഞ്ഞുചെന്നു. വണ്ടി നല്ല സ്പീഡിൽ പോകുകയല്ലേ? എടുത്തുചാടാൻ വയ്യ. അയാളാണെങ്കിൽ നമ്മുടെ പിന്നിൽ തന്നെ ഉണ്ട്. ഞാൻ ഉറക്കെ അലറുന്നുണ്ടെങ്കിലും ഒച്ച പൊറത്തു വരുന്നില്ല. കണ്ണടച്ച് അങ്ങനെ നിന്നു; ചാവാൻ റെഡിയായിട്ട്...

‘‘അപ്പോഴാണ് സ്നേഹത്തോടെ വാസന്തിയേച്ചീ എന്നൊരു വിളി. എവിടുന്നാ എന്നറിഞ്ഞൂടാ. ഞെട്ടി തിരിഞ്ഞുനോക്കുമ്പോ രവിയാണ്. മറ്റേ വാതിലിൽക്കൂടെ ചിരിച്ചുംകൊണ്ട് നടന്നുവരുകയാണ് നീ. എനിക്ക് അപ്പൊ ഉണ്ടായ ഒരു ആശ്വാസവും സന്തോഷവും പറഞ്ഞറിയിക്കാൻ വയ്യ. ജീവൻ തിരിച്ചുകിട്ടിയ മാതിരി. അപ്പഴേക്കും ആ റൗഡി എങ്ങോട്ടോ ഓടിമറഞ്ഞിരുന്നു. ചിലപ്പോ വണ്ടീന്ന് ചാടിപ്പോയിട്ടുണ്ടാകും.’’

സ്വപ്നം അവിടെ അവസാനിച്ചു എന്നതാണ് വാസന്തിയേച്ചിയെ നിരാശപ്പെടുത്തിയത്. ‘‘കഷ്ടായിപ്പോയി മോനെ. പിന്നെ എന്താ നടന്ന് എന്നറിഞ്ഞൂടാ. പെട്ടെന്ന് ഒറക്കം ഒണർന്നുപോയി. അപ്പത്തന്നെ നിന്നെ വിളിക്കുകയുംചെയ്തു. നീ എടുത്തില്ല.’’

ഫോൺ വെച്ചിട്ടും വാസന്തിയേച്ചിയുടെ നിഷ്കളങ്കമായ പുഞ്ചിരിയും വിവരണവുമായിരുന്നു മനസ്സിൽ. ഹൃദയത്തിൽനിന്നുള്ള ആ വാക്കുകൾ കേട്ടിരുന്നപ്പോൾ കണ്ണുകൾ ചെറുതായി നനഞ്ഞുവോ എന്ന് സംശയം. വിശ്വസ്തനായ ഒരനിയനോടുള്ള സ്നേഹം മുഴുവനുണ്ടായിരുന്നു ആ വാക്കുകളിൽ. മച്ചാട്ട് വാസന്തിയുടെ വിയോഗവാർത്ത ടെലിവിഷൻ ചാനലിൽനിന്ന് ആരോ വിളിച്ചറിയിച്ചപ്പോൾ ഓർമകളിൽ വീണ്ടും ആ സ്വപ്നദൃശ്യങ്ങൾ തെളിഞ്ഞു. കാതിൽ വീണ്ടും ആ ശബ്ദം മുഴങ്ങി. ഇനിയൊരിക്കലും ഉണ്ടാവില്ലല്ലോ രവീ എന്നും മോനേ എന്നും, തമാശക്ക് രവിയേട്ടാ എന്നുമൊക്കെയുള്ള ആ വിളികൾ.

