ആര് ജയിച്ചു; ആര് തോറ്റു?
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പിൽ പോൾ ചെയ്തതിനെക്കാൾ അഞ്ചുലക്ഷം വോട്ടുകൾ അധികം ചെയ്തത് വലിയ വിവാദമുയർത്തിയിരിക്കുകയാണ്? എന്തുകൊണ്ട് കോൺഗ്രസിന് തിരിച്ചടി നേരിട്ടു? എന്താണ് മഹാരാഷ്ട്രയുടെ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത് -മുംബൈ ലേഖകന്റെ വിശകലനം.ഇന്ത്യൻ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്ത വിധമുണ്ടായ ‘തരംഗ’ത്തിൽ മഹാരാഷ്ട്രയിൽ കോൺഗ്രസ് സഖ്യത്തെ (എം.വി.എ) നിലംപരിശാക്കി ബി.ജെ.പി സഖ്യം (മഹായുതി) കൂറ്റൻ വിജയംനേടിയത് ചർച്ചയായി കത്തിനിൽക്കുകയാണ്. ബി.ജെ.പി സഖ്യത്തിന് എങ്ങനെ ഈ വിധം വിജയമെന്ന സംശയമാണ് തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധരായ യോഗേന്ദ്ര യാദവ്, ഡോ. പ്യാരേലാൽ ഗാർഗ്,...
Your Subscription Supports Independent Journalism
View Plansമഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പിൽ പോൾ ചെയ്തതിനെക്കാൾ അഞ്ചുലക്ഷം വോട്ടുകൾ അധികം ചെയ്തത് വലിയ വിവാദമുയർത്തിയിരിക്കുകയാണ്? എന്തുകൊണ്ട് കോൺഗ്രസിന് തിരിച്ചടി നേരിട്ടു? എന്താണ് മഹാരാഷ്ട്രയുടെ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത് -മുംബൈ ലേഖകന്റെ വിശകലനം.
ഇന്ത്യൻ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്ത വിധമുണ്ടായ ‘തരംഗ’ത്തിൽ മഹാരാഷ്ട്രയിൽ കോൺഗ്രസ് സഖ്യത്തെ (എം.വി.എ) നിലംപരിശാക്കി ബി.ജെ.പി സഖ്യം (മഹായുതി) കൂറ്റൻ വിജയംനേടിയത് ചർച്ചയായി കത്തിനിൽക്കുകയാണ്. ബി.ജെ.പി സഖ്യത്തിന് എങ്ങനെ ഈ വിധം വിജയമെന്ന സംശയമാണ് തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധരായ യോഗേന്ദ്ര യാദവ്, ഡോ. പ്യാരേലാൽ ഗാർഗ്, പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ ഭർത്താവുമായ പരകാല പ്രഭാകർ തുടങ്ങിയവർ പ്രകടിപ്പിക്കുന്നത്. ഇത്ര ദയനീയമായ പരാജയം കോൺഗ്രസ് സഖ്യം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. തീർത്തും അമ്പരപ്പിച്ച ഫലം.
