Begin typing your search above and press return to search.
proflie-avatar
Login

മാറിയ ഡൽഹി; മാറിയ ഇന്ത്യ

മാറിയ ഡൽഹി; മാറിയ ഇന്ത്യ
cancel

ആദ്യമായി ഡൽഹിയിൽ പോയത് 35 വർഷങ്ങൾക്ക് മുമ്പ് പരിസരവേദിയുടെ പ്രവർത്തനകാലത്തായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ തുടർച്ചയായി എന്നോണം ലേഖനങ്ങൾ എഴുതിയിരുന്ന കാലം. അക്കാലത്ത് എഴുതിയ ഒരു ലേഖനം കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ സംഘട്ടനങ്ങളുടെ മനുഷ്യാവകാശ തലങ്ങളെക്കുറിച്ചുള്ളതായിരുന്നു. സമൂഹത്തിലെ ഒരു വിഭാഗം മറ്റൊരു വിഭാഗത്തിൽപെട്ടയാളുകളെ ശത്രുക്കളായി കണക്കാക്കി ഉന്മൂലനം ചെയ്യുന്ന ഈ അവസ്ഥയിൽ ഭരണകൂടത്തിന്റെ പങ്ക് പ്രാഥമികമായിട്ടുള്ളതല്ല. അവ തടയുന്നതിലും കുറ്റകൃത്യങ്ങൾ നടന്നുകഴിഞ്ഞാൽ ഫലപ്രദമായി അന്വേഷണം നടത്തി യഥാർഥ പ്രതികളെ വിചാരണ ചെയ്യുന്നതിലും വരുത്തുന്ന വീഴ്ചകളുടെയും...

Your Subscription Supports Independent Journalism

View Plans

ആദ്യമായി ഡൽഹിയിൽ പോയത് 35 വർഷങ്ങൾക്ക് മുമ്പ് പരിസരവേദിയുടെ പ്രവർത്തനകാലത്തായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ തുടർച്ചയായി എന്നോണം ലേഖനങ്ങൾ എഴുതിയിരുന്ന കാലം. അക്കാലത്ത് എഴുതിയ ഒരു ലേഖനം കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ സംഘട്ടനങ്ങളുടെ മനുഷ്യാവകാശ തലങ്ങളെക്കുറിച്ചുള്ളതായിരുന്നു.

സമൂഹത്തിലെ ഒരു വിഭാഗം മറ്റൊരു വിഭാഗത്തിൽപെട്ടയാളുകളെ ശത്രുക്കളായി കണക്കാക്കി ഉന്മൂലനം ചെയ്യുന്ന ഈ അവസ്ഥയിൽ ഭരണകൂടത്തിന്റെ പങ്ക് പ്രാഥമികമായിട്ടുള്ളതല്ല. അവ തടയുന്നതിലും കുറ്റകൃത്യങ്ങൾ നടന്നുകഴിഞ്ഞാൽ ഫലപ്രദമായി അന്വേഷണം നടത്തി യഥാർഥ പ്രതികളെ വിചാരണ ചെയ്യുന്നതിലും വരുത്തുന്ന വീഴ്ചകളുടെയും പക്ഷപാതിത്വത്തിന്റെയും പേരിൽ ഭരണകൂടത്തെ വിമർശിക്കാമെങ്കിലും, പ്രാഥമികമായും മനുഷ്യാവകാശ ധ്വംസനം നടക്കുന്നത് സമൂഹത്തിനകത്തുവെച്ചുതന്നെയാണ്.

രാഷ്ട്രീയ സംഘട്ടനങ്ങളുടെ ഈ വി​ദ്വേഷതലങ്ങളെ പരിശോധിക്കുന്ന ഒരു പ്രബന്ധം ഡൽഹിയിലെ ഇന്ത്യാ ഇന്റർനാഷനൽ ഹാളിൽ ​അവതരിപ്പിച്ചപ്പോഴേക്കും അഭിഭാഷക വൃത്തി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഒരു മഞ്ഞുകാലത്ത് ഡൽഹിയിൽ വിമാനമിറങ്ങിയപ്പോൾ അന്നുവരെയും അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത തണുപ്പ് എന്നെ പൊതിഞ്ഞു.

അപ്പോഴും പക്ഷേ ഡൽഹിയിലെ ആകാശം താരതമ്യേന തെളിഞ്ഞതായിരുന്നു; ശുദ്ധമായിരുന്നു. വിശാലമായ നഗരം അതിന്റെ മനസ്സുതുറന്നുവെച്ച് നമ്മെ വിളിച്ചതായിത്തോന്നും. 35 വർഷങ്ങൾക്ക് മുമ്പുള്ള ഡൽഹി മറ്റൊരു ലോകത്തെ, മറ്റൊരു കാലത്തെ, ഓർമിപ്പിക്കുന്നതായിരുന്നു. ഒരുപക്ഷേ, മറ്റൊരു ഇന്ത്യയെയാണ് കാണിച്ചുതന്നത്.

