മുതൽമതം
19ാം നൂറ്റാണ്ടിന്റെ രണ്ടാംപാതിയോടെ കഥ മെല്ലെ മാറുന്നു. സാമ്പത്തിക വികാസത്തെ നയിക്കുന്ന മായിക കൃപയുടെ ഉടമസ്ഥത ദൈവത്തിന് നഷ്ടമാവുകയായി. കമ്പോളമായി പുതിയ ദൈവം –കോർപറേറ്റുകളുടെ ആവിർഭാവത്തിന് സ്തോത്രം. നിപുണരായ പണിക്കാരും വീരാള നേതൃത്വവുമുള്ള പുതിയ പരാശക്തിയായി വ്യവസായ കോർപറേഷനുകൾ. മുതൽ. മനുഷ്യചരിത്രത്തിന്റെ മർമചാലകം. അതിന്റെ കൈവശത്തിനും അനുഭവത്തിനും വേണ്ടിയുള്ള നിരന്തര സംഘർഷമാണ് രാഷ്ട്രീയം. മുതലിനോടുള്ള സമീപനം രാഷ്ട്രീയത്തിന്റെ...
Your Subscription Supports Independent Journalism
View Plans19ാം നൂറ്റാണ്ടിന്റെ രണ്ടാംപാതിയോടെ കഥ മെല്ലെ മാറുന്നു. സാമ്പത്തിക വികാസത്തെ നയിക്കുന്ന മായിക കൃപയുടെ ഉടമസ്ഥത ദൈവത്തിന് നഷ്ടമാവുകയായി. കമ്പോളമായി പുതിയ ദൈവം –കോർപറേറ്റുകളുടെ ആവിർഭാവത്തിന് സ്തോത്രം. നിപുണരായ പണിക്കാരും വീരാള നേതൃത്വവുമുള്ള പുതിയ പരാശക്തിയായി വ്യവസായ കോർപറേഷനുകൾ.
മുതൽ. മനുഷ്യചരിത്രത്തിന്റെ മർമചാലകം. അതിന്റെ കൈവശത്തിനും അനുഭവത്തിനും വേണ്ടിയുള്ള നിരന്തര സംഘർഷമാണ് രാഷ്ട്രീയം. മുതലിനോടുള്ള സമീപനം രാഷ്ട്രീയത്തിന്റെ പ്രകൃതം നിർണയിക്കുന്നു, പ്രവർത്തന ശൈലിയും.
പണ്ടുമുതൽക്കേ മുതലിന്മേലുള്ള മുന്തിയ പിടി തീരെക്കുറച്ചാൾക്കാണ് –വ്യക്തികളാവാം, സംഘങ്ങളാവാം, ഭരണകൂടങ്ങളാവാം. ആരാകിലും സമൂഹത്തിലെ ഭൂരിപക്ഷത്തിനല്ല. സ്വാഭാവികമായും മുതൽശക്തിക്കെതിരായ ചലനം പലവഴിക്കുയരും.
ഇല്ലാത്തോരുടെ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രപ്പൊരുൾ എവിടെയും ഇത്രേയുള്ളൂ: ഉള്ളോരിൽനിന്ന് പിടിച്ചുവാങ്ങുക, പുനർവിന്യസിക്കുക –ഹിംസാത്മകമായോ മറിച്ചോ. ഈ ബലതന്ത്രത്തിൽ മാറിയും മറിഞ്ഞുമിരിക്കും ജയാപജയങ്ങൾ. പോയ നൂറ്റാണ്ടിൽ പോര് മുതലാളിത്തവും സോഷ്യലിസവും തമ്മിൽ.