സംസ്ഥാനത്തെ 288 മണ്ഡലങ്ങളിൽ 230ഉം നേടി ബി.ജെ.പി സഖ്യം ഞെട്ടിച്ചു. ബി.ജെ.പി ഒറ്റക്ക് 132 സീറ്റുകളാണ് നേടിയത്. കോൺഗ്രസ് സഖ്യമാകട്ടെ പ്രതിപക്ഷ നേതാവ് പദവിക്ക് പോലും അർഹതയില്ലാത്ത വിധം 46 സീറ്റുകളിൽ ഒതുക്കപ്പെട്ടു. പ്രതിപക്ഷ പദവി കിട്ടണമെങ്കിൽ പാർട്ടിക്ക് 29 എം.എൽ.എമാരെങ്കിലും വേണം. 20 സീറ്റു കിട്ടിയ ഉദ്ധവ് താക്കറെ പക്ഷ ശിവസേനയാണ് സഖ്യത്തിലെ വലിയ ഒറ്റകക്ഷി. കോൺഗ്രസിന് 16ഉം ശരദ് പവാർപക്ഷ ശിവസേനക്ക് 10 സീറ്റുകളുമേയുള്ളൂ. രാജ്യസഭയിൽ പ്രതിപക്ഷ പാർട്ടികളുടെ അംഗബലം കുറയുകയാണെന്നും അവരുടെ സാമ്പത്തിക ബലം ക്ഷയിക്കുകയാണെന്നുമുള്ള അപായധ്വനി തെരഞ്ഞെടുപ്പ് ഫലത്തിൽ ഒളിഞ്ഞു കിടക്കുന്നുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ കോൺഗ്രസ് സഖ്യം മിന്നുന്ന മുന്നേറ്റം കാഴ്ചവെച്ച് അഞ്ചുമാസം തികയുംമുമ്പാണ് കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 48 മണ്ഡലങ്ങളിൽ 31ലും ജയിച്ചതാണ് കോൺഗ്രസ് സഖ്യം. ബി.ജെ.പി സഖ്യം 17ൽ ഒതുങ്ങി. മറാത്താ സംവരണ വിഷയവും കാർഷിക പ്രതിസന്ധിയും പുകയുന്ന മറാത്ത് വാഡയും പശ്ചിമ മഹാരാഷ്ട്രയും ബി.ജെ.പി സഖ്യത്തെ അന്ന് പാടേ അവഗണിച്ചതാണ്. അഞ്ചുമാസംകൊണ്ട് സ്ഥിതിമാറി. നിയമസഭാ തെരഞ്ഞെടുപ്പിൽ അവർ ഒന്നടങ്കം ബി.ജെ.പി സഖ്യത്തിനു വോട്ടുചെയ്തെന്ന്. ലോക്സഭ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ മറികടക്കാൻ സ്ത്രീകളെയും യുവാക്കളെയും വിവിധ ജാതിക്കാരെയും പാട്ടിലാക്കുന്ന സാമ്പത്തിക പദ്ധതികൾ മഹാരാഷ്ട്രയിലെ ബി.ജെ.പി സഖ്യ സർക്കാർ പ്രഖ്യാപിച്ച ശേഷമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്.
മുഖ്യമന്ത്രി (ശിവസേന) ഏക്നാഥ് ഷിൻഡെയുടെ ‘ലഡ്കി ബെഹനി’ പദ്ധതി തരംഗമായെന്നാണ് അവകാശവാദം. ഒപ്പം വിവിധ ജാതിക്കാരെ ഒരുമിപ്പിക്കുന്ന ബി.ജെ.പിയുടെ ‘ഏക് ഹേ തോ സേഫ് ഹേ’ (ഒന്നിച്ചുനിന്നാൽ സുരക്ഷിതർ), ‘ബാട്ടേൻഗാ തോ കാട്ടേൻഗ’ (ഭിന്നിച്ചുനിന്നാൽ നിലംപരിശാക്കപ്പെടും) എന്നീ മുദ്രാവാക്യങ്ങൾ കുറിക്കുകൊള്ളുകയും ചെയ്തെന്നും അവകാശപ്പെടുന്നു. അജിത് പവാറിലൂടെ ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടിരുന്നു ബി.ജെ.പി സഖ്യം. മദ്റസ നവീകരണ പദ്ധതിയുടെ ഭാഗമായ, ഭൗതിക വിഷയങ്ങൾകൂടി പഠിപ്പിക്കുന്ന മദ്റസകളിലെ അധ്യാപകരുടെ വേതനം മൂന്നിരട്ടിയായി വർധിപ്പിച്ചും മുസ്‍ലിംകളെ വ്യവസായ, വിദ്യാഭ്യാസ മേഖലകളിൽ സാമ്പത്തികമായി സഹായിക്കുന്ന മൗലാന ആസാദ് മൈനോറിറ്റി കോർപറേഷന്റെ ബജറ്റ് 600ൽനിന്ന് 1000 കോടി രൂപയായി ഉയർത്തുകയും ചെയ്തു.
