മറ്റു ചില ഭരണഘടനാ വ്യവഹാരങ്ങൾ
എന്‍ഡോസള്‍ഫാന്‍ കേസുകള്‍ നമ്മുടെ നാട്ടിലെ പൊതു താല്പര്യ വ്യവഹാരങ്ങളുടെ സൗന്ദര്യപരവും കാരുണ്യപൂരിതവുമായ മറ്റൊരു തലത്തെയാണ് വ്യക്തമാക്കുന്നത്. കേവലം പ്രതികാരാധിഷ്ഠിതവും രാഷ്ട്രീയ മാനങ്ങള്‍ അടങ്ങിയതുമായ പൊതുതാല്‍പര്യ കേസുകളില്‍നിന്നും ഗുണപരമായിത്തന്നെ വ്യത്യസ്തമാണ് മനുഷ്യ-പ്രകൃതി സ്നേഹത്തിലധിഷ്ഠിതമായ ഇത്തരം വ്യവഹാരങ്ങള്‍-സുപ്രീംകോടതിയിലെ വ്യവഹാര അനുഭവങ്ങൾ തുടരുന്നു.അങ്ങനെ, ജോസഫ് ഷൈൻ കേസിലെ സുപ്രീംകോടതിയുടെ വിധിയോടെ ഇന്ത്യൻ ശിക്ഷാ നിയമത്തിൽനിന്നും 497ാം...
Your Subscription Supports Independent Journalism
View Plansഎന്‍ഡോസള്‍ഫാന്‍ കേസുകള്‍ നമ്മുടെ നാട്ടിലെ പൊതു താല്പര്യ വ്യവഹാരങ്ങളുടെ സൗന്ദര്യപരവും കാരുണ്യപൂരിതവുമായ മറ്റൊരു തലത്തെയാണ് വ്യക്തമാക്കുന്നത്. കേവലം പ്രതികാരാധിഷ്ഠിതവും രാഷ്ട്രീയ മാനങ്ങള്‍ അടങ്ങിയതുമായ പൊതുതാല്‍പര്യ കേസുകളില്‍നിന്നും ഗുണപരമായിത്തന്നെ വ്യത്യസ്തമാണ് മനുഷ്യ-പ്രകൃതി സ്നേഹത്തിലധിഷ്ഠിതമായ ഇത്തരം വ്യവഹാരങ്ങള്‍-സുപ്രീംകോടതിയിലെ വ്യവഹാര അനുഭവങ്ങൾ തുടരുന്നു.
അങ്ങനെ, ജോസഫ് ഷൈൻ കേസിലെ സുപ്രീംകോടതിയുടെ വിധിയോടെ ഇന്ത്യൻ ശിക്ഷാ നിയമത്തിൽനിന്നും 497ാം വകുപ്പ് തിരോഭവിച്ചു. ഇങ്ങനെ സംഭവിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞുവെങ്കിലും രാജ്യത്തെ സാന്മാർഗിക ജീവിതത്തിനോ കുടുംബബന്ധങ്ങൾക്കോ അവയിൽ അന്തർലീനമായ സംസ്കാരത്തിനോ ഒരു കോട്ടവും ജോസഫ് ൈഷൻ കേസിലെ വിധികൊണ്ട് സംഭവിച്ചില്ല. ഇതുതന്നെ ഇക്കാര്യത്തിലുള്ള യാഥാസ്ഥിതികവും ഭരണകൂട കേന്ദ്രീകൃതവുമായ ധാരണകളുടെ പൊള്ളത്തരം വ്യക്തമാക്കും. എന്നിട്ടും ജോസഫ് ൈഷൻ കേസിലെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒരു ഹരജി ഫയൽ ചെയ്യപ്പെട്ടു.