2013 മുതൽ അഭിഭാഷകനെന്ന നിലയിൽ ഡൽഹിയിലേക്ക് യാത്രചെയ്യുകയും അവിടെ താമസമുറപ്പിച്ചപ്പോഴും കണ്ടത് മറ്റൊരു ഡൽഹിയെയും മറ്റൊരു ഇന്ത്യയെയുമാണ്. മഞ്ഞുകാലം ഡൽഹിയുടെ മലിനീകരണ കാലം കൂടിയാണിന്ന്. എല്ലാവർഷവും സെപ്റ്റംബർ കഴിയുന്നതോടെ തുടങ്ങും കടുത്ത വായുമലിനീകരണം സൃഷ്ടിക്കുന്ന അസ്വസ്ഥതകൾ. ഇതെങ്ങനെ സഹിക്കുന്നുവെന്ന് ഒരിക്കൽ മുതിർന്ന അഭിഭാഷകനായ എച്ച്.എസ്. നരിമാനോട് ചോദിച്ചപ്പോൾ ഡൽഹിക്കാർക്ക് ഈ മലിനീകരണം ചിരപരിചിതമായിക്കഴിഞ്ഞുവെന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞതോർക്കുന്നു.

‘ദ ഗ്രേറ്റ് സ്മോഗ് ഓഫ് ഇന്ത്യ’ എന്ന സിദ്ധാർഥ് സിങ്ങിന്റെ പുസ്തകം (പെൻഗ്വിൻ, 2018) ഡൽഹിയടക്കമുള്ള ഇന്ത്യൻ നഗരങ്ങളിലെ വായുമലിനീകരണത്തെക്കുറിച്ചുള്ള ഒരു നേർചിത്രം നൽകുന്നതാണ്. വ്യവസായശാലകളും താപനിലയങ്ങളും വാഹനങ്ങളുടെ പെരുപ്പവും കാർഷികാവശിഷ്ടങ്ങളുടെ ജ്വലനവും നിർമാണ പ്രവർത്തനങ്ങളുമെല്ലാം ചേരുമ്പോൾ, സമുദ്രസാന്നിധ്യത്തിന്റെയും കാറ്റിന്റെയും മഴയുടെയും അഭാവത്തിൽ മഞ്ഞുകാലം ഡൽഹിക്ക് വിഷമകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. പരിപൂർണമായും കേരളം വിട്ട് ഡൽഹിയിലേക്ക് സ്വയം പറിച്ചുനടാൻ ഞാൻ വിമുഖനായതിനുള്ള ഒരു കാരണം, ഈ കൊടിയ മലിനീകരണം തന്നെ. എങ്കിലും ഡൽഹിയിൽനിന്നും മാറിനിൽക്കാനും വയ്യ.

വായു ശുദ്ധീകരിക്കുന്ന യന്ത്രവും കതകുകൾ അടച്ച സുപ്രീംകോടതിയിലെ മുറികളും ലൈബ്രറിയും പ്രശ്നത്തെ തൽക്കാലത്തേക്ക് ലഘൂകരിക്കുന്നത് സമാധാനം. ഇതിന്റെ ആനുകൂല്യം പക്ഷേ, മെച്ചപ്പെട്ട ഭൗതിക സാഹചര്യത്തിൽ കഴിയുന്നവർക്ക് മാത്രമാണ്. പുറത്ത് നഗരത്തിൽ സാധാരണ മനുഷ്യർ, പാവപ്പെട്ടവർ പ്രത്യേകിച്ചും തണുപ്പിനോടെന്നതിനെക്കാൾ മലിനീകരണത്തോട് യുദ്ധം ചെയ്യുന്നവരാണ്. പരാജയപ്പെടുന്ന യുദ്ധങ്ങൾ!

വായുമലിനീകരണം നിമിത്തം വർഷംതോറും ഇന്ത്യയിൽ പത്തുലക്ഷത്തിലേറെയാളുകൾ മരിച്ചുപോകുന്നുവെന്നാണ് സിദ്ധാർഥ് സിങ് തന്റെ പുസ്തകത്തിൽ പറയുന്നത്. കുട്ടികളെയും രോഗികളെയും മാത്രമല്ല, അന്യഥാ ആരോഗ്യമുള്ള മനുഷ്യരെയും വിഷപ്പുക കീഴ്പ്പെടുത്തുന്നു. പതിനായിരങ്ങൾ രോഗികളാകുന്നു.