എങ്കിലും വോട്ട് ജിഹാദ്, കർഷക ഭൂമി വഖഫ് ബോർഡിന് പോകും തുടങ്ങിയ ആരോപണങ്ങളും വർഗീയ മുദ്രാവാക്യങ്ങളുമായി ബി.ജെ.പി ന്യൂനപക്ഷത്തെ പ്രധാന ശത്രുവായാണ് ചിത്രീകരിച്ചത്. മഹായുതിയുടെ, പ്രത്യേകിച്ച് ബി.ജെ.പിയുടെ മുന്നേറ്റത്തിന് പിന്നിലെ മറ്റൊരു പ്രധാന ഘടകമായി കാണുന്നത് ആർ.എസ്.എസിനെയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ വിട്ടുനിന്ന ആർ.എസ്.എസ് ബി.ജെ.പിക്കുവേണ്ടി ഇത്തവണ പ്രവർത്തിച്ചു. സംഘടനയുടെ നൂറാം വാർഷികാഘോഷ സമയത്ത് ബി.ജെ.പി മഹാരാഷ്ട്രയിൽ അധികാരത്തിലുണ്ടാകേണ്ടത് ആർ.എസ്.എസിന്റെകൂടി ആവശ്യമാണ്. വരുന്ന സെപ്റ്റംബറിലാണ് നൂറാം വാർഷികം.
ഗ്രാമങ്ങളിൽ പുകയുന്ന കാർഷിക പ്രതിസന്ധി തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചില്ല എന്നത് കൗതുകമാണ്. താങ്ങുവില 7000 രൂപയായി ഉയർത്തണമെന്ന് ആവശ്യപ്പെടുന്ന സോയാബീൻ, പരുത്തി കർഷകരുടെ രോഷം എങ്ങും കാണാനില്ല. തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി വരുമ്പോൾ പശ്ചിമ മഹാരാഷ്ട്രയിൽ ബി.ജെ.പി മന്ത്രി ഗിരീഷ് മഹാജനെതിരെ കർഷകരോഷം പുകയുകയായിരുന്നു. മുമ്പ് കോൺഗ്രസ് ഭരണകാലത്ത് താങ്ങുവില 6000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് മഹാജൻ നടത്തിയ സമരങ്ങളുടെ വിഡിയോയുമായിട്ടായിരുന്നു കർഷകരുടെ പ്രതിഷേധം. 2014ലും 2022ലും മന്ത്രിയായിട്ടും മഹാജന് താങ്ങുവില വർധിപ്പിക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് അവരുയർത്തിയ പരാതി. 6000ത്തിനു ചുവടെയാണ് ഇപ്പോഴും താങ്ങുവില. എന്നാൽ, തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ജാംനർ മണ്ഡലത്തിൽ 26,885 വോട്ടിന്റെ ഭൂരിപക്ഷത്തിന് മഹാജൻ ജയിച്ചു. കാർഷിക പ്രതിസന്ധി പെട്ടെന്ന് മാഞ്ഞുപോയി. ജയിക്കുമെന്ന് പൊതുവെ സാധ്യത കണ്ട മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ, മുൻ മന്ത്രിമാരായ ബാലസാഹബ് തോറാട്ട്, യശോമതി ഠാകുർ തുടങ്ങിയ കോൺഗ്രസ് പ്രമുഖർ പരാജയപ്പെട്ടു. എം.പി.സി.സി അധ്യക്ഷൻ നാന പടോലെ 208 വോട്ടിനാണ് ജയിച്ചത്.
ജനങ്ങളെ സ്വാധീനിക്കുന്ന പദ്ധതികൾ ഇരു മുന്നണികളും തമ്മിൽ ശക്തമായ മത്സരത്തിന് വഴിതുറക്കുമെന്ന് ആദ്യമേ നിരീക്ഷിക്കപ്പെട്ടിരുന്നു. മറാത്തി ചാനലുമായി ബന്ധപ്പെട്ടതൊഴിച്ചുള്ള എക്സിറ്റ് പോളുകൾ എല്ലാംതന്നെ ബി.ജെ.പി സഖ്യത്തിനാണ് വിജയം പ്രവചിച്ചത്. ‘ടി.വി 9 മറാത്തി’ ചാനൽ കോൺഗ്രസ് സഖ്യത്തിനാണ് നേരിയതെങ്കിലും മുൻതൂക്കം പ്രവചിച്ചത്. സ്ത്രീ പോളിങ് ശതമാനം ഗണ്യമായി കൂടിയത് ബി.ജെ.പി സഖ്യത്തിന് ഗുണമാകുമെന്ന് വിലയിരുത്തപ്പെടുകയും ചെയ്തു. ഗ്രാമങ്ങളിൽ പോളിങ് ശതമാനം കൂടിയതും അവർക്ക് അനുകൂലമാകുമെന്നും കരുതപ്പെട്ടു. ബി.ജെ.പി സഖ്യത്തിന് വോട്ടിൽ നാലു ശതമാനം ലീഡാണ് ഏറ്റവും കൂടുതലായി പ്രവചിക്കപ്പെട്ടത്. എന്നാൽ, 14 ശതമാനത്തിന്റെ ലീഡാണുണ്ടായതെന്നും അതെങ്ങനെയെന്നും യോഗേന്ദ്ര യാദവ് ചോദിക്കുന്നു. ഉത്തേജക മരുന്ന് കഴിച്ച് ട്രാക്കിലോടി ജയിക്കുന്നതുപോലെ അസാധ്യമായ വിജയമാണ് ബി.ജെ.പി സഖ്യത്തിന്റേത്.