അതാകട്ടെ, നേരത്തേ എതിർവാദങ്ങളുടെ രൂപത്തിൽ ഉന്നയിച്ച വാദങ്ങളുടെ തനിയാവർത്തനംകൂടിയായിരുന്നു. സുപ്രീംകോടതി ചട്ടങ്ങൾ അനുസരിച്ച് പുനഃപരിശോധന ഹരജികൾ വീണ്ടും കോടതിയിൽ പരിഗണനക്ക് എടുക്കണമെന്നില്ല. ന്യായാധിപരുടെ ചേംബറുകളിൽ വെച്ചുതന്നെ, തുറന്ന കോടതിയിലേക്കയക്കാതെ തന്നെ, പുനഃപരിശോധനാ ഹരജികൾ തള്ളിക്കളയാൻ ചട്ടങ്ങൾ അനുവദിക്കുന്നുണ്ട്. ഈ പുനഃപരിശോധനാ ഹരജിയും ആ നിലയിൽ തള്ളുകയാണുണ്ടായത്.
പിന്നീട് മറ്റൊരു ഹരജി കേന്ദ്രസർക്കാർ ഫയൽ ചെയ്തത് ഏതാണ്ട് അസാധാരണമായ രീതിയിലായിരുന്നു. കരസേന, വ്യോമസേന, നാവികസേന എന്നിവയിലെ അംഗങ്ങൾക്കെതിരെ പെരുമാറ്റദൂഷ്യത്തിന് നടപടികൾ സ്വീകരിക്കുന്നതിന് ജോസഫ് ൈഷൻ കേസിലെ വിധി തടസ്സമാകരുതെന്ന് വ്യക്തമാക്കാനാണ് ഹരജിയിൽ കേന്ദ്രം ആവശ്യപ്പെട്ടത്. എന്നാൽ, ഇപ്പറഞ്ഞ പ്രതിരോധ സേനകൾക്കുള്ള പ്രത്യേക നിയമങ്ങൾ ജോസഫ് ൈഷൻ കേസിൽ പരാമർശിതം ആയിരുന്നില്ല എന്നത് എല്ലാവർക്കും അറിയാവുന്ന യാഥാർഥ്യമാണ്.
ശിക്ഷാ നിയമത്തിലെ വ്യവസ്ഥയെ സംബന്ധിച്ച ഒരു സുപ്രീംകോടതി വിധി പ്രതിരോധ സേനയിലെ പ്രത്യേക നിയമങ്ങളുടെ കാര്യത്തിലല്ല എന്ന് മനസ്സിലാക്കാൻ പ്രത്യേകിച്ച് ഒരു ഗവേഷണവും വേണ്ടതില്ല. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് കെ.എം. ജോസഫ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ആ ഹരജിയിൽ തീർപ്പുകൽപിച്ചു. ഈ ‘ബന്ധമില്ലായ്മ’ കേസിൽ വാദമുന്നയിക്കുമ്പോൾ ഞാൻതന്നെ സമ്മതിച്ചതുമാണ്. അക്കാര്യം കോടതിവിധിയിൽ പ്രത്യേകം എടുത്തുപറയുകയുണ്ടായി.
എന്നാൽ, യഥാർഥ പരീക്ഷണം പിന്നീടാണ് ഉണ്ടായത്. ശിക്ഷാ നിയമമാകെ മാറ്റി പുതിയ ഭാരതീയ ന്യായ സംഹിതയുമായി കേന്ദ്രം മുന്നോട്ടുവന്നപ്പോൾ കോടതി റദ്ദാക്കിയ 497ാം വകുപ്പിനെ മറ്റൊരു വകുപ്പിലൂടെ പുനരവതരിപ്പിക്കുമോ എന്ന ആശങ്ക വ്യാപകമായിരുന്നു. സ്ത്രീകളെയും പുരുഷന്മാരെയും വിവാഹേതര ബന്ധത്തിന്റെ പേരിൽ ശിക്ഷിക്കാൻ വ്യവസ്ഥചെയ്യുന്ന വിധത്തിൽ ഈ വ്യവസ്ഥ പുനരാവിഷ്കരിക്കാൻ ചില ശ്രമങ്ങൾ നടന്നതായും അറിയാം.
