Begin typing your search above and press return to search.
proflie-avatar
Login

ഏകാകിയായ പാട്ടുകാരനെ കേൾക്കുന്ന ഏകാന്ത താരകങ്ങൾ

ഏകാകിയായ പാട്ടുകാരനെ   കേൾക്കുന്ന ഏകാന്ത താരകങ്ങൾ
cancel

ഹിന്ദുസ്​താനി സംഗീതജ്ഞനും ഗായകനുമായ ഉസ്​താദ് അമീർഖാൻ വിടവാങ്ങിയിട്ട്​ 50 വർഷം. സംഗീതത്തിൽ മാസ്​മരികത തീർത്ത അദ്ദേഹത്തി​ന്റെ സംഗീതത്തിലൂടെയും ജീവിതത്തിലൂടെയും സഞ്ചരിക്കുകയാണ്​ എഴുത്തുകാരനും പാട്ടി​ന്റെ ചരിത്രകാരനുമായ ലേഖകൻ.‘‘ഒരു പാട്ട് യഥാർഥ പാട്ടാകുന്നത് ആത്മാവ് അത് കേൾക്കുകയും അതേറ്റു പാടുകയും ചെയ്യുമ്പോഴാണ്.’’ ഉർദു കവി ജിഗർ മൊറാദാബാദിയുടെ വാക്കുകൾ ഉസ്താദ് അമീർഖാന്റെ പാട്ടുകളെ ഓർമപ്പെടുത്തുന്നു. മിയാൻ താൻസെന്റെ പാരമ്പര്യത്തിൽനിന്ന് വെള്ളം വളവും സ്വീകരിച്ച്, തഴച്ചുവളർന്ന് വടവൃക്ഷമായി മാറിയ അമീർഖാൻ ആകസ്മികമായ ഒരപകടത്തിൽപെട്ട് നേരത്തേ അരങ്ങൊഴിയുകയായിരുന്നു. അദ്ദേഹം...

Your Subscription Supports Independent Journalism

View Plans
ഹിന്ദുസ്​താനി സംഗീതജ്ഞനും ഗായകനുമായ ഉസ്​താദ് അമീർഖാൻ വിടവാങ്ങിയിട്ട്​ 50 വർഷം. സംഗീതത്തിൽ മാസ്​മരികത തീർത്ത അദ്ദേഹത്തി​ന്റെ സംഗീതത്തിലൂടെയും ജീവിതത്തിലൂടെയും സഞ്ചരിക്കുകയാണ്​ എഴുത്തുകാരനും പാട്ടി​ന്റെ ചരിത്രകാരനുമായ ലേഖകൻ.

‘‘ഒരു പാട്ട് യഥാർഥ പാട്ടാകുന്നത് ആത്മാവ് അത് കേൾക്കുകയും അതേറ്റു പാടുകയും ചെയ്യുമ്പോഴാണ്.’’ ഉർദു കവി ജിഗർ മൊറാദാബാദിയുടെ വാക്കുകൾ ഉസ്താദ് അമീർഖാന്റെ പാട്ടുകളെ ഓർമപ്പെടുത്തുന്നു. മിയാൻ താൻസെന്റെ പാരമ്പര്യത്തിൽനിന്ന് വെള്ളം വളവും സ്വീകരിച്ച്, തഴച്ചുവളർന്ന് വടവൃക്ഷമായി മാറിയ അമീർഖാൻ ആകസ്മികമായ ഒരപകടത്തിൽപെട്ട് നേരത്തേ അരങ്ങൊഴിയുകയായിരുന്നു. അദ്ദേഹം തുടങ്ങിവെച്ച ഇന്ദോർ ഘരാന പാരമ്പര്യം ഏറ്റെടുക്കാൻ വലിയ പാട്ടുകാർ ആരുമില്ലാതെ പോയെങ്കിലും ഇന്നും വായ്‌പാട്ടുകാരും ഉപകരണ സംഗീതജ്ഞരും ഒരേപോലെ കേട്ടുകൊണ്ടിരിക്കുന്നത് അമീർഖാന്റെ പാട്ടുകളാണ്.

മധ്യപ്രദേശിലെ അകോല എന്ന ചെറുപട്ടണത്തിലായിരുന്നു ജനിച്ചതെങ്കിലും അമീർഖാൻ വളർന്നത് ഇന്ദോറിലായിരുന്നു. ആറു വയസ്സുള്ളപ്പോൾ മാതാവ് മരിച്ചു. സാരംഗി വാദകനായ പിതാവ് ഷഹ്‌മിർ ഖാനായിരുന്നു പിന്നീട് അമീറിനെ വളർത്തിയത്. അവസാന മുഗൾ ചക്രവർത്തിയായ ബഹദൂർഷാ സഫറിന്റെ കൊട്ടാരം ഗായകനായിരുന്നു മുത്തച്ഛൻ. സാരംഗി പഠിച്ചുകൊണ്ടാണ് അമീർഖാൻ തന്റെ സംഗീതജീവിതം ആരംഭിച്ചത്. പക്ഷേ, പന്ത്രണ്ടാം വയസ്സിൽ സ്റ്റേജിൽ കയറിയത് സാരംഗി വായിക്കാനല്ല; പാടാനായിരുന്നു. അതിനു പിന്നിൽ ഷഹ്‌മിർ ഖാന്റെ പ്രതികാരത്തിന്റെ കഥയുണ്ട്. ഒരിക്കൽ ഷഹ്‌മിർ ഖാൻ അമീറിനോടൊപ്പം സുഹൃത്തായ നാസിറുദ്ദിൻ ഖാന്റെ വീട് സന്ദർശിച്ചു.

