Begin typing your search above and press return to search.
proflie-avatar
Login

നിങ്ങളുടെ വസ്​ത്രത്തിൽ ഉണങ്ങിമങ്ങിയ വിയർപ്പും ചോരയും

നിങ്ങളുടെ വസ്​ത്രത്തിൽ ഉണങ്ങിമങ്ങിയ   വിയർപ്പും ചോരയും
cancel

അധികം പഠിക്കുകയോ എഴുതപ്പെടുകയോ ചെയ്യാത്ത ‘വസ്​ത്രം’ എന്ന മേഖലയെക്കുറിച്ചാണ്​ എഴുത്തുകാരിയും ആക്​ടിവിസ്​റ്റുമായ മീന കന്തസ്വാമിയുടെ ഇൗ പഠനം. വസ്​ത്രം ധരിക്കുന്ന ഒാരോരുത്തരും അതിന്​ പിന്നി​ൽ, പരുത്തി കൃഷിയിടം മുതൽ അരങ്ങേറുന്ന നഗ്​നമായ മനുഷ്യാവകാശ ലംഘനത്തി​ന്റെയും ചൂഷണത്തി​ന്റെയും കഥ അറിയുന്നില്ല. അറിയാത്ത ആ യാഥാർഥ്യങ്ങളിലേക്ക്​ വെളിച്ചം വീശുന്നു ഇൗ ലേഖനം.കൃഷി നിരാശജനകമായ രീതിയിൽ നിരന്തരം പരാജയപ്പെടുകയും പാരമ്പര്യമായി അനുഷ്ഠിച്ചു വന്നിരുന്ന നാടോടിവൈദ്യം ആധുനികവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സമൂഹത്തിൽ നിരർഥകമായിത്തീരുകയും ചെയ്തതോടെ...

Your Subscription Supports Independent Journalism

View Plans
അധികം പഠിക്കുകയോ എഴുതപ്പെടുകയോ ചെയ്യാത്ത ‘വസ്​ത്രം’ എന്ന മേഖലയെക്കുറിച്ചാണ്​ എഴുത്തുകാരിയും ആക്​ടിവിസ്​റ്റുമായ മീന കന്തസ്വാമിയുടെ ഇൗ പഠനം. വസ്​ത്രം ധരിക്കുന്ന ഒാരോരുത്തരും അതിന്​ പിന്നി​ൽ, പരുത്തി കൃഷിയിടം മുതൽ അരങ്ങേറുന്ന നഗ്​നമായ മനുഷ്യാവകാശ ലംഘനത്തി​ന്റെയും ചൂഷണത്തി​ന്റെയും കഥ അറിയുന്നില്ല. അറിയാത്ത ആ യാഥാർഥ്യങ്ങളിലേക്ക്​ വെളിച്ചം വീശുന്നു ഇൗ ലേഖനം.

കൃഷി നിരാശജനകമായ രീതിയിൽ നിരന്തരം പരാജയപ്പെടുകയും പാരമ്പര്യമായി അനുഷ്ഠിച്ചു വന്നിരുന്ന നാടോടിവൈദ്യം ആധുനികവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സമൂഹത്തിൽ നിരർഥകമായിത്തീരുകയും ചെയ്തതോടെ ജീവിതദാരിദ്ര്യങ്ങളിൽനിന്നു രക്ഷപ്പെടുന്നതിനായി എ​ന്റെ എല്ലാ മച്ചുനിയന്മാരും എ​ന്റെ അച്ഛ​ന്റെ മാതാപിതാക്കൾ അവരുടെ വാസസ്ഥലമാക്കിയിരുന്ന ഗ്രാമത്തിൽനിന്ന് പലായനംചെയ്തു. ഒരു തലമുറ മുമ്പ് എന്റെ അച്ഛൻ ആ പ്രദേശമുപേക്ഷിച്ചുപോന്നിരുന്നു. അദ്ദേഹം സർവകലാശാല വിദ്യാഭ്യാസം നേടുകയും അദ്ദേഹത്തി​ന്റെ നിലയ്ക്കു മുകളിലുള്ള സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു. അദ്ദേഹമൊരിക്കലും ആ പ്രദേശത്തേക്കു പിന്തിരിഞ്ഞു നോക്കിയിട്ടില്ല. കാരണം, ഒരു നഗരത്തിൽ ജീവിച്ചു പോവുകയെന്നത് ബുദ്ധിമുട്ടു നിറഞ്ഞ കാര്യമാണ്.

അതുമാത്രമാവണമെന്നില്ല: മടങ്ങിപ്പോയാൽ പിന്നീടൊരിക്കലും രക്ഷപ്പെടാൻ സാധിക്കാത്ത തരത്തിൽ കുടുങ്ങിപ്പോയേക്കുമെന്ന ഭയവും അദ്ദേഹത്തിനുണ്ടായിരുന്നിരിക്കാം. ഞാൻ ഭാഗ്യശാലിയായ കുട്ടിയായിരുന്നു. ഞാൻ നഗരത്തിലാണ് വളർന്നത്. ഇപ്പോൾ താമസിക്കുന്നത് ലണ്ടനിലാണ്. എ​ന്റെ മച്ചുനിയന്മാരും മച്ചുനിയത്തിമാരും അനുഭവിച്ച യാതനകളുടെ കഠിനതകളിലൂടെ എനിക്കു പോകേണ്ടി വന്നിട്ടില്ല. അവരിൽ കുറെപ്പേർ മലേഷ്യയിലേക്ക് വഴിയോര ഭക്ഷണശാലകളിൽ പാചകംചെയ്യുന്നതിനായി നാടുവിട്ടു. ബാക്കിയുള്ളവർ വസ്ത്രവ്യവസായശാലകളിൽ ജോലി ചെയ്യുന്നതിനായി തിരുപ്പൂർ- കോയമ്പത്തൂർ പ്രദേശങ്ങളിലേക്ക് കുടിയേറി. എ​ന്റെ ഒരു മച്ചുനിയൻ അവിടെ തയ്യൽക്കാരനായി ജോലിചെയ്യുകയാണ്. ബുദ്ധിമുട്ടേറിയ ജോലികളാണ് അവൻ ചെയ്യുന്നത്. ബട്ടൻ തുന്നിപ്പിടിപ്പിക്കുക, പുരുഷന്മാരുടെ ഷർട്ടുകളിൽ കോളറുകൾ പിടിപ്പിക്കുക തുടങ്ങിയവയാണ് അവൻ ചെയ്യുന്ന ജോലികൾ.

