ജോർജ്യം
വർഷങ്ങൾക്കുശേഷം അതേ ചിത്രങ്ങളുമായി ജോർജ് വന്നു. ബോംബെക്ക്. അതേ എളിയഭാവം, കുറിയ വാക്ക്, നിറഞ്ഞ ചിരി. ജഹാംഗീർ ആർട്ട് ഗാലറിയിൽ പ്രദർശനം. ആരാനും ആ ‘തീവെട്ടി’ കൈപ്പറ്റിയോ, അറിയില്ല. 1800 മൈൽ കടത്തിന് കൊടുത്ത ലോറിക്കൂലിയെങ്കിലും തരമായോ, അറിയില്ല. ഒന്നുമാത്രമറിയാം –നിരങ്കുശമായ നിർമമതയോടെ ജോർജ് മടങ്ങി.കൈപ്പടശിൽപി നാരായണ ഭട്ടതിരിയാണ് ആളെ പരിചയെപ്പടുത്തിയത്. പട്ടേരിക്കുതന്നെ വാക്ക് കമ്മി –കാലിഗ്രഫിയുടെ തച്ചിൽ പതിയിരിക്കുന്ന ശിൽപകലയിൽ നൂഴാൻ...
Your Subscription Supports Independent Journalism
View Plansവർഷങ്ങൾക്കുശേഷം അതേ ചിത്രങ്ങളുമായി ജോർജ് വന്നു. ബോംബെക്ക്. അതേ എളിയഭാവം, കുറിയ വാക്ക്, നിറഞ്ഞ ചിരി. ജഹാംഗീർ ആർട്ട് ഗാലറിയിൽ പ്രദർശനം. ആരാനും ആ ‘തീവെട്ടി’ കൈപ്പറ്റിയോ, അറിയില്ല. 1800 മൈൽ കടത്തിന് കൊടുത്ത ലോറിക്കൂലിയെങ്കിലും തരമായോ, അറിയില്ല. ഒന്നുമാത്രമറിയാം –നിരങ്കുശമായ നിർമമതയോടെ ജോർജ് മടങ്ങി.
കൈപ്പടശിൽപി നാരായണ ഭട്ടതിരിയാണ് ആളെ പരിചയെപ്പടുത്തിയത്. പട്ടേരിക്കുതന്നെ വാക്ക് കമ്മി –കാലിഗ്രഫിയുടെ തച്ചിൽ പതിയിരിക്കുന്ന ശിൽപകലയിൽ നൂഴാൻ ചുണ്ടുപൂട്ടി താഴിടണമെന്ന് മട്ട്. അങ്ങനെയൊരാൾ മുന്നോട്ടുെവച്ചത് അതിലും കടുത്ത മിണ്ടാപ്രാണിയെ: ‘ഇത് ജോർജ്, ചിത്രമെഴുതും.’ മുഖവുരക്കപ്പുറം ഒരക്ഷരമില്ല, താടിയും മുടിയും ചിരിയും നീട്ടിയ ഒരു സാത്വികരൂപം ഒഴികെ.
തിരുവനന്തപുരത്ത് പാളയം പള്ളിക്കടുത്ത പഴകിയ വീട്ടിൽ ആ ചിത്രങ്ങൾ. ഉരിയാട്ടമില്ലാതെ നിഴലായി ചിത്രകാരൻ. ചിത്രങ്ങളാണ് ഉരിയാടിയത്, ജോർജിന്റെ ആത്മകഥ. ആളുന്ന ജ്വാലകൾ നിറഞ്ഞ കാൻവാസുകൾക്ക് അടിവരപോലെ കരിയുന്ന അസ്ഥിഖണ്ഡങ്ങൾ. അതിൽ മജ്ജയും മാംസവും ചോരയുമെല്ലാമുണ്ട്. ഇല്ലാത്തതായി ഏറെ ഒന്നുമേയില്ലെന്നറിയും തുടർ നോക്കിൽ. ജീവിതത്തിന്റെ കത്തുന്ന നേരുകൾ, നിണം വാർന്ന്. മനസ്സിന് തീയാളിച്ച് ജ്വാലകളുടെ മഴച്ചാർത്ത്.