എന്നാൽ, സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിയെ നേരിട്ട് ചോദ്യംചെയ്യുന്ന ഒരു നിയമനിർമാണത്തിന് കേന്ദ്രം തുനിഞ്ഞില്ല. പുതിയ ഭാരതീയ ന്യായ സംഹിതയിൽ 497ാം വകുപ്പ് പുനരവതരിപ്പിക്കപ്പെട്ടില്ല. ജോസഫ് ൈഷൻ കേസിലെ വിധിയുടെ സമ്പൂർണമായ വായന അത്തരമൊരു ഔന്നത്യത്തിൽനിന്നും ബന്ധപ്പെട്ടവരെ വികർഷിച്ചു കാണണം. ഏതായാലും കേവലമായ ലിംഗസമത്വത്തിനപ്പുറം, ആഴത്തിലുള്ള ഭരണഘടനാ തത്ത്വങ്ങൾ ഉയർത്തിപ്പിടിച്ച ജോസഫ് ഷൈൻ വിധിന്യായം, നിയമനിർമാണസഭയുടെ–പാർലമെന്റിന്റെ– അപായമണികളെയും അതിജീവിച്ചു. ഇത് ഒരർഥത്തിൽ ഭരണഘടനാ തത്ത്വങ്ങളുടെ തന്നെ അതിജീവനമായിരുന്നു.
കോഴിക്കോട് ജില്ലക്കാരനും ഇറ്റലിയിൽ ബിസിനസ് ചെയ്യുന്നയാളുമായ ജോസഫ് ഷൈൻ അതിനിടെ, കേരള ഹൈകോടതിയിൽ നൽകിയ മറ്റൊരു കേസും ആത്യന്തികമായി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിൽ എത്തിയെന്നത് കൗതുകകരമായിത്തോന്നാം. ദീർഘകാലം മന്ത്രിയും എം.എൽ.എയുമായ എം.എം. മണി സ്ത്രീകളെയും മറ്റും അധിക്ഷേപിക്കുന്ന വിധത്തിൽ പൊതു പ്രസ്താവനകൾ നടത്തിയെന്നാരോപിച്ച് കേരള ഹൈകോടതിയിൽ ജോസഫ് ൈഷൻ നൽകിയ റിട്ട് ഹരജി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു.
മന്ത്രിമാർക്കും മറ്റും പൊതു പ്രസ്താവനകളുടെ കാര്യത്തിൽ പെരുമാറ്റ ചട്ടം വേണമെന്നും മുഖ്യമന്ത്രിക്ക് ഇത്തരം സന്ദർഭങ്ങളിൽ ഇടപെടാൻ നിർദേശം നൽകണമെന്നും മറ്റുമായിരുന്നു, ഹരജിയിലെ ആവശ്യം. അക്കാലത്ത് മണിയുടെ പല പ്രസ്താവനകളും വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു. അതിനാൽതന്നെ അതിനെതിരായ വ്യവഹാരവും പൊതുജന ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഹൈകോടതി വിധിക്കെതിരെ നൽകിയ അപ്പീൽ സുപ്രീംകോടതി വലിയ പ്രാധാന്യത്തോടെയാണ് പരിഗണിച്ചത്. ഉത്തർപ്രദേശിലെ സമാജ്‍വാദി പാർട്ടി നേതാവായ അഅ്സംഖാൻ നടത്തിയ ചില വിവാദ പരാമർശങ്ങളുടെ പേരിൽ ഒരു കേസ് ഇതിനകംതന്നെ സുപ്രീംകോടതിയുടെ പരിഗണനയിൽ ഉണ്ടായിരുന്നത് മണിയുടെ പരാമർശങ്ങളുമായി ബന്ധപ്പെട്ട കേസിനെക്കൂടി അതിന്റെയൊപ്പം പരിഗണിക്കാനിടയാക്കി. എന്നാൽ, ഈ കേസുകൾ അന്തിമവാദത്തിനെടുക്കാൻ കാലതാമസമുണ്ടായി. എന്നാൽ, ഇതിനിടെ രാഷ്ട്രീയ നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങൾ രാജ്യത്തെ അപകടകരമാംവിധം ഗ്രസിച്ചിരുന്നു.
