ശരശയ്യ
രോഗം മനുഷ്യനെ ശുദ്ധിചെയ്യുകയാണ്, ശ്രദ്ധക്ക്. അത്രടം മറ്റുള്ളോർക്ക് വേണ്ടത്ര ശ്രദ്ധയേകാൻ മറന്നവർ മെല്ലെ പുറത്തേക്കും നീട്ടിത്തുടങ്ങുന്നു, മനസ്സ്. അതോടെ മിഴി തുറക്കുന്ന ഒരുൾനോക്കുണ്ട്.കാഫ്ക ഒരിക്കലെഴുതി, ‘‘ആരോഗ്യമുള്ളവർ രോഗികളെ ഒഴിവാക്കുന്നു, രോഗികൾ അരോഗികളെയും.’’ സ്വാനുഭവമാവാം, കാഫ്ക പൊറുക്കട്ടെ, ഇൗ അനുബന്ധത്തിന്-ദീനനേരത്ത് സമാനചിത്തരോട് ഐക്യഭാവന തോന്നും, മനസ്സിന്. ആശുപത്രിക്കിടക്കയിൽ വിശേഷിച്ചും. കൂട്ടിരിപ്പുകാരിൽ പോലുമുണ്ടത്. സഹതാപമല്ല അനുതാപം. രോഗമില്ലാതിരിക്കെ ഇല്ലെന്നല്ല. ഉള്ളപ്പോൾ കൂടുതൽ പ്രകടം, മിഴിവ്. നിസ്സഹായത തൊട്ടറിവായതിന്റെ ഫലം, ഒരുപേക്ഷ. ഏലാപ്പിൽ എങ്ങനെ ...
Your Subscription Supports Independent Journalism
View Plansരോഗം മനുഷ്യനെ ശുദ്ധിചെയ്യുകയാണ്, ശ്രദ്ധക്ക്. അത്രടം മറ്റുള്ളോർക്ക് വേണ്ടത്ര ശ്രദ്ധയേകാൻ മറന്നവർ മെല്ലെ പുറത്തേക്കും നീട്ടിത്തുടങ്ങുന്നു, മനസ്സ്. അതോടെ മിഴി തുറക്കുന്ന ഒരുൾനോക്കുണ്ട്.
കാഫ്ക ഒരിക്കലെഴുതി, ‘‘ആരോഗ്യമുള്ളവർ രോഗികളെ ഒഴിവാക്കുന്നു, രോഗികൾ അരോഗികളെയും.’’
സ്വാനുഭവമാവാം, കാഫ്ക പൊറുക്കട്ടെ, ഇൗ അനുബന്ധത്തിന്-ദീനനേരത്ത് സമാനചിത്തരോട് ഐക്യഭാവന തോന്നും, മനസ്സിന്. ആശുപത്രിക്കിടക്കയിൽ വിശേഷിച്ചും. കൂട്ടിരിപ്പുകാരിൽ പോലുമുണ്ടത്. സഹതാപമല്ല അനുതാപം. രോഗമില്ലാതിരിക്കെ ഇല്ലെന്നല്ല. ഉള്ളപ്പോൾ കൂടുതൽ പ്രകടം, മിഴിവ്. നിസ്സഹായത തൊട്ടറിവായതിന്റെ ഫലം, ഒരുപേക്ഷ. ഏലാപ്പിൽ എങ്ങനെ പുലർന്നുപോകാമെന്ന ചിന്ത. അതാണ് അനുതാപം ജനിപ്പിക്കുക, പ്രത്യാശയും.
