പുതിയ എഴുത്തുകാരെ കാത്തിരുന്ന പത്രാധിപർ

എസ്. ജയചന്ദ്രൻ നായർ
എസ്. ജയചന്ദ്രൻ നായർ എന്ന പത്രാധിപരെ കുറിച്ചുള്ള ഒാർമകൾ പങ്കുവെക്കുകയാണ് കഥാകൃത്തും എഴുത്തുകാരനുമായ ലേഖകൻ. ഇൗ ഒാർമയിൽ സുഹൃത്തായി പി.എഫ്. മാത്യൂസും കടന്നുവരുന്നു
എഡിറ്റർ കസേരയിലിരുന്ന് പുതിയ എഴുത്തുകാരെ വളർത്തി വലുതാക്കിയ രണ്ടു മഹാരഥന്മാരായിരുന്ന പത്രാധിപന്മാരിപ്പോൾ നമ്മിൽനിന്ന് വിട്ടുപിരിഞ്ഞിരിക്കുന്നു. ആദ്യം എം.ടിയും ഇപ്പോൾ എസ്. ജയചന്ദ്രൻ നായരും. രണ്ടുപേരും ഇന്ത്യൻ സിനിമക്കും സാഹിത്യത്തിനും നൽകിയ സംഭാവനകൾ ചെറുതല്ല. ജയചന്ദ്രൻ സാർ തിരക്കഥയെഴുതി, ഷാജി എൻ. കരുൺ സംവിധാനംചെയ്ത ‘പിറവി’യും എം.ടി എഴുതി സംവിധാനംചെയ്ത ‘നിർമ്മാല്യ’വും നമ്മുടെ സിനിമാ അഭിമാനസ്തംഭങ്ങളാണിന്നും.
‘പിറവി’യിലെ പ്രേംജിയുടെയും ‘നിർമ്മാല്യ’ത്തിലെ പി.ജെ. ആന്റണിയുടെയും മുഖഭാവപ്പകർച്ചകൾ, അഭിനയശ്രേഷ്ഠതയുടെ പരമപദം പൂകലായിരുന്നു. സിനിമാ ചരിത്രത്തിൽ ആർക്കുമത് മറക്കാനാകില്ലല്ലോ? ഞങ്ങൾ, ഞാനും പി.എഫ്. മാത്യൂസും എഴുത്തിൽ വളർന്നത് കലാകൗമുദിയിൽ ജയചന്ദ്രൻ സാറിന്റെ കൈകളിലൂടെയാണധികവും. പിന്നീടാണ് മാതൃഭൂമിയിലും മറ്റു പ്രസിദ്ധീകരണങ്ങളിലും എത്തുന്നത്. ആധുനികതയും ഉത്തരാധുനികതയും കൈകോർത്തുനിന്ന കാലത്തെഴുതിയ എഴുത്തുകാരെ ഈ രണ്ടു പത്രാധിപന്മാരാണ് അക്ഷര ഗോപുരങ്ങളാക്കി മാറ്റിയത്.
സത്യത്തിൽ ഒരെഴുത്തുകാരനുണ്ടാകുന്നത് ഒരു നല്ല പത്രാധിപരിലൂടെയാണ്. പല എഡിറ്റർമാരുടെയും അലംഭാവംകൊണ്ട്, കണ്ടെത്തപ്പെടാത്ത എത്രയോ എഴുത്തുകാർ നിരാശരായി കാലാന്തരേണ ഈ ഭൂമി വിട്ടും, എഴുത്തു നിർത്തിക്കളഞ്ഞുമിരിക്കുന്നു എന്ന് ഓർക്കണം.