ഇത്രയും രൂക്ഷമായ മലിനീകരണ വിപത്തുണ്ടായിട്ടും ഭരണകൂടമോ സ്ഥാപനങ്ങളോ പൊതുജനങ്ങളോ സംഘടനകളോ രാഷ്ട്രീയ കക്ഷികളോ വിഷയത്തിൽ ഗൗരവപ്പെട്ട, ആത്മാർഥമായ ഇടപെടലുകൾ നടത്തുന്നില്ല എന്ന വിമർശനം സിദ്ധാർഥ് സിങ് ഉന്നയിക്കുന്നത് തികച്ചും വസ്തുതാപരമാണ്. ഇതെഴുതുമ്പോൾ സുപ്രീംകോടതിയിൽ ഡൽഹി വായുമലിനീകരണം സംബന്ധിച്ച് കേസ് നടക്കുകയാണ്. ഏതാണ്ട് എല്ലാവർഷവും മഞ്ഞുകാലത്ത് കുറച്ചുദിവസങ്ങളിൽ സുപ്രീംകോടതി ഇതുമായി ബന്ധപ്പെട്ട് കടുത്ത നിർദേശങ്ങൾ പുറപ്പെടുവിക്കാറുണ്ടെന്നത് ശരിയാണ്.

എന്നാൽ, വാഹനങ്ങളുടെ എണ്ണം കുറച്ചുകൊണ്ടും പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നത് തടഞ്ഞുകൊണ്ടും നിർമാണ പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തിയും മറ്റും ഡൽഹിയിലെ മലിനീകരണത്തിന്റെ തോത് കുറക്കാൻ കോടതി ശ്രമിച്ചിട്ടുണ്ട്.

കൂറ്റൻ വായു ശുദ്ധീകരണ യന്ത്രങ്ങൾ സ്ഥാപിച്ചുകൊണ്ട് മലിനീകരണം നിയന്ത്രിക്കാമെന്ന ‘പരിഹാര നിർദേശ’വും സമീപകാലത്തായി പൊങ്ങിവന്നു. ഈ വരികൾ എഴുതുമ്പോൾ ജസ്റ്റിസ് അഭയ് ഓകയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സുപ്രീംകോടതിയിൽതന്നെ ഇപ്പോഴും (നവംബർ, 2024) നിർമാണ പ്രവർത്തനം നടക്കുന്നതായി ഒരു അഭിഭാഷകൻ ചൂണ്ടിക്കാണിക്കുകയും ചെയ്തു.

 

നരേന്ദ്ര മോദി

കുറെ വർഷങ്ങളായി തുടരുന്ന ഈ ജാഗ്രതാ നിർദേശങ്ങൾക്ക് പക്ഷേ അടിസ്ഥാനപരമായി ഡൽഹിയിലെ മലിനീകരണത്തോത് കുറക്കാൻ കഴിഞ്ഞിട്ടില്ല. മഞ്ഞുകാലം നീങ്ങിക്കഴിയുമ്പോൾ, മലിനീകരണത്തോത് കുറയുമ്പോൾ ജനങ്ങളും ഭരണാധികാരികളും വീണ്ടും കാര്യങ്ങൾ എല്ലാ മറക്കും.

ഡൽഹിയിലും പരിസരപ്രദേശങ്ങളിലുമായി പ്രവർത്തിക്കുന്ന വ്യവസായശാലകളും താപനിലയങ്ങളുമാണ് മലിനീകരണത്തിന്റെ മുഖ്യസ്രോതസ്സ് എന്നതിനാൽതന്നെ അവ അടച്ചുപൂട്ടുകയാണ് ആദ്യം ചെയ്യേണ്ടതെന്ന രീതിയിൽ ഒരു കുറിപ്പ് ‘ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലി’യിൽ മുമ്പ് വായിച്ചതോർമിക്കുന്നു.

ഇതിനു പുറമെ, ഇലക്ട്രോണിക് വാഹനങ്ങളും പൊതുഗതാഗതവും പ്രോത്സാഹിപ്പിക്കണം. മറ്റു മലിനീകരണ കാരണങ്ങളും ഇല്ലാതാക്കണം. അതിലുപരി, പുതിയ ഡിജിറ്റൽ സാ​ങ്കേതിക വിദ്യകൊണ്ട് മനുഷ്യലക്ഷങ്ങൾ നഗരത്തിൽ എത്തിപ്പെടുന്ന അവസ്ഥക്ക് മാറ്റംവരുത്താൻ കഴിയണം. വർക് ​ഫ്രം ഹോം പോലുള്ള സമ്പ്രദായങ്ങൾ വ്യാപകമാക്കണം. ഇതെല്ലാം ഭരണകൂടം ഭാവനയോടെ ആസൂത്രണംചെയ്ത് നടപ്പാക്കേണ്ട കാര്യങ്ങളാണ്. കോടതി ശ്ലാഘനീയമായ ചില പരിശ്രമങ്ങൾ നടത്തുന്നുവെന്നത് നേരുതന്നെ. പക്ഷേ, ഭരണാധികാരികളാണ് ആത്യന്തികമായി ഡൽഹിയെ, അവിടത്തെ മനുഷ്യനെ രക്ഷിക്കേണ്ടത്.