രോഗം മനുഷ്യനെ ശുദ്ധിചെയ്യുകയാണ്, ശ്രദ്ധക്ക്. അത്രടം മറ്റുള്ളോർക്ക് വേണ്ടത്ര ശ്രദ്ധയേകാൻ മറന്നവർ മെല്ലെ പുറത്തേക്കും നീട്ടിത്തുടങ്ങുന്നു, മനസ്സ്. അതോടെ മിഴി തുറക്കുന്ന ഒരുൾനോക്കുണ്ട്. സ്വാർഥത്തിനപ്പുറം, ഉപേക്ഷക്കപ്പുറം, ഗർവിനും കളിതമാശക്കുമെല്ലാമപ്പുറം. താൻ ഇതെന്തെന്ന സരള ചോദ്യത്തിലേക്ക്. ചിലരിലെങ്കിലും അതൊരു ലീനമായ മാറ്റമുണ്ടാക്കാം -അൽപായുസ്സാണതെങ്കിലും. സ്വയം മാറാനൊന്നും സ്വതവേ തയാറല്ല മനുഷ്യൻ, കാതലായി മാറാൻ തീരെയും. രോഗം ശമിക്കയോ ഭേദം ഭവിക്കയോ ചെയ്യുന്നവാറേ ആൾ തിരിച്ചുകയറും, പഴയ മൂശയിലേക്ക്. കാരണം, അതാണ് അയാളുടെ സ്വസ്ഥിമേട.
ഭംഗിവാക്കൊക്കെ പറയും, താനായിരിപ്പതിലെ ആർജവത്തെപ്പറ്റി. ഈ ‘താൻ’ പക്ഷേ, തന്നിലെ താനല്ല, താൻ ഇഷ്ടപ്പെടുന്ന മാനസരൂപം മാത്രം -ആയിത്തീരാൻ കൊതിക്കുന്നത്, മറ്റുള്ളോർക്ക് മുന്നിൽ പിടിക്കുന്നത്. യാഥാർഥ്യവും പ്രതീതിയുമായി വേർതിരിഞ്ഞുള്ള ഇരട്ടസ്വരൂപം. സത്യത്തിൽ രണ്ടേയുള്ളോ? വ്യക്തിവേറ് കാട്ടാൻ നമ്മൾ ഉറേപ്പാടെ പറയുന്നൊരു ആംഗലപദമുണ്ടല്ലോ –individual. ‘ഉള്ളാലേ അഭാജ്യം’ എന്ന് വാഗർഥം. ജീവിതത്തിൽ അതങ്ങനെയാണോ? ഒരു വ്യക്തിയും ഏകവചനമല്ല. പലപ്പോഴും ബഹുവചനം, ചിലപ്പോൾ ബഹുലവചനം.
പറയാറുണ്ട്, സാഹചര്യത്തിന്റെ സൃഷ്ടിയാണ് മനുഷ്യനെന്ന്. യഥാർഥത്തിൽ, മുഹൂർത്തത്തിന്റെ സൃഷ്ടിയാണയാൾ. ഉള്ളിലെ വ്യത്യസ്ത വ്യക്തിത്വങ്ങൾ ഓരോന്നും മുഹൂർത്താനുസൃതം പൊന്തിവരുകയാണ്. വിശപ്പിന് മുന്നിൽ, വെറുപ്പിന് മുന്നിൽ, വികാരങ്ങൾക്കു മുന്നിൽ... മുദ്രാവാക്യത്തിനു മുന്നിൽ, സംഗീതത്തിന് മുന്നിൽ, സ്നേഹത്തിന് മുന്നിൽ... ചോരക്കും മാംസത്തിനും കണ്ണീരിനും മുന്നിൽ... അങ്ങനെയങ്ങനെ. മനുഷ്യവ്യക്തി ഒരാളല്ല, ഒരേ ദേഹക്കൂടിൽ ഒരുപാടാളാണ്. കവി കളിയായ് ചോദിച്ചു, ‘‘ഒരു പേരിലെന്തിരിക്കുന്നു?’’ കളിയാതെ പറയാം, ഒരു പേരിൽ ഒരുപാടുപേരിരിക്കുന്നു. അവരെയെല്ലാമൊന്നും പേരിന്റെ ഉടമക്കുപോലും പരിചയം പോരാ. വ്യക്തിത്വത്തിന്റെ ബഹുവചനത്തെ ദൃഷ്ടികാചത്തിൽ കൊണ്ടുവരുകയാണ്, രോഗം.
