നിര്‍ഭയത്തിന്റെ, നിലപാടുകളുടെ വലിയ മനുഷ്യൻ

എസ്. ജയചന്ദ്രന്‍ നായര്‍
എസ്. ജയചന്ദ്രൻ നായരുടെ പത്രാധിപത്യത്തിൻ കീഴിൽ പ്രവർത്തിച്ച നാളുകളെക്കുറിച്ചും അദ്ദേഹത്തെക്കുറിച്ചും എഴുതുകയാണ് സമകാലിക മലയാളം വാരികയുടെ പത്രാധിപർകൂടിയായ ലേഖകൻ.
എസ്. ജയചന്ദ്രന്‍ നായര്‍ എന്ന പത്രാധിപരെ അടുത്തു പരിചയമുള്ളവര്‍ക്ക് അദ്ദേഹം വെറുമൊരു പത്രാധിപര്‍ മാത്രമല്ല; മനുഷ്യപ്പറ്റ് എന്തെന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്ന ഒരു വലിയ മനുഷ്യനാണ്. ഒരു ദിവസം രാവിലെ എക്സ്പ്രസ് ഹൗസിലെ സമകാലിക മലയാളം വാരികയുടെ ഓഫിസിലേക്കെത്തിയ അദ്ദേഹത്തെ വളരെ ദുഃഖിതനായിക്കണ്ടു. എന്താണ് കാരണമെന്നറിയാതെ സഹപ്രവര്‍ത്തകരായ ഞങ്ങള്‍ ആശങ്കയോടെ മുന്നിലേക്കു ചെന്നു. അന്നത്തെ ദിവസം പുറത്തിറങ്ങിയ ഒരു ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചുവന്ന വാര്‍ത്താചിത്രം ഞങ്ങള്‍ക്കു മുന്നിലേക്ക് തുറന്നു.
സൈനിക സെലക്ഷന്‍ ക്യാമ്പില്‍ സെലക്ഷന് എത്തിയ ഉന്നത ഉദ്യോഗസ്ഥന്റെ കാലില്‍ കെട്ടിപ്പിടിച്ച് കരയുന്ന ഒരു ചെറുപ്പക്കാരന്റെ ചിത്രം. ചെറിയ വ്യത്യാസത്തില്‍ സെലക്ഷനില്‍ പുറത്തുപോയ ആ ചെറുപ്പക്കാരനായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ ദുഃഖം. ആ ലക്കം വാരികയുടെ മുഖപ്രസംഗം പതിവുതെറ്റിച്ച് ആ ചിത്രമായിരുന്നു. അതിനു താഴെ തൊഴിലില്ലായ്മയുടെ ദുരിതങ്ങള്‍ സൂചിപ്പിച്ച് ഒന്നുരണ്ട് വാക്കുകള്‍. പൊതുവേ പത്രാധിപരുടെ മുറിയില്‍ അദ്ദേഹം അസ്വസ്ഥനായി കണ്ടിട്ടുള്ളത് ഇങ്ങനെ എത്രയോ തവണ.
മുത്തങ്ങയില്‍ പൊലീസ് നരനായാട്ട് നടന്നപ്പോള്‍ അങ്ങേയറ്റം അസ്വസ്ഥനായി കണ്ടതോര്‍ക്കുന്നു. ആ ലക്കം വാരിക അതിരൂക്ഷമായ പ്രതികരണമായിട്ടാണ് അന്ന് പുറത്തുവന്നത്. കവര്‍ ചിത്രമായ, പൊലീസ് ലാത്തിച്ചാർജില്‍ തലപൊട്ടി ചോര ഒഴുക്കിനിന്ന ഒരമ്മയുടെയും കുഞ്ഞിന്റെയും ചിത്രം നല്‍കിയത് അദ്ദേഹത്തിന്റ മാത്രം തീരുമാനമായിരുന്നു.
രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കുമേല്‍ നടന്ന വേട്ടയാടലുകള്‍ക്കെതിരെ നിരന്തരം അദ്ദേഹം പ്രതികരിച്ചു. രാജ്യത്ത് വളര്‍ന്നുവരുന്ന വർഗീയ ചേരിതിരിവുകളില്‍ പലപ്പോഴും തന്റെ ആശങ്ക മുഖപ്രസംഗങ്ങളില്‍ ഉള്‍പ്പെടെ രേഖപ്പെടുത്തി. മനുഷ്യാവകാശ ലംഘനങ്ങളെയും അടിച്ചമര്‍ത്തലുകളെയും നിശിതമായി വിമര്‍ശിക്കാനും തുറന്നുകാട്ടാനും അദ്ദേഹം തയാറായി.