എന്റെ പ്രിയ കൂട്ടുകാരൻ പി.എഫ്. മാത്യൂസ് എഴുത്തിന്റെ തുഞ്ചാനത്തെത്തിയതിൽ എസ്. ജയചന്ദ്രൻ സാറിന് വലിയ പങ്കുണ്ടെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു. ആദ്യമൊക്കെ സാഹിത്യത്തിന്റെ മുഖ്യധാരയിലേക്ക് വരാതെ ഒതുങ്ങിക്കൂടുന്ന പ്രകൃതമായിരുന്നു മാത്യൂസിന്റേത്. മാത്യുവിന് കാഫ്കയുടെ സ്വഭാവമാണ്. അയാൾ എഴുതുന്നതൊക്കെ ഏറ്റവും അടുത്ത കൂട്ടുകാരനെ മാത്രമേ കാണിക്കൂ. അതിനും അവൻ പിശുക്കേ കാട്ടിയിട്ടുള്ളൂ. അന്ന് മാത്യുവിന്റെ ഏറ്റവും അടുത്ത കൂട്ടുകാർ ഞാനും ജോജോ ആന്റണിയുമാണ്. മാത്യു ഡയറിയിൽ എഴുതി ഒളിപ്പിച്ച കഥകൾ ഞങ്ങൾ കണ്ടെടുത്തു വായിച്ചു. മാത്യു അന്നൊക്കെ തികഞ്ഞ അന്തർമുഖനായിരുന്നു.
വലിയ വായനക്കാരനായതിനാൽ ആരംഭകാലത്ത് താൻ എഴുതുന്നത് അത്ര മികച്ചതാണെന്ന് തോന്നിയിട്ടേയില്ല അവന്. അവനേക്കാൾ മുമ്പേ ഞാൻ എഴുതി എസ്റ്റാബ്ലിഷ്ഡായിരുന്നു. ഞാനെഴുതിയ എന്റെ കഥ ആദ്യം വായിച്ചിട്ടുള്ളതും അവനാണ്. പിന്നീടാണ് തോമസ് ജോസഫും സോക്രട്ടീസ് വാലത്തും ജോസഫ് മരിയനുമൊക്കെ വായിച്ചിട്ടുള്ളത്.
ഞാൻ തിരുവനന്തപുരത്ത് ജയചന്ദ്രൻ സാറിനെ കാണാൻ ചെന്ന ഒരുദിവസം അദ്ദേഹം പറഞ്ഞു. നീ സാഹിത്യ ക്യാമ്പിൽ ചെല്ലുമ്പോൾ അവിടെ മികച്ച കഥയും കവിതയും എഴുതുന്ന കുട്ടികളുണ്ടെങ്കിൽ അവരുടെ സൃഷ്ടികൾ വാങ്ങി എനിക്കയച്ചു തരണം. ഒട്ടും മടിക്കണ്ട. അതെനിക്കു പുതിയ കുട്ടികളെ രംഗത്തുകൊണ്ടുവരാൻ കിട്ടിയ ഏറ്റവും വലിയ അവസരമായിരുന്നു. എം.ടിയും ജയചന്ദ്രൻ സാറും പുതിയ എഴുത്തുകാർക്കുവേണ്ടി കാത്തിരിക്കുന്നവരായിരുന്നു. എത്ര വലിയ എഴുത്തുകാരുടെ സൗഹൃദം അദ്ദേഹത്തിന് ഉണ്ടെങ്കിലും പഴയവരിൽ കുടുങ്ങിക്കിടക്കുന്ന കണ്ണായിരുന്നില്ല ജയചന്ദ്രൻ സാറിന്റേത്. സാറ് തന്ന ഉറപ്പിന്മേൽ പി.എഫ്. മാത്യൂസ് എഴുതിയ ഞായറാഴ്ച രാത്രിമഴ പെയ്യുകയായിരുന്നു എന്ന കഥ സാറിന് കൊടുത്തതും ഞാനാണ്.