രോഗസന്നിധിയിൽ നോക്ക് തന്നിലേക്ക് ചൂഴും. ഇഷ്ടപ്പെടുന്ന സ്വ-രൂപത്തിനും ഉള്ളിലേക്ക്. അകത്തിന്റെ അടരുകളിലൂടെ അത് മെല്ലെ ഊളിയിടും. ഉള്ളിലുള്ള പലരെയും ഇതാദ്യമായി കണ്ടുമുട്ടും. അത്തരം കണ്ടെത്തലുകളാണ് മാറ്റമുണ്ടാക്കുക. മനപ്പൂർവമല്ലാത്ത മനംമാറ്റം. എങ്കിലുമുണ്ട് ചിലരെങ്കിലും. ദീനസന്നിധിയിലും വാചാലർ. ‘ഞാനും എന്റെ സൂക്കേടും’ എന്ന വിഷയത്തിൽ ഉപന്യസിച്ചുകൊണ്ടേയിരിക്കും. രോഗത്തിന്റെ ജാതകം, ശാസ്ത്രം, ധനതത്ത്വം... ഒക്കെ വിസ്തരിക്കും. വൈദ്യന്മാരുടെ നൈപുണിക്ക് മേലുള്ള മൂല്യനിർണയം വേറെ. എല്ലാത്തിനും അടിവര ഞാൻ, ഞാൻ, ഞാൻ. രോഗം ഒരവസരമാണ്, തന്നിലേക്കുള്ള ശ്രദ്ധ നേടലിന്. അല്ലാത്തപ്പോൾ കൊതിക്കുന്നത് ഇതിപ്പോൾ തരമാവുന്നു. കേട്ടുനിൽക്കുന്നോരുടെ ഔചിത്യദീക്ഷ അതിനൊരു മുതൽക്കൂട്ട്.
ഗരിമ കാട്ടാനുള്ള വേദിയായി രോഗീസന്ദർശനത്തെ വസൂലാക്കുന്നവരുണ്ട്. രോഗവിജ്ഞാനം, ആശുപത്രിയുടെ കുഴപ്പം, വൈദ്യശാസ്ത്രത്തിന്റെ പോരായ്മകൾ... ഗിരിപ്രഭാഷണം അങ്ങനെ പന്തലിക്കും. ആത്മീയോപദേശങ്ങളുടെ വിന്യാസവേളയായി സന്ദർഭത്തെ പ്രയോജനപ്പെടുത്തുന്നവർ വേറെ. ‘മരുന്നും മന്ത്രവും’ എന്ന പഴമ്പല്ലവിക്ക് മറയിലെ പ്രചാരവേല. നിസ്സഹായതയുടെ നനനിലം കുഴിക്കാൻ എത്രയെളുപ്പം.
രോഗമേതാകിലും ചികിത്സയെപ്പറ്റി അഭിപ്രായമില്ലാത്തോരില്ല. ജീവശാസ്ത്രമോ ഔഷധശാസ്ത്രമോ തരിമ്പും വശമില്ലെങ്കിലും പുറപ്പെടുവിക്കും, വിദഗ്ധമതം. മറ്റൊരിടത്തെ വൈദ്യര്, മറ്റുള്ളോരുടെ അനുഭവംതൊട്ട് സമാന്തര ചികിത്സയും ഒറ്റമൂലിയും വരെ. മൊബൈൽ ഫോണിന് നന്ദി –മലയാളക്കരയിൽ ഇന്ന് രണ്ടിലൊരാൾ യൂട്യൂബ് ഡയറ്റീഷൻ, രണ്ടിൽ രണ്ടും ഗൂഗ്ൾ ഡോക്ടർ. അങ്ങനെ, രോഗക്കിടക്കമേൽ നിലക്കാത്ത ജ്ഞാനപ്പാന. ഈ ജ്ഞാനസ്നാനത്തിൽ മുങ്ങിപ്പൊന്തുന്ന രോഗിയും ബന്ധുജനവും ആധിപിടിക്കും –ഇപ്പോൾ ചെയ്യുന്നത് മതിയോ? സമ്പ്രദായംതന്നെ മാറ്റണോ? മാറ്റാതിരുന്നാൽ ബുദ്ധിമോശമാവുമോ? മാറ്റിയാൽ അബദ്ധമാകുമോ? അങ്ങനെ, വ്യാധിക്കുമേൽ ആധി പുതിയ വ്യാധി.
