Begin typing your search above and press return to search.
proflie-avatar
Login

തെരഞ്ഞെടുപ്പ് കമീഷനും സുപ്രീംകോടതി വ്യവഹാരങ്ങളും

തെരഞ്ഞെടുപ്പ് കമീഷനും    സുപ്രീംകോടതി വ്യവഹാരങ്ങളും
cancel

വോ​ട്ടിങ്​ മെ​ഷീ​നു​ക​ൾ ഒ​ഴി​വാ​ക്കി പേ​പ്പ​ർ ബാ​ല​റ്റി​ലേ​ക്ക്​​ തി​രി​ച്ചു​പോ​ക​ണ​മെ​ന്ന ആ​വ​ശ്യം സു​പ്രീം​കോ​ട​തി തു​ട​ർ​ച്ച​യാ​യി നി​രാ​ക​രി​ച്ച​ത്​ തി​ക​ച്ചും തെ​റ്റാ​യി​പ്പോ​യി. പേ​പ്പ​ർ ബാ​ല​റ്റി​ന്റെ വി​ശ്വാ​സ്യ​ത വോ​ട്ടിങ് യ​ന്ത്ര​ത്തി​ന്​ ഇ​ല്ല എ​ന്ന​താ​ണ്​ ലോ​ക​രാ​ജ്യ​ങ്ങ​ളു​​ടെ അ​നു​ഭ​വം -തെരഞ്ഞെടുപ്പ്​ കമീഷനും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളെക്കുറിച്ചുമാണ്​ ഇത്തവണ.ഭരണഘടനാ ജനാധിപത്യത്തി​ന്റെ നിലനിൽപ്പും വിജയവും ഭരണനിർവഹണ, നീതിന്യായ, നിയമനിർമാണ വിഭാഗങ്ങളുടെ കെട്ടുറപ്പിലും കാര്യക്ഷമതയിലും ശരിയായ പ്രവർത്തനത്തിലും മാത്രം...

Your Subscription Supports Independent Journalism

View Plans
വോ​ട്ടിങ്​ മെ​ഷീ​നു​ക​ൾ ഒ​ഴി​വാ​ക്കി പേ​പ്പ​ർ ബാ​ല​റ്റി​ലേ​ക്ക്​​ തി​രി​ച്ചു​പോ​ക​ണ​മെ​ന്ന ആ​വ​ശ്യം സു​പ്രീം​കോ​ട​തി തു​ട​ർ​ച്ച​യാ​യി നി​രാ​ക​രി​ച്ച​ത്​ തി​ക​ച്ചും തെ​റ്റാ​യി​പ്പോ​യി. പേ​പ്പ​ർ ബാ​ല​റ്റി​ന്റെ വി​ശ്വാ​സ്യ​ത വോ​ട്ടിങ് യ​ന്ത്ര​ത്തി​ന്​ ഇ​ല്ല എ​ന്ന​താ​ണ്​ ലോ​ക​രാ​ജ്യ​ങ്ങ​ളു​​ടെ അ​നു​ഭ​വം -തെരഞ്ഞെടുപ്പ്​ കമീഷനും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളെക്കുറിച്ചുമാണ്​ ഇത്തവണ.

ഭരണഘടനാ ജനാധിപത്യത്തി​ന്റെ നിലനിൽപ്പും വിജയവും ഭരണനിർവഹണ, നീതിന്യായ, നിയമനിർമാണ വിഭാഗങ്ങളുടെ കെട്ടുറപ്പിലും കാര്യക്ഷമതയിലും ശരിയായ പ്രവർത്തനത്തിലും മാത്രം ആശ്രയിച്ചാണിരിക്കുന്നത് എന്ന യാഥാസ്ഥിതിക ബോധം കാലഹരണപ്പെട്ടതാണ്. ഈ ‘ത്രിത്വ’ത്തിനപ്പുറം നാലാമ​ത്തെ ശാഖയിൽപെടുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനവും അവയുടെ അധിപന്മാരുടെ തെരഞ്ഞെടുപ്പുരീതിയും ജനാധിപത്യത്തിൽ അതിപ്രധാനമായ വിഷയങ്ങളാണ്.

