Begin typing your search above and press return to search.
proflie-avatar
Login

ശിക്ഷാനിയമ വ്യവസ്ഥ റദ്ദു ചെയ്യപ്പെട്ടപ്പോൾ

ശിക്ഷാനിയമ വ്യവസ്ഥ   റദ്ദു ചെയ്യപ്പെട്ടപ്പോൾ
cancel

ഭ​ര​ണ​ഘ​ട​നാ വ്യ​വ​ഹാ​ര​ങ്ങ​ളു​ടെ ആ​കാ​ശ​വി​ശാ​ല​ത​യും സാ​ഗ​ര​വ്യാ​പ്തി​യും എ​ന്നെ പ്ര​ലോ​ഭി​പ്പി​ച്ചു.ജോ​സ​ഫ് ഷൈ​ൻ കേ​സ് എ​ന്റെ ഓ​ർ​മ​ക​ളി​ൽ പൂ​ത്തു​നി​ൽ​ക്കു​ന്ന​ത് ഇ​തു​കൊ​ണ്ടു കൂ​ടി​യാ​ണ്. എ​നി​ക്ക​ത് കേ​വ​ലം ഒ​രു കോ​ട​തി​വി​ധി മാ​ത്ര​മ​ല്ല; തൊ​ഴി​ൽ​ജീ​വി​തം വെ​ച്ചു​നീ​ട്ടി​യ അ​മൂ​ല്യ​മാ​യ നി​ധി​ശേ​ഖ​രം​കൂ​ടി​യാ​ണ്- സുപ്രീംകോടതിയിലെ അനുഭവങ്ങളുടെ ഒാർമകൾ പങ്കുവെക്കുന്നു.ബ്രിട്ടീഷുകാർ കൊണ്ടുവന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ (1860) പല വ്യവസ്ഥകളും ഇന്ന് കാലഹരണപ്പെട്ടതായിത്തീർന്നിട്ടുണ്ട്. ചില വ്യവസ്ഥകളാകട്ടെ, പിന്നീട് വന്ന ഇന്ത്യൻ ഭരണഘടന വാഗ്ദാനം ചെയ്യുന്ന...

Your Subscription Supports Independent Journalism

View Plans
ഭ​ര​ണ​ഘ​ട​നാ വ്യ​വ​ഹാ​ര​ങ്ങ​ളു​ടെ ആ​കാ​ശ​വി​ശാ​ല​ത​യും സാ​ഗ​ര​വ്യാ​പ്തി​യും എ​ന്നെ പ്ര​ലോ​ഭി​പ്പി​ച്ചു.ജോ​സ​ഫ് ഷൈ​ൻ കേ​സ് എ​ന്റെ ഓ​ർ​മ​ക​ളി​ൽ പൂ​ത്തു​നി​ൽ​ക്കു​ന്ന​ത് ഇ​തു​കൊ​ണ്ടു കൂ​ടി​യാ​ണ്. എ​നി​ക്ക​ത് കേ​വ​ലം ഒ​രു കോ​ട​തി​വി​ധി മാ​ത്ര​മ​ല്ല; തൊ​ഴി​ൽ​ജീ​വി​തം വെ​ച്ചു​നീ​ട്ടി​യ അ​മൂ​ല്യ​മാ​യ നി​ധി​ശേ​ഖ​രം​കൂ​ടി​യാ​ണ്- സുപ്രീംകോടതിയിലെ അനുഭവങ്ങളുടെ ഒാർമകൾ പങ്കുവെക്കുന്നു.

ബ്രിട്ടീഷുകാർ കൊണ്ടുവന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ (1860) പല വ്യവസ്ഥകളും ഇന്ന് കാലഹരണപ്പെട്ടതായിത്തീർന്നിട്ടുണ്ട്. ചില വ്യവസ്ഥകളാകട്ടെ, പിന്നീട് വന്ന ഇന്ത്യൻ ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലികാവകാശങ്ങളെ ചോദ്യംചെയ്യുന്നവയാണ്. ഇത്തരത്തിൽ കാലഹരണപ്പെട്ട വ്യവസ്ഥകൾ എടുത്തുകളയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വർഷങ്ങൾക്കുമുമ്പ് ഇന്ത്യയുടെ ​രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖർജി പ്രസംഗിച്ചതായോർക്കുന്നു.