വർഷങ്ങൾക്കു ശേഷം അതേ ചിത്രങ്ങളുമായി ജോർജ് വന്നു. ബോംബെക്ക്. അതേ എളിയഭാവം, കുറിയ വാക്ക്, നിറഞ്ഞ ചിരി. ജഹാംഗീർ ആർട്ട് ഗാലറിയിൽ പ്രദർശനം. ആരാനും ആ ‘തീവെട്ടി’ കൈപ്പറ്റിയോ, അറിയില്ല. 1800 മൈൽ കടത്തിന് കൊടുത്ത ലോറിക്കൂലിയെങ്കിലും തരമായോ, അറിയില്ല. ഒന്നുമാത്രമറിയാം -നിരങ്കുശമായ നിർമമതയോടെ ജോർജ് മടങ്ങി.
പിന്നെ ജോർജ് മുഖം തരുന്നത് ഒരു കുഞ്ഞു പുസ്തകത്തിന്റെ രൂപത്തിൽ: ‘സ്വകാര്യക്കുറിപ്പുകൾ’. ഓർക്കാപ്പുറത്ത് നാട്ടിലൊരിറക്കമുണ്ടല്ലോ, വേറിട്ട പുസ്തകങ്ങളുടെ സമ്മാനപ്പൊതിയുമായി സാന്റാക്ലോസിനെപ്പോലെ, കെ.എൻ. ഷാജി. അങ്ങനെയൊരു വരവത്താണ് (നിയോഗം ബുക്സ്) ആ പുസ്തകക്കുഞ്ഞും വന്നത്. താളൊന്നു മറിച്ചതും ദാ ജോർജ്,
ചിരികൂപ്പി:
ഒരിക്കൽ ഒരു കൂട്ടം യുവാക്കൾ
ഈ കവിതകൾ അനുഭവിച്ചിരുന്നു
സ്വപ്നാഭകൾക്ക് ജീവിതം നൽകിയവർ.
ആ സുഹൃത്തുക്കൾക്ക്...
-സമർപ്പണം അങ്ങനെ. അനന്തരം, പുസ്തകം മുരടനക്കി തുടങ്ങുന്നു:
നമ്മുടെ തലച്ചോറിനുള്ളിൽ എവിടെയോനിന്ന്
നമ്മളെന്താണ് നോക്കുന്നത്
അസ്ഥിത്തറകളിെലല്ലാം കണ്ണാടിയുടെ ബീജങ്ങൾ.
-ഒറ്റവീർപ്പിലാണ് സാത്വികതയുടെ കുപ്പായം അപ്പാടെ ഊർന്നുവീണത്. തമോഗർത്തത്തിലെ പ്രക്ഷുബ്ധതയുടെ കാണാക്കനലുകൾ ആരോ നെഞ്ചിൻകൂടിലേക്ക് കോരിയിടുമ്പോലെ. ആഴിവാരൽ തീരുകയല്ലിവിടെ, മന്ത്രം തുടങ്ങുക മാത്രമായിരുന്നു:
കടുകുമണിയുമായ് ഞാൻ മടങ്ങിയെത്തുമ്പോൾ
ബുദ്ധൻ പുരാവസ്തു വിൽപനശാലയിലെ കണ്ണാടിക്കൂട്ടിൽ
ഒരു വെങ്കല വിഗ്രഹം
-ഓർമ ഒറ്റയടിക്ക് പിന്നാക്കം മലച്ചു: അനന്തപുരിയിലെ ആയുർവേദ കോളജ് കവല. അവിടെ ‘നടേശൻസ് ആന്റികാർട്സി’ന്റെ മുഖപ്പ്. കണ്ണാടിക്കൂട്ടിൽ തെരുവുനോക്കി ചിരന്തനം നിൽക്കുന്ന വെങ്കലബുദ്ധൻ. ‘നടേശൻസ്’ ഉണ്ടെങ്കിലും ഇല്ലെങ്കിലും ബുദ്ധൻ ആ നിൽപു തുടരുന്നു. കാലം ശിലാഭൂതമാക്കിയ നിൽപ്. ഇന്നും അതു കാണുന്നുണ്ടാവണം ജോർജ്. എത്രയോ വട്ടം കടന്നുപോയ ആ കടമുഖത്തല്ല, തഥാഗതന് ചരിത്രം ഏൽപിച്ച നിർവാണ ഗതികേടിൽ. കടുകുമണിക്കഥയിലെ മൃത്യുരഹസ്യം ഇന്നും അതേപടി, മറയത്ത്.