തെര​ഞ്ഞെടുപ്പ് കമീഷൻ, കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ, പബ്ലിക് സർവിസ് കമീഷൻ എന്നിവയെല്ലാം നാലാം ശാഖയിൽപെടുന്ന സ്ഥാപനങ്ങളാണ്. ഇവയുടെ സ്വതന്ത്രവും സത്യസന്ധവും കാര്യക്ഷമവുമായ പ്രവർത്തനം ഉറപ്പുവരുത്തിയാ​േല ജനാധിപത്യ സംവിധാനത്തെ ശരിയായ രീതിയിൽ മു​ന്നോട്ടു കൊണ്ടുപോകാൻ കഴിയൂ. അതിനാലാണ് താരതമ്യേന പുതിയ ഭരണഘടന നിലവിലുള്ള ദക്ഷിണാഫ്രിക്കയും മറ്റും നാലാം ശാഖാ സ്ഥാപനങ്ങൾക്ക് മതിയായ പ്രാധാന്യം നൽകുന്നത്.

എന്നാൽ, ഇന്ത്യൻ ഭരണഘടനക്ക് ഈ വിഷയത്തിൽ ന്യൂനതകളും പരിമിതികളും ഉണ്ട്. തെരഞ്ഞെടുപ്പ് കമീഷനെ നിയമിക്കാനുള്ള അധികാരം ഫലത്തിൽ കേന്ദ്രം ഭരിക്കുന്ന കക്ഷികൾക്ക് തന്നെ നൽകുന്ന വിധത്തിലാണ് ഭരണഘടനയുടെ 324ാം അനുച്ഛേദം രൂപകൽപന ചെയ്തത്. പാർലമെന്റ് ഇതുമായി ബന്ധപ്പെട്ട് മറ്റൊരു നിയമം ഉണ്ടാക്കുന്നതുവരെ രാഷ്ട്രപതിക്കാണ് നിയമനാധികാരം എന്നാണ് 324 (2) അനുച്ഛേദം വ്യവസ്ഥ ചെയ്യുന്നത്.

രാഷ്ട്രപതി ഒപ്പുവെക്കുന്നുവെങ്കിലും നിയമനം നടത്തുന്നത് ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ കക്ഷിയുടെ അഥവാ മുന്നണിയുടെ താൽപര്യമനുസരിച്ചായിരിക്കും. പ്രധാനമന്ത്രിയും മറ്റൊരു കാബിനറ്റ് മന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന സമിതിയാണ് തെരഞ്ഞെടുപ്പ് കമീഷണർമാരെ നിശ്ചയിക്കുന്നത്. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പുകൾ നടക്കണമെങ്കിൽ സ്വതന്ത്രരും നിഷ്പക്ഷരുമായ തെരഞ്ഞെടുപ്പ് കമീഷണർമാർ ഉണ്ടാകണം. അവരെ സ്വതന്ത്രമായും നിഷ്പക്ഷമായും കണ്ടെത്താനും തെരഞ്ഞെടുക്കാനുമുള്ള സംവിധാനങ്ങൾ ഉണ്ടാകണം. ഇതിന്റെ അഭാവം ഇന്ത്യൻ ജനാധിപത്യത്തിൽ സൃഷ്ടിച്ച ക്ഷതങ്ങൾ ആഴത്തിലുള്ളവയാണ്.

ഇക്കാര്യത്തിൽ വന്ന കേസാണ് അനൂപ് ബാരൺവാളിന്റേത് (2023). ഭരണഘടനയിലെ ഈ ‘കുറവ്’ പാർലമെന്റ് നിയമം ഉണ്ടാക്കുന്നതുവരെയുള്ളതാണ് എന്നത് നേരുതന്നെ. എന്നാൽ, ഈ അവസ്ഥക്ക് മാറ്റംവരുത്താൻ പാർലമെന്റിൽ ഭൂരിപക്ഷമുള്ള കക്ഷിയോ മുന്നണിയോ തയാറാകില്ല എന്നത് ഒരു ഇന്ത്യൻ അനുഭവമാണ്. ഭരണകക്ഷിക്കു​ള്ള നിയമനാധികാരം ഇല്ലാതാക്കുന്ന ഒരു നിയമം ഏത് ഭരണകക്ഷിയാണ് നിർമിക്കുക? ഇക്കാര്യം ഭരണഘടനാ ശിൽപികൾക്ക് മുൻകൂട്ടിക്കാണാനായില്ല. ഒരുപക്ഷേ, ഇക്കാര്യത്തിൽ അവർ അതിരുകവിഞ്ഞ ശുഭാപ്തിവിശ്വാസം വെച്ചുപുലർത്തിയിരിക്കാം.