വിവാഹേതര ബന്ധത്തെ ക്രിമിനൽ കുറ്റമായി വ്യാഖ്യാനിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 497ാം വകുപ്പും അതിനുള്ള പരാതിയുമായി ബന്ധപ്പെട്ട ക്രിമിനൽ നടപടിക്രമത്തിലെ 198 (2) വകുപ്പും മൗലികാവകാശങ്ങളെയും സ്ത്രീ-പുരുഷ സമത്വത്തെയും മാനിക്കുന്നവയായിരുന്നില്ല. സ്ത്രീ പുരുഷന്റെ കേവലമായ ഉപഭോഗവസ്തു മാത്രമാണെന്ന് ധ്വനിപ്പിക്കുന്ന ഈ വകുപ്പുകളിൽ ഒട്ടേറെ വിചിത്ര വൈരുധ്യങ്ങളുണ്ട്. മറ്റൊരാളുടെ ഭാര്യയുമായി വിവാഹേതര ബന്ധം പുലർത്തുന്ന പുരുഷനെ മാത്രം അഞ്ചു വർഷംവരെ തടവിനോ പിഴക്കോ രണ്ടിനും കൂടിയോ ശിക്ഷിക്കാമെന്നു പറയുന്നതാണീ ശിക്ഷാനിയമ വ്യവസ്ഥ. വിവാഹിതയുടെ ഭർത്താവായിരിക്കണം സാധാരണഗതിയിൽ പരാതിക്കാരൻ എന്ന് ക്രിമിനൽ നടപടിക്രമത്തിൽ പറയുന്നു. ബന്ധത്തിലേർപ്പെടുന്ന വിവാഹിതയായ സ്ത്രീയുടെ മേൽ ക്രിമിനൽ കുറ്റം നിൽക്കുകയുമില്ല. ഈ നിയമവ്യവസ്ഥകൾ ഇന്ത്യൻ ഭരണഘടനക്കും പൗരന്മാരുടെ അവകാശങ്ങൾക്കും ലിംഗനീതി സങ്കൽപങ്ങൾക്കും ചേർന്നതാണോ എന്ന വിഷയം സുപ്രീംകോടതിയിൽ ഉന്നയിക്കാൻ പ്രവാസി മലയാളിയായ ജോസഫ് ഷൈൻ മുന്നോട്ടുവന്നു.

എന്നാൽ, ഇതേ ആവശ്യം മുമ്പ് സുപ്രീംകോടതിയുടെ മൂന്നു ​െബഞ്ചുകൾ നിരാകരിച്ചതാണെന്ന പ്രശ്നം എന്നെ തുറിച്ചുനോക്കി. വിവാഹേതര ബന്ധങ്ങൾ ധാർമികമായി തെറ്റാണെന്നും അത് വിവാഹമോചനത്തിനുള്ള കാരണമെന്ന നിലയിൽ തുടരണമെന്നും ആ അർഥത്തിൽ അത് നിരുത്സാഹപ്പെടുത്തേണ്ട കാര്യമാണെന്നുമുള്ള കാര്യത്തിൽ ഹരജിക്കാരനായ ജോസഫ് ഷൈനിന് മറിച്ചൊരഭിപ്രായമില്ലായിരുന്നു. ഇതുമായി ബന്ധപ്പെട്ട ക്രിമിനൽ നിയമവ്യവസ്ഥകളിലെ അസ്വീകാര്യതയും അതുവഴി ഭരണകൂടത്തിന്റെ പൊലീസ് ശക്തിക്ക് ലഭിക്കുന്ന അസാന്മാർഗികമായ അധികാരശേഷിയെയും ചോദ്യംചെയ്യാനാണ് ജോസഫ് ഷൈൻ എന്നോട് ആവശ്യപ്പെട്ടത്. ആ ദൗത്യം ഞാനും ഓഫിസിലെ ജൂനിയർമാരും ചേർന്ന് ഏറ്റെടുക്കുകയായിരുന്നു. വിവാഹേതര ബന്ധം ധാർമികമായി ശരിയാണെന്ന് ഈ കേസിൽ വാദിച്ചിരുന്നില്ല.