ഡോ. പ്യാരേലാൽ ഗാർഗ്, പരകാല പ്രഭാകർ എന്നിവരുടെ, തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട, വോട്ടുയന്ത്രത്തെ പ്രതിക്കൂട്ടിലാക്കുന്ന ചോദ്യങ്ങളാണ് പ്രസക്തം. പോളിങ്ങിന്റെ ഔദ്യോഗിക സമയം കഴിഞ്ഞിട്ടും എട്ട് ശതമാനത്തോളം അധിക പോളിങ് നടക്കുകയും അതുവഴി 76 ലക്ഷത്തോളം അധികവോട്ട് പോൾ ചെയ്യപ്പെടുകയും ചെയ്തെന്നാണ് ഇവരുടെ നിഗമനം. പോളിങ് സമയം അവസാനിച്ചയുടനുള്ള പോളിങ് ശതമാനത്തിൽ പിന്നീട് ഒരു ശതമാനം മാറ്റമുണ്ടാകുന്നത് സ്വാഭാവികമാണെന്നും അതിൽ കൂടുന്നത് അസാധാരണവുമാണെന്ന് പരകാല പ്രഭാകർ, കരൺ ഥാപ്പറുമായുള്ള ‘ദി വയറി’ലെ അഭിമുഖത്തിൽ പറയുന്നു. പോളിങ് നടന്ന നവംബർ 20ന് വൈകീട്ട് അഞ്ചിന് പോളിങ് 58.22 ശതമാനമായിരുന്നു.
അന്ന് രാത്രി പതിനൊന്നരക്ക് അത് 65.02 ശതമാനമായി. നവംബർ 23ന് വോട്ടെണ്ണുന്നതിന് തൊട്ടുമുമ്പ് പോളിങ് ശതമാനം 66.05 ആയി ഉയർന്നു. അതായത് പോളിങ് സമയം കഴിഞ്ഞും 7.83 ശതമാനം അധികം പോൾ ചെയ്യപ്പെട്ടു. 75,97,067 വോട്ടിന്റെ വർധന എന്നാണ് ഇരുവരും ചൂണ്ടിക്കാട്ടുന്നത്. വോട്ടുയന്ത്രത്തിന് എതിരെ സംശയവും രോഷവും ഉയർന്നുവരുന്നുണ്ട്. വിവിപാറ്റ് പരിശോധിക്കാൻ സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിൽ നേരിട്ടറിഞ്ഞ ജനവികാരമല്ല തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള കോൺഗ്രസ് ദേശീയ നിർവാഹക സമിതി അംഗം രമേശ് ചെന്നിത്തല പറയുന്നു. വോട്ട് യന്ത്രത്തിൽ സംശയം പ്രകടിപ്പിച്ച ശിവസേന ഉദ്ധവ് പക്ഷ നേതാവ് സഞ്ജയ് റാവുത്ത് ബാലറ്റ് തെരഞ്ഞെടുപ്പ് ആവശ്യപ്പെടുന്നു. ഒടുവിൽ ശരദ് പവാറും വോട്ടുയന്ത്രത്തിൽ സംശയമുന്നയിച്ച് ഇവർക്കൊപ്പം ചേരുന്നു. പണമൊഴുക്കിയും അധികാര ദുർവിനിയോഗം നടത്തിയും ഇതുപോലൊരു തെരഞ്ഞെടുപ്പ് നടന്നത് തന്റെ രാഷ്ട്രീയ ജീവിതത്തിൽ കണ്ടിട്ടില്ലെന്നും പവാർ പറയുന്നു. പാർലമെന്ററി ജനാധിപത്യത്തെ സംരക്ഷിക്കാൻ ഒരു ജനകീയമുന്നേറ്റം വേണമെന്നും പവാർ പറയുന്നു.