അതിന് സൂക്ഷ്മദൃഷ്ടിയും വിരൽവേഗതയും ആവശ്യമാണ്. എ​ന്റെ മച്ചുനിയ​ന്റെ ജീവിതത്തെക്കുറിച്ച് എന്തറിയാം എന്നാണ് എനിക്ക് പറയാനാവുക? എന്നെ സംബന്ധിച്ചിടത്തോളം, സുന്ദരമായ ഒരു ദിനത്തിൽ നേരംപോക്കുന്നതിനായി ചെയ്യുന്ന പ്രവൃത്തിയാണ് തയ്യൽ - വേനൽക്കാല വസ്ത്രത്തി​ന്റെ സൈസ് 12 പാവാടയിൽ ഒരു പാളി കൂടി തുന്നിപ്പിടിപ്പിക്കുന്നത്; അല്ലെങ്കിൽ വലിയ കർട്ടണുകളുപയോഗിച്ച് പരുത്തിത്തലയിണയുറ തുന്നിയെടുക്കുന്നത്. എനിക്ക് വ്യവസായശാലയുടെ അകത്തളം എന്താണെന്ന് അറിയുകയേയില്ല. ഒരു കുടുംബത്തെ പുലർത്തുന്നതിനായി ചെയ്യുന്ന തുന്നൽപണി എന്താണെന്ന് എനിക്കറിയില്ല.

72 മണിക്കൂർ പ്രവൃത്തിയാഴ്ച ഒരുകാലത്ത് പണമായി എ​ന്റെ സഹോദരിമാരുടെ വിവാഹം നടത്താൻ ഉപകാരപ്പെടുമെന്ന് എനിക്കൊരിക്കലും അറിയില്ല. ഒരു കഥയെഴുതുന്നതിനായാണ് ഞാൻ ഇത്തരം കാര്യങ്ങളെക്കുറിച്ച് ആലോചിച്ചത്. പക്ഷേ, അത് പങ്കുവെക്കുന്നതിനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. എ​ന്റെ ജീവിതത്തിൽ ഞാൻ മറച്ചുവെക്കുന്ന ഒരു സ്ഥലമാണത്. അത് ഞാൻ വളരെ വിദഗ്ധമായി മറച്ചുവെക്കുന്നു. അതിലുപരിയായി, വിപുലീകരിച്ചാൽ അത് കേവലം വൈയക്തികമായിത്തീരുകയുംചെയ്യും. അതി​ന്റെ വേദന എ​ന്റേത് മാത്രമല്ല. എനിക്ക് ഗൗനിക്കാനോ പരിഹരിക്കാനോ ഇല്ലായ്മ ചെയ്യാനോ കഴിയുന്ന ഒരു കാര്യമല്ല എ​ന്റെ മച്ചുനിയ​ന്റെ ദാരിദ്ര്യം. അദ്ദേഹം ഒരു കേവലവ്യക്തിയുമല്ല.

എ​ന്റെ മച്ചുനിയനെക്കുറിച്ച് ഞാൻ എഴുതുന്നതിനു മുമ്പ്, കഥക്ക് ഏതെങ്കിലും തരത്തിലുള്ള വൈയക്തിക സ്പർശം കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നതിനു മുമ്പ്, വസ്ത്രങ്ങൾ അവ തയാറാക്കപ്പെടുന്നതിനു മുമ്പ് എങ്ങനെയാണ് ജീവിതങ്ങളെ കവരുന്നതെന്ന് ഞാൻ എഴുതിയിട്ടുണ്ട്. ഞാൻ കണക്കുകൾ നിരത്തിക്കൊണ്ട് ആരംഭിക്കാം: ഓരോ ദിവസവും 31 കർഷകർ ആത്മഹത്യ ചെയ്യുന്നു. ഈ പട്ടികയിൽ ഏറ്റവും മുകളിൽ വരുന്നവർ പരുത്തി കർഷകരാണ്.(1) ഇങ്ങനെയാണ് തിളങ്ങുന്ന, ഉജ്ജ്വലമെന്നു പറയപ്പെടുന്ന നിയോലിബറലിസം മരണം കൊണ്ടുവന്നത് –കർഷകർ തങ്ങൾ ഉൽപാദിപ്പിച്ചിരുന്ന ഭക്ഷ്യവിളകളിൽനിന്ന് കയറ്റുമതി കൊണ്ടുതരുന്ന വളർച്ചയെന്ന സ്വപ്നത്തിൽ മുഴുകി നാണ്യവിളകളിലേക്ക് ചുവട് മാറ്റി. ഇത് പശ്ചിമ ഇന്ത്യയിലെ ആത്മഹത്യാഗാഥയിലെ കഥയാണ്.

ആകാശങ്ങൾ ഭൂമിയെ ഏറ്റവും ശുദ്ധമായ പരുത്തിയുടെ വെളുത്ത മേഘങ്ങൾ കൊയ്തെടുക്കാനായി ഒരുക്കുന്ന നാട്ടിലെ കഥ. ആത്മഹത്യാപാളി എന്ന പേരിൽ അറിയപ്പെടുന്ന ഭൂഭാഗം. മൊൺസാന്തോയുടെ ജനിതകവ്യതിയാനം വരുത്തിയ വിത്തുകൾ ഇന്ന് ഇന്ത്യയിലെ 90 ശതമാനം പരുത്തിപ്പാടങ്ങളിലും ഉപയോഗിക്കുന്നുണ്ട്.(2) ഇവിടെയാണ്, ആ വിത്തുകൾ, സുപ്രസിദ്ധ പരിസ്ഥിതിപ്രവർത്തകയായ വന്ദന ശിവ നിരീക്ഷിച്ചതുപോലെ, ‘അന്തകവിത്തുകൾ’ ആയി മാറിയത്.(3) കൊള്ളപ്പലിശക്കാരുടെ ഭൂമിയാണിത്. ഇവിടെ, ഭരണകൂടം അതി​ന്റെ ഉച്ചമയക്കത്തിലാണ്. ഗ്രാമീണ ബാങ്കുകൾ അടച്ചുപൂട്ടിയിരിക്കുന്നു.