മുമ്പ് ഈ വ്യവസ്ഥകളെ ഭാഗികമായി മാത്രം ചോദ്യംചെയ്തപ്പോൾ സുപ്രീംകോടതി ആ ഹരജികൾ തള്ളി. യൂസഫ് അബ്ദുൽ അസീസിന്റെ കേസിൽ (1954) സ്ത്രീകൾക്ക് ഇക്കാര്യത്തിൽ നൽകപ്പെട്ട ​​പ്രത്യേക പരിരക്ഷ മാത്രമായിരുന്നു പ്രധാന ആലോചനാ വിഷയം. പിന്നീട് സൗമിത്രി ജയിൻ കേസിലും (1985) രേവതി കേസിലും (1988) ഇപ്പറഞ്ഞ ശിക്ഷാനിയമ വ്യവസ്ഥയുടെ ഭരണഘടനാ സാധുത ചോദ്യംചെയ്യപ്പെട്ടു. അപ്പോഴും പരിമിതമായ ചില നിയമ വിഷയങ്ങൾ മാത്രമേ ഉന്നയിക്കപ്പെട്ടിരുന്നുള്ളൂ. ഈ കേസുകളെല്ലാം തള്ളിയ സുപ്രീംകോടതിയിൽ ആധുനിക നിയമ-ഭരണഘടനാ തത്ത്വങ്ങളുടെയും നീതിചിന്തയുടെയും ബലത്തിൽ ഇതേ വ്യവസ്ഥയെ കൂടുതൽ സമഗ്രമായ തലത്തിൽനിന്നുവേണം ചോദ്യംചെയ്യാനെന്ന് നല്ല ബോധ്യമുണ്ടായിരുന്നു. എന്നാൽ, ആ വെല്ലുവിളി തികച്ചും ആവേശകരമായിരുന്നു.

ഇൗ വിഷയത്തിൽ, നൈതികമായ പിഴവിനും ഭരണകൂടം നടത്തുന്ന ക്രിമിനൽവത്കരണത്തിനുമിടയിലെ അതിർവരമ്പിനെപ്പറ്റി മികച്ച ധാരണ നേടിയെടുക്കേണ്ടിയിരുന്നു. അതിനായി ആഴ്ചകളോളം നീണ്ടുനിന്ന വായന വേണ്ടിവന്നു. അതൊരുതരം സാധനകൂടിയായിരുന്നു. വിവാഹേതര ബന്ധം കുറ്റകരമാക്കണമെന്ന അഭിപ്രായം മെക്കാ​െളക്കുപോലും ഇല്ലായിരുന്നു. അതൊരു സിവിൽ നിയമപരമായ തെറ്റ് മാത്രമായി തുടരണമെന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

എന്നാൽ, വിക്ടോറിയൻ നീതിശാസ്ത്രത്താൽ ഉത്തേജിക്ക​െപ്പട്ട അന്നത്തെ നിയമ കമീഷണർമാർ ഇന്ത്യക്കാരെ ‘സദാചാരം’ പഠിപ്പിക്കണമെങ്കിൽ ശിക്ഷാ നിയമത്തിൽ ഇതുസംബന്ധിച്ച് വ്യവസ്ഥ വേണമെന്ന് ശഠിച്ചു. ഒപ്പം, ‘ഭർത്താവിന്റെ മാത്രം സ്വത്തുവകയായ ഭാര്യ’യിൽ അന്യൻ നടത്തുന്ന വേഴ്ചകളെ പുരുഷൻ മറ്റൊരു പുരുഷന്റെ സ്വത്തുവകയിൽ നടത്തുന്ന കടന്നുകയറ്റമായിക്കാണണമെന്ന മധ്യകാല യൂറോപ്യൻ ചിന്തയും അവർക്കുണ്ടായിരുന്നു. ആ ചിന്തയുടെ ഇറക്കുമതി കൂടിയായിത്തീർന്നു ശിക്ഷാനിയമത്തിൽ നിയമ കമീഷന്റെ ശിപാർശയെ തുടർന്ന് എഴുതിച്ചേർത്ത ഇൗ വ്യവസ്ഥ.

ഈ പൊതു താൽപര്യ ഹരജി സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ​െബഞ്ച് മുമ്പാകെ വന്നു. കുറ്റത്തിന്റെ നിർവചനത്തിലും ശിക്ഷാവിധിയിലുമെല്ലാം ലിംഗപരമായ പക്ഷപാതിത്വം കാണിക്കുന്ന ഈ ശിക്ഷാനിയമ വ്യവസ്ഥയെ മുമ്പ് സുപ്രീംകോടതി മൂന്നു വിധികളിലൂടെ സാധൂകരിച്ചുവെങ്കിലും ഇക്കാര്യത്തിൽ ഒരു വീണ്ടുവിചാരം വേണമെന്ന് തോന്നുന്നുവെന്ന് ജസ്റ്റിസ് മിശ്രയുടെ ​െബഞ്ച് ഉത്തരവിട്ടു. പ്രാകൃതമായ ഈ നിയമവ്യവസ്ഥയുടെ ഭരണഘടനാ സാധുതയുടെ കാര്യത്തിൽ പുനഃപരിശോധന വേണമെന്നും ജസ്റ്റിസ് മിശ്രയുടെ ​െബഞ്ച് നിരീക്ഷിച്ചു.

