തത്തപ്പനി
സത്യത്തെക്കുറിച്ച സംവാദങ്ങളുടെ കുരുക്ഷേത്രമാണ് തത്ത്വചിന്താ ചരിത്രം. ബുദ്ധിയും വസ്തുവും തമ്മിലെ സന്ധിയാണ് അക്വിനാസിന് സത്യം. കാന്റിനത് പ്രജ്ഞക്കും വസ്തുവിനുമിടക്കെ സമാസം. ഹെഗൽ പറഞ്ഞു, സത്യത്തിന്റെ മാനദണ്ഡങ്ങൾ വ്യവസ്ഥിതിയുടെ ആശയങ്ങളിലാണെന്ന്. ഒരാശയം സത്യമാവുക അറിവിന്റെ ജൈവതയിൽ അത് സംഭവിക്കുമ്പോഴാണെന്ന് –സത്യത്തെക്കുറിച്ച് ചില വിചാരങ്ങൾ.രജനീകാന്റിയൻ ശൈലിയിൽ, ‘ലേറ്റാ വന്താലും ലേറ്റസ്റ്റാ വന്നു’, കേരളക്കരയിൽ ‘സത്യാനന്തരകാലം’...
Your Subscription Supports Independent Journalism
View Plansസത്യത്തെക്കുറിച്ച സംവാദങ്ങളുടെ കുരുക്ഷേത്രമാണ് തത്ത്വചിന്താ ചരിത്രം. ബുദ്ധിയും വസ്തുവും തമ്മിലെ സന്ധിയാണ് അക്വിനാസിന് സത്യം. കാന്റിനത് പ്രജ്ഞക്കും വസ്തുവിനുമിടക്കെ സമാസം. ഹെഗൽ പറഞ്ഞു, സത്യത്തിന്റെ മാനദണ്ഡങ്ങൾ വ്യവസ്ഥിതിയുടെ ആശയങ്ങളിലാണെന്ന്. ഒരാശയം സത്യമാവുക അറിവിന്റെ ജൈവതയിൽ അത് സംഭവിക്കുമ്പോഴാണെന്ന് –സത്യത്തെക്കുറിച്ച് ചില വിചാരങ്ങൾ.
രജനീകാന്റിയൻ ശൈലിയിൽ, ‘ലേറ്റാ വന്താലും ലേറ്റസ്റ്റാ വന്നു’, കേരളക്കരയിൽ ‘സത്യാനന്തരകാലം’ പ്രയോഗപ്രചാരം കേട്ടാൽ തോന്നും പൊളിവചനം എള്ളോളമില്ലാക്കാലമായിരുന്നു ഇന്നലെ വരെയെന്ന്. ഉരു മനിതനെങ്കിൽ സംഭവ്യമേയല്ല അങ്ങനൊരു മാവേലിക്കാലം. സ്വയം മെച്ചപ്പെടുത്താൻ നമ്മൾ സങ്കൽപിക്കുന്ന ആദർശങ്ങളിൽ ഒന്ന് മാത്രമാണത്.
കഥയറിയാതെയാണീ പുതുനാവാട്ടം. ജീവിതത്തിൽനിന്നല്ല തത്ത്വചിന്തയുടെ ഒരു ചരിത്രസന്ധിയിൽനിന്നാണ് പ്രയോഗത്തിന്റെ ഉരുത്തിരിവ്. ദന്തഗോപുരത്തുനിന്ന് സൗകര്യംപോലെ പറിച്ചുനടുന്നതാണതിനെ –ആധികാരികമായ അബദ്ധത്തിന്റെ കുഴമണ്ണിലേക്ക്.