അതിനുപക്ഷേ, കടുത്ത നടപടികൾ ഉണ്ടാകണം. രാസ വ്യവസായശാലകളും താപനിലയങ്ങളും ഇതര ‘വികസന മാതൃകകളും’ നിലനിൽക്കുന്നിടത്തോളം ഡൽഹി മലിനീകരണത്തിന് ശാശ്വത പരിഹാരം സാധ്യമല്ല. ഇതിനൊന്നും തയാറാകാത്ത ജനങ്ങളും ഭരണാധികാരികളും നടത്തുന്ന മലിനീകരണ വിരുദ്ധ നിലപാടുകളിൽപോലും ഒരുതരം ഹിപ്പോക്രസിയുണ്ട്. മികച്ച ഇച്ഛാശക്തിയിലൂടെയാണ് ചൈനയിലെ ബെയ്ജിങ് നഗരത്തിലെ മലിനീകരണത്തോത് കുത്തനെ കുറക്കാൻ അവിടത്തെ സർക്കാറിനും ജനങ്ങൾക്കും കഴിഞ്ഞത്.

കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നതുകൊണ്ടുണ്ടാകുന്ന മലിനീകരണത്തിന്റെ പതിനാറിരട്ടിയാണ് താപനിലയങ്ങൾ ഉണ്ടാക്കുന്ന മലിനീകരണമെന്നിരിക്കെ അവയെ നിലനിർത്തിക്കൊണ്ട് എത്രകാലം ഈ ഹിപ്പോക്രസി തുടരാൻ കഴിയുമെന്ന് അധികാരികളും ജനങ്ങളും ചിന്തിക്കണം. സൗരോർജ സാ​ങ്കേതികവിദ്യ ഏറക്കുറെ വികസിച്ചശേഷവും താപനിലയങ്ങൾപോലുള്ള ‘പ്രാകൃത’മായ സംവിധാനങ്ങളിൽ അള്ളിപ്പിടിച്ചിരിക്കുന്നത് തികഞ്ഞ ബുദ്ധിശൂന്യതകൂടിയാണ്.

മലിനീകരണം ഇങ്ങനെ തുടരുന്നപക്ഷം രാജ്യ തലസ്ഥാനമായി ഡൽഹിയെ നിലനിർത്തണോ എന്നുപോലും ശശി തരൂർ ചോദിച്ചുപോയതിൽ അത്ഭുതമില്ല. സുപ്രീംകോടതിയിൽ അഭിഭാഷകർ ഓൺലൈൻ വഴി ഹാജരായാൽ മതിയെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ ഖന്ന പറഞ്ഞതും ഈ പശ്ചാത്തലത്തിലാണ്. അടിസ്ഥാനപരമായ മാറ്റങ്ങൾ എന്നെങ്കിലും ഉണ്ടാകുമോ? -ഇതാണ് മാറിയ ഡൽഹി ഉന്നയിക്കുന്ന ചോദ്യം.

* * *

ഒരുപക്ഷേ, മാറിയ ഇന്ത്യ ഉന്നയിക്കുന്നതും മറ്റൊരു അർഥത്തിൽ ഇതേ ചോദ്യമാണ്. 2013ൽ ഡൽഹിയിലെത്തുമ്പോഴുണ്ടായ ഇന്ത്യൻ രാഷ്ട്രീയമല്ല, 2024ൽ ഈ കുറിപ്പുകൾ എഴുതുമ്പോൾ. രാഷ്ട്രീയത്തിലെ മലിനീകരണത്തിനും ലളിതമായ പരിഹാരക്രിയകൾ ഇല്ല.

അഴിമതിയാരോപണങ്ങൾ നേരിട്ട രണ്ടാം യു.പി.എ സർക്കാർ 2014ലെ തെരഞ്ഞെടുപ്പിൽ അധികാരത്തിൽനിന്നും പുറത്താക്കപ്പെട്ടു. മോദിയുടെ കാലം ആരംഭിച്ചു. പതുക്കെപ്പതുക്കെ അധികാരഭാഷയും അതിന്റെ പ്രത്യയശാസ്ത്രവും മാറി. മതം രാഷ്ട്രീയത്തിൽ പിടിമുറുക്കി. ജനാധിപത്യമെന്നത് കേവല ഭൂരിപക്ഷമാണെന്നു വരുത്താൻ ബോധപൂർവം ശ്രമമുണ്ടായി. ഭരണഘടനാപരമായ സാഹോദര്യവും മൈത്രിയും തച്ചുതകർക്കാൻ അധികാരികൾ ബോധപൂർവം ശ്രമിച്ചുതുടങ്ങി.

