Begin typing your search above and press return to search.
proflie-avatar
Login

തിരുത്ത്​

തിരുത്ത്​
cancel

ഒരാൾ ശാസ്ത്രം ചെയ്യുന്നതിന്റെ ആദ്യപടി ശാസ്ത്രീയമായ ചോദ്യങ്ങൾ ഉയർത്തുകയാണ്. ആ ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്ന ചരിത്രപരിസരവും അധികാരഘടനയുമാണ് മർമം. പാർശ്വവത്കൃതമായ പരിപ്രേക്ഷ്യങ്ങൾ പുനഃപരിശോധിക്കാൻ പുതിയ ചോദ്യങ്ങൾ വേണ്ടതുണ്ട്; അന്വേഷണത്തിന് പുതിയ സമീപനങ്ങളും. പെണ്ണിനേക്കാൾ രതീയത ആണിനാണ് -ജീവശാസ്ത്രത്തിൽ തഴമ്പിച്ചുപോയ തത്ത്വമാണ്, ബെയ്റ്റ്മൻസ് പ്രിൻസിപ്ൾ. ബീജവും അണ്ഡവും തമ്മിൽ വലുപ്പത്തിലും ചലന​വേഗത്തിലുമുള്ള പൊരുത്തക്കേടാണ് ‘വിഷയ’ഹേതു. തത്ത്വം സത്യമാണോ? ഉവ്വുവ്വെന്ന് ജീവശാസ്ത്രം ഉറപ്പിക്കുന്നു, പാഠപുസ്തകങ്ങൾ തലമുറകളായി ഓതിത്തരുന്നു. കാലം: 2010, വരുന്നൂ, പട്രീഷ്യ ഗൊവാറ്റി....

Your Subscription Supports Independent Journalism

View Plans
ഒരാൾ ശാസ്ത്രം ചെയ്യുന്നതിന്റെ ആദ്യപടി ശാസ്ത്രീയമായ ചോദ്യങ്ങൾ ഉയർത്തുകയാണ്. ആ ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്ന ചരിത്രപരിസരവും അധികാരഘടനയുമാണ് മർമം. പാർശ്വവത്കൃതമായ പരിപ്രേക്ഷ്യങ്ങൾ പുനഃപരിശോധിക്കാൻ പുതിയ ചോദ്യങ്ങൾ വേണ്ടതുണ്ട്; അന്വേഷണത്തിന് പുതിയ സമീപനങ്ങളും. 

പെണ്ണിനേക്കാൾ രതീയത ആണിനാണ് -ജീവശാസ്ത്രത്തിൽ തഴമ്പിച്ചുപോയ തത്ത്വമാണ്, ബെയ്റ്റ്മൻസ് പ്രിൻസിപ്ൾ. ബീജവും അണ്ഡവും തമ്മിൽ വലുപ്പത്തിലും ചലന​വേഗത്തിലുമുള്ള പൊരുത്തക്കേടാണ് ‘വിഷയ’ഹേതു. തത്ത്വം സത്യമാണോ? ഉവ്വുവ്വെന്ന് ജീവശാസ്ത്രം ഉറപ്പിക്കുന്നു, പാഠപുസ്തകങ്ങൾ തലമുറകളായി ഓതിത്തരുന്നു.

കാലം: 2010, വരുന്നൂ, പട്രീഷ്യ ഗൊവാറ്റി. പഴയീച്ചകളിൽ (ഡ്രോസോഫില മെലനോഗാസ്റ്റർ) പരീക്ഷണ പരമ്പര. ഒടുവിൽ പട്രീഷ്യ തെളിയിക്കുന്നു, ബെയ്റ്റ്മന്റെ തത്ത്വം അസംബന്ധം. വലുപ്പത്തിലും വേഗത്തിലുമൊന്നുമല്ല കാര്യം.