അസാധാരണമായ ഈ തെരഞ്ഞെടുപ്പ് ഫലത്തിൽ തീർത്തും തകർന്നുപോകുന്നത് ശരദ് പവാറും ശിവസേന-യു.ബി.ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയുമാണ്. ശിവസേനയെ ഏക്നാഥ് ഷിൻഡെയും എൻ.സി.പിയെ അജിത് പവാറും പിളർത്തുകയും, അവരുടേത് ഔദ്യോഗിക പാർട്ടിയായി അംഗീകരിച്ച് തെരഞ്ഞെടുപ്പ് കമീഷനും മഹാരാഷ്ട്ര സ്പീക്കറും തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ അനുവദിച്ചുകൊടുക്കുകയും ചെയ്തതിനുശേഷം വന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. യഥാർഥ പാർട്ടി ആരുടേതെന്ന് ഈ തെരഞ്ഞെടുപ്പിൽ ജനം വിധിക്കുമെന്നാണ് നാലു നേതാക്കളും പറഞ്ഞിരുന്നത്.
ജനവിധിയിൽ തോറ്റുപോയത് പവാറും ഉദ്ധവുമാണ്. 90 സീറ്റിൽ മത്സരിച്ച ഉദ്ധവ് പക്ഷത്തിന് 20 സീറ്റും 86ൽ മത്സരിച്ച പവാർ പക്ഷത്തിന് 10 സീറ്റുമാണ് ലഭിച്ചത്. മത്സരിച്ച 53ൽ 41 സീറ്റു നേടി അജിത് പവാർ പക്ഷവും 80ൽ 57 സീറ്റുനേടി ഷിൻഡെ പക്ഷവും ഏറെ മുന്നിലായി. എങ്കിലും കിട്ടിയ വോട്ട് ശതമാനത്തിൽ അജിതിനെക്കാൾ (9.01) പവാർ (11.28) പക്ഷമാണ് മുന്നിൽ. പവാറിനെയും ഉദ്ധവിനെയും രാഷ്ട്രീയമായി അപ്രസക്തരാക്കുക എന്നത് ബി.ജെ.പിയുടെ ആവശ്യമാണ്.
പ്രായോഗിക രാഷ്ട്രീയത്തിന്റെ ചാണക്യനായ പവാറിനെ തള്ളിക്കളയുക എളുപ്പമല്ല. 2019ൽ ബി.ജെ.പിയെ അധികാരത്തിൽനിന്നും അകറ്റാൻ, ശിവസേനയെ ഒപ്പംകൂട്ടി കോൺഗ്രസുമായി ചേർന്ന് പവാർ മഹാവികാസ് അഘാഡി (എം.വി.എ) ഉണ്ടാക്കി അധികാരത്തിലെത്തിയെങ്കിലും ശിവസേനയെയും എൻ.സി.പിയെയും പിളർത്തി ആ സർക്കാറിനെ അട്ടിമറിച്ച് ബി.ജെ.പി ഭരണം തിരിച്ചുപിടിച്ചു. പവാറിനെ രാഷ്ട്രീയമായി നിരായുധനാക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണ് പ്രകടമാകുന്നത്.
പിളർപ്പിന് പിന്നാലെ പാർട്ടി പേരും തെരഞ്ഞെടുപ്പ് ചിഹ്നവും 41 എം.എൽ.എമാരെയും നഷ്ടപ്പെട്ടിട്ടും പവാർ തളർന്നിരുന്നില്ല. പുതുതലമുറ നേതാക്കളുടെ കൈപിടിച്ച് 84കാരൻ പാർട്ടിയെ വീണ്ടും കെട്ടിപ്പടുത്തു. ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച 10ൽ എട്ടിലും പാർട്ടിയെ ജയിപ്പിച്ചു. 48 ലോക്സഭ സീറ്റിൽ എം.വി.എ 31ഉം പിടിച്ചു. പാർട്ടി പിളർത്തിയ ജ്യേഷ്ഠപുത്രൻ അജിത് പവാറിന്റെ പാർട്ടിയെ ഒന്നിലൊതുക്കി. നിയമസഭ തെരഞ്ഞെടുപ്പിലെ ‘നാരീ തരംഗത്തിൽ’ പവാറിന്റെ അടവുകളൊന്നും കുറിക്കുകൊണ്ടില്ല എന്നത് അതിശയമാണ്. അജിത് പക്ഷവുമായി ഏറ്റുമുട്ടിയ 36ൽ 29 സീറ്റിലും തോറ്റു. തോൽവി അംഗീകരിച്ച പവാർ എന്നാൽ, വീട്ടിൽ ഒതുങ്ങി ഇരിക്കില്ലെന്ന് വ്യക്തമാക്കി. ജനങ്ങളിലേക്ക് ഇറങ്ങുമെന്നാണ് പ്രതികരിച്ചത്.