ഏതായാലും അനൂപ് ബാരൺവാളിന്റെ കേസിൽ സുപ്രീംകോടതിയുടെ ഭരണഘടനാ ​െബഞ്ച് ഇക്കാര്യം ആഴത്തിൽ പരിശോധിച്ചു. ജസ്റ്റിസുമാരായ കെ.എം. ജോസഫ്, അജയ് രസ്തോഗി, അനിരുദ്ധബോസ്, ഹൃഷികേശ്റോയ്, സി.ടി. രവികുമാർ എന്നിവരടങ്ങിയ ​െബഞ്ച് മുമ്പാകെ ഹരജിക്കാരെ പിന്തുണച്ചുകൊണ്ട് വാദിച്ചു. സ്വതന്ത്രവും നിഷ്പക്ഷവുമായ ഒരു സമിതി വേണം തെരഞ്ഞെടുപ്പു കമീഷണർമാരെ നിശ്ചയിക്കുവാൻ എന്നതായിരുന്നു ഹരജിക്കാരുടെ വാദത്തിന്റെ ഉള്ളടക്കം. ഭരണകക്ഷിയുടെ താളത്തിനൊത്തു തുള്ളുന്ന തെരഞ്ഞെടുപ്പ് കമീഷണർമാർ ജനാധിപത്യത്തിന്റെ താളംതെറ്റിക്കുമെന്ന് കോടതി മുമ്പാകെ വ്യക്തമാക്കി.

അതിനാൽ, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്കു പുറമെ ഇന്ത്യൻ ചീഫ് ജസ്റ്റിസുകൂടി ഉൾപ്പെട്ടതാകണം തെരഞ്ഞെടുപ്പ് കമീഷണർമാരെ തെരഞ്ഞെടുക്കുന്ന സമിതി എന്നതായിരുന്നു നിർദേശം. ഗോപാൽ ശങ്കരനാരായണനും പ്രശാന്ത്ഭൂഷണും ഒപ്പമായിരുന്നു, ഈ കേസിൽ ഞാൻ വാദിച്ചത്. ഭാവിയിൽ പാർല​മെന്റ് ഇത്തരം കാര്യങ്ങളിൽ ശരിയായ നിയമം ​െകാണ്ടുവരുമെന്ന അമിതമായ ആത്മവിശ്വാസം ഭരണഘടനാ നിർമാണവേളയിൽ ഉണ്ടായിട്ടുണ്ടാവാം. എന്നുവെച്ച് ഭരണഘടനയുടെ ഈ ശൂന്യസ്ഥലികളെ അധികാരത്തിലിരിക്കുന്നവർ തങ്ങൾക്കനുകൂലമായി ദുരുപയോഗം ചെയ്യുന്ന അവസ്ഥയുണ്ടാകാൻ പാടില്ല.

സർക്കാറിന്റെ മുൻകൈയിൽ ന്യായാധിപ നിയമനം നടന്ന പഴയ അവസ്ഥ മാറി ചീഫ് ജസ്റ്റിസിനും കൊളീജിയത്തിനും പ്രാമാണ്യമുള്ള പുതിയ നിയമനരീതി സുപ്രീംകോടതിയാണ് കൊണ്ടുവന്നത്. ജഡ്ജസ് കേസുകളിലെ (1993, 1998, 2015) വിധികളിലൂടെ സുപ്രീംകോടതി ഉന്നത കോടതികളിലെ ന്യായാധിപ നിയമന കാര്യത്തിൽ ഭരണകക്ഷിക്കുള്ള ​േമധാവിത്വം ഇല്ലാതാക്കി. സമാനമായ രീതിയിൽ തെരഞ്ഞെടുപ്പു കമീഷൻ നിയമനത്തിനുള്ള കമ്മിറ്റിയും മാറണം. ശ്രീലങ്ക അടക്കമുള്ള ഇതരരാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് കമീഷൻ നിയമന സമിതി താരതമ്യേന മെച്ചപ്പെട്ടതാണ് എന്ന കാര്യവും ഞാൻ ഭരണഘടനാ ​െബഞ്ച് മുമ്പാകെ ചൂണ്ടിക്കാണിച്ചു.