കലാകൗമുദിയിൽ പി.എഫിന്റെ കഥ കിട്ടിയപ്പോൾ സാറെന്നെ വിളിച്ചു പറഞ്ഞു. നീ അയച്ചുതന്ന മാത്യൂസിന്റെ കഥ എനിക്കൊത്തിരി ഇഷ്ടമായി. പടം വരക്കാൻ ഏൽപിച്ചു. അയാൾ എഴുത്തിൽ മാത്രമല്ല സിനിമയിലും രക്ഷപ്പെടും. സാറിന്റെ വാക്ക് പൊന്നായി. മാത്യൂസ് പിന്നെ അടിയാളപ്രേതം നോവലിനും മുഴക്കം കഥക്കും തുടക്കകാലത്തെഴുതിയ ദൂരദർശൻ സീരിയലുകൾക്കും അവാർഡ് ജേതാവായി.
പിൽക്കാലത്ത് ഷാജി എൻ. കരുൺ സംവിധാനംചെയ്ത ‘കുട്ടിസ്രാങ്കി’ന്റെ സിനിമാ തിരക്കഥക്ക് നാഷനൽ അവാർഡ് വരെ ഇന്ത്യൻ പ്രസിഡന്റിൽനിന്നും വാങ്ങാൻ പി.എഫിനു കഴിഞ്ഞു. മാജിക്കൽ റിയലിസം എന്തെന്നറിയാത്ത ഞാൻ അവന്റെ കഥയിലെ ഒാരോ വിഷ്വൽസും ഇപ്പോഴും ഓർക്കുന്നു. കുടയിലെ സ്ഫടിക പിടിക്കുള്ളിലെ പക്ഷികൾ പറന്നുപോകുന്ന കാഴ്ചവരെ ഞായറാഴ്ച രാത്രി മഴ പെയ്യുകയായിരുന്നു എന്ന കഥയിലുണ്ട്. മാത്യൂസിന്റെ കഥ വായിച്ചശേഷം സാറും ആ കാര്യം എന്നെ ഓർമിപ്പിച്ചു, അതാണത്ഭുതം.
മാത്യൂസ് പരമാര അമ്പലത്തിനടുത്ത് താമസിക്കുമ്പോൾ ഞാനും ഭാര്യയുംകൂടി മാത്യൂസിന്റെ വാടകവീട്ടിൽ ചെന്നു. കോരിച്ചൊരിയുന്ന മഴയായിരുന്നു അന്ന്. അന്ന് മാത്യൂസ് ഒരു നോവലെറ്റ് എഴുതിത്തീർത്ത ദിവസമായിരുന്നു. ഞാനത് ഒറ്റയിരിപ്പിനു വായിച്ചുതീർത്തു. മാത്യു അന്നുവരെ എഴുതിയതിൽ ഏറ്റവും സൂപ്പർ എഴുത്തായിരുന്നു അത്. ഞാൻ പറഞ്ഞു. ‘‘നീയിത് ഉടനെ പ്രസിദ്ധീകരിക്കരുത്. ഇത് നിന്റെ ഒരു മാസ്റ്റർ പീസ് നോവലാകും. കുറച്ചുകൂടി വിടർത്തി ഒരു നോവലാക്ക്.’’ അത് അവൻ ഹൃദയപൂർവം സ്വീകരിച്ചു. മരണത്തിന്റെ ഒരു ആന്തോളജിയായി ആ നോവൽ പിന്നീട് എഴുതിപ്പരന്നു.
ശാപവും ദുരന്തവും പ്രേതാത്മാക്കളും കുടികൊള്ളുന്ന, കുഴിച്ചിടപ്പെട്ട പാഴ്നിലത്തിൽനിന്നും മുളച്ചുവന്ന, പച്ചയായ നിരവധി കഥാപാത്രങ്ങളുടെ നിരതന്നെ ആ നോവലിൽ ഉടനീളമുണ്ടായി. മിഷനറിമാരുടെ വരവിന്റെ ആദ്യ പശ്ചാത്തലം ആ നോവലിന്റെ അടിത്തറയായിരുന്നു. ലോകത്തെവിടെയും വിപ്ലവത്തിന്റെ കൂണുകൾ ഇടിമിന്നലിൽ മുളക്കുന്ന കാലം!