അപ്പോൾ അയാൾ സഹോദരനെ പാട്ട് പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവരെ കണ്ടയുടൻ നാസിറുദ്ദീൻ പരിശീലനം നിർത്തുകയും നോട്ടുബുക്ക് അടച്ചുവെക്കുകയും ചെയ്‌തു. ഷഹ്‌മിർ ഖാൻ തന്റെ ആകാംക്ഷകൊണ്ട് നോട്ടുബുക്ക് തുറന്നുനോക്കി. അത് നാസിറുദ്ദീനെ പ്രകോപിപ്പിച്ചു. ‘‘അതിൽ എഴുതിവെച്ചിരിക്കുന്നത് നിന്നെപ്പോലെ വെറും സാരംഗി വായിക്കുന്നവർക്ക് മനസ്സിലാവില്ല.” അപമാനിതനായ ഷഹ്‌മിർ ഖാൻ തന്റെ മകനെ വായ്പാട്ട് പഠിപ്പിക്കുമെന്ന് തീരുമാനമെടുത്തു. അതും നാസിറുദ്ദീൻ ഖാൻ സഹോദരനെ പഠിപ്പിക്കുന്ന അതേ മേരുഖണ്ഡ് ശൈലിയിൽതന്നെ. ആ സംഭവത്തിനു ശേഷം അദ്ദേഹം മകനെ രഹസ്യമായി പാട്ട് പഠിപ്പിച്ചുതുടങ്ങി. ഒരുദിവസം അമീർഖാൻ അരങ്ങേറ്റം കുറിച്ചു. സാരംഗിയാണ് വായിക്കാൻ പോകുന്നതെന്ന് കരുതി കാത്തുനിന്നവർ അമീർഖാൻ പാടുന്നത് കണ്ട് അമ്പരന്ന് നിന്നു. അവിടെ മുതൽ തുടങ്ങുന്നു അമീർഖാൻ എന്ന സംഗീതകാരന്റെ ജൈത്രയാത്ര.

ഒരു സംഗീതജ്ഞനെ പാകപ്പെടുത്തിയെടുക്കുന്നതിൽ കേൾവി ശീലത്തോളം പങ്കുവഹിക്കുന്ന മറ്റൊന്നില്ല. എല്ലാ വെള്ളിയാഴ്ചയും പ്രാർഥനക്കുശേഷം ഷഹ്‌മിർ ഖാന്റെ വീട്ടിൽ നടക്കുന്ന സംഗീത സദസ്സുകളിൽ വലിയ പാട്ടുകാർ പങ്കെടുത്തു. ഉസ്താദ് റജബ് അലിഖാൻ, ഉസ്താദ് നാസിറുദ്ദീൻ ഖാൻ ഡാഗർ, ഉസ്താദ് വഹീദ് ഖാൻ, പണ്ഡിറ്റ് കൃഷ്ണറാവു ആപ്‌തെ, ബുദ്ദുഖാൻ എന്നിവരെ കേൾക്കാൻ ചെറുപ്പം മുതലേ അമീർഖാന് അവസരം ലഭിച്ചു. അമീറിനെ പോലെ എല്ലാവരെയും ആർത്തിയോടെ കേൾക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന കുട്ടിക്ക് അത് വലിയ സാധ്യതയായിരുന്നു. ഏതാണ്ട് 25 വർഷം പിതാവിന്റെ ശിക്ഷണത്തിൽ പഠിച്ച അമീർ 1937ൽ അദ്ദേഹത്തിന്റെ മരണശേഷം വിവിധ സംഗീതസമ്മേളനങ്ങളിൽ പങ്കെടുക്കുകയും വലിയ പാട്ടുകാരുടെ ശൈലികളിൽനിന്ന് തനിക്ക് ആവശ്യമായത് സ്വീകരിക്കുകയും ചെയ്‌തു.

കിരാന ഘരാനയുടെ ഉസ്താദ് അബ്ദുൽ വഹീദ്ഖാൻ, അബ്ദുൽ കരീംഖാൻ, ബേണ്ടി ബസാർ ഘരാനയുടെ അമൻ അലിഖാൻ, ജയ്‌പൂർ ഘരാനയുടെ റജബ് അലിഖാൻ എന്നിവരുടെ ശൈലികളുടെ സമന്വയം അമീർഖാൻ തന്റെ ആലാപനത്തിൽ കൊണ്ടുവന്നു. അദ്ദേഹത്തിന്റെ സമകാലികർ അതിനെ പുതിയൊരു രീതിയെന്നു പറഞ്ഞ് സ്വാഗതമരുളി. അമീർഖാൻ ഈ ശൈലിയെ ഇന്ദോർ ഘരാന എന്ന് വിളിച്ചു. ഒരു ഘരാനയെ അംഗീകരിക്കപ്പെടാൻ മൂന്ന് തലമുറ അത് നിലനിൽക്കണം എന്നാണ് നിയമം. എന്നാൽ, ഹിന്ദുസ്​താനി സംഗീതത്തിൽ അതുണ്ടാക്കിയ ശക്തമായ പ്രവാഹം ആ നിയമത്തെ കടപുഴക്കി. അമീർഖാൻ എന്ന ഒരൊറ്റ മനുഷ്യന്റെ പിൻബലത്തിൽ ഇ​േന്ദാർ ഘരാന വർഷങ്ങളായി പരിണമിച്ചുവന്ന ഘരാനകളുടെ ഒപ്പം തലയുയർത്തി നിന്നു.

