ഇഴവരശ്
ഉറുമ്പുകൾ ഇഴയുമ്പോൾ, ഇഴവിനൊരു രൂപവട്ടമുണ്ടാവുന്നു. ഇഴയുന്നോരുപോലുമറിയാതെ. എന്തോ ഒരുദ്ദേശ്യം ആ ചലനത്തിനുള്ളപോലെ. എന്താ അത്? നമുക്കറിയില്ല, അവർക്കറിയാം. ഇഴയടുപ്പമുള്ള പറ്റമായി ഒരേ ദിശയിൽ നീങ്ങുന്നെങ്കിൽ അതിലൊരു ദിശാബോധവുമുണ്ടാവണം. ആരെങ്കിലും പറ്റത്തെ നയിക്കുന്നുണ്ടോ? എന്താവാം ആ ഉദ്ദേശ്യത്തിന്റെ ഏകോപന ബിന്ദു? ഒരുവേള, അങ്ങനെയൊന്ന് ഇല്ലെന്നു വരുമോ?ഉറുമ്പുറുമ്പോ ഉറുമ്പുറുമ്പോ... പൂന്തേങ്കുടത്തിൽ ഉറുമ്പുറുമ്പോ... ചക്കരക്കുടത്തിൽ ഉറുമ്പുറുമ്പോ... ചക്കുവരമ്പത്തും ഉറുമ്പുറുമ്പോ. പഴയൊരു കുട്ടിക്കളിയാണ്. നാലഞ്ചു കൂട്ടുകാർ. ഓരോരുത്തരുടെയും ഇരു കൈപ്പുറങ്ങളും ഒന്നിൻമീതെ ഒന്നായി...
Your Subscription Supports Independent Journalism
View Plansഉറുമ്പുകൾ ഇഴയുമ്പോൾ, ഇഴവിനൊരു രൂപവട്ടമുണ്ടാവുന്നു. ഇഴയുന്നോരുപോലുമറിയാതെ. എന്തോ ഒരുദ്ദേശ്യം ആ ചലനത്തിനുള്ളപോലെ. എന്താ അത്? നമുക്കറിയില്ല, അവർക്കറിയാം. ഇഴയടുപ്പമുള്ള പറ്റമായി ഒരേ ദിശയിൽ നീങ്ങുന്നെങ്കിൽ അതിലൊരു ദിശാബോധവുമുണ്ടാവണം. ആരെങ്കിലും പറ്റത്തെ നയിക്കുന്നുണ്ടോ? എന്താവാം ആ ഉദ്ദേശ്യത്തിന്റെ ഏകോപന ബിന്ദു? ഒരുവേള, അങ്ങനെയൊന്ന് ഇല്ലെന്നു വരുമോ?
ഉറുമ്പുറുമ്പോ ഉറുമ്പുറുമ്പോ...
പൂന്തേങ്കുടത്തിൽ ഉറുമ്പുറുമ്പോ...
ചക്കരക്കുടത്തിൽ ഉറുമ്പുറുമ്പോ...
ചക്കുവരമ്പത്തും ഉറുമ്പുറുമ്പോ.
പഴയൊരു കുട്ടിക്കളിയാണ്. നാലഞ്ചു കൂട്ടുകാർ. ഓരോരുത്തരുടെയും ഇരു കൈപ്പുറങ്ങളും ഒന്നിൻമീതെ ഒന്നായി നുള്ളിപ്പിടിച്ച് ഒരടുക്കായി ഗോപുരം തീർക്കുന്നു. ശീലു മൂളിക്കൊണ്ട് ചെറുവട്ടത്തിൽ ഗോപുരം മെല്ലെ കറക്കുന്നു. ഇതിനിടെ അന്യോന്യം തെല്ലമർത്തി നുള്ളുന്നു. നുള്ളേറ്റ് കൈ പിൻവലിക്കുന്നോർ പുറത്താവുന്നു, ഓരോരുത്തരായി. ഒടുവിൽ ശേഷിച്ചയാൾ വിജയി.