ഈ വാദങ്ങൾ അംഗീകരിക്കപ്പെട്ടു. 2023 മാർച്ച് രണ്ട്, ഭരണഘടനാ​ െബഞ്ച് കേസിൽ വിധി പറഞ്ഞു. പ്രധാനമന്ത്രിക്കും പ്രതിപക്ഷ ​നേതാവിനും പുറമെ ഇന്ത്യൻ ചീഫ് ജസ്റ്റിസ് കൂടി അംഗമായ സമിതിയാണ് തെരഞ്ഞെടുപ്പ് കമീഷണർമാരെ നിയമിക്കേണ്ടതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സി.ബി.ഐ, വിജിലൻസ് കമീഷൻ നിയമനങ്ങളിൽ രാഷ്ട്രീയാതിപ്രസരവും അധികാരാതിപ്രസരവും ഒഴിവാക്കുന്നതിനായി സുപ്രീംകോടതി മുൻകാലങ്ങളിൽ നടത്തിയ ഇടപെടലുകൾ ഭരണഘടനാ ​െബഞ്ച് മുമ്പാകെ ഹരജിക്കാർ ചൂണ്ടിക്കാണിച്ചിരുന്നു. കേരളത്തിൽനിന്നുള്ള സത്യൻ നരവൂർ എന്ന രാഷ്ട്രീയ പ്രവർത്തകനുവേണ്ടിയായിരുന്നു ഈ കേസിൽ ഞാൻ ഹാജരായത്.

വിപ്ലവകരമായ വിധിയായിരുന്നു, അനൂപ് ബാരൺവാൾ കേസിലേത്. നിർഭാഗ്യകരമെന്ന് പറയട്ടെ, ഈ വിധിയെ അട്ടിമറിക്കാനാണ് കേന്ദ്രം ശ്രമിച്ചത്. അവർ തെരഞ്ഞെടുപ്പ് സമിതിയിൽനിന്നും ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പകരം പ്രധാനമന്ത്രി നിശ്ചയിക്കുന്ന ഒരു കാബിനറ്റ് മന്ത്രിയെത്തന്നെ പ്രതിഷ്ഠിക്കുന്ന വിധത്തിൽ പുതിയ നിയമം കൊണ്ടുവന്നു. ആ നിയമത്തെ ഡോ. ജയാ ഠാകുറും മറ്റും ചേർന്ന് ചോദ്യംചെയ്തു. അതിനിടെ പുതിയ സമിതി പുതിയ തെരഞ്ഞെടുപ്പ് കമീഷണർമാരെ നിശ്ചയിക്കുകയും നിയമിക്കുകയും ചെയ്തു. 2023ൽ തന്നെ കൊണ്ടുവന്ന ഈ നിയമത്തിലെ 7 (1) വകുപ്പ് അനൂപ് ബാരൺവാളിന്റെ കേസിലെ വിധിയുടെ അന്തസ്സത്തക്കെതിരാണെന്നായിരുന്നു വാദം. പുതിയ തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനം സ്റ്റേ ചെയ്യണമെന്നും ആവശ്യമുയർന്നു. 2024 മാർച്ച് 22ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കുർ ദത്തയും അടങ്ങിയ ഡിവിഷൻ ​െബഞ്ച് ഈ ഇടക്കാല ഹരജി തള്ളുകയാണുണ്ടായത്.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തെര​ഞ്ഞെടുപ്പു കമീഷന്റെ പ്രവർത്തനങ്ങളും പ്രവർത്തനമില്ലായ്മയും രാജ്യവ്യാപകമായിത്തന്നെ വിമർശിക്കപ്പെട്ടു. പൂർണമായും സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പായിരുന്നില്ല അത്. പ്രധാനമന്ത്രിയടക്കം നടത്തിയ വിദ്വേഷ പ്രസംഗങ്ങളുടെ കാര്യത്തിൽ കമീഷന്റെ ഭാഗത്തുനിന്നും സമയോചിതമായ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്ന് സൂചിപ്പിച്ച് ഞാനും തെരഞ്ഞെടുപ്പ് കമീഷന് കത്തയച്ചു. തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിൽ കമീഷന്റെ നിലപാടുകളും നടപടികളും പ്രതിപക്ഷ കക്ഷികളാൽ ചോദ്യം ചെയ്യപ്പെട്ടു. ഇതിനെല്ലാം പുറമെയാണ് സാമ്പത്തിക കാര്യത്തിൽ ഭരണ-പ്രതിപക്ഷങ്ങൾക്കിടയിലുണ്ടായ പ്രകടമായ അന്തരം.