ലത്തീൻ കത്തോലിക്കന്റെ നാട്ടുഭാഷയുടെ കരുത്ത് ആ നോവലിന്റെ നട്ടെല്ലായിരുന്നു. പേറുവും ഈശിയും യോനാസച്ചനും തുടങ്ങി അങ്ങനെ ഒാരോ കഥാപാത്രങ്ങൾ ഭൂമിയിലെ നാം കാണാത്ത കറുത്ത ഭൂഖണ്ഡങ്ങളിൽ കഥാപാത്രങ്ങളായി നിരന്നു.
ഞാനും സി.ടി. തങ്കച്ചനും മാത്യൂസുമായി നേരിട്ട് ഒരു സർപ്രൈസെന്നവണ്ണം തിരുവനന്തപുരത്തുചെന്ന് ജയചന്ദ്രൻ സാറിന്റെ കൈയിൽ മാത്യൂസിന്റെ ആദ്യ നോവൽ കൊടുത്തു. നോവലിന്റെ പേര്, ‘ചാവുനിലം.’ തിരിച്ചുപോന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ സാറെന്നെ വിളിച്ചു. മാത്യൂസിന്റെ എഴുത്ത് ഇത്രക്ക് ഞാൻ പ്രതീക്ഷിച്ചില്ല. കൊടുക്കാൻ പ്ലാൻ ചെയ്തിരുന്ന മറ്റു നോവൽ മാറ്റിെവച്ച് ഇതുടനെ കൊടുക്കും. നമ്പൂതിരിയെ പടംവരക്കാൻ ഏൽപിച്ചു. എല്ലാം വേഗത്തിലായിരുന്നു. 1994 സെപ്റ്റംബർ 4ന് ഇറങ്ങിയ കലാകൗമുദിയിൽ നോവൽ അച്ചടിച്ചുവന്നു.
സത്യത്തിൽ സന്തോഷിക്കേണ്ട ഞാനും മാത്യൂസും ഉള്ളിൽ ആ ലക്കം കണ്ടപ്പോൾ കരഞ്ഞു. വല്ലാത്ത വീർപ്പുമുട്ടലായിപ്പോയി. നോവലിന് നമ്പൂതിരി വരച്ച രേഖാചിത്രങ്ങൾ ഗംഭീരമായിരുന്നെങ്കിലും എഴുതി വരച്ച നോവലിന്റെ പേര് അദ്ദേഹത്തിനു തെറ്റിപ്പോയി. ചാവുനിലത്തിനുപകരം ചാവുകടലായിേപ്പായി. അതിന്റെ പേജ് ലേഔട്ട് സാറ് കണ്ടില്ല. അദ്ദേഹം എന്തോ അത്യാവശ്യ യാത്രയിലായിരുന്നു. മടങ്ങിവന്നപ്പോൾ ഒരു ലക്കം ഇറങ്ങി. അടുത്ത ലക്കത്തിൽ പേരുമാറ്റി ചാവുനിലമാക്കണമെന്നു പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു.
‘‘തെറ്റുപറ്റിപ്പോയി. പറഞ്ഞാൽ തിരുമേനിക്കത് പ്രശ്നമാകും. അതു തന്നെയല്ല, ഇനിയത് മാറ്റിയാൽ സ്ഥാപനത്തിന് മോശമാകും. തൽക്കാലം ചാവുനിലം ചാവുകടലാകട്ടെ. പുസ്തകമാക്കുമ്പോൾ ചാവുനിലമാക്കിയാൽ മതി. ആർക്കും കൈപ്പിഴ സംഭവിക്കാമല്ലോ?’’ മാത്യൂസും ഞാനും അതുൾക്കൊണ്ടു.