എന്നാൽ, മുമ്പ് ഹരജികൾ തള്ളിയ കേസുകളിൽ ഉണ്ടായ വിധികൾ തിരുത്തണമെങ്കിൽ രണ്ടംഗ ​െബഞ്ചോ മൂന്നംഗ ബെഞ്ചോ മതിയാവില്ല. ചുരുങ്ങിയത് അഞ്ചംഗ ​െബഞ്ച് എങ്കിലും വേണം. അങ്ങനെയാണ് ജോസഫ് ഷൈൻ കേസ് ഭരണഘടനാ ​െബഞ്ചിലേക്ക് റഫർ ചെയ്യപ്പെട്ടത്. ആധാർ കേസ്, ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച കേസ് തുടങ്ങിയ കേസുകൾക്കൊപ്പം ഈ കേസും ഭരണഘടനാ ​െബഞ്ചിലെത്തി. നന്നായി ഡ്രാഫ്റ്റ്ചെയ്യുന്ന ഹരജികൾക്ക് മാത്രമേ സുപ്രീംകോടതിയിൽ സാധാരണ ഗതിയിൽ അഡ്മിഷൻ ഉറപ്പിക്കാൻ കഴിയൂ. എതിരായി മുമ്പുണ്ടായ വിധികളെക്കുറിച്ച് വിവരിച്ച് എന്തുകൊണ്ട് ആ മുൻകാല വിധികൾ ശരിയല്ല എന്ന് വ്യക്തമാക്കുന്ന വിധത്തിലായിരുന്നു ഈ റിട്ട് ഹരജി തയാറാക്കിയത്. അത് ഫലം കണ്ടു.

കേസ് ഫയലിൽ സ്വീകരിച്ച് ഭരണഘടനാ ​െബഞ്ചിന് റഫർ ചെയ്തതുതൊട്ട് ഭരണഘടനാ ​െബഞ്ച് കേസിൽ വാദം കേൾക്കുന്നതുവരെയുള്ള ദിവസങ്ങളിൽ വായനയും പഠനവും മാത്രമല്ല, ഇതു സംബന്ധിച്ച സംവാദങ്ങളും തുടർന്നു. വിഷയത്തിന്റെ ഭിന്ന വശങ്ങളും സാധ്യതയുള്ള വാദ-പ്രതിവാദങ്ങളും എന്തെല്ലാമാണെന്ന് അടുത്തറിയാൻ ഓഫിസിൽവെച്ച് നടത്തിയ സംവാദങ്ങൾ ഉപകരിച്ചു. വിവാഹേതരബന്ധത്തിന്റെ നിയമവശങ്ങൾ വ്യക്തമാക്കുന്ന ഡെബോറ എൽ. റോഡിന്റെ (Deborah L. Rhode) ‘അഡൽട്ടറി’ എന്ന പുസ്തകം (ഹാർവഡ് യൂനിവേഴ്സിറ്റി പ്രസ് 2016) പലതവണ വായിച്ചു.

 

ജ. എ.എം. ഖാൻവിൽക്കർ,ജ. രോഹിൻടൺ നരിമാൻ

വ്യക്തികളുടെ സ്വകാര്യത, ബന്ധങ്ങളിലേർപ്പെടാനുള്ള അവകാശം, അവയിൽ ഇടപെടാനുള്ള ഭരണകൂടത്തിന്റെ അധികാരമില്ലായ്മ, സ്ത്രീകളുടെ കാര്യത്തിൽ പുരുഷ മേധാവിത്വ സമൂഹം വെച്ചുപുലർത്തുന്ന മേൽക്കോയ്മാ മനോഭാവം, അവരെ കേവലം പുരുഷന്റെ സ്വത്ത് മാത്രമായി കാണുന്ന വിക്ടോറിയൻ നീതിചിന്ത, ഇന്ത്യയിലെ ​കൊളോണിയൽ നിയമനിർമാണ ചരിത്രം, തുല്യതയെയും ലിംഗസമത്വത്തെയും അന്തസ്സുറ്റ ജീവിതത്തെയും സംബന്ധിക്കുന്ന മുൻകാല സുപ്രീംകോടതി വിധികൾ, ഇതര രാജ്യങ്ങളിൽ സമാന നിയമവ്യവസ്ഥയെ കോടതികളും നിയമനിർമാണസഭകളും കൈകാര്യംചെയ്തതിന്റെ വിശദാംശങ്ങൾ എന്നിങ്ങനെ അസംഖ്യം മേഖലകളിലേക്ക് വായനയും പഠനവും നീണ്ടു.