ജൈവമായ നിഷ്ഠുരതകളുടെ ഉമ്മറപ്പടി കടന്ന് ജോർജ് അതാ ചാവുനിലത്തേക്ക് ഇറങ്ങിക്കഴിഞ്ഞു:
ഇനിയുമീ കൊതിയൊടുങ്ങിയിട്ടില്ല
പാഞ്ഞുപോകുന്ന ടയറുകൾ തലയോടുമ്മവയ്ക്കുന്നു
ടാറിട്ട റോഡിൽ രക്തം ചിത്രം വരയ്ക്കുന്നു
അരയുന്ന മാംസം പാടുന്നു
പിന്നെ തിരയുന്നു
കളമെഴുത്ത്, പ്രേമഗാനം, ചുണ്ടുകൾ
ഒന്നും കാണുന്നില്ല കേൾക്കുന്നില്ല
ടാറിട്ട റോഡു മാത്രം
–നമ്മുടെ സ്വന്തം ജീവനവഴികളിൽ ടാറിട്ടാലും കന്മദം ഇത്തിരി കൂട്ടിയിട്ടാലും അക്കൽദാമ സദാ പിന്തുടരുന്നു. അതോ മുൻതുടരുന്നോ? എന്താകിലും, ശേഷിച്ച മരവുരികൂടി പറിച്ചെറിഞ്ഞ് ചുടലക്കാളിയാവുകയാണ് ജോർജ്:
ഞാൻ നോക്കിനിൽക്കെ
കണ്ണാടി ഒരു വെളുത്ത കാട്ടുപോത്തായ്
വളഞ്ഞ കൊമ്പുകുലുക്കി നൃത്തംവയ്ക്കുന്നു
കാൽപാടുകൾപോലും ബാക്കിയില്ലാതെ
അതെന്നിലൂടെ കടന്നുപോയി.
-അധികം വൈകിയില്ല, കാട്ടുപോത്ത് വഴിമാറുന്നു, പറവയ്ക്ക്:
ഇന്നെന്റെ ശിരസ്സുപൊട്ടി
ഒരുകൂട്ടം പച്ചക്കിളികൾ പുറത്തുവന്നു
മുഖങ്ങൾ കൊത്തിത്തിന്ന് അവ പാടി
നിശ്ശബ്ദതയും രക്തവുംകൊണ്ട് ഒരു പാട്ട്
–ഇതെന്തേ ജോർജിങ്ങനെ, പ്രാർഥനയുടെ ആർദ്രംകൊണ്ട് കഴുത്ത് ഞെക്കി ഞെരിക്കുന്നത്? സ്നിഗ്ധതയുടെ മിഴിനീരുകൊണ്ട് കണ്ണു കുത്തിത്തുളക്കുന്നത്? സഹിയാനാവാതെ ചോദിച്ചുപോകും നാം: നിർമമതയുടെ ഗർഭത്തിലോ കൊടുങ്കാറ്റിന്റ നാഭി?
