Begin typing your search above and press return to search.
proflie-avatar
Login

ഡൽഹി തുറന്നിട്ട ലോകം

ഡൽഹി തുറന്നിട്ട ലോകം
cancel

ഡൽഹി മാത്രമല്ല അങ്ങോട്ടുള്ള യാത്രകളും അവിടത്തെ ജീവിതവും പലരീതിയിൽ തന്നെ മാറ്റിത്തീർത്തതിനെക്കുറിച്ചും ത​ന്റെ ധാരണകളെയും ലോകത്തെയും വിപുലപ്പെടുത്തിയതിനെക്കുറിച്ചും എഴുതുന്നു.ഡൽഹിയിലേക്കുള്ള യാത്രകളും അവിടത്തെ ജീവിതവും പുതിയൊരു ലോകം തുറന്നിട്ടു. സുപ്രീംകോടതിയിലെ വ്യവഹാരാനുഭവങ്ങൾ മാത്രമല്ല ഈ കാലഘട്ടത്തെ ദീപ്തമാക്കിയത്. ഒരുപാട് കൃത്രിമത്വങ്ങളും ജാടകളും വായ്ത്താരികളും പൊള്ളത്തരങ്ങളും നിറഞ്ഞ ഡൽഹിയിൽ, അതേസമയം, ഭിന്ന ജനസഞ്ചയങ്ങൾ സൃഷ്ടിക്കുന്ന ഒരുതരം ഇന്ത്യൻ ജീവിത സിംഫണിയുണ്ട്. അത് കേൾക്കാനും അറിയാനും നാം തയാറാകണമെന്നു മാത്രം. വിമാനയാത്രകൾ നൽകുന്ന ഏകാന്തത വിലപ്പെട്ടതാണ്. മൊബൈൽ...

Your Subscription Supports Independent Journalism

View Plans
ഡൽഹി മാത്രമല്ല അങ്ങോട്ടുള്ള യാത്രകളും അവിടത്തെ ജീവിതവും പലരീതിയിൽ തന്നെ മാറ്റിത്തീർത്തതിനെക്കുറിച്ചും ത​ന്റെ ധാരണകളെയും ലോകത്തെയും വിപുലപ്പെടുത്തിയതിനെക്കുറിച്ചും എഴുതുന്നു.

ഡൽഹിയിലേക്കുള്ള യാത്രകളും അവിടത്തെ ജീവിതവും പുതിയൊരു ലോകം തുറന്നിട്ടു. സുപ്രീംകോടതിയിലെ വ്യവഹാരാനുഭവങ്ങൾ മാത്രമല്ല ഈ കാലഘട്ടത്തെ ദീപ്തമാക്കിയത്. ഒരുപാട് കൃത്രിമത്വങ്ങളും ജാടകളും വായ്ത്താരികളും പൊള്ളത്തരങ്ങളും നിറഞ്ഞ ഡൽഹിയിൽ, അതേസമയം, ഭിന്ന ജനസഞ്ചയങ്ങൾ സൃഷ്ടിക്കുന്ന ഒരുതരം ഇന്ത്യൻ ജീവിത സിംഫണിയുണ്ട്. അത് കേൾക്കാനും അറിയാനും നാം തയാറാകണമെന്നു മാത്രം.

വിമാനയാത്രകൾ നൽകുന്ന ഏകാന്തത വിലപ്പെട്ടതാണ്. മൊബൈൽ ഫോണിലെ സ​ന്ദേശങ്ങളും വിളികളും ഒഴിഞ്ഞ സമയം കേസ് പഠിക്കുന്നതിനും മറ്റുതരം വായനക്കും ഏറ്റവും പറ്റിയതാണ്. മൂന്നു മണിക്കൂർ നേരം പറക്കൽ സമയം ലഭിക്കുന്നുവെന്നത് കൊച്ചി-ഡൽഹി യാത്രയിലെ വായനയെയും പഠിത്തത്തെയും മെച്ചപ്പെട്ടതാക്കുന്നു.

എന്നാൽ, ഏകാന്തതപോലെ, യഥാർഥത്തിൽ അതിനേക്കാൾ, അനുഗ്രഹം ചൊരിയുന്ന അവസരങ്ങളും വിമാനത്താവളങ്ങളും യാത്രകളും നമുക്ക് നൽകിയേക്കാം. ഇവിടങ്ങളിൽവെച്ച് പലരെയും കാണാനും സംസാരിക്കാനും അവസരമുണ്ടാകാം. അപ്രതീക്ഷിതമായി വരുന്ന ഇത്തരം കണ്ടുമുട്ടലുകൾ വിശേഷപ്പെട്ട ജീവിതസ്മരണകളായിത്തീരുന്നു.