നൂറ്റാണ്ടൊടുവോടെ സോഷ്യലിസരൂപങ്ങൾ മിക്കവാറും തോറ്റു, തുടർന്നിങ്ങോട്ട് മുതലാളിത്ത രൂപങ്ങളുെട അശ്വമേധം. ആഗോളീകരണം എന്ന മേലങ്കിമറയിൽ തൽക്കാലം ധനകാര്യ മൂലധനത്തിന്റെ ഗോളവ്യാപനമാണ് അന്തർലീനം. പുറമേക്ക് വികസനത്തിന്റെ കൊടിതോരണങ്ങൾ, കരിമരുന്നു പ്രയോഗം. ഈ കമ്പക്കെട്ടിൽ മയങ്ങിവശാവുന്ന മനുഷ്യരാശി. എതിർവാപോലും പൂട്ടുന്നത് ഇതേ പാട്ടോളത്തിൽ. ‘പോംവഴിയില്ലാ പ്രതിഭാസം’ എന്ന വായ്ത്താരി എവിടെയും. ഈ തേരോട്ടത്തിന് തെല്ലും നിനക്കാത്തൊരു പ്രതിയോഗിയുടെ രംഗപ്രവേശം –പ്രകൃതി. അത് ഇടയുന്നു, മുടിയുന്നു, ആവാസംതന്നെ എടങ്ങേറിലാക്കുന്നു. മുതലിന്റെ അശ്വമേധത്തിൽ പ്രകൃതിക്കെന്താ?
നൂറ്റാണ്ട് നാലു മുന്നം. മനുഷ്യചിന്തക്കൊരു കാതൽവ്യതിയാനം. അന്നോളം ജീവിതം പ്രകൃതിയോടുള്ള മല്ലിടലായിരുന്നു –കീഴ്പ്പെട്ടോ പൊരുത്തപ്പെട്ടോ. മാറ്റമുണ്ടാക്കിയത് ആധുനിക ശാസ്ത്രത്തിന്റെ ഉദയം. ആദ്യം ഗലീലിയോയുടെ ‘പരിമാണ’ സമീപനം. ഭൗതിക വസ്തുക്കളുടെ ആകൃതി, എണ്ണം, ചലനം തുടങ്ങി അളക്കാവുന്ന സംഗതികളിൽ മാത്രം ഊന്നിയുള്ള അറിവുതേടൽ.
ആദ്യമേ ഒഴിവാക്കി നിറം, മണം, രുചി, അഴക്, ആരോഗ്യം, ഇത്യാദി ഗുണഘടകങ്ങൾ –ഇതൊക്കെ ആത്മനിഷ്ഠം, അതുകൊണ്ട് വസ്തുനിഷ്ഠഗ്രാഹ്യത്തിന് വർജ്യം. പ്രകൃതിയെ ഗണിതാടിസ്ഥാനത്തിൽ വിശദീകരിക്കുന്ന ഇൗ സമ്പ്രദായം ഭൗതികശാസ്ത്രത്തിന് വ്യക്തിത്വമേകി, പ്രയോഗസാഫല്യവും. വൈകാതെ, സകല പ്രകൃതിവസ്തുക്കളിലേക്കും സാമൂഹിക പ്രതിഭാസങ്ങളിലേക്കും ഈ വീക്ഷണം നീട്ടി.
അങ്ങനെ പുതിയൊരു പരിപ്രേക്ഷ്യമുണ്ടായി –ലോകം ഒരു യന്ത്രം, ശാസ്ത്രം അതേക്കുറിച്ച അറിവ്, അതുവെച്ച് പ്രകൃതിയെ ഭരിക്കാം. ഫ്രാൻസിസ് ബേക്കൺ ഈ നിലപാടുതറയിൽനിന്ന് ശാസ്ത്രീയതക്ക് ആധുനിക നിർവചനം പ്രഖ്യാപിച്ചു. ദകാർത് വന്ന് ‘ലോകയന്ത്ര’വും മനുഷ്യമനസ്സും വേറിട്ട അറകളിലാക്കി. ന്യൂട്ടൻ വസ്തുനിഷ്ഠ പ്രകൃതിനിയമങ്ങൾ സ്ഥാപിച്ചു. ഈ അടിത്തറമേൽ സമൂഹത്തിന് വ്യക്തിവാദപരമായ പരിപ്രേക്ഷ്യവും ചമച്ചു, ജോൺ ലോക്ക്.