ഇവിടെ കൊള്ളപ്പലിശക്കാർ പരുത്തിയുടെ കെട്ടുകൾ കരുത്തുറ്റ കെണികളാക്കി മാറ്റുകയും കടമെടുത്തു മുടിഞ്ഞ കർഷകർ തൂങ്ങിമരിക്കുന്നത് നോക്കിനിൽക്കുകയും ചെയ്യുന്നു. കുഞ്ഞുമക്കളെ വളർത്തിയെടുക്കാൻ വിധിക്കപ്പെട്ട വിധവകളുടെ ഭൂമിയാണിത്. ഒരുദിവസം രണ്ട് ഡോളറിൽ കുറഞ്ഞ കൂലിക്ക് പണിയെടുക്കാൻ വിധിക്കപ്പെട്ട സ്ത്രീകളുടെ ഭൂമിയാണിത്. അസഹനീയമായ ആർഭാടമായി സ്കൂളുകൾ മാറുമ്പോൾ പഠനം ഉപേക്ഷിക്കുന്ന കുട്ടികളുടെ ഭൂമിയാണിത്. വരൾച്ച, ആലിപ്പഴ വീഴ്ച, സംഘർഷങ്ങൾ തുടങ്ങിയവ സ്വയം സഹിക്കുന്ന വയലേലകളാണിവ. കാലാവസ്ഥാ വ്യതിയാനത്തി​ന്റെ വിലപിക്കപ്പെടാത്ത അനേകം മേഖലകളിൽ ഒന്നാണ് വിളനാശം.(4)

 

2. പരുത്തിപ്പാടങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ, അത് വിയർപ്പുചാലുകളെയും ചമ്മട്ടിയടിയുടെ ശബ്ദത്തെയും ആവാഹിച്ചുകൊണ്ടുവരുന്നു. അടിമത്തത്തി​ന്റെയും കരാർ കൂലിപ്പണിയുടെയും ആത്മാവ് തകർക്കുന്ന ചിത്രങ്ങൾ മുന്നിൽ തെളിയുന്നു. ചരിത്രം മാത്രമല്ല നമ്മെ തടവുകാരാക്കിത്തീർക്കുന്നത്. പടിഞ്ഞാറൻ നാടുകളിൽ നടപ്പാക്കിയ പരുത്തി സബ്സിഡികളും മൊൺസാന്തോയുടെ വിത്തുകൾ ഉപയോഗിക്കാൻ ആരംഭിച്ചതും എങ്ങനെയാണ് ബുർക്കിനഫാസോ, ബനിൻ, മാലി, ചാഡ് തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിലെ കർഷകരെയും അവിടത്തെ കൃഷിയിടങ്ങളെയും ഇല്ലാതാക്കിയതെന്ന് ഞാൻ പഠിക്കുകയുണ്ടായി.

ലോകം മുഴുവൻ അലഞ്ഞു തിരിയേണ്ടതില്ല എന്ന് ഞാൻ സ്വയം പറഞ്ഞു പരിശീലിപ്പിച്ചു. എ​ന്റെ സ്വന്തം പ്രദേശത്ത് ഉറച്ചുനിൽക്കാൻ ഞാൻ തീരുമാനിച്ചു. ഇന്ത്യയിലെ ഇതുമായി ബന്ധപ്പെട്ട കഥകൾ പറയാൻ ഞാൻ തീരുമാനിച്ചു –കാരണം ഇവിടെനിന്നുള്ള അനേകം കഥകൾ പറയപ്പെടേണ്ടതുണ്ട്. മറ്റെല്ലാ ഇന്ത്യൻ കഥകളെപ്പോലെത്തന്നെ, ജാതി ഇന്ത്യയിലെ വസ്ത്രങ്ങളുടെയും വസ്ത്രധാരണത്തി​ന്റെയും കഥകളെ കൂട്ടിപ്പിടിച്ചിരിക്കുന്നു.

3. ഉദാഹരണമായി വിദർഭയുടെ കാര്യമെടുക്കുക.(5) അവിടെ 3.2 ദശലക്ഷം കർഷകരാണ് പരുത്തിയെ ആശ്രയിച്ച് ജീവിക്കുന്നത്. ഓരോ എട്ടു മണിക്കൂറിലും ഒരു കർഷകൻ അവിടെ ആത്മഹത്യ ചെയ്യുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 40 ദശലക്ഷം കെട്ട് പരുത്തി ഒരു വർഷം അവിടെ ഉൽപാദിപ്പിക്കപ്പെടുന്നു എന്നുള്ളതുകൊണ്ട് ഇന്ത്യയിലെ കർഷകർ രക്ഷപ്പെടുന്നില്ല.(6) അവിടെയുണ്ടാകുന്ന ഉൽപാദനം ആഗോളതലത്തിലെ വിലയിടിവിനു കാരണമാകുന്നു. വയലുകളിലെ വിജയം അവരിലേക്ക് തിരിച്ചെത്തുന്നത് മരണമായാണ്.

വിദേശ വിഭവങ്ങൾക്കായി വിപണി തുറന്നുകൊടുത്തുകൊണ്ടുള്ള ഇന്ത്യയിലെ ലിബറലൈസേഷൻ പദ്ധതിയും സഹായകരമായില്ല. കാർഷികമേഖല വമ്പിച്ച സർക്കാർസഹായത്താൽ പ്രവർത്തിക്കുന്ന മറ്റു രാഷ്ട്രങ്ങളിലെ കർഷകരുമായി മത്സരിക്കേണ്ടിവന്ന സന്ദർഭത്തിൽതന്നെയാണ് ഇന്ത്യയിലെ പരുത്തിക്കർഷകർക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നത്. യാതനകൾ അനുഭവിക്കുന്നത് കർഷകർ മാത്രമല്ല. ആ റംപെൽസ്റ്റിൽറ്റ്സ്കിൻമാർ–വെളുത്ത പൊന്നിനെ തുണിയാക്കി മാറ്റാൻ വട്ടം ചുറ്റുന്ന നെയ്ത്തുകാർ–അവർക്കും നേരിടേണ്ടിവരുന്നത് മങ്ങിയ ഭാവിയാണ്.

4. ചിലപ്പോഴെല്ലാം പട്ടിണിമരണങ്ങളെയും നെയ്ത്തുകാരുടെയും അവരുടെ കുടുംബങ്ങളുടെയും വിധിയായി തീർന്ന കഞ്ഞിപ്പുരകളെയും റിപ്പോർട്ട് ചെയ്യുന്നതിനായി വാർത്താമാധ്യമങ്ങൾ വസ്ത്രനിർമാണവുമായി ബന്ധപ്പെട്ട ശ്ലേഷോക്തികൾ ഉപയോഗിക്കാറുണ്ട്. ‘നെയ്തെടുക്കുന്ന ദുരന്തം’ എന്നത് ഏറെ ഉപയോഗിക്കപ്പെട്ടതും ശാശ്വതമായിത്തീർന്നതുമായ ഒന്നാണ്.