സത്യം ദൈവമെന്നോതിയത് മതം. ബ്രഹ്മസത്യം ജഗന്മിഥ്യ–അത്രടം പറഞ്ഞുകളഞ്ഞു, കൂട്ടത്തിലൊരു ഭാരതീയ മതം. അത് നുണയെന്ന് വിളിച്ചുപറഞ്ഞത് ചാർവാകർ മാത്രം; അന്നും ഇന്നും. മതങ്ങളുടെ ‘കൽപനാ’സ്വരങ്ങളിൽ അപസ്വരം കാണാൻ പൊതുവിലാരും മെനക്കെടാറില്ല. അതുകൊണ്ട്, രണ്ടായിരത്താണ്ടേറെ കേന്ദ്രപ്രമേയമായി കിടന്നു, ‘സത്യം’. പടിഞ്ഞാറരുടെ യവനപിതൃക്കൾ അതിനെ ലക്ഷ്യമായി കൽപിച്ചു –ജീവിതത്തിന്റെ, ദാർശനികതയുെട. നിറമോ രൂപമോ കൂടാതെ ശരിസ്വത്വം എവിടുണ്ടോ, അതാണ് സത്യം – സോക്രട്ടീസോതി. ഗുരുപരമ്പരയിലെ മൂന്നാംകണ്ണി ഇനിയും നേർപ്പിച്ചു, നേരിനെ: ‘‘അല്ലാത്തതെന്തോ അതേപ്പറ്റി പറയുന്നത് നുണ. അല്ലാത്തതല്ലാത്തതെന്തോ അത് നേര്’’ (അരിസ്റ്റോട്ടിൽ). ഇങ്ങനൊരു കുഴപ്പമുണ്ട് തത്ത്വചിന്തക്ക്. നേർപ്പിച്ചു നേർപ്പിച്ച് ഹോമിയോ വടകത്തിന്റെ പരുവത്തിലാക്കും. സത്ത വേണമെന്നേയില്ല, ഉണ്ടെന്ന തോന്നൽ ശേഷിപ്പിക്കയേ വേണ്ടൂ.
സത്യത്തെക്കുറിച്ച സംവാദങ്ങളുടെ കുരുക്ഷേത്രമാണ് തത്ത്വചിന്താ ചരിത്രം. ബുദ്ധിയും വസ്തുവും തമ്മിലെ സന്ധിയാണ് അക്വിനാസിന് സത്യം. കാന്റിനത് പ്രജ്ഞക്കും വസ്തുവിനുമിടക്കെ സമാസം. ഹെഗൽ പറഞ്ഞു, സത്യത്തിന്റെ മാനദണ്ഡങ്ങൾ വ്യവസ്ഥിതിയുടെ ആശയങ്ങളിലാണെന്ന്. ഒരാശയം സത്യമാവുക അറിവിന്റെ ജൈവതയിൽ അത് സംഭവിക്കുമ്പോഴാണെന്ന്. അല്ലാത്തപക്ഷം ആശയം അസത്യം. എന്തും വസ്തുതയാവുക ഈ വ്യവസ്ഥിതിക്ക് അനുസൃതമായി. അഥവാ വ്യവസ്ഥിതിയിൽ അതിന് ഇടമുണ്ടായിരിക്കെ മാത്രം. അതനുസരിച്ച് ഇന്ത്യയിലെ സത്യം ഇംഗ്ലണ്ടിൽ അസത്യമാകാം. മറിച്ചും, ഏതായാലും ഒന്നും ഒന്നും കൂട്ടിയാൽ രണ്ടുതെന്ന, രണ്ടിടത്തും. ‘ഇമ്മിണി ബല്യ ഒന്ന്’ ബഷീറിയൻ ശിരസ്സിലേ ഉദിക്കൂ; ‘പതിനൊന്ന്’ അതിലും പെരുത്ത ശിരസ്സിലും. വ്യവസ്ഥിതിഭേദപ്രകാരം വേഷം മാറില്ല സത്യം –കുറഞ്ഞപക്ഷം കണക്കിലെങ്കിലും.