മാത്യൂസ് എന്ന എഴുത്തുകാരൻ എഴുത്തിൽ അടിക്കല്ലുറപ്പിച്ച ഒരു കാലമായിരുന്നു ആ നോവലിന്റെ വരവ്. ഖണ്ഡശ്ശയായി വന്ന ആ കാലം, മാത്യൂസ് വായനക്കാരാൽ എഴുത്തിൽ വാഴ്ത്തപ്പെട്ടവനായി മാറി. ഡി.സി പിന്നെ അത് പുസ്തകമാക്കിയിറക്കിയപ്പോൾ ‘ചാവുനില’മാക്കി.
* * *
പ്രതീക്ഷിക്കാതെ നമ്പൂതിരിയും എന്റെ എഴുത്തിനു പ്രശ്നമായി. ഒരു നോവലെറ്റ് കാരണം. നമ്പൂതിരിയുടെ വരയുടെ അനുഗ്രഹമേൽക്കുക എന്നതൊരു ഭാഗ്യമാണ് ഏതൊരെഴുത്തുകാരനും. കലാകൗമുദിയിൽ വന്ന എന്റെ ഒട്ടുമിക്ക കഥകൾക്കും നോവലെറ്റുകൾക്കും രേഖാചിത്രമൊരുക്കിയത് നമ്പൂതിരിയാണ്. മനുഷ്യപുത്രൻ, എവിടെയോ തുറക്കുന്ന വാതിലുകൾ, ചാവുകടൽ, കരയുന്ന കുട്ടി... എന്നും അഭിമാനിക്കാവുന്ന കാര്യം!
മാത്യൂസിന്റെ നോവലെറ്റ് എഴുതിത്തീർത്ത ദിവസം കോരിച്ചൊരിയുന്ന മഴ വന്നപോലെയൊരു ദിവസം, ഏതോ വെളിപാട് എഴുതാൻ എനിക്കുമുണ്ടായി. അന്നെനിക്കു ചുട്ടുപൊള്ളുന്ന പനിയായിരുന്നു. തലവെട്ടിപ്പിളരുന്ന തലവേദന.
കോലഞ്ചേരിയിലെ അഗസ്റ്റിൻ ചേട്ടന്റെ വീട്ടിലായിരുന്നു ഞാനപ്പോൾ. തികഞ്ഞ ഗ്രാമം. വീടിനു ചുറ്റും കാവുപോലെ മരങ്ങൾ. കർക്കടകം. മഴയുടെയും കാറ്റിന്റെയും താണ്ഡവനൃത്തം. രാത്രിയിലെ കറുപ്പിൽ ഇടിമിന്നൽപ്പിണറുപോലെ എന്നിൽ ഒരു കഥയുടെ സ്പാർക്ക് നെഞ്ചിനെ, തലച്ചോറിനെ ആവേശിച്ചു, ഞാൻ പുളഞ്ഞുപോയി. പനിയാണെങ്കിലും എഴുതാതിരിക്കാനാവില്ലെന്നായി.
കടുത്ത പനിച്ചൂടിൽ എന്റെ ശരീരം വിറച്ചുതുള്ളിക്കൊണ്ടിരുന്നു. ഇരുട്ടിൽ, കോരിച്ചൊരിയുന്ന മഴയിൽ, മരങ്ങളാടി ഉലയുന്നതിനിടയിലൂടെ കൈതൂമ്പയുമായി ഒരു ചെറുപ്പക്കാരൻ വന്ന് ആഞ്ഞിലിച്ചോടിനുതാഴെ കുഴിയെടുത്തതെന്തിനായിരുന്നു..?
നേരം വെളുത്തതുപോലും ഞാനറിഞ്ഞില്ല. 9 ചെറു ഖണ്ഡങ്ങളുള്ള നോവലെറ്റ് ഞാൻ എഴുതിത്തീർത്തപ്പോൾ മഴയൊടുങ്ങിയിരുന്നു. പനിയും മാറിയിരുന്നു.