ഇന്ദിര ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥക്കാലത്തെ അടിച്ചമര്‍ത്തലുകള്‍ എല്ലാകാലത്തും ഓർമിപ്പിച്ചുകൊണ്ടേ ഇരിക്കണമെന്നദ്ദേഹം പറയുമായിരുന്നു. അടിയന്തരാവസ്ഥയുടെ ഓരോ വാര്‍ഷിക നാളിലും അത് ഓർമപ്പെടുത്തുന്ന ലേഖനങ്ങളോ ഫീച്ചറുകളോ നല്‍കാന്‍ നിര്‍ബന്ധം കാണിച്ചിരുന്നു. രാജന്‍ കേസുമായി ബന്ധപ്പെട്ട് പിതാവ് ഈച്ചരവാര്യര്‍ക്കൊപ്പം, തലസ്ഥാന നഗരത്തില്‍ നീതിതേടി അലഞ്ഞ ആ പിതാവിനൊപ്പം മന്ത്രിമന്ദിരങ്ങള്‍ കയറിയിറങ്ങിയതിന്റെ കഥകള്‍ ഞങ്ങളോട് പലപ്പോഴായി പറയുമായിരുന്നു.
അന്ന് കേരളത്തില്‍ കരുണാകരന്റെ പൊലീസ് നടത്തിയ ഉരുട്ടലുകള്‍ എല്ലാകാലത്തും ഓർമപ്പെടുത്തണമെന്നദ്ദേഹം നിഷ്‌കര്‍ഷിച്ചു, ജനാധിപത്യാവകാശങ്ങള്‍ വരുംകാലങ്ങളില്‍ നഷ്ടപ്പെടാതിരിക്കാന്‍, ഉരുട്ടുമുറികള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ അത് അനിവാര്യമാണെന്നദ്ദേഹം പറയുമായിരുന്നു.
സി.പി.എം അധികാര രാഷ്ട്രീയം കളിക്കാന്‍ കരുണാകരന്റെയും മകന്റെയും ഡി.ഐ.സി എന്ന പരീക്ഷണത്തെ കൂടെക്കൂട്ടാന്‍ ശ്രമിച്ചപ്പോള്‍, അടിയന്തരാവസ്ഥക്കാലം ഓർമപ്പെടുത്താന്‍ പരമ്പരതന്നെ ചെയ്യാന്‍ അദ്ദേഹത്തിന്റെ കീഴില്‍ അന്ന് റിപ്പോര്‍ട്ടറായിരുന്ന എന്നോടാവശ്യപ്പെട്ടു. അതിനായി നടത്തിയ യാത്രകളും അനുഭവങ്ങളും എനിക്ക്് പുതിയ പാഠമായി. പഴയ നക്സല്‍ തടവുകാരെ സന്ദര്‍ശിച്ച് അവരുടെ പൂർവകാല ജീവിതാവസ്ഥകള്‍ തൊട്ടറിഞ്ഞ് തയാറാക്കിയ റിപ്പോര്‍ട്ടുകള്‍ അദ്ദേഹം ശ്രദ്ധയോടെ വായിച്ചു പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചത് മറക്കാന്‍ കഴിയില്ല.
അനിയന്ത്രിതമായ പരിസ്ഥിതി നാശത്തിനെതിരെ വാരികയിലൂടെ അദ്ദേഹം ശബ്ദമുയര്‍ത്തി. തണ്ണീര്‍ത്തടങ്ങള്‍ നികത്തപ്പെടുമ്പോള്‍, കുന്നുകള്‍ നികത്തപ്പെടുമ്പോള്‍, കാടുകള്‍ വെട്ടിനിരത്തി നാടാക്കുമ്പോള്‍ സ്വാഭാവികമായി ഉയരുന്ന പ്രക്ഷോഭങ്ങളെ പിന്തുണക്കാന്‍ അദ്ദേഹം ഞങ്ങള്‍ക്ക് നിയന്ത്രണങ്ങളില്ലാത്ത സ്വാതന്ത്ര്യം നല്‍കി.