അവിടന്നും ആഴ്ന്നീടിനാൻ വിറ്റ്ഗെൻസ്റ്റൈൻ –വാക്യങ്ങളെ ചിത്രങ്ങളായി പരിഗണിച്ചുള്ള സത്യവിചാരം: വാക്യം ഉള്ളിൽ ചമക്കുന്ന ചിത്രം ലോക യാഥാർഥ്യത്തോടു പൊരുത്തപ്പെടുന്നെങ്കിൽ അത് സത്യം; അല്ലെന്നാകിൽ അസത്യം. ‘ട്രാക്റ്റേറ്റസ് ലോജികോ-ഫിലോസഫികസ്’ വായനക്ക് കഠിനൗഠിനൗ. പക്ഷേ, ഗ്രന്ഥത്തിന്റെ അതിഗുരുത്വം അലിഞ്ഞുപോകും ഒരു കുഞ്ഞു ചോദ്യത്തിനു മുന്നിൽ: ഇപ്പറഞ്ഞ പൊരുത്തത്തെ എങ്ങനെ വിശദീകരിക്കും, വിഭോ? യാഥാർഥ്യവും അതേക്കുറിച്ച ഭാഷാചിത്രവും പൊരുത്തത്തിലെന്ന് ചിലർക്ക് തോന്നും, ചിലർക്ക് മറിച്ചും. പോട്ടെ, ഉള്ളിലോ ഭാഷയിലോ ഒരു ചിത്രം ചമച്ചിട്ട് യാഥാർഥ്യത്തോട് അത് പൊരുത്തത്തിലാണോന്ന് നോക്കാൻ പറഞ്ഞാൽ –സ്വന്തം ബോധത്തിന് പുറത്തിറങ്ങാതെങ്ങനെ പറ്റും ആ നോട്ടം?
ഇവ്വിധം പുരോഗമിച്ച സത്യവിചാരത്തിന്മേൽ കരിമഷി പടർത്തിയത് അമേരിക്കൻ ചിന്താലോകത്തെ പ്രയോജനവാദികൾ. സി.എസ്. പിയേഴ്സും ചങ്ങാതികളും ഇടഞ്ഞു, തത്ത്വചിന്ത പഴയപടി വിളംബിതത്തിൽ മൂളിയാൽ പോരാ, ശാസ്ത്രാവേഗത്തിനൊത്ത് കുതിക്കണം. അനങ്ങാപ്പാറയാകാതെ, മനുഷ്യർക്കുവേണ്ട മാറ്റമുണ്ടാക്കാൻ കഴിയണം സത്യത്തിന്. ഒരു കാര്യം സത്യമെന്ന് പറയുമ്പോൾ പ്രായോഗികമായി എന്താേണാ അർഥമാക്കുന്നത്, അത് കാട്ടിത്തരാൻ കഴിയണം, സത്യസിദ്ധാന്തത്തിന്. വില്യം ജയിംസ് ആ അർഥത്തിനൊരു ധനമൂല്യംപോലും കൽപിച്ചു. ആശയം, സിദ്ധാന്തം, അർഥം, വിശ്വാസം ഇത്യാദി വ്യവഹാരങ്ങളിൽ സക്രിയമാറ്റമുണ്ടാക്കാൻ കഴിയുന്നെങ്കിൽ അത് പ്രയോജനപ്രദം, സത്യം. കഴിയുന്നില്ലെങ്കിൽ പ്രയോജനരഹിതം, അസത്യം.
1930കൾ. ‘സത്യാനന്തരകാലം’ ഉദ്ഘാടനംചെയ്യുന്നു, ഫ്രാങ്ക് റാംസെ: ‘‘സത്യത്തെക്കുറിച്ച സങ്കൽപനം തെന്ന അധികപ്രസംഗം. അതിന് ഉള്ളടക്കമില്ല. സത്യം സംബന്ധിച്ച് പ്രശ്നമൊന്നുമില്ല, ഭാഷാപരമായ കുഴച്ചിലല്ലാതെ,’’ സീസർ കൊല ചെയ്യപ്പെട്ടു എന്നത് നേര് –സീസർ കൊലചെയ്യപ്പെട്ടു എന്നതിനപ്പുറം ഇതിലൊരു സത്യവുമില്ല. നേര് എന്ന വാക്ക് സത്യത്തിന് ഊന്നൽ കൊടുക്കുന്നു എന്നല്ലാതെ പ്രത്യേകിച്ചെന്തെങ്കിലും ഉള്ളടക്കം അതിനില്ല. അതേവിധം സത്യത്തിന്മേലുള്ള അപഗ്രഥനങ്ങളെല്ലാം വാചാടോപം, അസംബന്ധം.