(20ാം നൂറ്റാണ്ടിൽ ശാസ്ത്രംതന്നെ ഈ കാഴ്ചപ്പാടിന്റെ അബദ്ധം തിരിച്ചറിഞ്ഞു. പരസ്പരാശ്രിതമായ വ്യൂഹങ്ങളുടെ ശൃംഖലയാണ് ലോകമെന്ന ധാരണയുണ്ടായി. നിത്യജീവിത പ്രയോഗതലത്തിൽ പക്ഷേ ഇപ്പോഴും കാര്യമായ മാറ്റമില്ല, കാര്യങ്ങൾക്ക്)
‘വിശുദ്ധ ജീവിതം’ എന്ന പരമ്പരാഗത മനുഷ്യാഭിലാഷത്തിന് കടകവിരുദ്ധമായിരുന്നു പരിമാണ വീക്ഷണത്തിന്മേലുള്ള വികാസഗതി. മുഖ്യമായും മതങ്ങൾ ഉദ്ഘോഷിച്ച ആ ദിശയിൽനിന്ന് മനുഷ്യർ മോഹമുക്തരായിപ്പോകുമെന്ന ആശങ്ക പടർന്നു. ‘നവോത്ഥാനം’ തൊട്ട് വ്യവസായ വിപ്ലവം വരെ ഈ വിമുക്തി ത്വരിതമാക്കി, പടിഞ്ഞാറ്. അങ്ങനെയുണ്ടായ ആന്തരിക ശൂന്യത കവർന്നത് ഏതെങ്കിലും മതമല്ല, ഒരു സാമ്പത്തിക പ്രത്യയശാസ്ത്രമാണ് –മുതലാളിത്തം.
പ്രതിയോഗികളും പ്രണേതാക്കളും ഇന്നും തിരിച്ചറിയുന്നില്ല, മുതലാളിത്തത്തിന്റെ മതഛായ. അത് പിച്ചെവച്ചതുതന്നെ ‘വിശുദ്ധ ജീവിത’ കൽപനയുടെ പാരഡിയായി. മതപരികൽപനയെ ശാസ്ത്രീയ സൂത്രവാക്യമായി വികസിപ്പിച്ചെന്ന് ധരിക്കരുത്. പൊതുവേ കരുതുമ്പോലെ രേഖീയമായ സാങ്കേതികത്വ പുരോഗതിയല്ല മുതലാളിത്തം. സമ്പത്തിന്റെ പരിവർത്തനാത്മക വികാസവുമല്ല. മറിച്ച്, മുതൽവിന്യാസത്തിന്റെ പരമ്പരയാണത്.
വ്യത്യസ്ത ഘട്ടങ്ങളിൽ വ്യത്യസ്ത വിന്യാസക്രമം. ഓരോ ഘട്ടവും അതതിന്റെ പുരോഹിതരെ അവതരിപ്പിക്കുന്നു –പുരോഗതിക്ക് അനിവാര്യമെന്ന് കൽപിക്കപ്പെടുന്ന സാമ്പത്തിക ശക്തികളെ. ഘട്ടമോരോന്നിനും ആവശ്യമായ ബോധനശാസ്ത്രവും പ്രചാരണതന്ത്രവും ചമക്കുന്നു. സമ്പദ്ശക്തികൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന അസമത്വങ്ങളും പ്രതിസന്ധികളും യാതനകളുമൊക്കെ യുക്തിഭദ്രമായി ന്യായീകരിക്കുന്നു. അങ്ങനെ മുതലാളിത്തം ഒരു മാന്ത്രികത പുലർത്തുന്നു, മതങ്ങളുടെ മാതിരി.
ഈ മതത്തിന്റെ പുണ്യഭൂമിയാണ് അമേരിക്ക –ഇസ്ലാമിന് മക്കയും ക്രിസ്തുമതത്തിന് യെരുശലേമുംപോലെ. കാരണം മേൽപറഞ്ഞ സമ്പദ്പ്രദർശനവും അകമ്പടിയായ കമ്പോള ദൈവശാസ്ത്രവും തദ്ദേശീയരിൽനിന്ന് ആ മണ്ണ് കവർന്ന യൂറോപ്യർ നിർമിച്ച നവസമൂഹത്തിന്റെ പൊക്കിൾക്കൊടിതന്നെ മുതലിന്റെ സുവിശേഷമായിരുന്നു. മുതലാളിത്തം വഴിയുള്ള ഭൗതികസമൃദ്ധി, ദൈവവിളി സാക്ഷാത്കരിക്കുന്ന അടയാളമുദ്രയായി.