ഉദ്ധവ് താക്കറെ നേരിടുന്ന വെല്ലുവിളിയും നിസ്സാരമല്ല. രാജ്യത്തെ മികച്ച മുഖ്യമന്ത്രിമാരിൽ ഒരാളായി തിളങ്ങിനിൽക്കെയാണ് പാർട്ടി പിളർത്തി ഷിൻഡെ മറുകണ്ടം ചാടിയത്. പാർട്ടി പേരും ചിഹ്നവും സ്വന്തമാക്കുകയുംചെയ്തു. ശക്തികേന്ദ്രമായ മുംബൈയിലെ മാഹിം, വർളി, ബാന്ദ്ര ഈസ്റ്റ് അടക്കം 10 സീറ്റിൽ ജയിക്കാനായെങ്കിലും കൊങ്കണിൽ ഒരു സീറ്റ് മാത്രമാണ് ഉദ്ധവിന് കിട്ടിയത്. ശിവസേനയുടെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന മേഖലകളാണ് ഇതെല്ലാം. താണെയിൽ ഷിൻഡെയുടെ തേരോട്ടം. ഷിൻഡെ പക്ഷത്തോട് ഏറ്റുമുട്ടിയ 50ൽ 14 ഇടത്തേ ഉദ്ധവ് പക്ഷത്തിന് ജയിക്കാനായുള്ളൂ. 36 സീറ്റ് ഷിൻഡെ പിടിച്ചു. ബാൽ താക്കറെയുടെ രാഷ്ട്രീയ പിൻഗാമിയായി ജനം തന്നെ അംഗീകരിച്ചെന്നാണ് ഷിൻഡെയുടെ അവകാശവാദം. ഇനിയും ശേഷിച്ച നേതാക്കളും അണികളും ചോരാതെ കാക്കുക എന്നതാകും ഉദ്ധവിന് മുന്നിലെ വലിയ വെല്ലുവിളി.
മഹായുതിയുടെ കുതിപ്പിൽ ചെറു പാർട്ടികളും സ്വതന്ത്രരും വീണുപോയതാണ് മറ്റൊരു രാഷ്ട്രീയ വിശേഷം. ഇരു മുന്നണികളുമായി ചങ്ങാത്തമില്ലാത്ത ചെറു പാർട്ടികളെയും സ്വതന്ത്രരെയും മഹാരാഷ്ട്ര കൈവിട്ടു. ആരുമായും കൂട്ടില്ലാത്തവരിൽ അസദുദ്ദീൻ ഉവൈസിയുടെ മജ്ലിസ് പാർട്ടി മാത്രമാണ് മഹാരാഷ്ട്ര നിയമസഭയിലേക്ക് ഒരു സീറ്റിൽ ജയിച്ചത്. 200 സീറ്റിൽ മത്സരിച്ച പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഘാഡിക്ക് (വി.ബി.എ) ഒരു സീറ്റുപോലും കിട്ടിയില്ല. 14 സീറ്റിൽ കോൺഗ്രസ് സഖ്യത്തിന്റെ അന്തകരുമായി. 125 സീറ്റിൽ മത്സരിച്ച എം.എൻ.എസിനും ഫലം വട്ടപ്പൂജ്യം.
പാർട്ടി അധ്യക്ഷൻ രാജ് താക്കറെയുടെ മകൻ അമിത് താക്കറെ കന്നിയങ്കത്തിൽതന്നെ മാഹിമിൽ വീണു. വസായ് -വീരാർ മേഖലയിലെ ബഹുജൻ വികാസ് അഘാഡിയും (ബി.വി.എ) കടപുഴകി. പാർട്ടി അധ്യക്ഷൻ ഹിതേന്ദ്ര ഠാകുറും മകൻ ക്ഷിജിത് ഠാകുറും വീണു. തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ തലേന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി വിനോദ് തവ്ഡെയെ പണവുമായി നക്ഷത്ര ഹോട്ടലിൽ പിടികൂടിയത് ഇവരായിരുന്നു. കോൺഗ്രസ് സഖ്യത്തിന്റെ ഭാഗമായ സമാജ് വാദി പാർട്ടി രണ്ടും സി.പി.എമ്മും പി.ഡബ്ല്യൂ.പിയും ഓരോന്ന് വീതവും നേടി.