അനന്തരം ഭൂജാതം, ആൽഫ്രിഡ് റ്റാഴ്സ്കിയുടെ റ്റി-സ്കീമ. സത്യപ്രസ്താവത്തെ സത്യമാക്കുവതെന്തെന്നു വിശദീകരിക്കുന്ന പ്രക്രിയ. തർക്കശാസ്ത്രത്തിലും ഗണിതത്തിലും സത്യത്തിന്റെ പങ്കെന്തെന്നതിന്റെ വ്യാഖ്യാനം. നർമത്തിന് സത്യമുണ്ടെങ്കിൽ ഈ പ്രക്രിയ വായിച്ചു ചിരിക്കാം, ചോടെ മണ്ണുണ്ടെങ്കിൽ കപ്പാം.
ഒരു വെള്ളിനാണയവുമായി പ്രവേശിക്കുന്നു, മാർട്ടിൻ ഹൈഡഗർ: ‘‘നാണയം ലോഹംകൊണ്ടുള്ളതാണ്. അത് സത്യം. പക്ഷേ, ഇപ്പറയുന്ന വാക്യം ലോഹംകൊണ്ടുള്ളതല്ല.’’ സ്വന്തം ഉപായത്തെ രാകിമിനുക്കുന്നു, ഹൈഡഗർ: ‘‘നാണയം വൃത്താകൃതിയിലാണ്. അത് സത്യം, പക്ഷേ, ഈ വാക്യത്തിന് ആ ആകൃതിയില്ല.’’ സമ്മതിച്ചോ? എങ്കിൽ അടുത്ത മൂർച്ചപ്പെടുത്തൽ: ‘‘നാണയംകൊണ്ട് ചിലതൊക്കെ വാങ്ങാം. ഈ വാക്യംകൊണ്ടത് പറ്റില്ല.’’
സത്യത്തെ റദ്ദാക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ല ഈ ഉപായം. അതിന്റെ സത്തയിലേക്ക് മടങ്ങാനുള്ളതായിരുന്നു –സത്യത്തിന്റെ പ്രതിനിധാനമാകാൻ വാക്യങ്ങൾക്ക് സാധ്യതയേകുന്ന വ്യവസ്ഥകളുണ്ടാക്കാൻ. ആഹ്വാനം പക്ഷേ, പ്രയോജനവാദികൾ തള്ളി. അപഗ്രഥന ചിന്തകർ സംശയാലുക്കളായത് സത്യത്തിന്റെ സങ്കൽപതലത്തെക്കുറിച്ചാണ്. ഹൈഡഗറും കൂട്ടരും സംശയിച്ചത് അതിന്റെ രാഷ്ട്രീയതലത്തെ. പ്രശസ്ത ഉദാഹരണം ഫൂകോ.
മനുഷ്യലോകത്തെ പലേതരം അധികാരരൂപങ്ങളാലാണ് സത്യം നിർമിക്കപ്പെടുന്നത് –അങ്ങനെ യൂറി ഫൂകോയുടെ ചിന്താരസന: സമൂഹമോരോന്നിനുമുണ്ട് അതതിന്റെ സത്യഭരണകൂടം. സത്യത്തിന്മേൽ അവക്ക് അവയുടേതായ രാഷ്ട്രീയവും. സത്യപ്രസ്താവത്തെ അസത്യത്തിൽനിന്ന് വേർതിരിക്കാനുള്ള സംവിധാനങ്ങളും അവക്കുണ്ട്. ആ ഉപാധികൾ മുഖേനയാണത്രെ ഓരോയിടത്തും സത്യത്തിന് സാധുത/ അസാധുത കിട്ടുക.