മറ്റൊരു ശാസ്ത്രീയ ധാരണ: നിഷ​്ക്രിയമായ അണ്ഡത്തെ തേടി​ച്ചെല്ലുന്നതും തുളച്ചുകയറി ഗർഭമുണ്ടാക്കുന്നതും ബീജമാണ്. ഈ ജീവശാസ്ത്ര പാഠംവെച്ച് പെണ്ണിന്റെ കൽപിത നിഷ്ക്രിയതയിൽ പരമ്പരാഗതമായുണ്ട്​ ആൺഫലിതങ്ങൾ, പരിഹാസങ്ങൾ. ആ​െട്ട, പിറവിയുടെ തച്ചുശാസ്​ത്രം അവ്വിധം തന്നെയോ? അന്വേഷിച്ചിറങ്ങി, ഒരു​ സംഘം ശാസ്​ത്രജ്ഞകൾ. അവർ കണ്ടെത്തിയ നേരിങ്ങനെ: ബീജമല്ല മുൻകൈയെടുക്കുന്നത്, അണ്ഡം പുറപ്പെടുവിക്കുന്ന ചില ത്വരകങ്ങളാണ്. ആ കാന്തവലയിൽപെട്ട് ബീജമങ്ങു ചെന്നുപോകുന്നതാണ്. മറ്റു ചില സ്ത്രൈണ സ്രവങ്ങളും ചരടു വലിക്കുന്നുണ്ട്, ബീജാണ്ഡ സംയോഗത്തിൽ. ഈ രണ്ടു ഘടകങ്ങളുടെ പ്രവർത്തനമില്ലെങ്കിൽ ഏതു ബീജവും പാഴ്. പരിഭാഷ: പെണ്ണിന്റെ വരുതിയിലാണ് ആണിന്റെ പ്രത്യുൽപാദന ശേഷി.

അടുത്ത പല്ലവി: ഗർഭത്തിലെ ലിംഗവികാസം രണ്ടു വഴിക്കാണെന്ന് ജീവശാസ്ത്രം ഏറെക്കാലമായി പഠിപ്പിക്കുന്നു. ഒന്നുകിൽ Y ക്രോമസോമിന്റെ ഒരു ശകലം വഴി വൃഷണവും ആൺലിംഗവുമുണ്ടാകുന്നു, ഭ്രൂണം ആണാവുന്നു. അല്ലെങ്കിൽ, Y ​ക്രോമസോമിന്റെ അഭാവത്തിൽ അണ്ഡവും കൃസരിയും മുളയ്ക്കുന്നു, ഭ്രൂണം പെണ്ണാവുന്നു. ഇവിടെ Y ക്രോമസോമിന്റെ അഭാവത്തെ ഗണിക്കുന്നത് അപാകമായാണ്. ഡിഫോൾട്ട് സെറ്റിങ്. അഥവാ പെണ്ണ് മൂശയും ആണ് വിളയും. ഈ ജീവശാസ്ത്ര നിഗമനത്തിന്റെ വിത്താണ് അണ്ഡം (അതുവഴി പെണ്ണും) നിഷ്ക്രിയവും പ്രത്യുൽപാദനത്തിനുള്ള ഡിഫോൾട്ട് സെറ്റിങ്ങുമാണെന്ന പൊതുധാരണ. ജനിഫർ ഗ്രേവ്സ് അത് തിരുത്തുന്നു. ബീജപാതകൾ അടച്ച് അണ്ഡാശയ വികാസത്തിന് വഴിതുറക്കുന്ന ജനിതകാംശങ്ങൾ കണ്ടെത്തിക്കൊണ്ട്. ബീജമല്ല, അണ്ഡം നിശ്ചയിക്കും പ്രകാരമാണ് കാര്യങ്ങൾ.