ഇതു മനുഷ്യലീല. ശരിക്കുള്ള ഉറുമ്പുകൾ ഇങ്ങനെ പുറത്തുപോവില്ല. അടുക്കിനുള്ളിൽത്തന്നെ ഇഴയും, നുള്ളിയാലും ഇല്ലെങ്കിലും. ഉറുമ്പുകൾ ഇഴയുമ്പോൾ, ഇഴവിനൊരു രൂപവട്ടമുണ്ടാവുന്നു. ഇഴയുന്നോരുപോലുമറിയാതെ. എന്തോ ഒരുദ്ദേശ്യം ആ ചലനത്തിനുള്ളപോലെ. എന്താ അത്? നമുക്കറിയില്ല, അവർക്കറിയാം. ഇഴയടുപ്പമുള്ള പറ്റമായി ഒരേ ദിശയിൽ നീങ്ങുന്നെങ്കിൽ അതിലൊരു ദിശാബോധവുമുണ്ടാവണം. ആരെങ്കിലും പറ്റത്തെ നയിക്കുന്നുണ്ടോ? എന്താവാം ആ ഉദ്ദേശ്യത്തിന്റെ ഏകോപന ബിന്ദു? ഒരുവേള, അങ്ങനെയൊന്ന് ഇല്ലെന്നു വരുമോ?
ഉറുമ്പുകൾ ഇഴയുമ്പോൾ, തെളിഞ്ഞ ആകാശത്ത് മേഘരാശി ഉരുവം കൊള്ളുേമ്പാലെ, ആകാശവും മേഘവുമറിയാത്തൊരു രൂപശിൽപം. മുറിയുടെ തെക്കേ ഭിത്തിയുടെ കിഴക്കേ മൂലക്കൽ എവിടെനിന്നോ അത് ഉരുണ്ടുകൂടി. പള്ളിക്കൂടത്തിലെ ഡ്രോയിങ് മാഷിന്റെ ‘ഫ്രീഹാൻഡ്’ പോലെ, ഭിത്തി ഏങ്കോണായി മുറിച്ച് പടിഞ്ഞാറെ മുകൾമൂല കടന്ന് ജാലിയുടെ നുനികോണിലൂടെ എങ്ങോട്ടോ, വെള്ളച്ചുവരിൽ ചോപ്പുരാശിയിട്ട് മുട്ടിയുരുമ്മി അങ്ങനെ... അവരുടെ ആകാശത്ത് ഭിത്തിയുടെ ആകാശമില്ല, മുറിക്കു പുറത്തെ തുറസ്സിന്റെ ആകാശവും എങ്കിലും, ഇഴവ് തുടരുകതന്നെയാണ്, അവിരാമം. എന്തൊക്കെയോ ചെയ്തുതീർക്കാനുണ്ടെന്ന മട്ട്. ആ തോന്നലാണ് അവരുടെ ആകാശം. അതുതന്നെ രൂപരേഖയും.
ഇഴവെങ്ങാൻ നിലച്ചുപോയാൽ?
പെട്ടെന്ന്, ഒരു ഗൗളി ചിലച്ചു. ഭിത്തിക്കു മേലെ ഉത്തരത്തിലിരുന്ന്. ഉറുമ്പുകൾ ഗൗനിക്കുന്നില്ല. ഗൗനങ്ങൾക്കവർക്ക് നേരമില്ല, മനസ്സും.