രണ്ടുതവണ അരുന്ധതി റോയിയെ വിമാനത്തിൽവെച്ച് കണ്ടു. ഒരുതവണ തൊട്ടടുത്ത സീറ്റിൽ അവരുണ്ടായിരുന്നത് ആ യാത്രയെ ചിന്തകളുടെയും ആശയങ്ങളുടെയും ഭാവനയുടെയും ആകാശത്തേക്കുയർത്തി. അന്ന് മകൾ തുളസിയും ഒപ്പം ഉണ്ടായിരുന്നു. ഞങ്ങൾ എഴുതിയ ചിലതെങ്കിലും ആ വലിയ എഴുത്തുകാരി വായിക്കാൻ തുനിഞ്ഞു എന്നതുതന്നെ ആ പെട്ടെന്നുണ്ടായ സൗഹൃദത്തെ സാന്ദ്രമാക്കിത്തീർത്തു. എഴുത്തിന്റെയും ആക്ടിവിസത്തിന്റെയും വഴിയിലെ വെല്ലുവിളികളെക്കുറിച്ചും ഭരണകൂടത്തിൽനിന്നും ഉയരുന്ന ജനവിരുദ്ധ ഭീഷണികളെക്കുറിച്ചും അവർ വാചാലയായി.

ഹിന്ദുത്വ ശക്തികൾ എങ്ങനെ ഇന്ത്യൻ റിപ്പബ്ലിക്കിനെ വലിഞ്ഞുമുറുക്കിയെന്നതിനെപ്പറ്റി കൃത്യമായ ധാരണയുള്ള എഴുത്തുകാരിയാണിവർ. രാഷ്ട്രീയവും അധികാരവും സാ​ങ്കേതികവിദ്യയും സാമ്പത്തികശാസ്ത്രവുമെല്ലാം എങ്ങനെ സാധാരണക്കാരെയും പാവപ്പെട്ടവരെയും സ്വാധീനിക്കുന്നുവെന്നതിനെപ്പറ്റി അവർ നന്നായി മനസ്സിലാക്കിയിട്ടുണ്ട്. ധിഷണയുടെയും ഭാവനയുടെയും രചനാവൈഭവത്തിന്റെയും ധാരാളിത്തം മാത്രമല്ല, അവരെ അവരാക്കിത്തീർത്തത്. ധീരമായി ജീവിക്കാനും അതിലൂടെ നേടിയെടുത്ത അനുഭവങ്ങളെ സ്വന്തം സർഗശേഷിയുമായി കൂട്ടിയിണക്കി ലോകത്തിന് തിരിച്ചുനൽകാൻ തയാറായ അവരുടെ സന്നദ്ധതക്ക് ഏറെയൊന്നും സമാനതകൾ ഇല്ല.

 

എ.​ജി. നൂ​റാ​നി,അഡ്വ. പ്രശാന്ത്​ ഭൂഷൺ

നടൻ ശ്രീനിവാസനെ നേരിട്ട് കണ്ടതും വിമാനത്താവളത്തിൽവെച്ചാണ്. അദ്ദേഹം ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു. ആരാധകർ അടുത്തുകൂടി സംസാരിക്കാൻ സാധ്യതയുള്ളതിനാൽ, അവരിൽനിന്നും ‘രക്ഷപ്പെടാനായി’ ഫോൺ സംസാരം നിർത്താതെ തുടരുന്നതാണോ എന്ന് ശ്രീനിവാസനോട് തമാശരൂപത്തിൽ ചോദിച്ചു. അത് പരീക്ഷിക്കാവുന്ന ഒരു ആശയമാണെന്ന് ചിരിച്ചുകൊണ്ടുതന്നെ അദ്ദേഹം മറുപടിയും പറഞ്ഞു.