മനുഷ്യന്റെ ലൈംഗികതയും പ്രത്യുൽപാദനവും സംബന്ധിച്ച് മൂന്നു നിർണായക തിരുത്തുകളാണ് നടന്നിരിക്കുന്നത്. എന്നിട്ടും കാതലായ ഇൗ അറിവുകൾ നമ്മുടെ പാഠപുസ്തകങ്ങളിൽ കയറിയിട്ടില്ല -പള്ളിക്കൂടത്തിലോ ഉന്നത പാഠശാലയിലോ. നാളെ അതുണ്ടാവാം. അപ്പോഴും പക്ഷേ, പറയുക, ശാസ്ത്രം സ്വയം തിരുത്തി എന്നാവും. പുതിയ കണ്ടെത്തലുകൾക്ക് പിന്നിലെ രാഷ്ട്രീയ പശ്ചാത്തലം മിണ്ടിക്കൊടുക്കില്ല. മുഖ്യധാരാ ശാസ്ത്രത്തിന് പുറത്തുനിന്നാണ് ഈ സത്യദർശനവും അതിന് കാരണമായ ഗവേഷണങ്ങളുമെന്ന് ചരിത്രം പറയില്ല.

ആധുനിക വൈദ്യശാസ്ത്രത്തിന് ഒരു പരമ്പരാഗത പ്രവണതയുണ്ട് -രോഗാരോഗ്യ പ്രമേയങ്ങളെ ജീവശാസ്ത്രവുമായി മാത്രം ബന്ധിപ്പിച്ചുള്ള വിധികൽപന. മനുഷ്യരുടെ സാമൂഹിക-സാംസ്കാരിക വ്യത്യാസങ്ങൾ തരിമ്പും പരിഗണിക്കാതെയുള്ള ശരീരനില നിർണയം. ലിംഗവ്യത്യാസത്തിന് അനാരോഗ്യത്തിൽ പങ്കുണ്ടെന്ന് സമ്മതിച്ചാൽകൂടി അതിനെ സാമൂഹിക-സാംസ്കാരിക വ്യത്യസ്തതകൾ എങ്ങനെ സ്വാധീനിക്കുന്നെന്ന് ഗൗനിക്കില്ല. അങ്ങനെ, കാഴ്ച അടിസ്ഥാനപരമായി അശാസ്ത്രീയമായിപ്പോകുന്നതും തിരിച്ചറിയാറില്ല. പ്രശസ്തമായ ഒരു സമീപകാല മാതൃക നോക്കൂ:

കൊറോണ വൈറസിന്റെ കന്നിവ്യാപനത്തിൽ പ്രചരിച്ച വൃത്താന്തം –കോവിഡ് ബാധിച്ചുണ്ടായ പെൺമരണങ്ങളുടെ ഇരട്ടിയാണ് ആൺമരണങ്ങൾ. പിന്നാലെ വന്നു, വിദഗ്ധ വിചിന്തനങ്ങൾ. രതിഹോർമോണുകളുടെ സംരക്ഷണ ധർമങ്ങൾ തൊട്ട് പെൺദേഹത്തെ പ്രതിരോധ വ്യവസ്ഥിതിയുടെ മേന്മ വരെ. ആണുങ്ങളിൽ സ്ത്രൈണ ഹോർമോണായ ഈസ്ട്രജൻ കുത്തിവെച്ചാൽ രോഗം ഭേദമാക്കാമെന്ന വൈദ്യചിന്തയോളമെത്തി കഥ.

മാധ്യമങ്ങൾ പതിവിൻപടി ആദ്യറൗണ്ട് വെടിക്ക് ശേഷം കഥയൊഴിഞ്ഞു. ഹാർവഡിലെ ചില വനിതാ ഗവേഷകർ വിട്ടില്ല. 2022ൽ അവരുടെ ഗവേഷണ ഫലം വന്നു. മുഖവുറ ധരിക്കുന്നതിലും ആളകലം പാലിക്കുന്നതിലും സ്ത്രീജനത്തിനായിരുന്നു നിഷ്ഠ കൂടുതൽ. കോവിഡ് ടെസ്റ്റ് നടത്തുന്നതിലും അവർതന്നെ മുമ്പർ. വിശേഷിച്ചും ഗർഭിണികളും കൂടുതൽ നഴ്സുമാരും ഉൾപ്പെടുന്ന ജനവിഭാഗ​െമന്ന നിലക്ക്. എണ്ണമെടുത്തപ്പോൾ കോവിഡ് ബാധ ആണുങ്ങളുടേതിലും പാതി മാത്രം. വൃത്താന്തത്തിന് പിന്നിലെ നേര് ഇവ്വിധം സാമൂഹികതയിലാണ് ശരീരശാസ്ത്രത്തിലല്ലെന്നും വന്നു. ഒന്നമർത്തി നോക്കൂ, പാട്ടകൊട്ടിയും ചാണകം പൂശിയും കൊറോണയെ തുരത്താമെന്ന ‘ഭാരതീയ’ ചിന്തയും ഇപ്പറഞ്ഞ വൃത്താന്തവിചാരവും കാതലിൽ സയാമീസ് ഇരട്ടയല്ലേ?