ദർബാരി രാഗം ഹിന്ദുസ്​താനി സംഗീതത്തിൽ അവതരിപ്പിച്ചത് മിയാൻ താൻസെനാണ്. ഗൗരവമേറിയതും വലിയ വൈകാരിക തലങ്ങളിലേക്ക് പോകാൻ കഴിയുന്നതുമായ ദർബാരി അഭ്യസിക്കാനും പ്രയാസമേറിയതാണ്. മാനസിക വിഷമങ്ങൾ കുറക്കുകയും ആശ്വാസം തരുകയും ചെയ്യുന്ന ദർബാരിക്ക് മ്യൂസിക് തെറപ്പിയിൽ വലിയൊരു പങ്കുണ്ട്. ഹിന്ദുസ്​താനിയുടെ ആസ്വാദകരായ മലയാളികൾക്ക് മെഹ്ദി ഹസൻ ദർബാരിയിൽ പാടിയ ‘‘ഖുബ ഖൂ ഫൈൽ ഗയി ബാത്’’ എന്ന ഗസലും മുഹമ്മദ് റഫി ബൈജുബാവരയിൽ പാടിയ ‘‘ഓ ദുനിയാകെ രഖ് വാലെ’’യും പരിചിതമായിരിക്കും. ദർബാരിയിലെ ഏറ്റവും മികച്ച ഖയാലുകളിലൊന്ന് അമീർഖാന്റേതാണെന്ന് നിസ്സംശയം പറയാം. തനിക്ക് ഏറ്റവും ഇഷ്ട​െപ്പട്ട രാഗം ദർബാരിയാണെന്നും അത് പാടുമ്പോഴാണ് തന്റെയുള്ളിൽ ആനന്ദനൃത്തം ആടുന്നതെന്നും ലണ്ടനിൽ നടന്ന ഒരഭിമുഖത്തിൽ അമീർഖാൻ പറഞ്ഞിട്ടുണ്ട്.

സംഗീതപഠനത്തെ പർവതാരോഹണമായി അമീർഖാൻ താരതമ്യപ്പെടുത്തിയിട്ടുണ്ട്. ആ ഉപമ അദ്ദേഹത്തിന്റെ മാർവ രാഗാവതരണത്തിന് എന്തുകൊണ്ടും യോജിക്കുന്നതാണ്. ചെങ്കുത്തായ ഒരു മല കയറുന്നതുപോലെ ബുദ്ധിമുട്ടാണ് മാർവയുടെ രാഗാവതരണം ശ്രോതാക്കൾക്ക് പെട്ടെന്ന് പിടിച്ചെടുക്കാൻ. മേഘ് രാഗത്തിലെ ഖയാലിനെ തുടർന്ന് പാടുന്ന തരാനയിലെ ദൈവത്തെ സ്തുതിക്കുന്ന പേർഷ്യൻ ഈരടികൾ നൽകുന്ന അനുഭൂതിലോകം വളരെ വ്യത്യസ്തമാണ്. ബൈജു ബാവര എന്ന സിനിമയിൽ ഖനൻ ഖനൻ ഗൻ ഗരജോരെ എന്ന ബന്ദിഷിൽ താൻസെന്റെ ശബ്‌ദമായി പാടുന്ന ഖയാലും ഇതേരാഗത്തിൽ തന്നെയാണ്. (ക്ലാസിക്കൽ പാട്ടുകൾ അധികമായെന്ന് പറഞ്ഞ് സിനിമയിൽ ഇതുൾ​െപ്പടുത്തിയില്ല.)

 

ശി​ഷ്യ​നാ​യ പ​ണ്ഡി​റ്റ് അ​മ​ർ​നാ​ഥിനൊപ്പം ഉസ്​താദ്​ അമീർ ഖാൻ

തരാന പാടുന്നതിൽ അമീർഖാനുള്ള വൈദഗ്ധ്യം പരക്കെ അംഗീകരിക്കപ്പെട്ടതാണ്. സിതാറും തബലയുംപോലെ തരാനയും ഹിന്ദുസ്​താനി സംഗീതത്തിൽ ആമിർ ഖുസ്രുവിന്റെ സംഭാവനയാണ്. ഒരിക്കൽ ദ്രുപദ് ഗായകനായ നായക് ഗോപാൽ ഒരു രാഗാവതരണം നടത്തുന്നത് ആമിർ ഖുസ്രു കേട്ടു. അദ്ദേഹത്തിന് അതിന്റെ നോട്ടുകൾ ഓർമിക്കാൻ കഴിയാത്തതുകൊണ്ട് പഖവാജിന്റെയും സിതാറിന്റെയും ബോലുകൾ ഉപയോഗിച്ചു. പിന്നീട് ഖുസ്രു തന്നെ ബോലിന്‌ പകരം സൂഫി കവിതകൾ വെച്ചു. തരാനയിൽ ബന്ദിഷായി (വരികൾ) ഉപയോഗിച്ചിരുന്ന അർഥശൂന്യമായ വാക്കുകൾക്ക് പകരം പേർഷ്യൻ കവിതകൾ വെച്ച് ഈ ഗാനരൂപം വീണ്ടെടുക്കാൻ അമീർഖാൻ കഠിനമായ ഗവേഷണങ്ങളിൽ ഏർപ്പെട്ടു. അതിൽ വിജയിക്കുകയും തരാനയുടെ യഥാർഥ കാവ്യരൂപം സ്റ്റേജിൽ അവതരിപ്പിക്കുകയും ചെയ്‌തു.