അതിന്റെ അടിസ്ഥാനത്തിൽ വിശദമായ കുറിപ്പുകളും എഴുതിത്തയാറാക്കി. എഴുതി തയാറാക്കിയ വാദമുഖങ്ങൾക്കൊപ്പം അവലംബിച്ച പഠനങ്ങളും അനുബന്ധമായി ചേർത്തു. ഒടുവിൽ ആ ദിവസം എത്തി. ഭരണഘടനാ ​െബഞ്ച് ജോസഫ് ​െഷെൻ കേസ് വാദം കേൾക്കാനെടുത്തു. അതിനുമുമ്പ്, കേന്ദ്രം ഈ ഹരജിയിൽ എടുത്ത നിലപാടിനെക്കുറിച്ചുകൂടി പറയണം. വിവാഹബാഹ്യ ബന്ധങ്ങളെ ക്രിമിനൽ കുറ്റമായി പരിഗണിച്ചില്ലെങ്കിൽ ഇന്ത്യയിലെ കുടുംബബന്ധങ്ങളുടെയും സാമൂഹിക ഘടനയുടെയും തകർച്ചയായിരിക്കും ഫലം എന്ന് വാദിച്ചുകൊണ്ടാണ് കേന്ദ്രസർക്കാർ കേസിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്.

വിക്ടോറിയൻ-കൊളോണിയൽ നീതിശാസ്ത്രത്തിന്റെ ഇറക്കുമതിയാണ് നിയമവ്യവസ്ഥയിൽ പ്രതിഫലിക്കുന്നതെന്ന വാദത്തെ ഇന്ത്യൻ കുടുംബബന്ധങ്ങളുടെ സവിശേഷതയിലൂന്നിക്കൊണ്ടാണ് കേന്ദ്രം നേരിട്ടത്. വി​വാഹേതര ബന്ധത്തിന്റെ കാര്യത്തിൽ പുരുഷന്മാർ മാത്രം കുറ്റക്കാരാകുന്ന അവസ്ഥ മാറ്റി സ്ത്രീകളെയും കുറ്റക്കാരാക്കുന്ന വിധത്തിൽ നിയമത്തിൽ മാറ്റംവരുത്തുകയാണ് വേണ്ടതെന്നും എന്നാൽ, അത് ചെയ്യേണ്ടത് കോടതിയല്ല, പാർലമെന്റാണെന്നും സത്യവാങ്മൂലത്തിൽ കേന്ദ്രം വാദമുന്നയിച്ചു. കേസ് കോടതി വാദത്തിനായെടുക്കുമ്പോൾ ഈ സത്യവാങ്മൂലവും പരിഗണനയിൽ ഉണ്ടായിരുന്നു.

ജ. ഡോ. ഡി.​വൈ. ചന്ദ്രചൂഡ്,ജ. ദീപക് മിശ്ര

അടിസ്ഥാന പ്രശ്നം കേവല ധാർമികതയുടേതായിരുന്നില്ല. മനുഷ്യരുടെ ബന്ധങ്ങളിൽ, വൈകല്യങ്ങളിൽ, പിഴവുകളിൽ, വികാരങ്ങളിൽ ഇടപെടാനും അവയെ കുറ്റവത്കരിച്ച് വിചാരണ ചെയ്യാനും ജയിലിൽ അയക്കാനുമുള്ള ഭരണകൂടത്തിന്റെ ആസക്തിയുടേതാണ്. എല്ലാ അധാർമിക പ്രവർത്തനങ്ങളും ക്രിമിനൽ കുറ്റമാവുകയില്ല. ആകാൻ പാടുള്ളതുമല്ല. എന്നാൽ, എല്ലാ ക്രിമിനൽ കുറ്റങ്ങളും അധാർമികവും കൂടിയാകാം. ഭർത്താവിനോട് കളവു പറയുന്ന ഭാര്യ അധാർമിക പ്രവൃത്തിയാണ് ചെയ്യുന്നത്.