കമ്പോള പ്രവർത്തനം അതിനുള്ള ആചാരക്രിയയും. 19ാം നൂറ്റാണ്ടിലെ സുവിശേഷകർ സപ്ലൈ-ഡിമാൻഡ് നിയമത്തെ നയിക്കുന്നത് അദൃശ്യമായ ‘വിശുദ്ധ കരങ്ങളാ’ണെന്ന് വിളിച്ചു ചൊല്ലിക്കൊണ്ടിരുന്നു. ആ കാണാക്കരങ്ങളാണ് സംരംഭകരുടെ ജയപരാജയങ്ങൾ നിശ്ചയിക്കുന്നതെന്നും. പരിഭാഷ: ഒക്കെയും ദൈവനിശ്ചയം.
19ാം നൂറ്റാണ്ടിന്റെ രണ്ടാംപാതിയോടെ കഥ മെല്ലെ മാറുന്നു. സാമ്പത്തിക വികാസത്തെ നയിക്കുന്ന മായിക കൃപയുടെ ഉടമസ്ഥത ദൈവത്തിന് നഷ്ടമാവുകയായി. കമ്പോളമായി പുതിയ ദൈവം –കോർപറേറ്റുകളുടെ ആവിർഭാവത്തിന് സ്തോത്രം. നിപുണരായ പണിക്കാരും വീരാളനേതൃത്വവുമുള്ള പുതിയ പരാശക്തിയായി വ്യവസായ കോർപറേഷനുകൾ.
അടുത്ത നാടകീയമാറ്റം ഒന്നാം ലോകയുദ്ധശേഷം: ഉപഭോഗച്ചരക്കുകളുടെ വൻതോതിലെ യന്ത്രോൽപാദനം. കോർപറേറ്റ് മസ്തിഷ്കങ്ങൾ ഭാവന ചെയ്യുന്നു, ‘സ്വർഗനഗരം’ -ആധുനിക സൗകര്യങ്ങൾ ചൊരിയുന്ന മാന്ത്രിക യന്ത്രങ്ങൾ, സർവം കൃത്യതയോടെ പാലിക്കുന്ന ശാസ്ത്രീയ മാനേജ്മെന്റ്. ഈ യന്ത്രസ്വർഗത്തെ ‘പുത്തൻ മിശിഹ’ എന്നുതന്നെ വിളിച്ചു, വാഹനഭീമൻ ഹെൻറി ഫോർഡ്. ആചാരവും സുവിശേഷവേലയും വഴി മതങ്ങൾക്കു സാധിക്കാതെപോയത് യന്ത്രമിശിഹ സാധ്യമാക്കുമെന്നായി. സമ്പദ്ശാസ്ത്രത്തിന് ഇനി ദൈവകൃപ വേണ്ട, ഭൂമിയിൽ മുതൽമതം അതു ചൊരിയുകയായി.
അടരു പലതുണ്ടീ മതത്തിന്. ഉൽപാദനവും ഉപഭോഗവും പ്രഥമപടി. നിക്ഷേപവും കോർപറേഷനും അടുത്തത്. സന്ദർഭാനുസരണം ഇവയിൽ ഓരോന്നിനും ഉൗന്നൽ, പ്രചാരണത്തിൽ. മതഭാഷയിൽനിന്ന് കടംകൊണ്ടായിരുന്നു വചനഘോഷം –കമ്പോളത്തിന് അപ്രമാദിത്വം അഥവാ ‘ദിവ്യത്വം’. അസംസ്കൃത വസ്തുക്കളാൽ വ്യവസായം ‘അത്ഭുത’ങ്ങൾ കാണിക്കുന്നു. അചേതനവസ്തുക്കൾക്ക് ആത്മാവും വ്യക്തിത്വവും നൽകുന്ന സുവിശേഷ വേലയാണ് അടുത്തത് -പരസ്യകല.
ഈ മതാത്മക വേഷംകെട്ടിനോട് അന്നേതന്നെ എതിർപ്പുയർത്തിയവരുണ്ട്. ശരിക്കുള്ള മതസ്രോതസ്സുകളെ ഉദ്ധരിച്ചുകൊണ്ട് അവർ മനുഷ്യവ്യക്തിയുടെ ‘പവിത്രത’ ഉയർത്തിപ്പിടിച്ചു. മുതലിന്റെ പ്രലോഭനവും പ്രദർശനവും ആ ശുദ്ധിയുടെ മൂല്യമിടിക്കുന്നെന്നു പഴിച്ചു. മൂലധനം നയിക്കുന്ന യന്ത്രവികാസം മനുഷ്യനുമേൽ വർഷിക്കുന്നത് ശരിയായ നന്മയല്ലെന്ന്.