ഈ തിരുത്തുകളെല്ലാം വന്നത് ‘​െജൻഡർ സയൻസ് ലാബി’ൽനിന്നാണ്. ലിംഗജാതികളുടെ നേരു തിരക്കുന്ന ശാസ്ത്രജ്ഞകളുടെ സംരംഭം. ഈദൃശ പ്രമേയങ്ങളിൽ ശാസ്ത്രത്തിന്റെ മുഖ്യധാരാ വിചാരിപ്പുകളെ പുനർഗവേഷണം ചെയ്യലാണ് ദൗത്യം. അങ്ങനെ പിറന്നു, ‘ഫെമിനിസ്റ്റ്’ സയൻസ്, പതിവുപോലെ മുഖ്യധാര ഇടഞ്ഞു: അവജ്ഞ, എതിർപ്പ് കണ്ടെത്തലുകളെ എതിർക്കുന്നില്ല. കാരണം, അവ ശാസ്ത്രീയമായി ശരി. യഥാർഥ ശാസ്ത്രത്തോട് പൊരുത്തപ്പെടുന്നതല്ല ഫെമിനിസ്റ്റ് സങ്കൽപങ്ങൾ എന്നായി തുടർന്യായം -ശാസ്ത്രം വസ്തുനിഷ്ഠമായ ആധികാരികത, മറ്റത് പ്രത്യയശാസ്ത്ര പദ്ധതി. ഉവ്വോ?

ഒരാൾ ശാസ്ത്രം ചെയ്യുന്നതിന്റെ ആദ്യപടി ശാസ്ത്രീയമായ ചോദ്യങ്ങൾ ഉയർത്തുകയാണ്. ആ ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്ന ചരിത്രപരിസരവും അധികാരഘടനയുമാണ് മർമം. പാർശ്വവത്കൃതമായ പരിപ്രേക്ഷ്യങ്ങൾ പുനഃപരിശോധിക്കാൻ പുതിയ ചോദ്യങ്ങൾ വേണ്ടതുണ്ട്; അന്വേഷണത്തിന് പുതിയ സമീപനങ്ങളും. ശാസ്ത്രീയം എന്ന് പൊതുവിൽ ധരിച്ചുപോരുന്ന പലതും ഈ വേർച്ചിന്ത ആവശ്യപ്പെടുന്നു. ശാസ്ത്രത്തിൽ പല ഊഹനിഗമനങ്ങളുമുണ്ട് -ഹൈപോതെസിസ്. പിന്നീട് തെളിവുകൾ തരമാക്കിയോ തരമാകാതെ തഴമ്പിച്ചോ ശരി എന്ന് മുദ്ര കിട്ടുന്നവ.