മുൻകാലങ്ങളിൽ മതഭ്രാന്ത് തലക്കുപിടിച്ച ഒരുകൂട്ടം ആളുകൾ ചെയ്ത തരത്തിലുള്ള അക്രമങ്ങൾ ഭരണകൂടംതന്നെ അതിന്റെ സ്ഥാപനങ്ങളെ ഉപയോഗിച്ചു ചെയ്യാൻ തുടങ്ങി. ക്രോണി കാപിറ്റലിസത്തിന് മറയായി ശ്രദ്ധതെറ്റിക്കൽ എന്ന പുതിയതന്ത്രം ഭരണതലത്തിൽത്തന്നെ സ്ഥാപനവത്കരിക്കപ്പെട്ടു. രാഷ്ട്രം ചെറിയൊരു വിഭാഗം കോടിപതികളുടെ നേരിട്ടുള്ള സ്വാധീനവലയത്തിലായി.

1947 ആഗസ്റ്റ് 15ന് മുമ്പുള്ള ആരാധനാലയങ്ങളുടെ സ്ഥിതിയെക്കുറിച്ച് അന്വേഷണമാവശ്യപ്പെടുന്ന വ്യവഹാരങ്ങൾക്ക് വിലക്കേർപ്പെടുത്തിക്കൊണ്ട് പാർലമെന്റ് പാസാക്കിയ ആരാധനാലയ നിയമത്തെ (1991) നോക്കുകുത്തിയാക്കിക്കൊണ്ട് ഭൂരിപക്ഷ വർഗീയത രാഷ്ട്രസമൂഹത്തിനുനേരെ പുതിയ വെല്ലുവിളികൾ ഉയർത്തി. പലപ്പോഴും കോടതികൾതന്നെ പരസ്യമായ ഈ നിയമലംഘനത്തിന് കൂട്ടുനിന്നു. സമീപകാലത്ത്​ സുപ്രീംകോടതി അത്തരം കേസുകൾ ഫയൽ ചെയ്യുന്നതിനും തുടരുന്നതിനും വിലക്ക്​ കൽപിച്ചുകൊണ്ട്​ ഉത്തരവിട്ടിട്ടുണ്ട്​.

ശശി തരൂർ,സ്റ്റാൻ സ്വാമി

 

* * *

ഈ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ഏറെ വൈകിയെങ്കിലും രാജ്യത്ത് നടന്ന ആശ്വാസകരമായ മുന്നേറ്റം രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയായിരുന്നു. യാത്രയിലൊരിടത്തുവെച്ച് ‘കോൺസ്റ്റിറ്റ്യൂഷനൽ കൺസേൺസ്’ എന്ന പുസ്തകം സഹപ്രവർത്തകൻ വഴി രാഹുൽ ഗാന്ധിക്ക് സമ്മാനിച്ചു.

നേരത്തേ എഴുതിയതുപോലെ 2018 മുതൽ 2021 വരെ ഇന്ത്യൻ രാഷ്ട്രീയത്തിലും നിയമ പരിസ്ഥിതിയിലും ഉണ്ടായ സംഭവങ്ങളോടുള്ള പ്രതികരണങ്ങളായിരുന്നു ആ പുസ്തകത്തിന്റെ പ്രമേയം. അതിന്റെ അവസാനത്തെ അധ്യായത്തിന്റെ തലക്കെട്ട് ‘ഭരണഘടന: ഒരു രാഷ്ട്രീയ ഉപകരണമെന്ന നിലയിൽ’ (Constitution as a Political Tool) എന്നതായിരുന്നു.

2024ലെ പൊതു തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം ഭരണഘടനയെ ഒരു രാഷ്ട്രീയ ഉപകരണമെന്ന നിലയിൽ ഉയർത്തിക്കാട്ടിയെന്നതിൽ അത്ഭുതമില്ല. ഇന്ത്യയിൽ സർക്കാറും ഭരണത്തിലിരിക്കുന്ന രാഷ്ട്രീയകക്ഷിയും ഏറക്കുറെ ഒന്നായി മാറിയതോടെ ഭരണഘടനക്ക് സംഭവിച്ച ആഴത്തിലുള്ള ക്ഷതങ്ങളെക്കുറിച്ച് പ്രഫ. തരുണഭ്​ ഖയ്താൻ എഴുതിയത് ഒരു രാഷ്ട്രീയത്തിന്റെ സമീപകാലാനുഭവം മാത്രമായിരുന്നു.

സത്യം എന്ന ഭരണഘടനാ മൂല്യത്തെക്കുറിച്ച് പ്രഫ. ഖയ്താൻ ഈയിടെ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ഒരു പ്രഭാഷണം നടത്തിയത് കേൾക്കാനിടവന്നു. സാമൂഹിക മാധ്യമങ്ങളെ ഉപയോഗിച്ച് സത്യാനന്തര കാലത്ത് എങ്ങനെയെല്ലാമാണ് സ്വത​ന്ത്ര ജനാധിപത്യങ്ങൾക്കു നേരെ ഭീഷണി സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

ആരാധനാലയ സംരക്ഷണ നിയമം 1991ൽ പാസാക്കിയ രാജ്യമാണ് ഇന്ത്യ. ഈ നിയമമനുസരിച്ച് 1947 ആഗസ്റ്റ് 15ന് രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയ ദിവസത്തിനു മുമ്പുള്ള ആരാധനാലയങ്ങളുടെ അവസ്ഥയെന്തെന്ന് അന്വേഷിക്കുന്ന നിയമവ്യവഹാരങ്ങൾ വിലക്കുന്ന ഈ നിയമത്തിന് രാജ്യത്തിന്റെ അടിസ്ഥാനശിലകളായ മതസൗഹാർദവും സാഹോദര്യവും സംരക്ഷിക്കുകയെന്ന മഹത്തായ ലക്ഷ്യമാണുള്ളത്.