പൊതുജന സേവകരെന്ന് നാം കരുതുന്ന ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തുള്ള വ്യക്തികൾക്ക് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ എന്തും പറയാമോ എന്നും ആരെയും അധിക്ഷേപിക്കാമോ തുടങ്ങിയ ചോദ്യങ്ങൾ കോടതിയിലും ഉന്നയിക്കപ്പെട്ടു. ഇത്തരം അവസ്ഥയിൽ പൗരന്മാർക്കുള്ള പോംവഴിയെന്താണെന്നും അവ തേടേണ്ടത് ഏതുവിധത്തിലാണെന്നും മറ്റുമുള്ള ചോദ്യങ്ങളും ഒപ്പം ഉന്നയിക്കപ്പെട്ടു. ഈ കേസുകളും അഞ്ചംഗ ഭരണഘടനാ ബെഞ്ച് മുമ്പാകെ എത്തിപ്പെടാനുള്ള കാരണം വിഷയത്തിന്റെ പ്രാധാന്യംതന്നെയാണെന്ന് പറയേണ്ടതില്ലല്ലോ. എന്നാൽ, ഈ കേസുകൾ ഭരണഘടനാ ബെഞ്ച് പരിശോധിക്കാൻ മാത്രം പുതിയ സമസ്യകൾ ഉന്നയിക്കുന്നവയല്ലെന്ന വിമർശനവും ഉയർന്നു. ഗൗതം ഭാട്ടിയ അത്തരമൊരു അഭിപ്രായം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.
അതെന്തായാലും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ആദ്യം കേസ് പരിഗണിച്ചത്. ഇന്ദിര ബാനർജി, വിനീത് സരൺ, എം.ആർ. ഷാ, രവീന്ദ്ര ഭട്ട് എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് ന്യായാധിപർ. 2019 ഒക്ടോബറിൽ ഈ ബെഞ്ച് കേസിലെ വാദങ്ങൾ കുറെയൊക്കെ കേൾക്കുകയും ചെയ്തു. ഏതാണ്ട് രണ്ട് മണിക്കൂർ ഞാൻ ഈ ബെഞ്ച് മുമ്പാകെ വാദിക്കുകയുണ്ടായി. ഹരീഷ് സാൽവെ അമിക്കസ് ക്യൂറിയായും കെ.കെ. വേണുഗോപാൽ കേന്ദ്ര സർക്കാറിനുവേണ്ടിയും ഹാജരായി. കേന്ദ്രത്തിനുവേണ്ടി മാധവി ദിവാനും ഈ കേസിൽ വാദിക്കുകയുണ്ടായി.
എന്നാൽ, ഈ കേസിൽ വാദങ്ങൾ ഈ ബെഞ്ച് മുമ്പാകെ തുടരുകയുണ്ടായില്ല. ഭാഗികമായി കേസ് കേട്ടെങ്കിലും പിന്നെ ഈ ബെഞ്ച് സമ്മേളിച്ചില്ല. അതിനിടെ ജസ്റ്റിസ് അരുൺ മിശ്രയും മറ്റും റിട്ടയർചെയ്തു. പിന്നീട് 2023ൽ മറ്റൊരു ഭരണഘടനാ ബെഞ്ച് മുമ്പാകെ ഈ കേസുകൾ വീണ്ടും വന്നു. ജസ്റ്റിസുമാരായ അബ്ദുൽ നസീർ, ബൊപ്പണ്ണ, നാഗരത്ന, ബി.ആർ. ഗവായ്, വി. രാമസുബ്രഹ്മണ്യം എന്നിവർ അംഗങ്ങളായ ബെഞ്ച് വാദം കേൾക്കുകയും കേസിൽ വിധി പറയുകയുംചെയ്തു.