അതിനാൽതന്നെ തുല്യമായ പരിഗണന ഉറപ്പുവരുത്തുന്ന സ്വതന്ത്രമായ തെരഞ്ഞെടുപ്പ് കമീഷൻ ഇന്ത്യൻ ജനാധിപത്യത്തിന് മുമ്പെന്നത്തെക്കാൾ ആവശ്യമായ ലോക്സഭാ തെരഞ്ഞെടുപ്പാണ് 2024ൽ നടന്നത്. തെരഞ്ഞെടുപ്പ് കമീഷൻ നിയമനത്തിൽ സുപ്രീംകോടതി ഇടപെട്ട് അനൂപ് ബാരൺവാളിന്റെ കേസിലെ വിധിയുടെ താൽപര്യം ഉയർത്തിപ്പിടിച്ചിരുന്നുവെങ്കിൽ, ഒരുപക്ഷേ, 2024ലെ തെരഞ്ഞെടുപ്പ് ഫലം ത​ന്നെ വ്യത്യസ്തമാകുമായിരുന്നു. ടി.എൻ. ശേഷനെപ്പോലെ നിർഭയനും സ്വതന്ത്രനുമായ ഒരു തെരഞ്ഞെടുപ്പ് കമീഷണർക്ക് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് രംഗം മൊത്തത്തിൽ മാറ്റിമറിക്കാനൊന്നും കഴിഞ്ഞില്ലെങ്കിലും ചില ഗുണപരമായ മാറ്റങ്ങളെങ്കിലും കൊണ്ടുവരാൻ കഴിഞ്ഞിരുന്നല്ലോ.

അത്തരമൊരു ‘അമ്പയറിങ്ങി’ന്റെ അഭാവം 2024ലെ പൊതു തെരഞ്ഞെടുപ്പിന്റെ നിഷ്പക്ഷതയെയും വിശ്വാസ്യതയെയും കുറച്ചൊന്നുമല്ല ബാധിച്ചത്. ഈ ദുരവസ്ഥക്ക് സുപ്രീംകോടതിയുടെ രണ്ടംഗ ​െബഞ്ചിന്റെ നേരത്തേ പറഞ്ഞ സ്റ്റേ ആവശ്യം നിരാകരിച്ചുകൊണ്ടുള്ള ഉത്തരവും കാരണമായി എന്നത് ഒരു ജനതയുടെ തന്നെ നിർഭാഗ്യമായി പരിണമിച്ചു. ഭരണഘടനാ ​െബഞ്ചിന്റെ വിധിയിൽ പ്രദർശിപ്പിക്കപ്പെട്ട നീതിബോധത്തെ പാർലമെന്റിന്റെ നിയമ നിർമാണാധികാരം സംബന്ധിച്ച യാഥാസ്ഥിതിക ബോധത്തിന്റെ പേരിൽ നിരാകരിച്ച രണ്ടംഗ ​െബഞ്ചിന്റെ വിധി ഒരു നിയമ ദുരന്തത്തെയാണ് തൽക്കാലത്തേക്കെങ്കിലും അരക്കിട്ടുറപ്പിച്ചത്.