എന്നാൽ, വർഗീയവാദികളുടെ ‘പരമാധികാരം’ യാഥാർഥ്യമായതോടെ ഈ നിയമവും നോക്കുകുത്തിയായി. നിയമത്തിനെതിരായി കോടതികൾതന്നെ ഗ്യാൻവാപി പള്ളിയിലടക്കം സർവേയും അന്വേഷണവും അനുവദിക്കുകയോ അതിനായി ഉത്തരവിടുകയോ ചെയ്തു.

ഭൂതകാലത്തിന്റെ അവശിഷ്ടങ്ങൾ ചികയുന്ന ഒരു സമൂഹമായി നമ്മളെ മാറ്റുന്നതാരാണ്; വർത്തമാനകാലത്തിന്റെ സമസ്യകൾക്കും ഭാവിയുടെ സ്വപ്നങ്ങൾക്കും പകരം വെറുപ്പിലും വിഭജനത്തിലും അധിഷ്ഠിതമായ പഴയകാലത്തെ ഇല്ലാക്കഥകളിൽ ഒരു ജനതയെ കെട്ടിയിടുന്നതെന്തിനാണ്? അത്തരം സന്ദർഭങ്ങളിൽ നിയമവാഴ്ച ഉറപ്പുവരുത്തേണ്ടുന്ന കോടതികൾതന്നെ നിയമം ലംഘിക്കുമ്പോൾ പിന്നെ എവിടെയാണ് പ്രതീക്ഷ?

യഥാർഥത്തിൽ പുറമെ രാഷ്ട്രത്തിലും രാഷ്ട്രീയത്തിലും ഉണ്ടായ മാറ്റങ്ങൾ കോടതിയെന്ന സ്ഥാപനത്തിലും പ്രതിഫലിക്കപ്പെട്ടു. ഭരണഘടനാ വ്യാഖ്യാനമാണല്ലോ ഉന്നത കോടതികളുടെ പ്രാഥമിക ധർമം. 2014 മുതൽ 2018 വരെയുള്ള കാലത്ത് ഞാൻ സുപ്രീംകോടതിയിൽ കണ്ടതും കേട്ടതും അനുഭവിച്ചതുമായ രീതിയിലായിരുന്നില്ല.

തുടർന്നിങ്ങോട്ട്, വിശേഷിച്ച് 2024 മധ്യംവരെ സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുണ്ടായ സമീപനങ്ങളും ഉത്തരവുകളും. അതായത് മോദി ഭരണത്തിനു കീഴിൽ രാജ്യം പെട്ടുപോയ പത്തുവർഷങ്ങളിൽ ആദ്യ പകുതിയെ അപേക്ഷിച്ച് രണ്ടാം പകുതിയിൽ സുപ്രീംകോടതി പലപ്പോഴും കേന്ദ്ര ഭരണകൂടത്തിന്റെ നിലപാടുകളെ ചെറുത്തുനിൽക്കുന്നതിൽ വലിയ വീഴ്ച വരുത്തി. ​

ഷഫീൻ ജഹാൻ കേസിൽ സുപ്രീംകോടതി, പ്രായപൂർത്തിയായ യുവതിക്ക് സ്വന്തം ഭർത്താവിനെ തിരഞ്ഞെടുക്കാൻ അവകാശമുണ്ടെന്ന് വിധിച്ചു. ഇതുസംബന്ധിച്ച ഹൈകോടതി വിധിയെ അനുകൂലിച്ചുകൊണ്ട് ലേഖനമെഴുതിയത് തെറ്റായിപ്പോയെന്ന് പിന്നീടെനിക്ക് തോന്നിയിട്ടുണ്ട്. വ്യക്തിസ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിച്ച സുപ്രീംകോടതി വിധി (2018) തന്നെയാണ് ഭരണഘടനാപരമായി ശരിയായത്. ആ കേസ് നടക്കുമ്പോൾ ഞാൻ ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള കോടതിയിലുണ്ടായിരുന്നു.