ആദ്യം കണ്ടത് –കേട്ടതും– ആറിലോ ഏഴിലോ പഠിക്കുമ്പോഴാണ്. വയനാട്ടിലെ ചുണ്ടയിലുള്ള ഞങ്ങളുടെ ആർ.സി സ്‌കൂളിൽ നെല്ലിക്കോട് ഭാസ്കരന്റെ നാടകസംഘത്തോടൊപ്പം എത്തിയതായിരുന്നു വാസന്തി. നാടകം കഴിഞ്ഞു ഗാനമേളയുമുണ്ട്. വയനാട്ടിൽ അന്ന് നാടകവും പാട്ടു പരിപാടികളുമൊക്കെ ചുരംകയറി വരുന്നത് അത്യപൂർവമായി മാത്രം. വല്യമ്മയോടൊപ്പമാണ് പരിപാടികൾ കാണാൻ ചെന്നത്. തിക്കോടിയൻ എഴുതിയ പരകായപ്രവേശം എന്ന നാടകമായിരുന്നു മുഖ്യ ഇനം. പിന്നാലെ ‘പ്ലേബാക്ക് സിങ്ങർ’ കോഴിക്കോട് അബ്ദുൽ ഖാദറും മകൻ നജ്മൽ ബാബുവും മച്ചാട്ട് വാസന്തിയും അണിനിരക്കുന്ന ഗാനമേള.

‘‘പാടാനോർത്തൊരു മധുരിത ഗാനം’’, ‘‘എങ്ങനെ നീ മറക്കും’’ എന്നീ പ്രശസ്ത ഗാനങ്ങൾ പ്രായാധിക്യത്തിന്റെ അവശതപോലും മറന്നു പാടിക്കൊണ്ട് അബ്ദുൽ ഖാദർ പരിപാടിക്ക് തുടക്കം കുറിക്കുന്നു. പിന്നാലെ ‘ബോബി’യിലെ ‘‘മേ ശായർ തോ നഹി’’ എന്ന ഹിറ്റ് ഗാനവുമായി ബാബു. അതും കഴിഞ്ഞായിരുന്നു വാസന്തിയുടെ വരവ്. മെലിഞ്ഞു കൊലുന്നനെയുള്ള ആ രൂപം മങ്ങിയ ഓർമയായി മനസ്സിലുണ്ട്. ആദ്യം പാടിയത് ‘രാഗിണി’യിൽ ആശ ഭോസ് ലെ അനശ്വരമാക്കിയ ‘‘ഛോട്ടാ സാ ബാലമാ’’. പിന്നെ ‘അനാർക്കലി’യിലെ ‘‘മൊഹബത്ത് ഐസി ധഡ്കൻ ഹേ’’ എന്ന ലത മങ്കേഷ്‌കർ ക്ലാസിക്. അതിനു ശേഷമാണ് ബാബുവിനൊപ്പം തന്റെ സൂപ്പർഹിറ്റ് ഗാനം പാടി വാസന്തി സദസ്സിനെ കൈയിലെടുത്തത്: ‘‘മണിമാരൻ തന്നത് പണമല്ല പൊന്നല്ല, മധുരക്കിനാവിന്റെ കരിമ്പിൻ തോട്ടം...’’ ഭാസ്കരൻ മാഷും ബാബുരാജും ‘ഓളവും തീരവും’ എന്ന പടത്തിനുവേണ്ടി സൃഷ്ടിച്ച പാട്ട്. കൂടെ പാടിയത് സാക്ഷാൽ ഗാനഗന്ധർവൻ.

മച്ചാട്ട് വാസന്തി. ആ പേര് ആദ്യമായി കേട്ടതും മനസ്സിൽ പതിഞ്ഞതും അന്നാണ്. ‘‘മണിമാരൻ’’ അതിനും മുമ്പേ ചുണ്ടിൽ ഇടം നേടിയിരുന്നെങ്കിലും. വർഷങ്ങൾക്കുശേഷം കോഴിക്കോട് മുല്ലശ്ശേരിയിലെ രാജുവേട്ടന്റെ ‘ദർബാറി’ൽ വെച്ച് നേരിൽ കണ്ടു വാസന്തിയെ. പഴയ ഏഴാം ക്ലാസുകാരനായി മാറി വയനാടൻ ഓർമകളിലേക്ക് തിരികെ നടന്നപ്പോൾ വാസന്തിക്ക് സന്തോഷം. ഇത്രകാലം കഴിഞ്ഞിട്ടും ആ ഗാനങ്ങൾ ഓർമയിൽ സൂക്ഷിക്കുന്നുണ്ടല്ലോ അന്നത്തെ സ്കൂൾ കുട്ടി. മുല്ലശ്ശേരിയിലെ രാജുവേട്ടന്റെ കട്ടിലിനരികെയിരുന്ന് എനിക്കു വേണ്ടി ‘അനാർക്കലി’യിലെ പാട്ട് ഒരിക്കൽകൂടി പാടി അന്ന് വാസന്തി; ബാബുക്ക ഏറ്റവുമധികം തന്നെക്കൊണ്ട് പാടിച്ചിട്ടുള്ള പാട്ട് എന്ന ആമുഖത്തോടെ:

