മനോജ് നടന്ന കവിതാവഴികൾ
കവി ആർ. മനോജ് വിടവാങ്ങിയിട്ട് നവംബർ 15ന് ഒമ്പത് വർഷമാകുന്നു. മനോജിന്റെ കവിതാവഴികളെ ഒാർമിക്കുകയാണ് കവികൂടിയായ ലേഖകൻ.മനോജിനെക്കുറിച്ച് ഓർമിക്കുമ്പോഴെല്ലാം വിങ്ങലാണ് മനസ്സിൽ. ആ ദിവസത്തെക്കുറിച്ചോർക്കാനേ വയ്യ. ചെറിയ ചിരിയോടെ ടൗൺ എൽ.പി.എസിന്റെ പടി കയറി വരുന്ന മനോജാണ് മുന്നിൽ നിൽക്കുന്നത്. അവൻ എവിടെയും ഉണ്ടായിരുന്നു. ആൾക്കൂട്ടത്തിൽ, ഏകാന്തതയിൽ, ബാറിൽ, ബസ് സ്റ്റാൻഡിൽ, നാടക റിഹേഴ്സൽ ക്യാമ്പിൽ... മനോജ് നെടുമങ്ങാട്ടുകാരനുമായിരുന്നു....
Your Subscription Supports Independent Journalism
View Plansകവി ആർ. മനോജ് വിടവാങ്ങിയിട്ട് നവംബർ 15ന് ഒമ്പത് വർഷമാകുന്നു. മനോജിന്റെ കവിതാവഴികളെ ഒാർമിക്കുകയാണ് കവികൂടിയായ ലേഖകൻ.
മനോജിനെക്കുറിച്ച് ഓർമിക്കുമ്പോഴെല്ലാം വിങ്ങലാണ് മനസ്സിൽ. ആ ദിവസത്തെക്കുറിച്ചോർക്കാനേ വയ്യ. ചെറിയ ചിരിയോടെ ടൗൺ എൽ.പി.എസിന്റെ പടി കയറി വരുന്ന മനോജാണ് മുന്നിൽ നിൽക്കുന്നത്. അവൻ എവിടെയും ഉണ്ടായിരുന്നു. ആൾക്കൂട്ടത്തിൽ, ഏകാന്തതയിൽ, ബാറിൽ, ബസ് സ്റ്റാൻഡിൽ, നാടക റിഹേഴ്സൽ ക്യാമ്പിൽ... മനോജ് നെടുമങ്ങാട്ടുകാരനുമായിരുന്നു. കവിതയുടെ രാത്രിയിലും പകലിലും അവൻ ഞങ്ങളോടൊപ്പം ആടി... പാടി... ഒരു കവിത വായിച്ച് അവൻ വെറുതെ ഇറങ്ങിപ്പോയില്ല. മൗലികമായ കവിതകൊണ്ട് ഉള്ളാഴങ്ങളിൽ അവൻ താമസമാക്കി. അവന്റെ ഓർമയെ കൈവിടുന്നതെങ്ങനെ.
സൗഹൃദംപോലെ ദൃഢമായ കവിതകൾകൊണ്ടാണ് അവൻ കൂട്ടുകാരുടെ മനസ്സിൽ താമസമാക്കിയത്. സ്വന്തം കവിത എന്താണെന്ന് തിരിച്ചറിഞ്ഞ കവിയാണ്. വാരികകളിൽ പ്രസിദ്ധീകരിക്കാത്തതും, അച്ചടിശാലകളിൽ ആഘോഷിക്കാത്തതുമായ കവിതയാണ് തന്റേതെന്ന് തിരിച്ചറിഞ്ഞ, കവിതകളെക്കുറിച്ച് അവകാശവാദം ഇല്ലാത്ത അപൂർവം കവികളിലൊരാളായിരുന്നു. കവിത കേട്ടുകേൾവിയാണെന്ന് സധൈര്യം പറഞ്ഞ കവിയുമാണ്. പുതിയ കവിതയുടെ ശക്തനായ പ്രതിനിധി ആയിരുന്നു. ആഖ്യാനത്തെയും ആവിഷ്കാരത്തെയും അടിമുടി മാറ്റാൻ മനോജിന് കഴിഞ്ഞു. അലങ്കാരമോ ആഡംബരമോ ഇല്ലാതെ നേരിട്ട് ആ കവിതകൾ വായനക്കാരോടൊപ്പം നടന്നു. ‘താമരക്കുളത്ത് പോകുന്ന വഴിക്കാണോ’ എന്ന കവിത ഇതിനുദാഹരണമാണ്.