മൗലികമായ ചിന്തയും ഭാവനയുമുള്ള ശ്രീനിവാസന് തുല്യനായ മറ്റൊരു സിനിമാക്കാരനെ എനിക്കറിയില്ല. സിനിമയുമായുള്ള എ​ന്റെ ബന്ധവും താരതമ്യേന ദുർബലമാണ്. അഭിഭാഷകനെന്ന നിലയിൽ എന്നതിനേക്കാൾ ഞാനെഴുതിയ ലേഖനങ്ങളാണ് ശ്രീനിവാസന്റെ ‘പരിചയവലയ’ത്തിൽ എനിക്ക് സ്ഥാനം നൽകിയത്. അദ്ദേഹവും കണ്ണൂരുകാരനാണെന്നത് ഞങ്ങളെ പെട്ടെന്നടുപ്പിച്ച ഘടകമായിരിക്കണം! കുറേ നേരം സംസാരിച്ചിരിക്കുന്നതിനിടെ പലർക്കുമൊപ്പം ‘സെൽഫി’ക്ക് നിന്നുകൊടുക്കാനും അ​ദ്ദേഹം സന്തോഷപൂർവം തയാറായി.

രാഷ്ട്രീയ രംഗത്തും സിനിമാരംഗത്തും നിയമരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച നിരവധിയാളുകളെ ഇങ്ങനെ യാത്രാമധ്യേ കാണാനും സംസാരിക്കാനും കഴിഞ്ഞു. സാ​ങ്കേതികരംഗത്ത് വലിയ സംഭാവനകൾ നൽകിയ മെട്രോമാൻ ഇ. ശ്രീധരനെ പരിചയപ്പെട്ടതും ഇത്തരമൊരു യാത്രയിലായിരുന്നു. നിയമം കോടതിയിൽ വാദിക്കുന്നതിനു പുറമെ, മാധ്യമങ്ങളിലൂടെ ജനങ്ങളോട് സംസാരിക്കാനുള്ളതുകൂടിയാണെന്ന എന്റെ വിശ്വാസം ബലപ്പെട്ടതും ഇത്തരം യാത്രകളിലാണ്. ഇ. ശ്രീധരൻ മാത്രമല്ല, മറ്റുപല സഹയാത്രികരുമായും എനിക്ക് അപരിചിതത്വത്തിന്റെ തടസ്സങ്ങൾ ഒഴിവാക്കിത്തന്നത് വാദിച്ച കേസുകളേക്കാൾ എഴുതിയ ലേഖനങ്ങളായിരിക്കണം!

 

അഡ്വ. എ​ഫ്.​എ​സ്. ന​രി​മാനോടൊപ്പം കാളീശ്വരം രാജ്

സുപ്രീംകോടതിയിലുണ്ടായ സൗഹൃദങ്ങളും ധൈഷണിക ജീവിതത്തിലെ നേട്ടങ്ങളായി. പ്രശാന്ത് ഭൂഷണും രാജു രാമചന്ദ്രനും സഞ്ജയ് ഹെഗ്ഡെയും ജയ്നാ കോത്താരിയും മറ്റും ധൈഷിണകവും വ്യക്തിപരവുമായ സൗഹൃദത്തിലൂടെ ഡൽഹി ജീവിതത്തിന് നിറംപിടിപ്പിച്ചു.

ഞാൻ സുപ്രീംകോടതിയിൽ പ്രാക്ടിസ് തുടങ്ങിയപ്പോൾ ജസ്റ്റിസ് ചെലമേശ്വർ സുപ്രീംകോടതിയിലുണ്ടായിരുന്നു. ‘റീ തിങ്കിങ് ജുഡീഷ്യൽ റിഫോംസ്’ എന്ന എന്റെ പുസ്തകം അദ്ദേഹമാണ് പ്രകാശനം ചെയ്തതെന്ന് മുമ്പ് എഴുതിയിരുന്നല്ലോ. അന്ന് നീതിന്യായ സംവിധാനത്തിനുള്ളിലെ ‘അനാചാരങ്ങളെ’യും ‘അന്ധവിശ്വാസങ്ങളെ’യും തുറന്നുകാണിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗം ഒരു വൻ ഹിറ്റായിരുന്നു. ഈ പ്രസംഗം അദ്ദേഹത്തിന് നൽകിയ നീതിന്യായാനുഭവങ്ങൾകൂടിയാണ് പിന്നീട് അദ്ദേഹത്തിന്റെ സജീവ പങ്കാളിത്തത്തോടെയുള്ള സുപ്രീംകോടതി ന്യായാധിപരുടെ വാർത്താസമ്മേളനത്തിലേക്ക് (2018) കാര്യങ്ങളെ എത്തിച്ചത്. എന്റെ പുസ്തക പ്രകാശന ചടങ്ങിൽ ആ വിപ്ലവകരമായ വാർത്താസമ്മേളനത്തിലൂടെ പറയാൻ ശ്രമിച്ച കാര്യങ്ങളുടെ നേരിയസൂചനകൾകൂടി അദ്ദേഹം നൽകിയതായി തോന്നുന്നു.