5. പരാജയങ്ങൾ തൊഴിലാളിവർഗത്തി​ന്റെ വിധിയായിത്തീർന്നിരിക്കുന്നു. ഇന്ത്യൻ കൈത്തറി വ്യവസായം അതി​ന്റെ ചാതുര്യത്താലും തദ്ദേശീയതയാലും ആധികാരികതയാലും കലാചാതുരി സ്വപ്നംകാണുന്ന മേഖലയാണ്. ഫാഷൻ വ്യവസായം ഒരു വിദഗ്ധ തൊഴിലിനെയും ഒരു സംസ്കാരത്തെയും തൊഴിൽവൈദഗ്ധ്യമുള്ള ജാതിയെയും വിഴുങ്ങുന്നു. ഇത്തരത്തിൽ സ്വപ്നങ്ങൾ നെയ്തെടുക്കുന്ന നെയ്ത്തുകാർ തങ്ങൾക്ക് രക്ഷപ്പെടാൻ സാധിക്കാത്ത ദാരിദ്ര്യവുമായി മല്ലടിച്ചുകൊണ്ടിരിക്കുകയാണ്.(7)

6. പ്രചാരണമാണ് എല്ലാ കാര്യങ്ങളെയും നിയന്ത്രിക്കുന്നത്. അതുകൊണ്ടുതന്നെ നിങ്ങളുടെ ശുദ്ധമസ്സുകളെ ദാരിദ്ര്യത്തി​ന്റെ തത്ത്വശാസ്ത്രത്തിൽനിന്നുള്ള വാക്കുകൾ ഉപയോഗിച്ച് മലീമസമാക്കാൻ എന്നെ അനുവദിക്കുക. മാർക്സ് എഴുതി: ‘‘പുതിയ ഉൽപാദനശക്തികളെ സ്വായത്തമാക്കുന്നതിനായി മനുഷ്യർ അവരുടെ ഉൽപാദനരീതിയില്‍ മാറ്റങ്ങൾ വരുത്തുന്നു. അവരുടെ ഉൽപാദനരീതികൾ മാറ്റുന്നതിലൂടെ, ഉപജീവനത്തിനായുള്ള സമ്പാദനരീതികൾ മാറ്റുന്നതിലൂടെ, അവർ എല്ലാ സാമൂഹിക ബന്ധങ്ങളെയും മാറ്റിത്തീർക്കുന്നു. തിരികല്ല് നിങ്ങൾക്ക് ഫ്യൂഡൽപ്രഭുവുള്ള ഒരു സമൂഹത്തെ നൽകും; ആവിയന്ത്രമുള്ള ഒരു സമൂഹം വ്യവസായിക മുതലാളിത്തത്തെ മുന്നോട്ടുവെക്കും.’’

ഞാൻ എഴുതാൻ ഉദ്ദേശിക്കുന്ന രാജ്യത്തിൽ, ഈ ലേഖനത്തിൽ ഊടുംപാവുമിടാൻ ഉദ്ദേശിക്കുന്ന മണ്ണിൽ, തിരികല്ലുകളും പവർലൂമുകളും ഒരേസമയം കാണാനാവും. അതുകൊണ്ടുതന്നെ ഫ്യൂഡൽ പ്രഭുക്കന്മാരെയും വ്യവസായിക മുതലാളിത്തത്തെയും ഇവിടെ കാണാം. എല്ലാം പരസ്പരം സഹകരിച്ചു സഹവർത്തിക്കുന്നു.

7. ഇന്ത്യയിൽ ജാതിവ്യവസ്ഥക്കകത്ത് സാമൂഹിക ബന്ധങ്ങളെ മാറ്റിമറിക്കുന്നത് ഉൽപാദനരീതികളല്ല എന്നും സാമൂഹികബന്ധങ്ങൾ സ്വയം അധ്യാരോപം ചെയ്യുന്നതെങ്ങനെയെന്നും ഉൽപാദനരീതികൾക്കു ചുറ്റും അവ എപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് വീക്ഷിക്കാനും മനസ്സിലാക്കാനും മാർക്സിനുപോലും അതിരുകളിലേക്ക് പിൻവാങ്ങേണ്ടിവന്നു. മുതലാളിത്തത്തി​ന്റെ മണ്ഡലത്തിൽ ജാതി അതിവിദഗ്ധമായി സ്വയം പുനരുൽപാദിപ്പിച്ചു. തുണിമില്ലുകളിലെ ഏറ്റവും കുറഞ്ഞ വരുമാനമുള്ള റിങ്-സ്പിന്നിങ് വിഭാഗത്തിലാണ് ദലിത് പുരുഷന്മാർ ജോലിചെയ്യുന്നത് (അവിടെയുള്ള തൊഴിൽശേഷിയുടെ 40 ശതമാനംവരും ഈ വിഭാഗം). എന്നാൽ, കൂടുതൽ ആദായകരമായ വിഭാഗങ്ങളിൽ ഉയർന്ന വരുമാനക്കാരായ തൊഴിൽനൈപുണിയുള്ളവർ കയറിക്കൂടും.

അത്തരം മണ്ഡലങ്ങൾ ദലിത് വിഭാഗങ്ങൾക്ക് പ്രവേശനമില്ലാത്തവയാണ് (വളരെ കുറഞ്ഞ പ്രാതിനിധ്യം മാത്രമാണ് അത്തരം മണ്ഡലങ്ങളിൽ അവർക്കുള്ളത് -0.6 ശതമാനം). ജാതി, വർഗം, ലിംഗം എന്നിങ്ങനെ മൂന്നു തലങ്ങളിൽ അടിച്ചമർത്തപ്പെടുന്ന ദലിത് സ്ത്രീകൾ നിയമിക്കപ്പെടുന്നത് നൂൽപിന്റെയും നൂലുരുളകൾ തയാറാക്കുന്നതി​ന്റെയും വകുപ്പുകളിലാണ്. സാങ്കേതികതയുടെ ആവിർഭാവം ജാതിയെ തകർത്തില്ല. അത് ജാതിക്ക് വേഷപ്പകർച്ചകൾ നൽകുകയും തൊഴിലി​ന്റെ പുതിയ വിഭജനങ്ങൾ കൊണ്ടുവരികയുമാണ് ചെയ്തത്.