സൈലന്റ്‌വാലി പ്രക്ഷോഭത്തിന്റെ ഇരുപത്തഞ്ചാം വര്‍ഷത്തില്‍ ഒരു പ്രത്യേക പതിപ്പുതന്നെ പുറത്തിറക്കി. അതിരപ്പിള്ളിയില്‍ അണകെട്ടാനുള്ള തീരുമാനങ്ങള്‍ വരുമ്പോഴൊക്കെ അതിനെതിരായി വാരികയുടെ പേജുകള്‍ മാറ്റിവെച്ചു. കേരളത്തില്‍ നടന്നിരുന്ന ഗൗരവമേറിയ സമരങ്ങള്‍ക്ക് വാരിക പിന്തുണ നല്‍കാന്‍ അദ്ദേഹം പ്രത്യേകം താൽപര്യമെടുത്തു.
െചങ്ങറയിലെ ഭൂസമരത്തിനും കുറിച്ചിയിലെ 11 കെ.വി ലൈനിനും എതിരായ സമരത്തെ മറയില്ലാതെയാണ് പിന്തുണച്ചത്. പയ്യന്നൂരിലെ ചിത്രലേഖയുടെ ഒറ്റയാള്‍ സമരങ്ങള്‍ക്കും ചെറുത്തുനിൽപിനും പിന്തുണ നല്‍കി. പാലക്കാട്ടെ കോളവിരുദ്ധ സമരത്തിനും കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിനും പ്രാധാന്യം നല്‍കി. ഒറ്റപ്പെട്ട ജീവിതങ്ങള്‍ എങ്ങനെയാണ് സാമൂഹികാവസ്ഥയെ മാറ്റിപ്പണിയാന്‍ ശ്രമിക്കുന്നതെന്ന അന്വേഷണങ്ങള്‍ നടത്താന്‍ എന്നെ ഏൽപിച്ചത് എന്നാലാവുംവിധം ചെയ്തു എന്നാണ് തിരിഞ്ഞുനിന്ന് നോക്കുമ്പോള്‍ മനസ്സിലാകുന്നത്. അവരിലൊരാളായിരുന്നു കല്ലേന്‍ പൊക്കുടന്‍.
അദ്ദേഹത്തിന്റെ കണ്ടല്‍ ജീവിതം നേരിട്ടുകണ്ട് എഴുതാന്‍ കഴിഞ്ഞു. കടലോര മേഖലയില്‍ ഒറ്റയാള്‍ പോരാട്ടങ്ങള്‍ നടത്തുന്നവരെയും അരികുവത്കരിക്കപ്പെട്ടവര്‍ക്കായി ജീവിതം സമര്‍പ്പിച്ചവരെയും അവതരിപ്പിക്കുന്നതില്‍ അദ്ദേഹം കൂടുതല്‍ പ്രോത്സാഹനം നല്‍കി. ജനകീയ സമരങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നതില്‍ വാരിക നടത്തിയ എല്ലാ ശ്രമങ്ങളുടേയും പിന്നിലെ ശക്തി ജയചന്ദ്രന്‍ സാറായിരുന്നു.
നിലപാടുകള്‍ രൂപപ്പെടുത്താനും അതിലൂടെ മുന്നോട്ടുപോകാനും അദ്ദേഹത്തിനുണ്ടായിരുന്ന കഴിവ് അപാരമായിരുന്നു. അരുന്ധതി റോയിക്കെതിരായ ഭരണകൂട നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ ജയചന്ദ്രന്‍ സാറിന്റെ പേനക്കായി. നർമദാ ബച്ചാവോ ആന്ദോളനും മേധാപട്കറിനും അനുകൂലമായ നിലപാടെടുത്തു. ഫലസ്തീനിന്റെ ചെറുത്തുനിൽപിനൊപ്പമായിരുന്നു അദ്ദേഹത്തിന്റെ മനസ്സും എഴുത്തും.
ആഗോളതലത്തില്‍ രൂപംകൊണ്ട വലതുചേരിയുടെ ആക്രമണങ്ങളെ അദ്ദേഹം പിന്തുണച്ചില്ല; മറിച്ച്, ഇരകളാക്കപ്പെട്ട ദേശങ്ങള്‍ക്കൊപ്പം നിലകൊണ്ടു. ഗുജറാത്ത് കലാപത്തിന്റെ കെടുതികള്‍ മറയില്ലാതെ എഴുതി, എന്നു മാത്രമല്ല, അതിനുശേഷം ഇന്ത്യയില്‍ രൂപംകൊണ്ട ഹിന്ദുത്വ വലതുപക്ഷത്തിന്റെ അക്രാമികമായ മുഖം എന്താണെന്നു നിരന്തരം വിളിച്ചുപറഞ്ഞു. എപ്പോള്‍ കാണുമ്പോഴും എഴുതുകയും വായിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ രൂപം ഇപ്പോഴും മനസ്സിലുണ്ട്്. അതിന്റെ ആകത്തുകയാണ് അദ്ദേഹം രൂപപ്പെടുത്തിയെടുത്ത നിലപാടുകള്‍ എന്നെനിക്ക്് തോന്നിയിട്ടുണ്ട്്.