പി.എഫ്. മാത്യൂസിനൊപ്പം ജോർജ് ജോസഫ്
ഞാൻ കോലഞ്ചേരി ബൂത്തിൽവന്ന് കലാകൗമുദിയിലേക്ക് സാറിനെ വിളിച്ചു. ഞാനൊരു നോവലെറ്റ് എഴുതിത്തീർത്തു. സാറിന്റെ മറുപടി: ‘‘നീയത് ഇന്നുതന്നെ അയക്ക്.’’
‘‘അതിൽ നിറയെ വെട്ടും തിരുത്തുമാ. ഒന്നു ഫെയറായി എഴുതിയിട്ടയക്കാം.’’
‘‘അതൊന്നും വേണ്ട. സമയം ഇല്ല. ഒ.വി. വിജയൻ പറ്റിച്ചുകളഞ്ഞു. ആ ഗ്യാപ്പിൽ ഇതു കേറ്റണം. നീ വേഗം എറണാകുളത്ത് വന്ന് കെ.എസ്.ആർ.ടി.സി സ്റ്റേഷനിലെ ചന്ദ്രനെ കഥ ഏൽപിക്ക്. വൈകുന്നേരം അതെനിക്കു കിട്ടും, തിരുവനന്തപുരത്ത്.’’
ഞാൻ കോപ്പിയെടുക്കാൻ നിന്നില്ല. നോവലെറ്റ് ഒരു കവറിലാക്കി എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റേഷനിലെ ചന്ദ്രനെ ഏൽപിച്ചു കാര്യം പറഞ്ഞു. അദ്ദേഹം അതു അയച്ചോളാമെന്നു പറഞ്ഞു. അതുവരെ ഞാനെഴുതിയ എല്ലാ എഴുത്തിനേക്കാളും മികച്ചവയായിരുന്നാ നോവലെറ്റിന്റെ ഭാഷ. കത്തുന്ന പനിച്ചൂടിൽ പ്രകൃതി താണ്ഡവത്തിൽനിന്ന് ഉരുത്തിരിഞ്ഞ, ഉരുൾപൊട്ടിയൊഴുകിവന്ന ഭാഷ. അന്നുരാത്രി ഞാൻ സാറിനെ വിളിച്ചു.
‘‘കിട്ടി. എന്തൊരു ഭാഷയാടാ... ഒരു തിരുത്തും അതിനു വേണ്ട.
ഞാൻ തിരുമേനിയെ പടം വരക്കാൻ ഏൽപിച്ചു. തിരുമേനി കോഴിക്കോടേക്ക് പോകാൻ നിൽക്കുകയാണ്. രാത്രിവണ്ടിക്ക്. മറ്റന്നാൾ വരച്ചുതരും.’’
അതു കേട്ടപ്പോൾ എനിക്കു സന്തോഷമായി.
അടുത്ത ലക്കം കലാകൗമുദിയുടെ ഉള്ളിൽ നോവലെറ്റ് പരമ്പരയുടെ തുടർച്ചയായി ഒ.വി. വിജയന്റെ നോവലെറ്റ് അച്ചടിക്കേണ്ട സ്പെയ്സിൽ ‘ഇരുട്ട്’ എന്ന എന്റെ നോവലെറ്റ് വരുന്നതും കാത്ത് ഞാനിരുന്നു. പക്ഷേ ആ നോവലെറ്റ് അടുത്ത ലക്കങ്ങളിൽ വന്നില്ല. ഞാൻ സാറിനെ വിളിച്ചു. സാറിന്റെ വാക്കുകൾ പതറി.