കാരണം ഭൂമി പവിത്രം, പരമശക്തന്റെ നിർലോഭകൃപ വെളിവാക്കുന്നിടം, ചൂഷണംചെയ്ത് വിഭവങ്ങൾ വലിച്ചെറിയുന്നതിനു പകരം ദൈവമഹത്വത്തിന്റെ ശേഖരപ്പുരയാണിതെന്ന് തിരിച്ചറിയണം –മാത്സര്യത്തിനും സ്വത്തുപെരുക്കലിനും പകരം അനുതാപവും പ്രകൃതിസ്നേഹവും ആധാരമാക്കുന്ന സമൂഹത്തെ അവർ ഭാവനചെയ്തു.
ഈ കാൽപനിക നിലപാടിലൊരു പിശകുണ്ട്. ഭൂമിയിലെ സർവവും നന്നെങ്കിൽ മനുഷ്യന് വേറെ ധർമമൊന്നുമില്ല, അതെല്ലാം അനുഭവിച്ചങ്ങു കഴിഞ്ഞാൽ മതി. ഉപഭോഗം നിഷ്പ്രയാസം അതിനുള്ള ഉപാധിയാകുന്നു. ഇന്ന് ഇതേ കാൽപനികതയെ വസൂലാക്കുന്നു, മുതലാളിത്തത്തിന്റെ ഏറ്റവും പുതിയ വിന്യാസരൂപം –നവഉദാരീകരണം. ഉപഭോഗം ശരണം ഗച്ഛാമി.
സമാന്തരമായി അരങ്ങേറിയ രാഷ്ട്രീയ യുദ്ധം മറന്നുകൂടാ. സോവിയറ്റ് നേതൃത്വത്തിലുള്ള ഇടതുചേരി മുഖ്യശത്രു. ആ രാഷ്ട്രീയപ്പോരിലും വജ്രായുധം മതയുക്തിതന്നെ. കമ്യൂണിസ്റ്റുകാർ പ്രഖ്യാപിത നാസ്തികർ. അവർക്കെതിരായ പയറ്റ്, അതുകൊണ്ടുതന്നെ, ‘വിശുദ്ധ ജീവിത’ത്തിന്റെ ശത്രുക്കളോടുള്ള പയറ്റാകുന്നു. 1989ൽ ബർലിൻ മതിൽ വീണു, 1991ൽ സോവിയറ്റ് വൻമതിലും.
രാഷ്ട്രീയ സാത്താൻ കഥാവശേഷനായപ്പോൾ ശത്രുസങ്കൽപത്തിൽ ശൂന്യത. മുതലാളിത്തത്തിന്റെ പോളിറ്റ്ബ്യൂറോ –നിയോകോൺസ്– ഉടനടി പുതിയ പ്രതിയോഗിയെ നിശ്ചയിക്കുന്നു; ഇസ്ലാം. ശ്രദ്ധിക്കണം, ബലതന്ത്രസൂക്തം അപ്പോഴും മതാത്മകം. ‘സംസ്കാരങ്ങളുടെ സംഘട്ടനം’ എന്ന് നിയോകോൺസ് പ്രമുഖൻ സാമുവൽ ഹണ്ടിങ്ടൺ വിളംബരപ്പെടുത്തിയത് വെറുതെയല്ല.
യഹൂദ, ക്രൈസ്തവ മതങ്ങൾ മുതലാളിത്തം സർവാത്മനാ വരിച്ചുകഴിഞ്ഞതാണ്. ഹിന്ദു, ഷിന്റോ, ശ്രമണ, കൺഫ്യൂഷസാദികൾക്കുമില്ല വിമതവാ. പക്ഷേ, ഇസ്ലാമികത, വ്യാപാര-വ്യവസായങ്ങൾ വരിക്കുമ്പോഴും മുതലാളിത്തത്തിന്റെ മതാത്മകത അതിപ്പോഴും വിഴുങ്ങുന്നില്ല. ഹണ്ടിങ്ടൺ പറഞ്ഞത് പ്രത്യക്ഷത്തിൽ തോന്നാം മതരാഷ്ട്രവാദത്തെ ഉദ്ദേശിച്ചാണെന്ന്. അന്തർലീനം പക്ഷേ, ഇപ്പറഞ്ഞ സങ്കീർത്തനം തന്നെ. അതിന്റെ ഫലശ്രുതി ഇന്നും നാം കേൾക്കുന്നു –ഇസ്ലാമോഫോബിയയുടെ ഗോളവ്യാപനം.