‘‘വൈദ്യുത ദീപങ്ങളില്ലാതെയും
ടാറു റോഡുകളല്ലാതെയും
വാഴത്തോട്ടങ്ങൾക്കിടയിൽ വയലിൽ
കായലിന്റെ കരയിൽ
മീൻ പിടിക്കുന്ന കുട്ടികൾക്കിടയിൽ
അവരുടെ കാമത്തിലും ചിരിയിലും
കളിയിലും ഉന്മാദത്തിലും പ്രതിഫലിക്കുന്ന രാജ്യങ്ങളുണ്ട്.
അതിന്റെ തീരത്തുള്ള വഴികൾ
താമരക്കുളത്തിന്റെ അടുത്താണ്.
അതുവഴി പോകുന്നത് കാമുകരാണ്.’’
കവിത ഇങ്ങനെ അവസാനിക്കുന്നു. നോക്കൂ, ഈ ചെറിയ കവിതയിൽ കടന്നുവരുന്ന മീൻ പിടിക്കുന്ന കുട്ടികൾ... കാമുകന്മാർ പോകുന്ന വഴികൾ...
താമരക്കുളത്താണ് താമസിക്കുന്നതെന്ന് തോന്നിയില്ലേ ഈ കവിത വായിക്കുമ്പോൾ.
കവിതയെക്കുറിച്ചുള്ള തെറ്റായ ധാരണകളെ തിരുത്താൻ ശ്രമിച്ച കവിയാണ്. സാധാരണക്കാരോടൊപ്പം നടന്നും സാധാരണ ജീവിതം നയിച്ചും മഹത്തായ കവിതകൾ വായിച്ചുമാണ് മനോജ് കവിതയിൽ തന്റെ അസാധാരണമായ വഴി വെട്ടിയത്. കവിതയിൽ സ്ഥാപിതമായ മാമൂലുകളെ വെട്ടിമാറ്റാൻ മനോജ് ആവുന്നതും ശ്രമിച്ചു. അതിൽ വിജയിച്ചോ പരാജയപ്പെട്ടോ എന്ന് നോക്കിയിട്ടുമില്ല. പക്ഷേ, ഈ കവിതകളെ പിന്തുടരുന്ന നല്ല വായനക്കാരന്/ വായനക്കാരിക്ക് ഈ കവിതകളുടെ ആഴം മനസ്സിലാകാതിരിക്കില്ല.
ലളിതമായ ആവിഷ്കാരങ്ങളാണെന്ന് തോന്നുമെങ്കിലും മനോജിന്റെ കവിതക്ക് ഒറ്റ വായനയിലൂടെ പടർന്നുള്ളിൽ കയറാനുള്ള ശക്തിയുണ്ട്. വരികളുടെ ഇടയിലുള്ള അകലത്തിൽ അതിന് കൂടുതൽ ശക്തിസൗന്ദര്യമുള്ളതായി അനുഭവപ്പെടും.
‘‘പാവപ്പെട്ട ഒരു പെണ്ണിനെ
മണ്ണിൽ കൊണ്ടുവച്ചു
അവളുടെ അടിപ്പാവാട കീറി.
ബ്ലൗസഴിഞ്ഞു, മുടിയഴിഞ്ഞു.
ഒരു ഉണക്കമീൻ കഷണം അടുത്ത് കിടന്നിരുന്നു.
അത് തിന്നാൻ പൂച്ചകൾ വന്നു.
കാക്കകൾ വന്നു, പരുന്തും
കിള്ളൂറാനും വന്നു.’’