ഈ ഇഴവ് –ഒരൊറ്റ ശിരോവ്യൂഹമാണോ അതിന്? അതോ, ഒറ്റയൊറ്റ ശിരസ്സുകൾ ഒരടുക്കായങ്ങ് നീങ്ങുവാണോ? ചോദ്യം ഉറുമ്പിനോടാവാം. പക്ഷേ, അതെങ്ങനെ, തീവ്ര സോഷ്യലിസ്റ്റല്ലേ ഇഷ്ടൻ? സംഘത്തിലല്ലാതെ ചലിക്കില്ല, സംഘത്തിലല്ലാതെ മിണ്ടാട്ടമില്ല. ഒരുറുമ്പിൻ സംഘമെന്നാൽ പതിനായിരക്കണക്കു വരും, ജനസംഖ്യ. അത്രകണ്ട് മനസ്സുകൾ ഒരുമിച്ച് പണിയെടുക്കുകയാണ്, ഒരൊറ്റ മെയ്യായ്. അതിനർഥം പറ്റത്തിന് ഒരൊറ്റ മനസ്സെന്നാണോ, സംഘടിതബോധം?
നൂറ്റാണ്ടൊന്നു കഴിഞ്ഞു, ഈ ചോദ്യം മനുഷ്യൻ ചോദിക്കാൻ തുടങ്ങീട്ട്. ഉറുമ്പിനോടല്ല, തന്നത്താൻ. 1911ൽ വില്യം വീലറാണ് നടാടെ പറഞ്ഞുവെച്ചത്, ‘‘ഉറുമ്പിൻ കോളനി ഒറ്റവ്യക്തി കണക്കെ ഏകകമായി പെരുമാറുന്നു.’’ കോളനിക്കുള്ളിലെ ഉറുമ്പോരോന്നും സ്വന്തം മെയ്യകലം കഷ്ടി പാലിച്ചുകൊണ്ട്, മറ്റിടങ്ങളിൽപെട്ടുപോകാതെ സ്വയം കാക്കുന്നെന്ന്. വലയാകൃതിക്കും പെരുമാറ്റരീതിക്കും സവിശേഷ പ്രകൃതമുണ്ട്, ഓരോ സംഘത്തിനും. അത് മൊത്തത്തിൽ ഒറ്റ ജീവിയായ് വർത്തിക്കുന്നു.
അപ്പോൾ, ആ ‘വല്യ’ ഒറ്റ ജീവിയുടെ അകമെങ്ങനെ? ഉറുമ്പിൻ കോളനിക്ക് കേന്ദ്രമില്ല. ‘ചിദംബര’ സങ്കൽപംപോലെയാണത്. ആകാശകേന്ദ്രം എവിടെയുമാണ്, എല്ലായിടവുമാണ്. നേരാണ്, റാണിയുറുമ്പിൻ ചുറ്റിലുമാണ് കോളനിയുടെ സംഘാടനം. പക്ഷേ, അവൾക്കില്ല, കൂട്ടരേക്കാൾ വലിയ ഗ്രാഹ്യശേഷി, നിശ്ചയങ്ങളെടുക്കാനുള്ള സ്വേച്ഛ. പറഞ്ഞുവന്നാൽ, മാർഗദർശിയോ ഭരണാധിപയോ ഒന്നുമല്ല റാണി. കൂട്ടത്തിന്റെ ഒരു പ്രജ മാത്രം. അവ്വിധമാണ് ഉറുമ്പിൻ വ്യൂഹവ്യവസ്ഥ.
സർവദർശിയായ ഒരു കേന്ദ്രത്തിന്റെ അഭാവത്തിലും പക്ഷേ ഉറുമ്പിൻപറ്റം വിചിത്രമായൊരു പ്രകൃതം ധ്വനിപ്പിക്കുന്നുണ്ട്. പുറംലോകത്തെപ്പറ്റി അതിനൊരു പൊതുധാരണയുള്ളപോെല. അതുകൊണ്ടാണ് പറ്റം തെറ്റാത്തത്. ബാഹ്യ ഇടപെടൽമൂലം ഇടക്കൊന്നു ചിതറിയാലും പറ്റം വൈകാതെ വീണ്ടും പഴയപടിയാകുന്നത് –അതേയിടത്ത്, അതേ രൂപത്തിൽ. ചലനദിശക്കുമില്ല കാര്യമായ വ്യതിയാനം. ഏറ്റവും ശ്രദ്ധേയം പറ്റത്തിലെ അംഗങ്ങൾ ചിലർ കൊല്ലപ്പെട്ടാലും വ്യൂഹനിർമിതിക്കോ ചലനദിശക്കോ മാറ്റമുണ്ടാവുന്നില്ല. അഥവാ, ചിതറിപ്പോവുന്നില്ല ഉറുമ്പിൻചര്യ.