 

‘‘മൊഹബത്ത് ഐസി ധഡ്കൻ ഹേ ജോ സമജായി നഹീ ജാത്തി, സുബാ പർ ദിൽ കി ബേചൈനി കഭീ ലായീ നഹീ ജാത്തീ...’’ പ്രണയം വാക്കുകളിലേക്ക് പകർത്താൻ കഴിയാത്ത ഹൃദയമിടിപ്പാണ്, മധുരനൊമ്പരമാണ്... ‘‘ഇസ് ഇന്ദസാർ-എ-ഷോഖ് കോ’’ എന്ന് തുടങ്ങുന്ന വിരുത്തത്തിൽനിന്ന് പല്ലവിയിലേക്കുള്ള പ്രയാണമായിരുന്നു ഏറ്റവും ആസ്വാദ്യകരം. വിഷാദത്തിന്റെ നേർത്ത അംശമുണ്ടാകും വാസന്തി എന്ത് പാടുമ്പോഴും. പ്രായം ആ ശബ്ദമാധുരിയെ ബാധിച്ചുതുടങ്ങിയിരുന്നില്ല.

‘‘എന്നെക്കുറിച്ചെന്തെങ്കിലും എഴുതിക്കൂടേ’’ എന്ന ചോദ്യം ഓർമയുണ്ട്. ആഹ്ലാദദുഃഖങ്ങളും അപമാനവും തിരിച്ചടികളുമെല്ലാം ഇടകലർന്ന സ്വന്തം ജീവിതകഥയുടെ ഒരു പരിച്ഛേദം മച്ചാട്ട് വാസന്തി ആദ്യമായി അവതരിപ്പിച്ചുകേട്ടത് അന്നാണ്. വാസന്തിയെ കുറിച്ച് ആദ്യമായി അച്ചടിച്ചുവന്ന ലേഖനങ്ങളിൽ ഒന്നാവണം അത്. 1980കളുടെ മധ്യത്തിൽ കേരള കൗമുദി പത്രത്തിൽ വന്ന കുറിപ്പ് വായിച്ച് കാഡ്ബറീസിന്റെ ഫൈവ് സ്റ്റാർ ചോക്ലറ്റുമായി വിടർന്ന ചിരിയോടെ തൊണ്ടയാട്ടെ പത്രമോഫീസിന്റെ പടികയറിവന്ന വാസന്തിയേച്ചിയെ എങ്ങനെ മറക്കാൻ?

‘‘എനിക്കൊന്നും തരാനില്ല. ഇതല്ലാതെ...’’ അന്നവർ പറഞ്ഞു. ‘‘വേണെങ്കിൽ ഒരു പാട്ട് പാടിത്തരാം.’’

പിന്നെയും കണ്ടു വാസന്തിയെ; കോഴിക്കോട്ടെ തിരക്കേറിയ തെരുവീഥികളിൽ, ഗാനമേളാ സദസ്സുകളിൽ, വേദികളിൽ, മുല്ലശ്ശേരിയിൽ, അളകാപുരിയിൽ... എല്ലാ സമാഗമങ്ങളും തുടങ്ങുക ചിരിയിലാണ്. അവസാനിക്കുക കണ്ണീരിലും. യാത്ര പറഞ്ഞു പിരിയും മുമ്പ് പതിവായി അവർ പറഞ്ഞുകേൾക്കാറുള്ള വാക്കുകൾ ഇന്നും എന്റെ കണ്ണു നനയിക്കുന്നു: ‘‘വാസന്തിയേച്ചിയെ മറക്കരുത് ട്ടോ. പാടാൻ എന്തെങ്കിലും അവസരം വന്നാൽ വിളിക്കണം. മരിച്ചുപോകുംവരെ പാടണംന്നാണ് മോഹം. മോഹിക്കാൻ മ്മക്ക് ആരോടും ചോയ്‌ക്കണ്ടല്ലോ.’’

News Summary - weekly articles