ആശയങ്ങളുടെ നിർത്താത്ത ഒഴുക്കാണ് മനോജിന്റെ മിക്ക കവിതകളുടെയും ആന്തരിക തലത്തിൽ പ്രവർത്തിക്കുന്നത്. പ്രത്യക്ഷത്തിൽ അതിന്റെ സൂചനയൊന്നും കാണില്ലായെന്ന് തോന്നുമെങ്കിലും വായനയിൽ പുതിയ ഭാവുകത്വം നിർമിക്കുന്ന കവിതകളാണ് മനോജിന്റേത്. അതിനുദാഹരണമാണ് ‘പുഷ്പവാടി’ എന്ന കവിത.
പഴയതും പുതിയതുമായ കവിതകളെക്കുറിച്ചുള്ള പഠനങ്ങളും മനോജിന്റേതായുണ്ട്. എ. അയ്യപ്പന്റെയും ഡി. വിനയചന്ദ്രന്റെയും കവിതകളെ സൂക്ഷ്മമായി വിലയിരുത്താൻ മനോജ് ശ്രമിച്ചു. കവികളിൽനിന്നും ഇത്തരം മികച്ച പഠനങ്ങൾ അപൂർവമായേ ഉണ്ടായിട്ടുള്ളൂ.
സമകാലികരായ കവികളുമായിട്ടും നല്ല സൗഹൃദത്തിലായിരുന്നു. ഡി. വിനയചന്ദ്രന്റെ കവിതകളുമായിട്ടുള്ള അടുപ്പം ‘ഡി. വിനയചന്ദ്രൻ പോകുന്നു’ എന്ന കവിതയിലുണ്ട്.
ഡി. വിനയചന്ദ്രൻ
പൊതുവാഹനങ്ങളിൽ സഞ്ചരിക്കുന്നു
ചന്തയ്ക്കും ഊണിനും പോയ് വരുന്നു.
കൊച്ചുകുട്ടികൾക്ക് പേരിടുന്നു.
ശുഭ ശക്തികൾക്കുവേണ്ടി പാടുന്നു.
ചിലപ്പോൾ കവി
ചിലപ്പോൾ കാൽനടക്കാരൻ
ചിലപ്പോൾ ക്ലാസ് അധ്യാപകൻ
ചിലപ്പോൾ സാഹസി
വിനയചന്ദ്രൻ
പാതിവഴിയിൽ നിന്നു.
പശുക്കുട്ടിയെ കണ്ടു. പൂച്ചകളെ കണ്ടു
കടുപ്പത്തിൽ ഒരു ചായ കുടിച്ച്
അഖില ബാന്ധവത്തിലേക്ക് നടന്നു.
വിനയചന്ദ്രൻ എന്ന കവി കവിതയുടെ തുറസ്സിലൂടെ സ്വതന്ത്രനായി നടന്നുപോകുന്നത് ഈ കവിതയിൽ കാണാൻ കഴിയും.
നാവായിക്കുളത്തുനിന്ന് നെടുമങ്ങാട് വഴി മനോജ് സഞ്ചരിച്ചത് മലയാളത്തിന്റെ വിശാലമായ പച്ചപ്പിലേക്കാണ്. അതുവഴി മറ്റാരും കാണാത്ത കാഴ്ചകൾ കണ്ടു. ഭാഷയെ കപടമായി സ്നേഹിച്ച വെറുമൊരു അക്കാദമിക പണ്ഡിതനല്ലായിരുന്നു മനോജ്. ‘ക്ലാസിക് ഭാഷകൾ’ എന്ന കവിതയിൽ ഭാഷയുടെ നിലനിൽപ്പിനെക്കുറിച്ച് ഉത്കണ്ഠപ്പെടുന്ന ഒരു കവിയെ കാണാൻ കഴിയും.
ഭാഷോൽപത്തിയെക്കുറിച്ചുള്ള
സംവാദം നടക്കുന്നു
ഭാഷ ക്ഷയിക്കാറായെന്നും പറയുന്നു.
ജനനത്തെക്കുറിച്ചുള്ള
കെട്ടുകഥകൾ
പിതാമഹന്മാർ ചരിഞ്ഞിട്ടും പറയുന്നു.
മൈനാകം എന്ന്
പർവതം ഉണ്ടായിരുന്നു.