* * *

എന്നാൽ, തെരഞ്ഞെടുപ്പ് കമീഷന്റെ കാര്യത്തിലുണ്ടായ സുപ്രീംകോടതിയുടെ പരസ്പര വിരുദ്ധമെന്ന് തോന്നിപ്പിക്കുന്ന ഈ സമീപനങ്ങൾ ഒറ്റപ്പെട്ടവയോ വൈയക്തികമോ ആണെന്ന് കരുതരുത്. ഭരണഘടനാ ജനാധിപത്യങ്ങളിൽ ഉന്നത കോടതികൾ ഭരണകൂടത്തോടു കാണിക്കുന്ന മനോഭാവം, ഒരു നീതിന്യായ പ്രവണതയെന്ന നിലയിൽതന്നെ വിലയിരുത്തപ്പെടേണ്ടതാണ്. ഭരണഘടനയെത്തന്നെ അട്ടിമറിക്കാൻ ഒരുമ്പെട്ടുനിൽക്കുന്ന ഭൂരിപക്ഷവാദത്തിലും ജനപ്രിയതയിലും അധിഷ്ഠിതമായ ‘തെരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപത്യങ്ങൾ’ ഇന്ന് പല രാജ്യങ്ങളിലും നിലവിലുണ്ട്.

റഷ്യയും പോളണ്ടും ഇറ്റലിയും ഹംഗറിയും ഫിലിപ്പീൻസും വെനിസ്വേലയുംപോലെ നിരവധി രാജ്യങ്ങളിൽ ഭരണഘടനാ ജനാധിപത്യം വൻ പ്രതിസന്ധിയെ നേരിടുന്നുണ്ട്. ഭരണഘടനയെ നിർവീര്യമാക്കുന്ന അഥവാ അട്ടിമറിക്കുന്ന സർക്കാറുകളെ ചിലപ്പോൾ ഭരണഘടനാ കോടതികൾതന്നെ പിന്തുണക്കുകയും സഹായിക്കുകയും സ്ഥിരീകരിക്കുകയുംചെയ്യുന്നു. ഇതുവഴി കോടതികൾതന്നെ ഭരണഘടനയെ അട്ടിമറിക്കുന്ന സ്ഥിതിവിശേഷത്തെക്കുറിച്ച് ഡേവിഡ് ലന്റാവുവും റോസലിന്റ് ഡിക്സനും ചേർന്ന് നടത്തിയ പഠനം വിശകലനംചെയ്യുന്നുണ്ട്. ആഗോളതലത്തിൽ നടന്ന ഈ പഠനം ഭരണഘടനാ രാഷ്ട്രീയത്തിന്റെ ദൗർബല്യങ്ങളെക്കൂടി വെളിപ്പെടുത്തുന്നതാണ്.

ഇന്ത്യയിൽ 2018 മുതൽ 2022 വരെ നടന്നത് ഒരുതരം ഭരണഘടനാ നിർമാർജനമായിരുന്നുവെന്നും ഭൂരിപക്ഷ വർഗീയതയിൽ വേരുകളിറക്കിയ അധികാര രാഷ്ട്രീയം നമ്മുടെ ജനാധിപത്യത്തിന്റെ അടിത്തറതന്നെ ഇളക്കിക്കൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കുന്നതാണ് ‘കോൺസ്റ്റിറ്റ്യൂഷനൽ കൺസേൺസ്’ (Constitutional Concerns) എന്ന എന്റെ പുസ്തകം. 2022ൽ ആ പുസ്തകവും പ്രകാശനംചെയ്തത് അപ്പോഴേക്കും സുപ്രീംകോടതിയിൽനിന്നും റിട്ടയർചെയ്ത ജസ്റ്റിസ് ചെലമേശ്വർ ആയിരുന്നു. ഇക്കാലയളവിൽ വ്യത്യസ്ത വിഷയങ്ങളിൽ എങ്ങനെയാണ് സുപ്രീംകോടതിയും ചില ഹൈകോടതികളും ഇടപെട്ടതെന്ന് പരിശോധിക്കുന്ന അധ്യായങ്ങൾ ഈ പുസ്തകത്തിലുണ്ട്. ഒപ്പം, സർക്കാറും നിയമനിർമാണ സഭയും എങ്ങനെയാണ് ഭരണഘടനയെ വെല്ലുവിളിച്ചതെന്ന് വ്യക്തമാക്കുന്ന അധ്യായങ്ങളും ഇതിലുണ്ട്.