കേട്ടാൽ ജോർജ് ചിരിക്കും; പതിവുപോലെ മിന്നാരപ്പല്ലു മുഴുക്കെ വിരിച്ച്, നിശ്ശബ്ദം. എന്നിട്ട്, ആത്മാലാപംപോലെ ഉള്ളിൽ പിറുപിറുക്കും:
കാറ്റൊടുങ്ങാത്ത ഒരു മലഞ്ചെരിവിലെ
ഇളം പുല്ലായിരുന്നു ഞാൻ.
ഒരു പുലർച്ചയ്ക്ക്
ബുദ്ധനൊരാട്ടിൻകുട്ടിയായ് വന്ന്
എന്നെ തിന്നു വിശപ്പടക്കി.
–എഴുപതുകളുടെ ഒടുവിലെ വിത, തൊണ്ണൂറുകളുടെ ഒടുവിൽ ഹൈകു മെതിയായതാണ് ‘സ്വകാര്യക്കുറിപ്പുകൾ’. പതിറ്റാണ്ടു നാല് മുന്നം വാർന്ന വാക്ക് ഇന്നും ഇനിമയോടെ നെഞ്ചിലാഴ്ന്ന് ചോര കിനിക്കുന്നു. ജോർജ് തന്നെ മിണ്ടട്ടെ, അതിന്റെ പൊരുൾ:
ഒരു വാക്ക് മുറിഞ്ഞ്
ഒരു വാൾ ശിരസ്സിൽ വീഴുന്നു
ഒരനന്തത സ്വതന്ത്രമാവുന്നു.
* * *
റോക് -പാട്ടിലെ പെരും കൊട്ടനാര്?
–ബോൺസോ! (ജോൺ ബോൺഹാം) ക്ഷിപ്ര പ്രസാദിയാവും റോക് ആൻഡ് റോളർമാരുടെ നാവ്. ഫിൽ കോളിൻസും ഡേവ് ഗ്രോളും കാരെൻ കാർപെന്ററും ജോൺ ഡെൻ സ്മോറുമൊക്കെ അതേ നാവിലൂറും. അല്ലല്ല ജോർജ് എന്നു പറഞ്ഞാലോ? മറുചോദ്യം ശരവേഗം വരും: ജോർജ് ഹൂ?
ബോംബെയുടെ രാപ്പാടത്ത് എപ്പഴോ മുട്ടിയതാണ്, ഗോവൻ ചങ്ങാതി എർവിൽ മുട്ടിച്ചത്. മിക്ക ഡ്രമർമാരും ബീറ്റു വിട്ട് കടുകിടെ പോവില്ല; മറ്റു വഴിപ്പിഴ മിക്കതുമുണ്ടെങ്കിലും. പക്ഷേ, ജോർജ്. ലക്ഷ്മണരേഖ കവച്ചങ്ങ് പോകും, ചുമ്മാ. പോകും, തിരികെപ്പോരും, പിന്നേം പോകും. തരവഴിയുടെ പ്രതിതാളം -തിരുവില്വാമല വെങ്കിച്ചൻ സ്വാമിയാണെ സത്യം. ജോർജിന്റെ വിപൽതാളം ഓഫ്ബീറ്റിനെ സ്വരഭാരത്തോടെ തെളിച്ചുകാട്ടും. കാലമാത്രകളെക്കൊണ്ട് പുത്തൻ കൈയൊപ്പിടുവിക്കും. താളത്തിന്റെ സീമന്തരേഖയിലൂടെ സമയരഥം തെളിക്കും. താളവട്ടം എന്ന പ്രയോഗംപോലും ഇവിടെ അവതാളം. ഇത് താളവട്ടം മൈനസ് വട്ടം. നീണ്ടുനീണ്ട് അനന്തതയിലേക്കുള്ള ചലനരേഖയാകുന്നു താളമിവിടെ. തന്തുവിന്റെയും സ്വരഭേദത്തിന്റെയും പുതിയ ഇടപഴക് അനാവൃതമാക്കിക്കൊണ്ട്.