കൂലിയുടെ കാര്യത്തിൽ വ്യത്യാസങ്ങളില്ലാത്ത, ഒരേ വിഭാഗത്തിൽ പണിയെടുക്കുന്നവർക്ക് ഒരേ കൂലി പ്രദാനംചെയ്യുമ്പോഴും മേൽജാതി ഹൈന്ദവരെയും ദലിതരെയും പരസ്പരം കലർന്നു ജോലിയെടുക്കാൻ സമ്മതിക്കാത്ത തരത്തിൽ തൊഴിലിടങ്ങളിൽ വേർതിരിവുകൾ വരുത്തിയിരുന്നു. അങ്ങനെയാണ് അസ്പൃശ്യത വ്യവസായശാലകളിൽ നിലനിർത്തിയിരുന്നത്. മുതലാളിത്തത്തി​ന്റെ വ്യുൽക്രമ പ്രത്യുപകാരമായിരുന്നു അത് –ജാതിയെ ആദരിക്കുക, ജാതിയെ നിലനിർത്തുക, ജാതിവ്യവസ്ഥയുടെ ചുറ്റുമതിലുകൾക്കകത്തുതന്നെ മുതലാളിത്തത്തെ ചിട്ടപ്പെടുത്തുക.

8. ജാതിയും മുതലാളിത്തവും ഒരുമിച്ച് ഒരു സ്ഥലത്ത് സംഗമിച്ചാൽ എങ്ങനെയാണ് ക്രൂരതക്ക് ദൂരെ മാറിനിൽക്കാൻ സാധിക്കുക? തുണിമില്ലുകളിലെ അപകടസാധ്യതയേറിയ ത്രോസ്റ്റിൽ വിഭാഗത്തിൽ ഏറ്റവും കൂടുതൽ നിയമിക്കപ്പെടുന്നത് ദലിതരാണ് എന്നത് ആകസ്മികതയല്ല.(10)

 

9. തുണിമില്ലുകളിലെ ഏറ്റവും താഴ്ന്ന തൊഴിൽമേഖലകളിലേക്ക് ദലിതരെ നിയോഗിക്കുക എന്നത് സാമ്പത്തികതയുടെയോ സുരക്ഷിതത്വത്തി​ന്റെയോ മാത്രം പ്രശ്നമായിരുന്നോ? അല്ല. അത് അയിത്തവും ശുദ്ധിയുമുൾപ്പെടുന്ന ജാതിയുടെ ആശയങ്ങളുമായി ബന്ധപ്പെട്ട കാര്യവുമായിരുന്നു. സലിം ലാഖയെ പരാവർത്തനംചെയ്യുന്ന യാൻ ബ്രമ​ന്റെ വരികൾ(11) ഞാൻ ഉദ്ധരിക്കട്ടെ: ‘‘നഗരത്തിലേക്ക് തൊഴിലാളികൾ കൂടെ കൊണ്ടുവന്ന ജാതിസ്വത്വത്തി​ന്റെ അടിസ്ഥാനത്തിലാണ് മില്ലുകളിലെ തൊഴിൽ നിശ്ചയിക്കപ്പെട്ടിരുന്നത്. വയൽവേലകൾക്കു പകരമായി നെയ്ത്തിൽനിന്ന് വരുമാനം കണ്ടെത്തിയിരുന്ന ധേദുകളെയും വങ്കറുകളെയും സ്പിന്നിങ് മേഖലയിലാണ് വിന്യസിച്ചിരുന്നത്.

അതുപോലെത്തന്നെ തുകൽപ്പണിക്കാരായ ചമറുകളെയും. നെയ്ത്തുപുരകളിലേക്ക് ഇത്തരം അസ്പൃശ്യജാതിയിൽപെട്ടവരെ അടുപ്പിച്ചിരുന്നില്ല. അത് മുസ്‍ലിംകളുടെയും ഉയർന്ന ജാതിക്കാരായ കൺബികളുടെയും മേഖലയായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടി​ന്റെ അവസാന ഘട്ടത്തോടെ വികസിച്ച ഇത്തരത്തിലുള്ള തൊഴിൽവിഭജനം, നൂല് പൊട്ടിയാൽ അത് പിരിക്കുന്നതിന്, അതുപോലെതന്നെ നൂൽവളയം മാറ്റിസ്ഥാപിക്കുമ്പോൾ ഓടത്തിലേക്ക് നൂല് വലിച്ചെടുക്കുന്നതിന്, നെയ്ത്തുകാർക്ക് അവരുടെ കൈകളും വായും തൊഴിൽസമയത്ത് ആവശ്യമുണ്ട് എന്ന വാദത്താലാണ് ന്യായീകരിക്കപ്പെട്ടിരുന്നത്. അസ്പൃശ്യജാതിയിൽപെട്ട ഒരാളെ ഇത്തരമൊരു പ്രവൃത്തിക്ക് നിയോഗിച്ചാൽ അത് ഉൽപന്നത്തിന്റെ ശുദ്ധിയെ ബാധിക്കും. ഉൽപാദനത്തി​ന്റെ തുടർന്നുള്ള ഘട്ടങ്ങളിൽ ഈ അശുദ്ധി തുടരും.

ഇത് ഒഴിവാക്കുന്നതിനായി അസ്പൃശ്യജാതിയിൽപെട്ടവരെ നെയ്ത്തിനു മുമ്പുള്ള ഘട്ടങ്ങളിലെ ജോലിക്കു മാത്രമാണ് നിയോഗിച്ചിരുന്നത്.” ചില മനുഷ്യരുടെ ഉമിനീർ അനുവദനീയമായിരുന്നു. അതേസമയം മറ്റു ചിലരുടേത് അശുദ്ധിയുള്ളതായിരുന്നു. കാർഷിക മേഖലയിലെ വീഴ്ചകളെത്തുടർന്ന് ഗ്രാമങ്ങളിൽനിന്ന് പുറന്തള്ളപ്പെട്ട, ജന്മിത്തത്തി​ന്റെ മർദനങ്ങളിൽനിന്ന് രക്ഷപ്പെട്ടോടിവന്ന, വൻനഗരങ്ങളിൽ തങ്ങളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ എത്തിച്ചേർന്ന ദലിതർ മുതലാളിത്ത ചട്ടക്കൂടിനുള്ളിൽ സ്വയം ഒതുങ്ങിത്തീർന്നത് ഇത്തരത്തിലാണ്. നൂൽപുശാലകളിലും അസംസ്കൃത പരുത്തി ഏറ്റെടുക്കുന്ന ഇടങ്ങളിലും അതി​ന്റെ സൂക്ഷിപ്പുപുരകളിലുമായി അവർ അടിഞ്ഞുകൂടി. ബ്രമ​ന്റെ വാക്കുകൾ ഒരിക്കൽക്കൂടി ഉദ്ധരിക്കട്ടെ: “തുണിമില്ലുകളിലെ തൊഴിൽ വിഭജനം പൂർണമായല്ലെങ്കിലും ഏതാണ്ട് മുഴുവനായിത്തന്നെ ജാതിവ്യവസ്ഥയുടെ ഉച്ചനീചത്വങ്ങളെ പിന്തുടർന്നു.”(12)