വാസ്തവത്തിൽ ഭരണഘടനാപരമായ ഈ ആകുലതകൾ ഇംഗ്ലീഷ് പത്രങ്ങളിലെ വിവിധ ലേഖനങ്ങളിലൂടെ ഞാൻ അതത് സമയം പ്രകടിപ്പിച്ചവ തന്നെയായിരുന്നു. പിന്നീട് പിൻവലിക്കപ്പെട്ട കാർഷിക നിയമങ്ങൾ, ഒരുമിച്ചുള്ള മുത്തലാഖിന്റെ ക്രിമിനൽവത്കരണം, ‘ലവ്ജിഹാദ്’ (?) വിരുദ്ധ നിയമങ്ങൾ, തീവ്രവാദ വിരുദ്ധ നിയമത്തിൽ വരുത്തിയ ഭേദഗതികൾ എന്നിവയെല്ലാം ഈ ലേഖനങ്ങളുടെ പ്രതിപാദ്യവിഷയമായിരുന്നു.

ഒപ്പം, കോടതികൾക്കകത്തെ അഴിമതിയും തെറ്റായ പ്രവണതകളും ന്യായാധിപരുടെ പെരുമാറ്റദൂഷ്യവും റിട്ടയർമെന്റിനുശേഷമുള്ള ചില ന്യായാധിപരുടെ പുനരധിവാസവുമെല്ലാം ലേഖന വിഷയങ്ങളായി. രാഷ്ട്രീയവും നിയമപ്രക്രിയയും തമ്മിലുള്ള നാഭീനാളബന്ധം വ്യക്തമാക്കാൻ ശ്രമിച്ചവയായിരുന്നു മറ്റു ചില ലേഖനങ്ങൾ. ഇവയെല്ലാം വെറുതെ കൂട്ടിച്ചേർക്കുന്നതിനു പകരം സമഗ്രമായി എഡിറ്റ് ചെയ്യാനും അപ്ഡേറ്റ് ചെയ്യാനും പ്രസാധകരായ തൂലിക ബുക്സിലെ (ഡൽഹി) ഇന്ദു ചന്ദ്രശേഖറും ഹോബം ബസന്താ റാണിയും സഹായിച്ചു. രണ്ടാം മോദി ഭരണകാലത്തെ ഇന്ത്യൻ അവസ്ഥയുടെ ഒരു നേർച്ചിത്രം ഭരണഘടനയുടെ ലെൻസിലൂടെ കാണാൻ വായനക്കാരെ ക്ഷണിക്കാനാണ് പുസ്തകത്തിലൂടെ ശ്രമിച്ചത്.

സ്ഥിരമായി ഇംഗ്ലീഷ്​ പത്രങ്ങളിൽ എഴുതിപ്പോന്നത് ഇപ്പറഞ്ഞ പുസ്തകരചനയെ എളുപ്പമാക്കി. ചെന്നൈയിൽ നടന്ന ചടങ്ങിൽ ജസ്റ്റിസ് ചെലമേശ്വറിൽനിന്നും ഹിന്ദുവിന്റെ എൻ. റാം ആണ് പുസ്തകം ഔപചാരികമായി സ്വീകരിച്ചത്. ഏഷ്യൻ കോളജ് ഓഫ് ജേണലിസത്തിൽ നടന്ന ചടങ്ങിൽ പുസ്തകത്തെക്കുറിച്ചും അനുബന്ധ വിഷയങ്ങളെക്കുറിച്ചും സാമാന്യം നല്ലൊരു സംവാദവും ഉണ്ടായി. മുതിർന്ന മാധ്യമപ്രവർത്തകരായ എൻ. റാമും ശശികുമാറും ഈ സംവാദങ്ങളെ കാമ്പുള്ളതാക്കിത്തീർത്തു. ജസ്റ്റിസ് ചെലമേശ്വറും പ്രസംഗത്തിൽ സമകാലിക ഇന്ത്യൻ അവസ്ഥയെക്കുറിച്ച് പ്രതിപാദിച്ചു.