സംഗീത സസ്യഭുക്കുകൾക്കിടയിലെ ഹിഡിംബൻ മിശ്രഭുക്കാണ് ജോർജിന്റെ വാദനം. നേർമയല്ല, നേർത്തനാരുകളുടെ ഘനിമയാണതിൽ നൃത്തമാടുക. രസികരുടെ വികാരങ്ങളോട് ഒരു വികൃതിച്ചെക്കന്റെ താന്തോന്നിലീല. ‘‘പല പിശാചുക്കളെ കണ്ടിട്ടുണ്ട്, കൊട്ടുവടീം പിടിച്ചുനിൽക്കുന്ന പിശാചിനെ ഇതാദ്യമാ.’’ പറഞ്ഞുതീരും മുമ്പ് ആ കൊട്ടുവടി െവച്ചുനീട്ടി ജോർജ്: ‘‘നീയെടുത്തോ. ഇനി ഇതിന്റൊരു കുറവുവേണ്ട, പിശാചേ.’’
ഇന്നുമുണ്ട് ആ കുറുവടി, ഒരു നിധിയായ്. പക്ഷേ, ജോർജ്. ചെറു ബാൻഡുകളിൽ കൊട്ടിയാടി, എങ്ങും താമ്പുറക്കാതെ ഉരുണ്ടങ്ങ് പോയി. 2007ൽ ഒടുക്കത്തെ ഉരുൾച്ച –കടലിടുക്കിൽ. ജീവന്റെ പ്രതിതാളത്തിലേക്ക് സ്വയം.
വരവ് വാസ്കോയിൽനിന്ന്. സ്വയം പരിചയപ്പെടുത്തൽ ‘പോർചുഗോവൻ’ എന്ന്. പറങ്കിവീറും കടൽച്ചൊരുക്കും അംഗാദിത്യന്റെ ഊരും –ഒരു നിമിഷം ശമനമില്ലാത്ത ഊർജം. അലകടലിന്റെ കോള് അകം നിറയെ. ലൈറ്റ്ഹൗസ് സൂക്ഷിപ്പുകാരന് തെരുവുപെണ്ണിലുണ്ടായ വിത്ത്. അപ്പന്റപ്പൻ പാതിപറങ്കി, പാതി കൊങ്കണി. ജനിതകങ്ങളുടെ താളസങ്കരം എങ്ങനൊക്കെ തായമ്പക ഒരുക്കുമെന്നറിയില്ല, പരിണാമ ശാസ്ത്രത്തിനും.
* * *
മറവിയുടെ മാറാല നീക്കി ഒരു മുഖംകൂടി. പഴയ പള്ളിക്കൂടത്തിൽ ഇടയ്ക്കൊക്കെ വന്നുപോയിരുന്ന ഉല്ലാസപ്പറവ. ഒതുങ്ങാത്ത ചുരുൾമുടി, ഒതുക്കിയ താടിമീശ, ചിരിയൊച്ചയിൽ തെറിക്കുന്ന വാക്കുകൾ, തടിച്ചുകുറിയ വെളുത്ത രൂപം, വെടിപ്പുമങ്ങിയ ളോഹയുെട പിന്നണിപോലെ, ജോർജച്ചൻ.