10. കടയിടങ്ങൾ മാത്രമല്ല ജാതിയെ അടിച്ചേൽപിച്ചത് -ഈ വ്യവസായിക സങ്കീർണതകളിലൂടെ മുഴുവൻ ജാതി പ്രവർത്തിച്ചുകൊണ്ടേയിരുന്നു. മേൽജാതി ഹിന്ദു തൊഴിലാളികൾ കാന്റീനിനകത്ത് ഭക്ഷിച്ചു. അതേസമയം, ദലിതർ അതിനു പുറത്തിരുന്ന് ഭക്ഷണം കഴിച്ചു. നെയ്ത്തുമേഖലയിൽ പണി ലഭിക്കുന്നതിനായി മുസ്‍ലിമാണെന്ന് കളവുപറഞ്ഞ ഒരു അസ്പൃശ്യ ജാതിക്കാരനെ അയാൾ മഹർജാതിയിൽപെട്ട ആളാണെന്നു തിരിച്ചറിഞ്ഞതോടെ അതിക്രൂരമായി തല്ലിച്ചതക്കുകയുണ്ടായി.(13) മേൽജാതി ഹിന്ദുവിനും ദലിതർക്കുമുള്ള വെള്ളത്തൊട്ടികൾ വെവ്വേറെയായിരുന്നു. ഈ മില്ലുകളിൽ അസ്പൃശ്യത അലയടിച്ചുകൊണ്ടേയിരുന്നു. അത് എല്ലായിടത്തുമുണ്ടായിരുന്നു.

11. ഒന്ന് ശ്വാസമെടുക്കുന്നതിനായി നിർത്തുന്നതിനിടയിൽ, നമുക്ക് ഡോ. അംബേദ്കറുടെ വിപ്ലവകരമായ വാക്കുകൾ ഓർത്തെടുക്കാം: ‘‘ജാതിയെന്നത് കേവലം തൊഴിലി​ന്റെ വിഭജനം മാത്രമല്ല. അത് തൊഴിലാളികളുടെ വിഭജനമാണ്.’’

12. തൊഴിൽ സംഘടനകളുടെ പ്രവർത്തനങ്ങൾ ജാതിയെ ഇല്ലായ്മചെയ്തുവോ? അത് ഇത്തരത്തിലുള്ള വിവേചനങ്ങളെ തുടച്ചുനീക്കിയോ? നഷ്ടപ്പെടാൻ ചങ്ങലകളല്ലാതെ മറ്റൊന്നുമില്ലാത്ത തൊഴിലാളികളെ അത് സംഘടിപ്പിച്ചുവോ?

1928ൽ ബോംബെയിലെ തുണിമില്ലുകളെയാകെ നിശ്ചലമാക്കിയ ചരിത്രപരമായ തുണിമിൽ തൊഴിലാളികളുടെ സമരത്തിൽ, ഡോ. അംബേദ്കർ കമ്യൂണിസ്റ്റുകളെ പിന്തുണച്ചിരുന്നു. എല്ലാ മേഖലകളിലും ദലിതർക്ക് തൊഴിലെടുക്കുന്നതിനുള്ള അവകാശം തൊഴിലാളി സംഘടനകൾ അംഗീകരിക്കുമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം സമരത്തെ പിന്തുണച്ചത്. എന്തായിരുന്നു ഈ ആവശ്യത്തോടുള്ള പ്രതികരണം? അദ്ദേഹത്തി​ന്റെ തന്നെ വാക്കുകളിൽ, “അവർ ഒടുവിൽ, വളരെ വൈമനസ്യത്തോടെ, അത് അംഗീകരിച്ചു. അവരുടെ ആവശ്യങ്ങളിൽ ഒന്നായി അത് ഉൾപ്പെടുത്തി. മില്ലുടമകൾക്കു മുമ്പാകെ ഈ ആവശ്യം അവതരിപ്പിച്ചപ്പോൾതന്നെ ആ ആവശ്യം മില്ലുടമകൾ തിരസ്കരിച്ചു.

ഇത് ഒരു അനീതിയാണെങ്കിൽ, അതിനുത്തരവാദികൾ അവരല്ല എന്ന് മില്ലുടമകൾ പറഞ്ഞു.” തൊട്ടടുത്ത വർഷത്തിൽ, തൊഴിലാളി സമരത്തിൽ ദലിത് തൊഴിലാളികൾ പങ്കെടുക്കേണ്ടതില്ല എന്ന് അംബേദ്കർ ആഹ്വാനംചെയ്തു. തൊഴിലാളികൾക്കിടയിൽ തങ്ങളുടെ വിവേചിതാവസ്ഥ ഊന്നിപ്പറയുന്നതിനായാണ് അത്തരത്തിൽ അദ്ദേഹം ആഹ്വാനംചെയ്തത്. അതു മാത്രമല്ല, സമരംചെയ്യുകയെന്നത് ദലിതരെ സംബന്ധിച്ചിടത്തോളം സാധ്യമായ കാര്യമായിരുന്നില്ല. കാരണം, അത്തരം സന്ദർഭങ്ങളിൽ അവർ പലപ്പോഴും കൊള്ളപ്പലിശക്കാരുടെ പിറകെ പോകേണ്ട അവസ്ഥയായിരുന്നു. വർഗസമരത്തിനകത്തെ അപരാധ രേഖയാണ് ജാതി. ഈ ചരിത്രമത്രയും ഇന്ത്യയിലെ നെയ്ത്തി​ന്റെ ചരിത്രത്തിനകത്ത് നെയ്തു ചേർക്കപ്പെട്ടിരിക്കുന്നു.