എന്നു​വെച്ച് അതിന്റെ പേരിൽ ഭാര്യക്കെതിരെ പൊലീസ് കേസ് എടുക്കുകയും കോടതി അവരെ വിചാരണചെയ്ത് ശിക്ഷിക്കുകയും ചെയ്യുമോ? ജീവകാരുണ്യ പ്രവർത്തനത്തിന് വിസമ്മതിക്കുന്നവർ, ഉപകാരസ്മരണ കാണിക്കാത്തവർ, അവശ്യസമയത്ത് സുഹൃത്തുക്കളെയും ബന്ധുക്കളെയും സഹായിക്കാത്തവർ –ഇവരെ​യെല്ലാം ക്രിമിനൽ കേസ് എടുത്ത് ശിക്ഷിക്കാൻ ഭരണകൂടത്തിന് അവകാശമുണ്ടോ? –ഇതുകൂടിയായിരുന്നു ജോസഫ് ഷൈൻ കേസിലെ പ്രമേയങ്ങളിലൊന്ന്. ഒപ്പം, സ്വകാര്യതയുടെയും ലിംഗനീതിയുടെയും നിയമത്തിനു മുന്നിലെ തുല്യതയുടെയും വിവേചനത്തിന്റെയും മറ്റും പ്രശ്നങ്ങളും ശിക്ഷാനിയമ വ്യവസ്ഥയിൽ ഉണ്ടായിരുന്നു.

497ാം വകുപ്പിന്റെ പദാവലിയെ അപനിർമിക്കുകയാണ് എഴുതി സമർപ്പിച്ച വാദത്തിൽ ഞാൻ ആദ്യം ചെയ്തത്. രണ്ടാമതായി ഈ വകുപ്പ് എങ്ങനെ ഭരണഘടനയുടെ 14, 15 അനു​േച്ഛദങ്ങളിൽ വിവരിച്ച തുല്യനീതിയെ തകർക്കുന്നുവെന്ന് വിശദീകരിച്ചു. ഈ വകുപ്പിലെ പ്രത്യക്ഷവും പരോക്ഷവുമായ വിവേചനത്തിന്റെ തലങ്ങൾ വ്യക്തമാക്കി.

ഒപ്പം, 21ാം അനുേച്ഛദത്തിൽ വിവരിച്ച വ്യക്തികളുടെ സ്വതന്ത്രവും സ്വച്ഛന്ദവുമായ ജീവിതത്തിനുള്ള അവകാശം എങ്ങനെ ലംഘിക്കപ്പെടുന്നു​വെന്നും ബോധിപ്പിച്ചു. മൗലികാവകാശമായി പ്രഖ്യാപിക്കപ്പെട്ട സ്വകാര്യതയും ഈ വ്യവസ്ഥയും തമ്മിലുള്ള സംഘർഷങ്ങളും പരാമർശിക്കപ്പെട്ടു. സ്ത്രീകളെ കേവലം പുരുഷന്റെ അടിമ മാത്രമായി കാണുന്ന, ഇതോട് ബന്ധപ്പെട്ട ക്രിമിനൽ നടപടിക്രമത്തിലെ 198 (2) വകുപ്പും ഭരണഘടനാ വിരുദ്ധമാണെന്ന കാര്യവും ഉന്നയിക്കപ്പെട്ടു. ഇക്കാര്യത്തിലുണ്ടായ മുൻകാല വിധികൾ എന്തുകൊണ്ട് തെറ്റും അപൂർണവുമാണെന്നും വിശദീകരിച്ചു.

ജ. ഇന്ദു മൽഹോത്ര,പ്രണബ് മുഖർജി

അഞ്ചംഗ ഭരണഘടനാ ​െബഞ്ചിലെ വാദം ഒരു സവിശേഷാനുഭവമായിരുന്നു. അതെന്റെ ആദ്യത്തെ ഭരണഘടനാ ​െബഞ്ച് വാദമായിരുന്നുവെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ല​ല്ലോ. അന്ന് രാവിലെ ജസ്റ്റിസ് കൃഷ്ണയ്യർ മുൽഗോക്കർ കേസിൽ (1978) എഴുതിയ ഒരു വാചകമായിരുന്നു, മനസ്സിലേ​ക്കോടിയെത്തിയത്. ‘‘കോടതിയെന്നാൽ നിശ്ചേതനമായ അമൂർത്തതയല്ല; മറിച്ച് നീതിന്യായാധികാരം സിദ്ധിച്ച ജനത തന്നെയാണ്’’ എന്ന ജസ്റ്റിസ് അയ്യരുടെ വാചകം ഉദ്ധരി​ച്ചുകൊണ്ടാണ് വാദം തുടങ്ങിയത്. കൊളോണിയൽ കാലത്ത് ബ്രിട്ടീഷുകാർ എഴുതിവെച്ച നിയമവ്യവസ്ഥയെ ജനങ്ങൾക്കുവേണ്ടി നീതിന്യായാധികാരം സിദ്ധിച്ച ന്യായാധിപർ വിചാരണ ചെയ്യുന്ന ദിവസമാണിന്ന് എന്നതായിരുന്നു അടുത്ത വാചകം. അത് കേവലമൊരു വാചക പ്രയോഗമെന്നതിലുപരി വിഷയത്തോടുള്ള എന്റെ സമീപനംകൂടിയായിരുന്നു.