‘‘നീയെന്നോട് ക്ഷമിക്കണം. ഇവിടെനിന്ന് തിരുമേനിയെ വരക്കാൻ ഏൽപിച്ച നിന്റെ നോവലെറ്റ് എങ്ങനെയോ ട്രെയിനിൽ െവച്ച് അദ്ദേഹത്തിന് മിസ്സായി. നീയത് രണ്ടാമതൊന്ന് എഴുതിത്തരണം.’’
എനിക്ക് ദേഷ്യവും സങ്കടവും വന്നു. എങ്കിലും മനഃപൂർവമല്ലല്ലോ? ഞാൻ ആ വലിയ മനുഷ്യന്റെ നിസ്സഹായത അറിഞ്ഞു. എന്നാലും ഞാൻ പറഞ്ഞു. ‘‘അതിനി എനിക്ക് എഴുതാനാകില്ല. അതിന്റെ ഊർജവും ശക്തിയും ഭാഷയും ഒക്കെ ആ പനിയോടെ ഒലിച്ചുപോയി.’’
‘‘അതു പോര. നീ എഴുതണം. ഒരുപക്ഷേ മുമ്പെഴുതിയതിനേക്കാൾ അതു ഗംഭീരമാകും.’’
‘‘ഞാൻ ശ്രമിക്കാം സാർ.’’
പക്ഷേ ഞാൻ എത്രയെഴുതിയിട്ടും എനിക്കു തൃപ്തിയായില്ല. ആ എഴുത്ത് ഒറ്റ പ്രസവത്തോടെ തീർന്നു. പിന്നീടെഴുതിയത് സാറെന്റെ കൈയിൽനിന്നും നിർബന്ധിച്ചു വാങ്ങി. പിന്നെയും നമ്പൂതിരിയെക്കൊണ്ടു വരപ്പിച്ചു. ഇരുട്ടെന്ന പേരുമാറ്റി എന്തിനു ‘ചാവുകടൽ’ എന്ന പേരിട്ടു എന്നു ചോദിച്ചതിന് അദ്ദേഹം പറഞ്ഞത്, ‘‘നിന്റെ ചില വരികൾ എന്റെ മനസ്സിലുണ്ടായിരുന്നു. കാണാപാഠമായിരുന്നു.’’
നോവലെറ്റിലെ ഈ വരികളിൽനിന്നായിരുന്നാ പേരു ഞാൻ കണ്ടെടുത്തത്. ‘‘ഒന്നും കാണാനാകുന്നില്ല. രക്തം ഒഴുകിവരുന്ന ചാവുകടൽ മനസ്സിലേക്കിരച്ചുവരുന്നു.’’
ഇത്തരം നഷ്ടപ്പെടലുകൾ നിനക്കു മാത്രമല്ല പോഞ്ഞിക്കര റാഫിക്കുമുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
‘‘സ്വർഗദൂതന്റെ ആദ്യ പ്രതി ബോട്ടു സഞ്ചാരത്തിനിടയിൽ റാഫിയുടെ കൈയിൽനിന്നും വെള്ളത്തിലേക്ക് കൈ വിട്ടുപോയി. പിന്നെ രണ്ടാമതും എഴുതിയല്ലോ?’’
‘‘പക്ഷേ, റാഫിമാഷും പറഞ്ഞത്, ആദ്യമെഴുതിയപോലെ പിന്നെയെഴുതിയത് നന്നായില്ല എന്നാണ്.’’
ചില നിയോഗങ്ങളെ മനുഷ്യർക്ക് മറികടക്കാനാകില്ല.
നമ്പൂതിരി കാരണം ഞങ്ങളുടെ രണ്ടുപേരുടെയും രചനക്ക് ഒരേ പേരു വന്നു. ‘ചാവുകടൽ’.
ജയചന്ദ്രൻ സാർ സത്യത്തിൽ എം.ടിയെപ്പോലെ പത്രാധിപന്മാരുടെ രാജാവായിരുന്നു; നവ എഴുത്തുകാർക്ക്.