കളി ഇവ്വിധം പുഷ്ടിപ്പെടാൻ ഒരു കളം വേണം. അതാണ് നമ്മുടെ ചികിത്സാലയ മേഖല. രോഗം ഇവിടെ മികച്ച വാണിഭം. രോഗി ഉപഭോക്താവും. ആരോഗ്യം ഉറപ്പല്ലെങ്കിലും രോഗം കട്ടായം –പുരയിലിരുന്നാലും പുറത്തിറങ്ങിയാലും, പ്രിയം പുലർന്നാലും പഥ്യം പിടിച്ചാലും. അതുകൊണ്ട് ഉപഭോക്തൃ ലഭ്യതയിൽ ഉറപ്പ് നൂറ്റൊന്ന് ശതമാനം. നമ്മുടെ കുഞ്ഞു സംസ്ഥാനത്തെ ആശുപത്രി സാന്ദ്രത നോക്കൂ. മുക്കിന് മുക്കിന് ക്ലിനിക്കുകൾ, ചെറുപട്ടണങ്ങളിൽ സൂപ്പർ സ്പെഷാലിറ്റികൾ, പട്ടണങ്ങളിൽ മെഡിക്കൽ കോളജുകൾ, പഞ്ചനക്ഷത്ര മെഡിസിറ്റികൾ.
സമാന്തരമായി നാടൊട്ടുക്ക് ആയുർവേദ, ഹോമിയോ കേന്ദ്രങ്ങൾ. യൂനാനി, സിദ്ധ, ആദിവാസി, അക്യുപങ്ചറാദി വേറെയും. ഓരോന്നും വാഗ്ദാനം ചെയ്യുംമാതിരി രോഗഭേദവും ആരോഗ്യക്ഷേമവുമാണ് നാട്ടുനടപ്പെങ്കിൽ രോഗികൾ ഗണ്യമായി കുറയും, ഇത്രയും ചികിത്സാലയങ്ങൾ ആവശ്യമില്ലാതാവും. ഡിമാൻഡ് അനുസരിച്ചല്ലോ ഏതു വാണിഭത്തിലും സപ്ലൈ? ഇവിടെ ഡിമാൻഡ് സദാ ഉയരുന്നു എന്നതിനർഥം രണ്ടാണ്. ഒന്ന്, നാട്ടിലെ ആരോഗ്യക്ഷേമം ദരിദ്രം. രണ്ട്, ചികിത്സാലയവൃന്ദം കാതലിൽ പരാജയം. രണ്ടായാലും രണ്ടിേലതായാലും വാണിയം ജയിക്കുന്നു, മാനവം തോൽക്കുന്നു.
രോഗവാണിഭത്തിൽ ഉപഭോക്താക്കൾ മാത്രമല്ല ജനത, ഇരകളുമാണ്. മുമ്പ്, പ്രതിരോധവൈദ്യം എന്ന ആരൂഢത്തിലായിരുന്നു പൊതുജനാരോഗ്യ നയം. അങ്ങനെ രൂപപ്പെടുത്തിയതാണ് പ്രാഥമികാരോഗ്യ കേന്ദ്രം, താലൂക്കാശുപത്രി, ജില്ല ആശുപത്രി, റഫറൽ മെഡിക്കൽ കോളജ് എന്നീ നാലു തട്ടുള്ള വ്യവസ്ഥിതി. ഇതിൽ പ്രഥമന്റെ പ്രാഥമിക ദൗത്യംതന്നെ രോഗം വരാതെ കാക്കൽ. ചുറ്റുവട്ടത്തെ പൗരാവലിയുടെ ജീവിതം അടുത്തറിയുന്ന കുടുംബഡോക്ടർ –അവ്വിധമാണ് ഇൗ പ്രഥമകേന്ദ്രത്തിലെ വൈദ്യന്റെ ഭാവരൂപം.