വാൾത്തലപ്പിലൂടെ കാല് മുറിയാതെയുള്ള നടപ്പായിരുന്നു അമീർഖാന് സംഗീതം. കാഴ്ചയിൽ ഒരു പ്രഫസറെപ്പോലെ തോന്നിക്കുന്ന ഈ ഗായകൻ ശ്രോതാക്കളെ ആകർഷിക്കുന്ന ഒരു ഗിമ്മിക്കും തന്റെ ആലാപനത്തിൽ കൊണ്ടുവരാൻ ഒരുക്കമല്ലായിരുന്നു. മറ്റു കലാകാരന്മാർ കലയുടെ കച്ചവട സാധ്യതകൾ ഉപയോഗപ്പെടുത്തിയപ്പോൾ അമീർഖാൻ അതിൽ താൽപര്യം കാണിച്ചില്ല. ജനപ്രീതി ലക്ഷ്യമാക്കി ശുദ്ധസംഗീതത്തിന്റെ പരിധിവിട്ട് താഴോട്ട് വന്നില്ല. ആരാധകരുടെ വാഹ് വാഹ് വിളികളെയും ശ്രദ്ധിച്ചിരുന്നില്ല. തന്റെ കച്ചേരിയെ കുറിച്ച് വന്ന പത്രറിപ്പോർട്ടുകൾപോലും സൂക്ഷിച്ചിരുന്നില്ല.

ചമ്രം പടിഞ്ഞിരുന്ന്, മിഴികൾ താഴ്ത്തി സദസ്സിനെ അധികം ശ്രദ്ധിക്കാതെ, അവരുടെ അഭിരുചികൾക്ക് ചെവികൊടുക്കാതെ തനിക്ക് വേണ്ടിമാത്രം പാടുന്ന ഈ ഗായകൻ സംഗീതവുമായി അത്രയേറെ താദാത്മ്യം പ്രാപിച്ചിരുന്നു. ഒരിക്കൽ ഉസ്താദ് അംജദ് അലിഖാൻ പറഞ്ഞൊരു അനുഭവമുണ്ട്. ‘‘ഒരിക്കൽ ഡൽഹിയിലെ ആദ്യത്തെ ലെഫ്റ്റനന്റ് ഗവർണറായ എ.എൻ. ഝാ എന്നെ അദ്ദേഹത്തിന്റെ വീട്ടിൽ ഡിന്നറിനു ക്ഷണിച്ചു. അതോടൊപ്പം സംഗീത പരിപാടിയുണ്ടെന്നും സരോദ് വായിക്കണമെന്നും പറഞ്ഞു. ഉസ്താദ് അമീർഖാൻകൂടി പാടുന്നുണ്ട് എന്ന് അറിയിച്ചു. രാജ്ഭവനിൽ ഗസൽ ഗായിക നൈനാദേവി ഉൾ​െപ്പടെ കുറച്ച് അറിയപ്പെടുന്ന സംഗീതാസ്വാദകർ മാത്രം. ചുറ്റുമുള്ള വലിയ ബൾബുകളുടെ പ്രകാശംകൊണ്ട് സ്റ്റേജിൽ പാടുന്നവർക്ക് സദസ്സിലുള്ളവരെ വ്യക്തമായി കാണാൻ കഴിഞ്ഞിരുന്നില്ല.

ഞാൻ അരമണിക്കൂറിനുള്ളിൽ പരിപാടി അവസാനിപ്പിച്ചു. അതിനുശേഷം ഖാൻ സാഹിബ് തുടങ്ങി. അദ്ദേഹം നല്ല മൂഡിലായിരുന്നു, ആദ്യത്തെ രാഗവിസ്താരം കഴിഞ്ഞ് രണ്ടാമത്തേത് തുടങ്ങി. പരിപാടി എപ്പോൾ അവസാനിക്കുമെന്ന് ഝാ സാഹിബ് ആംഗ്യത്തിലൂടെ എന്നോട് ചോദിച്ചു. ഖാൻസാഹിബ് എപ്പോൾ അവസാനിപ്പിക്കുമെന്ന് എനിക്കൊരു പിടിയുമില്ലായിരുന്നു.

അതിഥികൾക്ക് ഭക്ഷണം കഴിക്കാൻ പോകാമെന്ന് ഞാൻ ആംഗ്യം കാണിച്ചു. അവർ എഴുന്നേറ്റ് പോയി ഭക്ഷണം കഴിക്കാൻ തുടങ്ങി. അപ്പോൾ ഖാൻ സാഹിബ് മൂന്നാമത്തെ രാഗം പാടി തുടങ്ങി. അവസാനം ഝാ സാഹിബ് മാത്രമായി ഹാളിൽ. അദ്ദേഹവും അവിടം വിടാൻ കാത്തിരിക്കുകയായിരുന്നു. ഞാൻ ആംഗ്യം കാണിച്ചപ്പോൾ അദ്ദേഹവും ഹാൾ വിട്ട് പോയി. ഹാളിൽ ആരുമില്ല എന്ന് മനസ്സിലാക്കിയപ്പോൾ ഖാൻ സാഹിബ് പെട്ടെന്ന് പാട്ടുനിർത്തി. എന്റെയടുത്ത് വന്ന് തോളിൽ കൈവെച്ച് പറഞ്ഞു. “ക്ഷമിക്കണം, ഞാൻ ഇന്ന് കുറെനേരം പാടിപ്പോയി.”