നേര​േത്ത പറഞ്ഞ, കോടതികൾതന്നെ ജനാധിപത്യത്തിനെതിരാകുന്ന അവസ്ഥ ഇന്ത്യയിലും ചിലപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പു കമീഷൻ നിയമനം സംബന്ധിച്ച ഭരണഘടനാ ​െബഞ്ചിന്റെ വിധിയെ ഫലത്തിൽ വിസ്മരിക്കുകയോ അവഗണിക്കുകയോ ചെയ്ത സമീപനത്തിലൂടെയായിരുന്നു ഇന്നത്തെ തെരഞ്ഞെടുപ്പ് കമീഷൻ നിയമവും അതു സൃഷ്ടിച്ച ദുരവസ്ഥയും സ്വീകരിക്കപ്പെട്ടത്. ഈയിടെ (2024) ഹരിയാനയിലും മഹാരാഷ്​ട്രയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ സംബന്ധിച്ച വിമർശനം ഉണ്ടായി. ഏതെങ്കിലും തരത്തിലുള്ള കൃത്രിമത്വം നടന്നുവെന്ന് തെളിയിക്കാൻ സാധാരണ പൗരന്മാർക്ക് കഴിഞ്ഞിട്ടില്ല എന്നത് നേരാണ്.

എന്നാൽ, തെരഞ്ഞെടുപ്പ് യന്ത്രങ്ങളുടെയും തെരഞ്ഞെടുപ്പു സംവിധാനങ്ങളുടെയും വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്നുവെന്നത് തികച്ചും നിർഭാഗ്യകരവും നിരാശജനകവുമായ കാര്യമാണ്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ ഈ അവസ്ഥ ഉണ്ടായിരുന്നു. വോട്ടിംഗ്​ മെഷീനുകൾ ഒഴിവാക്കി പേപ്പർ ബാലറ്റിലേക്ക്​​ തിരിച്ചുപോകണമെന്ന ആവശ്യം സുപ്രീംകോടതി തുടർച്ചയായി നിരാകരിച്ചത്​ തികച്ചും തെറ്റായിപ്പോയി. പേപ്പർ ബാലറ്റി​െൻറ വിശ്വാസ്യത വോട്ടിംഗ്​ യന്ത്രത്തിന്​ ഇല്ല എന്നതാണ്​ ലോകരാജ്യങ്ങളു​ടെ അനുഭവം.

ഉന്നത കോടതികൾ ഭരണഘടനയെ ഉയർത്തിപ്പിടിക്കുന്ന അവസരങ്ങളും നിഷേധിക്കുന്ന അവസരങ്ങളും ഉണ്ടായിട്ടുണ്ട്. അതിനാൽതന്നെ സാധ്യതകളുടെ സുപ്രീംകോടതിയാണ് ഇന്ത്യയിലേത് എന്നാണെന്റെ പക്ഷം. അത് ന്യൂ ഇന്ത്യൻ എക്സ്പ്രസിലെ ഒരു ലേഖനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷന്റെ കാര്യത്തിൽ പിന്നീടുണ്ടായ പ്രതിലോമകരമായ വിധിക്കു നേരെ വിപരീതമാണ് ഇലക്ടറൽ ബോണ്ടിന്റെ ഭരണഘടനാവിരുദ്ധത വ്യക്തമാക്കിയ സുപ്രീംകോടതി വിധി. ഇത്തരം സാധ്യതകളെ നിലനിർത്തുക എന്നത് പ്രധാനമാണ്. ഇത്തരം സാധ്യതകളെ അതുവഴി ഒരു ജനതയുടെ പ്രതീക്ഷകളെ നിലനിർത്തുകയാണ് ഭരണഘടന ചെയ്യുന്നത്. അതിനൊപ്പം നിൽക്കുകയെന്നത് അഭിഭാഷകരുടെ മാത്രമല്ല, ജനങ്ങളുടെയാകെ ചുമതലയാണ്.

(തു​​ട​​രും)

News Summary - weekly articles