അങ്ങനെ വാദങ്ങളുടെ രത്നച്ചുരുക്കം അവതരിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച വിവിധ നിയമതത്ത്വങ്ങൾക്ക് പിൻബലമായി 27 സുപ്രീംകോടതി വിധികൾ പരാമർശിച്ചു. കൊറിയൻ കോടതി ഇതേ വിഷയത്തിൽ പുറപ്പെടുവിച്ച വിധിയും കുറ്റകൃത്യങ്ങളുടെയും വ്യക്തിബന്ധങ്ങളുടെയും സാമൂഹിക മാനങ്ങൾ സംബന്ധിച്ച പഠനങ്ങളും വിവാഹേതര ബന്ധത്തിന്റെ പേരിൽ ക്രിമിനൽ കേസ് എടുക്കാത്ത രാജ്യങ്ങളുടെ പട്ടികയുമെല്ലാം കോടതി മുമ്പാകെ സമർപ്പിക്കപ്പെട്ടു. ഒന്നര മണിക്കൂർ നീണ്ട വാദം അഞ്ച് ന്യായാധിപരും ​ ശ്രദ്ധയോടെ കേൾക്കുക മാത്രമല്ല, സജീവമായി ഇടപെട്ടുകൊണ്ട് ആ ആശയസംവാദത്തെ അർഥപൂർണമാക്കുകയുംചെയ്തു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ രോഹിൻടൺ നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡോ. ഡി.​വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവർ അടങ്ങുന്നതായിരുന്നു, ഭരണഘടനാ ​െബഞ്ച്. വാദം അവസാനിപ്പിക്കുമ്പോൾ ഉന്നയിച്ച പോയന്റുകൾക്ക് ചീഫ് ജസ്റ്റിസ് മിശ്ര പ്രത്യേകം നന്ദി പറഞ്ഞതോർക്കുന്നു. കേന്ദ്രത്തിനുവേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ പിങ്കി ആനന്ദായിരുന്നു വാദങ്ങൾ ഉയർത്തിയത്. എന്നെക്കാൾ സമയമെടുത്തുകൊണ്ട് അവർ വാദിച്ചു. നേരത്തേ സൂചിപ്പിച്ച കേന്ദ്രസർക്കാറിന്റെ നിലപാട് സവിസ്തരം കോടതിയിൽ അവതരിപ്പിച്ചു.

ഒടുവിൽ മാസങ്ങൾക്കു ശേഷം 2018​ സെപ്റ്റംബർ 27ാം തീയതി സുപ്രീംകോടതി ജോസഫ് ഷൈൻ കേസിൽ വിധി പറഞ്ഞു. അഞ്ചിൽ നാലു ന്യായാധിപരും വെവ്വേറെ വിധികൾ എഴുതി. വിധിയെഴുതാത്ത ജസ്റ്റിസ് ഖാൻവിൽക്കറും ചീഫ് ജസ്റ്റിസിന്റെ വിധിയോട് യോജിച്ചു. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് അങ്ങനെ ശിക്ഷാ നിയമത്തിലെ 497ാം വകുപ്പിനെ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ച് അസാധുവാക്കി. അതേസമയം, വിവാഹേതരബന്ധം അധാർമികമായതിനാൽ വിവാഹമോചനത്തിനുള്ള കാരണമായി നിലനിൽക്കുമെന്നും വ്യക്തമാക്കി. വിവാഹബന്ധത്തി​െൻറ പേരിൽ ശിക്ഷിക്കാൻ ഇന്ത്യൻ പൗരന്മാരുടെ കുടുംബങ്ങളിൽ ഭരണകൂടത്തിനും കോടതിക്കും പ്രവേശനമില്ലാതായി. ഇതുസംബന്ധിച്ച പരാതികൾ നൽകുന്നത​ിന്റെ നടപടിക്രമം വിശദീകരിക്കുന്ന ക്രിമിനൽ നടപടിക്രമ വ്യവസ്ഥയും അസാധുവാക്കപ്പെട്ടു.