എന്നാൽ, പിൽക്കാലത്ത്, അതായത് നേരത്തേ പറഞ്ഞ രണ്ടാം പകുതിയിൽ ഈ വിധിയുടെ അന്തഃസത്ത മാനിക്കാത്ത വിധികൾ ചില ഹൈകോടതികളിൽനിന്നും ഉണ്ടായി. അലഹബാദ് ഹൈ​കോടതി ഭിന്ന മതക്കാരായ യുവതീയുവാക്കൾക്ക് ഒരുമിച്ച് ജീവിക്കാൻ പൊലീസ് സംരക്ഷണം വേണമെന്ന ഹരജി നിരാകരിച്ചത് ഷഫീൻ ജഹാൻ കേസിലെ സുപ്രീംകോടതി വിധിയിലെ തത്ത്വങ്ങൾക്ക് വിരുദ്ധമായിട്ടായിരുന്നു. ആ വിധി, ഭരണഘടനാപരമായി തെറ്റാണെന്ന് വ്യക്തമാക്കിക്കൊണ്ട് ‘ദ ഹിന്ദു’വിൽ ​ഞാനൊരു ലേഖനവും എഴുതി. 2023 ജൂലൈ 14ന് അത് പ്രസിദ്ധീകൃതമായി.

 

ജ. സഞ്ജീവ് ഖന്ന,ജ. അഭ്യ ​ഓഖ

പറഞ്ഞുവരുന്നത്, കേന്ദ്രത്തിലെ ഭൂരിപക്ഷാധികാര പ്രമത്തത വർധിക്കുന്നതിനനുസരിച്ച് സുപ്രീംകോടതിയുടെ ഇടപെടലുകൾക്ക് ശേഷി കുറഞ്ഞുവന്നു എന്നതുതന്നെയാണ്. ജസ്റ്റിസ് ലോയയുടെ കൊലപാതകം സംബന്ധിച്ച് ഒരു അന്വേഷണം ഉത്തരവിടാൻപോലും പരമോന്നത കോടതി തയാറായില്ല ഭീമ-കൊറേഗാവ് കേസിലെ പ്രതിക്ക് ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് റോമിലാ ഥാപ്പർ നൽകിയ ഹരജി സുപ്രീംകോടതി തള്ളി.

ജസ്റ്റിസ് ചന്ദ്രചൂഡ് ആ വിധിയിൽ വിയോജനക്കുറിപ്പെഴുതിയെങ്കിലും ഭൂരിപക്ഷ വിധിയനുസരിച്ച് പ്രതികൾ ജയിലിൽ തുടർന്നു. പിൽക്കാലത്ത് വൃദ്ധനായ സ്റ്റാൻ സ്വാമിക്ക് പാർക്കിൻസൺ രോഗത്തിന്റെ പ്രയാസം കാരണം വെള്ളം കുടിക്കാൻ കഴിയാതെയായപ്പോൾ, അതിനായി സ്ട്രോ കിട്ടുന്നതിനുവേണ്ടി കേസ് നടത്തേണ്ടിവന്നുവെന്നത് കോടതിയുടെ ചരിത്രത്തിൽ ലജ്ജാകരമായ മുഹൂർത്തങ്ങൾ സൃഷ്ടിച്ചു.

പക്ഷേ, അനുഭവങ്ങളിൽനിന്നും നമ്മുടെ നീതിന്യായ സ്ഥാപനങ്ങൾ ഒന്നും പഠിക്കുന്നില്ല. സ്വാതന്ത്ര്യത്തെയും ജാമ്യത്തെയും സംബന്ധിച്ച ചില പുരോഗമനപരമായ വിധികൾ 2024ൽ സുപ്രീംകോടതിയിൽനിന്നും ഉണ്ടായി എന്നത് വാസ്തവമാണ്. ഇത് അടുത്തകാലം വരെ സുപ്രീംകോടതിയിൽനിന്നുണ്ടായ ചില മനുഷ്യാവകാശ വിരുദ്ധമായ ഉത്തരവുകളിൽനിന്നുമുള്ള ആശ്വാസകരമായ വ്യതിയാനമാണ്.

എന്നാൽ, ഈ വ്യതിയാനം ഇന്നും പൂർണമോ സമഗ്രമോ അല്ല. കുപ്രസിദ്ധമായ ഒരു ‘ശനിയാഴ്ചക്കോടതി’ നടപടിയിലൂടെയാണ് ഭീമ-കൊറേഗാവ് കേസിലെ മറ്റൊരു പ്രതിയായ ജി.എൻ. സായിബാബയെ വെറുതെവിട്ട ബോംബെ ഹൈകോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തത്. പിന്നീട് 2024ൽ ബോംബെ ഹൈകോടതി കേസ് വീണ്ടും പരിശോധിച്ചപ്പോഴും കുറ്റങ്ങൾ ഒന്നും കണ്ടെത്താനായില്ല. അങ്ങനെ അദ്ദേഹം ജയിൽമോചിതനായി.