 

ജ​സ്റ്റി​സ് ചെ​ല​മേ​ശ്വ​ർ,അഡ്വ. ജ​യ്നാ കോ​ത്താ​രി

 

ജുഡീഷ്യറി, അതിന്റെ രഹസ്യാത്മകത്വംകൊണ്ടും ജനങ്ങളിൽനിന്നും പലപ്പോഴും പാലിക്കുന്ന അകലംകൊണ്ടും അത് സൃഷ്ടിക്കുന്ന അധികാരാധിഷ്ഠിതമായ മേൽക്കൈകൊണ്ടുമെല്ലാം പലപ്പോഴും ഒരു പ്രഹേളികയായി സാധാരണക്കാർക്ക് അനുഭവപ്പെ​ട്ടേക്കാം. ഭരണഘടനാ നിർമാണ സംവാദവേളയിൽ ടി.ടി. കൃഷ്ണമാചാരിയെപ്പോലുള്ളവർ നീതിന്യായവ്യവസ്ഥ സ്വയം ഒരു സാമ്രാജ്യമായിത്തീരുന്നതിനുള്ള സാധ്യതയെക്കുറിച്ച് വേവലാതിപ്പെട്ടിരുന്നു. അതിനകത്തെ രഹസ്യാത്മകതയുടെ കോട്ടകളെ തകർക്കാനും അതുവഴി നീതിന്യായ സംവിധാനത്തെ ജനാധിപത്യവത്കരിക്കാനും ശ്രമിച്ചുവെന്നതാണ് ചെലമേശ്വരടക്കം നാല് ന്യായാധിപർ ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തെ ചരിത്രപരമാക്കുന്നത്.

അതുവരെയും ദന്തഗോപുരത്തിലെന്നു കരുതിയ ഒരു സംവിധാനത്തിന്റെ നടത്തിപ്പുകാർ പൊതുജനസമക്ഷം നടത്തിയ സ്വാതന്ത്ര്യ പ്രഖ്യാപനംകൂടിയായിരുന്നു അത്. നീതിന്യായ സംവിധാനത്തിനും സാധാരണ പൗരന്മാർക്കുമിടയിലെ വൻമതിൽ തകർന്നുവീഴാൻ അത് വലിയൊരളവുവരെ നിമിത്തമായെന്നാണെന്റെ വിശ്വാസം. അതുതന്നെയാണ് ഈ വാർത്താസമ്മേളനത്തി​ന്റെ ജനാധിപത്യപരമായ മൂല്യവും. ഏതായാലും റിട്ടയർമെന്റിനുശേഷം ജസ്റ്റിസ് ചെലമേശ്വരുമായി സ്വതന്ത്രമായി ഇടപഴകാനും ആശയവിനിമയം നടത്താനും കഴിഞ്ഞു.

 

എഫ്.എസ്. നരിമാനെപ്പോലുള്ള മഹാന്മാരായ അഭിഭാഷകരുമായി അടുത്തിടപഴകാനുള്ള അവസരമാണ് സുപ്രീംകോടതിയിലെ 2ാം നമ്പർ ലൈബ്രറി തന്നത്. ആയിടെ മകൾ തുളസി ‘ഹിന്ദു’വിൽ എഴുതിയ ഒരു ലേഖനത്തെ പ്രകീർത്തിച്ച് നരിമാൻ ലൈബ്രറിയിൽ ഇരുന്ന് സംസാരിച്ച വിവരം പിന്നീട് ഞാനറിഞ്ഞത് മറ്റൊരു അഭിഭാഷകൻ വഴിയാണ്.