മുതലാളിത്ത വിമർശകരെ നോക്കൂ. യന്ത്ര സാങ്കേതികത്വത്തെ കറയറ്റ വികസനോപാധിയായി കണക്കാക്കുന്നവരാണ് മാർക്സിയരും മറ്റിടതുപക്ഷങ്ങളും. അത് വസൂലാക്കിവേണം അവർക്ക് വിപ്ലവങ്ങളും സാമൂഹിക പരിവർത്തനങ്ങളും സാധ്യമാക്കാൻ. നവചിന്തകരെയും ഭരിക്കുന്നത് ടെക്നോക്രസിയിലുള്ള അന്ധവിശ്വാസം –യന്ത്രമിശിഹ വഴി പ്രകൃതിയെ മാത്രമല്ല സമൂഹങ്ങളെയും കീഴ്പ്പെടുത്താമെന്ന്. കാൽപനികരാകട്ടെ, യന്ത്രാടിസ്ഥാനത്തിലുള്ള വൻകിട ഉൽപാദനത്തെ മനുഷ്യവിഭാവനയുടെ പിശകായി കാണുന്നു.
അപ്പോഴും ആധുനികത തള്ളിക്കളഞ്ഞ എല്ലാമങ്ങ് കുഴിച്ചുമൂടേണ്ടതാണെന്ന് കരുതുന്നുമില്ല. രണ്ടിനുമിടയിൽപ്പെട്ടാണ് പരിസ്ഥിതിവാദികളുടെ ത്രാസം: പ്രകൃതിചൂഷണത്തെ എതിർക്കുന്നു, അതിനിടവെക്കുന്ന വികസന സങ്കൽപത്തിനുമെതിര്. പക്ഷേ, ഈ സാമ്പത്തിക ചലനത്തിന്റെ എൻജിനായി നിലകൊള്ളുന്ന ആധുനിക ശാസ്ത്രയുക്തിതന്നെ അവലംബിക്കുന്നു, സ്വന്തം വാദനിർധാരണത്തിന്.
മനുഷ്യജീവിതത്തെ യന്ത്രമിശിഹ ഭരിക്കുകയാണിപ്പോഴും, ചിന്തയും ഭാവനയുമടക്കം സർവതിലും. നൂറ്റാണ്ട് നാലു പഴകിയ ഗലീലിയോ-ബേക്കൺ പരിപ്രേക്ഷ്യത്തിന്റെ പ്രയോഗവിന്യാസം തുടരുന്നു. അതിന്മേൽ മുതലാളിത്തം അശ്വമേധം തുടരുന്നു. കുതിരക്ക് അടി വരുന്നത് ഒരിടത്തുനിന്നുമാത്രം –പ്രകൃതി. സത്യത്തിൽ പ്രകൃതി തിരിച്ചടിക്കയല്ല, സ്വയം തകർന്നുകൊണ്ട് മനുഷ്യന്റെ ആവാസം ഭൂമിപ്പുരയിൽ അപായപ്പെടുത്തുകയാണ്.
പ്രിയ പ്രതിയോഗീ, അടവു മാറ്റിപ്പിടിക്കൂ എന്നാണത് നമ്മോടു മന്ത്രിക്കുന്നത്. അമ്പും (പരിമാണ ശാസ്ത്രീയത) വില്ലും (മുതലാളിത്ത സാമ്പത്തികത) കൊണ്ടുള്ള ധനുർവിദ്യ കാലഹരണപ്പെട്ടുകഴിഞ്ഞെന്ന്. കാലാവസ്ഥാ ദുരന്തങ്ങൾ നേരനുഭവമായിരിക്കുന്ന കേരളം അതിന്റെ സജീവ രക്തസാക്ഷി.