എങ്കിലും, പഴുത് പാടേയടഞ്ഞ വ്യവസ്ഥിതി ജൈവലോകത്തില്ല. അത്, പരിണാമത്തിനുവേണ്ടി ശേഷിപ്പിച്ച വഴക്കത്തിന്റെ പഴുതാണ്. അതുകൊണ്ട് ഉറുമ്പിനും പിഴക്കാം. സമുദായാന്തര ധാരണപ്പിഴകളാൽ കോളനി സ്വയം കബളിപ്പിക്കപ്പെടാം. കനീജ ത്രികോണം നമ്മെ പറ്റിക്കുംപോലെ.
പിടികിട്ടിയില്ലേ? ഇറ്റലിക്കാരൻ മനഃശാസ്ത്രജ്ഞൻ ഗെയ്റ്റാനോ കനീജ (kaniza) കാഴ്ചഭ്രമം വിശദീകരിക്കാൻ ആവിഷ്‍കരിച്ച ത്രികോണം. വായ മൂന്നും അകത്തോട്ടു തുറന്നുപിടിച്ച മൂന്നു മനുഷ്യരെ സങ്കൽപിക്കൂ. ഈ രൂപത്തെ നോക്കിനിൽക്കുന്നയാൾക്ക് ആ വായകൾ മൂന്നു ത്രികോണങ്ങളായേ തോന്നൂ. അതാണ് കനീജാ ത്രികോണം. ഇതേ ആകൃതിയിൽ മുറിച്ചുവെച്ച മധുരമത്തൻ ഉറുമ്പു മണത്താലോ? ഇല്ലാത്രികോണത്തിന്റെ ഇല്ലാവരമ്പത്തൂടെ വരിവരിയായി നീങ്ങുകയായി, ഉറുമ്പിൻപറ്റം. ഈ മിഥ്യ അവർ കാണുന്നില്ല, കാണുന്നതായി തോന്നുകയാണ്, നമ്മേപ്പോലെ.
തോമസ് നഗേൽ. ജന്തുക്കളുടെ ബോധപ്രപഞ്ചത്തിലേക്ക് മനുഷ്യജന്തുവിന്റെ പര്യവേക്ഷണം തുടങ്ങിെവച്ച തത്ത്വചിന്തകൻ. ആൾ നമ്മെക്കൊണ്ടൊരു ചോദ്യം ചോദിപ്പിക്കുന്നു: ഒരുറുമ്പിൻ കോളനിക്ക് മൊത്തത്തിലായി അവബോധമോ വികാരങ്ങളോ ഉണ്ടെന്നുവരുമോ ഒരുതരം സമഷ്ടിബോധം..?
പ്രശ്നം സങ്കീർണം. എന്നുകരുതി ശങ്കിച്ചുനിൽക്കുന്നില്ല ജീവശാസ്ത്രജ്ഞർ. 2019ൽ സ്റ്റാൻഫോഡിൽ ഒരു ഗവേഷണപ്രബന്ധം –ഉറുമ്പിൻ കോളനിയുടെ വൈകാരികനില പരിശോധിച്ചറിയാം എന്ന നിഗമനത്തോടെ. എങ്ങനെയാ പരിശോധിക്കുക? ഗവേഷകരുടെ വിദ്യ ലളിതം: കോളനിയെ പരിശീലിപ്പിക്കുക, നായ്ക്കളെ ചെയ്യാറുള്ള മാതിരി. ഉദാഹരണത്തിന്, പ്രകാശനിലയിലെ വ്യതിയാനങ്ങൾക്ക് അനുസൃതം പെരുമാറാൻ ശീലിപ്പിക്കുക. എന്നിട്ട്, വെളിച്ചത്തോതിൽ ഓർക്കാപ്പുറത്തൊരു സന്ദിഗ്ധനില ഒരുക്കിയിടുക. അപ്പോഴറിയാം, ഉറുമ്പിൻപറ്റം അറച്ചുനിൽക്കുമോ ഇല്ലയോന്ന്. തത്ത്വത്തിൽ പരീക്ഷണം സാധ്യം. പ്രയോഗത്തിലായിട്ടില്ല; ഉറുമ്പുകൂടി മൂളണ്ടേ സമ്മതം?