റാംസെ, റ്റാഴ്സ്കി പ്രഭൃതികൾ സത്യത്തിന്റെ കാറ്റഴിച്ചുവിടാനാണ് ശ്രമിച്ചതെങ്കിൽ, നൂറ്റാണ്ട് അരകഴിഞ്ഞ് (1990കളിൽ) സംഗതി അപ്പാടെ കുഴിച്ചുമൂടാനിറങ്ങുന്നു, ഡോണൾഡ് ഡേവിഡ്സൺ: The Folly of Trying to Define Truth. ഗ്രന്ഥം കൊള്ളാം, പക്ഷേ, താത്ത്വിക ഹോമത്തിനിടെ ഒരക്കിടി –നിത്യജീവിതത്തിൽ സത്യത്തിനുള്ള പങ്ക് മുച്ചൂടെയങ്ങ് മൂടാനൊത്തില്ല. സിദ്ധാന്തം പിടിക്കുന്നോർക്ക് സംവരണം ചെയ്യപ്പെട്ട ഒന്നാണ് അക്കിടി. അങ്ങ് ഈ പറയുന്നത് സത്യമോ എന്ന് ചോദിച്ചാൽ, ഉവ്വെന്നല്ലേ ഏത് സൈദ്ധാന്തികനും പറയൂ? അപ്പോൾ, സത്യം എന്നൊന്നില്ലെന്ന സ്വന്തം സിദ്ധാന്തം സത്യമല്ലെന്ന് ഡേവിഡ്സണ് പറയാനാവുമോ?
ഈ ബൗദ്ധികക്കസർത്തിനിടയിലേക്ക് ജീൻ ബോദ്രിയാറിന്റെ നിഴൽക്കുത്ത്: ‘‘ഹൈപ്പർ-റിയൽ’’. മനുഷ്യജീവിതം മിക്കവാറും നേരം കഴിച്ചുകൂട്ടുന്നത് അനുകരണവും (simulation) പ്രതിനിധാനവും മാധ്യമങ്ങളും മുഖേനയാണെന്നിഷ്ടൻ. അതിനാൽ, യാഥാർഥ്യവും അതിന്റെ പ്രാതിനിധ്യവും തമ്മിലെ വേർതിരിവ് വെച്ചുപുലർത്താനാവില്ലെന്ന്. ഉദാഹരണത്തിന് ഗൾഫ് യുദ്ധം. ‘‘ടെലിവിഷനുവേണ്ടി ചമച്ച യുദ്ധരൂപകമാണത്. ആയതിനാൽ ഗൾഫ് യുദ്ധം ഉണ്ടായിട്ടില്ല. അതിന്റെ പ്രാതിനിധ്യമാണ് ഉണ്ടായത്.’’ സ. ബോദ്രിയാറിന്റെ ഹൈപ്പർ-റിയൽ ജ്യോതിഷപ്രകാരം ഗൾഫിൽ ഉയിരുപോയ പതിനായിരങ്ങൾ മരിച്ചിട്ടില്ല, മരിപ്പിന്റെ പ്രാതിനിധ്യമാവുകയായിരുന്നു. സാക്ഷാൽ ബോദ്രിയാറും മരിച്ചിട്ടില്ല, മരണപ്രാതിനിധ്യം വരിച്ച് എങ്ങോ പോയിരിക്കയാണ്.
ബൗദ്ധികാതിസാരം മൂലമുള്ള ഈ ശോധനക്കേടെല്ലാം ചേർത്തുെവച്ചാൽ ഏതാണ്ടിങ്ങനെ വരും: സത്യം തിന്മ, ആധിപത്യപരം, അതുമല്ലെങ്കിൽ നൃശൂന്യത. ദാർശനികർ പലായനംചെയ്ത് ഉൗഷരമാക്കിയ 20ാം നൂറ്റാണ്ടിലെ തത്ത്വശാസ്ത്രലോകം. ഇങ്ങനെ സത്യത്തെ ചിതയിലാക്കി. അതാണോ ജീവിത യാഥാർഥ്യം?
തന്നത്താൻ കബളിപ്പിക്കാത്ത മനുഷ്യർ നോക്കേണ്ടത് നിത്യജീവിത യാഥാർഥ്യമാണ്. സത്യം എന്തെന്ന ചോദ്യത്തിന് 1920കളിലുണ്ടായിരുന്ന അടിയന്തരത്വത്തിന് കാൽക്കഴഞ്ച് കുറവില്ല 2020കളിലും. പ്രമേയം ‘മാസപ്പടി’യോ ‘പൂരംകലക്കലോ’ ദൈവസങ്കൽപമോ അയൽവഴക്കോ എന്തുമാവട്ടെ. ജീവിതത്തിന്റെ ഒരൊറ്റ പ്രമേയത്തിൽനിന്നും സത്യത്തെ ഊതിമാറ്റാനാവില്ല. എന്തിലും എപ്പോഴും നേര് ആവശ്യമുണ്ടെന്ന് നിത്യജീവിതംകൊണ്ട് മനുഷ്യൻ തിരിച്ചറിയുന്നു.