ഈ വിധി ചരിത്രപരമായിരുന്നു. നിയമവ്യവസ്ഥയുടെ ചരിത്രവും നീതിശാസ്ത്രവും രാഷ്ട്രീയവും അന്തർദേശീയ മാനങ്ങളും വിശദീകരിക്കുന്ന ജോസഫ് ഷൈൻ കേസ് കുടുംബ ജീവിതങ്ങളിലെ അപഭ്രംശങ്ങളിൽ ഭരണകൂടത്തിന് പരിധി നിശ്ചയിച്ചു. ബി.ബി.സി അടക്കമുള്ള വിദേശമാധ്യമങ്ങൾ വിധിയെ വലിയതോതിൽ വാർത്തയാക്കി. വിധിയുടെ പ്രഭാവമെന്തെന്ന് എ.എൻ.ഐയോട് വിശദീകരിച്ചത് തദ്ദേശീയവും വിദേശീയവുമായ ഒട്ടേറെ മാധ്യമങ്ങൾ ഉപയോഗപ്പെടുത്തി. ഒപ്പം, വിവാഹേതരബന്ധം സംബന്ധിച്ച് അന്ന് ഇന്ത്യയിലുണ്ടായിരുന്ന ക്രിമിനൽ കേസുകളെല്ലാം ഒറ്റ നിമിഷംകൊണ്ട് ഇല്ലാതായി.

കുടുംബബന്ധ​ങ്ങളെ ശരിയായി സമീപിക്കുന്ന ഒരു തൊഴിൽ സമ്പ്രദായം ഇന്ത്യയിൽ വികസിച്ചുവന്നിട്ടില്ല എന്ന് മുമ്പും സൂചിപ്പിക്കുകയുണ്ടായല്ലോ. ചിലപ്പോഴെങ്കിലും വിവാഹത്തർക്കങ്ങൾക്ക് ശക്തി പകരാനായി വിവാഹേതരബന്ധം സംബന്ധിച്ച് വ്യാജ പരാതികളും ഉണ്ടാവാറുണ്ട്. എന്നാൽ, സാമൂഹിക ധാർമികതയെ ഭരണഘടനാ ധാർമികതകൊണ്ട് പകരം വെക്കാൻ ശ്രമിച്ച വിധിയെന്ന നിലയിലാണ് ജോസഫ് ഷൈൻ കേസിലെ വിധി ചരിത്രത്തിൽ സ്ഥാനംനേടുക.

ഭാര്യ-ഭർതൃ ബന്ധത്തിലെ വിശ്വസ്തത ഒരു മികച്ച മൂല്യമാണെങ്കിലും ഭരണകൂടം പൊലീസധികാരം ഉപയോഗിച്ച് നിയന്ത്രിക്കേണ്ട വിഷയമല്ലെന്ന ദെബോറാം റോഡിന്റെ പ്രസിദ്ധമായ നിരീക്ഷണത്തിന് അങ്ങനെ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ അംഗീകാരം ലഭിച്ചു. 157 വർഷം പഴക്കംചെന്ന ഒരു നിയമവ്യവസ്ഥ റദ്ദാക്കപ്പെട്ടപ്പോൾ ഒരു കാലഘട്ടത്തിന്റെ ഫ്യൂഡൽ മൂല്യങ്ങളും മേൽക്കോയ്മാ മനോഭാവവും സ്ത്രീകളെക്കുറിച്ചും മനുഷ്യബന്ധങ്ങളെക്കുറിച്ചുമുള്ള യാഥാസ്ഥിതിക ധാരണകളുമാണ് റദ്ദാക്ക​പ്പെട്ടത്. അതിനുള്ള ഉപകരണമായിത്തീർന്നതാകട്ടെ, ഇന്ത്യൻ ഭരണഘടനയും.

ഭരണഘടനാ വ്യവഹാരങ്ങളുടെ ആകാശവിശാലതയും സാഗരവ്യാപ്തിയും എന്നെ പ്രലോഭിപ്പിച്ചു. ജോസഫ് ഷൈൻ കേസ് എന്റെ ഓർമകളിൽ പൂത്തുനിൽക്കുന്നത് ഇതുകൊണ്ടു കൂടിയാണ്. എനിക്കത് കേവലം ഒരു കോടതിവിധി മാത്രമല്ല; തൊഴിൽജീവിതം വെച്ചുനീട്ടിയ അമൂല്യമായ നിധിശേഖരംകൂടിയാണ്.

(തു​​ട​​രും)        

News Summary - weekly articles