നിര്‍ഭയം റിപ്പോര്‍ട്ടുകൾ പ്രസിദ്ധീകരിച്ചിരുന്ന അദ്ദേഹത്തിന് കടുത്ത ഭീഷണികള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. അതില്‍ ചിലതിന് ഞാന്‍ സാക്ഷിയുമായി. വാരികയുടെ ആരംഭകാലത്ത് തസ്‌നിബാനു കവര്‍സ്‌റ്റോറിയുമായി പുറത്തിറങ്ങിയ വാരിക കേരളത്തിന്റെ പല സ്ഥലത്തായി കത്തിക്കുകയും ഭീഷണി ഉയര്‍ത്തുകയും ചെയ്തു. വാരിക സ്ഥിതിചെയ്തിരുന്ന എക്‌സ്പ്രസ് ബില്‍ഡിങ് കുറച്ചു ദിവസങ്ങള്‍ പൊലീസ് സംരക്ഷണയിലായിരുന്നു.
നാദാപുരത്തെയും കാസർകോട്ടെയും വര്‍ഗീയ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് വ്യക്തിപരമായി എനിക്കെതിരെയും സാറിനെതിരെയും കടുത്ത ഭീഷണിയാണ് ഉയര്‍ന്നത്. ചില ഘട്ടങ്ങളില്‍ കേരളത്തിലെ പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളും, തീവ്ര നിലപാടുകളുമായി കളം നിറഞ്ഞാടുന്ന മത-രാഷ്ട്രീയ പാർട്ടികളും കടുത്ത ഭീഷണികളുയര്‍ത്തുമ്പോള്‍ ചിരിച്ചുകൊണ്ട് അതിനെയെല്ലാം നേരിട്ടതോര്‍ക്കുന്നു. അപ്പോഴും തന്റെ കൂടെയുള്ളവരുടെ സുരക്ഷയെ ഓര്‍ത്ത് അദ്ദേഹം ആകുലപ്പെടുന്നതും കണ്ടിട്ടുണ്ട്്.
കലൂരിലെ സമകാലിക മലയാളത്തിന്റെ ഓഫിസില്‍ ആര്‍ക്കും ഏതുസമയം കടന്നുവരാനും അദ്ദേഹത്തെ കാണാനും വിലക്കുകളില്ലായിരുന്നു എന്നതാണ് സത്യം. സമൂഹത്തിലെ താഴെത്തട്ടുമുതല്‍ ഉന്നതരായ വ്യക്തികള്‍ വരെ അവിടെ എത്തി അദ്ദേഹത്തെക്കാണും. ആരോടും ഒരു ഈര്‍ഷ്യയും കൂടാതെ എത്ര തിരക്കിനിടയിലും കാണുന്നതില്‍ ഒരു വൈമുഖ്യവും പുലര്‍ത്തിയിരുന്നില്ല. എഴുത്തുകാരും കലാകാരന്മാരും ഓഫിസിലെ നിത്യ സന്ദര്‍ശകരായി. ചിലര്‍ സാമ്പത്തികസഹായം തേടിയെത്തും. അവരെയെല്ലാം തന്നാലാവുംവിധം സഹായിക്കും.
പുതിയ അറിവുകള്‍ക്കുപിന്നാലെ പായുന്ന മനസ്സായിരുന്നു ജയചന്ദ്രന്‍ സാറിന്റേത്. അദ്ദേഹത്തിനുവേണ്ടി മാത്രം എക്സ്പ്രസ് ലൈബ്രറിയില്‍ ഇക്കണോമിക് ആൻഡ് പൊളിറ്റിക്കല്‍ വീക്കിലിയും ദ ഇക്കണോമിസ്റ്റും ടൈം വാരികയും വരുത്തിയിരുന്നു. ദ ഗാര്‍ഡിയനിലെ മികച്ച ലേഖനങ്ങള്‍ സ്വയം വിവര്‍ത്തനം ചെയ്ത് വാരികയില്‍ തന്റെ പേര് നല്‍കാതെ പ്രസിദ്ധീകരിക്കും. നൊബേല്‍ സമ്മാനപ്രഖ്യാപന സമയത്ത് സമ്മാനാര്‍ഹരെപ്പറ്റിയുള്ള വിവരങ്ങള്‍ പരമാവധി മനസ്സിലാക്കി ആ മേഖലയിലുള്ളവരെക്കൊണ്ട് എഴുതിക്കും. ഓരോ ലക്കവും ഭാവിയിലേക്കുള്ള റഫറന്‍സായിരിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. പുതിയ അറിവുകള്‍ക്ക് പിന്നാലെ പായുന്ന മനസ്സായിരുന്നു അദ്ദേഹത്തിന്റേത്.