അവ ​െവച്ച് പരീക്ഷണങ്ങളും നിഗമനങ്ങളും നടക്കുന്നു. പ്രശ്നം ഈ പ്രയോഗതലത്തിലല്ല, സാരസ്യഹൃദയത്തിലാണ് - എന്തിനെയാണ് പ്രമേയകേന്ദ്രമായി കൽപിക്കുന്നത്, ഏതെല്ലാം ചോദ്യങ്ങൾക്കാണ് വാസ്തവത്തിൽ സാധുത? ആ മർമത്തിൽ വിരൽവെച്ചാൽ പല വിശ്വസ്ത ചിത്രങ്ങളും വിശ്ലഥമാകും. സാക്ഷാൽ ​െഎൻസ്റ്റൈന്റെ ചില ​െഎതിഹാസിക നിഗമനങ്ങളടക്കം. നിജമറിഞ്ഞാൽ പിന്നെ നിരപേക്ഷം തിരുത്തുകയല്ലേ ​േവണ്ടത്​? അങ്ങനെയല്ലേ ശാസ്ത്രത്തെ മെച്ചപ്പെടുത്തേണ്ടതും?

കഥാഗതി പക്ഷേ മിക്കപ്പോഴും അവ്വിധമല്ല. തെറ്റായ ധാരണകൾ രൂഢസ്ഥമാണ് -ബെയ്റ്റ്മന്റെ തത്ത്വംപോലെ. അതും പോരാഞ്ഞുണ്ട് വ്യാജ ശാസ്ത്രീയതകൾ- കൊറോണക്കാല മരണക്കണക്ക് പോലെ. വിശ്വാസത്തിന്റെ രാഷ്ട്രീയത്തിന് ശാസ്ത്രത്തെ കരുവും ഇരയുമാക്കുന്ന വൈചിത്ര്യം വേറെയും -ബഹിരാകാശ ശാസ്ത്രംപോലെ.

മതപരമായ ആഘോഷദിനമാണ് ക്രിസ്മസ്. ക്രിസ്തുവിന്റെ പിറന്നാൾ കൃത്യമായി ആർക്കുമറിയില്ല. പഴയ റോമാ​ ഗോത്രങ്ങളുടെ വർഷാന്ത്യ ഉത്സവവാരത്തെ ഭരണാധിപൻ കോൺസ്റ്റാന്റിൻ ചക്രവർത്തി വരിച്ച പുതിയ മതത്തിലേക്ക് ആവഹിച്ചപ്പോൾ ഡിസംബർ 25 തിരുപ്പിറന്നാളാക്കി. 2021ലെ ആ നാളിൽ നാസ വിക്ഷേപിക്കുന്നു, ജയിംസ് വെബ് ടെലിസ്കോപ്. മുഹൂർത്തം തെല്ലുമേ യാദൃച്ഛികമല്ലെന്ന് പ്രഖ്യാപിക്കുന്നു, നാസാ തലവൻ ബിൽ നെൽസൺ: ‘‘...തടസ്സങ്ങളുണ്ടായെങ്കിലും ഈ ഒരു ദിവസത്തിലേക്ക് എത്തിച്ചേരുകയായിരുന്നു, നാം.’’ എന്നിട്ട് അതിന്റെ കാരണഭൂതംപോലെ ഒരുദ്ധരണിയും, പുതിയ നിയമത്തിലെ 19ാം സങ്കീർത്തനം: ‘‘ആകാശം ദൈവത്തിന്റെ മഹത്ത്വം വിളംബരം ചെയ്യുന്നു, ആകാശക്കമാനം അവന്റെ കരവിരുത് പ്രഘോഷിക്കുന്നു.’’