ഇൗ ഇടങ്ങേറിൽ മൂന്നാശയങ്ങൾ മുന്നോട്ടുവെക്കുന്നു, ഡഗ്ലസ് േഹാഫ്സ്റ്റാഡെറ്ററും ഡാനിയേൽ ഡെന്നറ്റും (Mind's I): റിഡക്ഷനിസം, ഹോളിസം, ‘മു’.
കോളനി അതിലെ ഘടകകക്ഷികളുടെ ആകത്തുക മാത്രമാണെന്നതാണ് റിഡക്ഷനിസം. ഘടകങ്ങളുേടതിൽനിന്ന് വ്യതിരിക്തമായ സ്വത്വമുണ്ട് സമഷ്ടിക്ക് –അതാണ് ഹോളിസം. ഇതിൽനിന്ന് ഒന്നെടുക്കാം, മറ്റത് കളയാം എന്ന നിലപാടിനെ നിരാകരിക്കുന്ന സെൻബുദ്ധ സങ്കൽപനമാണ് ‘മു’ അഥവാ വിവേകം. പക്ഷേ, ഏതെടുക്കും, ഏത് കളയും? രണ്ടുംകൂടി എടുക്കുവതെങ്ങനെ, എടുക്കാതിരപ്പതെങ്ങനെ?
ചോദ്യങ്ങളും ഇഴഞ്ഞുവരുന്നു, ഉറുമ്പിൻപറ്റം കണക്കെ:
?ഉറുമ്പ് ഒരൊറ്റ ജീവിയാണോ?
–ഉവ്വ്
?ഉറുമ്പിൻപറ്റം ഒരൊറ്റ ജീവിയാണോ?
–ഉവ്വ്.
?ഈ രണ്ട് ഉത്തരങ്ങൾകൊണ്ട് നാം വിരോധാഭാസം പടുക്കയല്ലേ
–തീർച്ചയായും
?എന്നുവെച്ചാൽ
–എന്നുവെച്ചാൽ, ഉറുമ്പിൻ കോളനി ബൃഹത്തായൊരു ബഹുസ്വരതയാണ്. അതിൽ വ്യക്തിയുണ്ട്, സമഷ്ടി വ്യക്തിത്വവുമുണ്ട്. അനേകത്തിന്റെ ഏകം.
?അതിലൊരു പന്തികേടില്ലേ
–ഉണ്ടോ?
?ഇല്ലേ
–സത്യത്തിൽ ഞാനും നിങ്ങളും അങ്ങനെയല്ലേ? ‘നമ്മൾ’ തന്നെ അങ്ങനെയല്ലേ?
ചോദ്യങ്ങൾ ഇഴഞ്ഞിഴഞ്ഞെത്തുകയാണ്. പരസ്പരം കൊളുത്തിയ തീവണ്ടിമുറികൾപോലെ; ഉത്തരങ്ങളും ഇഴഞ്ഞെത്തുന്നില്ലെന്നല്ല, പക്ഷേ, അവക്കില്ല, ചോദ്യങ്ങളോളം ഉറപ്പുള്ള വിളക്കിക്കൊളുത്ത്.
ഉറുമ്പുകൾ ഇഴയുക തന്നെയാണ്, ഭിത്തിമേലെ, എവിടുന്നോ വന്ന് എവിടേക്കോ. ഉത്തരത്തിലെ ഗൗളി മറഞ്ഞുകഴിഞ്ഞു, എങ്ങോട്ടോ.