കോൺഗ്രസിന് മുമ്പുണ്ടായിരുന്ന പൂർണ ആധിപത്യം നഷ്ടപ്പെട്ട സംസ്ഥാനങ്ങളിൽ ഒന്നായി മാറുകയാണ് മഹാരാഷ്ട്ര. ആധിപത്യത്തിലിരിക്കെ 1995ലാണ് കോൺഗ്രസ് ആദ്യമായി നിയമസഭ തെരഞ്ഞെടുപ്പിൽ തോൽക്കുന്നത്. ആ തവണ ശിവസേന-ബി.ജെ.പി സഖ്യം ആദ്യമായി സംസ്ഥാനം ഭരിച്ചെങ്കിലും 1999ൽ തിരിച്ചുപിടിക്കാൻ കോൺഗ്രസിനായി. 99ൽ പാർട്ടി പിളർന്ന് ശരദ് പവാർ എൻ.സി.പി രൂപവത്കരിച്ചിട്ടും കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തി. അപ്പോഴേക്കും സഖ്യമില്ലാതെ ഒറ്റക്ക് മത്സരിച്ചു ജയിക്കാനുള്ള സാധ്യത കോൺഗ്രസിന് നഷ്ടമായി. 2014ൽ നരേന്ദ്ര മോദിയുടെ വരവോടെ ഉണ്ടായ രാഷ്ട്രീയ ദിശാമാറ്റത്തിൽ മഹാരാഷ്ട്രയും വീണു.
അതുവരെ ശിവസേനയുടെ സഖ്യമായി കഴിഞ്ഞ ബി.ജെ.പി ഒറ്റക്ക് മത്സരിച്ച് 122 സീറ്റുകൾ നേടി. 2019ൽ പക്ഷേ ബി.ജെ.പി ശിവസേനയുമായി ചേർന്നാണ് മത്സരിച്ചത്. 105 സീറ്റ് നേടാൻ ബി.ജെ.പിക്ക് കഴിഞ്ഞു. ഈ രണ്ടു ഘട്ടങ്ങളിലും 40ലേറെ സീറ്റുകൾ നേടാൻ കഴിഞ്ഞ കോൺഗ്രസാണ് ഇത്തവണ 16ൽ ഒതുങ്ങിയത്. ആദ്യം മോദി തരംഗവും പിന്നീട് പുൽവാമയും പാകിസ്താനെതിരായ മിന്നലാക്രമണവും ബി.ജെ.പി അനുകൂല തരംഗമായിട്ടും തളരാത്ത കോൺഗ്രസ് ‘ലഡ്കി ബെഹൻ’ തരംഗത്തിൽ വീണെന്നത് കൗതുകമായി നിരീക്ഷിക്കപ്പെടുന്നു. മുംബൈയിൽ തോറ്റാൽ കോൺഗ്രസിന്റെ ഖജനാവിൽ ഓട്ടവീഴും. മാത്രമല്ല, 288 സീറ്റുകളുള്ള വലിയ സംസ്ഥാനമാണ് മഹാരാഷ്ട്ര. കോൺഗ്രസ് സഖ്യത്തിന്റെ രാജ്യസഭ അംഗബലവുംകൂടിയാണ് കുറയുന്നത്.