ക്രൈസ്തവ ലോകവീക്ഷണത്തിന്റെ ഊട്ടിയുറപ്പിക്കലായിരുന്നോ പുതിയ ടെലിസ്കോപ്പിന്റെ ദൗത്യം? ശാസ്ത്രവ്യവഹാരത്തിൽ സുവിശേഷ പ്രത്യയത്തി​ന്​ എന്ത്​? ചോദിച്ചില്ല, ആരുമത്ര. കാരണം, അമേരിക്കയിൽ ബഹിരാകാശ ശാസ്ത്രത്തിന് അങ്ങനെയൊരു മതാത്മക പരിവേഷമുണ്ട്; സോവിയറ്റ് യൂനിയനുമായുള്ള ശീതയുദ്ധത്തിൽ നാമ്പിട്ടത്. കമ്യൂണിസ്റ്റ് ഭരണകൂടം ഔദ്യോഗികമായിത്തന്നെ നാസ്തികം. അവരുടെ മതവിരുദ്ധത റഷ്യൻ ശാസ്ത്രജ്ഞരും പ്രകടമാക്കി. ഗഗാറിന് ശേഷം ബഹിരാകാശം ചുറ്റിവന്ന ഗർമൻ ടികോവ് പരിഹസിച്ചതിങ്ങനെ: ‘‘ആകാശങ്ങളിലെങ്ങും ദൈവത്തെയോ മാലാഖമാരെയോ ഞാൻ കണ്ടില്ല.’’ ക്രെംലിനിൽനിന്ന് ക്രൂഷ്ചേവ് പ്രതിധ്വനിയും തന്നു: ‘‘ആകാശങ്ങളിലെവിടെയും മുഖം കാട്ടിയില്ല, ദൈവം.’’

 

ആൻഗസ് ജോൺ ബെയ്റ്റ്മൻ

നാസ്തിക പരിഹാസം എതിർചേരിയിൽ ഉളവാക്കിയത് വിപരീതബുദ്ധി: ‘‘മാർക്സിസം സ്വതന്ത്രബുദ്ധിക്ക് വിഘാതം, സമഗ്രാധിപത്യപരം. അതിനെതിരെ വേണ്ടത് തുറന്ന മനസ്സും ജനാധിപത്യവുമാണ്.’’ തുറന്ന മനഃസ്ഥിതിയുടെ തെളിവെന്നോണം അമേരിക്കൻ ശാസ്ത്രജ്ഞർ മതവിശ്വാസത്തോട് തുറന്ന ചായ്‍വ് കാട്ടി. ബഹിരാകാശ യാത്രികരിൽ ചിലർ പരസ്യമായും പലർ ഭംഗ്യന്തരേണയും. ജനത്തിന് ‘ദൈവിക വാഗ്ദാനം സഫലമാക്കുന്ന മാതൃകാ ക്രിസ്ത്യാനിയായി’ ആദ്യ ചന്ദ്ര സ്​പർശി -ആംസ്ട്രോങ്. എട്ടാം അപ്പോളോ യാത്രികർ ചാന്ദ്രപഥത്തിൽനിന്ന് ഭൂമിയിലേക്ക് വായിച്ചു: ‘‘ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു...’’ അനന്തരം ഉൽ​പത്തി പുസ്തകത്തിലെ വാക്യത്തെ ചന്ദ്രമണ്ഡലത്തിലെ സൂര്യോദയ ചിത്രത്തോട് കലർത്തിവെച്ചു -മത, ശാസ്ത്ര മൂല്യങ്ങളുടെ കൃത്രിമസങ്കലനം.

അമേരിക്കയിലെ നാസ്തിക സംഘടനാ നേതാവ് ഒഹെയർ കേസ് കൊടുത്തു, നാസക്കെതിരെ. കോടതിയിൽ ശാസ്ത്രജ്ഞർ ജയിച്ചു, ഒഹെയർ തോറ്റു, ശാസ്ത്രീയതയും. അതു പിന്നെ ദേശീയ മനോഭാവമായി. കെന്നഡിയും ജോൺസണും റീഗനും വൈറ്റ്ഹൗസിൽനിന്ന് നാവെറിഞ്ഞു, ശാസ്ത്ര വിജയങ്ങളെ മതാത്മകതയുടെ ഉമിനീരിൽ കുഴച്ച് തങ്ങളുടെ മതവിശ്വാസമാണ് ആകാശത്തെ ശാസ്ത്രപ്പയറ്റിൽ ജയിക്കാൻ തുറുപ്പായതെന്ന ആഖ്യാനം വേരൂന്നി. ബഹിരാകാശത്ത് ആദ്യമെത്തിയത് റഷ്യ, അവിടെ ദൈവത്തെ കണ്ടത് അമേരിക്ക.