ഒരേസമയം പല അവതാരങ്ങളുമുണ്ടായിരുന്നു.
പഴയ കഥകൾ കഴിഞ്ഞിട്ടും
ഇപ്പോൾ പ്രശംസ പറയുന്നു.
ഭാഷയെക്കുറിച്ച്
എങ്ങനെ നശിക്കുമെന്നുള്ള
ചർച്ചകളാണ്.
ഇത്രയും വരികളിൽനിന്ന് ഈ കവി മലയാളത്തെ എത്ര മാത്രം സ്നേഹിക്കുന്നു, അതിന്റെ താഴ്ചയിൽ എത്ര മാത്രം ദുഃഖിക്കുന്നു എന്ന് സ്പഷ്ടമല്ലേ. ഭാഷാ സെമിനാർകൊണ്ടോ പ്രസംഗംകൊണ്ടോ, പഴമയെ താലോലിക്കുന്നതുകൊണ്ടോ അപചയം മാറില്ലായെന്നും പുറന്തൊലിയിലല്ല ചികിത്സ നടത്തേണ്ടതെന്നും തിരിച്ചറിഞ്ഞ ഒരു മലയാളം അധ്യാപകൻകൂടിയായിരുന്നു മനോജ്. മറ്റുള്ളവർ നടന്ന വഴിയിൽനിന്നും മാറി അസാധ്യമെന്ന് കൽപിച്ച വഴിയിലൂടെ നടക്കാൻ മനോജ് ശ്രമിച്ചു. അവൻ കണ്ട കവിതാ കാഴ്ചകളും വ്യത്യസ്തമായിരുന്നു. പക്ഷേ, പെട്ടെന്ന് ഒരു വാക്കുപോലും പറയാതെ മനോജ് മറഞ്ഞത് ഉൾനോവോടെ നോക്കിനിൽക്കാനേ നമുക്ക് കഴിഞ്ഞുള്ളൂ.
ചരിത്രം പരിശോധിക്കുമ്പോൾ കാണാനാവുന്നത് കൊണ്ടാടിയ സാഹിത്യ തമ്പുരാക്കന്മാരും അവാർഡുകൾ വാരിക്കൂട്ടിയ അവരുടെ കൃതികളും അവർ മരിച്ചതിന്റെ പിറ്റേന്ന് മുതൽ വിസ്മൃതിയിലായ കാഴ്ചയാണ്. എന്നാൽ, മൺമറഞ്ഞ് ഒമ്പത് വർഷം കഴിഞ്ഞിട്ടും മനോജിന്റെ കവിതകൾക്ക് ഒരു ബലക്ഷയവും സംഭവിച്ചിട്ടില്ല. അത്രമാത്രം ഉൾബലത്തോടെയാണ് മനോജ് കവിതയെ സമീപിച്ചത്. അത്രമാത്രം ഉള്ളടുപ്പത്തോടെയാണ് മനോജ് ലോകത്തെ കണ്ടത്. ആ ശക്തിത്തുടർച്ച മനോജിന്റെ കവിതകളെ എന്നും ജീവൻകൊടുത്ത് നിലനിർത്തുമെന്ന കാര്യത്തിൽ സംശയമില്ല...
ooo
ആർ. മനോജ്. തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളത്ത് ജനിച്ചു. നിലമേൽ എൻ.എസ്.എസ് കോളജിൽ മലയാളം അധ്യാപകനായിരുന്നു. കവിതയിലെ സാമ്പ്രദായിക രീതിയെ മാറ്റാൻ ശ്രമിച്ച കവിയാണ്. ‘ആഴം’, ‘വനം നദി ഭാഷ’, ‘ഉത്തരമേഘം’ എന്നീ കവിതാസമാഹാരങ്ങൾ, ‘സഭാനാടകം’ എന്ന നാടകകൃതി, ‘വല കെട്ടുവാൻ നൂല് കിട്ടാത്ത ചിലന്തികൾ’ എന്ന ലേഖനസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2015 നവംബർ 15ന് ആകസ്മികമായി അന്ത്യം സംഭവിച്ചു.