 

മൊഴിമാറ്റം: പി.എസ്. മനോജ് കുമാർ

(തുടരും)

സൂചിക/ കുറിപ്പുകൾ:

1. 2016ൽ അന്നത്തെ ഇന്ത്യൻ യൂനിയൻ കൃഷിമന്ത്രി രാധാമോഹൻ സിങ് ആ വർഷം ആത്മഹത്യചെയ്ത കർഷകരുടെ എണ്ണം11,400 ആണെന്ന് പറഞ്ഞിരുന്നു. മുൻവർഷങ്ങളിൽ കർഷക ആത്മഹത്യകളുടെ എണ്ണം അതിലും കൂടുതലായിരുന്നു: 2015ൽ അത് 12,602 ആയിരുന്നു. അതുമായി ബന്ധപ്പെട്ട വാർത്തകൾ ഇവിടെ ലഭ്യമാണ്: http://www.firstpost.com/india/11400-farmers-committed-suicide-in-2016-govt-tells-lok-sabha-3832577.html

2. വ്യാപകമായി ഉപയോഗിക്കപ്പെടുന്ന കണക്കാണിത്. റോയ്‌ട്ടേഴ്സി​ന്റെ ലേഖനത്തിലും ഈ കണക്ക് കാണാം. ‘Indian farmers cotton on to new seed, in blow to Monsanto’, 3 August 2016. http://www.reuters.com/article/us-india-monsanto-idUSKCN10E05C

3. ലോക വ്യാപാര ഉടമ്പടി നിലവിൽ വന്നശേഷം, 1995 മുതൽ ഇന്ത്യയിൽ നടന്നിട്ടുള്ള മൂന്നുലക്ഷം കർഷക ആത്മഹത്യകളിൽ കൂടുതലും കേന്ദ്രീകരിച്ചിട്ടുള്ളത് പരുത്തിമേഖലയിലാണ്. ഇന്ത്യയിലെ 95 ശതമാനത്തോളം പരുത്തി നിയന്ത്രിക്കുന്നത് മൊൺസാന്തോ ആണ്. അവലംബം: Vandana Shiva, ‘How Monstanto Wrote and Broke Laws to Enter India’, Seed Freedom, 27 July 2015 http://seedfreedom.info/how-monsanto-wrote-and-brokelaws-to-enter-india/ ഇത് കൂടാതെ, അക്കാര്യവുമായി ബന്ധപ്പെട്ട ചില പശ്ചാത്തല വിവരണങ്ങൾ: ഇന്ത്യയിലെ വിത്തുവ്യവസായത്തെ സ്വകാര്യവത്കരിക്കാനും അതിനുമേലുള്ള നിയന്ത്രണങ്ങൾ എടുത്തുകളയാനുംവേണ്ടി ലോകബാങ്ക് ഇന്ത്യക്ക് 150 മില്യൺ ഡോളർ 1988ൽ ലോൺ നൽകിയതിനു ശേഷമാണ് മൊൺസാന്തോവിന് ഇന്ത്യൻ മാർക്കറ്റിൽ പ്രവേശിക്കാൻ സാധിച്ചത്.

ഇന്ത്യയിലേക്ക് മികച്ച സാങ്കേതികത ലഭ്യമാക്കുന്നതിന് സഹായകമായെങ്കിലും ഇന്ത്യൻ കർഷകർ പരമ്പരാഗത രീതികളിൽ വിത്തുകൾ സംരക്ഷിച്ചതിനെയും സ്വന്തം നിലയിൽ വിത്തുസങ്കരണം നടത്തിയതിനെയും തകിടംമറിക്കാൻ ഇത് കാരണമായി. ഇന്ത്യയിൽ ഇന്ന് ഉൽപാദിപ്പിക്കുന്ന പരുത്തിയുടെ 90 ശതമാനത്തിനടുത്ത് മൊൺസാന്തോ സാങ്കേതികതയാണ് ഉപയോഗിക്കപ്പെടുന്നത്.

ജൈവരൂപങ്ങളെ പാറ്റന്റ് ചെയ്യുന്നതിന് ഇന്ത്യയിലെ നിയമങ്ങൾ എതിരാണ്. എന്നാൽ, മൊൺസാന്തോയുടെ വിത്തുകൾ ജനിതകവ്യതിയാനം വരുത്തിയവയും അതുകൊണ്ടുതന്നെ ഈ നിയമങ്ങൾക്ക് അതീതമായ പരിരക്ഷക്ക് അവ അർഹത നേടുകയും ചെയ്തിട്ടുണ്ട്. റോയിട്ടേഴ്സി​ന്റെ അഭിപ്രായത്തിൽ, 2017ൽ 41 ദശലക്ഷം ജി.എം പരുത്തി വിത്ത് പാക്കറ്റുകളാണ് ഇന്ത്യയിൽ വിറ്റഴിച്ചിട്ടുള്ളത്. ഇതിലൂടെ ലഭിച്ചിട്ടുള്ളത് ആറര ബില്യൺ ഇന്ത്യൻ രൂപയാണ് (97 മില്യൺ ഡോളർ). ഇതുമായി ബന്ധപ്പെട്ട കൂടുതൽ വായനകൾക്ക്: ‘Monsanto’s India Problem’ (MON, BAYN.DE) | Investopedia http://www.investopedia.com/news/monsantos-india-problem-monbaynde/#ixzz4oaCTprUJ

4. ബർക്ലിയിലെ കാലിഫോർണിയ സർവകലാശാല നടത്തിയ ഒരു പഠനമനുസരിച്ച് വിളവുകാലത്ത് ഒരു ഡിഗ്രി സെൽഷ്യസ് താപവർധനയുണ്ടായാൽ 67 കർഷകമരണങ്ങൾ കൂടുതലായി ഉണ്ടാകും. കാലാവസ്ഥാ വ്യതിയാനംമൂലം കഴിഞ്ഞ മൂന്നുദശകങ്ങളിൽ ഇന്ത്യയിൽ 60,000ത്തിലധികം കർഷകർ ആത്മഹത്യക്ക് ഇരകളായിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഇവിടെ വായിക്കാം: https://www.theguardian.com/environment/2017/jul/31/suicides-of-nearly-60000-indian-farmers-linked-to-climate-changestudy-claims

5. വിദർഭയിലെ കർഷക ആത്മഹത്യകളെക്കുറിച്ച് വിശദമായ അറിവിനായി PBS ‘Wide Angle’ ഡോക്യുമെന്ററി- The Dying Fields (directed by Fred de Sam Lazaro, 2008) കാണുക. “ഓരോ എട്ടു മണിക്കൂറിലും ഒരു കർഷകൻ ആത്മഹത്യ ചെയ്യുന്നു” എന്ന വിവരം ആ ഡോക്യുമെന്ററിയിൽനിന്നുള്ളതാണ്. ഇക്കാര്യം ന്യൂയോർക് ടൈംസിലും ഉദ്ധരിച്ചിട്ടുണ്ട്. New York Times review: http://www.nytimes.com/2007/08/28/arts/ television/28fiel.htm

6. 2016-17 സാമ്പത്തിക വർഷത്തിൽ അസോസിയേഷൻ ഓഫ് ഇന്ത്യ മുന്നോട്ടുവെച്ച ഉൽപാദന ലക്ഷ്യ നിർണയമാണ് ഇത്. അവലംബം: http://www.business-standard.com/ article/markets/cai-projects-33-60-million-bales-cotton-productionfor-2016-17-116083000417_1.html