വേദികളിൽ തുമ്രിയോ ഗസലോ പാടാൻ എത്ര നിർബന്ധിച്ചാലും വഴങ്ങാറില്ലായിരുന്നു. എന്താണ് തുമ്രി പാടാത്തതെന്ന് ആരോ ചോദിച്ചപ്പോൾ ബഡെ ഗുലാം അലിഖാൻ തന്നെക്കാൾ നന്നായി പാടുന്നുണ്ടല്ലോ എന്നായിരുന്നു മറുപടി. റായ്‌ഗറിലെ രാജാവായ ചന്ദ്രധർ സിങ്ങിന്റെ കൊട്ടാരം ഗായകന്മാരിൽ ഒരാളായി അമീർഖാൻ ജോലിചെയ്യുന്ന കാലം. (കേവലം ഒരുവർഷം മാത്രം) മിർസാപൂരിൽ നടക്കുന്ന ഒരു സംഗീതസമ്മേളനത്തിൽ പാടാൻ വിളിച്ചു. ജീവിതത്തിലെ ആദ്യത്തെ സംഗീതസമ്മേളനം. വലിയ പാട്ടുകാർ തിങ്ങിനിറഞ്ഞ പ്രൗഢമായ സദസ്സ്.

ഏതാണ്ട് ഇരുപത് മിനിറ്റോളം പാടി. “ഒരു തുമ്രി പാടണം.” ഓടിക്കിതച്ചു വന്നുകൊണ്ട് സെക്രട്ടറി ആവശ്യപ്പെട്ടു. “ഞാൻ തുമ്രി പാടാറില്ല. അത് മോശമാണെന്ന് കരുതുന്നില്ല. പക്ഷേ, എനിക്ക് താൽപര്യമില്ല.” അമീർഖാൻ സ്റ്റേജ് വിട്ടിറങ്ങി. വേദികളിൽ തുമ്രിയും ഗസലും പാടാൻ വിസമ്മതിച്ച അദ്ദേഹം സിനിമകളിൽ പാടാൻ തയാറായി. തപൻ സിൻഹയുടെ ‘ശുദ്ദിത പശാൻ’ എന്ന ബംഗാളി സിനിമയിൽ തുമ്രികൾ പാടിയിട്ടുണ്ട്. ശിഷ്യനായ പണ്ഡിറ്റ് അമർനാഥ് എടുത്ത മിർസഗാലിബിനെ കുറിച്ചുള്ള ഡോക്യുമെന്ററിയിൽ രഹിയെ അബ് ഐസി ജഗഹ് എന്ന ഗാലിബിന്റെ വിഖ്യാതമായ ഗസൽ പാടാൻ വിമുഖത കാട്ടിയിട്ടില്ല. ശിഷ്യന്റെ ആവശ്യമായതുകൊണ്ട് ഗുരുവിന് നിരസിക്കാൻ പറ്റുമായിരുന്നില്ല.

മുംബൈയിൽ താമസിക്കുന്ന കാലത്ത് വേശ്യകളെയും നർത്തകികളെയും സംഗീതം പഠിപ്പിച്ചാണ് അദ്ദേഹം നിത്യവൃത്തിക്കുള്ള പണം കണ്ടെത്തിയത്. മാന്യമായ വാസസ്ഥലങ്ങളിലൊന്നും വാടക കൊടുത്തു കഴിയാൻ നിവൃത്തിയില്ലാത്ത ഉസ്താദ് വേശ്യാതെരുവിലാണ് താമസിച്ചിരുന്നത്. ആ ഒറ്റകാരണംകൊണ്ട് തന്നെ പല വിദ്യാർഥികളും അദ്ദേഹത്തെ തേടിയെത്തിയില്ല. പിന്നീട് കൊൽക്കത്തയിൽ എത്തിയപ്പോഴാണ് സാമ്പത്തിക നില മെച്ചപ്പെടുന്നത്. ഡൽഹിയിൽ നടന്ന ഒരു പരിപാടി കേട്ട ആരാധകനാണ് ഉസ്താദിനെ നിർബന്ധിച്ച് കൊൽക്കത്തയിലേക്ക് കൂട്ടിക്കൊണ്ടുപോയത്.

 

പാട്ടി​ന്റെ വഴിയിൽ ഉസ്​താദ്​ അമീർ ഖാൻ

കൊൽക്കത്തയിലെ ആസ്വാദകലോകം ആ അതുല്യ പ്രതിഭയെ ഉചിതമായരീതിയിൽ ആദരിച്ചു. അവിടത്തെ മെഹ്ഫിലുകളിൽ പാടിയതാണ് പിന്നീട് കാസറ്റ് രൂപത്തിൽ പുറത്തിറങ്ങിയ റെക്കോഡുകളിൽ ഭൂരിഭാഗവും. ആകാശവാണിയിൽ അമീർഖാൻ ആദ്യമായി പാടി അവതരിപ്പിച്ചതും കൊൽക്കത്തയിൽ വെച്ചുതന്നെ. നാലുവർഷത്തോളം അവിടെ താമസിച്ചതിന​ുശേഷം മുംബൈയിലേക്ക് തിരിച്ചുപോയി സ്ഥിരതാമസമാക്കി. അവിടെ അമീർഖാൻ പണിത വീടിന് പിതാവിന്റെ സ്‌മരണക്കായി ഷഹ്‌മിർ മഹൽ എന്ന് പേരിട്ടു.