അദ്ദേഹം എന്നെ തുളസിയുടെ അച്ഛൻ എന്ന നിലയിൽ നരിമാന് പരിചയപ്പെടുത്തി. അതൊരു വലിയ നിയമജ്ഞനുമായുള്ള എന്റെ സ്നേഹബന്ധത്തിന്റെ തുടക്കമായിരുന്നു. നരിമാൻ ‘‘വലുപ്പച്ചെറുപ്പങ്ങൾ’’ വകവെക്കാതെ എല്ലാ അഭിഭാഷകരോടും സൗഹൃദം പുലർത്തി. ഇന്ത്യൻ നീതിന്യായരംഗത്തെ കുലപതിയായതിനു ശേഷവും കോടതി ലൈബ്രറിയിലിരുന്ന് ഒരു വിദ്യാർഥിയുടെ കൗമാര കൗതുകത്തോടെ നിയമപുസ്തകങ്ങൾ വായിക്കുകയും അടിവരയിടുകയും കുറിച്ചെടുക്കുകയും ചെയ്യുന്ന നരിമാന്റെ ചിത്രം മനസ്സിൽനിന്നും മാഞ്ഞുപോവില്ല.

പിന്നീട് കുറച്ചു വർഷങ്ങൾക്കുശേഷം എൻ.ഡി.ടി.വിയിലെ ഹർഷിത മിശ്ര എന്നോട് എൻ.ഡി.ടി.വിക്കു വേണ്ടിയുള്ള ആദ്യ ലേഖനം ആവശ്യപ്പെട്ടു. അത് നരിമാൻ അന്തരിച്ച സന്ദർഭത്തിലായിരുന്നു. ആ അനുശോചന ലേഖനമെഴുതുമ്പോൾ സുപ്രീംകോടതിയിലെ രണ്ടാം നമ്പർ ലൈബ്രറിയിൽ ഒരു ഒഴിഞ്ഞ കസേര എന്റെ മുന്നിൽ തെളിഞ്ഞു. അവിടെ ഇരിക്കാൻ ഇതുപോലെ വേറൊരാൾ വരാനില്ല എന്ന അറിവ് ആലോചനകളിൽ ദുഃഖം വിതച്ചു.

 

 ടി.​ടി. കൃ​ഷ്ണ​മാ​ചാ​രി,ഇ. ശ്രീധരൻ

അതുപോലെ മുംബൈ നഗരത്തിലെ ഫ്ലാറ്റിലെ മറ്റൊരു ഒഴിഞ്ഞ കസേരയും നിയമരംഗത്തെ മറ്റൊരു നിസ്തുല വ്യക്തിത്വത്തിന്റെ വിയോഗത്തെ കാണിച്ചുതരുന്നു. കേവലം ഒരു അഭിഭാഷകനെന്ന നിലയിൽനിന്നും ഇന്ത്യ കണ്ട ഏറ്റവും സ്വതന്ത്രനായ ബുദ്ധിജീവിയെന്ന നിലയിലേക്ക് വികസിച്ച എ.ജി. നൂറാനി അന്തരിച്ചപ്പോഴും ഹർഷിത അനുസ്മരണക്കുറിപ്പെഴുതാൻ എന്നോട് ആവശ്യപ്പെട്ടു. എൻ.ഡി.ടി.വി പ്രസിദ്ധീകരിച്ച ആ കുറിപ്പിൽ നൂറാനി കൊച്ചിയിൽ വന്നപ്പോൾ അദ്ദേഹവുമായി നടത്തിയ സൗഹൃദഭാഷണങ്ങളെ അനുസ്മരിച്ചു.

ഡൽഹി എന്റെ ലോകത്തെ വലുതാക്കിയതുപോലെ സുപ്രീംകോടതി എന്റെ തൊഴിൽജീവിതത്തെ വിപുലപ്പെടുത്തി. കുറെക്കൂടി വിപുലമായ കാൻവാസിൽ കാര്യങ്ങളെ കാണാൻ, നിയമത്തെ ചരിത്രവുമായും രാഷ്ട്രീയവുമായും സാമൂഹികശാസ്ത്രവുമായും ചേർത്ത് വായിക്കാനും കൈകാര്യംചെയ്യാനും സുപ്രീംകോടതി സഹായിച്ചു. വേറെയും ചില പ്രധാനപ്പെട്ട വ്യവഹാരാനുഭവങ്ങൾ അത്യുന്നത കോടതി എനിക്ക് പ്രദാനംചെയ്തു. അവയിൽ ചിലതു മാത്രം തുടർന്നുള്ള ഭാഗങ്ങളിൽ എഴുതാം.

(തു​​ട​​രും)      

News Summary - weekly articles