മേലേ തട്ടുകളിലേക്ക് രോഗി പോകേണ്ടതുണ്ടോ ഇല്ലേ എന്നത് അയാളുടെ നിർണയം. ഇത്തരമൊരു ചികിത്സാസമീപനം പക്ഷേ, രോഗവാണിഭത്തിന് വിഘാതം. എന്തുമേതും വിലക്കെടുക്കാമെന്ന മനോഭാവം ജീവിതചര്യയായതോടെ ആരോഗ്യവും കയറിപ്പറ്റി ആ ക്രയവിക്രയപ്പട്ടികയിൽ. അതോടെ പെരുകി സ്വകാര്യാശുപത്രികൾ. അതിവേഗം അത് ആരോഗ്യവിപണിയുടെ മേൽത്തട്ടായി. ഇടത്തട്ടായി മിഷനാശുപത്രികൾ, താഴേക്കിടയായി സർക്കാർ തട്ട്. തകിടം മറിഞ്ഞ വ്യവസ്ഥിതിക്ക് സമീപനവും കീഴ്മേൽ: പ്രതിരോധമല്ല പ്രഥമം അനുരോധം.
നാട്ടുനടപ്പിൽനിന്ന് കണ്ണെടുക്കാം, രോഗശയ്യയിലേക്ക്. ഇപ്പറഞ്ഞ, വ്യവഹാരമത്രയും ചലിക്കുന്നത് ഒരൊറ്റ നങ്കൂരത്തിലാണ് –മരണഭയം. രോഗിയിൽ അത് മൂർത്തം. ചുറ്റിലുമുള്ളവരിൽ അമൂർത്തം. രണ്ടിലും പേടിതന്നെ മർമം. അതിന്മേലുള്ള വ്യവഹാരമാണ് വൈദ്യൻ തൊട്ട് വിപണി വരെ പല പ്രകാരേണ നിർവഹിക്കുക. വൈദ്യൻ പറയുക, സാധ്യതകളുടെ സാങ്കേതികത്വം. തീർത്തും ഉറപ്പിച്ചുപറയുക ശരിയായ വൈദ്യശാസ്ത്രമല്ല (ഉറപ്പ് പറയുന്ന വൈദ്യരെ സംശയിക്കണം). കാരണം, സാധ്യതകളുടെ വസ്തുനിഷ്ഠ വിവരണമാണ് ശാസ്ത്രം. അതിനില്ല, അവസാനവാക്ക് -വൈദ്യനത് കൽപിക്കാനാവില്ലെങ്കിലും രോഗി ഇച്ഛിക്കുന്നത് അത് മാത്രം. കാരണം, അയാളിലേത് തികച്ചും ജൈവമായ ഭയം. അതിന്റെ നേർമുഖത്ത് വിവരസാമർഥ്യങ്ങളുടെ വായാട്ടം മേൽത്തരം അസംബന്ധം, അശ്ലീലം. യുക്തികൃത്രിമങ്ങളാൽ ജൈവഭയത്തെ റദ്ദാക്കാനാവില്ല. പേടിയല്ല ആ ഭയം, മുനിഞ്ഞെരിയുന്ന ഉമിത്തീയാണ്, ഉൾനോവിന്റെ.
ഒാർത്തുനോക്കൂ –സൂക്കേട് ആദ്യമാദ്യം സൗഖ്യനഷ്ടത്തിന്റെ അസ്വസ്ഥത ഉളവാക്കും. സുഖം മടക്കി കിട്ടാൻ വൈകുന്തോറും ആധി കവരും മനസ്സിനെ. പിന്നെപ്പിന്നെ ഉള്ളിലുറഞ്ഞതും ഉറച്ചതുമൊക്കെ അഴിഞ്ഞുലഞ്ഞ ഒരു ദ്രവതയിലേക്ക് ഇഴുകും. ശിഷ്ടം ശിരസ്സുമാത്രം. ഭ്രമക്കിനാവിലെപ്പോലെ, അതുമാത്രം പ്രവർത്തിക്കുന്നതായി തോന്നും. ജീവിതം നിരാസതയുടെ വഴിക്ക് വഴുതുകയായി. യാതനയുടെ ശരിയായ അർഥം പക്ഷേ അസ്വസ്ഥത എന്നല്ല. വിരാമത്തിന്റെ വിരൽമുനകളിൽ അമർന്നുപോകുന്ന ജീവിതത്തിന്റെ നിസ്സഹായതയാണ്. സന്നിഹിതമല്ലെങ്കിലും മരണം പ്രച്ഛന്നഭാവങ്ങളിൽ മുഖംതരികയാണിവിടെ. മരണം ജീവിതത്തിന്റെ കൂടപ്പിറപ്പായതുകൊണ്ട് ഇൗ മനോനില ഒഴിവാകില്ല ആർക്കും. ജീവിതവും മരണവും തമ്മിലെ പോരാട്ടത്തിന്റെ നാടകീയ മുഹൂർത്തങ്ങളാണ് ഇവ.