ശാസ്ത്രീയ സംഗീതം പാടുന്നവരിൽ നല്ലൊരു വിഭാഗവും സിനിമയിൽ പാടാൻ വിമുഖത പ്രകടിപ്പിച്ചപ്പോൾ ശാസ്ത്രീയ സംഗീതത്തെ ജനകീയമാക്കാൻ സിനിമക്ക് സാധിക്കുമെന്നായിരുന്നു അമീർഖാന്റെ നിലപാട്. ‘ബൈജുബാവര’യും ‘ജനക് ജനക് പായൽ ബാജെ’യുമാണ് അമീർഖാന്റെ ആലാപനത്തിലൂടെ അനശ്വരമായ ഹിന്ദി സിനിമകൾ. ആദ്യമായി ഖയാൽ അതിന്റെ യഥാർഥരൂപത്തിൽ ഉപയോഗിച്ചത് ബൈജു ബാവരയിലായിരുന്നു. ഖയാൽ ആദ്യമായി സിനിമയിൽ പാടിയതും അമീർഖാനാണ്. അക്ബറിന്റെ കൊട്ടാരത്തിൽ താൻസെനും ബൈജു ബാവരെയും തമ്മിൽ മത്സരിച്ചു പാടിയപ്പോൾ താൻ​െസൻ തോറ്റുപോകുന്നതാണ് സിനിമയുടെ പ്രമേയം.

താൻ​െസനുവേണ്ടി പാടിയ അമീർഖാനോട് ബൈജു ബാവരെക്കു വേണ്ടി ഒരാളെ നിർദേശിക്കാൻ സംഗീത സംവിധായകൻ നൗഷാദ് അലി ആവശ്യപ്പെട്ടപ്പോൾ ഡി.വി. പലൂസ്‌കരുടെ പേര് പറഞ്ഞു. അമീർഖാനും പലൂസ്‌കരും തമ്മിലുള്ള പാട്ടു മത്സരമായിരുന്നു സിനിമയിലെ ഹൈ​ൈലറ്റ്. സിനിമ പുറത്തുവന്നപ്പോൾ ആരോ അമീർഖാനോട് ചോദിച്ചു. ‘‘നിങ്ങൾ എന്തിനാണ് ബൈജു ബാവരെക്കുവേണ്ടി പാടാൻ ജൂനിയറായ പാട്ടുകാരനെ തിരഞ്ഞെടുത്തത്? എന്തിനാണ് പാട്ട് മത്സരത്തിൽ തോൽവിക്ക് വഴങ്ങിക്കൊടുത്തത്? “സിനിമയിലെ പരാജയത്തിന് യഥാർഥ ജീവിതവുമായി എന്തുബന്ധം? മാത്രമല്ല, ഡി.വി. പലൂസ്‌കർ സംഗീതത്തിലെ മഹാനായ വിഷ്ണു ദിഗംബർജിയുടെ മകനും.”

ഹിന്ദി സിനിമ സംഗീതത്തിൽ മികച്ച ശാസ്ത്രീയ ഗാനങ്ങൾ സൃഷ്‌ടിച്ച വസന്ത് ദേശായിയുടെ സിനിമകളിലാണ് അമീർഖാൻ കൂടുതലായും പാടിയിട്ടുള്ളത്. ഉസ്താദ് വഹീദ് ഖാന്റെ ശിഷ്യനായ വസന്ത് ദേശായി ക്ലാസിക്കൽ സംഗീതം മികച്ചരീതിയിൽ സിനിമയിൽ ഉപയോഗിച്ച സംഗീത സംവിധായകരിലൊരാളാണ്. ‘ജനക് ജനക് പായൽ ബാജെ’യിൽ പാടിയ ടൈറ്റിൽ സോങ് ആസ്വാദകരുടെ ഇടയിൽ ഉണ്ടാക്കിയത് വലിയ പ്രതികരണമായിരുന്നു. ശാസ്ത്രീയഗാനം കേൾക്കാത്തവർപോലും അമീർഖാന്റെ പാട്ടും പണ്ഡിറ്റ് സമത പ്രസാദിന്റെ തബലയും നന്നായി ആസ്വദിച്ചു. ‘ഗൂഞ്ജ് ഉഡി ഷെഹനായി’ എന്ന സിനിമയിലും വസന്ത് ദേശായി അമീർഖാനെ കൊണ്ടുമുള്ള ആലാപന മാജിക് ആവർത്തിച്ചു.

ഇത്തവണ ബിസ്മില്ലാ ഖാനുമുണ്ടായിരുന്നു കൂടെ. ഷെഹനായി വായിക്കാൻ ഗുരു ശിഷ്യനെ പഠിപ്പിച്ചു കൊടുക്കുന്നതാണ് പ്രമേയം. പാടുന്നത് അമീർഖാനും ​െഷഹനായി വായിക്കുന്നത് ബിസ്മില്ല ഖാനും. അമീർഖാൻ പരമ്പരാഗതമായി പാടിയ പല പാട്ടുകളും ഈ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. ഉപകരണ സംഗീതത്തിന് സമാന്തരമായി വോക്കലും ഉപയോഗിച്ച അപൂർവം സിനിമകളിലൊന്നാണ് ‘ഗൂഞ്ജ് ഉഡി ​െഷഹനായി’. ഇന്ത്യൻ സിനിമാ സംഗീതത്തിൽ അതൊരു പുത്തൻ പരീക്ഷണമായിരുന്നു.

അസൂയയില്ലാതെ മറ്റുള്ളവരെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നത് അമീർഖാന്റെ വിശേഷഗുണമായിരുന്നു. 1968 ഏപ്രിൽ 23ന് സ്വാമി ഹരിദാസ് സംഗീതോത്സവത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ അദ്ദേഹം പറഞ്ഞു. “എന്റെ അടുത്ത സുഹൃത്ത് ഉസ്താദ് ബഡെ ഗുലാം അലിഖാൻ മരിച്ചു. അതുകൊണ്ട് ഇന്നെനിക്ക് പാടാൻ ഒരു മൂഡില്ല. പക്ഷേ, ഈയൊരു അവസരത്തിൽ സംഘാടകർക്ക് മറ്റൊരു പരിപാടി പകരംവെക്കാൻ പറ്റാത്തതുകൊണ്ട് ഞാൻ പാടിയേ പറ്റൂ. അതുകൊണ്ട് എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റ് വന്നാൽ നിങ്ങൾ പൊറുക്കണം.”