മഹാരാഷ്ട്രയുടെ രാഷ്ട്രീയ, സാമൂഹിക ഘടനയാകെ മാറുന്നു എന്ന നിരീക്ഷണവും ഇതിനൊപ്പമുണ്ട്. ഒരുകാലത്ത് രാഷ്ട്രീയ, ഭരണ, സാമൂഹിക-സാംസ്കാരിക-പുരോഗമന രംഗങ്ങളിൽ ഇതര സംസ്ഥാനങ്ങൾക്ക് മാതൃകയായിരുന്നു മഹാരാഷ്ട്ര. ഇപ്പോൾ ഏറെ പിന്നിലാകുന്നു എന്ന നിരീക്ഷണമാണ്. മഹാരാഷ്ട്ര നടപ്പാക്കിയ പല പദ്ധതികളും പിന്നീട് ദേശീയതലത്തിൽ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇന്ന് ലഡ്കി ബെഹൻ പോലുള്ള പദ്ധതികൾ മറ്റ് സംസ്ഥാനങ്ങളിൽനിന്നും കടമെടുക്കുകയാണ്. 70കളിൽ വസന്ത്‌റാവു നായിക് സർക്കാർ മഹാരാഷ്ട്രയിൽ കൊണ്ടുവന്ന പദ്ധതിയാണ് മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യു.പി.എ സർക്കാർ പിന്നീട് നടപ്പാക്കിയ തൊഴിലുറപ്പ് പദ്ധതിയുടെ മാതൃക. ഇതിനു പിന്നിൽ ജനങ്ങൾക്കും നാടിനുംവേണ്ടി ഭരണ-പ്രതിപക്ഷങ്ങൾ നടത്തിയ സഹകരണത്തിന്റെ കഥകൂടിയുണ്ട്.
വരൾച്ചക്കാലത്ത് അന്നത്തെ മഹാരാഷ്ട്ര നിയമസഭ കൗൺസിൽ അധ്യക്ഷൻ വിത്തൽ സഖറാം പഗെയുടെ മനസ്സിൽ ഉദിച്ച ആശയമായിരുന്നു. ഭൂമിയില്ലാത്ത കർഷകർക്ക് തൊഴിൽ നൽകി ജലപാതകളും മറ്റും ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. ആശയം മുഖ്യമന്ത്രി വസന്ത്‌റാവു നായിക് ഏറ്റുപിടിക്കുകയും അന്നത്തെ പ്രതിപക്ഷ നേതാവ് പി.ഡബ്ല്യൂ.പിയുടെ കൃഷ്ണറാവു ധുലാപുമായി സാധ്യതകൾ ആരായുകയും ചെയ്തു. നൂറുകോടി രൂപ അതിന് വകയിരുത്തേണ്ടിവന്നു.
പണം എങ്ങനെ സ്വരൂപിക്കുമെന്ന ശങ്കക്ക് പ്രതിപക്ഷ നേതാവ് തന്നെയാണ് പരിഹാരം കണ്ടത്. അങ്ങനെ മഹാരാഷ്ട്ര നിയമസഭയിൽ ചരിത്രമുഹൂർത്തം പിറക്കുന്നു. വരൾച്ചപ്രശ്നം പരിഹരിക്കുന്നതിനായി നികുതി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സഭയിൽ പ്രമേയം അവതരിപ്പിക്കുന്നു. സർക്കാർ ബസിൽ ടിക്കറ്റ് നിരക്കിൽ 15 പൈസ സർചാർജ് വർധിപ്പിക്കാൻ സഭ ഐകകണ്ഠ്യേന അനുമതി നൽകുന്നു. മൂന്നു പതിറ്റാണ്ടിനുശേഷം തൊഴിലുറപ്പ് പദ്ധതിയായി രാജ്യത്താകെ അത് പടർന്നു. കുടുംബത്തിന്റെ പരമ്പരാഗത സ്വത്തിൽ പെൺമക്കൾക്കും തുല്യ വിഹിതം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വനിതകൾക്ക് 33 ശതമാനം സംവരണം ആദ്യം നടപ്പാക്കിയതും മഹാരാഷ്ട്രയാണ്.
ശരദ് പവാർ ആയിരുന്നു അന്ന് മുഖ്യമന്ത്രി. വിലാസ് റാവു ദേശ് മുഖ് സർക്കാർ ഭരണത്തിലാണ് വിവരാവകാശ നിയമം ആദ്യമായി നടപ്പാക്കുന്നത്. പിന്നീടതും ദേശീയതലത്തിൽ നടപ്പാക്കപ്പെട്ടു. രാഷ്ട്രീയത്തിലെ മുൻതലമുറ ഭരണത്തിൽ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായി പ്രകടിപ്പിച്ച വൈഭവം ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ് മറാത്തി പത്രമായ ‘ലോക്സത്ത’യുടെ പത്രാധിപർ ഗിരീഷ് കുബേർ അടക്കമുള്ള രാഷ്ട്രീയനിരീക്ഷകർ വീക്ഷിക്കുന്നത്.