ഇൗ കുഴമറിയലിൽ ഭാവനാപരമായി ഒന്നുമില്ല. ഒാരോ യാതനയും അതിന്റെ മുദ്രയിട്ടുപോകുന്നു. ആ പച്ചകുത്തിന്റെ സൂചിസ്പർശമാണ് രോഗമേതും. ചിലത് ലീനം, ചിലത് സ്പഷ്ടം. എവ്വിധമാകിലും, മരണത്തിലേക്കുള്ള പ്രഗതി അടയാളപ്പെടുത്തുകയാണ് ഒാരോ രോഗേവളയും. ആർക്കും അത് ഉൾക്കൊള്ളാനിഷ്ടമല്ല. മരിക്കാൻ ആശിക്കുന്നോർക്ക് പോലുമുണ്ടൊരു നിരാശ –ശൂന്യതയിലേക്ക് സ്വയം ഉേപക്ഷിക്കുന്നതിന്റെ. സ്വന്തം ജീവിതം എതിരു നിൽക്കുന്നതിന്റെ ഉൾനോവ്. ഇൗ നോവിന്റെ ഇൗശൽഭേദങ്ങളാണ് പലതോതിൽ പ്രതിഫലിപ്പിക്കുന്നത് ഏത് രോഗവും –പ്രതിവിധിയുള്ളതും ഇല്ലാത്തതും. ദേഹനോവിനേക്കാൾ ആഴമുണ്ടതിന്, നേരും.
ജീവിതത്തിലെ എല്ലാ പ്രധാന കാര്യങ്ങളും പേറുന്നുണ്ട്, മരണമുദ്ര –ചോരയും കണ്ണീരും വേദനയും രോഗവും. അവിടെ സാമർഥ്യങ്ങൾക്കും സാരോപദേശങ്ങൾക്കും മനസ്സിന് ദിശാമാറ്റം വരുത്താൻ ശേഷിയില്ല. ചുമ്മാ പറഞ്ഞുപോകാമെന്ന് മാത്രം. കാരണം, വിചാരം ഒരാവിഷ്‍കാരമാണ്, സിരാവ്യവഹാരം. അതിനില്ല, സംയോജിതമായ രൂപശിൽപമോ യുക്തിന്യായ പൊരുത്തമോ. എന്നാലും, ഇത് രണ്ടും തരപ്പെടുത്താറുണ്ട് മനുഷ്യർ -അഭിപ്രായം പറച്ചിലിൽ.
ശ്രദ്ധിക്കുക, അതൊരു ‘തരപ്പെടുത്തലാ’ണ് –കൃത്രിമം. സന്ദർഭത്തിന്റെ ആവശ്യാനുസൃതം എലുക നിർണയിച്ച് ചെത്തിയൊരുക്കപ്പെടുകയാണ്. അപ്പോഴും, അതിനപ്പുറവുമുണ്ട് വിചാരത്തിന്റെ ധാരബാക്കി. അതിനില്ല വാലും ചേലും. ഉണ്ടാക്കി സമാശ്വസിക്കയാണ് നാവേറുകാർ –കൃത്രിമശാന്തി. രോഗശയ്യയിലെ എല്ലാത്തരം ശാന്തിദൂതും പേറുന്നു ഈ വിധി –അനുഭവസാക്ഷ്യം, വിദഗ്ധവാണി, പോസിറ്റിവ് തിങ്കിങ്, മോട്ടിവേഷൻ കൗൺസലിങ് ഇത്യാദി അസ്ഥാന ഫലിതബിന്ദുക്കൾ. രോഗസന്നിധിയിൽ മൗനം. അതല്ലേ അർഥവത്തായ ശ്രദ്ധ, കരുതൽ? രോഗി മിണ്ടിക്കോട്ടെ. ജൈവമായൊരു ഭയത്തിന്റെ രക്ഷാവാല്‍വാണ് ആ സംസാരം, അതിന്റെ സകലമാന മൗഢ്യത്തോടെയും.