 

ഉസ്​താദ്​ അമീർ ഖാൻ പാടുന്നു

അമീർഖാന്റെ കുടുംബജീവിതം സങ്കീർണമായിരുന്നു. മൂന്നുതവണ വിവാഹം കഴിച്ചു. പ്രമുഖ സിതാർ വാദകനായ ഉസ്താദ് ഇനായത്‌ ഖാന്റെ മകൾ സീനത്തിനെയാണ് ആദ്യം വിവാഹം കഴിച്ചത്. ലോകപ്രശസ്‌ത സിതാർ വാദകൻ വിലായത് ഖാന്റെ സഹോദരിയായിരുന്നു സീനത്ത്. അക്കാലത്ത് ഒരു ഗായകൻ എന്ന രീതിയിൽ അമീർഖാൻ അറിയപ്പെട്ടു തുടങ്ങിയിട്ടില്ല. മോശമായ സാമ്പത്തികനില അവരുടെ ദാമ്പത്യജീവിതത്തിന്റെ സാസ്ഥ്യം കെടുത്തി. താമസിയാതെ വേർപിരിഞ്ഞു. സീനത്തും മകൾ ഫഹ്‌മിതയും വീട്ടിലേക്ക് തിരിച്ചുപോയി. ഉസ്താദിന്റെ രണ്ടാമത്തെ വിവാഹം ഡൽഹി സ്വദേശിയും ഉസ്‌താദ്‌ അബ്ദുൽ വഹീദ് ഖാന്റെ ശിഷ്യയുമായ മുന്നി ബീഗവുമായിട്ടായിരുന്നു. മൻമോഹിനി എന്നായിരുന്നു അവരുടെ യഥാർഥ പേര്. അമ്മയും സഹോദരിയും പ്രഫഷനൽ പാട്ടുകാരികളായിരുന്നു.

1965ൽ ഡൽഹിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് മൂന്നാമത്തെ വിവാഹം. ആഗ്രയിലെ തുമ്രി പാട്ടുകാരിയായ മുഷ്‌തരി ബീഗത്തിന്റെ മകൾ റൈസ ബീഗമായിരുന്നു വധു. റൈസ ബീഗത്തിന്റെ വരവ് മുന്നി ബീഗത്തെ വല്ലാതെ വേദനിപ്പിച്ചു. ഒരു വീട്ടിൽ രണ്ടുപേരും സഹോദരിമാരെ പോലെ ഒരുമിച്ച് കഴിയും എന്നായിരുന്നു അമീർഖാൻ കണക്കുകൂട്ടിയത്. പക്ഷേ, അദ്ദേഹത്തിന്റെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് ഒരുദിവസം ആരോടും പറയാതെ മുന്നിബീഗം വീടുവിട്ടിറങ്ങി. എല്ലായിടത്തും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഒരു വർഷം കഴിഞ്ഞ് റൈസ ബീഗം ഒരു കുഞ്ഞിന് ജന്മം നൽകി. ഹൈദർ അമീർ എന്ന് പേരിട്ട ആ കുട്ടിക്ക് പക്ഷേ പിതാവിന്റെ കീഴിൽ പഠിക്കാൻ ഭാഗ്യമുണ്ടായില്ല. 1974 ഫെബ്രുവരി 13ന് ഒരു കാറപകടത്തിൽ ഉസ്താദ് അമീർഖാൻ മരിക്കുമ്പോൾ മകന് എട്ടു വയസ്സായിരുന്നു.

അമീർഖാന്റെ ആദ്യ ഭാര്യയിലെ മകൾ ഫഹ് മിത ഹോമിയോപ്പതി ഡോക്ടറായും രണ്ടാമത്തെ ഭാര്യയിലെ ഇക്രംഖാൻ കാനഡയിൽ കെമിക്കൽ എൻജിനീയറായും ജോലിചെയ്തു. മൂന്നാമത്തെ ഭാര്യയിലെ മകൻ ഹൈദർ ഷഹബാസ് ഖാൻ എന്ന പേരിലിൽ സിനിമ മേഖലയിൽ അറിയപ്പെട്ടു. ശിഷ്യരിൽ പണ്ഡിറ്റ് അമർനാഥ്‌, ശങ്കർലാൽ മിശ്ര, കങ്കണ ബാനർജി, പുർവി മുഖർജി ഉസ്താദിന്റെ ജീവചരിത്രമെഴുതിയ പണ്ഡിറ്റ് തേജ്‌പാൽ സിങ് എന്നിവരാണ് പ്രധാനികൾ. മൂന്ന് മക്കളിൽ ആരും സംഗീതം പിന്തുടരുന്നില്ല എന്നതും അദ്ദേഹത്തിന്റെ പാരമ്പര്യത്തെ മുന്നോട്ടുകൊണ്ടുപോകാൻ ശിഷ്യരായി വലിയ പാട്ടുകാർ ആരും ഉയർന്നുവന്നിട്ടില്ല എന്നതും സൂചിപ്പിക്കുന്നത് ‘അമീർവാണി’യുടെ മുന്നോട്ടുള്ള പ്രയാണം സുഗമമല്ല എന്നാണ്.