കൗശാൽ കിഷോറും േസ്റ്ററ്റ് ഓഫ് ഉത്തർപ്രദേശും (2023) എന്ന ഈ കേസിന്റെ വിധിയിൽ എം.എം. മണിയുടെ പരാമർശങ്ങൾ ഉന്നയിച്ച ഭരണഘടനാവിഷയങ്ങളും അഭിസംബോധന ചെയ്യപ്പെട്ടു. ജസ്റ്റിസ് രാമസുബ്രഹ്മണ്യം എഴുതിയ വിധിയോട് ജസ്റ്റിസ് നാഗരത്ന ഒഴികെയുള്ള ന്യായാധിപർ പരിപൂർണമായും യോജിച്ചു. ജസ്റ്റിസ് നാഗരത്ന വേറിട്ട വിധിയെഴുതി. ചില കാര്യങ്ങളിൽ അവർ ജസ്റ്റിസ് രാമസുബ്രഹ്മണ്യത്തിന്റെ വിധിയോട് യോജിച്ചുവെങ്കിലും ചില കാര്യങ്ങളിൽ വിയോജിച്ചു. അവരുടെ നീതിന്യായ വ്യക്തിത്വം പ്രതിഫലിച്ച ആ വിധി നേതൃതലങ്ങളിലെ വിദ്വേഷപ്രസംഗത്തിനെതിരായ താക്കീതു കൂടിയായിരുന്നു. പിന്നീട് പലപ്പോഴായി വിദ്വേഷപ്രസംഗ വിഷയത്തിൽ സുപ്രീംകോടതി ഇടപെടുകയുണ്ടായി.
ഇത്തരം പ്രസംഗങ്ങൾ നടത്തുന്നവർ ആരായാലും അവയുടെ പേരിൽ ഉടനടി പ്രഥമവിവര റിപ്പോർട്ട് തയാറാക്കി അന്വേഷണം നടത്തണമെന്ന് പിന്നീട് ജസ്റ്റിസ് കെ.എം. ജോസഫ് നേതൃത്വം നൽകിയ ഒരു ബെഞ്ച് ഉത്തരവിടുകയുണ്ടായി. ആ കേസുകളിൽ മാധ്യമപ്രവർത്തകനായ ശശികുമാറിനു വേണ്ടി ഞാൻ ഹാജരായിരുന്നു. അവിടെയും ജസ്റ്റിസ് നാഗരത്നയുടെ കൗശാൽ കിഷോർ വിധി ഞാൻ പരാമർശിച്ചിരുന്നു.
എന്നാൽ, കൗശാൽ കിഷോർ കേസിൽ സുപ്രീംകോടതി മറ്റൊരു നിയമതത്ത്വത്തിന് അടിവരയിട്ടു. പൊതുപ്രവർത്തകരുടെ അഭിപ്രായസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന ഒരു നടപടിയും കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടാകരുത് എന്നതാണാ തത്ത്വം. ഇക്കാര്യത്തിൽ എന്റെ വാദവും ഇതേ നിലക്കുതന്നെയായിരുന്നു. അഞ്ച് ന്യായാധിപരും ഇക്കാര്യത്തിൽ ഏകാഭിപ്രായക്കാരായിരുന്നു. സ്വയംനിർമിത പെരുമാറ്റച്ചട്ടംപോലും മന്ത്രിമാർക്കും നിയമസഭാ സാമാജികർക്കും വേണ്ടി ഉണ്ടാക്കാനാവില്ലെന്നും കോടതി പറഞ്ഞു. ഈ നിലക്കുള്ള എന്റെ ആവശ്യം പക്ഷേ, അപ്രായോഗികമാണെന്നാണ് കോടതി പറഞ്ഞത്.
എന്നാല്‍, പൊതുപ്രവര്‍ത്തകരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ നയിക്കുന്നത് ഭരണഘടനാ മൂല്യങ്ങള്‍ തന്നെയാകണമെന്നും വിദ്വേഷ പ്രസംഗങ്ങളിലൂടെ ഈ മൂല്യങ്ങളുടെ നിഷേധമാണ് നടക്കുന്നതെന്നും ശക്തമായ ഭാഷയില്‍ ജസ്റ്റിസ് നാഗരത്ന എഴുതി. വിദ്വേഷ പ്രസംഗങ്ങളിലൂടെ പൗരന്മാരുടെ മൗലികാവകാശങ്ങളാണ് ലംഘിക്കപ്പെട്ടതെന്ന് എല്ലാ ന്യായാധിപരും സൂചിപ്പിച്ചു. എന്നാല്‍, ഇത്തരം സന്ദര്‍ഭങ്ങളിലുള്ള നീതിന്യായ പരിഹാരങ്ങളെന്തെന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായി. ആത്യന്തികമായി അഭിപ്രായ സ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിന് അടിവരയിടുന്നതായി ഈ വിധിയും. അതിന്റെ പേരില്‍ തന്നെയാണ് ഞാനും ഈ വിധിയെ ഒരു തൊഴില്‍പരമായ നേട്ടമായി കണക്കാക്കുന്നത്.