റാംസെയുടെ കൂട്ടർ കുറഞ്ഞപക്ഷം ഒരു സത്യം പറഞ്ഞിരുന്നു –ഏത് ആശയത്തിലും വിശ്വാസത്തിലും മുൻകൽപിതമായുണ്ട് സത്യമെന്ന്. പക്ഷേ, ചുമ്മാ പാറ്റിക്കളയാവുന്ന തുളിമങ്കായി അവരതിനെ കണക്കാക്കി. ഒരു കാര്യം ഉണ്ടെന്ന് മുമ്പേറായി കരുതാതെ അതിൽ വിശ്വസിക്കാനാവില്ല; ഇല്ലെന്ന് മുമ്പേറായി കരുതാതെ അവിശ്വസിക്കാനും. പെറ്റമ്മക്ക് സ്നേഹമുണ്ടെന്ന് കരുതാതെങ്ങനെ മാതൃത്വത്തിൽ വിശ്വസിക്കും?
ഫൂകോ പറഞ്ഞപ്രകാരം അധികാരശക്തി അടിച്ചേൽപിക്കുന്നതാണ് സത്യവും അതിന്റെ പ്രാതിനിധ്യങ്ങളുമെങ്കിൽ, അടിച്ചമർത്തപ്പെടുന്നവരുടെ ചെറുത്തുനിൽപുകളോ? ചില കേന്ദ്ര സത്യങ്ങൾക്കുവേണ്ടിയല്ലേ ആ പോരാട്ടങ്ങൾ? ഇതൊക്കെ ബോദ്രിയാര് അതിവാദംകൊണ്ട് മായികമാക്കുമ്പോലെ ‘സിമുലാക്ര’യുടെ ആഭിചാരത്തിൽ ഒതുങ്ങുന്നതല്ല. ഭൗതികവും മാനസികവുമായ ലോകത്തോട് മനുഷ്യജീവിതം ഏർപ്പെടുന്ന സംഘർഷങ്ങളും സംവാദങ്ങളുമാണ്.
അനിവാര്യം, ചോദ്യത്തെ വിപുലപ്പെടുത്തലാണ് –വാക്യത്തെ സത്യമാക്കുവതെന്ത് എന്നതിൽനിന്ന് ജീവിതവ്യവഹാരങ്ങളിൽ സത്യസങ്കൽപം എങ്ങനൊക്കെ പ്രവർത്തിക്കുന്നു എന്നതിലേക്ക്. നേര് തേടാനും സംവദിക്കാനും വേണ്ടതുണ്ട്, ഒരു പ്രതിബദ്ധത. നേരിനെ നേരിടാനുള്ള മനസ്സാന്നിധ്യവും. ഇങ്ങനെ നേരിടുന്നതിൽ മനുഷ്യനുള്ള പരാജയമാണ് സത്യത്തെ അസംബന്ധവും മിഥ്യയും ശൂന്യതയുമൊക്കെയാക്കുന്നത്. നേര് പലർക്കും പ്രശ്നഭരിതം, അതിനാൽ ആയാസകരം. നുണയല്ലോ സുഖപ്രദം. ദന്തഗോപുരങ്ങളിലെ സിരാലീലയിലല്ല സത്യം, നിത്യസാധാരണ മനുഷ്യജീവിതത്തിലാണ്, അവിടെ സത്യാനന്തരം എന്നൊന്നില്ല. അനന്തരവും സത്യംതന്നെ.
ശിഷ്ടം: നേരിന്റെ കൂടെപ്പിറപ്പാണ് നുണ. ഡോ. ജോൺസൺ പണ്ട് കുസൃതിച്ചു, അതൊരു terminological inexactitude- സംജ്ഞാപരമായ കണിശക്കുറവ്.