മൃദുഭാഷിയായിരുന്നു അമീർഖാൻ. കുറഞ്ഞ വാക്കുകളിൽമാത്രം കാര്യങ്ങൾ അവതരിപ്പിക്കും. ഇതേ വേഗമായിരുന്നു രാഗാവതരണത്തിനും. അദ്ദേഹത്തിന്റെ സ്വഭാവവും സംഗീതവും ഇഴചേർന്ന് നിന്നു. കെട്ടുകാഴ്ചകളിൽ അഭിരമിക്കുന്ന സംഗീതജ്ഞരിൽനിന്ന് കൃത്യമായ അകലം പാലിച്ചു. പുതിയൊരു ബംഗ്ലാവ് വാങ്ങുന്നതിനെ കുറിച്ച് ആലോചിച്ചില്ല. ട്രെയിനിൽ ഏത് ക്ലാസിലാണ് സഞ്ചരിക്കുന്നത് എന്നുപോലും ശ്രദ്ധിച്ചിരുന്നില്ല. സംഗീതത്തിലല്ലാതെ അതിന്റെ ബാഹ്യമായ കാര്യങ്ങളിൽനിന്നെല്ലാം വിട്ടുനിന്നു. തന്റെ ഉത്കണ്ഠകളിൽനിന്നും മാനസിക സംഘർഷങ്ങളിൽനിന്നും മോചനം നേടാൻ ആഗ്രഹിച്ചു. “ഞാൻ എവിടെ സാധകം ചെയ്യാനിരുന്നാലും അവിടെയെല്ലാം ബഹളമാണ്. എന്താണ് ഞാൻ പറയുന്നതെന്ന് നിങ്ങൾ അത്ഭുതപ്പെടുന്നുണ്ടാകും. എന്റെയുള്ളിൽ ഒരുപാട് ബഹളങ്ങളുണ്ട്. സാധകം ചെയ്യുന്നതിന് മുമ്പ് എനിക്കെന്റെ തല ശൂന്യമാക്കണം.’’

ക്ലാസിക്കൽ സംഗീതത്തെ പറ്റിയുള്ള തന്റെ കാഴ്ചപ്പാടുകൾ അമീർഖാൻ പല അവസരങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. ‘‘ശാസ്ത്രീയ സംഗീത പഠനം ഒരു മലകയറ്റമാണ് എന്ന് പറയാം. അതിന് ക്ഷമയും ധൈര്യവും അത്യാവശ്യമാണ്. നിങ്ങൾ കയറിക്കൊണ്ടേ ഇരിക്കണം. ഇടക്കു വെച്ച് നിർത്തിക്കഴിഞ്ഞാൽ കാര്യങ്ങൾ കൂടുതൽ ദുഷ്കരമാവും. പിന്നോട്ട് തിരിഞ്ഞുനോക്കിയാൽ ധൈര്യം ചോർന്നുപോകും. അതുകൊണ്ട് സാവധാനം, ഉറച്ച കാലടികളോടെ മുന്നോട്ടുപോകുന്നതാണ് നല്ലത്. ലക്ഷ്യസ്ഥാനത്ത് എത്തിക്കഴിഞ്ഞാൽ എല്ലാവരും നിങ്ങളുടെ സന്തോഷത്തിൽ പങ്കുചേരും.”

ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ പല ഗായകരെയും ഉപകരണ സംഗീതജ്ഞരെയും അമീർഖാൻ സ്വാധീനിച്ചിട്ടുണ്ട്. അമീർ ഖാന്റെ അഭോഗി കേട്ടപ്പോൾ മെലഡിയുടെ സാധ്യതകൾ തുറന്നുതന്നിരുന്നു എന്നൊരിക്കൽ പ്രഖ്യാപിച്ചിട്ടുണ്ട് പണ്ഡിറ്റ് നിഖിൽ ബാനർജി. അംജദ് അലിഖാൻ അമീർഖാനോടുള്ള ആദരസൂചകമായി അമീർ തോടി എന്ന രാഗം സൃഷ്ടിച്ചിട്ടുണ്ട്. ഉസ്താദ് റഫീഖ് ഖാൻ, ഉസ്താദ് കമാൽ സാബ്രി, ഉസ്താദ് ഫയാസ് ഖാൻ എന്നിവർ സമീപകാലങ്ങളിൽ നടന്ന അഭിമുഖങ്ങളിൽ പറഞ്ഞത് അവർ എപ്പോഴും കേൾക്കുന്ന പാട്ടുകൾ ഉസ്താദ് അമീർഖാന്റേതാണെന്നാണ്. ഓർമയായിട്ട് അരനൂറ്റാണ്ട് കഴിയുമ്പോൾ അമീർഖാന് കേൾവിക്കാർ കൂടിവരുന്നു എന്ന യാഥാർഥ്യം കാണിക്കുന്നത് ആ സംഗീതത്തിനും ശൈലിക്കുമുള്ള അംഗീകാരം മാറിയ കാലത്തും വർധിച്ചുവരുന്നു എന്നതാണ്.

===========

Reference

1. Ustad Amirkhan -The pioneer of Indore Gharana-Pandit Tejpal singh & Prerna Arora- Thema Books

2. Master on Masters -Ustad Amjad Ali Khan -Penguin -Viking

3. A Rasika’s Journey Through Hindustani Music-Rajeev Nair-India log

4. Gharanas of Indian Music -Sadakat Aman Khan -Notion press

5. Select stalwarts of Hindustani Music-Uma Vasudev - NBT

News Summary - weekly articles