ഒരു നാൾ മാഷിന്റെ ഒഴിവിൽ കലപില കൂട്ടിയ അഞ്ചാം ക്ലാസിലേക്ക് പൊടുന്നനെ അച്ചൻ. ക്ലാസാകെ സന്തോഷാവേശം. ചിലരങ്ങനെയാണ്, സന്തോഷം പരത്തും സാന്നിധ്യം മാത്രംകൊണ്ടും. വന്നപാടേ അച്ചൻ തിരക്കി,
?ഇപ്പഴെന്താ ക്ലാസ്
–മലയാളം
?എത്രാം പാഠം
–പതിനാല്
?എന്തുകൊണ്ടിത് 14ാം പാഠമാകുന്നു
പഠിപ്പിലില്ലാത്ത ചോദ്യം, തനി ജോർജച്ചൻ ശൈൽ. കുട്ടികൾ പരുങ്ങി. ചോദ്യം ആവർത്തിച്ചപ്പോൾ പിൻെബഞ്ചിൽ എവിടെയോ നിന്നൊരു പതിഞ്ഞ സ്വരം: ‘‘മുമ്പത്തേത് 13ാം പാഠമായകൊണ്ട്.’’ ആ ഉത്തരനെ പൊക്കി, മുന്നിൽ കൊണ്ടുനിർത്തിയിട്ട് ഒരു പ്രഖ്യാപനം: ‘‘ഇതാണ് ആവശ്യത്തിന് ഉപകരിക്കുന്ന കളിപ്പാട്ടം –ബുദ്ധി.’’
മുമ്പ്, അതിലും ചെറിയ ക്ലാസുകളിൽ ‘കളിപ്പാട്ടം’ മറ്റൊരു വിധേന ഇട്ടുകൊടുക്കുന്നതും കണ്ടിരുന്നു. അച്ചൻ ഉറക്കെച്ചൊല്ലും, കുരുന്നുകൾ ഏറ്റുചൊല്ലും:
ആ ആന ആറാട്ട്
ഈ ഈച്ച ഈരണ്ട്
ഉൗ ഊത്ത് ഊഞ്ഞാല്
ഏ ഏണി ഏലയ്ക്കാ
ആ ഈ ഊ ഏ...
അക്ഷരമാലയുടെ രേഖീയ മുഷിപ്പിൽനിന്ന് പരിചിത വസ്തുക്കളിലൂടെ അക്ഷരമുറപ്പിക്കുന്ന കളി. ഹൈസ്കൂൾ കാലത്ത്, മൈതാനത്തെത്തും അച്ചൻ. വൈകീട്ട് കുട്ടികൾക്കിടെ കാൽപന്തു തട്ടാൻ. ളോഹ മടക്കിക്കുത്തി, കൈേലസു തലയിൽ കെട്ടി, സഹകളിയന്മാരുടെ കുറുമ്പും വാശിയും അതേപടി പാലിച്ച്. കുട്ടികൾക്ക് അത്ഭുതം, മുതിർന്നോർക്ക് ‘കിറുക്കനച്ചൻ’! ആ വിളിപ്പേരും അച്ചൻ ഒരു വഹയാക്കി:
‘‘കിറുക്കാണ് ശരിയായ അച്ഛൻ.’’
101 ശതമാനം നേര്. ഏറ്റം അതിലംഘനശേഷിയുള്ള മനുഷ്യപ്രകൃതമാണ് ലീല. ജ്വലിക്കുന്ന ലീലാധമനി കണ്ടാൽ ആളുകൾ പറയും ചാപല്യം, ഭ്രമം, വട്ട്. അങ്ങാടിത്തൂക്കത്തിന്റെ കട്ടിത്രാസ് അല്ലെങ്കിൽ ആദർശ ഗൗരവത്തിന്റെ മുഴക്കോല്. പൊതുതോതുവാരി രണ്ടിനും വഴങ്ങില്ല, ജോർജിയൻ ചിട്ട. ആ സിരകളിൽ നുരയുന്ന കാറിനും കോളിനും ഒരു മുഖ്യധാരയുടെയും പ്രകൃത വിശേഷമല്ല, വിന്യാസക്രമവും. നിരഞ്ജന ഹൃദയത്തിന്റെ വർണരാജിയാണതിന്:
പാളയത്തതിന് കഴുമുറിവിന്റെ അരുണിമ,
വാസ്കോയിലതിന് പ്രതിതാളത്തിന്റെ ഇരുളിമ,
പള്ളിക്കൂടത്തിലതിന് ഋതസാരള്യത്തിന്റെ തെളിമ.