7. തമിഴ്നാട്ടിൽ കഴിഞ്ഞ ഒരു ദശകത്തിൽ നെയ്ത്തുകാർ ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും തള്ളിനീക്കപ്പെട്ടത് ഞാനിന്നും ഓർക്കുന്നു. 2002ൽ സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ കക്ഷികൾ (ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും) കഞ്ഞിത്തൊട്ടി ആരംഭിക്കുന്നതിന് പരസ്പരം മത്സരിക്കുകയുണ്ടായി. ഇത്തരം കഞ്ഞിപ്പുരകളിലാണ് വിശക്കുന്ന നെയ്ത്തുകാർക്ക് ഭക്ഷണം കൊടുത്തിരുന്നത്. അവരുടെ കഷ്ടപ്പാടുകളെ ലഘൂകരിക്കുന്നതിനായി സന്നദ്ധസംഘടനകളും ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളും പള്ളികളും മതസ്ഥാപനങ്ങളും ഇത്തരത്തിൽ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്: Frontline ‘Weavers in Distress’, dated 17 August 2002, accessible here: http://www.frontline.in/static/ html/ fl1917/ 19171250.htm ഈ അടുത്തകാലത്തുള്ള റിപ്പോർട്ടിനായി കാണാം: http://blogs.timesofindia.indiatimes.com/ tracking-indian-communities/ tamilnadu-cotton-weaves-on-wane-get-a-boost/

8. Karl Marx, The Philosophy of Poverty, accessed from the Marxists Internet Archive: https://www.marxists.org/archive/marx/ works/ subject/ histmat/ pov-phil/ ch02.htm,

9. ‘‘1921 ആകുമ്പോഴേക്കും ബോംബെ മില്ലുകളിലെ തൊഴിൽശേഷിയുടെ 12 ശതമാനം അസ്പൃശ്യരായിത്തീർന്നു. റെയിൽവേയിൽ മില്ലുകളിലെ ഏറ്റവും അനഭികാമ്യമേഖലകളിലാണ് അസ്പൃശ്യർ നിയമിക്കപ്പെട്ടിരുന്നത്. 72 ശതമാനത്തിലധികം അസ്പൃശ്യ പുരുഷന്മാരെ ഉൾക്കൊള്ളിച്ചിരുന്നത് റിങ്-സ്പിന്നിങ് മേഖലയിലാണ്. അവിടെ മൊത്തം പുരുഷ ജോലിക്കാരിൽ 40 ശതമാനം ആയിരുന്നു ഈ വിഭാഗം. ഇത്തരം വിഭാഗങ്ങളിലുള്ളവരെ ഉയർന്ന പദവിയും കൂടുതൽ വരുമാനസാധ്യതയുമുള്ള നെയ്ത്ത് വിഭാഗങ്ങളിലേക്ക് അടുപ്പിച്ചിരുന്നില്ല.” അവലംബം: Morris David Morris, The Emergence of an Industrial Labour Force in India: A Study of the Bombay Cotton Mills 1854-1947, University of California Press, 1965 (pp. 75-79) as quoted in Mendelsohn and Vicziany, The Untouchables: Subordination, Poverty and the State in Modern India, Cambridge University Press, 1998, p. 89.

10. “അക്കാലങ്ങളിൽ മില്ലുകളിൽ ധാരാളം അപകടങ്ങൾ സംഭവിച്ചിരുന്നു. അവിടെ ജോലി ചെയ്യുന്നത് ഒട്ടും സുരക്ഷിതമല്ല എന്നാണ് തൊഴിലാളികൾ കരുതിയിരുന്നത്. ഉയർന്ന ജാതിയിൽപെട്ട തൊഴിലാളികൾ അവിടെ ജോലി ചെയ്യാൻ വിസമ്മതിക്കുന്നതിനാൽ അത്തരം ഇടങ്ങൾ അസ്പൃശ്യ തൊഴിലാളിക്കായി നീക്കിവെച്ചിരുന്നു” Paresh Majmundar: An Anatomy of Peaceful Industrial Relations, N.M. Tripathi Publishers, 1973, p. 120, digital archives from the University of Michigan (2008), quoted in Jan Breman, The Making and Unmaking of an Industrial Working Class, Amsterdam University Press, 2004, p.18

11. Salim Lakha, Capitalism and Class in Colonial India: The Case of Ahmedabad, Sterling Publishers, 1988, pp. 87-8, quoted in Breman, The Making and Unmaking of an Industrial Working Class, ibid, p. 17

12. Jan Breman, The Making and Unmaking of an Industrial Working Class: Sliding Down the Labour Hierarchy in Ahmedabad, India, Amsterdam University Press, 2004, p. 131.

13. സൗത്ത്ബറോ കമ്മിറ്റി മുമ്പാകെ ഡോ. അംബേദ്കർ നൽകിയ വക്കാലത്ത് (1919). അദ്ദേഹത്തി​ന്റെ ആദ്യത്തെ രാഷ്ട്രീയ ഇടപെടലുകളിൽ ഒന്ന് ഈ വിഷയവുമായി ബന്ധപ്പെട്ടതായിരുന്നു. രേഖകൾക്കിടയിൽനിന്ന് ലഭ്യമായ അദ്ദേഹത്തി​ന്റെ തെളിവുനിക്ഷേപത്തി​ന്റെ കൈയെഴുത്തുപ്രതി മാത്രമാണ് നമുക്കിപ്പോളുള്ളത്. അതിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: “ബോംബെ പ്രസിഡൻസിയിലെ മില്ലുകളിൽ ഇപ്പോഴും നെയ്ത്തുവിഭാഗത്തിൽ അസ്പൃശ്യരെ ജോലിചെയ്യാൻ അനുവദിക്കുന്നില്ല. ഒരവസരത്തിൽ ഒരു അസ്പൃശ്യൻ മുഹമ്മദീയനാണെന്നു പറഞ്ഞുകൊണ്ട് മില്ലിലെ നെയ്ത്തുവിഭാഗത്തിൽ ജോലിക്കു കയറുകയുണ്ടായി. എന്നാൽ, സത്യം കണ്ടെത്തിയതോടെ അയാളെ ക്രൂരമായി തല്ലിച്ചതയ്ക്കുകയുണ്ടായി.” Dr. Babasaheb Ambedkar: Writings and Speeches, Volume 1, p. 274. Accessible online here: https:// www.mea.gov.in/Images/attach/amb/Volume_01.pdf.

News Summary - weekly articles