(ഇതി​ന്റെ വികസിത പ്രാകൃതത്വമല്ലേ ഇന്ന്​ നമുക്ക്​ ഇടയിലും കൊടികുത്തുന്നത്​. ‘മഹാഭാരത’ത്തിലെ സഞ്​ജയന്റെ യുദ്ധക്കമന്ററി ഇന്റർനെറ്റി​ന്റെ തെളിവ്, ഗണപതിയുടെ ആനമുഖം പ്ലാസ്​റ്റിക്​ സർജറി വക, ആദ്യത്തെ ​െഎ.വി.എഫ്​ പേറ്​ ഗാന്ധാരിക്ക്​, വൈമാനിക ശാസ്​​ത്രത്തി​ന്റെ പേറ്റന്റ്​ പുഷ്​പക്​ വിമാൻ കമ്പനിക്ക്... രാഷ്​ട്രീയ നേതൃത്വം കൂസ​ലെന്ന്യേ പ്രഖാപിക്കുന്നു ശാസ്​ത്ര സമൂഹം ജാള്യമെന്ന്യേ മൗനം പാലിക്കുന്നു.)

സാരം സരളം –മുഖ്യധാരാ ശാസ്ത്രത്തിന് മുഖംമൂടി പലതുണ്ട്. ശാസ്ത്രത്തിന് മതത്തെയോ മറിച്ചോ ആവശ്യമില്ല. പക്ഷേ, ശാസ്ത്രജ്ഞകൾ ചൂണ്ടിപ്പറഞ്ഞത് ശരിവെക്കുന്നതാണ് മുഖ്യധാരാ ശാസ്ത്രത്തിന്റെ മനോകേന്ദ്രം -മുൻവിധികളും തൻബാധകളും നിഴലിടുന്നിടം. ഒാർക്കണം, ശാസ്​ത്ര തത്ത്വജ്​ഞാനി കാൾ പോപ്പറുടെ പ്രസിദ്ധമായ FALSIFIABILITY തത്ത്വമാണ്​ ഇന്ന്​ ശാസ്​ത്രത്തി​ന്റെ പ്രമാണം (അതായത്​, പുതിയൊരു കണ്ടെത്തലുണ്ടായാൽ അത്​ തെറ്റെന്ന്​ തെളിയിക്കാൻ സംഘടിത ശ്രമം നടത്തുക, എന്നിട്ടും രക്ഷയില്ലെങ്കിൽ സംഗതി ശരിയെന്ന്​ തൽക്കാലം അംഗീകരിക്കുക -പുതിയ കണ്ടെത്തൽ വന്ന്​ അതിനെ തിരുത്തുവോളം). സകലരും പോപ്പറെ പിടിച്ചാണയിടും. ഭൂരിപക്ഷം ശാസ്ത്രജ്ഞരും.

കൂട്ടത്തിലെ മതരഹിതർപോലും ശാസ്ത്രത്തിലെ ലിംഗാഭിമുഖ്യത്തെപ്പറ്റി പൊതുവെ ബോധവാന്മാരല്ല. ബോധ്യമുള്ളവർക്ക് അത് സമ്മതിക്കാൻ ഇഷ്ടമല്ല. ഇവിടെയാണ് ​െജൻഡർ സയൻസ് ലാബ് പോലുള്ള സംരംഭങ്ങൾ ശാസ്ത്രത്തെ ശാസ്ത്രീയമാക്കാൻ വേണ്ട സമീപനം മുന്നോട്ടുവെക്കുന്നത്. വിട്ടുകളയുന്ന കണ്ണികൾ വിളക്കിച്ചേർക്കുന്നത്. ആൺകണ്ണ് ശാസ്ത്രത്തിന് പകരുന്ന വെള്ളെഴുത്തിനു​ള്ള ചരിത്രപരമായ തിരുത്ത്. അത് അനിവാര്യമാകുന്നത് ആണിനും പെണ്ണിനുമല്ല, ശാസ്ത്രത്തിനും മനുഷ്യനുമാണ്.

(തുടരും)

News Summary - weekly articles