സുപ്രീംകോടതിയില്‍ നടത്തിയ വേറെയും ചില പൊതു പ്രാധാന്യമുള്ള വ്യവഹാരങ്ങള്‍ വിവിധ കാരണങ്ങളാല്‍ മനസ്സില്‍ തങ്ങില്‍നില്‍ക്കുന്നു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സ്വന്തം ഫോട്ടോകളും മറ്റുമടങ്ങുന്ന പരസ്യങ്ങള്‍ വന്‍കിട പത്രങ്ങളിലും ഇതര മാധ്യമങ്ങളിലും നല്‍കുന്ന ജനതാല്‍പര്യത്തിന് വിരുദ്ധമാണെന്ന് കോമണ്‍കോസ് ഫയല്‍ ചെയ്ത ഒരു കേസില്‍ വാദമുയര്‍ത്തിയിരുന്നു. ഈ കേസിലെ ഹരജിക്കാരുടെ വാദങ്ങളെ പിന്തുണച്ചുകൊണ്ട് മലയാളി വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കു വേണ്ടി ഞാന്‍ ജസ്റ്റിസ് ഗൊഗോയ് അധ്യക്ഷനായ സുപ്രീംകോടതി െബഞ്ച് മുമ്പാകെയാണ് വാദം ഉന്നയിച്ചത്.
ഇത്തരം പൊതുവിഷയങ്ങളില്‍ ഇടപെടാനും അതിനുവേണ്ടി പണം ചെലവഴിക്കാനും ചിറ്റിലപ്പിള്ളി കാണിക്കുന്ന സന്നദ്ധത ശ്ലാഘനീയമാണ്. ഏറ്റെടുക്കുന്ന വിഷയങ്ങളില്‍ അദ്ദേഹം കാണിക്കുന്ന പ്രതിബദ്ധതയും സത്യസന്ധതയും മാതൃകാപരമാണ്. കേരള ഹൈകോടതിയിലും മുമ്പ് ഞാന്‍ അദ്ദേഹത്തിന്റെ അഭിഭാഷകനായിരുന്നു. ഹര്‍ത്താലിന്റെയും മറ്റും പേരില്‍ പൊതുമുതലും സ്വകാര്യങ്ങളും നശിപ്പിക്കുന്ന പ്രവണതകള്‍ക്കെതിരെ ശക്തമായ തുടര്‍നടപടികള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു ഹൈകോടതിയിലെ ഹരജി. ഒരു പഴയ വിധിയിലെ തത്ത്വങ്ങള്‍ പിന്തുടര്‍ന്നുകൊണ്ട് ആ കേസില്‍ ഹൈകോടതി വിധി പറഞ്ഞു.
സുപ്രീംകോടതി ‘കോമൺ കോസി’നു വേണ്ടി പ്രശാന്ത് ഭൂഷണിനെയും കൊച്ചൗസേപ്പിനു വേണ്ടി എന്നെയും വിശദമായി കേട്ടു. 2019ല്‍ ആയിരുന്നു ആ കേസ്. പൊതുജനങ്ങളുടെ നികുതിപ്പണം തങ്ങളുടെ പ്രതിച്ഛായ നിര്‍മാണത്തിനുവേണ്ടി ഉപയോഗിക്കുന്ന പ്രവണതക്കെതിരെ സുപ്രീംകോടതി ശക്തമായ നിലപാട് സ്വീകരിച്ചുകൊണ്ട് വിധിയെഴുതി. എന്നാല്‍, പില്‍ക്കാലത്ത് പലപ്പോഴായി ഈ വിധി പുനഃപരിശോധിക്കപ്പെടുകയും കാര്യങ്ങള്‍ പഴയപടിതന്നെ ആയിത്തീരുകയും ചെയ്തു.