ജയിലിൽവെച്ച് തനിക്ക് നേരിടേണ്ടിവന്ന പീഡനങ്ങളെക്കുറിച്ച്, തനിക്ക് നഷ്ടപ്പെട്ട ജോലിയെക്കുറിച്ച്, ജയിലിൽ തനിക്ക് ചികിത്സ നിഷേധിക്കപ്പെട്ടതിനെക്കുറിച്ച്, ജനങ്ങളോട് താൻ കാണിച്ച പ്രതിബദ്ധത എങ്ങനെ ‘കുറ്റകൃത്യ’മായി ദുർവ്യാഖ്യാനിക്കപ്പെട്ടുവെന്നതിനെക്കുറിച്ച് എല്ലാം പിന്നീട് സായിബാബ വ്യക്തമാക്കിയിട്ടുണ്ട്. ജയിൽ മോചിതനായി ഏതാണ്ട് ഏഴു മാസങ്ങൾ ആകുമ്പോഴേക്കും അദ്ദേഹം മരിച്ചു.

90 ശതമാനം ശാരീരികശേഷി നഷ്ടപ്പെട്ട തടവുകാരനോട് നീതിന്യായ സംവിധാനം കാണിച്ച ഈ ക്രൂരതയും ചരിത്രത്തിൽ കറുത്ത ലിപികളിൽ മാത്രമേ എഴുതപ്പെടുകയുള്ളൂ. ഇതുസംബന്ധിച്ച് ഞാൻ ഹിന്ദുസ്ഥാൻ ടൈംസിൽ എഴുതി. ഇത്തരം ദുരന്തങ്ങൾ ജുഡീഷ്യറിയുടെ കണ്ണുതുറപ്പിക്കണമെന്നും ഇനി​യെങ്കിലും വ്യക്തിസ്വാതന്ത്ര്യം സംബന്ധിച്ച കാര്യങ്ങളിൽ കോടതി പ്രായോഗിക രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും രാഷ്ട്രീയ കുറ്റവാളികളുടെ കാര്യത്തിൽ പുതിയ നീതിന്യായ സമീപനം ഉണ്ടാകണമെന്നും മറ്റുമായിരുന്നു, ലേഖനത്തിലൂടെ ഉന്നയിച്ച കാര്യം.

എഴുതിയിട്ടെന്തുകാര്യം എന്ന് ചിലപ്പോഴെങ്കിലും സ്വയം ചോദിച്ചിട്ടുണ്ട്. എഴുതാൻപോലും കഴിയുന്നില്ലെങ്കിൽ അതെത്രമേൽ ഭീകരമായ അവസ്ഥയായിരിക്കുമെന്ന മറുചോദ്യമാണ് അതിന്റെ ഉത്തരമായത്. രാജ്യത്തിന് ഒന്നല്ല, പല ഭരണഘടനകൾ ഉണ്ടായിട്ടുണ്ടെന്ന് പ്രഫ. ഉപേന്ദ്രബക്ഷി എഴുതിയിട്ടുണ്ട്. ഭരണഘടനാ വ്യാഖ്യാനം ചരിത്രഘട്ടങ്ങളനുസരിച്ച് മാറുന്നതിനെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്.

ഭരണഘടനാ നിർമാണം കഴിഞ്ഞയുടനെയുള്ള ഭരണഘടനയല്ല പിന്നീട് നെഹ്രൂവിയൻ സോഷ്യലിസ്റ്റ് കാലത്തും തുടർന്ന്, ഉദാരീകരണ കാലത്തും മറ്റും അനുഭവവേദ്യമായത് എന്ന് ബക്ഷി പറഞ്ഞത് ഭരണഘടനക്കെന്നതുപോലെ ഭരണഘടനാ വ്യാഖ്യാനം നടത്തുന്ന സുപ്രീംകോടതിക്കും ബാധകമാണ്. ഇത്തരമൊരു സവിശേഷഘട്ടത്തിലെ സുപ്രീംകോടതിയിലാണ് (2014-2024) എന്റെ തൊഴിലനുഭവങ്ങൾ ഉണ്ടായത്.

അതൊരുതരം ചരിത്രാനുഭവംകൂടിയായിരുന്നു. സ്വാതന്ത്ര്യത്തെയും സമത്വത്തെയും സാഹോദര്യത്തെയും അവകാശങ്ങളെയും കുറിച്ചുള്ള സങ്കൽപങ്ങൾ മാറിമറിഞ്ഞ കാലം. ഇന്ത്യൻ ഭൂരിപക്ഷവാദം ജനതയു​െട സ്വകാര്യജീവിതത്തിലും പൊതുജീവിതത്തിലും തിരുകിക്കയറ്റാൻ ശ്രമിച്ചത് അംബേദ്കറുടെ ഭരണഘടന തന്നെയായിരുന്നുവോ? ഡൽഹിയിലെ ഭരണഘടനാ ദിനാഘോഷങ്ങൾക്കുശേഷവും ഈ ചോദ്യം ബാക്കിയാകുന്നു. 2024ൽ ഞാൻ എന്നോടുതന്നെ ഏറ്റവുമധികം ചോദിച്ച​ ചോദ്യം.

(തു​​ട​​രും)

News Summary - weekly articles