മനുഷ്യത്വം മാത്രമായിരുന്നു അദ്ദേഹത്തിന്റെ മന്ത്രം. അതിനെതിരെ നില്‍ക്കുന്ന ഏത് പ്രത്യയശാസ്ത്രത്തെയും അദ്ദേഹം തള്ളിപ്പറയും. കമ്യൂണിസത്തേയും മാര്‍ക്സിസത്തേയും ഇഷ്ടപ്പെടുമ്പോഴും അതിന്റെ പേരില്‍ നടമാടുന്ന അടിച്ചമര്‍ത്തലുകളെ കഠിനമായി എതിര്‍ത്തിരുന്നു.
ലോക സിനിമയുടെ ആരാധകനായ അദ്ദേഹം ക്ലാസിക്കല്‍ സിനിമകളും പുതിയ ലോക സിനിമകളും കാണുന്നതില്‍ ഉത്സാഹം കാണിച്ചു. അതുമാത്രമല്ല, അതിനെപ്പറ്റി എഴുതി മറ്റുള്ളവരെ അറിയിക്കാനും ആഗ്രഹിച്ചു. ചലച്ചിത്ര പഠനങ്ങളും അഭിമുഖങ്ങളും നിരന്തരം പ്രസിദ്ധീകരിച്ചു. അതുകൂടാതെ എല്ലാവര്‍ഷവും പ്രത്യേക ചലച്ചിത്ര പതിപ്പുകളും പുറത്തിറക്കാന്‍ അതിയായ ഉത്സാഹം കാണിച്ചു.
2012ല്‍ 15 വര്‍ഷത്തെ മലയാളം വാരിക കാലത്തിനുശേഷം സ്വയം പടിയിറങ്ങുമ്പോള്‍ അത് വലിയ വിവാദങ്ങള്‍ക്കു വഴിതെളിച്ചിരുന്നു. കവി പ്രഭാവർമയുടെ കാവ്യ പരമ്പര ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ത്തിവെക്കാന്‍ അദ്ദേഹമെടുത്ത തീരുമാനത്തിനുശേഷമായിരുന്നു പടിയിറങ്ങാനുള്ള തീരുമാനം. യഥാർഥത്തില്‍ ഇതു രണ്ടും തമ്മില്‍ ബന്ധമുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. പക്ഷേ, പൊതുസമൂഹം അത് അങ്ങനെ വായിച്ചു. ഇന്നും അത്തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ വന്നുകൊണ്ടേയിരിക്കുന്നു. തികച്ചും വ്യക്തിപരമായ കാരണങ്ങളാൽ മാത്രമായിരുന്നു അദ്ദേഹത്തിന്റെ പടിയിറക്കത്തിനു പിന്നില്‍.
പ്രസ് ജീവനക്കാർ മുതല്‍ മാനേജ്മെന്റ് തലത്തില്‍ വരെ എല്ലാവരെയും ഒരേപോലെ കണ്ട ജയചന്ദ്രന്‍ സാറിന്റെ വിയോഗം സൃഷ്ടിച്ച ശൂന്യത ഇനിയും കുറെകാലം നില്‍ക്കുമെന്നത് തീര്‍ച്ച. ഓരോ ജീവനക്കാരന്റെയും കുടുംബ വിശേഷങ്ങള്‍ ചോദിച്ചറിയാനും അവര്‍ നേരിട്ടിരുന്ന പ്രയാസങ്ങള്‍ കാണാനും അദ്ദേഹം കാണിച്ചിരുന്ന ശുഷ്‌കാന്തി എത്രമാത്രമായിരുന്നു എന്ന് പറയുക വയ്യ. താന്‍ മരിച്ചാല്‍ പൊതുദര്‍ശനം പാടില്ലെന്നും മോര്‍ച്ചറിയില്‍ സൂക്ഷിക്കരുതെന്നുമൊക്കെയുള്ള അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ ബന്ധുക്കള്‍ കൃത്യമായി നടപ്പാക്കി. മരണത്തിലും നിലപാടെടുക്കാന്‍ കഴിഞ്ഞ അപൂർവ വ്യക്തിത്വമായി അദ്ദേഹം.