കോടതി തന്നെ നടത്തിയ ഈ വിട്ടുവീഴ്ചയുടെയും ഇളവുകളുടെയും ഫലമായി, ഭരണാധികാരികള്‍ക്ക് സ്വന്തം മുഖങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഉപാധികള്‍ എന്ന നിലയില്‍ സര്‍ക്കാര്‍ പരസ്യങ്ങള്‍ പുനരവതരിച്ചു.അതിനിടെ കാസർകോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സുപ്രീംകോടതി വിധിച്ച നഷ്ടപരിഹാരം നല്‍കാന്‍ കാലതാമസം വന്നപ്പോള്‍ ചില അമ്മമാര്‍ അവരുടെ കുട്ടികള്‍ക്കായി സുപ്രീംകോടതി മുമ്പാകെ കോടതിയലക്ഷ്യക്കേസ് ഫയല്‍ ചെയ്തു. അവര്‍ക്കുവേണ്ടി വാദിക്കാനായത് സംതൃപ്തിയുടെ സവിശേഷാനുഭവമാണ് നല്‍കിയത്.
നാലു കുട്ടികള്‍ക്ക് അഞ്ചുലക്ഷം രൂപവെച്ച് നല്‍കണമെന്ന് വ്യക്തിപരമായി നിര്‍ദേശിച്ചുകൊണ്ടാണ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ബെഞ്ച് ആ കേസ് അനുവദിച്ചത്. വിധിക്ക് ശേഷവും പണം കൊടുക്കുന്നതില്‍ കാലതാമസം വന്നേപ്പാള്‍ പരേതനായ കോടിയേരി ബാലകൃഷ്ണനും അന്ന് ഡല്‍ഹിയില്‍ ഉണ്ടായിരുന്ന എ. സമ്പത്തും മറ്റും ഈ കുട്ടികള്‍ക്കവകാശപ്പെട്ട തുക അമ്മമാര്‍ക്ക് എത്തിക്കുന്നതില്‍ വലിയ ഉത്സാഹവും താല്‍പര്യവും കാണിച്ച വിവരവും ഇവിടെ രേഖപ്പെടുത്തട്ടെ.
എന്‍ഡോസള്‍ഫാന്‍ കേസില്‍ മറ്റുള്ളവര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് വേറൊരു കേസില്‍ സുപ്രീംകോടതി പിന്നീടും വിധിക്കുകയുണ്ടായി. മറ്റൊരു അഭിഭാഷകനായിരുന്നു ആ കേസില്‍ ഹാജരായത്. എന്‍ഡോസള്‍ഫാന്‍ കേസുകള്‍ നമ്മുടെ നാട്ടിലെ പൊതുതാല്‍പര്യ വ്യവഹാരങ്ങളുടെ സൗന്ദര്യത്തെയും കാരുണ്യപൂരിതവുമായ മറ്റൊരു തലത്തെയുമാണ് വ്യക്തമാക്കുന്നത്. കേവലം പ്രതികാരാധിഷ്ഠിതവും രാഷ്ട്രീയ മാനങ്ങള്‍ അടങ്ങിയതുമായ പൊതുതാല്‍പര്യ കേസുകളില്‍നിന്നും ഗുണപരമായിത്തന്നെ വ്യത്യസ്തമാണ് മനുഷ്യ-പ്രകൃതി സ്നേഹത്തിലധിഷ്ഠിതമായ ഇത്തരം വ്യവഹാരങ്ങള്‍.
എതിരാളികളെപ്പോലും നിരായുധരാക്കുന്ന ധാര്‍മികമായ ഉള്‍ക്കരുത്താണ് ഈ വ്യവഹാരങ്ങെള കനത്ത മൂല്യനിക്ഷേപങ്ങളാക്കി മാറ്റുന്നത്. അവയിലൂടെ നേടുന്ന നൈതികസമൃദ്ധി അഭിഭാഷകര്‍ക്കുമാത്രം ഉള്ളതല്ല, മറിച്ച് കോടതിയെന്ന സ്ഥാപനത്തിന് കൂടിയുള്ളതായിത്തീരുന്നു. ഈ സ്നേഹതലങ്ങളെ വിപുലപ്പെടുത്തുന്നതുവഴി മാത്രമേ പൊതുതാല്‍പര്യ വ്യവഹാരങ്ങളുടെ ആദ്യകാല പ്രതാപത്തെ വീണ്ടെടുക്കാന്‍ കഴിയൂ.